‘ആത്രേയകം’ എന്ന നോവലിൽ ശിഖണ്ഡിയെന്നോ ശിഖണ്ഡിനിയെന്നോ ഉള്ള പേരില്ല. ഉച്ചിക്കുടുമയ്ക്കുള്ള സംസ്കൃതവാക്കാണ് ശിഖണ്ഡി. മുടി നെറുകയിൽ കെട്ടി വയ്ക്കുന്നവൾ എന്ന അർത്ഥത്തിലാവണം ശിഖണ്ഡിനിയെന്ന പദത്തിന്റെ നിരുക്തി. ഇന്നത്തെ നിലയ്ക്കും അതിൽ രാഷ്ട്രീയശരികേട് ഇല്ല. എന്നാൽ ക്ലീബത്വം എന്ന നിലയിൽ ഉറച്ചു പോയ അർത്ഥമാണ് അതിന്റെ പ്രയോഗത്തെ പ്രശ്നാത്മകമാക്കുന്നത്. വയലാർ സമ്മാനം ലഭിച്ചതിനോടനുബന്ധിച്ചുള്ള പത്രപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായും ആർ രാജശ്രീ, ആ വാക്ക് തനിക്ക് ഉച്ചരിക്കാൻ ഇഷ്ടമില്ലെന്നു പറയുന്നുണ്ട്.
പകരം നോവലിൽ ‘ശത്രുക്കളില്ലാത്തവൻ’ എന്ന അർത്ഥത്തിൽ നിരമിത്രൻ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. മഹാഭാരതത്തിൽ നകുലന്റെ പുത്രനായി ഒരു നിരമിത്രനുണ്ട്. ത്രിഗർത്തന്റെ മകന്റെ പേരും നിരമിത്രനെന്നാണ്. അയാളെ യുദ്ധത്തിൽ സഹദേവനാണ് കൊല്ലുന്നത്. ഈ രണ്ടുപേരുമായും നോവലിലെ നിരമിത്രനു പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധമൊന്നും ഇല്ല. ദ്രുപദൻ എന്നറിയപ്പെടുന്ന പാഞ്ചാലരാജാവായ യജ്ഞസേനന് ഭീഷ്മരെ കൊല്ലാൻ ഒരാൺകുട്ടി വേണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് ശിഖണ്ഡിനിയെന്ന കുട്ടി. പാഞ്ചാലവും ഹസ്തിനപുരവുംതമ്മിലുള്ള ശത്രുതയുടെ വെളിപാടു മുഹൂർത്തങ്ങളാണ് ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ. ശിവൻ, ആവശ്യപ്പെട്ടതിൽനിന്നു വ്യത്യസ്തമായി ഒരു പെൺകുട്ടിയെ ദ്രുപദനു നൽകുന്നു. ആൺകുട്ടിയെമാത്രം കാത്തിരിക്കുന്ന ദമ്പതികൾ, അവർക്കു ജനിച്ച പെൺകുട്ടിയെ അന്തപ്പുരത്തിൽ ആൺകുട്ടിയായി വളർത്തി. പക്ഷേ പ്രായപൂർത്തിയാകുന്നതോടെ അയാളുടെ ശരീരത്തെയും സ്വത്വത്തെയും ഒളിപ്പിച്ചു വയ്ക്കാനാവാത്ത രീതിയിൽ പ്രതിസന്ധി ആരംഭിക്കുന്നു. ഇതു വ്യക്തിയെമാത്രമല്ല അയാളുടെ ചുറ്റുപാടിനെയും രാജ്യത്തെത്തന്നെയും ബാധിക്കുന്ന നിലയിൽ മാറുന്നതാണ് ‘ആത്രേയക’ത്തിലെ പ്രതിസന്ധിഘട്ടം. ഈ സംഘർഷത്തെ ലിംഗപദവിബോധത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ കാലികമായി മാറ്റിയെഴുതുകയാണ് രാജശ്രീ ചെയ്തത്.
ശിഖണ്ഡിനിയായി ജനിച്ച് പിന്നീട് ലിംഗമാറ്റത്തിനു വിധേയമാകുന്ന ശിഖണ്ഡി യുടെ ശാരീരികവർണ്ണന മഹാഭാരതത്തിൽ വിശദമല്ല. ക്രോഡ് ഡ്രെസ്സിങ് (ഇതരലിംഗ ത്തിൽപ്പെട്ടയാളുടെ വസ്ത്രം ധരിക്കാനും അത് ആസ്വദിക്കാനുമുള്ള പ്രവണത - ട്രാൻസ്വെ സ്റ്റിസം), ഉഭയലിംഗത്വം, ലിംഗമാറ്റം എന്നിവയ്ക്കു പുറമേ ക്ലീബത്വവും (ആണും പെണ്ണുമല്ലാ ത്ത അവസ്ഥ), ഹിജഡത്വവും സന്ദർഭവും തരവുമനുസരിച്ച് ശിഖണ്ഡിയിൽ ആരോപിക്കാറുണ്ട്. ഒരു ശരീരത്തിൽത്തന്നെ രണ്ടു ലിംഗങ്ങളുടെ സന്നിഹിതത്വം ഉഭയലിംഗത്വത്തിന്റെയും ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള മാനസികവും ശാരീരികവുമായ പരിവർത്തനം ലിംഗമാറ്റത്തിന്റെയും അടിസ്ഥാനമാണ്. ലൈംഗികമായ വളർച്ച മുരടിച്ച (മുരടിപ്പിച്ചതോ ആയ) നിലയാണ് ഹിജഡയുടേത്. പൊതുപരാമർശങ്ങളായി കൂടിക്കുഴഞ്ഞ് കടന്നുവരാറുണ്ടെങ്കിലും ഇവയെല്ലാം വ്യത്യസ്തമായ അവസ്ഥകളാണ്. യൂനക്ക് എന്ന പദത്തിന്റെ ഗ്രീക്കിലും ലത്തീനിലുമുള്ള നിരുക്തി, രാജകീയ സ്ത്രീകളുടെ സുരക്ഷിതത്വത്തെ കരുതി പഴയ അന്തപ്പുരങ്ങളിൽ കാവൽക്കാരായി നിയോഗിച്ചിരുന്ന പുരുഷൻമാരുടെ വരിയുടക്കലുമായി ബന്ധപ്പെട്ടതാണ്.
സമാനമായി ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന വാക്കാണ് യൂനക് (Eunuch). യൂനൗക്കോസ് (Eunoukhos) എന്ന വാക്കിന്റെ അർത്ഥം കിടപ്പറ കാവൽക്കാരൻ എന്നാണ്. ആണും പെണ്ണും കെട്ടവൻ എന്ന അർത്ഥത്തിൽ ‘കാവക്കാരൻ’ (കാവൽക്കാരൻ) തെറിവാക്കായി കേരളത്തിലും ഉപയോഗിച്ചിരുന്നു. സ്ത്രീയ്ക്കും ആണും പെണ്ണുമല്ലാത്ത അവസ്ഥയുണ്ടെന്നായിരുന്നു, രണ്ടാം തരംഗ ഫെമിനിസത്തിന് ദിശാബോധം നൽകിയ ഓസ്ട്രേലിയൻ എഴുത്തുകാരിയും അക്കാദമിക് പണ്ഡിതയുമായ ജെർമ്മൻ ഗ്രീർ വാദിച്ചത്. (ദി ഫീമെയിൽ യൂനക്,' 1970). സ്വതന്ത്രമായ പ്രകാശനത്തിനു വഴിയില്ലാത്ത ലൈംഗികതയെ മുൻനിർത്തിയുള്ള ഗ്രീറിന്റെ നിരീക്ഷണത്തെ, നിരമിത്രന്റെ സ്വത്വപരമായ പ്രതിസന്ധിയുമായി ചേർത്തു വായിക്കാവുന്നതാണ്. ആ അർത്ഥത്തിൽ നിരമിത്രന്റെ അവസ്ഥയും രൂപകപരമാണ്. വൈദ്യശാസ്ത്രവുമായി അതിനു നേരിട്ട് ബന്ധമില്ല. ‘ആത്രേയക’ത്തിൽ നിരമിത്രന്റെ അയാളുടെ ജനനം വിധിവിഹിതമാണ്, സോദ്ദേശകമല്ല. ജനിച്ച ലിംഗത്തിൽ പരിപാലിക്കപ്പെടാതെ മറ്റൊന്നായി വളർത്തിയതിനു പിന്നിൽ അയാളുടെ ഇച്ഛയ്ക്കും അഭിലാഷത്തിനും പങ്കൊന്നുമില്ല. അയാൾക്ക് ഇഷ്ടമുള്ള ലൈംഗികപങ്കാളികളുണ്ടായിരുന്നു. ആ രീതിയിൽ ലൈംഗികാസ്വാദ്യതയുടെ പാരമ്യത്തിൽ എത്തുകയല്ല, മറിച്ച് രാജ്യതന്ത്രത്തിന്റെ ഇരയായി മറ്റൊരാളെ -വിദിശയിലെ രാജകുമാരിയെ- സ്വീകരിക്കാൻ അയാൾ വിധിക്കപ്പെടുകയാണുണ്ടായത്. അധികാരവും സാമ്പ്രദായികമായ പ്രതീക്ഷകളും ചേർന്നാണ് അയാളെ ഷണ്ഡത്വവത്കരിക്കുന്നത്. അതിന്റെ മൂർത്തീകരണമെന്ന നിലയിൽ ആത്രേയകത്തിൽ ഇളയുടെ ചികിത്സയ്ക്കു വിധേയമാകുന്നതിലൂടെ വൈദ്യശാസ്ത്രത്തിലൂടെയുള്ള ശാരീരിക പരിവർത്തനത്തിനും അയാൾ വിധേയമാകുന്നു.
ശിഖണ്ഡി എന്ന വാക്കിനെ മാറ്റിനിർത്തുന്നുണ്ടെങ്കിലും, ആത്രേയകത്തിൽ ഒരിടത്ത് കോപാകുലനായ ദ്രുപദൻ, ക്ലീബയെന്ന വാക്കുപയോഗിച്ച് നിരമിത്രനെ പരാമർശിക്കുന്നു. (പുറം 62) പടയാളികളുടെ പരിഹാസത്തെപ്പറ്റി നിരമിത്രൻ ചിന്തിക്കുന്നിടത്തും ക്ലീബയെന്ന സ്ത്രീലിംഗത്തിലാണ് പ്രയോഗം. (പുറം 75) ധാർഷ്ട്യമില്ലാത്തത്, മൃദുത്വമുള്ളത് ഇങ്ങനെ ചില സങ്കല്പങ്ങളാണ് ആ വാക്കിന്റെ അടിസ്ഥാനമെങ്കിലും, ലൈംഗികക്രിയയിൽ സ്ത്രീയുടെ സ്ഥാനം ഏൽക്കുന്ന, വ്യതിയാനപരവുമായ (വായും ചന്തിയും ഉപയോഗിച്ച്) രതിക്രിയ ചെയ്യുന്നവൻ എന്ന് ആണിനും പെൺകുട്ടികളെമാത്രം പ്രസവിക്കുന്നവൾ എന്ന് പെണ്ണിനും ചാർത്തിക്കൊടുക്കുന്ന വിശേഷണംകൂടിയാണത്. വ്യാകരണപ്രകാരം ക്ലീബയോ ക്ലീബനോ സാധുവല്ല. അവയ്ക്കു നടുവിലുള്ള അവസ്ഥയാണത്. ആണായിരിക്കുമ്പോഴും ഉത്പാദനപരമല്ലാത്തത് എന്ന അർത്ഥത്തിലാണ് ഷണ്ഡത്വം ഇകഴ്ന്ന സാമൂഹികപദവിയും അതിനാൽ തെറിവാക്കുമായി മാറുന്നത്.
സ്ത്രീയായി ജനിക്കുകയും സ്ഥൂണകർണ്ണൻ എന്ന ഗന്ധർവനാൽ ലിംഗം വച്ചുമാറുകയും ചെയ്ത ശിഖണ്ഡിനിക്ക് മഹാഭാരതത്തിൽ വ്യക്തമായ ലിംഗപരമായ അസ്തിത്വമുണ്ട്. തന്നെ കൊല്ലാൻ വേണ്ടി ജനിച്ചയാളാണെങ്കിലും ശിഖണ്ഡിയെപ്പറ്റി ഭീഷ്മർക്ക് മോശം അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. സ്വയം പ്രശംസിക്കുന്നതിനിടയിൽ ഭീഷ്മർ പറയുന്ന കാര്യമുണ്ട് : “ഞാൻ സ്ത്രീകളെ വധിക്കുകയില്ല. മുൻപു പെണ്ണായിരുന്നവനെയും ഞാൻ കൊല്ലുകയില്ല. ശിഖണ്ഡി പണ്ട് പെണ്ണായിരുന്നു. പിന്നെ പെണ്ണ് ആണായി വന്നവനാണ് അവൻ.” ഒരവസ്ഥയിൽനിന്ന് മറ്റൊരവസ്ഥയിലേക്ക് മാറുമെങ്കിലും രണ്ടിലും അതതു സമയങ്ങളിൽ സ്ഥിരതയുണ്ട്. ഇതേ അവസ്ഥയിലൂടെയാണ് അമാനുഷികത്വമുണ്ടെങ്കിലും സ്ഥൂണകർണ്ണൻ എന്ന ഗന്ധർവനും കടന്നുപോകുന്നത്. അയാളുടെ ജന്മരഹസ്യം മഹാഭാരതത്തിൽ വ്യക്തമല്ല. എന്നാൽ സ്വന്തം ആഗ്രഹത്തിനു വിധേയനായി ശിഖണ്ഡിനിയുമായി ലിംഗം വച്ചുമാറിയ അയാളെ ഗന്ധർവരാജാവായ കുബേരൻ ശപിക്കുന്നതായി കാണാം. ശിഖണ്ഡിയുടെ മരണംവരെ സ്ത്രീയായി തുടരാനായിരുന്നു, ശാപം.
ശിഖണ്ഡിനിയുടെയും സ്ഥൂണകർണ്ണന്റെയും കാര്യത്തിൽ ഉണ്ടായതുപോലെ മാറ്റം സംഭവിക്കുന്ന മറ്റൊരു മഹാഭാരതകഥാപാത്രമുണ്ട്. അതാണ് ഇള. ശിഖണ്ഡിയുടെ ജനനത്തിനു സമാനമായ സാഹചര്യം ഇളയുടെ കാര്യത്തിലും സംഭവിക്കുന്നു. പുത്രന്മാരുണ്ടാകണമെന്ന ആഗ്രഹത്തോടെ യാഗം ചെയ്ത വൈവസ്വതമനുവിന് പത്താമത്തെ കുട്ടിയായി ലഭിച്ചതാണ് ഇളയെ. മിത്രനെയും വരുണനെയും ആശ്രയിച്ചതുകൊണ്ട് അവർ ഇള ആണായിമാറാൻ അനുഗ്രഹിച്ചു. ബുധനുമായി സംഗമിക്കുകയും പുരൂരവസ്സ് എന്ന കുട്ടിയുണ്ടാവുകയും ചെയ്തതിനുശേഷമാണ് ഇള ആണായി മാറി സുദ്യുമ്നൻ എന്ന പേര് സ്വീകരിക്കുന്നത്. പുരൂരവസ്സിന്റെ അച്ഛനും അമ്മയും ഇളതന്നെയായിരുന്നു എന്ന പരാമർശവും മഹാഭാരതത്തിൽ കാണാം. (ഹരിവംശപർവം) നിരമിത്രന്റെ കാര്യത്തിലെന്നപോലെ, ആത്രേയകമെന്ന വൈദ്യഗ്രാമത്തിലെ ചൈതന്യവും ചൂഡകന്റെ ശിഷ്യയുയായ ഇള വൈവസ്വതമനുവിന്റെ മകളായ ഇളയാണെന്ന സൂചനയൊന്നും നോവലില്ല. ഇവിടെ ഇളയ്ക്ക് പൂർവകഥകളുമില്ല. എന്നാൽ ഇളയെന്ന കഥാപാത്രസൃഷ്ടിയിൽ, പൗരാണിക കഥാപാത്രത്തിന്റെ ഛായ വീണുകിടക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യവുമാണ്. നിരമിത്രന്റെ ലൈംഗികസ്വത്വമാറ്റം മുഖ്യപ്രമേയമായ നോവലിൽ ഇളയെന്ന പേരും മൂലകൃതിയിലെ അവളുടെ കഥയും പരസ്പരശോഭ പകരുന്ന വിശേഷപശ്ചാത്തലമായി പരിണമിക്കുന്നു. ദിശാസൂചിപോലെ നിരമിത്രന്റെ ലിംഗപരമായ ഭിന്നാവസ്ഥയ്ക്ക് നോവലിന്റെ സാഹചര്യത്തിൽ ഔചിത്യവും സ്വാഭാവികതയും നൽകുകയും ചെയ്യുന്നു. അതവിടെമാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമല്ല.
തീർത്ഥയാത്രാകാലത്ത് ഉലൂപിയെ കല്യാണം കഴിച്ച അർജ്ജുനൻ മഹേന്ദ്ര പർവതവും കടന്ന് മണിപുരത്തിലെത്തി. അവിടം ഭരിക്കുന്ന ചിത്രവാഹനരാജാവിനെ കണ്ടു. അദ്ദേഹത്തിന്റെ മകളാണ് ചിത്രാംഗദ. അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിക്കുന്ന അർജുനനോട് മാതാപിതാക്കളുടെ വിവരമെല്ലാം ചോദിച്ചറിഞ്ഞശേഷം രാജാവ് തന്റെ പുത്രിയെപ്പറ്റി പറയുന്ന കഥയുണ്ട്. – “പൂർവികർക്കെല്ലാം ശിവന്റെ അനുഗ്രഹത്താൽ ആൺകുട്ടികളാണുണ്ടായിരുന്നത്. തനിക്ക് ഈ പെൺകുട്ടിയാണ്. ഇവളെ പുത്രനാണെന്ന മട്ടിലാണ് വളർത്തുന്നത്. ഇനിമേൽ പുത്രിയുടെ പുത്രനാവട്ടെ രാജാവ്. അതിനാൽ ഭാരതാ, ഈ കന്യകയിൽ ഭവാൻ ഒരു പുത്രനെ ജനിപ്പിച്ചാലും.” (ആദിപർവം) മൂന്നുവർഷം അവിടെ താമസിച്ച്, മണിപുരരാജവംശത്തിന്റെ വർദ്ധനയ്ക്കുവേണ്ടി ബഭ്രുവാഹനൻ എന്ന പുത്രനെ നൽകിയിട്ടാണ് അർജുനൻ തീർത്ഥയാത്ര തുടരുന്നത്. പുത്രനെ പ്രതീക്ഷിക്കുന്ന അച്ഛനമ്മമാർ, ശിവന്റെ അനുഗ്രഹം, പുത്രിയുടെ ജനനം. പുത്രനായി വളർത്താനുള്ള ശ്രമം – ഈ കാര്യങ്ങളിലെല്ലാം ശിഖണ്ഡിനിയുടെ ജീവിതവുമായി സാമ്യമുള്ളതാണ് ചിത്രാംഗദയുടെ കഥയും. അർജ്ജുനനെപോലെയൊരു വീരന്റെ മുന്നിൽ പൗരുഷം മാറ്റിവച്ച് സ്ത്രൈണത വരിക്കാൻ തയ്യാറാവുന്നു എന്ന വ്യത്യാസമാണ് പ്രധാനമായുള്ളത്. ശിഖണ്ഡിയുടെ കാര്യത്തിൽ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. രണ്ടു തരത്തിൽ അയാൾക്ക് പൗരുഷത്തിലേക്ക് മടങ്ങിപോകേണ്ടതായി വരുന്നു. ദശാർണ്ണത്തിലെ രാജകുമാരിയുടെ ഭർത്താവെന്ന നിലയ്ക്ക് രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ. ഭീഷ്മരുടെ പതനത്തിനു കാരണക്കാരനാവുക എന്ന ആരോപിതദൗത്യത്തെ പരിപാലിക്കാൻ.
ഇതിനോടൊപ്പം ചേർന്നു നിൽക്കുന്ന മറ്റൊരു കഥാപാത്രം ഇരാവാനാണ്. മഹാഭാരതത്തിൽ ഉലൂപിയെന്ന നാഗരാജപുത്രിക്ക് അർജുനനിലുണ്ടായ ഇരാവാനെ കുരുക്ഷേത്രയുദ്ധത്തിന്റെ എട്ടാം ദിവസം ആർശ്യശൃംഗിയായ (ഋഷ്യശൃംഗന്റെ മകൻ) ആലംബുഷൻ തലവെട്ടിക്കൊന്നു എന്നാണ് കഥ. തമിഴ്നാട്ടിലെ കൂവകത്തെ ക്ഷേത്രത്തിൽ ഇരാവാന്റെ ബലിയെ ഉത്സവമായി ആഘോഷിക്കുന്നത് പ്രധാനമായും പരസ്പരം അറിയാത്തവരായ സ്വവർഗപ്രണയികൾ ഒരു ദിവസത്തേക്ക് വിവാഹം കഴിച്ചുകൊണ്ടാണ്. മഹാഭാരതത്തിന്റെ ദാക്ഷിണാത്യപാഠത്തിൽ ഭിന്നലൈംഗികതയുമായി ഇരാവാനെ (ഇരൈവൻ) ബന്ധപ്പെടുത്തുന്ന ഒരു ഘടകമുണ്ടെന്നാണ് അതിന്റെ അർത്ഥം. കുരുക്ഷേത്ര ത്തിൽ പാണ്ഡവർക്ക് യുദ്ധവിജയത്തിനായി ലക്ഷണങ്ങൾ തികഞ്ഞ ഒരാളെ ഈ ഭാഗത്തുനിന്നു ബലികൊടുക്കാൻ നിശ്ചയിക്കുന്ന കൃഷ്ണൻ, മോഹിനീവേഷത്തിൽ ഇരാവാനനുവദിച്ച ഒരു ദിവസത്തെ ദാമ്പത്യമാണ് കൂവകത്തെ ഉത്സവത്തിന്റെ അടിസ്ഥാനം. തോൽപ്പാവക്കൂത്തിലും മറ്റും സമാനമായ കഥയാണുള്ളത്. ‘അത്രേയക’ ത്തിലെ അനുബന്ധങ്ങളിലൊന്നായ ‘ജയ’ത്തിൽ, മറ്റു വ്യാസശിഷ്യന്മാരുടെ എതിർപ്പുകൾക്കിടയിൽ ‘ആത്രേയക’ത്തിലെ ഭാരതകഥയുടെ ആഖ്യാതാവായി അവതരിപ്പിക്കുന്നത് ജൈമിനിയെയാണ് എന്ന കാര്യംകൂടി ഇവിടെ ചേർത്തുവയ്ക്കണം. മഹാഭാരതത്തിന്റെ ദക്ഷിണഭാഗത്തെ പാഠത്തിന്റെ വക്താവായാണ് ജൈമിനി അറിയപ്പെടുന്നത്.
ലിംഗപദവിയുടെ ചഞ്ചലരേഖകൾ
ഈ പ്രത്യേകതകൾ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. പരമ്പരാഗതമായ സമീപനങ്ങളോടും അടിയുറച്ച പൊതുസങ്കല്പത്തോടും ലിംഗപരമായ വിരുദ്ധചേരിയിലുള്ള ദ്വന്ദ്വബോധത്തോടും ചേരാതെ ഓരം പറ്റുന്ന ആഖ്യാനങ്ങളെയും സ്വത്വത്തെയും ലിംഗപദവിയെയും ആ നിലയ്ക്കുള്ള രാഷ്ട്രീയത്തെയും സംബന്ധിക്കുന്ന ആധുനികാവബോധങ്ങളെയും ഒന്നിച്ചുചേർത്തുകൊണ്ടുള്ള ഗതിയാണ് ‘ആത്രേയക’ത്തിന്റെ വ്യതിരിക്തത. പൗരാണികമായ ഉറവിടങ്ങളിൽനിന്നുള്ള പ്രവാഹങ്ങളെ കാലികമായി വായിക്കുമ്പോൾ ലിംഗപദവിയുടെ പ്രശ്നസങ്കീർണ്ണമായ അവസ്ഥ ആധുനികാവബോധത്തിൽ പ്രതിഫലിക്കും. സാമൂഹികമായ പ്രകടനങ്ങളിലൂടെയും ആവർത്തിക്കുന്ന ക്രിയകളിലൂടെയും ഭാഷ, വേഷം, ആചാരം എന്നിവകളിലൂടെയും നിർമ്മിച്ചെടുക്കുന്നതാണ് ലിംഗപദവി. സ്വാഭാവികമായ സ്ഥിരസത്തയല്ല. ലിംഗത്വം (സെക്സ്) ഒരു വ്യക്തിയുടെ ജൈവികവും ശാരീരികവുമായ ഘടനയെയും ലിംഗപദവി (ജെൻഡർ) ആ ശരീരത്തിന്മേൽ സമൂഹം നിർമ്മിച്ചെടുക്കുന്ന സാമൂഹിക-സാംസ്കാരിക സ്വത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. ‘കുറ്റി പെൺകുട്ടിയാണെന്ന’ പ്രഖ്യാപനം കേവലമായ ശാരീരികനിരീക്ഷണം മാത്രമല്ല, ആ ശരീരത്തെ സംബന്ധിച്ചിടത്തോളം അന്നുമുതൽ നിർവചിച്ചുവച്ചിരിക്കുന്ന ‘സ്ത്രൈണത’യുടെ സാമൂഹിക വ്യവസ്ഥകളുമായി ബന്ധിപ്പിക്കുന്ന അധികാര പ്രയോഗം കൂടിയാണ്. ജൂഡിത് ബഡ്ലർ ‘പെർഫോർമാറ്റിവിറ്റി’യെ നിർവചിക്കുന്നത് പ്രസ്താവനകൊണ്ടോ പ്രവൃത്തികൊണ്ടോ യാഥാർത്ഥ്യത്തെ വിവരിക്കുക എന്ന അർത്ഥത്തിലല്ല, ആ യാഥാർത്ഥ്യത്തെത്തന്നെ സൃഷ്ടിക്കുകയോ സാധുവാക്കുകയോ ചെയ്യുന്ന പ്രക്രിയയെ കുറിക്കുന്ന ആശയമായിട്ടാണ്. ആണത്ത്വത്തെയും ഭിന്നലൈംഗികതയെയും സംബന്ധിച്ചും പ്രസക്തമാണ് ഈ ആശയം. സമ്മർദ്ദങ്ങളുടെ ഒഴിയാബാധ നിരന്തരമായി വേട്ടയാടുന്ന കഥാപാത്രമാണ് ആത്രേയകത്തിലെ നിരമിത്രൻ. അയാളിലെ ബാഹ്യവും ആന്തരികവുമായ ദ്രവാവസ്ഥയ്ക്ക് സാമൂഹികമായ പ്രകടനത്തിനും പദവിക്കുംവേണ്ടിയുള്ള നിർബന്ധങ്ങളുടെയും പരിശീലനങ്ങളുടെയും അടിയൊഴുക്കുകളുംകൂടിയുണ്ട്. സ്വയം പ്രകാശനത്തിനു സാധ്യമല്ലാതെ പോകുന്ന നിവൃത്തികേടിന്റെ ബാധ്യതയും.
‘നിരമിത്രൻ’ എന്ന പേരിനോടു ചേർന്നുള്ളത് മലയാളത്തിലെ ‘അൻ’ എന്ന ലിംഗപ്രത്യയമാണ്. (‘നിരമിത്രനും നിരമിത്രയും ഞാൻതന്നെ’ എന്ന് മനസിൽ മുഴങ്ങുന്ന വാക്യമായി ഈ സ്ഥിരീകരണത്തെ അയാളുടെ സ്വത്വസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നോവലിന്റെ അവസാനം റദ്ദ് ചെയ്യുന്നതായും കാണാം. പുറം. 376) ആണത്ത പരീക്ഷ ജയിക്കാനാവശ്യമായ ചികിൽസയ്ക്കാണ് ആത്രേയകത്തിൽ ഇളയുടെ നേതൃത്തിൽ അയാൾ വിധേയ(നാ)യാവുന്നത്. ആ ചികിൽസയുടെ ഫലസിദ്ധി ദശാർണ്ണത്തിലെ ദാസിപ്പെണ്ണിൽ അയാൾ നടത്തിയ അക്രമസ്വഭാവമുള്ള പെരുമാറ്റത്തിലൂടെ വെളിവാകുകയും ചെയ്യുന്നു. ഈ ആണത്തപ്രകടനങ്ങളെ എല്ലാം തള്ളിക്കളയുന്ന മാറ്റം നോവലിന്റെ അവസാനമുണ്ട്. അശ്വത്ഥാമാവിന്റെ കൊടുംപക അഴിഞ്ഞാടിയ രാത്രിയിൽ, സഹോദരിയായ പാഞ്ചാലിയുടെ മക്കളുടെ ശയ്യാഗാരത്തിൽ അയാൾ ഇഴഞ്ഞെത്തുന്നു. ഉടലിലെയും ഉയിരിലെയും ശക്തിസംഭരിച്ച്, ‘ഞാൻ കാവലുണ്ട് എന്റെ കുഞ്ഞുങ്ങൾ ഭയക്കരുതെന്നു’ പറഞ്ഞ് അയാൾ അവരെ സമാധാനിപ്പിക്കുന്നു (പുറം 382). ആണാവാൻ വേണ്ടി ശരീരത്തെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ ഘട്ടങ്ങൾ താണ്ടി അയാൾ സഹനതയുടെയും സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റെയും ഭാവമേഖലയിൽ എത്തിപ്പെടുന്നു. അയാൾ അവിടെ അമ്മയായി മാറുന്നു. അത്രേയകമെന്ന നോവലിനു ആമുഖമായി നൽകിയിട്ടുള്ള സരമയുടെ കഥയ്ക്ക് നോവലിന്റെ പ്രമേയവുമായി താദാത്മ്യം കൈവരുന്ന സാഹചര്യവുംകൂടിയാണ് നിരമിത്രന്റെ ഈ പരിണാമഗതി. തന്റെ കുഞ്ഞിനെ വേദനിപ്പിച്ച ജനമേയന്റെ സഹോദരന്മാരോട് ചീറുകയാണ്, നായകളുടെ ആദിമാതാവായ സരമ ചെയ്യുന്നത്. എന്നാൽ സരമയെപ്പോലെ ദുരന്തത്തെ മാതൃഭാവംകൊണ്ട് മറികടക്കാൻ അയാൾക്കു കഴിയുന്നില്ല. സഹോദരിയുടെ കുട്ടികളെ ക്രൂരമായ കൊലയിൽനിന്നും അപമാനത്തിൽനിന്നും രക്ഷിക്കാൻ ശാപത്തിലൂടെപോലും അയാൾക്ക് കഴിയാത്തതിനു കാരണവും അയാളുടെ ലിംഗപദവിയിലുണ്ട്. ബഹിഷ്കൃതത്വമാണ് അയാളുടെ സ്ഥായി. ഇതിഹാസകഥകൾക്ക് സ്വാഭാവികമായുള്ള നിർമമത്വമെന്ന ഗുണത്തെ മാറ്റിവച്ച് സ്ത്രൈണസത്തയോടുള്ള ആഖ്യാനത്തിന്റെ ആനുകൂല്യം ഇവിടേ അയാലുടെ രക്ഷയ്ക്കെത്തുന്നു. അയാൾ അടിസ്ഥാനപരമായി ആരെയും വെറുക്കാൻ കഴിയാത്തതും എല്ലാവരെയും രക്ഷിക്കാൻ മാറോടു ചേർത്തു പിടിക്കുകയും ചെയ്യുന്ന അമ്മയായി മാറുന്നു. സരമ വിജയിച്ച അമ്മയാണ്. നിരമിത്രൻ പരാജയപ്പെട്ട അമ്മയും.
ഇതേപോലുള്ള ഒരു മാറ്റം നിരമിത്രന്റെ ചികിത്സകയായ ഇളയ്ക്കുമുണ്ട്. മരണാസന്നരായ വ്യക്തികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന ഇളയ്ക്ക് ബലൻ എന്ന ആൺകൂട്ടുണ്ടെങ്കിലും അവൾ നോവലിൽ അവിവാഹിതയാണ്. അവളുടെ ശുശ്രൂഷാചികിത്സകളും അപൂർവവൈദ്യപ്രയോഗങ്ങളാൽ ആതുരർക്ക് നൽകുന്ന പുതുജീവനും (നിരമിത്രനെ കൂടുതൽ ആണാക്കുന്നതുപോലെ കൃഷ്ണയെ പ്രസവശേഷവും കന്യകയാക്കാനുള്ള ഔഷധക്കൂട്ടും പ്രയോഗചര്യകളും ഇളയുടെ നിർവാഹകത്വത്തിലാണ് തയ്യാറാവുന്നത്) അവളെ പ്രതീകാത്മകനിലയിൽ അമ്മയാക്കി നിലനിർത്തുന്നുണ്ട്. അവളിലെ മാതൃത്വത്തിന്റെ ആർദ്രതയെ വ്യക്തമാക്കുന്ന ഒരു പരാമർശം, അവളിലെ ത്യാഗസന്നദ്ധതയോടൊപ്പം നോവലിൽ നിരമിത്രനിലൂടെ വെളിപ്പെടുന്നത് ഇങ്ങനെയാണ് : “ആയിരിക്കാം. അതുകൊണ്ട് നീ ഇളയോട് ക്ഷമിക്കാൻ ശ്രമിക്കൂ. ആരുടെതായാലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവൾ ഉപേക്ഷ വിചാരിക്കുകയില്ല.” (പുറം.310)
ബോധാബോധങ്ങൾക്കിടയിലെ ആത്രേയകഭൂമിക
സാംസ്കാരികഘടനയിൽ ഘനീഭവിച്ചുകിടക്കുന്ന പൗരാണികമായ അനുഭവവാസ്തവങ്ങളെ ആധുനികമായ സന്ദർഭത്തിൽ പുനരവതരിപ്പിച്ചു വിശകലനം ചെയ്യുക എന്ന പ്രക്രിയ ആധുനികതയുടെ തുടക്കക്കാലത്തിൽത്തന്നെ പ്രചാരം നേടിയ ആവിഷ്കരണോപാധിയാണ്. പൗരാണികസമസ്യകളെ സമകാലിക സന്ദർഭങ്ങളുമായി ചേർത്തുവായിക്കാൻ സഹായിക്കുന്ന തരത്തിൽ അവബോധങ്ങളെ പുതുക്കിനിർണ്ണയിക്കാൻ സഹായിക്കുന്നിടത്താണ് ഭൂതകാലആഖ്യാനങ്ങൾക്ക് ആഴം കൂടുന്നത്. അത്തരമൊരു പ്രശ്നവിചാരമല്ല ‘ആത്രേയക’ത്തിന്റെ കാതൽ. ശീർഷകത്തിലെ ‘അകം’ സൂചിപ്പിക്കുന്നതുപോലെ ആധുനികമായി രൂപപ്പെട്ട വ്യക്തിയുടെ ഉള്ളറയിലേക്കുള്ള സവിശേഷമായ യാത്ര സാധ്യമാക്കുന്ന പല സന്ദർഭങ്ങളും നോവലിൽനിന്ന് എണ്ണിയെടുക്കാം. ലിംഗപരമായ ദ്രവാവസ്ഥയിലേക്കുള്ള വിശേഷപ്പെട്ട നോട്ടമാണ് ഒന്നാമത്തേത്. ആധുനികമായ സ്ത്രീ ബോധ്യങ്ങളാൽ വിചാരണ ചെയ്യപ്പെടുന്ന ബഹുഭാര്യാത്വത്തെയും ദാമ്പത്യവ്യവഹാരങ്ങളെയും മുൻനിർത്തിയുള്ള സംഘർഷങ്ങളാണ് മറ്റൊന്ന്. പൗരാണികകൃതികളിലെ വീർപ്പുമുട്ടിക്കുന്ന അന്തസ്സംഘർഷമേഖലയായ മരണഭീതിയെ സമകാലികാവബോധത്തിന്റെ പ്രകാശത്തിൽ നോക്കിക്കാണുന്നതെങ്ങനെ എന്നുള്ളതാണ് ഇനിയൊന്ന്.
രാഷ്ട്രീയവും അധികാരവും രോഗവും ഉൾപ്പടെയുള്ള കടന്നുകയറ്റങ്ങൾ ഏശാത്തതോ അവയിൽനിന്ന് കേവലസത്തയെ മോചിപ്പിച്ചെടുക്കാൻ കെല്പുള്ളതോ ആയ ഭൂമികയാണ് ‘ആത്രേയകം. ആത്രേയകത്തിലേക്ക് കടന്നുവരുന്ന മൂന്നുതരം വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വേണ്ടതു നിശ്ചയിച്ചു നൽകുകയാണ് അവിടെ ചെയ്യുന്നതെന്ന കാര്യം ഇള, നിരമിത്രനു തുടക്കത്തിൽത്തന്നെ പറഞ്ഞുകൊടുക്കുന്നുണ്ട്. 1. മാരകമായ പരിക്കുപറ്റിയവർ, നാട്ടിലെ ചികിൽസകർ കയ്യൊഴിഞ്ഞവർ 3. മരണം തീർച്ചയാക്കിയവർ. (പുറം 65) ആത്രേയകത്തിലെ വിശേഷചികിൽസയുടെ കാര്യമാണ് സംസാരവിഷയമെങ്കിലും ജീവിതവുമായുള്ള അനുരഞ്ജനത്തിനും വിടപറയലിനും ഇടയിൽ വ്യക്തിയെ പാകപ്പെടുത്തുക എന്ന ധർമ്മമാണ് ആത്രേയകം അനുഷ്ഠിക്കുന്നതെന്ന അർത്ഥം അതിലുണ്ട്.
ആന്തരികകാര്യമെന്ന നിലയിൽ ആനന്ദവും മരണവും രണ്ട് വിരുദ്ധതത്ത്വങ്ങളായി മത്സരിക്കുന്ന, മനുഷ്യമനസിലെ ബോധാബോധങ്ങൾക്കിടയിലെ സംസ്കരണശാലയുടെ പദവിയാണ് ആത്രേയകത്തിനുള്ളത്. ദാശർണ്ണത്തിനും പാഞ്ചാലത്തിനും ഇടയ്ക്കുള്ള ആ സാങ്കല്പിക പ്രദേശം, ബോധത്തിനും അബോധത്തിനും ഇടയിലുള്ള ഉപബോധത്തിന്റെ കാവ്യാത്മകരൂപകവുമാണ്. അബോധത്തിൽനിന്നുള്ള ഊർജപ്രവാഹത്തെ സംസ്കരിച്ച് ബോധപരിവർത്തനത്തിനുള്ള മാർഗമാക്കിമാറ്റുക എന്ന ദൗത്യമാണ് ഉപബോധമണ്ഡലത്തിനുള്ളത്. (ഉപബോധമെന്ന മനശ്ശാസ്ത്രസംജ്ഞയെ പിന്നീട് ഫ്രോയിഡുതന്നെ സംശയിച്ച് ഉപേക്ഷിച്ചതാണെങ്കിലും ബോധാബോധങ്ങളിലെ ഊർജപ്രവാഹവും അവയ്ക്കിടയിലെ നിയന്ത്രണകേന്ദ്രവും തീർത്തും അപ്രസക്തമല്ലെന്ന കാര്യം ലകാനും സിസക്കും ‘ഇദി’നും ‘ഈഗോ’യ്ക്കുമൊപ്പം ‘സൂപ്പർ ഈഗോ’യുടെ സാമൂഹികപ്രവർത്തനങ്ങളെപ്പറ്റിയുള്ള പല പരാമർശങ്ങളിലൂടെയും ഉറപ്പിച്ചിട്ടുണ്ട്. പ്രമേയത്തിന്റെ മനശ്ശാസ്ത്രവശമെന്നതിനു പുറമേ ശില്പപരമായും ഈ മൂന്നാമിടസങ്കല്പം ‘ആത്രേയക’ത്തിന്റെ സംവിധാനഘടനയിൽ പ്രവർത്തിക്കുന്നുണ്ട്.
രതിയും ഭീതിയും
ആത്രേയകത്തിലെ ഒന്നു മുതൽ എഴുപത്തിയൊന്നുവരെയുള്ള മുഖ്യ അദ്ധ്യായങ്ങൾക്കു പുറമേ നാല് അനുബന്ധങ്ങൾകൂടിയുണ്ട്. ആദ്യത്തേതിൽ ദ്വൈതവനത്തിൽവച്ച് യുധിഷ്ഠിരൻ അഭിമുഖീകരിച്ച പ്രസിദ്ധമായ യക്ഷപ്രശ്നത്തിന്റെ മാതൃകയിൽ ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണുള്ളത്. മരിച്ചാലും വിടാത്തതേത്? എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിപ്പിച്ചുകൊണ്ടാണ് ആദ്യ അനുബന്ധം അവസാനിക്കുന്നത്. ജനമേജയന്റെ യാഗശാലയിൽ അലഞ്ഞുതിരിഞ്ഞെത്തിയ നായ്ക്കുട്ടിയെ ഒരു കുറ്റവും ചെയ്യാതെ ശിക്ഷിച്ചതിനെപ്പറ്റിയുള്ള വിചാരണയും അതിന്റെ ശാപവുമാണ് നാന്ദിയിലുള്ളത്. (മഹാഭാരതകഥയുടെ നാന്ദികൂടിയാണത്) ‘ആത്രേയക’ത്തിലെ കഥയുമായി പ്രത്യക്ഷബന്ധമൊന്നുമില്ലാത്ത സരമയുടെ ശാപത്തിന് നോവലിലെ ഭാവമണ്ഡലത്തെ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ടെന്ന് മുകളിൽ നാം കണ്ടു. അടുത്തത് ‘ഫലശ്രുതി’യെന്ന അനുബന്ധമാണ്. പുരാണകൃതികളുടെ പാരായണതാത്പര്യം വർദ്ധിപ്പിക്കാനുള്ള രചനാതന്ത്രമെന്ന നിലയിൽ അവയുടെ അവസാനം ചേർക്കുന്ന പ്രയോജനാകാംക്ഷയെ കാലികമായി പുതുക്കി അവതരിപ്പിക്കുകയാണ് നോവലിലെ ‘ഫലശ്രുതി’യിൽ. രതിയെയും മരണഭയത്തെയും (ആനന്ദാഭിരതിയും മരണാനുഭൂതിയും) പരസ്പരം അഭിമുഖം നിർത്തി രതിക്കു വിപരീതമാണ് ഭയമെന്ന ഉപദേശം വായനക്കാർക്ക് ആ ഭാഗം നൽകുന്നു. രചനയെയും പ്രമേയത്തെയും കുറിച്ചുള്ള ചർച്ചയാണ് ‘ജയ’മെന്ന ഖണ്ഡത്തിലുള്ളത്. ഫലശ്രുതിയും ജയവും, എഴുത്തിന്റെ ആന്തരികവും ബാഹ്യവുമായ സമസ്യകളെ പ്രമേയത്തിന്റെ ഭാഗമാക്കി ചിന്തിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്ന കാലികമായ രചനാവഴക്കമാണ് മറ്റൊരു തരത്തിൽ ആ ഭാഗത്ത് ആവിഷ്കരിക്കപ്പെടുന്നത്. വൈകാരിക തീക്ഷ്ണമായ സരമയുടെ ശാപവും യക്ഷപ്രശ്നത്തിനുള്ളിലെ കുഴമറിച്ചിലും അബോധവുമായും നോവലിന്റെ അവസാനത്തിലെ വ്യാസശിഷ്യന്മാരുടെ വിശകലനവിചാരങ്ങൾക്ക് ബോധവുമായുമാണ് ബന്ധം. ആ നിലയ്ക്ക് നോവൽ ഭാഗമാകട്ടെ പൂർണ്ണമായും മറ്റൊരു ആത്രേയകമായി, ഒരു ഉപബോധമായി മാറുന്നു.
കഥാഗതിയിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും സരമയുടെ ശാപത്തിൽനിന്ന് ജനമേജയനിലേക്കും അനുജന്മാരിലേക്കും പ്രസരിക്കുന്ന ഭയത്തിന് നോവലിൽ പ്രത്യേകസ്ഥാനമുണ്ട്. ഭയത്തെ നിർണ്ണായകവും അസ്തിത്വസംബന്ധിയുമായ വികാരമായി നോവൽ, പരിചരിക്കുന്നു. വ്യക്തിജീവിതത്തെ മൂടിനിൽക്കുന്ന പലതരം ഭയങ്ങളിലൂടെയാണ് കഥാപാത്രങ്ങൾ യാത്ര ചെയ്യുന്നത്. മാനം, ധനം, ഗുണം, മൂല്യം, പദവി, ജ്ഞാനം, സ്ഥലം, ആനന്ദം, സ്വസ്ഥത, ലിംഗത്വം... അങ്ങനെ നിരവധി നഷ്ടങ്ങളെക്കുറിച്ചുള്ള ഭീതിയാണ് പ്രകടമായുള്ളത്. അവയുടെ പാരമ്യാവസ്ഥയിൽ മരണത്തെപ്പറ്റിയുള്ളതും (ജീവനഷ്ടം) കുടിയിരിക്കുന്നു. ‘ഭയത്തെ ഭയക്കരുത് നേരിടണം’ എന്നാണ് ചൂഡകൻ നിരമിത്രനു നൽകുന്ന ഉപദേശം. (പു.293) സരമയ്ക്കു പുറമേ അണിമാണ്ഡവ്യന്റെ ശാപകഥയും നോവലിൽ കടന്നുവരുന്നുണ്ട് എന്നു ശ്രദ്ധിക്കുക. (അദ്ധ്യായം 15) നഷ്ടപ്പെടുമെന്ന ഭീതികൊണ്ട് ഒന്നിനെയും ചേർത്തു പിടിക്കാനാവാതെ വലയുകയാണ് ജനമേജയനു ശാപംകൊണ്ടുണ്ടായ യാതന. യമധർമ്മനു മാണ്ഡവ്യനിൽനിന്നു കിട്ടിയ ശാപത്തിന്റെ അനുബന്ധം, അനീതികൾക്കു മുന്നിൽ നിശ്ശബ്ദനായി ഇരിക്കേണ്ടിവരുമെന്നതാണ്, സംസാരിക്കാൻ ശ്രമിച്ചാൽ വാക്കിനു വിലയില്ലാതാകും. ശൂദ്രയോനിയിൽ പിറന്ന് വിജ്ഞാനിയായി എന്നാൽ അപ്രസക്തനായി ഉടനീളം ജീവിക്കുക എന്ന നിസ്സഹായാവസ്ഥ വിദുരരായി പിറന്ന യമധർമ്മൻ ചുമക്കുന്നുണ്ട്. അവസാനം വായിൽ കല്ലിട്ട് അദ്ദേഹം കാടുകയറി.
ഭൂമി എല്ലാവർക്കും സുന്ദരമല്ലെന്ന് മനസിലാക്കാൻ ശൂദ്രൻ, സ്ത്രീ, നപുംസകം -ഇതിലേതെങ്കിലും ഒന്നായി ജനിക്കണമെന്ന് മാണ്ഡവ്യൻ ധർമ്മദേവനെ അറിയിക്കുന്നതായി നോവലിലുണ്ട്. (പു. 72) അതിനോടൊപ്പം ചിത്രാംഗദയും ഹിഡുംബിയും ഉലൂപിയും ഇരാവാനും ഘടോത്കചനും പ്രതിനിധീകരിക്കുന്ന പർവത-കാനന ഭൂമികളിലെ, സഹനശക്തിയും വിധേയത്വവും കൈമുതലായുള്ള കരുത്തരായ അരികുജീവിതങ്ങളെയും ചേർത്തു പിടിച്ചുള്ള മറ്റൊരു ഭാരതഗാഥയായി ‘ആത്രേയകം’ മാറുന്നു. അടിസ്ഥാന പരമായി, ന്യൂനപക്ഷാത്മകത (മൈനോരിറ്റി) എന്നു വിളിക്കാവുന്ന, സ്ത്രൈണതയിലേക്ക് കുതിക്കുന്ന ജീവിതാവേഗങ്ങളുടെ പരാജയം ഏതു ശാരീരികാവസ്ഥയിലും സ്വാഭാവികമാണെന്നുംകൂടി കാണിച്ചുതരികയാണ് ‘ആത്രേയകം’ ചെയ്യുന്നത്.
മാധ്യമം ആഴ്ചപ്പതിപ്പ്, ഒക്ടോബർ 26, 2026

