September 29, 2007

മലയാളം കമ്പ്യൂട്ടിംഗ് - ഒരു സെമിനാര്‍ റിപ്പോര്‍ട്ട്

(സാങ്കേതികജ്ഞാനം വട്ടപ്പൂജ്യമായ ഒരാളാണിതെഴുതുന്നത് എന്റെ കണ്ണു തുറപ്പിക്കാനുള്ള ഉത്തരവാദിത്വം ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരുടെയും ബാദ്ധ്യതയാണ്. ഹാ! )

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐ ടി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളഭാഷാ കമ്പ്യൂട്ടിംഗിന്റെ (‘അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, സാദ്ധ്യതകള്‍‘) സെമിനാറുകള്‍ കേരളത്തില്‍ ആറിടങ്ങളിലാണ് നടക്കുന്നത്. തിരുവനന്തപുരത്തു വച്ചുള്ളത് സെപ്തംബര്‍ ആറിന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വച്ചു കഴിഞ്ഞു. ഇനി കോട്ടയത്ത് ഒക്ടോബര്‍ 9-ന്, കോഴിക്കോട് ഒക്ടോബര്‍ 18-ന്, തൃശ്ശൂര്‍ ഒക്ടോബര്‍ 26-ന്, കോഴിക്കോട് തന്നെ വീണ്ടും നവംബര്‍ 6-ന്, കണ്ണൂര്‍ നവംബര്‍ 9-ന് എന്നിങ്ങനെ ബാക്കിയുള്ളവ നടക്കും. ഭാഷാകമ്പ്യൂട്ടിംഗിലും ഇന്റെര്‍നെറ്റിലും മലയാളഭാഷയ്ക്കു അനുകൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ഭാഷാസ്നേഹികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കണ്ണില്‍പ്പെട്ടിട്ടില്ല. ആ കുറവു പരിഹരിക്കുക എന്നതാണ് ഈ സെമിനാറുകളുടെ ലക്ഷ്യം. താത്പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാം.

സത്യം പറയാമല്ലോ, വളരെ നല്ലരീതിയിലായിരുന്നു, സെമിനാറിന്റെ ആസൂത്രണം. രജിസ്ട്രേഷന്‍ കൃത്യസമയത്ത് ആരംഭിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം ബ്രോഷര്‍, അക്ഷയയുടെ ലഘുലേഖ, ബാഡ്ജ്, പ്രത്യേകം (എക്കോ ഫ്രണ്ട്‌ലിയായി) തയാറാക്കിയ ഫയലും ഡയറിയും പേനയും, വിജ്ഞാനകൈരളിയുടെ പുതിയ ലക്കം, ഡിജിറ്റല്‍ കേരളയുടെ ഡയറക്ടറി. സി-ഡാക്കിന്റെ ഫ്രീ സോഫ്റ്റ്വെയറ് സി ഡി, മലയാളം കമ്പ്യൂട്ടിംഗ് വിവരങ്ങള്‍ ഇത്രയും സൌജന്യം. ശീതീകരിച്ച ഹാള്‍, ഉച്ചയ്ക്ക് കോഴിക്കറി ഉപദംശമായുള്ള ബിരിയാണി, സമയത്തിന് ചായ, കടി എന്നു പറയുന്ന സ്നാക്സ്. വിദ്യാഭ്യാസമന്ത്രിയായിരുന്നു ഉദ്ഘാടകനെങ്കിലും കൃത്യസമയത്ത് സെമിനാര്‍ ആരംഭിച്ചു. സെമിനാറിനിടയ്ക്കാണ് മന്ത്രി വന്നത് അപ്പോള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു മടങ്ങി. സെമിനാര്‍ തുടര്‍ന്നു പോകുകയും ചെയ്തു. സുജ സൂസന്‍ ജോര്‍ജാണ് സംഘാടക. അവര്‍ കൃത്യമായി ജോലിചെയ്തു എന്നറിയാന്‍ ഇത്രയൊക്കെ മതി.

