March 9, 2019

ദേശരാഷ്ട്രീയതയുടെ നൃത്തശരീരം






വ്യക്തിപരമോ സങ്കല്പനപരമോ ആയ പ്രതിനിധാന നിർമ്മിതികൾ വിചാരിക്കുമ്പോലെ സരളമായ പ്രക്രിയയല്ലെന്നും ദേശത്തിന്റെയും സമൂഹത്തിന്റെയും ചരിത്രസന്ധികളുമായി അതിന് ഇടപാടുകളുണ്ടെന്നും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ പലതരം ബലങ്ങൾ അവയിൽ കടന്ന് പ്രയോഗങ്ങൾ നടത്തുന്നുണ്ടെന്നും ഉള്ള തിരിച്ചറിവിന്റെ ഉള്ളിൽനിന്നുകൊണ്ടാണ് ഭരതനാട്യം എന്ന ക്ലാസിക്കൽ കലാരൂപത്തിന്റെ സാംസ്കാരിക ചരിത്രം, ‘ദേശഭാവനയുടെ ആട്ടപ്രകാരങ്ങളിൽ’ സുനിൽ പി ഇളയിടം അന്വേഷിക്കുന്നത്. മുൻപ് പ്രസിദ്ധീകരിച്ച, ‘അനുഭൂതികളുടെ ചരിത്രജീവിതം’ എന്ന പുസ്തകത്തിലെ ഇതേ പേരുള്ള പ്രബന്ധത്തിന്റെ വികസിതരൂപമാണ് ഈ കൃതി. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ വിശേഷമായ ഒരു സന്ദർഭത്തിന്റെ ആവശ്യങ്ങൾക്കിണങ്ങുന്ന തരത്തിൽ ഭൂതകാലത്തിൽനിന്ന് സ്വാംശീകരിച്ചെടുത്ത നൃത്തരൂപമാണ് ഭരതനാട്യമെന്ന വാസ്തവത്തെ വേണ്ടത്രതെളിവുകളുടെ സഹായത്തോടെ യുക്തിഭദ്രമായി അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ. ദേശീയാധുനികതയാണ് ഭരതനാട്യത്തെ സാധ്യമാക്കിയ ചരിത്രസന്ദർഭം. കാലത്തിന്റെ അഭിരുചികളെയും കാഴ്ചപ്പാടുകളെയും വൈരുദ്ധ്യങ്ങളെയുമെല്ലാം സംഗ്രഹിക്കുന്ന നാട്യശരീരം എന്ന നിലയിലാണ് ഭരതനാട്യത്തിന്റെ പ്രസക്തി. അതുപോലെ ഇന്ത്യൻ ദേശീയതാവ്യവഹാരത്തിന്റെ അർഥവും സ്വഭാവവും വിശദീകരിക്കാനുള്ള ഉപാധിയെന്ന നിലയിലും ഭരതനാട്യത്തിന്റെ  ചരിത്രജീവിതം പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു.
മാളവികാസരൂക്കായ്‌യുടെ നൃത്തവും ഇന്ദിരാ പാർത്ഥസാരഥിയും ദവേഷ് സൊനേജിയും ചേർന്നെഴുതിയ ‘ഭൂതകാലത്തെ നാട്യവത്കരിക്കുമ്പോൾ’ എന്ന ഗ്രന്ഥവുമാണ് ദക്ഷിണേന്ത്യൻ നൃത്തവേദിയെക്കുറിച്ചുള്ള ആലോചനകൾക്കായി തനിക്ക് ആദ്യത്തെ വഴിമരുന്ന് നൽകിയതെന്ന് സുനിൽ പി ഇളയിടം ആമുഖത്തിൽ എഴുതുന്നു. എന്നാൽ ഗ്രന്ഥത്തിന്റെ വീക്ഷണക്കോണിനെ നിർണ്ണയിക്കുന്നത് ലേഖകൻ തന്റെ വിമർശനപദ്ധതിയുടെ കേന്ദ്രസ്ഥാനത്ത് നിർത്തിയിട്ടുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാടാണ്. ഭരതനാട്യത്തിന്റെ ചരിത്രവഴികളെ സാംസ്കാരികപാഠമായി വായിക്കുമ്പോൾ മാർക്സ് പ്രസക്തനാവുന്നതെങ്ങനെ എന്ന് ലൂയി ബോണപ്പാർട്ടിന്റെ ബ്രൂമെയർ പതിനെട്ടിലെ ഒരു ഉദ്ധരണിവച്ച് അദ്ദേഹം കുറിക്കുന്നുണ്ട്. ‘മണ്മറഞ്ഞ എല്ലാ തലമുറകളുടെയും പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ തലച്ചോറിൽ  കനം തൂങ്ങി നിൽക്കുന്നതിനെപ്പറ്റിയാണത്. നിർണ്ണായക മുഹൂർത്തങ്ങളിൽ അവരാ ഭൂതകാലാത്മാക്കളെ സേവനത്തിനായി ആവാഹിച്ചു വരുത്തുമെന്ന മാർക്സിയൻനിരീക്ഷണം, ദേശീയാധുനികതയുടെ കാലത്ത് ഭൂതകാലാഭിമുഖ്യംകൊണ്ട് പ്രഭാവിതവും ഏകാത്മകവും സവർണ്ണവുമായ ഒരു നൃത്തശരീരമായി ഭരതനാട്യത്തെ മാറ്റിയെഴുതിയയതിനെ വിശദീകരിക്കാൻ സുനിലിനെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല എറിക് ഹോബ്സ്‌ബാമിന്റെ പാരമ്പര്യത്തെപ്പറ്റിയുള്ള ഒരു ആശയത്തെക്കൂടി ചേർത്ത് വച്ച് അദ്ദേഹം ഇത് പൂരിപ്പിക്കുകയും ചെയ്യുന്നു. ഏതു പാരമ്പര്യസങ്കല്പത്തിലെയും ഒളിഞ്ഞിരിക്കുന്ന ഘടകങ്ങളിലൊന്ന് വർത്തമാനവുമായി ഭൂതകാലത്തെ കൂട്ടിയിണക്കാനുള്ള ശ്രമമാണെന്ന വാദമാണ് ഹോബ്സ്‌ബാം മുന്നോട്ടു വച്ചത്. നവീകരണത്തിലൂടെ ഇന്ത്യൻ നൃത്തരൂപങ്ങളുടെ നടുനായകത്വം കൈവരിക്കാൻ  ഭരതനാട്യത്തിനു കുറഞ്ഞകാലംകൊണ്ട് കഴിഞ്ഞുവെങ്കിലും അതിനെ രൂപപ്പെടുത്തിയ സംവാദാത്കവും സംഘർഷാത്മകവുമായ ആശയധാരകളെ ഒന്നോടെ കൈയൊഴിഞ്ഞിട്ട്,  ശിവനൃത്തമെന്ന പുരാണസങ്കല്പത്തിലേക്കും നാട്യശാസ്ത്രത്തിന്റെ കരണങ്ങളിലേക്കും അതീതഭൂതകാലത്തിലേക്കുമെല്ലാം വേരുകളന്വേഷിച്ച് കാല്പനികമായ നിഗൂഢതയോടെ കടന്നുചെല്ലാൻ ഈ നൃത്തരൂപത്തിന് അവസരം നൽകിയത് പൊളിച്ചെഴുത്തുക്കളോട് ഉദാസീനമാകുന്ന പൊതുധാരണകളുടെ ചോദ്യം ചെയ്യപ്പെടാത്ത നിലപാടുകളാണ് സംശയത്തിനിടയില്ലാത്ത വിധത്തിൽ സുനിൽ വ്യക്തമാക്കുന്നു.  
1911 -ൽ ബ്രിട്ടീഷ് സർക്കാർ നിരോധിച്ച സദിരാട്ടമാണ്,  (പുസ്തകത്തിന്റെ നാന്ദിയിൽ പ്രദീപൻ പാമ്പിരിക്കുന്ന് സൂചിപ്പിക്കുന്നത് 1917-ൽ എന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കംമുതൽ തന്നെ ദേവദാസികളുടെ ഭോഗലാലസമായ ജീവിതത്തെപ്പറ്റിയുള്ള വിമർശനങ്ങൾ സാമൂഹികചിന്തയിൽ ഇടം പിടിച്ചിരുന്നു.) ക്ലാസിക്കൽ നൃത്തപാരമ്പര്യത്തിന്റെ മാതൃകാരൂപം എന്ന നിലയിൽ ഇന്ന് രാഷ്ട്രാന്തരീയ പ്രശസ്തി നേടിയിട്ടുള്ള ഭരതനാട്യത്തിന്റെ പൂർവരൂപം. എന്നാൽപോലും സദിരിൽനിന്ന് ഭരതനാട്യത്തിലേക്കുള്ള യാത്ര, അതിന്റെ സങ്കീർണ്ണമായ സ്വഭാവംകൊണ്ടുതന്നെ തൊട്ടുകാണിക്കാനാവും വിധം അത്ര പ്രകടമായ തരത്തിലുള്ളതുമല്ല.   ദേവദാസികളുടെ കുലത്തൊഴിലായാണ് സദിരിനെ നൂറ്റാണ്ടുകളായി പരിഗണിച്ചുവന്നത്. ദാസിയാട്ടം, ആടൽ, കൂത്ത്, ചിന്ന മേളം, പെരിയമേളം എന്നൊക്കെ പേരുകളുള്ള സദിര് ഭേദങ്ങൾക്ക് വിക്ടോറിയൻ സദാചാരധാർമ്മികശക്തി അധമത്വം കല്പിച്ചത് ദേവദാസിത്തത്തെ വേശ്യാവൃത്തിയായി കണക്കാക്കിക്കൊണ്ടാണ്. സദിരാട്ടം കൊളോണിയൽ നോട്ടത്തിൽ മാന്യമല്ലാത്ത പ്രവൃത്തിയായതോടെ തലമുറകൾ കൈമാറിയ ആട്ടത്തിന്റെയും പാട്ടിന്റെയും പാരമ്പര്യം വഴിമുട്ടുകയും  ദേവദാസികളുടെയും അവർക്ക് പിന്നണിയായി കൂടിയ  ആണുങ്ങളുടെയും ജീവിതമാർഗം അസ്തമിച്ചുപോവുകയും ചെയ്തു. ദേവദാസി നൃത്തവിരുദ്ധപ്രസ്ഥാന (ആന്റി-നാച്ച് മൂവ്മെന്റ്) ത്തിന്റെ പരിഷ്കരണസംരംഭങ്ങൾ സദിരിനെ പ്രഭുമന്ദിരങ്ങളിലെ ആഭാസനൃത്തവുമായും ഗണികാവൃത്തിയെ ദേവദാസിത്വവുമായും തെറ്റായി സമീകരിച്ചതെങ്ങനെ എന്ന് സുനിൽ, ‘ഒരു ദേശീയ സ്മൃതിനാശത്തിന്റെ കഥ’യെന്ന അദ്ധ്യായത്തിൽ വിശദീകരിച്ചുദാഹരിക്കുന്നുണ്ട്. കൂട്ടത്തിൽ നാടുവാഴികളായ രക്ഷാകർത്താക്കളുടെ തകർച്ചയും സദിരിനെ നിലമ്പരിശാക്കാൻ കാര്യമായി സഹായിച്ചിട്ടുണ്ട്.   സ്വതന്ത്രപൂർവ ഇന്ത്യയുടെ രാഷ്ട്രീയാവശ്യത്തിന് അനുസരിച്ച് 1930 കളിലും 40 കളിലുമായി സംഭവിച്ച ബോധപൂർവമായ ഒരു പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് അഖിലഭാരതീയ പ്രതീതിയുള്ളതും ശാസനാബദ്ധവും പൗരാണികവിവക്ഷകളുള്ളതുമായ ഒരു ഏകീകൃത സ്വത്വത്തിന്റെ ഇന്നത്തെ നിലയിലേക്ക് ഭരതനാട്യം വന്നെത്തുന്നത്. ഒപ്പം വെള്ളാള , കൈക്കോള സമുദായങ്ങളിലെ സ്ത്രീകളിൽനിന്നും അവരുടെ പ്രാദേശിക വഴക്കങ്ങളിൽനിന്നും മാറ്റി അഭിജാതകുടുംബങ്ങളിലെ പ്രത്യേകിച്ചും ബ്രാഹ്മണസ്ത്രീകളെയും നാട്യശാസ്ത്രത്തെയും കേന്ദ്രമാക്കിവച്ചുകൊണ്ട് വർത്തമാനത്തിലും ഭാവിയിലും സ്ഥാപിക്കാൻ പാകത്തിന് പണിതെടുത്ത നൃത്തരൂപമായിത്തീർന്നു അത്.
സദിരാട്ടത്തിൽനിന്ന് ഭരതനാട്യത്തിലേക്കുള്ള പരിണതിയുടെ സമസ്തതലങ്ങളിലും ദേശീയതയുടെ പ്രത്യയശാസ്ത്രമാണ് പ്രവർത്തിച്ചത്. ദേശഭാവനയാണ് ആ ആട്ടപ്രകാരങ്ങൾ നിർണ്ണയിച്ചതെന്ന് സുനിൽ എഴുതുന്നത് ആ അർത്ഥത്തിലാണ്.  ഇന്ത്യൻ ദേശീയതയുടെ അഭിമാനകരമായ നീക്കിയിരുപ്പായി പരിഗണിക്കാവുന്ന ഒരു നാട്യപാരമ്പര്യത്തിന്റെ മുഖ്യസ്ഥാനം അലങ്കരിക്കുമ്പോഴും ദേവദാസികളിൽനിന്ന് സ്വീകരിക്കുകയും സംസ്കരണപ്രക്രിയയിൽ അവരുടെ വഴക്കങ്ങളെ അമാന്യമെന്ന നിലയിൽ മാറ്റി നിർത്തുകയും ചെയ്ത ഭരതനാട്യത്തിന്റെ സഞ്ചാരവഴി ഒരർഥത്തിൽ വഞ്ചനാപരമാണെന്നുകൂടി പറയണം. അതുപോലെ പരസ്പരം ഇടയുകയും എന്നാൽ തുണയാവുകയും ചെയ്യുന്ന ഒരുപാട് വസ്തുതകൾ ആ കലാരൂപത്തിന്റെ ചരിത്രശരീരത്തെ സവിശേഷമായ അന്വേഷണത്തിന് വിധേയമാക്കി നിർത്തുകയും ചെയ്യുന്നുണ്ട് എന്ന വസ്തുതയാണ് ‘ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ’ മുന്നോട്ടു വയ്ക്കുന്ന വസ്തുത.  നാട്യശാസ്ത്രവുമായി നേരിട്ടു ബന്ധപ്പെടുന്ന തരത്തിൽ ഭരതനാട്യം എന്ന പേരുറയ്ക്കുന്നത് 1930 കളിലെ നവീകരണത്തിനു ശേഷമാണ്. ഇ കൃഷ്ണയ്യർ, ഡോ. വി രാഘവൻ തുടങ്ങി  നൃത്തരൂപത്തിന്റെ പുനരുജ്ജീവനകാലത്തെ സൈദ്ധാന്തികരും ചരിത്രകാരന്മാരും ഒരേ വാദത്തെ പിൻപറ്റിയല്ല, ഭരതനാട്യത്തിന്റെ കാലികപ്രസക്തിയെ ഉറപ്പിച്ചെടുത്തത്. സ്വയം ഒരു നർത്തകനും ഭരതനാട്യത്തിന്റെനവീകരണത്തിനു തുടക്കം കുറിച്ചയാളുമായ കൃഷ്ണയ്യർക്ക് അത് തമിഴ് പാരമ്പര്യത്തെ ദേശീയപാരമ്പര്യവുമായി കൂട്ടിച്ചേർക്കാനുള്ള വഴിയായിരുന്നു. ബ്രാഹ്മണകുടുംബങ്ങളിലെ പെൺകുട്ടികൾ ഈ കലാരൂപം അഭ്യസിക്കാനും പ്രചരിപ്പിക്കാനും തയ്യാറാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിനു പിന്നിൽ നൃത്തത്തിന്റെ കൈവശാവകാശം ദേവദാസികൾക്കാവുന്നത്, സദാചാരപരമായ ഒരു വെല്ലുവിളിയാണെന്ന ധാരണയായിരുന്നു.  എന്നാൽ ഭരതനാട്യചരിത്രകാരനായ ഡോ. വി രാഘവന് ദേവദാസീപാരമ്പര്യത്തിൽനിന്നും നൃത്തത്തെ മുറിക്കുന്നത് കലയെ ദുർബലപ്പെടുത്തുന്ന മാറ്റമാണെന്നായിരുന്നു അഭിപ്രായം. പുതിയ നൃത്തരൂപങ്ങളുമായുള്ള കലർപ്പിനെ അദ്ദേഹം എതിർക്കുകയും ചെയ്തു. സംവാദരൂപികളായ ഇതേ ബലതന്ത്രങ്ങൾ കപിലാവാത്സ്യായനന്റെയും പത്മാസുബ്രഹ്മണ്യത്തിന്റെയും കലാനിരീക്ഷണങ്ങളിലും കാണാം. ഡോ. വി രാഘവനെപോലെ ക്ലാസിക്കൽ നൃത്തപാരമ്പര്യത്തിന്റെ മാതൃകാരൂപമാണ് കപിലയ്ക്ക് ഭരതനാട്യം. അഖിലഭാരതവ്യാപ്തിയുള്ള സംസ്കാരത്തെ തലോടിക്കൊണ്ടാണ് പത്മാസുബ്രഹ്മണ്യം പ്രാദേശികപാരമ്പര്യങ്ങളോട് പറ്റിച്ചേർന്നു നിൽക്കാനുള്ള ഭ്രാന്തമായ താത്പര്യത്തെ എതിർക്കുന്നത്. പുറമേ പരസ്പരം ഒച്ചയെടുക്കുന്ന മട്ടിലുള്ള ഈ കലഹങ്ങളെല്ലാംതന്നെ അടിസ്ഥാനപരമായി ദേശീയതയുടെ ഭൂതാഭിരതിയാൽ നിയന്ത്രിക്കപ്പെടുന്നവയാണെന്ന് തിരിച്ചറിയുക അത്ര പ്രയാസകരമല്ല.
സിദ്ധാന്തപരമായ ഈ ബലരേഖകൾ ഭരതനാട്യത്തിന്റെ അരങ്ങുപരീക്ഷണങ്ങളിലും തമ്മിലിടയുന്നത് കാണാം. തമിഴ് ലാവണ്യപാരമ്പര്യവുമായി ഭരതനാട്യത്തെ ഇണക്കി നിർത്താൻ ഉത്സാഹിച്ച ബാലസരസ്വതിയുടെയും സംസ്കൃതപാരമ്പര്യത്തിലും പ്രമാണങ്ങളിലും അത് ഉറപ്പിച്ചു നിർത്താൻ ശ്രമിച്ച രുഗ്മിണീദേവി അരുണ്ഡേലിലും പ്രവർത്തിക്കുന്നത് ഈ വൈരുദ്ധ്യം തന്നെയാണ്. കലാക്ഷേത്രയുടെ സ്ഥാപകയും തിയോസഫിക്കൽ പ്രസ്ഥാനത്തിന്റെ അമരക്കാരിയും  ഒക്കെ ആയിരുന്ന രുഗ്മിണീദേവി ഭരതനാട്യത്തിന്റെ അരങ്ങുപാഠത്തെ കാതലായി പരിഷ്കരിച്ച നർത്തകിയും നൃത്തസംവിധായികയുമാണ്. ബാലസരസ്വതിയുടേത് തഞ്ചാവൂർ രാജസദസ്സിൽനിന്നു തുടങ്ങുന്ന തലമുറകൾ നീണ്ട പാരമ്പര്യമാണ്. അതുകൊണ്ട് ദേവദാസികളുടെ കലാപാരമ്പര്യത്തെ അവർ ഉയർത്തിപ്പിടിച്ചു. ബാലസരസ്വതി സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസാണ് അവർ ആരംഭിച്ച കലാപഠനകേന്ദ്രം. ഭക്തിയെ ഭരതനാട്യത്തിന്റെ കേന്ദ്രഭാവമായി ഇരുവരും അംഗീകരിച്ചുവെങ്കിലും അതിന്റെ ആവിഷ്കാരരീതിയെക്കുറിച്ച് സ്വരച്ചേർച്ചയുള്ള കാഴ്ചപ്പാടായിരുന്നില്ല രണ്ടുപേർക്കും ഉണ്ടായിരുന്നത്. രുഗ്മിണിദേവി ഭരതനാട്യത്തെ ദേശവത്കരിക്കാനും ബാലസരസ്വതി പ്രാദേശികാവിഷ്കാരമായി നിലനിർത്താനുമാണ് ശ്രമിച്ചത് എന്നു പറയുമ്പോൾ സങ്കീർണ്ണമായ വഴിത്താരകളുടെ സംഗമസ്ഥാനമായി സ്വയം അടയാളപ്പെടുത്താൻ തക്കവിധത്തിലുള്ള ആവാഹനശേഷി ആ നാട്യപ്രകാരത്തിന് അതിനകം കൈവന്നിരുന്നു എന്നൊരർത്ഥം കൂടിയുണ്ട്.  വ്യക്തിഗതമായ ആവിഷ്കാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഏകാംഗനൃത്തതിലാണ് ബാലസരസ്വതി കൂടുതൽ വിശ്വസിച്ചതെങ്കിൽ പുതിയ പ്രമേയങ്ങൾക്കുക്കൂടി അവസരം ഒരുക്കുന്നതരത്തിൽ രുഗ്മിണീദേവി വികസിപ്പിച്ചെടുത്ത സംഘനൃത്തം വേദിയിലെ കാതലായ പരീക്ഷണങ്ങൾക്ക് അവസരമൊരുക്കുകയുണ്ടായത്രേ.   വേദിയിലെ ദൈവസങ്കല്പങ്ങളിലും ഈ വ്യത്യാസം പ്രകടമാണ്. സന്മാർഗനിഷ്ഠരായ ശ്രീരാമനും നടരാജനുമാണ് രുഗ്മിണിദേവിയുടെ വേദിയിലെ ദൈവങ്ങൾ. ലീലാലോലുപരായ കൃഷ്ണനും മുരുകനുമാണ് ബാലസരസ്വതിയുടെ അനുഗ്രഹദാതാക്കൾ.  ദേവദാസികളുടെ സദിരിന്റെ രതിവിലാസങ്ങളിൽ നിന്ന് ഭരതനാട്യത്തെ ആധ്യാത്മിക തലത്തിലേക്ക് മോചിപ്പിക്കാൻ ഭാരതീയതയുടെ പ്രതീകസ്ഥാനത്തുള്ള നടരാജ വിഗ്രഹത്തിനുള്ള പങ്ക് ചെറുതല്ല. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ നടരാജവിഗ്രഹം ഇന്ത്യൻ നൃത്തവേദിയിലെ സ്ഥിരം ദൈവതമായതിനു പിന്നിലും പ്രവർത്തിച്ചത് രുഗ്മിണീദേവിയുടെ പരീക്ഷണോത്സാഹങ്ങളായിരിക്കാൻ ഇടയുണ്ട്. അത്രയ്ക്ക് ദേശീയവിവക്ഷകളോടുകൂടിയുള്ള  പരിണാമഗതിയാണ് രുഗ്മിണീദേവിയുടെ അരങ്ങു പരീക്ഷണങ്ങളിലൂടെ ഭരതനാട്യം കൈയ്യാളിയത്. ഭരതനാട്യത്തിന്റെ സാർവലൗകികഭാവത്തിനുപോലും സവർണ്ണമായ ഒരിന്ത്യൻ ആത്മീയഭാവത്തിനുള്ള  പ്രതീകനിഷ്ഠമായ ഊന്നൽ സഹായിച്ചിട്ടുണ്ട്. അധമകലയായി പരിഗണിച്ചിരുന്ന ബാലേയ്ക്ക് റഷ്യയിൽ അന്നാ പാവ്‌ലോവയെപോലെയൊരു ലോകപ്രശസ്തയായ നർത്തകിയിൽനിന്ന് ലഭിച്ചതിനു സമാനമായ പ്രാധാന്യവും പരിഷ്കരണവും പ്രചരണവുമാണ് രുഗ്മിണിദേവി അരുണ്ഡേലിൽനിന്ന് ഭരതനാട്യത്തിനും ലഭിച്ചത് എന്ന വസ്തുത അനുഭവങ്ങളുടെ സാർവലൗകികതയെ ഒന്നുകൂടി ഉറപ്പിച്ചെടുക്കുന്നു.  ആധുനികതയുടെ ലാവണ്യസങ്കല്പത്തെ എതിർത്തുകൊണ്ടാണ് ദേശീയതയുടെ ആവശ്യങ്ങളെ  ബാലസരസ്വതി പരിഗണിച്ചത്. എന്നാൽ ഭൂതകാലത്തോടും പാരമ്പര്യത്തോടുമുള്ള വിശ്വസ്തതയാണ് നൃത്തരൂപത്തെ ആധികാരികമാക്കുന്നത് എന്ന കാര്യത്തിൽ ഇവർ ഇരുവരും ഒരുപോലെ യോജിക്കുകയും ചെയ്യുന്നു. ബോധപൂർവമല്ലെങ്കിൽകൂടി അത് പരസ്പരപൂരകമായിരുന്നു എന്നാണ് സുനിൽ  എഴുതുന്നത് (പേജ്. 251) തമ്മിൽ കലഹിക്കുന്ന ബലങ്ങൾ ചേർന്നു നിർമ്മിക്കുന്ന ദേശീയതയുടെ സാംസ്കാരിക ശരീരം ബഹുസ്വരമാണെന്ന വാദത്തെ ഒന്നുകൂടി ഉറപ്പിക്കുന്ന നിരീക്ഷണമാണിതും.
രുഗ്മിണിദേവിയുടെയോ ബാലസരസ്വതിയുടെയോ രീതികളെ കണ്ണടച്ച് പിൻപറ്റാതെ മുന്നോട്ടു പോകുന്ന ഭരതനാട്യത്തിന്റെ പിൽക്കാലജീവിതത്തെക്കുറിച്ചു വിവരിച്ചുകൊണ്ടാണ് ‘ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ’ അവസാനിക്കുന്നത്. പിന്നീടുണ്ടായ പ്രധാനപ്പെട്ട സംഘർഷങ്ങളിലൊന്ന്,  പരമ്പരാഗതമൂല്യങ്ങൾക്ക്  പടിഞ്ഞാറൻ വേദികളിൽ കൈവരുന്ന പ്രാധാന്യവും പുതിയ സൗന്ദര്യാഭിരുചികൾക്കനുസരിച്ചുള്ള സമ്മർദ്ദവും ചേർന്ന് പുതിയ കാലത്തെ അവതരണങ്ങളിൽ സൃഷ്ടിക്കുന്ന പരീക്ഷണാത്മകതയാണ്. ഹൈന്ദവവാദരാഷ്ട്രീയത്തിന്റെ ഭാഗമായുണ്ടായ ദേശീയസ്വത്വസങ്കല്പത്തിന്റെ പ്രയോഗമുഹൂർത്തങ്ങളായി ആഢ്യകലാരൂപങ്ങൾ സ്വയം പരിഷ്കരിക്കപ്പെടുന്നതാണ് മറ്റൊരു  മുഹൂർത്തം. ബ്രാഹ്മണീകൃതസൗന്ദര്യദർശനത്തിന്റെ ഭാഗമായിരുന്ന ഭാവാവിഷ്കാരരീതികൾക്ക് ആധുനികകാലത്ത് മാറ്റമുണ്ടായിട്ടുണ്ട്. പരിഭവത്തിന്റെയോ  വിരഹത്തിന്റെയോ ശൃംഗാരത്തിന്റെയോ പദം അഭിനയിക്കുന്ന സ്ത്രീ ആഗോളീകൃതസ്വത്വമുള്ള ഉത്തരാധുനികയായി തീരുന്നു. അതേസമയം പാശ്ചാത്യ മൂല്യങ്ങളുടെ കടന്നുകയറ്റത്തെയും സ്ത്രീപീഡനമെന്ന പ്രതിലോമതയെയും പ്രതിരോധിക്കാനുള്ള ഉപാധിയെന്ന നിലയിൽ പൗരാണിക സ്ത്രീമാതൃകകൾ ധാരാളമായി ഭരതനാട്യത്തിന്റെ പ്രമേയഘടനയിൽ കടന്നു കയറുകയും ചെയ്യുന്നു. മല്ലികാസാരാഭായിയെയും മാളവിക സരൂക്കായിയെയും ചന്ദ്രലേഖയെയുംപോലെയുള്ള നർത്തകിമാർ രംഗാവതരണങ്ങളെ കാലത്തിന് യോജിച്ചവിധത്തിലുള്ള ആശയപ്രകാശനമാതൃകകളാക്കി മാറ്റിയെടുത്തിട്ടുണ്ട്. പരിഷ്കരിക്കപ്പെട്ട വേഷവിതാനങ്ങളും (സദിരിൽ സാരിയായിരുന്നു ദേവദാസികളുടെ ഉടയാട, കൂടുതൽ സ്വതന്ത്രനിലയ്ക്കായി ഭരതനാട്യം സ്വയം പരിഷ്കരിച്ചെടുത്താണ് പൗരാണികത തോന്നിക്കുന്ന ഇപ്പോഴത്തെ വേഷസംവിധാനം) ചലച്ചിത്രവേദിയിൽനിന്നു കൈമാറി കിട്ടിയ ശരീരബോധവും മറ്റു കലാവിഷ്കാരങ്ങളുമായുള്ള ബന്ധവും   വിനിമയത്തിന്റെ വ്യത്യസ്തതലങ്ങളിലേക്ക്  ഭരതനാട്യത്തെ വർത്തമാനത്തിലെന്നപോലെ ഭാവിയിലും നയിക്കുമെന്ന കാര്യത്തിൽ സംശയത്തിനവകാശമില്ലെന്ന്  എതിരൻ കതിരവൻ, നീനാപ്രസാദ്, ശ്രീചിത്രൻ തുടങ്ങിയ സമകാലികരായ കലാനിരൂപകരുടെ നിരീക്ഷണങ്ങളെ കൂട്ടുപിടിച്ച് ലേഖകൻ അഭിപ്രായപ്പെടുന്നുണ്ട്.  തർക്കങ്ങളോ തീർപ്പുകളോ ഉറച്ച ശാസനാസ്വരങ്ങളോ ഇല്ലാതെ ചരിത്രപരിണാമിയായൊരു സാംസ്കാരിക നിർമ്മിതിയെ നിരീക്ഷിക്കുന്ന സൗമ്യശുദ്ധമായ വിവരാണാത്മകഘടനയാണ് ‘ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ’ക്കുള്ളത്. ഭരതനാട്യത്തെ സുനിൽ വിവരിക്കാനെടുക്കുന്ന ബഹുസ്വരശരീരമെന്ന സങ്കല്പനത്തെ  അതിനെക്കുറിച്ചുള്ള ഈ വാങ്മയത്തെ നിർവചിക്കാനും സ്വീകരിക്കാവുന്നതാണ്. വ്യത്യസ്തമായ വാദഗതികളെ ഒന്നിച്ചു ചേർത്ത് അവതരിപ്പിക്കുമ്പോഴും അതിന്റെ ആന്തരശ്രുതി വൈരുദ്ധ്യാത്മകമാവാതിരിക്കുന്നതിനുള്ള കരുതൽ സുനിൽ പി ഇളയിടത്തിന്റെ എഴുത്തിനുണ്ട്. അതിനു കാരണം വിമർശനസ്ഥാനമായി ഉപയോഗിക്കുന്ന രാഷ്ട്രീയനിലപാടിന്റെ കൃത്യതയാണ്. സുനിലിന്റെ നിരീക്ഷണങ്ങളെ ആകർഷകവും അഭിലഷണീയവുമാക്കുന്ന ഘടകവും മറ്റൊന്നല്ല.  ഭരതനാട്യത്തിന്റെ നവീകരണപ്രക്രിയകൾ ആരംഭിച്ചിട്ട് ഏതാണ്ട് ഒരു ശതാബ്ദമാകുന്ന ഈ വേളയിൽ ആ നൃത്തരൂപത്തിനുണ്ടായ രൂപപരവും സാംസ്കാരികവുമായ പരിവർത്തനങ്ങളെ രാഷ്ട്രീയമായി വായിക്കാനുള്ള ശ്രമം മലയാളത്തിലെ വേറിട്ടതും പുതിയ ദിശാബോധം നൽകുന്നതുമായ ഒരു അക്കാദമിക് അന്വേഷണമാണ്. അതിനു പിന്തുടർച്ചകൾ ഉണ്ടാവേണ്ടതുണ്ട്. 

(എഴുത്ത് മാസിക) 

ചലച്ചിത്രകലയിലെ പ്രകൃതിയാഥാർത്ഥ്യങ്ങൾ






പ്രമേയത്തിന്റെയും ക്രിയാംശങ്ങളുടെയും പശ്ചാത്തലമെന്ന നിലയിൽ  പ്രകടമാവുന്ന ദൃശ്യസാന്നിദ്ധ്യമാണ് ചലച്ചിത്രങ്ങളിലെ പ്രകൃതി. പാരിസ്ഥിതികാവബോധത്തിന്റെ വികാസത്തോടെ പ്രമേയവസ്തു എന്ന നിലയ്ക്കും ബാഹ്യപ്രകൃതിയ്ക്ക് പ്രാധാന്യം കൈവന്നിട്ടുണ്ട്. മനുഷ്യകേന്ദ്രിതമായ ആവാസവ്യവസ്ഥയെ സംബന്ധിച്ച ഉത്കണ്ഠകളുടെ രൂപത്തിലാണ് അതിന്റെ സ്ഥിതി. പരിചരണരീതി വൈകാരികമായ ഉള്ളടക്കത്തിനു പ്രാധാന്യം നൽകുന്ന രീതിയിലും. ചലച്ചിത്രമെന്ന സർഗാത്മകവിഭവത്തിന്റെ പുറമേയുള്ള ഭാവംമാത്രമാണ് ഈ പ്രകടനം. ചലച്ചിത്രമെന്ന വ്യവസായത്തിന് പലപ്പോഴും അത് ഭാവിക്കുന്ന രീതിയിൽ സ്വന്തം ഉത്പ്പന്നത്തിന്റെ പ്രഖ്യാപിതമായ ഫലശ്രുതിയുമായി പലപ്പോഴും സമരസപ്പെട്ടു പോകാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. വിപണിയുമായും സാമാന്യാഭിരുചിയുമായും ചരക്കെന്ന നിലയിൽ ചലച്ചിത്രസൃഷ്ടികൾ നടത്തുന്ന നീക്കുപോക്കുകൾ അവയിലെ സൂക്ഷ്മവും സ്ഥൂലവും പ്രകൃതിയാവിഷ്കാരങ്ങളെ സൗന്ദര്യാത്മകമായ പുറംകാഴ്ചയ്ക്ക് ഇണങ്ങാത്തവിധത്തിൽ വൈരുദ്ധ്യവും  സംഘർഷവും നിറഞ്ഞതാക്കി തീർക്കാറുണ്ട്. ആദായത്തിൽ അധിഷ്ഠിതമായ പ്രലോഭനങ്ങൾ മാത്രമല്ല, പരിപൂർണ്ണതയ്ക്കുവേണ്ടിയുള്ള കലാപരമായ അഭിവാഞ്ഛകളും ചേർന്നാണ് ഈ സംഘർഷങ്ങളെ നിർമ്മിക്കുന്നത്.  
മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ബന്ധവും ആ ബന്ധത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ബോധധാരകളും സ്ഥലപരവും പ്രമേയപരവുമായ പ്രകൃതിയാവിഷ്കാരങ്ങളെ വേർതിരിക്കാനാവാത്തമട്ടിൽ ചിലയിടങ്ങളിലെങ്കിലും സങ്കീർണ്ണമാക്കിത്തീർക്കുന്ന കാഴ്ചയും കൂട്ടത്തിലുണ്ട്. ആധുനികപരിസ്ഥിതിവാദം മുന്നോട്ടു വയ്ക്കുന്ന മട്ടിൽ, സൂക്ഷ്മവും സ്ഥൂലവും, മലയാള സിനിമകളിൽ അത്ര പ്രകടമല്ലാത്ത ആഗോളീയവുമായ പ്രകൃതിയുടെ വ്യത്യസ്തതകളെയും അടരുകളെയും ഈ സങ്കീർണ്ണതകൾ അകം പുറം മറിക്കുന്നു. സ്റ്റൂഡിയോ ചിത്രീകരണങ്ങളിലെ കൃത്രിമമായ പരിസരനിർമ്മിതിമുതൽ ഡിജിറ്റൽ യുഗത്തിലെ അവാസ്തവികമായ  ലോകചിത്രണംവരെ നീളുന്നതാണ് പ്രകൃതിയാഥാർത്ഥ്യങ്ങളുടെ വ്യവഹാരമേഖലകൾ. പ്രത്യക്ഷദൃശ്യങ്ങളെ സ്വന്തം അറിവുകളിലൂടെ വികസിപ്പിച്ചു സ്വീകരിക്കുന്ന ഒരു ശൈലി വ്യത്യസ്തമായ നിലയിൽ സമൂഹത്തെ ശീലിപ്പിച്ചത് സിനിമകളാണ്. നിറപ്പകിട്ടോടെ ചുറ്റും നിൽക്കുന്ന പ്രകൃതിയെ രണ്ട് വർണ്ണങ്ങളിൽമാത്രം കണ്ട് സ്വാംശീകരിക്കാൻ പ്രേരിപ്പിച്ച ബ്ലാക് & വൈറ്റ് ചിത്രങ്ങളുടെ കാര്യമെടുക്കുക.  ടെൻ കമാൻഡ്‌മെന്റ്സും (1923) ബെൻഹറും (1925) പരിചയപ്പെട്ടിരുന്നു എങ്കിലും മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടംബെച്ച കോട്ട് (1961) വരെയും കുറേയൊക്കെ അതിനു ശേഷവും  ചുവന്ന ചോരയെ വെള്ളിത്തിരയിൽ കറുത്തതായി കണ്ട് ഉൾക്കൊള്ളാൻ (അതുപോലെ മറ്റു പലതും) മലയാളി പ്രേക്ഷകർക്ക് പ്രശ്നമുണ്ടായിരുന്നില്ല. കാഴ്ചക്കാരുടെ ബോധതലത്തിൽ സംഭവിക്കുന്ന പരിണാമത്തിന്റെ ഭാഗമാണ് ആ സ്വീകരണം. ആധുനിക സങ്കേതങ്ങളുടെ അതിശയോക്തിപരമോ അവാസ്തവികമോ ആയ നിറ-ദൃശ്യവൈവിധ്യങ്ങളെയും ഇതിനു സമാനമായി, സ്വാഭാവികമായിതന്നെ ബോധമണ്ഡലത്തിൽ സ്വീകരിക്കാൻ  ആധുനികനായ കാണിക്ക് വഴിയൊരുക്കുന്ന വികാസങ്ങളും ഇതുപോലെ സംഭവിക്കുന്നതാണ്. പഴയ അനുഭവത്തിന്റെ ഓർമ്മയിൽ  ചലച്ചിത്രങ്ങൾ ഭൂതകാലങ്ങളെ ആവിഷ്കരിക്കാൻ ഫ്ലാഷ് ബാക്കിലൂടെ  നിറവൈവിധ്യങ്ങളില്ലാത്ത ലോകത്തേക്ക് ഇന്നും യാത്രയാവുന്നതിനു പിന്നിൽ ഓർമ്മകളെ സാങ്കേതികമായ ഓർമ്മകളായി പുനഃസൃഷ്ടിക്കുക എന്ന തന്ത്രത്തിന്റെ ആവർത്തനമാണുള്ളത്.
ഭൂതഭാവികളുടെ നിറങ്ങൾ
കാനിലും ഇന്ത്യൻ ചലച്ചിത്രോത്സവത്തിലും ആർട്ട് സിനിമാ അവാർഡും സുവർണ്ണ മയൂരവും ഉൾപ്പടെ നിരവധി സമ്മാനങ്ങൾ നേടിയ  ലാറ്റിൻ അമേരിക്കൻ ചിത്രം ‘എംബ്രെയ്സ് ഓഫ് സെർപ്പന്റ് ’ (2015, സംവിധാനം സിറോ ഗുയേര) ആമസോണിയൻ കാടിനുള്ളിലെ ദിവ്യമായ യാക്രൂണ എന്ന ചെടി അന്വേഷിക്കുന്ന ആധുനിക ലോകത്തിലെ രണ്ട് വ്യക്തികളുടെ കഥയാണ് പറയുന്നത്. സമാന്തരമായി അത്, വേരറ്റുപോയ ഒരു ഗോത്രത്തിന്റെ കഥയുംകൂടി പറയുന്നു. ആതുരവും ക്ഷീണിച്ചതുമായ ആധുനികലോകത്തിനുള്ള മരുന്നും അതിന്റെ പ്രയോഗവും അറിയാവുന്ന അവസാനത്തെ മനുഷ്യനെ ഏതാണ്ടൊരു ദിവ്യമോ ഭ്രമാത്മകമോ ആയ പരിവേഷത്തിലവതരിപ്പിക്കുന്ന സിനിമയുടെ മുക്കാൽ പങ്കും ബ്ലാക്ക് & വൈറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മലയാളത്തിൽ, അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത  ‘ലോഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’ (2015)യും വൈശാഖിന്റെ  പുലി മുരുക(2016) -നും പ്രകൃതി കാടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അമൂല്യമായ നിധിയെപ്പറ്റിയുള്ള വ്യത്യസ്തമായ മലയാള ആഖ്യാനങ്ങളാണ്. ഒരു പ്രാകൃതസമൂഹം സന്തോഷത്തോടെയും വ്യവസ്ഥാപിതമായും കഴിഞ്ഞുകൂടുന്നതിനെപ്പറ്റിയാണ് ‘ലോർഡ് ലിവിങ്സ്റ്റൺ’ വാചാലമാകുന്നത്. പ്രാകൃതമായ ജീവിതവ്യവസ്ഥ പുറം‌ലോകവുമായി ബന്ധമില്ലാത്ത 7000 കണ്ടിയിലെ സമൂഹം, പലതുകൊണ്ടും ആധുനിക സമൂഹത്തേക്കാൾ മെച്ചമാണെന്ന് അതു വ്യക്തമാക്കുന്നുണ്ട്. അതു നശിക്കാതെ നോക്കുക എന്ന പ്രതിബദ്ധതയിലാണ് സിനിമ ഊന്നുന്നത്. ക്യാൻസർപോലെ ആധുനിക വൈദ്യശാസ്ത്രത്തിനു പരിഹാരം നിർദ്ദേശിക്കാനാവാത്ത മഹാമാരിയെപ്പോലും മെരുക്കാൻ കഴിവുള്ള ഔഷധക്കൂട്ടിന്റെ നിർമ്മാണരഹസ്യം അവർക്ക് അറിയാമെന്ന് വിവരിച്ചുകൊണ്ട് സിനിമ,  ആ വ്യവസ്ഥയുടെ മാനവികമായും ശാസ്ത്രീയമായുമുള്ള മെച്ചത്തെ ചൂണ്ടിത്തരുന്നു. പുലിമുരുകനിൽ ഇതേ പ്രാകൃതത്വമഹത്വം മറ്റൊരു തരത്തിലാണ് വെളിവാക്കുന്നത്. അതിലെ അപ്രതിരോധ്യനായ വരയൻ പുലി, പ്രകൃതിയുടെ കരുത്തിനു മുന്നിൽ നിസ്സഹായനായി പോകുന്ന ആധുനിക മനുഷ്യന്റെ ഉത്കണ്ഠയെ വളർത്തുന്നൊരു രൂപകമാണ്. നാഗരികവും ആധുനികവുമായ ശക്തികൾ വന്യതയെ പ്രതിരോധിക്കാൻ പരാജയപ്പെടുന്നിടത്ത് വിജയിക്കുന്ന പ്രാകൃതനായകത്വത്തെ ഊന്നുന്നതിലൂടെ  ഭൂതപ്രകൃതിയെ കാല്പനികമായി സ്വപ്നം കാണുകയും മഹത്വത്തെ നിഗൂഢവത്കരിക്കുകയുമാണ്  സിനിമ ചെയ്യുന്നത്.  വേണുവിന്റെ ‘കാർബൺ’ (2018) ഇതേ പ്രമേയത്തിന്റെ മറുവശം അവതരിപ്പിക്കുന്നു എന്ന നിലയിൽ ശ്രദ്ധേയമായ ചലച്ചിത്രമാണ്. പ്രകൃതി നിഗൂഢമാക്കിവച്ചിരിക്കുന്ന അമൂല്യമായ നിധി ആധുനികമായ സന്ത്രാസങ്ങളിൽപ്പെട്ടു കുഴങ്ങുന്ന മനുഷ്യന്റെ ഭ്രമാത്മകഭാവനയാണെന്ന വ്യാഖ്യാനത്തിന്റെ സാധ്യതയാണ് അവിടെ ചിത്രത്തിന്റെ മാറ്റു നിർണ്ണയിക്കുന്നത്.
ഇപ്പോഴും വെളിവാക്കാതെ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഖനികളുടെയും കരുത്തിന്റെയും പ്രഭാവിതമായ ഭൂതകാലത്തിനു പകരം ആശങ്കയുടെയും സന്ത്രാസങ്ങളുടെയും പ്രകൃതിയായി ഭാവികാലം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രീതിയും ഉണ്ട്. ആന്ദ്രൂ സ്റ്റാന്റൻ സംവിധാനം ചെയ്ത വാൾ-ഇ (2008) എന്ന സിനിമ നോക്കുക. 800 വർഷങ്ങൾക്കുശേഷമുള്ള ഭൂമിയാണതിലെ പശ്ചാത്തലം. മനുഷ്യർ വിട്ടുപോവുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും ചെയ്ത ഭൂമിയെ വൃത്തിയാക്കാൻ നിയോഗിക്കപ്പെട്ട യന്ത്രജീവിയാണ് വാൾ-ഇ (Waste Allocation Load Lifter: Earth-Class) മനുഷ്യന്റെ ചെയ്തികളുടെ ഫലമായി മാലിന്യങ്ങളും പാഴ്‌വക്കളും കുമിഞ്ഞുകൂടി മനുഷ്യരാശിയെ കാത്തിരിക്കുന്ന ഭീതിദമായ ഒരു ഭാവിയുടെ അന്തരീക്ഷസൃഷ്ടിയാണ് ‘വാൾ-ഇ’ –യെ ആകർഷകമാക്കുന്നത്. ഇത്രയും മുന്നോട്ടു പോയി കാണുന്നില്ലെങ്കിലും ഡോ. ബിജു സംവിധാനം നിർവഹിച്ച പേരറിയാത്തവർ (2015) എന്ന സിനിമയും മാലിന്യങ്ങളുടെയും പരിസരമലിനീകരണത്തിന്റെയും സമീപസ്ഥഭാവിയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചലച്ചിത്രത്തിലെ അച്ഛന്റെയും മകന്റെയും സ്ഥലനഷ്ടം ജീവിക്കാൻ കൊള്ളാതാവുന്ന പരിസരങ്ങളിൽനിന്നും ഇറങ്ങി നടക്കേണ്ടിവരുന്ന പ്രാന്തവത്കൃതസമൂഹത്തിന്റെ ആസന്നഭാവിയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്.  മനുഷ്യരുടെ നിരന്തരവും സ്വാർത്ഥവുമായ ഇടപെടലിനെയും ചൂഷണത്തെയും തുടർന്ന് പ്രകൃതിക്ക് വരുന്ന നാശമാണ് രണ്ടു സിനിമകളും പുനരാവിഷ്കരിക്കുന്നത്. ‘വാൾ-ഇ’ മനുഷ്യൻ ഉപേക്ഷിച്ചുപോയ ഭൂമിയെപ്പറ്റിയുള്ള ഭാവനാത്മകമായ ചിത്രീകരണമാണ്.  ‘പേരറിയാത്തവർ’ അരികുവത്കരിക്കപ്പെട്ടവരുടെ അലച്ചിലിലൂടെ എങ്ങനെ നമ്മുടെ ആവാസവ്യവസ്ഥയിലെ ഇടപെടലുകൾ ജീവിതത്തെ ദുരന്തമാക്കിമാറ്റുന്നതിന്റെ നേർചിത്രവും.
അറുപതുകളിൽ ലോകമെമ്പാടുമുണ്ടായ പാരിസ്ഥിതികാവബോധം (റേച്ചൽ കാഴ്സന്റെ ‘നിശ്ശബ്ദവസന്തവും’ മുറേ ബുക്ചിന്റെ ‘നമ്മുടെ കൃത്രിമപ്രകൃതിയും‘ പുറത്തിറങ്ങുന്നത് 1962-ലാണ്) മനുഷ്യന്റെ ആവിഷ്കാരമാധ്യമമെന്ന നിലയിൽ ചലച്ചിത്രങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യൻ- പ്രകൃതി എന്ന നിലവിട്ട് മനുഷ്യൻ - മനുഷ്യൻ - പ്രകൃതി എന്ന ത്രികോണനിലയിൽ കാര്യങ്ങളെ വിശകലനം ചെയ്യാമെന്നാവുന്നതും കലാപരമായ ആവിഷ്കാരത്തിനപ്പുറത്ത് പ്രബോധനോദ്ദേശ്യങ്ങൾ ബോധപൂർവം ചലച്ചിത്രാവിഷ്കാരങ്ങളിൽ കയറിപ്പറ്റുന്നതും അതിനെ തുടർന്നാണ്. ജലം ധാതുലവണങ്ങൾ കടത്തിവിട്ട് മലിനമാക്കുന്ന പസിഫിക് ഗ്യാസ് & ഇലെക്ട്രിക് കമ്പനിയ്ക്കെതിരെ എറിൻ എന്ന വിധവയായ സ്ത്രീ ചരിത്രപ്രസിദ്ധമായ ജയം നേടുന്ന യഥാർത്ഥ കഥ  പറയുന്ന സോഡെൻ ബെർഗിന്റെ എറിൻ ബ്രോക്കോവിച്ച് (2000) എന്ന സിനിമ ഒരു ഉദാഹരണമാണ്. റോളൻട് എമറിക്കിന്റെ ‘ദ ഡേ ആഫ്ടെർ ടുമോറോ’ (2004) സോഹൻ റോയിയുടേ ‘ഡാം 999’ (2011) കിം കി ഡുക്കിന്റെ ‘സ്റ്റോപ്’ (2015) ടി കെ രാജീവ് കുമാറിന്റെ ‘ജലമർമ്മരം’ ( 1999) ജയരാജിന്റെ  ‘ഒറ്റാൽ’ (2014) ഡോ. ബിജുവിന്റെ  വലിയ ചിറകുള്ള പക്ഷികൾ (2015) മനോജ് കാനയുടെ അമീബ (2016) പി എസ് മനുവിന്റെ ‘മണ്ട്രോത്തുരുത്ത്’ (2016) തുടങ്ങി ഇത്തരം ചിത്രങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. നേരിട്ട് പ്രശ്നങ്ങളിലേക്കു കടക്കുക എന്ന പതിവു വിട്ട് മനുഷ്യബന്ധങ്ങളിലെ സംഘർഷങ്ങളെ പ്രകൃതിയിലെ കാതലായ ഒരു പ്രശ്നത്തെ വിഷയമാക്കി അവതരിപ്പിക്കുക എന്ന രീതിയാണ് മലയാള ചിത്രങ്ങൾ അവലംബിക്കുന്നത്.  
പ്രകൃതിയുടെ  അസ്തിത്വത്തെയും സ്വഭാവത്തെയുംപറ്റി ഉയർന്ന അവബോധം വച്ചു പുലർത്തിയ ചലച്ചിത്രപ്രവർത്തകരുടെ സൃഷ്ടികളിലെ ദൃശ്യങ്ങളിൽ ആ ഭാവം, ഏറിയോ കുറഞ്ഞോ സ്വാഭാവികമായിതന്നെ പടരുന്നതാണ്.  അതേസമയം പൂർണ്ണമായും പ്രകൃതിക്ക് കഥാപാത്രവ്യക്തിത്വം ലഭിച്ചിട്ടുള്ള ചിത്രങ്ങളുമുണ്ട്. സത്യജിത് റായിയുടെ പഥേർപാഞ്ചാലിയിലെയും (1955)   ആരണ്യേർ ദിൻ രാത്രി (1970)- യിലെയും പല ദൃശ്യങ്ങളും മാനുഷികമായ ഭാവപകർച്ചകൾ പ്രകൃതിയ്ക്ക് കല്പിച്ചുകൊടുത്തവയാണ്. ദുർഗ മരിക്കുന്ന രാത്രിയിൽ,  നിസ്സഹായയായ സർവജയയുടെ വീടു തള്ളിതുറന്ന് പരാക്രമം കാട്ടുന്ന കാറ്റും മഴയും ഒരു ഉദാഹരണം. ആന്ദ്രേ തർക്കോവ്സ്കിയുടെ ‘സാക്രിഫൈസിലും’ (1986)  കുറസാവയുടെ ‘ഡ്രീംസിലും’ (1990)  പ്രകൃതി കഥാപാത്രങ്ങളാണ്. ഡാനിയൽ മിറിറ്റിന്റെ ‘ബ്ലയർ വിച്ച് പ്രോജക്ട്’ (1999) എന്ന ഹൊറർ സിനിമയിൽ കാട് നിഗൂഢവും ദയയില്ലാത്തതുമായ വാസ്തവമായി നിലനിൽക്കുന്നുണ്ട്. ഏതോ അതീതശക്തിയെപ്പറ്റിയുള്ള സൂചനകൾ നൽകിയാണ് സിനിമ പുരോഗമിക്കുന്നതെങ്കിലും ചിത്രത്തിലുടനീളം കാണാൻ കഴിയുന്ന വാസ്തവം കാടിന്റെ നിഗൂഢതയും അതിനുള്ളിൽ ഉണ്ടെന്ന് മനുഷ്യർ വിചാരിക്കുന്ന ശക്തിയെപ്പറ്റിയുള്ള ആതുരമായ കല്പനകളുമാണ്. അരവിന്ദന്റെ ‘കാഞ്ചനസീത’ (1977) യിലെ പ്രകൃതിയായ സീതയെപ്പറ്റി നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞതാണ്. ചിത്രത്തിലുടനീളം സീതയെ നാം കാണുന്നില്ല. അതേസമയം ഇളകുന്ന ഇലകളിലും കാറ്റിലുമായി സീതയുടെ സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്യുന്നു.
സ്ഥലാനുസൃതം, ധർമ്മാനുസൃതം
സ്ഥൂലവും സൂക്ഷ്മവും ആഗോളീയവുമായ പരിസ്ഥിതിവൈവിധ്യങ്ങൾ, പശ്ചാത്തലം എന്ന നിലയ്ക്ക് പ്രകൃതിചിത്രണത്തിൽ കടന്നുവരുന്നതുപോലെയല്ല,  പ്രമേയതലത്തിലെ പ്രകൃതി. അവയ്ക്ക് അതിസങ്കീർണ്ണമായ ഘടനകളും ഊടുവഴികളും സ്വഭാവസിദ്ധമാകുന്നു. ആദ്യത്തെ മൂന്നു പ്രകൃതി ചിത്രീകരണങ്ങളും സ്ഥലാനുസൃതമായിരിക്കുമ്പോൾ ഭൗതികവും സാമ്പത്തികവും സാംസ്കാരികവുമായ ചുറ്റുപാടുകളുടെ ചിത്രീകരണം തികച്ചും  ധർമ്മാനുസൃതമാണ്. പലപ്പോഴും ഇവ തമ്മിൽ കലാപരവും അല്ലാത്തതുമായ മേഖലയിൽ സംഘർഷത്തിലുമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ 1960 -കൾക്കുശേഷം മനുഷ്യാവബോധത്തിലുണ്ടായ, പരിസ്ഥിതിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ  ചലച്ചിത്രങ്ങളിലെ പ്രകൃതിചിത്രണങ്ങളെ പാടെ മാറ്റി മറിച്ചിട്ടുണ്ട്. പ്രബോധനാത്മകമായ അത്തരം ചുവടുവയ്പ്പുകൾ ചലച്ചിത്രങ്ങൾ നടത്തിയതുതന്നെ കലയെന്ന നിലയ്ക്ക് മനുഷ്യരാശിയെ സ്വാധീനിക്കാൻ അതിനുള്ള ശേഷിയെ മുന്നിൽ കണ്ടാണ്.  ചലച്ചിത്രം എന്ന വ്യവസായമാകട്ടെ വൈരുധ്യാത്മകമായ നിലപാടിലേക്ക് കൂപ്പുകുത്താറുമുണ്ട്. പ്രകൃതിസംരക്ഷണവും പരിപാലനവും കലാപരമായി ആഹ്വാനം ചെയ്യുന്ന സിനിമകൾതന്നെ ചിത്രീകരണസമയത്തെ പ്രകൃതി നശീകരണത്തിന്റെയോ പ്രകൃതിവിരുദ്ധതയുടെയോ പേരിൽ വിവാദങ്ങളിൽപ്പെടുന്നത് ഇതുകൊണ്ടാണ്. മറ്റൊന്ന്, ദൃശ്യങ്ങളെ നേരിട്ടോ ചിത്രീകരണാനന്തരപ്രവർത്തനങ്ങളുടെ ഭാഗമായോ യാഥാർത്ഥ്യത്തിനും സഹജപ്രകൃതിക്കും സ്വാഭാവികതയ്ക്കും വിരുദ്ധമാക്കുന്ന പ്രവൃത്തിയാണ്. ചലച്ചിത്രങ്ങളുടെ കാര്യത്തിൽ ഈ പ്രവണത കലാപരത എന്നതിലുപരി ധാർമ്മികതയുമായിട്ടാണ് ബന്ധപ്പെട്ടു നിൽക്കുന്നത്.  ഇരുട്ടുമുറിയിൽ മനോരജ്ഞകങ്ങളായി വന്നവതരിക്കുന്ന പ്രകൃതിദൃശ്യങ്ങളിൽ പലതും ലാഭക്കൊതിയുടെ കൈകാര്യകർത്തൃത്വത്താൽ നിർമ്മിക്കപ്പെട്ട കെട്ടുകാഴ്ചകളാണെന്ന വൈരുദ്ധ്യം നിലനിൽക്കുന്നു.    
1.         ഡാനി ബോയൽ സംവിധാനം ചെയ്ത ദ ബീച്ച് (200) എന്ന സിനിമ, ഭൂമിയിലെ സ്വർഗതുല്യമായ സ്ഥലം അന്വേഷിച്ചുപോകുന്ന റിച്ചാർഡെന്ന അമേരിക്കൻ സഞ്ചാരിയുടെ കഥയാണ്. അലക്സ് ഗാർലന്റ് രചിച്ച അതേ പേരുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയിലെ സ്വർഗതുല്യമായ സ്ഥലം ചിത്രീകരിക്കാൻ സംവിധായകൻ കണ്ടെത്തിയത് തായ്‌ലാൻഡിലെ ‘കോഫിഫിലെ’ എന്ന സമുദ്രതീരമാണ്. സ്ഥലത്തെ ആകർഷകമാക്കാനായി അവിടെയുള്ള മരങ്ങൾ നശിപ്പിക്കുകയും മണൽത്തിട്ട് ഇടിച്ചു നിരത്തുകയും ചെയ്ത് പ്രകൃതിയുടെ നൈസർഗികതയ്ക്ക് കോട്ടം വരുത്തിയെന്ന് പരിസ്ഥിതി വാദികളുടെ ആരോപണത്തെയും പ്രക്ഷോഭത്തെയും തുടർന്ന് വലിയൊരു തുക നഷ്ടപരിഹാരമായി സിനിമാസംഘത്തിന് നൽകേണ്ടിവരികയും ചെയ്തു.
2.       ഇതുപോലെ പിൽക്കാലത്ത് ആരോപണവിധേയമായ സിനിമയാണ് ജോക്കിം റോണിംഗും എസ്പൻ സാൻഡ്ബെർഗും  ചേർന്നു സംവിധാനം ചെയ്ത Pirates of the Caribbean: Dead Men Tell No Tales (2017) . ആസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ ചിത്രീകരിച്ച സിനിമ   ആ പ്രദേശത്തെ മൊത്തം നശിപ്പിച്ചതിന്റെ വിവരവും ചിത്രങ്ങളും http://theconversation.com എന്ന സൈറ്റിൽ കാണാം. പ്രകൃതിയിലെ സ്വാഭാവിക താമസക്കാരെ ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു ഈ അഭ്യാസം എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പ്രത്യക്ഷമായ പ്രകൃതിനാശത്തിനുപുറമേ വളരെ ശാന്തമായ അന്തരീക്ഷത്തിൽ ജീവിച്ചുപോന്ന തദ്ദേശവാസികളുടെ മാനസികമായ പ്രശ്നങ്ങളും ഉറക്കക്കുറവുമെല്ലാം ദിവസങ്ങളോളം നീണ്ടു നിന്ന ഷൂട്ടിങ്ങിനെ തുടർന്നുണ്ടായതും ആഘാതത്തിന്റെ പട്ടികയിൽപ്പെടുത്തേണ്ട സ്വാധീനങ്ങളാണ്. പീറ്റർ ജാക്സൺ ന്റെ ‘ലോർഡ് ഓഫ് ദ റിങ്’ (2001 - 2003), ‘ദ ഹോബിറ്റ്’ (2012 – 2015) ത്രിതയങ്ങൾ ഷൂട്ടിങ് സമയത്ത്  പ്രകൃതിക്ക് ഏൽപ്പിച്ച ആഘാതങ്ങളും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
3.       ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്‘ സിനിമയിലെ ക്യാബിനിലേക്ക് ഇരച്ചു കയറിവരുന്ന കടൽ വെള്ളം ചിത്രീകരിക്കാൻ ചെലവഴിച്ചത് 120000 ഗ്യാലൻ ശുദ്ധജലമായിരുന്നു. അഭിനവ് കാശ്യപിന്റെ ‘ദബാങ് ’ (2010) എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനരംഗത്തിൽ കേവലം 20 സെക്കന്റു മാത്രമുള്ള ഒരു ദൃശ്യത്തിനായി ഉപയോഗിച്ചത് 12000 ലിറ്റർ വെള്ളം വീതം കൊള്ളുന്ന 15 വാട്ടർ ടാങ്കുകളെയാണ്.  കരൺ ജോഹറിന്റെ ‘മൈ നെയിം ഈസ് ഖാൻ’ (2010) –ലെ വെള്ളപ്പൊക്ക ദൃശ്യത്തിനായി ഇതുപോലുള്ള 200 ടാങ്കുകളെയാണുപയോഗിച്ചത്. ഏകദേശം 24 ലക്ഷം ലിറ്റർ ശുദ്ധജലം!
4.       ശങ്കർ സംവിധാനം ചെയ്ത അന്യനിലെ (2005)  ‘അണ്ടൻ കാക്ക കൊണ്ടക്കാരി‘ എന്ന ഗാനം ചിത്രീകരിക്കാൻ തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ വീടുകൾക്കും പാലങ്ങൾക്കും റോഡിനും ഒപ്പം പാറകളെയും മൊത്തം പെയിന്റു വാരി പൂശുകയാണ് ചെയ്തത്.
5.       ഐ വി ശശിയുടെ ‘തുഷാര’ (1981) ത്തിലെ ഹിമനിപാതം ഇംഗ്ലീഷ് ചിത്രത്തിലെ സമാനമായ രംഗം പശ്ചാത്തലത്തിൽ ഓടിച്ച് കഥാപാത്രങ്ങളുടെ മുഖത്ത് ഐസുകട്ടകൾ കൃത്രിമമായി പതിപ്പിച്ച് ചിത്രീകരിച്ചതാണ്. മണിരത്നത്തിന്റെ ‘റോജ’ (1992)യിലെ പല കാശ്മീർദൃശ്യങ്ങളും പ്രാദേശികമായി ചിത്രീകരിച്ചതാണ് മഞ്ഞു വീണുകിടക്കുന്ന മലകളും മരങ്ങളും ഊട്ടിയിൽ പാറയ്ക്കുമുകളിലും പൈൻ ചെടികൾക്കു മേലെയും പൊടിയുപ്പ് വിതറി ചിത്രീകരിച്ചതാണ്.
6.       വൈശാഖിന്റെ ‘പുലിമുരുക’നിലെ (2016) കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയിലുള്ള കാടെന്ന മട്ടിൽ കാണികൾ കണ്ടത് ഫിലിപൈൻസിലെയും ആഫ്രിക്കയിലെയും ശ്രീലങ്കയിലെയും കാടുകളുടെ ഏതാനും ഭാഗങ്ങളാണ്.  മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫി’ (2017)-ലെ ഇറാക്കിലേതായി കാണികൾ കണ്ടത് റാമോജി ഫിലിം സിറ്റിയിലെ സെറ്റും റാസ് അൽ ഖൈമയുടെ ഭൂപ്രകൃതിയുമാണ്.

ഗ്രാഫിക്സും ആനിമേഷനും ഉപയോഗിച്ച് യഥാർത്ഥ്യത്തെ വെല്ലുന്ന കൃത്രിമപ്രകൃതി നിർമ്മിക്കാൻ കഴിവുള്ള കാലത്തും ഇത്തരം ദുരുപയോഗങ്ങളും ചൂഷണങ്ങളും തുടർച്ചയായി നടക്കുന്നു എന്നുള്ളതാണ് പരിസ്ഥിതിവാദികൾ ആശങ്കാകുലരായി ചൂണ്ടിക്കാട്ടുന്ന വാസ്തവം. ഭൂമിശാസ്ത്രപരവും ജീവശാസ്ത്രപരവുമായ വാസ്തവങ്ങളെ മറ്റൊന്നായി കാണിച്ച് സാമാന്യബോധത്തിലുറപ്പിക്കുക എന്ന വഞ്ചന ചലച്ചിത്രകലപോലെ വ്യാപകമായി നിറവേറ്റുന്ന കലാരൂപങ്ങൾ കുറവാണ്. ദൃശ്യങ്ങളെ സൗന്ദര്യാത്മകമാക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തിനിടയിൽ ചലച്ചിത്രം കലാസൃഷ്ടിയെന്ന നിലയിൽ മുന്നോട്ടു വയ്ക്കുന്ന ആശയത്തിനു നേരെ ഘടകവിരുദ്ധമായ പ്രവൃത്തികൾ അനുഷ്ഠിക്കുന്നുണ്ടെന്നതിന് സിനിമയുടെ പ്രാരംഭകാലംമുതൽക്കുള്ള തെളിവുകൾ ധാരാളമായുണ്ട്.  റോബർട്ട് ജെ ഫ്ലാഹർട്ടിയുടെ ലോകപ്രശസ്ത ഡോക്യുമെന്ററിയായ ‘ദ നാനൂക്ക് ഓഫ് നോർത്തി’ൽ (1922), അതൊരു ആധാരചിത്രമായിട്ടുപോലും തദ്ദേശീയരുടെ സ്വാഭാവിക ജീവിതമല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തിനും ദൃശ്യങ്ങൾക്കും മിഴിവുകൂട്ടാൻ സംവിധായകൻ ചില കൃത്രിമവിദ്യകൾ, ബന്ധങ്ങളുടെ ചിത്രീകരണങ്ങളിൽപോലും, അനുഷ്ഠിച്ചെന്നും വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. യാഥാർഥ്യത്തെ യാന്ത്രികമായി പുനരുത്പാദിക്കുമ്പോൾ അതിനു യാഥാർത്ഥ്യവുമായുള്ള ബന്ധം സംശയാസ്പദമാണെന്ന് വാദിച്ചവരെ ജർമ്മൻ ചലചിത്രപ്രവർത്തകൻ റുഡോൾഫ് ആൻഹീം, ദൃശ്യങ്ങളുടെ തെരെഞ്ഞെടുപ്പിലും നിരീക്ഷണത്തിലും പ്രവർത്തിക്കുന്ന വിശേഷബോധത്തെ വച്ചുകൊണ്ടാണ് നിഷേധിച്ചത്. ആ വാദം പ്രസിദ്ധവുമാണ്. പക്ഷേ ചലച്ചിത്രകലയ്ക്ക് വസ്തുനിഷ്ഠയാഥാർത്ഥ്യവുമായുള്ള അകലം, ദൃശ്യങ്ങളുടെ തെരെഞ്ഞെടുപ്പുകളിലെ സ്വാച്ഛന്ദ്യമോ വിഭാവന ചെയ്യുന്ന ഫ്രെയിമുകൾക്കകത്തെ കാഴ്ചയുടെ മൂല്യവിചാരമോ പകരംവച്ച്  തീർക്കാവുന്ന തരത്തിൽ കേവലം സൗന്ദര്യാത്മകം മാത്രമല്ല.

1926 -ൽ കവിയും ചിന്തകയുമായ വെർജീനിയ വൂൾഫ്  ഇതേ വിഷയത്തെ ആധാരമാക്കി ഒരു ലേഖനമെഴുതിയിട്ടുണ്ട്. റുഡോൾഫ് ചലച്ചിത്രപ്രവർത്തകരുടെ നിരയിൽനിന്നുകൊണ്ടാണ് ‘യാന്ത്രിക യാഥാർത്ഥ്യ’ത്തെ നോക്കിക്കാണുന്നതെങ്കിൽ വെർജീനിയ മറിച്ച് കാണിയുടെ വീക്ഷണക്കോണിലൂടെയാണ് ചലച്ചിത്രകലയെ നോക്കുന്നതെന്ന് ഒരു വ്യത്യാസമുണ്ട്. ചലച്ചിത്രങ്ങളിലെ കലയും അതിന്റെ പ്രാകൃത സ്വഭാവവും വേണ്ടവിധം ചിന്തകന്മാരുടെ പരിഗണനയിൽ എത്തിയിട്ടില്ലെന്നാണ് വെർജിനിയയുടെ വിമർശനം.  കലാഗോത്രത്തിലെ ഏറ്റവും ഇളയ ഈ സന്തതി മറ്റു കലകളെപ്പോലെ നഗ്നനായല്ല, മുഴുവസ്ത്രങ്ങളോടെയാണ് വന്നു പിറന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. എന്തെങ്കിലും പറയാൻ ഉണ്ടാവുന്നതിനു മുൻപ് എല്ലാം പറഞ്ഞു കഴിയുന്ന സ്വഭാവവും അതിനുണ്ട്. സംഗീതത്തിന്റെ ഒരു പാഠവും അറിയാതെ, ആധുനികമായ എല്ലാ ഉപകരണങ്ങളെയും ഒരു കടൽത്തീരത്ത് പെറുക്കിവച്ചിട്ട്  പ്രാകൃതമായ എല്ലാ ശക്തിയോടെയും അതെല്ലാം കൊട്ടി ഒച്ച മുഴക്കുന്ന അപരിഷ്കൃതമായ ഒരു കൂട്ടത്തിന്റെ ബിംബവുമായി സിനിമയെ സമീകരിച്ചുകൊണ്ടാണ്  വെർജീനിയ ആ ലേഖനം അവസാനിപ്പിക്കുന്നത്. ചലച്ചിത്രം എന്ന പക്വതയില്ലാത്ത സന്തതിയുടെ പുറംമോടിയും കൃത്രിമത്വവും അതിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന പാകതയില്ലായ്മയും കാവ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ വിമർശനത്തിൽ വെർജിനിയ വൂൾഫ് ചെയ്തത്.  അതായത് ദൃശ്യങ്ങളുടെ തെരെഞ്ഞെടുപ്പിനു പിന്നിലെ ബോധത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുതന്നെ അവയെ കെട്ടിയൊരുക്കുന്നതിനു പിന്നിലെ ബോധരാഹിത്യത്തെപ്പറ്റിയും ഒരേസമയം വാചാലമാവാൻ ചലച്ചിത്രം അവസരം ഒരുക്കിത്തരുന്നു എന്നർത്ഥം.

ചലച്ചിത്രം എന്ന കെട്ടുകാഴ്ച

ബിംബങ്ങൾ മാധ്യസ്ഥം വഹിക്കുന്ന സാമൂഹികബന്ധങ്ങളെ ‘കെട്ടുകാഴ്ചകൾ’ (സ്പെക്ടാക്കിൾ)  എന്നാണ്  ഫ്രെഞ്ചു ചിന്തകനായ ഗെയ് ദെബോർ വിളിക്കുന്നത്. 1967 - ൽ ദെബോറെഴുതിയ ‘കെട്ടുകാഴ്ചകളുടെ സമൂഹം’ (Society of Spectacles) ആധുനികാനന്തര സമൂഹത്തിന്റെ സ്വഭാവത്തെപ്പറ്റി ഉജ്ജ്വലമായ ഉൾക്കാഴ്ചകൾ സമ്മാനിച്ച ചെറിയൊരു പുസ്തകമാണ്.  ഉപഭോഗത്തെ ഏറ്റവും വലിയ മൂല്യമാക്കി നിലനിർത്തിക്കൊണ്ട് ദൃശ്യവിസ്മയങ്ങളുടെ ലോകം സമൂഹത്തിനു ചുറ്റും രക്ഷപ്പെടാനാവാത്തവിധം പടുത്തുയർത്തുകയാണ് മാധ്യമങ്ങൾ സന്തോഷപൂർവം ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ചരക്കുകളോടുള്ള അന്ധമായ ഭ്രമമാണ് നമ്മുടെ കാലത്ത് കാഴ്ചാരതിയായി പരിണമിച്ചിരിക്കുന്നത്. ഏറ്റവും എളുപ്പം വഞ്ചനയ്ക്ക് വിധേയമാക്കാവുന്ന ഇന്ദ്രിയമാണ് കണ്ണ് എന്നൊരു കുഴപ്പം ഇവിടെയുണ്ട്. മറ്റ് ഇന്ദ്രിയാനുഭവങ്ങളുടെ പ്രസക്തി കുറയുകയും കാഴ്ചയ്ക്ക് മുൻപില്ലാത്തവിധം പ്രാധാന്യം വർദ്ധിക്കുകയും ചെയ്തപ്പോൾ അയഥാർത്ഥമായവയുടെ പെരുപ്പം നമ്മെ ഒരു ഭ്രമലോകത്തിൽ എത്തിക്കുന്നു. ചരക്കുകളുടെ എണ്ണപ്പെരുപ്പം‌പോലെത്തന്നെയാണിതും. ഇതെല്ലാം ചേർന്നാണ് നിരുപാധികമായ ഉപഭോഗത്തെ ഏറ്റവും വലിയ മൂല്യമായി ഉയർത്തിക്കാണിച്ചുകൊണ്ടിരിക്കുന്നത്.  ‘കുറച്ചുപേർ നിർമ്മിക്കുകയും ബാക്കിയുള്ളവർ  അനുഭവിക്കുകയും (മാത്രം) ചെയ്യുന്ന ഒരുതരം ഇല്ലാക്കാഴ്ചയാണ് കെട്ടുകാഴ്ച’ എന്ന നിർവചനം (ജി മധുസൂദനൻ) ഈ വസ്തുതയെ കൂടുതൽ മനസിലാക്കാൻ സഹായിക്കും. മാർക്സ് അടിസ്ഥാനപരമായി ആസ്വാദനത്തെയാണ് ലക്ഷ്യം വച്ചതെന്നു വിശദീകരിച്ചുകൊണ്ട് ടെറി ഈഗിൾട്ടൺ എഴുതുന്നത് നല്ല ജീവിതം അദ്ധ്വാനത്തിന്റെയല്ല, വിശ്രമത്തിന്റേതാണെന്നും വിശ്രമം പണിയെടുത്തു നേടേണ്ടതാണെന്നുമാണ്. ദെബോർ കുറച്ചു കൂടി മുന്നോട്ടു പോയി എല്ലാവരേയും ഉപഭോക്താവ് മാത്രമായി തരം താഴ്ത്തുന്ന സമൂഹത്തിന്റെ മിഥ്യാസൃഷ്ടിയാണ് തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമെന്നും അതുകൊണ്ട് തൊഴിൽ ഒരു നാണക്കേടാണെന്നും വിശ്രമം എന്ന സങ്കല്പം അവമാനമാണെന്നും വാദിച്ചു.

ഇന്ദ്രിയപരമായ നിർവൃതികളെ കാഴ്ചാരതിയിലേക്ക് ചുരുക്കിക്കെട്ടാൻ ചലച്ചിത്രമുൾപ്പടെയുള്ള ദൃശ്യമാധ്യമങ്ങൾ വഹിക്കുന്ന ആക്രാത്മകമായ പങ്ക് വ്യക്തമാണ്. ലാഭം കിട്ടിയാൽ നിഴലിനെപ്പോലും വെട്ടി വിൽക്കാൻ സന്നദ്ധമായി നിൽക്കുന്ന മുതലാളിത്തത്തിന് സമൂഹത്തിന്റെ വിശ്രമവേളകളെയും വിലയ്ക്കെടുക്കാനുള്ള ത്വര കലശലാണ്. പല നിലയ്ക്കും വെളിപ്പെടുകയും വിശകലനവിധേയമാവുകയും ചെയ്തിട്ടുള്ള വസ്തുതയാണത്. ആധുനികാനന്തരകാലത്തെ വിനോദവേളകളുടെ പ്രത്യേകതകളെ അപഗ്രഥിച്ച്,   വിശ്രമം ചേർന്നുനിൽക്കുന്നത് ഔചിത്യത്തോടല്ല, സമ്പന്നതയോടാണ് എന്ന് ‘ഡീസെൻട്രിങ് ലെഷറി’ൽ ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞനായ ക്രിസ് റോജക് വ്യക്തമാക്കുന്നു.  ചലച്ചിത്രങ്ങൾ മാത്രമല്ല, പലതരത്തിലുള്ള തീം പാർക്കുകൾ, കാടിന്റെയും കടലിന്റെയും അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ള ഭക്ഷണശാലകൾ, സാഹസിക ഉദ്യാനങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രകൃതിമാതൃകകൾ കച്ചവടചരക്കുകളാണ്. അദ്ഭുതഭാവനിർമ്മാണമാണ് അവയുടെ  അടിസ്ഥാനസ്വഭാവം. മറ്റു വികാരങ്ങളെ അപേക്ഷിച്ച് അദ്ഭുതത്തിനുള്ള പ്രത്യേകത അത് മനുഷ്യനെ നിഷ്ക്രിയനാക്കുന്നു എന്നതാണ്. ഭ്രമാത്മകത കാഴ്ചക്കാരിൽനിന്ന് ക്രിയാത്മകമായി ഒന്നും ആവശ്യപ്പെടുന്നില്ല. അടുത്തതായി എന്തു സംഭവിക്കുമെന്ന അറിയാതിരിക്കുക എന്ന സുഖാനുഭവത്തിന് ഒന്നും അർഹിക്കാതിരിക്കുക എന്നുംകൂടി അർത്ഥമുണ്ട്.

പ്രകൃതിയുമായുള്ള കൊടുക്കൽ വാങ്ങലുകളിലുള്ള യുക്തിപരമായ ക്രമീകരണം നഷ്ടപ്പെട്ട അവസ്ഥയിലാണ് കെട്ടുകാഴ്ചകൾ ചുറ്റും നിറയുന്നത്. അവിടെ പ്രതിനിധാനങ്ങൾ മാത്രമേയുള്ളൂ. യാഥാർത്ഥ്യത്തെ അപേക്ഷിച്ച് പ്രതീതികൾക്ക് മുൻതൂക്കം കിട്ടുന്നതിൽ വിപണിപരമായ നയതന്ത്രങ്ങൾ കൂടുതലായി ആധിപത്യം നേടുന്നു. അവയുടെ മൂർത്തപ്രതീകങ്ങളാണ് ചലച്ചിത്രങ്ങൾ. പ്രകൃതിയെ ഉപയോഗ്യതയുള്ള വസ്തുമാത്രമായി പരിണമിപ്പിക്കാൻ ചലച്ചിത്രങ്ങൾക്ക് പിന്നിലെ ലാഭാധിഷ്ഠിതമായ താത്പര്യങ്ങൾ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതിന്റെ ഫലമാണ് അതിനുള്ളിലെ വൈരുദ്ധ്യങ്ങൾ. പ്രകൃതിയുടെ മഹത്വാഘോഷണം നടത്തുന്നതുതന്നെ വമ്പിച്ച പ്രകൃതിനശീകരണത്തിനു  കളം ഒരുക്കിക്കൊണ്ടാണെന്നതാണ് വൈചിത്ര്യം അങ്ങനെ വന്നു ഭവിക്കുന്നതാണ്. പുറംകാഴ്ചകൾക്ക് നേരെ വിരുദ്ധമായ തരത്തിൽ ചലച്ചിത്രത്തിന്റെ ആന്തരികതലം വെളിപ്പെട്ടുപോകുന്ന രീതിക്ക് വേറിട്ടൊരു മാതൃകയാണ്  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർളി’ (2015) എന്ന മലയാള ജനപ്രിയചലച്ചിത്രം.
ചാർളിയും പ്രകൃതിയും.
ചാർളിയുടെ ടൈറ്റിൽ തന്നെ, വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി മൈക്ക് നെവൽ സംവിധാനം ചെയ്ത  ‘ലൗവ്  ഇൻ ടൈംസ് ഓഫ് കോളറ’യുടെ (2007) പ്രസിദ്ധമായ ടൈറ്റിൽ ദൃശ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പൂക്കളും ചെടികളും കിളികളും ചേർന്ന രൂപത്തിലാണ്. സിനിമയുടെ പ്രകൃത്യനുകൂലമായ പ്രത്യക്ഷ നിലപാടിന്റെ സാക്ഷ്യമാണ് ആ ടൈറ്റിൽ.  അദ്ധ്വാനത്തിൽ ലീനമായിരിക്കുന്ന മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘർഷത്തെപ്പറ്റിയുള്ള മാർക്സിയൻ കാഴ്ചപ്പാടിന്റെ സ്വാധീനം  ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ചാർളി എന്ന കഥാപാത്രത്തിന്റെ വ്യവഹാരങ്ങളിൽ ദൃശ്യമാണ്.  അയാൾ പ്രത്യേക ജോലിയൊന്നും ചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ‘പ്രതിഭാശാലി’യാണ്. അസംതൃപ്തിയുടെ അടിവേര് സമ്പത്തിലാണെന്ന റൂസ്സോ വാക്യത്തിന്റെ ജീവിക്കുന്ന മാതൃകയായും അയാളെ കാണാം. ജീവിക്കുന്നിടത്ത് തന്റെ അടയാളങ്ങൾക്കൊപ്പം സർവതും ഉപേക്ഷിച്ചുപോകുന്ന തരം നിർമമത്വം അയാളിലുണ്ട്.  തൊഴിലിനെ അവമാനമായി കാണുന്ന ദെബോർ, ‘യഥാർത്ഥജീവിതത്തെ കാണാൻ സഹായിക്കുന്ന മട്ടിൽ കാവ്യസാന്ദ്രമായ നിമിഷങ്ങളുടെ മുഹൂർത്തങ്ങൾ പരിതസ്ഥിതികൾ സൃഷ്ടിക്കുന്ന അവസ്ഥ’യെ വിഭാവന ചെയ്യുന്നുണ്ട്. ‘സിറ്റുവേഷണലിസം’ എന്നു പേരിട്ട ഈ അവസ്ഥയുടെ പ്രഭാവിതമായ ഒരു വശം പാട്ടും ചിത്രങ്ങളും യാത്രകളുമായി ജീവിതം ആസ്വദിക്കുന്ന ചാർളിയിൽ നിഹിതമാണ്.  മറ്റു കഥാപാത്രങ്ങളിൽനിന്ന് അയാളിലേക്ക് നീളുന്ന ആശ്രിതത്വങ്ങൾക്ക് പ്രകൃതിയുമായി ബന്ധപ്പെടുത്തി ഒരു വ്യാഖ്യാനം സാധ്യമാണ്. താരകേന്ദ്രിതമായ ചലച്ചിത്രങ്ങളുടെ പതിവുരീതിയനുസരിച്ച് അയാൾക്കു ചുറ്റും തിരിയാൻ വിധിക്കപ്പെട്ട കഥാപാത്രങ്ങളെക്കൊണ്ട് നിറച്ചു വച്ചിരിക്കുന്നതുകൊണ്ടല്ല അത്.  ദൈനംദിന വ്യവഹാരങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന സാധാരണമനുഷ്യരെ മുഴുവൻ ഉൾക്കൊള്ളുന്ന വിധത്തിൽ വിസ്തൃതമായ ‘ഭാരവാഹിത്വം’ ‘അഭയത്വ’ത്തോടൊപ്പം അയാൾ വഹിക്കുന്നു.  മനുഷ്യനിലേക്ക് സംഗ്രഹിക്കപ്പെട്ട പ്രകൃതിശരീരമായാണ് ചാർളിയെ രൂപപ്പെടുത്തിയിരിക്കുന്നത്. 
ചാർളി എന്ന പേരിൽ കാമുകത്വം സ്വഭാവസിദ്ധമാണ്.  അമേരിക്കൻ ഇംഗ്ലീഷിൽ തന്റെ ഇണയെ ആ പേരിൽ സ്ത്രീകൾ വിശേഷിപ്പിക്കുന്ന പതിവുണ്ട്. സ്ത്രീകൾക്ക് വേണ്ടപ്പെട്ടവനും നിഷ്കളങ്കനുമായ (സില്ലി മാൻ) വ്യക്തിയാണ് ചാർളി.    ‘സ്വതന്ത്രമനുഷ്യൻ’ എന്ന അർത്ഥമാണ് നിരുക്തിപരമായി അതിനുള്ളതെന്ന് ‘നെയിംബെറി’ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഇംഗ്ലീഷിൽ സ്ത്രീകളുടെ ‘മുല’യ്ക്ക് ചാർളി എന്ന് പറയാറുണ്ട്.  60 കളിൽ വിയറ്റ്നാം ആഭ്യന്തര യുദ്ധസമയത്ത് വിയറ്റ്നാം കമ്മ്യൂണിസ്റ്റ് ഗൊറില്ലക (Việt Nam Cộng-sản) ളുടെ വിളിപ്പേരായി ‘ചാർളി’ എന്ന പേർ` സാമാന്യനാമമായി ഉപയോഗിച്ചിരുന്നു. ഈ രണ്ടു ഘടകങ്ങളും  - സ്ത്രീവശീകരണപരമായ വ്യക്തിത്വവും പോരാട്ടവീര്യവും - അയാളിൽ ഉണ്ട്. ടെസ്സയ്ക്ക് അയാളിൽ ഉള്ളത് സാധാരണ നിലയ്ക്കുള്ള ആകർഷണമല്ല. മനുഷ്യപ്രകൃതത്തെ കവിഞ്ഞ് മഹിമാതിരേകത്തോടെ നിൽക്കുന്ന മഹാവ്യക്തിത്വമായിട്ടാണ് അയാളുടെ ആവിഷ്കാരം.  പ്രകൃതിയുടെ നിഗൂഢതയുമായുള്ള ചാർച്ച ചാർളിയുടെ നിഗൂഢതയ്ക്ക് ശോഭ നൽകുന്നുണ്ട്. ഹോട്ടലിൽ കടന്നു ചെന്ന് പീഡകരിൽനിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിൽ അയാൾ കാണിക്കുന്ന ക്രൗര്യം  ചാർളിയെന്ന പേരിന്റെ നിരുക്തിയിലെ രണ്ടാം ഭാവത്തിനു ഉദാഹരണവുമാണ്.
ചാർളിയെ ടെസ്സ (പാർവതി തെരുവത്ത്) ആദ്യമായി സന്ധിക്കുന്ന സമയത്ത് സ്കൂട്ടറിൽ ചെടികളുമായി അയാൾ എങ്ങോട്ടോ പോകുന്ന മട്ടിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ചാർളിയെന്ന കഥാപാത്രത്തിന്റെ സ്വച്ഛതയും സൗന്ദര്യവും സ്വാതന്ത്ര്യവും ‘നല്ല പ്രകൃതി’യുടെ ആകർഷണീയതകളാണ്. ചലച്ചിത്രത്തിലെ പല ദൃശ്യങ്ങളിലൂടെയും നഗരജീവിയായ ആധുനിക മനുഷ്യൻ അനുഭവിക്കുന്ന സാമൂഹിക സമ്മർദ്ദങ്ങൾക്കും തത്ഫലമായ സന്ത്രാസങ്ങൾക്കുമുള്ള മരുന്ന് പ്രകൃതിയാണെന്ന ആശയം ചലച്ചിത്രത്തിന്റെ ഉൾപ്പൊരുളായി ചേർത്തു വച്ചിട്ടുണ്ട്. രണ്ടു സവിശേഷ സന്ദർഭങ്ങളിൽ അയാൾ പ്രകൃതിയെ നേരിട്ട് ഔഷധമാക്കുന്നു. അതിലൊന്ന് ഡോ. കനിയുടെ (അപർണ്ണ) ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടാണ്. അവരുടെ സമ്മതമില്ലാതെതന്നെ മീശപ്പുലി മലയിലേക്ക് അവരെ കൊണ്ടുപോയി കുടിയിരുത്തുകയാണ് ചാർളി ചെയ്യുന്നത്. രണ്ടാമത്തെ സന്ദർഭം, ലൈംഗിക തൊഴിലാളിയും എയിഡ്സ് രോഗിയുമായ ഏഞ്ചൽ മേരിയെ (കല്പന) കടലുകാണിക്കാൻ കൊണ്ടുപോകുന്നതാണ്. അവിടെ വച്ച് അനിവാര്യമായ മരണത്തെ മേരി സ്വയം തിരഞ്ഞെടുക്കുന്നത് സംതൃപ്തിയോടെയാണ്. പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം സമനിരപ്പിലുള്ളതല്ലെന്നും എല്ലായ്പ്പോഴും മേൽക്കോയ്മ പ്രകൃതിയ്ക്കാണെന്നതിന്റെ തെളിവാണ് മരണമെന്നും വിശാലമായ അർത്ഥത്തിൽ കാൾ മാർക്സ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പ്രകൃതിനിയമങ്ങളെ മറ്റേതു ജീവിയേക്കാൾ കൂടുതൽ ശരിയായി അറിയാനും പ്രയോഗിക്കാനും കഴിയും എന്ന അർത്ഥത്തിൽ മനുഷ്യനൊരു മേന്മയും ഉണ്ട്. ഒരു അതിജീവനത്തിന്റെയും ഒരു മരണത്തിന്റെയും വാസ്തവങ്ങളെ ചാർളി മല, സമുദ്രം എന്നീ രണ്ടു പ്രകൃതി വാസ്തവങ്ങൾക്ക് മുന്നിലാണ് കൊണ്ടുചെന്നുനിർത്തുന്നത്. അവ, അവയുടെ പരഭാഗശോഭകൊണ്ട് പ്രകൃതി മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാനമാണെന്നും എന്നാൽ മനുഷ്യന്റെ ബോധപ്രകൃതിയുമായി അത് നിരന്തരം സംഘർഷത്തിലാണെന്നും വ്യക്തമാക്കി തരുന്നു.
കെട്ടുകാഴ്ചയിലേക്കുള്ള പരിണാമം
അപ്പോഴും ചാർളിയിലെ പ്രധാന ക്രിയാംശം, പ്രണയസാക്ഷാത്കാരമാണ്. ചാർളിയും ടെസ്സയുമായി കാണാൻ നിയോഗിക്കപ്പെട്ട സ്ഥലം, തേക്കിൻ കാട് മൈതാനമാണ്. മരങ്ങളെല്ലാം വെട്ടി മാറ്റുകയും ചുറ്റുമായി നഗരം രൂപം പ്രാപിക്കുകയും ചെയ്ത ഐതിഹ്യം, വടക്കുംനാഥക്ഷേത്രത്തെ ചുറ്റി നിലനിൽക്കുന്നുണ്ട്. മാത്രമല്ല നാഗരികാഘോഷത്തിന്റെ പരമസീമയായ തൃശ്ശൂർപൂരത്തിന്റെ ഒച്ചയിലും നിറപ്പകിട്ടിലുമാണ് ചാർളി - ടെസ്സാ സമാഗമം സിനിമയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. വികാരപരതയ്ക്ക് പിരിമുറുക്കം വർദ്ധിപ്പിക്കാനായി ആ സ്ഥലത്ത് കൺകെട്ട്/ മായാജാലം നടക്കുന്നതിനിടയിലാണ് ആ കണ്ടുമുട്ടൽ സംഭവിക്കുന്നത് എന്നതും പ്രധാനമാണ്. പ്രകൃതിപരമായി വ്യാഖ്യാനിക്കാവുന്ന ഘടകങ്ങളൊക്കെ ഒത്തിണക്കിയിട്ടും  സിനിമ അതിന്റെ നിർണ്ണായകമായ വെളിപാടു മുഹൂർത്തതിൽ തീർത്തും പ്രകൃതിവിരുദ്ധവും കൃത്രിമവുമായ കെട്ടുകാഴ്ചയുടെ അന്തരീക്ഷത്തിലാണ് അവസാനിക്കുന്നത്. വ്യവസായം എന്ന നിലയ്ക്ക് ചലച്ചിത്രകല കൈയാളുന്ന ആന്തരിക വൈരുദ്ധ്യങ്ങളുടെ അബോധാത്മകമായ വെളിപ്പെടൽ എന്ന നിലയ്ക്ക് സിനിമയിലെ ഈ ഭാഗത്തിന് പ്രതീകാത്മകമൂല്യമുണ്ട്.  വ്യവസായത്തിനും കലാത്മകതയ്ക്കും ഇടയിൽവച്ച് സ്ഥലപരവും ധാർമ്മികവുമായ പ്രമേയപരിചരണങ്ങളിൽ സിനിമയെന്ന യാന്ത്രികനിർമ്മിതി പൊതുവേ അനുഭവിക്കുന്ന ആന്തരിക വൈരുദ്ധ്യത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രവാചകത്വംകൂടിയാകുന്നുണ്ട് ഈ ദൃശ്യം. കള്ളത്തരത്തിന്റെ ഒരു നിമിഷമാണ് സത്യം (Truth is a moment of falsehood)  എന്ന ദെബോറിന്റെ വാക്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒന്നാണിത്.
 (വിജ്ഞാനകൈരളി)
വായനാസൂചി : 
1.         ടെറി ഈഗിൾട്ടൺ, എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു? വിവ. പി ജെ ബേബി, പ്രോഗ്രസ് ബുക്സ്, കോഴിക്കോട് 2017
2.       എഡി. വിജയകൃഷ്ണൻ, സിനിമയും യാഥാർത്ഥ്യവും, ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം 2012
3.       ജി മധുസൂദനൻ, ഭാവനയുടെ ജലസ്ഥലികൾ, കറന്റ് ബുക്സ്, കോട്ടയം 2015
4.       എഡി. ജി മധുസൂദനൻ, ഹരിതനിരൂപണം മലയാളത്തിൽ, കറന്റ് ബുക്സ്, കോട്ടയം 2015
5.       എ ചന്ദ്രശേഖർ, ഹരിതസിനിമ, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട് 2016
6.       ഡോ. ജോസ് കെ മാനുവൽ, എഡി. മാറുന്ന മലയാള സിനിമ, സാ.പ്ര.സ.സംഘം, കോട്ടയം 2015
7.       വിജയകൃഷ്ണൻ, മലയാള സിനിമയുടെ കഥ, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2007
8.       ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, മലയാള സിനിമ ചരിത്രം വിചിത്രം, ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം 2013  
9.       ഡോ. എം പി പരമേശ്വരൻ, പരിസ്ഥിതി എന്നാൽ, കേരളശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂർ 2017
10.     ടി കെ രാമചന്ദ്രൻ, ഒരു മിഥ്യയുടെ ഭാവി, റാസ്‌ബെറി ബുക്സ്, കോഴിക്കോട് 2013
11.                        Guy Debord, The Society Of the Spectacle, Zone Books, Newyork 1995
12.                        Chris Rojek, Decentring Leisure, SAGE, London 1995
                  13.   The Movies and Reality, Virginia Woolf, 1926, https://newrepublic.com/article/120389/movies-reality