March 1, 2022

പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ?


 

സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്നമായതിനാൽ ഫോക്കസ്- നോൺ ഫോക്കസ് മേഖലപ്രശ്നം, വിവാദത്തിനു ശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല. കുട്ടികൾ അങ്ങനെ ചുളുവിൽ ചില പാഠങ്ങൾ മാത്രം പഠിച്ച് ജയിക്കേണ്ടതില്ല എന്ന തീരുമാനം വളരെ നല്ലതാണ്. അവർക്ക് ഭാവിയിൽ ആത്മവിശ്വാസം ലഭിക്കാൻ അതു കാരണമാകും.

എങ്കിലും പലരും പറഞ്ഞ കാര്യം വീണ്ടും പറയാം : ഒരു ടെക്സ്റ്റ് തീർക്കാനുള്ള സമയം എവിടെ?

ഇവിടെയാണ് അദ്ധ്യാപകരുടെ ആന്തരിക സംഘർഷവും ഉത്തരവുകളുമായുള്ള ബാഹ്യസംഘർഷവും മൂർച്ഛിക്കുന്നത്.   ഏതു പാഠപുസ്തകം പഠിപ്പിക്കാനും തീർക്കാനും നിശ്ചിതസമയം വേണമല്ലോ. അതിനനുസരിച്ച് മൊഡ്യൂൾ ഉണ്ടാക്കിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും. ജൂൺ മുതൽ ഫെബ്രുവരിവരെയുള്ള 9 മാസങ്ങൾകൊണ്ടു തീർക്കേണ്ട  ഈ സംഗതി നവംബർ മുതൽ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങൾകൊണ്ട് തീർക്കണമെന്നും മാർച്ചിൽ റിവിഷൻ തുടങ്ങണമെന്നുമാണ് പറയപ്പെടുന്നത്. അതിനു വേണ്ടി പ്രത്യേകിച്ച് ഉണ്ടാക്കിയ സൗകര്യം ശനിയാഴ്ചത്തെ ക്ലാസുകളാണ്. കൂടാതെ ഓൺലൈനിൽ ക്ലാസെടുത്ത് പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശവും ഉണ്ട്. കൈറ്റ്സ് നൽകിയ സൗകര്യമനുസരിച്ച് അദ്ധ്യാപകർ ഗൂഗിൾ ക്ലാസുറൂമിൽ കയറിയിരിക്കണമെന്ന അനുശാസനവും അടുത്തയിടെ വന്നിട്ടുണ്ട്.

ഹയർ സെക്കന്ററിയിൽ 60+ ആണ് ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം. കൊറോണ പ്രമാണിച്ച് ഇവരെ രണ്ടായി പിരിച്ച് 30 പേർക്ക് ആദ്യത്തെ മൂന്നു ദിവസവും (തിങ്കൾ ചൊവ്വ ബുധൻ) അടുത്ത് 30 പേർക്ക് അടുത്ത 3 ദിവസവും ( വ്യാഴം വെള്ളി ശനി) ആണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഇതിലേതെങ്കിലും ഒരു ദിവസം ക്ലാസ് മുടങ്ങിയാൽ ആകെ കുഴമറിയും. രണ്ടു ദിവസം മുടങ്ങിയാൽ കുക്കുഴമറിയും.. ഈ മാസം 21 മുതൽ എല്ലാ കുട്ടികളെയും സ്കൂളിൽ വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴും അദ്ധ്യാപകർക്ക് പാഠപുസ്തകം മുഴുവൻ തീർക്കാനായി മുഴുവൻ കുട്ടികളെയും ഒന്നിച്ച് കിട്ടുന്നത് ആകെ ഒരാഴ്ചയാണ്.

ഇതിനിടയ്ക്ക് ഒരു സമരം, ആറ്റുകാൽ പൊങ്കാല, ശുചിത്വ മിഷന്റെ പരിശോധനയുമായി ബന്ധപ്പെട്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും  സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കൽ, പതിനൊന്നാം ക്ലാസ് ഇമ്പ്രൂവ്മെന്റ് മൂല്യനിർണ്ണയം പ്രമാണിച്ച് അദ്ധ്യാപകർ ഇല്ലാത്തതുകൊണ്ട് നിശ്ചിതക്ലാസുകൾക്ക് ഒഴിവ്.. പ്രാദേശികമായ ഉത്സവങ്ങളും പരിപാടികളും കാരണമുള്ള തടസ്സങ്ങൾ.. അങ്ങനെ പലതും വന്ന് ക്ലാസ് മുറി പഠനം തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഇതിനെല്ലാം പരിഹാരമാണ് ഓൺലൈൻ പഠനസംവിധാനം എന്നു പറയാൻ പറ്റില്ല. ഓൺലൈൻ ക്ലാസ് പട്ടണങ്ങളിൽ കാര്യക്ഷമമായി നടക്കുമ്പോലെ ഗ്രാമപ്രദേശങ്ങളിൽ നടക്കില്ല. കുട്ടികൾക്ക് സ്വതവേ മണിക്കൂറുകളോളം മൊബൈലിന്റെ മുന്നിലിരിക്കാൻ മടിയുണ്ട്. ഡേറ്റാ പ്രശ്നം രണ്ടാമത്തേത്. നെറ്റുവർക്ക് പ്രശ്നം മൂന്നാമത്തേത്. ഓൺലൈൻ ക്ലാസെടുക്കുമ്പോൾ കഷ്ടിച്ച് 20 മുതൽ 30 വരെ കുട്ടികൾ കയറുന്നതാണ് കണ്ടിട്ടുള്ളത്. (ആകെ ക്ലാസിലുള്ളവർ 110+) അതിൽത്തന്നെ കുട്ടികൾ വന്നും പോയും ഇരിക്കും. അവരെന്താണ് കേൾക്കുന്നത്, എന്താണ് കാണുന്നത്, എന്തു തുടർച്ചയാണവർക്ക് കിട്ടുന്നത് എന്നത് മറ്റൊരു പ്രശ്നം.  പലപ്പോഴും ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ കുട്ടികളിൽനിന്നല്ലാതെ മറുപടി കിട്ടാറില്ല. അതുകൊണ്ട് ക്ലാസ് മുറി വിദ്യാഭ്യാസത്തിനുള്ള ബദൽ രീതിയായി നമ്മുടെ നാട്ടിലെ അവസ്ഥയിൽ ഗൂഗിൾ ക്ലാസ് റൂം മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. പരിഹാരബോധനമായി കൊണ്ടുപോകാം. വളരെ കുറച്ചു കുട്ടികൾക്കേ അതുകൊണ്ടു പ്രയോജനം ഉണ്ടാവൂ.

എല്ലാ പാഠങ്ങളുടെ വലിപ്പം ഒരു പോലെയല്ല. ഒരു പേജിൽ തീരുന്ന പാഠങ്ങളുണ്ട്.. 13 പേജുകളിലായി പരന്നു കിടക്കുന്ന അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകവും 12-ൽ പഠിപ്പിക്കാനുണ്ട്.  പഴയ ചേഷ്ടാവാദ രീതിയനുസരിച്ചാണെങ്കിൽ ഉള്ളടക്കം പറഞ്ഞുകൊടുത്ത്  ശകുന്തളയുടെ ഭർത്താവാരാണ് എന്നു ചോദിച്ച്,  ‘ദുഷ്ഷന്തൻ ...’ എല്ലാവരും പറയൂ....  എന്നാവർത്തിച്ച് പറയിച്ച്, പിന്നീട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാതെ നഖം കടിക്കുന്നവർക്ക് 175 പ്രാവശ്യം ഇമ്പോസിഷനും കൊടുത്താൽ പണി കഴിഞ്ഞു.   ജ്ഞാനനിർമ്മിതി വാദമനുസരിച്ചാണെങ്കിൽ ‘പ്രക്രിയകൾ’ വേണം. കുട്ടി അറിവു നിർമ്മിക്കണം, അതു അദ്ധ്യാപകർ പകരുകയല്ല വേണ്ടത്. ആദ്യത്തേതു പോലെയല്ല, അതിനിത്തിരി സമയമെടുക്കും. ഇതാണ് നിലവിൽ സർക്കാർ നയം. ഇതാണ് ഇപ്പോഴുള്ള വിദ്യാഭ്യാസ സമീപനം. അതു മാറ്റിയതായി ഒരുത്തരവും വന്നിട്ടില്ല. അതേസമയം ചോദ്യത്തിന്റെ രീതി മാറുന്നു. വസ്തുനിഷ്ഠചോദ്യങ്ങൾ വരുന്നു. ഫോക്കസ് -നോൺ ഫോക്കസ് മേഖലാവ്യത്യാസമില്ലാതെ പാഠങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പഠിപ്പിച്ചു തീർക്കണമെന്ന നിർദ്ദേശമുത്തരവായി വരുന്നു.

മലയാളത്തിന്റെ കാര്യമെടുത്താൽ ഒരു പാഠത്തെപ്പറ്റി ഒന്നോരണ്ടോ വിവരം പറഞ്ഞ അടുത്ത പാഠത്തിലേക്ക് ചാടാം. (അങ്ങനെ പറ്റില്ലെന്ന് സയൻസ് ഹ്യുമാനിറ്റീസ് കോമേഴ്സ് അദ്ധ്യാപകർ) പക്ഷേ അതു കുട്ടികളോട് ചെയ്യുന്ന ദ്രോഹമല്ലേ? പ്രത്യേകിച്ച് ഒരു സ്കോറിന്റെയും രണ്ടു സ്കോറിന്റെയും വസ്തുനിഷ്ഠചോദ്യങ്ങൾ ഉള്ള സ്ഥിതിയ്ക്ക്  (മുൻപ് ഭാഷയ്ക്ക് വിവരണാത്മക ചോദ്യങ്ങൾ മാത്രമായിരുന്നു. പിന്നീട് 2 സ്കോറിനുള്ളതു വന്നു. ഒരു സ്കോറിനുള്ളത് ഇപ്പോൾ പുതുതായി കൂട്ടിച്ചേർത്തതാണ്) പാഠപുസ്തകം മുഴുവൻ വരിയോടു വരി കുട്ടി കടന്നുപോകേണ്ടതായി വരും. അപ്പോൾ വിശദമായ പഠനം വിഷയം തന്നെയാണ്. അതിനുള്ള സമയം ഇല്ല. ഭാരം ആത്യന്തികമായി കുട്ടിയുടെ തലയിലാണിപ്പോഴും. അദ്ധ്യാപകർ നടപടികളുടെ ഭീഷണിയിലാണെങ്കിലും.

ഇപ്പോൾ ആഴ്ചതോറും അദ്ധ്യാപകർ പഠിപ്പിച്ച പാഠങ്ങളുടെ ശതമാനക്കണക്കെടുക്കുന്നുണ്ട്. ശതമാനം കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ലല്ലോ. ഇടക്ക് പ്രചരിക്കുന്ന ഒരു വാട്സാപ്പ് മെസ്സേജിൽ കണ്ടത്, പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്ത അദ്ധ്യാപകരുടെ പേരു വിവരങ്ങൾ പ്രിൻസിപ്പാൾമാർ ജില്ലാ ഉപമേധാവികൾക്ക് സമർപ്പിക്കണമെന്നാണ്. (അങ്ങനെ ഒരു വിഭാഗം ഉള്ളതായി കാണുന്നത്രേ. പല ഭീഷണികളും വാട്സാപ്പു വഴി പ്രചരിക്കുന്നതാണ്. വിവാദമായാൽ നിഷേധിക്കാനുള്ള സൗകര്യം കൂടും. ഇല്ലെങ്കിൽ അവ നിലനിൽക്കും.  ഉമ്പാച്ചി, അവിടെയില്ലെങ്കിലും ഇരുട്ടിനെ ചൂണ്ടിക്കാട്ടി പേടിക്കാമല്ലോ എന്ന നയമാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത് എന്നു തോന്നുന്നു) പഠിപ്പിച്ചു തീർക്കാൻ പറ്റുമോ എന്നല്ല, പഠിപ്പിച്ചു തീർത്തിരിക്കണം, ഇല്ലാത്തവർ താത്പര്യമില്ലാത്തവരാണ്, എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന പുതിയ മാറ്റം.  

വിമതശബ്ദങ്ങളെ ഒഴിവാക്കാനും തങ്ങൾക്ക് അനുകൂലമായി സാമൂഹിക യാഥാർഥ്യത്തെ തമസ്കരിക്കാനുമായി ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങൾക്ക് സാമൂഹിക സംഘർഷങ്ങളെ മൂടിവയ്ക്കുക എന്ന ലക്ഷ്യമുണ്ടെന്നും യഥാർത്ഥ വൈരുദ്ധ്യങ്ങൾക്ക് സാങ്കല്പികമായ പരിഹാരം  എന്ന നിലയിലുള്ള പ്രത്യയശാസ്ത്രസങ്കല്പനങ്ങൾ രൂപം കൊള്ളുന്നത് ഇതിൽ നിന്നാണെന്നും ടെറി ഈഗിൾടൻ പറയുന്നത് പ്രസ്തുതത്തിൽ വച്ച് ഒന്ന് ആലോചിച്ചു നോക്കുക.  ബാർത്തിന്റെ ഡോക്സാ സങ്കല്പത്തെ തിരിച്ചിട്ടാലും, നമുക്കീ പേരുകൊടുക്കലിനെ പെട്ടെന്ന് മനസിലാക്കാൻ പറ്റും. അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യം കാണിക്കാത്തതുകൊണ്ട്  വരുന്ന പ്രശ്നങ്ങളാണെല്ലാം. സാമാന്യബോധനിർമ്മിതിക്കൊപ്പം കുറ്റബോധനിർമ്മാണവും ക്രമത്തിൽ നടക്കും. പാഠ പുസ്തകം പഠിപ്പിച്ചു തീർക്കാത്തത് സ്വന്തം കുഴപ്പംകൊണ്ടാണെന്ന് ഓരോ അദ്ധ്യാപികയ്ക്കും തോന്നും. തോന്നണം.   

അതുപോട്ടെ, ശരിക്കും അദ്ധ്യാപകർക്ക് പാഠം തീർക്കാൻ എന്തെങ്കിലും വിഷമമുണ്ടോ? എങ്ങനെ തീർത്തു എന്നതല്ലല്ലോ വിഷയം, തീർക്കാത്തതെന്ത് എന്നതല്ലേ? ചുരുങ്ങിയ സമയത്തിനുള്ളിൽ ആറു വിഷയങ്ങൾ (+1) അദ്ധ്യാപകർ ആത്മാർത്ഥതയോടുകൂടി   പല തരത്തിൽ - ഓൺ ലൈനിലും ക്ലാസ് മുറിയിലും എക്സ്ട്രാ ക്ലാസു വച്ചും ശബ്ദസന്ദേശം അയച്ചും - കുത്തിച്ചെലുത്തിയാൽ എങ്ങനെയിരിക്കും? സയൻസുകാർക്ക് ഇതിനെല്ലാം പുറമേ ട്യൂഷനും പോകേണ്ടതുണ്ട്. അതാരു വിലക്കിയാലും നിൽക്കില്ല.

ഇതൊന്നും പരിഗണനാവിഷയമാകാതെ പോകുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ എന്ന് ചാർത്തിക്കൊടുക്കുന്ന ലേബലിനു കീഴിൽ അദ്ധ്യാപകർ സ്വാഭാവികമായും നടപടിക്ക് വിധേയമാകേണ്ടവരായി തീരും. വിദ്യാർത്ഥികൾ തിരശ്ശീലയിൽനിന്ന് ഒഴിവാകുകയും അവരുടെ മേലുള്ള സമ്മർദ്ദം അവർക്കു പ്രത്യേകിച്ചു നാവില്ലാത്തതുകൊണ്ട്  റദ്ദായി പോവുകയും ചെയ്യുന്നു.  

പാഠങ്ങൾ തീർത്തതായി കണക്കെഴുതുകയല്ലാതെ മറ്റെന്താണിവിടെ അദ്ധ്യാപകർക്കു ചെയ്യാൻ കഴിയുക? പാഠങ്ങൾ തീർത്തിട്ടുണ്ടോ എന്നറിയാൻ ക്ലാസ് റൂമിൽ വന്ന് വിദ്യാഭ്യാസ ആപ്പീസർമാർ പരിശോധന നടത്തുമെന്നും സർക്കുലർ പറയുന്നു.  വർഷം ഇത്രേയായിട്ടും ഇതുവരെ അങ്ങനെയൊരു കലാപരിപാടിയുണ്ടായിരുന്നില്ല. അത്തരം പരിശോധനകൾ ഉണ്ടായാൽ കുട്ടികൾ സ്വയം ത്യാഗം സഹിച്ചും അവർക്കു പ്രിയപ്പെട്ട അദ്ധ്യാപകരെ രക്ഷിക്കുമായിരിക്കും. അവരെപോലെ സത്യദർശകരും ത്യാഗികളും മറ്റാരെങ്കിലുമുണ്ടോ? പക്ഷേ ബലപ്രയോഗത്തിലൂടെ സാധിക്കേണ്ട കാര്യമായി വിദ്യാഭ്യാസം മാറുന്നതിനെ അത്ര സന്തോഷത്തോടേ കാണാൻ സാധിക്കുമോ എന്നതാണ് അടിസ്ഥാന ചോദ്യം.  കൊറോണക്കാലം പലതിനും ഒപ്പം അതിനും സാക്ഷ്യം വഹിക്കുകയാണ്. ശതമാനം കേറ്റിയെഴുതി സ്വയം വഞ്ചിക്കാനുള്ള സാധ്യതയാണിപ്പോൾ സംഖ്യാശാസ്ത്രംകൊണ്ടുണ്ടാകുന്ന നേട്ടം.  സത്യസന്ധരും സന്മാർഗികളുമായ അദ്ധ്യാപകർ അവിടെയും താഴെ പോകും. ദുരിതാശ്വാസ ചലഞ്ചിൽ പങ്കെടുക്കാത്തവർ, ശ്രദ്ധയില്ലാതെ പേപ്പറു നോക്കിയവർ, സർക്കാർ നയവിരുദ്ധർ, എന്നിവയ്ക്കൊപ്പം ‘പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ’ എന്ന ലേബലുകൂടി അദ്ധ്യാപകരെ കാത്തിരിക്കുന്നു.

(കേരളഭൂഷണം 19/2/2022)



 

No comments: