‘മനുഷ്യരിൽനിന്ന് മനുഷ്യരെന്നപോലെ കലയിൽനിന്ന് കലയുണ്ടാകുന്നു’ എന്ന് എം ഗോവിന്ദൻ എഴുതി. പ്രാകൃതപരിസരങ്ങളിൽനിന്ന് പരിണാമത്തിന്റെ മൂർത്തമായ വികാസങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ പഴയതിലേക്കല്ല തിരിച്ചുപോകുന്നത്. പഴയ തുവച്ചു പുതിയതുണ്ടാക്കുകയാണ്. സാംസ്കാരികവും കലാപരവുമായ പൈതൃകം സാഹിത്യകലാസൃഷ്ടിക്ക് എന്നപോലെ കലാനിരൂപണത്തിനും പ്രയോജനപ്പെടുന്നു എന്നാണ് ഗോവിന്ദന്റെ വാദം. ഒരാളുടെ മാനദണ്ഡം നിർണ്ണയിക്കുന്നത് മറ്റൊരാളുമായി ബന്ധപ്പെടുത്തിയാണെങ്കിൽ, കലാസൃഷ്ടിയുടെ മാനദണ്ഡം മറ്റൊരു സൃഷ്ടിയുമായി ബന്ധപ്പെടുത്തിയാണ് നടക്കുന്നത്. (ഗോവിന്ദന്റെ ഉപന്യാസങ്ങളിലെ ‘കലയുടെ മൗലികഭാവം’ എന്ന ലേഖനം) ഗോവിന്ദൻ വളരെ വിശാലമായ പശ്ചാത്തലത്തിലാണ് സൃഷ്ടിയുടെ പൈതൃകബന്ധത്തെ വിശദീകരിക്കുന്നത്. ദൈവത്തിന്റെ കുത്തകയായ സൃഷ്ടിമേഖലയെ ഉപാധികളില്ലാതെ വെല്ലുവിളിക്കുന്ന എഴുത്തുകാരുടെ സ്വാതന്ത്ര്യത്തോളം നീട്ടിക്കൊണ്ടുപോകാവുന്ന സങ്കല്പം അതിനകത്തുണ്ട്. ദൈവം സ്വന്തം മാതൃകയിൽ മനുഷ്യനെ സൃഷ്ടിച്ചതു പോലെയാണ് രചയിതാക്കൾ പൂർവസൃഷ്ടികളെ അനുവർത്തിക്കുന്നത്. അതേ സമയം അവയിൽ വ്യക്തിത്വ ഘടകങ്ങളും കാലസാഹചര്യങ്ങളും കലർന്ന് മൗലികമായി തിളങ്ങുകയും ചെയ്യുന്നു.
‘ഉള്ള ഒന്നിനെ സവിശേഷമായ ഒരനുഭവത്തിൽക്കൂടി പുതിയ ഒന്നാക്കി മാറ്റാനുള്ള’ കഴിവാണ് കലയുടെ മൗലികതയെന്ന് ഗോവിന്ദനെ പിന്തുടർന്ന് കഥാകൃത്തായ കരുണാകരനും കുറിക്കുന്നു. (കലയുടെ മൗലികഭാവം: ഗോവിന്ദനെ വീണ്ടും വായിക്കുമ്പോൾ) ആത്മപ്രകാശനത്തിലൂടെ മനുഷ്യർക്ക് സ്വയം പൂരിപ്പിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ ഒരുക്കുന്നിടത്താണ് കലയുടെ മൗലികത സ്ഥാനപ്പെടുന്നത്. കലയ്ക്ക് കാമവും കലാപവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോവിന്ദന്റെ ചിന്തകളും ഇതിന്റെ തുടർച്ചയാണ്. വ്യത്യസ്തമായ അനുഭവങ്ങളെ മനുഷ്യർക്ക് കൂടുതൽ മനസിലാക്കിക്കൊടുക്കുക എന്നൊരു ധർമ്മം കലയും സാഹിത്യവുമെല്ലാം ചേർന്ന് നിർവഹിക്കുന്നുണ്ട്.
മനുഷ്യരുടെ വൈകാരിക ജീവിതത്തിലെ ഒരു നിർണ്ണായകഘട്ടത്തെയാണ് കാളിദാസന്റെ ‘മേഘദൂതി’ലെ വിരഹിയായ യക്ഷൻ പ്രതിനിധാനം ചെയ്യുന്നത്. അയാൾ പല നിലകളിൽ മലയാളമുൾപ്പടെയുള്ള പിൽക്കാല കവിതകളിൽ കടന്നുവന്നിട്ടുണ്ട്. ജീവിതത്തിലെ മൗലികഭാവമായ വേർപാടാണ് ആ കാവ്യത്തിലെ വൈകാരികകേന്ദ്രം. ‘ഈ ലോകത്ത് വിരഹം അനുഭവിക്കുന്ന സകലരുടെയും സന്ദേശമാണത്’ എന്ന രവീന്ദ്രനാഥടാഗോറിന്റെ നിരീക്ഷണത്തെ കുറച്ചുകൂടി വിപുലപ്പെടുത്തിയാൽ, ആശയവിനിമയത്തിനുവേണ്ടിയുള്ള നിരാശ്രയമായ ശ്രമത്തിന്റെ ആവിഷ്കാരമാണ് എന്ന നിലയിലും ആ കാവ്യത്തെ പരിഗണിക്കാവുന്നതാണ്. സുവർണ്ണനഗരമായ അളകാപുരി, കൈനീട്ടി മേഘങ്ങളെ തഴുകാവുന്ന മട്ടുപ്പാവുള്ള മാളികകൾ, യക്ഷത്വം, പുതുദാമ്പത്യം ഇങ്ങനെയുള്ള പശ്ചാത്തലങ്ങളെ ആസ്പദമാക്കി ‘മേഘസന്ദേശം’ കാമത്തിന്റെ സ്തുതിഗീതമായി പരിഗണിക്കപ്പെടുകയാണ് പതിവ്. തിണ്ടുകുത്തിക്കളിക്കുന്ന ആന, നീവീബന്ധം (അരക്കെട്ടിലെ തുണി) അഴിഞ്ഞ പുഴ തുടങ്ങിയുള്ള അലങ്കാരകല്പനകൾ ആ വികാരത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൃഷ്ണമാരാർക്ക് മേഘം, വിരഹിയായ യക്ഷന്റെ കാമം ഉറകൂടി രൂപപ്പെട്ട കല്പനയായത് ആ വഴിക്കാണ്. ഉത്തരാവർത്തത്തിൽ വേനലിൽ വരണ്ട ജനപദങ്ങളിൽ മഴക്കാലം കാമമുണ്ടാക്കുമെന്ന് എം എൻ വിജയനും വിശ്വസിക്കുന്നുണ്ട്. ‘ആഷാഢമാസം, ആത്മാവിൽ മോഹം, അനുരാഗമധുരമാം അന്തരീക്ഷം!’ എന്ന് സിനിമാപ്പാട്ടിൽ കാമാവിഷ്ടമായി കടന്നുവരുന്നതും ഈ കാലംതന്നെയാണല്ലോ.
അക്കിത്തത്തിന്റെ ‘നിത്യമേഘ’മെന്ന കവിതയുടെ പ്രാഥമികമായ പ്രമേയ വിഷയങ്ങൾ കാളിദാസനും മേഘവുമാണ്. അവിടെ വൈകാരികഭാവം കാമമല്ല, അത്ഭുതമാണ്. പ്രപഞ്ചത്തെ മുഴുവൻ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും മേഘം, കാമമല്ല, മനുഷ്യരുടെ ഉദ്വിഗ്നത ഘനീഭവിച്ച രൂപമാണ്. ഭാവനയുടെ ‘മഹാശയം’കൂടിയായതുകൊണ്ട് കാലം അതിനുമുന്നിൽ തല കുനിച്ചാണതിനെ നിത്യമേഘമാക്കിമാറ്റുന്നത്. ഈ അദ്ഭുതാവേശസ്ഥിതിയല്ല ആറ്റൂർ രവിവർമ്മയുടെ ‘നഗരത്തിലെ യക്ഷനുള്ളത്’. അത് ഒരു കുടുംബത്തിലേക്ക് ഒതുങ്ങുന്നു. വിവാഹം കഴിച്ച നാളിലുണ്ടായിരുന്ന സ്നേഹപുതുമകൾ വറ്റി ബന്ധം പഴകാൻ തുടങ്ങിയ വേളയിൽ, ജോലിയ്ക്കായി പ്രിയതമയെ വിട്ടു താമസി ക്കേണ്ടതായി വന്ന ഒരു ജീവനക്കാരന് വിരഹത്തിൽ മുൻപത്തേതിനേക്കാൾ ഇണയോടുതോന്നുന്ന ‘വിപ്രലംഭത്വ’മാണ് (ഈ വാക്കിന് വഴക്ക്, നിരാശ, വഞ്ചന, വേർപാട് എന്നൊക്കെയാണ് അർത്ഥം, പിരിഞ്ഞിരിക്കുന്നവരുടെ ശൃംഗാരമെന്ന നിലയിൽ ആ വാക്കിനു രൂഢിയായ പ്രശസ്തിയുമുണ്ട്) ആ കവിതയുടെ കാതൽ. വിരഹം അയാളെ മധുവിധുകാലത്തേക്കാൾ കൂടുതൽ അനുരാഗിയാക്കി മാറ്റുന്നു.
സമകാലിക മലയാളം ആഴ്ചപ്പതിപ്പിൽ (2024 ജൂലൈ 22) കളത്തറ ഗോപൻ എഴുതിയ ‘വിമാനത്തിലൊരു യക്ഷൻ’ വിരഹിയായ ആണിന്റെ സന്ത്രാസങ്ങളെ പേറുന്ന പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ്. ഇന്നത്തെ കണക്കിൽ യക്ഷൻ എന്ന വിളിപ്പേര്, ഒരു ഹൈപ്പർ ലിങ്കാണ്. എന്നാൽ ഗോപൻ ജീവിക്കുന്ന ആധുനിക ലോകം, കാളിദാസനിൽനിന്ന് പാടെ മാറിപ്പോയ ഒന്നാണ്. ഇവിടെ കവിതയിലെ യക്ഷന്റെ ‘ചാടുവാൻ വലിയും കാലിൽ തൂങ്ങിക്കനക്കുന്ന ഭൂമി’ (അക്കിത്തം) ഇല്ല. അയാളുടേത്, ‘രണ്ടു നാൾ ദൂരത്തിലുള്ള തിർക്കുള്ള പട്ടണത്തിലെ ലോഡ്ജിൽ പണ്ട് അമ്മയെ പിരിഞ്ഞതിന്റെ വേദനപോലെയൊന്ന് കടിച്ചമർത്തി ജീവിക്കേണ്ട സാഹചര്യവും’ (ആറ്റൂർ) അല്ല. എങ്കിലും മലയാളത്തിൽ പിന്നീട് രണ്ടു മാർഗങ്ങളായി തിരിയുന്ന മേഘാന്വേഷണങ്ങളിൽ അക്കിത്തത്തിന്റെ ‘നിത്യമേഘത്തിന്റെ’ വഴിയോടാണ് ‘വിമാനത്തിലൊരു യക്ഷൻ’ ചേർന്നുനിൽക്കുന്നത് എന്നു പറയാൻ കാരണമുണ്ട്. കളത്തറ ഗോപന്റെ യക്ഷൻ വിമാനത്തിൽ പറക്കാൻ ആഗ്രഹിക്കുന്നു. അവസാനം ആഗ്രഹസാധ്യം ഉണ്ടാവുകയും ചെയ്യുന്നു. മേഘങ്ങൾക്കും മീതേ പറക്കുന്ന വിമാനത്തിലിരുന്ന് അയാൾ ആലോചിക്കുന്നതും തിരയുന്നതും കാമുകിയെയോ ഭാര്യയെയോ അല്ല, പൂർവസൂരിയായ കാളിദാസന്റെ പഴയ മേഘത്തെയാണ്. കവിതയുടെ അവസാനവരിയിൽ എത്തുമ്പോൾ മാധ്യമംതന്നെയാണ് സന്ദേശം എന്നു പറയുന്നതുപോലെ, ‘മേഘം തന്നെയാണ് വിനിമയവും’ എന്നു വ്യക്തമാക്കുകയും ചെയ്യുന്നു. (‘അപ്പോഴും തിരയുന്നു മേഘത്തെ, സന്ദേശത്തെ’) മറ്റൊരിടത്ത് വക്താവ് താൻ തന്നെ മേഘം- സന്ദേശവാഹി- ആകാനുള്ള സാധ്യതയെ പരാമർശിക്കുന്നതും കാണാം. (‘അടുത്തിരിക്കുമൊരു മിടുക്കൻ യുവാവെന്റെ കണ്ണിൽനിന്നു മേഘത്തെ വായിച്ചെടുക്കുന്നുവോ?’). കവിതയിലെ യക്ഷനെ സംബന്ധിച്ചിടത്തോളം മറുവശത്ത് മൂർത്തരൂപത്തിൽ ഒരു കേൾവിക്കാരിയോ-കാരനോ സ്വീകർത്താവോ ഇല്ല എന്ന കാര്യം വളരെപ്പെട്ടെന്ന് നമ്മുടെ ശ്രദ്ധയിൽ വരും. പ്രണയിനിയെപ്പറ്റി അയാൾ ചിന്തിക്കുന്നതേയില്ല. അതുകൊണ്ട് വക്താവിന്റെ കൺമുന്നിൽ മറഞ്ഞുനിൽക്കുന്ന പഴയ മേഘമാണ് ഈ കവിതയിൽ കവി തേടുന്ന പങ്കാളിയെന്നു പറയാം. സന്ദേശംകൊണ്ടു പോകുന്ന ആളുതന്നെ സന്ദേശം ലഭിക്കേണ്ട ആളായിത്തീരുന്ന വിചിത്രമായ ഒരവസ്ഥയാണ് കവിതയ്ക്കകത്തുള്ളത്. അങ്ങനെ പിന്നിലേക്ക് പോയി കാളിദാസനെയും അദ്ദേഹത്തിന്റെ ആവിഷ്കാരമായ മേഘത്തെയും ചെന്നുതൊടുന്ന കവിത, സന്ദേശത്തെയും മാധ്യമത്തെയും കുറിച്ചുള്ള അന്വേഷണമായിത്തീരുന്നു. സൂക്ഷ്മാർത്ഥത്തിൽ കവി എന്ന നിലയിലുള്ള തന്റെ സത്തയെ തിരഞ്ഞുപോകുന്ന ഒന്നായി കവിത മാറുന്നു. പ്രകടമായും അത് ആത്മപ്രകാശനത്തെ സംബന്ധിക്കുന്നതുമാണ്
കാളിദാസൻ എന്തുകൊണ്ട് പ്രാവിനെയോ കാറ്റിനെയോ സന്ദേശഹരനായി തിര ഞ്ഞെടുത്തില്ലെന്ന സംശയം ഇടയ്ക്ക് അയാളിൽ തലനീട്ടുന്നതിന്റെ കാരണം വ്യക്തമാണ്. കാറ്റ് അരൂപിയാണ്. പ്രാവിനെ കവി അവിശ്വസിച്ചതുകൊണ്ടാണ്. വിശ്വസിക്കാവുന്ന സരൂപിയായ മാധ്യമവും അതിനു വഹിക്കാനുള്ള സന്ദേശവും കവിത യുടെ ജൈവികതയെപ്പറ്റിയുള്ള രൂപകത്തെ മുന്നിൽ വയ്ക്കുന്നതായി തോന്നുന്നു. കളത്തറ ഗോപന്റെ ബിംബകല്പനങ്ങളിൽ വ്യാപകമായി കടന്നുവരുന്ന ഒന്നാണ് മനുഷ്യത്വാരോപണം. മനുഷ്യരൂപം പൂണ്ട് പടികയറിപോകുന്ന നിഴൽ, കായ്കനികൾകൊണ്ട് ചിലരെ എറിഞ്ഞു വീഴ്ത്തുന്ന ഭ്രാന്തു പിടിച്ച മരം -എന്നിങ്ങനെ മറ്റു കവിതകളിൽ അവയെ അപൂർവമായല്ലാതെ നാം കണ്ടിട്ടുണ്ട്.
കവിയെ സംബന്ധിച്ചിടത്തോളം സന്ദേശത്തെയും അതിന്റെ മാധ്യമ ത്തെയുംപറ്റിയുള്ള ആശങ്ക അടിസ്ഥാനപരമായി ആശയവിനിമയത്തെ സംബന്ധി ച്ചുള്ളതാണ്. മേഘസന്ദേശത്തെ ആസ്പദമാക്കിയ മുൻ കവിതകളിലും ഈ പ്രശ്നം കടന്നുവന്നിട്ടുണ്ട്. ലക്ഷ്യങ്ങൾ പലതാണെന്നേയുള്ളൂ. ‘സന്താപത്തെ ചിതമോട് അകമേ വച്ചവൻ നിന്നുപോയി’ എന്ന് കാളിദാസൻ, സ്വതവേ വാചാലനായ തന്റെ യക്ഷനെ വികാരത്തള്ളിച്ചയാൽ മൂകനാക്കി നിർത്തുന്ന ഒരു സന്ദർഭം മേഘസന്ദേശത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആറ്റൂർ, ‘പേന മരിച്ചു കിടപ്പൂ നിൻ ട്രങ്കിൻ മൂലയിൽ’, എന്നും ‘കൊക്കുകൾ പൂട്ടിയിരുന്നു നാം’ എന്നും ‘പൂട്ടിവച്ചുള്ള മനസ്സോടിരുന്നു ഞാൻ’ എന്നും ആ സന്ദിഗ്ദാവസ്ഥയെ വിവരിക്കുന്നു. ‘നിത്യമേഘ’ത്തിലും വാക്കുകൾ അസ്തമിക്കുന്ന അവസ്ഥ ഒരു വരിയിൽ അക്കിത്തം അവതരിപ്പിക്കുന്നത് ‘സർവഭക്ഷകമെൻ നാവും തരിപ്പിച്ചു കളഞ്ഞു നീ’ എന്നെഴുതിയാണ്. സന്ദർഭങ്ങൾ എന്തായാലും കവികളെന്ന നിലയ്ക്ക് നിരന്തരമായ ആശയവിനിമയത്തെ സംബന്ധിച്ചുള്ള അബോധഭീതി സ്വാഭാവികമായ കാര്യമാണ്. അതു കവിതയിൽ കേന്ദ്രസ്ഥാനത്തു വരുന്നു എന്നതാണ് ‘വിമാനത്തിലൊരു യക്ഷൻ’ എന്ന കവിതയുടെ വിശേഷപ്രസക്തി.
സഹൃദയരിലേക്കെത്താൻ വെമ്പുന്ന തന്റെ കവിതയെക്കുറിച്ചും അതിനായി താൻ സ്വീകരിക്കുന്ന ഉപാധികളെക്കുറിച്ചുമുള്ള നിശ്ചയമില്ലായ്മയാണ് ‘വിമാനത്തിലൊരു യക്ഷനെ’ സാധ്യമാക്കുന്ന മനശ്ശാസ്ത്രവശം. തന്റെ മുന്നിലൊരു സമൂഹം ഉണ്ടെന്നറിയാവുന്ന കവിയെ സംബന്ധിച്ച്, സന്ദേശകാവ്യങ്ങളിലെ മൂന്നാമത്തെ ഘടകമായ ‘സ്വീകർത്താവിന്റെ’ അഭാവം പ്രധാനമല്ല. തന്റെ കവിതയെ അവർ എങ്ങനെ സ്വീകരിക്കുമെന്ന വിചാരവും പ്രമേയം (സന്ദേശം) കവിതയെന്ന മാധ്യമത്തിൽക്കൂടി എങ്ങനെ ഭദ്രമായി അവതരിപ്പിക്കുമെന്ന ഉത്കണ്ഠയും ചേർന്നു രൂപപ്പെടുത്തുന്ന ഉദ്വിഗ്നമായ അവസ്ഥയാണ് തീർച്ചയില്ലായ്മ. തിരഞ്ഞിട്ടും കിട്ടാത്ത, വിലപ്പെട്ടതെന്തോ കൈമോശം വന്ന സ്വപ്നാത്മകമായ ഒരവസ്ഥയെയാണത് സാക്ഷ്യപ്പെടുത്തുന്നത്.
ഈ അനിശ്ചിതത്വം കളത്തറ ഗോപന്റെ കവിതകളിൽ എമ്പാടുമായി വിന്യസി ക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്. അവസാനമിറങ്ങിയ സമാഹാരത്തിന്റെ പേര് ‘ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ’ എന്നാണല്ലോ. കവിതകളിൽ രാത്രിയും പകലും വൈകുന്നേരവും രാവിലെയും ആഴവും മുകൾപ്പരപ്പും നിലാവും സൂര്യവെളിച്ചവും പുകച്ചുരുളും പൂക്കളും ചോരയും വെള്ളവും എല്ലാം അയാൾക്ക് നിരന്തരം മാറിപ്പോകുന്നതായി കാണാം. ഇത് ഉത്തരാധുനികമായ ഭാവുകത്വത്തിന്റെ അവസ്ഥയെന്നതിനേക്കാൾ അരക്ഷിതവും അസ്വസ്ഥവുമായ മനസ്സിന്റെ വ്യക്തിഗതമായ പങ്കുവയ്ക്കലാണ്. മാറിപ്പോകുന്നതായുള്ള പ്രകടനം ഭ്രമാത്മകമായ അവസ്ഥയും മാറിപ്പോകുന്നു എന്ന തിരിച്ചറിവ് വാസ്തവവുമാണല്ലോ. അതും ഇതുമാകാമെന്ന വസ്തുതയുടെ സമർത്ഥനമല്ല അപ്പോൾ സംഭവിക്കുന്നത്, അതോ ഇതോ എന്ന തീർപ്പില്ലായ്മയാണ്. ഇവിടെയാണ് ആ പഴയ കാളിദാസമേഘത്തിനുവേണ്ടിയുള്ള തിരച്ചിൽ കവിതയ്ക്കുള്ളിൽത്തന്നെയുള്ള യുക്തിയാൽ ഭദ്രമാകുന്നത്.
ഗോവിന്ദന്റെ കലാസങ്കല്പത്തെ ഒന്നുകൂടി പിൻപറ്റേണ്ടിയിരിക്കുന്നു. സ്വന്തം സൃഷ്ടിയിലൂടെ ദൈവം സ്വയം അപ്രസക്തനായി തീരുന്ന പരിണതി സൃഷ്ടികർമ്മത്തെക്കുറിച്ചുള്ള സങ്കല്പത്തിലുണ്ട്. മരണം, വിധി എന്നീ രണ്ടു കാര്യങ്ങളിലും സൃഷ്ടി സ്രഷ്ടാവിനെ വെല്ലുവിളിക്കുന്നതാണ് മനുഷ്യന്റെയും കലയുടെയും കാര്യത്തിലുള്ള സമാനത. ‘നിത്യമേഘം’ എന്ന സങ്കല്പം അതിനെ എങ്ങനെ അനുസരിക്കുന്നു എന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. “ഞാൻ പൊടിയാണ് എന്നാലോ എന്റെ മൃത്പ്പിണ്ഡം പൊടിയിൽത്തന്നെ ഉടഞ്ഞുലയിക്കുന്നതിനുമുൻപ് എന്റെ സത്തയെ സർഗാവേശങ്ങളാക്കി ഇനിയും ഞാൻ ജീവിക്കും” എന്ന് പറഞ്ഞുകൊണ്ടാണ് മരണവിധേയനായ കലാകാരൻ ദൈവവചനത്തെ ധിക്കരിക്കുന്നത് എന്ന് ഗോവിന്ദൻ എഴുതുന്നു. (കലയുടെ മൗലികഭാവം) ‘വിമാനത്തിലൊരു യക്ഷൻ’ എന്ന കവിതയിലെ വക്താവ് തനിക്കു താഴെ, ‘കൂടുതൽ വെള്ളം പേറി കുന്നിനെ മുട്ടി പൊട്ടിച്ചിതറി കാണാതാവുന്ന ഒരു മേഘത്തെ’ അവതരിപ്പിക്കുന്നതു നോക്കുക. അയാളുടെ അന്വേഷണവസ്തുവായ മേഘത്തിന്റെ താത്കാലികതയും ക്ഷണികതയും ലാഘവത്വവും അയാൾക്ക് അറിയാൻ വയ്യാത്തതല്ല. നാളേയ്ക്കില്ലാതെ നശിച്ചു പോകുന്ന ആ വസ്തുവിനു പകരം കെല്പുള്ള, ശാശ്വതമായ ഒരു സർഗസൃഷ്ടിയാണ് അയാളുടെ (ഏതു കലാകാരരുടെയും) സ്വപ്നം. അത് കാലാതീതത്വത്താൽ തെളിയിച്ച സൃഷ്ടിയാണ് കാളിദാസന്റെ മേഘം എന്നുള്ളതുകൊണ്ടാണ് പുകയും കാറ്റും ജലവും തീയും ചേർന്നു സൃഷ്ടിച്ച നശ്വരമായ മേഘത്തിനു പകരം ശാശ്വതമായ സങ്കല്പവസ്തുവിനായി (നിത്യമേഘത്തിനായി) പരതുന്നത്.
മേഘമാർഗം ഭൂമിയിൽ കാലു നിവർത്തി നടക്കുന്ന മനുഷ്യരുടെ തലയ്ക്കു മുകളിലാണ്. എന്നാൽ ആറ്റൂരിന്റെയും അക്കിത്തത്തിന്റെയും കളത്തറ ഗോപന്റെയും കവിതകളിലെ വക്താക്കളുടെ സ്ഥാനവും വീക്ഷണക്കോണും മുകളിൽനിന്ന് താഴേയ്ക്കാവുന്ന സന്ദർഭങ്ങളുണ്ട്. സ്ഥലപരംമാത്രമല്ല കാലപരംകൂടിയാണ് ഈ വീക്ഷണസ്ഥാനങ്ങൾ. സന്ദേശങ്ങളുടെ വിശേഷവക്താക്കളായ കവികൾ എന്ന നിലയ്ക്കുള്ള അബോധപരമായ തിരഞ്ഞെടുപ്പാണ് ഗ്രാമം-നഗരം, താത്കാലികത-നിത്യത, മണ്ണ്-മാനത്തേയ്ക്കുന്തി നിൽക്കുന്ന മുനമ്പ്, ടെർമിനൽ-വിമാനം എന്നീ വിപരീതദ്വന്ദ്വങ്ങളിലുള്ളത്. സന്ദേശത്തിന്റെ ഭദ്രതയെയും അർത്ഥപൂർണ്ണതയെയുംപ്പറ്റിയുള്ള ഉത്കണ്ഠയ്ക്ക് അടിസ്ഥാനവും അവരെത്തിപ്പെട്ടിരിക്കുന്ന കവിയെന്ന പദവിസ്ഥാനത്തെപ്പറ്റിയുള്ള ബോധമാണ്. സമകാലിക കവിതയിലെ യക്ഷൻ തന്റെ തലക്കു മുകളിലല്ല സന്ദേശഹരനെ തേടുന്നത്; താഴെയാണ്. മേഘങ്ങളെ കീഴെയാക്കി സഞ്ചരിക്കുന്ന വിമാനത്തിലിരുന്നുള്ള കാഴ്ചയിൽ (വിമാനത്തിലൊരു യക്ഷൻ) ഇത് കൂടിയ അളവിലുണ്ട്. അത് കാലാന്തരയാത്രയുടെകൂടി ഫലമാണ്.
കളത്തറ ഗോപന്റെ കവിതകളിൽ പൊതുവേ കാണുന്ന വിപരീത ഇരട്ടത്തത്തെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സാമാന്യവത്കരിക്കാമെന്നു തോന്നുന്നു. വർത്ത മാനകാലത്തിന് അധികം ആയുസ്സില്ലെന്നു വിശ്വസിക്കുന്നതുകൊണ്ട് നിരന്തരമായി ഭൂതകാലത്തിലേക്ക് പാഞ്ഞു കയറുന്ന ചേതനയാണ് ഗോപന്റേത്. ഒറ്റയായവന്റെ ഇരട്ടപ്പേ രാണോ ബുദ്ധൻ (പതിയെ പതിയെ ഒറ്റയാകുമ്പോൾ) മരിച്ചവർ തിരിച്ചുവന്ന് തെല്ലമ്പര പ്പോടെ നോക്കി (മരിച്ചവർ തിരിച്ചുവന്ന വെളുപ്പാങ്കാലം) ഇപ്പോൾ കതകും കട്ടളയുമായി മാറിക്കഴിഞ്ഞ റോഡിനു നടുവിൽ നിൽക്കുന്ന മരം (പ്ലാവു നിന്നതായി തോന്നുന്നു) (ഭ്രാന്തമായ് പൂത്ത മരം) എങ്കിലും മരങ്ങൾ കാണുമ്പോൾ അവന് എന്തോരിത് (സൂ) കോളനിയിൽനിന്നു കൊണ്ടുവന്നത് അമ്മ മെടഞ്ഞ ഈറ്റപ്പായ (ഈറ്റപ്പായ) കാലങ്ങളായി നമ്മളിലുള്ളൊരുവൻ കാടുകയറിയെന്നു വിചാരിച്ചാൽ മതി (കാടു കയറ്റം) - തുടങ്ങിയ കല്പനകളിലൂടെ കവി ചെന്നു തൊടുന്നത് അതീതകാലത്തെ യാഥാർത്ഥ്യത്തിന്റെ ബിന്ദുക്കളിലാണ്. സമുദ്രത്തിൽ മുളച്ച് പരിണമിച്ചുവന്ന ജീവിയായ മനുഷ്യൻ ഉപ്പുരസം ജൈവികമായ ഒരോർമ്മയായി ഇന്നും ചോരയിൽ വഹിക്കുന്നതുപോലെയൊരു പ്രക്രിയ സാംസ്കാരികമായും സംഭവിക്കുന്നുണ്ട്. ‘വെള്ളം’ എന്ന കവിതയിൽ നേരിട്ട് കവി ഇത്തര മൊരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ഭ്രമാത്മകമെന്നും അതിവാസ്തവമെന്നും തെറ്റിദ്ധരി ക്കാനിടയുള്ള, ഗോപന്റെ കവിതകളിലെ കല്പനകൾ പലതും വംശപരമായ പൂർവ സ്മരണകളിൽനിന്ന് ഉറവെടുക്കുന്നതാണ്. അത് ആദിമമായ വാസനകളെയും ഉറവിട ങ്ങളെയും പുറപ്പാടുകളെയും ആവിഷ്കാരങ്ങളെയും ചെന്നു തൊടുകയും രചനയുടെ നിർബന്ധ നിമിഷത്തിൽ അവയെപ്പറ്റി കാര്യമായി ഓർക്കുകയും ചെയ്യുന്നു. ആകാശമാർഗത്തിൽ കാളിദാസന്റെ മേഘത്തെ നിഷ്ഫലമായി തിരയുന്ന ഒരു വിമാനയാത്രയെപ്പറ്റിയുള്ള ഒരു കവിത, കളത്തറ ഗോപന്റെ കവിതകളുടെ ഉൾപ്പൊരുളായ ജന്മാന്തരയാത്രകളെ കൂടുതൽ വ്യക്തതയോടെ കാണാനുള്ള ഉപാധിയായി അങ്ങനെ മാറുന്നു.
വഴിപിണക്കി കവിതാസമാഹാരം, പഠനം

No comments:
Post a Comment