April 1, 2026

ആധുനികമനസ്സുകളെ ‘തൂത്തുവാരി’ കൂട്ടിവയ്ക്കുന്ന കവിത

 


റാവുള ഭാഷയിൽ ‘തൂത്തു’ എന്നതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോ എന്നറിയില്ല, മുറ്റമടിക്കുന്നതിനു തൂക്കുക എന്നു പറയാറുണ്ടെങ്കിലും തുടച്ചു എന്ന അർത്ഥത്തിലാണ് ആ ക്രിയയ്ക്ക് തെക്കൻ ഭാഗങ്ങളിൽ വ്യാപ്തി. മാധ്യമം ആഴ്ചപ്പതിപ്പിൽ (29:1461) സുകുമാരൻ ചാലിഗദ്ധയെഴുതിയ കവിതയുടെ തലക്കെട്ട് 'തൂത്തു' എന്നാണ്. കവിത അവസാനിക്കുന്നതും അതേ വാക്കിലാണ്. പ്രയോഗഭംഗികൊണ്ട് കവിതയിൽ അതിനു നേരെ എതിരർത്ഥം വരും. ‘ചൂടുള്ള ഇളം വെയിലിൽ പതുക്കെ ചാടിയ ഒരോന്ത്, ഓർത്തിരിക്കാൻ തുന്നിവച്ച ഒരു തോർത്തെടുത്ത് തൂത്തു’ എന്നാണ് അവസാന വരി. ശരീരത്തിൽ പറ്റിയിരിക്കുന്ന വെള്ളം തുടച്ചുകളയാനാണ് തോർത്തെടുത്തു തൂക്കുന്നത്, കവിതയിൽ ഓർത്തിരിക്കാൻ തുന്നിവച്ച തോർത്തായതുകൊണ്ട്, അതുകൊണ്ടു തൂത്താൽ ഇളവെയിലിന്റെ ചൂട് മായുമെന്നാണോ അതുപോലെയുള്ള നിരവധി ഇളവെയിലുകളുടെ ചൂട്/അനുഭവം തിരിച്ചുവരുമെന്നാണോ കവിത അർത്ഥമാക്കുന്നത്? തീർച്ചയായും രണ്ടാമത്തേതാണ്. 
കവിത പിറകിലേക്കു വായിച്ചാൽ ഇള വെയിൽചൂടുപോലുള്ള കാടനുഭവങ്ങളുടെ ദൃക്സാക്ഷിത്വം കാണാം. മാന്ത്രികനായ നാട്ടുവൈദ്യൻ മയിൽപ്പീലി ഉഴിയുമ്പോൾ ചെന്നെത്തുന്നതുപോലെ, എന്നാൽ തീരെ ഒച്ചപ്പാടില്ലാത്ത അബോധാത്മകവും ഭ്രമാത്മകവുമായ മാനസിക അനുഭവമാണ് കവിത പങ്കുവയ്ക്കുന്നത്. ഞാൻ എന്ന കർത്താവ് /കർത്രി കവിതയിലില്ല. അതുകൊണ്ട് വായനയിൽ താദാത്മ്യപ്പെടുന്ന എല്ലാവരും കവിതയിലെ കാഴ്ചകളുടെ പങ്കാളികളായി മാറാം. 
പുഴയിൽ പൂത്തിരുന്ന മാവിലെ കൂവുന്ന മാനിണകൾ,  കറുത്ത വാവിനെ കൂട്ടിരുത്തുന്ന മഴക്കോള്, ഒരുങ്ങി യാത്ര പോകുന്ന ഉണക്കാനിട്ട തുണികൾ, വയലുകാണാൻ പൂതി പിടിച്ച വെയില്, എരിവെടുത്ത് കനവു വിട്ടു പോകുന്ന കാട്ടുതുമ്പി -  ഇങ്ങനെയുള്ള ഭ്രമകല്പനകൾക്കു പുറമേ കവിതയിൽ അതിസാധാരണമായ കാഴ്ചകളും കൂടിക്കലരുന്നുണ്ട്. (വയറു നിറയെ ചോറുണ്ട് ആലിൽ ചുറ്റിക്കിടക്കുന്ന ചേരപാമ്പ്,  ചേമ്പിലയിലെ ഉരുണ്ടുകളിൽക്കുന്ന നീർമണികൾ, മണ്ണിൽത്തട്ടി വീണ ഓട്ടക്കാരി) നഗരജീവിതത്തിനു തീരെ പരിചിതമല്ലാത്ത കാഴ്ചകളെയാണ് ‘ഓർമ്മകൾ തുന്നിയ തോർത്തിന്റെ’ രൂപകത്തിലൂടെ വ്യക്തിപരമായ അനുഭവമായി അവതരിപ്പിച്ചിരിക്കുന്നത് എന്നു വായിക്കാനാണ് എനിക്കിഷ്ടം. അത് തൂത്തുകളയുന്നതോടെ പോകുന്നതല്ല, കൂടുതൽ തിളങ്ങുന്നതാണ്. കാട് എന്ന വാക്ക് കവിതയിൽ ഉപയോഗിച്ചിട്ടില്ല. അപരിചിതമേഖലയെന്ന നിലയിലും മാനും പുള്ളും ഞണ്ടും കാട്ടുതുമ്പിയും പുഴയും മാവും മുളയും ഇലഞ്ഞിയും വയലും ചേമ്പിലകളും ഉള്ള വൈവിധ്യമാർന്ന ഈ ഭൂഭാഗം,  കാടല്ലെങ്കിൽ സസ്യങ്ങളാലും ജലത്താലും സമ്പന്നമായ ഓരപ്രദേശമാണ്. എന്തായാലും നഗരജീവിതത്തിന്റെ ബദലായി നിൽക്കുന്നു എന്ന അർത്ഥത്തിലും ജൈവസമൃദ്ധിയാലും സുതാര്യമായ കാല്പനികലോകത്തിലേക്കുള്ള ക്ഷണപത്രമെന്ന നിലയിലും കവിതയ്ക്കുള്ളിലെ ഈ ലോകത്തിനു  പ്രവർത്തിക്കാനാകുന്നുണ്ട്. 
മറ്റൊരുതരത്തിൽ ബോധത്തിൽ കുടിയിരിക്കുന്ന അബോധത്തിന്റെ പ്രതീകാവസ്ഥകൂടിയാണ് ഈ പ്രദേശത്തിനുള്ളതെന്നും വാദിക്കാം. ടി പി വിനോദ് ഒരു കവിതയിൽ ‘അബോധത്തിനിരിക്കാനുള്ള സ്ഥലമായിട്ടാണ് ബോധത്തെ’ നിർവചിക്കുന്നത്. അത്രയ്ക്ക് പോകേണ്ടതില്ലെങ്കിലും സഹജീവിതത്തിന്റെ പ്രാക്തനലോകം ഇപ്പോഴും ഒരു തുരുത്തായി ബോധമനസ്സിൽ കുടിയിരിക്കുന്നുണ്ടാവണം.
മനുഷ്യവാസത്തിന്റെ ആ ആദിമമേഖലയിൽനിന്ന് ഇളവെയിലേറ്റ (ഇളം ചൂടുള്ള) ഒരോർമ്മ വന്ന്,  തിരക്കും വെപ്രാളവും പിടിച്ച ബോധമനസ്സിന്റെ ആവേഗങ്ങളെ കുറച്ചു സമയം ‘തൂത്തു കളഞ്ഞതിന്റെ’ രൂപാകാത്മകമായ ആവിഷ്കാരമായും ‘തൂത്തു’ എന്ന കവിതയെ വായിക്കാമെന്നു തോന്നുന്നു. ആ അർത്ഥത്തിൽ മായികവും പ്രാകൃതികവുമായ സൗന്ദര്യക്കാഴ്ചകളെ കാഴ്ചകളെ ഓർമ്മപ്പെടുത്തിക്കൊണ്ട്, അന്യഥാശിഥിലമായ ‘ആധുനിക’ മനസ്സുകളെ ‘തൂത്തുവാരി’ ഒരിടത്ത് കൂട്ടിവയ്ക്കാനുള്ള ശ്രമംകൂടി ആ ക്രിയാംശത്തിൽ ബന്ധിപ്പിച്ചു വച്ചിട്ടില്ലേ?
 

എഫ് ബി, മാധ്യമം ആഴ്ചപ്പതിപ്പ് മാർച്ച് 16, 2026 

മനുഷ്യരുടെ കഥകൾക്കുളിലെ മൃഗങ്ങളുടെ ജീവിതം

  


    നഷ്ടപ്പെട്ടുപോയ കാർഷികപ്രഭാവത്തെക്കുറിച്ചുള്ള ഗൃഹാതുരമായ വേദന, ലളിതാംബിക അന്തർജ്ജനത്തിന്റെയും പൊൻകുന്നം വർക്കിയുടെയും കഥകളിലെ മൃഗസ്നേഹത്തിനു അടിയൊഴുക്കായി ഉണ്ടായിരുന്നു. ശബ്ദിക്കുന്ന കലപ്പപോലെ, ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവങ്ങൾ നിറഞ്ഞ നമ്മുടെ നവോത്ഥാനകാല കഥകൾ പരിഭാഷയിലൂടെ വിദേശീയർക്കുപോലും സ്വീകാര്യമായിത്തീർന്നതിന്റെ കാരണം വിശകലനം ചെയ്തുകൊണ്ട് വി രാജകൃഷ്ണൻ  മനുഷ്യരും ജന്തുക്കളും തമ്മിലുള്ള അടുപ്പം എന്ന പ്രമേയത്തിന്റെ സാർവലൗകികതയിലാണ് ആ കഥകളുടെ വിജയം കുടികൊള്ളുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (കലപ്പയുടെ പാട്ട്) സാംസ്കാരികമായ അടരുവ്യത്യാസങ്ങൾ അവയിൽ  പ്രവർത്തിക്കുന്നത് സൂക്ഷ്മതലത്തിൽമാത്രം ശ്രദ്ധിച്ചാൽ വെളിപ്പെടുന്ന സംഗതിയാണ്. തൊഴിലുമായി ബന്ധപ്പെട്ട വർഗബോധത്തിന്റെ പ്രതിനിധാനങ്ങൾകൂടിയായിരുന്നു യഥാതഥാവിഷ്കാരങ്ങളിലെ മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധം. തങ്ങളേക്കാൾ എളിയ നിലയിലുള്ളവയും ഒരിക്കൽ ജീവിതായോധനത്തിനു ഉതകിയവയുമായുള്ള ആത്മബന്ധങ്ങൾ, ഊഷ്മളമായ സമസൃഷ്ടിസ്നേഹത്തിന്റെയും സാഹോദര്യത്തിൽ പുലരുന്ന സമത്വാകാംക്ഷകളുടെയും വിഭാവനകളും ആയിരുന്നു.

ഭൂതകാല കാർഷികജീവിതത്തിന്റെ അവശിഷ്ടങ്ങളായി ഓർമ്മയിൽ കൂടെയുണ്ടായിരുന്ന മൃഗങ്ങൾ ആധുനികതയുടെയും നഗരജീവിതത്തിന്റെയും ഒറ്റപ്പെട്ട ജീവിതാവസ്ഥകളിൽ രൂപകാവസ്ഥയിലേക്ക്  കളം മാറ്റി. കൊച്ചുബാവയുടെ ‘കാള’യിൽ, എയിഡ്സ് എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ, വഴിവിട്ട പുരുഷജീവിതത്തിന്റെ പ്രതിമൂർത്തിയാണ് കാള. ശീർഷകത്തിലല്ലാതെ മറ്റെവിടെയും വായനക്കാരതിനെ നേരിട്ടു കാണുന്നില്ല. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റി’ലെത്തുമ്പോൾ നാടിനെ വിറപ്പിച്ചുകൊണ്ട് ഇറങ്ങിയോടുന്ന പോത്ത് മൂർത്തവാസ്തവമാണെങ്കിലും, അതിനു കഥയിൽ സമാന്തരമായി സൂചകാർത്ഥങ്ങൾകൂടി കൈവന്നിരുന്നു. മനുഷ്യന്റെയും മൃഗത്തിന്റെയും ജീവിതങ്ങൾക്കുള്ള സമാനതയും വിധിയുമാണ് ഇര, വേട്ട തുടങ്ങിയ പ്രമേയങ്ങളുള്ള ആധുനികകാലത്തെ കഥകളെ നാടകീയമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ലൈംഗികമായ അഴിഞ്ഞാട്ടങ്ങളുടെയും സ്ഥിതിയതാണ്.

