February 3, 2026

ശ്രീനിവാസന്റെ ചലച്ചിത്രവ്യക്തിത്വം


      മാധ്യമം ആഴ്ചപ്പതിപ്പ് (28:1453) പ്രസിദ്ധീകരിച്ച മൂന്നു ലേഖനങ്ങൾ ശ്രീനിവാസനുള്ള ഉചിതമായ സ്മൃതിയാദരങ്ങളായി. നടൻ, ഡബ്ബിങ് കലാകാരൻ,  കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ പല നിലകൾ ശ്രീനിവാസനുണ്ട്. വിനോദവും കലയും വ്യവസായവും പ്രത്യയശാസ്ത്രോപകരണവുമെല്ലാമായ ചലച്ചിത്രമെന്ന മാധ്യമരൂപത്തിൽ  50 വർഷത്തോളം (1976 മുതൽ 2025 വരെ) വ്യാപിച്ച ഒരു സവിശേഷവ്യക്തിത്വത്തിന്റെ  പകർന്നാട്ടങ്ങളെ  ഏകമുഖമായി വിലയിരുത്തുക എളുപ്പമല്ല. ആ വൈരുദ്ധ്യം സ്വാഭാവികമായിത്തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള വിശകലന ചിന്തകളെയും വൈവിധ്യമുള്ളതാക്കുന്നു. 

ഡോ. സിബു മോടയിലും ആൽവിൻ അലക്സാണ്ടറും ചേർന്നെഴുതിയ ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ഈ വസ്തുതയെ ആമുഖമായി കുറിക്കുന്നുണ്ടെങ്കിലും ശ്രീനിവാസന്റെ പ്രതിഭയെ വിശകലനം ചെയ്യാൻ മുഖ്യമായും ലേഖനം ഉപയോഗിക്കുന്നത് തിരക്കഥകളെയാണ്. ചലച്ചിത്രമെന്നത് ഇപ്പോഴും സംവിധായകന്റെ കലയും വ്യവസായമെന്ന നിലയ്ക്കുള്ള അതിന്റെ അസ്തിത്വം ലാഭത്തെ ആശ്രയിച്ചുമായിരിക്കുമ്പോൾ പൂർണ്ണമായും ശ്രീനിവാസന്റെ കലാകാരവ്യക്തിത്വത്തെ അപഗ്രഥിക്കാനുള്ള ഉപകരണമായിരിക്കാനുള്ള യോഗ്യത  തിരക്കഥകൾക്ക് എത്രത്തോളമുണ്ടാകുമെന്ന ചോദ്യം പ്രസക്തമാണ്. സംവിധായകൻ കൂട്ടിച്ചേർക്കുന്ന ഒരു ദൃശ്യംപോലും മാധ്യമദൗത്യത്തെ അപ്രതീക്ഷിതമായ തിരിവുകളിലേക്ക് നയിക്കും എന്നിരിക്കെ പ്രത്യേകിച്ചും.  ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിൽനിന്നും ചിന്താവിഷ്ടയായ ശ്യാമളയിൽനിന്നും  അദ്ദേഹത്തിന്റെ രചനയിൽ നിർമ്മിച്ച മറ്റു ചിത്രങ്ങൾക്കുള്ള വ്യത്യാസം അതിനു തെളിവാണ്. എങ്കിലും മധ്യവർഗമലയാളിയുടെ സ്വീകരണ മുറിയിലേക്ക് ചലച്ചിത്രങ്ങളെ ആനയിക്കുക,  സംക്രമണകാലഘട്ടത്തിൽ മലയാളിയുവത്വത്തിന്റെ പലതരത്തിലുള്ള അന്യവത്കരണത്തിന്റെ ധർമ്മം കൈയാളുക, സാമ്പ്രദായികേതര നായകന്മാരെ അവതരിപ്പിച്ചുകൊണ്ട് ദൃശ്യപരമായ വിപ്ലവത്തിനു വെളിച്ചം വീശുക തുടങ്ങി മലയാളിയുടെ സാംസ്കാരിക അബോധത്തിന്റെ പ്രാതിനിധ്യം അദ്ദേഹത്തിന്റെ രചനകൾ ഏറ്റെടുത്തതെങ്ങനെയെന്നു ലേഖകർ വിവരിക്കുന്നത് യുക്തിസഹമായാണ്.  

ശ്രീനിവാസന്റെ  ചലച്ചിത്രപങ്കാളിത്തത്തിന്റെ വൈരുദ്ധ്യാത്മകമായ വശത്തെപ്പറ്റി  പറഞ്ഞതിന്റെ തുടർച്ച പ്രേംചന്ദിന്റെ ലേഖനത്തിലുണ്ട്. അദ്ദേഹം സ്ത്രീവിരുദ്ധസിനിമയെന്നു വിളിക്കുന്ന ‘അയാൾ കഥയെഴുതുകയാണെ’ന്ന സിനിമയ്ക്ക് വാങ്മയരൂപം നൽകിയ വ്യക്തിതന്നെയാണ് ‘ചിന്താവിഷ്ടയായ ശ്യാമള’യെന്ന സ്ത്രീപക്ഷസിനിമയ്ക്ക് ദൃശ്യരൂപം നൽകിയതും. അയാൾ കഥയെഴുതുകയാണെന്ന സിനിമയിലെ പാട്ടുരംഗത്തിൽ പതിവനുസരിച്ച് പിന്നിൽനിന്ന് സംഘനൃത്തം ചെയ്യാൻ വേഷംകെട്ടി വരുന്ന പെൺകുട്ടികളോട് (ജൂനിയർ ആർട്ടിസ്റ്റുകളോട്) നായകൻ ‘ നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ? വീട്ടിൽ പോടി’ എന്ന ആക്രോശിക്കുകയും അവർ ഉടനടി അദൃശ്യരാവുകയും ചെയ്യുന്ന രംഗം, നായികാനായകന്മാർ പാട്ടു പാടുമ്പോൾ പശ്ചാത്തലമായി നൃത്തം വേണം എന്ന സാമ്പ്രദായിക ചലച്ചിത്രരീതിയെ രസകരമായി അഴിച്ചു പണിയുകയോ സൈദ്ധാന്തികബലമൊന്നും പിടിക്കാതെ  താദാത്മ്യനിരാകരണത്തിന് അവസരം നൽകുകയോ ആണെന്നല്ല, സ്ത്രീവിരുദ്ധതയുടെ പേരിലാണ് അക്കാലത്ത് വിവാദമുണ്ടാക്കിയത്. ഒരു അഭിമുഖത്തിൽ,  ചിത്രത്തിലെ നൃത്തസംവിധായികയ്ക്കും സംഘത്തിനും  അടിയന്തിരമായി മദ്രാസിൽ എത്തേണ്ടതുകൊണ്ട് ഷൂട്ടിങ് മുടങ്ങാതിരിക്കാൻ ചെയ്ത താത്കാലികമായ സംവിധാനമായിരുന്നു ആ ഒഴിവാക്കൽ എന്ന് ശ്രീനിവാസൻ പറഞ്ഞ ഒരോർമ്മയുണ്ട്. നിത്യവേതനക്കാരായ ജൂനിയർ ആർട്ടിസ്റ്റുകളെ അപ്രസക്തരാക്കുക, പെൺകുട്ടികളുടെ മേൽ ആണത്തപരമായ രക്ഷാകർത്തൃത്വം സ്ഥാപിക്കുക ഇവയുടെ പേരിലുള്ള ആരോപണം സാമൂഹികശാസ്ത്രപരമായ നിരീക്ഷണമാണ്. സാമ്പത്തികസംരംഭം എന്ന നിലയ്ക്കുള്ള ചലച്ചിത്രാസൂത്രണത്തെക്കുറിച്ചുള്ള വിവരമാണ് ശ്രീനിവാസൻ അഭിമുഖത്തിൽ പങ്കുവച്ചത്.  ഇവയിലെ ശരിതെറ്റുകളെപ്പറ്റിയുള്ള ഏകപക്ഷീയമായ തീർപ്പുകളേക്കാൾ  പ്രത്യേക അനുപാതങ്ങളിൽ ഇവ രണ്ടും കൂട്ടിച്ചേർന്നാണ് ചലച്ചിത്രരൂപത്തിലെ സർഗാത്മകമികവുകൾ രൂപം കൊള്ളുന്നതെന്നാണ് യാഥാർത്ഥ്യം.  

 ‘പഞ്ചവടിപ്പാല’ത്തിലെയും ‘അറബിക്കഥ’യിലെയും അഭിനേതാവ്) ‘വെള്ളാനകളുടെ നാടി’ലെയും ‘വരവേൽപ്പിലെ’യും (അഭിനേതാവും രചയിതാവും) ശ്രീനിവാസന്റെ പങ്ക് വ്യത്യസ്തനിലയിലാണെങ്കിലും അരാഷ്ട്രീയതയുടെ പേരിൽ ഒരുപാട് കുറ്റാരോപണങ്ങൾ  ഏറ്റുവാങ്ങിയ സന്ദേശത്തോടൊപ്പം അവയെയും രാഷ്ട്രീയസിനിമകളായിത്തന്നെ പ്രേംചന്ദ് സ്ഥാനപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.  (വെള്ളിത്തിരയിലെ ശ്രീനി ഇഫക്ട്)  മുടക്കുമുതലിന്റെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ വിട്ടു വീഴ്ചകളെ പ്രേംചന്ദ് കാണാതിരിക്കുന്നുമില്ല.  സോവ്യറ്റ് നാടുകളുടെ പതനത്തോടെ ഇടതുപക്ഷവിശ്വാസത്തിനു  പ്രാദേശികമായി സംഭവിച്ച പ്രത്യാശാനഷ്ടത്തിന്റെ സാംസ്കാരികരേഖയായി പ്രേംചന്ദ് ‘സന്ദേശ’ത്തെ നോക്കിക്കാണുന്നു. സന്ദേശത്തിലെ പ്രകാശന്റെ തുടർച്ച ശ്രീനിവാസൻ കഥയെഴുതിയ ‘ഞാൻ പ്രകാശനിലു’മുണ്ട്.  പ്രഭാകരന്റെ തുടർച്ചയായി അറബികഥയിലെ ക്യൂബാ മുകുന്ദനുമുണ്ട്. അവിടെ പക്ഷേ രചനാപരമായ തുടർച്ചയല്ല, പ്രകടനപരമായ തുടർച്ചയാണെന്നും പറയണം. 

‘ഉദയനാണു താര’ത്തിലൂടെയും ‘പത്മശ്രീ ഭരത് സരോജ് കുമാറി’ലൂടെയും സിനിമയുടെ ലോകത്തിലെ വ്യാജബിംബങ്ങളെ കളിയാക്കിയ ശ്രീനിവാസൻ, പ്രദീപ് ചൊക്ലിയുടെ ‘ഇംഗ്ലീഷ് മീഡിയ’ത്തിലൂടെ ഡി പി ഇ പി വിദ്യാഭ്യാസപരിഷ്കരണങ്ങളെയും കല്ലെറിഞ്ഞിരുന്നു. 

  എൺപതുകളിലെ കേരളത്തിലെ തൊഴിലില്ലാപ്പടയുടെ നെടുവീർപ്പുകൾ സ്വരൂപിച്ചു പാകപ്പെട്ടു വന്നതാണ്, ടി പി ബാലഗോപാലൻ എം എ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയുള്ള സിനിമകളുടെ നിറക്കൂട്ടുകൾ എന്ന് വ്യക്തമാണ്.  സ്വന്തം നിലയ്ക്കുള്ള അലച്ചിലുകൾ അടയാളപ്പെടുത്തിയ ഭൂതകാലത്തിന്റെ പശ്ചാത്തലം അവയ്ക്കു പിന്നിലുണ്ടാവണം.    രൂപേഷ് കുമാർ എഴുതിയ  ‘ശ്രീനിവാസൻ എന്ന ശരീരവും കേരളസമൂഹവും’ എന്ന ലേഖനത്തിൽ  ശ്രീനിവാസൻ രചനയ്ക്കു വിഷയമാക്കിയ സമൂഹത്തെ മറ്റു രണ്ടു ലേഖനങ്ങളുടെ എഴുത്തുകാർ കണ്ടതുപോലെയല്ല കാണുന്നത്. അതൊരു ജാതിവിഭാഗത്തിന്റെമാത്രം ആശങ്കയും നിരാശയുമായിരുന്നെന്നും അവയെ പൊതുസമൂഹത്തിന്റേയി അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ്. ശ്രീനിവാസൻ അവതരിപ്പിച്ച അപകർഷവും ആത്മവിശ്വാസത്തകർച്ചയും ആശ്രിതത്വവുമുള്ള കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ രചനകൾ രൂപം നൽകിയ നായകകഥാപാത്രങ്ങൾ സാമൂഹികമായ മേൽക്കോയ്മ വഹിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികളാവുന്നു എന്നാണ് നിരീക്ഷണം. ‘ശ്രീനിവാസനും സത്യൻ അന്തിക്കാടുംകൂടി  നിർമ്മിച്ചെടുത്തതാണ് കേരളീയസമൂഹം’ എന്നൊരു സാമാന്യവത്കരണവും രൂപേഷ് കുമാർ അവതരിപ്പിക്കുന്നുണ്ട്. (രൂപേഷിന്റെ ലേഖനത്തിന്റെ ആദ്യഭാഗം മാത്രമാണിത്)  

വ്യാവസായിക സംരംഭം എന്ന നിലയിലും അങ്ങേയറ്റം പ്രാദേശികമായിരിക്കുമ്പോഴും ചലച്ചിത്രങ്ങൾക്ക് ആഗോളീകരണത്തിന്റേതായ ആസ്വാദനയുക്തിയുടെ പൊതുപശ്ചാത്തലമുണ്ട്.  അത് സാങ്കേതികതയെമാത്രം ആശ്രയിക്കുന്ന ഒന്നല്ല. കാലമിത്രയായിട്ടും ഉലകനായകനായ ജെയിംസ് ബോണ്ട് ഒരു കറുത്ത വർഗക്കാരനായിട്ടില്ല. ഇക്വലൈസർ പോലെയുള്ള സിനിമാത്തുടർച്ചകളിൽ ഡെൽസെൽ വാഷിങ് ടൺ തകർത്താടുകയും ചെയ്യുന്നു. പൊന്മുട്ടയിടുന്ന തട്ടാനിലെയും കഥ പറയുമ്പോൾ-ലെയും  വടക്കുനോക്കിയന്ത്രത്തിലെയും കഥാപാത്രങ്ങൾ നേരത്തെ പറഞ്ഞ അഭിജാതശരീരങ്ങൾക്ക് എതിരു നിൽക്കുകയും ചെയ്യുന്നു. അവയും വിജയിച്ച ചിത്രങ്ങളാണ്. അഭിനേതാക്കളുടെ ശരീരസ്ഥിതിയെ ആസ്പദമാക്കി  കഥാപാത്രങ്ങളുടെ ജാതി നിർണ്ണയിക്കുന്നതു ആകർഷകമായ നിരൂപണ പദ്ധതിയായി തോന്നി. എന്നാൽ  സാംസ്കാരിക ഉല്പന്നങ്ങളിൽ, സാമൂഹികശാസ്ത്രൈക വീക്ഷണം വഴി കണ്ടെത്തുന്ന ശരിതെറ്റുകളെ റദ്ദ് ചെയ്യുന്ന യുക്തികൾ ചലച്ചിത്രങ്ങൾ അവയ്ക്കുള്ളിൽ സൂക്ഷിക്കാറുണ്ടെന്നതാണ് വസ്തുത. അതിന്റെ പ്രവർത്തനവഴികൾ സങ്കീർണ്ണമായതുകൊണ്ടുതന്നെ.   

 മറ്റൊരർത്ഥത്തിൽ  ഇതെല്ലാം ശ്രീനിവാസൻ എന്ന കലാകാരവ്യക്തിത്വത്തിന്റെ സങ്കീർണ്ണവൈരുദ്ധ്യത്തെകൂടി വെളിപ്പെടുത്തുന്നു എന്നു പറയാം, ചലച്ചിത്രങ്ങളുടെ കാര്യംപോലെതന്നെ.

എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2-9, 2026