February 18, 2026

കണ്ണുകൾകൊണ്ട് കണ്ണുകളെ കാണാൻ ശ്രമിക്കുന്നതുപോലെ

 

 

          ആദ്യസമാഹാരമായ  ‘സദാമിന്റെ ബാർബറി’ന്റെ (2015) ആമുഖത്തിൽ പി എസ് റഫീഖ്,  ഏകാകിതയ്ക്കും കഠിനവ്യസനങ്ങൾക്കും ഇടയിൽ പുതിയൊരു വാക്കിനായി ഉഴറി നടക്കുന്ന ഒരാളായാണ് സ്വയം അടയാളപ്പെടുത്തുന്നത്. വാക്കിന് അവിടെ പാരത്രികമായ ഒരഭയസ്ഥാനമാണുള്ളത്. കഥാകാരന്റെ ഭാഷയിൽ, ദയാരഹിതമായ ലോകത്തിനു വെളിയിലേക്ക് അഭയാർത്ഥിയായി യാത്രയാവാൻ പതിച്ചുകിട്ടുന്ന പാസ്പോർട്ട്. വിനിമയ കൃത്യതയ്ക്കുവേണ്ടിയുള്ള ജാഗ്രതയായാണ് അനുഭവാഖ്യാനങ്ങളിൽ വാക്കിനെക്കുറിച്ചുള്ള അന്വേഷണം പ്രത്യക്ഷപ്പെട്ടിരുന്നത്. സാമ്പ്രദായിക ഭാവുകത്വസങ്കല്പങ്ങളിലെന്നപോലെ ആധുനികതയുടെ പ്രഭാവകാലത്തും ഉചിതമായ പദവിനിയോഗങ്ങൾ സാഹിത്യപരമായ മികവിന്റെ പ്രമാണപത്രങ്ങളിൽ ഒന്നായിരുന്നു. എഴുതുന്നയാളും നിരൂപകരും ഭാഷാപണ്ഡിതരുംതമ്മിലുള്ള കൂട്ടുകൃഷിയുടെ മേനിയായും വാഗർത്ഥങ്ങൾ അന്വേഷിക്കുന്ന എഴുത്തുകാരുടെ  അനുഭവവിവരണങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.

          രചയിതാക്കൾ വേവലാതിയോടെ അന്വേഷിച്ചു നടക്കുന്ന വാക്കുകൾ മറുവശത്ത് സ്വയംപ്രതിഫലനത്തിനുള്ള രൂപകവുമായിരുന്നു. തെറ്റായ സ്ഥലത്തെ, തെറ്റായ വാക്കിന്റെ പ്രയോഗം എഴുത്തുകാരൻ/കാരി എന്ന നിലയിലുള്ള പദവിദോഷങ്ങൾക്കുതന്നെയും കാരണമായേക്കാമെന്ന ഔചിത്യബോധം സാഹിത്യപ്രകരണങ്ങളിലെ സ്വകാര്യവിവേക മായിരുന്നു. ഉചിതമായ പദവിന്യാസങ്ങൾ നിർമ്മിക്കുന്ന ശില്പഭംഗികളെപ്പറ്റിയുള്ള വിചാരചർച്ചകൾ, പിന്നീട് ലോകാവബോധങ്ങളുടെയും കാലികമായ വെളിപാടുകളുടെയും പ്രമാണപത്രങ്ങളായി വാക്കുകളെ  വികസിപ്പിച്ചെടുത്തു. അനുഭവങ്ങളുടെ തീക്ഷ്ണതയിലും അപൂർവതയിലുമായി പതിഞ്ഞു കിടന്ന രചനാമുദ്രകൾ കളംമാറി, സ്വത്വവുമായി ബന്ധപ്പെട്ട പ്രതിസന്ധിഘട്ടങ്ങളിലേക്കുള്ള ഏകാന്തയാത്രകൾക്കു കൂട്ടുപോയി. ‘എഴുത്തുകാരത്വ’ത്തെ (ഓഥർഷിപ്പിനെ) ഉയിർത്തെഴുന്നേൽപ്പിച്ചു നിലനിർത്തുന്ന പല ഘടകങ്ങളിലൊന്നായി, സ്വയംതേടിയുള്ള പരക്കം പാച്ചിലുകളിൽ തെളിയുന്ന വ്യക്തിമുദ്രകൾ ഇതിനെല്ലാം അപ്പുറത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 

          രണ്ടാമത്തെ സമാഹാരമായ ‘കടുവ’യുടെ (2019) ആമുഖത്തിൽ റഫീഖ് വാക്കു കളിൽ നിന്ന് കഥകളിലേക്ക് ആശ്രയസ്ഥാനത്തെ മാറ്റുന്നു. അഭയത്തെയോ ഏകാകിതയെയോപ റ്റി പ്രത്യക്ഷമായ പരാമർശങ്ങൾ അവിടെയില്ല. രണ്ടു സമാഹാരങ്ങൾക്കും ഇടയിലെ  നാലു വർഷത്തെ കാലവ്യത്യാസം അതിനകം രചനകളുടെ നിർമ്മാണപ്രക്രിയയെപ്പറ്റിയുള്ള പ്രാരംഭവേവലാതികളെ ആട്ടിയകറ്റിയാതാവാം കാരണം. കഥ സ്വയമേവ സമാന്തര ലോകവും ജൈവപ്രകൃതിയുമാണെന്ന ഉൾവെളിച്ചത്തിൽനിന്നു പുറപ്പെടുന്ന വെളിപാടാണത്. എങ്കിലും ആശയങ്ങളെ കഥാത്മകമായി വിരിയിക്കുന്ന പരിണാമങ്ങൾ വാഗന്വേഷണങ്ങളുടെ തുടർച്ചയാണെന്ന കാര്യം അവിടെ പാടേ റദ്ദായി പോകുന്നില്ല.  ‘ആറ്റംകൊണ്ടല്ല, കഥകൾകൊണ്ടാണ് ലോകം നിർമ്മിക്കപ്പെട്ടിരിക്കുന്നത്’ എന്നവകാശപ്പെട്ട അമേരിക്കൻ കവിയും രാഷ്ട്രീയപ്രവർത്തകയുമായ മുറിയൽ റുകേയ്സറിനെപോലെ കഥകൾകൊണ്ടു മാത്രം സാധ്യമാവുന്ന ഒരു ലോകത്തെപ്പറ്റിയുള്ള ആത്മവിശ്വാസമുള്ള പ്രസ്താവനയിൽ, വാക്കുകൾക്ക് ലഭിക്കുന്നത് പുതിയ ഭൂവിസ്തൃതിയാണ്. കഥ പറയുന്നവരും കേൾക്കുന്നവരുമായുള്ള പാരസ്പര്യത്തെ  ആഞ്ഞു നോക്കുന്ന ആ ലഘു കുറിപ്പ്, കഥയുടെ മാവുകുഴയ്ക്കാനുള്ള ഉപ്പും വെള്ളവും ഈ ഭൂമിയിൽ (ഇവിടെ) നിന്നാണെടുക്കുന്നതെന്നും ഒരു തുടർച്ചയിലൂടെയാണ് താനും നടക്കുന്നതെന്നും  ഉറപ്പിക്കുന്നുണ്ട്. ആദ്യസമാഹാരത്തിലെ റഫീഖിന്റെ പരാമർശത്തിൽനിന്നു വ്യത്യസ്തമായി തീർത്തും ഐഹികമായ ഒരു ലോകത്തിലേക്കുള്ള യാത്രയായി കഥയുടെ നടപ്പാലങ്ങൾ മാറുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. “എന്നെത്തന്നെ കാണുന്നതിനാണ് ഞാൻ എഴുതുന്നത്” എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ‘കൂർക്ക’യുടെ (2025) ആമുഖത്തിൽ സ്ഥലകാലങ്ങളും ഓർമ്മയും ഭാവനയുമായി ആ ലോകത്തിന്റെ ഘടകമൂലകങ്ങൾ കൂടുതൽ പരിശോധനാവിധേയമായിത്തീരുകയും ചെയ്യുന്നു. കഥയുടെ ഉല്പത്തിഘട്ടങ്ങളെ സ്വാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആലോചനാവിധേയമാക്കുന്ന ഈ മൂന്നു പരാമർശങ്ങളും ആനുകാലിക സന്ദർഭത്തിലെ സ്വത്വാന്വേഷണവസ്തുതകളെയും ഉൾക്കൊള്ളുന്നു. കഥയുൾപ്പടെയുള്ള സാംസ്കാരികോല്പന്നങ്ങളുടെ സാമൂഹികസാംഗത്യം റഫീഖിനെ സംബന്ധിച്ചിടത്തോളം സ്വന്തം ആന്തരികതയെ നിർമ്മിക്കുന്ന പ്രവേഗങ്ങളുടെ സ്രോതസ്സാണ്. ചരിത്രസന്ധികളിൽ രാഷ്ട്രീയസ്വത്വങ്ങളെയും അവബോധങ്ങളെയും  രൂപപ്പെടുത്തുന്ന ഘടകങ്ങളുടെ ഉറവിടവും അതുതന്നെ. അതിനാൽ അനുഭവങ്ങളുടെ ഒറ്റപ്പെട്ട അപൂർവതയ്ക്കുപകരം കാലബാധകൾ ഏറ്റു കുഴങ്ങുന്ന സമൂഹത്തിന്റെതായി പുതിയ കഥകളുടെ ആഖ്യാനസ്വരം വിപുലപ്പെടുന്നു. അടിസ്ഥാനപരമായി കഥകളിലൂടെയുള്ള അന്വേഷണപരിശോധനകൾ, സാമൂഹികമായ ധാർമ്മികതയുടെയും യാഥാർത്ഥ്യത്തിന്റെയും ചരിത്രനിർമ്മാണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിനിധാനത്തിന്റെയും രൂപീകരണങ്ങളെപ്പറ്റിയായിത്തീരുന്നു.

          ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവഗതികൾ കുത്തിനിറച്ച് അതിന്റെ ശില്പത്തെ കാഥികർ ഏങ്കോണിപ്പിക്കുന്നതിന്റെ കുഴപ്പത്തെപ്പറ്റി സാന്ദർഭിക പരാമർശം,  പൊൻകുന്നം വർക്കിയുടെ ഗർജ്ജിക്കുന്ന കലപ്പയെ അപഗ്രഥിക്കുന്ന വേളയിൽ വി രാജകൃഷ്ണൻ നടത്തിയിട്ടുണ്ട്.  (ചെറുകഥയുടെ ഛന്ദസ്, 1997) ആധുനികതയുടെ മദ്ധ്യാഹ്നത്തിൽ ചെറിയ അനുഭവചിത്രമോ ജീവിതത്തിന്റെ ചെറിയ ലോകചിത്രമോ ആയിത്തീർന്ന ചെറുകഥകളുടെ ശില്പമുഗ്ദത നവീന നിരൂപണത്തിന്റെ അഭിനന്ദനം നേടുകയും ചെയ്തു. വൈയക്തികമായ അനുഭവങ്ങളുടെയും അംഗീകൃതസങ്കല്പനങ്ങളുടെയും ഉറച്ച തറയിൽനിന്നുകൊണ്ടുള്ള മാർഗനിർദ്ദേശങ്ങൾക്ക് എല്ലായ്പ്പോഴും പരിഹരിക്കാനാവുന്ന തല്ല അനുനിമിഷം ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ധാർമ്മികപ്രശ്നങ്ങൾ എന്ന് ആധുനികർ കരുതിയിരുന്നു. ചരിത്രത്തിന്റെ ലക്ഷ്യത്തെയും അതിനെ ചലിപ്പിക്കുന്ന പ്രേരണകളുടെ ശക്തിയെയുംകുറിച്ചുള്ള വിശ്വാസങ്ങളിൽ സന്ദേഹങ്ങൾക്ക് എന്താണ് പ്രസക്തി? അത്തരത്തിലുള്ള സാഹിത്യരൂപങ്ങളുടെ ഏകപക്ഷീയമായ പ്രബോധനങ്ങളെയും അവർ തള്ളിക്കളഞ്ഞു. സദാചാരപരവും ധാർമ്മികവുമായ ചോദ്യങ്ങൾക്ക് സ്ഥിരപരിഹാര ങ്ങളോ ഒന്നടങ്കം കണ്ണടച്ച് ആശ്രയിക്കാവുന്ന അംഗീകൃതമൂല്യങ്ങളോ ഉണ്ടോയെന്ന സംശയത്തിന്റെ പ്രകടനങ്ങളായി വിവൃതമായ അവസാനങ്ങളെ സ്വീകരിച്ചുകൊണ്ട് പല കഥകളും ആ നിരാസത്തെ സ്വാംശീകരിക്കുകയും ചെയ്തു. വാക്കുകളെപ്പറ്റിയുള്ള റഫീഖിന്റെ ഉത്കണ്ഠയിലും കഥയെഴുത്തിനെപ്പറ്റിയുള്ള ഒരു കുറിപ്പിൽ (വെളിച്ചനദിക്കരയിലെ പായനെയ്ത്തുകാരൻ) സാന്ദർഭികമായി കടന്നുവരുന്ന, പോളിഷ് - ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞനായ സിഗ്മണ്ട് ബോമാന്റെ ‘ദ്രവസമൂഹ’ത്തെപ്പറ്റിയുള്ള നിരീക്ഷണത്തിലും സന്ദേഹങ്ങൾ മുഖഭാവമായ സമീപഭൂതകാലത്തിലെ രചനാപാരമ്പര്യത്തിന്റെ തുടർച്ചയുണ്ട്. സർഗാത്മകമായ ഉത്കണ്ഠയുടെ ഒരുവശമാണത്. എന്നാൽ എഴുതി പൂർത്തിയാക്കിയ നിലയിൽ റഫീക്കിന്റെ കഥകൾ, അവ ഉടലെടുത്ത രാഷ്ട്രീയ-സാംസ്കാരികസ്ഥിതിഗതികളെ സ്വാംശീകരിക്കുന്നതിലോ വിശകലനം ചെയ്യുന്നതിലോ യാതൊരു വിധത്തിലുള്ള തെളിച്ച ക്കുറവും കാണിക്കുന്നില്ല.  പ്രണയിച്ച പെൺകുട്ടിയുടെ ജീവിതത്തെ അസിഡൊഴിച്ച് നശിപ്പിക്കാൻ ഭ്രാന്തെടുത്തു നടന്ന ഒരുത്തൻ, അവസാനം അവളിൽ ജന്നത്തുൽ ഫിർദൗസ് അത്തറൊഴിക്കാൻ തീരുമാനിച്ചുറപ്പിക്കുന്ന ഒരു കഥ റഫീഖ് എഴുതിയിട്ടുണ്ട്. കൂർക്ക. ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കാൻ ഏതുതര ത്തിലുള്ള മൂല്യസംസ്ഥാപനമാണ് നടക്കേണ്ടത് എന്ന് മൗലവിയുടെ പൂർവാനുഭവത്തെ കൂട്ടുപിടിച്ചു വ്യക്തമാക്കുന്ന ആ കഥയിൽ  ആശയകാലുഷ്യമില്ല. വെറുപ്പിനെ സ്നേഹമാക്കിയും നിരുപാധിമായ സഹനമാക്കിയും ഉദാത്തമായ മേഖലകളിലേക്കു കടത്തിവിട്ടും പരിവർത്തിപ്പിക്കുന്ന രാസവിദ്യയുടെ ഉത്പ്രേരകമായി സന്മാർഗവിചാരത്തെ പ്രതിഷ്ഠിക്കുന്ന മറ്റു കഥകളും റഫീഖിന്റേതായിയുണ്ട്. ഇല്ലാത്ത ഇല്ലാവുണ്ണിയെയും അടയാളത്തെയുംപോലെയുള്ളവ. വൈരം, കുഴി, അറ്റുപോയ ഒരാൾ, ഗ്രൗണ്ട് സീറോ തുടങ്ങിയ കഥകളിലെ ദുരന്തപരിണാമങ്ങൾ നഷ്ടപ്പെട്ടുപോകുന്ന ധാർമ്മികവിചാരിപ്പുകളുടെ ഭാഗമാണെന്നു ഒറ്റവായനയിൽ വ്യക്തവുമാണ്. സമൂഹത്തിന്റെ കാലികസ്ഥിതിക്കും ബഹുവിധങ്ങളായ സമ്മർദ്ദങ്ങളിൽ ഞെരിയുന്ന മനുഷ്യജീവിങ്ങൾക്കും നേരെ കഥകളെടുക്കുന്ന നിലപാടുകളിലും ന്യൂനപക്ഷാത്മക (മൈനോരിറ്റി) സമൂഹത്തോടുള്ള അനുഭാവം പ്രകടമാണ്.

