September 10, 2007

സലീംകുമാര്‍ പറഞ്ഞത്

ലക്ഷങ്ങള്‍ ഇറക്കിയുള്ള ചൂതുകളിയായതു കൊണ്ടാവണം സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ സൂക്ഷിച്ചാണ് അഭിപ്രായങ്ങള്‍ പറയുന്നത്. അഭിമുഖങ്ങള്‍ ശ്രദ്ധിച്ചു നോക്കിയിരുന്നാല്‍ അറിയാം, കോപ്പിരാട്ടികളാണ്. ‘തൊമ്മനും മക്കളും ‘എന്ന സിനിമയിറങ്ങിയ സമയത്ത് രാജന്‍ പി ദേവിന്റെ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു ടി വിയില്‍. കക്ഷി അത് മമ്മൂട്ടി അപദാനങ്ങള്‍ കൊണ്ടു നിറച്ചു. ‘തൊമ്മന്‍’ എന്ന തന്റെ കഥാപാത്രത്തിന്റെ പേര് സിനിമയ്ക്കിടാന്‍ സമ്മതിച്ചത് മമ്മൂട്ടി എന്ന മഹാമനുഷ്യന്റെ ഉദാരമനസ്കതയാണ്..‘ എന്ന മട്ടിലായിരുന്നു ആ ഗീര്‍വാണത്തിന്റെ പോക്ക്. ‘തുറുപ്പുഗുലാന്‍’ സിനിമയിലെ മമ്മൂട്ടിയെപ്പറ്റി സംവിധായകനും നറ്റനുമായ കൊച്ചിന്‍ ഹനീഫ പറഞ്ഞത് “ അദ്ദേഹത്തിന് ഡാന്‍സ് അറിഞ്ഞുകൂടെന്നു പറയുന്നത് തെറ്റ്. ഡാന്‍സ് അറിയാവുന്ന അദ്ദേഹം ഡാന്‍സ് അറിഞ്ഞുകൂടാത്ത രീതിയില്‍ അഭിനയിക്കുന്നു. അതാണ് മഹത്തായ കാര്യം!“ മോഹന്‍ലാലിനെ ചുറ്റിനില്‍ക്കുന്ന സ്തുതിപാഠകവൃന്ദം ഏറെക്കുറെ ലോകപ്രസിദ്ധരാണ്. അയിത്തങ്ങള്‍ ആ മാന്യദേഹത്തെ സ്വന്തം സ്തുതികളിലൂടെ ‘ലാലേട്ടനെ‘ എങ്ങോട്ടാണ് നയിക്കുന്നതെന്നറിയാന്‍ സമകാല സിനിമകള്‍ കണ്ടാല്‍ മതിയാവും. മീശപിരിപ്പ്, പച്ചയ്ക്ക് കത്തിക്കും തുടങ്ങിയ ഡയലോഗ്.. എട്ടാവട്ടം വിട്ട് ഒരിഞ്ചു നീങ്ങുന്നില്ല സംഗതികള്‍!
ചിലകാര്യങ്ങള്‍ തുറന്നടിച്ചത് തിലകനാണ്. രണ്ടു സൂപ്പറുകളെയും അദ്ദേഹം ചീത്ത പറഞ്ഞു. കുഴപ്പം ആരുടെയോ? അദ്ദേഹത്തിനിപ്പോള്‍ സിനിമകള്‍ നാസ്തി!
കാര്യങ്ങള്‍ അങ്ങനെയൊക്കെയായിരിക്കുമ്പോഴാണ് മാതൃഭൂമിയില്‍ സലീം കുമാറ് പറഞ്ഞ ചില അഭിപ്രായങ്ങള്‍ വായിച്ചത്.
സിനിമാക്കാരുടെ സ്വതസിദ്ധമായ പേടിയും ഒലിപ്പിപ്പും ഇവിടെയില്ല.
അദ്ദേഹം പറഞ്ഞത് ഇതാണ് :
1. ഞാനൊരിക്കലും സന്ത്യന്‍ അന്തിക്കാടിന്റെ സിനിമകളെ അംഗീകരിക്കില്ല. ഒരേ റൂട്ടിലോടുന്ന ബസ്സാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍.
2. പാട്ടബാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുമല്ലാതെ വേറെ നാടകമൊന്നുമില്ലേ ഇവിടെ?എവിടെ പോയാലും പാട്ടബാക്കി....പാട്ടബാക്കി....
3. ചിരിയുണര്‍ത്തുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുപാടുണ്ട്... യേശുദാസന്റെ (മനോരമയിലെ) ഒന്നുമല്ല.
4. കൈരളിചാന‍ലില്‍ അച്ചുതാനന്ദനെ അനുകരിക്കാന്‍ പറ്റുമോ?
5. ജഗതി സീരിയസ് വേഷങ്ങള്‍ അവതരിപ്പിച്ച് വിജയിച്ചതായിട്ട് എനിക്കറിയില്ല.
6. ഒരു കഥാപാത്രമായി മാറാന്‍ കഴിയുക എന്നതാണ് നടന്റെ flexibility. ആ നിലയ്ക്ക് മലയാളത്തിലെ എറ്റവും flexible ആയ നടന്‍ മമ്മൂട്ടിയാണ്. (മോഹന്‍ലാല്‍ flexible ആണെന്ന വാദത്തെ എതിര്‍ത്തു കൊണ്ട്)
ഇതെല്ലാം തന്റെ മാത്രം അഭിപ്രായമാണെന്ന് സലീം എടുത്തു പറയുന്നുണ്ട്. സിനിമപോലെ വന്‍‌പുലികളുടെ മേഖലയില്‍ പണിചെയ്യുന്ന ഒരാള്‍, അതും പുതുതായി രംഗത്തെത്തിയ ഒരാള്‍ ഇത്ര ധൈര്യത്തോടേ ഒരു സംവാദത്തില്‍ അഭിപ്രായം പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നു തോന്നുന്നു. വായനാശീലമുള്ള ആരെങ്കിലും ഇതെല്ലാം എത്തിക്കേണ്ട കാതുകളില്‍ എത്തിച്ചാല്‍ എന്താവും സംഭവിക്കുക..തന്നെപ്പറ്റി എന്തോ പിടിക്കാത്തത് എഴുതിയതിന് മോഹന്‍ലാല്‍ ഒരു സിനിമാ മാസികയെ പൂര്‍ണ്ണമായും ഒഴിവാക്കി എന്നു കേട്ടിരുന്നു. ‘അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛന്റെ സൂക്ഷ്മ സംവേദനങ്ങളെ പിടിച്ചെടുത്ത ഒരു നടന് സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന് കലാകേരളത്തില്‍ നിന്ന് എന്താവും ലഭിക്കുക?
കാത്തിരുന്നു കാണാം !

10 comments:

എതിരന്‍ കതിരവന്‍ said...

Yes, you are right. Salimkumar should be appreciated for these bold remarks emphasizing truth. Also congratulations to you for bringing this out.

Superstar fans are crushing Mal. cinema. Mohanlal and his directors should let him "act", not re-establish his routine mannerisms.

Hurray to Salim Kumar!
Hurray to vellezhuthth!

വിഷ്ണു പ്രസാദ് said...

ഇവിടെ ഇനി ദിവസവും സന്ദര്‍ശിക്കേണ്ടി വരുമല്ലോ തമ്പുരാനേ...

പോസ്റ്റുകള്‍ നന്നാവുന്നുണ്ട്.നല്ല ലേഖനങ്ങള്‍ വായിക്കാന്‍ കിട്ടുന്നതിന് നന്ദി

Unknown said...

വിഷ്ണുവിനോടു ഞാനും യോജിക്കുന്നു.
ഇവിടെ ഇങ്ങനെ ഓരോന്നു തുറന്നു പറയാനും, മറ്റുള്ളവര്‍ തുറന്നു പറയുന്നതു ചൂണ്ടിക്കാണിക്കാനും തുടങ്ങിയാല്‍പ്പിന്നെ എന്നും ഇവിടെ വന്നു ഹാജര്‍ വച്ചേ മതിയാവൂ എന്ന നില വരും.

മാദ്ധ്യമലോകത്തെ സകല അതിരുകളും ഭേദിക്കാന്‍ ബ്ലോഗിനാവട്ടെ.

qw_er_ty

ശ്രീ said...

സലീം കുമാര്‍‌ അങ്ങനെ തുറന്നു പറഞ്ഞത് അഭിനന്ദനാര്‍‌ഹം തന്നെ.
ഇത്തരത്തില്‍‌ അത് പോസ്റ്റാക്കാന്‍‌ തോന്നിയതിനെയും അഭിനന്ദിക്കുന്നു.

പക്ഷേ, അദ്ദേഹത്തിന്റെ മിക്ക നിലപാടുകളോടും എനിക്കു യോജിപ്പില്ല.
(ഞാന്‍‌ മോഹന്‍‌ ലാലിന്റ്റേയും മമ്മൂട്ടിയുടേയും ആരാധകനല്ല. പക്ഷേ, രണ്ടു പേരെയും ഇഷ്ടമാണ്‍). അതു പോലെ, സത്യന്‍‌ അന്തിക്കാട് ചിത്രങ്ങളെടുക്കുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍‌ കാണാന്‍‌ ഒരുപാട് പേര്‍‌ ആഗ്രഹിക്കുന്നതു കൊണ്ടല്ലേ?
:)

Vanaja said...

ഇങനെയൊരു തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നു.

പക്ഷേ ,“ഞാനൊരിക്കലും സന്ത്യന്‍ അന്തിക്കാടിന്റെ സിനിമകളെ അംഗീകരിക്കില്ല. ഒരേ റൂട്ടിലോടുന്ന ബസ്സാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍.“ എന്നു പറയാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടോ എന്നു സംശയം. കാരണം ഈയടുത്തിറങിയ മിക്കവാറും സിനിമകളിലെ അദ്ദേഹത്തിണ്ടെ (ജോസ് പ്രകാശ് സ്റ്റൈല്‍)അഭിനയം ആവര്‍ത്തന വിരസത ഉളവാകി.

“ഒരു കഥാപാത്രമായി മാറാന്‍ കഴിയുക എന്നതാണ് നടന്റെ flexibility. ആ നിലയ്ക്ക് മലയാളത്തിലെ എറ്റവും flexible ആയ നടന്‍ മമ്മൂട്ടിയാണ്. (മോഹന്‍ലാല്‍ flexible ആണെന്ന വാദത്തെ എതിര്‍ത്തു കൊണ്ട്)“
അത് ചിലപ്പോള്‍ മോഹന്‍ലാല്‍ തന്നെ അത് സമ്മതിക്കാത്തതു കൊണ്ടാവും. അദ്ദേഹം തന്നെ പറയുന്നത് കഥാപാത്രമായി മാറാന്‍ കഴിയില്ല, എല്ലാം അങ്ങ്“സംഭവിക്കുന്നതാണന്നല്ലേ”

സംഭവാമി യുഗേ യുഗേ..

nalan::നളന്‍ said...

"സിനിമാക്കാരുടെ സ്വതസിദ്ധമായ പേടിയും ഒലിപ്പിപ്പും ഇവിടെയില്ല"

സത്യം... ബ്ലോഗിനേക്കാള്‍ കഷ്ടമാണു സിനിമാക്കാരുടെയും, ഗായകരുടേയും മറ്റു ലൈം ലൈറ്റിലുള്ളവരുടേയും പുറം ചൊറിയല്‍.

പ്രേക്ഷകരെ സുഖിപ്പിക്കുന്ന ഡയലോഗുകള്‍, അതിവിനയം തുടങ്ങിയ പ്രകടനങ്ങള്‍ സ്വീകാര്യതയ്ക്കു വേണ്ടിയുള്ള നാണമില്ലാത്ത ഭിക്ഷയെടുപ്പ്(begging) മാത്രം. ലക്ഷങ്ങളുടെ ചൂതുകളിയെന്നു വിശേഷിപ്പിച്ചതു തന്നെ!

“എല്ലാം ഈശ്വരാനുഗ്രഹം കൊണ്ടാണേ“ യെന്നു കൂടെക്കൂടെ ഓര്‍മ്മിപ്പിക്കലും. അതായത് ഈശ്വരന്‍ തിരഞ്ഞു പിടിച്ചനുഗ്രഹിക്കാന്‍ മാത്രം ഞാനേതോ കൂടിയ ഇനമാണെന്നു!
അതിവിനയം ചിലപ്പോള്‍ പുറത്തുകൊണ്ടുവരുന്നതെന്താണെന്നു അവരറിയാതെ പോകുന്നു :)

കെ said...

സലിം കുമാര്‍ പറഞ്ഞത് ശരിയോ തെറ്റോ എന്നതിനെക്കുറിച്ചൊരു തര്‍ക്കം വേണോ? അത് സലിം കുമാറിന്റെ അഭിപ്രായം. അത് തുറന്നുപറയാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുക തന്നെ വേണം.

ഫാസിസം അതിന്റെ ഏറ്റവും ശരിയായ അര്‍ത്ഥത്തില്‍ കൊമ്പുകുത്തി വാഴുന്ന മേഖലയാണ് സിനിമ.

ചിത്രഭൂമിയില്‍ പണ്ടൊരു പംക്തിയുണ്ടായിരുന്നു. പേര് ഓര്‍മ്മയില്ല. കൈകാര്യം ചെയ്ത ആളെയും. ദിലീപിനെക്കുറിച്ച് എഴുതിയ ലേഖനത്തിലെ ഒരു വാചകം ഇങ്ങനെയായിരുന്നു. ദിലീപിന്റെ അഭിനയം കാണുമ്പോഴാണ് പഴയ മോഹന്‍ലാലിന്റെ അഭിനയം എത്ര മനോഹരമായിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. - (വാചകം ഓര്‍മ്മയില്‍ നിന്ന്).

ഇതുവായിച്ചോ വായിച്ചവര്‍ പറഞ്ഞു കേള്‍പ്പിച്ചിട്ടോ കലിയിളകിയ ദിലീപ് ആ പംക്തി നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചതും ചിത്രഭൂമി അനുസരിച്ചതും ചരിത്രം.

പിണറായി വിജയന്റെ ഫാസിസത്തെ എതിര്‍ക്കുന്ന മാതൃഭൂമിക്ക് മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ദിലീപിന്റെയോ സാംസ്ക്കാരിക ഫാസിസത്തെ എതിര്‍ക്കാന്‍ എല്ലുറപ്പു പോര. കാരണം സിമ്പിള്‍. പിണറായി വിജയന്‍ പരസ്യം കൊടുക്കില്ല. സൂപ്പര്‍താരങ്ങള്‍ വിചാരിച്ചാല്‍ ചിത്രഭൂമിയില്‍ പരസ്യവും ഷൂട്ടിംഗ് റിപ്പോര്‍ട്ടുകളും വരില്ല.

പുറം ചൊറിയലിന് സിനിമാ മാസികകളും ഒട്ടും പിന്നിലല്ലെന്ന് സാരം.

ബ്ലോഗാണ് ആകെയൊരു പോംവഴിയെന്നു തോന്നുന്നു. പലരും ബ്ലോഗിലെത്തിയാല്‍ പൊയ്മുഖങ്ങള്‍ ഒരുപാട് വാടിവീഴും. ഉറപ്പ്.

വെള്ളെഴുത്ത് said...

വിഷ്ണു, ഉള്ളുലയ്ക്കുന്ന ഒരു പ്രശംസയായിരുന്നു അത് ഈ ബ്ലോഗിന്..ഇനി സലീം ഇതെല്ലാം മാറ്റി വച്ച് മാപ്പു പരയില്ല എന്നു നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. വനജ പറഞ്ഞത് ശരിയാണ്.. ചിലപ്പോഴൊക്കെ സലീമിന്റെ ഭിനയം.. പക്ഷേ കൃഷ്ണന്‍ നായരെ ഓര്‍മ്മ വരുന്നു.. വിമര്‍ശിക്കാന്‍ വിവേചനബോധമുള്ള ഒരു തലച്ചോറുണ്ടായാല്‍ മതി.. കോഴി മുട്ട ചീത്തയാനെന്നു പറ്യാന്‍ നമ്മള്‍ മുട്ടയിടുന്നില്ല എന്നതൊരു കാരണമാവണോ? എതിരവന്‍ ..കാണാപ്പുറം...ശ്രീ.. നളന്‍.. :)

എതിരന്‍ കതിരവന്‍ said...

I disagree with Salim Kumar on his opinion on Sathyan Anthikkaat. Sathyan's "YaathrakkaaruTe zraddhaykk" had an never-seen-in- Indian -screen heroine. Such a strongly will powered and independently thinkng naayika can not be found in other movies, never in Hindi movies. Except at the ending of the movie she holds on to her self.
Casting Saundarya for this role also added novelty.

Echmukutty said...

അഭിപ്രായങ്ങൾ തുറന്നു പറയുവാനും പിന്നെ അതിന്റെ ഭവിഷ്യത്ത് അനുഭവിയ്ക്കാനും തയാറുള്ളവരെ കാണുമ്പോൾ മുട്ടിടിയ്ക്കുമെങ്കിലും അവരോട് ബഹുമാനമാണ്.