May 13, 2012

മീശയുടെ സ്ത്രീലിംഗം


ബി ഉണ്ണിക്കൃഷ്ണന്റെ ‘ഗ്രാൻഡ് മാസ്റ്റർ’ എന്ന സിനിമയിലും കൊലപാതകം നടത്തുന്ന സ്ത്രീയുണ്ട്.  അവൾക്കായി പോൾ രാജ് പലപ്പോഴായി ചെലവാക്കിയതോ കടം കൊടുത്തതോ ആയ തുക തിരിച്ചു ചോദിച്ചതാണ് പ്രതികാരത്തിനു ഹേതു. കോടീശ്വരനെങ്കിലും ഏകാകിയായ ശ്രീമാൻ പോൾ രാജിനുവേണ്ടി പല അവിഹിതകൃത്യങ്ങൾക്കും കൈങ്കര്യം അനുഷ്ഠിച്ചിട്ടുണ്ട് ശ്രീമതി ചന്ദ്രികാ നായർ. അതിലൊന്ന് പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ -ബീനയെ- പോളിനായി കൂട്ടിക്കൊടുത്തതാണ്. കൊടുത്തപണം- അതെത്രയാണെന്ന് സിനിമയിൽ വ്യക്തമായി പറയുന്നുണ്ട്, ഒരു കോടി അറുപത്തിയെട്ടു ലക്ഷം- തിരിച്ചു വേണം എന്നു പറയുന്ന പോൾ 18 ലക്ഷം രൂപ ഇതുവരെ ചെയ്ത അവിഹിതങ്ങൾക്കെല്ലാം കൂടി പ്രതിഫലമായി എടുത്തോളാൻ സമ്മതിക്കുന്നുണ്ട്. ബാക്കി ഒന്നരക്കോടിയാണ് അയാൾ തിരിച്ചാവശ്യപ്പെട്ടത്. പണമുണ്ടാക്കാൻ വേണ്ടി അയാൾ ഇതുവരെ അവലംബിച്ച മാർഗങ്ങളൊന്നും അത്രമാന്യമായതല്ല. അതേ മാന്യതയിലായ്മ പണം തിരിച്ചു കൊടുത്തില്ലെങ്കിൽ  പെണ്ണായ ചന്ദ്രികയോടും അയാളെടുക്കും എന്നു വന്ന ഘട്ടത്തിലാണ്, പാവം ഗത്യന്തരമില്ല്ലാതായ ചന്ദ്രിക വിഷം കൊടുത്ത് അയാളെ കൊന്നത്. മാത്രമല്ല, മറ്റൊരു സ്ത്രീയുടെ- ഐ ജി ചന്ദ്രശേഖരന്റെ ഭാര്യയും അഭിഭാഷകയുമായ ദീപ്തിയുടെ - കാതലായ സഹായത്തോടെയാണ് നിയമക്കുരുക്കിൽ നിന്ന് ചന്ദ്രിക രക്ഷപ്പെടുന്നത്. കോടീശ്വരനെപ്പറ്റിച്ചുണ്ടാക്കിയ രൂപ കൊണ്ടും ആ വഴിക്കു കിട്ടിയ അനുഭവജ്ഞാനം കൊണ്ടും പൂർവാധികം സമ്പന്നവും സുരക്ഷിതവുമായ ജീവിതം മുന്നോട്ടു നയിക്കാൻ അതവളെ പ്രാപ്തയാക്കുകയും ചെയ്യുന്നു.

അങ്ങനെ പിൽക്കാലത്ത് വിജയിച്ചരുളിയ ഈ സ്ത്രീയെപ്പറ്റി ഒരു രാത്രിയിൽ ‘ഫ്രോഡാണ്’ എന്ന് പോൾ സ്വന്തം അനുജനോട് ഫോണിൽ പറയുന്നുണ്ട്. ഇവളെ വിവാഹം കഴിക്കാൻ പോൾ തീരുമാനിച്ചിരുന്നതാണ്. പണത്തിന്റെ കാര്യത്തിൽ അവൾ കാണിച്ച ആർത്തിയും അവളുടെ ഭീഷണിയുമാണ് വിവാഹം വേണ്ടെന്ന നിഗമനത്തിൽ പോളിനെക്കൊണ്ടെത്തിച്ചത്. അത് അവസാനിച്ച പോളിന്റെ കൊലയിലും. വഞ്ചിക്കുകയും ചതിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്ത പുരുഷനോട് സ്ഥിരമായ പ്രതിപക്ഷ നിലപാട് എടുക്കുകയും വികാരവതിയാവാതെ പ്രതികാരം ചെയ്യുകയും ചെയ്യുന്നത്  ‘യഥാർത്ഥപെണ്ണത്ത’ക്കുറിച്ചുള്ള കാഴ്ചപ്പാടിനെ ഒരല്പം വിപുലപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്തിറങ്ങിയ ‘22കാരി കോട്ടയം’ എന്ന സിനിമയിൽ നിന്നും ഈ പ്രതികാര കഥയ്ക്ക് ചെറിയൊരു വ്യത്യാസമുള്ളത്, സ്ത്രീകളുടെ ആസൂത്രിതമായ ഒരു കൂട്ടായ്മ  നില നിൽക്കുന്നു എന്നുള്ളതാണ്. (പിന്നെയൊരു വ്യത്യാസം ടെസ്സ, ബലാത്സംഗം ചെയ്തവനെ സ്വാഭാവികമായ സാഹചര്യത്തിൽ ചത്തതായി അവതരിപ്പിക്കാൻ പാമ്പിനെ ഉപയോഗിച്ചു. ചന്ദ്രിക എടുത്തുചാടി വിഷം കൊടുത്തു. പത്തുപൈസ കുറവാണ് ചന്ദ്രികയുടെ മസ്തിഷ്കത്തിന്.)  ടെസ്സയ്ക്ക്, ഡി കെ എന്ന പ്രേമിച്ചു തീരാത്ത മദ്ധ്യവയസ്കനെയും രവിയെന്ന രോഗിയെയും പണത്തിനും ആൾബലത്തിനുമായി  ആശ്രയിക്കേണ്ടി വരുന്നു എങ്കിൽ ഇവിടെ ചന്ദ്രിക സ്വതന്ത്രയാണ്. കൊലയ്ക്കു പോലും അവൾക്ക് ഒരു ഗുണ്ടയുടെയും സേവനം ആവശ്യം വന്നില്ല. ചന്ദ്രികയും സ്വന്തമായി കോഫീഷോപ്പും കള്ളക്കച്ചവടവും നടത്തുന്ന ആലീസും പാട്ടുകാരി ബീനയും പിന്നെ ചന്ദ്രികയെ നിയമപരമായി സഹായിച്ചതിന്റെ പേരിൽ ചന്ദ്രശേഖരനിൽ നിന്ന് പിരിഞ്ഞുപോകുന്ന ദീപ്തിയും കൂടിച്ചേർന്ന് ഉണ്ടാകുന്ന ഒരു കമ്മ്യൂൺ ആണ് ‘ഗ്രാൻഡ് മാസ്റ്റർ’ എന്ന ആണത്താധികാര ചിത്രത്തിന് പരഭാഗശോഭ നൽകുന്ന പെൺ‌വശം. പോളിനെ വെള്ളപൂശാൻ സിനിമ ഉപയോഗിക്കുന്ന തന്ത്രത്തിലൊന്ന് അയാൾ ചന്ദ്രികയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതാണ്. പോൾ രാജിനെ കൊന്നത്ര ഭീകരത അയാളുടെ അനുജനെ വെടിവെച്ചു കൊല്ലുന്നതിൽ ഇല്ലാത്തത് ഐ ജി ചന്ദ്രശേഖരൻ അതു വഴി രക്ഷപ്പെടുത്തിയെടുത്തത് (തന്റെ) കുടുംബത്തെയാണെന്നതുകൊണ്ടാണ്. കുടുംബം ഭരണകൂടത്തിന്റെ കുഞ്ഞുപതിപ്പാകയാൽ കുടുംബം രക്ഷപ്പെടുത്തിയെടുക്കാൻ വേണ്ടിയുള്ള എല്ലാ അവിഹിതങ്ങളും നീതീകരിക്കപ്പെടേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് നമ്മളെ അസ്വസ്ഥരാക്കും. സംശയമില്ല.

22 കാരി കോട്ടയം എന്ന സിനിമയിലും പ്രതികാരം ‘പെണ്ണത്ത’ത്തെ ഉറപ്പിക്കുന്നുണ്ടല്ലോ. അതിൽ സിറിളിന് ലിംഗമില്ലാതെയും ടെസ്സയുള്ള ക്യാനഡയിലേയ്ക്ക് പോകാം എന്നു വരുന്നത് കുടുബത്തിന്റെ പാവനതയിലേയ്ക്കുള്ള ഒളിക്കണ്ണയപ്പാണ്. ശരീരത്തോടുള്ള ആസക്തി മോശവും ഇണ ചേരാതെയുള്ളതെങ്കിലും ഭാര്യാഭർതൃബന്ധം പാവനവും ആകുന്നു, നമ്മുടെ നാട്ടിൽ. വേറെയും സമാനമായ  സാഹചര്യങ്ങൾ രണ്ടു സിനിമകളിലും ഉണ്ട്. നോവിച്ചു വിട്ട സ്ത്രീകൾ തിരിച്ചു വരുമ്പോൾ മദ്യവുമായി ഒന്നിച്ചു കൂടാൻ നായകന്മാർ മടി കൂടാതെ ഉത്സാഹിച്ചതാണ് അവയിലൊന്ന്. അന്ന് മദ്യപാനം ഇല്ലാതിരുന്നെങ്കിലോ അവരെ സംശയത്തിന്റെ ദൃഷ്ടിയിൽ നിർത്തിയിരുന്നെങ്കിലോ പെണ്ണുങ്ങളുടെ പ്രതികാരം ‘ശൂ’ എന്ന് ചീറ്റിയേനേ. കാലം മാറിയത് ഈ രണ്ടു കോലന്മാരും അറിഞ്ഞിട്ടില്ലെന്നർത്ഥം. രണ്ടിടത്തും ആണുങ്ങളുടെ ദുരന്തം കടന്നു വരുന്നത് മദ്യത്തോടുള്ള ഒരു വഴക്കത്തിന്റെ അനന്തരഫലമായിട്ടാണെന്നതും ആൺ ദൌർബല്യത്തെപ്പറ്റിയുള്ള പൊതുബോധത്തെ തലോടിക്കൊടുക്കുന്ന ഒരു കാഴ്ചയാണ്.

ബലപ്രയോഗം കൊട്ടേഷൻ കൊടുക്കാതെ സ്ത്രീകൾക്ക് സാധ്യമല്ലെന്നാണ് ‘നവ യാഥാർത്ഥ്യ’സിനിമകളും പറയുന്നത്. അനുരാധയും വിജയശാന്തിയും വാണി വിശ്വനാഥുമൊക്കെ അന്നേ അത്ര പോരായിരുന്നു. കുറച്ചൊക്കെ പിടിച്ചു നിൽക്കാമെന്നല്ലാതെ ആൺ തുണയില്ലാതെ പറ്റില്ലെന്നു തന്നെയാണ് അവർ അവസാനം പറയുന്നത്. ‘ഈറ്റപ്പുലിയും ചാരവലയവും ഗാന്ധാരിയും’ കണ്ടിരുന്നത് പട്ടിയും കുരങ്ങനും പാമ്പും ആനയും ഒക്കെ ദൈവസഹായത്താൽ പ്രതികാരം ചെയ്യുന്ന കാഴ്ച കണ്ട രോമക്കുപ്പായം പുതച്ചുകൊണ്ടല്ലേ? ‘ഗ്രാൻഡ് മാസ്റ്ററിൽ’ തന്നെയുള്ള ഒരു കമ്മീഷ്ണർ സ്ത്രീ, എതിരാളിയുടെ 64 നീക്കങ്ങൾ വരെ മനസ്സിൽ മുൻ‌കൂട്ടി സൂക്ഷിക്കാൻ കഴിവുള്ള ഗ്രാൻഡ് മാസ്റ്ററായ ചന്ദ്രശേഖരന് വാക്കുകൾ കൊണ്ട് ചുമ്മാ ചമ്മിക്കാനുള്ള ചൈനീസ് അലങ്കാര വസ്തുവാണ്. ടി ടൈപ്പ് സിനിമകളിലെ അടി വാങ്ങിക്കാൻ വിധിക്കപ്പെട്ട മസിലാമണി വില്ലന്മാരെ പോലെ തന്നെ. ഉപയോഗം കഴിഞ്ഞാൽ കളയാം. തന്നെ അപമാനിച്ചയാളിനെ ‘ലിസ’ പ്രേതമായി വന്നാണ് മുൻപ് തട്ടിയത്. മണിചിത്രത്താഴിലെ ദാമ്പത്യപ്രശ്നം പരിഹരിക്കാനും പ്രേതമാണ് എത്തിയത്. അങ്ങനെ ഒളിഞ്ഞും മങ്ങിയും പറ്റു വിളിച്ച് കരഞ്ഞും മുടിയഴിച്ചിട്ട് ശപിച്ചും പിന്നെ പ്രേതമായും ഇലക്ഷനിൽ ചോരചിന്താതെ തോൽ‌പ്പിച്ചും ആന്തരികവേദനകളെ പുറത്തേയ്ക്കയച്ചു ജീവിച്ചു വന്ന അന്തപ്പുര സ്ത്രീ ജീവിതങ്ങൾക്ക്  പുതിയ ഭാവമാറ്റം കൈവന്നു എന്നുള്ള  അലമുറയിൽ വല്ല കാര്യവും ഉണ്ടോ?

ആഷിക് അബുവിന്റെ സിനിമയിലെ അവസാന രംഗം കാണികളെ - പ്രത്യേകിച്ചും ആൺ കാണികളെ- കടുത്ത ആശയക്കുഴപ്പത്തിൽ തള്ളി വിട്ടിട്ടുണ്ട്. ലിംഗം നഷ്ടപ്പെട്ട നായകൻ നായികയെ അഭിനന്ദിക്കുന്നതും താൻ ക്യാനഡയിൽ ഒരിക്കൽ അവളെ കാണാനായി വരുമെന്നു പറയുന്നതുമാണത്. ലിംഗ നഷ്ടം, ആൺ എന്ന അയാളുടെ തന്മയെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും സമൂഹത്തിൽ ഇനി അയാളുടെ സ്ഥാനമെന്തായിരിക്കുമെന്നും ഉള്ള ആശങ്ക കാണികളിൽ ജനിപ്പിക്കുന്നിടത്താണ് ടെസ്സയുടെ പ്രതികാരത്തിന്റെ ആഴം ഇരിക്കുന്നത്. പുരുഷാധിപത്യസമൂഹത്തിൽ മരണത്തേക്കാൾ ഭയാനകമാണ് അത്. പക്ഷേ അയാളുടെ അവസാന ഭാവങ്ങളിൽ ആറിഞ്ച് അവയവത്തിന്റെ നഷ്ടം ഒരു നഷ്ടമേയല്ലെന്ന് അയാൾ (എന്നിട്ടും ആർ വേണുഗോപാൽ ഒരു കവിതയിൽ പറയുന്നത്, ആടിനെ ആടറിയാതെ മലഞ്ചെരിവിലൂടെ അറവുശാലയിലേയ്ക്ക് നയിക്കുന്നതുകൊണ്ടുള്ള ആത്മസംതൃപ്തിയാണ് സിറിളിനുള്ളതെന്നാണ്. ആണിനെ പിന്നെയും പിന്നെയും പ്രതിസ്ഥാനത്ത് നിർത്താനുള്ള കുത്തിത്തിരിപ്പുമാത്രമാണ് ആ വളച്ചു കെട്ട്. അല്ല, ഈ വേണുഗോപാൽ തന്നെയാണോ ടി സിനിമയിൽ പാട്ടെഴുതിയ വേണുഗോപാൽ?) മാത്രമല്ല, ടെസ്സയും വിശ്വസിക്കുന്നതുപോലെ തോന്നും.  അതുകൊണ്ടവർ പഴയതുപോലെ ‘ പ ഫ ബ ഭ’ പറഞ്ഞു കളിക്കുകയും പരസ്പരാരാധനയോടെ വിടർന്ന കണ്ണുകൾ കൊണ്ട് നോക്കി തലോടുകയും ചെയ്തു. ഒരിക്കൽ ടെസ്സ, താൻ കന്യകയല്ലെന്ന് ഒരു കുമ്പസാരം നടത്തുന്നുണ്ട്. ( ഇതൊരു ഭയങ്കര വിപ്ലവമാണെന്ന് തട്ടി വിടുന്നവർക്ക് നല്ല നമസ്കാരം! ) തന്റെ കവയ്ക്കിടയിൽ നിന്ന് നഷ്ടപ്പെട്ട ഒരു പാൽ‌പ്പാടയ്ക്ക് - എൻ എസ് മാധവന്റെ ഭാഷയിൽ ധൂർത്തടിക്കപ്പെട്ട പൈതൃകസ്വത്ത്-  സമാനമായ ഒരു കൃത്യമാണ് സിറിലിന്റെ ലിംഗ നഷ്ടവും. രണ്ടും അവരവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായ കടന്നു കയറ്റത്തിന്റെ പ്രവൃത്തിയായതിനാൽ ഇനി അവർക്ക് സമത്വമുണ്ട്, പ്രേമിക്കാം. സ്വത്വങ്ങളുടെ വർഗപരമായ ആലഭാരങ്ങളില്ലാതെ. വളഞ്ഞ വഴിക്കുള്ള ഒരു സമീകരണ പ്രക്രിയയാണ്. പക്ഷേ പൊതുബോധത്തിന്റെ വഴിയതാണ്. കേരളത്തിൽ നിലവിലുള്ള സാഹചര്യത്തിൽ നമ്മുടെ ബോധം ലിംഗത്തെ കുത്തിത്തുളപ്പിനുള്ള ഒരായുധം മാത്രമായിട്ടാണ് കണക്കിലെടുത്തിരിക്കുന്നത്. അതുമാറ്റി വയ്ക്കുന്നതോടെ സാധ്യമായ ഒരു സമീകരണമുണ്ട്. സാഹോദര്യം, സൌഹൃദം. അവയ്ക്കിടയിൽ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം ഏതു വഴിയ്ക്ക് നോക്കിയാലും ചീത്തയാണ്. ആ ലിംഗത്തെയാണ് ടെസ്സ മുറിച്ചുമാറ്റിയത്. വികാരം വേണം, കുത്തിത്തുളപ്പു പാടില്ല !

‘മായാമോഹിനി’യിൽ മുഖം കുറെയൊക്കെ അസഹ്യമെങ്കിലും ദിലീപിന്റെ മോഹിനിയെ കണ്ടിരിക്കാൻ തള്ളിക്കയറുന്നത് കൂടുതലും സ്ത്രീകളാണ്. വേഷം കെട്ടിനപ്പുറത്ത് പെണ്മയുമായുള്ള തന്മയീഭാവം ഒരു ലിംഗനഷ്ടത്തിന്റെ ബലമുള്ള ഇഴ നെയ്യുന്നുണ്ട് അബോധത്തിൽ. ചാന്തുപൊട്ടിൽ പകുതിയാക്കി വച്ച ലയനപ്രക്രിയയാണ് ഇതിലൂടെ തുടരുന്നത്. ലൈംഗികഭയം അമിതമായി പിടികൂടിയ ഒരു സമൂഹത്തിൽ പരകായ പ്രവേശങ്ങൾ കൊണ്ടു വരുന്ന സാന്ത്വനങ്ങളാണ് ‘മായാമോഹിനി’യെന്ന സിനിമയുടെ ആകർഷകത്വം. കുടുംബത്തെ, അച്ഛനെ, തറവാടിനെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണയാളുടെ വേഷം കെട്ടൽ. സ്ത്രീയ്ക്ക് മാത്രം സാധ്യമായതെന്ന് വിശ്വസിക്കപ്പെടുന്ന തന്ത്രങ്ങൾ യാതൊരു കൂച്ചവും കൂടാതെ അയാൾ പയറ്റുന്നുണ്ട് സിനിമയിൽ. കുടുംബിനി എന്ന സങ്കൽ‌പ്പത്തിൽ അയാൾ പലേടത്തും സംശയദൃഷ്ടിയിൽ നിന്ന് രക്ഷപ്പെട്ടു പോവുകയും ചെയ്യുന്നു. ടെസ്സയുടെ താൻ കന്യകയല്ലെന്ന കുമ്പസാരത്തിൽ കുടുംബജീവിയായി വഴക്കമുള്ളവളാവാൻ ഒരു ശ്രമമുണ്ട്. അവളുടെ കന്യകാത്വം ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരുത്തൻ പറഞ്ഞു പറ്റിച്ച് കൈപ്പറ്റിയതാണ്. അവനെ തന്റെ പ്രതികാരയാത്രയ്ക്കിടയിൽ ഒരിക്കൽ ടെസ്സ ഉപയോഗിക്കുന്നുണ്ട്. ടെസ്സയുടെ ആദ്യകാമുകൻ, ലിംഗാധികാരി നിന്നു വിറയ്ക്കുന്നതായിട്ടാണ് നാം കാണുന്നത്. (സംഘകാല കവിതകളിലൊന്നിൽ ഒരു കവയിത്രി (കവി?) പാടുന്നു, ‘പിന്നെത്രയോ രാത്രികൾ കഴിഞ്ഞു പോയി. പക്ഷേ ആദ്യം എന്നെ പെണ്ണാണെന്ന് അറിയിച്ചവൻ തന്ന സുഖവും സംതൃപ്തിയും നൽകാൻ പിന്നെ ഒരു രാത്രിയ്ക്കും കഴിഞ്ഞിട്ടില്ലെന്ന്.’ ആ രാത്രിയെ ഒന്ന് തിരയേണ്ടതുണ്ട്. ഇടയ്ക്ക് എവിടെയോ വച്ച് നമുക്ക് നഷ്ടപ്പെട്ടു പോയ ഒരു രാത്രിയാണത്.) ടെസ്സ ഉപയോഗിക്കുന്ന വാക്ക് അയാൾ പറഞ്ഞു പറ്റിച്ചു എന്നാണ്. ഒൻപതാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്ക്ക് ‘ബോധ’മില്ല. അതുകൊണ്ട് പറഞ്ഞു പറ്റിക്കൽ എളുപ്പമാണ്. പക്ഷേ  22-മത്തെ വയസ്സിൽ സിറിളും അവളെ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നിടത്ത് ബോധരാഹിത്യം സ്ത്രീയ്ക്ക് സ്ഥായിയാണെന്നാണോ സിനിമയിൽ നിന്നും നാം മനസ്സിലാക്കേണ്ടത്? (അവളെ ബലാത്സംഗം ചെയ്ത ഹെഗ്ഡേയും അവളെ പറഞ്ഞു പറ്റിച്ചതാണ്.) സത്യത്തിൽ ഈ ബോധം ശാരീരികമായ ആഹ്ലാദങ്ങളിൽ സദാചാര സമ്മർദ്ദത്തിന്റെ കടന്നുകയറ്റമാണ്. സിനിമയിലെ സൂചനകളെ വിശ്വസിക്കാമെങ്കിൽ സമാനമായൊരു പറഞ്ഞുപറ്റിക്കൽ ടെസ്സയും നടത്തുന്നുണ്ട്.  ടെസ്സയ്ക്കുവേണ്ടിയുള്ള സഹായസഹകരണങ്ങൾ (അതും എന്തുമാതിരി സഹായ സഹകരണങ്ങൾ!!!) ചെയ്തുകൊടുത്ത സത്താറിനോട് ഒന്നും വെറുതെ വേണ്ടെന്നു പറയുന്ന അവൾ പറ്റിക്കുന്നു എന്ന സൂചന സിനിമയുടെ ആരംഭത്തിലും അവസാനത്തിലും ആവർത്തിച്ചു കാണിക്കുന്ന ‘സിം’ കളയൽ പ്രവൃത്തിയിലുണ്ട്. ആത്മാർത്ഥമായ ഒരു നന്ദികൊണ്ട് അവൾ പ്രശ്നം തീർത്തു. ഒരഭിമുഖത്തിൽ നേഴ്സിംഗ് വിദ്യാർഥികളായ കൂട്ടുകാരികൾ മൂന്നുപേരും തരക്കേടില്ലാതെ താമസിക്കുന്ന ബാംഗ്ലൂരിലെ ഫ്ലാറ്റ് ഡി കെ (സത്താർ) യുടെയായിരുന്നു എന്ന് റീമാ കല്ലിങ്കൽ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ ‘ബോധം’ എന്നതിന് പ്രതിഫലമില്ലാതെ സൌകര്യങ്ങൾ അനുഭവിക്കാനുള്ള കൌശലം എന്നാണോ നാം അർത്ഥമെടുക്കേണ്ടത്?

‘ഗ്രാൻഡ് മാസ്റ്ററിൽ’ പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ അനുഭവിക്കുന്ന പോൾ രാജിന്റെ കൊലപാതകത്തിൽ പിന്നീട് ആ പെൺകുട്ടി ബീനയും ഒരു പങ്കാളിയാണ്. കൌശലം അവളെ നില നിർത്തി. പിന്നീട് പ്രണയം വന്നു വിളിച്ചപ്പോൾ അവൾ വികാരവതിയായി. തദ്വാരാ കൊല്ലപ്പെട്ടു.  ലൈംഗികതയ്ക്കുള്ള പ്രായപൂർത്തി, ഒരു നിയമപ്രശ്നം മാത്രമാണ്. നമ്മുടെ ജനപ്രിയ സിനിമകൾ പൊതുവേ ഭരണകൂടങ്ങളിലും നിയമവാഴ്ചാസംവിധാനങ്ങളിലും വലിയ വിശ്വാസം പുലർത്തുന്നവയല്ല. കുറ്റവാളിയല്ലാത്ത ടെസ്സയാണല്ലോ അകത്തായത്. മായാമോഹിനിയിൽ മണ്ടനാണല്ലോ കമ്മീഷ്ണർ. അമ്മാതിരി ഒരു കമ്മീഷ്ണറാണല്ലോ ഗ്രാൻഡ് മാസ്റ്ററിൽ ചന്ദ്രശേഖറിനു കൈയടി വാങ്ങിക്കൊടുക്കുന്നത്. അതേ സമയം സദാചാരപരമായ നിയമവാഴ്ചയോട് അങ്ങേയറ്റം വിധേയത്വം പുലർത്തുന്ന ഇതിവൃത്തവുമായിരിക്കും. അത് തീർത്തും ആന്തരികമാണ്. ഇതാണ് ആ സിനിമകൾ പുലർത്തുന്ന ആശയപരമായ കുഴമറിച്ചിലുകൾക്ക് കാരണം. 22 കാരിയിൽ ഒൻപതാം ക്ലാസുകാരിയെ പ്രേമം പറഞ്ഞു പറ്റിച്ച് കന്യകാത്വം കവർന്നത്  ദോഷവും ഗ്രാൻഡ് മാസ്റ്ററിൽ പ്രായപൂർത്തിയാവാത്ത പെൺ കുട്ടിയുമായുള്ള പ്രണയമില്ലാത്ത വേഴ്ച 18 ലക്ഷം രൂപയ്ക്കകത്ത് ഒതുക്കി തീർക്കാവുന്ന സാരമല്ലാത്ത കാര്യവുമാണ്. പ്രായപൂർത്തിയെന്നതു തന്നെ തികച്ചും സാങ്കേതിക കാര്യമാണ്. മീഡിയകൾ ചെയ്യുന്നതുപോലെ വികാരത്തെ പൊലിപ്പിക്കാൻ അത്തരം ചുവന്നവരകളുടെ സഹായം വേണം.  അതൊരിടത്ത്. മറ്റൊരിടത്ത് ടെസ്സയും ചന്ദ്രികയും മായാമോഹിനിയും നിയമത്തെ തെല്ലും വക വയ്ക്കുന്നില്ലെന്നു മാത്രമല്ല, ടിയാനെ കയ്യിലെടുക്കുന്നുമുണ്ട്. നീതി നടപ്പാക്കുന്നതിൽ കണ്ണാടി പിടിച്ചാൽ കുടുങ്ങും. നീതികേട് ചൂണ്ടിക്കാണിച്ചു പ്രതികാരം ചെയ്യുമ്പോൾ അതിലെ നീതികേടിനു വേറേ ശിക്ഷ ആവശ്യമായി വരില്ലേ? ചോദിച്ചു നോക്കൂ.. സമ്പൂർണ്ണ മൌനമായിരിക്കും ഫലം. മദ്യത്തെയും ലിംഗത്തെയും വേഴ്ചകളെയും പറ്റി സ്ത്രീകൾക്കുണ്ടെന്ന് ആണുങ്ങൾ വിശ്വസിക്കുന്ന ധാരണകളാണ് ഈ സിനിമകളുടെ പശ്ചാത്തലശ്രുതികൾ.  അപമാനവും പ്രതികാരവും പണ്ടേയുള്ളതാണ്. സാമൂഹികസമ്മർദ്ദങ്ങൾക്കനുസരിച്ച് അതിന്റെ രൂപഭാവാദികൾ മാറും. ആണിനെക്കൊണ്ട് പറ്റാത്ത ചിലത് സ്ത്രീകൾക്ക് സാധിക്കും എന്ന ചിന്തയുടെ ഫാൻസിഡ്രസ്സാണ്  ഈ ഇനങ്ങൾ.  ‘22 കാരി കോട്ടയ’ത്തിലെ തടവുകാരി പറയുന്നതുപോലെ ‘സ്ത്രീയുടെ ആയുധ’ത്തിന്റെ ശക്തിയല്ല അത്. മറിച്ച് സ്ത്രീപക്ഷപരമായ നിയമനിർമ്മാണവും മാറിയ സാമൂഹിക സാഹചര്യങ്ങളും ചേർന്ന് സമകാലം ആണ്മനസ്സിൽ വിത്തിട്ടിരിക്കുന്ന ചില ഭയങ്ങളുടെ സാക്ഷാത്കാരത്തെയാണ് ഈ സിനിമകൾ അറിയാതെ പുറത്തിടുന്നത്.

April 5, 2012

‘കുയിൽക്കൂട്ടിൽ നിന്ന് പറന്നുയരുമ്പോൾ’



കഥകൾ ഉണ്ടാക്കാനുള്ള കഴിവിനെ വിവരദോഷികളല്ലാത്ത ആരും ചോദ്യം ചെയ്യുമെന്നു തോന്നുന്നില്ല. നിരുപദ്രവകരമാണെങ്കിൽ എന്നു കൂടി കൂട്ടിച്ചേർക്കണം. റഷ്യൻ സൈക്യാട്രിസ്റ്റായ കോർസക്കോവ് അപൂർവം ചില മദ്യപാനികളിൽ ഉണ്ടാവുന്ന ഒരു തരം ‘മതിഭ്രമത്തെ’പ്പറ്റി പഠനം നടത്തിയിട്ടുണ്ട്. അടുത്തകാലത്തെ ഓർമ്മയൊക്കെ പോയാലും വിവേചനശേഷികൊണ്ട് അവർ നല്ല അടുക്കുള്ള കഥകൾ മെനയും. കേൾക്കുന്നവർ വിശ്വസിക്കും. അതേ പറ്റൂ. “രാവിലെ തിരുമലയിലെ രവിയേട്ടന്റെ വീട്ടിൽ പോയിരുന്നു അവിടെ നിന്ന് പുട്ടും കടലയും പഴവുമാണ് കഴിച്ചത്. പാലില്ലായിരുന്നു. അതുകൊണ്ട് ചേച്ചി കട്ടങ്കാപ്പിയിട്ടു തന്നു. പിന്നെ രവിയേട്ടൻ തന്നെ ഇവിടെ കൊണ്ടു വിട്ടു.” എന്നാണ് ഒരാഴ്ചയായി ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗി ഡോക്ടറോട് തട്ടി വിട്ടത്. ഈ കഥയുണ്ടാക്കലിന് - കൺഫാബുലേഷന്- കോർസക്കോവ് സിൻഡ്രോം എന്നാണ് പേര്.** ഇത്രയും വരെ കുഴപ്പമില്ല. പക്ഷേ കഥകൾ ലൈംഗികമായ വിവക്ഷകൾ ഉള്ളതാകുമ്പോഴോ? ഫലശ്രുതി മാറും. അതും വിറ്റാമിൻ ബി1 ന്റെ കുറവുകൊണ്ടു തന്നെയാകുമോ? കള്ളക്കഥകളുണ്ടാക്കി മണിക്കൂറുകളോളം സംസാരിക്കുന്ന ഒരു വ്യക്തിയെ നേരിട്ടറിയാം. അതിലെ മാരകമായ കാര്യം ആ കഥകൾ കൊണ്ട് അവരുണ്ടാക്കുന്ന വ്യക്തിഹത്യകളാണ്. ഓർമ്മക്കുറവ് അടിയ്ക്കടി തന്നെ അലട്ടുന്നുണ്ടെന്ന് സ്വയം ആവർത്തിക്കുന്ന അവർക്ക് അസാധാരണമായ വിധത്തിൽ ലൈംഗികത പ്രശ്നമാണെന്ന് അവരുടെ തന്നെ വാക്കുകളിൽ നിന്ന് തിരിച്ചറിയാൻ വിഷമമില്ല. അതുകൊണ്ടു തന്നെ അത് ഗൌരവമുള്ള സംഗതിയാണ്. പക്ഷേ നമ്മുടെ പതിവനുസരിച്ച് നാം മറ്റേ വശത്തേയ്ക്ക് നോക്കില്ല.

കുറച്ചു നാളുകൾക്കു മുൻപ് വന്ന വാർത്തയാണ്. ഹയർ സെക്കണ്ടറിയുടെ വർഷാവസാന പരീക്ഷ നടക്കുന്ന സമയം. നഗരത്തിലെ ഒരു സ്കൂളിൽ പെൺകുട്ടി പരീക്ഷയെഴുതാൻ എത്തിയില്ല. വീട്ടിൽ നിന്ന് സമയത്തിനു തന്നെ ഇറങ്ങിയ കുട്ടിയാണ്. അന്വേഷണത്തിനൊടുവിൽ സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ടെറസ്സിൽ കൈകൾ ഷാളുകൊണ്ട് ബന്ധിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പരീക്ഷാഡ്യൂട്ടിയ്ക്കു വന്ന ഒരു അദ്ധ്യാപകൻ തന്നെ അവിടെ കൂട്ടിക്കൊണ്ടു വന്നു ബന്ധിച്ചു എന്നാണ് കുട്ടി പറഞ്ഞ കഥ. ബന്ധിച്ചതേയുള്ളൂ. മറ്റൊന്നും സംഭവിച്ചിട്ടില്ല. പറച്ചിലിലെ പൊരുത്തക്കേടുകളും സംഭവത്തിന്റെ ഗൌരവവും കണക്കിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തപ്പോൾ സംഭവം കുട്ടിയുടെ ഭാവനാസൃഷ്ടിയാണെന്ന് മനസ്സിലായി. പരീക്ഷയോടുള്ള ഭയം ഒരു കഥയായതാണ്. തനിക്ക് അപരിചിതനായ ആളുവന്ന് കെട്ടിയിട്ടാൽ പിന്നെങ്ങനെ പരീക്ഷയെഴുതും? സ്വന്തം കുറ്റബോധത്തിൽ നിന്നും അമിതമായ മാനസിക സമ്മർദ്ദത്തിൽ നിന്നും ഒരു കള്ളക്കഥ മനസ്സറിയാതെ അവളെ രക്ഷിച്ചു. ഭ്രമകൽ‌പ്പന എങ്ങോട്ടേയ്ക്കൊക്കെ വളർന്നിരിക്കും എന്നറിയാൻ പിന്നീടാരും ഉത്സാഹിക്കാത്തതുകൊണ്ട് കഥയ്ക്ക് ബാക്കിഭാഗം ഇല്ല. ഒരു കൌമാരക്കാരിയുടെ ‘കൊച്ചുഭൂകമ്പം’ തുടങ്ങിയടത്തു തന്നെ അവസാനിച്ചിരിക്കണം.

വിനയ തന്റെ ആത്മകഥയിൽ ഒരു സിനിമാ തിയേറ്ററിൽ വച്ച് മുന്നോട്ടു കാൽ നീട്ടിയപ്പോൾ ചെന്നു കൊണ്ട ആന്റി എഴുന്നേറ്റ് കവിളത്തടിച്ച കാര്യം പറയുന്നുണ്ട്. തന്നെ ചവിട്ടിയത് ഒരു പയ്യനാണെന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു അത്. പെണ്ണിന്റെ കാലുവന്നു അറിയാതെ കൊള്ളുന്നതിൽ ലൈംഗികമായ വിവക്ഷകളില്ല. അതുകൊണ്ട് അതു തെറ്റല്ല. തീവണ്ടിയിൽ മുകളിലത്തെ ബെർത്തിൽ കിടന്നുറങ്ങവേ, കിടക്കുന്നത് ആണാണെന്ന് വിചാരിച്ച് തന്റെ കൂടെ വന്നു കിടന്ന് യാത്ര ചെയത് ആണൊരുത്തനെപ്പറ്റിയും വിനയ എഴുതിയിട്ടുണ്ട്. താൻ രാത്രി മുഴുവൻ കിടന്നിരുന്നത് ഒരു സ്ത്രീയോടൊപ്പമായിരുന്നെന്ന് അവൻ അറിഞ്ഞിരുന്നെങ്കിൽ എന്തായിരുന്നേനേ അവന്റെയുള്ളിലെ ഭൂകമ്പം? റയിൽ‌വേ പുതിയ സദാചാരനീതികൾ നടപ്പാക്കിത്തുടങ്ങിയ ‘ഈ അടുത്ത കാലത്തെങ്ങാനും’ പഴയ ഓർമ്മ അവനിലുണർന്നിരുന്നെങ്കിൽ. തീർച്ചയായും ഊളമ്പാറയിലെ ഒരു ഓ പി ടിക്കറ്റ് അവനായി വിറകൊണ്ടേനേ.

കുറേക്കാലം ഒരു പ്ലസ് ടുകാരി ഒരു അദ്ധ്യാപകനോട് ‘ഇന്നു രാവിലെ സാറെന്നെ കണ്ടിട്ട് മിണ്ടാതെ പോയല്ലേ’, എന്നു സ്ഥിരമായി ചോദിക്കുമായിരുന്നു. ഒരിക്കൽ ‘രാവിലെ എപ്പോൾ’ എന്നു ചോദിച്ചപ്പോഴാണ് രസം. ഏഴുമണിക്കാണ്. അതും അവൾ ട്യൂഷനുപോകുമ്പോൾ അവളുടെ വീട്ടിനു നടയിൽ സൈക്കിളിൽ കാവലു നിൽക്കുന്ന അയാൾ, അവളുടെ കൂടെ ട്യൂഷൻ സെന്റർ വരെ പോകും. പക്ഷേ ഒന്നും മിണ്ടുന്നില്ല. സ്കൂളിൽ നിന്ന് വളരെ അകലെ താമസിക്കുന്ന സ്വന്തമായി സൈക്കിളില്ലാത്ത അദ്ധ്യാപകൻ എന്തിനാണ് എന്നും രാവിലെ പെൺകുട്ടിയുടെ വീടിനരികിൽ ചെന്നു കാവലു നിൽക്കുന്നത്? ആദ്യം ഒരു തമാശയായി തോന്നിയെങ്കിലും സംഗതി ആകെ കുഴമറിഞ്ഞതാണെന്ന് അയാൾക്ക് മനസ്സിലാവുന്നത് രണ്ടു ദിവസം കഴിഞ്ഞിട്ടാണ്. അന്ന് കുട്ടി പറഞ്ഞത്, ‘രാവിലെ സാറിനു മുൻപിൽ സൈക്കിളിൽ പോയതാരാണെന്ന് കണ്ടോ? അതാണ് സുജച്ചേച്ചി’ എന്നാണ്. ഈ സുജച്ചേച്ചി ആരാണെന്നല്ലേ, അതേ സ്കൂളിൽ പഠിച്ചിരുന്ന, രണ്ടു വർഷങ്ങൾക്കു മുൻപ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത കുട്ടിയാണ്. ഒരു പിരീഡ് മുടക്കി കുട്ടിയോട് ഒറ്റയ്ക്ക് വിശദമായി സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ വരുന്ന, മരിച്ചവരുടെ വിവരം കിട്ടുന്നത്. അതിലൊരാൾ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരിക്കെ ബൈക്ക് അപകടത്തിൽ മരിച്ച ഒരു ‘സജിത്ത്’ആണ്. രാത്രിയാണ് വരിക. ജനാലയ്ക്കപ്പുറത്ത് നിൽക്കും. അന്ന് സ്കൂളിൽ സംഭവിച്ചതും വീട്ടിലുണ്ടായതുമായ മുഴുവൻ വിവരങ്ങളും കേൾക്കും. പറ്റിയാൽ ചില ഉപദേശങ്ങൾ നൽകും. മരിച്ചുകഴിഞ്ഞാൽ ആളുകൾ കടലിനടിയിലെ കൊട്ടാരത്തിൽ പോകുമെന്നും അവിടെ നല്ല രസമാണെന്നും കാണാൻ സുന്ദരനായ ഈ പയ്യനാണ് കുട്ടിയെ അറിയിച്ചത്. വിവാഹം കഴിക്കരുതെന്നും അതു ഭയങ്കര വേദന നൽകുന്ന കാര്യമാണെന്നും കുട്ടി പറഞ്ഞു. കണ്ണീരിനു പകരം പലപ്പോഴും ചോര വരാറുണ്ടെന്നും അത് താൻ കുപ്പിയിലെടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. സജിത്തിനെ അവൾക്ക് നേരിട്ടറിയില്ല. പത്രത്തിൽ കണ്ട ഒരു ഫോട്ടൊ മനസ്സിലെടുത്തു വച്ചിരിക്കുകയായിരുന്നു. കാലങ്ങളോളം.

ഭാവനകൾ കാടുകയറുമ്പോഴാണ് മതിഭ്രമങ്ങളാവുക. പുറത്തേയ്ക്കുള്ള വഴിയറിയാതെയും പകല്വെളിച്ചം കാണാതെയും അവിടെ നിന്ന് നട്ടം തിരിയും. സത്യത്തിന്റെയും സ്വപ്നത്തിന്റെയും അതിരുമായുന്നത് എപ്പോഴാണെന്ന് പറയാനാവില്ല. പെൺകുട്ടിയെ സൈക്കിളിൽ പിന്തുടരുന്ന അദ്ധ്യാപകന്റെ സ്ഥിതിയെന്താണ്? കൂടുതൽ സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, അവിടത്തെ പ്രശ്നം കുട്ടിയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതായിരുന്നു എന്നാണ്. അതിസുന്ദരിയായ കുട്ടി ആൺകുട്ടികളിൽ നിന്ന് കമന്റുകളും ലൈംഗിക ക്ഷണങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. നിരന്തരം. അതിൽ നിന്നൊഴിയാൻ അവളുടെ മനസ്സുകണ്ടു പിടിച്ച ഉപാധിയാണ്, രാവിലെ ഏറെക്കുറെ വിജനമായ റോഡിൽ അദ്ധ്യാപകന്റെ എസ്കോർട്ട്. അപകടമില്ലാതെ അയാൾ രക്ഷപ്പെട്ടു. പക്ഷേ ആ കല്പന സത്യം തന്നെയാണെന്ന് കുട്ടി എങ്ങനെ വിചാരിച്ചു തുടങ്ങി? അതൊരാളുടെ മാനസികാവൃത്തിയുടെ പ്രശ്നം മാത്രമായി തങ്ങി നിൽക്കാത്തിടത്ത് കുഴപ്പമാണ്. ശരീരഭാഗങ്ങളിൽ തൊട്ടുകളിക്കുന്നതുപോലെ തന്നെ കുഴപ്പമാണ്, ഒരു തൊടൽ എപ്പോഴും എനിക്കു പിന്നാലെയുണ്ടെന്ന അമിതഭയവും. കൌമാരം രണ്ടാം ബാല്യമാണ്. അവിടെ നിന്നും ലഭിക്കുന്ന കോഡുകൾക്ക് ബാക്കി ജീവിതത്തിൽ കാതലായ കാര്യങ്ങൾ ചെയ്യാനുണ്ട്. നാം ഇന്ന് പെൺ കുട്ടികൾക്ക് കൊടുക്കുന്ന പാഠം ആണുങ്ങളെ മുഴുവൻ പീഡകരാക്കിക്കൊണ്ടുള്ളതും ലൈംഗികത എന്ന കൊടും പാപത്തെക്കുറിച്ചുള്ളതുമാണ്. അച്ഛൻ പീഡിപ്പിക്കുന്നതും കൊച്ചുകുഞ്ഞിനെ പിച്ചിച്ചീന്തുന്നതുമായ കഥകളാണ് ഇന്നത്തെ ഗുണപാഠകഥകൾ. സമൂഹത്തിലെ ഭൂരിപക്ഷത്തിനെ സംബന്ധിച്ചും പെൺകുട്ടികൾക്ക് ലൈംഗികതയെന്ന സംഗതിയേ ഇല്ല. വരുന്നതും ഉണ്ടാവുന്നതുമായ എല്ലാം അവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായുള്ള കുത്തിത്തുളപ്പുകളാണ്. പുറത്തെടുക്കാനാവാത്ത ലൈംഗികതയാണ് പെൺകുട്ടികളുടെ ഫോൺ വിളികളും കൽ‌പ്പനാകാകളികളും മോഷണശ്രമങ്ങളും പരദൂഷണവും അമിതാഭിനയവും മറ്റും മറ്റുമായി മാറിക്കൊണ്ടിരിക്കുന്നത്. (ആൺകുട്ടികളുടെയും. പക്ഷേ അവരെന്തു ചെയ്യുന്നുവെന്നത് സമൂഹത്തിന്റെ ഉറക്കത്തെ അങ്ങനെ കെടുത്തുന്ന കാര്യമല്ല.) കുട്ടികൾക്ക് സംസാരിച്ചാൽ മതി. പക്ഷേ ആരോട്? ‘എന്താ നിനക്കിത്രമാത്രം സംസാരിക്കാൻ’ എന്നാണ് അവർ നേരിടുന്ന ചോദ്യം. പിന്നെ അവരെന്തു ചെയ്യണം? എന്നിട്ടും കൌമാരക്കാരിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മൊബൈൽ ഫോണാണ് നമ്മുടെ ഉറക്കം കെടുത്തുന്ന വസ്തു!

അസാധാരണനായ ധിഷണാശാലിയായിരുന്നു അൽത്തൂസർ. പക്ഷേ ആലോചനാശേഷികൊണ്ട് മനസ്സിന്റെ അലകളെ ഒതുക്കാൻ കഴിഞ്ഞില്ല. 27 വയസ്സുവരെ സ്വയംഭോഗം ചെയ്യാൻ അറിഞ്ഞുകൂടായിരുന്നെന്നും 29 -ലാണ് ആദ്യമായി രതി അനുഭവിച്ചതെന്നും അൽത്തൂസർ എഴുതി. കഠിന വിഷാദമായിരുന്നു ഫലം. ഹെലനുമായുള്ള ആദ്യവേഴ്ചയ്ക്കു ശേഷം അൽത്തൂസർ നേരെ പോയത് വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കാണ്. കുറ്റബോധം കൊണ്ടും കൂടിയാണത്. വൈകാരികമായി അൽത്തൂസറെ വരിയുടച്ച അമ്മയും കത്തോലിക്കസഭയും കൂടിച്ചേർന്ന് സൃഷ്ടിച്ചതാണ് ഈ കുറ്റബോധം. അതവസാനം എത്തിയത് അങ്ങേയറ്റം സ്നേഹിച്ച ഹെലന്റെ കൊലപാതകത്തിലും. ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരാളിന്റെ കഥ വച്ച് കേരളീയ ജീവിതത്തിന്റെ പങ്കപ്പാടുകളെ സാമാന്യവൽക്കരിക്കുന്നതിലെ പൊട്ടത്തനം അറിയുമ്പോഴും തലകുലുക്കിസമ്മതിക്കാവുന്ന ചിലതുണ്ട്. അത് ആ ‘വൈകാരികമായ വരിയുടക്കൽ’ പ്രക്രിയയും അതിന്റെ അനന്തരങ്ങളുമാണ്. കൊലയ്ക്കുവേണ്ടിയുള്ള ആർത്തുവിളി നമുക്കിടയിൽ ‘വരേണ്യമായി’ തന്നെ പരന്നിട്ടില്ലേ? പെൺകുട്ടികൾക്ക് ‘അമ്മമാരെപ്പോലുള്ള’ ( അമ്മമാരല്ല, പെൺപള്ളിക്കൂടങ്ങളിലെ പതിവു ആചാരമാണിത്) ആന്റിമാർ നൽകുന്ന ഉപദേശങ്ങൾ എമ്പാടും ഉണ്ട്. അങ്ങനെവേണം എന്ന് നിഷ്കർഷയുണ്ട്. (ആരുടെ വക എന്നു ചോദിക്കരുത്) ഉപദേശം ഏറിയകൂറും ലൈംഗികമായ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. ലൈംഗികതയെക്കുറിച്ചുള്ള പ്രാഥമികബോധം പോലുമില്ലാതെ എങ്ങനെ ജാഗ്രതയെക്കുറിച്ചു പറയും? ലൈംഗികബോധം മുളച്ചുവരുന്ന അവസരത്തിൽ സമൂഹത്തിലെ ആൺ വർഗം മുഴുവൻ അവരെ പീഡിപ്പിക്കാൻ നടക്കുകയാണെന്ന് സോദാഹരണപ്രഭാഷണങ്ങൾ കാര്യങ്ങളെ എവിടെ എത്തിക്കും എന്ന് കണ്ടറിയാൻ കുറച്ചുകാലങ്ങൾ കൂടി കാത്തിരിക്കണം. നാമ്പുകൾ മുളപ്പൊട്ടുന്നതിന്റെ ഒച്ച, തീവണ്ടികളിലടക്കം എമ്പാടും ഇപ്പോൾ കേട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും. ലൈംഗികമായ ഇച്ഛാഭംഗങ്ങളിൽ വീർപ്പുമുട്ടിന്ന ഒരു വലിയ സമൂഹം, അടുത്ത തലമുറയെ വാർത്തെടുക്കുന്ന വിധം വിചിത്രമായിരിക്കുന്നു. എത്ര അസംബന്ധമായാലും, നാം ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങളുടെ അന്തരീക്ഷത്തിലാണ് നമ്മുടെയൊക്കെ ‘ധന്യ’ ജീവിതം. അറിയാതെയാണെങ്കിൽ പോലും എതിർലിംഗത്തിൽ‌പ്പെട്ടയാളിനെ ഒന്നു തൊടുന്നത് കോഴയെയും കൊലയെയും കൊള്ളിവയ്പ്പിനെയും മായം ചേർക്കലിനെയും കാൾ വലിയ കുറ്റമാവുന്ന ഒരു ലോകം ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ‘അമ്മ അറിയാൻ’ കാലത്ത് രാഷ്ട്രീയ ബോധമുള്ള ചെറുപ്പകാർ സംഘടിച്ചതും പ്രതിഷേധിച്ചതും സാമൂഹികമായ അസമത്വങ്ങൾക്കും പൂഴ്ത്തിവയ്പ്പിനുമെതിരെയായിരുന്നു. ഇന്നോ? അനാശാസ്യം ആരോപിച്ച് വീടിന്റെ വാതിൽ തല്ലിപ്പൊളിക്കാൻ, പെൺ സദാചാരം കാത്തുസൂക്ഷിക്കാൻ, ഉത്സവപരിപാടികൾക്ക് പണം പിരിക്കാൻ, ദുരന്തങ്ങൾക്കു മുന്നിൽ നിന്ന് മൊബൈൽ ക്യാമറകൾ ഓണാക്കാൻ, ഒരു മാപ്പപേക്ഷയ്ക്കും തണുപ്പിക്കാനാവാത്ത മട്ടിലുള്ള കൊലവെറികൾക്ക്...

*കെൻ കെസ്സിയുടെ നോവൽ
** ‘ഓർക്കാനുണ്ട് കുറേ ഓർമ്മകൾ’ - ഡോ. കെ രാജശേഖരൻ നായർ,

അനു:
ഇതും ലൈംഗികമായ ശരണമില്ലായ്മയുടെ ഒരു ആൺപ്പതിപ്പല്ലെന്ന് ആരുകണ്ടു?