June 14, 2013

ആണുങ്ങൾ പ്രായപൂർത്തിയാവുന്ന ദിവസം





സച്ചിദാനന്ദന് ഓർമ്മകളെ അത്ര പിടുത്തം പോരെന്ന് തോന്നുന്നു. ‘എന്റെ ഓർമ്മ ശരിയാണെങ്കിൽ’ എന്ന കവിതയുടെ ഒടുക്കം അദ്ദേഹം എഴുതി. ‘എന്റെ ഓർമ്മ ശരിയല്ല, ഭാവനയുടെ പകുതിപോലും’ എന്ന്. നേരേ വാ നേരേ പോ ശുദ്ധഗതിക്കാർ വിചാരിക്കും സച്ചിദാനന്ദൻ എന്ന കവി ദാ ഓർമ്മയേക്കാൾ ഭാവനയ്ക്ക് പ്രാധാന്യം നൽകുന്നു എന്ന്. ‘മറന്നു വച്ച വസ്തുക്കൾ’ എന്ന് ഒരു കവിതാസമാഹാരത്തിനു പേരു നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിനിതു ചേർന്നതു തന്നെ. എന്നാൽ തിരുമാലികൾക്കറിയാം, ഭാവനയെ പുകഴ്ത്തുന്നത് ദന്തഗോപുരവാസികൾക്ക് ഇട്ട് കുത്താനാണെന്ന്. ഓർമ്മകളിൽ നിന്ന് രക്ഷപ്പെട്ട് ഭാവനയിൽ അഭയം തേടുന്നവൻ എന്നാണ് ആർക്കാണ് സ്വീകാര്യനായിട്ടുള്ളത്, അവനെപ്പോലുള്ള വ്യാകുലരായ കാൽ‌പ്പനികർക്കല്ലാതെ? ? എച്ച് ആൻഡ് സി പബ്ലിഷുകാരിൽ  നിന്ന് ‘അടിത്തട്ട് - മേൽ‌പ്പുര’ സിദ്ധാന്തം പണയമെടുത്തിവിടെ കൊണ്ടു വരികയാണെങ്കിൽ ഓർമ്മകൾ അടിത്തട്ടാണ്. അതില്ലാതെ ഭാവനയുടെ കാലുകൾക്ക് ഊന്നി നിൽക്കാനാവില്ല. ബോളാനോയുടെ നോവലിലെ പോലെ - വിദൂരതാരകം- ചെറിയ ഒരു വിമാനത്തിന്റെ പുക കൊണ്ട് ആകാശത്തിന്റെ കാൻവാസിൽ കവിതയെഴുതുന്നവനായാൽ പോലും. എങ്കിലും ഓർമ്മകളോട് അടുക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസക്കുറവുണ്ട് ആനയെപോലെ തലപ്പൊക്കമുള്ള എഴുത്തുകാർക്കും. (ഇടയ്ക്ക് മറ്റൊരു ഓർമ്മ. കാവ്യബിംബങ്ങളെക്കുറിച്ച് വിശദീകരിച്ചു വരുമ്പോൾ കെ പി അപ്പൻ ഉദാഹരണമായി എടുത്തത് ഓർമ്മയെന്ന ചെറിയ പദത്തെയാണ്. ബിംബമാകാനുള്ള യോഗ്യത അതിനില്ല, എങ്കിലും അതു ബിംബമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. ചിറകുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ ചലനബിംബമായി, മധുരമുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ രുചി ബിംബമായി, മാറാല പിടിച്ച ഓർമ്മകളാവുമ്പോൾ കാഴ്ച ബിംബമായി. പതുപതുത്ത ഓർമ്മകളിൽ ശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയം ജൃംഭിക്കും. ഓർമ്മകൾ കൈവളയും പാദസരവുമൊക്കെ ചാർത്തുമ്പോൾ കാതും ധന്യമാവും....). ഓർമ്മകൾക്ക് അടുക്കും ചിട്ടയുമൊന്നുമില്ല എന്നു പറഞ്ഞാണ് ഉംബെർട്ടോ എക്കോ ‘മലയിടുക്ക്’ എന്ന നോവൽ തുടങ്ങുന്നത്. നാടവിരയുടെ ഉടൽ പോലെ പല അറകളായി പിരിഞ്ഞ് കൂടിച്ചേർന്നിരിക്കുകയാണവ. നാടവിരയുമായി ഉപമിച്ചപ്പോൾ എക്കോ ഒരു കാര്യം കൂടി സമീകരിച്ചു, ഓർമ്മകളുടെ ഇലാസ്തിക സ്വഭാവം. തൊട്ട് തൊട്ട് വേണ്ടിടത്ത് വലിഞ്ഞ് ചിലപ്പോൾ കുറുകി.
മറവിയ്ക്കെതിരെയുള്ള യുദ്ധത്തെ ഓർമ്മ കൊണ്ടെഴുതാനുള്ള കുന്ദേരയുടെ മുദ്രാവാക്യത്തെയും അതിന്റെ നിഴലിനെ താരാട്ടു പാടുന്ന ഓർമ്മകളുണ്ടായിരിക്കണമെന്ന താക്കീതിന്റെ രാഷ്ട്രീയത്തെയും ക്ലീഷേയുടെ മുഖം കണ്ട ചളിപ്പോടെ തത്കാലം ‘മറക്കാൻ വച്ചവ’യുടെ കൂട്ടത്തിൽ ഇടാം. അതാണ് രാജൻ സി എച്ചിന്റെ കവിതാസമാഹാരത്തിന്റെ പേര്.   ഏ പി പി നമ്പൂതിരിയുടെ ഓർമ്മശക്തിയെക്കുറിച്ചോർത്ത് വിഷ്ണു നാരായണൻ നമ്പൂതിരി വിഷാദിച്ചതാണ് ഇപ്പോൾ ഓർക്കുന്നത്. ജീവിതത്തിൽ മറക്കേണ്ടതായി പല സംഗതികളും ഉണ്ട്. അവ ഉറക്കമില്ലാതെ എപ്പോഴും നാരങ്ങാവെളിച്ചത്തിൽ പൂത്തുലഞ്ഞു നിന്നാലോ? സംഭവങ്ങളുടെ വൈകാരികമായ ഉള്ളടക്കം കാല ദൂരത്താൽ മങ്ങും എന്നാണ് പ്രകൃതി നിയമം. ഇല്ലെങ്കിൽ ഭ്രാന്തിന്റെ കുഞ്ഞളിയനുമായി നിത്യസഹവാസമായിരിക്കും ഫലം. സ്വസ്ഥത ഒഴിഞ്ഞ നേരമുണ്ടാവില്ല പിന്നെ. പ്രാന്തിന്റെ ഡോക്ടർമാർ, മനസ്സു നേരെയാക്ക്നെന്ന പേരിൽ ഓർമ്മനാശത്തിനായാണല്ലോ കറണ്ട് അടിപ്പിക്കുന്നത്. (സിനിമകളിൽ). എങ്കിലും ഭൂരിപക്ഷം ആളുകളും മറവിയെ നാറാണക്കല്ലിളക്കി  ശപിക്കുന്നതു കാണാം. ഓർമ്മയുടെ അവസാനത്തെ അടരും ഇളകിപോയ തലച്ചോറ്, പരിണാമത്തിന്റെ  വരദാനങ്ങൾ മുഴുവൻ റദ്ദാവുന്ന ശപ്തമായ ഏകാന്തതയുടെ അപാരതീരത്തേയ്ക്കുള്ള പായ്ക്കപ്പലാണ്. മരിക്കുന്നതിനു തൊട്ടുമുൻപിലത്തെ നിമിഷം തലമണ്ടയിലെ കോശങ്ങളെല്ലാം കൂടി ഉത്തേജിതമായിട്ട് അതിവേഗത്തിൽ ജന്മം മുഴുവൻ കണ്ടതും കേട്ടതുമായ വകകളെല്ലാം ഒരു നിമിഷം കൊണ്ട് ഓടി കളിക്കുമോ? അവയിൽ മുഴുകി ശരീരകലകൾ അനുഭൂതിയണിഞ്ഞ് ധന്യമാകുമോ? ആർക്കറിയാം?  വൃദ്ധന്മാർ മരിക്കുന്നതിനു മുൻപ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കും എന്നൊരു ധാരണ എൻ എസ് മാധവൻ, സുരേഷ് മാത്തൻ എന്നൊരു 65 -കാരന്റെ ബുദ്ധിയിൽ പിടിപ്പിച്ചിട്ട് പേടിപ്പിച്ചതോർക്കുന്നു, ഹുമയൂണിന്റെ ശവകുടീരത്തിൽ എന്ന കഥയിൽ. കുട്ടിക്കാലത്ത് ‘അനുമാൻ പണ്ടാര’ത്തിനെ പോലും ഇത്ര പേടിച്ചിട്ടില്ല. കണ്ടോ കുട്ടിക്കാലത്ത് എത്തിയത് !  ഇത്തിരിയോളം പോന്ന പെണ്ണിന്റെ മുന്നിൽ -ചമേലി -  അയാളെ അനാവൃതനും നിസ്സഹായനും ആക്കി കഥാകൃത്ത് പിന്നെയും അയാളെ ബലാത്സംഗം ചെയ്തു. അതുപോട്ടെ.  ‘ശേഷ’ത്തിലെ മുകുന്ദൻ മരിക്കുന്നതിനു തൊട്ടു മുൻപുള്ള മുഹൂർത്തത്തിൽ തന്റെ ആറുമാസം പ്രായമുള്ള, ചോറൂണിന്റെ ദിവസത്തെ ഫോട്ടോയിൽ നോക്കി പറഞ്ഞ ആത്മഗതത്തിൽ ‘- ഈ കുട്ടിയുടെ മുൻപിൽ, ജീവിതത്തിൽ എന്തെല്ലാം സാധ്യതകൾ ഉണ്ടായിരുന്നു’- കഥയിലെ ദുരന്തം മുഴുവൻ ഉണ്ട്. എപ്പോൾ വായിച്ചാലും കണ്ണു നിറയിക്കുന്ന ആ കഥയിലെമ്പാടും ഓർമ്മകൾ അലച്ചുകൊണ്ട് നിൽ‌പ്പാണ്.
 ഇതു സത്യമാണോ? മരണത്തിനു മുൻപ് മനുഷ്യന്റെ മനസ്സ് ബാല്യകാലത്തെ നനവുകളിൽ പിടഞ്ഞെണീക്കുമോ?
അങ്ങനെയെങ്കിൽ ആത്മകഥകളെല്ലാം ഒരു തരം മരണഭീതിയുടെ സന്താനങ്ങളാണ്. തായ് വേരിൽ ഒന്ന് തൊട്ട് നിവരുമ്പോഴേക്കും അതുവരെ ഇല്ലാത്ത ഒരു ഞാൻ, എനിക്കു മുന്നിൽ മൂരി നിവർക്കുന്നു. ആളുകൾ വെറുതെ പതം പറയുന്നതാണ്, ചില സ്വയകഥകളിൽ ‘ഞാൻ’ മാത്രമേ ഉള്ളൂ എന്നും ചില കഥകളിൽ ‘ഞാൻ’ തീരെ ഇല്ലയെന്നും. കൊഴിഞ്ഞ ഇലകളിൽ ഇലകൾ പോയിട്ടും ബാക്കിയാവുന്ന വടവൃക്ഷം ഉണ്ട്, ജീവിതപ്പാത തനിക്കുമുന്നിൽ നീണ്ടു നിവർന്ന് ...അങ്ങനെ മടക്കിയിട്ടും മടക്കിയിട്ടും തീരാത്ത വസ്ത്രമാണ്...ജീവിതസമരം താൻ ഉണ്ടാക്കിയെടുത്ത ഇടമാണ്.. കണ്ണീരും കിനാവും എന്റേതു മാത്രമാണ്. എന്റെ റോസാദലങ്ങൾ, എന്റെ കുതിപ്പും കിതപ്പും, എന്നിലൂടെ, എന്റെ സ്മരണകൾ, എന്റെ നാടുകടത്തൽ, എന്റെ..... ഞാൻ... ഞാൻ....അന്യഥാ മറ്റൊന്നാകേണ്ടിയിരുന്ന ജീവിതത്തെ ഞാൻ മൊത്തം നശിപ്പിച്ചു കളഞ്ഞു എന്നു പറയുമ്പോഴും മാഞ്ഞുപോകുന്ന കാൽ‌പ്പാടുകളെ ചൂണ്ടുമ്പോഴും എന്തൊക്കെ സാധ്യതകളായിരുന്നു എനിക്കു മുന്നിൽ എന്നു നെടുവീപ്പിടുമ്പോഴും ഞാൻ, നിങ്ങൾ വിചാരിച്ച പുള്ളിയേ അല്ലായിരുന്നു എന്ന് ചിറി കോണിക്കുമ്പോഴും സംഭവിക്കുന്നത് ഒന്നു തന്നെ.. ചില ആത്മകഥനങ്ങൾ രാമരാജബഹാദൂറിലെ അഴകൻ പിള്ളയെ പോലെ തിരിഞ്ഞ് നിന്ന് ‘ശരി തന്നേയോ അണ്ണാ’ എന്നു ചോദിക്കുന്നവയാണ്. അവ ഒന്നല്ല, രണ്ടു ‘ഞാൻ’മാരെ സൃഷ്ടിക്കുന്നു. ‘ശരി തന്നെ കാച്ചൂട്’ എന്ന് പറയാൻ ഇപ്പറത്ത് മുറിയുടെ ഏകാന്തതയിൽ വെള്ളെഴുത്തു കണ്ണടയുമായി ഇരിക്കുന്ന ഒരു ഞാൻ വേണമല്ലോ. അല്ലെങ്കിൽ ‘എന്തെരെടെയ് ഇത്, നീ ചെയ്തത് ഒട്ടും ശരിയായില്ല കേട്ടാ’ എന്നു സ്വയം പറഞ്ഞ് മൂക്കു വലുതാക്കുന്ന ഒരുത്തൻ.  അത് അങ്ങനെ അവന്റെയും കൂടി കഥയാണ്.
കാട്ടുമുള്ളങ്കി എന്ന വട്ടപേര് കുട്ടിക്കാലത്ത് ആകസ്മികമായി വീണു കിട്ടിയതു കൊണ്ട് – സരമാഗു എന്നാൽ അതാണർത്ഥം- പിന്നീട് തൂലികാ നാമം അന്വേഷിച്ച് മെനെക്കെടേണ്ടി വന്നില്ലെന്ന് അമർത്തിയ ഫലിതം പറയുന്ന ഷൂസേ സരമാഗുവിന്റെ ‘കുട്ടി ഓർമ്മകൾ’ (small memories) പുസ്തകത്തിന്റെ ഇങ്ങേയറ്റത്തും ഒരു ‘എന്നെ’ ഉറപ്പാക്കുന്നുണ്ട്. കള്ളു കുടിയനായ ഗുമസ്തൻ സിൽ വിനോ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ പറ്റിച്ച പണിയാണത്. മദ്യദേവനായ ബാച്ചുസിന്റെ ഇടപെടൽ നന്നായി. അറിയാത്ത ഒരു കുഗ്രാമത്തിലെ കുടുംബത്തിന്റെ ഇരട്ടപ്പേരിന് ലോക പ്രശസ്തി ഉണ്ടായില്ലേ, പിൽക്കാലത്ത്. കുട്ടിക്കാലത്ത് സരമാഗുവിനും പട്ടികളെ പേടിയായിരുന്നു. ഒരു നിമിഷം! ആർക്കാണതില്ലാതിരുന്നത്? ഇടയ്ക്കിടയ്ക്ക് ആ പുസ്തകം കമഴ്ത്തി വച്ച നിലയിൽ നെഞ്ചിലോ മേശപ്പുറത്തോ കാണപ്പെടുന്നതിന്റെ അർത്ഥം ഭൂതകാലയാത്രയ്ക്കായി യാദൃച്ഛിക ടിക്കറ്റ് ധാരാളമായി അത് വച്ചു നീട്ടുന്നതു കൊണ്ടാണ്  . മകന്റെ പേരിനനുസരിച്ച് അച്ഛന് പേരു മാറ്റേണ്ടി വന്ന കഥ പറയുന്ന ബാല്യകാലസ്മരണകളിൽ, കൂടെ ചേർത്തിരിക്കുന്ന ഫോട്ടോകളിൽ, പിന്നീട് എവിടെയോ എത്തിപ്പെട്ട അതി സാധാരണക്കാരനായ  ഒരു ‘ഞാൻ’ ഇല്ലെന്നല്ല. പക്ഷേ ആ സാധാരണത്വത്തിൽ കലാപരമായി ഊന്നിയ കാരണം, അത് ഒറ്റതിരിഞ്ഞ ഒരു ഞാൻ അല്ലാതായി. ആ ഞാൻ  പോർച്ചുഗല്ലിലെ അസിൻഹാഗയിൽ സവിശേഷബുദ്ധിവൈഭവത്തോടെ അവതരിച്ച  ഒരു ബാല്യത്തിന്റെ അവക്ഷിപ്തമായില്ല. അതേ ബാല്യ കൌമാരങ്ങളാണ് കാരാളി സ്കൂളിനടുത്തെ പറമ്പിൽ അലഞ്ഞു തിരിയുകയും  ചെമ്പക മരക്കൊമ്പുകളെ തീവണ്ടി എഞ്ചിൻ മുറികളാക്കുകയും അയൽ‌പ്പക്കത്തെ സമാനവയസ്കയായ പെൺകുട്ടിയുമായി ചേർന്ന് ജീവിതത്തിന്റെ രഹസ്യങ്ങൾ മിഴിഞ്ഞ കണ്ണുകളുമായി അന്വേഷിക്കുകയും ബാങ്ക് കൊള്ളയടിക്കാൻ പോയ ബാലസംഘത്തിന്റെ അവിചാരിതമായ ഇടപെടലിൽ ഞെട്ടിപ്പിടഞ്ഞ് വസ്ത്രങ്ങളും പൊത്തിപ്പിടിച്ച് പുളിമരച്ചോട്ടിലെ ഏകാന്തമായ ഒരുച്ചയിൽ എഴുന്നേറ്റോടിയ ‘മിഥുനങ്ങളെ’ നോക്കി അന്ത് വിട്ടു നിൽക്കുകയും  ഒക്കെ ചെയ്തതെന്ന് തിരിച്ചറിയുന്നതിന്റെ സന്തോഷം, പുസ്തകം ഇലയിട്ട് വച്ചു നീട്ടി. ഓരോ പേജിലും അങ്ങനെ സ്വാനുഭവങ്ങളുമായി ലയിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ട്. ലക്ഷോപലക്ഷങ്ങളുടെയും ബാല്യകാലാനുഭവങ്ങൾക്കുള്ള അതിസാധാരണത്വം കലയാവുന്നതിന്റെ മറിമായമാണത്. അത് നമ്മുടെ ഓർമ്മപ്പെരുക്കങ്ങളുടെ ചെമ്പൻ തലയിലേയ്ക്കാണ് മഴയായി പെയ്തിറങ്ങുന്നത്! അപ്പോൾ നാം നമ്മളെ ആ കഥയിലേയ്ക്ക് ഇറക്കി നിർത്തും. സരമാഗു ആത്മകഥയ്ക്കും കഥയ്ക്കും തമ്മിലുള്ള വ്യവഹാരശാഠ്യങ്ങളെ  മായ്ചു കളയുന്നതങ്ങനെയാണ്.
  ‘നമുക്കതിലേയ്ക്ക് പിന്നെ വരാം, ഇപ്പോൾ ഞാൻ മുൻപേ പറഞ്ഞു നിർത്തിയ കാര്യം വിശദീകരിക്കാൻ സമയമായെന്നു തോന്നുന്നു’ എന്നൊക്കെ പറഞ്ഞുകൊണ്ട് ചിരിക്കുന്ന വരികൾ ‘കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ മൂടൽ മഞ്ഞ് ’ എന്നൊക്കെ തലകാഞ്ഞ് ബുൾഗാനി താടി ചൊറിയുന്ന കാൽ‌പ്പനികതയെ നോക്കി കണ്ണിറുക്കുന്നതായാണ് അനുഭവപ്പെട്ടത്. എന്നിട്ടും ‘എന്റെ ഓർമ്മ ശരിയാണെങ്കിൽ’ എന്ന വാക്യം സരമാഗു ആവർത്തിക്കുന്നു. അദ്ഭുതം! ബ്രഹ്മാവിനും ആയുസ്സിനു പഞ്ഞമോ? ഓർമ്മകളിലുള്ള വിശ്വാസക്കുറവ്  ചിലപ്പോൾ ഭാവനയുടെ ആനത്താരയായേക്കും.

 1924 ൽ സരമാഗുവിന്റെ 4 വയസ്സുള്ള സഹോദരൻ ഫ്രാൻസിസ്കോ മരിച്ചു, ന്യുമോണിയ കാരണം. കുട്ടിക്കാലത്ത് മരിച്ചു പോയ സഹോദരനോടുള്ള ശക്തമായൊരു വികാരമായി ഓർമ്മകളെ ആകെ ബാധിച്ചുകൊണ്ട് നിൽക്കുന്നതു കാണാം. കുഞ്ഞായിരുന്നപ്പോഴുള്ള ഫ്രാൻസിസ്കോയുടെ പടം സരമാഗു കൊടുത്തിട്ടുണ്ട്. അത് തന്റെ ചിത്രമാണെന്ന് പറഞ്ഞാലും വിലപോകുമെങ്കിലും അവനോടുള്ള ബഹുമാനം കൊണ്ട് അതാൻ അങ്ങനെ ഭാവിക്കുന്നില്ലെന്നും പറഞ്ഞ്. സഹോദരനെ തന്റെ അപരസ്വത്വമായി സ്വാംശീകരിക്കുന്ന രീതി വേറൊരിടത്ത് ഒർഹാൻ പാമൂക്കിലും നമ്മൾ കണ്ടതാണ്.  പതിനെട്ടു മാസം പ്രായമുള്ള കുഞ്ഞായി കിടന്നുകൊണ്ട് തന്റെ സഹോദരൻ നിരയലമാരിയിൽ അമ്മയില്ലാത്ത അവസരങ്ങളിൽ വലിഞ്ഞുകയറുന്നത് കണ്ട കാര്യം ഓർമ്മിച്ചുകൊണ്ട് സരമാഗു എഴുതുന്നു : എന്റെ കുഞ്ഞു മസ്തിഷ്കത്തിന്റെ ഒരു ഭാഗത്ത് കാണുന്ന കാര്യങ്ങൾ ഒരു ജീവിതകാലം മുഴുവൻ പിന്നിട്ടതിനുശേഷം നിങ്ങളോട് പറയാനായി രേഖപ്പെടുത്തുന്നുമുണ്ടായിരുന്നു. പതിനെട്ടോ പത്തൊൻപതോ വയസ്സു പ്രായമുള്ളകാലത്ത് ആയിടെ കറങ്ങി നടക്കാൻ തുടങ്ങിയ ഇൽഡാറെയ്സെന്ന പെൺ കൂട്ടുകാരിയ്ക്കു വേണ്ടി സിറാമിക്സ് ഫാക്ടറിയിലെ പെയിന്ററായിരുന്ന ചാവെസ് എന്ന മുതിർന്ന കൂട്ടുകാരൻ ഹൃദയത്തിന്റെ ആകൃതിയിലുള്ള പാത്രത്തിൽ പെയിന്റു ചെയ്തു കൊടുത്ത വരികൾ പുസ്തകത്തിലുണ്ട്. (എതൊരു ഓർമ്മ!) സരമാഗുവിന്റെ ആദ്യ കവിതാശില്പം കൂടി ആയിരുന്നു അത്.
“പതുക്കെ,
അല്ലെങ്കിൽ ആരുടെയെങ്കിലും കാതുകൾ അറിയും.
ഞാൻ ഈ രഹസ്യത്തിന്റെ ചുരുളഴിക്കട്ടെ,
ഈ കളിമൺ ഹൃദയം ഞാനിപ്പോൾ നിനക്ക് തരുന്നു
കാരണം എന്റെ ഹൃദയം എന്നേ നിന്റെ കയ്യിലായതാണല്ലോ.”

ചാവേസിന്റെ ദാമ്പത്യം സ്വരചേർച്ചയുള്ളതായിരുന്നില്ല. ആ അഭാവത്തിലായിരിക്കും അയാൾ സ്നേഹത്തിന്റെ വരികളെ നിറങ്ങൾ കൊണ്ടലങ്കരിച്ചത്. സരമാഗു പറയും പോലെ ഇത് ആദ്യത്തെ എഴുത്താണെങ്കിൽ അതെന്താണെന്ന് മനസ്സിലാക്കിയ ആദ്യ ആസ്വാദകൻ  ചാവെസാണ്. അത് ഒന്നൊന്നര ആസ്വാദനമായിരുന്നു. അസിൻഹാഗയിലെ കൌമാരക്കാരന്റെ കേവലമായ പ്രണയവരികൾക്ക് ചക്രവാളങ്ങളെ കടന്നു പോകാൻ കഴിവുള്ള ചിറകുകളുണ്ടെന്ന് ഒരു കരകൌശലക്കാരൻ മനസ്സിലാക്കുക. അത്ര സാധാരണമല്ല അത്. ചാവേസ് പിറകേ നടന്ന് പ്രോത്സാഹിപ്പിക്കുമായിരുന്നു എന്ന് സരമാഗു എഴുതുന്നു.

വെള്ളപൂശിയ ചുവരുകൾക്കുള്ളിൽ തടവിലാക്കപ്പെട്ട തയ്യൽക്കാരിയുടെ കഥ അസിൻഹാഗയിലുണ്ടായിരുന്നു. ഞായറാഴ്ച ജോലി ചെയ്തതിനാൽ എന്നെന്നേയ്ക്കുമായി ചുവരിനുള്ളിൽ അടയ്ക്കപ്പെട്ടതാണവൾ. ചുവരുകളുടെ നിഷ്കളങ്ക ശൂന്യതയിൽ നിന്നുണരുന്ന ശബ്ദങ്ങളിൽ ആ പ്രാചീനയായ തടവുകാരി വിധിയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നത് അമൂമ്മ ചെവി വച്ച് കേൾക്കുന്നതാണ് ‘കുട്ടിയോർമ്മ’കളിലെ മിഴിവുറ്റ ഒരു ചിത്രം. നമുക്കിവിടെ ശംഖിൽ ചെവിയോർത്താൽ കേൾക്കുന്ന കടലിരമ്പവും, ചിലപ്പോൾ രാത്രിയുടെ ഏകാന്തതയിൽ മലർന്നു കിടന്നുറങ്ങുന്ന പെൺകുട്ടികളുടെ മൂക്കിൽ നിന്ന് അവരെ സംബന്ധം ചെയ്തവരെ കൊല്ലാനായി ഇറങ്ങി വരുന്ന സ്വർണ്ണത്തിളക്കമുള്ള പാമ്പുകളും കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന വിരൾ വലിപ്പമുള്ള കൊച്ചു മനുഷ്യരും. എങ്കിലും ആ പോർച്ചുഗീസ് തയ്യൽക്കാരിയുടെ ആജീവനാന്ത തടവിന്റെ മടുപ്പും അസഹ്യതയും നമ്മുടെ ഒരമ്മൂമ്മക്കഥയ്ക്കും ഇല്ല. സഹനത്തിന്റെ ആൺ രൂപത്തെ സരമാഗു വരയ്ക്കുന്നത് ചന്ദ്രനിലെ മനുഷ്യനെ ചൂണ്ടിയാണ്. അയാളും ഞായറാഴ്ച ജോലി ചെയ്ത ക്രിസ്ത്യാനിയാണത്രെ. അതുകൊണ്ട് അവിടെ നിന്ന് വിറകുകെട്ട് ചുമക്കുകയാണ്. നമ്മളാ സമയം ചന്ദ്രനിൽ മുയലിനെയാണ് കണ്ടത്- ശശാങ്കൻ, പിന്നെ മാനിനെയും – ഏണാങ്കൻ. അതിന്റെ കാൽ‌പ്പനികതയൊന്നും പോർട്ടുഗലിലെ അമ്മൂമ്മക്കഥകൾക്കില്ല. അവർ കുട്ടികളുടെ ഭാവനയിൽ പോലും പ്രേതലോകത്തിന്റെ പാപബോധം നിറച്ചു. അത് അതീത ലോകത്തിന്റെ കാര്യം പന്നികളെ വിൽക്കാനും മുളവടിയുമായി ഊരു ചുറ്റാനും പോകുന്ന കുട്ടികളോ അന്ന് ഒരമ്മൂമ്മയും സൂക്ഷിക്കണം എന്ന വാക്കു പറയുമായിരുന്നില്ലെന്ന്  ‘കുട്ടിയോർമ്മ’കളിലുണ്ട്. അവർ ഈ ലോകത്തെപ്പറ്റി പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചില്ല. പരലോകം ഭീഷണിയുടേയും പശ്ചാത്താപത്തിന്റെയും ആയിരുന്നു. നമുക്ക് നേരെ തിരിച്ചും.

നമ്മുടെ ആണുങ്ങൾ പ്ലാസ്റ്റിക് ടങ് ക്ലീനർ ഉപയോഗിച്ച് വൈദ്യുതി മീറ്ററിന്റെ കറക്കം കുറച്ച് ബോർഡിനെ പറ്റിച്ചതുപോലെ അസൻഹാഗയിലെ കുടുംബിനികളായ സ്ത്രീകൾ മീറ്ററിനു തൊട്ടു മുൻപ് പൈപ്പ് ലൈനിൽ തുളകളുണ്ടാക്കി അതിൽ നൂലുകെട്ടി ഊർന്നു വീഴുന്ന ജലത്താൽ കുടം നിറച്ച് ജല അതോറിറ്റിയെയും പറ്റിച്ചിരുന്നു. പക്ഷേ ആ പറച്ചിലിൽ മിടുക്കത്തനം ഇല്ല. എന്തുകൊണ്ട് അതു പിടിക്കപ്പെട്ടില്ലെന്നാണ് ആലോചന. അമ്മയുടെ സഹോദരി പുത്രിയുമായുള്ള രാത്രിയുറക്കത്തിനിടയിലെ രഹസ്യസുഖങ്ങൾ കുറ്റബോധം ഒന്നും കൂടാതെ വെളിവാകുകയും ചെയ്യുന്നു. വി ടി ഭട്ടതിരിപ്പാട് കൂട്ടുകുടുംബങ്ങളിൽ പതിവായിരുന്ന സമാനമായ സാഹചര്യത്തെ ഒട്ടൊരു നിന്ദയോടെ എഴുതിയിട്ടുണ്ടെന്ന് ഓർമ്മ വരുന്നു. വളരെ അപൂർവമായി കുട്ടിക്കാലത്തെ പ്രത്യേക അനുഭവം തന്റെ നോവലെഴുത്തുകളിൽ കയറിവന്ന് പരിണമിച്ച കാര്യം സരമാഗു കുറിച്ചു വയ്ക്കുന്നുണ്ട്. ഓർമ്മയാണ് എഴുത്തുകാരന്റെ ഈടുള്ള വിഭവം. ഭാവന അവയ്ക്ക് നിറമുള്ള കുപ്പായം പണിയുന്നേ ഉള്ളൂ. കുട്ടികൾ മുതിർന്നവരേക്കാൾ ക്രൂരരാണെന്ന് ഒരു സാന്ദർഭിക പരാമർശമുണ്ട്. രണ്ടാനമ്മയ്ക്കു സ്തുതിയിലെ കുട്ടിയുടെ -ഫോൺചിറ്റോ എന്ന അൽഫോൺസോ- മങ്ങാത്ത ഒരു ഫോട്ടോഗ്രാഫാണത്. ക്രമരഹിതമാണെന്ന് പുറമേ ഭാവിക്കുന്ന ബോധധാരയുടെ ഇടയിൽ ഇടയ്ക്കിടക്ക് അവന്റെ മിന്നായങ്ങളുണ്ട്. ഒലീവുതോട്ടത്തിനിടയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനരികിൽ ഇണചേരാൻ മുതിർന്ന സ്ത്രീപുരുഷന്മാരെ പിരിച്ചു വിട്ടുകൊണ്ട് ഒലീവുമരത്തിന്റെ ചുവട്ടിലായി ഇരുന്നത് അവനാണ്. അവന് പച്ച അരണയെ നഷ്ടപ്പെട്ടു പോയ ആ ദിവസത്തെ ചൂണ്ടിയാണ് സരമാഗു ഓർമ്മകളെ താത്കാലികമായി നിർത്തുന്നത്. ആൺ കുട്ടികൾ പ്രായപൂർത്തിയാവുന്ന ദിവസത്തെക്കുറിച്ച് ആരോ ചോദിച്ചിരുന്നില്ലേ? അതാണ് ആ ദിവസം എന്നു പറഞ്ഞു തരാനാണ് ഓർമ്മകൾ ഉണ്ടായിരിക്കേണ്ടത് ! എന്തൊരു വ്യത്യാസം, എൻ എസ് മാധവന്റെ ‘ശേഷ’ത്തിലെ വിക്കൻ ചെറുക്കൻ പ്രായപൂർത്തിയാവുന്നത് തന്ത മരിച്ച ദിവസമാണ്. ഒന്നു കൂടി ആലോചിച്ചു നോക്കിയേ. രണ്ടും ഒന്നല്ലേ?

 ഉം !


‘പ്രലോഭനങ്ങളുടെ പുസ്തകം’ എന്നായിരുന്നു തന്റെ ആത്മകഥയ്ക്ക് സരമാഗു ആദ്യം കണ്ടു വച്ചിരുന്ന പേര്. സ്വയം സംസാരിച്ചു തുടങ്ങുന്ന ദിവസം പ്രായപൂർത്തിയാവുന്ന അവയ്ക്ക് സ്കൂളിൽ ചേർക്കാൻ നേരം ബാചുസിന്റെ കാരുണ്യത്തിൽ കിട്ടുന്ന വേറെ പേരെന്തിന്?




May 5, 2013

അത് വിരളല്ല കേട്ടോ !


പഴയ ഒരു തമാശക്കഥയിൽ ഗ്ലാസിലെ വെള്ളത്തിൽ വിരലിട്ടുകൊണ്ടുവന്ന സപ്ലയറോട് കയർത്ത ഉപഭോക്താവിനു കിട്ടിയ മറുപടി, രാവിലെ ടാങ്കിൽ ചത്തുകിടന്ന എലിയെ ഞാൻ മുഴുവനോടെ ഇറങ്ങിയാ എടുത്തുകളഞ്ഞത്, എന്നിട്ടാ ഗ്ലാസിലെ വെള്ളത്തിൽ വിരലിട്ടതിനു സാറെന്നൊട് കയർക്കുന്നത്! എന്നാണ്. വിരലിൽ നഖചുറ്റുള്ളതുകൊണ്ട് ചൂടു ചായയിൽ മുക്കിവച്ചാൽ കുറച്ചു സുഖം കിട്ടും, അതുകൊണ്ടാ സാറേ, എന്ന് ഇതേ സപ്പ്ലൈയറുടെ അപരൻ മറ്റൊരു ഹോട്ടലിൽ പറഞ്ഞതായൊരു കഥയും ഉണ്ട്. ബീഭത്സത എന്ന അറപ്പിനെ രസമാക്കി മണ്ടയിൽ ആളു താമസമുള്ളവർ പരിഗണിച്ചതിൽ ഇങ്ങനെ ചിലതുണ്ടാവും.  സ്വാദു വിരലു നക്കി അറിഞ്ഞും അറിയിച്ചുമിരുന്ന ഒരു സംസ്കാരത്തിന്റെ മറ്റേ പാതിയാണീ കഥകൾ. ആ കാഴ്ചതന്നെയും അറപ്പിക്കുന്നതാണ് പരിഷ്കാരപ്പൊതിയിൽ. എങ്കിലും അനുഭവിക്കുന്നവന്റെ ഉള്ളടക്കത്തിൽ ആ ഭാവമില്ല.  ‘അംഗുലീചാലിതം’ എന്ന ഹ്രസ്വചിത്രത്തിൽ പാചകക്കാരന്റെ വിരലുകൊണ്ട് ഇളക്കപ്പെടുന്ന (അല്ലെങ്കിൽ സ്വാദിഷ്ഠം എന്നു പറയപ്പെടുന്ന ചുവന്ന ദ്രാവകത്തിൽ ആണ്ടു മുങ്ങിയിരിക്കുന്ന ജീവനുള്ള ഒരു വിരൽ !) ഒരു വിരൽ പോലുമില്ല ആ വിശിഷ്ടവിഭവത്തിൽ! പിന്നയല്ലേ വിരലിനാൽ അത് നിർമ്മിക്കപ്പെടുന്നു എന്ന അവകാശവാദം.  ബോധപൂർവം വരുത്തിവച്ച നഷ്ടമാണത്. കരിങ്കുരങ്ങ് രസായനത്തിൽ കുരങ്ങും കരടിനെയ്യിൽ കരടിയും ഇല്ലാത്തതുപോലെയാണത്. നാടോടികളുടെ വയറ്റുപ്പിഴപ്പിനു വേണ്ടിയുള്ള നിസ്സഹായതയല്ല  ഇവിടെ ഈ അഭാവത്തിനു കാരണം. മറിച്ച് താഴ്ത്തിയാലും താഴാതെ എഴുന്നു നിൽക്കുന്ന ഒരു നടുവിരലാണതിന്റെ അതിന്റെ കലാപരമായ അർത്ഥം നിർമ്മിക്കുന്നത്. അതൊരു ക്രൂരമായ തമാശയാണ്. എന്നു വച്ചാൽ ധാർമ്മികതയുടെ ഒരു വീക്ഷണക്കോൺ സിനിമയുടെ കേന്ദ്രസ്ഥാനത്തുണ്ട്. സിനിമയിലെ തമാശ ഒരു പ്രഹരമാണ്. മനുഷ്യന്റെ ആർത്തിയെ കളിയാക്കിക്കൊണ്ട് അത് കശക്കുന്നു. അതേ സമയം കടയുടമ (കഥകളിയിൽ സ്ഥിരം താടി വേഷം ചെയ്യുന്ന നെല്ലിയോട് വാസുദേവൻ നമ്പൂതിരിയാണ് കടയുടമയുടെ രൂപത്തിൽ. ആ നിഴൽ അങ്ങേപ്പുറത്ത് തെളിഞ്ഞു നിൽക്കുന്നതിനാൽ അയാളുടെ വാർദ്ധക്യത്തിനും സൌമ്യതക്കും അപ്പുറത്ത്, വെളിപ്പെടാവുന്ന ഒരു തേറ്റ എപ്പോഴുമുണ്ട്. സൌമ്യമായ ചോരക്കളിയ്ക്ക് പറ്റിയ തെരെഞ്ഞെടുപ്പ്)  വലതുകൈയിലെ വിരലുകളെ താനെടുക്കാറില്ലെന്ന് ദയാപൂർവം വിട്ടു കൊടുക്കുകയും ചെയ്യുന്നു. അയാൾക്ക് വിചാരിക്കുന്നതു പോലെ വാതുറന്നു വച്ചിരിക്കുന്ന കമ്പോളത്തിന്റെ കോമ്പല്ലും ദംഷ്ട്രയും ഇല്ല. (അഥവാ സിനിമ അങ്ങനെ ഭാവിക്കുന്നു) ഉള്ളത് വിരലുകളാണ്. വിരലുകൾ സൂപ്പുണ്ടാക്കാൻ മാത്രമല്ല, മടക്കിപ്പിടിച്ച് വിവരക്കേടുകളുടെയും വീണ്ടുവിചാരമില്ലായ്മയുടെയും മണ്ടയ്ക്കിട്ട് ഞോടാനും ഉപയോഗിക്കാം, മുൻപ് അമ്മാവന്മാർ മരുമക്കളെ അങ്ങനെ തിരുത്തിയിരുന്നു. ഇന്ദ്രിയ സുഖങ്ങൾ ക്ഷണികമാണെന്ന കാഴ്ചപ്പാടിനെ താലോലിക്കുന്നതിനെ വേണമെങ്കിൽ ആത്മീയമായ അന്തർധാരയെന്നൊക്കെ പറയാം. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം എന്നാണ് എഴുത്തച്ഛന്റെ രാമൻ ലക്ഷ്മണനെ ഉപദേശിച്ചത്. അടുത്തവരിയിൽ ‘വേഗേന നഷ്ടമാം ആയുസ്സും ഓർക്ക നീ’ എന്നും എഴുതി.  പെട്ടെന്ന് തീർന്നു പോകുന്ന ജീവിതത്തിൽ സുഖത്തിനു വേണ്ടി കിണയണമെന്നാന്നോ വാലെ വാലെ കണ്ണീരൊലിപ്പിച്ചിരിക്കണമെന്നാണോ രണ്ടാമത്തെ വരി വായിച്ചാൽ തോന്നുക? സുഖങ്ങൾ ക്ഷണികമായിരുന്നെങ്കിൽ അതിനു ഇങ്ങനെ നീണ്ട ചരിത്രമുണ്ടാകുന്നതെങ്ങനെ? നാവിന്റെ രുചി ക്ഷണികമാണെന്നും അതിനു വേണ്ടി വെട്ടി മുറിക്കാനുള്ളതല്ല വിരലുകളെന്നുമുള്ള ബോധം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ വലിഞ്ഞുകയറിയാൽ കുറ്റം പറയാനൊക്കുകയില്ല. പ്രാഥമിക തലത്തിൽ അങ്ങനെയൊക്കെയുണ്ട്. അതും ഒരു നിഷ്ഫലമായ, ആലോചനയില്ലാത്ത പ്രവൃത്തിയാണെന്ന കറുത്തഫലിതത്തിന്റെ അകമ്പടിയോടെ. മുറിച്ചു കൊടുത്ത വിരലുകളും കുടിച്ച പാനീയത്തിന്റെ അപൂർവമായ രുചിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന സിനിമയുടെ അന്ത്യത്തിലെ പ്രകടമായ പരാമർശം വഞ്ചിക്കപ്പെടുന്ന യുവത്വത്തിനുള്ള താക്കീതായി വായിക്കാം. (കുട്ടികളേ, നിങ്ങൾ സഞ്ചരിക്കുന്ന വഴിയിലെങ്ങും ചതിക്കുഴികളാണ് ! അതു കൊണ്ട് എടുത്ത് ചാടരുത്. ) മാറിയ കാലത്തിൽ കുട്ടികൾക്കെന്നല്ല ആർക്കും ചതി പറ്റാം. അതുകൊണ്ട് രണ്ടു പ്രാവശ്യം ചിന്തിക്കുക. 

വെളിപ്പെട്ടു പോകുന്ന ഗുണപാഠങ്ങളും നിലപാടുകളും മികച്ച കലാസൃഷ്ടിയ്ക്ക് ഭൂഷണമല്ല. സാമാന്യധാരണകൾക്ക് അരുപറ്റി ചരമമടയാനാണ് അത്തരം ജനുസ്സുകളുടെ വിധി. എങ്കിലും അത് സംസ്കാരത്തിന്റെ ഭൂഗർഭ അറകളിൽ നിന്ന് വെള്ളം കോരി നനയ്ക്കുന്ന ഏതു ചെയ്വനയ്ക്കും ഒഴിച്ചുകൂടാൻ പാടില്ലാത്തതാണെന്നും അത്രയും കൊണ്ടു മാത്രം ചാരിതാർത്ഥ്യമടയുന്ന ഘടനയല്ല സിനിമയ്ക്കുള്ളതെന്നും ഉള്ള സമവായ നിലയിൽ കുറച്ചു കൂടി മുന്നോട്ടു പോകേണ്ടതുണ്ടെന്നു തോന്നുന്നു.

പ്രലോഭനങ്ങളുമായി തുറന്നിട്ടിരിക്കുന്ന കമ്പോളത്തിന്റെ സാന്നിദ്ധ്യം സിനിമയിൽ വ്യക്തമായും ഉണ്ട് എന്നാണ് പറഞ്ഞു വന്നത്. ക്രിസ്തുവിന്റെ ഷോപ്പിംഗ് ബാഗുമായുള്ള  ഗ്രാഫിറ്റിയും ‘അയല പൊരിച്ചതുണ്ട്..’ എന്ന എൽ ആർ ഈശ്വരിയുടെ പ്രസിദ്ധമായ പാട്ടും കമലാഹാസന്റെ തീരെ അവ്യക്തമായ ഭാഷണവും ഉണ്ണുനീലിയുടെ കറുത്ത മുഖപടം നീങ്ങിവരുന്ന പോസ്റ്ററും കല്യാണസൌഗന്ധികം ആട്ടക്കഥയിലെ പദവും ശ്രദ്ധിക്കാൻ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് അടിവരയിട്ടരീതിയിൽ ക്രെഡിറ്റുകളിലെ പരാമർശങ്ങളിൽ നിന്നും പ്രത്യേകം തെളിയുക കൂടി ചെയ്യുന്നുണ്ട്. സാധാരണ കഥാപാത്രങ്ങൾ വഴിയിലൂടെ നടക്കുന്നതിനിടയിലെ ശബ്ദ/ദൃശ്യ കോലാഹലങ്ങൾ സിനിമയുടെ ശബ്ദശില്പിയുടെയും കലാസംവിധായകന്റെയും  ഒറ്റപ്പെട്ട വൈദഗ്ദ്ധ്യപ്രകടനത്തിനപ്പൂറം പോകുന്ന അർത്ഥസൂചനകളുണ്ടെന്ന് തിരിച്ചറിയാൻ നിർബന്ധിക്കപ്പെടുന്നത് വെറുതെയാവില്ല. അയലപൊരിച്ചതും  കരിമീൻ വറുത്തതും ഒരുക്കി വച്ച് നായകനെ ഉണ്ണാൻ ക്ഷണിക്കുന്ന സ്ത്രീസ്വരത്തിന് തുറന്നിട്ട ഒരു ആപണശാലയുടെ പ്രലോഭനങ്ങളുമായി കൂട്ടിവായിക്കാവുന്ന അർത്ഥം  നൽകപ്പെട്ടിരിക്കുന്നു. സ്ത്രീയോടുള്ളതുപോലെയൊരു ആസക്തി മുറുകി മുറുകി വട്ടായി പോയതാണ് (ദുരുപയോഗം ചെയ്യപ്പെട്ട യുക്തി, ഭ്രാന്ത് ആകുന്നു –reason misused becomes lunacy-എന്ന് ഗാന്ധിജി) മുടന്തിയും കൂടെയുള്ളവനെ നയിച്ചും കേവല കൌതുകത്തോടെ, പ്രത്യേക സൂപ്പു വിൽക്കുന്ന ഒരു സാധാരണ കടയിലെത്തുന്നത്.  കഥാപാത്രങ്ങളുടെ സംഭാഷണത്തിനിടയിലെ,  സിക്സ്പാക്ക് മസിൽ, ലൈംഗിക വീര്യത്തിനുള്ള മരുന്ന് , റെയ്ഡ്. പരാമർശങ്ങൾ വെറുതെയല്ല. ഏതാകർഷണത്തെയും സമീകരിക്കാൻ സ്ത്രീ അപ്പുറത്ത് വേണം. പ്രിയ എന്നൊരാളിന്റെ ഫോൺ വിളികൾ നിർദ്ദയം ഓഫാക്കപ്പെടുന്നുണ്ട്. പിന്നെയൊരു ചേച്ചിയുടെ വിളി, തൊഴിൽ പരമായ സൂചനകൾക്കായി ഉൾച്ചേർത്തിരിക്കുന്നതുമാണ്.

മനുഷ്യൻ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനറിയാവുന്ന ജന്തുവാണല്ലോ. തള്ളവിരലുമായി മറ്റു വിരലുകൾ കൂട്ടി തൊടാൻ തുടങ്ങിയ കാലം മുതൽ മനുഷ്യൻ പണി ചെയ്യാൻ അറിയാവുന്ന ജന്തു കൂടിയായി. നെറ്റി വിയർത്ത് അപ്പം ഭക്ഷിക്കുന്നത് ഒരു ശാപമായിരിക്കുന്നത് ഭൂമിയിലാണ് പറുദീസയിൽ ഇമ്മാതിരി വേവലാതികൾ ഇല്ല. വിരലുകൾ നഷ്ടപ്പെടുക എന്നാൽ പറുദീസയിലേയ്ക്കുള്ള യാത്രയിലാണെന്ന് അർത്ഥം. ഭക്ഷണം നേടാൻ തൊഴിലെടുക്കേണ്ടി വരിക എന്നത് മുഴുവൻ ജീവജാലങ്ങളുടെയും തലവിധിയായതുകൊണ്ടാണ് വിശേഷബുദ്ധിയുള്ള മനുഷ്യൻ തൊഴിൽ രഹിതസമൂഹ (Jobless Society) ത്തെക്കുറിച്ചു കൂടി ചിന്തിക്കാനിടയായത്. അതാണ് സ്വർഗത്തിലേയ്ക്കുള്ള പിന്മടക്കം. മൊബൈൽ ഗെയിം, ഫോൺ, പല്ലുഡോക്ടറുടെ പണി, വിരലുകൾക്കിടയിലെ എരിയുന്ന സിഗരറ്റ് ഇങ്ങനെ മേശമേലുള്ള താളം കൊട്ടലും ചെവിയ്ക്കകത്ത് വിരലിടലും ഉൾപ്പടെ വിരലുകളുടെ ഉപയുക്തത വ്യക്തമാക്കുന്ന നിരവധി ദൃശ്യസൂചനകൾ നൽകിക്കൊണ്ടാണ് ദീർഘമായ ദൂരം വഴി നടക്കേണ്ടുന്ന ധർമ്മങ്ങളുള്ള വിരലുകളെ, നാവുകളുടെ താത്കാലിക സുഖത്തിനായി മുറിച്ചെറിയാൻ തയാറാവുന്ന മനഃസ്ഥിതിയെ സിനിമ വെളിവാക്കുന്നത്. ഇതൊരു താക്കീതല്ല, പകരം വയ്ക്കാവുന്ന സജീവമായ രൂപകങ്ങൾ ഈ ആശയഗതിയ്ക്കകത്ത് പ്രവർത്തിക്കുന്നുണ്ട്.

രഞ്ജിത്ത്, വിവേക് എന്നീ കഥാപാത്രങ്ങൾ നടന്നു വന്നു വീഴുന്ന കള്ളക്കുഴിയുടെ മറുവശത്ത് ‘അംഗുലിചാലിത’ത്തിന്റെ സാമ്പത്തികശാസ്ത്രത്തിന് ഉപസ്ഥിതിയുണ്ട്. ഉൽപ്പന്നത്തെ നിഗൂഢതയാൽ പൊതിയുക. അപൂർവമാണെന്ന് വരുത്തിത്തീർക്കുക.  ആവശ്യം ഉയരും. പണം കൊണ്ട് എല്ലാം വാങ്ങാൻ പറ്റില്ലെന്നാണ് പഴമക്കാർ പറയുന്നതു തന്നെ കടക്കാരനും പറയുന്നുണ്ട്.  ഇവിടെ മൂല്യം വിധേയത്വം കൂടിയാണ്. അപൂർവമായ രുചികൾ അനുഭവിക്കാൻ നേടിയതൊന്നും പ്രസക്തമല്ലാതാവുകയും ഉള്ളത് നഷ്ടപ്പെടുത്താനുള്ള സന്നദ്ധത ആവശ്യമായി വരികയും ചെയ്യുന്ന തരം രാവണൻ കോട്ടയിലേയ്ക്കാണ് സിനിമ വിരൽ ചൂണ്ടി കയറ്റി വിടുന്നത്. വിരലു ചൂണ്ടി സംസാരിക്കുന്നത് ഒരു തരം നിഷേധപ്രക്രിയയായതുകൊണ്ട് ചൂണ്ടു വിരലുകൾ മുറിച്ചു വാങ്ങുന്നത് ഒരു തരം പ്രതീകാത്മക അനുസരിപ്പിക്കലും കൂടി ആണ്. ( സിനിമയിൽ നിരുപാധികം വലതു കൈ വിരലുകൾ രക്ഷപ്പെടുന്നതിനാൽ ആഗോളവൽക്കരണത്തിന്റെ ഹിംസാരൂപം പടിവാതിൽക്കൽ മാത്രമെത്തി കാത്തു നിൽക്കുന്നതായി കണക്കാക്കിയാൽ മതി.) ലോകരുചിയുടെ ജനപ്രിയതയ്ക്കു പിന്നിലെ ക്രൂരതകളെപ്പറ്റിയുള്ള സാമാന്യധാരണകളെ സിനിമ ലളിതമായ രീതിയിൽ പിന്തുടരുന്നു എന്നു വേണം മനസ്സിലാക്കാൻ. മനുഷ്യഭ്രൂണത്തിന്റെ രുചിയെക്കുറിച്ചുള്ള ലുങ്കിവാർത്തകൾ (ലുങ്കി റ്റൈംസ്)  ഭക്ഷ്യ കുത്തകകളുടെ അപൂർവ രുചിവിഭവങ്ങളുടെ ആഗോള വിപണനങ്ങൾക്കൊപ്പം പ്രചരിച്ചിരുന്നു എന്നോർക്കുക.  യന്ത്രം വഴി ഭക്ഷണം കൊക്കിനുള്ളിൽ കുത്തി നിറയ്ക്കുന്നതിന്റെയും അമിതഭക്ഷണത്താൽ കനം വച്ച് പക്ഷികൾ ചോര തൂറുന്നതിന്റെയും ചിത്രങ്ങൾ വന്നു. ജനെറ്റിക് എഞ്ചിനീയറിംഗ് വഴി തൂവലുകൾ പോലും മാംസമാക്കി പരിവർത്തിപ്പിച്ച വിചിത്രപക്ഷികളുടെ ഇറച്ചിയാണ് ആഗോളരുചിബ്രാൻഡുകളുടെയായി നാം അകത്താക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വാർത്തകൾ പറഞ്ഞത്.

വിരലുനക്കിയാണ് പണ്ട് നാം രുചി അറിഞ്ഞിരുന്നതും അറിയിച്ചിരുന്നതും. പ്രാദേശികമായ ഒരു വഴക്കമാണ് അതിനു പിന്നിൽ.  വിരലിനും രുചിയ്ക്കുമായി ഒന്നിച്ചിരിക്കാൻ സാദ്ധ്യമല്ലെന്നാണ് സിനിമാകഥയുടെ നീതി. വിരൽ നഷ്ടപ്പെടുത്തേണ്ടി വരുന്നതുപോലെയൊരു വിലപിടിച്ച കൃത്യമാണ്  സൂപ്പിന്റെ അപൂർവ രുചിയ്ക്കു പിന്നിലെ വാസ്തവം. അതു നാവിനെയല്ല ബോധത്തെയാണ് തൃപ്തിപ്പെടുത്തുന്നത്. ആ സുഖം തീർത്തും ക്ഷണികവുമല്ല. ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടുത്തി, ഒന്ന് നേടുന്നതിന്റെ ചാരിതാർത്ഥ്യമാണ് രുചിയുടെ കാതൽ. വിശിഷ്ടവിഭവത്തിന്റെ ചേരുവയിൽ അതുകൊണ്ട് വിരലില്ലെന്നതും അതൊരു മിഥ്യമാത്രമാണെന്നും ചലച്ചിത്രത്തിന്റെ അവസാനത്തിൽ പറയാൻ നടത്തിയ ശ്രമം പൂർണ്ണമായും സത്യമല്ല. കലാസൃഷ്ടികൾ പ്രകടമായും പ്രത്യക്ഷത്തിലും സ്വീകരിക്കുന്ന ഗുണപാഠ ഉള്ളടക്കങ്ങൾ അവ്യുടെ പപ്പും പൂടയും ഉപേക്ഷിച്ച് പറക്കുകയും സ്വന്തം നിലയിൽ അവ നിലപാടുകൾ വെളിവാക്കുകയും ചെയ്യുന്ന പരിണതിയാണിത്.
സിനിമയിൽ മൂർത്തരൂപത്തിൽ ഒരു സ്ത്രീ സന്നിഹിതയാവാതിരിക്കുന്നതിനെപ്പറ്റി മുൻപ് സൂചിപ്പിച്ചു. അതേ സമയം സിനിമ കമ്പോളത്തിന്റെ ആകർഷണവലയത്തെ സ്ത്രീയുടെ വശ്യതയോ കാന്തികതയോ ആക്കി, മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ പശ്ചാത്തലത്തിൽ നിർത്തിയിരിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ അസാന്നിദ്ധ്യവും നിഴലും തന്നെയാണ് സിനിമയിലെ ലൈംഗിക വിവക്ഷകളുടെ ദിശാസൂചിയും. ഡെസ്മണ്ട് മോറിസ് മനുഷ്യന്റെ വിരലുകൾ ലൈംഗിക സൂചകങ്ങളായിരിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ലാറ്റിൻ ഭാഷയിൽ പോളെക്സ് എന്നു പറയുന്ന തള്ളവിരൽ പുരുഷലിംഗാർത്ഥസൂചകമായി വീനസിനു സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. മോതിരവിരലും നടുവിരലും തമ്മിലുള്ള നീളത്തിന്റെ അനുപാതം മനുഷ്യന്റെ സെക്സ് ഡ്രൈവുമായി ബന്ധപ്പെട്ടിരിക്കുന്ന സംഗതിയാണെന്ന് ഗവേഷണങ്ങൾ പറയുന്നു. നടുവിരൽ എന്ന തുറിച്ചു നിൽക്കുന്ന ലിംഗവും മടക്കിയ ചൂണ്ടു-പാമ്പു വിരലുകളുടെ വൃഷണങ്ങളും പുരാതന റോമിലെ തെരുവിൽ രൂപം കൊണ്ട ചിഹ്നസൂചനകളാണെങ്കിൽ ചെറുവിരലുടെ കൂട്ടിപ്പിണക്കുന്നതിലെ സാമൂഹികത അമേരിക്കയിൽ നിന്നും പ്രചരിച്ചതാണ്. യൂറോപ്യർ വിലപേശൽ ഉറപ്പിക്കാനും ഒരേ വാക്ക് ഒരേ സമയം രണ്ടു പേർ ഉച്ചരിച്ചാലും അവർ ചെറുവിരലുകൾ പിണച്ചു. പുരാതനപ്രതിമകളിലെ ചേർത്തു പിടിച്ച കൈപ്പത്തികളിൽ നിന്ന് മാറി നിൽക്കുന്ന ചെറുവിരലുകൾ അവർ അനുഭവിച്ചിരുന്ന ലൈംഗികസ്വാതന്ത്ര്യത്തിന്റെ സൂചനയായിരുന്നു.   ‘അംഗുലീചാലിത’ത്തിന്റെ തുടക്കത്തിൽ കുട്ടികൾ കളിക്കുന്ന റോക്ക് പെപ്പർ സിസ്സർ -ലും പിന്നീട് ഒരാവേശത്തിൽ കഥാപാത്രങ്ങളിൽ ഒരാൾ തെരുവിൽ വച്ച് കളിക്കുന്ന ഇതേ കളിയിലും ചെറു വിരലുകളുടെ കൂട്ടിത്തൊടൽ ഉണ്ട്. (ചിഹ്നങ്ങളുടെ കോളനീവാഴ്ചയെ രുചിയുടെ കോളനീവാഴ്ച പോലെ അപകടകരമായി കണക്കിലെടുക്കാറില്ല. സർഗാത്മകതയുടെ ചെലവിലാണത്.)  ഒരു വശത്ത് അപൂർവരുചി പരീക്ഷണത്തിനായി ആദ്യം മുറിച്ചെറിയുന്നത് ഈ സാമൂഹികതയുടെ ചിഹ്നമാണെങ്കിൽ (ഒരു പ്രയോജനവും ഇല്ലാത്ത വിരൽ എന്നാണ് ചെറു വിരലിനെക്കുറിച്ചുള്ള സിനിമയിലെ പരാമശം, കാതിൽ അതേ വിരലിട്ടുകൊണ്ട്) വിരലുകളെ പൂർണ്ണമായും മുറിച്ചെറിയുന്നതിലൂടെ അർത്ഥമാക്കുന്ന ലൈംഗികതയുടെ ഇല്ലാതാക്കൽ ഉണ്ട്. നേരത്തെ വിപണിയുടെ കാര്യത്തിൽ പറഞ്ഞ സിക്സ് പാക്കും റെയ്ഡും പവർ ഗുളികകളും - എന്നിവകളുടെ പരാമർശത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്ന ഇല്ലായ്മയും - , സംസാരിക്കാതെ കട്ട് ചെയ്യപ്പെടുന്ന പ്രിയയുടെ ഫോൺ കാളുകളും  ലൈംഗികതയിൽ നിന്നുള്ള ഒഴിഞ്ഞു പോക്ക് ആയും വിലയിരുത്താവുന്നതാണ്. രുചി വിഭവം സമൂഹത്തിന്റെ ഒരു പ്രലോഭനമാണ്. അതിന്റെ രുചി ആസ്വദിക്കണമെങ്കിൽ നിങ്ങൾ പൂർണ്ണമായും വരിയുടയ്ക്കലിനു വിധേയമാവേണ്ടതുണ്ട്. നിശ്ചയിക്കപ്പെട്ട അതിരിനുള്ളിൽ നിശ്ചയിക്കപ്പെട്ട രീതിയിൽ നിശ്ചയിക്കപ്പെട്ട നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നിങ്ങൾ ചുരുണ്ടുകൂടാൻ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം നിങ്ങൾ ഒരിക്കൽ രുചിച്ച നിങ്ങളുടെ തന്നെ രുചിയാണെന്ന് നിങ്ങൾക്കു തോന്നുന്നു. സ്ഫിംഗ്സ് സ്വന്തം ശരീരഭാഗങ്ങൾ കടിച്ചു മുറിച്ച് തിന്ന് മരിച്ചത് ഈഡിപ്പസിനോട് തോറ്റതു കൊണ്ടാണ്. മുതലാളിത്ത- കുത്തക - കമ്പോള മൂർത്തരൂപങ്ങളെ കുറച്ചുനേരത്തേയ്ക്ക് മാറ്റിവച്ചാൽ ഒരു ഇന്ദ്രിയത്തിന്റെ മൂർച്ചയ്ക്കായി (മൂർച്ഛ തന്നെ)  മറ്റൊരിന്ദ്രിയത്തെ ബലികൊടുക്കുന്നിടത്ത് എത്തും. ശരീരത്തിലാണ് ഇന്നിപ്പോൾ വർഗസമരങ്ങൾ ! സന്മാർഗത്തിന്റെയും സദാചാരത്തിന്റെയും കാലത്ത് സമ്പൂർണ്ണമായ ലൈംഗിക വിധേയത്വവും വരിയുടയ്ക്കലും കൂടുതൽ അല്ലലില്ലാത്ത രുചികരമായ ജീവിതം മോന്തിക്കുടിക്കാനുള്ള സൌജന്യം പ്രദായനം ചെയ്യുമെന്നുള്ള  വാസ്തവത്തെ രൂപകാത്മകമായി പറഞ്ഞു വയ്ക്കുന്നതിലൂടെ സിനിമ സമകാലത്തെ മറ്റൊരു തരത്തിലും സ്വാംശീകരിക്കുന്നു.