
സത്യന്‍ അന്തിക്കാടിന്റെ ‘ഭാഗ്യദേവതയ്ക്കും’ ടി വി ചന്ദ്രന്റെ ‘ഭൂമിമലയാളത്തിനും’ ആശയപരമായി ചില സമാനതകള്‍ പ്രത്യക്ഷത്തില്‍ തന്നെയുണ്ട്. ലക്ഷ്യവും ആവിഷ്കാരരീതിയും വ്യത്യസ്തമാണെങ്കിലും. സ്ത്രീപ്രശ്നങ്ങളാണ് രണ്ടിലും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെന്ന അവകാശവാദമാണ് അവയില്‍ പ്രധാനം. ഭാഗ്യദേവതയില്‍ സ്ത്രീയുടെ സാമ്പത്തികമായ ഉയര്‍ച്ച/ വരലബ്ധി, കുടുംബം എന്ന ചട്ടക്കൂടിനുള്ളില്‍ അവളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമാവുന്നതെങ്ങനെ എന്നാണ് പറയുന്നതെങ്കില്‍ ഭൂമിമലയാളം അതേപ്രശ്നത്തെ സാമൂഹികമായ ഒരു സ്വീകാര്യതയ്ക്കായി ചൂണ്ടുന്നു. ലോംഗ് ജമ്പില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരേണ്ട ആനി, സാധാരണവീട്ടമ്മയായി ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും വച്ചുവിളമ്പാന്‍ മാത്രമുള്ള അടുക്കള ഉപകരണമായി കര്‍മ്മണിപ്പെട്ടുപോകാനുള്ള കാരണം പണത്തിന്റെ അഭാവമാണ്. ഡെയ്സിയ്ക്ക് ലോട്ടറി കിട്ടിയ തുകയുടെ അത്ര കാല്‍പ്പനികതയില്ലെങ്കിലും സ്പോര്‍ട്സ് കൌണ്‍സിലിന്റെ സ്കോളര്‍ഷിപ്പ് കിട്ടുന്നതാണ് അവളെ കുടുംബത്തില്‍ നിന്ന് പുറത്തു ചാടിച്ച് ആയിരങ്ങള്‍ ആര്‍ത്തു വിളിക്കുന്ന സ്റ്റേഡിയത്തിലെത്തിക്കുന്നത്. വയനാട്ടിലെ ഒരു കര്‍ഷക കുടുംബത്തില്‍പ്പെട്ട അവളെ ഭര്‍ത്താവ് വിവാഹം കഴിക്കുന്നത്, പണം നല്‍കി കടബാധ്യതയില്‍ നിന്ന് കുടുംബത്തെ മോചിപ്പിച്ചുകൊണ്ടാണെന്ന പരാമര്‍ശം സിനിമയിലുണ്ട്. മാധ്യമപ്രവര്‍ത്തകയായ ഫൌസിയയ്ക്ക് വേണ്ടത് ഒരു ഡിവിക്യാമാണ്. അതിനു ഭര്‍ത്താവ് കനിയുന്നതും കാത്തിരിക്കുകയാണവള്‍. കുടുംബസ്ഥയായ സ്ത്രീ പുറത്ത് പോയി ജോലിചെയ്യരുതെന്ന ഭര്‍ത്തൃപിതാവിന്റെ ആഗ്രഹത്തെ വകവയ്ക്കാത്തതുകൊണ്ട് വിദേശത്തു ജോലിയുള്ള ഭര്‍ത്താവില്‍ നിന്നു ക്യാമറ അവള്‍ക്ക് ലഭിക്കുന്നില്ല. എന്നല്ല ദാമ്പത്യം തന്നെ പ്രശ്നത്തിലുമാവുന്നു. പക്ഷേ സിനിമയുടെ അവസാനം ക്യാമറയുപയോഗിച്ച് ആനിയെ ചിത്രീകരിക്കുന്ന ഫൌസിയയെ നാം കാണുന്നു. അവളത് ആരെയും ആശ്രയിക്കാതെ സ്വന്തം നിലക്ക് കൈവശമാക്കിയതാവണം. അങ്ങനെ കുടുംബത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചിതകളാവുന്ന സ്ത്രീസ്വത്വങ്ങളുടെ വിജയത്തിലും അങ്ങനെ മോചിതരാവാന്‍ കഴിയാത്തവരുടെ പരാജയത്തിലും ആണ് സിനിമ ഊന്നുന്നതെന്ന് സാമാന്യേന പറയാം.
രാഷ്ട്രീയമാണ് മറ്റൊരു പ്രശ്നം. ഭാഗ്യദേവതയില്‍ കൃഷിയിറക്കാന്‍ ആളെക്കിട്ടാത്ത വയലുകള്‍, വില്‍ക്കാനോ നികത്താനോ തെങ്ങു നടാനോ സമ്മതിക്കാത്ത ഒരു കൂട്ടം രാഷ്ട്രീയക്കാരെ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് സ്വന്തം നിലയില്‍ ബോട്ടു വാങ്ങി പണക്കാരനാവാനോ സഹോദരിയുടെ വിവാഹം സമയത്തിനു നടത്താനോ ബെന്നിയ്ക്കു കഴിയാതെ വരുന്നത്. സാധാരണക്കാരുടെ ജീവിതത്തെ താറുമാറാക്കുന്ന ഒന്നായി കക്ഷിരാഷ്ട്രീയത്തിന്റെ സാന്ദര്‍ഭിക പരാമര്‍ശങ്ങള്‍ ജനപ്രിയസിനിമകളില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ട് കൈയടി നേടാറുണ്ട്. (ഇടയ്ക്ക് പറയട്ടെ, മാടമ്പിയില്‍ പണപ്പിരിവിനു മുടന്തന്‍ ന്യായവുമായി വരുന്ന ഇതുപോലൊരു പ്രാദേശിക നേതാവിനെ ശല്യക്കാരനായി ചിത്രീകരിച്ച് നായകനെക്കൊണ്ട് നെഞ്ചത്തു ചവിട്ടി അകറ്റിയ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ് ഫെഫ്കയുടെ നേതാവായി പിണറായി വിജയനെ കാണാന്‍ ഈ അടുത്തകാലത്ത് പോയത്. സിനിമയിലൊന്ന്, ജീവിതത്തില്‍ മറ്റൊന്ന് !) ഭൂമിമലയാളത്തിലെ രാഷ്ട്രീയം ഇതിനു നേരെ വിപരീതധ്രുവത്തിലാണ്. 1930 -കളിലും 40 -കളിലും ഇടപ്രഭുക്കന്മാരുടെയും ജന്മികളുടെയും കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുകയായിരുന്നു കേരളസമൂഹത്തിന് പോരാട്ടത്തിന്റെയും വിമോചനത്തിന്റെയും വഴിതെളിച്ചുകൊടുത്തത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ നിര്‍ഭയരായ സഖാക്കളായിരുന്നു (അവരുടെ ചോരയായിരുന്നു ) എന്ന് സിനിമ വ്യക്തമായി തന്നെ പറയുന്നുണ്ട്. 60 വര്‍ഷങ്ങള്‍ കൊണ്ട് കേരളം ബഹുദൂരം മുന്നേറിയെങ്കിലും ചില കാര്യങ്ങളില്‍ ഇന്നും സ്ഥിതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. 1948-ല്‍ വേട്ടയാടപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 2008-ലും അതേ തീവ്രതയോടെ വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുന്നു എന്ന സത്യമാണ് നിരന്തരമായ രാഷ്ട്രീയകൊലപാതകങ്ങള്‍ ബോധിപ്പിക്കുന്ന സത്യം എന്നാണ് സിനിമയ്ക്ക് പറയാനുള്ളത്. ഈ കൊലപാതകങ്ങളുടെ ഇരകളാണ് സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍. അമ്മയും സഹോദരിയും കാമുകിയും ഭാര്യയുമൊക്കെയായി അനാഥത്വത്തിന്റെ വേദനയനുഭവിക്കുന്നു എന്നതു മാത്രമല്ല, ലൈംഗികമായ ആക്രമണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ഒളിഞ്ഞുനോട്ടങ്ങളുടെയും ഇരയായി നിരന്തരം തീ തിന്ന് കഴിയാനാണ് പാറശ്ശാലമുതല്‍ കാസര്‍കോഡുവരെയുള്ള ഭൂമിമലയാളത്തിലെ സ്ത്രീസ്വത്വങ്ങള്‍ക്ക് വിധി. ഇതിലേയ്ക്ക് കക്ഷിരാഷ്ട്രീയത്തെ ഇഴച്ചേര്‍ത്തുകൊണ്ടാണ് ടി വി ചന്ദ്രന്‍, വേട്ടയാടപ്പെടുന്നത് സ്ത്രീത്വം മാത്രമല്ല, കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൂടിയാണെന്ന കാര്യം സാധിച്ചെടുക്കുന്നത്.
ഈ കാഴ്ചയെയാണ് ജി പി രാമചന്ദ്രന്‍, ചരിത്ര-യാഥാര്‍ത്ഥ്യബോധ്യങ്ങളോടെ എടുത്ത സത്യസന്ധമായ ആവിഷ്കാരം എന്നു വിളിക്കുന്നത്. ഒരു മുസ്ലീം സ്ത്രീയുടെ ഭര്‍ത്തൃകുടുംബത്തെ അപ്രധാനീകരിച്ചുകൊണ്ട് പിന്നില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ ടി വി ചന്ദ്രന്റെ ഇതഃപര്യന്തമുള്ള സിനിമകളേക്കാള്‍ മുന്‍പന്തിയിലാണിതിന്റെ സ്ഥാനമെന്നും. കലാമൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ സിനിമകള്‍ സമീപകാലത്ത് ചെന്നു കയറുന്ന ഒരു മണ്ഡലമാണ് തൊട്ടടുത്തഭൂതകാലം. (നിഴല്‍ക്കുത്ത്, നാലുപെണ്ണുങ്ങള്‍, തലപ്പാവ്, ഏ കെ ജി, അടയാളങ്ങള്‍....) സ്വാതന്ത്ര്യപൂര്‍വകാലഘട്ടവും സ്വാതന്ത്ര്യാനന്തര വിഹ്വലതകളും. ഒരു സമൂഹത്തിനു നല്‍കിയ പുതിയൊരു ആവേശതള്ളിച്ചയില്‍ പുതിയകാലത്തെ സ്വപ്നം കണ്ടു തുടങ്ങിയ കാലമാണത്. കേരളീയ സമൂഹം അങ്ങേയറ്റം ചലനാത്മകമായിരുന്ന കാലം. അതു നിരന്തരമായി ആവിഷ്കരിക്കപ്പെടുന്നതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ. പക്ഷേ നമ്മുടെ രാഷ്ട്രീയസിനിമകളില്‍ അവ ആവര്‍ത്തിക്കുന്ന ശൈലിയെക്കുറിച്ച് സംശയമുണ്ടാവുന്നതു എന്തുകൊണ്ടും നല്ലതാണ്. പക്ഷപാതപരവും ഏകശിലാമുഖവുമാണ് ഏറിയകൂറും അവയിലെ ചരിത്രം. എഴുത്തുകാരന്റെയോ സംവിധായകന്റെയോ മാനസിക ചായ്‌വുകള്‍ ചരിത്രത്തെ അപ്പാടെ ഹൈജാക്ക് ചെയ്യുന്ന സ്ഥിതിവിശേഷമാണിതുകൊണ്ടുണ്ടാവുന്നത്. മുപ്പതുകളിലെ രാഷ്ട്രീയസ്ഥിതി തന്നെയാണ് ഇന്നും നിലനില്‍ക്കുന്നതെന്ന് സ്ഥാപിക്കാന്‍ ‘ഭൂമിമലയാളത്തില്‍’ സംവിധായകന്‍ ചെയ്യുന്നത് ഇടപ്രഭുക്കന്മാരുടെയും ജന്മിയുടെയും സ്ഥാനത്ത് വലതുപക്ഷ തീവ്ര-മിത (ആര്‍ എസ് എസ് - കോണ്‍ഗ്രസ്സ്) രാഷ്ട്രീയത്തെ ഒരേ കള്ളിയില്‍പ്പെടുത്തി പ്രതിഷ്ഠിക്കുക എന്ന അതിലളിതമായ ഉപാധിയാണ്. കേരളത്തിന്റെ സമകാലിക സ്ഥിതി ഇത്രയും ലഘുവായ അറകളില്‍ കാലുമടക്കി കിടക്കാന്‍ മാത്രം ഋജുഘടനയുള്ളതല്ലെന്ന് മനസ്സിലാക്കാന്‍ കണ്ണു തുറന്നു ചുറ്റുപാടും നോക്കുകയേ വേണ്ടൂ. ഇടയലിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മയെ അധികാരത്തിന്റെ കാലുകളുറപ്പിക്കാനായി വലിച്ചുകൊണ്ടുവന്നിടുന്നതില്‍ തരക്കേടുണ്ട്. ഇതിനാണോ നമുക്ക് ഓര്‍മ്മകളുണ്ടായിരിക്കേണ്ടത്? പക്ഷേ ഉപരിപ്ലവമായ ഇത്തരം ചരിത്രവ്യാഖ്യാനത്തിന്റെ ചെലവിലാണ് നമ്മുടെ കലാമൂല്യമുള്ള (?) സിനിമകളുടെയും അവയുടെ വ്യാഖ്യാനമെഴുത്തുകളുടെയും പിറവി എന്നതാണു ദുരന്തം.
ഇതിനിടക്ക് വാര്‍പ്പു മാതൃകളായ മുതലാളിമാരുമുണ്ട്. കശുവണ്ടി മുതലാളി. കറിമസാല മുതലാളി. ഇവിടങ്ങളിലെല്ലാം തുച്ഛമായ വേതനത്തിനു പണിയെടുക്കുന്ന സ്ത്രീകള്‍ ചൂഷിതരാണ് എന്നാണു സൂചന. (താരതമ്യത്തിനു വേണ്ടി പറയാം, ഭാഗ്യദേവതയിലെ മുതലാളി സ്ത്രീയാണ്. ബെന്നിയുടെ സഹോദരിക്ക് ജോലി നല്‍കുന്നതവരാണ്) വടിവൊത്ത കുപ്പയമണിഞ്ഞ് മധുരവാക്കുകളുമായി ഇരട്ടമുഖവുമായി നടക്കുന്ന അവരുടെ രാഷ്ട്രീയം വ്യക്തം. അവരിലൊരാളാണ് നിര്‍മ്മലയെ കെട്ടിയിട്ട് പീഡിപ്പിക്കുന്നത്. സഹോദരന്‍ കൊലപാതകരാഷ്ട്രീയത്തിന്റെ ഇര. മകന്റെ കൊല നേരില്‍ കണ്ട അമ്മ മാനസികരോഗിയായി. അതിനു പുറമേയാണ് നിര്‍മ്മലയ്ക്ക് ഈ ദ്രോഹവും ഏറ്റു വാങ്ങേണ്ടി വരുന്നത് . പോലീസുകാര്‍ എറിഞ്ഞുകൊന്ന യുവാവിന്റെ സഹോദരി സതിയെ വിവാഹം കഴിക്കാനിരുന്ന പട്ടാളക്കാരനാണ് പഞ്ചാബില്‍ വെള്ളത്തില്‍ വീണു മരിക്കുന്നത്. മണ്ണെടുത്ത് പിളര്‍ന്നുപോയ ചെങ്കല്‍ തരിശുകളില്‍ നിന്ന് ഒട്ടൊരു മെലോഡ്രാമയുടെ ഛായയില്‍ നിലവിളിക്കുന്ന സ്ത്രീകളെ ഇടയ്ക്കിടയ്ക്ക് കാട്ടിക്കൊണ്ടാണ് ‘ഭൂമിമലയാളത്തിന്റെ’ ഇങ്ങനെ ദുസ്സഹമാവുന്ന വേദനകളുടെ നിസ്സഹായതയെ ടി വി ചന്ദ്രന്‍ ആവിഷ്കരിക്കുന്നത്. ഇതും പാറശ്ശാലയിലെ കടത്തിണ്ണകളില്‍ കയറി നിന്ന് പഴയ തെരുവുനാടകം ശൈലിയില്‍ ‘ട്രഷറി പൂട്ടി, മുഖ്യമന്ത്രി സ്ഥലത്തില്ലാ..’ എന്നിങ്ങനെ ആവര്‍ത്തിക്കുന്ന ജനങ്ങളെയും പിന്നെ ഭര്‍ത്താവിന്റെയും കൂട്ടുകാരുടെയും മുകളിലൂടെ ചാടി സ്റ്റേഡിയത്തില്‍ ചെന്നു വീഴുന്ന ആനിയുടെ സീനിനെയും സര്‍ റിയലിസ്റ്റ് ആഖ്യാനരീതിയുടെ ചെലവിലാണ് സംവിധായകന്‍ എഴുതിയിടുന്നതെന്നു തോന്നുന്നു. സ്വാഭാവികമായ ആഖ്യാനം വഴിമുട്ടുമ്പോള്‍ എടുക്കുന്ന തന്ത്രപരമായ ഒളിച്ചോട്ടങ്ങളില്ലാതെ യഥാതഥാവിഷ്കാരങ്ങള്‍ക്ക് ( ആ നിലയ്ക്കുള്ള അവകാശവാദമുള്ള സിനിമകള്‍ക്ക് ) സെല്ലുലോയിഡുകളില്‍ സ്ഥാനം പിടിക്കാന്‍ പറ്റത്തതെത്ര കഷ്ടമാണ്! തുടര്‍ന്നു വന്ന ‘വസ്തുവിനെ’ വിട്ട് മറ്റൊന്നിനോടൊപ്പം ക്യാമറ പോകുന്ന ‘ഫാന്റം ഓഫ് ലിബെര്‍ട്ടി’യുടെ ആഖ്യാനരീതികള്‍ ഇപ്പോഴും വലിയ കാര്യമായി ആവിഷ്കാരം നേടുന്നത് മലയാളസിനിമയ്ക്കൊരു ഭൂഷണമോ ദൂഷണമോ?
കൊലപാതകങ്ങളെയും ആത്മഹത്യകളെയും പറ്റിയുള്ള സ്കോര്‍ബോഡെഴുത്തുകള്‍ (ബോഡുകള്‍ ഇടയ്ക്ക് ഇടക്ക് കാണാം സിനിമയില്‍) മീഡിയകളോടുള്ള പരിഹാസമാണ്. മരണവും പീഡനങ്ങളും വെറും വിവരം മാത്രമാവുന്നതിലുള്ള പ്രതിഷേധമാവാം ഇത്. അതോടൊപ്പം സിനിമ പുലര്‍ത്തുന്ന പക്ഷപാതപരമായ നിലപാട് വച്ച് ആലോചിക്കുമ്പോള്‍ കൊലപാതകങ്ങളെ ഒരേ കള്ളിയില്‍പ്പെടുത്തിയതിലുള്ള സംവിധായകന്റെ അമര്‍ഷമായിട്ടാണ് തോന്നുക. കാരണം അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനും ചെറുത്തു നില്‍പ്പിനും ഒരേ സ്കോര്‍ ബോഡ് എന്തായാലും നീതിയാവില്ലല്ലോ. വീക്ഷണക്കോണ്‍ മാറുമ്പോള്‍ പോലും ക്യാമറയുടെ സ്ഥിരമായിരിക്കുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഇതില്‍ ചില ധ്വനികള്‍ വായിക്കാന്‍ പാടില്ലേ? ഫൌസിയയും അരുണും കണ്ണാടി വാതിലിനപ്പുറം നിന്നു സംസാരിക്കുന്നതു കാണിക്കുന്നതു ഒരു ഉദാഹരണം. അവരുടെ സംസാരം കേള്‍ക്കാതിരിക്കുമ്പോഴും (കൂട്ടുകാരിയുടെ കാഴ്ചവട്ടത്തിലൂടെ) കേള്‍ക്കാന്‍ കഴിയുമ്പോഴും ക്യാമറ ഒരിടത്തു തന്നെ. (കഥാവശേഷനിലും ഇതേ പ്രശ്നം കണ്ടിട്ടുണ്ട്. എന്നാല്‍ ആംഗിളുകളാണെല്ലാം എന്ന് ബ്രസ്സണ്‍) ഇതിനൊക്കെ അപ്പുറത്ത്, സിനിമ അവസാനിക്കുന്നത് രണ്ടു സ്ത്രീകളുടെ ഫൌസിയയുടെയും ആനിയുടെയും സന്തോഷങ്ങളെ സ്റ്റേഡിയത്തിലെ കൈയടികളുടെ അകമ്പടിയോടെ അവതരിപ്പിച്ചുകൊണ്ടാണല്ലോ. മറ്റുസ്ത്രീകള്‍ക്ക് - സതി, നിര്‍മ്മല..- എന്തു പറ്റിയെന്ന കാര്യം സിനിമ പറയുന്നില്ല. പോട്ടെ, ഒരു സിനിമയ്ക്കുള്ളില്‍ എല്ലാം പറയുക സാധ്യമല്ല എന്നു വയ്ക്കുക. അവരെ അവരവരുടെ ചലച്ചിത്രനീതിയ്ക്കു വിടുക. എന്നാല്‍ (സ്ഥാലീപുലാകന്യായേണ - ചോറുവെന്തോ എന്നറിയാന്‍ ഒരെണ്ണം എടുത്തു ഞെക്കിനോക്കുക എന്ന ന്യായം വച്ച്..) ആദ്യം പറഞ്ഞ രണ്ടുപേര്‍ കുടുംബത്തിന്റെ പീഡനവൃത്തത്തില്‍ നിന്ന് എത്തിപ്പെട്ട് സാഫല്യമടയുന്നതായി കാണിക്കുന്ന മണ്ഡലം തീര്‍ത്തും ഉത്പാദനപരമല്ലാത്ത ഒന്നിലാണെന്നത് ആകസ്മികമായി സംഭവിച്ച കാര്യമാണോ എന്ന കാര്യത്തില്‍ സംശയിക്കണം. കായികവിനോദത്തിന്റെയും അതിനെ പകര്‍ത്തുന്നതിന്റെയും (അതും വിനോദമാണ്) കാഴ്ചയെ സ്ത്രീവിമോചനത്തിന്റെ മൂലകമായി എടുത്തുകാണിക്കുന്നതിലൂടെ വിനോദ-സേവനമേഖലയ്ക്ക് കൈവന്നിട്ടുള്ള വിശിഷ്ടതയുമായി ഒരൊത്തുതീര്‍പ്പ് സിനിമ നടത്തുന്നുണ്ട്. ലോട്ടറി കിട്ടുന്നതും റിയാലിറ്റി ഷോയില്‍ സമ്മാനം നേടുന്നതും ഇതും തമ്മില്‍ വലിയ ദൂരമില്ല. ആഖ്യാനത്തില്‍ വരുന്ന മന്ദതാളത്തില്‍ മാത്രമേയുള്ളൂ വ്യത്യാസം. വിനോദവ്യവസായങ്ങളിലെ മുതലിറക്കുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടുകളുമായി പെട്ടെന്ന് സമീകരിക്കാവുന്ന ഒരു പ്രശ്നം ഇതിനകത്തുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ സിനിമ പൂര്‍ത്തിയായി.
സാമാന്യബോധങ്ങളുമായി രാജിയാവുക എന്നതല്ല, ഉറച്ചുപോയ ബോധ്യങ്ങളെ പുതുക്കാനെങ്കിലും എന്തെങ്കിലും ചെയ്യുക എന്നതാണ് കലാമൂല്യമുള്ളതെന്നു നാം വിശ്വസിക്കുന്ന സിനിമകള്‍ നിര്‍വഹിക്കേണ്ട ദൌത്യം. പരിചിതമായ കാഴ്ചകള്‍ക്കപ്പുറത്ത് ആഴത്തില്‍ മുങ്ങിത്തപ്പിയാല്‍ മാത്രം കിട്ടുന്ന മുത്താണത്. പുരോഗമനപരമായ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള സാമാന്യധാരണയ്ക്കപ്പുറം പോവുക എന്നത് കലാകാരന്റെ ബാധ്യതയല്ലാതാവുന്നതിന്റെ ഉദാഹരണങ്ങളാണ് പക്ഷേ ഇത്തരം സിനിമകള്‍. ഫലത്തിലവ ജനപ്രിയ സിനിമകളുടെ ചെയ്തികളെ കപടമായ ഗൌരവവുമായി അനുവര്‍ത്തിക്കുകതന്നെയാണ്. ജനങ്ങളെ ആള്‍ക്കൂട്ടങ്ങളായി കാണുന്ന രീതിയാണ് (റെയ്മണ്ട് വില്യംസ്) ഫലത്തില്‍ കലാമൂല്യമുള്ളതെന്നു പുറമേയ്ക്കു നടിക്കുന്ന സിനിമകളിലും ഉളളത്. യാഥാര്‍ത്ഥ്യത്തിന്റെ ഉപരിതലത്തില്‍ മാത്രം രമിക്കുന്നതരം ബോധവും വഴക്കമില്ലാത്ത തരം നിലപാടും അധികാരവുമായി നീക്കുപോക്കുള്ള പക്ഷപാതങ്ങളുമായി ഒരിഞ്ചു മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്നതിനുദാഹരണമാണ് ഭൂമിമലയാളം. ഇത്രയൊക്കെ മതിയെന്നാണെങ്കില്‍ അതു കുറച്ചുകൂടി നന്നായി ചെയ്യാന്‍ ഇവിടെ ജനപ്രിയ സിനിമകളുണ്ട്. അവയുടെ സംവിധായകരുണ്ട്. അതുപോരേ?