രണ്ടു ദിവസം മുൻപ്, തിരുവനന്തപുരത്തെ പിരപ്പൻകോടുള്ള പ്ലാക്കീഴെന്ന സ്ഥലത്തെ സോമശേഖരൻ നായർ മെമ്മോറിയൽ ലൈബ്രറിയിൽ, സെക്രട്ടറിയായ ബാബുരാജിന്റെ ഉത്സാഹത്തിൽ അമലിനു ഒരു സ്വീകരണം നൽകി. തീർത്തും അനൗപചാരികമായി, തദ്ദേശവാസിയായ ഒരു എഴുത്തുകാരനു നാട്ടിലെ മുതിർന്ന ആളുകൾ ചേർന്നു നൽകുന്ന വാക്കുകൾകൊണ്ടുള്ള ആദരം. (ഷീൽഡും ഇല്ല, പൊന്നാടയും ഇല്ല, മാലയുമില്ല, ബൊക്കയുമില്ല, കൃതജ്ഞതയുമില്ലാ..) അമലിന്റെ കൃതികളെപ്പറ്റി സംസാരിച്ചത് അനിൽ വേങ്കോടാണ്.. ഷിനിലാലിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. അമലിന്റെയും ഷിനിലാലിന്റെയും ബാബുരാജിന്റെയും അനിലിന്റെയും പ്രസംഗം കേട്ട് കുറിച്ചതാണ്... ഫെയിസ് ബുക്കിനുവേണ്ടി ചുരുക്കിയിട്ടും ഇങ്ങനെയായി പോയി.
ഇരുവും മുതലും പട്ടുനൂൽപ്പുഴുവുംപോലെ കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ പ്രധാനപ്പെട്ട ഒരു നോവലാണ് അമലിന്റെ ‘സാംസ’യും. ‘സാംസ’ അധികം ചർച്ചാവിഷയമാകാത്തതിനു കാരണങ്ങളിലൊന്ന് അമലിന്റെ പ്രാദേശികമായ അസാന്നിദ്ധ്യമാണ്. പുസ്തകങ്ങളുടെ പ്രളയത്തിനിടയിൽ ഏതുവേണമെന്നറിയാതെ കുഴങ്ങുന്ന വായനക്കാർക്ക് ദിശ കാണിക്കാനും അവരുടെ അഭിരുചിക്കൊത്തതാണെന്ന് ചൂണ്ടാനും ഏതെങ്കിലുമൊക്കെ കേന്ദ്രം(ങ്ങൾ) മുൻപെന്നത്തേക്കാളും കൂടുതലായി ഇപ്പോൾ ആവശ്യമാണ്. ഗൗരവമായി വായിക്കുന്ന കുറച്ചുപേരുടെയെങ്കിലും ശ്രദ്ധയിൽ രചനകളെത്താൻ എഴുത്തുകാരുടെ സാന്നിദ്ധ്യം നിർണ്ണായകമായ ഘടകമാണെന്ന് തോന്നിയിട്ടുണ്ട്. രണ്ടാമത്തേത് നോവലിന്റെ ഘടന സാമ്പ്രദായികമായ ആഖ്യാനവഴിയെ ലംഘിക്കുന്നതായതിനാൽ സ്വയമേവ അതിൽ എത്തിപ്പെടുക വിനോദോപാധിയെന്ന നിലയിൽ പ്രയാസവുമാണ്. കഥകളെയും കവിതകളേയുംകാൾ അനായാസമായ വായനയ്ക്കുതകുന്ന വിഭവമായി നോവലുകളെ പരിഗണിക്കുന്ന അവസ്ഥയാണിപ്പോൾ നിലവിലുള്ളത്.
സാംസ പ്രമേയമോഡിലുള്ള ഒരു നോവലലല്ല, അതിന്റെ രൂപമാണ് ഉള്ളടക്കത്തെ നിർവചിക്കുന്നത്. അടിഞ്ഞു കൂടുന്ന കാലത്തിന്റെ അവക്ഷിപ്തങ്ങളായി നോവൽ എന്ന വ്യവഹാരരൂപം വികസിച്ചുവരുന്നതെങ്ങനെയെന്ന് തൊട്ടു മനസിലാക്കാവുന്ന തരത്തിലാണ് ‘സാംസ’യുടെ രൂപഘടന.
