November 2, 2026

ഡ്രാക്കുളയും നിർമ്മിതബുദ്ധിയും

 


നമ്മുടെ ചലച്ചിത്രനിരൂപണങ്ങളിൽ ഉള്ളടക്കത്തിനു കിട്ടുന്ന അമിതശ്രദ്ധയ്ക്ക് പാരമ്പര്യാധിഷ്ഠിതവും ഇത്രവുമായ കാരണങ്ങളുണ്ട്. സാഹിത്യസമീക്ഷകൾ പഠിച്ചുറപ്പിച്ച അധ്യാപകരായിരുന്നു ആദ്യകാലത്ത് ചലച്ചിത്രകലയുടെ  അപകർഷം നീക്കാൻ മുന്നിലെത്തിയവർ. അവരുടെ നിര വളരെ നീണ്ടതാണ്. പിന്നീടുണ്ടായ പ്രധാന മാറ്റം, സോഷ്യൽ റിയലിസവുമായി ഉണ്ടായ ചങ്ങാത്തവും. കക്ഷി രാഷ്ട്രീയ തത്പരത അതിനെ വ്യാപകമാക്കാൻ നല്ല പങ്കു വഹിച്ചിട്ടുണ്ടെന്നു മാത്രമല്ല.  വ്യക്തമായി ചൂണ്ടിക്കാട്ടാൻ പറ്റുന്ന ഗുണപാഠമില്ലാത്ത സിനിമയും സാഹിത്യമ്പോലെതന്നെ  തരംതാണ ഉല്പന്നമായിത്തീരുമെന്ന വിശ്വാസം ഇപ്പോഴും പ്രബലമാണ്. 

പ്രമേയാധിഷ്ഠിത പ്രത്യയശാസ്ത്രവിശകലനത്തിനു നേരെ വിരുദ്ധമായ നിലയിലാണ്  പി കെ സുരേന്ദ്രന്റെ ചലച്ചിത്രവിശകലനങ്ങളുടെ നില. സമകാലികമായ സാങ്കേതികവിദ്യങ്ങളെ അതിവേഗം സ്വാംശീകരണത്തിനു വിധേയമാക്കിക്കൊണ്ടാണ് ചലച്ചിത്രങ്ങൾ കലകളുടെ കൂട്ടത്തിൽ മുന്നിലും ജനപ്രിയതയുടെ അനിഷേധ്യമായ ഭാഗമായും നിലനിന്നു പോരുന്നത്. ചലച്ചിത്രങ്ങളുടെ രൂപഘടനയെയും അതുവഴി ഉള്ളടക്കത്തെത്തന്നെയും നിർണ്ണയിക്കുന്നതിൽ കലാരൂപമെന്ന നിലയിൽ. സാങ്കേതികവിദ്യയുമായി ചേർന്നു പാകപ്പെടുന്നതിൽ ചലച്ചിത്രങ്ങൾക്കുള്ള ശേഷി പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്.  പി കെ സുരേന്ദ്രന്റെ കണ്ണെത്തുന്നത് ഈ മേഖലയിലാണ്. മലയാളത്തിലെ പ്രമേയാധിഷ്ഠിത നിരൂപണങ്ങളുടെ ധാരാളിത്തത്തിനിടയിൽനിന്ന് സുരേന്ദ്രന്റെ സിനിമാവിശകലനങ്ങളെ ഈ ‘കണ്ണോട്ടം’ മാറ്റിനിർത്തുന്നു. 
മാധ്യമം ആഴ്ചപ്പതിപ്പിലെ (29:1494) റാഡു ജൂഡിന്റെ ‘ഡ്രാക്കുള’ സിനിമയെക്കുറിച്ചുള്ള പി കെ സുരേന്ദ്രന്റെ  ലേഖനം, ‘ഡിജിറ്റൽ യുഗത്തിലെ ‘രക്തരക്ഷസ്’ പല കാരണങ്ങളാൽ പ്രസക്തവും കാലോചിതവുമാണ്.   റൊമാനിയൻ ചലച്ചിത്ര സംവിധായകനായ റാഡു ജൂഡിന്റെ ‘ഡ്രാക്കുള’യും അതിന്റെ പരീക്ഷണവ്യഗ്രമായ പരിചരണരീതികളുമാണ് ലേഖനത്തിന്റെ വിഷയമെങ്കിലും, സമകാലികചലച്ചിത്രകലയുടെ  രാഷ്ട്രീയത്തെയും അതിന്റെ ആവിഷ്കാരസമ്പ്രദായങ്ങളെയും സംബന്ധിക്കുന്ന  ചോദ്യങ്ങൾകൂടി ലേഖനത്തിന്റെ പരിധിയിൽ വരുന്നുണ്ട്. ഗൗരവതരമായ ആലോചനയും തുടർചർച്ചയും അതർഹിക്കുന്നു.  

മറ്റു പല മേഖലയിലും എന്നപോലെ കലാസൃഷ്ടികളുടെ കാര്യത്തിലും നിർമ്മിതബുദ്ധിയുടെ പങ്ക് എത്രത്തോളമാകാമെന്നതിനെപ്പറ്റി ചർച്ചകൾ വ്യാപകമായി വരുന്ന കാലമാണ്. ലഭ്യമായ വിവരശേഖരത്തെ ആസ്പദമാക്കിയോ അവയുടെ ജനനാന്തരണങ്ങളായോ (ജെനിറേറ്റീവ്) നിർമ്മിതബുദ്ധികൾ രൂപം നൽകുന്ന ചട്ടക്കൂടുകൾ യഥാർത്ഥ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള ധാർമ്മികമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. അൽഗോരിതങ്ങളെ ആശ്രയിച്ചുള്ള നിർമ്മിതികൾ, മൗലികമായ പ്രഭാവത്തെയും ആഖ്യാനത്തിന്റെ തനതുവഴികളെയും മനുഷ്യരാശിയുടെ നിർമ്മാണകൗശലത്തെയും വൈകാരികമായ പ്രതികരണങ്ങളെയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്നു. ‘കലയുടെ മേഖലയിൽ നിർമ്മിതബുദ്ധിപ്രയോഗങ്ങൾ എത്രത്തോളമാകാം’ എന്ന ചോദ്യത്തിന്റെ ഉറവിടവും തടസ്സവാദങ്ങളുടെ കാതലും അതാണ്.   

എന്നാൽ അതതു കാലത്തെ സാങ്കേതികവിദ്യകളെ ആശ്ലേഷിച്ചും സ്വന്തം നിലനിൽപ്പിനനുസരിച്ചു അവയെ വികസിപ്പിച്ചും വളർന്ന ചലച്ചിത്രംപോലെയുള്ള മുന്നണി കലാരൂപത്തിന് നിർമ്മിതബുദ്ധിയുടെ പ്രഭാവത്തെ എത്രകാലം മാറ്റിനിർത്താൻ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. മനുഷ്യസമൂഹത്തിന്റെ ഭാവനാലോകത്തെ കൂടുതൽ കൃത്യമായും സൂക്ഷ്മമായും സംവേദനപരമായും രേഖപ്പെടുത്താനുള്ള ഉത്സാഹത്തിന്റെ ചരിത്രംകൂടിയാണ് ചലച്ചിത്രങ്ങളുടേത്. ഡ്രാക്കുളയും യക്ഷിണിയുംപോലെയുള്ള ആദിപ്രരൂപങ്ങൾക്ക് ജീവൻ നൽകാൻ സംസ്കാരഘടനയിലെ അൽഗോരിതങ്ങളാണ് സമൂഹം ഉപയോഗിച്ചു വന്നതെങ്കിൽ ചലച്ചിത്രങ്ങൾ അവയുടെ ഏറ്റവും സമകാലിമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമെന്താണുള്ളതെന്ന പ്രത്യുത്തരമാണ് സുരേന്ദ്രൻ, ’ഡ്രാക്കുള’യുടെ ചലച്ചിത്രാനുകല്പനത്തെ മുൻനിർത്തി നൽകുന്നത്. 

ലേഖനത്തിന്റെ രണ്ടാമത്തെ പ്രത്യേകത, പരീക്ഷണാത്മക സിനിമകളെ സമീപിക്കേണ്ട രീതിയെപ്പറ്റിയുള്ള, അദ്ദേഹത്തിന്റെ തെളിഞ്ഞ വീക്ഷണമാണ്.  സാമ്പ്രാദായിക കാഴ്ചശീലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കാണികൾക്ക്, പരീക്ഷണവ്യഗ്രമായ ചലച്ചിത്രങ്ങളുടെ സാങ്കേതിക ശരീരങ്ങളും സംവിധായകപ്രതിഭകളുടെ വ്യത്യസ്തമായ ആഖ്യാനവഴികളും ഇഴപിരിച്ചു വിശദമാക്കാനുള്ള ജാഗ്രത, സുരേന്ദ്രന്റെ ലേഖനങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമൂർത്തമായി വിവരിച്ചു പോവുക എന്ന പതിവു വിട്ട്, കലാത്മകസിനിമയുടെ രാഷ്ട്രീയം അതിന്റെ രൂപസംവിധാനത്തിൽത്തന്നെയുണ്ടെന്ന വിശദമായ വിവരണസാക്ഷ്യമാണ് ‘ഡ്രാക്കുള’യിലെ ‘പുതുമകളെ’ മുൻനിർത്തി സുരേന്ദ്രൻ സ്ഥാപിക്കുന്നത്. പിങ്ക് സിനിമകളെയും ഡാറ്റാബെയിസ് സിനിമകളെയുംപറ്റിയുള്ള വിവരണങ്ങൾ അവയ്ക്ക് മുതൽക്കൂട്ടാവുന്നു. 

ചരിത്രത്തെയും വർത്തമാനത്തെയും വിമർശനാത്മകമായി സമീപിക്കുകയും രൂപപരമായ പരീക്ഷണങ്ങളിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരഘടനകളെ വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്യുന്നവയാണ് റാഡു ജൂഡിന്റെ സിനിമകൾ, അവ ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. കഥാഖ്യാനത്തിനു പകരം ചലച്ചിത്രങ്ങളെ വിമർശനാത്മക സംവാദത്തിനുള്ള ഉപാധിയാക്കുക എന്ന ലക്ഷ്യം ഉള്ളതിനാൽ അവയ്ക്കുള്ളത് ഭിന്നമായ സൗന്ദര്യശാസ്ത്രവുമാണ്.  മാനുഷികമായ കാപട്യങ്ങളെയും സാമൂഹികമായ അന്തസ്സാരശൂന്യതയെയും തുറന്നു കാട്ടാനുള്ള  സംവിധായകന്റെ വഴി പരിഹാസത്തിനൊപ്പം സിനിമാറ്റിക് രൂപങ്ങളെ മാറി മാറി പരീക്ഷിക്കാനുള്ള ധീരതകൂടിയാകുന്നത് അതുകൊണ്ടാണെന്ന് ലേഖകൻ വിശദമാക്കുന്നത് വാസ്തവമാണ്.  റൊമാനിയയിലെ റോമാസമൂഹം (ജിപ്സി) അനുഭവിച്ച അടിമത്തത്തിന്റെ ഭീകരത തുറന്നുകാട്ടാൻ ക്ലാസിക് വെസ്റ്റേൺ ചിത്രങ്ങളുടെ ശൈലിയാണ് റാഡു ജൂഡ്, കറുപ്പിലും വെളുപ്പിലുമായി നിർമ്മിച്ച  ‘അഫ്രിമിൽ’ (2015) ഉപയോഗിച്ചത്. മുതലാളിത്ത ചൂഷണവും തൊഴിലാളി വിരുദ്ധതയും ടിക്-ടോക് യുഗത്തിന്റെ അസംബന്ധങ്ങളും ചിത്രീകരിക്കുന്ന ‘ ഡു നോട്ട് എക്സ്പെക്ട് റ്റൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദ വേൾഡ്’ (2023) ഫൗണ്ട് ഫൂട്ടേജ്, കൊളാഷ്, ബ്രെഹ്ടിയൻ ശൈലി തുടങ്ങിയ ഉപയോഗിച്ചും  പഴയ സോഷ്യലിസ്റ്റ് കാലത്തെ സിനിമയുടെ ഭാഗങ്ങൾ സമാന്തരമായി ചേർത്തുവെച്ചും  കഥാഖ്യാനത്തിന്റെ പരമ്പരാഗത വഴികളെ നിരസിക്കുന്നു. മൂലധനാധിഷ്ഠിതമായ ചൂഷണവ്യവസ്ഥയ്ക്കെതിരെയുള്ള നിലപാടിനെ തണ്ടെല്ലുറപ്പുള്ള രാഷ്ട്രീയസമീപനമായി അവിടെനിന്നും മുന്നോട്ടുകൊണ്ടുപോവുകയാണ് ‘ഡ്രാക്കുള’യിൽ സംവിധായകൻ. അൽഗോരിത ഉള്ളടക്കമായി മാറുന്ന ഡ്രാക്കുളയെന്ന പുരാവൃത്തം, ഡിജിറ്റൽ യുഗത്തിൽ അതിതീവ്രമായ ഘട്ടത്തിലേക്കു പ്രവേശിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. ആഗോളമൂലധനവാദത്തിന്റെ ഉല്പന്നമായ നിർമ്മിതബുദ്ധിയെ, അതേ സാമ്പത്തികവ്യവസ്ഥയുടെ നൃശംസമായ ചൂഷണസമ്പ്രദായത്തിനെതിരായി ഉപയോഗിക്കുന്നതരം വൈരുദ്ധ്യവും ‘ഡ്രാക്കുള‘ ഉള്ളടക്കുന്നുണ്ട്. റാഡു ജൂഡിന്റെ അടുത്ത സിനിമ മേരി ഷെല്ലിയുടെ ‘ഫ്രാങ്കസ്റ്റൈനെ’ ആധാരമാക്കിയാണെന്ന കാര്യവും ഇവിടെ ഓർക്കാം. 

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന സിനിമകളെ മനുഷ്യനിർമ്മിത (?) സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണോ എന്ന ചർച്ച നമ്മുടെ നാട്ടിലും വ്യാപകമാവുന്ന കാലത്ത് ലോകസിനിമാരംഗത്ത് പ്രതിഭാശാലിയായ ഒരു സംവിധായകൻ നടത്തിയ പരീക്ഷണം എന്ന നിലയിലും ചലച്ചിത്രത്തിന്റെ പ്രമേയമല്ല, രൂപമാണ് രാഷ്ട്രീയത്തിന്റെ ഏറ്റവും ധ്വന്യാത്മകമായ സമകാലികമായ സംവേദനത്വം സാധ്യമാക്കുന്നത്  എന്ന അർത്ഥത്തിലും സുരേന്ദ്രന്റെ ഡ്രാക്കുള സിനിമയെപ്പറ്റിയുള്ള പര്യാലോചന കൂടുതൽ കാര്യഗൗരവമുള്ള ചർച്ചകൾക്കുള്ള വഴി തുറക്കൽകൂടിയാകുന്നു. 

 

മാധ്യമം ആഴ്ചപ്പതിപ്പ്,  നവംബർ 2-9, 2026 

No comments: