October 27, 2026

ശാർദ്ദൂലനിഗ്രഹത്തിലെ കത്തികൾ


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (104:30) ഉണ്ണി ആർ എഴുതിയ കഥ, ‘ശാർദ്ദൂലനിഗ്രഹ’ത്തിലെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക്ടോബർ 11, 2026) കത്തി വില്പനക്കാരനും  അതു വാങ്ങാൻ വരുന്ന സ്ത്രീയ്ക്കും കാമുകീകാമുകത്വഭാവമുണ്ട്. വില്പനക്കാരനും ഉപഭോക്തയും എന്ന നിലവിട്ട് അവർ മാറിനിന്ന് സംസാരിക്കുന്നു. ചായകുടിക്കാൻ പോകുന്നു. ആംഗ്യവും കണ്ണുകളും ഉപയോഗിച്ച് ആശയം കൈമാറുന്നു.  ഹോട്ടലിലെ ഫാമിലിറൂമിൽ ഇരിക്കുന്നു. രണ്ടാമത്തെ പ്രാവശ്യം കാണുമ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ലെന്ന കാര്യം കഥാകൃത്ത് എടുത്തു പറയുന്നു. ഹോട്ടലിൽവച്ച് അയാൾ കൈമാറുന്ന കത്തി രണ്ടു കിളികൾ കൊക്കുരുമുന്നതാണ്. അവസാനം അവർ കാണുന്നത് അതുപോലെ ആരുമില്ലാത്ത സെമിത്തേരിയിൽ വച്ചും. അവളുടെ അവസാനത്തെ ആഗ്രഹം അയാളിതുവരെ ഉണ്ടാക്കാത്ത തരം കത്തിയാണ്. അതായത് അവൾക്കുവേണ്ടി മാത്രം അയാൾ പണിയേണ്ടത്. അതു കൊടുത്തു കഴിഞ്ഞപ്പോൾ “ചോരയെ ചൂടുപിടിപ്പിക്കുംമട്ടിലൊരു ഊർജ്ജം ഉടലിലൂടെ മിന്നൽ പോലെ പായുന്നതായി അവൾക്കു തോന്നി”യത്രേ. കത്തി വിൽപ്പനക്കാരന്റെ പാരമ്പര്യമഹിമയെപ്പറ്റിയും  വാങ്ങൽക്കാരിയുടെ ശരീരത്തെപ്പറ്റിയും  കഥയിൽ പരാമർശങ്ങളുണ്ട്.  കറിക്കരിയാനുള്ളത് എന്ന കത്തികളുടെ സാധാരണധർമ്മത്തിനപ്പുറത്താണ് അവളുടെ അന്വേഷണം. കറിക്കത്തി ഗാർഹിക ജീവിതത്തിന്റെ അച്ചടക്കത്തെയും കൊലക്കത്തി സ്വാതന്ത്ര്യത്തെയും ഉള്ളടക്കുന്നു.

‘ശാർദ്ദൂലനിഗ്രഹം’ എന്നാണ് കഥയുടെ പേര്. പുലിയെന്നും കടുവയെന്നും ശ്രേഷ്ഠനെന്നും (നരശാർദ്ദൂലം)  അർത്ഥമുള്ള ആ വാക്കിന്റെ നിരുക്തി ‘ഹിംസിക്കുകയും ദുഃഖിപ്പിക്കുകയും’ ചെയ്യുന്നത് എന്നാണ്.  സ്ത്രീകളെ ഹിംസിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന, അടുത്തും (ബന്ധുക്കൾ) അകലെയുമുള്ള (പോലീസുകാർ) ആൺലോകത്തെ നിഗ്രഹിക്കാനുള്ള സ്ത്രീമനസിന്റെ ഭാവനാസഞ്ചാരത്തിനും വിശാലമായ പ്രതിബദ്ധതയുടെ ആവരണമുണ്ട്. അതു കഥയുടെ അവസാനം കടന്നു വരുന്ന ‘കക്കയം’ എന്ന ഭൂതകാലത്തിലെ അനുഭവലോകത്തേക്കാൾ മൂർച്ചയുള്ളതാണ്.

വിൽക്കാൻ വച്ചിരിക്കുന്ന കത്തികളുടെ ധർമ്മത്തെ മാറ്റിയെടുക്കാനുള്ള അവളുടെ അസ്വാഭാവികമായ ആഗ്രഹം ബോധ്യപ്പെടുന്നതോടെയാണ് വില്പനക്കാരനും അവൾക്കും ഇടയിൽ ഒരു ബന്ധം ഉടലെടുക്കുന്നത്. വിൽപ്പനക്കാരനുമായി ഉപഭോക്താവിനു ഇങ്ങനെയൊരു ബന്ധം, അതും വളരെ ചുരുങ്ങിയ കാലയളവിൽ അയുക്തികമാണ്. അവൾ കത്തികൾ വാങ്ങുന്നത് അച്ഛനെയും ഭർത്താവിനെയും കൊല്ലാനാണ്. അവരെ കൊന്നതായി അവൾ ആത്മഹർഷത്തോടെ വിവരിക്കുന്നുണ്ടെങ്കിലും മറ്റൊരു സന്ദർഭത്തിൽ അവർ രണ്ടു പേരും ഓടു മേയാൻ കേറിയപ്പോൾ താഴെ വീണ് ആശുപത്രിയിലായെന്നും പറയുന്നു. അപ്പോൾ അളുടെ കൊലപാതകവിവരണത്തിന്റെ യാഥാർത്ഥ്യം എന്താണ്? കക്കയം ക്യാമ്പിൽ ‘രാജനെ’ ( പോലുള്ള നിരപരാധികളെ) കൊന്ന പോലീസുകാരെ (ഒരാളല്ല) കൊല്ലാൻ അവൾ ചോദിച്ചു വാങ്ങുന്ന കത്തിയും അവളുടെ ഭാവനാത്മക യാഥാർത്ഥ്യമാണ്.  സാക്ഷാത്കാരത്തിലേക്കു പോകാൻ  ഒരു സാധ്യതയുമില്ല എന്നുതന്നെ വിശ്വസിക്കണം. പ്രത്യക്ഷത്തിൽ അച്ഛൻ, ഭർത്താവ് എന്നീ സ്വകാര്യ അധികാരരൂപങ്ങളെയും അവയുടെ സ്ഥാപനവത്കൃതരൂപമായ പോലീസിനെയും (ഇവിടെ അവർ റിട്ടയർ ആയവരാണ്. അതുകൊണ്ട് പഴയ തെറ്റിനുള്ള ശിക്ഷ എന്ന പകുതി ശരിയേ ആ ആഗ്രഹത്തിലുള്ളൂ)  കൊല്ലുക എന്ന പെണ്ണിന്റെ ആഗ്രഹത്തിനു ‘വട്ട്, ഒരോളം, കിളി പാറൽ’ എന്ന അർത്ഥമെടുത്താൽ മതിയാകും. പക്ഷേ കഥയിലാകുമ്പോൾ അതിലൊരു പ്രതിബദ്ധത വരുന്നതുകൊണ്ട് ആസ്വാദ്യവുമാകും. അതാണ് കഥയുടെ രസതന്ത്രം.  

സത്യത്തിൽ കഴുത്തിൽ രണ്ടു കുത്തു കുത്തി അച്ഛനെയും ഉപരിസുരതത്തിൽ മുഴുകിയിരിക്കെ ഭർത്താവിനെ നെഞ്ചിൽ കുത്തിയും കൊന്ന (ആണിന്റെ മുകളിൽ കയറി ഇരുന്ന് പെണ്ണ് ഭോഗിക്കുന്ന ഉപരിസുരതം ഉണ്ണിയുടെ  ‘ലീല എന്ന കഥയിൽ വിപരീതരീതിയിലുള്ള കാര്യം ഓർക്കുക. ) സ്ത്രീ ശരിക്കും അപരിചിതനായ കത്തി വില്പനക്കാരനോട് വിശദീകരിച്ചു പറയുകയും അയാളത് രസിച്ചു കേൾക്കുകയും ചെയ്യുന്നതിൽ നിഗ്രഹമല്ല, രതിയാണുള്ളത്. അയാൾ ‘കൊടുക്കുന്ന’ കത്തി, കത്തിയാവാനും സാധ്യതയില്ല. പരന്നവസ്തുക്കളും പാത്രരൂപങ്ങളും യോനികളുടെയും കൂർത്തതും നെട്ടനെയുള്ളതും ലിംഗങ്ങളുടെയും ബിംബങ്ങളാവുന്ന  മാനസികപ്രക്രിയയെ പൂർണ്ണമായും, കഥയിലെ ഭാവനാലോകത്തിന്റെ നിറപ്പകിട്ടും ചടുലതയുംവച്ചു നോക്കുമ്പോൾ തള്ളിക്കളയേണ്ടതില്ല. മരണത്തെയും രതിയെയും (ഇറോസും തനറ്റോസും) കത്തികളുടെ അപ്പുറത്തും ഇപ്പുറത്തുമായി നിർത്തുന്ന കഥയിൽ മനശ്ശാസ്ത്രസാംഗത്യങ്ങൾക്ക് ഒരു നിലയുമില്ലെന്നു വാദിക്കാനുമാവില്ല. ഒരാളെ കൊല്ലുന്നതിലൂടെയോ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെയോ ലൈംഗിക ഉത്തേജനവും സംതൃപ്തിയും ലഭിക്കുന്ന മാനസികാവസ്ഥയെ ‘ഇറോട്ടോഫോണോഫീലിയ’ എന്നു വിളിക്കാറുണ്ട്. തുടർകൊലപാതകികളിൽ പലരും കടന്നുപോയിട്ടുള്ള മാനസിക വൈകൃതമാണിതെങ്കിലും അതിന്റെ എലുകകൾ ഭാവനാരൂപത്തിൽ കഥയിൽ ഉണ്ടെന്നത് വാസ്തവമാണ്. ഒരാളെ കൊല്ലാനല്ല യുവതി ആഗ്രഹിക്കുന്നത്. പലരെയാണ്. കഥ യാഥാർത്ഥ്യത്തെ ആസ്വദനീയവും സ്വീകാര്യവുമാക്കുന്നതുപോലെ കഥയ്ക്കുള്ളിൽ ഒരു മാനസിക വൈകൃതത്തിന്റെ ഭാവനാരൂപം ആകർഷകമാകുന്നു. അതു രാഷ്ട്രീയശരിയുമായി ഒത്തുപോവുകയും ചെയ്യുന്നു.

കത്തി വിൽപ്പനക്കാരന്റെയും യുവതിയുടെയും ഗൂഢവിനിമയങ്ങളുടെയും രഹസ്യസമാഗമങ്ങളുടെയും പശ്ചാത്തലത്തിനൊപ്പം കറിക്കത്തികൾ നോക്കി നിന്ന് സമയം കളഞ്ഞ് അവ വാങ്ങാതെ പോകുന്ന  കന്യാസ്ത്രീകളെപ്പറ്റിയുള്ള സൂചനയും കഥയിലുണ്ട്. വഴിവിട്ട രത്യാത്മകതയിലേക്ക് ഉറ്റുനോക്കുന്ന ചഞ്ചലരേഖയല്ലാതെ (ഉപബോധം എന്നു ഫ്രോയിഡ് വിളിക്കുന്ന സംഗതിക്ക് ഇപ്പോൾ മനശ്ശാസ്ത്രത്തിൽ വലിയ സാംഗത്യമില്ല. എങ്കിലും ധാർമ്മിക മനസ്സാക്ഷിയായി അബോധത്തിൽനിന്ന് ഉയിർവച്ചു വരുന്ന ബിംബങ്ങളെ കലകളിൽ തള്ളിക്കളയേണ്ടതില്ല.) മറ്റാരുമല്ല ഈ കന്യാസ്ത്രീകൾ. 


 മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2026 നവംബർ 1



No comments: