May 31, 2026

ചരിത്രം മുന കൂർപ്പിച്ച സുവിശേഷങ്ങൾ : പി കെ ബാലകൃഷ്ണന്റെ എഴുത്തുകളിലെ രസതന്ത്രവും ബലതന്ത്രവും

 

                     


    പത്താം ക്ലാസിൽ സ്‌കൂളിൽ മലയാളത്തിന് സ്വര്‍ണ്ണമെഡൽ നേടിയ വിദ്യാര്‍ത്ഥിയായിരുന്നു ചെറായിക്കടുത്ത എടവനക്കാട് ജനിച്ച പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ ലഭിച്ചതോടെ കോളേജിൽനിന്നു പുറത്തായി. ഇക്കാലത്ത് പി കെയുടെ സഹപാഠിയായിരുന്നു പി ഭാസ്കരൻ. പുറത്തു കലങ്ങി മറിയുന്ന രാഷ്ട്രീയത്തിനു വരികൊടുത്തുകൊണ്ട്, കൊച്ചിരാജ്യത്തിലെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഘടകമായ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ചു. പിന്നീട് മത്തായി മാഞ്ഞൂരാനോടൊപ്പം കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവാംഗമായി. പാർട്ടി മുഖപത്രമായ സോഷ്യലിസ്റ്റ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുടെ ചുമതല വഹിച്ചു.  അതിനു മുൻപ് കോളേജിൽവച്ച് വിദ്യാർത്ഥികളുടെ രാഷ്ട്രീയവാരികയായ ‘ആസാദി’ന്റെ നടത്തിപ്പിൽ പങ്കെടുത്ത പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. ജനങ്ങള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ആ കാലത്ത് അസാധാരണമായ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു മാഞ്ഞൂരാൻ. എഴുത്തുകാരനും മികച്ച പ്രസംഗകനുമായിരുന്ന അദ്ദേഹത്തെ “ഞാൻ ജീവിതത്തിൽ സന്ധിച്ചിട്ടൂള്ള ഏറ്റവും വലിയ വ്യക്തിപ്രഹേളിക” എന്നാണ് പി കെ ബാലകൃഷ്ണൻ വിശേഷിപ്പിക്കുന്നത്. (മത്തായി മാഞ്ഞൂരാനെപ്പറ്റി) കൗമാരക്കാലത്താരംഭിച്ച രാഷ്ട്രീയ പ്രവർത്തനങ്ങളാണ് കുറിക്കു കൊള്ളുന്ന വാക്കുകൾ പ്രയോഗിക്കുന്ന ബാലകൃഷ്ണനിലെ വാഗ്മിയെ എന്നപോലെ വിഷയം സാഹിത്യമായാലും സാമൂഹികമായാലും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയാനുള്ള ധൈര്യശാലിയെയും നാട്യങ്ങളില്ലാത്ത മനുഷ്യസ്നേഹിയെയും രൂപപ്പെടുത്തിയത് എന്നു പറയാം. അധികം താമസിക്കാതെ സജീവ രാഷ്ട്രീയരംഗത്തുനിന്നു അദ്ദേഹം പിന്മാറിയെങ്കിലും ഊർജസ്വലനായ മനുഷ്യപക്ഷപാതിയായ രാഷ്ട്രീയപ്രവർത്തകൻ അദ്ദേഹത്തിന്റെ ഉള്ളിൽ സദാ പ്രവർത്തനനിരതനായിരുന്നു. നിശിതമായ നിലപാടുകളും അവയോടുണ്ടായിരുന്ന ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത ആത്മാർത്ഥതയും നിർഭയത്വവും മാനുഷികമായ ചായ്‌വും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചതിന്റെ നീക്കിയിരിപ്പാണ്. പിതാവിനു തുല്യനായ സഹോദരൻ അയ്യപ്പനെയും അദ്ദേഹമിരിക്കുന്ന വേദിയിൽ വച്ച് പി കെ ബാലകൃഷ്ണൻ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ആശയപരമായ എതിർപ്പുകൾ വ്യക്തിബന്ധങ്ങളെ ബാദിച്ചില്ലെന്നു മാത്രമല്ല, ജീവിതകാലം മുഴുവൻ നീണ്ടുനിന്ന പാവനമായ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും ആധാരസ്ഥാനമായി ആ വിമർശനം മാറുകയും ചെയ്തുവെന്നതാണ് അതിനുള്ളിലെ ഗുണപരമായ വിരോധോഭാസം.

          സദാ തീപിടിച്ച ചിന്തകളുമായി നടന്ന ഒറ്റയാനായിരുന്നു പി കെ ബാലകൃഷ്ണൻ. സജീവരാഷ്ട്രീയത്തിൽനിന്നും ഉപജീവനത്തിനായി അദ്ദേഹം എത്തിച്ചേർന്നത് നവഭാരതം ദിനപ്പത്രത്തിലാണ്. സ്ഥാപനവത്കരിക്കപ്പെട്ട എന്തിനെയും അഴിച്ചു നോക്കി തീരുമാനത്തിലെത്താൻ വ്യഗ്രതപ്പെട്ട ഏകാന്തസഞ്ചാരി. അതിനനുസരിച്ചുള്ള വ്യക്തിമാതൃകകൾ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു, സഹോദരൻ അയ്യപ്പൻ, മത്തായി മാഞ്ഞൂരാൻ, വൈക്കം മുഹമ്മദ് ബഷീർ, സി ജെ തോമസ്, അയ്യപ്പപ്പണിക്കർ....

          പി കെ ബാലകൃഷ്ണന്റെ പൊതുവായ സാഹിത്യപ്രവർത്തനത്തിനു ആരംഭം കുറിക്കുന്നത് വൈലോപ്പിള്ളിയുടെ തൂലികാചിത്രം വരച്ചുകൊണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പ്രൊഫ. എം കെ സാനു എഴുതുന്നു. മലയാളരാജ്യം, ജയകേരളം, ദീനബന്ധു തുടങ്ങിയ ആനുകാലികങ്ങളുമായി മുൻപുതന്നെ അദ്ദേഹം സഹകരിച്ചിരുന്നു. അതിനെ തുടർന്നാണ്, നവഭാരതത്തിലെത്തുന്നത്. അവിടെനിന്ന്  എറണാകുളത്ത് പുസ്തകക്കട നടത്തിയിരുന്ന മുഹമ്മദ് ബഷീറിനൊപ്പം ബാലകൃഷ്ണനും ചേർന്നു. സർക്കിൾ ബുക്ക് ഹൗസ് അങ്ങനെയുണ്ടായതാണ്. അവിടെനിന്ന് അദ്ദേഹം കോഴിക്കോടുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദിനപ്രഭപത്രത്തിന്റെ പത്രാധിപരായി മാറി.

          സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ 1954-ൽ പ്രസിദ്ധരുടെ അനുസ്മരണങ്ങളും ലേഖനങ്ങളും ചേർത്ത് ‘നാരായണഗുരു’ എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുമ്പോൾ ചുമതല നൽകിയത് ബാലകൃഷ്ണനാണ്. അതൊരു വിപ്ലവമായിരുന്നു. നാരായണഗുരുവിനു ചുറ്റുമായി വർദ്ധിച്ചുവന്നുകൊണ്ടിരുന്ന ദിവ്യപരിവേഷത്തെയും ഒരു വിഭാഗത്തിന്റെ മഹാചാര്യൻ എന്ന മുൻധാരണയെയും മാറ്റി നിർത്തി, കാലത്തെ കടന്നു കണ്ട മഹാമനീഷിയും സാമൂഹിക പരിഷ്കർത്താവും ചരിത്രമാനങ്ങളുള്ള ഉന്നതവ്യക്തിത്വവുമായി അവതരിപ്പിക്കാനാണ്, പി കെ ബാലകൃഷ്ണൻ ശ്രമിച്ചത്. സാമ്പ്രദായിക രീതിക്കാരുടെ എതിർപ്പിനെ അദ്ദേഹം അവഗണിച്ചു. അതിനുള്ള സർവ പിന്തുണയും സ്വാതന്ത്ര്യവും നൽകികൊണ്ട് കൂടെ നിന്നത് സഹോദരൻ അയ്യപ്പനായിരുന്നു. അദ്ദേഹം നടത്തിവന്ന പ്രസിൽ ബാലകൃഷ്ണന്റെ താത്പര്യത്തിനനുസരിച്ചായിരുന്നു പുസ്തകത്തിന്റെ അച്ചടി. അതിനായി ആദ്യം അച്ചടിച്ച പേജുകൾ കളയാനും അയ്യപ്പൻ മടിച്ചില്ലത്രേ. കവറു വരച്ചത് സി ജെ തോമസും. സി പി രാമസ്വാമി അയ്യരും, ഡോ. ഇ തേഴ്സ്റ്റണും തുടങ്ങി മന്നത്തു പത്മനാഭനും ഇ എം എസും സുകുമാർ അഴീക്കോടുംവരെ നാല്പത്തിയഞ്ചോളം എഴുത്തുകാർ നാരായണഗുരുവിനെപ്പറ്റി എഴുതുന്നുണ്ട്. അതോടൊപ്പം രാജകീയ വിളംബരങ്ങളും മുഖപ്രസംഗവും സർക്കാർ കല്പനകളും മെമ്മോറാണ്ടങ്ങളും   ചേർത്തിരിക്കുന്നു. അയ്യൻ കാളിയെയും ഡോ. പല്പുവിനെയും ടി കെ മാധവനെയും പോലുള്ള, അക്കാലത്തെ മഹാന്മാരായ ജനനേതാക്കളെപറ്റിയുള്ള ലേഖനങ്ങളും ഉണ്ട്.  നാരായണഗുരുവിന്റെതന്നെ രചനകളും അദ്ദേഹത്തെപ്പറ്റിയുള്ള ഐതിഹ്യകഥകൾ നുറുങ്ങുകളായി ചേർത്തിട്ടുമുള്ള പുസ്തകത്തിലെ, മുഖവുര ഉൾപ്പടെ 14 ലേഖനങ്ങൾ എഡിറ്ററായ പി കെ ബാലകൃഷ്ണന്റെയാണ്. എം പി പോളിന്റെ പുസ്തകനിരൂപണവും പിന്നീടുള്ള പതിപ്പുകളിൽ അദ്ദേഹം ചേർത്തു.  ഇതെല്ലാംവച്ചുകൊണ്ടു നോക്കുമ്പോൾ കാലഘട്ടത്തിന്റെ പശ്ചാത്തലത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ബാലകൃഷ്ണൻ ശ്രമിച്ചതെന്നു മനസിലാകും. ‘നാരായണഗുരു’ പി കെ ബാലകൃഷ്ണൻ എന്ന വിഗ്രഹഭഞ്ജകനായ ഒരു എഡിറ്ററുടെ വരവറിയിച്ച പുസ്തകംകൂടിയാണ്.

          ‘നാരായണഗുരു’ ഒരു സ്മരണികയും സമാഹാരപുസ്തകവുമായിരുന്നെങ്കിലും അത് തന്റെ മാത്രം പുസ്തകമാണെന്ന് ബാലകൃഷ്ണൻ ആമുഖത്തിൽ എഴുതുന്നു. (“ഇതു തികച്ചും എന്റേതായ ഒരു കൃതിയായി കരുതി, സ്വകാര്യചിന്തയിൽ ഇതിനെക്കുറിച്ചു ഞാനഭിമാനം കൊള്ളുന്നു...”) 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയോടെ കേരളചരിത്രത്തിന്റെ രംഗവേദിയിലേക്ക് ഗുരു വെറുതേ പ്രവേശിക്കുകയല്ല ചെയ്തത്, കാലത്തിന്റെ ആവശ്യമായ നായകത്വം ഏറ്റെടുക്കുകയാണ്. അവധൂതനായി ഊരുചുറ്റി നടക്കുന്നതിലൂടെ എല്ലാത്തരം ജനങ്ങളുടെ ജീവിതാവസ്ഥകളെ നേരിട്ടു മനസിലാക്കി പങ്കാളിയാകാൻ കഴിഞ്ഞതിലും അവരുടെ സാമൂഹികനിലയെ ബാധിക്കുന്ന മർമ്മപ്രധാനമായ കാര്യം രോഗാതുരമായ ജാതിബോധമാണെന്ന് തിരിച്ചറിഞ്ഞത് പരിഹരിക്കാൻ ശ്രമിച്ചതുമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഗുരുവിന്റെ സുദീർഘമായ ജീവചരിത്രമാണ് അതിനുള്ള ആധാരം. 1987-ൽ എഴുതിയ ‘മനുഷ്യത്വത്തിലേക്ക് തീർത്ഥാടനം നടത്തിയ ഗുരു’ എന്ന ലേഖനത്തിൽ (വേറിട്ട ചിന്തകൾ, 2011) കാലാന്തരവിചാരമെന്ന നിലയ്ക്ക് ഗുരുവിന്റെ ചരിത്രപരമായ സാംഗത്യത്തെ ഒരു ചോദ്യത്തിനുത്തരമായി പി കെ ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

ചരിത്രത്തിലേക്കുള്ള നിർഭയസഞ്ചാരങ്ങൾ  

          ചരിത്രം എന്തുകൊണ്ട് പി കെ ബാലകൃഷ്ണനു പ്രധാന വിഷയമായി എന്നതിനു ഉദാഹരണവും ഇവിടെയുണ്ട്. സാമൂഹികമായ ചലനങ്ങളെ ആകമാനം കാലുകെട്ടി തടഞ്ഞിടുന്ന വ്യാധികളുടെ അടിസ്ഥാനകാരണം തിരിച്ചറിയാൻ ചരിത്രത്തിന്മേലൂള്ള ഗാഢമായ അന്വേഷണമല്ലാതെ മറ്റൊന്നില്ലെന്ന ബോധ്യമാണത്. ‘ടിപ്പു സുൽത്താൻ’ (1959) എന്ന ജീവചരിത്രപഠനത്തിനും ‘ജാതിവ്യവസ്ഥിതിയും കേരളചരിത്ര’വുമെന്ന (1983) ഗവേഷണഗ്രന്ഥത്തിനും അടിസ്ഥാനമായത് സാമൂഹികചരിത്രത്തിന്റെ ഗതിവിഗതികൾക്ക് ഉള്ളിൽ പ്രവർത്തിക്കുന്ന സ്രോതസുകളെ അകത്തിറങ്ങി, സവിശേഷമായി പരിശോധിക്കാനുള്ള താത്പര്യമാണ്. നിലവിലുള്ള ചരിത്രാഖ്യാനസമ്പ്രദായത്തെ മറികടന്ന നോട്ടമായി അതു പരിണമിച്ചു. ചരിത്രത്തിലുള്ള ടിപ്പുവിന്റെ സ്ഥാനത്തെ സത്യസന്ധമായി വിലയിരുത്താനുള്ള വിഷമം ചരിത്രയെഴുത്തുകാർ അദ്ദേഹത്തോടു കാണിച്ച നിർദ്ദയത്വമാണെന്ന് ബാലകൃഷ്ണനു് അഭിപ്രായമുണ്ടായിരുന്നു. ജാതിമതാദി ആഭിമുഖ്യങ്ങളും കൊളോണിയൽ പക്ഷപാതങ്ങളും ഒന്നിച്ചു ചേർന്ന് ടിപ്പുവിനെ, ഉള്ളതിൽ കവിഞ്ഞ ക്രൂരതയും മതശാഠ്യങ്ങളുമുള്ള നിഴൽരൂപമാക്കി മാറ്റിയെന്നാണ് ഉദാഹരണങ്ങൾ നിരത്തി പി കെ വാദിച്ചത്. ‘ടിപ്പുവും ചരിത്രകാരന്മാരും’ (1990) എന്ന പിൽക്കാല ലേഖനത്തിൽ ദൃഢമായി ഇക്കാര്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ലിഖിതരൂപത്തിൽ ലഭ്യമായ ചരിത്രസാമഗ്രികൾ, ഖനനങ്ങളിലൂടെ പുരാവസ്തുശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ തെളിവുകൾ - എന്നിവയുടെ അടിസ്ഥാനത്തിൽ കാർഷികഗ്രാമങ്ങളുടെ ആവിർഭാവംമുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലംവരെയുള്ള കേരളപ്രദേശത്തിന്റെ സാമൂഹികചരിത്രം യഥാതഥമായി രചിക്കാനുള്ള ശ്രമമാണ് ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവു’മായി മാറുന്നത്. ചരിത്രകാരനായ ഡി ഡി കോസാംബിയാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മാർഗദർശി. ചരിത്രരചനയുടെ വസ്തുനിഷ്ഠവും സാങ്കേതികവും അനലംകൃതവുമായ ഭാഷാരീതിയ്ക്കു പകരം വിമർശനസ്വഭാവമുള്ളതും ഊർജസ്വലവുമായ ഭാഷയ്ക്കുടമയായ ബാലകൃഷ്ണന്റെ എഴുത്തുരീതിയുടെ പ്രത്യേകതകളെല്ലാം ആകൃതിക്കുണ്ട്. കെ കെ എൻ കുറുപ്പിനെയും കെ എൻ ഗണേഷിനെയും പോലുള്ള അക്കാദമിക് ചരിത്രകാരുടെ വിമർശനം പുസ്തകത്തിനേൽക്കാൻ കാരണമായതും ഈ പ്രത്യേകതയാണ്. ക്ലിഷ്ടമായ വാക്യങ്ങളുടെ പേരിൽ ടിപ്പുസുൽത്താനിലെ ആഖ്യാനരീതിയും ഇതുപോലെ വിമർശനവിധേയമായിട്ടുണ്ട്.    സ്ഥലകാലവേഴ്ചയില്ലാത്ത ചരിത്രസങ്കല്പങ്ങൾ, ആത്മനാശത്തിലേക്കു ഘോഷയാത്ര നടത്തിയ പ്രാകൃതപ്രൗഢികൾ, വിചിത്രരാജവാഴ്ചകളുടെ വിചിത്രമായ ജനനം, ദ്വൈതമാർഗപ്പഴുതിലൂടെ മാനസികാന്ധ്യത്തിലേക്ക്’ – എന്നിങ്ങനെയുള്ള പുസ്തകത്തിലെ അദ്ധ്യായശീർഷകങ്ങളിലും പ്രസംഗശൈലിയെ ഓർമ്മിപ്പിക്കുന്ന വാക്യഘടനകളിലും അദ്ദേഹത്തിലെ പത്രപ്രവർത്തകനും സാഹിത്യവിമർശകനും പ്രഭാഷകനും ചരിത്രകാരനു മുകളിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. വസ്തുതാവിശകലനത്തിൽ സാമൂഹികചിന്തകനും ചരിത്രകാരനും കൈകോർക്കുകയും ചെയ്യുന്നു.  ‘ചരിത്രവസ്തുകളെ ഒരൊറ്റ വീക്ഷണത്തിന്റെ ചരടിൽ കോർത്തിണക്കിയതുകൊണ്ട് ദാർഢ്യമുള്ള വിചാരശില്പമായി മാറിയ, അനന്യമായ രചന’ എന്നാണ് എം കെ സാനു, ‘ജാതിവ്യവസ്ഥയും കേരളചരിത്രവു’മെന്ന പുസ്തകത്തെ വിലയിരുത്തുന്നത്.

കാലത്തെ കടന്നു കാണുന്നതിന്

          ‘നാരായണഗുരു’വിനുശേഷം പുറത്തിറങ്ങിയ ‘ചന്തുമേനോൻ ഒരു പഠനം’ (1957) സാമൂഹികശാസ്ത്രദൃഷ്ടിയിലൂടെ നോവൽസാഹിത്യത്തെ സമീപിച്ച കൃതിയാണ്. സി ജെ തോമസിന്റെ പ്രേരണയിൽ രണ്ടാഴ്ചകൊണ്ടാണ് പുസ്തകം രചിച്ചത്. ‘ശാരദ’യുടെ പഠനം പിന്നീട് കൂട്ടിച്ചേർക്കുകയും ആദ്യപതിപ്പിലെ ചില ഭാഗങ്ങൾ മൂന്നാം പതിപ്പിൽ (1971) ഒഴിവാക്കുകയും ചെയ്തു. മലയാളത്തിൽ സാഹിത്യമെന്നു പറഞ്ഞാൽ കാവ്യംമാത്രമായിരുന്ന കാലത്ത് ഗദ്യസാഹിത്യശാഖകൾ സമഗ്രമായ പഠനത്തിനും നിരൂപണത്തിനും  വിധേയമാക്കേണ്ടതുണ്ടെന്ന ദൗത്യനിർവഹണമാണ് ‘ചന്തുമേനോൻ ഒരു പഠനം’ വഴി സാക്ഷാത്കരിക്കപ്പെട്ടത്. പാശ്ചാത്യമിഷണറിമാരുടെ ഭാഷാപോഷണപ്രവർത്തനങ്ങളുടെ സദ്ഫലങ്ങളിലൊന്നായാണ് 1850-മുതൽ 1900-വരെയുള്ള കേരളീയ സമൂഹത്തിലെ സാമൂഹികമാറ്റത്തെ പി കെ ബാലകൃഷ്ണൻ കാണുന്നത്. അതിനു സമാന്തരമായി സംഭവിച്ചതാണ്  മലയാളഗദ്യത്തിന്റെ വളർച്ച. ഇംഗ്ലീഷ് ഭാഷയും സംസ്കാരവും നമ്മുടെ നവോത്ഥാനത്തിൽ ചെലുത്തിയ അദ്ഭുതകരമായ പ്രേരണയെ ചന്തുമേനോന്റെയും സി വി രാമൻപിള്ളയുടെയും നോവൽ സന്ദർഭങ്ങളുടെ താരതമ്യത്തിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് ‘ചന്തുമേനോൻ ഒരു പഠനം’ ആരംഭിക്കുന്നതുതന്നെ.  ‘മാർത്താണ്ഡവർമ്മ’യിൽ മാങ്കോയിക്കൽ കുറുപ്പിന്റെ തീപിടിച്ച വീട്ടിൽനിന്ന് യുവരാജാവിന്റെ ജീവൻ രക്ഷിക്കാൻ ആരുണ്ടെന്ന ആക്രോശത്തിനു മറുപടിയായി ‘അടിയൻ ലച്ചിപ്പോം’ എന്ന് ആർത്തുവിളിച്ചുകൊണ്ട് ചാടിവീഴുന്ന പ്രാകൃതവേഷധാരിയായ അനന്തപത്മനാഭനെയും, ‘ശാരദ’യിലെ രാമൻമേനോന്റെ പ്രഭുത്വത്തെപ്പറ്റിയുള്ള നിർവചനം കേട്ട് ‘ആങ്ഹാ, അത്രേയേയുള്ളോ!’ എന്നു പ്രതികരിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയായ കുഞ്ഞുശാരദയെയും ചേർത്തുവച്ചുകൊണ്ട്, ഫ്യൂഡലിസത്തിന്റെ തകർച്ചയും ദേശീയ മുതലാളിത്തത്തിന്റെ വളർച്ചയും, ഒരേ കാലഘട്ടത്തിൽ ജീവിച്ച രണ്ടു എഴുത്തുകാരെ എങ്ങനെ സ്വാധീനിച്ചു എന്നു വിശദീകരിക്കുകയാണ് ബാലകൃഷ്ണൻ. കാലാനുസൃതമായി പരിഷ്കരിക്കുന്ന സാമൂഹികവീക്ഷണത്തിന് നോവൽസാഹിത്യത്തിൽ പ്രധാനമായ സ്ഥാനമുണ്ട്.

          പി കെ ബാലകൃഷ്ണൻതന്നെ അവതരിപ്പിച്ചിട്ടുള്ള ‘സിദ്ധിയും സാധന’യുമെന്ന വിശിഷ്ടരചനാഗുണങ്ങൾക്ക് പുറത്തുനിൽക്കുന്ന എഴുത്തുകാരനാണ് സി വി രാമൻപിള്ള എന്ന് അദ്ദേഹത്തിനു അഭിപ്രായമുണ്ടെന്നു ഇതിനർത്ഥമില്ല. സാഹിത്യവിമർശന സന്ദർഭങ്ങളിലും പ്രവർത്തനനിരതനാകുന്ന സാമൂഹികനിരീക്ഷകനാണ് ജന്മിത്വത്തെക്കുറിച്ചുള്ള കഥാപാത്രങ്ങളുടെ അഭിപ്രായത്തെ താരതമ്യത്തിനു വിധേയമാക്കുന്നത് എന്നു തിരിച്ചറിയുന്നതായിരിക്കും സൗകര്യം. തികച്ചും സ്വന്തമായ ഒരു പ്രപഞ്ചത്തെ നോവലിലൂടെ സാക്ഷാത്കരിച്ചതിനാൽ മഹാന്മാരായ നോവലിസ്റ്റുകളുടെ വിഭാഗത്തിലാണ് അദ്ദേഹം സി വി രാമൻപിള്ളയെ കണ്ടത്. മലയാളസാഹിത്യം നാളിതുവരെ കണ്ടിട്ടുള്ള ജീനിയസ്സുകളിൽ പ്രധാനപ്പെട്ട വ്യക്തിയായി അദ്ദേഹം ഒരു ലേഖനത്തിൽ രാമരാജാബഹദൂറിന്റെ രചയിതാവിനെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. (‘സി വി എന്ന നോവലിസ്റ്റ്) ‘ഇനിഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ ഭാഷാപരിചരണത്തിൽ സി വി രാമൻപിള്ളയുടെ സ്വാധീനം വ്യക്തവുമാണ്.   എന്നാൽ സാമൂഹിക ചലനങ്ങളെ ഉൾക്കൊള്ളാനാവാത്ത സാഹിത്യരചനകളെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. രചനാപരമായ കൗശലങ്ങൾക്കൊപ്പം, ‘താൻ ജീവിച്ച കാലത്തേക്കാളും മുൻപിൽ പോകുന്ന അറിവുകളും ബോധങ്ങളും വിമർശനങ്ങളും’ ഒരു നോവലിസ്റ്റിനുണ്ടായിരിക്കണമെന്നത് അദ്ദേഹത്തിന്റെ ആദർശമായിരുന്നു. സത്യത്തെ കാണുന്ന കാഴ്ചയാണ് കല എന്ന് ഒരിടത്ത് അദ്ദേഹം എഴുതുന്നു. ആ സമീപനത്തെ രചനയുടെ ഭാഗമാക്കിയവരുടെ സാമൂഹികചിത്രങ്ങളാണ് സ്വയമറിയാതെ വിപ്ലവാത്മകമായിത്തീരുന്നത്. (കലയും സാമൂഹ്യവിപ്ലവവും)

നോവലുകളീലെ സംവാദവും സ്ഥലകാലങ്ങളും

          ചന്തുമേനോൻ ഒരു പഠനം, നോവൽ സിദ്ധിയും സാധനയും, നിദ്രാസഞ്ചാരങ്ങൾ എന്ന സമാഹാരത്തിലെ (1989) നോവലുമായി ബന്ധപ്പെട്ട രചനകൾ എന്നിവയിൽ പി കെ ബാലകൃഷ്ണൻ ചർച്ച ചെയ്യുന്ന നോവൽസങ്കല്പങ്ങൾക്ക് അദ്ദേഹത്തിന്റെതന്നെ പ്രസിദ്ധമായ നോവലുകൾക്ക് പശ്ചാത്തലമാകുന്നതെങ്ങനെയെന്നുള്ള ആലോചന വിസ്തൃതമായ മറ്റൊരു മേഖലയാണ്.  പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ (1963) ഇനി ഞാൻ ഉറങ്ങട്ടെ (1973) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. ദസ്തയെവ്സ്കിയുടെ ഒരു ചെറിയ നോവൽ ബാലകൃഷ്ണൻ വിവർത്തനം ചെയ്തതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരനും സുഹൃത്തുമായ പ്രൊഫ. എം കെ സാനു പറയുന്നുണ്ടെങ്കിലും (ഉറങ്ങാത്ത മനീഷി) ആ പരിഭാഷയെപ്പറ്റി മറ്റു വിവരങ്ങളൊന്നുമില്ല.

          മലയാളത്തിൽ ചന്തുമേനോനും സി വി രാമൻ പിള്ളയ്ക്കും പുറമേ അദ്ദേഹത്തെ ആകർഷിച്ച നോവലിസ്റ്റ് തകഴിയാണ്. ‘തകഴിയുടെ കയറിലേക്ക് ഒരു നടപ്പാത’യിൽ യൂഗോസ്ലാവിയൻ എഴുത്തുകാരനായ ഇവോ ആൻഡ്രിച്ചിന്റെ ‘ഡ്രിനാനദിയിലെ പാലത്തിനു’ തുല്യനിലയിലുള്ള നോവലായാണ് ‘കയറി’നെ അദ്ദേഹം കാണുന്നത്. രൂപപ്പെട്ടുവരുന്ന കേരളദേശത്തിന്റെ സാമൂഹിക-സാമുദായികചരിത്രത്തെ അടയാളപ്പെടുത്തിയ സാംസ്കാരികരേഖയാണ് കയർ. ഒരു പ്രദേശത്തിൽ ജീവിച്ച മനുഷ്യരുടെ ചലനങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും ആ ദേശത്തിന്റെ ചരിത്രത്തെ രേഖപ്പെടുത്താൻ ശ്രമിക്കുന്നു എന്നതിനാൽ, കേശവദേവിന്റെ അയൽക്കാർ, പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെതന്നെ ഏണിപ്പടികൾ, പാറപ്പുറത്തിന്റെ ആകാശത്തിലെ പറവകൾ, മലയാറ്റൂരിന്റെ യന്ത്രം എന്നീ നോവലുകളെയും അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യകാല നോവൽ ലക്ഷണഗ്രന്ഥങ്ങളായ നോവൽസാഹിത്യവും നോവൽസ്വരൂപവും മറ്റും ആശ്രയിച്ച, ഇ എം ഫോസ്റ്ററുടെ ശില്പഭംഗി, പ്രമേയം, കഥാപാത്രചിത്രീകരണം, ഔചിത്യം, രസനീയത തുടങ്ങിയവയോടു ആഭിമുഖ്യം പുലർത്തികൊണ്ടാണ് ബാലകൃഷ്ണന്റെ നോവൽ സങ്കല്പങ്ങളും രൂപപ്പെടുന്നത്.  എന്നാൽ കാലാനുക്രമമായി അദ്ദേഹത്തിന്റെ നോവൽ സങ്കല്പങ്ങൾക്കുണ്ടാവുന്ന വികാസം വ്യക്തമാണ്. വിവിധതലങ്ങളുള്ള സംവാദത്തിനും (ഡയലോജിസം) സ്ഥലകാലസംയുക്തമെന്ന (ക്രോണോടോപ്) നിലയിലുള്ള സംഭവങ്ങളുടെ സങ്കീർണ്ണതയ്ക്കും നോവൽ ഒരുക്കുന്ന സാധ്യത നോവലുകളുടെ പ്രധാന സ്വഭാവമായി എടുത്തു കാണിച്ചത് റഷ്യൻ ചിന്തകനായ മിഖായേൽ ബക്തിനാണ്. പി കെ ബാലകൃഷ്ണൻ ബക്തിനെ ഒരിടത്തും പരാമർശിക്കുന്നില്ല. അദ്ദേഹത്തിന്റെ പിൽക്കാലരചനകളിൽ ആശയമായും മാതൃകയായും വികസിപ്പിച്ചെടുക്കാവുന്ന നിലയിൽ ഈ സങ്കല്പനങ്ങളുടെ സ്ഫുരണങ്ങൾ കുടികൊള്ളുന്നുണ്ട്.

അവഗണനകളുടെയും അധിക്ഷേപങ്ങളുടെയും  സാമൂഹികമൂശകൾ

          ബഷീറിന്റെ ‘പാത്തുമയുടെ ആടി’ന്റെ വിദൂരഛായയുണ്ട്, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ എന്ന നോവലിന്. ബഷീറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു ബാലകൃഷ്ണന്. എറണാകുളത്തെ ബഷീറിന്റെ ബുക്‌സ്റ്റാൾ ഏറ്റെടുത്തത് ബാലകൃഷ്ണനാണ്. ബഷീറിന്റെ നിർദ്ദേശത്തെ തുടർന്നാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപസ്ഥാനം ബാലകൃഷ്ണൻ ഏറ്റെടുക്കുന്നതും. വൈകാരികമായ ഒരടുപ്പത്തിന്റെ സാംസ്കാരികസ്വാധീനമായി ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’യ്ക്ക് പാത്തുമ്മയുടെ ആടുമായുള്ള രചനാപരമായ ബന്ധത്തെ കാണുന്നതിൽ യുക്തിഭംഗമൊന്നുമില്ല. ബോധപൂർവമുള്ള പ്രവർത്തനമാകണമെന്നില്ല അത്. ആടെന്നും പട്ടിയെന്നുമുള്ള രണ്ടു വളർത്തു മൃഗങ്ങളെ ആശ്രയിച്ചു മുന്നേറുന്ന കഥാവസ്തു എന്ന നിലയ്ക്കു മാത്രമല്ല, സ്വന്തം കുടുംബത്തിന്റെയും പ്രദേശത്തിന്റെയും കഥപറയുന്നുവെന്ന പ്രത്യേകതയും രണ്ടു നോവലിനുമുണ്ട്. ബഷീറിന്റെ നായകനായ ‘ഞാൻ’ ബാലകൃഷ്ണന്റെ നോവലിൽ എഴുത്തുകാരനും പ്രസംഗകനുമൊക്കെയായ ‘ബാലനും’ ‘പികെ’യുമാണ്. ബഷീറിന്റെ തലയോലപ്പറമ്പിനു സമാനമായി ഇവിടെ എടവനക്കാടെന്ന ഗ്രാമമാണ്. എന്നാൽ ഛായ അവിടംകൊണ്ട് തീരുന്നു. പാത്തുമ്മയുടെ ആടിൽനിന്നു വ്യത്യസ്തമായി ‘പ്ലൂട്ടോ’യ്ക്ക് അന്യാപദേശമാനം (അലിഗോറിക്കൽ) കൂടിയുണ്ട്.  ഉയർന്ന വർഗത്തിലുള്ളത് എന്നു വിചാരിച്ചു വാങ്ങി, എഴുത്തുകാരൻ വീട്ടിൽകൊണ്ടുവന്നത് ഒരു നാടൻ പട്ടിയെയാണ്. അതു മനസിലാക്കുന്ന അയാൾ അതിനെ തെരുവിൽ കളയുന്നു. എന്നാൽ മാനസികമായി അതിനെ ഉപേക്ഷിക്കാനാവുന്നില്ലെന്നയാൾ മനസിലാക്കുകയും ചെയ്യുന്നു. അതിനാലുള്ള  വികാരപരമായ കുഴമറിച്ചിലാണ് പ്ലൂട്ടോയുടെ കഥാതന്തു. ജന്മമഹത്വം, യജമാനത്വം, വെറുപ്പിൽത്തന്നെയുള്ള അടുപ്പം ഇങ്ങനെ മനുഷ്യജീവിതത്തിൽ ഗൂഢമായിരിക്കുന്ന ഭാവപ്രകർഷങ്ങളാണ് നോവലിന്റെ മുഖ്യആകർഷണം. പ്രാദേശികഭേദമുള്ള ഭാഷകൊണ്ടും സ്വയം വിമർശനപരമായ നിരീക്ഷണങ്ങൾകൊണ്ടും ആഖ്യാനം രസകരമാണെങ്കിലും ഇടയ്ക്ക് എഴുത്തുകാരൻതന്നെ കഥാപാത്രത്തിലൂടെ തലനീട്ടി തത്ത്വവിചാരത്തിൽ ഏർപ്പെടുന്ന സന്ദർഭങ്ങളും നോവലിൽ കുറവല്ല. സഹോദരനും ഉറ്റ ചങ്ങാതിയുമായ കേശവന്റെ കല്യാണത്തിനു മുന്നോടിയായി ബാലൻ എന്ന കഥാപാത്രം ചിന്തിക്കുന്നതും പ്ലൂട്ടോയുടെ സ്വഭാവത്തിൽ വരുന്ന മാറ്റത്തെക്കുറിച്ച്  കേന്ദ്രകഥാപാത്രം ദീർഘമായി ചിന്തിക്കുന്നതുമായ ഭാഗങ്ങൾ ഉദാഹരണങ്ങളായെടുക്കാം. ആദ്യത്തേത് സ്വയം വിശകലനമാണ്.

          “ജന്മഗത്യാലോ കർമ്മഗത്യാലോ ഞാനൊരു മാന്യനല്ല, എടോ ബാലാ, എന്നോ വെറും ബാലാ എന്നോ ഇതൊന്നും പോരെങ്കിൽ ബാലകൃഷ്ണാ എന്നോ അല്ലാതെ പി കെ എന്നും മറ്റും മാന്യോചിതമായ രീതിയിൽ വിളിക്കപ്പെടുന്നത് എനിക്കിഷ്ടമല്ല.” (പു.78)

          പട്ടിയെ മുൻനിർത്തി മനുഷ്യമനസിന്റെ സ്വഭാവത്തെപ്പറ്റി നോവലിസ്റ്റ് ദീർഘമായി മറ്റൊരിടത്ത് ഉപന്യസിക്കുന്നു. രൂപഘടനയിൽ അലിഞ്ഞുചേരാതെ നിൽക്കുന്ന മുഴച്ചു നിൽക്കുന്ന ഭാഗങ്ങളെന്ന് ഇവയെ വിമർശിക്കാമെങ്കിലും വായനക്കാരുമായി കാലികമായ ജ്ഞാനത്തെയും വിഷയത്തെയും മുൻനിർത്തി സംവാദത്തിലേർപ്പെടാനുള്ള രചയിതാവിന്റെ തിടുക്കത്തെ ഈ ഭാഗങ്ങൾ അടയാളപ്പെടുത്തുന്നുണ്ടെന്നു വ്യക്തം. നോവലുകളുടെ ലക്ഷണനിർവചനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഈ പ്രത്യേകത.

          ബാലകൃഷ്ണന്റെ പ്രസിദ്ധകൃതിയായ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ ആഖ്യാനസ്വഭാവവും വ്യത്യസ്തമല്ല. താരതമ്യേന ലളിതമായ ഭാഷയും വാമൊഴിഭേദങ്ങളും ഋജുവായ ഇതിവൃത്തവുമാണ് പ്ലൂട്ടോയുടേത്.  പ്രദേശത്തെയും കാലത്തെയും തന്റെതന്നെ അനുഭവമായി ‘പ്ലൂട്ടോ’ ആവിഷ്കരിക്കുമ്പോൾ, ഇതിഹാസകഥയെ പുനർവായിക്കുകയാണ് പഞ്ചാലിയുടെ പിന്തിരിഞ്ഞുള്ള നോട്ടത്തിലൂടെ കർണ്ണനെ കഥാകേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവൽ. ‘എല്ലാ രംഗങ്ങളുടെയും സ്ഥലകാലങ്ങൾ മഹാഭാരതത്തിലേതുതന്നെയാണെന്ന്’ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കുന്നു. സാങ്കല്പികകഥാധാരയെയും വ്യാസഭാരതത്തിലെ കർണ്ണകഥയെയും ഇഴചേർത്തു നെയ്തുകൊണ്ടാണ് ആഖ്യാനം മുന്നോട്ടു പോകുന്നത്. പൗരാണികമായ അന്തരീക്ഷത്തിനു ചേർന്ന മട്ടിൽ സംസ്കൃതബഹുലവും തത്ത്വചിന്താത്മകവുമാണ് നോവലിലെ ഭാഷ. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മാർഗദർശി സി വി രാമൻ പിള്ളയാണ്. ഭാഷാഘടനയുടെ താളത്തിനും ശബ്ദലയത്തിനും യോജിക്കുന്ന രീതിയിൽ വാക്കുകൾ മാറ്റിയെഴുതി ശൈലിവല്ലഭനായ പ്രൊഫ എൻ കൃഷ്ണപിള്ളയും നോവൽശില്പനിർമ്മിതിയിൽ പങ്കാളിയായിട്ടുണ്ടെന്ന് ‘ഞാൻ കണ്ട ഒരു വലിയ മനുഷ്യൻ’ എന്ന ലേഖനത്തിൽ അദ്ദേഹം അനുസ്മരിക്കുന്നു. അതെന്തായാലും പി കെ ബാലകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ നിരന്തരമായ സംവാദകത്വം വചോവിലാസത്തിനൊപ്പം നോവലിന്റെ കാതലാണ്.

          എന്റെ കർണ്ണൻ (വി ടി നന്ദകുമാർ) അനുയാത്ര (എസ് കെ മാരാർ) രണ്ടാമൂഴം (എം ടി വാസുദേവൻ നായർ) എന്നിവയ്ക്കെല്ലാം ഒരു പൂർവപാഠമായി, മഹാഭാരതത്തെ അടിസ്ഥാനമാക്കിയുണ്ടായ മലയാളത്തിലെ ആദ്യത്തെ നോവലാണ് ‘ഇനി ഞാൻ ഉറങ്ങട്ടെ’. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതവിവർത്തനവും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനവും സ്രോതസ്സുകളാക്കി 1970-ൽ എഴുതി തുടങ്ങുകയും 1973 ഏപ്രിലിൽ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കുകയും അടുത്ത കേരളസാഹിത്യ അക്കാദമി അവാർഡും 1978-ൽ രണ്ടാമത്തെ വയലാർ അവാർഡും നേടിയ നോവലാണ് അത്. മഹാഭാരതം‌പോലെ അഗാധവുമായ വിസ്തൃതവുമായ കടലിൽ ഇറങ്ങി തപ്പി രണ്ടുവർഷംകൊണ്ട് നോവൽ രചന പൂർത്തിയാക്കിയെന്നത് പി കെ ബാലകൃഷ്ണൻ എന്ന എഴുത്തുകാരന്റെ വിശേഷ സിദ്ധിയെയും കഠിനമായ സാധനയെയും മറയില്ലാതെ വെളിവാക്കുന്ന വസ്തുതയാണ്.  നോവലിലെ സകലവാചകങ്ങളും തനിക്ക് കാണാതെ അറിയാമെന്ന് എൻ കൃഷ്ണപിള്ളയെപ്പറ്റിയുള്ള അനുസ്മരണലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്.

          മഹാഭാരതവുമായുള്ള ബാലകൃഷ്ണന്റെ പരിചയം വളരെ മുൻപേ ആരംഭിച്ചതാണ്. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് പാരായണത്തിൽനിന്ന് ആരംഭിച്ച് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാരതവിവർത്തനത്തിലൂടെയും ദാമോദർ ധർമ്മാനന്ദ് കൊസാംബിയെപ്പോലെയുള്ളവരുടെ ഭാരതപഠനങ്ങളിലൂടെയും വികസിച്ചതിന്റെ ഫലപ്രാപ്തിയാണ് നോവൽരചന. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിലെ ‘കർണ്ണന്റെ അരങ്ങേറ്റ’മെന്ന ലേഖനം അദ്ദേഹത്തെ പ്രത്യേകം ആകർഷിച്ചിരുന്നു. ജാതിബോധത്തിന്റെ ഇരയും കീഴാളസ്ഥിതിയുടെയും അപമാനത്തിന്റെയും ആദിരൂപവുമാണ് കർണ്ണൻ. അർഹതപ്പെട്ടതൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. നിരുപാധികമായ സ്നേഹത്തിന്റെയും ദൃഢസൗഹൃദത്തിന്റെയും അതിരില്ലാത്ത ഉദാരതയുടെയും ആൾരൂപമായിരുന്നിട്ടും ബഹുമാന്യരായ വ്യക്തികളാൽപോലും നിരന്തരമായി അപമാനിക്കപ്പെടാനും വഞ്ചിക്കപ്പെടാനുമായിരുന്നു കർണ്ണന്റെ നിയോഗം. ഇന്ത്യയിലെയും വിശേഷിച്ച് കേരളസമൂഹത്തിലെയും ജാതിവിവേചനത്തെ ഇന്ത്യൻ പാരമ്പര്യത്തിന്റെ വേരുകളിൽതന്നെ അന്വേഷിച്ചു ഭാവാത്മകമായി അവതരിപ്പിക്കാൻ പറ്റിയ മാതൃകയായി മഹാഭാരതത്തിലെ കർണ്ണനെ നോവലിസ്റ്റ് കണ്ടതിൽ അസ്വാഭാവികമായി ഒന്നുമില്ല. നിരന്തരമായ വിചാരപ്രവാഹത്താൽ കർണ്ണനെ വീണ്ടെടുക്കുകയും പുനർമൂള്യനിർണ്ണയത്തിനു വിധേയമാക്കുകയും ചെയ്യുന്ന പാഞ്ചാലിയാവട്ടെ, കാലത്തിന്റെ മനസ്സാക്ഷിയുമാകുന്നു.   

കാവ്യകല - എഴുത്തച്ഛനിലും  കുമാരനാശാനിലും

          നോവൽരചനയ്ക്കുവേണ്ടിയുള്ള ഗൃഹപാഠങ്ങളുടെ തുടർച്ച എഴുത്തച്ഛന്റെ കല’ (1982) എന്ന നിരൂപണഗ്രന്ഥം എഴുതുന്നതിനു സഹായകമായിത്തീർന്നിട്ടുണ്ടെന്നു കാണാം. ആ കൃതിയുടെ ഉപശീർഷകം, ‘ചില വ്യാസഭാരതപഠനങ്ങളുംഎന്നാണ്. മഹാഭാരതവുമായുള്ള പി കെ ബാലകൃഷ്ണന്റെ ആദ്യകാല പരിചയം എഴുത്തച്ഛൻ കൃതികളുടെ സ്കൂൾ ക്ലാസുകളിലെ പഠനത്തിൽനിന്നാണ് ആരംഭിക്കുന്നത്. മഹാഭാരതത്തിലെ ജീവിതവീക്ഷണമോ അതിലെ കഥാപാത്രങ്ങളുടെ സ്വഭാവമോ ആയിരുന്നില്ല, ‘ഭക്തകവി’യായ എഴുത്തച്ഛന്റെ പ്രേരകശക്തി. മഹാഭാരതത്തിന്റെ അന്തസ്സാരത്തിനു ഘടകവിരുദ്ധമായ ചിത്രങ്ങളാണ് മഹാഭാരതം കിളിപ്പാട്ടിലുള്ളതെന്ന് വ്യാസഭാരതത്തിന്റെ ശരീരഘടനയെ വിശദീകരിച്ചും വ്യാസന്റെയും എഴുത്തച്ഛന്റെ കർണ്ണകഥാപാത്രങ്ങളെ താരതമ്യം ചെയ്തും ‘എഴുത്തച്ഛന്റെ കലയിൽ’ പി കെ ബാലകൃഷ്ണൻ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന് എഴുത്തച്ഛൻ ഒരു പ്രഹേളികയായിരുന്നു. (ഒരു അദ്ധ്യായത്തിന്റെ തലക്കെട്ട് നോക്കുക : ‘എഴുത്തച്ഛൻ എന്ന കവിതാതത്ത്വസമസ്യ’) സമകാലിക പശ്ചാത്തലത്തിൽ ആ പ്രഹേളികയുടെ അർത്ഥം സാമുദായികദൗത്യത്തിന്റെ വെളിച്ചത്തിൽ തിരയുക എന്ന ധർമ്മമാണ് ‘എഴുത്തച്ഛന്റെ കല’ നിർവഹിച്ചത്. കാവ്യരൂപഘടനയെപ്പറ്റിയുള്ള സമഗ്രബോധം എഴുത്തച്ഛനിൽ ആഴത്തിൽ പതിഞ്ഞുകിടന്ന ഒന്നാണ്. ചെറുതും വലുതുമായ കാര്യങ്ങൾ ഒരേസമയം ഗ്രഹിക്കാനും സംഗ്രഹിക്കാനും കഴിയുന്ന മേധാശക്തിയുടെ പ്രവർത്തനം അദ്ദേഹത്തിൽ പി കെ ബാലകൃഷ്ണൻ കാണുന്നു. അനുകരണം, പരാവർത്തനം, വിപുലനം, സംക്ഷേപണം തുടങ്ങിയ സാഹിത്യപരമായ കാര്യങ്ങളിലേക്ക് ആ ചർച്ച അദ്ദേഹം വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

          ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവലിനുവേണ്ടിയുള്ള അണിയറ പ്രവർത്തനങ്ങൾ ‘എഴുത്തച്ഛന്റെ കല’പോലെയുള്ള നിരൂപണഗ്രന്ഥത്തിന്റെ പണിശാലയിലേക്കെത്തിച്ച തെങ്ങനെയെന്നാണ് മുകളിൽ എഴുതിയത്. അതോടൊപ്പം പിൽക്കാലത്ത്, ‘രൂപ് കൻവാറിന്റെ പേരിൽ ഒരു സ്ഥലജഭ്രമം’, ‘ഇന്ത്യയുടെ ജാതിസമൂഹം ചരിത്രത്തിലൂടെ ഒരെത്തിനോട്ടം’ തുടങ്ങിയ സാമൂഹികവിമർശന സ്വഭാവമുള്ളതും അല്ലാത്തതുമായ പ്രൗഢമായ ചില ലേഖനങ്ങൾ രചിക്കാനും അതു കാരണമായിത്തീർന്നിട്ടുണ്ട്.  വ്യാസഭാരതത്തിന്റെ രൂപപരിണാമത്തെയും ഇന്ത്യയിലെ സമുദായപരിണാമത്തെയും കുറിച്ചൊരു ലേഖനം അവസാനഅദ്ധ്യായമായി ‘എഴുത്തച്ഛന്റെ കല’യിൽ കാണാം. പുസ്തകത്തിലെ പ്രധാന വിഷയവുമായി അതിനു പ്രത്യക്ഷബന്ധമൊന്നുമില്ല. മഹാഭാരതപാഠങ്ങളെ പക്ഷപാതപരമായി തിരുത്തുകയും മാറ്റിമറിക്കുകയും ചെയ്യുന്നതിന്റെ അവലോകനമായി ആ ലേഖനം നിലനിൽക്കുന്നു. ഇതിഹാസപുരാണങ്ങളുടെ പ്രാദേശികമായ മൊഴിമാറ്റങ്ങൾക്ക് ഈ സ്വഭാവമുണ്ട്. എങ്കിലും അവ തദ്ദേശീയമായ പ്രതിരോധത്തിന്റെ വഴികളാണ് തേടുന്നത്. എന്നാൽ സംസ്കൃതത്തിലുള്ള വിവിധ പതിപ്പുകളിലെ തിരുത്തുകളുടെ ലക്ഷ്യവും ഉദ്ദേശ്യവും മറ്റൊന്നാണ്. സമകാലികമായ രാഷ്ട്രീയതാത്പര്യങ്ങൾകൊണ്ട് ഭൂതകാലസാഹചര്യങ്ങളെപോലും പരിഷ്കരിക്കുകയാണ് അവയുടെ ലക്ഷ്യം. മാംസഭക്ഷണം സാധാരണമായിരുന്ന മഹാഭാരതകാലത്തെ സസ്യാഹാരകാലമായി ശുദ്ധീകരിച്ചെടുക്കാൻ ഗോരഖ്പൂർ പതിപ്പിൽ തിരുത്തിയ ഒരു ശ്ലോകത്തെപ്പറ്റി എ ഡി ഹരിശർമ്മ പറയുന്നുണ്ട്. വനപർവത്തിൽ യുധിഷ്ഠിരവാക്യമായ ഫലമൂലമൃഗാംസ്തഥാ’ (പഴങ്ങളും കിഴങ്ങുകളും മാംസവുംകൊണ്ട്) എന്ന ശ്ലോകഭാഗത്തെ ഫലമൂലമധൂനിച’ (പഴം, കിഴങ്ങ് തേൻ എന്നിവയാൽ) എന്നു തിരുത്തിയത് പി കെ ബാലകൃഷ്ണൻ, വിശദീകരിക്കുന്നത്, ഈ ഉദാഹരണം മുന്നിൽവച്ചുകൊണ്ടാണ്.  സമീപകാലത്ത് മലയാളത്തിലുണ്ടായ സുനിൽ പി ഇളയിടത്തിന്റെയും കെ സി നാരായണന്റെയും കെ എസ് രാധാകൃഷ്ണന്റെയും മറ്റും മഹാഭാരതപര്യാലോചനകളുടെയും വിമർശനപാഠങ്ങളുടെയും പൂർവമാതൃകയാണ് വ്യാസഭാരതത്തിന്റെ  രൂപപരിണാമത്തെപ്പറ്റിയുള്ള  ആ ലഘുപ്രബന്ധം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ.

           പി കെ ബാലകൃഷ്ണന്റെ സാഹിത്യവിമർശനങ്ങളുടെ ആധാരശിലയെന്നു പറയാവുന്ന രണ്ടു തത്ത്വങ്ങൾ, ജന്മസിദ്ധമായ പ്രതിഭാവിശേഷത്തിലുള്ള ഊന്നലും അതിനനുസരിച്ച് ക്ഷീണമില്ലാതെ പ്രവർത്തിക്കാനുള്ള ശേഷിയുമാണ്. സിദ്ധിയെന്നും സാധനയെന്നും പേരിട്ടു വിളിച്ച ഈ സങ്കല്പങ്ങളെ പല രീതിയിലും തലങ്ങളിലും  അദ്ദേഹം എഴുത്തുകളിൽ വികസിപ്പിച്ചെടുക്കുന്നതായി കാണാം. താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം, ജയിൻ ഓസ്റ്റിന്റെ പ്രൈഡ് ആൻഡ് പ്രിജുഡീസ്, ഡസ്തോവ്സ്കിയുടെ കാരമസോവ് ബ്രദേഴ്സ് എന്നീ നോവലുകളെ ആസ്പദമാക്കി രചിച്ച നോവൽ സിദ്ധിയും സാധനയും’ (1965)  എന്ന പഠനഗ്രന്ഥത്തിൽ അവതരിപ്പിച്ച സങ്കല്പനങ്ങളാണിവ. ‘സിദ്ധിയില്ലാത്ത ഒരുത്തൻ കലയുടെ രംഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ട് കാര്യമില്ലെന്ന്’ ‘നോവൽ സിദ്ധിയും സാധന’യിലും അദ്ദേഹം പരുഷമായിത്തന്നെ എഴുതിയിരുന്നു. സിദ്ധിയുടെ വില, സമുദായസന്മാർഗവും സിദ്ധിയുടെ മാർഗവും, പ്രതിഭയും കാവ്യപ്രമേയവും, സിദ്ധിയുടെ കരിങ്കൽത്തറ, സിദ്ധിയുടെ അരങ്ങേറ്റം, പ്രതിഭാരക്ഷസ്സിന്റെ കുതിരസവാരി –എന്നിങ്ങനെയുള്ള കാവ്യകല കുമാരനാശാനിൽ (1970) എന്ന കൃതിയിലെ അദ്ധ്യായങ്ങളുടെ പേരുകൾ നോക്കുക. സാഹിത്യപ്രവർത്തനത്തിൽ സിദ്ധിയും സാധനയും അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണസ്ഥിരതയെ അവ ഒന്നുകൂടി ഉറപ്പിക്കുകയാണല്ലോ ചെയ്യുന്നത്. കുമാരനാശാനെ പഠിക്കാൻ അവയ്ക്കൊപ്പം പി കെ ബാലകൃഷ്ണൻ വ്യക്തിയുടെയും കാലത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തെയും കൂട്ടുപിടിക്കുന്നുണ്ട്. സംഘർഷഭരിതമായ ഒരു കാലത്തിലായിരുന്നു ആശാന്റെ ജീവിതം. സാമൂഹികസേവനരംഗത്ത് നിരതനായിരുന്നിട്ടും ആ അനുഭവങ്ങളെ കവിതയിൽ പകർത്താൻ കുമാരനാശാനു കഴിയാതെ പോയത് അദ്ദേഹത്തിന്റെ ദാർശനികസ്വഭാവമുള്ള കവിത്വസിദ്ധിയുടെ പ്രത്യേകതമൂലമാണെന്നാണ് പി കെ ബാലകൃഷ്ണന്റെ നിഗമനം. നളിനിയും ലീലയും മികച്ചതാവാനുള്ള കാരണവും ആ പ്രത്യേകതയാണ്. ആശാന്റെ വിമർശനബോധം സമ്പൂർണ്ണ വളർച്ചയെത്തി രചനാപ്രക്രിയയിൽ സഹകരിക്കുന്നതിന്റെ ഉദാഹരണമായാണ് കരുണയെ പരിഗണിക്കുന്നത്. ഈ മൂന്നു കൃതികളും അവയിലെ നായികമാരുടെ അനുരാഗസാഫല്യത്തിന്റെ കഥയാണ് പറയുന്നത്. ദുരന്തത്തിന്റെയോ നിർവാണത്തിന്റെയോ അല്ല. ഒരു തിയ്യക്കുട്ടിയുടെ വിചാരവും ഗ്രാമവൃക്ഷത്തിലെ കുയിലും ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയുംപോലെ സാമുദായികപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ആശാന്റെ കൃതികൾ തികഞ്ഞ പരാജയങ്ങളായിരുന്നുവെന്നാണ് ബാലകൃഷ്ണന്റെ വാദം. പ്രതിഭയുടെ സാന്നിദ്ധ്യമില്ലാതെ പോകുമ്പോഴാണ് മുൻകൂട്ടി തയാറാക്കിയ പ്ലാൻ അനുസരിച്ച് കുറ്റമറ്റ കവിത പിറവി കൊള്ളുന്നത്. അത്തരം കവിതകളെഴുതുന്ന കവികൾ പി കെ ബാലകൃഷ്ണന്റെ കണക്കിൽ രണ്ടാംതരമാണ്. കുമാരനാശാന്റെ മികച്ച കൃതിയായി കണക്കാക്കുന്ന ചിന്താവിഷ്ടയായ സീതയിലെ സീതാവിചാരങ്ങളിൽ ചിലയിടത്ത് കവിയുടെ സ്വന്തം അനുഭവങ്ങളോടുള്ള (പ്രണയം, വിവാഹം, അപവാദങ്ങൾ) പ്രതികരണങ്ങൾകൂടിക്കലരുന്നതിനാൽ ശില്പഭദ്രതയ്ക്ക് കോട്ടം തട്ടുന്നുവെന്നും അദ്ദേഹം എഴുതി. “സൃഷ്ടിക്കുശേഷം സൃഷ്ടാവിന്റെ ബോധമണ്ഡലത്തെ അമ്പരപ്പിക്കുന്ന അത്ഭുതസാന്നിദ്ധ്യമെന്തോ അതാണ് കവിത.” എന്ന നിർവചനത്തിലാണ്  ‘കാവ്യകല കുമാരനാശാനി’ലൂടെ അദ്ദേഹം അവസാനിപ്പിക്കുന്നത്. കടിഞ്ഞാണില്ലാത്ത പ്രതിഭയുടെ പ്രവർത്തനവഴിയിലുള്ള വിശ്വാസമാണ് ഈ നിഗമനത്തിന്റെ കാരണം. അതോടൊപ്പം ഒരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതാണ്. തന്റെ വാദങ്ങൾക്കുള്ള ഉദാഹരണമായാണ് താൻ കുമാരനാശാനെ പരിഗണിച്ചിട്ടുള്ളത് എന്ന ഗ്രന്ഥാരംഭത്തിലെ തുറന്ന പ്രസ്താവനയാണ്. വ്യത്യസ്തമായ രചനാമാർഗങ്ങളുള്ള രചനകൾക്ക് വ്യത്യസ്തമായ സാഹിത്യ-കലാതത്ത്വങ്ങളും ആവശ്യമായിവരും. സ്വയം ഉരുക്കൂട്ടിയ തത്ത്വങ്ങളിൽനിന്ന് രക്ഷപ്പെടാനാവാത്ത തടവുകാരനായിപ്പോയതുകൊണ്ടാണ് ചിന്താവിഷ്ടയായ സീതയും ദുരവസ്ഥയുംപോലുള്ള കൃതികൾ ബാലകൃഷ്ണന് വൈകല്യങ്ങളുള്ളവയായി അനുഭവപ്പെട്ടതെന്ന് എം കെ സാനു വ്യക്തമാക്കുന്നു. (ഉറങ്ങാത്ത മനീഷി) എങ്കിലും സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നതുപോലെ (പ്രതിഭാരക്ഷസിന്റെ കുതിരസവാരി) “കവിയെ മറികടക്കുന്ന ഭാവനപോലെ വിമർശനസമീക്ഷയ്ക്കപ്പുറത്ത് കാലൂന്നുന്ന വിമർശകസ്വരത്തെ” അതു മുന്നോട്ടു കൊണ്ടുവന്നു.

സൗഹൃദങ്ങളുടെയും സമാഹാരങ്ങൾ

          ഒരു രചയിതാവിന്റെ കൃതികളെപ്പറ്റി പി കെ ബാലകൃഷ്ണൻ അവസാനമെഴുതിയ സാഹിത്യവിമർശനഗ്രന്ഥം എഴുത്തച്ഛന്റെ കലയാണ്. (1982) സമഗ്രപഠനം എന്ന നിലയിൽ അവസാനം പ്രസിദ്ധീകരിച്ച പുസ്തകം, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും. (1983)  സി വി രാമൻപിള്ള, തകഴി ശിവശങ്കരപ്പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര്, കാരൂർ നീലകണ്ഠപിള്ള, സി ജെ തോമസ്, സി എൻ ശ്രീകണ്ഠൻ നായർ എന്നിവരെപ്പറ്റിയുള്ള ലേഖനങ്ങൾ ‘മായാത്തസന്ധ്യകളി’ലും (1978) ‘നിദ്രാസഞ്ചാരങ്ങളിലു’മുണ്ട്. (1989)  ‘കേരളീയതയും മറ്റും’ (2004) എന്ന കൃതിയിൽ, കുഞ്ചൻനമ്പ്യാരെയും  കുഞ്ഞുണ്ണിയെയും  വൈലോപ്പിള്ളിയെയും ടോൾസ്റ്റോയിയെയും വിലയിരുത്തുന്ന ലേഖനങ്ങൾ കാണാം. വ്യക്തിയിൽനിന്ന്  അവരുടെ സംഭാവനകളിലേക്ക് പോകുക എന്ന നയമാണ് പൊതുവേ ഇവയ്ക്കെല്ലാം ഉള്ളത്. ഗാന്ധിജി, അംബേദ്കർ, നെഹ്രു, സഹോദരൻ അയ്യപ്പൻ, സത്യവ്രതൻ, മത്തായി മാഞ്ഞൂരാൻ, പാർവതി അയ്യപ്പൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവരെപ്പറ്റിയുള്ള കുറിപ്പുകൾ പി കെ ബാലകൃഷ്ണന്റെ സാമൂഹികവീക്ഷണത്തിനും രാഷ്ട്രീയബോധ്യങ്ങൾക്കുമുള്ള ലക്ഷ്യങ്ങളാകുന്നു. കാളി എൻ രത്തിനം എന്ന തമിഴ് ഹാസ്യനടൻ മരിച്ചപ്പോൾ എഴുതിയ ലേഖനം തൂലികാചിത്രങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്നു. പി കെ ബാലകൃഷ്ണനു ചലച്ചിത്രത്തോടുണ്ടായിരുന്ന താത്പര്യത്തെ സൂചിപ്പിക്കുന്ന അപൂർവമായ സ്മരണാഞ്ജലിയാണ്, ‘എൻ പ്രിയ കാളിയൻരത്തിനമേ! നീ എന്നും ജീവിക്കുക’. സുഹൃദ്ബന്ധങ്ങളെ വിലവച്ചിരുന്നതുകൊണ്ട്  അയ്യപ്പപ്പണിക്കരെയും എം കെ സാനുവിനെയും എം ഗംഗാധരനെയും സർവകലാശാലാ ലൈബ്രറിയിലെ വേലപ്പൻ നായരെയുംപോലെ സാഹിത്യമേഖലയിൽ പ്രവർത്തിച്ചിരുന്നവരും അല്ലാത്തവരും ആയ സൂഹൃത്തുക്കളെയും പുസ്തകരചനയിൽ സഹകരിച്ചവരെയും ചർച്ചകളിലൂടെ ആശയങ്ങളെ പോഷിപ്പിച്ചവരെയും പി കെ ബാലകൃഷ്ണൻ ഒറ്റപ്പെട്ട ലേഖനങ്ങളിലും വിവിധ പുസ്തകങ്ങളുടെ ആമുഖപ്രസ്താവനകളിലും നിരന്തരമായി സ്മരിക്കുന്നതു ശ്രദ്ധേയമാണ്. സ്വന്തം കൃതികളുടെ രചനാകർത്തൃത്വം ഒപ്പം സഹകരിച്ചവർക്കുകൂടി പങ്കിടുക എന്ന സൗമനസ്യം ഉപകാരസ്മരണയോടെ പലയിടത്തും ബാലകൃഷ്ണൻ ആവർത്തിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിചിത്രങ്ങളെ പ്രത്യേകഗണമായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അവിടെനിന്നായിരുന്നു എഴുത്തുകാരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ തുടക്കം. ഉപാധികളില്ലാത്ത സ്നേഹസൗഹൃദങ്ങൾ ജീവിതത്തുറയുടെ വിവിധകാലങ്ങളിൽ വൈകാരികമായ കെട്ടുപാടുകൾക്കൊപ്പം ബൗദ്ധികമായ പിന്തുണയും ഒരുക്കിവച്ചതെങ്ങനെയെന്ന് വ്യക്തമാക്കിത്തരുന്നവയാണ് അനുസ്മരണക്കുറിപ്പുകളെല്ലാം.

          മരണാനന്തരം പ്രസിദ്ധീകരിച്ച, കേരളീയതയും മറ്റും (2004) വേറിട്ട ചിന്തകൾ (2011) വീരപുളകത്തിന്റെ കഥ (2015) എന്നീ സമാഹാരങ്ങളിലായി പത്രമാസികളിൽ ചിതറിക്കിടന്ന ലേഖനങ്ങൾ സമാഹരിച്ചിട്ടുണ്ട്. കൂടുതലും സാമൂഹികവും രാഷ്ട്രീയവുമായ ദിശകളിലേക്കാണ് ഉൾക്കാഴ്ചയോടെ അവയിൽ പലതും ഉറ്റുനോക്കിയത്. മരണംവരെ പത്രപ്രവർത്തനരംഗത്ത് സജീവമായിരുന്നല്ലോ അദ്ദേഹം. ചരിത്രകാരനും സാഹിത്യനിരൂപകനും വിവർത്തകനും സമ്പാദകനും സംശോധകനും നോവലിസ്റ്റും എല്ലാം ആയിരിക്കുമ്പോഴും അടിസ്ഥാനപരമായി സാമൂഹികവിമർശകനായിരുന്നു പി കെ ബാലകൃഷ്ണൻ. ഇതെല്ലാംകൂടി സംഗമിക്കുന്ന ഒരു ബിന്ദു, പ്രതിഭാശാലിയും കഠിനാദ്ധ്വാനിയുമായ ആത്മാർത്ഥതയുള്ള ഒരു മാധ്യമപ്രവർത്തകനിൽ എല്ലായ്പ്പോഴും സജീവമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പത്രപ്രവർത്തകനെന്ന ലാവണമാവണം സാമൂഹികപ്രതിബദ്ധതയുടെ ആ ആഭിമുഖ്യം ഉറവ വറ്റാതെ പി കെ ബാലകൃഷ്ണനിൽ നിലനിർത്തിയത്.  

വിദ്യാരംഗം മാസിക, 2026 മെയ്

No comments: