December 17, 2025

അരുന്ധതി റോയ് കഥയിലേക്കു വരുമ്പോൾ

 


    മാധ്യമം ആഴ്ചപ്പതിപ്പിലെ (28:1447) ഫസീല മെഹറിന്റെ കഥ, ‘അരുന്ധതി റോയ് കംസ് ടു മി’യുടെ ഭാഷയ്ക്ക്,   തൊട്ടടുത്തിരിക്കുന്ന ആളിനോട് ശ്വാസംപോലും എടുക്കാത്തമട്ടിൽ, സ്വയം വിശദീകരിച്ചുപോകുന്ന ഗതിവേഗമുണ്ട്. ആർജ്ജവവും ഒഴുക്കുമാണ് അതിന്റെ പ്രാഥമികമായ പ്രത്യേകത. മലയാള ഗദ്യത്തിന്റെ സ്വാഭാവികമായ ഓജസാണ് ആ ഏകഭാഷണത്തിന്റെ ചടുലതയ്ക്ക് വിളക്കു പിടിക്കുന്നത്. എന്നാൽ സാധാരണനിലയിൽ പാടി പുകഴ്ത്താറുള്ള ലാളിത്യമല്ല ആഖ്യാനരീതിയുടെ പ്രത്യേകത എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. സങ്കീർണ്ണമായ അനുഭവപിരിവുകളെ വാമൊഴിമാറ്റം ചെയ്യുകയാണ് കഥ. ആ രൂപമാണ് അതിന്റെ ഉള്ളടക്കം. ഏകാംഗപ്രക്രിയയായ വായനയെക്കുറിച്ചുള്ളതായതുകൊണ്ട് സ്വഗതാഖ്യാനത്തിനു ആ രൂപത്തിൽ വിശേഷപ്രാധാന്യവും കൈവരുന്നു. 

  അരുന്ധതി റോയിയുടെ അമ്മയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിലെ അവസാന അദ്ധ്യായം, അവരുടെ ജന്മനാടായ കോട്ടയത്തുവച്ചു വായിക്കണമെന്ന ഉൾപ്രേരണയിൽ അവിടെ എത്തി കഥാകാരി അതു വായിച്ചു തീർക്കുന്നതിനെപ്പറ്റിയുള്ള വിവരണമാണ്  ‘അരുന്ധതി റോയ് എന്നിലേക്കു വരുന്നു’ എന്ന കഥയുടെ സാരാംശം. ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ തുടങ്ങി അരുന്ധതിയുടെ മറ്റു കൃതികളെപ്പറ്റിയുള്ള പരാമർശങ്ങളൊന്നും കഥയിലില്ല. ആദ്യ നോവലായ ‘ചെറുതുകളുടെ തമ്പുരാനെ’പറ്റിയുമില്ല.  എന്നാൽ ആദ്യനോവലിലെയും ഇപ്പോഴത്തെ ജീവിതകഥയിലെയും ഭൂപ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അനുഭവങ്ങൾക്കുംതമ്മിലുള്ള ബന്ധം പശ്ചാത്തലത്തിലുണ്ട്. വിശേഷാർത്ഥത്തിൽ അയ്മനം എന്നും സാമാന്യാർത്ഥത്തിൽ കോട്ടയമെന്നും ഉള്ള ഭൂപ്രദേശത്തിനു കഥയിൽ കൈവന്നിരിക്കുന്ന  പ്രാധാന്യംകൊണ്ട്, പേരു പറഞ്ഞില്ലെങ്കിൽക്കൂടി  ‘ അരുന്ധതി റോയ് കംസ് ടു മി’ -കഥ വായിക്കുന്നവരിൽ  ഈ രണ്ടു പുസ്തകത്തിലെയും വസ്തുതാവിവരണങ്ങൾ സ്വാഭാവികതയോടെ വന്നുചേരാതിരിക്കില്ല. എഴുത്തുകാരി, ആക്ടിവിസ്റ്റ്, രാഷ്ട്രീയനിരീക്ഷക, ബുദ്ധിജീവി തുടങ്ങി അരുന്ധതി റോയിക്കുള്ള  പ്രശസ്തികളേക്കാൾ കഥ ഊന്നുന്നത്, തദ്ദേശവാസിയെന്ന സ്വത്വത്തെയാണ്. അരുന്ധതിയുടെ ഭൗതികമായ സാന്നിദ്ധ്യം കഥയുടെ വർത്തമാനകാലത്തിൽ കോട്ടയത്തോ അയ്മനത്തോ ഇല്ല.  ആ അഭാവത്തിലും  അവരുടെ പ്രാദേശികസ്വത്വം കഥയ്ക്കുള്ളിൽ വഴിവിളക്കായി നിലനിക്കുന്നുണ്ട്. അതു സോദ്ദേശ്യമാണ്.

കഥാകാരിയെസംബന്ധിച്ചിടത്തോളം അപരിചിത മേഖലയാണ് കോട്ടയം. ഈ അന്യത്വത്തെ തെക്കൻ-വടക്കൻ എന്ന വിവേചനപരമായ നാട്ടുസങ്കല്പങ്ങളുടെ അനുസ്മരണങ്ങളിലൂടെ കഥ തെളിച്ചിടുക്കാൻ ശ്രമിച്ചിട്ടുള്ളതായി കാണാം. കഥ പറയുന്ന ആളിനു കോട്ടയം ആകർഷണകേന്ദ്രമായതിനു പിന്നിൽ, ബഷീർ, മമ്മൂട്ടി, കാമുകൻ എന്നിങ്ങനെ വ്യക്തികളിൽ അധിഷ്ഠിതമായതും തീർത്തും സ്ത്രൈണമെന്ന തോന്നിക്കുന്നതും  സ്വകാര്യവുമായ മൂന്നു കാരണങ്ങൾ കഥയുടെ ആരംഭത്തിൽ നൽകിയിട്ടുണ്ട്.  ബഷീറിയൻ ദർശനത്തിന്റെയും മമ്മൂട്ടിസിനിമയുടെയും പിന്നാലെ പോകുന്ന ഒരാൾക്ക് ഒരു പ്രദേശത്തിൽ കുടുങ്ങിക്കിടക്കുക എന്ന അവസ്ഥ തുടരേണ്ട ആവശ്യമില്ല. അതുകൊണ്ട് കഥ മുന്നോട്ടു പോക്കുമ്പോൾ അവരിരുവരും അപ്രത്യക്ഷരാകുന്നു. എന്നാൽ പ്രേമം അങ്ങനെയല്ല. കോട്ടയം എന്ന പ്രദേശത്തോടുള്ള ആഭിമുഖ്യത്തെ  നിർവചിക്കുന്ന വസ്തുതയായി കഥയിൽ അതു തുടരുന്നുണ്ട്. 

ഈ ഇഷ്ടത്തെ രൂപം മാറ്റി കഥയിൽ തുടർച്ചയാക്കുന്നത് അരുന്ധതി റോയിയുടെ പുതിയ പുസ്തകമാണ്. കാമുകന്റെ ഭൗതികമായ സാന്നിദ്ധ്യം നിർമ്മിച്ച ഇഷ്ടം,
ഭാവനയിലുള്ള അരുന്ധതിറോയിയോടു പുസ്തകം‌മുഖേന ഉണ്ടായിരിക്കുന്ന ഇഷ്ടം, ഈ രണ്ടിഷ്ടങ്ങളെയും കോട്ടയം എന്ന സ്ഥലപരിധിയിലേക്ക് നട്ടു വളർത്തുകയാണ് കഥാകാരി.  ‘ഒരാളിനോടുള്ള സ്നേഹം നമുക്ക് ആ നാടിനെക്കൂടി പ്രിയങ്കരമാക്കുന്നു’ - എന്നാണ്  സ്ഥലബദ്ധമായ സ്നേഹപ്പകർച്ചയ്ക്ക് കഥതന്നെ നൽകുന്ന ന്യായീകരണം. 

ചെറുതുകളുടെ തമ്പുരാൻ നോവലെന്ന നിലയ്ക്ക് ഭാവനാസൃഷ്ടിയാണ്. അതേ സമയം ആ നോവലിലെ അനുഭവങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും ഓർമ്മിപ്പിക്കുന്ന പലതും ‘മദർ മേരി കംസ് ടു മീ’ എന്ന ഓർമ്മപ്പുസ്തകത്തിലുണ്ട്. ചെറുതുകളുടെ തമ്പുരാനിൽനിന്ന് മദർ മേരി...’ യിലേക്കുള്ള കഥയിലെ നായികയുടെ യാത്ര, യാഥാർത്ഥ്യത്തിൽനിന്ന് ഭാവനയിലേക്ക് എന്ന രചനാപതിവിനെയാണ് തകിടം മറിക്കുന്നത്.  നോവലിലെ ഭാവനാത്മക യാഥാർത്ഥ്യത്തെ ഓർമ്മക്കുറിപ്പിലെ അനുഭവയാഥാർത്ഥ്യത്തിലേക്ക്,  ഇറക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് കഥ ചെയ്യുന്നത്.  ഭൂതകാലാനുഭവങ്ങൾ രൂപപ്പെടുത്തുന്ന വ്യക്തിത്വരൂപീകരണത്തെപ്പറ്റിയാണ് ആത്യന്തികമായി കഥയ്ക്ക് സംസാരിക്കാനുള്ളത്. അതുകൊണ്ടാണ് അനുഭവത്തെ സംബന്ധിക്കുന്ന യാഥാർത്ഥ്യം ഭാവനയേക്കാൾ പ്രധാനമാണെന്ന കാര്യം കഥ മുന്നോട്ടു വയ്ക്കുന്നത്.  ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന ഒരു വാക്യവും കഥയ്ക്കുള്ളിലുണ്ട് : ‘മുറിവുകളുടെ ഉത്ഭവസ്ഥാനം മാത്രം കണ്ടാൽ മതിയായിരുന്നു എനിക്ക്.’

നോവലിൽനിന്ന് അനുഭവകഥയിലേക്കുള്ള ഇറക്കമാണ് ഒരു വശത്തുള്ളതെങ്കിൽ മറുവശത്ത്, കാമുകന്റെ ഭൗതിക സാന്നിദ്ധ്യത്തിൽനിന്ന് അരുന്ധതിയുടെ രചനാവ്യക്തിത്വത്തിന്റെ ഭാവനാസാന്നിദ്ധ്യത്തിലേക്കുള്ള കയറ്റമായി കോട്ടയം പ്രണയത്തിന്റെ അടിസ്ഥാനം മാറുന്നു. പ്രണയത്തിൽനിന്ന് ഇഷ്ടത്തിലേക്കുള്ള വച്ചുമാറ്റം സമനിലയിൽ ഉള്ള ഒന്നല്ല.  തന്നിലേക്ക് ഇറങ്ങിവരുന്ന അമ്മയെ വിഭാവന ചെയ്ത അരുന്ധതിയെ, കഥാകാരിയിലേക്ക് ഇറങ്ങി വരുന്ന എഴുത്തമ്മയായി  അനുഭവിച്ചുകൊണ്ടൊരു പകർന്നാട്ടം കഥയിൽ സംഭവിക്കുന്നു എന്നതാണ്  ‘അരുന്ധതി എന്നിലേക്കു വരുന്നു’ എന്ന ശീർഷത്തെ സോദ്ദേശ്യമാക്കുന്ന പൊരുൾ. ബഷീറിന്റെ ജീവിതപാഠമായ ദർശനവും മമ്മൂട്ടിയുടെ ഹൃദയാകർഷകമായ അഭിനയവും കാമുകന്റെ അനുഭവേദ്യമായ പ്രേമവും ഒറ്റ ബിന്ദുവിൽ അരുന്ധതി റോയിയായി പൂക്കുന്ന ഒരു വാചകം കഥ ഒതുക്കിവയ്ക്കുന്നുണ്ട് അതിങ്ങനെയാണ് : “നിങ്ങളെന്തായിരുന്നുവോ അതാണ് നിങ്ങളെ നിർമ്മിക്കുന്നത്, അതിനു സമാനതകളുണ്ടാവില്ല.” 

ഇതൊരു പുതിയ ‘രൂപാന്തരപ്രാപ്തി’യാണ്. സ്നേഹമെന്നു വിളിപ്പേരുള്ള ആരാധന, താദാത്മ്യമാകുന്നത് സാധാരണകാര്യമാണെങ്കിലും, ആശ്രയസ്ഥാനങ്ങളെ (ഇവിടെ അരുന്ധതി റോയ്) സ്ഥലവുമായി ചേർത്തുവച്ചുകൊണ്ട്, സ്വയം വിശകലനത്തിനുള്ള ഉപാധിയും ആത്മനിമന്ത്രണങ്ങൾക്കുള്ള (ഓട്ടോ സജഷൻ) പ്രോംപ്റ്റുകളും ആക്കി പരിണമിപ്പിക്കുന്നതിലൂടെ, കഥ, ഭൂതകാലാനുഭവങ്ങളെ അതിവൈകാരികമായി ആവിഷ്കരിക്കാനുള്ള തിടുക്കത്തെ നിരുത്സാഹപ്പെടുത്തുന്നു,   വസ്തുനിഷ്ഠമായി അവയെ നോക്കിക്കാണാൻ ഭാഷവഴി ഉത്സാഹിക്കുന്നു, ക്രിയാംശങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാരമ്പര്യചിട്ടകളിൽനിന്ന്  വിടുതൽ നേടുന്നു, ഇവയ്ക്കൊപ്പം ചെറുകഥകൾ ദിശ മാറുന്നതിന്റെ സൂചനകൾ കൂടുതൽ വ്യക്തമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. 


മാധ്യമം എഴുത്തുകുത്ത്, ഡിസംബർ 15-22, 2025






October 14, 2025

ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം

 


ഹിച്ച് കോക്കിന്റെ റെബേക്കയിൽ (1940) കാണികളുടെ മുന്നിലെത്താത്ത ഒരു കഥാപാത്രമാണ് ശീർഷകത്തിനു കാരണമായ റബേക്ക. ഈ റബേക്കയ്ക്ക് 2020 ൽ ബെൻവീറ്റ്‌ലിയുടെ സംവിധാനത്തിൽ മറ്റൊരു ചലച്ചിത്രപ്പതിപ്പുകൂടിയുണ്ടായി. റബേക്കയുടെ മരണത്തെപ്പറ്റി വ്യത്യസ്തമായ നിലപാടുകൾ ഉണ്ടെങ്കിലും അതിലും ഭൂതകാലത്തിലുള്ള ഒരു റബേക്കയെപ്പറ്റി സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന ഒരു സ്ത്രീയെയല്ലാതെ മറ്റൊരു വേഷത്തെയും സ്ക്രീനിൽ നാം കാണുന്നില്ല. (ഹിച്ച് കോക്കിന്റെ റബേക്കയിൽ മാക്സിമിനെ സന്തോഷിപ്പിക്കാൻ ആവേശം മൂത്ത് അയാളുടെ രണ്ടാമത്തെ ഭാര്യ (ജോആൻ ഫൊണ്ടയിൻ) റബേക്കയെ പോലെ വസ്ത്രം ധരിക്കുന്നു ഒരിക്കൽ) ഈ ചലച്ചിത്രങ്ങൾക്കും ഹിച്ച് കോക്കിന്റെ പ്രസിദ്ധമായ ‘പക്ഷികൾ‘ എന്ന ചിത്രത്തിനും ആധാരമായ മൂലരചന നിർവഹിച്ചത് ദാഫ്നെ ദു മോറിയേ എന്ന ഇംഗ്ലീഷ് എഴുത്തുകാരിയാണ്. ആദ്യത്തേത് ഒരു നോവലും രണ്ടാമത്തേത് ഒരു ചെറുകഥയും. ദൃശ്യത എന്ന് ഇപ്പോൾ സാർവത്രികമായി ഉപയോഗിക്കുന്ന സങ്കല്പത്തിന്റെ മറുപുറം അവതരിപ്പിക്കുകയാണല്ലോ 1938 - ലെ റെബേക്കയെന്ന നോവലിലൂടെ അവർ ചെയ്തത്. ‘സ്വാതന്ത്ര്യ കാംക്ഷിയും ഏകാകിയും അന്തഃക്ഷോഭങ്ങളുടെ പളുങ്കുപാത്രവുമായ സ്ത്രീയ്ക്ക് എന്തു ദൃശ്യത?’ എന്ന്.

സലിൻ മാങ്കുഴിയുടെ ‘ചോരവട്ടം’ എന്ന ചെറുകഥാസമാഹാരത്തിന്റെ ആമുഖവാക്യം, ദാഫ്നെയുടെ ‘സ്ത്രീകൾ നോവലായിരിക്കാനും പുരുഷന്മാർ ചെറുകഥയായിരിക്കാനും ആഗ്രഹിക്കുന്നു’ എന്ന നിരീക്ഷണമാണ്. വൈകാരികമായ അലകളും ആഴങ്ങളും അടരുകളുമുള്ള വിസ്തൃതമായ പെൺജീവിതവും വൈവിധ്യങ്ങളില്ലാത്തതും സംഗ്രഹിച്ചതും ഇടുങ്ങിയതുമായ പുരുഷജീവിതവും തമ്മിൽ പക്ഷപാതപരമായ താരതമ്യമാണ് ഈ വാക്യത്തിന്റെ കാതൽ. പല മട്ടിലുള്ള അർത്ഥങ്ങളും ധ്വനികളും ചൂണ്ടു വിരലുകളും അമർത്തിപ്പിടിച്ചവതരിപ്പിക്കാനുള്ള ശേഷി ലഘുവാക്യങ്ങൾക്കുള്ളതിനാൽ ഇങ്ങനെതന്നെയാവണമെന്നില്ല അതിന്റെ വിശേഷാർത്ഥം. ഓരോരുത്തർക്ക് ഓരോന്നാവാം പൊരുൾ.

പത്തു കഥകളുള്ള ‘ചോരവട്ട’ത്തിലെ സലിന്റെ ഒരു കഥ, ‘മുനിയറകളിലേ’ക്ക് പെട്ടെന്ന് ക്ഷണിച്ചുകൊണ്ടു പോകാതിരിക്കില്ല, ഈ വാക്യംവച്ചാലോചിക്കുമ്പോൾ. കൗമാരകാലത്തുണ്ടായ ദാരുണമായ അനുഭവത്താൽ ജീവിതത്തിൽ മൗനിയായിപ്പോയ മനുഷ്യനാണ് മുനി എന്ന് വിളിപ്പേരുള്ള അതിലെ കേന്ദ്രകഥാപാത്രം. പ്രണയം തോന്നി വിളിച്ചുകൊണ്ടുവന്ന സ്ത്രീയോട്, പിന്നീട് അവർക്കുണ്ടായ കുട്ടികളോട് ഒന്നും അയാൾ മിണ്ടുന്നതേയില്ല. അയാളുടെ മരണശേഷം മറ്റുള്ളവർ പറയുന്ന കഥകളാൽ അയാളുടെ ഭൂതകാലം, മകൻ തിരിച്ചറിയുന്നു, അവൻ പശ്ചാത്തപിക്കുന്നു. ജീവിച്ചിരുന്നപ്പോൾ അയാളുടെ അസാധാരണമായ മൗനംകൊണ്ടു പൊറുതിമുട്ടി അയാളെ വെറുത്തയാളാണ് മകൻ. മരിച്ചതിനുശേഷം കഥകളിലൂടെ രക്തവും മാംസവും കിട്ടുന്ന മനുഷ്യർ, ഇപ്പോൾ മലയാള കഥകളിലും അപൂർവസംഭവമല്ലെങ്കിലും, ഈ സമാഹാരത്തിൽ അത് ‘റബേക്ക’യെ ഒന്നുകൂടി ഓർമ്മിക്കാനുള്ള സാഹചര്യം ഉണ്ടാക്കി. ആ വാങ്മയത്തിൽ അവരും അദൃശ്യയായിരുന്നല്ലോ. അതു വഴി ദാഫ്നെയുടെ സ്ത്രീ-പുരുഷ നിർവചനത്തെ ഒന്നുകൂടി നോക്കാമെന്നും തോന്നുന്നു. ഒതുക്കിപ്പറയുക എന്നതാണ് ചെറുകഥകളുടെ ഏറ്റവും വലിയശക്തി. ‘മുനി’ കഴിഞ്ഞുപോയ ജീവിതത്തെ മുഴുവൻ അയാളുടെ മൗനത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ആ അർത്ഥത്തിൽ അയാളൊരു ചെറുകഥയാണ്. ആണ് എന്നല്ല പറയേണ്ടത്, ആയിത്തീർന്നു എന്നാണ്. പക്ഷേ മുകളിൽ വ്യാഖ്യാനിച്ചതുപോലെ മുനിയുടെ ജീവിതം വൈവിധ്യങ്ങളില്ലാത്ത വിധം സംഗ്രഹിച്ചതോ ഇടുങ്ങിയതോ ആയിരുന്നില്ല. അവിടെ സലിൻ ദാഫ്നെയുടെ നിർവചനത്തെ ഒന്നു തിരിച്ചിട്ടു പരിശോധിക്കുകയാണ് ചെയ്തത്.

എന്തുകൊണ്ട് ദാഫ്നെ ദു മോറിയേയെ ഈ കഥാസമാഹാരം താക്കോൽ പഴുതായി എടുക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. പുസ്തകത്തിനു അവതാരിക എഴുതിയ ഡോ. മിനി പ്രസാദ് ഈ കഥകളുടെ മാത്രമല്ല, സലിൻ മാങ്കുഴി എഴുതിയ മറ്റു കഥകളുടെയും സ്ത്രീപക്ഷപരമായ ചായ്‌വിനെ വേണ്ടവിധം വിശദീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹികമോ മനശ്ശാസ്ത്രപരമോ ജീവശാസ്ത്രപരമോ ആയ ജീവിതമേഖലകളെക്കുറിച്ച്, കൂടെ നടക്കുമ്പോഴും കിടക്കുമ്പോഴും തീർത്തും അജ്ഞരായ പുരുഷലോകം കഥകളിലെല്ലാം ഏറെക്കുറെ പ്രതിസ്ഥാനത്താണ്. ഒരു പുരുഷൻ അതെഴുതുമ്പോൾ ആ ഇരുണ്ട ഭൂഖണ്ഡത്തെപ്പറ്റി ഇതുവരെയില്ലാത്ത രീതിയിൽ മനസിലാക്കിവരുന്ന ഒരു ലോകം വെളിപ്പെട്ടുവരുന്നു എന്ന അർത്ഥമെടുത്താൽ മതിയാകും. ലിംഗഭേദങ്ങളുടെ ഈ ആറാം മണിക്കൂറിലോ എന്നു ചോദിച്ചു നെറ്റി ചുളിച്ചു മാറ്റി നിർത്തുകയോ ഇപ്പോഴെങ്കിലും ആയതിനെപ്പറ്റിയുള്ള ബോധാവബോധവിവേകങ്ങൾ ദൃശ്യത നേടുന്നുണ്ടല്ലോ എന്ന് വരവേൽപ്പു നടത്തുകയോ ചെയ്യാം. ഡോ. മിനി പ്രസാദ് രണ്ടാമത്തെ വഴിയാണവലംബിക്കുന്നത്. ജെൻസികൾ ആ വഴിതന്നെ പോകണമെന്നില്ല. അവർക്കിതു പുതുമയുള്ള കാര്യമാവണമെന്നില്ല. പെൺകുട്ടികൾക്കുമാത്രമുള്ള ക്ലാസുകൾ വൃദ്ധരായ കുറച്ചുപേർക്കുമാത്രമേ ഇപ്പോഴും പ്രധാനമായി തോന്നൂ. ഒന്നിച്ചുള്ള ജീവിതത്തിൽ ‘ചോരവട്ടങ്ങളുടെ’ സാന്നിദ്ധ്യം അറിയുന്നവരുടെ എണ്ണം പഴയതുപോലെ തീരെ കുറവല്ല. മതിൽക്കെട്ടുകളുടെ മറയില്ലാതെയും മണ്ണിനടിയിലൂടെയല്ലാതെയും വേരുകൾക്കൊപ്പം ഇലകൾക്കും കെട്ടിപ്പിടിക്കാവുന്ന ഒരു ലോകം അത്ര അപ്രാപ്യമായ നിലയിലുമല്ല ഇപ്പോൾ, ഭാഗ്യനിർഭാഗ്യങ്ങൾ എല്ലാവർക്കും എല്ലായിടത്തും ഒരുപോലെയല്ല, എങ്കിലും.

അതുകൊണ്ട് സ്ത്രീകൾക്കുവേണ്ടി എന്ന അഭിഭാഷകത്വത്തെ മുൻനിർത്തിയല്ല, ഈ കഥകളെ നോക്കുന്നത്. സ്ത്രീപുരുഷഭേദം തീവ്രതരമായി കൊടികുത്തിവാണ എൺപതുകളിലെ കൗമാരങ്ങൾ മുതിർന്ന് ദാമ്പത്യങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നതിന്റെ പ്രത്യേകതയാണ് ‘ചോരവട്ട’ത്തിൽ നിന്നു കിട്ടുന്ന വേവ്. പത്തുകഥകൾ നിലവിലെ സമൂഹത്തിൽ പലതരത്തിലുള്ള ബന്ധങ്ങളെ അഴിച്ചുപണിയാൻ ശ്രമിക്കുകയും ഉറ്റുനോക്കുകയും വേവലാതിപ്പെടുകയും അതിന്റെയെല്ലാം ചൂടിൽ ആലോചനമഗ്നമാവുകയും ചെയ്യുന്നു.

അടിമപ്പള്ളിയിൽ -പുരോഹിതനും വിശ്വാസിയും, ചോരവട്ടത്തിൽ- ചികിത്സകനും രോഗിണിയും, ഏലി ഏലി സബക്താനിയിൽ - ആണും പെണ്ണുമായ കൂട്ടുകാർ, എന്നെ നീ ധന്യയാക്കണേയിൽ - കവിയും ആരാധികയും, അലസിപ്പൂക്കളിൽ- പീഡകനും സ്ത്രീയും, ഒന്ന് അങ്ങോട്ടോ..... യിൽ - ആൾദൈവവും ജനവും, ഉറയിൽ - പോലീസും കുറ്റവാളിയും, തേരെ മേരെ ബീച്ച് മേമിൽ - ഭാര്യയും ഭർത്താവും, മുനിയറകളിൽ- അച്ഛനും മകനും, ഉത്തരാർദ്ധം പൂരിപ്പിക്കൂവിൽ - ഗുരുവും ശിഷ്യനും. ഇതൊരു പ്രാഥമികമായ കണക്കെടുപ്പാണ്. ഒരു കഥയും ഒരൊറ്റബന്ധത്തിന്റെ വട്ടത്തിനുള്ളിൽ കറങ്ങിത്തീരുന്നതല്ല. സാമൂഹികമായ ബന്ധങ്ങൾക്കൊപ്പം ‘എന്നെ നീ ധന്യയാക്കണേ’, ‘മുനിയറകൾ’, ‘ഏലി ഏലി.....’ എന്നിവയിൽ കാണുന്നതുപോലെ ജനിതകബന്ധങ്ങളും പ്രസക്തമാണ്.

മാത്രവുമല്ല ബന്ധങ്ങൾ ചർച്ച ചെയ്ത് കയറുന്നത് വിചിത്രവും അനിതരസാധാരണവുമായ ഭാവമേഖലകളിലേക്കുകൂടിയാണ്. ഒരു ഉദാഹരണം പറയാം, നാരായണ ഗുരുവിനെ കൗമാരകാലത്താണ് കുമാരനാശാൻ സന്ധിക്കുന്നത്. സലിന്റെ ‘ഉത്തരാർദ്ധം പൂരിപ്പിക്കൂ’ എന്ന കഥയിൽ ഭാനുമതിയുമായുള്ള ആശാന്റെ ബന്ധത്തിനും പ്രാധാന്യമുണ്ട്. പക്ഷേ കഥയിൽ ബന്ധങ്ങളുടെ ഇണക്കുകണ്ണിയായി നിൽക്കുന്നത് മരണമാണെന്ന പ്രത്യേകതയുണ്ട്. ഗുരുവിനു ശിഷ്യനെ, ഭാര്യയ്ക്കു ഭർത്താവിനെ, മക്കൾക്കു പിതാവിനെ, സഹചരർക്ക് കൂട്ടുകാരനെ, നഷ്ടപ്പെടുത്തുന്ന മരണം (അഥവ ശാശ്വതമായ വേർപാട്) കഥയ്ക്കുള്ളിൽ ബന്ധങ്ങളുടെ ഉറപ്പിനെ ബലപ്പെടുത്താനുള്ള ഉപാധിയാണ്. കഥകൾക്കുമാത്രം കഴിയുന്ന വൈരുദ്ധ്യമാണിത്. ഇത്രതന്നെ ആർദ്രമായ ഒരു അഭാവംകൊണ്ട് ‘സമാഗമത്തെ’ സ്ഥാനപ്പെടുത്തുന്ന മറ്റൊരു കഥയും സമാഹാരത്തിലുണ്ട്. സിസിയും ബോണിയും വേഷങ്ങളിലൂടേ ആൺപെൺസ്വത്വങ്ങൾ തിരിച്ചിട്ട് പ്രേമിക്കുന്ന വിചിത്രമായ കഥയാണ്, ‘ഏലി ഏലി ലമ്മ ശബക്താനി’. അത്തരമൊരു ലിംഗപരമായ ദ്രാവകത്വസ്വഭാവമുള്ള കഥയ്ക്ക് പുതിയകാലത്തിന്റെ ഒത്താശകൂടി ആവശ്യമുണ്ട്. നോവലാകാനുള്ള മൂലകങ്ങളെല്ലാം ആ കഥയിൽ സന്നിഹിതമാണ്. അതു മുന്നിൽ വച്ചുകൊണ്ട് ‘ആണുങ്ങൾക്ക് ചെറുകഥ, സ്ത്രീകൾക്ക് നോവൽ’ എന്ന നിരീക്ഷണത്തെ ഒന്നുകൂടി മറിച്ചിടാൻ തോന്നുന്നു.

ട്രഡിഷൻ ആൻഡ് ഇൻഡിവിജ്വൽ ടാലെന്റ് എന്ന കൃതിയിൽ ടി എസ് ഇലിയട്ട്, ‘ഭൂതകാലത്തിന്റെ ഭൂതകാലത്വം’ എന്നൊരു പ്രയോഗം നടത്തുന്നുണ്ട്. സലിന്റെ കഥകളിലെ ഭൂതകാല വിചാരണകൾ ഒട്ടും ദൃശ്യാത്മകമല്ലാതെ, (എന്നുവച്ചാൽ പ്രതിബദ്ധതാജാഥകളുടെ ഒച്ചയില്ലാതെയും) സമകാലത്തിലേക്ക് നടന്നുകയറുകയാണ് ചെയ്യുന്നത്. കാലികമായി സഞ്ചരിക്കുന്ന പ്രാചീന ആഖ്യാനങ്ങൾ വാക്യങ്ങളിൽ ഭൂതകാലക്രിയകളെയും ആഖ്യാനത്തിൽ മുൻപു നടന്നത് പിന്നീട് നടന്നത് എന്ന ക്രമത്തെ നിലനിർത്തിയുമാണ് ഭൂതകാലാവസ്ഥയെ പുനഃസൃഷ്ടിക്കുന്നത്. ഇതിനൊരു മറുവശമുള്ളത്, ഭൂതകാലത്തെ സമകാലത്തിലേക്ക് ഇറക്കിക്കൊണ്ടുവരിക എന്നതാണ്. വാമൊഴികളായി പ്രചരിക്കുന്ന കഥകളിൽ ഇത് സംഭവിക്കാറുണ്ട്. എന്നാൽ അനുഭവങ്ങളെ കാലികമായി മാറ്റിയെഴുതുക തികച്ചും വ്യത്യസ്തമായ കാര്യമാണ്. ഭാഷാപരമോ ആശയപരമോ അല്ല, ഇത് തീർത്തും സങ്കല്പനപരമാണ്. (നാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായ കഥയിൽ ആശാന്റെ അവസാനയാത്ര തീവണ്ടിയിലാകുന്നതുപോലെ...) കഴിഞ്ഞു പോയ അനുഭവങ്ങളിലെ വൈകാരികമായ ഉള്ളടക്കങ്ങളെ വിചാരണാപരമായി മാറ്റിയെഴുതുക എന്ന കാര്യമാണ് അവിടെ സംഭവിക്കുന്നത്. ഇതിനെ ‘ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം’ എന്നു വിളിച്ചുകൂടേ?

 https://dcink.in ഒക്ടോബർ 2025