October 29, 2026

സക്കറിയ : ഒരു കാലവും അദ്ഭുതലോകങ്ങളും

 

         

          അച്ചു ടാക്കീസിന്റെയും ശബ്നം ക്രിയേഷൻസിന്റെയും ബാനറിൽ കെ എം ഗഫൂറും അച്ചു ഉള്ളാട്ടിലും ചേർന്നു നിർമ്മിച്ച്, ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത  ‘സക്കറിയ’ എന്ന ചിത്രം, വേറിട്ടൊരു ചലച്ചിത്രഗണമാണ്. ആദ്യത്തെ സ്വകാര്യ പ്രാദേശിക ഉപഗ്രഹ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനും മലയാള ദൃശ്യമാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്രസംവിധായകനുമായ ശശികുമാർ അതിനെ ‘ബയോഡോക്യുഫീച്ചർ’ എന്നു വിശേഷിപ്പിക്കുന്നു. മാധ്യമപരമായ ഉത്തരവാദിത്വവും സാമൂഹികമായ ധാർമ്മികതയും സൂക്ഷിച്ചുകൊണ്ടുതന്നെ, വ്യക്തിജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ കാലവും അതിന്റെ പരിതോവസ്ഥകളുമായി ബന്ധപ്പെടുത്തി വസ്തുനിഷ്ഠമായി ആവിഷ്കരിക്കാൻ സംവിധായിക കാണിച്ച ആത്മാർത്ഥമായ ശ്രമമാണ് ‘സക്കറിയ’യെ ആധാരചിത്രമായി പരിണമിപ്പിക്കുന്നത്. അതേസമയം മുഴുനീളകഥാചിത്രത്തിന്റെ ആസ്വാദനപരമായ ഘടകങ്ങളെ ആഖ്യാനത്തിന്റെ ഭാഗമാക്കുന്നുവെന്ന നിലയിൽ ഫീച്ചറായി പരിണമിക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യപ്രദർശനത്തിനുശേഷം അടൂർ ഗോപാലകൃഷ്ണനും ചിത്രത്തിന്റെ ആകർഷകവും ആസ്വാദ്യകരവുമായ ആഖ്യാനശൈലിക്കു ഊന്നൽ നൽകിക്കൊണ്ട് ഇതുവരെയുള്ള ആധാരചിത്രങ്ങളിൽനിന്നുള്ള വേറിട്ട നിലയെ പ്രത്യേകമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആധാരചിത്രത്തിനും ജീവചരിത്രചിത്രത്തിനുമൊപ്പം വ്യക്തിചരിത്രത്തെ നിർമ്മിക്കുന്നതിൽ പ്രദേശത്തിനും സംസ്കാരത്തിനും സമൂഹത്തിനുമുള്ള പങ്കാളിത്തഭാഗങ്ങളെ സ്ഥാനപ്പെടുത്തുന്ന ചരിത്രരേഖാചിത്രംകൂടിയാണ് ‘സക്കറിയ’.

          ജോൺ ഗ്രിയേഴ്സന്റെ നിർവചനമനുസരിച്ച് (Creative Treatment of Actuality), ഒരു ഡോക്യുമെന്ററിയുടെ മർമ്മം യാഥാർത്ഥ്യവുമായി അതു നടത്തുന്ന ഉടമ്പടിയാണ്. അതിന്റെ വസ്തുനിഷ്ഠഘടകം സ്ഥിതിചെയ്യുന്ന മേഖലയതാണ്.    ബിൽ നിക്കോൾസ് പറയുന്ന ആറുതരം ഡോക്യുമെന്ററി മോഡുകളിൽ ദൃശ്യഭംഗിക്കും ആഖ്യാനതാളത്തിനും പ്രാധാന്യം നൽകുന്ന ‘കാവ്യാത്മകം’ (പോയറ്റിക്), ഇടപെടലുകളില്ലാതെ,  നിരീക്ഷകത്വം മാത്രമായി ഏറ്റെടുക്കുന്ന ക്യാമറയുടെ പങ്കാളിത്തമുള്ള ‘നിരീക്ഷണപരം’ (ഒബ്സെർവേഷണൽ),  വ്യക്തിപരമായ അനുഭവങ്ങൾക്കും വികാരങ്ങൾക്കും മുൻഗണന നൽകുന്ന ‘പ്രകടനാത്മകം’ (പെർഫോർമേറ്റീവ്) എന്നീ വിഭാഗങ്ങളെ എല്ലാം ആഗിരണം ചെയ്തുകൊണ്ടാണ് ‘സക്കറിയ’യുടെ നില. കഥാചിത്രത്തിന്റെയും ആധാരചിത്രത്തിന്റെയും ജീവചരിത്രരചനയുടെയും ആത്മകഥയുടെയും മൂലകങ്ങൾ രസപാകത്തിൽ ഒന്നിക്കുന്ന ചിത്രമാണിത്.  

          ആത്മകഥ എഴുതുന്നതിനെപ്പറ്റിയുള്ള ആശയങ്ങൾ വളരെ നേരത്തേ സക്കറിയ അഭിമുഖങ്ങളിൽ പങ്കുവച്ചിരുന്നു. അതിനുശേഷമാണ് ഉരുളിക്കുന്നത്തെ ലുത്തീനിയകൾ (2011), മൈസൂരു മല്ലിഗെ (2025) എന്നീ ഓർമ്മക്കുറിപ്പുകൾ വായനക്കാർക്കു ലഭിക്കുന്നത്.    പല അഭിമുഖങ്ങളിലൂടെയും മറ്റും ഇതിനകം വായനക്കാർ പരിചയപ്പെട്ടു കഴിഞ്ഞിട്ടുള്ള എഴുത്തുകാരന്റെ ബാല്യ-യൗവനകാലത്തെ വഴിയാത്രകളെ ദൃശ്യങ്ങളാക്കി പുനരാവിഷ്കരിക്കുക എന്ന ദൗത്യമല്ല ചിത്രം ഏറ്റെടുക്കുന്നത്. സക്കറിയ ചിത്രത്തിൽ ഉടനീളം സംസാരിക്കുന്നു. അതുകൊണ്ട് അത് പുറമേ നിന്നുള്ള കാഴ്ചയല്ല. അഭിമുഖകാരനായ പ്രദീപ് പനങ്ങാട് ചോദ്യങ്ങളിലൂടെ ചില ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി, കോട്ടയത്തെ ഉരുളിക്കുന്നത്തെ ഒരു മധ്യവർഗ ക്രൈസ്തവ കാർഷിക കുടുംബത്തിൽനിന്ന് പഠനത്തിനായി മൈസൂരിൽ എത്തുകയും അവിടെനിന്ന് ബാംഗ്ലൂരിലേക്കും കോയമ്പത്തൂരിലേക്കും ദില്ലിയിലേക്കും തിരിച്ചു കേരളത്തിലേക്കുമുള്ള യാത്രയ്ക്കിടയിൽ വായനക്കാരനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും കണ്ട കാഴ്ചകളും അനുഭവങ്ങളും, എത്തിപ്പെട്ടതും കൈകാര്യം ചെയ്തതുമായ ലാവണങ്ങളും അതിശയോക്തിസ്പർശമില്ലാത്ത ഏറ്റുപറച്ചിലൂടെ അവതരിപ്പിക്കുകയാണ് സക്കറിയ ചെയ്യുന്നത്. ആ അർത്ഥത്തിൽ ചിത്രത്തിനു വേറെ എഴുത്തുകാരില്ല. മലയാളിയുടെ ആധുനികമായ ലോകബോധത്തിലേക്കുള്ള മലയാളിയുവത്വത്തിന്റെ പരിവർത്തനത്തെ പ്രതിനിധാനസ്വഭാവത്തോടെ വരയ്ക്കുകയാണ് സക്കറിയ ചെയ്യുന്നത്. അതു കാലത്തിലേക്കുള്ള ഏകാന്തവും സ്വകാര്യവുമായ നോട്ടമാണ് പ്രത്യക്ഷത്തിൽ. എന്നാൽ മാധ്യമത്തോട് ഒത്തുപോകുന്നതും സ്ഥലപരമായി പുനർനിർമ്മിക്കപ്പെട്ടതുമായ പശ്ചാത്തലവും ക്യാമറയുടെ നിതാന്ത സാക്ഷിത്വവും വരുന്നതോടെ ആ സ്വഗതാഖ്യാനം ജീവചരിത്രപരവുമായിത്തീരുന്നു.  

          കഥകളിലൂടെ സക്കറിയ സൃഷ്ടിച്ച വായനാനുഭൂതിയെ ദൃശ്യമാധ്യമത്തിലൂടെ പരാവർത്തിപ്പിക്കുകയാണ് ചിത്രം. അത് ഭാഷാപരമായ ദൗത്യംകൂടിയായി അനുഭവപ്പെടാം. വിശുദ്ധമായ അജ്ഞതയുടെ ഭാരവും ചുമന്നു നടക്കുന്ന കഥാപാത്രങ്ങളിൽ ഏറിയ പങ്കും സംസാരിക്കുന്ന ഋജുവും സരളവുമായ ശൈലിയിലാണ് ചിത്രത്തിലെ സക്കറിയയുടെ വിവരണവും. കാര്യമാത്രപ്രസക്തമായ ലളിതമലയാളത്തിൽ അതിശയോക്തികളെ ഒഴിവാക്കിയും നിർണ്ണായകമായവയെ ചേർത്തു പിടിച്ചും അതു മുന്നോട്ടു പോകുന്നു. എഴുത്തുകാരനും സംസ്കൃതമിശ്രത്തെ കൈകൊണ്ടു തൊടുകയോ ഭാഷയെ വക്രീകരിക്കുകയോ ചെയ്യുന്നില്ല. കഥകളിലെ ഭാവനാലോകത്തെപ്പോലെ ചിത്രവും വർണ്ണശബളവും ദൃശ്യാത്മകവുമാണ്. ആധാരചിത്രങ്ങൾക്ക് കല്പിച്ചുകൊടുത്തിട്ടുള്ള വസ്തുനിഷ്ഠം, പ്രാമാണികം, യഥാതഥം തുടങ്ങിയ സാമ്പ്രദായിക ആഖ്യാനരീതിക്ക് നേരെ വിപരീതദശയിലാണ് സക്കറിയ കഥകൾകൊണ്ടു നിർമ്മിച്ച ലോകം സ്ഥിതിചെയ്യുന്നത്. അവിടെ പൊതുവേയുള്ള വിചിത്രമായ മാനസികലോകങ്ങൾക്കു പുറമേ, ‘അയ്യപ്പതിന്തക്കത്തോമും’ ‘സലാം അമേരിക്ക’യുംപോലുള്ള രചനകളിലെയും വിരുദ്ധോക്തിപരവും ഉപഹാസരൂപികളുമായ പാത്രസൃഷ്ടികളും അവരുടെ പാരഡി ചെയ്യപ്പെട്ട ഭാഷാശൈലിയുംവരെയുണ്ട് എന്നോർക്കുക. ആധാരചിത്രത്തിന്റെ ഘടനയ്ക്കു വെല്ലുവിളിയായേക്കാവുന്ന ഈ സവിശേഷതയെ മറികടക്കാനുള്ള കലാപരമായ തന്ത്രമായാണ് സംവിധായിക, രേഖാചിത്രങ്ങളും ആനിമേഷനും ഉപയോഗിക്കുന്നത്. കഥാവായനയുടെ ഏകാന്തവേളകളിൽ വാക്കുകൾ മനസിൽ രൂപപ്പെടുത്തുന്ന വിചിത്രവും അപരിചിതവുമായ അതിവാസ്തവികലോകമാണ് മറ്റൊരുതരത്തിൽ ചിത്രം പുനർനിർമ്മിക്കുന്നത്. ഇതാണ് രണ്ടാമത്തെ വസ്തുത.  ‘കൊണ്ടാട്ടം ലൈവി’ന്റെ കർത്താവായ സുനിൽ രാജും വിഷ്വൽ ക്രിയേറ്റീവ് ഡയറക്ടറായ റാസി മുഹമ്മദും ചേർന്നൊരുക്കിയതാണ് ഈ പശ്ചാത്തലം. ചലനരൂപങ്ങൾക്കും രൂപരേഖകൾക്കും പ്രകൃതിക്കും ഇടയിൽ കയറി അവയുടെ പൂർവനിശ്ചിതമായ പരിധികളെ മായ്ചുകളഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ക്യാമറയ്ക്കും (ജെബിൻ ജേക്കബ്) ചിത്രസന്നിവേശത്തിനും (ഡോൺ മാക്സ്) ഇക്കാര്യത്തിൽ പ്രധാനപ്പെട്ട പങ്കുണ്ട്. ആധാരചിത്രത്തെ ഫീച്ചറാക്കി മാറ്റുന്നതിൽ ഈ ഘടകങ്ങളെല്ലാം ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.  

          എഴുത്തുകാരജീവിതത്തിന്റെ ആധാരശിലയായി ചേട്ടൻ മൈസൂരിൽനിന്നു കൊണ്ടുവന്നു നൽകിയ, ‘അദ്ഭുതലോകത്തിലെ ആലീസ്’ എന്ന ക്ലാസിക്കിന്റെ സംഗൃഹിത ഇംഗ്ലീഷ് പതിപ്പിനെപ്പറ്റി സക്കറിയ ചിത്രത്തിൽ ഒരിടത്ത്  വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തെ ആകെ സ്വാധീനിച്ചുനിൽക്കുന്ന പ്രഭാവമായി ‘അദ്ഭുതലോകത്തിലെ ആലീസ്’ എന്ന രചനയെ കാണാവുന്നതാണ്. സക്കറിയയുടെ ആഖ്യാനസ്വരങ്ങൾക്കും കഥാപാത്രങ്ങൾക്കും ശിശുസഹജമായ നിഷ്കളങ്കതയുടെയും അജ്ഞതയുടെയും മൂടുപടം നൽകിയ സ്രോതസ്സ്, ചെറുപ്പത്തിലേ അഗാധമായി സ്വാധീനിച്ച ഈ ക്ലാസിക് കൃതിയാണ്. ക്യാമറ വസ്തുരൂപങ്ങളുടെ ബാഹ്യലോകം യഥാതഥമായി മുന്നിൽ അവതരിപ്പിക്കുന്നതുപോലെ, രൂപരേഖകളുടെ സജീവമായ ചലനഭംഗി നിരന്തരപരിണാമിയായ മാനസികവ്യാപാരങ്ങളെ പിന്നണിയിൽ വിന്യസിക്കുന്നു. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന മട്ടിലുള്ള ഈ രണ്ടാം അടരും ‘ആലീസിന്റെ’ വിചിത്രമായ മാനസികജീവിതത്തിന്റെ ദൃശ്യാത്മകമായ തുടർച്ചയാണ്.

ആധുനികത മലയാളഭാവുകത്വത്തെ മാറ്റിമറിക്കാനെത്തുന്ന വേളയിലാണ് സക്കറിയയും കഥാകാരനായി രംഗപ്രവേശം ചെയ്യുന്നത്. ‘മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1964-ലെ റിപ്പബിക് ദിനപതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന ആദ്യത്തെ കഥ, ‘ഉണ്ണി എന്ന കുട്ടി’യുടെ പ്രസിദ്ധീകരണത്തെപ്പറ്റിയും ആഴ്ചപ്പതിപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിനെപ്പറ്റിയും വിശദമായി ചിത്രത്തിൽ സക്കറിയ വിവരിക്കുന്നുണ്ട്. കാട്ടിലെ ഒരു പ്രത്യേകസ്ഥലത്ത്  ഒരു പ്രത്യേക മരത്തിന്മേലിരിക്കുന്ന പക്ഷിക്കൂട്ടിലെ മുട്ടകൾ വിരിഞ്ഞോ എന്നു നോക്കിതിരിച്ചെത്തുക എന്ന ഉദ്ദേശ്യവുമായി യാത്ര ചെയ്യുന്ന ഒരു കുട്ടിക്ക്, നിഷേധിക്കപ്പെടുന്ന നിഗൂഢവും സ്വകാര്യവുമായ സന്തോഷത്തെക്കുറിച്ചുള്ള വിവരണവും വെള്ളത്തിനടിയിൽ കണ്ടെത്തുന്ന സ്ഥലത്തെക്കുറിച്ചുള്ള ഭാവനകളും, അവന്റെ അറുതിയില്ലാത്ത ചിന്തകളും എല്ലാം സക്കറിയയുടെ പിൽക്കാല എഴുത്തുകളിലേക്കു പടർന്ന വേരുകൾ നാമ്പു പൊട്ടിയ ഒരിടം കൂടിയാണ് എന്നു നാം മനസിലാക്കുന്നു.  

രാഷ്ട്രീയമോ തത്ത്വചിന്താപരമോ സദാചാരപരമോ ഭാഷാപരമോ ആയ, തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളുമായി സ്വാഭാവിക അകലം പാലിക്കാനും എന്നാൽ വിവക്ഷിതങ്ങളെ പരമാവധി കണിശതയോടെ കൊള്ളിക്കാനും കഥാകാരൻ മെനഞ്ഞെടുത്ത തന്ത്രമായി ശൈശവനിഷ്കളങ്കതകൾ നിർണ്ണയിക്കുന്ന ഭാവകേന്ദ്രങ്ങൾ പല കഥകളിലുണ്ട്. യുവവിപ്ലവകാരികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്,  പട്ടിണിക്കാരനായ രാജനും മകൻ അപ്പുവും ചേർന്ന് തീവണ്ടി തടഞ്ഞു നിർത്തി മൂലധനം സംഭരിക്കാൻ പോകുന്ന ‘തീവണ്ടിക്കൊള്ള’യിൽ, അതിവാസ്തവിക യാഥാർത്ഥ്യമായി നഗരത്തിനു മീതേ കുതിക്കുന്ന ‘പറക്കുന്ന സ്ത്രീയിൽ,’ അച്ചൻപട്ടത്തിനു പഠിക്കുന്ന വിശ്വാസി നേരിടുന്ന പരീക്ഷണത്തെപ്പറ്റി പറയുന്ന ‘ബ്രദർ ലൂക്കോസും പിശാചും‘ എന്ന ആക്ഷേപഹാസ്യത്തിൽ, നല്ലവനായ കരടി മലയാളിപ്പെണ്ണിനെ വിവാഹം ചെയ്യുന്ന ‘തേനി’ൽ, താടി വടിക്കണോ വേണ്ടേ എന്നു യേശു സംശയിക്കുന്ന ‘കണ്ണാടി കാണ്മോളവും’ എന്ന കഥയിൽ എല്ലാം ഭിന്നമായ നിലകളിൽ അതു പ്രവർത്തിക്കുന്നു. പ്രമേയത്തിലും കഥാപാത്രങ്ങളുടെ ബോധത്തിലും കയറ്റിവച്ചിരിക്കുന്ന ‘അറിഞ്ഞുകൂടായ്മകൾ’ കഥാപാത്രങ്ങളെ വായനക്കാർക്കും നിശ്ചിത അകലത്തിൽ നിർത്താനുള്ള സർഗാത്മകമായ തന്ത്രംകൂടിയാണ്. ഗത്യന്തരമില്ലായ്മയിൽനിന്ന് ഉയർന്നു വരുന്ന, വിപ്ലവാവേശങ്ങൾ വ്യക്തിപരമായ നിസ്സഹായതയിൽ കടതെറ്റി വീണടിയുന്ന അവസ്ഥയ്ക്കുള്ളിലും മനുഷ്യബന്ധങ്ങളെപ്പറ്റിയുള്ള പ്രതീക്ഷ സക്കറിയ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ‘വ്യക്തിപരമായതാണ് രാഷ്ട്രീയം’ എന്ന നിരീക്ഷണത്തെ പ്രമേയത്തിൽ ചെറുചിരിയോടെ തിരിച്ചിടുമ്പോഴും രാഷ്ട്രീയത്തിന്റെ ആ മാനത്തെ പൂർണ്ണമായും നിരസിക്കുന്നില്ലെന്നതാണ് കഥകളുടെ ആന്തരികസംഘർഷത്തിന്റെ കാതൽ. യേശു കഥാപാത്രമാകുന്ന സക്കറിയാകഥകളുടെ പ്രതിനിധാനമെന്ന നിലയാണ്, ‘കണ്ണാടി കാണ്മോളവും’ എന്ന കഥയ്ക്കുള്ളത്. തീവണ്ടിക്കൊള്ളയിലെ അച്ഛനെയും മകനെയുംപോലെതന്നെ,  മറിയവും യേശുവും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയിലാണ് ആ കഥയുടെ മർമ്മം.

          ചിത്രത്തിൽ പരാമർശിക്കപ്പെടുന്ന ആറു കഥകളെയാണ് മുകളിൽ പ്രത്യേകമായി സൂചിപ്പിച്ചത്. കഥകളുടെ അടിസ്ഥാനസ്വഭാവമായി കഥാകാരൻ നിലനിർത്താൻ ശ്രമിച്ചിട്ടുള്ള ശിശുസഹജമായ വിസ്മയത്വഭാവത്തെ ചിത്രം ആഖ്യാനമായും പശ്ചാത്തലമായും സ്വാംശീകരിക്കുന്നു. ചിത്രത്തിന്റെ രൂപഘടനയെയും പ്രമേയപരമായ അന്തർഗതങ്ങളെയും സംബന്ധിക്കുന്ന വിചാരത്തിൽ ഇക്കാര്യത്തിനു വലിയ സാംഗത്യമുണ്ട്. സ്വന്തം കഥകൾക്കുള്ളിലെ ജീവാത്മാക്കളുടെ അജ്ഞതയെ, ദയനീയവും പരിണാമഗുപ്തികളാൽ ദാരുണവുമാക്കിത്തീർക്കാൻ സക്കറിയ ഒരു മടിയും കാണിക്കുന്നില്ല. തരളാനുഭൂതിയുടെ ബാധയേശാത്ത പിതാവിനെപോലെയാണ് അക്കാര്യത്തിൽ എഴുത്തുകാരൻ. കഥകളുടെ ആഖ്യാനസ്ഥാനങ്ങൾ കഥാഗതികൾക്കു പുറത്ത് രൂപപ്പെടുന്നതുകൊണ്ടാവണം ഇങ്ങനെ. കഥയിൽ എന്തൊക്കെ വേണം, ഒഴിവാക്കേണ്ടവ എന്തെല്ലാമെന്ന് വ്യക്തമായി തിരിച്ചറിയാവുന്ന കഥാതന്ത്രജ്ഞനായ സക്കറിയ, തന്നെ എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തിൽ ചിത്രത്തിലും ഈ മാനസികമായ നിർമമത്വം പാലിക്കുന്നു. പരിഗണിച്ചവയേക്കാൾ, ഏറ്റുപറച്ചിലിന്റെ സ്വഭാവമുള്ള ആഖ്യാനത്തിൽ ഒഴിവാക്കിയവയാണ് കൂടുതൽ. അംഗീകാരങ്ങളൊന്നും അവിടെയില്ല. സ്വയം അവതരിപ്പിക്കുന്നിടത്ത്, ബഹുമുഖമായ സ്വന്തം കർമ്മകാണ്ഡങ്ങളിൽനിന്നും സാഹിത്യജീവിതത്തിൽനിന്നും സാമൂഹികവും രാഷ്ട്രീയവുമായ  ഇടപെടലുകളിൽനിന്നും ഏതൊക്കെ ഭാഗങ്ങൾ പ്രതിനിധാനഖണ്ഡങ്ങളായി എടുത്തുവയ്ക്കണമെന്നതിനെപ്പറ്റി വ്യക്തമായ ധാരണ തീർച്ചയായും അദ്ദേഹത്തിനുണ്ട്. ആ മിതത്വവും സൂചനകളും സുജാ സൂസന്റെ ഡോക്യുമെന്ററിയുടെ മികവായും മാറുന്നു.

          അഭിമുഖങ്ങളിൽ പലപ്പോഴും ആകസ്മികമായ തിരിവുകളാൽ നിർണ്ണയിക്കപ്പെട്ട വ്യക്തിയായി എളിമയോടെ സ്വയം വെളിപ്പെടുത്തുന്ന സക്കറിയ, ജീവിതത്തെയും പ്രപഞ്ചത്തെയുംപറ്റി മുൻകൂട്ടി തയ്യാറാക്കിവച്ച ഒരു കാഴ്ചപ്പാട് കഥകളിൽ ബോധപൂർവം പ്രയോഗിക്കാറില്ല. ജീവിതത്തെ ആസൂത്രണം ചെയ്ത് മുന്നോട്ടു നയിച്ചിട്ടില്ല. ഷൈന രാജനുമായുള്ള അഭിമുഖത്തിൽ (നവമലയാളി, 2016) അദ്ദേഹം പറയുന്നു : ‘പ്രപഞ്ചത്തിന്റെയും പരിണാമത്തിന്റെയും ശക്തികൊണ്ട് ഉണ്ടായിവന്ന മനുഷ്യനാണ് ഞാനും. ഞാന്‍ എന്നെ  അതതു സമയങ്ങളിൽ ഓരോ ദിവസം ഓരോ ജീവിയായിട്ട് കാണുകയല്ലാതെ ഒരെഴുത്തുകാരനായിട്ടുപോലും കാണാൻ വലിയ പ്രയാസമാണ്.’ പരിണാമത്തിന്റെ ഭാഗമാണെന്നും പ്രപഞ്ചമാകെ വ്യാപിച്ചുകിടക്കുന്ന ചേതനവും അചേതനവുമായ അതിബൃഹത്തായ ശൃംഖലയിലെ എളിയ കണ്ണിയാണെന്നുമുള്ള വിനീതമായ ഏറ്റുപറച്ചിലിൽ താൻ വന്നുപെട്ട ‘വണ്ടർലാൻഡിനെ’ക്കുറിച്ചുള്ള ഒരു വിസ്മയത്വം നിലീനമാണ്. സാമൂഹികജീവിയെന്നും എഴുത്തുകാരനെന്നുമുള്ള വ്യക്തിത്വത്തെ രൂപപ്പെടുത്തിയ സാമൂഹികവും മതപരവും രാഷ്ട്രീയവുമായ പരിതോവസ്ഥകളായി സക്കറിയ തിരിച്ചറിയുന്നതും സമീപസ്ഥമായ ഒരു അദ്ഭുതലോകത്തെത്തന്നെയാണ്. പിന്നിട്ട കാലത്തിലേക്കും കേരളത്തിലെ ചെറിയ ഒരു പ്രദേശത്തിൽനിന്ന് സഞ്ചരിച്ച ദൂരങ്ങളിലേക്കുമുള്ള (കഥകളെയും നോവല്ലകളെയും ലേഖനങ്ങളേയുംകാൾ കുറവല്ല അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യരചനകളും) സംക്ഷിപ്തമായ ഒരു പിന്തിരിഞ്ഞുള്ള നോട്ടത്തിൽ  സ്വന്തം എഴുത്തുജീവിതത്തെയും നിലപാടുകളെയും രൂപപ്പെടുത്തിയ ആ വിസ്മയബോധവും ജൈവികമായ അന്വേഷണങ്ങളും കൂടുതൽ തെളിമയോടെ വെളിപ്പെടുന്നുണ്ട്.     

 

          ‘അദ്ഭുതലോകത്തിലെ ആലീസിനെ’പ്പോലെ പരോക്ഷമായ നിലയിലല്ല, പാലാ മുനിസിപ്പൽ വായനശാലയിൽ സൂക്ഷിക്കുന്ന പ്രദേശത്തെ ആദ്യത്തെ പഴയ വാൽവ് റേഡിയോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞുപോയ സാർത്ഥകമായ കാലത്തിന്റെ പ്രതീകമായ റേഡിയോ ഇന്നും പ്രവർത്തിക്കുന്നുണ്ട്. കുട്ടിക്കാലത്ത് സക്കറിയയെ പുസ്തകങ്ങളെടുക്കാൻ സഹായിച്ചിരുന്ന രവി എന്ന ലൈബ്രേറിയൻ ഓൺ ചെയ്യുമ്പോൾ ‘അസ്തമയ കടലിന്നകലെ’ എന്ന ഗാനം ബാബുരാജിന്റെ ശബ്ദത്തിൽ റേഡിയോ പാടുന്നത്. വയലാറിന്റെ രചനയിൽ യേശുദാസും ജാനകിയുംകൂടി പാടിയ ആ ഗാനം സന്ധ്യ (1969) എന്ന ചിത്രത്തിലെയാണ്. സിനിമയിലെ പാട്ടല്ല, സ്വകാര്യസദസ്സിൽ ബാബുരാജ് ഭാവാത്മകമായി അക്കാലത്ത് പാടിയ ഗാനം ഇടക്കാലത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിനകലെയാണതിന്റെ നില.  ചിത്രം അവസാനിക്കുന്നതും ഈ ഗാനത്തിലാണ്. വിലപിടിപ്പുള്ള സ്വകാര്യ ഈടുവയ്പ്പ് എന്ന നിലയിൽനിന്നു മാറി 50-കളിൽത്തന്നെ റേഡിയോ പൊതുസ്ഥലങ്ങളിൽ സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. പൊതുവിടങ്ങളുടെ രൂപപ്പെടലും ജനകീയസാംസ്കാരികതയുടെ പ്രബുദ്ധമായ കാലത്തിലേക്കുള്ള പിന്തിരിഞ്ഞു നോട്ടം വ്യക്തിപരമായ സാക്ഷിത്വമായി  അടയാളപ്പെടുത്തുകയാണ് ആ ദൃശ്യം. വായനശാലകൾ, റേഡിയോ, സിനിമ, പാട്ട് എന്നിങ്ങനെ 60-കളിൽ പുഷ്കലമായി തുടങ്ങുന്ന മലയാളിയുടെ സാംസ്കാരിക ജീവിതത്തെ സമർത്ഥമായി പ്രതീകവത്കരിക്കുന്നു,  പഴയ റേഡിയോയും ബാബുരാജിന്റെ പാട്ടും. ഏകാന്തവും സവിശേഷവുമായ പ്രതിഭാവിശേഷത്തിന്റെ അദൃശ്യസാന്നിദ്ധ്യത്തെ അന്യാപദേശരൂപത്തിൽ ധ്വനിപ്പിക്കാനും  ആ പാട്ട് കാരണമാകുന്നുണ്ട്.

