സലിൻ മാങ്കുഴിയുടെ ‘ചോരവട്ടം’ എന്ന ചെറുകഥാസമാഹാരത്തിന്റെ ആമുഖവാക്യം, ദാഫ്നെയുടെ ‘സ്ത്രീകൾ നോവലായിരിക്കാനും പുരുഷന്മാർ ചെറുകഥയായിരിക്കാനും ആഗ്രഹിക്കുന്നു’ എന്ന നിരീക്ഷണമാണ്. വൈകാരികമായ അലകളും ആഴങ്ങളും അടരുകളുമുള്ള വിസ്തൃതമായ പെൺജീവിതവും വൈവിധ്യങ്ങളില്ലാത്തതും സംഗ്രഹിച്ചതും ഇടുങ്ങിയതുമായ പുരുഷജീവിതവും തമ്മിൽ പക്ഷപാതപരമായ താരതമ്യമാണ് ഈ വാക്യത്തിന്റെ കാതൽ. പല മട്ടിലുള്ള അർത്ഥങ്ങളും ധ്വനികളും ചൂണ്ടു വിരലുകളും അമർത്തിപ്പിടിച്ചവതരിപ്പിക്കാനുള്ള ശേഷി ലഘുവാക്യങ്ങൾക്കുള്ളതിനാൽ ഇങ്ങനെതന്നെയാവണമെന്നില്ല അതിന്റെ വിശേഷാർത്ഥം. ഓരോരുത്തർക്ക് ഓരോന്നാവാം പൊരുൾ.
പത്തു കഥകളുള്ള ‘ചോരവട്ട’ത്തിലെ സലിന്റെ ഒരു കഥ, ‘മുനിയറകളിലേ’ക്ക് പെട്ടെന്ന് ക്ഷണിച്ചുകൊണ്ടു പോകാതിരിക്കില്ല, ഈ വാക്യംവച്ചാലോചിക്കുമ്പോൾ. കൗമാരകാലത്തുണ്ടായ ദാരുണമായ അനുഭവത്താൽ ജീവിതത്തിൽ മൗനിയായിപ്പോയ മനുഷ്യനാണ് മുനി എന്ന് വിളിപ്പേരുള്ള അതിലെ കേന്ദ്രകഥാപാത്രം. പ്രണയം തോന്നി വിളിച്ചുകൊണ്ടുവന്ന സ്ത്രീയോട്, പിന്നീട് അവർക്കുണ്ടായ കുട്ടികളോട് ഒന്നും അയാൾ മിണ്ടുന്നതേയില്ല. അയാളുടെ മരണശേഷം മറ്റുള്ളവർ പറയുന്ന കഥകളാൽ അയാളുടെ ഭൂതകാലം, മകൻ തിരിച്ചറിയുന്നു, അവൻ പശ്ചാത്തപിക്കുന്നു. ജീവിച്ചിരുന്നപ്പോൾ അയാളുടെ അസാധാരണമായ മൗനംകൊണ്ടു പൊറുതിമുട്ടി അയാളെ വെറുത്തയാളാണ് മകൻ. മരിച്ചതിനുശേഷം കഥകളിലൂടെ രക്തവും മാംസവും കിട്ടുന്ന മനുഷ്യർ, ഇപ്പോൾ മലയാള കഥകളിലും അപൂർവസംഭവമല്ലെങ്കിലും, ഈ സമാഹാരത്തിൽ അത് ‘റബേക്ക’യെ ഒന്നുകൂടി ഓർമ്മിക്കാനുള്ള സാഹചര്യം ഉണ്ടാക്കി. ആ വാങ്മയത്തിൽ അവരും അദൃശ്യയായിരുന്നല്ലോ. അതു വഴി ദാഫ്നെയുടെ സ്ത്രീ-പുരുഷ നിർവചനത്തെ ഒന്നുകൂടി നോക്കാമെന്നും തോന്നുന്നു. ഒതുക്കിപ്പറയുക എന്നതാണ് ചെറുകഥകളുടെ ഏറ്റവും വലിയശക്തി. ‘മുനി’ കഴിഞ്ഞുപോയ ജീവിതത്തെ മുഴുവൻ അയാളുടെ മൗനത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ആ അർത്ഥത്തിൽ അയാളൊരു ചെറുകഥയാണ്. ആണ് എന്നല്ല പറയേണ്ടത്, ആയിത്തീർന്നു എന്നാണ്. പക്ഷേ മുകളിൽ വ്യാഖ്യാനിച്ചതുപോലെ മുനിയുടെ ജീവിതം വൈവിധ്യങ്ങളില്ലാത്ത വിധം സംഗ്രഹിച്ചതോ ഇടുങ്ങിയതോ ആയിരുന്നില്ല. അവിടെ സലിൻ ദാഫ്നെയുടെ നിർവചനത്തെ ഒന്നു തിരിച്ചിട്ടു പരിശോധിക്കുകയാണ് ചെയ്തത്.