 മൊട്ടപ്പാറയ്ക്കു താഴെ അയ്യോന്നൊരു നെലോളിപോലെയാണ് ഞങ്ങട കുടില്.” (കടുവ)

 തോട്ടിൻ കരയിൽ നാലു മടലോല കുത്തിച്ചാരി വച്ചതുപോലുള്ള ചാള” (കുഴി) 

ഭീമാകാരമായ കുഴിയുടെ വക്കിൽ അള്ളിപ്പിടിച്ചിരിക്കുന്ന മൺതരിപോലെ ജനതാചാനൽ വിഷ്വൽ എഡിറ്റർ സാം, ഡോക്ടറുടെ മുറിയിലിരുന്നു.” (കടലെടുത്തവരുടെ നഗരം)

“താഴെ വെള്ളത്തിലുള്ള പാലത്തിന്റെ നടുത്തൂണിന്റെ വട്ടത്തിൽ നനഞ്ഞു വിറയ്ക്കുന്ന ഒരെലിയെപ്പോലെ രാജു ഇരിക്കുന്നു.” (ഒസാമ ബിൻ രാജൻ)

          വഴുതി വീഴാൻ പോകുന്ന ജീവിതാവസ്ഥകളെപ്പറ്റിയുള്ള വിഭാവനകളാണ് ഇത്തരം ഉപമാകല്പനകളുടെ ജീവൻ. മനുഷ്യാവസ്ഥകളെ സ്ഥലവുമായി ബന്ധപ്പെടുത്തിയുള്ള അവതരണം ‘അപസ്ഥലീകരണം’ (ഡിടെറിറ്റോറിയലൈസേഷൻ) എന്ന സങ്കല്പവുമായി അടുത്തുനിൽക്കുന്ന ഒന്നാണ്. ന്യൂനപക്ഷാത്മക (മൈനോരിറ്റി) മനുഷ്യർക്ക് അവരവരുടെ ‘പ്രദേശവുമായുള്ള ബന്ധം ദുർബലപ്പെടുത്തുക’ എന്ന പ്രക്രിയയാണ് അപസ്ഥലീകരണത്തിൽ സംഭവിക്കുന്നത്. കീഴ്ത്തട്ടുജീവിതം നയിക്കുന്നവർമാത്രമല്ല ന്യൂനപക്ഷാത്മകസമൂഹം. പലവിധത്തിലുള്ള വിവേചനങ്ങളാലും അധീശത്വബാധയാലും ചൂഷണത്താലും പീഡനത്താലും ഓരങ്ങളിലേക്ക് നീങ്ങി നിൽക്കേണ്ടതായി വരുന്ന സമൂഹങ്ങൾ, അവർ അംഗസംഖ്യയിൽ കൂടുതലാണെങ്കിൽ പോലും സാമൂഹികബലതന്ത്രങ്ങൾക്കു വിധേയപ്പെട്ട ന്യൂനപക്ഷാത്മകമായി പരിണമിച്ചു കൊണ്ടിരിക്കും. ധാർമ്മികമായ വീക്ഷണസ്ഥാനങ്ങളും മനുഷ്യരുടെ അരക്ഷിതാവസ്ഥയെ സ്ഥലരൂപകങ്ങളായി മാറ്റുന്നു. ഒറ്റപ്പെട്ട കല്പനകൾക്കുപുറമേ റഫീഖിന്റെ കഥകളിൽ സ്ഥലങ്ങൾക്ക്  വിശേഷപ്പെട്ട സ്ഥാനങ്ങളുണ്ട്. അപൂർവമായേ അവ നഗരങ്ങളിലേക്ക് നോക്കുന്നുള്ളൂ. ദേശീയവും ദേശാന്തരീയവുമായ രാഷ്ട്രീയം നിർമ്മിക്കുന്ന പ്രാദേശികകോളനി കളാണ് കഥകൾക്കുള്ളിൽ രൂപപ്പെട്ടുവരുന്ന സ്ഥലം. കടലെടുത്തവരുടെ നഗരം (ആഴിപ്പുറം ഗ്രാമം), പഴയൊരു പ്രേമകഥ  (ആലുമ്മാവ്), സദ്ദാമിന്റെ ബാർബർ - (ആലുമ്മാവ്), വിശുദ്ധ പിശാച് (ഉപ്പുതുറ), ഇല്ലാത്ത ഇല്ലാവുണ്ണി – (എറിയാട്), തൊള്ളായിരത്തി എഴുപത്തിയഞ്ച് (എറിയാട്), തങ്ങൾ വാച്ച്‌വർക്സ് (നടവരമ്പങ്ങാടി), കുഴി (കോട്ടത്തറ), നീലക്കുയിൽ (കൊടുങ്ങല്ലൂർ) – സ്ഥലപരാമർശങ്ങൾ നേരിട്ട് പല കഥകളിലുമുണ്ട്. അല്ലാത്തിടത്ത് വളരെ വിശദമായി പ്രദേശത്തിന്റെ ഭൂമിശാസ്ത്രവിശദാംശ ങ്ങളും കാണാം. സമകാലിക കഥകൾ വിശദാംശങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് നടത്തുന്ന ഭൂമിശാസ്ത്രവിവരണങ്ങളുടെ സമീപദൃശ്യങ്ങൾ, മനുഷ്യരുടെ ക്ഷണികമോ സ്ഥിരമോ ആയ നിലനിൽപ്പിന്റെ നിജസ്ഥിതിയെ നേരിട്ടു ബോധ്യപ്പെടുത്താനുദ്ദേശിച്ചുള്ളവയാണ്. ഒപ്പം സൂക്ഷ്മമായ ഭൂവസ്തുസ്ഥിതിവിവരണങ്ങൾ ആഖ്യാനത്തിന്റെ ആത്മാർത്ഥതയെ സാക്ഷ്യപ്പെടുത്താനും യത്നിക്കുന്നു. കഥാപശ്ചാത്തലം പങ്കുവയ്ക്കുന്ന മൂല്യബദ്ധതയുടെയോ ധാരണാനിരാസത്തിന്റെയോ ഭൂമികയായി നിലനിൽക്കുക എന്ന ബാധ്യതയും ആവാസസൂചകങ്ങൾ ഏറ്റെടുക്കുന്നുണ്ട്.

           വ്യക്തിയുടെ മാനസികപരിണാമവും വർഗമെന്ന നിലയിലുള്ള മനുഷ്യരുടെ നില നിൽപ്പുമായി ബന്ധപ്പെട്ടാണ് ധാർമ്മികമായ പക്ഷപാതങ്ങൾ പ്രവർത്തിക്കുന്നത്. സാമൂഹിക യാഥാർത്ഥ്യത്തിന്റെ പ്രതിനിധാനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ സന്മാർഗവിചാരത്തെയും പരിഹാരാന്വേഷണത്തെയുംകുറിച്ചുള്ള തർക്കങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ട്. കഥയെന്ന മാധ്യമമുപയോഗിച്ച് റഫീഖിന്റെ രചനകൾ ബാഹ്യയാഥാർത്ഥ്യത്തിലേക്കു നേരിട്ടു പ്രവേശിക്കുകയോ, പ്രതിനിധാനങ്ങളെ റദ്ദു ചെയ്തുകൊണ്ട് കലയുടെ സ്വയംഭരണസ്വഭാവത്തെ ഉപയോഗപ്പെടുത്തി സ്വന്തമായൊരു യാഥാർത്ഥ്യത്തെ നിർമ്മി ച്ചെടുക്കുകയോ ചെയ്യുന്നില്ല. പകരം ഇവ രണ്ടിനുമിടയിൽ പ്രാതിനിധ്യത്തെ പ്രതിസന്ധിയുടെ വിഷയമായി പരിഗണിക്കുന്നു. എഴുത്ത് എന്ന പ്രക്രിയയെ വിഷയമാക്കുന്ന ‘അടയാളം’, ‘തൊള്ളായിരത്തി എഴുപത്തഞ്ച്’ എന്നീ കഥകൾ നോക്കുക.

          വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രമായി വരുന്ന ‘അടയാള’മെന്ന കഥയിൽ, സാഹചര്യംകൊണ്ട് കള്ളനായ ഒരാൾ ഒരിക്കൽ മോഷണശ്രമത്തിനിടയിൽ മേനാച്ചേരി യിലെ വല്യകാരണവരുടെ മകൻ കെട്ടിക്കൊണ്ടുവന്ന ആ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്തത്ര സുന്ദരിയായ പെണ്ണ് ഉടുതുണിയില്ലാതെ കുളിക്കുന്നതു കാണുന്നു. ആകസ്മികമായ ഈ സദാചാരലംഘനം, കഥയിൽ ഉദാത്തമായൊരു സ്ഥാനപദവി കള്ളനു നേടിക്കൊടുക്കുന്നു. കണ്ട ദൃശ്യത്തെ കുതുകികൾക്ക് വിവരിച്ചുകൊടുക്കുന്നതിലൂടെ അയാൾ കഥപറച്ചിലുകാര നാവുന്നു, അപൂർവമായ സൗന്ദര്യാനുഭവത്തിന്റെ വിവരണകാരൻ എന്ന നിലയിൽ പദവിയും പ്രതീകാത്മകമൂലധനവും നേടുന്നു. ആ നിലയ്ക്ക് ചായക്കടക്കാരന്റെ ഉപദേശത്തിൽ പറഞ്ഞതു പോലെ ‘അയാൾ കനപ്പെട്ടതാണ് കട്ടത്. കഥയ്ക്കും കവിതയ്ക്കും ലേഖനത്തിനും ഓർമ്മക്കുറി പ്പിനുമെല്ലാം ഇടയിൽ നിൽക്കുന്ന ബഷീറിന്റെ അനർഘനിമിഷം (1944-ലെ യോഗക്ഷേമം രജതജൂബിലി വിശേഷാൽപ്രതിയിലാണ്  ‘അനർഘനിമിഷം’ പൂർണ്ണരൂപത്തിൽ പ്രസിദ്ധീ കരിച്ചുവരുന്നത്) എന്ന രചനയിലെ ഒരു വരി ‘അടയാള’ത്തിൽ റഫീഖ് ഉപയോഗപ്പെടു ത്തിയിട്ടുണ്ട്. അതിതാണ് : ‘നീയും ഞാനുമെന്ന യാഥാർത്ഥ്യത്തിൽനിന്ന് ഒടുവിൽ നീമാത്രമായി അവശേഷിക്കാൻ പോവുകയാണ്.’ നിലവിലുള്ള ആശയവാദപരവും യോഗാത്മകവുമായ വ്യാഖ്യാനങ്ങളെ മാറ്റിവച്ചാൽ, അനുഭവിച്ചയാളും പറയുന്നയാളും എന്ന ദ്വന്ദ്വാത്മക നിലയിൽനിന്ന് കഥ പറയുന്ന ആളുമാത്രം ശാശ്വതനായിത്തീരുന്ന അവസ്ഥയെ വിവരിക്കുന്ന ഒന്നായി ആ വാക്യത്തെ കഥ പരിഭാഷപ്പെടുത്തുന്നു. സർഗക്രിയയുടെ നിർബന്ധമുഹൂർത്തം, വിഷയത്തിന്റെയും വിഷയിയുടെയും, അനുഭവത്തിന്റെയും മാധ്യമത്തി ന്റെയും ഏകീകരണസന്ദർഭവുമാണ് എന്നു ധ്വനിപ്പിക്കുന്നു. രചനാജീവിതത്തിലേക്കുള്ള ഗതിമാറ്റത്തെ അടയാളപ്പെടുത്താൻ പൂർവികമായ സാഹിത്യസാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് റഫീഖ് ചെയ്യുന്നത്. ഭൂതകാലസാംസ്കാരികതയും സമകാലികമായ രചനാവേളയുടെയും സംഗമബിന്ദുവിനെപ്പറ്റിയുള്ള വിഭാവനകൂടിയായിത്തീരുന്നു അത്.

          അനുഭവവും ഭാഷയുംതമ്മിലൂള്ള തെറ്റിപ്പിരിയലിനെപ്പറ്റി വളരെ ഹ്രസ്വവും എന്നാൽ കാര്യമാത്രപ്രസക്തവുമായ പരാമർശം തൊള്ളായിരത്തി എഴുപത്തിയഞ്ച് എന്ന കഥയിലു മുണ്ട്. ‘അടയാള’ത്തിൽ പേരുപയോഗിക്കാതെ സൂചനകൾകൊണ്ടു ബഷീറിനെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നതുപോലെ, ഈ കഥയിലും മനുഷ്യാന്തസ്സും മൗലികാവകാശങ്ങളും സസ്പെൻഡ് ചെയ്തുപോയ അടിയന്തിരാവസ്ഥകാലത്തെ നേരിട്ടു പരാമർശിക്കാതെ ശീർഷ കപദത്തിലെ വർഷസൂചനയിലൂടെ പശ്ചാത്തലമാക്കി നിർത്തിയിരിക്കുന്നു. വസന്തത്തിന്റെ ഇടുമുഴക്കത്തിനു കാതോർത്ത്, നൂറു പൂക്കൾ വിരിയിക്കാനായി ശ്രമിച്ച് ജീവനും ജീവിതവും നഷ്ടമായ ഒരു കൂട്ടം മനുഷ്യർക്കുള്ള വിശേഷപ്പെട്ട സ്മരണാഭിവാദ്യമാണ് കഥ. മുൻപോലീസ് കമ്മീഷ്ണർ ജയരാജന്റെ വാക്കുകൾ കേട്ടെഴുതാനാണ് കഥയിൽ പത്രപ്രവർത്തകൻ നിയുക്ത നാകുന്നത്. എന്നാൽ ജയപാലൻ, കൃഷ്ണക്കമ്മത്ത്, പിതാവ് എന്നീ പീഡിതാത്മാക്കളുടെ  പ്രതികരണങ്ങളിലൂടെ സമീപഭൂതകാലത്തിന്റെ കേരളരാഷ്ട്രീയചരിത്രത്തെ അനുഭവമാക്കു ന്ന കഥയാണ് ‘തൊള്ളായിരത്തി എഴുപത്തഞ്ച്’. കൃഷ്ണക്കമ്മത്ത് വേവലാതികൾ നിറഞ്ഞ ഭൂതകാലത്തിൽനിന്നു മോചിതനായിട്ടില്ല. ജയപാലന്റെ കഥകൾക്കാൻ ചെന്നിരുന്ന പത്ര പ്രവർത്തകനു കൊടിയ ഭൂതകാലപീഡനത്തിന്റെ ഭ്രമക്കാഴ്ചയുണ്ടാകുന്നു. അക്കാലത്തിന്റെ സാക്ഷിയായ അച്ഛൻ കനത്ത മൗനത്തിലൂടെ മറുപടി നൽകുന്നു. ഇവർക്കൊപ്പം പോലീസു ദ്യോഗസ്ഥനും മർദ്ദകനുമായിരുന്ന ജയരാജന്റെ അവകാശവാദമുൾപ്പടെ നാലു പ്രതികരണ ങ്ങൾ ചേർന്നാണ് ഒരു പ്രത്യേക കാലയളവിൽ കേരളത്തെ ചൂഴ്ന്നുനിന്ന ഭീഷണമായ രാഷ്ട്രീ യയാഥാർഥ്യത്തിന്റെ പ്രാതിനിധ്യം രൂപപ്പെടുന്നത്. ‘അടയാളം’ കഥാഖ്യാനത്തെയും ‘തൊള്ളായിരത്തി എഴുപത്തഞ്ച്’ കേട്ടെഴുത്തിനെയും കേന്ദ്രസ്ഥാനത്തുവച്ചുകൊണ്ട് എഴു ത്തിന്റെ വാസ്തവത്തെക്കുറിച്ചു വീണ്ടുവിചാരത്തിലേർപ്പെടുന്നു എന്നതിനർത്ഥം, യാഥാർത്ഥ്യ ത്തെ കൈകാര്യം ചെയ്യാനുള്ള വഴികളെപ്പറ്റി ഗാഢവിചാരം ചെയ്യാനുള്ള സാഹചര്യങ്ങൾ കഥകൾ  സൃഷ്ടിക്കുന്നുവെന്നാണ്. അനുഭവത്തിനും ഭാഷയ്ക്കും ഇടയിലുള്ള വിടവിൽനിന്നു രൂപംകൊള്ളുന്നവയാണ് ഈ പ്രാതിനിധ്യങ്ങൾ.

          ‘കടുവ’ ‘മറൂള’ ‘ഗുജറാത്ത്’ എന്നീ കഥകളുടെ തലക്കെട്ടിൽ പ്രത്യക്ഷപ്പെടുന്ന പ്രതീകരൂപങ്ങൾക്ക് അവയുടെ യുക്തിപരമായ അതിരുകൾക്കുള്ളിലല്ല പ്രവർത്തനം.  അടഞ്ഞ വ്യവസ്ഥയ്ക്കുള്ളിൽ ജീവിച്ചുപോകുന്ന മനുഷ്യരുടെ മേൽ വന്നുവീഴുന്ന ദുരൂഹമായ ദുരന്തമാണ് ‘കടുവ’. ഇരകളുടെ മുഖംമാത്രം തിന്നു അവരെ ഭയപ്പെടുത്തുന്ന ‘ഭീകരജന്തു’ കടുവ യല്ല.  ‘കിട്ടേ ഒങ്ക്ക് പയം വേണ്ട, ദ് നമ്മ കാടാണ്’ എന്നും ‘മൃഗമൊരിക്കലും കുറ്റം ചെയ്യൂലെന്നു’മുള്ള മുത്തപ്പന്റെ പ്രസ്താവനകൾ, ‘കടുവ ഒരാളിന്റെയും മൊഖോം കണ്ണും  തിന്നൂല’ എന്ന, കിട്ടന്റെ തോന്നൽ, എല്ലാത്തിനും ഉപരിയായി, മനുഷ്യരെത്താത്ത എവിടേയ്ക്കെങ്കിലും പറന്നു രക്ഷപ്പെടാനുള്ള കിട്ടന്റെയും മുത്തപ്പന്റെയും കാട്ടിലുള്ള കൊരങ്ങു ക്കൂട്ടത്തിന്റെയും കഥാവസാനത്തിലെ ശ്രമം ഇവയെല്ലാം, കഥയിലെ ‘കടുവ’ വാസ്തവ ത്തിലുള്ള ജന്തുസ്വത്വമല്ല എന്ന വസ്തുതയെ പിന്തുണയ്ക്കുന്നുണ്ട്. ഇരകളുടെ മുഖനഷ്ടംപോലെ പീഡകന്റെ രൂപം ഊഹാധിഷ്ഠിതമായിരിക്കുന്നതിന്റെ പ്രശ്നംകൂടി ‘കടുവ’ എന്ന കഥ ചർച്ചയ്ക്കു വയ്ക്കുന്നു. ഈ ദുരൂഹത ‘മറൂള’യ്ക്കില്ല. ‘മറൂള’ മറുപിള്ളയാണ്. പ്രാദേശിക വിശ്വാസങ്ങളിൽ, ജനിച്ചുവീഴുന്നതിന്റെ അപരം. ‘ഏതു നിമിഷവും വേട്ടയ്ക്കിരയാവാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവുമായി സകലമേഖലയിലും ‘അന്യരാ’യിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ആധികൾ രേഖപ്പെടുത്തിയ കഥയാണ് മറൂള. പുറത്തേയ്ക്കു തള്ളിയ ഗർഭപാത്രവും തൂങ്ങുന്ന മറൂളയുമായി തള്ളപ്പശു അലയുന്ന തെരുവും രാത്രിയും ‘കൂർക്ക’യുടെ അനുബന്ധപഠനത്തിൽ എം ആർ രേണുകുമാർ വിശദീകരിക്കുന്നതുപോലെ (മനുഷ്യപ്പറ്റും നിലപാടുമുള്ള കഥകൾ, 2025) ‘ഗുജറാത്ത് കലാപകാരികൾ കുത്തിക്കീറിയ ഇന്ത്യൻ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും’ ഇടവും കാലവുമാണ്.

          മറൂളയിലെ സൂചകസ്ഥലമായ ഗുജറാത്ത്, ശീർഷകമായി പ്രത്യക്ഷപ്പെടുന്നത് മറ്റൊരു കഥയിലാണ്. അന്യമതവിദ്വേഷവും ഹിംസയുമാണ് ക്രിയാംശങ്ങളായി ‘മറൂള’യിൽ സ്ഥാനം പിടിക്കുന്നത്. ഗാന്ധിവധം എന്ന ആശയത്തിന്റെ കാല-ദേശാന്തരപ്രചാരമാണ് ‘ഗുജറാത്തി’ൽ. ഒരേ പ്രത്യയശാസ്ത്രത്തിന്റെ ഇരുണ്ട രണ്ടുവശങ്ങൾ രൂപകാവസ്ഥയിൽ രണ്ടു കഥകളിലായി വിന്യസിക്കപ്പെടുന്നു. ചേർത്തു വായിക്കുമ്പോൾ ഒന്നു മറ്റൊന്നിന്റെ ആശയത്തുടർച്ചയും ധ്വന്യാത്മകവിപുലനവുമായി മാറുന്നു. ഗാന്ധിയുടെ ജീവത്യാഗകഥയ്ക്ക് മൂന്നടരുകളാണ് ‘ഗുജറാത്ത്’ എന്ന കഥയിലുള്ളത്. ഗോഡ്സേയുടെ വെടിയേറ്റു മരിച്ച ചരിത്രത്തിലെ ഗാന്ധി, ഗുജറാത്ത് കലാപത്തെ തുടർന്ന് ഒറ്റപ്പെട്ടു പോകുന്ന മുസ്ലീം കുടുംബത്തെ രക്ഷിക്കാൻ പുനർജ്ജനിക്കുകയും വീണ്ടും വെടിയേൽക്കുകയും ചെയ്യുന്ന, ശങ്കരേട്ടന്റെ നാടകത്തിലെ ഗാന്ധി, നാടകത്തിൽ വേഷം കെട്ടിയതിനാൽ കാണിയുടെ വെടിയേറ്റു മരിക്കുന്ന ശശാങ്കന്റെ ഗാന്ധി. ‘ഞങ്ങളയാളെ വീണ്ടും കൊന്നുവെന്ന’ ആർത്തു വിളിയിൽ അവസാനിക്കുന്ന ‘ഗുജറാത്ത്’ പ്രാദേശികമായ ഒരു ഇടത്തെ സമകാലിക ഇന്ത്യ യിലെ മതാധിഷ്ഠിതരാഷ്ട്രീയദർശനത്തിന്റെ ഭൂമിശാസ്ത്രമേഖലയായി വികസിപ്പിക്കുന്നു. ഗാന്ധി ജനിച്ചയിടം അദ്ദേഹത്തിന്റെ (ആശയങ്ങളുടെ-യും) കുരുതിക്കളമായി മാറുന്നു എന്നുമാത്രമല്ല, മറവിയിലെന്നോ മറയേണ്ട ആക്രാത്മകമായ ഒരു ഭൂതകാലം ഇന്ത്യയിൽ വിസ്തൃതി പ്രാപിക്കുന്ന സ്ഥലരാശിയായി പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് കഥയിലെ ഉപദർശനം. ഉത്തരാധുനിക ഭൂമിശാസ്ത്രദർശനങ്ങളനുസരിച്ച്, (പോസ്റ്റ് മോഡേ ൺ ജ്യോഗ്രഫീസ്) കാലത്തേക്കാൾ ചരിത്രവസ്തുതകളെ സമൂഹത്തിന്റെ സ്മൃതിമണ്ഡല ത്തിൽനിന്നു മറച്ചുപിടിക്കുന്നത് സ്ഥലമാണ്. ഗുജറാത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലേക്കുള്ള സ്ഥലദൂരത്തെ റദ്ദുചെയ്ത് സമീപസ്ഥമാക്കുന്ന പ്രതിഭാസത്തെയാണ് കഥയുടെ ശീർഷകം ഉള്ളടക്കുന്നത്. സ്ഥലം കാലമായും കാലം സ്ഥലമായും മാറിമറിയുന്ന വിശേഷാനുപാതമാ ണതിന്റെ പ്രത്യേകത.

          ചരിത്രകാലത്തെ ദുരന്തഭൂമിയായി ആദേശം ചെയ്തുകൊണ്ട് അടുത്തെത്തുന്നതായുള്ള  വിഭാവന ‘നരോദപാട്യയിലേക്കുള്ള ബസ്’ (ഷിനിലാൽ), ‘വാസ്കോപോപ്പ’ (വിനോദ് കൃഷ്ണ)  തുടങ്ങിയ കഥകളിലുമുണ്ട്. ചലനത്തിന്റെയും സഞ്ചാരത്തിന്റെയും പൊതുവായ രൂപകങ്ങൾക്കൊപ്പം നടുക്കുന്ന ഒരു രാഷ്ട്രീയദർശനം’ കേരളത്തിലെ കാടിന്റെയും കടലി ന്റെയും ഓരപ്രദേശങ്ങളിലെ സമൂഹത്തെ ആവേശിച്ചുകൊണ്ട് സന്നിഹിതമാകുന്ന ചിത്രം, കടുവയും മറൂളയും ഗുജറാത്തും നൽകുന്നു. ‘ജീവിതസമസ്യകളുടെ പൊരുൾ തേടുന്ന കഥ കളിൽ അദൃശ്യരേഖയായി രാഷ്ട്രീയയുക്തിയെ പി എസ് റഫീഖ് സന്നിവേശിപ്പിച്ചിരിക്കുന്നു’ എന്ന് രാഹുൽ രാധാകൃഷ്ണൻ വാക്കുകൾക്കുള്ളിലെ മുഖരിതങ്ങളെ നിരീക്ഷിക്കുന്നുണ്ട്. (കൂർക്കയുടെ പഠനം, 2025) വാക്കെന്ന നിലയിൽ, ഒരു സന്ദർഭത്തിൽനിന്നെടുത്ത് ഒരു ആശയത്തെ മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കുന്ന ‘മെറ്റലപ്സിസി’ന്റെ’ സ്വഭാവം ശീർഷകപദങ്ങൾക്കുണ്ട്. ഭാവനയിൽ ഇടപെട്ടുകൊണ്ട് ധാരണയെ ആഴമുള്ളതാക്കുക എന്നതാണതിന്റെ ദൗത്യം. എന്നാൽ മുന്നനുഭവങ്ങളുടെ നടുക്കത്തിലേക്ക് സമൂഹമനസിനെ ഉണർത്തുന്ന, പദയോഗങ്ങളുടെ വിനിയോഗത്തിന് അതിൽ കവിഞ്ഞ ഉപപത്തികളുണ്ട്. മുഖകണ്ണാടികളെപ്പോലെ സാമൂഹികാവസ്ഥയെയും ചരിത്രത്തെയും അവ കഥാത്മകമായി പരിവർത്തിപ്പിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്നു. ‘സാമൂഹികാവസ്ഥകളെ  അതേപടി പ്രതിഫലിപ്പിക്കുന്ന കണ്ണാടി’ എന്ന നിലയ്ക്കുള്ള പാരമ്പര്യസാഹിത്യസങ്കല്പത്തിൽനിന്ന്, ആവർത്തനക്കാഴ്ചകളുടെ തുടർക്കണികളൊരുക്കുന്ന പ്രവർത്തനം വ്യത്യാസപ്പെട്ടിരിക്കുന്നു. ബിംബത്തിനുള്ളിലെ ബിംബം, നാടകത്തിനുള്ളിലെ നാടകം, കഥയ്ക്കുള്ളിലെ കഥ എന്നീ നിലകളിലെല്ലാം പ്രവർത്തനക്ഷമതയുള്ള കലാതന്ത്രത്തിനു ‘മിസ്-എൻ-അബൈം’ എന്നു പേരുണ്ട്. ‘അബൈം’ (അബിസ്) എന്ന ഫ്രഞ്ചുവാക്കിനർത്ഥം പാതാളക്കുഴിയെന്നാണ്. കഥയുടെ ആഴത്തിൽ വിന്യസിച്ചിരിക്കുന്നത് എന്ന അർത്ഥത്തിലാണ് ആ പേര്. പരസ്പരം അഭിമുഖമായിവച്ച കണ്ണാടികളിലെ  നിരന്തര പ്രതിബിംബങ്ങളെപ്പോലെ സമാനതയുടെയും ആവർത്തനത്തിന്റെയും താളം ഉത്പാദിപ്പിക്കാൻ കഴിവുള്ള കലാതന്ത്രമാണ് മിസ് എൻ അബൈം. ഗുജറാത്ത് എന്ന കഥയിൽ സ്വയം പ്രതിഫലിക്കുന്നതും സ്വന്തം നിലയ്ക്ക് സൂചനകൾ നിർമ്മിക്കുന്നതുമായ പ്രയോഗമായി ഗുജറാത്തെന്ന കഥാശീർഷകം വരുന്നു. ഗുജറാത്തു മായി നേരിട്ടൊരു ബന്ധവും ഗുജറാത്ത് എന്ന കഥയ്ക്കില്ല. എന്നാൽ പ്രമേയവും ശീർഷകവും പരസ്പരം കണ്ണാടി പിടിക്കുന്നു. തുടച്ചു നീക്കാൻ പാടില്ലാത്ത ഓർമ്മയെ ഭാവരൂപമായി മനസിലെത്തിക്കുകയും പൂർവചരിത്രത്തിന്റെ പശ്ചാത്തലത്തിൽ സംഭവ ങ്ങളെ താരതമ്യത്തിനു വിട്ടുകൊടുക്കുകയും ചെയ്യുന്നു. മുന്നറിവുകളെ സ്പർശിച്ചുണത്തി കാലദൂരബാധ ഏൽപ്പിക്കാതെ ഓർമ്മയെ തിളക്കിയെടുക്കുക എന്ന സാമൂഹികദൗത്യമാണ് ഇവയെല്ലാം നിർവഹിക്കുന്നത്. കഥയുടെ തലക്കെട്ടുകളിൽ കയറിവരുന്ന ചരിത്രവ്യ ക്തിത്വങ്ങളും (ഒസാമ ബിൻ, സദ്ദാം ഹുസ്സൈൻ) ചരിത്രസാംസ്കാരികസംഭവങ്ങളും (തൊള്ളാ യിരത്തി എഴുപത്തഞ്ച്, ടൈറ്റാനിക്, നീലക്കുയിൽ) ‘കുഴി’യും ‘കൂർക്ക’യുംപോലുള്ള പ്രതീക വസ്തുതകളും ‘ഫെയ്സ്ബുക്കിസ്ഥാൻ’ പോലുള്ള സദൃശപദങ്ങളും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയസാഹചര്യങ്ങളെ മുൻനിർത്തിക്കൊണ്ട് സാക്ഷാത്കരിക്കുന്നത്, അനുഭവങ്ങളുടെ അതിർത്തിവികാസത്തെത്തന്നെ.    

          “ഇതാ, അതിരിലെ ചുറ്റുമതിലും കൂറ്റൻ ഇരുമ്പുഗേയ്റ്റും രൂപാന്തരം വന്നു പൊന്തകളാകുന്നു. കൂറ്റൻ ബംഗ്ലാവ് ചുരുങ്ങി കുടിലാകുന്നു. മണ്ണെടുത്തു പാതിയായ കുന്നിനു മുകളിൽ അതൊറ്റ പ്പെട്ടു നിൽക്കുന്നു. പരന്നു കിടക്കുന്ന വഴി മുഴുവൻ ദുർഘടമായ കയറ്റിറക്കങ്ങളാകുന്നു.” (ഗ്രൗണ്ട് സീറോ)

          ക്യാൻവാസിൽ മായ്ച്ചെഴുതാവുന്ന പെയിന്റിങിന്റെ പടുതിയുള്ള പശ്ചാത്തലവർണ്ണന ദ്രാവകസ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തെപ്പറ്റിയുള്ള ചിത്രീകരണപ്രതി നിധാനമാകുന്നു. ഭ്രമാനുഭവങ്ങൾ പഴയതുപോലെ സ്വപ്നം കണ്ടുണർന്ന് ആശ്വസിക്കാനുള്ള ഉപാധികൾമാത്രമായി നിൽക്കുന്നില്ല. വസ്തുക്കളെയും ചുറ്റുപാടുകളെയും നിരന്തരം മാറ്റിമറിച്ചു കൊണ്ട് അവ സ്ഥിരതയെ അപ്രസക്തമാക്കുന്നു. പ്രതീതികളെ ദുരനുഭവങ്ങളുടെ യാഥാർത്ഥ്യ ങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നു. ‘യഥാതഥ’ത്തിലേക്കുള്ള കണ്ണുതുറക്കലുകളെ കഥ എന്തു കൊണ്ട് പ്രധാനമാക്കുന്നു എന്നതിനു കാരണം ഇതിലുണ്ട്. അനുഭവങ്ങളുടെ അസ്ഥിരത യിൽ റഫീഖിന്റെ കഥകൾക്കുള്ള കുഴമറിച്ചിലുകൾ അവയുടെ പരിഹാരതീർപ്പുകളിലില്ല. പോളിഷ്-ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞനായ സിഗ്മണ്ട് ബോമാനെ സൂചിപ്പിച്ചുകൊണ്ട് എഴുത്തിനെപ്പറ്റിയുള്ള കുറിപ്പിൽ റഫീഖ് ചൂണ്ടിക്കാണിക്കുന്ന സമൂഹത്തിന്റെ ദ്രവസ്വഭാവ ത്തിനെതിരെയുള്ള പ്രതിരോധമാണ് കഥകളിലെ സന്മാർഗദർശിത്വം. ഖരാവസ്ഥയിൽ നിന്ന് ആധുനികത്വത്തിന്റെ ദ്രാവകാവസ്ഥയിലേക്ക് നമ്മൾ നീങ്ങിക്കഴിഞ്ഞെന്നും അവിടെ ഒന്നിനും ആകൃതി സൂക്ഷിക്കാൻ കഴിയില്ലെന്നും സാമൂഹികരൂപങ്ങൾ വളരെ വേഗത്തിൽ നിരന്തരമായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ മനുഷ്യനായി രിക്കുക എന്ന അനുഭവത്തെ അത് പരിവർത്തിപ്പിക്കുന്നുണ്ടെന്നും ബോമാൻ (ലിക്വിഡ് മോഡേണിറ്റി, 2000) വാദിക്കുന്നു. ഈ രൂപരാഹിത്യത്തെ നേരിടാനുള്ള പല ഉപാധി കളിൽ ഒന്നാണ് ധാർമ്മികമായ ബോധം. ഇവ രണ്ടും ‘ഫെയിസ്ബുക്കിസ്ഥാൻ’ എന്ന കഥയിൽ കൂടിച്ചേരുന്നത് കൗതുകകരമായ കാഴ്ചയാണ്. പ്രതീതിലോകത്തിൽ രൂപപ്പെട്ടു വരുന്ന പുതിയ ദേശീയതയാണ് ഫെയിസ്ബുക്കിസ്ഥാൻ എന്ന  വിളിപ്പേരിനടിസ്ഥാനം. ഡിജിറ്റൽ ശൃംഖലാലോകത്തിനും അതിലേക്കു തുറിച്ചു നോക്കിയിരിക്കുന്ന വ്യക്തിക്കും ഇടയിലുള്ള ശൂന്യതയെ ഞെട്ടിച്ചുകൊണ്ട്, കഥയുടെ അവസാനം അയാളുടെ മടിയിൽ മുറി ഞ്ഞു വികൃതമായ ഒരു ലിംഗം വന്നു വീഴുന്നു. നഗരത്തിലെ വലിയ വ്യാപാരകേന്ദ്രമായ ചെയ്ഞ്ചിന്റെ ഉടമയായ ഡെയ്സൺ തോമസ് എന്ന ഡിയുടെ ലിംഗം മുറിച്ചുകൊണ്ടുവന്ന് ചിത്രകാരനു മുന്നിലിട്ട് ഗ്രൗണ്ട് സീറോഎന്ന കഥയിലെ നന്ദിനിയും സമാനമായ അനു ഭവം നൽകുന്നുണ്ട്. സ്ത്രീപുരുഷബന്ധങ്ങളുടെ സ്വാഭാവികമായ ഗതിയെ അലങ്കോലമാക്കുന്ന കടന്നുകേറ്റങ്ങൾക്കെതിരെയുള്ള സ്ത്രൈണാനുഭാവപരമായ പ്രതിഷേധമാണ് മുറിഞ്ഞു വീഴു ന്നതും മുറിച്ചെടുക്കുന്നതുമായ ലിംഗങ്ങൾ എന്നിരിക്കെത്തന്നെ അവ പ്രതീതികളിൽനിന്ന് വാസ്തവലോകത്തേക്കു ഞെട്ടിച്ചുണർത്താനുള്ള ഉപാധിയുമാകുന്നു. പ്രതീകക്രമമാണ് പ്രവൃ ത്തിയെ സാധാരണമാക്കിത്തീർക്കുന്നത്. അവിടെനിന്ന് ‘യഥാതഥ’ത്തിന്റെ (ദ റിയൽ) വെളിവിലേക്കു ഉണർത്തുന്ന ഉപാധികളാണ് ആകസ്മികതകൾ. നടുക്കമാണ് യഥാതഥ ത്തെപ്പറ്റിയുള്ള ബോധം ഉണർത്തുന്നത്. നമ്മുടെ പ്രതീകക്രമത്തെ പുനഃക്രമീകരിക്കുന്ന തിൽ ‘യഥാതഥ’ത്തിന്റെ ആവശ്യത്തെപ്പറ്റി സ്ലാവോജ് സിസക്ക് (ദ സിസക് ഡിക്ഷണറി, 2014) പറയുന്നതും ഓർക്കാവുന്നതാണ്.   

          ചരിത്രവ്യക്തിത്വങ്ങൾ ബിംബപദവികളിൽ എത്തിച്ചേരുകയും അവരെ സംബ ന്ധിക്കുന്ന അസംബന്ധങ്ങൾ വിശ്വാസങ്ങളായി പരിണമിക്കുകയും ചെയ്യുന്ന അവസ്ഥ ‘സദ്ദാമിന്റെ ബാർബറിലും’ ‘ഒസാമ ബിൻ രാജനി’ലുമുണ്ട്. ദേശത്തിന്റെ തൊഴിൽചരിത്ര ത്തിന്റെയും പ്രാദേശികമായ വിശ്വാസചരിത്രത്തിന്റെയും രൂപരേഖ സൂക്ഷ്മനിലയിൽ ‘സദ്ദാമിന്റെ ബാർബറും’  രാഷ്ട്രാന്തരീയ വസ്തുതകൾ നിറഭേദങ്ങളോടെ നിസ്സഹായജീവിത ങ്ങളെ വേട്ടയാടാൻ ഗ്രാമപ്രദേശങ്ങളിൽപോലും എത്തിപ്പെടുന്നതിനെക്കുറിച്ചുള്ള  ഗാഢമായ ആലോചന ‘ഒസാമ ബിൻ രാജനും’ പങ്കുവയ്ക്കുന്നു. സദ്ദാമിനെ ഒറ്റി ഭൂഗർഭ അറയിൽനിന്ന് ശത്രുക്കളുടെ പിടിയിലാക്കിയത് മുത്തപ്പയാണ് എന്ന കെട്ടുകഥയാണ് അയാളുടെ ജീവിതം തകർക്കുന്നത്. മുൻപട്ടാളക്കാരനായ തോട്ടത്തിൽ രാഘവനോടൊപ്പ മുള്ള മദ്യപാനത്തിനിടയ്ക്ക്, ടി വിയിൽ കണ്ട ‘വേൾഡ് ട്രേഡ് സെന്ററും പെന്റഗണും വല്ല വിമാനവുംകൊണ്ട് ഇടിച്ചിടണ’മെന്നുള്ള യാദൃച്ഛികമായ വെടിപറച്ചിലാണ് രാജന്റെ ജീവിതത്തെ താറുമാറാക്കുന്നത്. ‘തൊള്ളായിരത്തി എഴുപത്തഞ്ചി’ലും ‘അടയാള’ത്തിലും കാണുന്നത് എഴുത്തിനെ പ്രശ്നാത്മകമാക്കുന്ന ഘടകമാണെങ്കിൽ സദ്ദാമിന്റെ ബാർബറിലും ഒസാമ ബിൻ രാജനിലുമുള്ളത് കഥകളുടെ വാചികപ്രചരണമുണ്ടാക്കുന്ന ആഘാതമാണ്. ഒരർത്ഥത്തിൽ മാനുഷികമായ ലോകത്തെ പണിയുന്നു എന്നു വിശ്വസിക്കുന്ന കഥകളാണ് പ്രചരണമാരകത്വംകൊണ്ട് മാനവികതയെ തകർത്തിടുന്നതും. ജീവകോശങ്ങളെ സംരക്ഷി ക്കാൻ നിയുക്തരായ ആന്റിബോഡികൾ സ്വന്തം കോശങ്ങളെയും നശിപ്പിച്ച് സ്വയം പ്രതിരോധകം (ഓട്ടോ ഇമ്മ്യൂൺ) ആയിത്തീരുന്നതുപോലെയൊരു ക്രിയയ്ക്കു സമാനമാണ്, നുണപ്രചരണങ്ങളിലും വ്യാജവാർത്തകളിലുംകൂടി വിദ്വേഷവും ഭയവും വളർത്തി വംശനാശ ത്തിനും വിഭാഗീയതയ്ക്കും വഴിവെട്ടുന്ന രാഷ്ട്രതന്ത്രജ്ഞതകൾ വഹിക്കുന്ന പങ്ക്.  അവയും കഥ കളെ യാഥാർത്ഥ്യത്തിനു പകരം വയ്ക്കുന്നു. 

          മനുഷ്യരുടെ പ്രശ്നങ്ങൾ ഭൗതികമല്ലാത്തതിനാൽ രാഷ്ട്രീയത്തോടും സമൂഹത്തോടും ബന്ധപ്പെടുത്തിയല്ലാതെ പരിഹരിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമം ആധുനിക തയുടെ കാലത്തെ ചില രചനകൾക്ക് ചരിത്രത്തിന്റെ ദൈവശാസ്ത്രശാഖയെന്ന വിളിപ്പേരു നൽകിയിരുന്നു. (കെ പി അപ്പൻ, കഥ ആഖ്യാനവും അനുഭവസത്തയും, 1999) യോഗാത്മക ഭാഷയിലുള്ള വിനിമയവും സർവതിനും ആധാരമായി നിലനിൽക്കുന്ന ഒരു കേന്ദ്രസ്ഥാന ത്തെപ്പറ്റിയുള്ള പരോക്ഷബോധവും ‘ദൈവശാസ്ത്ര’മെന്ന സങ്കല്പത്തെ സവിശേഷമായി സാധൂകരിക്കുന്ന ഇടങ്ങളുണ്ട്. പ്രത്യക്ഷവാസ്തവങ്ങൾക്കുള്ള  അളവുകോലായും പ്രസക്തിയു ണ്ടായിരുന്ന ഭാവനാത്മകമായ ഈ സമാന്തരലോകം പിന്നീട് പല തരത്തിൽ പിളർപ്പു കൾക്കു വിധേയമായിട്ടുണ്ട്. ഒരു ഉദാഹരണം നോക്കുക. ജാനസ് സെഗോയുമായി നട ത്തിയ അഭിമുഖത്തിൽ 2025-ലെ നോബൽ സമ്മാനജേതാവായ ലാസ്ലോ ക്രാസ്നാ ഹോർക്കായ്, യാഥാർത്ഥ്യത്തിനും ഭാവനാത്മകയാഥാർത്ഥ്യത്തിനും ഇടയിലെ അനുപാത വ്യത്യാസത്തെ കലാത്മകമായി, സാഹിത്യപരമായി പരിഹരിക്കാൻ ശ്രമിച്ചതെങ്ങനെ എന്ന് വിശദീകരിക്കുന്നുണ്ട്. (AsymptoteJournal, 2016) രചന ഒരു തട്ടിപ്പാണെന്നും  (ക്വാക്കെറി),  എഴുതുന്നയാൾ ഒരു മുറിവൈദ്യനാണെന്നും  (ചാർലാറ്റൻസ്) അഭിപ്രായമുള്ള ലാസ്ലോ യാഥാർത്ഥ്യത്തിന്റെ പൊരുളിനെ വിവരിക്കുന്നത് ഇങ്ങനെയാണ് : 

          യാഥാർത്ഥ്യം ദൈവത്തെപ്പോലെയാണ്. അതുണ്ടെന്ന് നമുക്ക് ബോധ്യമുണ്ട്. അതൊരിക്കലും പ്രത്യക്ഷമാവാറില്ല. സ്വയം അവതരിപ്പിക്കുന്നുമില്ല. ഇത്യാഥാർഥ്യമാ ണെന്നും മറ്റൊന്നുമല്ലെന്നും നമുക്ക് ഊഹിക്കാനേ കഴിയൂ. നമുക്കിടയിലെ കൂടുതൽ സത്യ സന്ധരായ മനുഷ്യർ, അതിലേയ്ക്ക് അടുക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. അപ്പോഴും അത് സ്വന്തം കണ്ണുകൾ കാണാൻ ശ്രമിക്കുന്നതു പോലെയാണ്.

          സത്യസന്ധതയാണ് അകന്നുമാറിക്കൊണ്ടിരിക്കുന്ന ഭൗതികവാസ്തവങ്ങളുടെ അനു പാതങ്ങളെ പിടിച്ചെടുക്കാൻ എഴുത്തുകാരെ പ്രാപ്തരാക്കുന്നത് എന്നാണ് ലാസ്ലോയുടെ അന്തർഗതം. അവിടെ ഭാഷകൊണ്ടു അവതരിപ്പിക്കാൻ, ഒരതീതലോകം ഇല്ല, പ്രതിനിധാന ലോകംമാത്രമാണ് ഉള്ളത്, നിജസ്ഥിതികളുടെ. ആധുനികവാദനിരൂപകർ മുൻപ് ചൂണ്ടിക്കാ ണിച്ച മട്ടിൽ, ‘പ്രപഞ്ചസത്തയെ സ്പർശിക്കുന്നതും ലോകത്തെ സമീപിക്കാനുള്ളതും’  എന്നിങ്ങനെ കഥകളിൽ രണ്ടായി പിളർന്ന് ഉപസ്ഥിതമായിരുന്ന കാഴ്ചവട്ടങ്ങളെ ഭൗതിക ജീവിതത്തിന്റെ വസ്തുനിഷ്ഠതയിലേക്ക് തിരിച്ചുവച്ചു സമന്വയിപ്പിച്ചുകൊണ്ടാണ് റഫീഖിന്റെ കഥകൾ ചരിത്രത്തെയും യാഥാർത്ഥ്യത്തെയും ദൈവശാസ്ത്രശാഖയായി പുനർനിർമ്മിക്കുന്ന ത് എന്നു പറയാം. ആധുനികതയുടെ കാലത്ത് മനുഷ്യരെക്കുറിച്ച് എഴുത്തുകാർ നടത്തി യിരുന്ന സ്വപ്നരൂപീകരണങ്ങൾ നാടിനെക്കുറിച്ചുള്ള ഭാവനാത്മകദർശനമായി കഥകളിൽ പരിണമിക്കുന്നതും ഇതിന്റെ ഭാഗമായാണ്. മനുഷ്യരെ ബാധിക്കുന്നതെന്തും, ഭൗമികപശ്ചാ ത്തലമുൾപ്പടെയുള്ള അവരുടെ പരിസരങ്ങളെയും ആവേശിക്കുന്നു. ജീവിതത്തിലെന്ന പോലെ കഥകളിലെയും ആകസ്മികമായ തിരിവുകൾ, ആത്യന്തികമായ പരിണാമങ്ങൾ, വ്യക്തിസഹജമായ സ്വഭാവവ്യതിയാനങ്ങൾ, വസ്തുതകൾ, സംഭവങ്ങൾ തുടങ്ങിയ ഐഹിക മായ അനേകം വകകൾക്ക് അവിടെ ഭൗതികാതീതമായ ഒരു യുക്തിയും നിലനിൽക്കുന്നില്ല. മനുഷ്യരുടെ ജീവിതത്തിനുമേൽ രൂപപ്പെടുന്ന സമ്മർദ്ദങ്ങൾക്കും പരിണാമഫലങ്ങൾക്കും പിന്നിൽ ആകെയുള്ളത് രാഷ്ട്ര-രാഷ്ട്രീയതന്ത്രങ്ങളുടെ കടുംയാഥാർത്ഥ്യങ്ങളാണ് എന്നവ ഉറപ്പിക്കുകയും ചെയ്യുന്നു.

 

ദേശാഭിമാനി വാരിക, 22 ഫെബ്രുവരി 2026


No comments: