September 20, 2007

പാട്ടും കരച്ചിലും

ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി പ്രോഗ്രാമിലെ കാഴ്ചയാണ്..
പാട്ടു പാടിക്കഴിഞ്ഞ കുട്ടിയോട് കുറേ ചോദ്യങ്ങള്‍. തനി നാടകീയമായ രീതിയില്‍ വലിച്ചു നീട്ടി കുറേ വിശദീകരണങ്ങള്‍. പുറത്താവും എന്ന് ഏതാണ്ട് ഉറപ്പാണ് എന്നു കുട്ടിയെക്കൊണ്ടും രക്ഷാകര്‍ത്താവിനെക്കൊണ്ടും ആവര്‍ത്തിച്ചു പറയിക്കുന്നു. അവസാനം കുട്ടി പുറത്തായി എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പതിവു സമാധാന-സാന്ത്വന വാചകങ്ങളുടെ അകമ്പടിയോടെ. ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ അവിടെ നിര്‍ത്തി സമ്മര്‍ദ്ദങ്ങള്‍ നല്‍കി കരയിക്കുക എന്നതാണ് ഉദ്ദേശ്യം.വിഷമം കൊണ്ട് സംസാരിക്കാന്‍ കഴിയാതെ വിതുമ്പുന്നവരോടും പറയും “ സാരമില്ല സംസാരിച്ചോളൂ...” അവര്‍ മുറിഞ്ഞ വാക്കുകളില്‍ ചാനലിനെപ്പറ്റിയും ജഡ്ജുകളെക്കുറിച്ചും എസ് എം എസ് നല്‍കി അവരെ ഇതുവരെ എത്തിച്ച പ്രേക്ഷകസഹൃദയങ്ങളെയും സ്തുതിക്കും. അതു കഴിഞ്ഞാല്‍ ആ വിഷാദമുഖത്തിന്റെയും കണ്ണീരിന്റെയും ക്ലോസപ്പ്. അമ്മമ്മാരുടെയും അച്ഛന്മാരുടെയും കണ്ണീര്‍ക്കണ്ണുകളുടെ ക്ലോസപ്പ്. കൂട്ടുകാരുടെ വിഷാദമുഖം. മത്സരത്തില്‍ നിന്നു പുറത്തായവര്‍ പടിയിറങ്ങുന്നതിന്റെ സ്ലോമോഷന്‍. പശ്ചാത്തലത്തില്‍ ദുഃഖം നിറഞ്ഞ ഒരു പാട്ട്. അതും ഈ രംഗത്തിനു വേണ്ടി ചിട്ടപ്പെടുത്തിയത്. ചിലപ്പോള്‍ സ്റ്റൂഡിയോയിലല്ല, വീട്ടിലിരുന്നു വിഷമിക്കുന്ന ബന്ധുക്കളെ വരെ കാണിച്ചിട്ടുണ്ട് ഈ പരിപാടിയില്‍. കുട്ടി പാടിയ പാട്ടിന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ സമയം നല്‍കിയിരിക്കുന്നു ഈ ദുഃഖപ്രകടനങ്ങളുടെ ലൈവിന്.

പാട്ടുപാടുന്നവരുടെ കെട്ടുകാഴ്ചയോ പാട്ടിനിടയിലെ നൃത്തമോ സമ്മാനം നിര്‍ണ്ണയിക്കാനുള്ള ഒരു ഘടകമാണ് എന്നു വരുന്നതിലെ വൈരുദ്ധ്യത്തെയോ പൊരുത്തക്കേടിനെയോ തത്കാലം വിടാം. പക്ഷേ ഈ നാടകീയത എന്തിനെന്ന കാര്യത്തില്‍ ഒരു ഉത്തരം കിട്ടുന്നില്ല. 40 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് ഒന്നാം സമ്മാനം. അതു കിട്ടാതെ പോകുന്നത് എന്തു വലിയ ദുരന്തമാണെന്ന് ചിന്ത പരിപാടി കാണുന്ന ഓരോരുത്തനും (ഒരുത്തിയ്ക്കും!) ഉണ്ടാവണം എന്ന നിര്‍ബന്ധമാണോ? സിനിമ എന്ന സ്വപ്നലോകത്തിലേയ്ക്കുള്ള പാലമാണിതെന്ന് ഏതെങ്കിലും കൌമാരപ്രായക്കാര്‍ ധരിച്ചു വശായിട്ടുണ്ടെങ്കില്‍, ഈ പാട്ടുമെഗാഷോയില്‍ നിന്നു പുറത്താവുന്നതോടെ ജീവിതത്തില്‍ നിന്നു തന്നെ ആ പാവങ്ങള്‍ പുറത്തായി എന്ന് അവര്‍ക്ക് തോന്നാം. അത് അവരുടെ സ്വകാര്യ വിഷമം. പക്ഷേ അതിനെ ഇങ്ങനെ ഒരു പാട്ടു പരിപാടി മാര്‍ക്കറ്റു ചെയ്യുന്നതെന്തിന്? ഇപ്പോള്‍ സീരിയലുകളുടെ കണ്ണീരൊന്നും ഒന്നുമല്ല. ഉപ്പോളം വരുമോ ഉപ്പിലിട്ടത്? സൂപ്പര്‍ റിയാലിറ്റി ഷോയിലെ റിയല്‍ കണ്ണീര്‍ മുന്നില്‍ ഡസന്‍ കണക്കിനൊഴുകുമ്പോള്‍ ഗ്ലിസറിന്‍ കണ്ണീരിനെന്തു വില?

മുന്‍പ് സൂര്യ ടി വിയിലെ ‘തരികിട‘ എന്ന പരിപാടിയില്‍ ചിരിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു ചെയ്തി ഇങ്ങനെയായിരുന്നു. രണ്ടുകാലും വയ്യാത്ത ഒരാള്‍ ഒരു പടിക്കെട്ടിന്റെ താഴെയിരുന്ന് തന്നെ താങ്ങിപ്പിടിച്ച് ഉയരെ എത്തിക്കാന്‍ വഴിപോക്കരോട് കെഞ്ചുന്നു. ഒരാള്‍ അയാളെ താങ്ങി മുകളിലെത്തിക്കാന്‍ തയ്യാറാവുന്നു. അയാളുടെ തോളില്‍ സാമാന്യത്തിലധികം ഭാരം കൊടുത്തു മറ്റേയാള്‍ തമാശ കൊഴുപ്പിക്കുന്നു. അവസാനം ഒരു വിധം മുകളിലെത്തിക്കഴിയുമ്പോള്‍ ‘എന്നാല്‍ ഇനി ഞാന്‍ പോട്ടെ’ എന്ന് പറഞ്ഞ് രണ്ടു കാലും ശരിക്കൂന്നി നടന്നു പോകുന്നവന്റെ മുന്നില്‍ സകല ചമ്മലും ഇളിഭ്യതയുമായി നില്‍ക്കുന്ന ‘നല്ലശമര്യക്കാരന്റെ’ മഞ്ഞളിച്ച മുഖത്തിന്റെ ക്ലോസ്സപ്പില്‍ ‘തരികിട‘ ! അതു കഴിഞ്ഞ് ചില ഉപദേശപ്രസംഗങ്ങളൊക്കെയുണ്ട്. അരിയും മുണ്ടും റിബ്ബണും അങ്ങനെ കുറേ സ്പോണ്‍സേഡ് പലവ്യഞ്ജനങ്ങളൊക്കെ നല്‍കിയിട്ട് “വികലാംഗനെ സഹായിക്കാന്‍ തയ്യാറായ ചേട്ടന്റെ സന്മനസ്സ്.. അതെല്ലാവര്‍ക്കും വേണം. അതിനുള്ള പാഠമാവട്ടെ.. ഇന്നത്തെ... “ അങ്ങനെ കുറേ ഗീര്‍വാണങ്ങള്‍. അത് മറ്റൊരു ‘തരികിട.’ ഇങ്ങനെ ഹെഡ്‌മാസ്റ്റര്‍ പ്രസംഗിച്ചിട്ടു വേണമല്ലോ കേരളത്തിനു നന്നാവാന്‍.

കാഴ്ചയ്ക്ക് പുറം മാത്രമല്ല, ഒരു അകവും കൂടിയുണ്ടെന്ന് മനസ്സിലാവുന്നത് ആകസ്മികമായി മുന്നില്‍ വന്നു പെടുന്ന ഇത്തരം പരിപാടികള്‍ കാണുമ്പോഴാണ്. കണ്ണീരിനെ കാഴ്ചവസ്തുവാക്കുന്ന ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇത്തരം പരിപാടികള്‍ക്കുണ്ടാവുന്ന ജനപ്രിയത. അത്യന്തികമായി ഇതെല്ലാം കൂടി നമുക്കു ചെയ്തു തരുന്ന സേവനം വെറും ചൂയിംഗത്തിന്റേതാണ്. രുചിയും മണവും പോഷകവുമില്ലാതെ, വിഴുങ്ങാതെ തുപ്പിക്കളയാതെ, ചുമ്മാ ചവച്ചുകൊണ്ടിരിക്കുന്നു, ഒരു സമൂഹം !

18 comments:

മൂര്‍ത്തി said...

നന്നായി എഴുതിയിരിക്കുന്നു..

ഒരു ഭാഗം കോട്ട് ചെയ്യട്ടെ..

കണ്ണീരിനെ കാഴ്ചവസ്തുവാക്കുന്ന ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇത്തരം പരിപാടികള്‍ക്കുണ്ടാവുന്ന ജനപ്രിയത. അത്യന്തികമായി ഇതെല്ലാം കൂടി നമുക്കു ചെയ്തു തരുന്ന സേവനം വെറും ചൂയിംഗത്തിന്റേതാണ്. രുചിയും മണവും പോഷകവുമില്ലാതെ, വിഴുങ്ങാതെ തുപ്പിക്കളയാതെ, ചുമ്മാ ചവച്ചുകൊണ്ടിരിക്കുന്നു, ഒരു സമൂഹം !

ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചും ഗൌരവകരമായ പഠനമോ ചിന്തയോ ഒന്നും ഇത്തരം പരിപാടികള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമില്ല. ക്ലിക്ക് ആയാല്‍ ഊട്ടി..

myexperimentsandme said...

മൂര്‍ത്തി പറഞ്ഞത് തന്നെ. നന്നായി എഴുതിയിരിക്കുന്നു. കാണുവാനാളുണ്ടെങ്കില്‍ ഇതല്ല ഇതിനപ്പുറവും കാണിക്കും. അപ്പോള്‍ മൂലകാരണം കാണുന്നവരോ കാണിക്കുന്നവരോ? വേറിട്ട പരിപാടികള്‍ കാണിക്കുന്ന ഒരു ചാനലുണ്ടെങ്കില്‍ എത്രപേര്‍ അത് കാണും എന്നതും സംശയം. ആള്‍ക്കാരുടെ സീരിയല്‍ പ്രേമം തകര്‍ത്തല്ലോ എന്നതാണ് ഒരു ന്യായം. പക്ഷേ ആള്‍ക്കാര്‍ ഇപ്പോഴും ടിവിയുടെ മുന്നിലുണ്ടെന്നത് റിയാലിറ്റിയും.

മനുഷ്യര്‍ക്ക് ദുര്‍ബ്ബലവികാരങ്ങള്‍ ഉള്ളത് ചാനലുകാരുടെയൊക്കെ ഭാഗ്യം :)

പിന്നെ ഇത് ഒരു ആഗോളപ്രതിഭാസമാണെന്നത് അങ്ങിനെ ഒരു ആശ്വാസവും.

കടവന്‍ said...

ഞാനൊരു കാര്യം ചോദിച്ചോട്ടെ, നാളെ മുതല്‍ നിങ്ങള്‍ക്കാറ്ക്കും ശന്പളമില്ല, സ്നേഹമല്ലെ, രാജ്യസ്നേഹമല്ലെ വലുത് അതിനും പ്രതിഫലമോ ച്ഛായ്...എന്ന് ഭരണകര്‍ത്താക്കള്‍ പറഞ്ഞാല്‍ എത്രപേരെക്കിട്ടും രാജ്യസേവനത്തിന്ന്..?

ജയിലിനു തുല്ല്യമായ, അടിമത്തം നിറഞ്ഞ, തൊഴിലെടുക്കുന്നവനെക്കാള്, തൊഴിലെടുപ്പിക്കുന്നവന്ന് പ്രധാന്യം നല്കുന്ന നിയമമുള്ള;
സൌദിയില്‍ ജീവിതത്തില്‍ പഠിച്ചത്, കാശിനു വേണ്ടി മനുഷ്യന്‍ എന്തു ത്യാഗത്തിനും തയ്യാറാകുമെന്നാണ്. അങ്ങനെയിരിക്കുമ്പോള്‍ കിട്ടിയ ചോദ്യമാണ്... കല്ലെടുത്തു കീച്ചരുതെ നാട്ടാരെ.

വേണു venu said...

ഈശ്വരോ രക്ഷതു.:)

R. said...

വ്യാപാരവല്‍ക്കരിക്കപ്പെടുന്നതിന്റെയും വ്യഭിചാരവല്‍ക്കരിക്കപ്പെടുന്നതിന്റെയും, ഉളുപ്പില്ലാതെ അതിനു നിന്നു കൊടുക്കുകയും ചെയ്യുന്ന സംസ്കാരത്തിന്റെ ഒരു പരിഛേദം.

അത്രെന്നെ.

വിഷ്ണു പ്രസാദ് said...

ഞാനും കയ്യടിക്കുന്നു.
കറക്ട്...

തെന്നാലിരാമന്‍‍ said...

“വികലാംഗനെ സഹായിക്കാന്‍ തയ്യാറായ ചേട്ടന്റെ സന്മനസ്സ്.. അതെല്ലാവര്‍ക്കും വേണം. അതിനുള്ള പാഠമാവട്ടെ.. ഇന്നത്തെ... “ അങ്ങനെ കുറേ ഗീര്‍വാണങ്ങള്‍. അത് മറ്റൊരു ‘തരികിട.’ ഇങ്ങനെ ഹെഡ്‌മാസ്റ്റര്‍ പ്രസംഗിച്ചിട്ടു വേണമല്ലോ കേരളത്തിനു നന്നാവാന്‍."
അതെനിക്കങ്ങിഷ്ടപ്പെട്ടു...:-))
നല്ല ഒഴുക്കുള്ള അവതരണം...

കുഞ്ഞന്‍ said...

നല്ലൊരു ലേഖനം...

നാടകമേ ഉലകം!

കുരങ്ങന്മാര്‍ എന്തറിയുന്നു വിഭോ....

വെള്ളെഴുത്ത് said...

റിയാലിറ്റി ഷോകള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യത്തെപ്പറ്റി ഇന്ന് മാതൃഭൂമി വാരാന്ത്യത്തില്‍ മെയിന്‍ ഫീച്ചര്‍. പെട്ടെന്നു പണക്കാരനാകാന്‍ പറ്റിയ ദരിദ്രരുടെ കഥയ്ക്കാണ് ഊന്നല്‍, എസ് എം എസിന്റെയൊക്കെ പിന്നിലെ കച്ചവടത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും. സൈക്കിളുപോലും പോകാന്‍ വഴിയില്ലാത്ത വീട്ടിലെ കുട്ടിയ്ക്കാണ് സ്വിഫ്റ്റ്... കിടിലന്‍ ഭാഗ്യം തന്നെ.. പക്ഷേ അവന്‍ ആ വെള്ളാനയെ തീറ്റിപോറ്റുന്നതെങ്ങനെ എന്ന കാര്യത്തില്‍ മനഃപൂര്‍വം മൌനം ഭജിക്കുന്നു..

ചീര I Cheera said...

ഇതിന്റെ ഇടയില്‍ കിടന്നു വീര്‍പ്പുമുട്ടുന്നത് കല..
ഇനി, ശാസ്ത്രീയ സംഗീതത്തിനും വരുന്നുണ്ട് ത്രേ, “ടാലന്റ് ഹണ്ട്” - മര്യാദയ്ക്ക് ഒരു ദീക്ഷിതര്‍ ക്ര്‌തി ശ്വാസം പിടിച്ചു പാടണമെങ്കില്‍ തന്നെ വേണം മിനിമം ഒരു മുപ്പത് വയസ്സ്.. (എന്റെ കാഴ്ചപ്പാടില്‍).. നല്ലൊരു കച്ചേരി പാടണമെങ്കില്‍ മിനിമം ഒരു അന്‍പത് വയസ്സ്...
കുട്ടികള്‍ക്ക് (“കണ്ടസ്റ്റന്‍സിന്”) തെറ്റിദ്ധാരണകളാണ് ഇത്തരം “റിയാലിറ്റി” കൊണ്ട് വന്നു പോകുന്നത് എന്നെനിയ്ക്ക് ശരിയ്ക്കും തോന്നാറുണ്ട്.
നന്നായി ഈ ലേഖനം.

Anonymous said...

GOOD,VERY INTERESTING TO READ ABOUT REALITY SHOW.

കടവന്‍ said...

ഒക്കെ സഹിക്കാം, പക്ഷെ ഈ പാട്ടൊക്കെ പാടിയ ശേഷം പിച്ചക്കാരെപ്പൊലും വെല്ലുന്ന ഒരു യാചനയുണ്ട്, "കഴിഞ്ഞ തവണ എനിക്ക് തൊണ്ടയില്‍ കിച് കിച് ആയതിനാല്‍ ശരിക്കും പാടാന്‍ പറ്റിയില്ല, ഇത്തവണ, എന്റെ വകയിലൊരമ്മായിടെ പതിനാറടിയന്റരത്തിന്റെ ഓര്‍മ്മയില്‍ എന്റെ തൊണ്ടയിടറി, അടുത്ത തവണ എന്തയാലും ഞാന്‍ ശരിക്കും പാടും, പ്ളീസ്...പ്ളീസ് നിങ്ങളെന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണെ, പ്ളീസ്.." എന്ന്

പ്രിയ said...

എന്തായാലും ഈ സംഗീതത്തിന്റെ സ രി ഗ മ പോലും എനിക്കറിയില്ല . പക്ഷെ ഒരിക്കല് ഹിറ്റ് എഫ് എം ഇന്റര് വ്യുവില് കെ എസ് ചിത്ര പറയുന്നതു കേട്ടു ഇങ്ങനെ തുള്ളികൊണ്ടോക്കെ പാട്ട് പാടിയാല് കുട്ടികളുടെ ശബ്ദത്തിനു പോലും കോട്ടം വന്നേക്കാം എന്ന്. അങ്ങനെ എങ്കില് ഇനി ഒരുത്തനും പൊങ്ങി വരാതിരിക്കാന് മാത്രം ആണോ ഈ ശ്രികുട്ടന് (:p) ഉള്പ്പടെ ഉള്ളവര് ഈ കുഞ്ഞുങ്ങളെ തുള്ളിക്കുന്നെ?

കുഞ്ഞുങ്ങള് അതിന് പിന്നാലെ പോവരുതെന്ന് പറയന് നമുക്കാകുമോ? യുവജനോത്സവങ്ങള് പോലെ ,അതിനെക്കാള് പ്രശസ്തി കിട്ടുന്നതാണിത്. കുറെ കുട്ടികള്ക്ക് , (ആ കരഞ്ഞു ഇറങ്ങി പോയ കുട്ടികള്ക്ക് പോലും) നല്ല അവസരങ്ങള് കിട്ടിയതായി കേട്ടിരുന്നു.

പിന്നെ "ഐഡിയ സ്റ്റ " ന്നു കേള്ക്കുംബോഴേ ഞാന് TV റിമോട്ട് കൈയില് എടുക്കുന്നതിനാല് അവിടെ ഇപ്പൊ എന്താന്നെനിക്കറിയില്ല. (സ്ത്രി എന്ന് കേട്ടാലും അത് തന്നെ ചെയ്യാറ്.)

പിന്നെ ആ തരികിടയെ ഒക്കെ തല്ലാന് ആളില്ലഞ്ഞിട്ടാ. ഇല്ലേല് പണ്ടേ അതൊക്കെ നിന്നേനെ. ആ, ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല് കാണാന് നല്ല ചേലാ.

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
അഭിലാഷങ്ങള്‍ said...

"പക്ഷേ ഈ നാടകീയത എന്തിനെന്ന കാര്യത്തില്‍ ഒരു ഉത്തരം കിട്ടുന്നില്ല"

അത് സോ സിമ്പിള്‍ അല്ലേ? ഒരു മണിക്കൂറുള്ള പ്രോഗ്രാമില്‍ 10 മിനിട്ട് കൊണ്ട്, “മോനേ ദിനേശാ, നീയും നീയും നീയും നീയും ഇന്നാ, ബട്ട് ദാ ഇവന്‍ ഔട്ടാ!“ - എന്ന് പറഞ്ഞ് സംഭവം കല്ലാസ് ആക്കിയാല്‍ ബാക്കി 50 മിനിട്ട് ഏഷ്യാനെറ്റ് എന്ത് ചെയ്യും? അത്രേം സമയം പരസ്യം കാ‍ണിക്കാന്‍ പറ്റുവോ? അല്ലേല്‍ തന്നെ 3 പാട്ടും കൊണ്ട് ഒരു മണിക്കൂര്‍ കഷ്ട്ടപ്പെട്ട് എത്തിപ്പിടിക്കുന്ന ചാനലിനേ അറിയൂ അതിന്റെ പിന്നിലെ ഒരു ഒരു ഒരു കഷ്ടപ്പാട്...

:-)

ഓഫ്: ബട്ട് ഉള്ളത് പറയാലോ, ഇപ്പോ ബാ‍ക്കിയുള്ള പിള്ളേരല്ലാം എന്നാ പാട്ടാ പാടുന്നത്.. റിയലി ഗുഡ്. തല്‍ക്കാലം സംഗീതം മാത്രം ആസ്വദിക്കം. ‘ഡ്രാമ’ വരുമ്പോള്‍ കണ്ട്രോള്‍ വിടുന്നവര്‍ക്ക് വേണ്ടിയല്ലേ റിമോട്ട് കണ്ട്രോള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

:-)

പൊറാടത്ത് said...

ഇത്തരം ഒരു പോസ്റ്റിനുള്ള കാത്തിരുപ്പ് അവസാനിപ്പിച്ച്തിന് ആദ്യമായി വെള്ളെഴുത്തിന് നന്ദി..

പാഞതിനോടെല്ലാം നൂറുശത്മാനവും യോജിയ്ക്കുന്നു..
ഇക്കാര്യത്തില്‍ ‘ഏഷ്യാനെറ്റി’ന് മാത്രം അവകാശപ്പെട്ട ചില പൊടിക്കൈകള്‍.. അതവര്‍ നന്നായി മുതലെടുക്കുന്നു.. നമ്മുടെ നാട്ടുകാര്‍ (എന്റെ വീട്ടുകാരടക്കം..!) അതിന് അടിമകളാകുന്നു..

ഇതിനെതിരെ നമുക്കെന്ത് ചെയ്യാം എന്നതിനെ കുറിച്ച് വിശദമായി പഠിയ്ക്കണം...
കൂട്ടത്തില്‍ ഞാനുമുണ്ട്.

Echmukutty said...

ഇത് ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ.

Pyari said...

ബ്ലോഗിന്റെ ഒരു സുഖം ഇതാണല്ലോ. :) ഒരു പ്രമുഖ മലയാളം ചാനലിൽ എന്ന് പറഞ്ഞ് തുടങ്ങിക്കൊണ്ട് എഴുതണ്ടല്ലോ..

തരികിട അധികം കണ്ടിട്ടില്ല. എന്നാലും സ്റ്റാർ സിങ്ങർനോടൊരു നന്ദിയുണ്ട്. ടി. വി. എന്ന addiction മാറ്റി തന്നത് ഈ പ്രോഗ്രാം ആണ് എന്നത് എനിക്ക് നിസ്സംശയം പറയാം!

കുട്ടികളുടെ കലാവാസനകളെ കച്ചവടവദ്കരിക്കുക, അവരുടെ ഉള്ളിൽ unhealthy competition വളർത്തുക, പിന്നെ ഈ പറഞ്ഞ പോലെ ലക്ഷങ്ങളുടെ ഫ്ലാറ്റ് ആണ്, അല്ലെങ്കിൽ സിനിമ ആണ് എല്ലാം എന്നുള്ള മണ്ടൻ ചിന്തകൾ കുത്തി നിറയ്ക്കുക -
എല്ലാത്തിനും അപ്പുറം സഹിക്കാൻ പറ്റാത്ത നാടകീയതയും.

ഒരു അദ്ധ്യാപകൻ ആണ് താങ്കൾ എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വെള്ളെഴുത്തിന്റെ ഈ പോസ്റ്റ്‌ കൂടുതൽ പ്രസക്തമാണ് എന്ന് തോന്നി.