മൂന്നു സെഷനുകളാണ് സെമിനാറിനുണ്ടായിരുന്നത്.
1. ഭാഷാ കമ്പ്യൂട്ടിംഗ് പരിചയപ്പെടുത്തല്‍ - ഭാഷാ പ്രാദേശികവത്കരണവും കമ്പ്യൂട്ടിംഗും -ദേശീയ കേരളീയ സംരംഭങ്ങള്‍
‍- എന്നാണ് നോട്ടീസിലെങ്കിലും കേരളാ യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറായ ഡോ. ബി ഇക്ബാല്‍ ‘മലയാളഭാഷാ സാങ്കേതിക വികസനത്തിന്റെ ആമുഖമാ‍ണ്‘ അവതരിപ്പിച്ചത്. വിനിമയവ്യാപ്തിയ്ക്കും അറിവധിഷ്ഠിതപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭാഷാസേങ്കേതിക വിദ്യ. 1993ലാണ് വിവരസാങ്കേതിക വിദ്യ എന്ന വാക്കു തന്നെ പ്രയോഗത്തിലാവുന്നത്. കമ്പ്യൂട്ടറിന്റെ പ്രചാരത്തോടെ ഭാഷകളുടെ വംശനാശം തന്നെ പ്രവചിക്കപ്പെട്ടിരുന്നിടത്തു നിന്ന് നാശം വരുന്ന ഭാഷകള്‍ പോലും ഡിജിറ്റലായി സംരക്ഷിച്ചു നിര്‍ത്താനുള്ള ഇടം എന്ന നിലയില്‍ ‘സൈബര്‍ സ്പേയ്സ്’ ഉയരുകയാണുണ്ടായത്.

വിവരസാങ്കേതിക വിദ്യയുടെ സാമൂഹിക പ്രത്യാഘാതം തുടര്‍ന്ന് വിവരിക്കുകയുണ്ടായി. വിനിമയ അസമത്വമാണ് അതിലൊന്ന്. ലഭ്യത, പ്രാപ്യത, ഭാഷ, പ്രാദേശികമായ ഉള്ളടക്കമില്ലായ്മ എന്നിവയാണ് ഈ അസമത്വത്തിന്റെ കാരണം. മറ്റൊന്ന് സംസ്കാരിക ഏകീകരണമാണ്. കോര്‍പ്പറേറ്റ് ഭീമന്മാര്‍ അറിവിനെ വാണിജ്യവത്കരിക്കുകയും കുത്തകവത്കരിക്കുയും ചെയ്യുന്നതും ഭീഷണിയാണ്. അമാനവീകരണമാണ് പ്രത്യാഘാതങ്ങളിലെ കാതലായ മറ്റൊന്ന്.

ഇന്റെര്‍നെറ്റില്‍ പ്രാദേശികഭാഷകള്‍ കടന്നു വരികയും പ്രാദേശികഭാഷയിലും കമ്പ്യൂട്ടിംഗ് ആകാമെന്ന് ഈ രംഗത്തെ കുത്തകകള്‍ക്ക് തോന്നുകയും ചെയ്തതിന്റെ ചരിത്ര പശ്ചാത്തലം ഡോ.ഇക്ബാല്‍ വിശദമായി വരച്ചുകാട്ടി. എണ്‍പതുകളില്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മാണകുത്തകകള്‍ അയര്‍ലണ്ടിലേയ്ക്ക് വരുന്നത് ആ പ്രദേശത്തുണ്ടായ ഭാഷാപരമായ ഉണര്‍ച്ചയുടെ പ്രയോജനം സ്വായത്തമാക്കാനാണ്. ഭാസ്നെഹികള്‍ ഇപ്പോള്‍ കമ്പ്യൂട്ടറിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ട്. ലോകഗതിയുടെ വഴിയിലാണ് മലയാളവും. ഉണര്‍ന്നുവരാന്‍ സമയമെടുക്കുന്നു, എങ്കിലും. നമുക്കീരംഗത്തെ സാദ്ധ്യതകള്‍ വലുതാണ്. പ്രവാസി മലയാളികള്‍ ഈ രംഗത്തു ചെയ്യുന്ന സംഭാവനകള്‍ ഗണനീയമാണ്. മലയാളം ഒരു ലോകഭാഷയായി ഉയരുന്നു. വിവരശൃംഖലയില്‍ മലയാളത്തിനും ഒരിടം കിട്ടുന്നു. പക്ഷേ നമ്മുടെ ഭാഷ നേരിടുന്ന വെല്ലുവിളികള്‍ ധാരാളമാണ്. അവയെ ഇങ്ങനെ തിരിക്കാം.
1. ഭാഷാസമൂഹം മലയാളം കമ്പ്യൂട്ടിംഗിന്റെ കാര്യത്തില്‍ ഇടപെടുന്നില്ല.
2. വ്യക്തമായ ആസൂത്രണമില്ലായ്മ
3. പൊതുസ്ഥാപനങ്ങളും സ്വകാര്യസംരംഭകരും തമ്മിലുള്ള ആശയവിനിമയമില്ലായ്മ
4. സാമൂഹികമായ ഇടപെടലിന്റെ അഭാവം

പിന്നീട് വന്ന രണ്ട് സെഷനുക്കളും ഡോ. ഇക്ബാല്‍ മലയാളഭാഷ വിവരസാങ്കേതിക രംഗത്ത് നേരിടുന്ന വെല്ലുവിളികളായി ചൂണ്ടിക്കാട്ടിയ സംഗതികളുടെ പ്രായോഗിക ഉദാഹരണങ്ങളായിരുന്നു.

2. മലയാള ഭാഷാ കമ്പ്യൂട്ടിംഗ് സോഫ്റ്റ്വെയറ് പരിചയപ്പെടുത്തല്‍ - C-Dac, C-Dit, SPACE പ്രതിനിധികള്‍
മലയാള സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തുന്ന രണ്ടാം സെഷനില്‍ സി ഡാക്കില്‍ നിന്നും വന്ന ജോസഫ് സ്റ്റീഫന്‍ കൂട്ടുകാരന്റെ സഹായത്തോടെ, അക്ഷരമാല (ഫോണ്ട് ഡ്രൈവര്‍‍), അന്വേഷണം (എന്താണെന്ന് അറിയില്ല) എഴുത്തച്ഛന്‍ (എഴുതിയിരുന്നത് ‘എഴുത്തച്ചന്‘-ടൈപ്പിംഗ് ട്യൂട്ടര്‍) കലാകേരളം (ഡാറ്റാ ബെയ്സ്) സന്ദേശം (ഇ മെയില്‍) നേര്‍പദം (സ്പെല്‍ ചെക്ക്) പദകൈരളി (വേഡ് എഡിറ്റര് പക്ഷേ വിവിധോദ്ദേശ്യം‍) സുഭാഷിണി (ടെക്സ്റ്റ് ടു സ്പീച്ച്) ബ്രയില്‍ മൊഴി (എന്താണെന്നു വ്യക്തം) ത്രിഭാഷാ നിഘണ്ടു, നയന (ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റിക്കഗ്നിഷന്‍ സിസ്റ്റം‍) എന്നിവ പരിചയപ്പെടുത്തി. പരിചയപ്പെടുത്തല്‍ അത്ര മികവുറ്റത് എന്നു പറയാനൊക്കില്ല. പലപ്പോഴും സോഫ്റ്റ്വെയറുകള്‍ പിണങ്ങി മുഖം കാണിച്ചില്ല. (ശ്ശോ !എല്ലാം കൂടി പോയി ! എന്ന് പിന്നിലിരുന്ന പെണ്‍കുട്ടിയുടെ കമന്റ്..കോളേജു സ്റ്റുഡന്റായിരിക്കും.) ജോസഫ് ഇടയ്ക്കിടെ കൂട്ടുകാരനെ കൈകാണിച്ച് ‘അതൊന്നും വേണ്ട’ എന്ന മട്ടില്‍ അടുത്തതിലേയ്ക്കു ചാടി. അതും ഇതും കൂടി കൂടിക്കുഴഞ്ഞു. കമ്പ്യൂട്ടറിന്റെ ചൊങ്കും ചൊമ്പ്രാന്തിയും അറിഞ്ഞു കൂടാത്ത നിങ്ങള്‍ക്ക് ഇത്രയൊക്കെ മതി ബാക്കി ‘സഞ്ചിയിലിട്ടു തന്ന ഫ്രീ സി ഡി യിലുണ്ട് വീട്ടില്‍ പോയി നോക്കിക്കോ‘ എന്നൊരു മട്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മാതിരി പരിചയപ്പെട്ടിട്ടുള്ളവയാണ് ഈ സാധാനങ്ങള്‍!. അതാളുകള്‍ വ്യാപകമായി ഉപയോഗിക്കാതിരിക്കാനുള്ള കാരണം സുവ്യക്തം. എന്നിട്ടും അതു വീണ്ടും വീണ്ടും പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതെന്തിനോയെന്തോ? പിക്ചര്‍ ടു ടെക്സ്റ്റ് ഗംഭീരമാണ്, ആളുകള്‍ കയടിക്കും എന്ന ഘട്ടമെത്തിയപ്പോഴേയ്ക്കും രചനയില്‍ നിന്ന് എന്നു പറഞ്ഞു പിന്നീറ്റ് പരിചയപ്പെടുത്തിയ രാജീവ് എന്നൊരാള്‍ ചാടിയെണീറ്റ് വഴക്കുണ്ടാക്കുന്നതു കണ്ടു. അദ്ദേഹത്തിന്റെ വാദഗതി ഇതൊക്കെയാണ്-

1. എന്തെങ്കിലും കാട്ടി കൈയടി നേടുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. ടെക്നിക്കല്‍ എക്സലന്‍സിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത കുറെ ആളുകളുടെ മുന്നില്‍ ഇത് എളുപ്പമാണ്.
2. മലയാളം കമ്പ്യൂട്ടിംഗില്‍ വളരെ വലിയ സംഭാവന നല്‍കിയിട്ടുള്ള രണ്ടാള്‍ക്കാരെ (രണ്ടുപേരും രചനയുടേതാണ്) ഇവിടെ ക്ഷണിക്കാത്തത് ബോധപൂര്‍വമാണ്. കാരണം ഇവര്‍ക്ക് വേണ്ടത് നിങ്ങളുടെ (അതായത് ഞങ്ങളുടെ) കൈയൊപ്പാണ് അതു കാണിച്ച് യൂണികോഡിലെ ചില്ലു പ്രശ്നത്തെ ഇവര്‍ കൈകാര്യം ചെയ്യും.
3. രണ്ടു വര്‍ഷം മുന്‍പ് കാണിച്ച് അതെ സോഫ്റ്റ് വെയറുകളാണ് എന്തോ മഹാകാര്യം എന്ന മട്ടില്‍ ഇവിടെയും കാണിച്ചുകൊണ്ടിരിക്കുന്നത്.
4. യൂണികോഡ് പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്കറിയില്ല. നന്മ എന്നു മൂന്നു തരത്തില്‍ എഴുതാം.. അപ്പോല്‍ നിങ്ങള്‍ക്കു ചിരിവരും.. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറ് എന്ന് ബാങ്കിന്റെ അഡ്രസ്സ് വരുമ്പോള്‍ ഏഴു സൈറ്റുകള്‍ ഒരേ അഡ്രസ്സില്‍ ഉണ്ടാവുകയും നിങ്ങളുടെ (അതായത് നമ്മുടെ) പണം ആരെങ്കിലുംകൊണ്ടു പോവുകയും ചെയ്യുമ്പഴേ നിങ്ങള്‍ (അതായത്..) വിവരമറിയൂ...

ആളുകള്‍ വൈലന്റായി. ‘ഇരിയെടാ അവിടെ‘ ‘നിന്റെ പ്രസംഗം കേള്‍ക്കാനല്ല ഞങ്ങള്‍....”എന്നൊക്കെ പറഞ്ഞു രാജീവിനെ ഇരുത്തി. രാജീവ് അത്രയെളുപ്പം വിട്ടൊന്നും കൊടുത്തില്ല. സുജയും ഡോ. ഇക്ബാലും കാര്യം പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. ചര്‍ച്ച ചെയ്യാന്‍ അവസരം തരാം എന്നു പറഞ്ഞു. രചനയുടെയും മറ്റും ശ്രമങ്ങള്‍ താന്‍ തന്റെ അവതരണത്തില്‍ സൂചിപ്പിച്ചു എന്ന് ഇക്ബാല്‍ അറിയിച്ചു. മദ്രാസ് ഐ ഐ ടി (അതോ എം ഐ ടി യൊ?) വക യൂണികോഡ് പരിഹാര നിര്‍ദ്ദേശങ്ങള്‍ സൈറ്റിലുണ്ടെന്നും അതു വായിച്ചാല്‍ പോരേ തമ്മില്‍ തല്ലണോ എന്നും എന്നും എന്നും അഭിപ്രായങ്ങള്‍ പൊങ്ങി വന്നു നിന്നു.

ബഹളത്തിനിടയ്ക്ക് മോഡറേറ്ററായിരുന്ന എസ് രാജശേഖരന്‍ ശാന്തരായിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു ആരു കേള്‍ക്കാന്‍..? അദ്ദേഹം അടുത്ത ആളുകളെ വിളിച്ചു. പക്ഷേ അവര്‍ റെഡിയായിട്ടില്ലായിരുന്നു. അപ്പോള്‍ അതിന്റെടുത്ത ആളുകളെ വിളിച്ചു. കോഡിനേറ്റര്‍ പറഞ്ഞ സ്പെയിസ് (Society for Promotion of Alternative Computing and Employment) സ്പെയിസ് എന്ന പേര് കേട്ട് മൈക്കിന്റെ മുന്‍പില്‍ വന്ന് രാജശേഖരന്‍ സാര്‍, ഇനി വാക്കുകള്‍ക്കിടയിലെ സ്പെയിസ്-സ്ഥലം അതിനെക്കുറിച്ച് (ആരോ) സംസാരിക്കുന്നതാണ് എന്ന് അനൌണ്‍സ് ചെയ്തു. സുജ ഓടി വന്ന് മൈക്കെടുത്ത് ...‘ഛേ ! എന്നു മാത്രം പറഞ്ഞില്ല.

ഞങ്ങള്‍ (അതായത് ഞാന്‍) ബിരിയാണി ഉച്ചയ്ക്കുണ്ണാന്‍ എഴുന്നേറ്റ് പോയി.

11 comments:

രാജ് said...

ആകെമൊത്തം ഒരു ‘മലയാളി’ മെന്റാലിറ്റി മിക്കതിലും തിളങ്ങി നില്‍ക്കുന്നുണ്ടു് ;)

അധിക്ഷേപിക്കാതെ വാദപ്രതിവാദം നടത്തുവാനറിയാത്തവര്‍, കൈയടി നേടാനും ഫണ്ട് ദുര്‍‌വിനിയോഗം ചെയ്യാനും മാത്രമറിയുന്ന ബ്യൂറോക്രാറ്റുകള്‍, ‘അന്ധ’-വിശ്വാസികള്‍ എല്ലാവരും കൂടെ ‘ഈ’-മലയാളം കോപ്പാവും.

ആശംസകള്‍ തോഴരേ :)

Cibu C J (സിബു) said...
This comment has been removed by the author.
Cibu C J (സിബു) said...

ഇത്‌ മൊത്തം ഒരു സിഡാക്ക് സിഡിറ്റ് പരിപാടിയായിട്ടാണല്ലോ തോന്നുന്നത്‌. ബാക്കിയുള്ളവയ്ക്ക് വലിയ പ്രാതിനിധ്യം കിട്ടിയതായി തോന്നുന്നില്ല. സിഡാക്കിന്റെ സിഡി എന്റെ കയ്യിലും ഉണ്ട്. അതിലെ നയനയായിരുന്നു എനിക്ക്‌ വളരെ താത്പര്യം തോന്നിയ ഒന്ന്‌ (ഓസിആര്‍). പക്ഷെ, ഔട്ട്പുട്ടൊന്നും മര്യാദയ്ക്ക്‌ വരുന്നേ ഇല്ല. ആര്‍ക്കെങ്കിലും ഇത്‌ ശരിക്ക് ഉപയോഗിക്കാന്‍ പറ്റിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ടെക്നിക്ക്‌ പറഞ്ഞുതരണേ..

മൂര്‍ത്തി said...

സാങ്കേതികജ്ഞാനം -273 ആയ ഒരാള്‍ ഒരു കമന്റിട്ടിട്ടു പോകുന്നു.

വായിച്ചു..വിവരങ്ങള്‍ക്ക് നന്ദി.

കമന്റുകള്‍ വായിക്കാന്‍ വരാം..

വെള്ളെഴുത്ത് said...

ഇനിയുള്ള് സെമിനാറുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി ബാക്കി വിവരങ്ങള്‍
2.കോട്ടയം
ഒക്ടോബര്‍ 9 ചൊവ്വ, M G University
3. കോഴിക്കോട്
ഒക്ടോബര്‍ 18,വ്യാഴം
calicut University
4. തൃശ്ശൂര്‍
ഒക്ടോബര്‍ 26 വെള്ളി
Keralavarmma College
5.കോഴിക്കോട്
നവംബര്‍ 6 ചൊവ്വ
അന്താരാഷ്ട്ര പുസ്തകോത്സവ വേദി
6. കണ്ണൂര്‍
നവംബര്‍ 9 വെള്ളി
Kannur University

ഫോണ്‍ 0471-2316306
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
E mail
malayalamcomputing@gmail.com

myexperimentsandme said...

വികാരമാണ് പ്രശ്‌നം അല്ലേ. മലയാളിയുടെ വികാരങ്ങള്‍ അളക്കാന്‍ മാത്രം പ്രാപ്തിയുള്ള വികാരോമീറ്ററുകള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

കുറ്റം പറയുന്നവനെയും കുറ്റം പറയപ്പെടുന്നവനെയും കുറ്റം പറയാന്‍ പറ്റില്ല. അങ്ങിനെയാണ് കാര്യങ്ങള്‍ ആദ്യം മുതല്‍‌ക്കേ എന്ന് തോന്നുന്നു.

Anivar said...

ആകെമൊത്തത്തിലിത് ഒരു സിഡാക്, സിഡിറ്റ് പരിപാടിതന്നെയാണ്. ഐടി മിഷന്‍ പണം നല്‍കുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നു. ഇക്ബാല്‍ സാര്‍ അയച്ച പരിപാടിയെല്ലാം തീരുമാനിച്ചശേഷമുള്ള ക്ഷണക്കത്തിന് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പേരെന്തിയേ എന്നു മറുപടിയയച്ചപ്പോഴാണ് എന്നാ നിങ്ങളും കൂടിക്കോളൂ. എന്ന മറുപടി വരുന്നത്. ഞങ്ങളെന്തായാലും അത് ഉപയോഗിക്കാന്‍ തീരുമാനിച്ചു. ക്ഷണക്കത്തും ബ്രോഷറും അടിച്ചുകഴിഞതിനാല്‍ നിങ്ങളുടെ പേരോ പാക്കേജുകളുടെ വിവരമോ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന ക്ഷമാപണവും കൂട്ട്.

jinsbond007 said...

സി ഡാക്കിന്റെയും,സി ഡിറ്റിന്റെയും വിവരങ്ങള്‍ എന്നത്തേയും പോലെത്തന്നെയല്ലെ! വേറെ പലരും പങ്കെടുത്തു എന്നു കേട്ടു. ആരും ഇതു പോലെ വിശദമായി എഴുതിക്കണ്ടില്ല. ചന്ദ്രേട്ടന്‍ പങ്കെടുത്തു എന്നെഴുതിക്കണ്ടു, മറ്റു സോഫ്റ്റ്‌വെയറുകളോടും സംഘങ്ങളോടും ആളുകളുടെ പ്രതികരണം എന്താണെന്നു കണ്ടില്ല. അതോ പ്രതികരിക്കാന്‍ മാത്രം ആള്‍ക്കാര്‍ ഒന്നും ഉണ്ടായിരുന്നില്ലെ?

Santhosh said...

കൊള്ളാം. പെരിങ്ങോടന്‍ പറഞ്ഞതുപോലെ നല്ല മലയാള ചുവയുണ്ട്.

SunilKumar Elamkulam Muthukurussi said...

വേണാട്ടിലെ പ്രജ വെള്ളെഴുത്തേ... അനുവാദം തരൂ.
ഈ റിപ്പോറ്ട്ട് ഞങള്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരം എന്ന മാസികയില്‍ ഉള്‍‌പ്പെടുത്തട്ടേ?
അക്ഷരം ഒരു വലിയ സാധനമൊന്നുമല്ല ട്ടോ. സൌദിയിലെ റ്Rഇയാദില്‍ നിന്നും ഞങള്‍Lഉടെ ഇടയില്‍ വിതരണ്‍Nഅം ചെയ്യുന്ന ഒരു ചെറ്രിയ ഫോട്ടോകോപ്പി മാസിക.കോപ്പി മെയില്‍ ചെയ്യാം.
എംബിസുനില്‍കുമാര്‍ അറ്റ് ജിമെയില്‍ ഡോട്ട്കോം

വെള്ളെഴുത്ത് said...

സുനിലേ.. ഇതു ‘കോപ്പിലെഫ്റ്റ്’(പകര്‍പ്പുപേക്ഷ)സാധനമല്ലേ..
ധൈര്യമായിട്ടെടുത്തോ..‘വിസ്താരഭയം’കൊണ്ട് പോസ്റ്റാതെ വച്ചുകൊണ്ടിരിക്കുകയായിരുന്നു വിശേഷിച്ചൊന്നുമില്ലാത്ത ഇതിന്റെ രണ്ടാംഭാഗം ..