April 15, 2026

ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കുംകൊണ്ടുപോകുന്ന കവിതാസംഭവങ്ങൾ

 


     അദ്ഭുതലോകത്തിൽ എത്തിയ ആലീസിനു, മൈക്രോപ്‌സിയ (Micropsia), മാക്രോപ്‌സിയ (Macropsia), മെറ്റാമോർഫോപ്‌സിയ (Metamorphopsia), ടെലോപ്‌സിയ (Telopsia, വസ്തുക്കൾ യഥാർത്ഥ ദൂരത്തേക്കാൾ വളരെ അകലെയാണെന്ന് തോന്നുന്ന അവസ്ഥ), പെലോപ്‌സിയ (Pelopsia, ദൂരെയുള്ള വസ്തുക്കൾ പോലും തൊട്ടടുത്ത് ഇരിക്കുന്നതുപോലെ തോന്നുന്നത്), സമയബോധാഭാവം (Distortion of Time, സമയം വളരെ പതുക്കെയോ അതിവേഗത്തിലോ നീങ്ങുന്നതായി അനുഭവപ്പെടുന്നത്) എന്നിങ്ങനെ ആറു രോഗങ്ങളുണ്ടായിരുന്നതായി കനേഡിയൻ ന്യൂറോളജിസ്റ്റായ ജോൺ റ്റോഡ്, 1952 ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വിശദീകരിക്കുന്നു. ‘ആലീസിന്റെ അദ്ഭുതരോഗം’ എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ നാലെണ്ണത്തെപ്പറ്റി ഡോ. ഇക്ബാൽ വിശദീകരിച്ചിട്ടുണ്ട്. അമിതാകാരഭാവം, ഹ്രസ്വാകാരഭാവം, അപസാക്ഷാത്കാരം, അപവ്യക്തിവത്കരണം എന്നിങ്ങനെയാണ് അദ്ദേഹം നൽകുന്ന പരിഭാഷകൾ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണത്തിന് ഹൈപ്പർ സ്കീമാറ്റിയ, ഹൈപ്പോകീമാറ്റിയ എന്നീ പേരുകളാണ് അദ്ദേഹം നൽകുന്നത്. ഇക്ബാലിന്റെ വിവരണങ്ങളിൽ അടുത്ത രണ്ടെണ്ണം  ഡിറിയലൈസേഷനും ഡിപേഴ്സണലൈസേഷനുമാണ്. നമുക്ക് ചുറ്റുമുള്ള ലോകം യഥാർത്ഥമല്ല എന്ന് തോന്നുന്ന അവസ്ഥയാണ് ഡിറിയലൈസേഷൻ. സ്വന്തം ശരീരത്തിൽനിന്നോ വ്യക്തിത്വത്തിൽനിന്നോ വേർപെട്ടു നിൽക്കുന്നതുപോലെയുള്ള അനുഭവമാണ് ഡിപേഴ്സണലൈസേഷൻ. ആദ്യത്തെ രണ്ടു പ്രശ്നങ്ങളുടെ ഭാഗമായാണ് ഡോ കെ രാജശേഖരൻ നായർ, ആലീസിന്റെ അദ്ഭുതലോകത്തിലെ മതിലിനു മുകളിൽ ഇരിക്കുന്ന ചെഷയർ പൂച്ചയുടെ ചിരിയെ കാണുന്നത് (മഹാമതികളും മഹാവിഷ്ണുവും മഹാപഥങ്ങളൂം) കണ്മുന്നിൽ നിൽക്കുന്നവ വലുതും ചെറുതം ആകുന്നതോടൊപ്പം മങ്ങി മങ്ങി അവയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമായി കാണുന്ന അവസ്ഥ.  

  ഈ പറയുന്നവ ഭ്രമകല്പനയുടെ പട്ടികയിൽപ്പെടുത്തി വായനയുടെ രസച്ചരട് മുറുക്കുന്നവയാണെങ്കിലും ഇത്തരം വ്യത്യസ്തമായ വിഭാവനകളുണ്ടാവാൻ എഴുതുന്നയാൾ  കടന്നുപോയിരിക്കാവുന്ന മാനസികമായ അവസ്ഥകളിലാണ് ഭിഷഗ്വരന്മാർ ശ്രദ്ധിക്കുന്നത്. ലൂയിസ് കരോളിനു കൊടിഞ്ഞി (മൈഗ്രേൻ) ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡയറിയിലുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ക്ലാസിക്കുകളിൽ വേറെയും ഉദാഹരണങ്ങളുണ്ട്.  യാത്രയ്ക്കിടയിൽ ആളുകളെ വലുതായും (ബ്രോബ്ഡിങ്നാഗിയന്മാർ) ചെറുതായും (ലില്ലിപുട്ടുകൾ) കാണുന്ന ഇടങ്ങളിലെത്തുന്ന ഗള്ളിവർക്കു ജന്മം നൽകിയ ജോനാഥൻ സ്വിഫ്ടും  ഇത്തരത്തിൽ കാഴ്ചവിശേഷം സ്വയം അനുഭവിച്ച ആളായിക്കണമല്ലോ. 

ആലീസിന്റെ അദ്ഭുതലോകത്തിൽ വേറെയും പ്രശ്നങ്ങളുണ്ട്. അതിൽ ആകർഷമായി തോന്നിയത്, ശരീരഭാങ്ങൾ ഓരോന്നായി മായ്ചുകളയാൻ പറ്റുന്ന ചെഷയർ പൂച്ചയും അന്തരീക്ഷത്തിൽ ദൃഷ്ടിഗോചരമായി തങ്ങിനിൽക്കുന്ന ചിരിയുമാണ്. വസ്തുവിനെയും അതിന്റെ ഗുണത്തെയും വേർപിരിച്ച് രണ്ടു വഴിയിലൂടെ നറ്റത്തിക്കാൻ പറ്റുമോ എന്ന ഒന്നാംതരം സെൻ പരീക്ഷയാണിത്. ക്വാണ്ടം ശാസ്ത്രജ്ഞർ ഈ പരീക്ഷണത്തിൽ വിജയിച്ചു എന്നു കേട്ടിട്ടുണ്ട്. കെ പി അപ്പൻ ഒരു അഭിമുഖത്തിൽ സുകുമാർ അഴീക്കോടിനെ വിമർശിച്ചുകൊണ്ട് സംസാരിച്ചതാണ് ഓർമ്മവരുന്നത്.  ‘ഒരു നർത്തകനോട് അയാളുടെ നൃത്തത്തെ ഈ മേശപ്പുറത്തുവച്ചിട്ട് പോകൂ എന്നു പറയാൻ പറ്റില്ലല്ലോ‘ എന്നാണ് അപ്പൻ പറഞ്ഞത്. (സുകുമാർ അഴീക്കോടിന്റെ മെലിഞ്ഞുനങ്ങിയ ശരീരത്തിൽനിന്ന് അതിനേക്കാൾ ദുർബലമായ ആശയങ്ങൾ എന്നോമറ്റോ ആയിരുന്നു വിമർശനം) ചെഷയ്ർ പൂച്ച മറയുകയും അതിന്റെ ചിരി അന്തരീക്ഷത്തിൽ മായാതെ നിൽക്കുന്നത് കാണാൻ പറ്റുകയും ചെയ്യുന്ന അവസ്ഥയിൽ നർത്തകന് നൃത്തത്തെ മുന്നിൽ വച്ച് മറയാൻ പറ്റുമെന്നല്ലേ മനസിലാക്കേണ്ടത്. ബുദ്ധിയ്ക്കൊരു വ്യായാമമാണ് എങ്കിലും ആലോചിക്കാമല്ലോ. 

ചെഷയർ പൂച്ചയുടെ ചിരിയെ ഓർക്കാൻ മറ്റൊരു കാരണം ഉണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിൽ (2026, മാർച്ച് 30) കാർത്തികിന്റെ രണ്ടു കവിതകളുണ്ട്. കുറച്ചു നാളുകൾക്കുശേഷമാണ് കാർത്തികിന്റെ കവിതകൾ ഒരു ആനുകാലികത്തിൽ കാണുന്നത്. ക്ലിങ് എന്ന സമാഹാരത്തിനുശേഷം കാർത്തികിന്റെ കവിതകൾ അങ്ങനെ കണ്ണിൽപ്പെട്ടിട്ടില്ല. മാധ്യമത്തിലെ ‘രണ്ടു കവിതകൾ’ ജാവലിനും ചുളിവുമാണ്.   

കവിത വിശദീകരിക്കുന്നത് ശരിയല്ല. എങ്കിലും സൗകര്യത്തിനു വേണ്ടിയാണിത്. ജാവലിനിൽ രാവിലെ ഉറക്കം ഉണർന്ന് മൂരിനിവർന്ന ഒരാളിൽ തലേന്നത്തെ സ്വപ്നം അവശേഷിക്കുന്നു. ആരോ എറിഞ്ഞ് ഒരു ജാവലിൻ ഒരു കുട്ടിയിൽ തുളഞ്ഞു കയറിയതായിരുന്നു ചെറിയ സ്വപ്നം. തന്റെ കയ്യിൽനിന്ന് ആ ജാവലിൻ പിടിവിട്ടുപോയതുപോലെ ഉണർവിൽ അയാൾക്കു തോന്നുന്നു. കുറ്റബോധം? അതുതന്നെ ആവണമെന്നില്ല. ആ കുട്ടി ഏതു കാര്യത്തിനായി പോകുന്നതിനിടയിലാവും ജാവലിൽ തറഞ്ഞ് മരിച്ചുപോയത് എന്ന ചിന്തയുമാകാം അയാളുടെ കൈകാലുകളെ വിറപ്പിച്ചതും തരിപ്പിച്ചതും. ഈ കാര്യം കൂടുതൽ വിശദീകരിക്കാവുന്നതാണ്. രണ്ടായാലും അവസ്ഥ അയാൾ ഉറക്കത്തിൽനിന്നുണർന്നിട്ടും സ്വപ്നത്തിൽനിന്നുണർന്നില്ലെന്നതാണ്. 

ചുളിവെന്ന കവിതയിൽ ഒരാൾ എന്തു വരച്ചാലും വിരലായി തീരുന്നു. എന്തു മായ്ച്ചാലും മുഖമായി തീരുന്നു എന്ന അവസ്ഥയാണ്. എന്തിനെന്ന് പരസ്പരം അറിയാതെ  സ്വപ്നങ്ങളിൽ ആ വിരലും മുഖവും അയാളെ തേടിവരുന്നു. എല്ലാത്തിൽനിന്നും അന്യനാക്കപ്പെട്ട അയാൾ കിടക്കയിൽ ചെന്നു വീഴുന്നതിന് കവിതയിൽ ഒരു സദൃശകല്പനയുണ്ട്. നിഴലിലേക്ക് ഒരാൾ രൂപം വന്നു വിലയിക്കുന്നു എന്ന്. നിഴലിന്റെ വിശേഷണമാണ് ചുളിവ്. സ്വന്തം ആകൃതിയ്ക്ക് ഇതുവരെ ചുളിവുനിവർത്താൻ കഴിയാത്തതാണത്രേ ആ നിഴൽ. 

രണ്ടു കവിതയെയും പരസ്പരം ബന്ധപ്പെടുത്തുന്ന വസ്തുത, കിടപ്പാണ്. മറ്റൊന്നു വസ്തുവും ധർമ്മങ്ങളുംതമ്മിൽ ചിതറുന്ന അവസ്ഥയും. കിടപ്പ്, കവിതയിലെ സംഭവങ്ങളെ ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കും കൊണ്ടുപോകാൻ കഴിയുന്ന ക്രിയാംശമാണല്ലോ. സ്വപ്നങ്ങൾ,  ഭ്രാന്തിന്റെ കുഞ്ഞനിയന്മാരുമാണ്. (ചെഷയർ പൂച്ചയുടെ പ്രസിദ്ധമായ വരി ഓർമ്മിക്കുക : “ ഇവിടെ എല്ലാവർക്കും ഭ്രാന്താണ്. എനിക്ക് ഭ്രാന്താണ്. നിനക്കും ഭ്രാന്താണ്”)  വച്ചുമാറ്റങ്ങളാണ് അവയുടെ മുഖ്യസ്വഭാവം. അതുകൊണ്ട് സ്വപ്നത്തിലാണെങ്കിലും ജാവലിൻ എറിഞ്ഞതാര്, അതു കൊണ്ടതാർക്ക്, ക്രിയ നടന്നത് സ്വപ്നത്തിലോ പത്രവാർത്തയിലോ? അതിന്റെ ഫലം (വികാരം) ആരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്? ഏറു കൊണ്ടു മരിച്ച കുട്ടി എവിടെ പോകുകയായിരുന്നു എന്ന ആശങ്കയുടെ അർത്ഥമെന്ത്? 

 ഇതൊക്കെ കവിത വളരെ ലളിതമായി സൃഷ്ടിക്കുന്ന കുഴക്കുന്ന പ്രഹേളികകളാണ്. ഇതേ പ്രശ്നം ചുളിവിനുമുണ്ട്. നിഴലിലെ ചുളിവ് തന്റെ ആകാരത്തിനു നിവർത്താൻ കഴിഞ്ഞിട്ടില്ലെന്നു പറയുന്നതുപോലെ മുൻപേ കിടന്ന നിഴലിലേക്കാണ് വ്യക്തിരൂപം വിലയിക്കുന്നത്. കിടക്കയിൽ വീഴുന്നതുവരെ പിരിഞ്ഞു നിന്ന കിടക്കയിലെ നിഴൽ,  കിടക്കുന്നതോടെ നമ്മളിൽ വിലയിക്കുകയാണല്ലോ ചെയ്യുക. കവിതയിൽ ധർമ്മം വ്യക്തിയിൽനിന്നു വേർപെടുന്നു. മാറിനിന്നു നോക്കിയിട്ട് അയാൾക്ക് അതിൽ വിലയിക്കാം എന്നൊരു അവസ്ഥയുണ്ടാവുന്നു. ‘അന്യനാക്കപ്പെട്ടവൻ’ എന്ന വിശേഷണം, കവിതയിൽ  ഡിപേഴ്സണലൈസേഷന്റെ (അപവ്യക്തിവത്കരണം) സൂചകമായി മാറുന്നു. 

 വലുതും ചെറുതുമാകുക എന്ന അവസ്ഥ ഇവിടെയില്ല. അതേസമയം ആലീസിന്റെ കാര്യത്തിൽ കണ്ടതുപോലെ എന്നാൽ അതിൽനിന്നു വ്യത്യസ്തമായ അപസാക്ഷാത്കാരവും അപവ്യക്തിവത്കരണം ഇതിൽ സംഭവിക്കുന്നില്ലേ? ചുളിവിലെ വരയ്ക്കുമ്പോൾ തെളിയുന്ന വിരലിനെയും മായ്ക്കുമ്പോൾ തെളിയുന്ന മുഖത്തെയും (എങ്ങനെ വേണമെങ്കിലും ഈ വരി വായിക്കാം. മായ്ക്കുമ്പോൾ എല്ലാം ഒരു മുഖമായി മാഞ്ഞു പോകുന്നുവെന്നും എന്തു മായ്ച്ചാലും ഒരു മുഖം അവശേഷിക്കുന്നുവെന്നും) അടുത്തുവച്ചു പരിശോധിച്ചാൽ ശാരീരികമായ ധർമ്മം മായ്ക്കാനാവാത്തവിധം അവശേഷിക്കുന്നതായി തോന്നും. മുഖം കാഴ്ചയ്ക്കുള്ള ഉപാധിയും വിരൽ ഒരു ക്രിയോപാധിയുമാണ്. രണ്ടും സ്വപ്നത്തിൽ തിരഞ്ഞു വരികയെന്ന ധർമ്മം ചെയ്യുന്നുമുണ്ട്. പൂച്ചയുടെ ബാക്കിയാവുന്ന ചിരിപോലെ,  കുറച്ചുകൂടി മുന്നോട്ടു പോകുന്ന ഒരു കൃത്യമായാണ് ഇതനുഭവപ്പെടുന്നത്. കൂടുതൽ പ്രകാശമാനമായത് കൂടുതൽ സമയം ഓർമ്മയിൽ തങ്ങി നിൽക്കുമെന്ന മനശ്ശാസ്ത്രതത്ത്വം ചെഷയർ പൂച്ചയുടെ ചിരിബാക്കിയ്ക്കു പിന്നിലുള്ളതുപോലെ വിരലും മുഖവും ശരീരത്തിൽനിന്നു മുറിഞ്ഞു ബാക്കി നിൽക്കുന്ന അവസ്ഥയുണ്ട് ചുളിവിലും. കുറ്റബോധമോ അസ്വസ്ഥതയോ വേട്ടയാടുന്ന ഓർമ്മയുടെ ആവിഷ്കാരമായും ഈ രണ്ടു കവിതകളും വായിക്കാം. മഹാരാഷ്ട്രയിലെ ഗോരേക്കാവ് പുരാർ ഐ എൻ ടി ഇംഗ്ലീഷ് സ്കൂളിൽ, ഉച്ചയ്ക്കുള്ള കായിക പരിശീലനത്തിനിടയിൽ സഹപാഠിയെറിഞ്ഞ ജാവലിൽ തലയിൽ തുളഞ്ഞു കയറി  15 കാരൻ മരിച്ച ഒരു സംഭവമുണ്ട്. അതിനെ വ്യക്തിപരമായ ഓർമ്മയിൽനിന്ന് സാമൂഹിക തലത്തിലേക്കുയർത്തി അലൻ കുർദി മുതൽ പാലസ്തീനിൽ കൊല്ലപ്പെട്ട കുട്ടികളുടെ രൂപകമാക്കി മാറ്റി വായിക്കുകയും ചെയ്യാം.  എങ്കിലും സാമൂഹിക ശാസ്ത്രത്തേക്കാൾ കവിതയിലെ ഭാവനയ്ക്ക് ആധുനികശാസ്ത്രത്തിലെ സങ്കല്പങ്ങളുമായി കൈകോർത്തുനിൽക്കാൻ പറ്റുന്നതെങ്ങനെ എന്ന് ആലോചിക്കുന്നതാണ് കൂടുതൽ കാലോചിതമെന്നു തോന്നുന്നു. 

എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് ഏപ്രിൽ 13-20, 2026

No comments: