October 26, 2026

കഴുകിത്തുടച്ച യുദ്ധഭൂമികകൾ

         

അന്യാപദേശങ്ങൾ, അവ എല്ലായ്പ്പോഴും നമ്മോടുകൂടെയുണ്ട്, രാഷ്ട്രീയത്തിൽ, ആഖ്യാനശാസ്ത്രത്തിൽ, നിത്യജീവിതത്തിൽ, ‘സാമാന്യബോധ’ത്തിൽ.

-ഫ്രെഡ്രിക് ജെയിംസൺ (അലിഗറി ആൻഡ് ഐഡിയോളജി, 2019)

 

          ആനപ്പകയുടെ കഥയാണ് സി അനൂപിന്റെ ‘വിശുദ്ധയുദ്ധം’ പറയുന്നത്. ആനകഥ കളുടെ പൊതു പശ്ചാത്തലത്തിനു വിരുദ്ധമായി കാടിനെ പ്രവർത്തനസ്ഥലമാക്കുന്ന കൊമ്പ നാണ് നോവലിലുള്ളത്. വാമൊഴിചരിത്രങ്ങളിലും ഐതിഹ്യകഥകളിലും ഗുണപാഠ കഥക ളിലും മാനുഷികമായ ശേഷികളുടെയും ഭാവങ്ങളുടെയും വിപുലീകരണമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന ഗജഭാവനകളുടെ കർമ്മമേഖല ജനപദങ്ങളാണ്. നഗരമോ ഗ്രാമമോ ആയ ജനവാസവ്യവസ്ഥകളിലേക്ക് ഇറങ്ങിവരുന്ന ആനകളാണ് സാഹിത്യത്തിൽ കൂടുതൽ. ജനങ്ങൾക്കിടയിൽ ശാരീരികമായും മാനസികമായും അവർക്കെത്താവുന്ന പരമാവധി ശേഷികളുടെ മൂർത്തരൂപങ്ങളായി കരയിലെ ഏറ്റവും വലിപ്പമുള്ള ജന്തുക്കൾ മാറുന്നു. അങ്ങ നെയല്ലാതെ ആ പെരുമ്പടപ്പുകളെ മെരുക്കിയെടുത്ത് വിധേയരാക്കുന്ന കഥകളിലും ആത്യ ന്തികമായി പ്രഘോഷിപ്പിക്കപ്പെടുന്നത് മാനുഷികമായ കരുത്താണ്.

          പഴപ്പടലയ്ക്കായി നീട്ടിയ തുമ്പിക്കൈയിൽ സൂചികൊണ്ടു കുത്തി രസിച്ച തയ്യൽക്കാരനെ മര്യാദ പഠിപ്പിച്ച പഴയ ഗുണപാഠകഥയിലും കൊട്ടാരത്തിൽ ശങ്കുണ്ണിയെഴുതിയ കൊട്ടാരക്കര ചന്ദ്രശേഖരൻ എന്ന ആനയുടെ വിസ്മയകഥയിലും പകയെന്ന വികാരം ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും കേന്ദ്രസ്ഥാനത്തുണ്ട്. ജന്തുത്വത്തെ ഉറപ്പിക്കുന്നതാണ് അതിന്റെ പ്രാഥമികതലം. പറമ്പിൽ കെട്ടിയിരുന്ന ആനയെ കുട്ടിക്കാലത്ത് കൗതുകത്തിനു കല്ലെറിഞ്ഞ കുട്ടിയെ നാല്പതു വർഷങ്ങൾക്കുശേഷം ആറാട്ട് ഘോഷയാത്രയ്ക്കിടയിൽ ആൾക്കൂട്ടത്തിനുള്ളിൽ കണ്ടെത്തി വായിൽ സൂക്ഷിച്ചുവച്ചിരുന്ന അതേ കല്ലുകൊണ്ടെറിഞ്ഞ് കാലൊടിച്ച അദ്ഭുതകരമായ ഓർമ്മശക്തിയുടെയും പ്രതികാരത്തിന്റെയും കഥയായി  വൈക്കം ചന്ദ്രശേഖരനെക്കുറിച്ചുള്ള വിവരണം മുന്നേറുമ്പോൾ വിവക്ഷകളും മാറുന്നു. രണ്ടാം പാപ്പാനായ കൊച്ചുകുഞ്ഞിനെ മരത്തിലടിച്ചു കൊന്ന ഹിംസയുടെ ചരിത്രംകൂടി വൈക്കം ചന്ദ്രശേഖരന്റെ ജീവിതരേഖയിലുണ്ട്. ഒന്നാം പാപ്പാനായ രാമശ്ശാരോട് അഹിതമായി പെരുമാറിയെന്ന ചെറിയൊരു പ്രകോപനത്തിന്റെ ഫലമായാണ് ആ കൊല. കാർത്തിക തിരുന്നാളിന്റെയും പിന്നീട് സ്വാതി തിരുന്നാളിന്റെയും മുന്നിൽ ചെല്ലുമ്പോഴൊക്കെ ചന്ദ്രശേഖരൻ പാപ്പാന്റെ നിർദ്ദേശമൊന്നും ഇല്ലാതെ മുട്ടുകുത്തി നമസ്കരിച്ചിരുന്നുവത്രേ. തന്നെ ഉപദ്രവിച്ച കുട്ടിയെ എറിയാനായി നാല്പതു വർഷക്കാലം വായിൽ ഒളിപ്പിച്ചുവച്ചിരുന്ന കല്ല്, പ്രതികാര നിർവഹണത്തിനുശേഷം ആന സ്വാതിതിരുന്നാളിനു കാഴ്ചവയ്ക്കുന്നുണ്ട്. അത് വിലപിടിപ്പുള്ള രത്നമായിരുന്നുവെന്നും രാജാവ് അത് സ്വർണ്ണം കെട്ടിച്ച് മാലയാക്കിയെന്നുമാണ് കഥ. അതോടെ പ്രതികാരത്തിനായി കാത്തുവച്ച ഉപകരണം എന്ന പദവിവിട്ട് ആ കല്ല്, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആഖ്യാനത്തിൽ, വസ്തുക്കളുടെ മൂല്യത്തെ സംബന്ധിച്ച് ഉയർന്ന ധാരണയുള്ള മസ്തിഷ്കത്തെ അടുത്തറിയാനുള്ള ഉപാധിയുംകൂടി യാകുന്നു. മനുഷ്യസമൂഹത്തിലെ വസ്തുമൂല്യമാണ് മൃഗമായ ആന മനസിലാക്കിവച്ചതെന്ന  കാര്യം എടുത്തു പറയേണ്ടതുണ്ട്. രത്നക്കല്ല് വർഷങ്ങളോളം സൂക്ഷിച്ചുവച്ചു, രാജാവായ സ്വാതിതിരുന്നാളിനു കാഴ്ചവയ്ക്കാൻ കാണിച്ച ഔചിത്യത്തിലും പാപ്പാനായ രാമശ്ശാരോടുള്ള അനുസരണയിലും അയാളോട് പ്രകടിപ്പിക്കുന്ന വിധേയത്വത്തിലും സ്നേഹത്തിലും, ദാഹിച്ചു അവശനായിരുന്ന സമയത്ത് വെള്ളം നൽകിയെന്ന പേരിൽ ഒരു മുഹമ്മദീയ സ്ത്രീയോടും കുടുംബത്തോടും ആ ജീവനാന്തം കാണിച്ച പരിഗണനയിലുമുള്ള സഹാനുഭൂതിയും കാരുണ്യവും – ഇങ്ങനെ മാനുഷികമായ ഗുണഭാവങ്ങളുടെയെല്ലാം കേന്ദ്രീകൃതരൂപമായി ചന്ദ്രശേഖരനെന്ന ആനയെ അവതരിപ്പിക്കുകയായിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണി. അതിശയോക്തിപരമായ ഈ വിവരണത്തിന്റെ നല്ല പങ്ക്, ജന്തുമൃഗാദികളെ സംബന്ധിച്ച പരമ്പരാഗത വിശ്വാസങ്ങൾ കുടിയിരിക്കുന്ന ഭാവനാത്മകലോകത്തിനകത്താണ് പ്രവർത്തിക്കുന്നത്. ‘അന്ധർ ആനയെ കണ്ടതുപോലെ’യെന്ന ശൈലി നോക്കുക. ആനയുടെ വലിപ്പത്തെയും വൈവിധ്യത്തെയും സംബന്ധിച്ച ഒരു പിടികിട്ടായ്കയുണ്ട് അതിൽ. സാമൂഹികസങ്കല്പങ്ങളുടെ ദുരൂഹതയോടുള്ള മനോഭാവത്തെ സാഹിതീയമായി പരിഭാഷപ്പെടുത്താനുള്ള ത്വരയാണ് പലപ്പോഴും വാങ്മയ രൂപകല്പനയിലെ ചമത്കാരമായിത്തീരുന്നത്.  

          ഉണ്ണികൃഷ്ണൻ പുതൂരിന്റെ നോവൽ ‘ആനപ്പക’, വൈലോപ്പിള്ളിയുടെ കവിതയായ ‘സഹ്യന്റെ മകൻ’ തുടങ്ങി, വ്യക്തിസംഘർഷങ്ങൾ കേവലാവസ്ഥവിട്ട് ആനവലിപ്പമാർജ്ജിക്കുന്ന വിഭാവനയുടെ മറ്റുദാഹരണങ്ങളും മലയാളസാഹിത്യത്തിലുണ്ട്. മനോഹരൻ വി പേരകത്തിന്റെ ‘ആനക്കലി’യാണ് ഏറ്റവും പുതിയ ഉദാഹരണം. ആന ഒരു പുറംജീവിയാണ്. മെരുക്കിയും മോടിപിടിപ്പിച്ചും തൊഴിലിലും യുദ്ധത്തിലും പ്രകടനത്തിലും ഒഴിവാ ക്കാനാവാതെ കൂടെകൊണ്ടുനടന്ന മൃഗം, മനുഷ്യരുടെ പ്രതീകമാകുന്നത് സ്വാഭാവികമാണ്. മനുഷ്യരിൽ ആനയെ എന്നപോലെ ആനയിൽ മനുഷ്യരെയും പ്രതിഫലിച്ചു കാണാനുള്ള കൗതുകമാണ് മേൽപ്പറഞ്ഞ ആവിഷ്കാരങ്ങളുടെ പൊതുയിടം. ജനിച്ചുവീണ കാടിന്റെ ഓർമ്മകളിലേക്കുള്ള മടക്കയാത്രയും തളച്ചിട്ടതും ഒറ്റപ്പെട്ടതുമായ അവസ്ഥയിൽ ദമിതമായ കാമവും ചേർന്ന് സസ്യാഹാരിയായ സാധുജന്തുവിന്റെ വർത്തമാനത്തെ ഹിംസാത്മ കമാക്കുന്ന പരിവർത്തനമാണ് പൊതുവേ ആനക്കഥകളുടെ കളം. സി അനൂപിന്റെ നോവൽ, ‘വിശുദ്ധയുദ്ധം’ നേരെ മറിച്ച് അവയുടെ അധിവാസമേഖലയിലേക്ക് കടന്നു കയറുന്ന മനുഷ്യരെപ്പറ്റിയാണ് ആലോചിക്കുന്നത്. സംസ്കാരത്തിന്റെയും പരിഷ്കാരത്തി ന്റെയും ഇടമായ നാടിനും നഗരത്തിനും, പ്രാകൃതചോദനകളുടെ ഇടമായ കാടിനുംതമ്മിലുള്ള അപരത്വത്തെ ‘വിശുദ്ധയുദ്ധം’ തിരിച്ചിടുന്നു. മൃഗങ്ങളുടെ അധിവാസ ഇടങ്ങളിലേക്ക് കയറിച്ചെല്ലുന്ന മനുഷ്യരുടെ പ്രാകൃതവാസനകളെ കാട്ടുമൃഗമായ ആനയുടെ ധാർമ്മിക വിവേകത്തിനും വിവേചനത്തിനും മുന്നിൽ നിർത്തി വിചാരണ ചെയ്തുകൊണ്ടാണിതു സാധ്യമാക്കുന്നത്. നോവലിലെ കൊമ്പന്റെ കാട് ഭൗമരാഷ്ട്രീയ സങ്കല്പങ്ങളനുസരിച്ച് അടഞ്ഞ ദ്വീപിന്റെ സവിശേഷതകൾ ഒത്തിണങ്ങിയ സാങ്കല്പിക ഇടംകൂടിയാണ്. അതിന്റെ അതിരായി കടലുണ്ട്, മലകളും പാറകളും തടാകവും, കേരളത്തിലെയോ ഇന്ത്യയിലെയോ കാടുകളുടെ ആവാസവ്യവസ്ഥയ്ക്കു നിരക്കാത്ത മട്ടിലുള്ള ജന്തുവിഭാഗങ്ങളുമുള്ള ഭൂഭാഗമാണ്. കാടിന്റെ അസ്തിത്വത്തെ നിർവചിക്കുന്ന മരങ്ങളെയോ ചെടികളെയോപ്പറ്റിയുള്ള വിശദാംശ ങ്ങൾ കുറവാണെന്ന കാര്യവും ‘സാങ്കല്പിക ഇടം’ എന്ന വസ്തുതയെ കൂടുതൽ ഉറപ്പിക്കുന്നു. കാടെന്ന ഭൗതികയാഥാർത്ഥ്യം നോവലിൽ അത്ര പ്രസക്തമല്ലാതായിത്തീരുന്നതിനുള്ള കാരണം, വ്യക്തിയിലേക്ക് ആദേശം ചെയ്യുന്ന ഓർമ്മകളുടെ സമാഹാരമായി സംവിധാനം ചെയ്ത ‘വിശുദ്ധയുദ്ധ’ത്തിന്റെ ആസൂത്രണയുക്തിയാണ്. ഓർമ്മകളാണ് കൊമ്പനെ സാധ്യമാക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഘടകം; സ്ഥലമല്ല. ഓർമ്മകളുടെ സക്രിയമായ സാന്നിദ്ധ്യം അവനെ സംസ്കാരിയായ ആധുനിക വ്യക്തിയാക്കിത്തീർക്കുന്നു.  അവന്റെ എതിരാളികളായ മനുഷ്യർ അപരിഷ്കൃതരും പെരുമാറ്റവൈകല്യങ്ങളുള്ള അമാന്യരുമാകുന്നു. ‘സംസ്കാരങ്ങൾ നിലനിൽക്കുന്നത് ഓർമ്മകളിലൂടെയാണ്’ എന്നാണ് സാമൂഹികപ്രതിഭാസമെന്ന നിലയിൽ അവയെ വിശകലനം ചെയ്തുകൊണ്ട് സാംസ്കാരിക സ്മരണാപഠനങ്ങളും (കൾച്ചറൽ മെമ്മറി സ്റ്റഡീസ്) വ്യക്തമാക്കിത്തരുന്നത്. ‘അധിനിവേശത്തെയും ചൂഷണത്തെയും പശ്ചാത്തലമാക്കുന്നതുകൊണ്ടും ആനയെപ്പറ്റിയുള്ള സ്മൃതി മലയാളിപാരമ്പര്യത്തിന്റെ സജീവഭാഗമായതുകൊണ്ടും ആനയുടെ ഓർമ്മകൾക്ക്, ആനയെപ്പറ്റിയുള്ള ഓർമ്മകൾക്കെന്നപോലെ കൂട്ടുസ്വഭാവവും (കളക്ടീവ്) കൈവരുന്നു.

          പ്രതികാരകഥകളുടെയെല്ലാം വിഭാവകം സ്മരണകളാണ്. അമ്മയെ വാരിക്കുഴിയിൽ വീഴ്ത്തി ഉപദ്രവിച്ച ഒൻപതുപേരോടുള്ള പക പത്തു പന്ത്രണ്ടു വർഷങ്ങൾക്കുശേഷം വീട്ടുന്ന മകന്റെ പ്രവൃത്തിയാണ് ‘വിശുദ്ധയുദ്ധം’. ആ കാലത്തിനിടയ്ക്ക് കുട്ടിയായിരുന്ന ആന, സ്വയം പര്യാപ്തനും വിവേകിയുമായ കൊമ്പനായി വളരുന്നു. അവനോടൊപ്പം മങ്ങാതെ നിലനിൽ ക്കുന്ന ഓർമ്മയെയും പ്രതികാരനിർവഹണത്തിനുള്ള സ്ഥൈര്യത്തെയും ആനയുടെ ശിരസ്സി ന്റെ വലിപ്പത്തിലേക്ക് ആദേശം ചെയ്യുന്നതിലൂടെ നോവലിന്റെ ആലങ്കാരികതലത്തിലേ ക്കുള്ള ഒന്നാം ഘട്ടം തുറക്കുന്നു. ഹിംസയാണ് ‘വിശുദ്ധയുദ്ധ’ത്തിലെ പ്രധാന കർമ്മഭാഗം. അമ്മയാനയും അതിന്റെ കുട്ടിയും ഹരിതപ്രകൃതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്ത ലത്തിൽ കഴിഞ്ഞുകൂടുന്ന പറുദീസ വളരെ പെട്ടെന്ന് അവസാനിച്ചു പോവുകയും മനുഷ്യർ ആനയോടു ചെയ്യുന്നതും ആന മനുഷ്യരോടു ചെയ്യുന്നതുമായ കൃത്യങ്ങളിലെല്ലാം ചോരയും വേദനയും കലരുകയും ചെയ്യുന്നതുമാണ് നോവലിൽ തുടർന്നു കാണുന്നത്. മനുഷ്യരിലെ സഹജീവികാരുണ്യം ബുദ്ധിപരമായ മുന്നോക്കാവസ്ഥയോടൊപ്പം, മിന്നായംപോലെ തെളിയുന്ന വളരെ അപൂർവം സന്ദർഭങ്ങൾ നോവലിൽ ഇല്ലാതില്ല. മനുഷ്യർ ക്രൂരതയുടെയും ചൂഷണത്തിന്റെയും സംവർഗമായി പ്രതിസ്ഥാനത്തിനിൽക്കുമ്പോഴും, സ്വമേധയാ മരത്തിൽ കയറി കിളിക്കുഞ്ഞുങ്ങളെ പാമ്പിൽനിന്ന് രക്ഷിക്കുന്ന മനുഷ്യനെക്കുറിച്ചുള്ള പരാമർശം വരുന്നിടത്ത്, (ആറാം അദ്ധ്യായം) ദയാവായ്പെല്ലാം നശിച്ചു പോയിട്ടില്ലാത്ത എതിർവർഗത്തെ ആനയുടെ കണ്ണിൽക്കൂടിത്തന്നെ കാട്ടിത്തരാനുള്ള വ്യഗ്രത നോവലിസ്റ്റ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അത്തരം ലൗകികതകൾ പ്രതികാരസന്നദ്ധതയെ ബാധിക്കാതിരിക്ക ത്തക്കവിധത്തിൽ ഉടനെ മനസിനെ കൊമ്പൻ ദൃഢമാക്കിക്കൊണ്ടാണ് നിശ്ചയിച്ചുറപ്പിച്ച ആക്രമണദൗത്യങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത്. ക്രൂരതകൾക്കു മുന്നിൽ നിർമമ്മനായി നിൽക്കാനുള്ള സ്വയം അനുശാസനത്തിന്റെ ഈ നിലപാട് ‘വിശുദ്ധയുദ്ധ’ത്തിന്റെ ആഖ്യാന ഘടനയിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും സാമൂഹികജീവിതത്തെയും താങ്ങിനിർത്തുന്ന മൂല്യങ്ങളെപ്പറ്റിയുള്ള പുനർവിചാരണകൾക്കായി നോവലിനുള്ളിലെ കർമ്മപദ്ധതികൾ കൂട്ടുപിടിക്കുന്നത് ഹിംസ യെയാണ് എന്ന ഒരു വൈരുദ്ധ്യമുണ്ട്. സാമൂഹികജീവിതത്തിനു തീർത്തും അപരിചിതമല്ലാത്ത ഈ ഇടച്ചിലാണ് നോവലിനുള്ളിലെ സംഘർഷത്തെയും നിലനിർത്തുന്നത്.

          ശാരീരികമായ പീഡനങ്ങളുടെയും കൊലകളുടെയും കർമ്മമേഖലയെ ‘വിശുദ്ധ’മെന്ന വിശേഷണംകൊണ്ട് സ്ഥാനപ്പെടുത്തുന്നതിനു പിന്നിലുള്ളത്, മാനുഷികമായ മൂല്യങ്ങളെ പ്പറ്റിയുള്ള ദൃഢവിശ്വാസങ്ങളാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. അമ്മയെന്ന ബന്ധത്തിന്റെ പാവനതയെ അടിസ്ഥാനമാക്കി നോവലിലെ മൂല്യവിചാരം മുന്നോട്ടു നീങ്ങുന്നു. നിസ്സഹായമായ സ്ത്രീജീവിതത്തെപ്പറ്റിയുള്ള മുൻധാരണ അടിയൊഴുക്കായും ലൈംഗികസദാചാരം, ജീവരക്ഷ, സഹാനുഭൂതി, കാരുണ്യം, ബോധനം, വിനയം തുടങ്ങിയവ അതിന്റെ സഹചാരികളായും കൂടെയുണ്ട്. ഇല്യാസിനെയും തങ്കരാജിനെയും കൊക്കയിലേക്ക് തള്ളിയിട്ടു കൊല്ലാൻ കൊമ്പനു പ്രേരണ, പ്രണയിച്ച പെൺകുട്ടിയോട് മരണാവസ്ഥയിലും അവർ കാട്ടിക്കൂട്ടുന്ന അതിക്രമമാണ്. (അദ്ധ്യായം 4) പെൺകുട്ടിയെ ചതിച്ചു മരണാവസ്ഥയിൽ എത്തിച്ച ഇല്യാസ് അവളെ പ്രാപിക്കാൻ തങ്കരാജിനെ അനുവദിക്കുന്നതിൽ ജീവിതവൈരുദ്ധ്യങ്ങളുടെ സങ്കീർണ്ണഭാവവുമുണ്ട്. കൂട്ടുകാരനോടുള്ള ഉദാരത, കൂട്ടുകാരിയോട് അയാൾക്കില്ല. അവളെ രക്ഷപ്പെടുത്തണമെന്ന കൊമ്പന്റെ ആഗ്രഹത്തിന്റെ ഫലപരിണാമം കഥ വ്യക്തമാക്കുന്നില്ല. അവിടെ ആനയുടെ നായകത്വത്തിനാണ് പ്രത്യേക ഊന്നൽ. കിളിക്കുഞ്ഞുങ്ങളെ രക്ഷിക്കുന്ന മനുഷ്യനോടുള്ള ആനയുടെ അഭിമതത്തിനു പിന്നിൽ കുഞ്ഞുങ്ങളെ നോക്കി കരഞ്ഞു പറക്കുന്ന അമ്മപ്പക്ഷിയുടെ നിസ്സഹായതയോടുള്ള സഹഭാവമുണ്ട്. വാരിക്കുഴിയിൽ വീണ തള്ളയാനയെപ്പറ്റിയുള്ള വെള്ളയന്റെ അശ്ലീല പരാമർശത്തിലാവട്ടെ (‘പൊള്ളിപ്പഴുത്താൻ കൊമ്പന്മാരുമായി ഇണച്ചേരുമ്പോൾ കമ്പം കിട്ടില്ല’ – അദ്ധ്യായം 3) അയാളുടെ തെമ്മാടിത്തരത്തെയും ശിക്ഷ ഏറ്റുവാങ്ങാനുള്ള അർഹ തയെയും ഉറപ്പിക്കുന്ന തരത്തിലുള്ള മാനുഷികമായ ലൈംഗിക സദാചാരപരതയ്ക്കു നേരെയുള്ള വെല്ലുവിളിയും. നിരാലംബത്വത്തിനുള്ള കാവലായി ആദ്യ രണ്ടു സംഭവങ്ങളിലും കൊമ്പന്റെ നായകത്വഘടകം പ്രവർത്തിക്കുന്നു. മൂല്യവിചാരത്തിൽ അധിഷ്ഠിതമായ രക്ഷാകർത്തൃത്വമാണ് മൂന്നാമത്തേതിൽ.

           മാനുഷികമായ ധാർമ്മിക-നൈതികബോധത്തിന്റെ മൂർത്തവും വിപുലീകൃതവുമായ ആവിഷ്കാരമെന്ന നിലയിൽ ആന, കാനനജീവിതത്തിന്റെയോ ജന്തുസഹജതയുടെയോ യഥാതഥമായ ആവിഷ്കാരമല്ല. തത്ത്വവിചാരങ്ങളും സൗന്ദര്യസങ്കല്പങ്ങളും ജീവിതനിരീക്ഷ ണങ്ങളുംകൊണ്ട് മുഖരമായ മനസ്സിനുടമയായ അവൻ  ആധുനികബോധവും ബോധ്യങ്ങളും കുഴമറിഞ്ഞ ഏകാകിയായ മനുഷ്യസത്തയുടെ പ്രച്ഛന്നരൂപമാണ്. നോവലിൽ ഉടനീളം തുടരുന്ന സ്വഗതാഖ്യാനപരമായ വിവരണങ്ങൾ, കൂട്ടത്തിൽനിന്നും വിടുതൽ നേടി ഒറ്റയ്ക്ക് ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ പുറപ്പെട്ട ആധുനികവ്യക്തിയുടെ ആവിഷ്കാരസന്നാഹങ്ങളുമാണ്. കാലികമനുഷ്യരുടെ വൈകാരികസങ്കീർണ്ണതകൾക്ക് ഉപാധികൾ തേടി പൗരാണിക കഥകളിലേക്ക് തീർത്ഥാടനം നടത്തിയ സാഹിത്യാധുനികതയുടെ അനുബന്ധമാണ് ‘വിശുദ്ധയുദ്ധ’ത്തിലെ പകയുടെ കഥ. പുരാണത്തിനും ഇതിഹാസത്തിനും പകരം അനൂപ് സഞ്ചരിക്കുന്നത് പ്രാദേശികമായ വിശ്വാസങ്ങളുടെയും വാമൊഴിക്കഥകളുടെയും ജനപ്രിയമായ ഈടുവയ്പുകൾ തേടിയാണെന്ന വ്യത്യാസമേയുള്ളൂ. കൊട്ടാരക്കര ചന്ദ്രശേഖരന്റെ കഥ, നോവലിന്റെ പൂർവപാഠമാകുന്ന പ്രകരണം ഇതാണ്. വാരിക്കുഴിയുടെ രാജ്യാതിർത്തിയെ സംബന്ധിച്ച തർക്കത്തിൽനിന്നാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആനക്കഥ ആരംഭിക്കുന്നത് എന്ന യാദൃച്ഛികതയും ആലോചിക്കാവുന്നതാണ്.

          1. ഒൻപതു വയസ്സുള്ള ഉണ്ണിക്ക് വ്യാസൻ പറഞ്ഞുകൊടുക്കുന്ന രചനാരഹസ്യത്തെ പ്പറ്റിയുള്ള തത്ത്വവിചാരകഥ 

2. അമ്മയെ വാരിക്കുഴിയിൽ ചതിച്ചു വീഴ്ത്തികൊണ്ടുപോയ ക്രൂരരായ മനുഷ്യർക്കെതിരെ ആനയുടെ പകയെ മുൻനിർത്തുന്ന പ്രതികാരകഥ 

3. മാനുഷിക മൂല്യങ്ങളെയും നൈതികതയെയും ഉള്ളടക്കുന്ന അന്യാപദേശകഥ – എന്നിങ്ങനെ മൂന്നു തലങ്ങളിൽ ഇഴപിരിച്ചെടുക്കാവുന്ന ആഖ്യാനഘടനയിലാണ് ‘വിശുദ്ധയുദ്ധം’ സംവിധാനം ചെയ്തിരിക്കുന്നത്. എട്ടു കൊലകൾ നടത്തുകയും (ഇവരിൽ എറോണിയാസ്, മത്യാസ്, പനീർശെൽവം എന്നിവരുടെ കൊലയിൽ കൊമ്പനു നേരിട്ടു പങ്കില്ല.  അവരുടെ മരണ ത്തിനു പ്രേരണയാകുന്നു എന്നുമാത്രമേയുള്ളൂ. സന്ദർഭവശാൽ ഇല്യാസിന്റെയും തങ്കരാജിന്റെയും മരണത്തിനു കാരണമാവുകയും ചെയ്യുന്നു) മുഖ്യപ്രതിയോഗിയായ ഭൈരവനെ കൊല്ലുന്നതിനു മുൻപ് മദമിളകി ഭ്രാന്തനായി പോയതിനാൽ പ്രതികാരനിർവഹണത്തെ അതിന്റെ പരിപൂർത്തിയിലെത്തിക്കാൻ കഴിയാതെ പരാജിതനാവുകയും ചെയ്ത ഒറ്റയാന്റെ കഥയെ ഉത്തരമില്ലാത്ത സമസ്യയിൽകൊണ്ടുചെന്ന് അവസാനിപ്പിക്കുകയാണ് വ്യാസൻ ചെയ്യുന്നത്. ഉണ്ണിയുടെ ചോദ്യം കൊമ്പന്റെ കർമ്മദൗത്യത്തെപ്പറ്റിമാത്രമല്ല, കഥപറയലിന്റെ (രചനയുടേയും) നിർവഹണസന്ധിയെപ്പറ്റിയുമാണ്. കഥയുടെ ജൈവികശരീരത്തിന്റെ വളർച്ചയെപ്പറ്റിയുള്ള വേതാളപ്രശ്നമാണ് ശ്രോതാവായ ഉണ്ണിയുടെ ചോദ്യത്തിൽ കുടുങ്ങി പ്രശ്നത്തിലാകുന്നത്. നോവലിന്റെ വിവൃതമായ അന്ത്യത്തിന് ഒരു കാരണമൊരുക്കുകയാണ് വ്യാസന്റെയും ഉണ്ണിയുടെയും ഉപകഥ. ജീവിതത്തിലെന്നപോലെ കഥകളിലും തീരുമാനിച്ചുറപ്പിച്ച കർമ്മങ്ങൾ പൂർത്തിയാക്കാനാവാതെ കർത്താക്കളെ നിരാലംബരാക്കുന്നത് ആരാണെന്നും എന്താണെന്നുമുള്ള ചോദ്യം, ഐഹികലോകത്തിൽ അതീത സത്തയ്ക്കുള്ള സർവാതിശായിയായ സ്വാധീനത്തെപ്പറ്റിയുള്ളതല്ല. ജീവിതത്തെയും അതിന്റെ ആവിഷ്കാരസമ്പ്രദായങ്ങളെയും നിയന്ത്രിക്കുന്ന ഏജൻസികളെ ഒരുമിച്ചുനിർത്തി കാണാനുള്ള സർഗാത്മകപ്രേരണയ്ക്കാണതിൽ പങ്ക്.

          ജന്തുസമൂഹങ്ങളുടെ പ്രച്ഛന്നതയിലൂടെ മനുഷ്യലോകത്തെ ആവിഷ്കരിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്ന രചനകളുടെ കൂട്ടത്തിലാണ് ‘വിശുദ്ധയുദ്ധ’വും ഉൾപ്പെടുന്നത് എന്നു പറഞ്ഞു. മനുഷ്യരെയും ജന്തുലോകത്തെയും അഭിമുഖം നിർത്തിയുള്ള മേൽ-കീഴ് നിലകളിലുള്ള ചൂഷണാവസ്ഥയുടെ നേർസാക്ഷ്യം അവതരിപ്പിക്കുകയെന്ന ലക്ഷ്യമല്ല നോവലിനുള്ളത്; വൈകാരികജീവിതത്തിന്റെ ആദിമാവസ്ഥയിലേക്ക് പരിഷ്കൃതസമൂഹം മട ങ്ങിപ്പോവുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠകളെ ആധുനികസന്ദർഭത്തിൽ അന്യാപദേശമായി പ്രതിഷ്ഠിക്കുക എന്നതാണ്. സാമ്പ്രദായികരീതിയനുസരിച്ച് അന്യാപദേശകഥകൾക്ക് ഏകമുഖവും ഏകതലവുംമാത്രമാണുള്ളത്. ഗുണപാഠങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കുമുള്ള വാഹകമെന്ന നിലയിൽ അലിഗറികൾക്കുള്ളത് ആഖ്യാനകൗതുകംമാത്രമായിരുന്നു. കലാരൂപങ്ങളെല്ലാം അടിസ്ഥാനപരമായി അവ രൂപംകൊണ്ട സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ വൈരുധ്യങ്ങളെയും അഗാധമായ സ്വാധീനത്തെയും അബോധാത്മകമായി വഹിക്കുന്നു എന്നു കണ്ടെത്തിയ ഫ്രെഡ്രിക് ജെയിംസണെ സംബന്ധിച്ചിടത്തോളം അലിഗ റികൾ രാഷ്ട്രീയവും  ധാർമ്മികവുമായ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനപ്പെട്ട സാഹിത്യവിഭാഗമാണ്. കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളെ പരിശോധിച്ചുകൊണ്ട് അന്യാ പദേശങ്ങൾ അധികാരഘടനകളെ വിമർശനാത്മകമായി അവതരിപ്പിക്കുന്നു. സാമൂഹിക അസമത്വങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും നേരിട്ട് അഭിമുഖീകരിക്കാതെ അവയെ 'പരിഹരിക്കാനുള്ള' ഒരു അബോധശ്രമമായിട്ടാണ് ജെയിംസൺ കലാസൃഷ്ടിയുടെ രൂപപരമായ പ്രസക്തിയെ കണ്ടത്. വ്യക്തിയുടെ ആന്തരികലോകത്തിനും സ്വകാര്യപ്രശ്‌നങ്ങൾക്കും വിഷയമാക്കിയ ആധുനികതയുടെ ആരംഭകാലത്തെ നോവലുകൾ, സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്ന് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട്, പ്രശ്നങ്ങളെ വ്യക്തിപരമായ തലത്തിലേക്ക് ഒതുക്കി നിർത്താനുള്ള മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രപരമായ തന്ത്രമായിരുന്നു എന്ന് അദ്ദേഹം ‘അന്യാപദേശവും പ്രത്യയശാസ്ത്രവും’ (2019) എന്ന പുസ്തകത്തിൽ വാദിക്കുന്നു. ‘അന്യാപദേശങ്ങൾ’ പ്രവർത്തിച്ചു തുടങ്ങുന്നത് വ്യക്തിയുടെ സ്വകാര്യലോകത്തിനപ്പുറംനിന്നാണ്. അപദേശമെന്ന വാക്കിനർത്ഥം ‘സ്വരൂപത്തെ മറച്ചുപിടിക്കലെ’ന്നാണ്.  അന്യത്തെ വെളിവാക്കിയും സ്വയം മറച്ചുപിടിച്ചും അവ ചുറ്റുമുള്ള സംഘർഷങ്ങളുമായി ബന്ധപ്പെടുന്നു. ‘മറ്റെല്ലാറ്റിനോടുമുള്ള സങ്കീർണ്ണമായ ബന്ധത്തിലൂടെ യല്ലെങ്കിൽ, അന്യാപദേശത്തിലും പ്രത്യയശാസ്ത്രത്തിലും ഒന്നിനും അർത്ഥമുണ്ടാവുക യില്ലെ’ന്ന് ഫ്രാങ്കോ മൊറെറ്റി, ന്യൂ ലെഫ്റ്റ് റിവ്യൂയിൽ ജെയിംസന്റെ പുസ്തകം അവലോകനം ചെയ്തുകൊണ്ട് അഭിപ്രായപ്പെടുന്നുണ്ട്. കലാകൃതിയിലെ പൊരുത്തക്കേടുകളും പരിഹരിക്ക പ്പെടാത്ത വൈരുധ്യങ്ങളും രൂപപരമായ വിള്ളലുകളും (ഫോർമൽ ലാപ്സെസ്) സമൂഹത്തിലെ വർഗ സംഘർഷത്തിന്റെയോ സാമൂഹികമായ സംഘർഷത്തിന്റെയോ അടയാളങ്ങളാകാം. പ്രമേ യോപരിതലത്തിൽനിന്നു വ്യത്യസ്തമായി, രചനയുടെ ഉത്ഭവത്തിനു കാരണമായ സാമ്പത്തിക-സാമൂഹികഘടനയുടെ (അൾട്ടിമേറ്റ് സോഷ്യൽ സ്ട്രക്ചർ)  യഥാർത്ഥസ്വഭാവം മനസ്സിലാക്കാൻ രൂപപരിശോധന സഹായിക്കുമെന്നു ജെയിംസൺ പറയുന്നതിന്റെ പൊരുൾ അതാണ്.

          ‘വിശുദ്ധയുദ്ധ’ത്തിന്റെ അന്യാപദേശസ്വഭാവം സാരോപദേശകഥയുടെ (ഫേബിൾ) രൂപത്തിലുള്ളതല്ല. പ്രോട്ടഗോണിസ്റ്റായ ഒറ്റയാൻ തീവ്രമായ മാനസികസംഘർഷങ്ങളിലൂടെ കടന്നു പോകുന്നു. സൗന്ദര്യവിചാരങ്ങൾപോലും അവനെ തീണ്ടുന്നുണ്ട്. പ്രതികാരമെന്ന ഏകലക്ഷ്യം മൃഗസഹജമായ വാസനകളിൽനിന്ന് ബോധപൂർവം അകന്നുനിൽക്കാൻ അവ നെ അതിരുകടന്ന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. പിടിയാനയുടെ കാമഗന്ധപ്രലോഭനങ്ങളിൽനിന്ന് അവൻ അകന്നുമാറുന്ന ഒരു സന്ദർഭം അതിനു തെളിവാണ്. എം ടിയുടെ ‘കാല’ത്തിലെ സേതുവിന്റെ ആന്തരികഘടനയിലും അതിവൈകാരികതയിൽനിന്ന് മരവിപ്പിലേക്ക് മാറുന്ന സങ്കീർണ്ണമായ മനോനില കാണാം. ആധുനികസമൂഹത്തിൽ സ്വതന്ത്രമായി  ജീവിക്കാനാവാത്ത ഒറ്റയാന്മാരുടെ സംഘർഷത്തെ ഒപ്പുകടലാസിലെന്നവണ്ണം പകർത്തിയെടുക്കുകയാണ് എം ടി ചെയ്തത്. ആ സാഹിതീയ തുടർച്ച വാസ്തവമാണെങ്കിലും ഇവിടെ ഒറ്റയാന്റെ ഈ സംയമത്വത്തിനു വിദ്യാഭ്യാസപരമായ അടിത്തറയെക്കൂടി പരിഗണിക്കാമെന്നു തോന്നുന്നു. മനസ്സംസ്കരണവും വർത്തനവ്യതിയാനവുമെന്ന ചേഷ്ടാവാദ (ബിഹേവിയറിസ്റ്റ്) ബോധനസമീപനത്തിന്റെ ഭാഗമാണത്. അമ്മയാണ് അവന്റെ പ്രാഥമിക ഗുരു. സദാചാരപാഠവും പ്രകൃതിപാഠവും ജീവിതപാഠവും അമ്മയിൽനിന്ന് ക്രമമായി അവനു ലഭിക്കുന്നതിനെപ്പറ്റിയുള്ള സൂചനകളുണ്ട്. ശിരസ്സറയൽ പാറയുടെ കഥ പറഞ്ഞു കൊടുക്കുന്ന അമ്മയിൽ (അദ്ധ്യായം 11) കാട്ടിലെ ജീവിതങ്ങളെ സഹാനുഭൂതിയോടെ  ഉപദർശിച്ച ഗുരു വീണ്ടും പ്രത്യക്ഷമാകുന്നു. കൊമ്പന്റെ നിരന്തരവിചാരങ്ങളിൽ കടന്നുകൂടുന്ന ജീവിതവീക്ഷണങ്ങളും സൗന്ദര്യബോധവും മാനവികബോധവും വിദ്യാഭ്യാസം നിയമിതമാക്കിയ ആധുനികവ്യക്തിയുടെ ആവിഷ്കാരങ്ങളാണ്. ഈ ആന്തരികതയാണ് ആനയുടെ ബാഹ്യരൂപത്തെ രൂപകാത്മകമായ ചട്ടക്കൂടുമാത്രമാക്കി നോവലിൽ നിലനിർത്തുന്നത്. ഇല്ലാതായ ഗുരുവിന്റെ അഭാവം പ്രകൃതിവാസനകളിലേക്ക് തിരിച്ചു പോകാൻ കാരണമായി ത്തീരുന്നു എന്ന യാഥാർത്ഥ്യത്തെയാണ് കൊമ്പന്റെ കഥ ഉപരിതലത്തിൽ ഉദാഹരിക്കുന്നത്. “അമ്മ പലപ്പോഴായി എന്നിൽനിന്നിറക്കിവിട്ട പൈശാചികതകളെ ഓരോന്നായി ഞാൻ തിരിച്ചു വിളിച്ചു” (അദ്ധ്യായം നാല്) എന്നവൻ ആലോചിക്കുന്നതിന്റെ അർത്ഥം മറ്റൊന്നല്ല.  

          മറ്റൊരുതരത്തിൽ, ഉണ്ണിയുടെ ചോദ്യത്തിന് ഉത്തരമില്ലാതാവുന്ന വ്യാസഗുരുവിലൂടെ പ്രകടമാകുന്നതും ഈ അഭാവമാണ്. ജീവിതത്തിൽമാത്രമല്ല ജീവിതാവിഷ്കാരങ്ങളായ രചന കളിലും ഗുരുവരുളുകളായ പരിഹാരനിർദ്ദേശങ്ങൾക്ക് ശാശ്വതമായ ഉപപത്തിയില്ല. ഈ സമസ്യ ഏറ്റുവാങ്ങിക്കൊണ്ടാണ് വ്യാസൻ കാടുകയറുന്നത്. വ്യാസൻ നോവലിൽ രചയിതാവിന്റെ പ്രതിനിധിയായതിനാൽ, രചനയെപ്പറ്റിയുള്ള സന്ദേഹത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി ആ സന്ദർഭം മാറുന്നു. അമ്മ കുട്ടിയാനയ്ക്കു പറഞ്ഞുകൊടുക്കുന്ന ശിരസ്സറയൽ പാറയുടെ കഥയിലെ നായികയായ അരുവിയാളിന്റെ ദാരുണാന്ത്യത്തിനു പിന്നിലുള്ള കാരണം കുമരന്റെ ആത്മഹത്യയാണ്. പക്ഷേ അയാൾ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. ആ ദുരൂഹതയാണ് അരുവിയാളിന്റെ ദാരുണാന്ത്യത്തിനു വഴി തെളിക്കുന്നത്. കുമരന്റെയും അരുവിയാളിന്റെയും ആത്മഹത്യയുടെ കാരണം അമ്മയാന കുട്ടിയാനയ്ക്ക് വിശദീകരിച്ചുകൊടുക്കുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അരുവിയാളിന്റെ മരണത്തിനുള്ള ഉത്തരം ആഖ്യാതാവായ അവൾക്ക് തിരിഞ്ഞുകിട്ടിയിട്ടിയില്ല. ജീവി തസ മസ്യകളെ സംബന്ധിച്ചുള്ള ഉത്തരമില്ലായ്മകൾക്കു നേരെ വ്യാസൻ പ്രതികരിക്കുന്നതിൽനിന്നു വ്യത്യസ്തമായാണ് അമ്മയാനയുടെ പ്രതികരണം. അരുവിയാളിന്റെ മരണത്തിന്റെ ഓർമ്മയിൽ നിറയുന്ന അമ്മയാനയുടെ കണ്ണുകൾ, അനുഭവങ്ങളെ കാര്യകാരണ ബന്ധമില്ലാതെതന്നെ സ്വീകരിക്കാൻ സന്നദ്ധമാകുന്ന വായനക്കാരുടെ വിഭാഗത്തെ വിഭാവന ചെയ്യുന്നു. വൈകാരികമായ സ്വീകരണപക്ഷമാണത്. ജീവിതകാലത്തെ ഒരൊറ്റ ലക്ഷ്യത്തിനായി കൂർപ്പിച്ചു വച്ചിട്ടും ആത്യന്തിക നിമിഷത്തിൽ ലക്ഷ്യത്തിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ച വാസ്തവത്തിനു കാരണമാലോചിക്കുന്ന വ്യാസനെ പിടികൂടുന്ന സന്ദേഹം വൈകാരികമെന്നതിലുപരി ധിഷണാപരമാണ്. കൃത്യമുണ്ട്, കാരണമില്ല എന്ന പ്രഹേളിക, ആഖ്യാനത്തെ സംബന്ധിക്കുന്ന ബൗദ്ധികമായ വെല്ലുവിളിയാണ്. കഥകളുടെ നിർമ്മാണത്തിൽ രചയിതാവിനുള്ള നിർവാഹകത്വത്തെ രണ്ടു രീതിയിൽ നോക്കിക്കാണുന്നതിനുള്ള അന്യാപദേശമായി  ഈ രണ്ട് ഉപകഥകളെയും പരിഗണിക്കാം.

          പ്രശ്നപരിഹാരത്തിനായി ഇറങ്ങിത്തിരിക്കുകയും അതു പൂർത്തിയാക്കാനാവാതെ അലയുകയും ചെയ്യുന്ന അവസ്ഥ, നോവൽ പലതരത്തിൽ പങ്കുവയ്ക്കുന്ന സാമൂഹികമായ നിസ്സ ഹായതയെ ഒന്നുകൂടി ഘനമയമാക്കുന്നു. കീഴ്ത്തട്ടു ജീവിതങ്ങളെ സംരക്ഷിക്കേണ്ട സംവിധാ നങ്ങളുടെ പാകപ്പിഴയെയും ലൈംഗികമായ സദാചാരത്തകർച്ചയെയും അത് ഉള്ളടക്കുന്നു. സമൂഹത്തിലെ പ്രതിലോമതകളെ വർഗാടിസ്ഥാനത്തിൽ ഒന്നിച്ചുനിന്ന് എതിർത്തു തോത്പിക്കാമെന്ന വിശ്വാസം നഷ്ടപ്പെടുകയും നാഗരികനായ ഏകാകിയായി മനുഷ്യർ മാറുകയും ചെയ്ത സംക്രമണകാലത്തിന്റെ പ്രതിനിധിയാണ് കാലാന്തര ഓർമ്മകൾ വിശ ദാംശങ്ങൾ കെടാതെ സൂക്ഷിക്കുന്ന കൊമ്പൻ. അവന്റെ വലിപ്പവും കരുത്തിനെപ്പറ്റിയുള്ള സ്വയബോധവും പറ്റത്തിൽനിന്ന് വേർപ്പെട്ട് ഒറ്റയായതിന്റെ കിനാവുമാകുന്നു. സമൂഹ ത്തിലെ അന്യവത്കരിക്കപ്പെട്ട ഏകാകി എന്ന നിലയിൽ അവന്റെ ഓർമ്മകളിൽ ഭൂരിഭാഗവും, നഷ്ടപ്പെട്ടും വ്യഭിചരിച്ചും ഇല്ലാതായിപ്പോയ മൂല്യങ്ങളെക്കുറിച്ചുള്ള  സന്ദേഹങ്ങളായിരിക്കുന്നത് സ്വാഭാവികമാണ്. അമ്മയെ നഷ്ടപ്പെട്ട ഭൂതകാല അനുഭവം താത്കാലിക മറയാണ്. വർത്തമാനചരിത്രത്തെ ഒരിക്കലും നേരിട്ട് കയ്യെത്തിപ്പിടിക്കാനാവില്ലെന്ന വിഷാദബോധ്യമാണ് അത്തരം മറകളുടെ നിർമ്മാണരഹസ്യം. വാരിക്കുഴിയിൽ വീണ് ഉപദ്രവത്തിനു വിധേയയാവുന്ന അമ്മയാന, പാമ്പിന്റെ ഭീഷണിയിൽ വേവുന്ന പക്ഷിക്കുഞ്ഞുങ്ങൾ, ഇല്യാസും തങ്കരാജുംകൂടി കൊല്ലാക്കൊല ചെയ്ത പെൺകുട്ടി, പങ്കാളിയുടെ ദുരൂഹവിയോഗത്തിൽ പാറയിൽ തലയറഞ്ഞു മരിച്ച അരുവിയാൾ - എന്നിങ്ങനെയുള്ള വിടവുകളെ മൂല്യബോധത്തിന്റെ നഷ്ടമായി കാണാനുള്ള വ്യഗ്രതയുടെ സാമൂഹികവും സാംസ്കാരികവും മനശ്ശാസ്ത്രപരവുമായ വശങ്ങൾ മൂടുപടമിട്ട് കെട്ടിയുയർത്തിയ വാക്ശില്പമാണ് ആനപ്പക എന്ന പ്രമേയം. രചനയുടെ സ്വേച്ഛാചാരിത്വത്തെപ്പറ്റിയുള്ള ആധുനികസങ്കല്പങ്ങളും മാനവികതയെപ്പറ്റിയുള്ള കാലികവിചാരണകളും സംഗമിക്കുന്ന വസ്തുനിഷ്ഠതയാണ് ‘വിശുദ്ധയുദ്ധ’മെന്ന അന്യാപദേശത്തിന്റെ അടിത്തട്ട്.



വിശുദ്ധയുദ്ധം, നോവൽ, സി അനൂപ്




No comments: