മാധ്യമം ആഴ്ചപ്പതിപ്പിലെ (28:1447) ഫസീല മെഹറിന്റെ കഥ, ‘അരുന്ധതി റോയ് കംസ് ടു മി’യുടെ ഭാഷയ്ക്ക്, തൊട്ടടുത്തിരിക്കുന്ന ആളിനോട് ശ്വാസംപോലും എടുക്കാത്തമട്ടിൽ, സ്വയം വിശദീകരിച്ചുപോകുന്ന ഗതിവേഗമുണ്ട്. ആർജ്ജവവും ഒഴുക്കുമാണ് അതിന്റെ പ്രാഥമികമായ പ്രത്യേകത. മലയാള ഗദ്യത്തിന്റെ സ്വാഭാവികമായ ഓജസാണ് ആ ഏകഭാഷണത്തിന്റെ ചടുലതയ്ക്ക് വിളക്കു പിടിക്കുന്നത്. എന്നാൽ സാധാരണനിലയിൽ പാടി പുകഴ്ത്താറുള്ള ലാളിത്യമല്ല ആഖ്യാനരീതിയുടെ പ്രത്യേകത എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. സങ്കീർണ്ണമായ അനുഭവപിരിവുകളെ വാമൊഴിമാറ്റം ചെയ്യുകയാണ് കഥ. ആ രൂപമാണ് അതിന്റെ ഉള്ളടക്കം. ഏകാംഗപ്രക്രിയയായ വായനയെക്കുറിച്ചുള്ളതായതുകൊണ്ട് സ്വഗതാഖ്യാനത്തിനു ആ രൂപത്തിൽ വിശേഷപ്രാധാന്യവും കൈവരുന്നു.
അരുന്ധതി റോയിയുടെ അമ്മയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിലെ അവസാന അദ്ധ്യായം, അവരുടെ ജന്മനാടായ കോട്ടയത്തുവച്ചു വായിക്കണമെന്ന ഉൾപ്രേരണയിൽ അവിടെ എത്തി കഥാകാരി അതു വായിച്ചു തീർക്കുന്നതിനെപ്പറ്റിയുള്ള വിവരണമാണ് ‘അരുന്ധതി റോയ് എന്നിലേക്കു വരുന്നു’ എന്ന കഥയുടെ സാരാംശം. ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ തുടങ്ങി അരുന്ധതിയുടെ മറ്റു കൃതികളെപ്പറ്റിയുള്ള പരാമർശങ്ങളൊന്നും കഥയിലില്ല. ആദ്യ നോവലായ ‘ചെറുതുകളുടെ തമ്പുരാനെ’പറ്റിയുമില്ല. എന്നാൽ ആദ്യനോവലിലെയും ഇപ്പോഴത്തെ ജീവിതകഥയിലെയും ഭൂപ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അനുഭവങ്ങൾക്കുംതമ്മിലുള്ള ബന്ധം പശ്ചാത്തലത്തിലുണ്ട്. വിശേഷാർത്ഥത്തിൽ അയ്മനം എന്നും സാമാന്യാർത്ഥത്തിൽ കോട്ടയമെന്നും ഉള്ള ഭൂപ്രദേശത്തിനു കഥയിൽ കൈവന്നിരിക്കുന്ന പ്രാധാന്യംകൊണ്ട്, പേരു പറഞ്ഞില്ലെങ്കിൽക്കൂടി ‘ അരുന്ധതി റോയ് കംസ് ടു മി’ -കഥ വായിക്കുന്നവരിൽ ഈ രണ്ടു പുസ്തകത്തിലെയും വസ്തുതാവിവരണങ്ങൾ സ്വാഭാവികതയോടെ വന്നുചേരാതിരിക്കില്ല. എഴുത്തുകാരി, ആക്ടിവിസ്റ്റ്, രാഷ്ട്രീയനിരീക്ഷക, ബുദ്ധിജീവി തുടങ്ങി അരുന്ധതി റോയിക്കുള്ള പ്രശസ്തികളേക്കാൾ കഥ ഊന്നുന്നത്, തദ്ദേശവാസിയെന്ന സ്വത്വത്തെയാണ്. അരുന്ധതിയുടെ ഭൗതികമായ സാന്നിദ്ധ്യം കഥയുടെ വർത്തമാനകാലത്തിൽ കോട്ടയത്തോ അയ്മനത്തോ ഇല്ല. ആ അഭാവത്തിലും അവരുടെ പ്രാദേശികസ്വത്വം കഥയ്ക്കുള്ളിൽ വഴിവിളക്കായി നിലനിക്കുന്നുണ്ട്. അതു സോദ്ദേശ്യമാണ്.
കഥാകാരിയെസംബന്ധിച്ചിടത്തോളം അപരിചിത മേഖലയാണ് കോട്ടയം. ഈ അന്യത്വത്തെ തെക്കൻ-വടക്കൻ എന്ന വിവേചനപരമായ നാട്ടുസങ്കല്പങ്ങളുടെ അനുസ്മരണങ്ങളിലൂടെ കഥ തെളിച്ചിടുക്കാൻ ശ്രമിച്ചിട്ടുള്ളതായി കാണാം. കഥ പറയുന്ന ആളിനു കോട്ടയം ആകർഷണകേന്ദ്രമായതിനു പിന്നിൽ, ബഷീർ, മമ്മൂട്ടി, കാമുകൻ എന്നിങ്ങനെ വ്യക്തികളിൽ അധിഷ്ഠിതമായതും തീർത്തും സ്ത്രൈണമെന്ന തോന്നിക്കുന്നതും സ്വകാര്യവുമായ മൂന്നു കാരണങ്ങൾ കഥയുടെ ആരംഭത്തിൽ നൽകിയിട്ടുണ്ട്. ബഷീറിയൻ ദർശനത്തിന്റെയും മമ്മൂട്ടിസിനിമയുടെയും പിന്നാലെ പോകുന്ന ഒരാൾക്ക് ഒരു പ്രദേശത്തിൽ കുടുങ്ങിക്കിടക്കുക എന്ന അവസ്ഥ തുടരേണ്ട ആവശ്യമില്ല. അതുകൊണ്ട് കഥ മുന്നോട്ടു പോക്കുമ്പോൾ അവരിരുവരും അപ്രത്യക്ഷരാകുന്നു. എന്നാൽ പ്രേമം അങ്ങനെയല്ല. കോട്ടയം എന്ന പ്രദേശത്തോടുള്ള ആഭിമുഖ്യത്തെ നിർവചിക്കുന്ന വസ്തുതയായി കഥയിൽ അതു തുടരുന്നുണ്ട്.
ഈ ഇഷ്ടത്തെ രൂപം മാറ്റി കഥയിൽ തുടർച്ചയാക്കുന്നത് അരുന്ധതി റോയിയുടെ പുതിയ പുസ്തകമാണ്. കാമുകന്റെ ഭൗതികമായ സാന്നിദ്ധ്യം നിർമ്മിച്ച ഇഷ്ടം,
ഭാവനയിലുള്ള അരുന്ധതിറോയിയോടു പുസ്തകംമുഖേന ഉണ്ടായിരിക്കുന്ന ഇഷ്ടം, ഈ രണ്ടിഷ്ടങ്ങളെയും കോട്ടയം എന്ന സ്ഥലപരിധിയിലേക്ക് നട്ടു വളർത്തുകയാണ് കഥാകാരി. ‘ഒരാളിനോടുള്ള സ്നേഹം നമുക്ക് ആ നാടിനെക്കൂടി പ്രിയങ്കരമാക്കുന്നു’ - എന്നാണ് സ്ഥലബദ്ധമായ സ്നേഹപ്പകർച്ചയ്ക്ക് കഥതന്നെ നൽകുന്ന ന്യായീകരണം.
ചെറുതുകളുടെ തമ്പുരാൻ നോവലെന്ന നിലയ്ക്ക് ഭാവനാസൃഷ്ടിയാണ്. അതേ സമയം ആ നോവലിലെ അനുഭവങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും ഓർമ്മിപ്പിക്കുന്ന പലതും ‘മദർ മേരി കംസ് ടു മീ’ എന്ന ഓർമ്മപ്പുസ്തകത്തിലുണ്ട്. ചെറുതുകളുടെ തമ്പുരാനിൽനിന്ന് മദർ മേരി...’ യിലേക്കുള്ള കഥയിലെ നായികയുടെ യാത്ര, യാഥാർത്ഥ്യത്തിൽനിന്ന് ഭാവനയിലേക്ക് എന്ന രചനാപതിവിനെയാണ് തകിടം മറിക്കുന്നത്. നോവലിലെ ഭാവനാത്മക യാഥാർത്ഥ്യത്തെ ഓർമ്മക്കുറിപ്പിലെ അനുഭവയാഥാർത്ഥ്യത്തിലേക്ക്, ഇറക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് കഥ ചെയ്യുന്നത്. ഭൂതകാലാനുഭവങ്ങൾ രൂപപ്പെടുത്തുന്ന വ്യക്തിത്വരൂപീകരണത്തെപ്പറ്റിയാണ് ആത്യന്തികമായി കഥയ്ക്ക് സംസാരിക്കാനുള്ളത്. അതുകൊണ്ടാണ് അനുഭവത്തെ സംബന്ധിക്കുന്ന യാഥാർത്ഥ്യം ഭാവനയേക്കാൾ പ്രധാനമാണെന്ന കാര്യം കഥ മുന്നോട്ടു വയ്ക്കുന്നത്. ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന ഒരു വാക്യവും കഥയ്ക്കുള്ളിലുണ്ട് : ‘മുറിവുകളുടെ ഉത്ഭവസ്ഥാനം മാത്രം കണ്ടാൽ മതിയായിരുന്നു എനിക്ക്.’
നോവലിൽനിന്ന് അനുഭവകഥയിലേക്കുള്ള ഇറക്കമാണ് ഒരു വശത്തുള്ളതെങ്കിൽ മറുവശത്ത്, കാമുകന്റെ ഭൗതിക സാന്നിദ്ധ്യത്തിൽനിന്ന് അരുന്ധതിയുടെ രചനാവ്യക്തിത്വത്തിന്റെ ഭാവനാസാന്നിദ്ധ്യത്തിലേക്കുള്ള കയറ്റമായി കോട്ടയം പ്രണയത്തിന്റെ അടിസ്ഥാനം മാറുന്നു. പ്രണയത്തിൽനിന്ന് ഇഷ്ടത്തിലേക്കുള്ള വച്ചുമാറ്റം സമനിലയിൽ ഉള്ള ഒന്നല്ല. തന്നിലേക്ക് ഇറങ്ങിവരുന്ന അമ്മയെ വിഭാവന ചെയ്ത അരുന്ധതിയെ, കഥാകാരിയിലേക്ക് ഇറങ്ങി വരുന്ന എഴുത്തമ്മയായി അനുഭവിച്ചുകൊണ്ടൊരു പകർന്നാട്ടം കഥയിൽ സംഭവിക്കുന്നു എന്നതാണ് ‘അരുന്ധതി എന്നിലേക്കു വരുന്നു’ എന്ന ശീർഷത്തെ സോദ്ദേശ്യമാക്കുന്ന പൊരുൾ. ബഷീറിന്റെ ജീവിതപാഠമായ ദർശനവും മമ്മൂട്ടിയുടെ ഹൃദയാകർഷകമായ അഭിനയവും കാമുകന്റെ അനുഭവേദ്യമായ പ്രേമവും ഒറ്റ ബിന്ദുവിൽ അരുന്ധതി റോയിയായി പൂക്കുന്ന ഒരു വാചകം കഥ ഒതുക്കിവയ്ക്കുന്നുണ്ട് അതിങ്ങനെയാണ് : “നിങ്ങളെന്തായിരുന്നുവോ അതാണ് നിങ്ങളെ നിർമ്മിക്കുന്നത്, അതിനു സമാനതകളുണ്ടാവില്ല.”
ഇതൊരു പുതിയ ‘രൂപാന്തരപ്രാപ്തി’യാണ്. സ്നേഹമെന്നു വിളിപ്പേരുള്ള ആരാധന, താദാത്മ്യമാകുന്നത് സാധാരണകാര്യമാണെങ്കിലും, ആശ്രയസ്ഥാനങ്ങളെ (ഇവിടെ അരുന്ധതി റോയ്) സ്ഥലവുമായി ചേർത്തുവച്ചുകൊണ്ട്, സ്വയം വിശകലനത്തിനുള്ള ഉപാധിയും ആത്മനിമന്ത്രണങ്ങൾക്കുള്ള (ഓട്ടോ സജഷൻ) പ്രോംപ്റ്റുകളും ആക്കി പരിണമിപ്പിക്കുന്നതിലൂടെ, കഥ, ഭൂതകാലാനുഭവങ്ങളെ അതിവൈകാരികമായി ആവിഷ്കരിക്കാനുള്ള തിടുക്കത്തെ നിരുത്സാഹപ്പെടുത്തുന്നു, വസ്തുനിഷ്ഠമായി അവയെ നോക്കിക്കാണാൻ ഭാഷവഴി ഉത്സാഹിക്കുന്നു, ക്രിയാംശങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാരമ്പര്യചിട്ടകളിൽനിന്ന് വിടുതൽ നേടുന്നു, ഇവയ്ക്കൊപ്പം ചെറുകഥകൾ ദിശ മാറുന്നതിന്റെ സൂചനകൾ കൂടുതൽ വ്യക്തമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.
മാധ്യമം എഴുത്തുകുത്ത്, ഡിസംബർ 15-22, 2025

No comments:
Post a Comment