April 28, 2008

കണ്ണാടികള്‍ ചുറ്റിലും





ഏപ്രില്‍ 24,2008, വ്യാഴാഴ്ച.

“പ്രതിരോധകുത്തിവെപ്പെടുത്ത നാലുകുട്ടികള്‍ മരിച്ചു.”
ചെന്നൈ : അഞ്ചാം പനിയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പിനെതുടര്‍ന്ന് തിരുവള്ളൂര്‍ ജില്ലയില്‍
നാലു പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു.
(മാതൃഭൂമി)


“ ചെന്നൈയില്‍ പോളിയോ മരുന്നു നല്‍കിയ നാലു കുട്ടികള്‍ മരിച്ചു.”
ചെന്നൈ : തിരുവള്ളൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോളിയോ മരുന്നു നല്‍കിയതിനെ തുടര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു.
(മലയാള മനോരമ)



ഏപ്രില്‍ 25, 2008, വെള്ളിയാഴ്ച.

“ബസ് മാറി; പാലായില്‍ നിന്നു ഗോപിക തലസ്ഥാനത്തെത്തി.“
തിരു: കോട്ടയം പാലാ കാവുങ്കണ്ടം കടനാട്ട് മേടയില്‍ വീട്ടില്‍ സജി മകളെ നെഞ്ചോടു ചേര്‍ത്തു. പാലായില്‍ ചക്കാമ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് കടനാട്ടുള്ള വീട്ടിലേയ്ക്ക് പോകാനിറങ്ങിയ പത്തു വയസ്സുകാരിയാണ് ബസു തെറ്റി നാലു ജില്ലകളും ഇരുന്നൂറോളം കിലോമീറ്ററുകളും താണ്ടി തലസ്ഥാനത്തെത്തിയത്.
(മലയാള മനോരമ)


“വീടുവിട്ടിറങ്ങിയ ബാലികയെ പിടികൂടി”
തിരു: അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ റെയില്‍‌വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി വിട്ടുകരെ വിവരമറിയിച്ചു. പാലാസ്വദേശിനിയായ പതിനൊന്നുകാരിയെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് സംശയം തോന്നിയ അധികൃതര്‍ പിടികൂടിയത്.
(മാതൃഭൂമി)


മലയാളത്തിലെ രണ്ടു പ്രമുഖപത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ വ്യത്യസ്തമായ മുഖങ്ങളാണിവ. മുഖം മാത്രമല്ല മൊത്തം വ്യത്യാസപ്പെട്ടാണിരിക്കുന്നതെന്ന് ശ്രദ്ധിച്ചാലറിയാം. വാര്‍ത്തകളിലേയ്ക്ക് ഒന്നുകൂടി കണ്ണോടിക്കുക. അഞ്ചാം പനിയ്ക്കെതിരെയുള്ള കുത്തിവെപ്പാണോ, പോളിയോ പ്രതിരോധമരുന്നാണോ കുഞ്ഞുങ്ങളെ കൊന്നത്? പതിനൊന്നു വയസ്സുകാരി ഗോപിക വീട്ടുകാരോടു പിണങ്ങിയാണോ, ബസുമാറി കയറി വഴിതെറ്റിയാണോ തിരുവനന്തപുരത്തെത്തിയത്?

പത്രങ്ങള്‍ക്ക് തീര്‍ച്ചയായും കച്ചവടതാത്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളുമുണ്ട്. അതനുസരിച്ച് വാര്‍ത്തകളുടെ കണ്ടെത്തലിലും അവതരണത്തിലും മാറ്റങ്ങളുണ്ടാവും. അത്തരം പക്ഷപാതങ്ങള്‍ക്ക് ഒരു സാദ്ധ്യതയുമില്ലാത്ത രണ്ടു സംഭവങ്ങളാണ്, ഇവിടെ പരാമര്‍ശ വിധേയമായത്. 1995 മുതല്‍ നമ്മുടെ നാട്ടില്‍, ഇന്ത്യയില്‍ ഊര്‍ജ്ജിതമായി നടക്കുന്ന പരിപാടിയാണ് പോളിയോ പ്രതിരോധം, നിര്‍മ്മിച്ച കമ്പനിയേതെന്നറിയാതെ, എക്സിപിയറി ഡേറ്ററിയാതെ, സൌജന്യമായി തുള്ളിമരുന്ന് ആശുപത്രികള്‍ക്കു പുറമേ ബസ് സ്റ്റാന്‍ഡുകളിലും സ്കൂളുകളിലും കെട്ടിയുണ്ടാക്കിയ താത്കാലിക ഷെഡ്ഡുകളില്‍ വച്ച് ആറുമാസം മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ വായിലിറ്റിച്ചുകൊടുക്കുകയാണ് നാം. അക്ഷരാഭ്യാസം പോലുമില്ലാത്ത മാതാപിതാക്കള്‍ക്ക് ബോധമുണ്ടാക്കാന്‍ മരുന്നിന്റെ പ്രാധാന്യവും തിയ്യതിയും ഓര്‍മ്മപ്പെടുത്താന്‍ സിനിമാതാരങ്ങള്‍. വര്‍ഷാവര്‍ഷം അരങ്ങേറുന്ന ഈ പരിപാടി സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജ്ജനം എന്നാണ് അറിയപ്പെടുന്നത്. വര്‍ഷം എത്രയായി? സമ്പൂര്‍ണ്ണമായി എന്തെങ്കിലും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടോ? പോളിയോ വിരുദ്ധസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാജന്‍ സിന്ധു പറയുന്നത് പോളിയോ രോഗികളുടെ എണ്ണം മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടിയിരിക്കുന്നു, ഇന്ത്യയില്‍ എന്നാണ്. (സാജനും ഡോ. ഹരിയും ചേര്‍ന്നാണ് കേരളത്തിലെ പോളിയോ വിരുദ്ധസമരങ്ങള്‍ നയിക്കുന്നത്, ഈ മരുന്നുകൊടുപ്പിന്റെ കച്ചവടവും അര്‍ത്ഥരാഹിത്യവും തെളിയിക്കുന്ന അതിവിപുലമായ ഒരു ഡേറ്റാബെയ്സ് സാജന്‍ സൂക്ഷിക്കുന്നുണ്ട്). അഞ്ചാം പനിയ്ക്കെതിരെയുള്ളത് തുള്ളിമരുന്നല്ല, കുത്തിവയ്പാണ്. (MMR Vaccine) മണ്ണനും മുണ്ടിനീരിനും പുറമേ ഇന്ത്യയിലിന്നുവരെ കണ്ടിട്ടില്ലാത്ത റുബെല്ലാ എന്ന ജര്‍മ്മന്‍ മണ്ണനും (Measles, Mumps, Rubella)കൂടി ചേര്‍ന്നാണ് ഈ കുത്തിവയ്പ്. എന്തായാലും പോളിയോയ്ക്കെതിരെയുള്ള തുള്ളിമരുന്നും അഞ്ചാംപനിക്കെതിരെയുള്ള വാക്സിനേഷനും എന്തായാലും ഒന്നാവില്ല.


വാര്‍ത്തകളുടെ പിന്നിലേയ്ക്കു പോയി, അതിനാസ്പദമായ സംഭവത്തിലൊന്നു മനസ്സൂന്നുക. തന്റെ കുഞ്ഞോമനകള്‍ക്ക് ഒരസുഖവുമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെയാണ്, പ്രതിരോധ കുത്തിവയ്പു നടത്തുന്ന സ്ഥലങ്ങളിലേയ്ക്ക് ഒന്നുമറിയാതെ അമ്മമാര്‍ കുഞ്ഞുങ്ങളെയും കൊണ്ടു വരുന്നത്. ഒരു ചോദ്യവുമില്ലാതെ. എന്നിട്ട് ആരുടെ തെറ്റായാലും അവര്‍ക്കു കിട്ടുന്നത് കുഞ്ഞുങ്ങളുടെ മരണമാണ്. സാമൂഹികമായ നീതിബോധം ഏറ്റവും ജാഗ്രത്താവേണ്ട നിര്‍ണ്ണായകമായ ഒരു നിമിഷം. കാരണം നമ്മളെല്ലാം കുഞ്ഞുങ്ങളെയും കൊണ്ട് രാജ്യം സൌജന്യമായി ചൊരിയുന്ന പ്രതിരോധമരുന്നുകളുടെ ബൂത്തില്‍ ചെന്നു വരി നിന്നവരാണെന്ന്, നില്‍ക്കേണ്ടവരാണെന്ന് ആലോചിക്കുക. അപ്പോള്‍ പോളിയോ തുള്ളി മരുന്നായിരുന്നോ അഞ്ചാം പനിയ്ക്കുള്ള വാക്സിനായിരുന്നോ കുഞ്ഞുങ്ങളെ കൊന്ന വില്ലന്‍ എന്നു നാം അറിയേണ്ടതില്ലേ? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നറിയേണ്ടേ? ആരുടെ ഉദാസീനതയും രാഷ്ട്രീയവുമാണിതിനു പിന്നില്‍ എന്ന് അപഗ്രഥിക്കേണ്ടതല്ലേ? വാര്‍ത്ത കൊടുത്ത രീതിയ്ക്കുമുണ്ട് പ്രത്യേകത. മാതൃഭൂമി ചരമങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്ന പേജില്‍ അതൊതുക്കി. പല മരണങ്ങള്‍ പോലെ ദാ നാലെണ്ണം കൂടി മരിച്ചു എന്ന മട്ടില്‍. മനോരമ മുന്‍‌പേജില്‍ തന്നെ കൊടുത്തു (വൈകി കിട്ടിയ വാര്‍ത്തയായതിനാലുമാവാം) പക്ഷേ മരുന്ന് പോളിയോയുടെയാക്കി. എന്തായാലെന്ത് എന്ന മട്ട്. (കൂട്ടത്തില്‍ പറയട്ടേ, പോളിയോയ്ക്ക് പ്രതിരോധമായി ഇന്ത്യയില്‍ കുത്തിവയ്പ് നാളിതുവരെ ഇല്ല)

പാലായില്‍ നിന്ന് വഴിതെറ്റി തിരുവനന്തപുരത്തെത്തിയ ബാലികയുടെ കഥ ‘മനോരമ‘ ഒരു ഫീച്ചറുപോലെ ആകര്‍ഷകമാക്കിയാണു പറയുന്നത്. “അച്ഛന്‍ മകളെ നെഞ്ചോടു ചേര്‍ത്തു, കൈവിട്ടു പോയ മുത്തിനെ തേടിയെത്തിയ ബന്ധുക്കള്‍ അതു കണ്ടു കണ്ണീര്‍ വാര്‍ത്തു“ എന്ന മട്ടില്‍ റിയാലിറ്റി ഷോയുടെ മസാലക്കൂട്ടുകലെല്ലാം സുസജ്ജം. അഞ്ചാം ക്ലാസിന്റെ മിടുക്കു ചോരാതെ ബന്ധുക്കളുടെ ഫോണ്‍ നമ്പരുകള്‍ പോലീസിനു നല്‍കാന്‍ കഴിഞ്ഞതാണ് കാര്യങ്ങളെ എളുപ്പമുള്ളതാക്കിയതത്രേ. പോലീസിന്റെ മിടുക്കിനുമുണ്ട് പത്രം വക അഭിനന്ദനം. വാര്‍ത്തയില്‍ പെണ്‍കുട്ടിയ്ക്ക് വഴിതെറ്റിയതു തന്നെയാണ്. നൂറുതരം. ബന്ധു വീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ പോകാന്‍, എട്ടും പൊട്ടും തിരിയാതെ, പെണ്‍കുട്ടി പ്രൈവറ്റ് ബസ് എന്നു വിചാരിച്ചു, ദീര്‍ഘദൂര കെ എസ് ആര്‍ ടി സിയില്‍ കയറിയതാണ് പ്രശ്നം ഗുരുതരമാക്കിയത്. കണ്ടക്ടര്‍ക്കുമുണ്ട് അതിലൊരു കുത്ത്. അയാള്‍ അരടിക്കറ്റു നല്‍കി പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ടു! ‘മാതൃഭൂമി‘യില്‍ പ്ലേറ്റു നേരെ തിരിയുന്നു. അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ തമ്പാനൂര്‍ സ്റ്റേഷന്റെ പരിസരത്തു വച്ച് അധികൃതര്‍ ‘പിടികൂടുക‘തന്നെയായിരുന്നു. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മാതാപിതാക്കളുടെ നമ്പര്‍ പോലീസ് കണ്ടെത്തിയത്. മാതൃഭൂമിയുടെ ഭാഷ തന്നെ നേരത്തേ കണ്ട മനോരമയിലേതില്‍ നിന്നു വളരെ വ്യത്യസ്തം. ‘പിടികൂടി’ എന്ന വാക്കിന്റെ ആവര്‍ത്തനത്തില്‍ തന്നെ ഒരു കര്‍ക്കശത്വമുണ്ട്. മയക്കുമരുന്നും കള്ളക്കടത്തും പിടികൂടുന്നു. പോക്കറ്റടിക്കാരനെയും കൊലപാതകിയെയും തീവ്രവാദിയെയും പിടികൂടുന്നു. പതിനൊന്നു വയസ്സുള്ള ബാലികയെയും പിടികൂടുന്നു.

ഒന്നാലോചിച്ചു നോക്കിയാല്‍ ഇവ ചെറിയ വ്യത്യാസങ്ങളൊന്നുമല്ല. ഈ ഭീമമായ വ്യത്യാസങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ സംഭവം എന്തായിരിക്കും? വാര്‍ത്തകള്‍ എന്തായാലും ശൂന്യകാശത്തു നിന്ന് കയറ്റി അയച്ചവയല്ല. നമ്മുടെ പരിസരങ്ങളില്‍ നിന്ന് കണ്ടെടുത്തവയാണ്. വാര്‍ത്താ ഉപഭോഗം ഏറ്റവും മുന്തി നില്‍ക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ടാവുമോ ഇങ്ങനെ? നമുക്കു ചുറ്റും ദൃശ്യങ്ങളായും കേള്‍വിയായും മഷിപുരണ്ട അക്ഷരങ്ങളായും നിറയുന്ന വാര്‍ത്തകളുടെ പ്രളയത്തില്‍ ‘ശരി‘ കണ്ടെടുക്കുന്നതെങ്ങനെ?
മൂന്നാമതൊരു പത്രം നോക്കിയാലും തീരില്ല പ്രശ്നം. അതില്‍ സംഗതി മറ്റൊന്നാവാനുള്ള സാദ്ധ്യത തീരെ ഇല്ലാതില്ല. ‘ചിക്കന്‍പോക്സിനുള്ള പ്രതിരോധമരുന്നു കുത്തിവച്ചു കുഞ്ഞുങ്ങള്‍ മരിച്ചു‘ എന്നായിരുന്നു, ഒരു വാര്‍ത്താചാനല്‍ ഈ ന്യൂസ് ആദ്യം അവതരിപ്പിച്ചത് എന്നു കേള്‍ക്കുന്നു. അപ്പോള്‍ നാലാമത്തേത്, അതു ശരിയാണോ എന്നു പരിശോധിക്കാന്‍ അഞ്ചാമത്തേത്........... പരസ്പരാഭിമുഖമായി പിടിക്കേണ്ടി വരുന്ന കണ്ണാടികളുടെ ലോകത്തെപ്പറ്റി എഴുതിയത് ആനന്ദാണ്. കണ്ണാടികളാണ് ചുറ്റുമെങ്കില്‍ വാസ്തവം, നീതിബോധത്തോടൊപ്പം മറ്റെവിടെയെങ്കിലുമായിരിക്കും. അയഥാര്‍ത്ഥ പ്രതിബിംബങ്ങളുടെ, പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ (വിര്‍ച്വല്‍ റിയാലിറ്റി) ഒരു ലോകത്താണ് കണ്ണാടികള്‍ നമ്മെ ജീവിക്കാന്‍ വിടുന്നത്. വിവരങ്ങള്‍ കൂടുന്നതിനനുസരിച്ച് അനിശ്ചിതത്വവും കൂടും. നിസ്സംഗത, ഉദാസീനത, അതാര്യത, ജഡത ഇവയെല്ലാം സാമൂഹികതയുടെ അന്ത്യത്തിന്റെ സൂചനകളാണെന്ന് മുന്നറിയിപ്പു തന്ന ഴാങ്ങ് ബോദ്രിയാറുടെ ഒരു ശീര്‍ഷകവും കൂടിയാണ് “The Mirror Of Production” പ്രാദേശികം, ദേശീയം, അന്തര്‍ദേശീയം എന്നിങ്ങനെ വാര്‍ത്തകളുടെ പ്രളയത്തെ രാവിലത്തെ ചായയ്ക്കൊപ്പം ഊതിക്കുടിച്ച് സായൂജ്യമടയുന്ന മലയാളിയുടെ പ്രബുദ്ധത ജീവിക്കുന്നത് സത്യത്തില്‍ യഥാര്‍ത്ഥലോകത്തു തന്നെയാണോ?
പകര്‍പ്പുകളാണ് നമ്മുടെ തത്ത്വവിചാരങ്ങളുടെ വിവരമൂലധനം എന്നതിനാല്‍ നമ്മുടെ ചെയ്‌വനകളില്‍ യുക്തി എന്തെങ്കിലുമുണ്ടോ?
നമ്മുടെ ബൌദ്ധിക ജീവിതം തനി കാപട്യമാണോ?
അതു നമ്മള്‍ അറിയാതിരിക്കുന്നതാണോ?

April 23, 2008

കവിത പറക്കുന്ന ദൂരങ്ങള്‍



പെരിങ്ങോടന്‍ said...
കവിതകൊണ്ട് നിഘണ്ടു പൂര്‍ത്തിയാക്കുന്നവന്‍.
(‘വഴുക്ക്’ എന്ന കവിതയുടെ കമന്റ്)


‘ലാപുട‘ എന്ന ‘പറക്കുന്ന ദ്വീപില്‍‘ ജോലിക്കാരല്ലാത്തവരെല്ലാം ചിന്തകരാണ്. ഇടത്തോട്ടോ വലത്തോട്ടോ ചരിച്ചു വച്ച നിലയിലാണ് സാധാരണക്കാരുടെ പോലും തലകള്‍. കമ്പില്‍ ബാലൂണുകള്‍ കെട്ടി വച്ചതുപോലൊരു ഉപകരണം കൊണ്ട് ജോലിക്കാര്‍ യജമാനന്മാരുടെ ഏതിന്ദ്രിയത്തിലുരസ്സുന്നോ ആ ഇന്ദ്രിയം മാത്രം പ്രവര്‍ത്തനക്ഷമമാവും. സദാ ചിന്തയിലാണ്ടിരിക്കുന്ന യജമാനമാരെക്കൊണ്ടു സംസാരിപ്പിക്കണമെങ്കില്‍ ചുണ്ടുകളിലുരസ്സണം. പറയുന്നത് കേള്‍ക്കണമെങ്കില്‍ അവരുടെ കാതുകളിലുരസ്സണം. അപ്പോള്‍ അവര്‍ കേള്‍ക്കുകമാത്രം ചെയ്യും. അങ്ങനെ. ആലോചനകളുടെ മഹാപ്രവാഹത്തില്‍പ്പെട്ട് ഉണ്ണാനും ഉറങ്ങാനുമവര്‍ മറന്നു പോകുന്നു. സംഗീതത്തിലും ശാസ്ത്രത്തിലും മാത്രം മുഴുകി ജീവിക്കുന്ന ഒരു ജനത. ചിന്തയുടെ ഒരു മഹാഭൂഖണ്ഡം. സൌരയൂഥത്തില്‍ വിതാനിച്ച ഗ്രഹങ്ങള്‍, ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതിനെപ്പറ്റി, സൂര്യന്‍ തന്റെ ആകര്‍ഷണശക്തികൂട്ടി, തന്നില്‍ നിന്നു പിരിഞ്ഞുപോയ ഭൂമിയെ തിരിച്ചെടുക്കന്നതിനെപ്പറ്റിയൊക്കെ അവര്‍ ആശങ്കാകുലരാണെങ്കിലും രാപകലില്ലാത്ത ചിന്തയുടെ സദ്ഫലങ്ങള്‍ ദ്വീപുവാസികള്‍ക്കുണ്ട്. അതുകൊണ്ടാണല്ലോ ദ്വീപ് കാന്തശക്തിയുള്ള കല്ലിനാല്‍ പറന്നു നടക്കുന്നത്. പക്ഷേ അതിഗംഭീരങ്ങളായ പരീക്ഷണങ്ങളുടെ ഈ ഈറ്റില്ലത്തില്‍ വികാരങ്ങള്‍ക്ക് തീരെ പ്രാധാന്യമില്ല. ഗള്ളിവര്‍ മടുത്തു പോയത് അക്കാരണത്തലാണ്.

പറക്കുന്ന ദ്വീപിനു താഴെ അതിന്റെ ഒരപരം കൂടി സൃഷ്ടിച്ചിട്ടുണ്ട്, ജൊനാതന്‍ സ്വിഫ്റ്റ്. ‘ലാപുട’യില്‍ നിന്ന് നേരെ വിരുദ്ധമായി, അനാഥവും ദരിദ്രവുമായ മറ്റൊരു ദ്വീപ്. അവിടെ നിന്ന് കുറേപേര്‍ മുന്‍പ് ‘പറക്കും ദ്വീപി’ലേയ്ക്ക് പോയിരുന്നു. അതിനു ശേഷമാണ് നല്ലവണ്ണം കൃഷിചെയ്ത് ജീവിച്ചിരുന്ന ആളുകളുടെ ഈ തുരുത്ത് അലസന്മാരുടെ വകയായി കുത്തഴിഞ്ഞു പോയത്. നാട് സ്വര്‍ഗമാക്കി മാറ്റാനുള്ള പരീക്ഷണങ്ങളാണ് ഊര്‍ജ്ജിതമായി നടക്കുന്നത്, പക്ഷേ നാടു കുട്ടിച്ചോറായിക്കഴിഞ്ഞിരിക്കുന്നു. പരീക്ഷണങ്ങളുടെ സാമ്പിളുകള്‍ ഇങ്ങനെ : സൂര്യരശ്മികള്‍ കൊണ്ടുണ്ടായ വെള്ളരിക്കയില്‍ നിന്ന് എന്തുകൊണ്ട് സൂര്യരശ്മികളെ വേര്‍തിരിച്ചു കൂടാ? വീടുപണി അടിത്തറതൊട്ടു തന്നെ തുടങ്ങേണ്ടതുണ്ടോ, മേല്‍ക്കൂരയില്‍ നിന്നും താഴേയ്ക്കും പണിഞ്ഞു കൂടേ? നിലമുഴുന്ന ജോലി പന്നികളെക്കൊണ്ടു ചെയ്യാന്‍ പറ്റില്ലേ? ചിലന്തികളെക്കൊണ്ട് നേര്‍മ്മയില്‍ നെയ്ത്തു പണി എങ്ങനെ ചെയ്യിക്കാം? പറയുകയോ എഴുതുകയോ വായിക്കയോ ചെയ്യാതെയുള്ള ഒരു ഭാഷ സാദ്ധ്യമല്ലേ? ആ മൂകഭാഷയല്ലേ ലോകഭാഷയാവേണ്ടത്? ഗണിതസമവാക്യങ്ങള്‍ കടലാസ്സിലെഴുതിക്കഴിച്ചാലും മനസ്സിലാക്കാന്‍ പറ്റില്ലേ? വ്യത്യസ്ത ഗുണങ്ങളുള്ള വ്യക്തികളുടെ മസ്തിഷ്കഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അസാധാരണ കഴിവുകളുള്ള ഒരാളിനെ സൃഷ്ടിച്ചുകൂടേ? ശത്രുക്കളെ മിത്രങ്ങളാക്കാന്‍ അവയവങ്ങള്‍ മാറ്റി വച്ചാല്‍ സാദ്ധ്യമല്ലേ?

തുരുത്തുകള്‍ രണ്ടും വിപരീത ദ്വന്ദങ്ങളാണ്. ലില്ലിപ്പുട്ടുകളെ പ്രൊജക്ട് ചെയ്ത് ബ്രോബ്‌ഡിങ്നാഗുകളെ സൃഷ്ടിച്ച സ്വിഫ്റ്റിന്റെ ഭാവന, സ്ഥലപരമായി തീര്‍ത്ത മറ്റൊരു പാരഡോക്സാണ് ‘ലാപുട‘കള്‍. ഒന്ന്, വിജയിച്ച പരീക്ഷണങ്ങളുടെ ആകാശത്തിലും മറ്റേത്, അപ്രായോഗിക ഗവേഷണങ്ങളുടെ ഭൂമിയിലും. ആദ്യത്തേത്, ചിന്തകള്‍ കൊണ്ട് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിയത്. രണ്ടാമത്തേത്, അനുകരണം കൊണ്ടു സ്വത്വം കളഞ്ഞു കുളിച്ചത്. വൈകാരികതയുടെ കാര്യത്തിലുമുണ്ട് ഇവയ്ക്ക് ഭിന്നത. പതിനേഴാം നൂറ്റാണ്ടിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്‍, വൈരുദ്ധ്യങ്ങളെ മുഖാമുഖം നിര്‍ത്തിക്കൊണ്ട് നിര്‍മ്മിച്ച ഭാവനാത്മകമായ ഒരു സ്ഥലഖണ്ഡത്തെ തന്റെ ‘സൈബര്‍സ്പെയിസി‘ലെ മേല്‍‌വിലാസമാക്കാന്‍, പുതിയ കാലത്ത്, പുതിയ (സാങ്കേതികതയുടെ) ലോകത്ത് ജീവിച്ചിരിക്കുന്ന മറ്റൊരെഴുത്തുകാരന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹം ഒപ്പം (തന്റെ രചനകളില്‍, ബോധപൂര്‍വമോ അബോധപൂര്‍വമോ ‍) സ്വാംശീകരിക്കുന്നത് ഏതെല്ലാം മൂലകങ്ങളെയാണെന്ന് ആലോചിച്ചു നോക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു. കവിതയുടെ വഴിത്താര അവയെ എങ്ങനെ പരിഷ്കരിച്ചു എന്നും.


ലാപുട
എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആദ്യ കവിത
‘സ്റ്റുഡിയോ’
യില്‍ തന്നെ ടി പി വിനോദ്, വൈരുദ്ധ്യങ്ങളെ അഭിമുഖം നിര്‍ത്തുക എന്ന പതിവു തുടങ്ങി വച്ചു എന്നു കാണുക. ഫോട്ടോയും നെഗറ്റീവും തമ്മിലുള്ള ഒരു ചെറിയ സംഭാഷണ ശകലമാണ് ‘സ്റ്റുഡിയോ.’ പരസ്പരം കുറ്റപ്പെടുത്തലാണ് അത്. നെഗറ്റീവിന്റെ അതിവിനയം തനിക്ക് അരോചകമാണെന്ന് ഫോട്ടോ പറയുന്നു. നിറ ധാരാളിത്തത്താല്‍ നീ കോമാളിയാവുന്നു എന്ന് ഫോട്ടോയോട് നെഗറ്റീവും. രണ്ടു വസ്തു നിഷ്ഠയാഥാര്‍ത്ഥ്യങ്ങളുടെ പരസ്പരാഭിമുഖത്തിനു പുറമേ ഈ ചെറിയ കവിത ഉള്ളടക്കുന്ന മറ്റു വൈരുദ്ധ്യങ്ങള്‍ കൂടിയുണ്ട്. വര്‍ണ്ണസംബന്ധിയാണതിലൊന്ന്. കറുപ്പും വെളുപ്പുമെന്ന വൈരുദ്ധ്യത്താല്‍ തന്നെ നിര്‍മ്മിതമാണ് നെഗറ്റീവിന്റെ സ്വത്വം. പ്രത്യേക പ്രകരണത്തില്‍ അവ രണ്ടും ഐക്യപ്പെടുകയും കളര്‍ ചിത്രത്തിന്റെ ധാരാളിത്തത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു. കളര്‍ ചിത്രത്തിലെ തന്നെ നിറങ്ങള്‍ ഇതുപോലെ പരസ്പരശത്രുക്കളാണ്, ഒറ്റയ്ക്കെടുത്താല്‍. പരസ്പരം കാരണങ്ങളാവുന്ന രണ്ട് വസ്തുക്കളാണ് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത് എന്നത് ശ്രദ്ധേയം. നെഗറ്റീവ് ഒരര്‍ത്ഥത്തില്‍ ഫോട്ടോയുടെ കാരണമാണ്. കാര്യം തന്നെ കാരണത്തെ നിഷേധിക്കുന്നു എന്നത് വൈരുദ്ധ്യമാണ്. കറുപ്പ്, വെളുപ്പ് എന്നുള്ളത് ‘അതിവിനയമാണെ‘ന്നതും നിറങ്ങള്‍ ‘ധാരാളിത്ത‘മാണെന്നതുമായ കാഴ്ചപ്പാടിന്റെ സ്രോതസ്സാണ് മറ്റൊരു ഘടകം. സാംസ്കാരിക പഠനത്തിലൂടെ അഴിച്ചെടുക്കേണ്ടതാണ് ഈ ‘അതിവിനയ/ ധാരാളിത്ത‘ ദ്വന്ദ്വം. സത്യത്തില്‍ ധാരാളിത്തത്തിനു പകരം വച്ചതു കൊണ്ട് കറുപ്പും വെളുപ്പും പിശുക്കാവേണ്ടതല്ലേ? ആ തരത്തില്‍ അതു പരിചരിക്കപ്പെടാതെ പോയതിന്റെ കാരണം മാറിവരുന്ന കാലത്തിന്റെ പെരുമാറ്റച്ചട്ടങ്ങളില്‍ തിരക്കിയാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. (അതി)‘വിനയം‘ വരിഷ്ഠഗുണമായിരുന്ന ഫ്യൂഡല്‍ കാലഘട്ടം മാഞ്ഞുപോയതിനെപ്പറ്റിയുള്ള സൂചനയാണ് ഫോട്ടോയുടെ വാക്കുകളില്‍ നെഗറ്റീവിനെ ‘കാലഹരണ‘പ്പെട്ടവനാക്കുന്നത്. അതേ സങ്കേതം ഉപയോഗിച്ച് ധാരാളിത്തത്തെ ‘ഉപഭോഗകാല‘ത്തെ അടയാളപ്പെടുത്തുന്ന ചിഹ്നമായും വായിക്കാം. അങ്ങനെ രണ്ടു വിരുദ്ധകാലങ്ങള്‍ കൂടി മുഖാമുഖം നില്‍ക്കുന്നു ഇവിടെ എന്നു പറയാം. കോമാളിയിലെ ചിരിയും കരച്ചിലും കൂടി കണക്കിലെടുക്കുക. (ദുരന്തത്തിനും തമാശയ്ക്കുമിടയില്‍ നേരിയ വരമാത്രമല്ലേയുള്ളൂ - അയനസ്കോ) കോമാളിയാവുന്നത് ആരാണെങ്കിലും അതിലൊരു ദുരന്തമുണ്ട്. അയാള്‍ക്കത് വിഷാദവും മറ്റുള്ളവര്‍ക്ക് തമാശയും. (വൈരുദ്ധ്യങ്ങളെ കവിതയ്ക്കകത്തു നിര്‍ത്തി വിശകലനം ചെയ്യുന്നവയാണ് വിനോദിന്റെ കവിതകളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍. അവയുടെ സൂക്ഷ്മമായ പ്രകരണഭേദങ്ങളുമുണ്ട്. കറുപ്പ്/വെളുപ്പ്, ഓര്‍മ്മ/മറവി, ഉണ്മ/ഇല്ലായ്മ, കൊഴുപ്പ്/ഉണക്കം, ഇരുട്ട്/വെട്ടം, നനവ്/ഉണക്ക്, സ്ഥൈര്യം/വഴുക്ക്, ഉണര്‍വ്/സ്വപ്നം, ജീവിതം/മരണം.......അങ്ങനെ എത്ര വേണമെങ്കിലുമെടുക്കാം ഉദാഹരണങ്ങള്‍)

മനുഷ്യന്റെ സാംസ്കാരികലോകത്തെയും അവന്റെ പ്രശ്നസാഹചര്യങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് അവന്റെ തന്നെ നിര്‍മ്മിതിയായ രണ്ടു അചേതനങ്ങള്‍ ഇങ്ങനെയൊരു സംവാദത്തിലേര്‍പ്പെട്ടിരിക്കാന്‍ സാദ്ധ്യതയുള്ള ലോകമേതാണ്? പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നുമെങ്കിലും സ്വാഭാവികയുക്തിയ്ക്കു നിരക്കുന്ന വ്യാഖ്യാനം അപ്രസക്തമാകുന്ന ഒരു തലം കവിതകള്‍ പൊതുവേ അവലംബിക്കാറുണ്ട്. ‘ഭ്രമാത്മക സാഹിത്യത്തിന് ഒരു മുഖവുര’ എഴുതിയ സ്വെതാന്‍ ടൊഡൊറോവ് (Tzvetan Todorov) ‘ഭ്രമാത്മക തലം’ (fantastic realm) സാദ്ധ്യമാവുന്ന അവസ്ഥയെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്. ചില രചനകള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതിഭൌതിക വ്യാഖ്യാനം ആവശ്യമാണ്. മറ്റു ചിലവയ്ക്ക്, അവ യുക്തിയ്ക്ക് നിരക്കുന്നതല്ലെങ്കില്‍ കൂടി സ്വാഭാവികമായ വിശദീകരണവും സാദ്ധ്യമാണ്. ഇവയ്ക്കു രണ്ടിനുമിടയില്‍ അന്തിച്ചു നില്‍ക്കുമ്പോഴാണ് ഒരു രചനയില്‍ ‘ഭ്രമാത്മകതലം’ ഒരു യാഥാര്‍ത്ഥ്യമാവുന്നത്. ബാഹ്യലോകത്തിന്റെ പകര്‍പ്പുകളാണെങ്കില്‍ കൂടി ഫോട്ടോകള്‍ക്കും നെഗറ്റീവുകള്‍ക്കും സ്വയമൊരു ലോകമുണ്ട്. വിനോദിന്റെ കവിതകളിലാകെ തന്നെ ഇത്തരമൊരു സ്വപ്നാത്മകമായ ലോകത്തിന്റെ സാന്നിദ്ധ്യമുണ്ട്. (ഗള്ളിവര്‍ എത്തിപ്പെടുന്ന തുരുത്തുകളെല്ലാം തന്നെ ഒരു കിനാക്കണ്ണിന്റെ സന്തതികളല്ലേ?)അചേതനങ്ങള്‍ അവിടെ സംസാരിക്കുകയും വികാരപ്പെടുകയും ചെയ്യുന്നു. രൂപകമെന്നോ (Metaphorical) അര്‍ത്ഥന്തരന്യാസമെന്നോ (Metonymical) ഇവയെ ചുരുക്കിയെടുക്കുക എളുപ്പമല്ല. (അഭേദകല്പനകളുടെ സായൂജ്യത്തെ പിണ്ണാക്കു തന്നെ ആക്രോശിച്ചു റദ്ദാക്കുന്നമട്ടില്‍ മറുകണ്ടം ചാടുന്നതു നോക്കുക, ‘എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു‘ എന്ന കവിതയില്‍ അവസാനം) യാഥാര്‍ത്ഥ്യത്തിനും കിനാക്കാഴ്ചയ്ക്കുമിടയില്‍ അല്ലെങ്കില്‍ ഓര്‍മ്മയ്ക്കും ചരിത്രത്തിനുമിടയില്‍ കുതറുന്ന അവസ്ഥയിലാണ് വിനോദിന്റെ കവിതകളിലെ സ്ഥലകാലങ്ങള്‍ ഏറെയും. ‘സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍‘ എന്ന കവിത പ്രകടമായ ഒരു ഉദാഹരണം. 'അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍' വേറൊന്ന്. ‘പ്രേതാവിഷ്ടം’ എന്ന കവിതയില്‍ കൂടുതല്‍ വെളിവാണ്, സ്ഥലപരമായ വൈരുദ്ധ്യങ്ങള്‍)

രണ്ടു വരിയില്‍ മുഴുമിച്ച സംവാദമാണ് ‘സ്റ്റുഡിയോ‘യുടെ കാതല്‍. കവിതകളുടെ പൊതുസ്വഭാവമായി ഇങ്ങനെ ‘സസ്പെന്‍ഡ്’ ചെയ്യപ്പെട്ട ക്രിയാംശങ്ങളുടെ ആവര്‍ത്തനത്തെ കാണുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. അതിനപ്പുറവും ഇപ്പുറവും കവിതയ്ക്ക് പ്രസക്തമല്ലാതെ വരുന്നു. മനുഷ്യാവസ്ഥകളെ വസ്തുസ്ഥിതികളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുക എന്നതൊരു പൊതു രീതിയായി കവിതകളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ‘സ്ക്രൂ’വായി, ‘ഈര്‍ച്ച എന്ന ഉപമ‘യായി, ‘വഴുക്കാ‘യി, ‘വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങളാ‘യി, ‘ഒറ്റയ്ക്ക് കേള്‍ക്കുന്നതാ‘യി... അങ്ങനെ അങ്ങനെ.. വൈകാരികമായ മുറുക്കമാണ് കവിയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഈ പ്രത്യേകതയ്ക്കു ലഭിക്കുന്ന ലാഭം. ഒരു ജിഗ്സോപസ്സിലിലെന്നപോലെ മാറി വരുന്ന പരിപ്രേക്ഷ്യങ്ങളിലും പശ്ചാത്തലങ്ങളിലും വച്ച് പരിശോധിക്കാനുള്ള സാദ്ധ്യത സൃഷ്ടിക്കുന്നതാണ് വായനയില്‍ ഇതു സൃഷ്ടിക്കുന്ന സൌജന്യം. ഗള്ളിവറുടെ ദ്വീപുകള്‍ ഇതുപോലെ വിച്ഛേദിക്കപ്പെട്ട ജീവിതാവസ്ഥകളുടെ കുറച്ചുകൂടി വലിയ ക്യാന്‍‌വാസിലുള്ള അവതരണമാണ്. അതി വൈചിത്ര്യം നിറഞ്ഞ അനുഭവങ്ങളില്‍ വലിയ പീഡനങ്ങള്‍ക്ക് ഇരയാവുന്നില്ലെങ്കില്‍ കൂടി അയാള്‍ ഒരിക്കലും സന്തുഷ്ടനല്ല. അയാളുടെ അവസ്ഥകളാവട്ടെ മാറിയും തിരിഞ്ഞുമിരിക്കുന്നു. മാനുഷികമായ നിലനില്‍പ്പാണ് കവിതകളുടെ പ്രശ്നമണ്ഡലം. അവ്യക്തമായി ഗള്ളിവറുയര്‍ത്തിയ ചോദ്യം, ആരാണ് താന്‍, തന്റെ ഇടം എന്താണ്, എവിടെയാണത് എന്ന ചോദ്യം, ഉപമാനങ്ങളിലൂടെ മൂര്‍ത്തമാവുന്നതാണ് കവിതയിലും നാം കാണുന്നത്. ഉടഞ്ഞക്കണ്ണാടിക്കഷ്ണങ്ങളില്‍ ഒരേ പ്രതിബിംബം പലതായി പ്രത്യക്ഷമാവുന്നതു പോലെയാണിത് കവിതയില്‍ എന്നു മാത്രം. ഇല, ഇല എന്ന നിലയ്ക്കും കാടായും അനുഭവപ്പെടുന്നു എന്നു ചുരുക്കം.

ക്രിയാംശങ്ങളെ ഒരു ബിന്ദുവില്‍ നിര്‍ത്തി മുറിച്ചെടുക്കുമ്പോള്‍ കവിതയ്ക്കു ലഭിക്കുന്നത് ഒറ്റ ചിത്രങ്ങളുടെ മിഴിവാണ്. കവിത ഒരിന്ദ്രിയത്തിന്റെ കലയല്ലാത്തതുകൊണ്ട്, പൂരണധര്‍മ്മം അനുവാചകനിലേയ്ക്ക് അതിശക്തമായി തന്നെ സംക്രമിക്കപ്പെടുന്നതാണ് അടുത്ത കാഴ്ച. ‘സ്റ്റൂഡിയോ’യിലെ സംഭാഷണം നിര്‍വഹിക്കുന്നത് സംവാദത്തിന്റെ ധര്‍മ്മമാണ്. കവിതയ്ക്കുള്ളിലെ സംഭാഷണത്തിന്റെ സാരം, കവിത പൊതുസമൂഹവുമായി പങ്കുവയ്ക്കേണ്ട ആശയവിനിമയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോദ്ധ്യമായ മനസ്സാണ് അതിനു പിന്നിലെന്നതിന്റെ സാക്ഷിപത്രമാണ്. വിനോദിന്റെ കവിതകള്‍ സ്വാഭാവികമായി തന്നെ ഉള്ളടക്കിയിരിക്കുന്ന ഒരു പ്രത്യേകതയാണ് സംഭാഷണത്തിനുള്ള ഒരു ത്വര. അവ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായമിതാണെന്നു പറഞ്ഞുകൊണ്ടും വായനക്കാരനെക്കൂടി സംസാരത്തിനു ക്ഷണിക്കുന്നു. ഉറക്കെ ചിന്തിക്കുക എന്ന അവസ്ഥ സംജാതമാക്കുന്നു. എഴുത്തിനും വായനയ്ക്കുമിടയിലെ പാലത്തിന്റെ തിണ്ണബലമാണ് പോക്കുവരവുകളുടെ ഊര്‍ജ്ജം. കാഴ്ചയുടെ പരിഭാഷകളായിരിക്കുമ്പോള്‍ തന്നെ അവ ആന്തരികതാളത്താല്‍ കാതുകളെ കൂര്‍പ്പിക്കുന്നു. തീര്‍പ്പുകള്‍ അവതരിപ്പിക്കാത്തതിനാല്‍ വായിക്കുന്ന നാവുകളെ ത്രസിപ്പിക്കുന്നു. പ്രവാചകത്വം അവയില്‍ തീരെയില്ല. അതേസമയം മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തച്ചുകള്‍ അതിസൂക്ഷ്മമായി പണിയുകയും ചെയ്യുന്നു. പലപ്പോഴും തച്ചിനുള്ളില്‍ വീണ്ടും തച്ച്. ചരിത്രത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്കു നിശ്ശബ്ദനാവാന്‍ കഴിയുമ്പോഴും നിലനില്‍പ്പിനെക്കുറിച്ച് നിശ്ശബ്ദനാവാന്‍ വയ്യാത്ത ഒരവസ്ഥയുള്ളതിനാലാണ് അവ സംവാദരൂപിയായി വര്‍ത്തമാനത്തിന്റെ കോശങ്ങളെ തെരുപ്പിടിപ്പിക്കുന്നത്. സ്വിഫ്റ്റ് ഗള്ളിവറുടെ കൈയില്‍ വച്ചു കൊടുത്ത പ്രധാനായുധം സംഭാഷണമാണ്. കാരണം അയാള്‍ക്കു ജീവിക്കേണ്ടതുണ്ട്. അയാള്‍ ഭാഷകള്‍ പഠിക്കുന്നു. വിശ്വസിച്ചാലുമില്ലെങ്കിലും അയാള്‍ അനുഭവങ്ങള്‍ വിവരിച്ചുകൊടുക്കുന്നു, അവര്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ അര്‍ത്ഥത്തില്‍ അയാള്‍ സംഭാഷണത്തിന്റെ മിശിഹായാണ്. ഭ്രമാത്മകമായ ഒരു ലോകത്തിന്റെ ആവിഷ്കാരമാണ് നിര്‍വഹിക്കാനെന്നുള്ളതിനാല്‍ ഏകസ്വരമായി എതുസമയവും പരിണമിച്ചേക്കാവുന്ന യുക്തിയെയാണ് അയാള്‍ (സ്വിഫ്റ്റ് എന്ന എഴുത്തുകാരനും) ഭാഷാവിനിമയത്തിലൂടെ തരണം ചെയ്യുന്നത്. പുതിയ കാലത്തിന്റെ രചനയ്ക്ക്, പ്രത്യേകിച്ച് കവിതയ്ക്ക് ഈ ബാ‍ദ്ധ്യതയില്ല. എഴുത്തുകാരന്റെ സാമൂഹികപ്പൊരുത്തമാണ് തന്റെ രചനകളെ സംഭാഷണത്തിന്റെ വട്ടമേശയായി നിലനിര്‍ത്തണോ വേണ്ടേ എന്നു തീരുമാനിക്കുന്ന ഘടകം.

‘ലാപുട’ എന്ന വൈരുദ്ധ്യങ്ങളുടെ ഭാവനാ ദ്വീപിനെ തന്റെ മേല്‍‌വിലാസമായി സ്വീകരിക്കുമ്പോള്‍ പുതിയ ഒരെഴുത്തുകാരന്‍ തന്റെ സൂക്ഷ്മമായ സ്പര്‍ശമാപിനികള്‍ ഉപയോഗിച്ചു പിടിച്ചെടുത്ത മൂലകങ്ങളില്‍ ചിലതിനെ മുന്‍ നിര്‍ത്തി അദ്ദേഹത്തിന്റെ രചനകളെ സാമാന്യമായും ‘സ്റ്റുഡിയോ’ എന്ന കവിതയെ വിശേഷമായും അപഗ്രഥിക്കാനാണ് ശ്രമിച്ചത്. ഇവിടെ പറഞ്ഞവയൊക്കെ പലരീതിയില്‍ ശാഖകള്‍ വച്ച് വികസിച്ചിട്ടുണ്ട് പിന്നീടു വരുന്ന കവിതകളില്‍. ഓരോ കവിതയിലും കുടിയിരിക്കുന്ന മൂലകങ്ങളുടെ വൈവിദ്ധ്യം ബഹുലമായതിനാല്‍, അവ അതിസൂക്ഷ്മമായ ഉള്‍പ്പിരിവുകളൊടു കൂടിയവയായതിനാല്‍, ഇതിവിടെ തീര്‍ക്കാന്‍ കഴിയില്ല എന്ന് ഇത്രയും വിവരിച്ചതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.