          ജനപ്രിയ ഗാനങ്ങളോടുള്ള ഇഷ്ടം, വായനയോടുള്ള അടുപ്പം‌പോലെ  മൈസൂരിലെയും ബാംഗ്ലൂരിലെയും ജീവിതത്തിലും സക്കറിയ തുടർന്നിരുന്നു. (ഉൾക്കടൽ സിനിമയിലെ ‘ശരദിന്ദു മലർദീപ നാളം നീട്ടി’ എന്ന ഗാനരംഗത്തിൽ പിന്നിലൂടെ കടന്നുപോകുന്ന ട്രാൻസ്പോട്ട് ബസിലെ യാത്രക്കാരന്റെ ചിന്തകളെ അവതരിപ്പിക്കുന്ന ‘സിനിമാക്കമ്പം’ എന്ന കഥ ഇവിടെ ഓർക്കുന്നത് കൗതുകകരമാണ്) നാണയമിട്ട് പാട്ട് കേൾക്കുന്ന യന്ത്രത്തിൽനിന്ന് ഹിന്ദി പാട്ടുകൾ ആസ്വദിച്ചിരുന്ന ബാംഗ്ലൂർകാലത്തെപ്പറ്റിയും ദില്ലിയിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ദരിയാഗഞ്ജിൽനിന്ന് അവയിൽ ചിലതിന്റെ പ്രധാനപ്പെട്ട പതിപ്പുകൾ കിട്ടിയതിനെപ്പറ്റിയും സക്കറിയ വിവരിക്കുന്നുണ്ട് ചിത്രത്തിൽ. ഉരുളിക്കുന്നത്തെ സ്കൂൾ ജീവിതം, പൂവരണിയിലെയും ഇളംകുളത്തെയും പാലായിലെയും വായനശാലകൾ, പഠനം നടത്തിയ പാലാ സെന്റ് തോമസ് കോളേജ്, മൈസൂരിലെ സെന്റ് ഫിലോമിനാസ് കോളേജ്, ബാംഗ്ലൂരിലെ സെൻട്രൽ കോളേജ്, അധ്യാപകനായി ജോലി ചെയ്ത മല്ലേശ്വരത്തെ MES കോളേജും കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമിനിക്സും -  സക്കറിയയുടെ ജീവിതത്തെ ബഹുശാഖകളായി പടരാൻ സഹായിച്ച  സ്ഥാപനങ്ങൾ പലതാണ്. റൂബി ടയർ ആൻഡ് റബർ വർക്സ്, AEWP, AIMA, PTI, ഇന്ത്യാ ടുഡേ, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലെ ജീവനങ്ങളിലും ലാവണങ്ങളിലും പങ്കാളിത്തത്തിലുംകൂടി അതു തുടർന്നു. ബാംഗ്ലൂർ, കോയമ്പത്തൂർ, ദില്ലി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളും അവിടങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച മനുഷ്യരും അവരുമായുള്ള വിനിമയങ്ങളുമാണ് വീക്ഷണത്തെയും എഴുത്തിനെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തിയ വസ്തുതകൾ. മൈസൂരിലെ പഠനകാലത്ത്, സെക്കന്റ് ഹാൻഡ് ബുക്ക് ഷോപ്പിനടുത്ത്, ചെറുപ്പക്കാർ എന്താണ് വായിക്കുന്നതെന്ന്  നോക്കി ഇരിക്കുന്ന, നോബൽ സമ്മാന ജേതാവായ സി വി രാമനും സെന്റ് ഫിലോമിനയിലെ അധ്യാപകനായ ഗോപാലകൃഷ്ണ അഡിഗയും സക്കറിയയുടെ ഓർമ്മയിലെ തെളിവുള്ള ചിത്രങ്ങളാണ്. ജോൺ എബ്രഹാമിനൊപ്പം വർഷങ്ങളെടുത്ത് എഴുതിയെങ്കിലും ചലച്ചിത്രമാകാൻ കഴിയാതെപോയ ‘ജോസഫ് പുരോഹിതൻ’ എന്ന തിരക്കഥയുടെ കാര്യവും അനുഭവങ്ങളുടെ മറ്റൊരു സാക്ഷ്യമാണ്.

          അഭിമുഖകാരനായ പ്രദീപ് പനങ്ങാടിനു പുറമേ, കെ സി നാരായണൻ, എം മുകുന്ദൻ, ശശികുമാർ എന്നിവർ ചിത്രത്തിൽ സക്കറിയയെപ്പറ്റി സംസാരിക്കുന്നുണ്ട്. സക്കറിയയുടെ സൗഹൃദത്തെപ്പറ്റി മുകുന്ദനും അദ്ദേഹത്തിന്റെ ഭാഷയെപ്പറ്റി കെ സി നാരായണനും മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള നിർവാഹകശേഷിയെപ്പറ്റി ശശികുമാറും സംസാരിക്കുന്നു. ഏകതാനമായ ആഖ്യാനത്തിൽനിന്ന് ഡോക്യുമെന്ററി മാറി നിൽക്കുന്ന മൂന്നു സന്ദർഭങ്ങൾ, സക്കറിയയുടെ വ്യത്യസ്തങ്ങളായ പ്രവർത്തനമേഖലയുമായി അടുത്തു പരിചയമുള്ള മൂന്നുപേർ സ്വന്തം നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന ഈ സന്ദർഭങ്ങളാണെന്നു പറയാം. ഈ പുറംജീവിതത്തിന്റെ മറുവശത്ത്, കുടുംബബന്ധത്തിന്റെ ഒരു ഖണ്ഡം എന്ന നിലയിൽ പങ്കാളിയായ ലളിതയും കുട്ടികളും അവരുടെ കുടുംബവും സഹോദരിയും കടന്നുവരുന്നുണ്ട്. ‘വ്യക്തിജീവിതചിത്ര’ത്തിന്റെ സമഗ്രതയ്ക്ക് ആവശ്യമാണ്, അകം-പുറം ജീവിതങ്ങളുടെ കലാപരമായ സന്തുലിതത്വം. എഴുത്തുകാരനും പംക്തീകാരനും മാധ്യമവിചാരകനും സഞ്ചാരിയും രാഷ്ട്രീയനിരീക്ഷകനും മതവിമർശകനും അങ്ങനെ പല ജീവിതങ്ങൾ പിന്നിട്ട സക്കറിയ അടിസ്ഥാനപരമായി സാമൂഹികജീവിയാണെന്ന വസ്തുത ഉറപ്പിക്കാനാണ്, പൊരുന്നിരിക്കുന്നതിന്റെ ചൂടോ ഗൃഹാതുരതയോ ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന അകം ചിത്രങ്ങളും സഹായിക്കുന്നത്.

          ഗൾഫിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന സമയത്ത്, 2018-ൽ സക്കറിയെപ്പറ്റി ഒരു ചിത്രമെടുക്കണമെന്ന ആശയം മനസിലുണ്ടായിരുന്നുവെന്ന് കെ എം ഗഫൂർ പറയുന്നു. അച്ചു ഉള്ളാട്ടിൽകൂടി ചേർന്നപ്പോഴാണ് പ്രതീക്ഷിച്ചരീതിയിൽ ചിത്രമൊരുക്കാൻ അവസരമായത്. ടി എൻ ജോയിയെപ്പറ്റി (പിൽക്കാലത്ത് നജ്മൽ ബാബു) വി കെ ശ്രീരാമൻ സംവിധാനം ചെയ്ത ‘ലോകത്തെ സൗന്ദര്യപ്പെടുത്താൻ ശ്രമിച്ച ഒരാളാ’ണ് ഗഫൂർ ഇതിനു മുൻപു നിർമ്മിച്ച ജീവചരിത്രഡോക്യുമെന്ററി. ഒറ്റ വ്യക്തിത്വത്തിനുള്ളിൽത്തന്നെ നിരന്തരം രൂപപ്പെട്ടുകൊണ്ടിരുന്ന രാഷ്ട്രീയവും ബൗദ്ധികവും സൗന്ദര്യാത്മകവും സാമൂഹികവുമായ അന്വേഷണങ്ങളെ ജോയിയെന്ന അസാധാരണമായ രാഷ്ട്രീയവ്യക്തിത്വത്തെ മുൻനിർത്തി വ്യക്തമാക്കാനായിരുന്നു ചിത്രത്തിന്റെ ശ്രമം. ‘മനുഷ്യൻ എങ്ങനെ നിരന്തരം പുനർനിർമ്മിച്ചുകൊണ്ട് ജീവിക്കുന്നു’ എന്ന പരികല്പനയാണ് അതിന്റെ കാതൽ. എം ജി ശശിയുടെ സംവിധാനത്തിൽ ‘ഇടി മുഴങ്ങിയത് ആർക്ക് വേണ്ടി?’ (For Whom the Thunder Roared?) യാണ് ഖത്തറിലെ വ്യവസായിയായ അച്ചു ഉള്ളാട്ടിൽ  നിർമ്മിച്ച ചിത്രം. കെ വേണുവിന്റെ ഭൂതകാലവും നക്സലൈറ്റ് പ്രസ്ഥാനത്തിലെ പ്രവർത്തനവും ജനാധിപത്യത്തെയും മാനവികതയെയും കുറിച്ചുള്ള അന്വേഷണത്തിലേക്കുള്ള മാറ്റവുമാണ് ആ ചിത്രം പിന്തുടർന്നത്. കാലത്തെ നിർവചിക്കാൻ പ്രാപ്തരായ വിശേഷ വ്യക്തിത്വങ്ങളെ രേഖപ്പെടുത്തി സൂക്ഷിക്കേണ്ട സാമൂഹികവും ധാർമ്മികവുമായ കടമ ഏറ്റെടുക്കുകയും സാംസ്കാരിക ഉല്പന്നങ്ങളുടെ സൗന്ദര്യാത്മകവും പരീക്ഷണാത്മകവുമായ മൂല്യം തിരിച്ചറിയുകയും ചെയ്യുന്ന ഈ നിർമ്മാണസംരംഭങ്ങളുടെ സാർത്ഥകമായ തുടർച്ചയാകുന്നു, അച്ചു ടാക്കീസും ശബ്നം ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച ‘സക്കറിയ’ എന്ന ചിത്രവും.

 

ദേശാഭിമാനി വാരിക, 2026 നവംബർ 1

October 27, 2026

ശാർദ്ദൂലനിഗ്രഹത്തിലെ കത്തികൾ


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (104:30) ഉണ്ണി ആർ എഴുതിയ കഥ, ‘ശാർദ്ദൂലനിഗ്രഹ’ത്തിലെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക്ടോബർ 11, 2026) കത്തി വില്പനക്കാരനും  അതു വാങ്ങാൻ വരുന്ന സ്ത്രീയ്ക്കും കാമുകീകാമുകത്വഭാവമുണ്ട്. വില്പനക്കാരനും ഉപഭോക്തയും എന്ന നിലവിട്ട് അവർ മാറിനിന്ന് സംസാരിക്കുന്നു. ചായകുടിക്കാൻ പോകുന്നു. ആംഗ്യവും കണ്ണുകളും ഉപയോഗിച്ച് ആശയം കൈമാറുന്നു.  ഹോട്ടലിലെ ഫാമിലിറൂമിൽ ഇരിക്കുന്നു. രണ്ടാമത്തെ പ്രാവശ്യം കാണുമ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ലെന്ന കാര്യം കഥാകൃത്ത് എടുത്തു പറയുന്നു. ഹോട്ടലിൽവച്ച് അയാൾ കൈമാറുന്ന കത്തി രണ്ടു കിളികൾ കൊക്കുരുമുന്നതാണ്. അവസാനം അവർ കാണുന്നത് അതുപോലെ ആരുമില്ലാത്ത സെമിത്തേരിയിൽ വച്ചും. അവളുടെ അവസാനത്തെ ആഗ്രഹം അയാളിതുവരെ ഉണ്ടാക്കാത്ത തരം കത്തിയാണ്. അതായത് അവൾക്കുവേണ്ടി മാത്രം അയാൾ പണിയേണ്ടത്. അതു കൊടുത്തു കഴിഞ്ഞപ്പോൾ “ചോരയെ ചൂടുപിടിപ്പിക്കുംമട്ടിലൊരു ഊർജ്ജം ഉടലിലൂടെ മിന്നൽ പോലെ പായുന്നതായി അവൾക്കു തോന്നി”യത്രേ. കത്തി വിൽപ്പനക്കാരന്റെ പാരമ്പര്യമഹിമയെപ്പറ്റിയും  വാങ്ങൽക്കാരിയുടെ ശരീരത്തെപ്പറ്റിയും  കഥയിൽ പരാമർശങ്ങളുണ്ട്.  കറിക്കരിയാനുള്ളത് എന്ന കത്തികളുടെ സാധാരണധർമ്മത്തിനപ്പുറത്താണ് അവളുടെ അന്വേഷണം. കറിക്കത്തി ഗാർഹിക ജീവിതത്തിന്റെ അച്ചടക്കത്തെയും കൊലക്കത്തി സ്വാതന്ത്ര്യത്തെയും ഉള്ളടക്കുന്നു.

‘ശാർദ്ദൂലനിഗ്രഹം’ എന്നാണ് കഥയുടെ പേര്. പുലിയെന്നും കടുവയെന്നും ശ്രേഷ്ഠനെന്നും (നരശാർദ്ദൂലം)  അർത്ഥമുള്ള ആ വാക്കിന്റെ നിരുക്തി ‘ഹിംസിക്കുകയും ദുഃഖിപ്പിക്കുകയും’ ചെയ്യുന്നത് എന്നാണ്.  സ്ത്രീകളെ ഹിംസിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന, അടുത്തും (ബന്ധുക്കൾ) അകലെയുമുള്ള (പോലീസുകാർ) ആൺലോകത്തെ നിഗ്രഹിക്കാനുള്ള സ്ത്രീമനസിന്റെ ഭാവനാസഞ്ചാരത്തിനും വിശാലമായ പ്രതിബദ്ധതയുടെ ആവരണമുണ്ട്. അതു കഥയുടെ അവസാനം കടന്നു വരുന്ന ‘കക്കയം’ എന്ന ഭൂതകാലത്തിലെ അനുഭവലോകത്തേക്കാൾ മൂർച്ചയുള്ളതാണ്.

വിൽക്കാൻ വച്ചിരിക്കുന്ന കത്തികളുടെ ധർമ്മത്തെ മാറ്റിയെടുക്കാനുള്ള അവളുടെ അസ്വാഭാവികമായ ആഗ്രഹം ബോധ്യപ്പെടുന്നതോടെയാണ് വില്പനക്കാരനും അവൾക്കും ഇടയിൽ ഒരു ബന്ധം ഉടലെടുക്കുന്നത്. വിൽപ്പനക്കാരനുമായി ഉപഭോക്താവിനു ഇങ്ങനെയൊരു ബന്ധം, അതും വളരെ ചുരുങ്ങിയ കാലയളവിൽ അയുക്തികമാണ്. അവൾ കത്തികൾ വാങ്ങുന്നത് അച്ഛനെയും ഭർത്താവിനെയും കൊല്ലാനാണ്. അവരെ കൊന്നതായി അവൾ ആത്മഹർഷത്തോടെ വിവരിക്കുന്നുണ്ടെങ്കിലും മറ്റൊരു സന്ദർഭത്തിൽ അവർ രണ്ടു പേരും ഓടു മേയാൻ കേറിയപ്പോൾ താഴെ വീണ് ആശുപത്രിയിലായെന്നും പറയുന്നു. അപ്പോൾ അളുടെ കൊലപാതകവിവരണത്തിന്റെ യാഥാർത്ഥ്യം എന്താണ്? കക്കയം ക്യാമ്പിൽ ‘രാജനെ’ ( പോലുള്ള നിരപരാധികളെ) കൊന്ന പോലീസുകാരെ (ഒരാളല്ല) കൊല്ലാൻ അവൾ ചോദിച്ചു വാങ്ങുന്ന കത്തിയും അവളുടെ ഭാവനാത്മക യാഥാർത്ഥ്യമാണ്.  സാക്ഷാത്കാരത്തിലേക്കു പോകാൻ  ഒരു സാധ്യതയുമില്ല എന്നുതന്നെ വിശ്വസിക്കണം. പ്രത്യക്ഷത്തിൽ അച്ഛൻ, ഭർത്താവ് എന്നീ സ്വകാര്യ അധികാരരൂപങ്ങളെയും അവയുടെ സ്ഥാപനവത്കൃതരൂപമായ പോലീസിനെയും (ഇവിടെ അവർ റിട്ടയർ ആയവരാണ്. അതുകൊണ്ട് പഴയ തെറ്റിനുള്ള ശിക്ഷ എന്ന പകുതി ശരിയേ ആ ആഗ്രഹത്തിലുള്ളൂ)  കൊല്ലുക എന്ന പെണ്ണിന്റെ ആഗ്രഹത്തിനു ‘വട്ട്, ഒരോളം, കിളി പാറൽ’ എന്ന അർത്ഥമെടുത്താൽ മതിയാകും. പക്ഷേ കഥയിലാകുമ്പോൾ അതിലൊരു പ്രതിബദ്ധത വരുന്നതുകൊണ്ട് ആസ്വാദ്യവുമാകും. അതാണ് കഥയുടെ രസതന്ത്രം.  

സത്യത്തിൽ കഴുത്തിൽ രണ്ടു കുത്തു കുത്തി അച്ഛനെയും ഉപരിസുരതത്തിൽ മുഴുകിയിരിക്കെ ഭർത്താവിനെ നെഞ്ചിൽ കുത്തിയും കൊന്ന (ആണിന്റെ മുകളിൽ കയറി ഇരുന്ന് പെണ്ണ് ഭോഗിക്കുന്ന ഉപരിസുരതം ഉണ്ണിയുടെ  ‘ലീല എന്ന കഥയിൽ വിപരീതരീതിയിലുള്ള കാര്യം ഓർക്കുക. ) സ്ത്രീ ശരിക്കും അപരിചിതനായ കത്തി വില്പനക്കാരനോട് വിശദീകരിച്ചു പറയുകയും അയാളത് രസിച്ചു കേൾക്കുകയും ചെയ്യുന്നതിൽ നിഗ്രഹമല്ല, രതിയാണുള്ളത്. അയാൾ ‘കൊടുക്കുന്ന’ കത്തി, കത്തിയാവാനും സാധ്യതയില്ല. പരന്നവസ്തുക്കളും പാത്രരൂപങ്ങളും യോനികളുടെയും കൂർത്തതും നെട്ടനെയുള്ളതും ലിംഗങ്ങളുടെയും ബിംബങ്ങളാവുന്ന  മാനസികപ്രക്രിയയെ പൂർണ്ണമായും, കഥയിലെ ഭാവനാലോകത്തിന്റെ നിറപ്പകിട്ടും ചടുലതയുംവച്ചു നോക്കുമ്പോൾ തള്ളിക്കളയേണ്ടതില്ല. മരണത്തെയും രതിയെയും (ഇറോസും തനറ്റോസും) കത്തികളുടെ അപ്പുറത്തും ഇപ്പുറത്തുമായി നിർത്തുന്ന കഥയിൽ മനശ്ശാസ്ത്രസാംഗത്യങ്ങൾക്ക് ഒരു നിലയുമില്ലെന്നു വാദിക്കാനുമാവില്ല. ഒരാളെ കൊല്ലുന്നതിലൂടെയോ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെയോ ലൈംഗിക ഉത്തേജനവും സംതൃപ്തിയും ലഭിക്കുന്ന മാനസികാവസ്ഥയെ ‘ഇറോട്ടോഫോണോഫീലിയ’ എന്നു വിളിക്കാറുണ്ട്. തുടർകൊലപാതകികളിൽ പലരും കടന്നുപോയിട്ടുള്ള മാനസിക വൈകൃതമാണിതെങ്കിലും അതിന്റെ എലുകകൾ ഭാവനാരൂപത്തിൽ കഥയിൽ ഉണ്ടെന്നത് വാസ്തവമാണ്. ഒരാളെ കൊല്ലാനല്ല യുവതി ആഗ്രഹിക്കുന്നത്. പലരെയാണ്. കഥ യാഥാർത്ഥ്യത്തെ ആസ്വദനീയവും സ്വീകാര്യവുമാക്കുന്നതുപോലെ കഥയ്ക്കുള്ളിൽ ഒരു മാനസിക വൈകൃതത്തിന്റെ ഭാവനാരൂപം ആകർഷകമാകുന്നു. അതു രാഷ്ട്രീയശരിയുമായി ഒത്തുപോവുകയും ചെയ്യുന്നു.

കത്തി വിൽപ്പനക്കാരന്റെയും യുവതിയുടെയും ഗൂഢവിനിമയങ്ങളുടെയും രഹസ്യസമാഗമങ്ങളുടെയും പശ്ചാത്തലത്തിനൊപ്പം കറിക്കത്തികൾ നോക്കി നിന്ന് സമയം കളഞ്ഞ് അവ വാങ്ങാതെ പോകുന്ന  കന്യാസ്ത്രീകളെപ്പറ്റിയുള്ള സൂചനയും കഥയിലുണ്ട്. വഴിവിട്ട രത്യാത്മകതയിലേക്ക് ഉറ്റുനോക്കുന്ന ചഞ്ചലരേഖയല്ലാതെ (ഉപബോധം എന്നു ഫ്രോയിഡ് വിളിക്കുന്ന സംഗതിക്ക് ഇപ്പോൾ മനശ്ശാസ്ത്രത്തിൽ വലിയ സാംഗത്യമില്ല. എങ്കിലും ധാർമ്മിക മനസ്സാക്ഷിയായി അബോധത്തിൽനിന്ന് ഉയിർവച്ചു വരുന്ന ബിംബങ്ങളെ കലകളിൽ തള്ളിക്കളയേണ്ടതില്ല.) മറ്റാരുമല്ല ഈ കന്യാസ്ത്രീകൾ. 


 മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2026 നവംബർ 1



October 26, 2026

കഴുകിത്തുടച്ച യുദ്ധഭൂമികകൾ

         

അന്യാപദേശങ്ങൾ, അവ എല്ലായ്പ്പോഴും നമ്മോടുകൂടെയുണ്ട്, രാഷ്ട്രീയത്തിൽ, ആഖ്യാനശാസ്ത്രത്തിൽ, നിത്യജീവിതത്തിൽ, ‘സാമാന്യബോധ’ത്തിൽ.

-ഫ്രെഡ്രിക് ജെയിംസൺ (അലിഗറി ആൻഡ് ഐഡിയോളജി, 2019)

 

          ആനപ്പകയുടെ കഥയാണ് സി അനൂപിന്റെ ‘വിശുദ്ധയുദ്ധം’ പറയുന്നത്. ആനകഥ കളുടെ പൊതു പശ്ചാത്തലത്തിനു വിരുദ്ധമായി കാടിനെ പ്രവർത്തനസ്ഥലമാക്കുന്ന കൊമ്പ നാണ് നോവലിലുള്ളത്. വാമൊഴിചരിത്രങ്ങളിലും ഐതിഹ്യകഥകളിലും ഗുണപാഠ കഥക ളിലും മാനുഷികമായ ശേഷികളുടെയും ഭാവങ്ങളുടെയും വിപുലീകരണമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന ഗജഭാവനകളുടെ കർമ്മമേഖല ജനപദങ്ങളാണ്. നഗരമോ ഗ്രാമമോ ആയ ജനവാസവ്യവസ്ഥകളിലേക്ക് ഇറങ്ങിവരുന്ന ആനകളാണ് സാഹിത്യത്തിൽ കൂടുതൽ. ജനങ്ങൾക്കിടയിൽ ശാരീരികമായും മാനസികമായും അവർക്കെത്താവുന്ന പരമാവധി ശേഷികളുടെ മൂർത്തരൂപങ്ങളായി കരയിലെ ഏറ്റവും വലിപ്പമുള്ള ജന്തുക്കൾ മാറുന്നു. അങ്ങ നെയല്ലാതെ ആ പെരുമ്പടപ്പുകളെ മെരുക്കിയെടുത്ത് വിധേയരാക്കുന്ന കഥകളിലും ആത്യ ന്തികമായി പ്രഘോഷിപ്പിക്കപ്പെടുന്നത് മാനുഷികമായ കരുത്താണ്.

          പഴപ്പടലയ്ക്കായി നീട്ടിയ തുമ്പിക്കൈയിൽ സൂചികൊണ്ടു കുത്തി രസിച്ച തയ്യൽക്കാരനെ മര്യാദ പഠിപ്പിച്ച പഴയ ഗുണപാഠകഥയിലും കൊട്ടാരത്തിൽ ശങ്കുണ്ണിയെഴുതിയ കൊട്ടാരക്കര ചന്ദ്രശേഖരൻ എന്ന ആനയുടെ വിസ്മയകഥയിലും പകയെന്ന വികാരം ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും കേന്ദ്രസ്ഥാനത്തുണ്ട്. ജന്തുത്വത്തെ ഉറപ്പിക്കുന്നതാണ് അതിന്റെ പ്രാഥമികതലം. പറമ്പിൽ കെട്ടിയിരുന്ന ആനയെ കുട്ടിക്കാലത്ത് കൗതുകത്തിനു കല്ലെറിഞ്ഞ കുട്ടിയെ നാല്പതു വർഷങ്ങൾക്കുശേഷം ആറാട്ട് ഘോഷയാത്രയ്ക്കിടയിൽ ആൾക്കൂട്ടത്തിനുള്ളിൽ കണ്ടെത്തി വായിൽ സൂക്ഷിച്ചുവച്ചിരുന്ന അതേ കല്ലുകൊണ്ടെറിഞ്ഞ് കാലൊടിച്ച അദ്ഭുതകരമായ ഓർമ്മശക്തിയുടെയും പ്രതികാരത്തിന്റെയും കഥയായി  വൈക്കം ചന്ദ്രശേഖരനെക്കുറിച്ചുള്ള വിവരണം മുന്നേറുമ്പോൾ വിവക്ഷകളും മാറുന്നു. രണ്ടാം പാപ്പാനായ കൊച്ചുകുഞ്ഞിനെ മരത്തിലടിച്ചു കൊന്ന ഹിംസയുടെ ചരിത്രംകൂടി വൈക്കം ചന്ദ്രശേഖരന്റെ ജീവിതരേഖയിലുണ്ട്. ഒന്നാം പാപ്പാനായ രാമശ്ശാരോട് അഹിതമായി പെരുമാറിയെന്ന ചെറിയൊരു പ്രകോപനത്തിന്റെ ഫലമായാണ് ആ കൊല. കാർത്തിക തിരുന്നാളിന്റെയും പിന്നീട് സ്വാതി തിരുന്നാളിന്റെയും മുന്നിൽ ചെല്ലുമ്പോഴൊക്കെ ചന്ദ്രശേഖരൻ പാപ്പാന്റെ നിർദ്ദേശമൊന്നും ഇല്ലാതെ മുട്ടുകുത്തി നമസ്കരിച്ചിരുന്നുവത്രേ. തന്നെ ഉപദ്രവിച്ച കുട്ടിയെ എറിയാനായി നാല്പതു വർഷക്കാലം വായിൽ ഒളിപ്പിച്ചുവച്ചിരുന്ന കല്ല്, പ്രതികാര നിർവഹണത്തിനുശേഷം ആന സ്വാതിതിരുന്നാളിനു കാഴ്ചവയ്ക്കുന്നുണ്ട്. അത് വിലപിടിപ്പുള്ള രത്നമായിരുന്നുവെന്നും രാജാവ് അത് സ്വർണ്ണം കെട്ടിച്ച് മാലയാക്കിയെന്നുമാണ് കഥ. അതോടെ പ്രതികാരത്തിനായി കാത്തുവച്ച ഉപകരണം എന്ന പദവിവിട്ട് ആ കല്ല്, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആഖ്യാനത്തിൽ, വസ്തുക്കളുടെ മൂല്യത്തെ സംബന്ധിച്ച് ഉയർന്ന ധാരണയുള്ള മസ്തിഷ്കത്തെ അടുത്തറിയാനുള്ള ഉപാധിയുംകൂടി യാകുന്നു. മനുഷ്യസമൂഹത്തിലെ വസ്തുമൂല്യമാണ് മൃഗമായ ആന മനസിലാക്കിവച്ചതെന്ന  കാര്യം എടുത്തു പറയേണ്ടതുണ്ട്. രത്നക്കല്ല് വർഷങ്ങളോളം സൂക്ഷിച്ചുവച്ചു, രാജാവായ സ്വാതിതിരുന്നാളിനു കാഴ്ചവയ്ക്കാൻ കാണിച്ച ഔചിത്യത്തിലും പാപ്പാനായ രാമശ്ശാരോടുള്ള അനുസരണയിലും അയാളോട് പ്രകടിപ്പിക്കുന്ന വിധേയത്വത്തിലും സ്നേഹത്തിലും, ദാഹിച്ചു അവശനായിരുന്ന സമയത്ത് വെള്ളം നൽകിയെന്ന പേരിൽ ഒരു മുഹമ്മദീയ സ്ത്രീയോടും കുടുംബത്തോടും ആ ജീവനാന്തം കാണിച്ച പരിഗണനയിലുമുള്ള സഹാനുഭൂതിയും കാരുണ്യവും – ഇങ്ങനെ മാനുഷികമായ ഗുണഭാവങ്ങളുടെയെല്ലാം കേന്ദ്രീകൃതരൂപമായി ചന്ദ്രശേഖരനെന്ന ആനയെ അവതരിപ്പിക്കുകയായിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണി. അതിശയോക്തിപരമായ ഈ വിവരണത്തിന്റെ നല്ല പങ്ക്, ജന്തുമൃഗാദികളെ സംബന്ധിച്ച പരമ്പരാഗത വിശ്വാസങ്ങൾ കുടിയിരിക്കുന്ന ഭാവനാത്മകലോകത്തിനകത്താണ് പ്രവർത്തിക്കുന്നത്. ‘അന്ധർ ആനയെ കണ്ടതുപോലെ’യെന്ന ശൈലി നോക്കുക. ആനയുടെ വലിപ്പത്തെയും വൈവിധ്യത്തെയും സംബന്ധിച്ച ഒരു പിടികിട്ടായ്കയുണ്ട് അതിൽ. സാമൂഹികസങ്കല്പങ്ങളുടെ ദുരൂഹതയോടുള്ള മനോഭാവത്തെ സാഹിതീയമായി പരിഭാഷപ്പെടുത്താനുള്ള ത്വരയാണ് പലപ്പോഴും വാങ്മയ രൂപകല്പനയിലെ ചമത്കാരമായിത്തീരുന്നത്.  

          ഉണ്ണികൃഷ്ണൻ പുതൂരിന്റെ നോവൽ ‘ആനപ്പക’, വൈലോപ്പിള്ളിയുടെ കവിതയായ ‘സഹ്യന്റെ മകൻ’ തുടങ്ങി, വ്യക്തിസംഘർഷങ്ങൾ കേവലാവസ്ഥവിട്ട് ആനവലിപ്പമാർജ്ജിക്കുന്ന വിഭാവനയുടെ മറ്റുദാഹരണങ്ങളും മലയാളസാഹിത്യത്തിലുണ്ട്. മനോഹരൻ വി പേരകത്തിന്റെ ‘ആനക്കലി’യാണ് ഏറ്റവും പുതിയ ഉദാഹരണം. ആന ഒരു പുറംജീവിയാണ്. മെരുക്കിയും മോടിപിടിപ്പിച്ചും തൊഴിലിലും യുദ്ധത്തിലും പ്രകടനത്തിലും ഒഴിവാ ക്കാനാവാതെ കൂടെകൊണ്ടുനടന്ന മൃഗം, മനുഷ്യരുടെ പ്രതീകമാകുന്നത് സ്വാഭാവികമാണ്. മനുഷ്യരിൽ ആനയെ എന്നപോലെ ആനയിൽ മനുഷ്യരെയും പ്രതിഫലിച്ചു കാണാനുള്ള കൗതുകമാണ് മേൽപ്പറഞ്ഞ ആവിഷ്കാരങ്ങളുടെ പൊതുയിടം. ജനിച്ചുവീണ കാടിന്റെ ഓർമ്മകളിലേക്കുള്ള മടക്കയാത്രയും തളച്ചിട്ടതും ഒറ്റപ്പെട്ടതുമായ അവസ്ഥയിൽ ദമിതമായ കാമവും ചേർന്ന് സസ്യാഹാരിയായ സാധുജന്തുവിന്റെ വർത്തമാനത്തെ ഹിംസാത്മ കമാക്കുന്ന പരിവർത്തനമാണ് പൊതുവേ ആനക്കഥകളുടെ കളം. സി അനൂപിന്റെ നോവൽ, ‘വിശുദ്ധയുദ്ധം’ നേരെ മറിച്ച് അവയുടെ അധിവാസമേഖലയിലേക്ക് കടന്നു കയറുന്ന മനുഷ്യരെപ്പറ്റിയാണ് ആലോചിക്കുന്നത്. സംസ്കാരത്തിന്റെയും പരിഷ്കാരത്തി ന്റെയും ഇടമായ നാടിനും നഗരത്തിനും, പ്രാകൃതചോദനകളുടെ ഇടമായ കാടിനുംതമ്മിലുള്ള അപരത്വത്തെ ‘വിശുദ്ധയുദ്ധം’ തിരിച്ചിടുന്നു. മൃഗങ്ങളുടെ അധിവാസ ഇടങ്ങളിലേക്ക് കയറിച്ചെല്ലുന്ന മനുഷ്യരുടെ പ്രാകൃതവാസനകളെ കാട്ടുമൃഗമായ ആനയുടെ ധാർമ്മിക വിവേകത്തിനും വിവേചനത്തിനും മുന്നിൽ നിർത്തി വിചാരണ ചെയ്തുകൊണ്ടാണിതു സാധ്യമാക്കുന്നത്. നോവലിലെ കൊമ്പന്റെ കാട് ഭൗമരാഷ്ട്രീയ സങ്കല്പങ്ങളനുസരിച്ച് അടഞ്ഞ ദ്വീപിന്റെ സവിശേഷതകൾ ഒത്തിണങ്ങിയ സാങ്കല്പിക ഇടംകൂടിയാണ്. അതിന്റെ അതിരായി കടലുണ്ട്, മലകളും പാറകളും തടാകവും, കേരളത്തിലെയോ ഇന്ത്യയിലെയോ കാടുകളുടെ ആവാസവ്യവസ്ഥയ്ക്കു നിരക്കാത്ത മട്ടിലുള്ള ജന്തുവിഭാഗങ്ങളുമുള്ള ഭൂഭാഗമാണ്. കാടിന്റെ അസ്തിത്വത്തെ നിർവചിക്കുന്ന മരങ്ങളെയോ ചെടികളെയോപ്പറ്റിയുള്ള വിശദാംശ ങ്ങൾ കുറവാണെന്ന കാര്യവും ‘സാങ്കല്പിക ഇടം’ എന്ന വസ്തുതയെ കൂടുതൽ ഉറപ്പിക്കുന്നു. കാടെന്ന ഭൗതികയാഥാർത്ഥ്യം നോവലിൽ അത്ര പ്രസക്തമല്ലാതായിത്തീരുന്നതിനുള്ള കാരണം, വ്യക്തിയിലേക്ക് ആദേശം ചെയ്യുന്ന ഓർമ്മകളുടെ സമാഹാരമായി സംവിധാനം ചെയ്ത ‘വിശുദ്ധയുദ്ധ’ത്തിന്റെ ആസൂത്രണയുക്തിയാണ്. ഓർമ്മകളാണ് കൊമ്പനെ സാധ്യമാക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഘടകം; സ്ഥലമല്ല. ഓർമ്മകളുടെ സക്രിയമായ സാന്നിദ്ധ്യം അവനെ സംസ്കാരിയായ ആധുനിക വ്യക്തിയാക്കിത്തീർക്കുന്നു.  അവന്റെ എതിരാളികളായ മനുഷ്യർ അപരിഷ്കൃതരും പെരുമാറ്റവൈകല്യങ്ങളുള്ള അമാന്യരുമാകുന്നു. ‘സംസ്കാരങ്ങൾ നിലനിൽക്കുന്നത് ഓർമ്മകളിലൂടെയാണ്’ എന്നാണ് സാമൂഹികപ്രതിഭാസമെന്ന നിലയിൽ അവയെ വിശകലനം ചെയ്തുകൊണ്ട് സാംസ്കാരിക സ്മരണാപഠനങ്ങളും (കൾച്ചറൽ മെമ്മറി സ്റ്റഡീസ്) വ്യക്തമാക്കിത്തരുന്നത്. ‘അധിനിവേശത്തെയും ചൂഷണത്തെയും പശ്ചാത്തലമാക്കുന്നതുകൊണ്ടും ആനയെപ്പറ്റിയുള്ള സ്മൃതി മലയാളിപാരമ്പര്യത്തിന്റെ സജീവഭാഗമായതുകൊണ്ടും ആനയുടെ ഓർമ്മകൾക്ക്, ആനയെപ്പറ്റിയുള്ള ഓർമ്മകൾക്കെന്നപോലെ കൂട്ടുസ്വഭാവവും (കളക്ടീവ്) കൈവരുന്നു.

          പ്രതികാരകഥകളുടെയെല്ലാം വിഭാവകം സ്മരണകളാണ്. അമ്മയെ വാരിക്കുഴിയിൽ വീഴ്ത്തി ഉപദ്രവിച്ച ഒൻപതുപേരോടുള്ള പക പത്തു പന്ത്രണ്ടു വർഷങ്ങൾക്കുശേഷം വീട്ടുന്ന മകന്റെ പ്രവൃത്തിയാണ് ‘വിശുദ്ധയുദ്ധം’. ആ കാലത്തിനിടയ്ക്ക് കുട്ടിയായിരുന്ന ആന, സ്വയം പര്യാപ്തനും വിവേകിയുമായ കൊമ്പനായി വളരുന്നു. അവനോടൊപ്പം മങ്ങാതെ നിലനിൽ ക്കുന്ന ഓർമ്മയെയും പ്രതികാരനിർവഹണത്തിനുള്ള സ്ഥൈര്യത്തെയും ആനയുടെ ശിരസ്സി ന്റെ വലിപ്പത്തിലേക്ക് ആദേശം ചെയ്യുന്നതിലൂടെ നോവലിന്റെ ആലങ്കാരികതലത്തിലേ ക്കുള്ള ഒന്നാം ഘട്ടം തുറക്കുന്നു. ഹിംസയാണ് ‘വിശുദ്ധയുദ്ധ’ത്തിലെ പ്രധാന കർമ്മഭാഗം. അമ്മയാനയും അതിന്റെ കുട്ടിയും ഹരിതപ്രകൃതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്ത ലത്തിൽ കഴിഞ്ഞുകൂടുന്ന പറുദീസ വളരെ പെട്ടെന്ന് അവസാനിച്ചു പോവുകയും മനുഷ്യർ ആനയോടു ചെയ്യുന്നതും ആന മനുഷ്യരോടു ചെയ്യുന്നതുമായ കൃത്യങ്ങളിലെല്ലാം ചോരയും വേദനയും കലരുകയും ചെയ്യുന്നതുമാണ് നോവലിൽ തുടർന്നു കാണുന്നത്. മനുഷ്യരിലെ സഹജീവികാരുണ്യം ബുദ്ധിപരമായ മുന്നോക്കാവസ്ഥയോടൊപ്പം, മിന്നായംപോലെ തെളിയുന്ന വളരെ അപൂർവം സന്ദർഭങ്ങൾ നോവലിൽ ഇല്ലാതില്ല. മനുഷ്യർ ക്രൂരതയുടെയും ചൂഷണത്തിന്റെയും സംവർഗമായി പ്രതിസ്ഥാനത്തിനിൽക്കുമ്പോഴും, സ്വമേധയാ മരത്തിൽ കയറി കിളിക്കുഞ്ഞുങ്ങളെ പാമ്പിൽനിന്ന് രക്ഷിക്കുന്ന മനുഷ്യനെക്കുറിച്ചുള്ള പരാമർശം വരുന്നിടത്ത്, (ആറാം അദ്ധ്യായം) ദയാവായ്പെല്ലാം നശിച്ചു പോയിട്ടില്ലാത്ത എതിർവർഗത്തെ ആനയുടെ കണ്ണിൽക്കൂടിത്തന്നെ കാട്ടിത്തരാനുള്ള വ്യഗ്രത നോവലിസ്റ്റ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അത്തരം ലൗകികതകൾ പ്രതികാരസന്നദ്ധതയെ ബാധിക്കാതിരിക്ക ത്തക്കവിധത്തിൽ ഉടനെ മനസിനെ കൊമ്പൻ ദൃഢമാക്കിക്കൊണ്ടാണ് നിശ്ചയിച്ചുറപ്പിച്ച ആക്രമണദൗത്യങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത്. ക്രൂരതകൾക്കു മുന്നിൽ നിർമമ്മനായി നിൽക്കാനുള്ള സ്വയം അനുശാസനത്തിന്റെ ഈ നിലപാട് ‘വിശുദ്ധയുദ്ധ’ത്തിന്റെ ആഖ്യാന ഘടനയിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും സാമൂഹികജീവിതത്തെയും താങ്ങിനിർത്തുന്ന മൂല്യങ്ങളെപ്പറ്റിയുള്ള പുനർവിചാരണകൾക്കായി നോവലിനുള്ളിലെ കർമ്മപദ്ധതികൾ കൂട്ടുപിടിക്കുന്നത് ഹിംസ യെയാണ് എന്ന ഒരു വൈരുദ്ധ്യമുണ്ട്. സാമൂഹികജീവിതത്തിനു തീർത്തും അപരിചിതമല്ലാത്ത ഈ ഇടച്ചിലാണ് നോവലിനുള്ളിലെ സംഘർഷത്തെയും നിലനിർത്തുന്നത്.

          ശാരീരികമായ പീഡനങ്ങളുടെയും കൊലകളുടെയും കർമ്മമേഖലയെ ‘വിശുദ്ധ’മെന്ന വിശേഷണംകൊണ്ട് സ്ഥാനപ്പെടുത്തുന്നതിനു പിന്നിലുള്ളത്, മാനുഷികമായ മൂല്യങ്ങളെ പ്പറ്റിയുള്ള ദൃഢവിശ്വാസങ്ങളാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. അമ്മയെന്ന ബന്ധത്തിന്റെ പാവനതയെ അടിസ്ഥാനമാക്കി നോവലിലെ മൂല്യവിചാരം മുന്നോട്ടു നീങ്ങുന്നു. നിസ്സഹായമായ സ്ത്രീജീവിതത്തെപ്പറ്റിയുള്ള മുൻധാരണ അടിയൊഴുക്കായും ലൈംഗികസദാചാരം, ജീവരക്ഷ, സഹാനുഭൂതി, കാരുണ്യം, ബോധനം, വിനയം തുടങ്ങിയവ അതിന്റെ സഹചാരികളായും കൂടെയുണ്ട്. ഇല്യാസിനെയും തങ്കരാജിനെയും കൊക്കയിലേക്ക് തള്ളിയിട്ടു കൊല്ലാൻ കൊമ്പനു പ്രേരണ, പ്രണയിച്ച പെൺകുട്ടിയോട് മരണാവസ്ഥയിലും അവർ കാട്ടിക്കൂട്ടുന്ന അതിക്രമമാണ്. (അദ്ധ്യായം 4) പെൺകുട്ടിയെ ചതിച്ചു മരണാവസ്ഥയിൽ എത്തിച്ച ഇല്യാസ് അവളെ പ്രാപിക്കാൻ തങ്കരാജിനെ അനുവദിക്കുന്നതിൽ ജീവിതവൈരുദ്ധ്യങ്ങളുടെ സങ്കീർണ്ണഭാവവുമുണ്ട്. കൂട്ടുകാരനോടുള്ള ഉദാരത, കൂട്ടുകാരിയോട് അയാൾക്കില്ല. അവളെ രക്ഷപ്പെടുത്തണമെന്ന കൊമ്പന്റെ ആഗ്രഹത്തിന്റെ ഫലപരിണാമം കഥ വ്യക്തമാക്കുന്നില്ല. അവിടെ ആനയുടെ നായകത്വത്തിനാണ് പ്രത്യേക ഊന്നൽ. കിളിക്കുഞ്ഞുങ്ങളെ രക്ഷിക്കുന്ന മനുഷ്യനോടുള്ള ആനയുടെ അഭിമതത്തിനു പിന്നിൽ കുഞ്ഞുങ്ങളെ നോക്കി കരഞ്ഞു പറക്കുന്ന അമ്മപ്പക്ഷിയുടെ നിസ്സഹായതയോടുള്ള സഹഭാവമുണ്ട്. വാരിക്കുഴിയിൽ വീണ തള്ളയാനയെപ്പറ്റിയുള്ള വെള്ളയന്റെ അശ്ലീല പരാമർശത്തിലാവട്ടെ (‘പൊള്ളിപ്പഴുത്താൻ കൊമ്പന്മാരുമായി ഇണച്ചേരുമ്പോൾ കമ്പം കിട്ടില്ല’ – അദ്ധ്യായം 3) അയാളുടെ തെമ്മാടിത്തരത്തെയും ശിക്ഷ ഏറ്റുവാങ്ങാനുള്ള അർഹ തയെയും ഉറപ്പിക്കുന്ന തരത്തിലുള്ള മാനുഷികമായ ലൈംഗിക സദാചാരപരതയ്ക്കു നേരെയുള്ള വെല്ലുവിളിയും. നിരാലംബത്വത്തിനുള്ള കാവലായി ആദ്യ രണ്ടു സംഭവങ്ങളിലും കൊമ്പന്റെ നായകത്വഘടകം പ്രവർത്തിക്കുന്നു. മൂല്യവിചാരത്തിൽ അധിഷ്ഠിതമായ രക്ഷാകർത്തൃത്വമാണ് മൂന്നാമത്തേതിൽ.

           മാനുഷികമായ ധാർമ്മിക-നൈതികബോധത്തിന്റെ മൂർത്തവും വിപുലീകൃതവുമായ ആവിഷ്കാരമെന്ന നിലയിൽ ആന, കാനനജീവിതത്തിന്റെയോ ജന്തുസഹജതയുടെയോ യഥാതഥമായ ആവിഷ്കാരമല്ല. തത്ത്വവിചാരങ്ങളും സൗന്ദര്യസങ്കല്പങ്ങളും ജീവിതനിരീക്ഷ ണങ്ങളുംകൊണ്ട് മുഖരമായ മനസ്സിനുടമയായ അവൻ  ആധുനികബോധവും ബോധ്യങ്ങളും കുഴമറിഞ്ഞ ഏകാകിയായ മനുഷ്യസത്തയുടെ പ്രച്ഛന്നരൂപമാണ്. നോവലിൽ ഉടനീളം തുടരുന്ന സ്വഗതാഖ്യാനപരമായ വിവരണങ്ങൾ, കൂട്ടത്തിൽനിന്നും വിടുതൽ നേടി ഒറ്റയ്ക്ക് ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ പുറപ്പെട്ട ആധുനികവ്യക്തിയുടെ ആവിഷ്കാരസന്നാഹങ്ങളുമാണ്. കാലികമനുഷ്യരുടെ വൈകാരികസങ്കീർണ്ണതകൾക്ക് ഉപാധികൾ തേടി പൗരാണിക കഥകളിലേക്ക് തീർത്ഥാടനം നടത്തിയ സാഹിത്യാധുനികതയുടെ അനുബന്ധമാണ് ‘വിശുദ്ധയുദ്ധ’ത്തിലെ പകയുടെ കഥ. പുരാണത്തിനും ഇതിഹാസത്തിനും പകരം അനൂപ് സഞ്ചരിക്കുന്നത് പ്രാദേശികമായ വിശ്വാസങ്ങളുടെയും വാമൊഴിക്കഥകളുടെയും ജനപ്രിയമായ ഈടുവയ്പുകൾ തേടിയാണെന്ന വ്യത്യാസമേയുള്ളൂ. കൊട്ടാരക്കര ചന്ദ്രശേഖരന്റെ കഥ, നോവലിന്റെ പൂർവപാഠമാകുന്ന പ്രകരണം ഇതാണ്. വാരിക്കുഴിയുടെ രാജ്യാതിർത്തിയെ സംബന്ധിച്ച തർക്കത്തിൽനിന്നാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആനക്കഥ ആരംഭിക്കുന്നത് എന്ന യാദൃച്ഛികതയും ആലോചിക്കാവുന്നതാണ്.

          1. ഒൻപതു വയസ്സുള്ള ഉണ്ണിക്ക് വ്യാസൻ പറഞ്ഞുകൊടുക്കുന്ന രചനാരഹസ്യത്തെ പ്പറ്റിയുള്ള തത്ത്വവിചാരകഥ 

2. അമ്മയെ വാരിക്കുഴിയിൽ ചതിച്ചു വീഴ്ത്തികൊണ്ടുപോയ ക്രൂരരായ മനുഷ്യർക്കെതിരെ ആനയുടെ പകയെ മുൻനിർത്തുന്ന പ്രതികാരകഥ 

3. മാനുഷിക മൂല്യങ്ങളെയും നൈതികതയെയും ഉള്ളടക്കുന്ന അന്യാപദേശകഥ – എന്നിങ്ങനെ മൂന്നു തലങ്ങളിൽ ഇഴപിരിച്ചെടുക്കാവുന്ന ആഖ്യാനഘടനയിലാണ് ‘വിശുദ്ധയുദ്ധം’ സംവിധാനം ചെയ്തിരിക്കുന്നത്. എട്ടു കൊലകൾ നടത്തുകയും (ഇവരിൽ എറോണിയാസ്, മത്യാസ്, പനീർശെൽവം എന്നിവരുടെ കൊലയിൽ കൊമ്പനു നേരിട്ടു പങ്കില്ല.  അവരുടെ മരണ ത്തിനു പ്രേരണയാകുന്നു എന്നുമാത്രമേയുള്ളൂ. സന്ദർഭവശാൽ ഇല്യാസിന്റെയും തങ്കരാജിന്റെയും മരണത്തിനു കാരണമാവുകയും ചെയ്യുന്നു) മുഖ്യപ്രതിയോഗിയായ ഭൈരവനെ കൊല്ലുന്നതിനു മുൻപ് മദമിളകി ഭ്രാന്തനായി പോയതിനാൽ പ്രതികാരനിർവഹണത്തെ അതിന്റെ പരിപൂർത്തിയിലെത്തിക്കാൻ കഴിയാതെ പരാജിതനാവുകയും ചെയ്ത ഒറ്റയാന്റെ കഥയെ ഉത്തരമില്ലാത്ത സമസ്യയിൽകൊണ്ടുചെന്ന് അവസാനിപ്പിക്കുകയാണ് വ്യാസൻ ചെയ്യുന്നത്. ഉണ്ണിയുടെ ചോദ്യം കൊമ്പന്റെ കർമ്മദൗത്യത്തെപ്പറ്റിമാത്രമല്ല, കഥപറയലിന്റെ (രചനയുടേയും) നിർവഹണസന്ധിയെപ്പറ്റിയുമാണ്. കഥയുടെ ജൈവികശരീരത്തിന്റെ വളർച്ചയെപ്പറ്റിയുള്ള വേതാളപ്രശ്നമാണ് ശ്രോതാവായ ഉണ്ണിയുടെ ചോദ്യത്തിൽ കുടുങ്ങി പ്രശ്നത്തിലാകുന്നത്. നോവലിന്റെ വിവൃതമായ അന്ത്യത്തിന് ഒരു കാരണമൊരുക്കുകയാണ് വ്യാസന്റെയും ഉണ്ണിയുടെയും ഉപകഥ. ജീവിതത്തിലെന്നപോലെ കഥകളിലും തീരുമാനിച്ചുറപ്പിച്ച കർമ്മങ്ങൾ പൂർത്തിയാക്കാനാവാതെ കർത്താക്കളെ നിരാലംബരാക്കുന്നത് ആരാണെന്നും എന്താണെന്നുമുള്ള ചോദ്യം, ഐഹികലോകത്തിൽ അതീത സത്തയ്ക്കുള്ള സർവാതിശായിയായ സ്വാധീനത്തെപ്പറ്റിയുള്ളതല്ല. ജീവിതത്തെയും അതിന്റെ ആവിഷ്കാരസമ്പ്രദായങ്ങളെയും നിയന്ത്രിക്കുന്ന ഏജൻസികളെ ഒരുമിച്ചുനിർത്തി കാണാനുള്ള സർഗാത്മകപ്രേരണയ്ക്കാണതിൽ പങ്ക്.

          ജന്തുസമൂഹങ്ങളുടെ പ്രച്ഛന്നതയിലൂടെ മനുഷ്യലോകത്തെ ആവിഷ്കരിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്ന രചനകളുടെ കൂട്ടത്തിലാണ് ‘വിശുദ്ധയുദ്ധ’വും ഉൾപ്പെടുന്നത് എന്നു പറഞ്ഞു. മനുഷ്യരെയും ജന്തുലോകത്തെയും അഭിമുഖം നിർത്തിയുള്ള മേൽ-കീഴ് നിലകളിലുള്ള ചൂഷണാവസ്ഥയുടെ നേർസാക്ഷ്യം അവതരിപ്പിക്കുകയെന്ന ലക്ഷ്യമല്ല നോവലിനുള്ളത്; വൈകാരികജീവിതത്തിന്റെ ആദിമാവസ്ഥയിലേക്ക് പരിഷ്കൃതസമൂഹം മട ങ്ങിപ്പോവുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠകളെ ആധുനികസന്ദർഭത്തിൽ അന്യാപദേശമായി പ്രതിഷ്ഠിക്കുക എന്നതാണ്. സാമ്പ്രദായികരീതിയനുസരിച്ച് അന്യാപദേശകഥകൾക്ക് ഏകമുഖവും ഏകതലവുംമാത്രമാണുള്ളത്. ഗുണപാഠങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കുമുള്ള വാഹകമെന്ന നിലയിൽ അലിഗറികൾക്കുള്ളത് ആഖ്യാനകൗതുകംമാത്രമായിരുന്നു. കലാരൂപങ്ങളെല്ലാം അടിസ്ഥാനപരമായി അവ രൂപംകൊണ്ട സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ വൈരുധ്യങ്ങളെയും അഗാധമായ സ്വാധീനത്തെയും അബോധാത്മകമായി വഹിക്കുന്നു എന്നു കണ്ടെത്തിയ ഫ്രെഡ്രിക് ജെയിംസണെ സംബന്ധിച്ചിടത്തോളം അലിഗ റികൾ രാഷ്ട്രീയവും  ധാർമ്മികവുമായ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനപ്പെട്ട സാഹിത്യവിഭാഗമാണ്. കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളെ പരിശോധിച്ചുകൊണ്ട് അന്യാ പദേശങ്ങൾ അധികാരഘടനകളെ വിമർശനാത്മകമായി അവതരിപ്പിക്കുന്നു. സാമൂഹിക അസമത്വങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും നേരിട്ട് അഭിമുഖീകരിക്കാതെ അവയെ 'പരിഹരിക്കാനുള്ള' ഒരു അബോധശ്രമമായിട്ടാണ് ജെയിംസൺ കലാസൃഷ്ടിയുടെ രൂപപരമായ പ്രസക്തിയെ കണ്ടത്. വ്യക്തിയുടെ ആന്തരികലോകത്തിനും സ്വകാര്യപ്രശ്‌നങ്ങൾക്കും വിഷയമാക്കിയ ആധുനികതയുടെ ആരംഭകാലത്തെ നോവലുകൾ, സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്ന് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട്, പ്രശ്നങ്ങളെ വ്യക്തിപരമായ തലത്തിലേക്ക് ഒതുക്കി നിർത്താനുള്ള മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രപരമായ തന്ത്രമായിരുന്നു എന്ന് അദ്ദേഹം ‘അന്യാപദേശവും പ്രത്യയശാസ്ത്രവും’ (2019) എന്ന പുസ്തകത്തിൽ വാദിക്കുന്നു. ‘അന്യാപദേശങ്ങൾ’ പ്രവർത്തിച്ചു തുടങ്ങുന്നത് വ്യക്തിയുടെ സ്വകാര്യലോകത്തിനപ്പുറംനിന്നാണ്. അപദേശമെന്ന വാക്കിനർത്ഥം ‘സ്വരൂപത്തെ മറച്ചുപിടിക്കലെ’ന്നാണ്.  അന്യത്തെ വെളിവാക്കിയും സ്വയം മറച്ചുപിടിച്ചും അവ ചുറ്റുമുള്ള സംഘർഷങ്ങളുമായി ബന്ധപ്പെടുന്നു. ‘മറ്റെല്ലാറ്റിനോടുമുള്ള സങ്കീർണ്ണമായ ബന്ധത്തിലൂടെ യല്ലെങ്കിൽ, അന്യാപദേശത്തിലും പ്രത്യയശാസ്ത്രത്തിലും ഒന്നിനും അർത്ഥമുണ്ടാവുക യില്ലെ’ന്ന് ഫ്രാങ്കോ മൊറെറ്റി, ന്യൂ ലെഫ്റ്റ് റിവ്യൂയിൽ ജെയിംസന്റെ പുസ്തകം അവലോകനം ചെയ്തുകൊണ്ട് അഭിപ്രായപ്പെടുന്നുണ്ട്. കലാകൃതിയിലെ പൊരുത്തക്കേടുകളും പരിഹരിക്ക പ്പെടാത്ത വൈരുധ്യങ്ങളും രൂപപരമായ വിള്ളലുകളും (ഫോർമൽ ലാപ്സെസ്) സമൂഹത്തിലെ വർഗ സംഘർഷത്തിന്റെയോ സാമൂഹികമായ സംഘർഷത്തിന്റെയോ അടയാളങ്ങളാകാം. പ്രമേ യോപരിതലത്തിൽനിന്നു വ്യത്യസ്തമായി, രചനയുടെ ഉത്ഭവത്തിനു കാരണമായ സാമ്പത്തിക-സാമൂഹികഘടനയുടെ (അൾട്ടിമേറ്റ് സോഷ്യൽ സ്ട്രക്ചർ)  യഥാർത്ഥസ്വഭാവം മനസ്സിലാക്കാൻ രൂപപരിശോധന സഹായിക്കുമെന്നു ജെയിംസൺ പറയുന്നതിന്റെ പൊരുൾ അതാണ്.

          ‘വിശുദ്ധയുദ്ധ’ത്തിന്റെ അന്യാപദേശസ്വഭാവം സാരോപദേശകഥയുടെ (ഫേബിൾ) രൂപത്തിലുള്ളതല്ല. പ്രോട്ടഗോണിസ്റ്റായ ഒറ്റയാൻ തീവ്രമായ മാനസികസംഘർഷങ്ങളിലൂടെ കടന്നു പോകുന്നു. സൗന്ദര്യവിചാരങ്ങൾപോലും അവനെ തീണ്ടുന്നുണ്ട്. പ്രതികാരമെന്ന ഏകലക്ഷ്യം മൃഗസഹജമായ വാസനകളിൽനിന്ന് ബോധപൂർവം അകന്നുനിൽക്കാൻ അവ നെ അതിരുകടന്ന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. പിടിയാനയുടെ കാമഗന്ധപ്രലോഭനങ്ങളിൽനിന്ന് അവൻ അകന്നുമാറുന്ന ഒരു സന്ദർഭം അതിനു തെളിവാണ്. എം ടിയുടെ ‘കാല’ത്തിലെ സേതുവിന്റെ ആന്തരികഘടനയിലും അതിവൈകാരികതയിൽനിന്ന് മരവിപ്പിലേക്ക് മാറുന്ന സങ്കീർണ്ണമായ മനോനില കാണാം. ആധുനികസമൂഹത്തിൽ സ്വതന്ത്രമായി  ജീവിക്കാനാവാത്ത ഒറ്റയാന്മാരുടെ സംഘർഷത്തെ ഒപ്പുകടലാസിലെന്നവണ്ണം പകർത്തിയെടുക്കുകയാണ് എം ടി ചെയ്തത്. ആ സാഹിതീയ തുടർച്ച വാസ്തവമാണെങ്കിലും ഇവിടെ ഒറ്റയാന്റെ ഈ സംയമത്വത്തിനു വിദ്യാഭ്യാസപരമായ അടിത്തറയെക്കൂടി പരിഗണിക്കാമെന്നു തോന്നുന്നു. മനസ്സംസ്കരണവും വർത്തനവ്യതിയാനവുമെന്ന ചേഷ്ടാവാദ (ബിഹേവിയറിസ്റ്റ്) ബോധനസമീപനത്തിന്റെ ഭാഗമാണത്. അമ്മയാണ് അവന്റെ പ്രാഥമിക ഗുരു. സദാചാരപാഠവും പ്രകൃതിപാഠവും ജീവിതപാഠവും അമ്മയിൽനിന്ന് ക്രമമായി അവനു ലഭിക്കുന്നതിനെപ്പറ്റിയുള്ള സൂചനകളുണ്ട്. ശിരസ്സറയൽ പാറയുടെ കഥ പറഞ്ഞു കൊടുക്കുന്ന അമ്മയിൽ (അദ്ധ്യായം 11) കാട്ടിലെ ജീവിതങ്ങളെ സഹാനുഭൂതിയോടെ  ഉപദർശിച്ച ഗുരു വീണ്ടും പ്രത്യക്ഷമാകുന്നു. കൊമ്പന്റെ നിരന്തരവിചാരങ്ങളിൽ കടന്നുകൂടുന്ന ജീവിതവീക്ഷണങ്ങളും സൗന്ദര്യബോധവും മാനവികബോധവും വിദ്യാഭ്യാസം നിയമിതമാക്കിയ ആധുനികവ്യക്തിയുടെ ആവിഷ്കാരങ്ങളാണ്. ഈ ആന്തരികതയാണ് ആനയുടെ ബാഹ്യരൂപത്തെ രൂപകാത്മകമായ ചട്ടക്കൂടുമാത്രമാക്കി നോവലിൽ നിലനിർത്തുന്നത്. ഇല്ലാതായ ഗുരുവിന്റെ അഭാവം പ്രകൃതിവാസനകളിലേക്ക് തിരിച്ചു പോകാൻ കാരണമായി ത്തീരുന്നു എന്ന യാഥാർത്ഥ്യത്തെയാണ് കൊമ്പന്റെ കഥ ഉപരിതലത്തിൽ ഉദാഹരിക്കുന്നത്. “അമ്മ പലപ്പോഴായി എന്നിൽനിന്നിറക്കിവിട്ട പൈശാചികതകളെ ഓരോന്നായി ഞാൻ തിരിച്ചു വിളിച്ചു” (അദ്ധ്യായം നാല്) എന്നവൻ ആലോചിക്കുന്നതിന്റെ അർത്ഥം മറ്റൊന്നല്ല.  

          മറ്റൊരുതരത്തിൽ, ഉണ്ണിയുടെ ചോദ്യത്തിന് ഉത്തരമില്ലാതാവുന്ന വ്യാസഗുരുവിലൂടെ പ്രകടമാകുന്നതും ഈ അഭാവമാണ്. ജീവിതത്തിൽമാത്രമല്ല ജീവിതാവിഷ്കാരങ്ങളായ രചന കളിലും ഗുരുവരുളുകളായ പരിഹാരനിർദ്ദേശങ്ങൾക്ക് ശാശ്വതമായ ഉപപത്തിയില്ല. ഈ സമസ്യ ഏറ്റുവാങ്ങിക്കൊണ്ടാണ് വ്യാസൻ കാടുകയറുന്നത്. വ്യാസൻ നോവലിൽ രചയിതാവിന്റെ പ്രതിനിധിയായതിനാൽ, രചനയെപ്പറ്റിയുള്ള സന്ദേഹത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി ആ സന്ദർഭം മാറുന്നു. അമ്മ കുട്ടിയാനയ്ക്കു പറഞ്ഞുകൊടുക്കുന്ന ശിരസ്സറയൽ പാറയുടെ കഥയിലെ നായികയായ അരുവിയാളിന്റെ ദാരുണാന്ത്യത്തിനു പിന്നിലുള്ള കാരണം കുമരന്റെ ആത്മഹത്യയാണ്. പക്ഷേ അയാൾ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. ആ ദുരൂഹതയാണ് അരുവിയാളിന്റെ ദാരുണാന്ത്യത്തിനു വഴി തെളിക്കുന്നത്. കുമരന്റെയും അരുവിയാളിന്റെയും ആത്മഹത്യയുടെ കാരണം അമ്മയാന കുട്ടിയാനയ്ക്ക് വിശദീകരിച്ചുകൊടുക്കുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അരുവിയാളിന്റെ മരണത്തിനുള്ള ഉത്തരം ആഖ്യാതാവായ അവൾക്ക് തിരിഞ്ഞുകിട്ടിയിട്ടിയില്ല. ജീവി തസ മസ്യകളെ സംബന്ധിച്ചുള്ള ഉത്തരമില്ലായ്മകൾക്കു നേരെ വ്യാസൻ പ്രതികരിക്കുന്നതിൽനിന്നു വ്യത്യസ്തമായാണ് അമ്മയാനയുടെ പ്രതികരണം. അരുവിയാളിന്റെ മരണത്തിന്റെ ഓർമ്മയിൽ നിറയുന്ന അമ്മയാനയുടെ കണ്ണുകൾ, അനുഭവങ്ങളെ കാര്യകാരണ ബന്ധമില്ലാതെതന്നെ സ്വീകരിക്കാൻ സന്നദ്ധമാകുന്ന വായനക്കാരുടെ വിഭാഗത്തെ വിഭാവന ചെയ്യുന്നു. വൈകാരികമായ സ്വീകരണപക്ഷമാണത്. ജീവിതകാലത്തെ ഒരൊറ്റ ലക്ഷ്യത്തിനായി കൂർപ്പിച്ചു വച്ചിട്ടും ആത്യന്തിക നിമിഷത്തിൽ ലക്ഷ്യത്തിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ച വാസ്തവത്തിനു കാരണമാലോചിക്കുന്ന വ്യാസനെ പിടികൂടുന്ന സന്ദേഹം വൈകാരികമെന്നതിലുപരി ധിഷണാപരമാണ്. കൃത്യമുണ്ട്, കാരണമില്ല എന്ന പ്രഹേളിക, ആഖ്യാനത്തെ സംബന്ധിക്കുന്ന ബൗദ്ധികമായ വെല്ലുവിളിയാണ്. കഥകളുടെ നിർമ്മാണത്തിൽ രചയിതാവിനുള്ള നിർവാഹകത്വത്തെ രണ്ടു രീതിയിൽ നോക്കിക്കാണുന്നതിനുള്ള അന്യാപദേശമായി  ഈ രണ്ട് ഉപകഥകളെയും പരിഗണിക്കാം.

          പ്രശ്നപരിഹാരത്തിനായി ഇറങ്ങിത്തിരിക്കുകയും അതു പൂർത്തിയാക്കാനാവാതെ അലയുകയും ചെയ്യുന്ന അവസ്ഥ, നോവൽ പലതരത്തിൽ പങ്കുവയ്ക്കുന്ന സാമൂഹികമായ നിസ്സ ഹായതയെ ഒന്നുകൂടി ഘനമയമാക്കുന്നു. കീഴ്ത്തട്ടു ജീവിതങ്ങളെ സംരക്ഷിക്കേണ്ട സംവിധാ നങ്ങളുടെ പാകപ്പിഴയെയും ലൈംഗികമായ സദാചാരത്തകർച്ചയെയും അത് ഉള്ളടക്കുന്നു. സമൂഹത്തിലെ പ്രതിലോമതകളെ വർഗാടിസ്ഥാനത്തിൽ ഒന്നിച്ചുനിന്ന് എതിർത്തു തോത്പിക്കാമെന്ന വിശ്വാസം നഷ്ടപ്പെടുകയും നാഗരികനായ ഏകാകിയായി മനുഷ്യർ മാറുകയും ചെയ്ത സംക്രമണകാലത്തിന്റെ പ്രതിനിധിയാണ് കാലാന്തര ഓർമ്മകൾ വിശ ദാംശങ്ങൾ കെടാതെ സൂക്ഷിക്കുന്ന കൊമ്പൻ. അവന്റെ വലിപ്പവും കരുത്തിനെപ്പറ്റിയുള്ള സ്വയബോധവും പറ്റത്തിൽനിന്ന് വേർപ്പെട്ട് ഒറ്റയായതിന്റെ കിനാവുമാകുന്നു. സമൂഹ ത്തിലെ അന്യവത്കരിക്കപ്പെട്ട ഏകാകി എന്ന നിലയിൽ അവന്റെ ഓർമ്മകളിൽ ഭൂരിഭാഗവും, നഷ്ടപ്പെട്ടും വ്യഭിചരിച്ചും ഇല്ലാതായിപ്പോയ മൂല്യങ്ങളെക്കുറിച്ചുള്ള  സന്ദേഹങ്ങളായിരിക്കുന്നത് സ്വാഭാവികമാണ്. അമ്മയെ നഷ്ടപ്പെട്ട ഭൂതകാല അനുഭവം താത്കാലിക മറയാണ്. വർത്തമാനചരിത്രത്തെ ഒരിക്കലും നേരിട്ട് കയ്യെത്തിപ്പിടിക്കാനാവില്ലെന്ന വിഷാദബോധ്യമാണ് അത്തരം മറകളുടെ നിർമ്മാണരഹസ്യം. വാരിക്കുഴിയിൽ വീണ് ഉപദ്രവത്തിനു വിധേയയാവുന്ന അമ്മയാന, പാമ്പിന്റെ ഭീഷണിയിൽ വേവുന്ന പക്ഷിക്കുഞ്ഞുങ്ങൾ, ഇല്യാസും തങ്കരാജുംകൂടി കൊല്ലാക്കൊല ചെയ്ത പെൺകുട്ടി, പങ്കാളിയുടെ ദുരൂഹവിയോഗത്തിൽ പാറയിൽ തലയറഞ്ഞു മരിച്ച അരുവിയാൾ - എന്നിങ്ങനെയുള്ള വിടവുകളെ മൂല്യബോധത്തിന്റെ നഷ്ടമായി കാണാനുള്ള വ്യഗ്രതയുടെ സാമൂഹികവും സാംസ്കാരികവും മനശ്ശാസ്ത്രപരവുമായ വശങ്ങൾ മൂടുപടമിട്ട് കെട്ടിയുയർത്തിയ വാക്ശില്പമാണ് ആനപ്പക എന്ന പ്രമേയം. രചനയുടെ സ്വേച്ഛാചാരിത്വത്തെപ്പറ്റിയുള്ള ആധുനികസങ്കല്പങ്ങളും മാനവികതയെപ്പറ്റിയുള്ള കാലികവിചാരണകളും സംഗമിക്കുന്ന വസ്തുനിഷ്ഠതയാണ് ‘വിശുദ്ധയുദ്ധ’മെന്ന അന്യാപദേശത്തിന്റെ അടിത്തട്ട്.



വിശുദ്ധയുദ്ധം, നോവൽ, സി അനൂപ്




October 10, 2026

ആത്രേയകം : ഇടനിലകളുടെ ഭൂപടം

 


          ദ്രുപദൻ എന്നും പാർഷദനെന്നും പൊതുവേ അറിയപ്പെടുന്ന യജ്ഞസേനന് കുട്ടികളുണ്ടായിരുന്നില്ല. അതിനായി ശിവനെ തപസു ചെയ്തപ്പോൾ ജനിച്ച കുട്ടിയിൽ പിതാവെന്ന നിലയിൽ അയാൾ സംതൃപ്തനുമായിരുന്നില്ല. പിന്നീടാണ് സഹപാഠിയായ ദ്രോണർ സന്ദർശിക്കാനെത്തിയപ്പോൾ ‘തുല്യനിലയിലുള്ളവർതമ്മിൽ വേണം സൗഹൃദം’ എന്നു പറഞ്ഞ് അഹങ്കാരത്തോടെ ദ്രോണരെ അപമാനിച്ചു വിട്ടതും ഗുരുദക്ഷിണയായി ദ്രോണർ അർജുനനെക്കൊണ്ട് പാഞ്ചാലരാജ്യത്തെ കീഴടക്കി സ്വന്തമാക്കി ‘തുല്യനില’എന്താണെന്ന് ദ്രുപദനെ പഠിപ്പിച്ചതും. ഭീഷ്മരെ കൊല്ലാൻ ഒരാൺകുട്ടി വേണമെന്ന അയാളുടെ ആദ്യത്തെ ആഗ്രഹത്തിന്റെ ഫലമാണ് ശിഖണ്ഡിനി.  തന്നെ പിടിച്ചു കെട്ടി അപമാനിച്ച, പഴയ സഹപാഠിയായ ദ്രോണരെ കൊല്ലാൻ ഒരാൺകുഞ്ഞും  തന്നെ പിടിച്ചുകെട്ടിയ അർജുനനെന്ന ചുണക്കുട്ടിക്കു  നൽകാൻ ഒരു പെൺകുഞ്ഞും വേണമെന്ന് അയാൾ ആഗ്രഹിക്കുന്നതിന്റെ ഫലമാണ് യജ്ഞസന്തതികളായ കൃഷ്ണയും ധൃഷ്ടദ്യുമ്നനും.  സാധാരണ നിലയിൽ വരം ആവശ്യപ്പെടുന്ന വക്താവിനെ വഴി പിഴപ്പിക്കുന്ന രീതിയിൽ ദേവന്മാരുടെ  കുത്സിതതന്ത്രങ്ങൾ  ഉണ്ടാവാറുണ്ടെങ്കിലും (രാമായണത്തിൽ, നിർദേവത്വം ആവശ്യപ്പെട്ട കുംഭകർണ്ണന്റെ നാവിൽ കയറിയിരുന്ന് സരസ്വതി ആ വാക്കിനെ നിദ്രാവത്വം എന്നു മാറ്റിയതുപോലെ) ഇവിടെ യാതൊന്നും അത്തരത്തിൽ സംഭവിക്കാതെതന്നെ ശിവൻ, ആവശ്യപ്പെട്ടതിൽനിന്നു വ്യത്യസ്തമായി ഒരു പെൺകുട്ടിയെ ദ്രുപദനു നൽകുന്നു. കാരണം ഭാരതസന്ദർഭത്തിൽ വ്യക്തമല്ല. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പകയും കഥയുടെ അടിയൊഴുക്കായി ഉണ്ട്. അതുപോലെ വ്യക്തികളുടെ ജീവിതദൗത്യങ്ങളുടെ കാര്യത്തിലും കെട്ടിയുണ്ടാക്കുന്ന കഥകൾ ചില അന്തർഗതങ്ങളെ സൂക്ഷിച്ചുവച്ചിരിക്കുന്നു.  മഹാഭാരതത്തിൽ അർജ്ജുനന്റെ വധുവായ ചിത്രാംഗദയുടെ ജീവിതകഥയിലും ഇതേ കാര്യത്തിന്റെ ആവർത്തനം കാണാം. ആൺകുട്ടിയെമാത്രം കാത്തിരിക്കുന്ന ദമ്പതികൾ, അവർക്കു ജനിച്ച പെൺകുട്ടിയെ അടച്ചുറപ്പുള്ള അന്തപ്പുരത്തിലെ രഹസ്യത്തിൽ ആൺകുട്ടിയായി വളരുന്നു. പക്ഷേ പ്രായപൂർത്തിയാകുന്നതോടെ അയാളുടെ ശരീരത്തിലെ ഇരട്ട ലിംഗത്വം യാഥാർത്ഥ്യമായി അയാളെ അഭിമുഖീകരിക്കാൻ ആരംഭിക്കുന്നു. ശിഖണ്ഡിനി ഉണ്ടായിരുന്നിട്ടും യജ്ഞസേനനു കുട്ടികളില്ലാതിരുന്നു എന്ന പരാമർശം ഉണ്ടാകാൻ കാരണം യുദ്ധത്തിൽ വീര്യം പ്രദർശിപ്പിക്കാനുള്ള ‘മകന്റെ’ അഭാവമാണ്. ഈ സംഘർഷത്തെ സമകാലികമായ ലിംഗപദവിബോധത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്തതിന്റെ ഫലമാണ് ‘ആത്രേയകം’ എന്ന നോവൽ. നോവലിൽ ശിഖണ്ഡി(നി)യെന്ന പേര് ആർ രാജശ്രീ എവിടെയും ഉപയോഗിച്ചിട്ടില്ല. പകരം ‘ശത്രുക്കളില്ലാത്തവൻ’ എന്ന അർത്ഥത്തിൽ നിരമിത്രൻ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ലിംഗശരീരങ്ങളുടെ സാമൂഹികമായ പ്രകടനങ്ങളെപ്പറ്റിയുള്ള ചിന്തകൾ അതിന്റെ അടിയൊഴുക്കായിത്തീരുന്നു. 

          വിവാഹശേഷം ഭർത്താവിന്റെ ശരീരത്തിൽ ആസക്തിയോടെ പരതുന്ന വധു, ഹിരണ്യവർമ്മന്റെ പുത്രിയുടെ കൈയിൽ തടഞ്ഞ മുലകളാണ് ‘ആത്രേയക’ത്തിൽ  നിരമിത്രന്റെ ലിംഗപരമായ അസ്തിത്വത്തെ സാമുഹികവും രാഷ്ട്രീയവുമായ പ്രശ്നമാക്കി മാറ്റുന്നത്. സാഹചര്യം ശിഖണ്ഡിക്കു തുല്യമാണെങ്കിലും, അച്ഛനമ്മമ്മാരോ വിധിഹിതമോ അല്ല, വധുവിന്റെയും അതുവഴി അവളുടെ അച്ഛന്റെയും അയാൾ ഭരിക്കുന്ന രാജ്യത്തിന്റെയുമെല്ലാം സംശയത്തിനു മുന്നിലാണ് അയാൾ പ്രതിയായി നിൽക്കുന്നത്.  വിവാഹത്തിനു മുൻപ്, അവന്തിക, സുഷേണൻ, വിശാഖ എന്നിവരുമായി നിരമിത്രനുണ്ടായിരുന്ന ശാരീരികബന്ധത്തെപ്പറ്റിയും അതിൽനിന്നുള്ള അനുഭൂതിയെപ്പറ്റിയും നോവൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. നിരമിത്രൻ എന്ന പേരിലെ ‘അൻ’ പ്രത്യയം അയാളുടെ ആണത്തസ്ഥിരീകരണത്തിലേക്കുള്ള സൂചനയാണ്. അയാളുടെ ആൺലൈംഗികസ്വത്വത്തെ മുൻനിർത്തിയുള്ള കലഹമാണ് പിതാവിൽനിന്നുള്ള അപമാനത്തിനു കാരണമായി ത്തീരുന്നതും ആത്മഹത്യക്കു പ്രേരിപ്പിക്കുനതും. നിരമിത്രനെ മരണത്തിൽനിന്നു രക്ഷപ്പെടുത്തുന്നതിനു പുറമേ അയാളെ കൂടുതൽ ആണാക്കുക എന്ന പ്രക്രിയയാണ് ആത്രേയകമെന്ന വൈദ്യഗ്രാമത്തിന്റെ ദൗത്യങ്ങളിൽ പിന്നീട് മുഖ്യമായിത്തീരുന്നത്.

           ഇത് ബാഹ്യമായ മാറ്റമാണ്, നോവലിന്റെ അവസാനത്തിൽ നിരമിത്രൻ കൂടുതൽ സ്ത്രീയായി മാറുന്നതായി അനുഭവപ്പെടുന്നു. എല്ലാവരുടെയും ചങ്ങാതി എന്ന അർത്ഥത്തിലുള്ള നിരമിത്രൻ എന്ന സംജ്ഞയുടെയും ഉൾപ്പൊരുൾ അതിനകത്തുണ്ട്. ആധുനിക കാഴ്ചപ്പാടിൽ, ലിംഗപരമായ ദ്രവാവസ്ഥയുടെ (ജെൻഡർ ഫ്ലൂയിഡിറ്റി) സ്ഥിതിയാണ് നിരമിത്രനുള്ളത്. പക്ഷേ അപ്പോഴും നോവലിന്റെ അബോധം സ്ഥിരീകരിച്ചെടുക്കാൻ വെമ്പുന്നത് നിരമിത്രന്റെ ആണത്തമല്ലെന്ന കാര്യം പ്രധാനമാണ്. “സ്ത്രീ പുരുഷന്റെ മുന്നിൽ വിളമ്പിവച്ച വിഭവമാണെന്ന്” സ്വന്തം ഭാര്യയെ ആക്രമിച്ച് അപമാനിച്ചുകൊണ്ട് മകനെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ദ്രുപദന്റെ മുന്നിൽ നിന്നുരുകുന്ന നിരമിത്രൻ ‘താൻ ഇത്തരമൊരു പുരുഷനല്ലെന്ന്’ പറഞ്ഞ് കരയുന്ന സന്ദർഭം നോവലിലുണ്ട്. ഈ ആണത്തസങ്കല്പം ആധുനികലോകാവബോധവുമായി ഒത്തുപോകുന്ന ഒന്നാണ്. ഇത്തരമൊരു ‘ആൺസ്വത്വം‘ സമകാലത്തിന്റേതല്ല. എന്നാലും ഹിംസയും പീഡനവും ചൂഷണവും അക്രമവും യുദ്ധവും പുരുഷന്റെയും പുരുഷലോകത്തിന്റെയും സൃഷ്ടിയാണെന്ന ചിന്ത പ്രാചീനകാലം മുതൽ വർത്തമാനകാലംവരെയുണ്ട്. അവ നേരിട്ട് അനുഭവിച്ചവരുടെ വിവരണങ്ങളിൽ തീവ്രമായിത്തന്നെ ആ ആരോപണം മുന്നിട്ടു നിൽക്കുന്നു. 2015-ൽ സാഹിത്യത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ച സ്വെറ്റ്ലാന അലക്സ്യേവിച്ച്, നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ ‘യുദ്ധം പുരുഷസ്വഭാവത്തിന്റെ ഉല്പന്നമാണെന്ന്’ എടുത്തു പറയുന്നുണ്ട്. 

          ആത്രേയകത്തിൽനിന്നു ലഭിച്ച ഇളയുടെ ചികിൽസയുടെ പരീക്ഷണഫലത്തിൽ  നോവൽ ഈ കാര്യത്തെ ഒന്നുകൂടി ഉറപ്പിക്കുന്നതായി കാണാം.  ദശാർണ്ണത്തിൽനിന്നു വന്ന ദാസിയെ ഉപദ്രവിച്ചു വശംകെടുത്തുന്ന നിരമിത്രന്റെ അക്രമത്തിൽ തെളിയുന്നതാണ് അതിന്റെ ഫലസിദ്ധി. ‘സ്വന്തം ഇച്ഛയ്ക്കു വിധേയനല്ലാതെ’ എന്ന ന്യായം അവിടെ കൂട്ടുണ്ടെങ്കിലും, അതിനു മുൻപ് ആണായിരിക്കുന്നതിന്റെ അർത്ഥം എന്ന നിലയിൽ ദ്രുപദൻ കൊട്ടാരത്തിൽവച്ചു കാട്ടിക്കൂട്ടിയ വിക്രിയയുമായി അതിനു സാദൃശ്യമുണ്ട്. നോവലിന്റെ അവസാനം ആത്രേയകത്തിലെ ചികിൽസയുടെ ഫലമായി മാറിയ സ്വത്വത്തെയും നിരമിത്രൻ ഉപേക്ഷിക്കുന്നതായി കാണുന്നു. അതിനർത്ഥം, പരമ്പരാഗതമായ സമീപനങ്ങളോടും അടിയുറച്ച പൊതുസങ്കല്പത്തോടും ചേരാതെ ഓരം പറ്റുന്ന ആഖ്യാനങ്ങളെയും  ലിംഗത്വത്തെയും ലിംഗപദവിയെയും ആ നിലയ്ക്കുള്ള രാഷ്ട്രീയത്തെയും സംബന്ധിക്കുന്ന ആധുനികാവബോധങ്ങളെയും ഒന്നിച്ചുചേർത്തുകൊണ്ടുള്ള ഗതിയാണ് ‘ആത്രേയക’ത്തിന്റെ വ്യതിരിക്തത എന്നാണ്. 

          ജർമ്മൻ ഗ്രീറിന്റെ ‘ഫീമെയിൽ യൂനക്കി’നെ (1970) ഇവിടെ ഓർക്കുന്നത് ഉചിതമായിരിക്കും. സാമൂഹികമായും സാംസ്കാരികമായും അടിച്ചമർത്തപ്പെട്ട നിലയിലുള്ള സ്ത്രീപദവിയെയാണ് ജെർമെൻ ഗ്രീർ ‘ഫീമെയിൽ യൂനക്ക്’ എന്ന സങ്കല്പനംകൊണ്ട് വിശേഷിപ്പിച്ചത്. സ്വയം പ്രകാശനത്തിനോ നിർവാഹകത്വത്തിനോ അവസരമില്ലാതെ, ജീവിതത്തിൽ സ്വയം അധികാരശൂന്യമായ അവസ്ഥ അനുഭവപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയായി അവതിനെ വിഭാവന ചെയ്തു.  സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് പെരുമാറാനും പ്രകടനം നടത്താനുമുള്ള സമ്മർദ്ദം രൂപകപരമായി സ്ത്രീകളെ ‘ലിംഗഛേദന’ത്തിനു വിധേയരാക്കുന്നു എന്നാണ് ഗ്രീറിന്റെ വാദം. എല്ലാവർക്കും അറിയാവുന്ന ആശയങ്ങൾ അവതരിപ്പിക്കുകയും ഈ അവസ്ഥകൾ മാറുന്നതിനുള്ള ആശയമൊന്നും അവതരിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്ന പേരിൽ ഗ്രീറിന്റെ പുസ്തകത്തെ മാർക്സിസ്റ്റ് ചിന്തകയായ എവ്‌ലിൻ റീഡ്  (1971) തള്ളിക്കളയുന്നുണ്ടെങ്കിലും, (നിരമിത്രന്റെ ആത്യന്തികമായ പരാജയം ആ വാദത്തെയും ഈ അവസരത്തിൽ പ്രസക്തമാക്കുന്നു) സങ്കല്പം എന്ന നിലയ്ക്ക് ‘ഫീമെയിൽ യൂനക്’ നിരമിത്രന്റെ സൃഷ്ടിയിൽ  ബോധപൂർവമോ അബോധാത്മകമായോ ചെലുത്തുന്ന സ്വാധീനത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല. ശരീരത്തിന്റെ ആണത്താകാംക്ഷകളെ തള്ളിക്കളയുന്ന രീതിയിൽ അവസാനം ‘അയാൾ’ പൂർണ്ണമായും അമ്മയുടെ മാനസികനിലയിലേക്ക്  മാറുന്നുമുണ്ട്.

“ഉടലിലെയും ഉയിരിലെയും ശക്തിമുഴുവൻ സംഭരിച്ച് കൃഷ്ണയുടെ രാജകുമാരന്മാരുടെ ശയ്യയിലേക്ക് നിരമിത്രൻ ഇഴഞ്ഞെത്തി.  നിശ്ചലരായ ഓരോരുത്തരെയും തൊട്ടു നോക്കി.

എന്റെ കുഞ്ഞുങ്ങൾ ഭയക്കരുത്. ഞാൻ കാവലുണ്ട്.

അയാൾ അതീവ ദുർബലമായ സ്വരത്തിൽ പറഞ്ഞു.” (പുറം 382)

          അന്ത്യഭാഗത്ത് അയാൾക്കുണ്ടാകുന്ന ഈ മാറ്റം, കഥയുടെ തുടക്കത്തിൽ തന്റെ കുഞ്ഞിനെ വേദനിപ്പിച്ച ജനമേയന്റെ സഹോദരന്മാരോട് ചീറുന്ന സരമയുടേതിനു തുല്യമാണ്. സരമയുടെ കത രാജശ്രീ നോവലിന്റെ ആമുഖകഥയായാണ് നൽകിയിരിക്കുന്നത്. നോവലിനുള്ളിൽ അതിനു പ്രസക്തി കൈവരുന്ന സന്ദർഭമാണ് മുകളിൽ എടുത്തെഴുതിയത്. അതീവദുർബലനും(യും) ആസന്നമരണനും(യും) ആയതിനാൽ അയാൾ സരമയെപ്പോലെ തന്റെ ജീവിതത്തിലെ അവസാനശത്രുവിനെ  ശാരീരികമായോ (യുദ്ധംകൊണ്ടോ) മാനസികമായോ (ശാപം കൊണ്ടോ) മറികടക്കുന്നില്ല.  സഹോദരിയായ കൃഷ്ണയുടെ മക്കൾ, ഒരർത്ഥത്തിൽ അയാളുടെതന്നെ മക്കളാണ്. അവരെ കൊലയിൽനിന്നു സംരക്ഷിക്കാനും അവരുടെ അഭിമാനം വീണ്ടെടുക്കാനും കഴിയാതെപോയതിലുള്ള കുറ്റബോധവും ആസന്നനിമിഷത്തിൽ പ്രകാശിതമാകുന്ന വാത്സല്യവും അയാളെ പരാജയപ്പെട്ട മറ്റൊരു ‘സരമ’യുടെ അപരസ്വത്വയാക്കിത്തീർക്കുന്നു. 

          ‘ആത്രേയക’ത്തിലെ ഇള, നിരമിത്രൻ, ചിത്രാംഗദ - ഈ കഥാപാത്രങ്ങൾക്കും അവയുടെ മഹാഭാരതപശ്ചാത്തലങ്ങൾക്കും ഉള്ള ലിംഗപരമായ അസ്ഥിരത വ്യത്യസ്തമായ നിലകളിലുള്ളതാണെങ്കിലും സ്ത്രൈണമായ അവസ്ഥകളിലാണ് അവയുടെ ആത്യന്തികമായ വിശ്രാന്തി. ഇരാവാന്റെ പ്രാദേശികപാഠത്തിലുള്ള സ്വവർഗലൈംഗികതയും ചേർത്തുവയ്ക്കാം. ഇളയുടെ പൂർവകഥയിലെ ഉഭയലിംഗത്വം, ശിഖണ്ഡിയുടെ ലിംഗമാറ്റം, വിദുരരുടെ ധർമ്മചിന്ത ഒഴിയാത്ത ശാപഗ്രസ്തമായ ശൂദ്രത്വം, ചിത്രാംഗദയുടെ പ്രകടനപരമായ ലിംഗാന്തരത്വം - ഇവയെല്ലാം അനിവാര്യമായ വ്യക്തിദുരന്തത്തിലേക്കുള്ള വഴിത്താരകളായിത്തീരുകയാണ്. ഭൂമി എല്ലാവർക്കും സുന്ദരമല്ലെന്ന് മനസിലാക്കാൻ ശൂദ്രൻ, സ്ത്രീ, നപുംസകം -ഇതിലേതെങ്കിലും ഒന്നായി ജനിക്കണമെന്ന് മാണ്ഡവ്യൻ ധർമ്മദേവനെ അറിയിക്കുന്നതായി നോവലിലുണ്ട്. അതിനോടൊപ്പം ചിത്രാംഗദയും ഹിഡുംബിയും ഉലൂപിയും ഇരാവാനും ഘടോത്കചനും പ്രതിനിധീകരിക്കുന്ന പർവത-കാനന ഭൂമികളിലെ, സഹനശക്തിയും വിധേയത്വവും കൈമുതലായുള്ള കരുത്തരായ അരികുജീവിതങ്ങളെയും ചേർത്തു പിടിച്ചുള്ള മറ്റൊരു ഭാരതഗാഥയായി ‘ആത്രേയകം’ മാറുന്നു.  ന്യൂനപക്ഷാത്മകത (മൈനോരിറ്റി) എന്നു വിളിക്കാവുന്നതരത്തിൽ അടിസ്ഥാന പരമായി, സ്ത്രൈണതയിലേക്ക് കുതിക്കുന്ന ജീവിതാവേഗങ്ങളുടെ പരാജയം ഏതു ശാരീരികാവസ്ഥയിലും  സ്വാഭാവികമാണെന്ന് കാണിച്ചുതരികയാണ് ‘ആത്രേയകം’ ചെയ്യുന്നത്. സ്ത്രൈണത ഒരു ശാരീരിക നിലമാത്രമല്ലെന്ന നിലപാടാണ് അതിന്റെ അടിത്തറ.

          ആത്രേയകം എന്ന സാങ്കല്പിക ഇടത്തിന്റെ മധ്യസ്ഥനിലയെ ഭൂമിശാസ്ത്രപരം മാത്രമല്ല. ആൺ-പെൺ സ്വത്വങ്ങൾക്കിടയിലെ പരിവർത്തന സ്ഥലമെന്ന നിലയ്ക്കും ബോധാബോധങ്ങൾക്കിടയിലെ ‘സൂപ്പർ ഈഗോ’ എന്ന ഊർജ്ജത്തിന്റെ പ്രവർത്തന സ്ഥലമെന്ന നിലയ്ക്കും മനശ്ശാസ്ത്രപരമായും മനസിലാക്കാവുന്നതാണ്. മാത്രമല്ല ‘ആത്രേയകം’ എന്ന നോവലിന്റെ ശില്പപരമായ ഘടനയിൽപോലും കടന്നുകയറി പ്രവർത്തിക്കുന്നതരം പ്രാധാന്യവും ആ ഇടഭൂമിയ്ക്കുണ്ട്.  അങ്ങനെ ഭൂമിശാസ്ത്രപരമായി പ്രകൃതിയിൽ പുറത്തും മാനസികമായി വ്യക്തിയുടെ അകത്തുമുള്ള ഇടനിലകളെ അവതരിപ്പിക്കുന്നു എന്ന പ്രാധാന്യവും ആത്രേകത്തിനുണ്ട്.  

 

https://madismdigital.com/think-piece/art-and-literature/athreyakam-book-review-by-r-p-sivakumar 7/10/2026