എന്തുകൊണ്ട് ദാഫ്നെ ദു മോറിയേയെ ഈ കഥാസമാഹാരം താക്കോൽ പഴുതായി എടുക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. പുസ്തകത്തിനു അവതാരിക എഴുതിയ ഡോ. മിനി പ്രസാദ് ഈ കഥകളുടെ മാത്രമല്ല, സലിൻ മാങ്കുഴി എഴുതിയ മറ്റു കഥകളുടെയും സ്ത്രീപക്ഷപരമായ ചായ്‌വിനെ വേണ്ടവിധം വിശദീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹികമോ മനശ്ശാസ്ത്രപരമോ ജീവശാസ്ത്രപരമോ ആയ ജീവിതമേഖലകളെക്കുറിച്ച്, കൂടെ നടക്കുമ്പോഴും കിടക്കുമ്പോഴും തീർത്തും അജ്ഞരായ പുരുഷലോകം കഥകളിലെല്ലാം ഏറെക്കുറെ പ്രതിസ്ഥാനത്താണ്. ഒരു പുരുഷൻ അതെഴുതുമ്പോൾ ആ ഇരുണ്ട ഭൂഖണ്ഡത്തെപ്പറ്റി ഇതുവരെയില്ലാത്ത രീതിയിൽ മനസിലാക്കിവരുന്ന ഒരു ലോകം വെളിപ്പെട്ടുവരുന്നു എന്ന അർത്ഥമെടുത്താൽ മതിയാകും. ലിംഗഭേദങ്ങളുടെ ഈ ആറാം മണിക്കൂറിലോ എന്നു ചോദിച്ചു നെറ്റി ചുളിച്ചു മാറ്റി നിർത്തുകയോ ഇപ്പോഴെങ്കിലും ആയതിനെപ്പറ്റിയുള്ള ബോധാവബോധവിവേകങ്ങൾ ദൃശ്യത നേടുന്നുണ്ടല്ലോ എന്ന് വരവേൽപ്പു നടത്തുകയോ ചെയ്യാം. ഡോ. മിനി പ്രസാദ് രണ്ടാമത്തെ വഴിയാണവലംബിക്കുന്നത്. ജെൻസികൾ ആ വഴിതന്നെ പോകണമെന്നില്ല. അവർക്കിതു പുതുമയുള്ള കാര്യമാവണമെന്നില്ല. പെൺകുട്ടികൾക്കുമാത്രമുള്ള ക്ലാസുകൾ വൃദ്ധരായ കുറച്ചുപേർക്കുമാത്രമേ ഇപ്പോഴും പ്രധാനമായി തോന്നൂ. ഒന്നിച്ചുള്ള ജീവിതത്തിൽ ‘ചോരവട്ടങ്ങളുടെ’ സാന്നിദ്ധ്യം അറിയുന്നവരുടെ എണ്ണം പഴയതുപോലെ തീരെ കുറവല്ല. മതിൽക്കെട്ടുകളുടെ മറയില്ലാതെയും മണ്ണിനടിയിലൂടെയല്ലാതെയും വേരുകൾക്കൊപ്പം ഇലകൾക്കും കെട്ടിപ്പിടിക്കാവുന്ന ഒരു ലോകം അത്ര അപ്രാപ്യമായ നിലയിലുമല്ല ഇപ്പോൾ, ഭാഗ്യനിർഭാഗ്യങ്ങൾ എല്ലാവർക്കും എല്ലായിടത്തും ഒരുപോലെയല്ല, എങ്കിലും.
