(1962 ഒക്ടോബറിൽ ഹൈദരാബാദിൽവച്ച് ‘ഇംഗ്ലീഷിനെ ഒഴിവാക്കൂ (അംഗ്രേസി ഹഠാവോ) സമ്മേളന’ത്തിൽ പങ്കെടുത്ത് ബംഗാളിഭാഷയിൽ സത്യേന്ദ്രനാഥ ബോസ് (1894-1974) നടത്തിയ പ്രഭാഷണം.)
എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യരെ അതിവേഗം പുരോഗമിക്കാൻ സഹായിച്ച ശാസ്ത്രം നമ്മുടെ നാട്ടിൽ ഉടൻ അവതരിപ്പിക്കപ്പെടുമെന്നും അത്തരം കാര്യങ്ങൾ വേഗം ഇവിടെ കൊണ്ടുവരാൻ നമ്മുടെ ജീവിതം സമർപ്പിക്കാമെന്നുമുള്ള ആവേശം വിദ്യാർത്ഥികളെന്ന നിലയിൽ ഞങ്ങൾ മനസ്സിൽ താലോലിച്ചു.
ഏകദേശം അറുപത് വർഷങ്ങൾക്ക് മുമ്പ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചപ്പോൾ, രാജ്യത്തിന് നേതൃത്വം നൽകിയ മഹാന്മാരും ദേശസ്നേഹികളും ദേശീയ സ്കൂളുകളിലൂടെ ഒരു തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ബംഗാൾ പ്രവിശ്യയിലെങ്കിലും സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിരവധി വർഷങ്ങൾ കടന്നുപോയി, ഇപ്പോഴും വിദ്യാഭ്യാസം നമ്മുടെ രാജ്യത്ത് പരിമിതമായ മണ്ഡലത്തിൽ ഒതുങ്ങിനിൽക്കുന്നു.
മറ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാര്യം കാണാം. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, മാതൃഭാഷയിൽ വേരൂന്നിയ വിദ്യാഭ്യാസസമ്പ്രദായം രൂപപ്പെടുത്താനാണ് എല്ലായിടത്തും ശ്രമിക്കുന്നത്. ഈ നയമാണ് എല്ലായിടത്തും പിന്തുടരുന്നത്. മധ്യകാലഘട്ടത്തിൽ, എന്തായാലും, വിദ്യാഭ്യാസം നൽകാൻ മറ്റൊരു ഭാഷ ഉപയോഗിച്ചിരുന്നു, വിദ്യാസമ്പന്നരായ ചുരുക്കം ചില പുരുഷന്മാർക്ക് മാത്രമേ അത് പ്രാപ്യമായിരുന്നുള്ളൂ. സാധാരണക്കാർക്ക് ഭാഷ മനസ്സിലാകാത്തതായിരുന്നു ഈ സംവിധാനത്തിന്റെ പരിമിതി. അവർക്ക് വ്യാഖ്യാതക്കളെ വേണ്ടിവന്നു. ഈ ഇടനിലക്കാർ മനസിലാക്കിയ കാര്യങ്ങളാണ് ജനങ്ങളിൽ എത്തിയത്.
എന്നാൽ ഈ രീതി അറിവിന്റെ വളരെ സാവധാനത്തിലുള്ള വ്യാപനത്തിനു കാരണമായി. ഇന്ന് ആളുകൾ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ശ്രമിക്കുകയാണ്. സാധാരണക്കാർക്ക് ഭൗതികനേട്ടങ്ങളുടെ വിശാലമായ ശ്രേണി നൽകുന്നതിനാണത്. അതേസമയം, അറിവ് ഒരു പ്രത്യേക വിഭാഗത്തിൽ ഒതുങ്ങിനിൽക്കുകയാണെങ്കിൽ പുരോഗതിയുടെ വേഗത മന്ദഗതിയിലാകുമെന്ന് അവർക്ക് അറിയാം. ഇപ്പോൾ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞു. ഇനി എത്ര വേഗത്തിൽ വിദ്യാഭ്യാസം രാജ്യത്തിനുള്ളിൽ വ്യാപിപ്പിക്കാൻ കഴിയുമെന്ന് നാം ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതുണ്ട്. പരിശ്രമിച്ചാൽ ഈ നാട്ടിൽ നിന്ന് അജ്ഞതയും നിരക്ഷരതയും തുടച്ചുനീക്കാൻ കഴിയുമെന്ന് ചരിത്രം പഠിച്ച എല്ലാവർക്കും അറിയാം.
എന്റെ ജപ്പാൻ സന്ദർശന വേളയിൽഉണ്ടായ ചില കാര്യങ്ങൾ ഓർക്കുന്നു. ഞാൻ നിങ്ങളോട് ചുരുക്കി പറയാം.
ഏകദേശം നൂറു വർഷങ്ങൾക്ക് മുമ്പ്, പാശ്ചാത്യപ്രഹരങ്ങളിൽനിന്നു കരകയറുന്ന ജപ്പാൻ, പാശ്ചാത്യരെ ഇത്രയധികം ശക്തരാക്കിയ എല്ലാ അറിവും സാങ്കേതികവിദ്യയും നേടിയെടുക്കാൻ തീരുമാനിച്ചു. അതിനുശേഷം ഇപ്പോൾ ഒരു നൂറ്റാണ്ടിൽ താഴെയേ ആയിട്ടുള്ളൂ, ജപ്പാന്റെ നേട്ടങ്ങളെക്കുറിച്ച് ഇതിനകംതന്നെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഇരുപത് വർഷം മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടപ്പോൾ അവരുടെ ദുരിതം അന്തമില്ലാത്തതായിരുന്നു. എന്നാൽ ഇന്ന്, ആ രാജ്യം സന്ദർശിക്കുകയാണെങ്കിൽ, അവർക്ക് അത്തരമൊരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവന്നുവെന്ന് ചിന്തിക്കാൻപോലും കഴിയില്ല.
സ്വാഭാവികമായും മനസ്സിലുയരുന്ന ചോദ്യം, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ജപ്പാന് എങ്ങനെയാണ് ഇന്നത്തെ ഈ സമൃദ്ധമായ അവസ്ഥയിലേക്ക് ഉയരാൻ കഴിഞ്ഞത്? വിദ്യാഭ്യാസവും പുരോഗതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശദാംശങ്ങൾ അറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ജപ്പാനിൽ കുറഞ്ഞത് ഒമ്പത് വർഷത്തേക്കാണ് കുട്ടികളെ സ്‌കൂളിൽ അയക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം സൗജന്യവും മിക്കവാറും എല്ലാ കുട്ടികൾക്കും നിർബന്ധവുമാണ്. പ്രൈമറി തലത്തിൽ നമ്മുടെ രാജ്യത്തെപോലെ, ജില്ലയിലോ സംസ്ഥാന സർക്കാരോ മുനിസിപ്പാലിറ്റിയോ ബന്ധപ്പെട്ട വകുപ്പോ ആണ് ചെലവ് വഹിക്കുന്നത്. ചിലവുകളുടെ ഭൂരിഭാഗവും അവർ പങ്കിടുന്നു. സുകുമാരകലകൾ പഠിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും സർക്കാർ നടത്തുന്നു. കൂടാതെ ഉയർന്ന തലങ്ങളിൽ, സർവ്വകലാശാലകൾക്ക് സർക്കാരാണ് കൂടുതലും ധനസഹായം നൽകുന്നു.
ജപ്പാനിൽ ശാസ്ത്രവും കലയും വിദേശഭാഷയിലാണ് പഠിപ്പിക്കുന്നത് എന്ന ധാരണ ആദ്യം എനിക്കുണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ എനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലായി. ഞാൻ ധാരാളം പുസ്തകങ്ങൾ ശേഖരിച്ചു, അവയിൽ മിക്കതും ജാപ്പനീസ് ഭാഷയിലാണ്. അതുകൊണ്ട് അവ എന്തിനെക്കുറിച്ചാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കൂടെ എനിക്ക് കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും കിട്ടി.
ആധുനിക ശാസ്ത്രയുഗത്തിൽ മനുഷ്യർ എന്തുചെയ്യണമെന്നും മനുഷ്യരാശിയുടെ ഭാവി എന്തായിരിക്കുമെന്നും ചർച്ച ചെയ്യാൻ വിദ്യാസമ്പന്നരായ ആളുകൾ - തത്ത്വചിന്തകരും ശാസ്ത്രജ്ഞരും അധ്യാപകരും - ഒത്തുകൂടിയ ഒരു സമ്മേളനം ജപ്പാൻകാർ വിളിച്ചുകൂട്ടിയിരുന്നു. ഞാനുൾപ്പെടെ ഒന്നോ രണ്ടോ വിദേശികളൊഴികെ, സമ്മേളനത്തിൽ കൂടുതലും പങ്കെടുത്തത് ജപ്പാൻകാരാണ്, നടപടിക്രമങ്ങൾ ജാപ്പനീസ് ഭാഷയിലായിരുന്നു. അവരിൽ ചിലർ ഇടയ്ക്കിടെ ഇംഗ്ലീഷിൽ സംസാരിച്ചു, പക്ഷേ തുടർന്നത് പൂർണ്ണമായും ജാപ്പനീസ് ഭാഷയിലാണ്. അവർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറയുന്നത് തെറ്റായിരിക്കും, കാരണം ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ മിക്കവർക്കും ഞങ്ങളെ മനസ്സിലായി. എന്നിരുന്നാലും, ഇംഗ്ലീഷിൽ അവരുടെ ചിന്തകൾ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. അതിനാൽ അവിടെ ഉണ്ടായിരുന്ന എല്ലാ ജാപ്പനീസ് ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ജാപ്പനീസ് ഭാഷയിൽ സംസാരിച്ചു. സമകാലിക ശാസ്ത്രത്തിന്റെ അമൂർത്തമായ തത്ത്വചിന്തകളും നൂതനമായ ആശയങ്ങളും ജാപ്പനീസ് ഭാഷയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമായിരുന്നു. അവരത് തെളിയിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു.
നമ്മുടെ ഇന്ത്യൻ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജാപ്പനീസ് ഭാഷയ്ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ളവരുണ്ടാകും. നമ്മുടെ ഭാഷകളിൽ എഴുതുന്നതും അച്ചടിക്കുന്നതും അക്ഷരമാലയിലെ ഒരു പിടി അക്ഷരങ്ങൾ ഉപയോഗിച്ചാണ്, എന്നാൽ ജാപ്പനീസ് സമ്പ്രദായത്തിൽ ഇത് സാധ്യമല്ല. അവരുടെ സ്വന്തം അക്ഷരങ്ങൾ കൂടാതെ ചൈനീസ് അക്ഷരമാലയിൽ മൂവായിരം അക്ഷരങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് താൽപ്പര്യമുള്ളവർ അവയെല്ലാം പഠിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ഒരു കുട്ടിക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പ്രാദേശിക ഭാഷ പഠിക്കാൻ കഴിയും, അതേസമയം ഒരു ജാപ്പനീസ് കുട്ടിക്ക് ജാപ്പനീസ് പഠിക്കാൻ ഏകദേശം ആറ് വർഷമെടുക്കും. ഈ പ്രശ്‌നങ്ങൾക്കിടയിലും ജാപ്പനീസ് ഭാഷ ഓരോ ജാപ്പനീസ് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും ജാപ്പനീസ് ഭാഷയിൽ തന്റെ ചിന്ത പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ഘട്ടത്തിലെത്തി. രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമായപ്പോൾ ഒരു നേട്ടമായി തെളിഞ്ഞുവന്നു. ജാപ്പനീസ് ഭാഷയിൽ ശാസ്ത്രത്തിലോ തത്ത്വചിന്തയിലോ സുകുമാരകലകളിലോ ഇതിനകം വൈദഗ്ധ്യം നേടിയ അധ്യാപകരായ അധ്യാപകരുടെയും കുറവുണ്ടായിരുന്നില്ല അവരെ പഠിപ്പിക്കാൻ കഴിവുള്ളതരത്തിൽ ഭാഷയും വളർന്നിരുന്നു.
ഇത് ജപ്പാനിൽ വിദ്യാഭ്യാസം പെട്ടെന്ന് എല്ലാവരിലും എത്താൻ പെട്ടെന്നുള്ള കാരണമായി. തൽഫലമായി, ജപ്പാന് എല്ലാതരത്തിലുമുള്ള വിജ്ഞാനരൂപങ്ങളെയും നേടിയെടുക്കാൻ സാധിച്ചു. താഴ്ന്ന തലത്തിൽനിന്ന് അതിവേഗം പുരോഗതി കൈവരിച്ച് ഇന്ന്, ഉയർന്ന സ്ഥാനത്തെത്തിയ, രണ്ട് ലോകരാഷ്ട്രങ്ങളായ ജപ്പാന്റെയും ജർമ്മനിയുടെയും കാര്യമെടുത്താൽ, അറിവുള്ളവരിൽ തൊണ്ണൂറു ശതമാനത്തിലധികം ആളുകളും അവിടെ സാക്ഷരരാണ്.
വിദ്യാസമ്പന്നരെയും നേതാക്കന്മാരെയും മാത്രമല്ല, രാജ്യത്തുള്ള മുഴുവൻ സാധാരണക്കാർക്കുംവേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്തെ എടുത്താൽ അവരെല്ലാം സാക്ഷരരായാൽമാത്രമേ രാജ്യം വികസിതമായെന്നു പറയാൻ നമുക്കു കഴിയൂ. രാജ്യത്തെ ഏത് അപകടത്തിൽനിന്നും സംരക്ഷിക്കാനുള്ള എല്ലാ ശക്തിയും അവരുടെ കൈകളിൾ അപ്പോൾ മാത്രമേയുണ്ടാകൂ. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. എന്നാൽ എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് ഭരണഘടന പ്രധാന ഭാഷകളായി അംഗീകരിച്ചിട്ടുള്ളവയിൽ, മൊത്തം അഭ്യസ്തവിദ്യരുടെ എണ്ണം ഏറെക്കുറേ ജപ്പാനിലെ ജനസംഖ്യയ്ക്ക് തുല്യമായിരിക്കും.
രാജ്യത്തെക്കുറിച്ചു സമഗ്രമായി ചിന്തിക്കാതെ, സ്വന്തം വീട് പണിയുന്നതിൽ നമ്മൾ ഒതുങ്ങിനിൽക്കുകയാണെന്ന് എനിക്കു തോന്നുന്നു. അതായത്, ഓരോ കുട്ടിക്കും നിർബന്ധിത വിദ്യാഭ്യാസം ലഭിക്കുന്ന തരത്തിൽ അതതു പ്രദേശത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ രൂപപ്പെടുത്താൻ തയ്യാറാവുന്നിടത്തുനിന്ന് നമുക്ക് ആരംഭിക്കാവുന്നതാണ്. എങ്കിൽ നമ്മൾ അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നങ്ങൾ എളുപ്പത്തിൽ അപ്രത്യക്ഷമാകും.
മഹത്തായ ഒരു മനുഷ്യസമൂഹത്തെ കെട്ടിപ്പടുക്കാൻ രാഷ്ട്രങ്ങൾ ഒന്നിക്കുമെന്ന ആശയം ഇന്ന് ലോകത്ത് ഉണ്ട്. എന്നാൽ ഇത് നേടുന്നതിന് ഓരോ രാജ്യവും ഒരു പ്രത്യേക ഭാഷയെ വിദ്യാഭ്യാസ മാധ്യമമായി സ്വീകരിക്കണമെന്ന് ആരും കരുതുന്നില്ല. എല്ലാത്തിനുമുപരി, മാനസിക അടുപ്പം ഉണ്ടാകുമ്പോൾ ഭാഷാപരമായ തടസ്സങ്ങൾ പ്രശ്നമാവില്ല.
ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ രാജ്യത്ത് ഐക്യം ഉണ്ടാകില്ലെന്ന് പലപ്പോഴും പറയാറുണ്ട്. കീഴടങ്ങി ജീവിച്ചപ്പോഴാണ് നമ്മുടെ ദേശീയതയെക്കുറിച്ച് നമുക്ക് ബോധമുണ്ടായത്. അതുകൊണ്ട് ആ ഐക്യബോധം ഇംഗ്ലീഷ് ഭാഷയിലൂടെ നിലനിർത്തണം. പക്ഷേ, അടിമത്തത്തിന് മുമ്പ് നമുക്ക് ദേശീയ സ്വത്വബോധം ഉണ്ടായിരുന്നില്ല എന്നു പറയുന്നത് ശരിയല്ല.
രാജ്യഭരണത്തിന് ചുക്കാൻ പിടിക്കുന്നവർക്ക് ഒരുപക്ഷേ രാജ്യത്തിനുള്ളിലെ ഐക്യബോധത്തെപ്പറ്റി വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. അഥവാ ഐക്യബന്ധങ്ങൾ എത്ര ദൃഢമായി ജനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് അവർ തിരിച്ചറിവുണ്ടായിരിക്കില്ല. ഈ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകൾ വിദേശത്ത് കണ്ടുമുട്ടുമ്പോൾ മാത്രമാണ്, അവരുടെ മാനസികഘടനയിലും ആചാരങ്ങളിലും പെരുമാറ്റത്തിലും എത്രമാത്രം സമാനതയുണ്ടെന്നും അവർ വിദേശികളിൽനിന്ന് എത്ര വ്യത്യസ്തരാണെന്നും മനസിലാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷയിലൂടെ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ രാജ്യത്തിന്റെ ഐക്യം ഒരിക്കലും അപകടത്തിലാകില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്.
നമ്മുടെ സമീപകാല ചരിത്രത്തിൽ മഹത്തായതും എന്നാൽ അതുപോലെ ലജ്ജാകരവുമായ ചില ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ നാണംകെട്ട സംഭവങ്ങളുടെ ചരിത്രം വിശകലനം ചെയ്താൽ, നാണംകെട്ടതിന് ഉത്തരവാദികളായ എല്ലാവരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണെന്ന് വെളിപ്പെടും. ഞാൻ പറയാൻ ശ്രമിക്കുന്നത്, നമ്മുടെ സമീപകാല ചരിത്രത്തിൽ നമുക്ക് അഭിമാനിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ ഉള്ളതുപോലെ, ഖേദിക്കേണ്ടതും ലജ്ജിക്കേണ്ടതുമായ സന്ദർഭങ്ങളുമുണ്ട്. എന്നാൽ ഇത്തരം ദുഃഖകരമായ സംഭവങ്ങളുടെ വേരുകൾ അന്വേഷിച്ചാൽ, അഹങ്കാരികളും സ്വാർത്ഥരും ഇംഗ്ലീഷിൽ വിദ്യാഭ്യാസം നേടിയവരുമായ ആളുകളുടെ പ്രവർത്തനങ്ങൾ പല സന്ദർഭങ്ങളിലും കണ്ടെത്താനാകും.
ഇംഗ്ലീഷ് ഒരിക്കലും ഏകീകരിക്കുന്ന ഘടകമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഐക്യത്തിന്റെ അടിസ്ഥാനം മാനസികബന്ധങ്ങളിലാണ് ഇരിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളോട് നമ്മൾ പ്രതികരിക്കുകയാണെങ്കിൽ, നമുക്ക് വിദേശികളുമായി സൗഹൃദം പുലർത്താം. തിരിച്ച്, സാഹോദര്യത്തിന്റെ അഭാവം മറ്റൊരു പാകിസ്ഥാൻ കെട്ടിപ്പടുക്കാൻ മാത്രമേ കഴിയൂ. ഈ രണ്ടു രാജ്യങ്ങളും കെട്ടിപ്പടുത്ത രണ്ടുപേരും ഒരേ പ്രവിശ്യയിൽ നിന്നുള്ളവരാണ്, രണ്ടുപേർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടായിരുന്നു. വർഷങ്ങളായി ഇംഗ്ലീഷിലൂടെ ജനസമൂഹത്തെ ഉണർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് നമ്മുടെ രാഷ്ട്രപിതാവ് ഞങ്ങളുടെ അടുത്ത് വന്നപ്പോൾ, പലരെക്കാളും നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാമെങ്കിലും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷ, സംസാരിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തു. നമുക്ക് ഇപ്പോൾ ഒരു പുതിയ ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഫലം ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള വിരലിലെണ്ണാവുന്ന ആളുകളിൽ മാത്രം ഒതുങ്ങരുത്; അത് എല്ലാവരിലും എത്തണം.
ഇംഗ്ലീഷ് പഠിപ്പിച്ചാൽ വിജ്ഞാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള വാതിലുകൾ അടയുമെന്ന് കരുതുന്നവർക്ക് വലിയ തെറ്റാണ് പറ്റിയത്. ഇന്ത്യ എന്നെന്നേക്കുമായി ഉയർന്ന ജയിൽ ഭിത്തികളാൽ ചുറ്റപ്പെടണമെന്നും മുകളിൽ നിന്നുള്ള വെളിച്ചം വിദ്യാസമ്പന്നരുടെ മുകൾത്തട്ടിൽമാത്രം എത്തണമെന്നും അവരാണ് ആ പ്രകാശത്തെ കീഴേ തട്ടിലുള്ള അജ്ഞരായ മനുഷ്യരിലേക്ക് പകരേണ്ടതെന്നും അവർ കരുതുന്നു. ഈ രീതിയിൽ പുരോഗതി കൈവരിക്കാൻ പ്രയാസമാണ്. മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്തം ഒരു ചെറിയ വിഭാഗത്തെ ഏൽപ്പിക്കുന്നത് അഭികാമ്യമല്ല. രാജ്യത്തെ ജനങ്ങൾ അവരുടെ ഭാരം സ്വയം വഹിക്കണം. കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ നേട്ടം കൈവരിക്കുന്നതിൽ നമുക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഇംഗ്ലീഷിനെ ദീർഘകാലമായി വഹിച്ചിരുന്ന പ്രധാന സ്ഥാനത്ത് നിന്നു പുറത്താക്കണമെന്ന നിങ്ങളുടെ ആവശ്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. വിവിധ പ്രവിശ്യകളിൽ ഈ നിർദ്ദേശം എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. ഇംഗ്ലീഷ് നീക്കം ചെയ്യുന്നതിനുള്ള എന്റെ വാദങ്ങൾ സ്വയം പ്രതിരോധത്തിനായുള്ള പ്രേരണയിൽ നിന്നാണ് വരുന്നത്. ഇംഗ്ലീഷിനുള്ള ഈ അസാധാരണമായ ഊന്നൽ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെ തടസ്സപ്പെടുത്തുമെന്നുതന്നെ ശക്തമായ തോന്നലെനിക്കുണ്ട്. അധ്യാപനം തൊഴിലായി തിരഞ്ഞെടുക്കുന്നവർ ഒരാളുടെ ചിന്തകൾ മാതൃഭാഷയിൽ എങ്ങനെ കൂടുതൽ മികവീടെ പ്രകടിപ്പിക്കപ്പെടുന്നു എന്നു കാണാൻ ആജീവനാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കണം.
വിദ്യാസമ്പന്നരോട് ഞങ്ങൾ അപേക്ഷിക്കുകയാണ്. രാജ്യത്ത് പുതിയ ഒരു യുഗം കൊണ്ടുവരാൻ കഠിനമായി ശ്രമിക്കുക. പുതിയ പ്രബോധന മാധ്യമം എന്തായിരിക്കണമെന്ന് കണ്ടുപിടിക്കുക. നമ്മുടെ നാട്ടിൽ നിന്ന് നിരക്ഷരതയും അജ്ഞതയും തുടച്ചുനീക്കുന്ന ഒരു സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരിക. മതഭ്രാന്തന്മാർക്ക് മുന്നറിയിപ്പ് ആവശ്യമാണ്. ഒരു പുതിയ യുഗത്തിനായുള്ള നമ്മുടെ ആഹ്വാനം ഒരിക്കലും ഒരു ഭാഷയ്ക്ക് പകരം മറ്റൊന്നു വച്ചുകൊണ്ട് യാഥാർത്ഥ്യമാകില്ല.
നാട്ടുകാരെ വിദ്യാഭ്യാസമുള്ളവരാക്കുന്ന കാര്യത്തിന് നമുക്ക് മുൻഗണന കൊടുക്കാം. അവർക്ക് ഉപകാരപ്രദവും അവരെ രോഗങ്ങളിൽനിന്ന് മുക്തരാക്കുന്നതും അവർക്ക് അഭിവൃദ്ധി നൽകുന്നതും അവർക്ക് നിത്യഭക്ഷണം നൽകുന്നതുമായ അറിവ് അവർക്കെല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കണം. ഇതാണ് എനിക്കു വേണ്ടത്.
നിരന്തരമായ പരിശ്രമം ആവശ്യമായ കാര്യമാണ്. ചർച്ചകളിൽ പങ്കെടുത്തതുകൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. വിവിധ ഭാഷകൾ സംസാരിക്കുന്ന പങ്കാളികൾ അവരവരുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുമെന്ന് ഞാൻ കരുതുന്നു. രണ്ട് കാര്യങ്ങൾ നാം മനസിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും, ഈ സമ്മേളനത്തിന്റെ വിജയം. ഒന്നാമത്തേത്, മാതൃഭാഷ വിദ്യാഭ്യാസ മാധ്യമമായാൽമാത്രമേ നമ്മുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ കഴിയൂ; രണ്ടാമത്തേത്, നമ്മുടെ പ്രാദേശിക ബന്ധം ഭാഷയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്, അത് നമ്മുടെ മനസ്സിൽ വേരൂന്നിയ ഒന്നാണ്. ഈ രണ്ട് നിരീക്ഷണങ്ങളെയും നിങ്ങൾക്കൊപ്പം കൊണ്ടുപോകാം. അതിനു കഴിഞ്ഞാൽ നിങ്ങളുടെ പരിശ്രമം അർത്ഥവത്തായെന്ന് ഞാൻ കരുതും. പരസ്പര ഇടപെടലുകളിലൂടെ രണ്ട് വസ്തുതകൾ കൂടി തിരിച്ചറിയണമെന്ന് ഞാൻ ആശിക്കുന്നു. ഒന്നാമതായി, നമ്മുടെ ഐക്യം ഉപരിപ്ലവമല്ല, ആഴത്തിലുള്ളതാണ്. ഇത് ഒരു ഭാഷ സംസാരിച്ചതുകൊണ്ട് ഉണ്ടായതല്ല. രണ്ടാമതായി, ഏകീകൃതവും ആത്മാർത്ഥവുമായ പരിശ്രമത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല.
ഞാൻ മുമ്പ് പറഞ്ഞതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഏകീകരണം ഒരു പ്രത്യേക ഭാഷയിൽക്കൂടി കൊണ്ടുവരാൻ കഴിയില്ല. ഐക്യം മാനസികമായ ബന്ധത്തിലധിഷ്ഠിതമാണെന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. നമ്മൾ എന്തെങ്കിലും നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തൊഴിലാളികൾക്കിടയിൽ മാനസിക അടുപ്പം അനിവാര്യമാണ്. അങ്ങനെയല്ലെങ്കിൽ , വിവിധ തലങ്ങളിൽ നാം നേടാൻ ശ്രമിക്കുന്നത് ഒരൊറ്റ ഘടനയുടെ ഭാഗമായി നിലനിൽക്കില്ല.
വിദേശഭാഷയും വിദേശഭരണവും വളരെക്കാലം നമ്മൾ സഹിച്ചു. ഐക്യം സ്ഥാപിക്കാനുള്ള വഴി അതായിരുന്നുവെങ്കിൽ, അത് വളരെ മുമ്പേ കൈവരിക്കാമായിരുന്നു. അത് സംഭവിക്കാത്തതിനാൽ, ഭരണഘടനയുടെയും അതിന്റെ നിർദ്ദേശങ്ങളുടെയും സ്വീകാര്യതയ്‌ക്കെതിരായ ശബ്ദങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നു.
നമ്മുടെ ദേശീയ പൈതൃകം നൂറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ ഫലമാണ്, എത്ര പഴക്കമുള്ളതാണെങ്കിലും, അതിനെ നമ്മുടെ ജീവിതത്തോടൊപ്പം മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നു. പാരമ്പര്യത്തോടുള്ള ആദരവാണ് ദേശീയ ഐക്യത്തിന്റെ അടിത്തറ. സ്വന്തം താൽപ്പര്യങ്ങൾ കീഴടക്കി, രാജ്യത്തിനകത്ത് സഞ്ചരിക്കാൻ തയ്യാറുള്ള ആർക്കും, മാനസികമായ ബന്ധുത്വം നിലനിന്നിരുന്നുവെന്ന് മനസിലാക്കാം. എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് എനിക്കത് മനസിലായിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമണ്ഡലത്തിൽ അതില്ല. നമ്മുടെ രാജ്യത്തെ ഋഷിമാർ, നമ്മുടെ തീർത്ഥാടകർ, നമ്മുടെ സാധാരണ ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും ഗ്രാമങ്ങളിൽ താമസിക്കുന്ന വിവിധ മതങ്ങളിൽപ്പെട്ടവരുംപോലും എളുപ്പത്തിൽ വിച്ഛേദിക്കപ്പെടാത്ത ഒരു പൊതുബന്ധത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാലും, ചിലപ്പോൾ താൽപ്പര്യങ്ങളിലുള്ള വൈരുദ്ധ്യങ്ങൾ ഐക്യബോധത്തെ ഇല്ലാതാക്കിയേക്കാം. ഉദ്ഗ്രഥനത്തിന്റെ ആവേശത്തെ സജീവമായി നിലനിർത്താൻ പ്രത്യേക സമർപ്പണം ആവശ്യമാണ്. വാക്കുകളിലൂടെ മാത്രം ഐക്യം കൈവരിക്കാനാവില്ല.
എങ്ങനെയാണ് ഒരാൾ ഈ സമർപ്പണം സാധ്യമാക്കുന്നത്? നമ്മുടെ പൈതൃകത്തിന്റെ സ്വഭാവവും മുൻകാലങ്ങളിൽ അവരെ ഒന്നിപ്പിച്ച പൊതുബന്ധങ്ങളും മനസിലാക്കാൻ വിവിധ പ്രവിശ്യകളിലെ ആളുകൾ അവരുടെ പ്രാദേശിക ഭാഷകൾ ഉപയോഗിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഓരോ നിമിഷവും മനുഷ്യർ പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള ആവശ്യത്തെ നേരിടുന്നു. പ്രകൃതിയുടെ വൈവിധ്യം അങ്ങനെയുള്ളതാണ്. അതുകൊണ്ട് നാം ഇന്ന് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഐക്യം മുൻകാലങ്ങളിൽ അനുഭവപ്പെട്ടിരുന്ന സൗഹാർദ്ദത്തേക്കാൾ സങ്കീർണ്ണവും അഗാധവും ശക്തവുമായിരിക്കണം. ഇതാണ് എന്റെ ബോധ്യം.
നമുക്ക് കേൾക്കാം : നിങ്ങളെത്തന്നെ അറിയാനുള്ള സമയം വന്നിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആളുകൾ അടുത്തടുത്ത് വരട്ടെ, നമുക്ക് നഷ്ടപ്പെട്ടതും ഇന്ന് നാം നേടിയതുമായ സ്വാതന്ത്ര്യത്തിന്റെ രുചി അറിയട്ടെ.
വികസനത്തിന്റെ കൊടുമുടിയിലെത്താനും അതിവേഗം മുന്നേറാനും മറ്റു രാജ്യങ്ങൾ സ്വീകരിച്ച പാതകൾ നാം പിന്തുടരേണ്ടതുണ്ട്. എത്രയും പെട്ടെന്ന്. ഇത് ചെയ്യുന്നതിന്, ആധുനിക യുഗത്തിന്റെ പ്രധാന സന്ദേശം നമ്മുടെ ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുപോകണം. ചരിത്രാതീതകാലത്തെ ആശയങ്ങൾ തള്ളിക്കളയണം. പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയവും അതിന്റെ അനന്തരഫലങ്ങളും പല രാജ്യങ്ങളിലും അനുഭവിച്ചറിഞ്ഞത് വിദ്യാസമ്പന്നരെങ്കിലും അഹങ്കാരികളായിപോയെന്നു നമ്മൾ കരുതുന്നവർ മാത്രമല്ല. എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.
ഇത് ചെയ്തില്ലെങ്കിൽ, മറ്റ് രാജ്യങ്ങളിലെ പുരോഗതിയുടെ ദ്രുതഗതിയിൽ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. 'ഭാരതവർഷ' എന്ന പദം നമ്മെ പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ നാട്ടുകാർക്കായി തുടിക്കുന്നുണ്ടെങ്കിൽ , നമ്മൾക്കുള്ള പരസ്പരബന്ധം ദൃഢമാക്കാൻ അന്യഭാഷയുടെ സഹായം ആവശ്യമില്ല. വിദേശശക്തിയെ നമ്മുടെ നാട്ടിൽ നിന്ന് ആട്ടിയോടിക്കാൻ പോരാടിയ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള നേതാക്കൾ അധികാരം നേടിയപ്പോൾ, ഉണ്ടായ അകൽച വളരെ പ്രകടമായിരുന്നു.
നാട്ടുഭാഷകൾ ഉപയോഗിച്ച് ഐക്യബോധം സൃഷ്ടിക്കാനും വിഘടനവാദ മാനസികാവസ്ഥയെ മറികടക്കാനും എളുപ്പമാണ്. രാജകീയ വേദിയിൽ കയറിനിന്ന് ദേശീയോദ്ഗ്രഥനം പ്രസംഗിച്ചാൽ മാത്രം പോരാ. ഓരോ വീടുകളിലും ചെന്ന് നമുക്ക് ഈ ഐക്യത്തിന്റെ സന്ദേശം നൽകണം. നമുക്കു ലഭിച്ച വിദ്യാഭ്യാസത്തിൽ മതിമറക്കരുത് - അത് നമ്മുടെ പൊതു ഉത്തരവാദിത്വമാണെന്ന് എല്ലാവരും തിരിച്ചറിയണം! അതിനാലാണ് നമുക്ക് നമ്മുടെ മാതൃഭാഷകൾ വേണ്ടത്, നമുക്ക് കഠിനമായ പരിശ്രമം ആവശ്യമായി വരുന്നത്. നമ്മുടെ മനസ്സ് ശുദ്ധമായി സൂക്ഷിക്കണം. ഏറ്റുമുട്ടലുകൾക്കും സംഘർഷങ്ങൾക്കും പകരം നമുക്ക് സ്നേഹത്തെക്കുറിച്ച് സംസാരിക്കാം.
നിങ്ങളിൽ ഇക്കാര്യം മനസ്സിലാക്കുന്നവർ, സ്വന്തം പരിമിതിക്കുള്ളിൽനിന്നുകൊണ്ടും ക്ഷമയോടെ ജോലി തുടരുക. കുട്ടിക്കാലത്ത് നമ്മൾ പറയുമായിരുന്നു, മുകളിലുള്ള ദൈവം വിചാരിക്കുന്നതുപോലെ നമുക്ക് മുന്നോട്ടു പോകാം, നമുക്ക് പേടിക്കാനൊന്നുമില്ല. മനസ്സിൽ ഐക്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും നിങ്ങൾ ഭയക്കാതെ മുന്നോട്ടു പോകാം. നിങ്ങൾ ആരംഭിച്ച പ്രസ്ഥാനം ഇനിയും വളരട്ടെ. നമ്മുടെ ആളുകൾ അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കട്ടെ. നിർബന്ധിത വിദ്യാഭ്യാസം ഉടൻ നടപ്പാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം, അതിലൂടെ ഓരോ കുട്ടിക്കും ചെറുപ്പക്കാരനും സ്ത്രീക്കും സമ്പൂർണ്ണ മനുഷ്യരായി വളരാൻ അവസരമുണ്ടാകും. നാം ജനിച്ച ഇന്നത്തെ കാലഘട്ടത്തിൽ, 'കുറച്ചുമാത്രം പഠിക്കുക' വലിയ അപകടമാണെന്ന് നമ്മൾ തിരിച്ചറിയണം. .
എനിക്ക് വാസ്തവത്തിൽ കൂടുതൽ ഒന്നും പറയാനില്ല, കാരണം സംസാരിക്കുന്നത്, എല്ലായ്പ്പോഴും മറ്റുള്ളവരിലേക്ക് എത്താനുള്ള നല്ല മാർഗമല്ല. ഒരിക്കൽ ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ, ഭാഷയുടെ ലക്ഷ്യം നമ്മുടെ ചിന്തകളെ മറയ്ക്കുക എന്നതാണ്. നാട്ടിൽ ഒരു വിശ്വാസം ഉണ്ട്, പരസ്പരം നമ്മൾ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചാൽ, ശരിയായ ഉത്തരം നമ്മുടെ ഉള്ളിൽ നിന്നു കണ്ടെത്തും. അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ പ്രസ്ഥാനം എല്ലാ അർത്ഥത്തിലും വിജയിക്കും.
No comments:
Post a Comment