വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ കരസ്ഥമാക്കിയ, ഇൽദിക്കോ എനെയേദിയുടെ ജർമ്മൻ ചിത്രം ‘നിശ്ശബ്ദസുഹൃത്ത്’ (Silent Friend, 2025) വൃക്ഷങ്ങൾക്കും വികാരമുണ്ടെന്നും ഭാഷയുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ ഉള്ളിൽക്കൊള്ളുംവിധം അനുഭവി ക്കുന്ന ചലച്ചിത്രമാണ്. ജർമ്മൻ സർവകലാശാലയിലെ ഒരു ജിങ്കോമരം തനിക്കു മുന്നിലൂടെ കടന്നുപോയ മൂന്നു തലമുറയ്ക്ക് മൂകമായി സാക്ഷിയായിനിൽക്കുന്നതിനെപ്പറ്റിയാണ് ചിത്രം വിവരിക്കുന്നത്. എന്നാൽ സമാന്തരമായി മരത്തിന് ഒരു വൈകാരികജീവിതവുമുണ്ട്. ചലച്ചിത്രത്തിനും പത്തുവർഷം മുൻപാണ് പീറ്റർ വോലെബെന്റെ ‘വൃക്ഷങ്ങളുടെ രഹസ്യജീവിത’മെന്ന (The Hidden Life of Trees, 2015) പുസ്തകമിറങ്ങുന്നത്. ജർമ്മനിയിൽ ജനിച്ച ആ പുസ്തകത്തിനു 2018-ൽ സ്മിതാ മീനാക്ഷി വിവർത്തനം തയാറാക്കിയിരുന്നു. മനുഷ്യഭാഷകൾതമ്മിൽമാത്രമുള്ള കൈമാറ്റമാണോ തർജ്ജിമകൾ എന്നു ചിന്തിക്കാൻ വൃക്ഷങ്ങളുടെ കഥ പറയുന്ന രണ്ടു വ്യത്യസ്തമാധ്യമങ്ങളെ കൂട്ടുപിടിക്കാവുന്നതാണ്. ഭൂമിയിലെ മുന്തിയ ജീവിവർഗമാണ് മനുഷ്യർ. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഭാഷയുടെ കാര്യത്തിലും മനുഷ്യവർഗത്തിനുണ്ടായ മുന്നേറ്റം പല മടങ്ങാണ്. ജൈവചലനങ്ങൾ വളരെ പതുക്കെയായി പ്പോയതുകൊണ്ട് പൂർവികരായ വൃക്ഷങ്ങളെ അടുത്തുനിന്നു മനസിലാക്കുന്നതിൽ മനുഷ്യർക്ക് പരിമിതിയുണ്ടായിരുന്നു. അതിന്നും തുടരുന്നുണ്ട്. അവിടെ യാഥാർത്ഥത്തിൽ ഭാഷയുടെ പ്രശ്നംകൂടി നിലനിൽക്കുന്നു. പരിണാമവഴിയിലൂടെ ബഹുദൂരം സഞ്ചരിച്ച ജീവബിന്ദുക്കൾ സഹോദരങ്ങളാണെന്ന് തിരിച്ചറിയാൻ വയ്യാതായിപ്പോയതിന്റെ മൂലകാരണത്തിൽ ഭാഷ യാണ്. ‘അനുജത്തീ നീയെന്നെ മറന്നോ?’ എന്ന ഹൃദയത്തിൽകൊള്ളുന്ന ചോദ്യത്തിലൂടെ ഒ വി വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ അതു രേഖപ്പെടുത്തിവച്ചു. ഭാഷയുടെ സാംസ്കാ രികവശത്തെ, പ്രവാസജീവിതത്തിന്റെ ഉൾത്തുടിപ്പുകളുമായി ചാലിച്ച് കുഴൂർ വിൽസൺ, ‘വിവർത്തനത്തിന് ഒരു വിഫലശ്രമം’ എന്ന കവിതയിൽ എഴുതി :
ഈന്തപ്പനകൾ ചോദിച്ചു
തുറിച്ചു നോക്കുന്നതെന്തിന്?
വിവർത്തനശേഷമുള്ള
തെങ്ങുകളാണ് ഞങ്ങൾ
മറന്നുവോ?
മരങ്ങൾ ഭാഷയുടെയും ജനിച്ചുവളർന്ന സംസ്കാരത്തിന്റെയും എത്തിപ്പെട്ട പ്രദേശ ത്തിന്റെയും ചുരുക്കെഴുത്തുകളായി കവിതയിൽ മാറുന്നു. മറ്റൊരു കവിതയിൽ കുഴൂർ കടൽക്കര യിൽ ‘കടലമ്മ കള്ളി’യെന്നെഴുതിവച്ചിട്ടും അജ്മാനിലെ കടൽ അതു മായ്ക്കാത്തത് അതിനു മലയാളം അറിഞ്ഞു കൂടാത്തതുകൊണ്ടാണെന്നും ചിന്തിക്കുന്നുണ്ട്. കുഴൂരിന്റെ കവിത, വിവർത്തനങ്ങളുടെ സാധുതയും പ്രസക്തിയും പരിശോധിക്കുന്ന ലേഖനത്തെക്കാളും വാചാലമായി ഭാഷാന്തരങ്ങളിലെ സാംസ്കാരികവിനിമയത്തെപ്പറ്റി സംസാരിക്കുന്നുണ്ട്. പെട്രാർക്കിന്റെ നിരീക്ഷണത്തെ നൂറുകവിതകളുടെ ആമുഖത്തിൽ മലയാളത്തിലെ പ്രസിദ്ധ വിവർത്തകനായ പി രവികുമാർ എടുത്തെഴുതുന്നുണ്ട്. വിവർത്തനത്തിനു മൂലകൃതിയുമായുള്ള ബന്ധം ‘അച്ഛനും മകനുപോലെ’യാണെന്നാണത്. ഏതാണ്ടൊരു രൂപസാദൃശ്യം അവയ്ക്കു ണ്ടാവും. അതിലുപരി, വിവർത്തനം മറ്റൊരു സ്വതന്ത്രസൃഷ്ടിയാണെന്ന കാര്യത്തിനാണ് പെട്രാർക്ക് ഊന്നൽ നൽകിയതെന്നു മനസിലാക്കാൻ പ്രയാസമില്ല.
പ്രസിദ്ധ വിവർത്തകയായ എഡിത്ത് ഗ്രോസ്മാൻ, മറ്റൊരു തരത്തിലാണ് പരിഭാഷകളെപ്പറ്റി ആലോചിക്കുന്നത്. വിവർത്തനം എന്തിന്? (Why Translation Matters? 2010) എന്നു വിശദീകരിച്ചുകൊണ്ട്, എല്ലാ സാഹിത്യവിനിമയങ്ങളുടെയും അടിസ്ഥാനം മനുഷ്യത്വമാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഭാഷയും ഭൂപ്രദേശങ്ങളുടെ അതിരുകളും അവിടെ പ്രസക്തമല്ല. സ്വന്തം സമൂഹത്തിന്റെ മെച്ചപ്പെട്ട അവസ്ഥയ്ക്കുവേണ്ടിയുള്ള ആഗ്രഹം പ്രത്യക്ഷമായും പരോക്ഷമായും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പകരുന്ന പ്രക്രിയയെയാണ് മനുഷ്യത്വമെന്നതുകൊണ്ട് അവർ അർത്ഥമാക്കുന്നത്. വിവർത്തനത്തിനു വിധേയമാകുന്നത് മനുഷ്യത്വമെന്ന മൂല്യമാണ്. ‘സ്വന്തം സമൂഹം’ എന്നുള്ളത് ‘ജീവരാശി’യെന്നു മാറ്റിയെഴു തിയാൽ മുൻപു പറഞ്ഞ വൃക്ഷങ്ങളുൾപ്പടെയുള്ള ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥ യുമെല്ലാം ചേർന്ന വിശാലമായ പശ്ചാത്തലം, പരിഭാഷയെന്ന സങ്കല്പത്തെ മുൻപത്തേതിലധി കം പ്രകാശവലയങ്ങളാൽ തിളക്കുന്നതായി അനുഭവപ്പെടും.
ജീവരാശിയ്ക്ക് മൊത്തമായി പ്രയോജനപ്പെടുന്ന ആശയങ്ങളുടെ സഞ്ചാരത്തിനും അതിന്റെ ഗതിവേഗത്തിനും കാലക്രമത്തിൽ വന്നിട്ടുള്ള മാറ്റത്തിൽ, ആശയവാഹകർ എന്ന നിലയിൽ വിവർത്തനങ്ങൾ വഹിച്ചിട്ടുള്ള പങ്ക് പ്രധാനമാണ്. വിവിധതരത്തിലുള്ള ജ്ഞാനപ്രകാശങ്ങളുടെ കൈമാറ്റമാണ് വിവർത്തനത്തിലൂടെ നടക്കുന്നത്; സാഹിത്യം അതിലൊരു വിഭാഗംമാത്രമാണ്. അതിൽ കൂട്ടിച്ചേർപ്പുകളും പകരംവയ്പ്പുകളും കിഴിക്കലുകളും അംശഹരണങ്ങളും അവിടെ സംഭവിക്കുന്നുണ്ട്. അബോധാത്മകമായ മാറ്റങ്ങൾ വേറെ. പരിഭാഷകൾ മറ്റൊരു സൃഷ്ടികർമ്മമായി അങ്ങനെ മാറുന്നു എന്നു പറയുന്നത് അതുകൊ ണ്ടാണ്. സാസ്കാരികഘടനയ്ക്കകത്ത് പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരങ്ങളായാണ് സർഗസൃഷ്ടി കളെ നമ്മൾ മനസിലകകുന്നതെങ്കിലും അതേ ജാതകം പരിഭാഷകളും പങ്കിടുന്നുണ്ട്. റേച്ചൽ കാഴ്സന്റെ ‘നിശ്ശബ്ദ വസന്തം’ (സൈലന്റ് സ്പ്രിംഗ്, 1962) അതിറങ്ങിയ കാലത്തുതന്നെ വിവാദവും ചർച്ചയും ക്ഷണിച്ചു വരുത്തിയിരുന്നു. കീടനാശിനികൾ ഫലത്തിൽ ജീവനാശിനികളാണെന്ന സത്യത്തെ മുന്നിൽവച്ച പുസ്തകത്തിന് അടുത്തകാലത്ത് മലയാളത്തിൽ രണ്ടു പരിഭാഷകൾ അടുപ്പിച്ചുണ്ടായി. എൻഡോ സൾഫാൻ പ്രക്ഷോഭം നൽകിയ ബോധത്തിന്റെ ഫലമായി ഉണ്ടായ പാരിസ്ഥിതികവിവേകമാണ് മലയാളപരിഭാഷകളുടെ ആവിർഭാവത്തിനു പിന്നിൽ.
നോവലിന്റെ പൂർവപാഠങ്ങൾ തിരഞ്ഞ് ഭൂതകാലത്തിലേക്കു പോയ വിജ്ഞാനികൾ നൂറ്റാണ്ടുകൾക്കു മുൻപേയുള്ള കഥപറയൽരീതികളെ നോവലെന്ന ആധുനിക യൂറോപ്യൻ സാഹിത്യഗണവുമായി കൂട്ടിയിണക്കിയത് പരിഭാഷകളിലൂടെയാണ്. മുറാസാകി ഷികിബുവിന്റെ ഗഞ്ചിയുടെ കഥയ്ക്കും (പന്ത്രണ്ടാം നൂറ്റാണ്ട്) മിഗുൽ സെർവാന്റിസിന്റെ ഡോൺ കിയോത്തെയ്ക്കും (1605, 1615) ആധുനിക നോവൽ സങ്കല്പങ്ങളുമായുള്ള വിദൂരബന്ധത്തെ സമീപസ്ഥമാക്കിയത് അവയുടെ ഇംഗ്ലീഷ് ഭാഷാന്തരങ്ങളാണെന്ന് ഒരു വാദമുണ്ട്. പരിഭാഷ കളിൽ അവ സമകാലികമായ ആഖ്യാനവഴക്കത്തോട് അടുത്തുനിന്നുകൊണ്ട് വില്യം ഫോക്നറെപോലുള്ള എഴുത്തുകാരെ ആകർഷിച്ചു. വിവർത്തനങ്ങളിൽ സംഭവിക്കുന്ന സ്വാംശീ കരണത്തിന്റെ ഗുണഫലമായിട്ടാണ് അതിനെ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡേവിഡ് ദാമ്രോഷിനെപോലുള്ളവർ നിരീക്ഷിക്കുന്നത്. അടിസ്ഥാനപരമായി സാഹിത്യ ചരിത്രം വിനിമയങ്ങളുടെ പ്രക്രിയയാൽ രൂപപ്പെടുന്നതാണെന്ന് ദമ്രോഷ് വാദിക്കുന്നു. (Monash University conference on Literature and Translation) ഗബ്രിയേൽ ഗാർഷ്യാ മാർക്വേസിനു ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു ഫോക്നർ. മാർക്വേസ് ഇംഗ്ലീഷിലൂടെ ലോകസഞ്ചാരം നടത്താൻ തുടങ്ങിയപ്പോൾ സൽമാൻ റഷ്ദിക്ക് അദ്ദേഹം പ്രചോദനമായി ത്തീർന്നു. സെർവാന്റിസിന്റെ മായികതയും മാർക്വേസിന്റെ ഭ്രമാത്മകതയും റഷ്ദിയുടെ അതിവാസ്തവികതയും വ്യത്യസ്തമാണ്. എങ്കിലും സഞ്ചാരത്തിനനുസരിച്ച് ആകൃതിഭേദം വരുന്ന ഒരു രൂപകം ഇവയുടെ ഉള്ളിലുണ്ട്. അത് അഗാധമായി ജീവിതമൂല്യത്തെ അടിസ്ഥാനമാക്കുന്ന ഒന്നാണ്. അതിനെയാണ് എഡിത്ത് ഗ്രോസ്മാൻ ‘മനുഷ്യത്വം’ എന്നു വിളിച്ചു സ്പർശിച്ചത്.
പുതുമ അന്വേഷിക്കുന്ന എഴുത്തുകാരുടെ പ്രാഥമികമായ ഉപാദാനം മറ്റു സംസ്കാരങ്ങളിലുള്ള രചനാരൂപങ്ങളാനെന്നു പറയാം. വിവർത്തനകൃതികൾക്ക് സർഗാത്മകത കൈയെത്തിപ്പിടിക്കാൻ വഴിയൊരുക്കുന്ന പ്രത്യേകത അതിനുള്ളിലുണ്ട്. പുതിയ ജീവിതാനു ഭവങ്ങളുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാൻ വായനാപ്രേമികളായ ആരാണ് ആഗ്രഹി ക്കാത്തത്? പുത്തൻ അനുഭവങ്ങൾക്കുവേണ്ടിയുള്ള മുറവിളി മലയാളിമനസ്സിന്റെ സ്വാഭാവികവും സഹജവുമായ അവസ്ഥയാണ്. പ്രാചീന കാലംമുതൽ കടലിന്റെ സമീപസ്ഥനിലയാൽ വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുള്ള സൗകര്യം ലഭിച്ചതാകാം ഇതിനുള്ള ഒരു കാരണം. ദേശം വിട്ടുപോകാനുള്ള അബോധപ്രേരണയും വ്യത്യസ്തമായ അനുഭവച്ചട്ടക്കൂടുകളിലേക്ക് പ്രവേശി ക്കാനുള്ള ചോദനയുടെ ഫലമായിരിക്കണം. ഫലത്തിൽ മലയാളികളുടെ പ്രവാസജീവിതവും പരിഭാഷകളോടുള്ള ആഭിമുഖ്യവും സാംസ്കാരികസ്വാംശീകരണത്തിനുള്ള പ്രചോദനവുമെല്ലാം തായ്‌വേരു ഒന്നുതന്നെയായ സങ്കീർണ്ണമേഖലയാണ്.
അധിനിവേശാനന്തര മനോഭാവത്തിന്റെ താരതമ്യമാണെങ്കിൽക്കൂടി, കുന്ദലതയെയും (1887) അതിന്റെ പൂർവഗാമികളായ ആഖ്യായികകളെയും ‘ലക്ഷണം യോജിക്കാത്ത’വയായി മാറ്റി വയ്ക്കാൻ മലയാളികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് അപൂർവമായ അനുഭവങ്ങളുടെ അഭാവ മാണെന്ന് വാദിക്കാവുന്നതേയുള്ളൂ. ഇതിവൃത്തസംവിധാനത്തിലെ വൈകല്യം, ഏകാഗ്രത യില്ലായ്മ തുടങ്ങിയുള്ള അക്കാദമിക്കായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഉള്ളടക്ക പരമായി ഇതിനൊരു മറുവശമുണ്ട്, തദ്ദേശീയമായ അനുഭവങ്ങൾ വായനാസമൂഹത്തിനുമുന്നിൽ ‘അന്യ’മായിത്തന്നെ നിലനിൽക്കും എന്നത്. പുല്ലേലിക്കുഞ്ചുവിനും (1860, 1882) സരസ്വതീവി ജയത്തിനും (1892) നോവൽപദവി കിട്ടാതിരുന്നതിനും ഷേക്സ്പിയർ നാടകമായ The Comedy of Errors -ന്റെ വിവർത്തനമായ ‘ആൾമാറാട്ട’ത്തിനു (കല്ലൂർ ഉമ്മൻ ഫിലിപ്പോസ്, 1866) നാടകമെന്ന സ്ഥാനം തുടക്കത്തിൽ കിട്ടാതിരുന്നതിനും കാരണം അവയുടെ ചട്ടക്കൂടുകളുടെ ചിരപരിചിതത്വമാണ്. സംസ്കൃതസാഹിത്യഗണങ്ങളുടെ രൂപഘടനയിലേക്ക് അപരിചിതപ്രമേയങ്ങളെ മാറ്റിയെഴുതിയാലും നവീനമായ രൂപത്തിൽ പരിചിതങ്ങളായ പ്രമേ യങ്ങളെ തിരുകിക്കയറ്റിയാലും സംഭവിക്കുന്നത് പുതുമയോടുള്ള ഉദാസീനതയാവും.
മറ്റൊരു ഉദാഹരണംകൂടി നോക്കാം. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വിവർത്തനം ചെയ്ത ‘അക്ബർ’ എന്ന നോവലിന്റെ സഞ്ചാരവഴികൾ അദ്ദേഹം പുസ്തകത്തിന്റെ അവതാരികയിൽ കുറിച്ചിട്ടുണ്ട്. ‘മഹാനുഭാവനായ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹ ത്തിന്റെ രാജധാനിയിലും രാജ്യത്തിലും ഉണ്ടായിരുന്ന അനേകവിധ പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ സ്ഥിതിയെയും മറ്റും സാമാന്യം സൂക്ഷ്മമായി വിവരിക്കണമെന്നാ യിരുന്നു,” രചയിതാവിന്റെ ഇംഗിതം എന്നദ്ദേഹം എഴുതുന്നു. ഡോ. പെട്രുസ് അബ്രഹാം സാമുവൽ വാൻ ലിംബർഗ് ബ്രോവർ നോവൽ രചിച്ചത് 1872-ൽ ഡച്ചു ഭാഷയിലാണ്. ലിന ഷ്ണൈഡർ 1877-ൽ അതു ജർമ്മനിലേക്ക് വിവർത്തനം ചെയ്തു. 1879-ൽ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകൃതമായി. അടുത്തവർഷം ഇംഗ്ലീഷ്‌പതിപ്പ് വായിച്ചു തീർത്ത്, അത്യധികം സന്തോഷത്തോടെ, ഇത് വിവർത്തനം ചെയ്യേണ്ട കൃതിയാണെന്നു പറഞ്ഞ്, വിശാഖം തിരുന്നാൾ രാജാവ് കേരളവർമ്മയ്ക്ക് അയച്ചുകൊടുക്കുന്നു. നോവലിന്റെ പരിഭാഷ പൂർത്തിയാക്കാൻ കേരള വർമ്മ പന്ത്രണ്ടു വർഷമെടുത്തുവെന്ന് അവതാരികയിൽ കാണാം. ഇന്ത്യയിലെ ഒരു ചക്രവർത്തിയുടെ കഥ, പല സംസ്കാരങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും ഭാഷയിലൂടെയും കടന്നാണ് മലയാളത്തിലെത്തിയത്. അക്ബർ കഥയുടെ പ്രചാരത്തിനും നോവൽ വഴിയുള്ള ദേശാടനത്തിനും കൊളോണിയൽ ഭരണസംവിധാനത്തിനകത്ത് ഒരു സുവർണ്ണപാതയുണ്ടായിരുന്നു. ഏകഖണ്ഡമായ ഒരു ഭാരതവും അതിന് പ്രഭാവശാലിയും ജനസ്വീകാര്യനുമായ ഒരു ചക്രവർത്തിയും എന്ന പ്രലോഭിപ്പിക്കുന്ന ബിംബത്തിലേ ക്കെത്തുന്നതാണ് ആ പാത. നോവൽ കേരളവർമ്മയ്ക്ക് അയച്ചുകൊടുക്കുന്ന സമയത്ത് വിശാഖം തിരുന്നാൾ രാജാവ്, അക്ബറിന്റെ കാലത്ത് താൻ ജീവിച്ചിരുന്നില്ലല്ലോ എന്നും അദ്ദേഹത്തിന്റെ സന്നിധിയിൽ ഒരു ദിവസമെങ്കിലും കഴിച്ചുകൂട്ടാൻ കഴിഞ്ഞില്ലല്ലോ എന്നും ദുഃഖിക്കുന്നതായി കാണാം. 1894-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ പരിഭാഷ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു. സംസ്കൃതനിബിഡമായ സങ്കീർണ്ണശൈലി (കേരളവർമ്മയുടെ അഭിജ്ഞാനശാകുന്തളം പരിഭാഷയെപ്പറ്റിയും ഈ പരാതിയുണ്ട്) നോവലിന്റെ ആധുനിക സ്വഭാവത്തിൽനിന്നും അതിനെ അകറ്റിനിർത്തി. ആദ്യകാലത്തെ കുറച്ചു കോലാഹലങ്ങൾക്കു ശേഷം ഇന്ദുലേഖയ്ക്കു (1889) മുൻപുള്ള ആഖ്യായികകളെപ്പോലെ ദൃശ്യത കുറഞ്ഞാണ് നോവൽ സാഹിത്യചരിത്രത്തിൽ ‘അക്ബറി’ന്റെയും നില. അവ പിൽക്കാലത്ത് പുനർമൂല്യ വിചാരണ യ്ക്കായി കണ്ടെടുക്കപ്പെട്ടുവെങ്കിലും അക്ബറിനു അത്തരം പരിഗണനപോലും ലഭിച്ചില്ല. മാറിയ രാഷ്ട്രീയസാഹചര്യമതിനൊരു കാരണമാണ്. കേരളവർമ്മയുടെ പരിഭാഷയിലെ സംസ്കൃത ബഹുലമായ ഭാഷയും രൂപപരമായ സാമ്പ്രദായികത്വവും പഴയ രാഷ്ട്രീയാവസ്ഥയുമായി ചേർന്നുനിൽക്കുന്നു എന്ന് വ്യാഖ്യാനിച്ചാലും ശരിയാകും.
1948-ൽ അന്തർജ്ജന സമാജം അവതരിപ്പിച്ച ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിൽ പതിമൂന്നുകാരിയായ ദേവസേന “എന്നെ ബാധിക്കണ കാര്യത്തില് എന്റെ സമ്മതം നോക്യേ കഴിയൂ. ആർക്കെങ്കിലും പിടിച്ചു കൊടുക്കാനൊന്നും തരാവില്യാ. അകത്തേക്കല്ലാ, പുറത്തേക്ക്യന്ന്യാ പോണ്” എന്നും പറഞ്ഞ് ഇറങ്ങി പോകുന്ന ഒരു രംഗമുണ്ട്. ഇബ്സന്റെ പാവകൂടിലെ (ഡോൾസ് ഹൌസ് - 1898) നോറ നാടകാവസാനത്തിൽ ഇറങ്ങിപ്പോക്കു നടത്തുമ്പോൾ വലിച്ചടച്ച കതകിന്റെ ശബ്ദം യൂറോപ്പിനെ ഞെട്ടിച്ചതുപോലെ യൊന്നാണിതും. സ്ത്രീകൾമാത്രം അഭിനയിച്ച നാടകം എന്ന നിലയിലും സാമ്പത്തികവും തൊഴിൽപരവുമായ സ്ത്രീസ്വാശ്രയത്തെ അഭിസംബോധന ചെയ്തുവെന്ന നിലയിലും ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ നാടകത്തിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞത് പിൽക്കാലത്താണ്. നാടകത്തിന്റെ രചനയിൽ ഇബ്സന്റെ പാവക്കൂടിന്റെ പങ്കെന്താണെന്ന് വ്യക്തമല്ല. അതേസമയം മലയാളനാടകത്തിന്റെ പുനർവായനയിൽ നോർവീജിയൻ നാടകം ഒരു പൂർവപാഠമായി പുനർജ്ജനിക്കുന്നു എന്ന കാര്യം ഒരു വസ്തുതയായി നിലനിൽക്കുകയും ചെയ്യുന്നു. നേർരേഖയിൽമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല, അനുഭവങ്ങളുടെ പരിസരം. നേരിട്ടുള്ള കൈമാറ്റം സംഭവിക്കുന്നില്ലെങ്കിൽപോലും, കൃതികളുടെ കാലാന്തരവിചാരണകൾ ക്കുള്ള സാഹചര്യങ്ങളെ പാകപ്പെടുത്തുന്നതിൽ വിവർത്തനങ്ങൾക്ക് കാര്യമായ പങ്കുണ്ട്.
സ്വർഗനരകങ്ങളുടെ പ്രസക്തി അപ്രത്യക്ഷമാവുകയും നശ്വരമായജീവിതം ആഹ്ലാദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നതിന്റെ ആവശ്യകതയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന ജീവിതാസക്തിയുടേ പൗരസ്ത്യകാവ്യമായി ‘റുബായിയാത്തി’നെ എഡ്വേഡ് ഫിറ്റ്സ് ജെറാ ൾഡ് പരിഭാഷപ്പെടുത്തി. ചങ്ങമ്പുഴയുടെയും (മദനോത്സവം) എം പി അപ്പന്റെയും (ജീവിതോ ത്സവം) ജി ശങ്കരക്കുറുപ്പിന്റെയും (വിലാസലഹരി) സർദാർ കെ എം പണിക്ക രുടെയും (രസിക രസായനം) തുടങ്ങി പതിനാലോളം വിവർത്തനങ്ങൾ മലയാളത്തിലുണ്ട്. എഡ്വേഡ് ഫിറ്റ്സ് ജെറാൾഡിന്റെ തർജ്ജിമ വഴി മലയാളത്തിലെത്തിയവയാണ് ഭൂരിഭാഗവും. ഭൌതികമായ ആഘോഷങ്ങൾ പാശ്ചാത്യസംസ്കാരത്തിന്റെമാത്രം കുത്തകയല്ലെന്ന കാര്യത്തിന് അവ ഊന്ന ൽ നൽകി. ‘റുബായിയാത്തിനെ സൂഫികാവ്യമായി വായിക്കുമ്പോഴുള്ള പാഠം വ്യത്യസ്തമാണ്. ജീവിതാഘോഷമല്ല, ആദ്ധ്യാത്മികമായ കാഴ്ചപ്പാടാണ് ആ കൃതിയിലുള്ളതെന്ന് ഡോ. ഉമ്മർ തറമേലിന്റെ റുബായിയാത്ത് പരിഭാഷ (2005) ബോധ്യപ്പെടുത്തുന്നു. ജീവിതാഘോഷം കലവറയില്ലാതെ നടത്തുന്നതെന്നു വിചാരിച്ചുപോന്ന കൃതിയ്ക്കുള്ളത് ആദ്ധ്യാത്മികമായ പശ്ചാത്തലമാണെന്ന് അറിയിക്കുന്നതും വിവർത്തനമാണ്.
നമ്മുടെ വിവർത്തനങ്ങളിൽ ഏറിയ പങ്കും കടന്നു വന്നത് ഇംഗ്ലീഷ് എന്ന വാതിലൂടെയാണ്. റുബായിയാത്തിന്റെ കാര്യത്തിൽ കണ്ടതുപോലെ കോളനീകൃത ഇംഗ്ലീഷിന്റെ ഭാഷാപരമായ ദല്ലാളിത്തം സാംസ്കാരികവിനിമയത്തിൽ നടത്തുന്ന സ്വാധീനം പ്രത്യക്ഷത്തിൽ പ്രകടമല്ലെങ്കിൽപോലും സൂക്ഷ്മാർത്ഥത്തിൽ നിരവധി ഇടപെടലുകൾ നടത്തിക്കൊണ്ട് ആശയങ്ങളുടെ സ്വതന്ത്രവിനിമയത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷിന്റെ ലോകക്കോയ്മയെ നിരാകരിക്കുന്ന, ആഫ്രിക്കൻ എഴുത്തുകാരൻ എൻഗൂഗി വാൻ തിയാംഗോയുടെ ‘മനസിന്റെ അപകോളനീകരണം’ (ഡീ കോളനൈസിംഗ് മൈൻഡ്,’ 1986) ഇംഗ്ലീഷിൽനിന്നുള്ള തർജ്ജിമയായാണ് നമ്മൾ വായിച്ചത്. മറ്റു യൂറോപ്യൻ, ലാറ്റിനമേരി ക്കൻ, അറബിക് ഭാഷകളിലുള്ള രചനകളുടെ തർജ്ജിമകൾക്കും ഇടനിലയാണ് ഇംഗ്ലീഷ് എന്ന കാര്യം അധിനിവേശാനന്തര ചിന്തകളുടെ ശ്രദ്ധയാകർഷിച്ച സംഗതിയാണിത്. സംസ്കാരപഠനത്തിന്റെ വ്യാപനത്തോടെ സംസ്കാരങ്ങളുടെ ഉച്ചം-നീചം എന്ന സങ്കല്പത്തിന്റെ അർത്ഥരാഹിത്യം അക്കാദമിക് തലത്തിലെങ്കിലും ബോധ്യമായിട്ടുണ്ട്. എങ്കിലും അതിനു സാർവത്രികതയില്ലെന്നതിന്റെ തെളിവാണ് ഇടയ്ക്കിടയ്ക്ക് സാമൂഹികമാധ്യമങ്ങളിലും മറ്റും കയറിപ്പറ്റുന്ന ഇംഗ്ലീഷിൽ വായിച്ച വൈദേശികകൃതികളുടെ വാഴ്ത്തിപ്പാടലുകൾ. മലയാളത്തിൽ ഇംഗ്ലീഷിനെ ഉപേക്ഷിച്ച് അതതുഭാഷയിൽനിന്നു വിവർത്തനം ചെയ്യാനുള്ള പ്രവണതയ്ക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. കെ സി പിള്ളയും വി എസ് ശർമ്മയും ചേർന്ന് വിവർത്തനം ചെയ്ത ഗീതാഞ്ജലിയുടെ പരിഭാഷ ബംഗാളിയിൽനിന്നാണ്. കയറും ഒരു ദേശത്തിന്റെ കഥയും ഉൾപ്പടെ മലയാളത്തിലെ പല പ്രസിദ്ധ കൃതികളും കന്നഡയിലേക്കും കന്നഡയിലെ ക്ലാസിക്കുകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്ത വ്യക്തിയാണ്, കെ കെ നായർ. അഭയദേവ്, ലീലാസർക്കാർ, കെ രവിവർമ്മ തുടങ്ങിയ വിവർത്തകർ ഇന്ത്യൻ കൃതികളെ അതതു ഭാഷകളിൽനിന്നു മലയാളത്തിൽ എത്തിച്ചു. ഫ്രാങ്ക് പാവ്‌ലോഫിന്റെ ‘തവിട്ടുനിറമുള്ള പ്രഭാതം’ എന്ന ആന്റിഫാസിസ്റ്റു കൃതി ഫ്രഞ്ചിൽനിന്നും ഇഷികാവ താകുബോകുവിന്റെ ‘ഒരു പിടി മണൽ’ എന്ന കാവ്യം ജപ്പാനീസിൽനിന്നും നേരിട്ട് മലയാളത്തിലെത്തിയവയാണ്. ഹെർത്താ മുള്ളറും ആനി എർനോക്സും യഥാക്രമം ജർമ്മനിൽനിന്നും ഫ്രെഞ്ചിൽനിന്നും മലയാളത്തിലെത്തി. നോബൽപോലെയുള്ള രാഷ്ട്രാന്തരീയ പുരസ്കാരങ്ങൾ നേടുന്ന പുസ്തകങ്ങൾക്ക് കാലതാമസമില്ലാതെ പരിഭാഷകൾ പുറത്തിറങ്ങുന്ന സാംസ്കാരിക കാലാവസ്ഥയിൽ മൂലഭാഷയിൽനിന്നും നേരിട്ടുള്ള പരിഭാഷകൾക്ക് ഭാഷാപരമായും സാംസ്കാരികമായും പ്രാധാന്യം വളരെയുണ്ട്. ജെസിബി, ബുക്കർ പുരസ്കാരങ്ങൾ പരിഭാഷകരെ തുല്യപ്രാധാന്യത്തോടെ കണക്കിലെടുക്കാൻ തുടങ്ങിയത്, പുതിയ കൃതികൾക്ക് വിശാലമായ വായനപശ്ചാത്തല മൊരുക്കാൻ സഹായിച്ചുവെന്നു കരുതണം. മീശയും വല്ലിയും ഡെൽഹി ഗാഥകളും മുല്ലപ്പൂ നിറമുള്ള പകലുകളും കൂടുതൽ വായനക്കാരെ നേടിയത് ആ വഴിക്കാണ്.
വിവർത്തനത്തിനു ഭാഷാപരമായിമാത്രമല്ല, ജൈവികവും സാംസ്കാരികവും സാമൂഹി കവും രാഷ്ട്രീയവും മൂല്യപരവുമായ തലങ്ങളുണ്ട്. അവ പ്രവർത്തിക്കുന്നത് ഒറ്റയ്ക്കൊറ്റയ്ക്കോ കൂട്ടാ യോ ആണ്. ആധുനികമായ അന്വേഷണങ്ങളും പഠനങ്ങളും വ്യാഖ്യാനശാസ്ത്രത്തെപ്പോലും വിവർത്തനത്തിന്റെ വിശാലമായ പരിധിയിൽ ഉൾപ്പെടുത്തുന്നു. വിവർത്തിതരചനയുടെ സ്വതന്ത്രമായ അസ്തിത്വം ലക്ഷ്യഭാഷയുടെ ഭൗതികവും ഭൗതികേതരവുമായ സാഹചര്യങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഒന്നാണ്. മനുഷ്യർ എന്ന ജീവിവർഗത്തിനും സഹജീവിവർഗങ്ങൾക്കും അവയുടെ പരിസരങ്ങൾക്കും മൂല്യവത്തായ പ്രകാശം കൂടുതൽ നൽകിക്കൊണ്ട് ജ്ഞാനവിജ്ഞാ നങ്ങൾക്ക് സ്വതന്ത്രമായ സഞ്ചാരത്തിന് വഴിയൊരുക്കുന്ന പ്രവൃത്തിയാണ് വിവർത്തനങ്ങളുടേത്. അക്കാദമികമായി സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടെങ്കിലും, പര്യായമായി പരിഭാഷയെന്നും തർജ്ജിമയെന്നും മൊഴിമാറ്റമെന്നും അനുവർത്തനമെന്നും പറഞ്ഞുപോരുന്ന ഭാഷാന്തരണപ്രക്രിയയുടെ രൂപപരമായ പരിണാമങ്ങളാണ് സ്വതന്ത്രവിവർത്തനവും ഏകദേ ശ വിവർത്തനവും വാചാവിവർത്തനവും ആശയാനുവാദവും അന്തഃവാചികവുമെല്ലാം. പേരുകൾ പലതാണെങ്കിലും ലക്ഷ്യം വിശാലാർത്ഥത്തിലുള്ള മൂല്യവിനിമയവുമാണ്.
ഏറുമാടം, ജനുവരി 2026

No comments:
Post a Comment