അമലിന്റെ ഫെയിസ് ബുക്ക് പേര് അമൽ പിരപ്പൻകോടെന്നാണ്. തിരുവനന്തപുരത്തെ പ്ലാക്കീഴ് എന്ന സ്ഥലത്തെ ‘സോമശേഖരൻ നായർ മെമ്മോറിയൽ ലൈബ്രറി’യിൽവച്ചു നടന്ന ഒരു പരിപാടിയിൽ അമലിന്റെ രചനകളെപ്പറ്റി സംസാരിക്കുന്ന വേളയിൽ അനിൽ വേങ്കോട്, പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക പശ്ചാത്തലം പൂർണ്ണമായും വിട്ടു പോകാത്ത പ്രദേശമായി പിരപ്പൻകോടിനെ കാര്യകാരണസഹിതം വിശേഷിപ്പിക്കുന്നതു കേട്ടു. ശരിയായിരിക്കണം. സാംസയിലെ സുലൈമാൻ, കൃത്യമായി ഇത്തരമൊരു പ്രദേശത്തെ സാധാരണ മനുഷ്യനാണ്. അയാൾക്ക് പശുവിനെ അറപ്പോളം ചെല്ലുന്ന പേടിയുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങൾ അയാളിൽ നിറച്ചുവച്ചിരിക്കുന്ന പ്രത്യേകതരത്തിലുള്ള മാനസികഭാവമാണത്. അയാൾ എത്തിപ്പെടുന്നത് അതിസാങ്കേതികതയുടെ ഭീഷണമായ രൂപമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ജപ്പാനിലുമാണ്.. സാംസ എന്ന പേരിന്റെ അർത്ഥവ്യാപ്തി ഈ രൂപപരിണാമത്തിൽ നിഹിതമാണ്. ഗ്രിഗർ സാംസ, സ്വന്തം വീടിനെയും ലോകത്തെയും ഭയന്ന് മനുഷ്യനും ജന്തുവിനും ഇടയിലേക്ക് വിപരിണമിച്ചു പോയ ഒരു കേവല ജീവനാണെങ്കിൽ ‘സാംസ്കാരികസർവാധിപതി’യുടെ ചുരുക്കെഴുത്തായി നോവലിൽ അവതരിക്കുന്ന ‘സാംസ’, ലോകത്തെയും അതിന്റെ സർവവിധമായ വ്യവഹാരങ്ങളെയും ഭരിച്ചു കീഴിലാക്കാൻ കഴിയുന്ന തരത്തിൽ വിചിത്രമായ ഡിജിറ്റൽ ജീവിയാണ്. മറ്റൊരുതരത്തിൽ വളരെ ഉയർന്ന പരിണാമരൂപമാണെന്നും പറയാം. നോവലിൽ കാഫ്കയുടെ കഥാപാത്രത്തിനു വീണ്ടുമൊരു മാറ്റം സംഭവിക്കുന്നുവെന്നും ഭീഷണമായ ആ മാറ്റം അവഗണിക്കാനാവാത്തവിധത്തിൽ മനുഷ്യരാശിയെ ആകെത്തന്നെ കീടജന്മങ്ങളായി- മനുഷ്യശരീരത്തിൽ ഒന്നു ചേർന്നിരിക്കുന്ന കോശങ്ങളെ വിഘടിപ്പിച്ച് അദൃശ്യരാക്കി പറപ്പിക്കാൻ കഴിയുന്ന അവസ്ഥ മനുഷ്യസത്തയെ കീടജന്മത്തിലും താഴെയായി ഡീഗ്രേഡു ചെയ്യുന്ന അവസ്ഥതന്നെയാണ് - മാറ്റാൻ കഴിവുള്ള ഒന്നായി മാറുന്നുമെന്നുമാണ് നോവൽ മുന്നിൽ വയ്ക്കുന്ന ദുരന്തദർശനം.
സമാന്തരമായി മറ്റൊന്നുകൂടി നോവലിൽ നടക്കുന്നുണ്ട്. സുലൈമാന്റെ വാപ്പയും ഉപ്പുപ്പായുമെല്ലാം മണ്ണും അതിലെ ജന്തുജാലവുമായി ചേർന്നുനിന്ന് രൂപപ്പെടുത്തിയെടുത്ത ലൗകികമായ കാഴ്ചപ്പാട്, സാങ്കേതികവിദ്യയുടെയും ആധുനികജീവിതത്തിന്റെയും ഉത്തുംഗതയിലുള്ള ജപ്പാനിൽവച്ച് കണ്ടെത്തി തിരിച്ചറിയുന്നു എന്നതാണ് ആ കാര്യം. സ്വന്തം പ്രദേശവും അവിടത്തെ മനുഷ്യരും അവരുമായി ബന്ധപ്പെട്ട മൃഗജന്തുജാലവും സുലൈമാനിലേക്ക് തിരിച്ചെത്തുന്നു.
മറ്റൊരുതരത്തിൽ, പിരപ്പൻ കോടെന്ന ഗ്രാമപ്രദേശത്തെ സാധാരണകുടുംബത്തിൽനിന്ന് (പ്രദേശം) ബംഗാളിലെ ശാന്തിനികേതനത്തിലെത്തുകയും (ദേശം) അവിടെനിന്ന് ജപ്പാനിലെത്തുകയും (സാർവദേശം) ചെയ്ത അമലിന്റെ ജീവിതത്തിനു സമാന്തരമായ ഒരു വാസ്തവികലോകം സുലൈമാനെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. ഗൃഹാതുരതയുടെ ഈ യാത്രയ്ക്ക് ജീവചരിത്രബന്ധമെന്നതിനപ്പുറം സാംസ്കാരിക ചരിത്രവുമായി ഒരു ബന്ധമുണ്ട്. ബഷീർ കഥകളിലെ പ്രദേശംകൂടിയാണ് ഈ യാത്രയിൽ പങ്കാളിയാവുന്നത്. ബാല്യകാലസഖിയിലെയും പ്രധാന ദിവ്യനിലെയും മുച്ചീട്ടുകളിക്കാരന്റെ മകളിലെയും ‘സ്ഥലം’കൂടിയാണ് യാത്ര ചെയ്ത സാംസയിൽ പരിണാമത്തിനുവിധേയമാകുന്നത് എന്നു പറയാം.
കോസ്മോപൊളിറ്റനിസത്തിനു സമാനമായ ഒരു വാക്ക് മലയാളത്തിൽ പ്രാമാണികമായി അവതരിച്ചിട്ടില്ല. സാംസ, സങ്കല്പനമെന്ന നിലയിൽ കോസ്മോപൊളിറ്റനിസത്തിന്റെ സാധ്യത, അതിന്റെ വായനയിൽ തുറന്നുവയ്ക്കുന്നുണ്ട്.
1. ‘ലോകമാനവികത’ പ്രാദേശികതയ്ക്കപ്പുറത്ത് സാർവലൗകികമായ പൊതുപ്രശ്നങ്ങളോടാണ് സംവദിക്കുന്നത്. സാംസ, കേരളത്തിലെ ഗ്രാമജീവിതത്തിന്റെ സത്തയെ വിദൂരദേശമായ ജപ്പാനിലെ ഗ്രാമത്തിൽ കാണുന്നു. അതുപോലെ ആഗോളക്കുത്തകകൾ സാങ്കേതികതയുടെ നിഗൂഢവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ മനുഷ്യരാശിയുടെ ഭാവിയെ എങ്ങനെ നിർണ്ണയിക്കുന്നുവെന്ന് വിഭാവന ചെയ്യുന്നു.
2. വ്യത്യസ്തമായ സംസ്കാരങ്ങൾ ഒത്തുചേരുന്നതിൽത്തന്നെ സമാനതകളും വ്യത്യസ്തകളും പ്രവാസജീവിതത്തിന്റെ ഏകാന്തതയും വിഹ്വലതകളും വ്യത്യസ്തമായ ഭാഷാ-സാംസ്കാരിക പശ്ചാത്തലവും അവയുടെ ഇടപെടലുകളും സ്വാംശീകരിക്കുന്നതിലൂടെ സാംസ്കാരികസങ്കരത്വം (കൾച്ചറൽ ഹൈബ്രിഡിറ്റി) സാംസയുടെ രൂപനിർമ്മാണത്തിൽ പ്രധാനപങ്കു വഹിക്കുന്നുണ്ട്
3. സാംസയിലെ കഥാപാത്രങ്ങൾ ഇന്ത്യയെന്ന വൈവിധ്യത്തിന്റെ പ്രതിരൂപങ്ങൾക്കൂടിയാകുന്നു. സാംസ്കാരികസർവാധിപതിയുടെ മേൽനോട്ടത്തിനു കീഴ്പ്പെടുന്നതോടെ അവർക്കു പൊതുവായുണ്ടാകുന്ന സ്വത്വം, ലോകപൗരത്വത്തിന്റേതാണ്. പലതരത്തിലുള്ള ‘അനന്തരത’കളുടേതുകൂടിയായതിനാൽ (ട്രാൻസ് അഥവാ പോസ്റ്റ്) ഇവിടെ അത് വിലോമപരമാണ് എന്ന വ്യത്യാസമുണ്ട്.
4. ആഗോളപ്രസക്തമായ വിഷയങ്ങളെ പ്രാദേശികമായ നീക്കുപോക്കുകളിൽനിന്നു കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്നതരത്തിലുള്ള ധാർമ്മികബോധം ഒട്ടും മുഴച്ചുനിൽക്കാത്തനിലയിൽ സാംസയിലും പ്രവർത്തിക്കുന്നുണ്ട്. ആഗോളീയമായ പശ്ചാത്തലത്തിൽ സുലൈമാനു പശുക്കളോടുള്ള ഭയം നീങ്ങുന്നതും തന്റെ വാപ്പയെയും ഉപ്പുപ്പയെയും അവരുടെ രാഷ്ട്രീയത്തോടൊപ്പം കൂടുതൽ മനസിലാകുന്നതും അത്തരമൊരു ധാർമ്മികതയുടെ ശേഷിയാലാണ്. അതേസമയം മനുഷ്യശരീരത്തെത്തന്നെയും അദൃശ്യനായിരുന്നു വിഘടിപ്പിക്കാൻ കഴിവുള്ള കൊടൂരമായ സാങ്കേതികവിദ്യയുടെ നോട്ടപ്പാടിൽനിന്ന് രക്ഷപ്പെടുക സാധ്യമല്ലെന്ന നിർണ്ണയവും ഭാവിപ്രവചനമായി ഒപ്പമുണ്ട്.
സാംസയിലെ ആഖ്യാനഭാഷയുടെ സങ്കരത, ആസൂത്രണം ചെയ്യപ്പെട്ട ഒന്നല്ല. ‘കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ’ എന്ന സർഗാത്മകമായ ഭാവനയുടെ തേരോട്ടത്തെ ഭാഷയിലൂടെ സാക്ഷാത്കരിക്കും വിധമുള്ള എഴുത്താണ് സാംസയുടേത്. അതിൽ രാഷ്ട്രീയവും ഭൂമിശാസ്ത്രവും സാഹിത്യവും സിനിമയും റീൽസും ഉൾപ്പടെയുള്ള സാംസ്കാരികകാര്യങ്ങളും ഭൂമിശാസ്ത്രവും സാമൂഹികമാധ്യമവിവരങ്ങളും പത്രവാർത്തകളും ലക്കും ലഗാനുമില്ലാതെ കൂടിക്കലർന്ന് പുതിയ വിനിമയഭാഷയായി രൂപം മാറുന്നു. മറ്റൊരുതരത്തിൽ ഈ ഭാഷയും സാമ്പ്രദായിക വ്യവഹരാരഭാഷയിൽനിന്നു വിടുതൽ നേടിയ, കോസ്മോപൊളിറ്റനിസത്തിന്റെ വേറിട്ടൊരു ആവിഷ്കരണോപാധിയാണ്. ‘സാംസ’യെ നിർവചിക്കുന്നത് ഈ രൂപമാണെന്ന് പറയാൻ കാരണമതുമാണ്.
എഫ് ബി

No comments:
Post a Comment