April 1, 2026

ആധുനികമനസ്സുകളെ ‘തൂത്തുവാരി’ കൂട്ടിവയ്ക്കുന്ന കവിത

 


റാവുള ഭാഷയിൽ ‘തൂത്തു’ എന്നതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോ എന്നറിയില്ല, മുറ്റമടിക്കുന്നതിനു തൂക്കുക എന്നു പറയാറുണ്ടെങ്കിലും തുടച്ചു എന്ന അർത്ഥത്തിലാണ് ആ ക്രിയയ്ക്ക് തെക്കൻ ഭാഗങ്ങളിൽ വ്യാപ്തി. മാധ്യമം ആഴ്ചപ്പതിപ്പിൽ (29:1461) സുകുമാരൻ ചാലിഗദ്ധയെഴുതിയ കവിതയുടെ തലക്കെട്ട് 'തൂത്തു' എന്നാണ്. കവിത അവസാനിക്കുന്നതും അതേ വാക്കിലാണ്. പ്രയോഗഭംഗികൊണ്ട് കവിതയിൽ അതിനു നേരെ എതിരർത്ഥം വരും. ‘ചൂടുള്ള ഇളം വെയിലിൽ പതുക്കെ ചാടിയ ഒരോന്ത്, ഓർത്തിരിക്കാൻ തുന്നിവച്ച ഒരു തോർത്തെടുത്ത് തൂത്തു’ എന്നാണ് അവസാന വരി. ശരീരത്തിൽ പറ്റിയിരിക്കുന്ന വെള്ളം തുടച്ചുകളയാനാണ് തോർത്തെടുത്തു തൂക്കുന്നത്, കവിതയിൽ ഓർത്തിരിക്കാൻ തുന്നിവച്ച തോർത്തായതുകൊണ്ട്, അതുകൊണ്ടു തൂത്താൽ ഇളവെയിലിന്റെ ചൂട് മായുമെന്നാണോ അതുപോലെയുള്ള നിരവധി ഇളവെയിലുകളുടെ ചൂട്/അനുഭവം തിരിച്ചുവരുമെന്നാണോ കവിത അർത്ഥമാക്കുന്നത്? തീർച്ചയായും രണ്ടാമത്തേതാണ്. 
കവിത പിറകിലേക്കു വായിച്ചാൽ ഇള വെയിൽചൂടുപോലുള്ള കാടനുഭവങ്ങളുടെ ദൃക്സാക്ഷിത്വം കാണാം. മാന്ത്രികനായ നാട്ടുവൈദ്യൻ മയിൽപ്പീലി ഉഴിയുമ്പോൾ ചെന്നെത്തുന്നതുപോലെ, എന്നാൽ തീരെ ഒച്ചപ്പാടില്ലാത്ത അബോധാത്മകവും ഭ്രമാത്മകവുമായ മാനസിക അനുഭവമാണ് കവിത പങ്കുവയ്ക്കുന്നത്. ഞാൻ എന്ന കർത്താവ് /കർത്രി കവിതയിലില്ല. അതുകൊണ്ട് വായനയിൽ താദാത്മ്യപ്പെടുന്ന എല്ലാവരും കവിതയിലെ കാഴ്ചകളുടെ പങ്കാളികളായി മാറാം. 
പുഴയിൽ പൂത്തിരുന്ന മാവിലെ കൂവുന്ന മാനിണകൾ,  കറുത്ത വാവിനെ കൂട്ടിരുത്തുന്ന മഴക്കോള്, ഒരുങ്ങി യാത്ര പോകുന്ന ഉണക്കാനിട്ട തുണികൾ, വയലുകാണാൻ പൂതി പിടിച്ച വെയില്, എരിവെടുത്ത് കനവു വിട്ടു പോകുന്ന കാട്ടുതുമ്പി -  ഇങ്ങനെയുള്ള ഭ്രമകല്പനകൾക്കു പുറമേ കവിതയിൽ അതിസാധാരണമായ കാഴ്ചകളും കൂടിക്കലരുന്നുണ്ട്. (വയറു നിറയെ ചോറുണ്ട് ആലിൽ ചുറ്റിക്കിടക്കുന്ന ചേരപാമ്പ്,  ചേമ്പിലയിലെ ഉരുണ്ടുകളിൽക്കുന്ന നീർമണികൾ, മണ്ണിൽത്തട്ടി വീണ ഓട്ടക്കാരി) നഗരജീവിതത്തിനു തീരെ പരിചിതമല്ലാത്ത കാഴ്ചകളെയാണ് ‘ഓർമ്മകൾ തുന്നിയ തോർത്തിന്റെ’ രൂപകത്തിലൂടെ വ്യക്തിപരമായ അനുഭവമായി അവതരിപ്പിച്ചിരിക്കുന്നത് എന്നു വായിക്കാനാണ് എനിക്കിഷ്ടം. അത് തൂത്തുകളയുന്നതോടെ പോകുന്നതല്ല, കൂടുതൽ തിളങ്ങുന്നതാണ്. കാട് എന്ന വാക്ക് കവിതയിൽ ഉപയോഗിച്ചിട്ടില്ല. അപരിചിതമേഖലയെന്ന നിലയിലും മാനും പുള്ളും ഞണ്ടും കാട്ടുതുമ്പിയും പുഴയും മാവും മുളയും ഇലഞ്ഞിയും വയലും ചേമ്പിലകളും ഉള്ള വൈവിധ്യമാർന്ന ഈ ഭൂഭാഗം,  കാടല്ലെങ്കിൽ സസ്യങ്ങളാലും ജലത്താലും സമ്പന്നമായ ഓരപ്രദേശമാണ്. എന്തായാലും നഗരജീവിതത്തിന്റെ ബദലായി നിൽക്കുന്നു എന്ന അർത്ഥത്തിലും ജൈവസമൃദ്ധിയാലും സുതാര്യമായ കാല്പനികലോകത്തിലേക്കുള്ള ക്ഷണപത്രമെന്ന നിലയിലും കവിതയ്ക്കുള്ളിലെ ഈ ലോകത്തിനു  പ്രവർത്തിക്കാനാകുന്നുണ്ട്. 
മറ്റൊരുതരത്തിൽ ബോധത്തിൽ കുടിയിരിക്കുന്ന അബോധത്തിന്റെ പ്രതീകാവസ്ഥകൂടിയാണ് ഈ പ്രദേശത്തിനുള്ളതെന്നും വാദിക്കാം. ടി പി വിനോദ് ഒരു കവിതയിൽ ‘അബോധത്തിനിരിക്കാനുള്ള സ്ഥലമായിട്ടാണ് ബോധത്തെ’ നിർവചിക്കുന്നത്. അത്രയ്ക്ക് പോകേണ്ടതില്ലെങ്കിലും സഹജീവിതത്തിന്റെ പ്രാക്തനലോകം ഇപ്പോഴും ഒരു തുരുത്തായി ബോധമനസ്സിൽ കുടിയിരിക്കുന്നുണ്ടാവണം.
മനുഷ്യവാസത്തിന്റെ ആ ആദിമമേഖലയിൽനിന്ന് ഇളവെയിലേറ്റ (ഇളം ചൂടുള്ള) ഒരോർമ്മ വന്ന്,  തിരക്കും വെപ്രാളവും പിടിച്ച ബോധമനസ്സിന്റെ ആവേഗങ്ങളെ കുറച്ചു സമയം ‘തൂത്തു കളഞ്ഞതിന്റെ’ രൂപാകാത്മകമായ ആവിഷ്കാരമായും ‘തൂത്തു’ എന്ന കവിതയെ വായിക്കാമെന്നു തോന്നുന്നു. ആ അർത്ഥത്തിൽ മായികവും പ്രാകൃതികവുമായ സൗന്ദര്യക്കാഴ്ചകളെ കാഴ്ചകളെ ഓർമ്മപ്പെടുത്തിക്കൊണ്ട്, അന്യഥാശിഥിലമായ ‘ആധുനിക’ മനസ്സുകളെ ‘തൂത്തുവാരി’ ഒരിടത്ത് കൂട്ടിവയ്ക്കാനുള്ള ശ്രമംകൂടി ആ ക്രിയാംശത്തിൽ ബന്ധിപ്പിച്ചു വച്ചിട്ടില്ലേ?
 

എഫ് ബി, മാധ്യമം ആഴ്ചപ്പതിപ്പ് മാർച്ച് 16, 2026 

No comments: