September 18, 2007

ലോകത്തിലെ ആദ്യത്തെ ചെറുകഥ

ലോകത്തില്‍ ആദ്യമായി എഴുതിയ ചെറുകഥ ഏത്? ഫറവോന്‍ റാഷംസ് മിയാമിന്റെ പുത്രന്‍ സൈത്തി മാര്‍ത്തേ ഫെത്തേയ്ക്കു വേണ്ടി അന്നാന എന്ന പണ്ഡിതന്‍ എഴുതി സൂക്ഷിച്ചതാണെന്നു പറയപ്പെടുന്നു. 3400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണത്രേ ഇതിന്റെ രചന. എത്രത്തോളം ആധികാരികത ഈ വിവരത്തിനുണ്ടെന്നറിയില്ല, പാപ്പിറസ് ചുരുളുകളില്‍ രേഖപ്പെടുത്തിയ ഈ കഥാപുസ്തകമാണ് കണ്ടെടുക്കപ്പെട്ട ലക്ഷണമൊത്ത ആദ്യ കഥ. തീര്‍ച്ചയായും കഥ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതായിരിക്കാന്‍ സാദ്ധ്യതയില്ലാത്തതു കൊണ്ട് ‘രേഖപ്പെടുത്തപ്പെട്ട’ എന്ന നിര്‍വചനത്തില്‍ ഇതിനെ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ഈ കൃതി ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്, അന്നാനയുടെ കയ്യക്ഷരത്തില്‍ മിക്കവാറും പൊടിഞ്ഞ് നശിക്കാറായ രൂപത്തില്‍.

ആനിപോ എന്നും ബാറ്റോ എന്നും പേരുള്ള രണ്ടു സഹോദരന്മാരുടെ കഥയാണിത്. ബൈബിളിലെ ആബേലിന്റെയും കയീന്റെയും കഥയോട് വിദൂരസാമ്യം ഇതിനുണ്ട്. ഉത്പത്തി പുസ്തകത്തിലെന്നപോലെ ഇതിലും വില്ലത്തി (കാമാര്‍ത്തയായ) സ്ത്രീയാണ്. പ്രാചീന സമൂഹങ്ങള്‍ കാമിനിയായ പെണ്ണിനെ എങ്ങനെ ഭയന്നിരുന്നു എന്നതിനു ഉദാഹണമാകുന്നു ഈ കഥ. കാരുണ്യവാനായ ഫെറോവോ നെടു നായകസ്ഥാനത്തുണ്ട്. നിമിത്തങ്ങളെക്കുറിച്ചും കൃഷിയെക്കുറിച്ചും പരാമര്‍ശമുണ്ട്. ആകെ 19 പേജുകള്‍.പേജുകളില്‍ തന്നെ ഒന്ന് രണ്ട് എന്നിങ്ങനെ നമ്പരിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്. പലതും കാലപ്പഴക്കം കൊണ്ടു നഷ്ടപ്പെട്ടിരിക്കുന്നു. ചില വരികള്‍ പരിഭാഷപ്പെടുത്തിയിട്ടില്ല. നഷ്ടപ്പെട്ട വരികളുമുണ്ട്. നമുക്ക് എത്തിപ്പിടിക്കാനാവാത്ത കാലത്തിലേയ്ക്ക് സര്‍ഗാത്മക രചനകളിലൂടെ യാത്ര ചെയ്യുക വേറിട്ടൊരു അനുഭവമാണ്. പുസ്തകം മലയാളത്തില്‍ ആലപ്പുഴയിലെ മുഖവുര പുബ്ലീഷേഴ്സ് പുറത്തിറക്കിയിട്ടുണ്ട്. പൊന്നിയില്‍ സുരേന്ദ്രനാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. മാതൃകയ്ക്കു വേണ്ടി ആദ്യഭാഗങ്ങള്‍ കൊടുക്കുന്നു.

പുസ്തകത്തില്‍ നിന്ന്

ഒന്ന്
ഒരേ അപ്പനമ്മമാര്‍ക്ക് രണ്ടാണ്‍ മക്കളുണ്ടായി. ആനിപോ എന്നായിരുന്നു മൂത്ത സഹോദരന്റെ പേര്. ബാറ്റോ എന്ന് ഇളയവന്റെ പേരും. സ്വന്തമായ വസതിയും ഭാര്യയും ആനിപോയ്ക്കുണ്ടായിരുന്നു.
രണ്ട്
കുഞ്ഞുനാള്‍ മുതല്‍ ഇളയവന്‍ മൂത്ത സഹോദരനോടൊപ്പമായിരുന്നു. അവനു് ഉടുപ്പുകളും ഉണ്ടാക്കിക്കൊടുത്തു. വളര്‍ന്നപ്പോള്‍ കാലിപറ്റത്തെ തെളിച്ച് അവന്‍ വയലില്‍ കൊണ്ടു പോകും.
മൂന്ന്
ഉഴവുകാലത്ത് (അപ്പോള്‍ മാത്രം) വയലിലെ എല്ലാ ജോലികളിലും സഹായിക്കേണ്ട കടപ്പാട് അനുജനുണ്ട്. കാണ്‍ക ഇളയവന്‍
നാല്
തികഞ്ഞ പണിക്കാരനായിക്കഴിഞ്ഞിരിക്കുന്നു. അവനു സദൃശം ദേശത്തു മറ്റാരുമുണ്ടായിരുന്നുമില്ല. ഒത്ത്രി ദിവസങ്ങളിലെ വേല അവന്‍ പൂര്‍ത്തിയാക്കിയിരുന്നു. അതു കഴിഞ്ഞാറെ ആ ഇളയ സഹോദരന്‍

ഈ ചുരുളിലെ വചനങ്ങള്‍ സര്‍വ വിനാശങ്ങളില്‍ നിന്നും ........(നഷ്ടപ്പെട്ടു) തോര്‍ത്തു സംരക്ഷിച്ചു കൊള്ളണമേ..” എന്നാണ് കഥയുടെ ഫലശ്രുതി.

3 comments:

വിഷ്ണു പ്രസാദ് said...

ആദ്യ ലോകകഥ പരിചയപ്പെടുത്തിയതിന് നന്ദി.

ശ്രീ said...

ഇതുമൊരു പുതിയ അറിവു തന്നെ... നന്ദി.
:)

Echmukutty said...

ആഹാ! ഈ അറിവ് കൌതുകകരമായി. ഇതിനു പ്രത്യേകം നന്ദി.