അതുകൊണ്ട് സ്ത്രീകൾക്കുവേണ്ടി എന്ന അഭിഭാഷകത്വത്തെ മുൻനിർത്തിയല്ല, ഈ കഥകളെ നോക്കുന്നത്. സ്ത്രീപുരുഷഭേദം തീവ്രതരമായി കൊടികുത്തിവാണ എൺപതുകളിലെ കൗമാരങ്ങൾ മുതിർന്ന് ദാമ്പത്യങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നതിന്റെ പ്രത്യേകതയാണ് ‘ചോരവട്ട’ത്തിൽ നിന്നു കിട്ടുന്ന വേവ്. പത്തുകഥകൾ നിലവിലെ സമൂഹത്തിൽ പലതരത്തിലുള്ള ബന്ധങ്ങളെ അഴിച്ചുപണിയാൻ ശ്രമിക്കുകയും ഉറ്റുനോക്കുകയും വേവലാതിപ്പെടുകയും അതിന്റെയെല്ലാം ചൂടിൽ ആലോചനമഗ്നമാവുകയും ചെയ്യുന്നു.
അടിമപ്പള്ളിയിൽ -പുരോഹിതനും വിശ്വാസിയും, ചോരവട്ടത്തിൽ- ചികിത്സകനും രോഗിണിയും, ഏലി ഏലി സബക്താനിയിൽ - ആണും പെണ്ണുമായ കൂട്ടുകാർ, എന്നെ നീ ധന്യയാക്കണേയിൽ - കവിയും ആരാധികയും, അലസിപ്പൂക്കളിൽ- പീഡകനും സ്ത്രീയും, ഒന്ന് അങ്ങോട്ടോ..... യിൽ - ആൾദൈവവും ജനവും, ഉറയിൽ - പോലീസും കുറ്റവാളിയും, തേരെ മേരെ ബീച്ച് മേമിൽ - ഭാര്യയും ഭർത്താവും, മുനിയറകളിൽ- അച്ഛനും മകനും, ഉത്തരാർദ്ധം പൂരിപ്പിക്കൂവിൽ - ഗുരുവും ശിഷ്യനും. ഇതൊരു പ്രാഥമികമായ കണക്കെടുപ്പാണ്. ഒരു കഥയും ഒരൊറ്റബന്ധത്തിന്റെ വട്ടത്തിനുള്ളിൽ കറങ്ങിത്തീരുന്നതല്ല. സാമൂഹികമായ ബന്ധങ്ങൾക്കൊപ്പം ‘എന്നെ നീ ധന്യയാക്കണേ’, ‘മുനിയറകൾ’, ‘ഏലി ഏലി.....’ എന്നിവയിൽ കാണുന്നതുപോലെ ജനിതകബന്ധങ്ങളും പ്രസക്തമാണ്.
മാത്രവുമല്ല ബന്ധങ്ങൾ ചർച്ച ചെയ്ത് കയറുന്നത് വിചിത്രവും അനിതരസാധാരണവുമായ ഭാവമേഖലകളിലേക്കുകൂടിയാണ്. ഒരു ഉദാഹരണം പറയാം, നാരായണ ഗുരുവിനെ കൗമാരകാലത്താണ് കുമാരനാശാൻ സന്ധിക്കുന്നത്. സലിന്റെ ‘ഉത്തരാർദ്ധം പൂരിപ്പിക്കൂ’ എന്ന കഥയിൽ ഭാനുമതിയുമായുള്ള ആശാന്റെ ബന്ധത്തിനും പ്രാധാന്യമുണ്ട്. പക്ഷേ കഥയിൽ ബന്ധങ്ങളുടെ ഇണക്കുകണ്ണിയായി നിൽക്കുന്നത് മരണമാണെന്ന പ്രത്യേകതയുണ്ട്. ഗുരുവിനു ശിഷ്യനെ, ഭാര്യയ്ക്കു ഭർത്താവിനെ, മക്കൾക്കു പിതാവിനെ, സഹചരർക്ക് കൂട്ടുകാരനെ, നഷ്ടപ്പെടുത്തുന്ന മരണം (അഥവ ശാശ്വതമായ വേർപാട്) കഥയ്ക്കുള്ളിൽ ബന്ധങ്ങളുടെ ഉറപ്പിനെ ബലപ്പെടുത്താനുള്ള ഉപാധിയാണ്. കഥകൾക്കുമാത്രം കഴിയുന്ന വൈരുദ്ധ്യമാണിത്. ഇത്രതന്നെ ആർദ്രമായ ഒരു അഭാവംകൊണ്ട് ‘സമാഗമത്തെ’ സ്ഥാനപ്പെടുത്തുന്ന മറ്റൊരു കഥയും സമാഹാരത്തിലുണ്ട്. സിസിയും ബോണിയും വേഷങ്ങളിലൂടേ ആൺപെൺസ്വത്വങ്ങൾ തിരിച്ചിട്ട് പ്രേമിക്കുന്ന വിചിത്രമായ കഥയാണ്, ‘ഏലി ഏലി ലമ്മ ശബക്താനി’. അത്തരമൊരു ലിംഗപരമായ ദ്രാവകത്വസ്വഭാവമുള്ള കഥയ്ക്ക് പുതിയകാലത്തിന്റെ ഒത്താശകൂടി ആവശ്യമുണ്ട്. നോവലാകാനുള്ള മൂലകങ്ങളെല്ലാം ആ കഥയിൽ സന്നിഹിതമാണ്. അതു മുന്നിൽ വച്ചുകൊണ്ട് ‘ആണുങ്ങൾക്ക് ചെറുകഥ, സ്ത്രീകൾക്ക് നോവൽ’ എന്ന നിരീക്ഷണത്തെ ഒന്നുകൂടി മറിച്ചിടാൻ തോന്നുന്നു.
ട്രഡിഷൻ ആൻഡ് ഇൻഡിവിജ്വൽ ടാലെന്റ് എന്ന കൃതിയിൽ ടി എസ് ഇലിയട്ട്, ‘ഭൂതകാലത്തിന്റെ ഭൂതകാലത്വം’ എന്നൊരു പ്രയോഗം നടത്തുന്നുണ്ട്. സലിന്റെ കഥകളിലെ ഭൂതകാല വിചാരണകൾ ഒട്ടും ദൃശ്യാത്മകമല്ലാതെ, (എന്നുവച്ചാൽ പ്രതിബദ്ധതാജാഥകളുടെ ഒച്ചയില്ലാതെയും) സമകാലത്തിലേക്ക് നടന്നുകയറുകയാണ് ചെയ്യുന്നത്. കാലികമായി സഞ്ചരിക്കുന്ന പ്രാചീന ആഖ്യാനങ്ങൾ വാക്യങ്ങളിൽ ഭൂതകാലക്രിയകളെയും ആഖ്യാനത്തിൽ മുൻപു നടന്നത് പിന്നീട് നടന്നത് എന്ന ക്രമത്തെ നിലനിർത്തിയുമാണ് ഭൂതകാലാവസ്ഥയെ പുനഃസൃഷ്ടിക്കുന്നത്. ഇതിനൊരു മറുവശമുള്ളത്, ഭൂതകാലത്തെ സമകാലത്തിലേക്ക് ഇറക്കിക്കൊണ്ടുവരിക എന്നതാണ്. വാമൊഴികളായി പ്രചരിക്കുന്ന കഥകളിൽ ഇത് സംഭവിക്കാറുണ്ട്. എന്നാൽ അനുഭവങ്ങളെ കാലികമായി മാറ്റിയെഴുതുക തികച്ചും വ്യത്യസ്തമായ കാര്യമാണ്. ഭാഷാപരമോ ആശയപരമോ അല്ല, ഇത് തീർത്തും സങ്കല്പനപരമാണ്. (നാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായ കഥയിൽ ആശാന്റെ അവസാനയാത്ര തീവണ്ടിയിലാകുന്നതുപോലെ...) കഴിഞ്ഞു പോയ അനുഭവങ്ങളിലെ വൈകാരികമായ ഉള്ളടക്കങ്ങളെ വിചാരണാപരമായി മാറ്റിയെഴുതുക എന്ന കാര്യമാണ് അവിടെ സംഭവിക്കുന്നത്. ഇതിനെ ‘ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം’ എന്നു വിളിച്ചുകൂടേ?
https://dcink.in ഒക്ടോബർ 2025
No comments:
Post a Comment