 മനുഷ്യരുടെ ജീവിതസംഘർഷങ്ങളെ സഹവാസികളാ‍യ മൃഗങ്ങളുടെ ഭാവലോകവുമായി ചേർത്തവതരിപ്പിക്കുന്ന,  ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘നട്ടപ്പാതിര’ (28:1449) മലയാള ചെറുകഥയിലെ മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെ, അതിന്റെ കാലികമായ തുടർച്ചയിൽ പിന്തുടരുന്ന രചനയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതത്തിനുമാത്രമല്ല ഭാവങ്ങൾക്കുപോലും കഥയിൽ സമാന്തരതയുണ്ട്. ജോളിപ്പെണ്ണ് - മേരിപ്പശു, അമ്മിണി- ഷീലപ്പശു, കുര്യച്ചൻ- ചാണ്ടി, വിജയൻ-ശൗരി എന്നിങ്ങനെ തൊട്ടു കാണിക്കാവുന്ന വിധത്തിൽ ദ്വന്ദ്വങ്ങൾ കഥയിൽ രസകരമായി പ്രവർത്തിക്കുന്നുണ്ട്. മറുവശത്ത് പത്രോസ്, ഏലി, നാണുനായർ, ഗോപാലനെസ്സൈ എന്നിവർക്ക് മൃഗസമാനതരങ്ങളില്ല. അനുബന്ധങ്ങളായി ഗോപാലനെസ്സൈയെയും നാണുനായരെയും മാറ്റിനിർത്തിയാൽ  കഥ മറ്റൊരു തരത്തിൽ മൃഗജീവിതത്തിലേക്കുള്ള  താഴ്ചയെയും അതിൽനിന്നുള്ള ഉയർച്ചയെയും പരോക്ഷമായി അർത്ഥമാക്കുന്നുണ്ടെന്നും വാദിക്കാവുന്നതാണ്. വിത്തുകാളയ്ക്കു സമാനമായ ജീവിതമാണ് കുര്യച്ചന്റെ പരിണാമത്തെ ദുരന്തമാകുന്നതും പത്രോസിന്റെ ദൗത്യത്തെ വീരത്വമുള്ളതാക്കുന്നതും. ഹിംസാത്മകരാഷ്ട്രീയം, ഭരണകൂടമർദ്ദകസംവിധാനങ്ങൾ, ജാതിവ്യത്യാസം, ലൈംഗികസദാചാരപരമായ നിരീക്ഷണങ്ങൾ -ഇങ്ങനെ ചില കാര്യങ്ങളുടെ ആഘാതത്തെയും കഥ പരോക്ഷവിചാരണയ്ക്കു വയ്ക്കുന്നത് പശുവിന്റെയും കാളയുടെയും ഏകതാനമായ ജീവിതപശ്ചാത്തലത്തിലാണ്.

കഥയുടെ അന്യാപദേശസ്വഭാവത്തിനു കഥയെ ആസ്വാദ്യകരമാക്കുന്നതിൽ പങ്കുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ പ്രധാനതന്തു അതിന്റെ സ്വരൂപം മറച്ചു വച്ചിരിക്കുന്നു എന്ന അർത്ഥത്തിലല്ല. വ്യംഗ്യഭംഗിയിലുള്ള ചില സൂചനകളെ അണിയിച്ചൊരുക്കാനുള്ള സാഹിത്യോപകരണമെന്ന നിലയിലാണ്. കുര്യച്ചന്റെ തൊഴുത്തിലെ സാധുവും ഉറക്കക്കാരിയുമായ മേരിപ്പശു, കയറു പൊട്ടിച്ച് നാണുനായരുടെ മൂരിയായ ശൗരിയുടെ അടുത്തേയ്ക്ക് പോകുന്നതിൽ സൂചിതമായിരിക്കുന്ന കുര്യച്ചന്റെ  ദാമ്പത്യപരിണാമകഥയെ മാത്രമായെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. പ്രമേയത്തിനനുഗുണമായ നിലയിൽ പ്രാദേശികമായ സംഭാഷണത്തിന്റെ ഒഴുക്കോടെയുള്ള പറച്ചിൽരീതി അവലംബിച്ചു എന്നതൊരു ഗുണം. ഒപ്പം തൊഴുത്തിലെ ജന്തുജീവിതങ്ങൾക്ക് നൽകിയ മനുഷ്യഭാവരൂപങ്ങൾ, ആന്ത്രോപോമോർഫിസത്തിന്റെ ആകർഷകമായ ഒരു സമകാലിക ഉദാഹരണമായി ‘നട്ടപ്പാതിര’യെ മാറ്റുകയും ചെയ്യുന്നു. 





 മാധ്യമം ആഴ്ചപ്പതിപ്പ് ജനുവരി 19, 2026  

ജാതിവ്യവസ്ഥിതിയും കേരളചരിത്രവും പി കെ ബാലകൃഷ്ണനും എം ജി എസും

 



മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  (103:51) പി കെ ബാലകൃഷ്ണനെപ്പറ്റി സുനിൽ പി ഇളയിടം എഴുതിയ പ്രൗഢമായ ലേഖനത്തിന്റെ നാലാം ഭാഗത്തിൽ പ്രധാനമായും പി കെയുടെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സമഗ്രമായ പഠനഗ്രന്ഥവും. കേരളീയ വിചാരജീവിതത്തിൽ പി കെ ബാലകൃഷ്ണൻ സൃഷ്ടിച്ച വഴിത്തിരിവുകളിൽ വിചാരമാതൃകാവ്യതിയാനം (അകംപൊരുൾ തിരിവ്) എന്ന് പൂർണ്ണമായ അർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന ചരിത്രപഠനമായാണ് സുനിൽ പി ഇളയിടം ആ ഗ്രന്ഥത്തെ വിലയിരുത്തുന്നത്. അതോടൊപ്പം സമീപനരീതിയിലും  വിഷയത്തെ കൈകാര്യം ചെയ്ത രീതിയിലും ആധാരമാക്കിയ വസ്തുക്കളുടെ കാര്യത്തിലും  ആ കൃതിയെ മുൻനിർത്തിയുണ്ടായ വിമർശനങ്ങളിൽ ചിലതെങ്കിലും പ്രാധാന്യമർഹിക്കുന്നതാണെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ജാതിയെ കേന്ദ്രസ്ഥാനത്തുവച്ചുകൊണ്ട് കേരളത്തിന്റെ ചരിത്രത്തെ വീണ്ടുവിചാരത്തിനു വിധേയമാക്കുന്ന ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ നാലു പതിറ്റാണ്ടിനുശേഷവും കേരളചരിത്രപഠനത്തിൽ അതിന്റെ സ്വാധീനശേഷികൊണ്ട്, ജാതിസ്വരൂപത്തെക്കുറിച്ചുള്ള പുനർവിഭാവനാശ്രമങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതൊരു വസ്തുതയാണ്. അവിടെ സുനിൽ പി ഇളയിടം സൂചിപ്പിക്കുന്ന ഒരു കാര്യം, ‘ദേശീയവാദചരിത്രത്തിന്റെ ഭൂതാഭിരതിയിൽ നിർണ്ണായകമായ വിച്ഛേദത്തിനു വഴിവയ്ക്കാൻ പി കെ ബാലകൃഷ്ണന്റെ (പുസ്തകം വഴിയുള്ള) ഇടപെടലുകൾക്കു കഴിഞ്ഞു എന്നതാണ്. പെരുമാൾ വാഴ്ചയുടെ ഔപചാരികപ്രകൃതത്തെക്കുറിച്ച് പിൽക്കാലത്ത്  എം ജി എസ് ഉൾപ്പടെയുള്ളവർ നടത്തിയ പുനരാലോചനകളുടെ പ്രാരംഭസ്ഥാനങ്ങളൊന്ന് അതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ജാതിവ്യവസ്ഥിതിയും കേരളചരിത്രവും ഇറങ്ങിയ കാലത്തുതന്നെ സുനിൽ പി ഇളയിടം ചൂണ്ടിക്കാണിക്കുംപോലെ പുസ്തകത്തിന്റെ സമീപനരീതിയും ഭാഷാശൈലിയും ഉപാദാനങ്ങളും  മുന്നിൽ വച്ച് വിമർശനം ഉയർന്നിരുന്നു. അതിനു മാതൃഭൂമി ആഴ്ച്പ്പതിപ്പ് മുഖ്യവേദിയാവുകയും ചെയ്തു. ചേരസാമ്രാജ്യം, നൂറ്റാണ്ടുയുദ്ധം തുടങ്ങിയവയെപ്പറ്റിയുള്ള പല സങ്കല്പങ്ങളും തന്റെ ഗവേഷണത്തിലൂടെ തിരുത്തിയ എം ജി എസ് നാരായണന്റെ പ്രബന്ധത്തിനു കടപ്പാടു രേഖപ്പെടുത്താത്തതും കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആരോപണമായിരുന്നു. ആ പ്രബന്ധം സർവകലാശാല ലൈബ്രറിയിൽ ഇല്ലെന്നും അതു താൻ  കണ്ടിട്ടില്ലെന്നായിരുന്നു പി കെ ബാലകൃഷ്ണന്റെ മറുപടി. കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകർ ഒന്നടങ്കം തനിക്കെതിരെ നീങ്ങുന്നതിൽ ഗൂഢാലോചന കാണുകയും അതിൽ നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് പി കെ ബാലകൃഷ്ണൻ. 

അതിനു എം ജി എസ് കത്തിന്റെ രൂപത്തിൽ മാതൃഭൂമിയിൽത്തന്നെ മറുപടി എഴുതി. ബാലകൃഷ്ണന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തെ വീട്ടിൽ പോയിരുന്നു. തന്റെ ഗവേഷണപ്രബന്ധം നൽകാമെന്നു പറഞ്ഞപ്പോൾ വായിക്കാൻ ക്ഷമയില്ലെന്നു പറഞ്ഞ് നിരസിച്ചുവെങ്കിലും ഇതുസംബന്ധമായി എഴുതിയ ലേഖനങ്ങൾ ബാലകൃഷ്ണൻ സ്വീകരിച്ചുവത്രേ. മാത്രമല്ല, ടിപ്പു സുൽത്താനെപ്പറ്റി കേരളീയനായ ഗവേഷകൻ അലിഗഢിൽ സമർപ്പിച്ച പ്രബന്ധം മലയാളത്തിൽ മറ്റൊരാൾ പുസ്തകമാക്കി ഇറക്കിയ കാര്യവും എം ജി എസ് ആ കത്തിൽ സൂചിപ്പിച്ചിരുന്നു. (ടിപ്പുസുൽത്താൻ (1959) എന്ന പുസ്തകമെഴുതിയത് പി കെ ബാലകൃഷ്ണനാണ്)

എം ജി എസിന്റെ പ്രബന്ധം  സർവകലാശാല ലൈബ്രറിയിൽ ഉണ്ടായിരുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. അതദ്ദേഹം വായിച്ചിരുന്നോ എം ജി എസിന്റെ ആശയങ്ങളെയാണോ ഇളംകുളത്തിനെ തിരുത്താൻ വേണ്ടി ഉപയോഗിച്ചത് എന്നൊന്നും അപ്പോഴും വ്യക്തമല്ല. ജാതിയുടെ സുവർണ്ണകാലത്തെക്കുറിച്ചാണ് കേരളചരിത്രം എഴുതിയവർ എഴുതിക്കൊണ്ടിരിക്കുന്നതെന്നു പി കെ ബാലകൃഷ്ണൻ പറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ സംഘടിതമായ ആക്രമണം ഉണ്ടായതെന്നു പറഞ്ഞാണ് ഈ വിവരങ്ങൾ കാണിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ ‘ജാത്യതീതരായ ഞാനും മറ്റവന്മാരുടെ ജാതിമനോഭാവവും’ എന്ന ലേഖനം എഴുതിയ ബാബുരാജ് ഭഗവതി അന്നു നടന്ന ചർച്ച സംഗ്രഹിക്കുന്നത്. ചരിത്രകാരനായ എം ഗംഗാധരൻ പി കെ ബാലകൃഷ്ണനെ അനുകൂലിച്ചു രംഗത്തെത്തുകയും അദ്ദേഹമെഴുതിയ ലേഖനം ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന പുസ്തകത്തിന്റെ പിൽക്കാല പതിപ്പുകളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എം എൻ കാരശ്ശേരിയുമായുള്ള ഒരു അഭിമുഖത്തിൽ ഒരു ചോദ്യത്തിനുത്തരമായി എം ജി എസ് നാരായണൻ ഇതേ വിഷയത്തെപ്പറ്റി സംസാരിക്കുന്നത്  ഈ അവസരത്തിൽ ഓർമ്മിക്കാവുന്നതാണ്. (മുഖം നോക്കാത്ത ചരിത്രസത്യം, ഭാഷാപോഷിണി വാർഷികപ്പതിപ്പ്, 2001) ‘കേരളത്തിന്റെ സമകാലികവ്യഥകൾ’ (2010) എന്ന ഗ്രന്ഥത്തിൽ അതു വായിക്കാം.  ‘എം ജി എസിനെപ്പറ്റി നിരവധി വിമർശനങ്ങൾ ഉന്നയിച്ച പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തിനെതിരായി ഒന്നും എഴുതാത്തതെന്ത് ’ എന്ന ചോദ്യത്തിന് എം ജി എസ് മറുപടി പറയുന്നതിങ്ങനെയാണ് :

“ഞാൻ പറയാതെതന്നെ ബന്ധപ്പെട്ട എല്ലാവർക്കും അറിയാം. കേരളചരിത്രം പഠിക്കാനുള്ള എന്ത് ഉപാധിയാണ് ബാലകൃഷ്ണന്റെ കൈവശമുണ്ടായിരുന്നത്? പുരാവസ്തു പഠനത്തിലോ പുരാലിഖിത പാരായണത്തിലോ ആ സാഹിത്യകാരൻ പ്രാവീണ്യം നേടിയിട്ടില്ല. ജാതിസ്നേഹവും ജാതിവിദ്വേഷവും അതിശയോക്തിയും നാടകീയതയും കലർന്ന ആലങ്കാരിക ഭാഷയിൽ പുരോഗമനസിദ്ധാന്തമെന്ന മുഖംമൂടിയോടെ ജാതിവീക്ഷണം അദ്ദേഹം അവതരിപ്പിച്ചു.”

അദ്ദേഹം തുടർന്നെഴുതുന്നു :

“ പുസ്തകരചനയ്ക്കുവേണ്ടി അദ്ദേഹം എന്റെ ഗവേഷണപ്രബന്ധം വായിക്കണമെന്നു താത്പര്യപ്പെട്ടു. എന്റെ അമ്മാവനും ബാലകൃഷ്ണന്റെ പ്രിയസുഹൃത്തുമായ എം ഗംഗാധരന്റെ ഉത്സാഹത്തിൽ അദ്ദേഹത്തിന് എന്റെ പിഎച്ച് ഡി തീസിസിന്റെ റ്റൈപ്പ് ചെയ്ത കോപ്പി വായികകൻ ഏർപ്പാട് ചെയ്തിരുന്നു. ചില ഭാഗങ്ങൾ പകർത്തി കൊടുത്തിരുന്നു. മനസിലാകാത്ത ഭാഗങ്ങളെപ്പറ്റി ഞാനും ബാലകൃഷ്ണനും തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് വിശദമായ ചർച്ച നടത്തി. പ്രബന്ധത്തിലെ പല ഭാഗങ്ങളും ബാലകൃഷ്ണന്റെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. നൂറ്റാണ്ടുയുദ്ധം നടന്നിട്ടില്ലെന്ന് ബാലകൃഷ്ണൻ “കണ്ടു പിടിച്ചത്” എന്റെ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. കടപ്പാടു രേഖപ്പെടുത്തിയില്ലെന്നതു പോകട്ടെ, സ്വന്തം പുസ്തകം വിവാദമായപ്പോൾ ‘എം ജി എസ് അങ്ങനെയൊരു തീസിസ് എഴുതിയിട്ടില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ പ്രധാനവാദം.”

‘ഗൗരവമുള്ള ചർച്ച ബാലകൃഷ്ണനുമായി നടത്താൻ പ്രയാസമാണെന്നും നമ്മുടെ സാഹിത്യകാരന്മാരുടെ പതിവനുസരിച്ച് അർത്ഥരഹിതമായ ശബ്ദമുഖരിതമായ ആരോപണപ്രത്യാരോപണത്തിൽ തനിക്കു താത്പര്യമില്ലായിരുന്നുവെന്നും ശൈലിവല്ലഭനെന്ന നിലയ്ക്ക് ബാലകൃഷ്ണനോടുള്ള ആദരം മറുപടി പറയുന്നതിൽനിന്ന് തന്നെ തടഞ്ഞുവെന്നും അതുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെ തീസിസിനെപ്പറ്റി ഒരു കത്തെഴുതുകമാത്രമാണ് ചെയ്തതെന്നും’ തുടർന്ന് എം ജി എസ് പറയുന്നു.

ആ നിലയ്ക്ക് സുനിൽ പി ഇളയിടം പറയുന്നതുപോലെ ‘എം ജി എസ് ഉൾപ്പടെയുള്ളവർ നടത്തിയ പുനരാലോചനകളുടെ പ്രാരംഭസ്ഥാനങ്ങളിലൊന്നായിരുന്നോ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന കാര്യത്തിൽ ഇനിയും ചർച്ചകൾ ആവശ്യമുണ്ട് എന്നതുകൊണ്ടാണ് എം ജി എസിന്റെ വാക്കുകളെ എടുത്തെഴുതിയത്. 
 
എഫ് ബി 

മൂലധനവും സിനിമയും

സ്വന്തം നിലയ്ക്ക് ചിത്രങ്ങൾ നിർമ്മിക്കുകയും മൂലധനത്തെപ്പറ്റി വേവലാതി കാണിക്കാതിരിക്കുകയും ചെയ്യുന്ന സമാന്തരസിനിമാക്കാരും സ്വതന്ത്രരുമായ സംവിധായകരുമായി ചലച്ചിത്രനിരൂപകനായ പി കെ സുരേന്ദ്രൻ നടത്തിയ അഭിമുഖം (മാതൃഭൂമി 103:52) സമാനചിന്താഗതിയുള്ളവരെ ഒന്നിച്ചിരുത്തുക എന്ന അപൂർവതകൊണ്ടും നിരീക്ഷണങ്ങൾക്കുള്ള വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായിരുന്നു. അഭിപ്രായഗതികൾക്ക് സ്വയം കലാപ്രവർത്തനംകൊണ്ട് അടിവരയിട്ടവരാണെന്നതുകൊണ്ട് പ്രത്യേകിച്ചും. ചലച്ചിത്രങ്ങൾക്ക് വ്യവസായത്തിനും വിനോദത്തിനും പുറമേ കലയെന്ന സ്വത്വംകൂടിയുണ്ട്. ചർച്ചകളിൽ വ്യവസായം എന്ന ഘടകത്തിനാണ് മുൻതൂക്കം പലപ്പോഴും ലഭിക്കുക. വികസിത-വികസ്വര രാജ്യങ്ങളിൽ നല്ല സിനിമയ്ക്കുള്ള ഫണ്ട് സർക്കാർ ബാധ്യതയാണെന്ന കാര്യം ഏതാണ്ട് പൊതുബോധമായി തീർന്നിട്ടുണ്ട്. ചലച്ചിത്രത്തിന്റെ ശില്പഘടനയെയും ആസ്വാദ്യതയെയും ഒരു പരിധിവരെ പരീക്ഷണവ്യഗ്രതയെയും സാങ്കേതികമികവിന്റെ ഭാഗമായ ‘ഇമേജ് ക്വാളിറ്റി’യെയുമെല്ലാമുള്ള അഭിപ്രായഗതികൾ പരോക്ഷമായി സ്വതന്ത്രമായ മൂലധനവിനിയോഗത്തിനുള്ള സ്വാതന്ത്ര്യമെന്ന അടിസ്ഥാനവസ്തുതയിലാണ് ചെന്നുമുട്ടുന്നത്. സംവിധായകരുടെ കൂട്ടത്തിൽ സ്ത്രീകളുണ്ടായിരുന്നില്ല. ധനാധിപത്യം ഇപ്പോഴും ആൺ മേൽക്കോയ്മാ ഭൂരിപക്ഷമേഖലയായതിനാൽ സാമ്പത്തികപരാധീനതയെന്ന പ്രശ്നം ഒരു പക്ഷേ ഏറ്റവും കൂടുതലായും ശക്തമായും ഉയർന്നുവന്നേക്കാവുന്നത് സ്ത്രീകളിൽനിന്നായിരുന്നു. അതുമാറ്റിവച്ചാൽ ഈ സമാന്തരസംവിധായകരുടെ അഭിപ്രായങ്ങൾ, വ്യവസായം എന്ന നിലയിലുള്ള ചലച്ചിത്രത്തിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്നുണ്ട്. കലാമേന്മയുള്ള സിനിമയെക്കുറിച്ചുള്ള വാഗ്വാദങ്ങളിൽപോലും വികസിത-വൈദേശികരാജ്യങ്ങളിലെ ഉല്പന്നങ്ങളുടെ നിലവാരത്തിലുള്ള സാങ്കേതികതയ്ക്കുനേരെയുള്ള ആഭിമുഖ്യം അബോധത്തിലെങ്കിലും കുടിയിരിക്കുന്നുണ്ട് എന്നാണ് അനുഭവം. നിരന്തരമായ കാഴ്ചാപ്രളയത്താൽ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞ, കാണികളുടെ പൊതുഅഭിരുചികൾക്ക് കുറുകേ നടന്ന് അവരെ തിയറ്ററിലേക്ക് ആകർഷിക്കാൻ പരീക്ഷണവ്യഗ്രതമാത്രം പോര. പക്ഷേ പണം ആരാണ് മുടക്കുന്നത്? തുടക്കക്കാരിൽ എന്താണതിനുള്ള മാനദണ്ഡം? (ആരുടെ ആയാലും) മൂലധന ഔദാര്യത്തിലൂടെ നിർമ്മിക്കപ്പെടുന്നത് വ്യക്തിപരവും സംഘടനാപരവും രാഷ്ട്രീയവുമായ താത്പര്യങ്ങളുടെ വിധേത്വങ്ങളായിരിക്കും. സർക്കാർ ഫണ്ടുകളാണെങ്കിലും അതാണവസ്ഥ. ചർച്ചയിൽ പങ്കെടുത്ത ആഷിഷ് അവികുന്തകും മിഥുൻ മുരളിയും അർജ്ജുനും വിഗ്നേഷും, സ്വന്തം കലാകാരസ്വാതന്ത്ര്യത്തെമാത്രം മുന്നിൽ വച്ചുകൊണ്ട് പറഞ്ഞ, ഏതാണ്ട് ഒരേ സ്വരമുള്ള വാക്കുകൾ വിധേയത്വങ്ങളെയും ഫണ്ടിങ്ങിനെപ്പറ്റിയുള്ള പല അവകാശവാദങ്ങളെയും ഒന്നഴിച്ചു നോക്കാൻ സഹായിക്കുന്നതാണ്. കുറച്ചുകാലങ്ങൾക്കുമുൻപ് അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രനിർമ്മാണസബ്സിഡികളെപ്പറ്റി പറഞ്ഞത് വലിയ വിവാദമായിരുന്നല്ലോ. 70 കളുടെ തുടക്കത്തിൽ പരീക്ഷണ-സ്വതന്ത്രസിനിമാസങ്കല്പവുമായി മലയാളചലച്ചിത്രമേഖലയിൽ കാലുവച്ച ഒരാളാണ് അടൂരും. സ്വത്വവാദപരമായ കോലാഹലങ്ങൾക്കിടയിൽ സർക്കാരിന്റെയായാലും ധനസഹായം കൊണ്ടുവരുന്ന സ്വാച്ഛന്ദ്യനിഷേധത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് ആ ചർച്ചയെ നയിക്കാൻ കേരളത്തിലെ സമാന്തരകലാപ്രവർത്തകർക്കും കഴിയാതെപോയി. കലയിൽ പ്രവർത്തിക്കാനായി മുന്നോട്ടുവരുന്നവർ ആരുടെ ഔദാര്യത്തിലാണ് സ്വയം അവതരിപ്പിക്കേണ്ടത് എന്ന കാര്യത്തിലും തർക്കം മുന്നോട്ടു പോയില്ല. പുതിയ കാലത്തെ പരീക്ഷണവ്യഗ്രരായ സംവിധായകർക്ക് ആ കാര്യം വ്യത്യസ്തമായ നിലയിൽ പറയാനുണ്ട് എന്നാണ് അഭിമുഖം വായിച്ചപ്പോൾ തോന്നിയത്. ഇത്തരത്തിലുള്ള ഒരു ഏകോപനത്തിലൂടെ അന്നത്തെ വിവാദത്തിനും ഏകപക്ഷീയമായ കളിയാക്കലുകൾക്കും അധിക്ഷേപത്തിനും ആ ഒച്ചയെല്ലാം ഒഴിഞ്ഞു കഴിഞ്ഞിട്ട് സമചിത്തമായ ഒരിടപെടൽ നടത്തുകയല്ലേ പി കെ സുരേന്ദ്രൻ ഈ അഭിമുഖത്തിലൂടെ ചെയ്തത്? സംശയമാണ്. ശരിയാവണമെന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 5, 2026

March 10, 2026

പി കെ ബാലകൃഷ്ണന്റെ രചനകളും മാധ്യമവും

 


    മാധ്യമത്തിന്റെ പത്രാധിപരായിരുന്ന പി കെ ബാലകൃഷ്ണനെ അനുസ്മരിപ്പിക്കുന്ന മികവുറ്റ രചനകൾ ഇത്തവണ മാധ്യമം ആഴ്ചപ്പതിപ്പിലുണ്ട്. ജനകീയ സാംസ്കാരിക വിചാരവേദിയുടെ മുഖപത്രമായ ‘പ്രേരണ’യ്ക്കു വേണ്ടി ബി രാജീവനും ഡോ ഉദയകുമാറും ചേർന്നു നടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണവും ബാബുരാജ് ഭഗവതി, ‘ജാതിവ്യവസ്ഥയും കേരളചരിത്രവു’മെന്ന കൃതിയെ മുൻനിർത്തിയെഴുതിയ ലേഖനവും പി കെ ബിയുടെ കാലാന്തരമായ വീണ്ടെടുപ്പിനും അദ്ദേഹത്തിന്റെ രചനകളുടെ ‘അകം പൊരുൾ’ (പാരഡൈം) വെളിപാടിനും സഹായിക്കുന്നുവെന്ന അർത്ഥത്തിൽ കൂട്ടത്തിൽ കൂടുതൽ ശ്രദ്ധേയമാണ്. 

    “സമുദായങ്ങളുടെ ബഹുസ്വരമായ സംഘാടനമെന്ന നിലയിൽ ദേശത്തെ വിഭാവന ചെയ്യുകയും ആ യുക്തി ഉപയോഗിച്ച് വസ്തുതകളെ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്ത” ചിന്തകനെന്ന നിലയിലാണ് ബാബുരാജ് ഭഗവതി പി കെ ബിയെ വിലയിരുത്തുന്നത്. വർഗീയത, സാമുദായികത, മൂലധനം, വരേണ്യത, ദേശീയത, മതേതരത്വം എന്നിവയ്ക്ക് കീഴാളരുടേതായ അർത്ഥവും ചരിത്രവും നൽകാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേതെന്നും ബാബുരാജ് ഭഗവതി എഴുതുന്നു. ‘ഇതിനു തടസ്സം നിന്ന പൊതുനിർമ്മിതികളെ വെളിച്ചത്തുകൊണ്ടുവരുന്ന പ്രക്രിയയിൽ കീഴാളരെയും സവർണ്ണരെയും രണ്ടു പാത്രംകൊണ്ട് അളക്കുന്നവരോട് രാജിയാവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല’ എന്ന നിഗമനത്തിൽ എത്തിച്ചേർന്നതിനുള്ള  കാരണമായി, ലേഖനത്തിന്റെ തുടക്കത്തിൽ ‘ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന കൃതിയെ മുൻനിർത്തി 1983 -1984 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചിന്തയിലും സമതാളത്തിലും നടന്ന വാദപ്രതിവാദങ്ങളുടെ സംഗ്രഹം നൽകിയിട്ടുണ്ട്. 

 പികെബിയുടെ ചരിത്രഗ്രന്ഥത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്, കെ കെ എൻ കുറുപ്പാണ്. മൗലികരേഖകൾ പരിശോധിക്കാതെ,  പിൽക്കാലത്ത് എം ജി എസ് എഴുതിയ രേഖകൾ കാണാതെ, അക്കാദമിക ചരിത്രരചനയുടെ സ്വഭാവമില്ലാതെ എഴുതിയ, സാഹിത്യചോരണത്തിന്റെ ദൂഷ്യമുള്ള രചനയായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ്  ‘ജാതിവ്യവസ്ഥിതി....യെ’ കുറുപ്പ് ആക്രമിക്കുന്നത്. പി കെ ബിയുടെ ചരിത്രം 1983 മേയിലാണ് പ്രസിദ്ധീകരിച്ചത്. 1987-ൽ അതിനു നവീകരിച്ച മറ്റൊരു പതിപ്പുണ്ടായി. ആദ്യപതിപ്പിലുണ്ടായിരുന്ന 35 അദ്ധ്യായം രണ്ടാം പതിപ്പിൽ 32 ആയി കുറഞ്ഞു. നവീകരിച്ച പതിപ്പിനെപ്പറ്റിയെഴുതിയ ആമുഖത്തിൽ 18 അദ്ധ്യായങ്ങൾ പൊളിച്ചെഴുതിയതായി പി കെ ബി സമ്മതിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ നടന്ന തർക്കത്തെ തുടർന്നായിരിക്കണം ഈ തിരുത്തിയെഴുത്ത് എങ്കിൽ അത് ജനാധിപത്യപരമാണ്. ലേഖനം അക്കാര്യത്തിലല്ല ഊന്നുന്നത്. 

ചരിത്രരചനയുടെ വസ്തുനിഷ്ഠശൈലിയല്ല പി കെ ബി പുസ്തകത്തിൽ പുലർത്തുന്നത് എന്നതൊരു വസ്തുതയാണ്. ആകർഷണീയമായവും ഊർജസ്വലവുമായ ഭാഷയ്ക്കുടമയാണ് അദ്ദേഹം.  ബാലകൃഷ്ണൻ എഴുത്തുരീതിയുടെ പ്രത്യേകതകളെല്ലാം ‘ജാതിവ്യവസ്ഥിതി’യിലുമുണ്ട്. ആധികാരിക ചരിത്രമെന്ന പേരിൽ പ്രചരിച്ചിരുന്ന ഇളംകുളം കുഞ്ഞൻ പിള്ളയുടെ നിരീക്ഷണങ്ങളെ രൂക്ഷമായ ഭാഷയിൽ ആക്രമിച്ചതിന്റെ പേരിൽ, ജാതിപരമായ പൊതുബോധങ്ങളെ ഇളക്കിമാറ്റിയതിന്റെ പേരിൽ പുസ്തകം കൂടുതൽ ചർച്ചാവിഷയമായി. കൂട്ടത്തിൽ ഇളം കുളത്തിന്റെ പാത പിന്തുടരുന്ന എ ശ്രീധരമേനോനെയും അദ്ദേഹം കളിയകകുന്നുണ്ട്.  ‘തെളിവില്ലായ്മയുടെ കഷണ്ടിയിൽ കവിതകൊണ്ട് ഒരു ചരിത്രരചന’ എന്ന ഉപശീർഷകം പ്രസിദ്ധമായിരുന്നു. എന്നാൽ രണ്ടാം പതിപ്പിൽ അതില്ല. എന്നാൽ ‘സ്ഥലകാലവേഴ്ചയില്ലാത്ത ചരിത്രസങ്കല്പങ്ങൾ, ആത്മനാശത്തിലേക്കു ഘോഷയാത്ര നടത്തിയ പ്രാകൃതപ്രൗഢികൾ, വിചിത്രരാജവാഴ്ചകളുടെ വിചിത്രമായ ജനനം, ദ്വൈതമാർഗപ്പഴുതിലൂടെ മാനസികാന്ധ്യത്തിലേക്ക്’ - എന്നിങ്ങനെ ആകർഷകമായ തലക്കെട്ടുകൾ നൽകാൻ അദ്ദേഹം മടിച്ചിട്ടുമില്ല.  (കാവ്യകല കുമാരനാശാനിലൂടെ എന്ന പുസ്തകത്തിലെ ഒരു തലക്കെട്ട് ഓർമ്മ വരുന്നു : പ്രതിഭാരക്ഷസ്സിന്റെ കുതിരസവാരി. പത്രപ്രവർത്തന പരിചയത്തിൽനിന്നാവണം അദ്ദേഹത്തിന്റെ സർഗാത്മകതയുടെ ലക്ഷണമായ ആകർഷകവും കൃത്യവുമായ തലക്കെട്ടുകളുടെ ഉത്പത്തി) 

സാഹിത്യവിമർശനത്തിന്റെ ഭാഷാസങ്കേതങ്ങളുപയോഗിച്ചാണ് ചരിത്രപുസ്തകത്തിൽ ഇളംകുളം വധം പുസ്തകത്തിൽ പി കെ ബി നിർവഹിക്കുന്നത്  -

“34 ശാസനങ്ങൾകൊണ്ട് പ്രൊഫ. ഇളംകുളം വൈഭവപൂർവം നടത്തിയിരിക്കുന്ന ഒരുതരം ചരിത്രമുച്ചീട്ടുകളിയാണ് രണ്ടാം ചേരസാമ്രാജ്യം.“ (പു. 63)
“കൈവശം വന്ന ‘ദൃഢമായ ചരിത്രരേഖ’വച്ചുകൊണ്ട് പ്രൊഫ. ഇളംകുളം തുടർന്നു നടത്തുന്നത് മനഃപൂർവമുള്ള പാണ്ഡിത്യപഞ്ചവാദ്യഘോഷമാണ്“ (പു.64) 
“... 300 കൊല്ലം കേരളം വാണ കുലശേഖരചക്രവർത്തിമാരെപ്പറ്റിയും പ്രൊഫ. ഇളംകുളം എഴുതിവച്ചിരിക്കുന്നതു വായിച്ചു കേട്ടാൽ ആ പഴയ ശിവക്ഷേത്രം തീർച്ചയായും പൊട്ടിച്ചിരിക്കുമായിരുന്നു” (പു.89) 

ഇതു നോക്കുമ്പോൾ പുസ്തകത്തിന്റെ അക്കാദമിക് ചരിത്ര പ്രതിപാദനരീതിയെ, ചരിത്രകാരൻ എന്ന നിലയ്ക്ക് കെ കെ എൻ കുറുപ്പ് വിമർശിക്കുന്നതിൽ കാര്യമുണ്ടെങ്കിലും ഇപ്പോൾ (സത്യാനന്തരതയുടെ വൈകാരികസത്യത്തെ മുൻ നിർത്തി) സ്വത്വസംബന്ധിയായ വിഷയങ്ങളിൽ അക്കാദമിക് ചരിത്രകാരർതന്നെ (ഫെയിസ് ബുക്കിലും മറ്റും) ഈ രീതി പിന്തുടരുന്നതായി കാണാം. ആ നിലയ്ക്ക് പി കെ ബി കാലത്തെ കടന്നു നിൽക്കുന്ന മാതൃക കണ്ടെത്തിയ എഴുത്തുകാരനായിരുന്നു 

ഇളംകുളത്തിന്റെ ചരിത്രനിഗമനങ്ങളെ ആക്രമിച്ച മറ്റൊരാൾ കാണിപ്പയ്യൂരാണ് എന്നുംകൂടി ഇവിടെ ഓർക്കാം. ജാതി പറഞ്ഞായിരുന്നു ആ വിമർശനം. നമ്പൂതിരിമാരുടെ പ്രാമാണ്യത്തെ ലഘൂകരിച്ചു കണ്ടതാണ് കാണിപ്പയ്യൂരിന്റെ പ്രകോപനത്തിനു കാരണം. 

    ‘പ്രേരണ’യിലെ അഭിമുഖത്തിൽ പി കെ ബാലകൃഷ്ണൻ ആക്രമിക്കുന്ന രണ്ടു ജാതിവിഭാഗങ്ങൾ നമ്പൂതിരിമാരും നായന്മാരുമാരുമാണ്. സംബന്ധത്തെക്കുറിച്ചും ബ്രഹ്മചര്യത്തെക്കുറിച്ചും പിൽക്കാലത്തുണ്ടായ ആക്ഷേപങ്ങളുടെ തുടക്കമോ രൂക്ഷതയോ കാര്യമായിത്തന്നെ പി കെ ബിയുടെ എഴുത്തുകളിൽ കാണാം. നാരായണഗുരു കൃത്യമായും ‘ക്രിസ്ത്യൻ പ്രോഡക്ടാണെന്നു’ വിശ്വസിക്കുന്ന പി കെ ബാലകൃഷ്ണന്, സാമുദായിക വീക്ഷണങ്ങളിൽ കടന്നു വിരാജിച്ച ക്രിസ്ത്യൻ മൊറാലിറ്റിയുടെ ശക്തമായ സ്വാധീനവും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിക്കുകയും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രൂക്ഷമാവുകയും ചെയ്ത കേരളരാഷ്ട്രീയത്തിലെ നായരീഴവസംഘർഷത്തിന്റെ വിദ്വേഷം രൂപം നൽകിയ വാങ്മയങ്ങളെയും പറ്റി ധാരണയില്ലായിരുന്നു എന്നു വിചാരിക്കുന്നത് മൗഢ്യമാകും. പി കെ ബിയുടെ തന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ വിമർശിച്ചുകൊണ്ടെഴുതിയ ‘ഒരു വീരപുളകത്തിന്റെ കഥ’യിലും പ്രതിസ്ഥാനജാതിക്കൊരു ഊന്നലുണ്ട്. (1944-ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കുമ്പളംചിറ വാസവപ്പണിക്കരുടെ ‘മുലൂർ പത്മനാഭപ്പണിക്കർ’ എന്ന ജീവചരിത്രപുസ്തകത്തിൽനിന്നാണ്, 1960 കളിലെ  മന്നത്തു പത്മനാഭന്റെ ഉൾപ്പടെയുള്ള ഈഴവവിരുദ്ധ പരാമർശങ്ങൾ ഇടയ്ക്കിടയ്ക്ക് വാലും തുമ്പും വെട്ടിയ നിലയിൽ, ഫെയിസ് ബുക്ക് പോസ്റ്റുകളായി അവതരിക്കുന്നത് എന്നോർക്കുക. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വരുമ്പോഴേക്കും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മാറിയതിനനുസരിച്ച് ഉള്ളടക്കത്തിലും മാറ്റമുണ്ടായി എന്നർത്ഥം) ഈ സംഘർഷത്തിന്റെ ഫലം പി കെ ബിയെയും ബാധിച്ചിരുന്നു. ‘പ്രേരണ’യിലെ അഭിമുഖത്തിൽ അദ്ദേഹം എഴുതുന്നു :

“നായന്മാരുടെ സാമൂഹികജീവിതത്തിൽ ഈ ഹാസ്യാത്മകമായ വൈരുദ്ധ്യം വേറൊരു രൂപത്തിലാണ്. നമ്പൂതിരിയുടെ വീട്ടിൽ അവൻ ദാസനാണ്. ഇലനായരോ, ചൂലുനായരോ, ചാണകം നായരോ ഒക്കെയാണ്. പുറത്തിറങ്ങിയാലോ, അവൻ വാളെടുത്ത മുഷ്കനായി കഴിഞ്ഞു. അവന്റെയും കുടുംബജീവിതം കഷ്ടമായിരുന്നു.”

    പച്ചയ്ക്ക് ജാതി പറഞ്ഞുകൊണ്ടുള്ള പരാമർശങ്ങൾക്ക് എത്രയൊക്കെ വിപ്ലവസ്വഭാവമുണ്ടെന്നു വാദിച്ചുറപ്പിച്ചാലും വ്യത്യസ്തമായ നിലയിൽ അപരത്വം അതിൽ സന്നിഹിതമായിരിക്കും.  നിറഞ്ഞു കവിയുന്ന വിദ്വേഷംകൊണ്ടുള്ള പിശാചുവത്കരണത്തിന്റെ ആരംഭസ്ഥാനങ്ങളാണിവ. പി കെ ബിയിൽ അത് ബാബുരാജ് ഭഗവതി ചൂണ്ടിക്കാട്ടും വിധമുള്ള സാമൂഹിക ലക്ഷ്യം മുൻനിർത്തിയുള്ള ബൗദ്ധിക മിന്നാട്ടങ്ങളായിരുന്നുവെങ്കിൽ പിന്നീട് അത് മറ്റു നിലകളിൽ പ്രതിലോമപരമായി മുന്നേറുന്നതായാണ് കാണുന്നത് എന്ന വ്യത്യാസമുണ്ട്. തുടക്കമെന്ന നിലയിൽ അതു ചെറിയ കാര്യമല്ല. 

    പി കെ ബാലകൃഷ്ണന്റെ ഭാഷയെപ്പറ്റി പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ബാബുരാജ് ഭഗവതിയുടെ ലേഖനത്തിന്റെ തലക്കെട്ട് ‘ജാത്യതീതരായ ഞാനും മറ്റവന്മാരുടെ ജാതി മനോഭാവവും’ എന്നാണ്.  ജാതിവ്യവസ്ഥിതിയും കേരളചരിത്രവും- ഒന്നാം പതിപ്പിലെ ആമുഖത്തിലെ ഒരു വാചകത്തിൽനിന്നാണ് ഈ തലക്കെട്ട്. ഇതിലൊരു വ്യാകരണപ്പിശകുണ്ട്. ‘ഞാൻ’ കർത്താവായി വരുമ്പോൾ ‘ജാത്യതീതനല്ലേ’ ആകൂ, ബഹുവചനമായി ‘അതീതരാകില്ലല്ലോ’. പി കെ ബിയ്ക്ക് അങ്ങനെ തെറ്റു പറ്റുമോ? ആമുഖത്തിൽ അദ്ദേഹം പുസ്തകരചനയിൽ സഹായിച്ചവരെ പേരെടുത്തു പറഞ്ഞ് ഓർമ്മിച്ചിട്ടുണ്ട്. ഇ എൻ മുരളീധരൻ നായർ, നീലം പേരൂർ മധുസൂദനൻ നായർ,  കെ രാമചന്ദ്രക്കുറുപ്പ്, ബി ബാലചന്ദ്രൻ ഇവർക്കു പുറമേ ഏന്റേതുമാത്രമായ കൃതിയാണിതെന്നു പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം വിനയാന്വിതനാകുന്ന, യൂണിവേഴ്സിറ്റി ലൈബ്രറി റിസർച്ചു സെക്ഷനിലെ വേലപ്പൻ നായരുമുണ്ട്. ഇത്രയും പേരിലൂടെ കടന്നുപോയ ഒരു പുസ്തകത്തിൽ വ്യാകരണത്തെറ്റ് ആമുഖവാക്യത്തിൽ വരാൻ സാധ്യതയുണ്ടോ?

    ‘കേരളീയജീവിതത്തിന്റെ കാതലായ ഭാഗം ജാതിരാഷ്ട്രീയമാണല്ലോ. ജാത്യതീതരായ ‘ഞാൻ’ മാർ അവിടെവച്ചു ‘മറ്റവന്മാരുടെ’ ജാതിമനോഭാവത്തെ കൈകാര്യം ചെയ്യുന്നു.’ - ഇതാണ് ആ വാക്യം. അതിലൊരു പി കെ ബി സ്പർശം ഉണ്ട്. മാത്രമല്ല ആ ‘ഞാൻ’ മാരിലെ വ്യാകരണവികലത്വം ഒരുതരത്തിൽ ജാതിവികലത്വത്തിന്റെ രൂപകവുമാണ്. അത് ഒരു വശത്തുമാത്രമായി ഒതുങ്ങിക്കൂടുന്നതല്ല എന്നൊരു തിരുത്തുണ്ട്.  സർവസമുദായത്തെയും വ്യത്യസ്തനിലകളിൽ ആശ്ലേഷിച്ചുനിൽക്കുന്നതാണ് . തൊട്ടാൽ മതി അതിപ്പോഴും പഴയതിനേക്കാൾ കാര്യമായി പൊട്ടിത്തെറിക്കും. 

(മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 9-16, 2026)

 

March 6, 2026

പഴയ മേഘത്തെ താഴെ തിരയുമ്പോൾ

 


          മനുഷ്യരിൽനിന്ന് മനുഷ്യരെന്നപോലെ കലയിൽനിന്ന് കലയുണ്ടാകുന്നുഎന്ന് എം ഗോവിന്ദൻ എഴുതി. പ്രാകൃതപരിസരങ്ങളിൽനിന്ന് പരിണാമത്തിന്റെ മൂർത്തമായ വികാസങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ പഴയതിലേക്കല്ല തിരിച്ചുപോകുന്നത്. പഴയ തുവച്ചു പുതിയതുണ്ടാക്കുകയാണ്. സാംസ്കാരികവും കലാപരവുമായ പൈതൃകം സാഹിത്യകലാസൃഷ്ടിക്ക് എന്നപോലെ കലാനിരൂപണത്തിനും പ്രയോജനപ്പെടുന്നു എന്നാണ് ഗോവിന്ദന്റെ വാദം. ഒരാളുടെ മാനദണ്ഡം നിർണ്ണയിക്കുന്നത് മറ്റൊരാളുമായി ബന്ധപ്പെടുത്തിയാണെങ്കിൽ, കലാസൃഷ്ടിയുടെ മാനദണ്ഡം മറ്റൊരു സൃഷ്ടിയുമായി ബന്ധപ്പെടുത്തിയാണ് നടക്കുന്നത്. (ഗോവിന്ദന്റെ ഉപന്യാസങ്ങളിലെ ‘കലയുടെ മൗലികഭാവം’ എന്ന ലേഖനം) ഗോവിന്ദൻ വളരെ വിശാലമായ പശ്ചാത്തലത്തിലാണ് സൃഷ്ടിയുടെ പൈതൃകബന്ധത്തെ വിശദീകരിക്കുന്നത്. ദൈവത്തിന്റെ കുത്തകയായ സൃഷ്ടിമേഖലയെ ഉപാധികളില്ലാതെ വെല്ലുവിളിക്കുന്ന എഴുത്തുകാരുടെ സ്വാതന്ത്ര്യത്തോളം നീട്ടിക്കൊണ്ടുപോകാവുന്ന സങ്കല്പം അതിനകത്തുണ്ട്. ദൈവം സ്വന്തം മാതൃകയിൽ മനുഷ്യനെ സൃഷ്ടിച്ചതു പോലെയാണ് രചയിതാക്കൾ പൂർവസൃഷ്ടികളെ അനുവർത്തിക്കുന്നത്. അതേ സമയം അവയിൽ വ്യക്തിത്വ ഘടകങ്ങളും കാലസാഹചര്യങ്ങളും കലർന്ന് മൗലികമായി തിളങ്ങുകയും ചെയ്യുന്നു.

 

          ‘ഉള്ള ഒന്നിനെ സവിശേഷമായ ഒരനുഭവത്തിൽക്കൂടി  പുതിയ ഒന്നാക്കി മാറ്റാനുള്ള’ കഴിവാണ് കലയുടെ മൗലികതയെന്ന് ഗോവിന്ദനെ പിന്തുടർന്ന് കഥാകൃത്തായ കരുണാകരനും കുറിക്കുന്നു. (കലയുടെ മൗലികഭാവം: ഗോവിന്ദനെ വീണ്ടും വായിക്കുമ്പോൾ) ആത്മപ്രകാശനത്തിലൂടെ മനുഷ്യർക്ക് സ്വയം പൂരിപ്പിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ ഒരുക്കുന്നിടത്താണ് കലയുടെ മൗലികത സ്ഥാനപ്പെടുന്നത്. കലയ്ക്ക് കാമവും കലാപവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോവിന്ദന്റെ ചിന്തകളും ഇതിന്റെ തുടർച്ചയാണ്. വ്യത്യസ്തമായ അനുഭവങ്ങളെ മനുഷ്യർക്ക് കൂടുതൽ മനസിലാക്കിക്കൊടുക്കുക എന്നൊരു ധർമ്മം കലയും സാഹിത്യവുമെല്ലാം ചേർന്ന് നിർവഹിക്കുന്നുണ്ട്.

 

          മനുഷ്യരുടെ വൈകാരിക ജീവിതത്തിലെ ഒരു നിർണ്ണായകഘട്ടത്തെയാണ് കാളിദാസന്റെ ‘മേഘദൂതി’ലെ വിരഹിയായ യക്ഷൻ പ്രതിനിധാനം ചെയ്യുന്നത്. അയാൾ പല നിലകളിൽ മലയാളമുൾപ്പടെയുള്ള പിൽക്കാല കവിതകളിൽ കടന്നുവന്നിട്ടുണ്ട്. ജീവിതത്തിലെ മൗലികഭാവമായ വേർപാടാണ് ആ കാവ്യത്തിലെ വൈകാരികകേന്ദ്രം. ‘ഈ ലോകത്ത് വിരഹം അനുഭവിക്കുന്ന സകലരുടെയും സന്ദേശമാണത്’ എന്ന രവീന്ദ്രനാഥടാഗോറിന്റെ നിരീക്ഷണത്തെ കുറച്ചുകൂടി വിപുലപ്പെടുത്തിയാൽ, ആശയവിനിമയത്തിനുവേണ്ടിയുള്ള നിരാശ്രയമായ ശ്രമത്തിന്റെ ആവിഷ്കാരമാണ് എന്ന നിലയിലും ആ കാവ്യത്തെ പരിഗണിക്കാവുന്നതാണ്. സുവർണ്ണനഗരമായ അളകാപുരി, കൈനീട്ടി മേഘങ്ങളെ തഴുകാവുന്ന മട്ടുപ്പാവുള്ള മാളികകൾ, യക്ഷത്വം, പുതുദാമ്പത്യം ഇങ്ങനെയുള്ള പശ്ചാത്തലങ്ങളെ ആസ്പദമാക്കി മേഘസന്ദേശംകാമത്തിന്റെ സ്തുതിഗീതമായി പരിഗണിക്കപ്പെടുകയാണ് പതിവ്. തിണ്ടുകുത്തിക്കളിക്കുന്ന ആന, നീവീബന്ധം (അരക്കെട്ടിലെ തുണി) അഴിഞ്ഞ പുഴ തുടങ്ങിയുള്ള അലങ്കാരകല്പനകൾ ആ വികാരത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൃഷ്ണമാരാർക്ക് മേഘം, വിരഹിയായ യക്ഷന്റെ കാമം ഉറകൂടി രൂപപ്പെട്ട കല്പനയായത് ആ വഴിക്കാണ്. ഉത്തരാവർത്തത്തിൽ വേനലിൽ വരണ്ട ജനപദങ്ങളിൽ മഴക്കാലം കാമമുണ്ടാക്കുമെന്ന് എം എൻ വിജയനും വിശ്വസിക്കുന്നുണ്ട്. ആഷാഢമാസം, ആത്മാവിൽ മോഹം, അനുരാഗമധുരമാം അന്തരീക്ഷം!എന്ന് സിനിമാപ്പാട്ടിൽ കാമാവിഷ്ടമായി കടന്നുവരുന്നതും ഈ കാലംതന്നെയാണല്ലോ.

 

          അക്കിത്തത്തിന്റെ നിത്യമേഘമെന്ന കവിതയുടെ പ്രാഥമികമായ പ്രമേയ വിഷയങ്ങൾ കാളിദാസനും മേഘവുമാണ്. അവിടെ വൈകാരികഭാവം കാമമല്ല, അത്ഭുതമാണ്. പ്രപഞ്ചത്തെ മുഴുവൻ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും മേഘം, കാമമല്ല, മനുഷ്യരുടെ ഉദ്വിഗ്നത ഘനീഭവിച്ച രൂപമാണ്. ഭാവനയുടെ മഹാശയംകൂടിയായതുകൊണ്ട് കാലം അതിനുമുന്നിൽ തല കുനിച്ചാണതിനെ നിത്യമേഘമാക്കിമാറ്റുന്നത്. ഈ അദ്ഭുതാവേശസ്ഥിതിയല്ല ആറ്റൂർ രവിവർമ്മയുടെ നഗരത്തിലെ യക്ഷനുള്ളത്’. അത് ഒരു കുടുംബത്തിലേക്ക് ഒതുങ്ങുന്നു. വിവാഹം കഴിച്ച നാളിലുണ്ടായിരുന്ന സ്നേഹപുതുമകൾ വറ്റി ബന്ധം പഴകാൻ തുടങ്ങിയ വേളയിൽ, ജോലിയ്ക്കായി പ്രിയതമയെ വിട്ടു താമസി ക്കേണ്ടതായി വന്ന ഒരു ജീവനക്കാരന് വിരഹത്തിൽ മുൻപത്തേതിനേക്കാൾ ഇണയോടുതോന്നുന്ന വിപ്രലംഭത്വമാണ് (ഈ വാക്കിന് വഴക്ക്, നിരാശ, വഞ്ചന, വേർപാട് എന്നൊക്കെയാണ് അർത്ഥം, പിരിഞ്ഞിരിക്കുന്നവരുടെ ശൃംഗാരമെന്ന നിലയിൽ ആ വാക്കിനു രൂഢിയായ പ്രശസ്തിയുമുണ്ട്) ആ കവിതയുടെ കാതൽ. വിരഹം അയാളെ മധുവിധുകാലത്തേക്കാൾ കൂടുതൽ അനുരാഗിയാക്കി മാറ്റുന്നു.

 

          സമകാലിക മലയാളം ആഴ്ചപ്പതിപ്പിൽ (2024 ജൂലൈ 22) കളത്തറ ഗോപൻ എഴുതിയ വിമാനത്തിലൊരു യക്ഷൻവിരഹിയായ ആണിന്റെ സന്ത്രാസങ്ങളെ പേറുന്ന പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ്. ഇന്നത്തെ കണക്കിൽ യക്ഷൻ എന്ന വിളിപ്പേര്, ഒരു ഹൈപ്പർ ലിങ്കാണ്. എന്നാൽ ഗോപൻ ജീവിക്കുന്ന ആധുനിക ലോകം, കാളിദാസനിൽനിന്ന് പാടെ മാറിപ്പോയ ഒന്നാണ്. ഇവിടെ കവിതയിലെ യക്ഷന്റെ ചാടുവാൻ വലിയും കാലിൽ തൂങ്ങിക്കനക്കുന്ന ഭൂമി’ (അക്കിത്തം) ഇല്ല. അയാളുടേത്, ‘രണ്ടു നാൾ ദൂരത്തിലുള്ള തിർക്കുള്ള പട്ടണത്തിലെ ലോഡ്ജിൽ പണ്ട് അമ്മയെ പിരിഞ്ഞതിന്റെ വേദനപോലെയൊന്ന് കടിച്ചമർത്തി ജീവിക്കേണ്ട സാഹചര്യവും’ (ആറ്റൂർ) അല്ല. എങ്കിലും മലയാളത്തിൽ പിന്നീട് രണ്ടു മാർഗങ്ങളായി തിരിയുന്ന മേഘാന്വേഷണങ്ങളിൽ അക്കിത്തത്തിന്റെ ‘നിത്യമേഘത്തിന്റെ’ വഴിയോടാണ് ‘വിമാനത്തിലൊരു യക്ഷൻ’ ചേർന്നുനിൽക്കുന്നത് എന്നു പറയാൻ കാരണമുണ്ട്. കളത്തറ ഗോപന്റെ യക്ഷൻ വിമാനത്തിൽ പറക്കാൻ ആഗ്രഹിക്കുന്നു. അവസാനം ആഗ്രഹസാധ്യം ഉണ്ടാവുകയും ചെയ്യുന്നു. മേഘങ്ങൾക്കും മീതേ പറക്കുന്ന വിമാനത്തിലിരുന്ന് അയാൾ ആലോചിക്കുന്നതും തിരയുന്നതും കാമുകിയെയോ ഭാര്യയെയോ അല്ല, പൂർവസൂരിയായ കാളിദാസന്റെ പഴയ മേഘത്തെയാണ്. കവിതയുടെ അവസാനവരിയിൽ എത്തുമ്പോൾ മാധ്യമംതന്നെയാണ് സന്ദേശം എന്നു പറയുന്നതുപോലെ, ‘മേഘം തന്നെയാണ് വിനിമയവുംഎന്നു വ്യക്തമാക്കുകയും ചെയ്യുന്നു. (അപ്പോഴും തിരയുന്നു മേഘത്തെ, സന്ദേശത്തെ’) മറ്റൊരിടത്ത് വക്താവ് താൻ തന്നെ മേഘം- സന്ദേശവാഹി- ആകാനുള്ള സാധ്യതയെ പരാമർശിക്കുന്നതും കാണാം. (അടുത്തിരിക്കുമൊരു മിടുക്കൻ യുവാവെന്റെ കണ്ണിൽനിന്നു മേഘത്തെ വായിച്ചെടുക്കുന്നുവോ?’). കവിതയിലെ യക്ഷനെ സംബന്ധിച്ചിടത്തോളം മറുവശത്ത് മൂർത്തരൂപത്തിൽ ഒരു കേൾവിക്കാരിയോ-കാരനോ സ്വീകർത്താവോ ഇല്ല എന്ന കാര്യം വളരെപ്പെട്ടെന്ന് നമ്മുടെ ശ്രദ്ധയിൽ വരും. പ്രണയിനിയെപ്പറ്റി അയാൾ ചിന്തിക്കുന്നതേയില്ല. അതുകൊണ്ട് വക്താവിന്റെ കൺമുന്നിൽ മറഞ്ഞുനിൽക്കുന്ന പഴയ മേഘമാണ് ഈ കവിതയിൽ കവി തേടുന്ന പങ്കാളിയെന്നു പറയാം. സന്ദേശംകൊണ്ടു പോകുന്ന ആളുതന്നെ സന്ദേശം ലഭിക്കേണ്ട ആളായിത്തീരുന്ന വിചിത്രമായ ഒരവസ്ഥയാണ് കവിതയ്ക്കകത്തുള്ളത്. അങ്ങനെ പിന്നിലേക്ക് പോയി കാളിദാസനെയും അദ്ദേഹത്തിന്റെ ആവിഷ്കാരമായ മേഘത്തെയും ചെന്നുതൊടുന്ന കവിത, സന്ദേശത്തെയും മാധ്യമത്തെയും കുറിച്ചുള്ള അന്വേഷണമായിത്തീരുന്നു. സൂക്ഷ്മാർത്ഥത്തിൽ കവി എന്ന നിലയിലുള്ള തന്റെ സത്തയെ തിരഞ്ഞുപോകുന്ന ഒന്നായി കവിത മാറുന്നു. പ്രകടമായും അത് ആത്മപ്രകാശനത്തെ സംബന്ധിക്കുന്നതുമാണ്

 

          കാളിദാസൻ എന്തുകൊണ്ട് പ്രാവിനെയോ കാറ്റിനെയോ സന്ദേശഹരനായി തിര ഞ്ഞെടുത്തില്ലെന്ന സംശയം ഇടയ്ക്ക് അയാളിൽ തലനീട്ടുന്നതിന്റെ കാരണം വ്യക്തമാണ്. കാറ്റ് അരൂപിയാണ്. പ്രാവിനെ കവി അവിശ്വസിച്ചതുകൊണ്ടാണ്. വിശ്വസിക്കാവുന്ന സരൂപിയായ മാധ്യമവും അതിനു വഹിക്കാനുള്ള സന്ദേശവും കവിത യുടെ ജൈവികതയെപ്പറ്റിയുള്ള രൂപകത്തെ മുന്നിൽ വയ്ക്കുന്നതായി തോന്നുന്നു. കളത്തറ ഗോപന്റെ ബിംബകല്പനങ്ങളിൽ വ്യാപകമായി കടന്നുവരുന്ന ഒന്നാണ് മനുഷ്യത്വാരോപണം. മനുഷ്യരൂപം പൂണ്ട് പടികയറിപോകുന്ന നിഴൽ, കായ്കനികൾകൊണ്ട് ചിലരെ എറിഞ്ഞു വീഴ്ത്തുന്ന ഭ്രാന്തു പിടിച്ച മരം -എന്നിങ്ങനെ മറ്റു കവിതകളിൽ അവയെ അപൂർവമായല്ലാതെ നാം കണ്ടിട്ടുണ്ട്.

 

          കവിയെ സംബന്ധിച്ചിടത്തോളം സന്ദേശത്തെയും അതിന്റെ മാധ്യമ ത്തെയുംപറ്റിയുള്ള ആശങ്ക അടിസ്ഥാനപരമായി ആശയവിനിമയത്തെ സംബന്ധി ച്ചുള്ളതാണ്. മേഘസന്ദേശത്തെ ആസ്പദമാക്കിയ മുൻ കവിതകളിലും ഈ പ്രശ്നം കടന്നുവന്നിട്ടുണ്ട്. ലക്ഷ്യങ്ങൾ പലതാണെന്നേയുള്ളൂ.സന്താപത്തെ ചിതമോട് അകമേ വച്ചവൻ നിന്നുപോയിഎന്ന് കാളിദാസൻ, സ്വതവേ വാചാലനായ തന്റെ യക്ഷനെ വികാരത്തള്ളിച്ചയാൽ മൂകനാക്കി നിർത്തുന്ന ഒരു സന്ദർഭം മേഘസന്ദേശത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആറ്റൂർ, ‘പേന മരിച്ചു കിടപ്പൂ നിൻ ട്രങ്കിൻ മൂലയിൽ’, എന്നും കൊക്കുകൾ പൂട്ടിയിരുന്നു നാംഎന്നും പൂട്ടിവച്ചുള്ള മനസ്സോടിരുന്നു ഞാൻഎന്നും ആ സന്ദിഗ്ദാവസ്ഥയെ വിവരിക്കുന്നു. നിത്യമേഘത്തിലും വാക്കുകൾ അസ്തമിക്കുന്ന അവസ്ഥ ഒരു വരിയിൽ അക്കിത്തം അവതരിപ്പിക്കുന്നത് സർവഭക്ഷകമെൻ നാവും തരിപ്പിച്ചു കളഞ്ഞു നീഎന്നെഴുതിയാണ്. സന്ദർഭങ്ങൾ എന്തായാലും കവികളെന്ന നിലയ്ക്ക് നിരന്തരമായ ആശയവിനിമയത്തെ സംബന്ധിച്ചുള്ള അബോധഭീതി സ്വാഭാവികമായ കാര്യമാണ്. അതു കവിതയിൽ കേന്ദ്രസ്ഥാനത്തു വരുന്നു എന്നതാണ് വിമാനത്തിലൊരു യക്ഷൻഎന്ന കവിതയുടെ വിശേഷപ്രസക്തി.

 

          സഹൃദയരിലേക്കെത്താൻ വെമ്പുന്ന തന്റെ കവിതയെക്കുറിച്ചും അതിനായി താൻ സ്വീകരിക്കുന്ന ഉപാധികളെക്കുറിച്ചുമുള്ള നിശ്ചയമില്ലായ്മയാണ് വിമാനത്തിലൊരു യക്ഷനെസാധ്യമാക്കുന്ന മനശ്ശാസ്ത്രവശം. തന്റെ മുന്നിലൊരു സമൂഹം ഉണ്ടെന്നറിയാവുന്ന കവിയെ സംബന്ധിച്ച്, സന്ദേശകാവ്യങ്ങളിലെ മൂന്നാമത്തെ ഘടകമായ സ്വീകർത്താവിന്റെഅഭാവം പ്രധാനമല്ല. തന്റെ കവിതയെ അവർ എങ്ങനെ സ്വീകരിക്കുമെന്ന വിചാരവും പ്രമേയം (സന്ദേശം) കവിതയെന്ന മാധ്യമത്തിൽക്കൂടി എങ്ങനെ ഭദ്രമായി അവതരിപ്പിക്കുമെന്ന ഉത്കണ്ഠയും ചേർന്നു രൂപപ്പെടുത്തുന്ന ഉദ്വിഗ്നമായ അവസ്ഥയാണ് തീർച്ചയില്ലായ്മ. തിരഞ്ഞിട്ടും കിട്ടാത്ത, വിലപ്പെട്ടതെന്തോ കൈമോശം വന്ന സ്വപ്നാത്മകമായ ഒരവസ്ഥയെയാണത് സാക്ഷ്യപ്പെടുത്തുന്നത്.

 

          ഈ അനിശ്ചിതത്വം കളത്തറ ഗോപന്റെ കവിതകളിൽ എമ്പാടുമായി വിന്യസി ക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്. അവസാനമിറങ്ങിയ സമാഹാരത്തിന്റെ പേര് ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾഎന്നാണല്ലോ. കവിതകളിൽ രാത്രിയും പകലും വൈകുന്നേരവും രാവിലെയും ആഴവും മുകൾപ്പരപ്പും നിലാവും സൂര്യവെളിച്ചവും പുകച്ചുരുളും പൂക്കളും ചോരയും വെള്ളവും എല്ലാം അയാൾക്ക് നിരന്തരം മാറിപ്പോകുന്നതായി കാണാം. ഇത് ഉത്തരാധുനികമായ ഭാവുകത്വത്തിന്റെ അവസ്ഥയെന്നതിനേക്കാൾ അരക്ഷിതവും അസ്വസ്ഥവുമായ മനസ്സിന്റെ വ്യക്തിഗതമായ പങ്കുവയ്ക്കലാണ്. മാറിപ്പോകുന്നതായുള്ള പ്രകടനം ഭ്രമാത്മകമായ അവസ്ഥയും മാറിപ്പോകുന്നു എന്ന തിരിച്ചറിവ് വാസ്തവവുമാണല്ലോ. അതും ഇതുമാകാമെന്ന വസ്തുതയുടെ സമർത്ഥനമല്ല അപ്പോൾ സംഭവിക്കുന്നത്, അതോ ഇതോ എന്ന തീർപ്പില്ലായ്മയാണ്. ഇവിടെയാണ് ആ പഴയ കാളിദാസമേഘത്തിനുവേണ്ടിയുള്ള തിരച്ചിൽ കവിതയ്ക്കുള്ളിൽത്തന്നെയുള്ള യുക്തിയാൽ ഭദ്രമാകുന്നത്.

          ഗോവിന്ദന്റെ കലാസങ്കല്പത്തെ ഒന്നുകൂടി പിൻപറ്റേണ്ടിയിരിക്കുന്നു. സ്വന്തം സൃഷ്ടിയിലൂടെ ദൈവം സ്വയം അപ്രസക്തനായി തീരുന്ന പരിണതി സൃഷ്ടികർമ്മത്തെക്കുറിച്ചുള്ള സങ്കല്പത്തിലുണ്ട്. മരണം, വിധി എന്നീ രണ്ടു കാര്യങ്ങളിലും സൃഷ്ടി സ്രഷ്ടാവിനെ വെല്ലുവിളിക്കുന്നതാണ് മനുഷ്യന്റെയും കലയുടെയും കാര്യത്തിലുള്ള സമാനത. നിത്യമേഘംഎന്ന സങ്കല്പം അതിനെ എങ്ങനെ അനുസരിക്കുന്നു എന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്.ഞാൻ പൊടിയാണ് എന്നാലോ എന്റെ മൃത്പ്പിണ്ഡം പൊടിയിൽത്തന്നെ ഉടഞ്ഞുലയിക്കുന്നതിനുമുൻപ് എന്റെ സത്തയെ സർഗാവേശങ്ങളാക്കി ഇനിയും ഞാൻ ജീവിക്കുംഎന്ന് പറഞ്ഞുകൊണ്ടാണ് മരണവിധേയനായ കലാകാരൻ ദൈവവചനത്തെ ധിക്കരിക്കുന്നത് എന്ന് ഗോവിന്ദൻ എഴുതുന്നു. (കലയുടെ മൗലികഭാവം) വിമാനത്തിലൊരു യക്ഷൻഎന്ന കവിതയിലെ വക്താവ് തനിക്കു താഴെ, ‘കൂടുതൽ വെള്ളം പേറി കുന്നിനെ മുട്ടി പൊട്ടിച്ചിതറി കാണാതാവുന്ന ഒരു മേഘത്തെഅവതരിപ്പിക്കുന്നതു നോക്കുക. അയാളുടെ അന്വേഷണവസ്തുവായ മേഘത്തിന്റെ താത്കാലികതയും ക്ഷണികതയും ലാഘവത്വവും അയാൾക്ക് അറിയാൻ വയ്യാത്തതല്ല. നാളേയ്ക്കില്ലാതെ നശിച്ചു പോകുന്ന ആ വസ്തുവിനു പകരം കെല്പുള്ള, ശാശ്വതമായ ഒരു സർഗസൃഷ്ടിയാണ് അയാളുടെ (ഏതു കലാകാരരുടെയും) സ്വപ്നം. അത് കാലാതീതത്വത്താൽ തെളിയിച്ച സൃഷ്ടിയാണ് കാളിദാസന്റെ മേഘം എന്നുള്ളതുകൊണ്ടാണ് പുകയും കാറ്റും ജലവും തീയും ചേർന്നു സൃഷ്ടിച്ച നശ്വരമായ മേഘത്തിനു പകരം ശാശ്വതമായ സങ്കല്പവസ്തുവിനായി (നിത്യമേഘത്തിനായി) പരതുന്നത്.

 

          മേഘമാർഗം ഭൂമിയിൽ കാലു നിവർത്തി നടക്കുന്ന മനുഷ്യരുടെ തലയ്ക്കു മുകളിലാണ്. എന്നാൽ ആറ്റൂരിന്റെയും അക്കിത്തത്തിന്റെയും കളത്തറ ഗോപന്റെയും കവിതകളിലെ വക്താക്കളുടെ സ്ഥാനവും വീക്ഷണക്കോണും മുകളിൽനിന്ന് താഴേയ്ക്കാവുന്ന സന്ദർഭങ്ങളുണ്ട്. സ്ഥലപരംമാത്രമല്ല കാലപരംകൂടിയാണ് ഈ വീക്ഷണസ്ഥാനങ്ങൾ. സന്ദേശങ്ങളുടെ വിശേഷവക്താക്കളായ കവികൾ എന്ന നിലയ്ക്കുള്ള അബോധപരമായ തിരഞ്ഞെടുപ്പാണ് ഗ്രാമം-നഗരം, താത്കാലികത-നിത്യത, മണ്ണ്-മാനത്തേയ്ക്കുന്തി നിൽക്കുന്ന മുനമ്പ്, ടെർമിനൽ-വിമാനം എന്നീ വിപരീതദ്വന്ദ്വങ്ങളിലുള്ളത്. സന്ദേശത്തിന്റെ ഭദ്രതയെയും അർത്ഥപൂർണ്ണതയെയുംപ്പറ്റിയുള്ള ഉത്കണ്ഠയ്ക്ക് അടിസ്ഥാനവും അവരെത്തിപ്പെട്ടിരിക്കുന്ന കവിയെന്ന പദവിസ്ഥാനത്തെപ്പറ്റിയുള്ള ബോധമാണ്. സമകാലിക കവിതയിലെ യക്ഷൻ തന്റെ തലക്കു മുകളിലല്ല സന്ദേശഹരനെ തേടുന്നത്; താഴെയാണ്. മേഘങ്ങളെ കീഴെയാക്കി സഞ്ചരിക്കുന്ന വിമാനത്തിലിരുന്നുള്ള കാഴ്ചയിൽ (വിമാനത്തിലൊരു യക്ഷൻ) ഇത് കൂടിയ അളവിലുണ്ട്. അത് കാലാന്തരയാത്രയുടെകൂടി ഫലമാണ്.

 

          കളത്തറ ഗോപന്റെ കവിതകളിൽ പൊതുവേ കാണുന്ന വിപരീത ഇരട്ടത്തത്തെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സാമാന്യവത്കരിക്കാമെന്നു തോന്നുന്നു. വർത്ത മാനകാലത്തിന് അധികം ആയുസ്സില്ലെന്നു വിശ്വസിക്കുന്നതുകൊണ്ട് നിരന്തരമായി ഭൂതകാലത്തിലേക്ക് പാഞ്ഞു കയറുന്ന ചേതനയാണ് ഗോപന്റേത്. ഒറ്റയായവന്റെ ഇരട്ടപ്പേ രാണോ ബുദ്ധൻ (പതിയെ പതിയെ ഒറ്റയാകുമ്പോൾ) മരിച്ചവർ തിരിച്ചുവന്ന് തെല്ലമ്പര പ്പോടെ നോക്കി (മരിച്ചവർ തിരിച്ചുവന്ന വെളുപ്പാങ്കാലം) ഇപ്പോൾ കതകും കട്ടളയുമായി മാറിക്കഴിഞ്ഞ റോഡിനു നടുവിൽ നിൽക്കുന്ന മരം (പ്ലാവു നിന്നതായി തോന്നുന്നു) (ഭ്രാന്തമായ് പൂത്ത മരം) എങ്കിലും മരങ്ങൾ കാണുമ്പോൾ അവന് എന്തോരിത് (സൂ) കോളനിയിൽനിന്നു കൊണ്ടുവന്നത് അമ്മ മെടഞ്ഞ ഈറ്റപ്പായ (ഈറ്റപ്പായ) കാലങ്ങളായി നമ്മളിലുള്ളൊരുവൻ കാടുകയറിയെന്നു വിചാരിച്ചാൽ മതി (കാടു കയറ്റം) - തുടങ്ങിയ കല്പനകളിലൂടെ കവി ചെന്നു തൊടുന്നത് അതീതകാലത്തെ യാഥാർത്ഥ്യത്തിന്റെ ബിന്ദുക്കളിലാണ്. സമുദ്രത്തിൽ മുളച്ച് പരിണമിച്ചുവന്ന ജീവിയായ മനുഷ്യൻ ഉപ്പുരസം ജൈവികമായ ഒരോർമ്മയായി ഇന്നും ചോരയിൽ വഹിക്കുന്നതുപോലെയൊരു പ്രക്രിയ സാംസ്കാരികമായും സംഭവിക്കുന്നുണ്ട്. വെള്ളം’ എന്ന കവിതയിൽ നേരിട്ട് കവി ഇത്തര മൊരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ഭ്രമാത്മകമെന്നും അതിവാസ്തവമെന്നും തെറ്റിദ്ധരി ക്കാനിടയുള്ള, ഗോപന്റെ കവിതകളിലെ കല്പനകൾ പലതും വംശപരമായ പൂർവ സ്മരണകളിൽനിന്ന് ഉറവെടുക്കുന്നതാണ്. അത് ആദിമമായ വാസനകളെയും ഉറവിട ങ്ങളെയും പുറപ്പാടുകളെയും ആവിഷ്കാരങ്ങളെയും ചെന്നു തൊടുകയും രചനയുടെ നിർബന്ധ നിമിഷത്തിൽ അവയെപ്പറ്റി കാര്യമായി ഓർക്കുകയും ചെയ്യുന്നു. ആകാശമാർഗത്തിൽ കാളിദാസന്റെ മേഘത്തെ നിഷ്ഫലമായി തിരയുന്ന ഒരു വിമാനയാത്രയെപ്പറ്റിയുള്ള ഒരു കവിത, കളത്തറ ഗോപന്റെ കവിതകളുടെ ഉൾപ്പൊരുളായ ജന്മാന്തരയാത്രകളെ കൂടുതൽ വ്യക്തതയോടെ കാണാനുള്ള ഉപാധിയായി അങ്ങനെ മാറുന്നു. 

 

വഴിപിണക്കി കവിതാസമാഹാരം, പഠനം

February 28, 2026

ഈന്തപ്പനകളും തെങ്ങുകളും

 

    

         


          വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ കരസ്ഥമാക്കിയ, ഇൽദിക്കോ എനെയേദിയുടെ ജർമ്മൻ ചിത്രം നിശ്ശബ്ദസുഹൃത്ത് (Silent Friend, 2025) വൃക്ഷങ്ങൾക്കും വികാരമുണ്ടെന്നും ഭാഷയുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ ഉള്ളിൽക്കൊള്ളുംവിധം അനുഭവി ക്കുന്ന ചലച്ചിത്രമാണ്. ജർമ്മൻ സർവകലാശാലയിലെ ഒരു ജിങ്കോമരം തനിക്കു മുന്നിലൂടെ കടന്നുപോയ മൂന്നു തലമുറയ്ക്ക് മൂകമായി സാക്ഷിയായിനിൽക്കുന്നതിനെപ്പറ്റിയാണ് ചിത്രം വിവരിക്കുന്നത്. എന്നാൽ സമാന്തരമായി മരത്തിന് ഒരു വൈകാരികജീവിതവുമുണ്ട്. ചലച്ചിത്രത്തിനും പത്തുവർഷം മുൻപാണ് പീറ്റർ വോലെബെന്റെ ‘വൃക്ഷങ്ങളുടെ രഹസ്യജീവിത’മെന്ന (The Hidden Life of Trees, 2015) പുസ്തകമിറങ്ങുന്നത്. ജർമ്മനിയിൽ ജനിച്ച ആ പുസ്തകത്തിനു 2018-ൽ സ്മിതാ മീനാക്ഷി വിവർത്തനം തയാറാക്കിയിരുന്നു. മനുഷ്യഭാഷകൾതമ്മിൽമാത്രമുള്ള കൈമാറ്റമാണോ തർജ്ജിമകൾ എന്നു ചിന്തിക്കാൻ വൃക്ഷങ്ങളുടെ കഥ പറയുന്ന രണ്ടു വ്യത്യസ്തമാധ്യമങ്ങളെ കൂട്ടുപിടിക്കാവുന്നതാണ്.  ഭൂമിയിലെ മുന്തിയ ജീവിവർഗമാണ് മനുഷ്യർ. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഭാഷയുടെ കാര്യത്തിലും മനുഷ്യവർഗത്തിനുണ്ടായ മുന്നേറ്റം പല മടങ്ങാണ്. ജൈവചലനങ്ങൾ വളരെ പതുക്കെയായി പ്പോയതുകൊണ്ട് പൂർവികരായ വൃക്ഷങ്ങളെ അടുത്തുനിന്നു മനസിലാക്കുന്നതിൽ  മനുഷ്യർക്ക് പരിമിതിയുണ്ടായിരുന്നു. അതിന്നും തുടരുന്നുണ്ട്. അവിടെ യാഥാർത്ഥത്തിൽ ഭാഷയുടെ പ്രശ്നംകൂടി നിലനിൽക്കുന്നു. പരിണാമവഴിയിലൂടെ ബഹുദൂരം സഞ്ചരിച്ച ജീവബിന്ദുക്കൾ സഹോദരങ്ങളാണെന്ന് തിരിച്ചറിയാൻ വയ്യാതായിപ്പോയതിന്റെ മൂലകാരണത്തിൽ ഭാഷ യാണ്. ‘അനുജത്തീ നീയെന്നെ മറന്നോ?’ എന്ന ഹൃദയത്തിൽകൊള്ളുന്ന ചോദ്യത്തിലൂടെ ഒ വി വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ അതു രേഖപ്പെടുത്തിവച്ചു. ഭാഷയുടെ സാംസ്കാ രികവശത്തെ, പ്രവാസജീവിതത്തിന്റെ ഉൾത്തുടിപ്പുകളുമായി ചാലിച്ച് കുഴൂർ വിൽസൺ, ‘വിവർത്തനത്തിന് ഒരു വിഫലശ്രമം’ എന്ന കവിതയിൽ എഴുതി :

ഈന്തപ്പനകൾ ചോദിച്ചു

തുറിച്ചു നോക്കുന്നതെന്തിന്?

വിവർത്തനശേഷമുള്ള

തെങ്ങുകളാണ് ഞങ്ങൾ

മറന്നുവോ?

 

          മരങ്ങൾ ഭാഷയുടെയും ജനിച്ചുവളർന്ന സംസ്കാരത്തിന്റെയും എത്തിപ്പെട്ട പ്രദേശ ത്തിന്റെയും ചുരുക്കെഴുത്തുകളായി കവിതയിൽ മാറുന്നു. മറ്റൊരു കവിതയിൽ കുഴൂർ കടൽക്കര യിൽ ‘കടലമ്മ കള്ളി’യെന്നെഴുതിവച്ചിട്ടും അജ്മാനിലെ കടൽ അതു മായ്ക്കാത്തത് അതിനു മലയാളം അറിഞ്ഞു കൂടാത്തതുകൊണ്ടാണെന്നും ചിന്തിക്കുന്നുണ്ട്. കുഴൂരിന്റെ കവിത, വിവർത്തനങ്ങളുടെ സാധുതയും പ്രസക്തിയും പരിശോധിക്കുന്ന ലേഖനത്തെക്കാളും  വാചാലമായി ഭാഷാന്തരങ്ങളിലെ സാംസ്കാരികവിനിമയത്തെപ്പറ്റി സംസാരിക്കുന്നുണ്ട്. പെട്രാർക്കിന്റെ നിരീക്ഷണത്തെ നൂറുകവിതകളുടെ ആമുഖത്തിൽ മലയാളത്തിലെ പ്രസിദ്ധ വിവർത്തകനായ പി രവികുമാർ എടുത്തെഴുതുന്നുണ്ട്. വിവർത്തനത്തിനു മൂലകൃതിയുമായുള്ള ബന്ധം ‘അച്ഛനും മകനുപോലെ’യാണെന്നാണത്. ഏതാണ്ടൊരു രൂപസാദൃശ്യം അവയ്ക്കു ണ്ടാവും. അതിലുപരി, വിവർത്തനം മറ്റൊരു സ്വതന്ത്രസൃഷ്ടിയാണെന്ന കാര്യത്തിനാണ് പെട്രാർക്ക് ഊന്നൽ നൽകിയതെന്നു മനസിലാക്കാൻ പ്രയാസമില്ല.

 

          പ്രസിദ്ധ വിവർത്തകയായ എഡിത്ത് ഗ്രോസ്മാൻ, മറ്റൊരു തരത്തിലാണ് പരിഭാഷകളെപ്പറ്റി ആലോചിക്കുന്നത്.  വിവർത്തനം എന്തിന്? (Why Translation Matters? 2010) എന്നു വിശദീകരിച്ചുകൊണ്ട്, എല്ലാ സാഹിത്യവിനിമയങ്ങളുടെയും അടിസ്ഥാനം മനുഷ്യത്വമാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഭാഷയും ഭൂപ്രദേശങ്ങളുടെ അതിരുകളും അവിടെ പ്രസക്തമല്ല. സ്വന്തം സമൂഹത്തിന്റെ മെച്ചപ്പെട്ട അവസ്ഥയ്ക്കുവേണ്ടിയുള്ള ആഗ്രഹം പ്രത്യക്ഷമായും പരോക്ഷമായും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്  പകരുന്ന പ്രക്രിയയെയാണ് മനുഷ്യത്വമെന്നതുകൊണ്ട് അവർ അർത്ഥമാക്കുന്നത്. വിവർത്തനത്തിനു വിധേയമാകുന്നത് മനുഷ്യത്വമെന്ന മൂല്യമാണ്. ‘സ്വന്തം സമൂഹം’ എന്നുള്ളത് ‘ജീവരാശി’യെന്നു മാറ്റിയെഴു തിയാൽ മുൻപു പറഞ്ഞ വൃക്ഷങ്ങളുൾപ്പടെയുള്ള ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥ യുമെല്ലാം ചേർന്ന വിശാലമായ പശ്ചാത്തലം, പരിഭാഷയെന്ന സങ്കല്പത്തെ മുൻപത്തേതിലധി കം പ്രകാശവലയങ്ങളാൽ തിളക്കുന്നതായി അനുഭവപ്പെടും.

 

          ജീവരാശിയ്ക്ക് മൊത്തമായി പ്രയോജനപ്പെടുന്ന ആശയങ്ങളുടെ സഞ്ചാരത്തിനും അതിന്റെ ഗതിവേഗത്തിനും കാലക്രമത്തിൽ വന്നിട്ടുള്ള മാറ്റത്തിൽ, ആശയവാഹകർ എന്ന നിലയിൽ വിവർത്തനങ്ങൾ വഹിച്ചിട്ടുള്ള പങ്ക് പ്രധാനമാണ്. വിവിധതരത്തിലുള്ള ജ്ഞാനപ്രകാശങ്ങളുടെ കൈമാറ്റമാണ് വിവർത്തനത്തിലൂടെ നടക്കുന്നത്; സാഹിത്യം അതിലൊരു വിഭാഗം‌മാത്രമാണ്. അതിൽ കൂട്ടിച്ചേർപ്പുകളും പകരംവയ്പ്പുകളും കിഴിക്കലുകളും അംശഹരണങ്ങളും അവിടെ സംഭവിക്കുന്നുണ്ട്. അബോധാത്മകമായ മാറ്റങ്ങൾ വേറെ. പരിഭാഷകൾ മറ്റൊരു സൃഷ്ടികർമ്മമായി അങ്ങനെ മാറുന്നു എന്നു പറയുന്നത് അതുകൊ ണ്ടാണ്. സാസ്കാരികഘടനയ്ക്കകത്ത് പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരങ്ങളായാണ് സർഗസൃഷ്ടി കളെ നമ്മൾ മനസിലകകുന്നതെങ്കിലും അതേ ജാതകം പരിഭാഷകളും പങ്കിടുന്നുണ്ട്. റേച്ചൽ കാഴ്സന്റെ ‘നിശ്ശബ്ദ വസന്തം’ (സൈലന്റ് സ്പ്രിംഗ്, 1962) അതിറങ്ങിയ കാലത്തുതന്നെ വിവാദവും ചർച്ചയും ക്ഷണിച്ചു വരുത്തിയിരുന്നു. കീടനാശിനികൾ ഫലത്തിൽ ജീവനാശിനികളാണെന്ന സത്യത്തെ മുന്നിൽവച്ച പുസ്തകത്തിന് അടുത്തകാലത്ത് മലയാളത്തിൽ രണ്ടു പരിഭാഷകൾ അടുപ്പിച്ചുണ്ടായി. എൻഡോ സൾഫാൻ പ്രക്ഷോഭം നൽകിയ ബോധത്തിന്റെ ഫലമായി ഉണ്ടായ പാരിസ്ഥിതികവിവേകമാണ് മലയാളപരിഭാഷകളുടെ ആവിർഭാവത്തിനു പിന്നിൽ.  

          നോവലിന്റെ പൂർവപാഠങ്ങൾ തിരഞ്ഞ് ഭൂതകാലത്തിലേക്കു പോയ വിജ്ഞാനികൾ നൂറ്റാണ്ടുകൾക്കു മുൻപേയുള്ള കഥപറയൽരീതികളെ നോവലെന്ന ആധുനിക യൂറോപ്യൻ സാഹിത്യഗണവുമായി കൂട്ടിയിണക്കിയത് പരിഭാഷകളിലൂടെയാണ്. മുറാസാകി ഷികിബുവിന്റെ ഗഞ്ചിയുടെ കഥയ്ക്കും (പന്ത്രണ്ടാം നൂറ്റാണ്ട്) മിഗുൽ സെർവാന്റിസിന്റെ ഡോൺ കിയോത്തെയ്ക്കും (1605, 1615) ആധുനിക നോവൽ സങ്കല്പങ്ങളുമായുള്ള വിദൂരബന്ധത്തെ സമീപസ്ഥമാക്കിയത് അവയുടെ ഇംഗ്ലീഷ് ഭാഷാന്തരങ്ങളാണെന്ന് ഒരു വാദമുണ്ട്. പരിഭാഷ കളിൽ അവ സമകാലികമായ ആഖ്യാനവഴക്കത്തോട് അടുത്തുനിന്നുകൊണ്ട് വില്യം ഫോക്നറെപോലുള്ള എഴുത്തുകാരെ ആകർഷിച്ചു. വിവർത്തനങ്ങളിൽ സംഭവിക്കുന്ന സ്വാംശീ കരണത്തിന്റെ ഗുണഫലമായിട്ടാണ് അതിനെ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡേവിഡ് ദാമ്രോഷിനെപോലുള്ളവർ നിരീക്ഷിക്കുന്നത്. അടിസ്ഥാനപരമായി സാഹിത്യ ചരിത്രം വിനിമയങ്ങളുടെ പ്രക്രിയയാൽ രൂപപ്പെടുന്നതാണെന്ന് ദമ്രോഷ് വാദിക്കുന്നു. (Monash University conference on  Literature and Translation) ഗബ്രിയേൽ ഗാർഷ്യാ മാർക്വേസിനു ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു ഫോക്നർ. മാർക്വേസ് ഇംഗ്ലീഷിലൂടെ ലോകസഞ്ചാരം നടത്താൻ തുടങ്ങിയപ്പോൾ സൽമാൻ റഷ്ദിക്ക് അദ്ദേഹം പ്രചോദനമായി ത്തീർന്നു. സെർവാന്റിസിന്റെ മായികതയും മാർക്വേസിന്റെ ഭ്രമാത്മകതയും റഷ്ദിയുടെ അതിവാസ്തവികതയും വ്യത്യസ്തമാണ്. എങ്കിലും സഞ്ചാരത്തിനനുസരിച്ച് ആകൃതിഭേദം വരുന്ന ഒരു രൂപകം ഇവയുടെ ഉള്ളിലുണ്ട്. അത് അഗാധമായി ജീവിതമൂല്യത്തെ അടിസ്ഥാനമാക്കുന്ന ഒന്നാണ്. അതിനെയാണ് എഡിത്ത് ഗ്രോസ്മാൻ ‘മനുഷ്യത്വം’ എന്നു വിളിച്ചു സ്പർശിച്ചത്.

          പുതുമ അന്വേഷിക്കുന്ന എഴുത്തുകാരുടെ പ്രാഥമികമായ ഉപാദാനം മറ്റു സംസ്കാരങ്ങളിലുള്ള രചനാരൂപങ്ങളാനെന്നു പറയാം. വിവർത്തനകൃതികൾക്ക് സർഗാത്മകത കൈയെത്തിപ്പിടിക്കാൻ വഴിയൊരുക്കുന്ന പ്രത്യേകത അതിനുള്ളിലുണ്ട്. പുതിയ ജീവിതാനു ഭവങ്ങളുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാൻ വായനാപ്രേമികളായ ആരാണ് ആഗ്രഹി ക്കാത്തത്? പുത്തൻ അനുഭവങ്ങൾക്കുവേണ്ടിയുള്ള മുറവിളി മലയാളിമനസ്സിന്റെ സ്വാഭാവികവും സഹജവുമായ അവസ്ഥയാണ്. പ്രാചീന കാലം‌മുതൽ കടലിന്റെ സമീപസ്ഥനിലയാൽ വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുള്ള സൗകര്യം ലഭിച്ചതാകാം ഇതിനുള്ള ഒരു കാരണം. ദേശം വിട്ടുപോകാനുള്ള അബോധപ്രേരണയും വ്യത്യസ്തമായ അനുഭവച്ചട്ടക്കൂടുകളിലേക്ക് പ്രവേശി ക്കാനുള്ള ചോദനയുടെ ഫലമായിരിക്കണം. ഫലത്തിൽ മലയാളികളുടെ പ്രവാസജീവിതവും പരിഭാഷകളോടുള്ള ആഭിമുഖ്യവും സാംസ്കാരികസ്വാംശീകരണത്തിനുള്ള പ്രചോദനവുമെല്ലാം  തായ്‌വേരു ഒന്നുതന്നെയായ സങ്കീർണ്ണമേഖലയാണ്.

          അധിനിവേശാനന്തര മനോഭാവത്തിന്റെ താരതമ്യമാണെങ്കിൽക്കൂടി, കുന്ദലതയെയും (1887) അതിന്റെ പൂർവഗാമികളായ ആഖ്യായികകളെയും ‘ലക്ഷണം യോജിക്കാത്ത’വയായി മാറ്റി വയ്ക്കാൻ മലയാളികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് അപൂർവമായ അനുഭവങ്ങളുടെ അഭാവ മാണെന്ന് വാദിക്കാവുന്നതേയുള്ളൂ. ഇതിവൃത്തസംവിധാനത്തിലെ വൈകല്യം, ഏകാഗ്രത യില്ലായ്മ തുടങ്ങിയുള്ള അക്കാദമിക്കായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഉള്ളടക്ക പരമായി ഇതിനൊരു മറുവശമുണ്ട്, തദ്ദേശീയമായ അനുഭവങ്ങൾ വായനാസമൂഹത്തിനുമുന്നിൽ ‘അന്യ’മായിത്തന്നെ നിലനിൽക്കും എന്നത്. പുല്ലേലിക്കുഞ്ചുവിനും (1860, 1882) സരസ്വതീവി ജയത്തിനും (1892) നോവൽപദവി കിട്ടാതിരുന്നതിനും ഷേക്സ്പിയർ നാടകമായ  The Comedy of Errors -ന്റെ വിവർത്തനമായ ‘ആൾമാറാട്ട’ത്തിനു (കല്ലൂർ ഉമ്മൻ ഫിലിപ്പോസ്, 1866) നാടകമെന്ന സ്ഥാനം തുടക്കത്തിൽ കിട്ടാതിരുന്നതിനും കാരണം അവയുടെ ചട്ടക്കൂടുകളുടെ ചിരപരിചിതത്വമാണ്. സംസ്കൃതസാഹിത്യഗണങ്ങളുടെ രൂപഘടനയിലേക്ക് അപരിചിതപ്രമേയങ്ങളെ മാറ്റിയെഴുതിയാലും നവീനമായ രൂപത്തിൽ പരിചിതങ്ങളായ പ്രമേ യങ്ങളെ തിരുകിക്കയറ്റിയാലും സംഭവിക്കുന്നത് പുതുമയോടുള്ള ഉദാസീനതയാവും.

          മറ്റൊരു ഉദാഹരണംകൂടി നോക്കാം. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വിവർത്തനം ചെയ്ത ‘അക്ബർ’ എന്ന നോവലിന്റെ സഞ്ചാരവഴികൾ അദ്ദേഹം പുസ്തകത്തിന്റെ അവതാരികയിൽ കുറിച്ചിട്ടുണ്ട്. ‘മഹാനുഭാവനായ ചക്രവർത്തിയുടെ സ്വഭാവത്തെയും  അദ്ദേഹ ത്തിന്റെ രാജധാനിയിലും രാജ്യത്തിലും ഉണ്ടായിരുന്ന അനേകവിധ പരിഷ്കാരങ്ങളെയും  ആ കാലത്തെ ജനങ്ങളുടെ സ്ഥിതിയെയും മറ്റും  സാമാന്യം സൂക്ഷ്മമായി വിവരിക്കണമെന്നാ യിരുന്നു,” രചയിതാവിന്റെ ഇംഗിതം എന്നദ്ദേഹം എഴുതുന്നു. ഡോ. പെട്രുസ് അബ്രഹാം സാമുവൽ വാൻ ലിംബർഗ് ബ്രോവർ നോവൽ രചിച്ചത് 1872-ൽ ഡച്ചു ഭാഷയിലാണ്. ലിന ഷ്ണൈഡർ 1877-ൽ അതു ജർമ്മനിലേക്ക് വിവർത്തനം ചെയ്തു. 1879-ൽ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകൃതമായി. അടുത്തവർഷം ഇംഗ്ലീഷ്‌പതിപ്പ് വായിച്ചു തീർത്ത്, അത്യധികം സന്തോഷത്തോടെ, ഇത് വിവർത്തനം ചെയ്യേണ്ട കൃതിയാണെന്നു പറഞ്ഞ്,  വിശാഖം തിരുന്നാൾ രാജാവ് കേരളവർമ്മയ്ക്ക് അയച്ചുകൊടുക്കുന്നു. നോവലിന്റെ പരിഭാഷ പൂർത്തിയാക്കാൻ കേരള വർമ്മ പന്ത്രണ്ടു വർഷമെടുത്തുവെന്ന് അവതാരികയിൽ കാണാം. ഇന്ത്യയിലെ ഒരു ചക്രവർത്തിയുടെ കഥ, പല സംസ്കാരങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും ഭാഷയിലൂടെയും കടന്നാണ് മലയാളത്തിലെത്തിയത്. അക്ബർ കഥയുടെ പ്രചാരത്തിനും നോവൽ വഴിയുള്ള ദേശാടനത്തിനും കൊളോണിയൽ ഭരണസംവിധാനത്തിനകത്ത് ഒരു സുവർണ്ണപാതയുണ്ടായിരുന്നു. ഏകഖണ്ഡമായ ഒരു ഭാരതവും അതിന് പ്രഭാവശാലിയും ജനസ്വീകാര്യനുമായ ഒരു ചക്രവർത്തിയും എന്ന പ്രലോഭിപ്പിക്കുന്ന ബിംബത്തിലേ ക്കെത്തുന്നതാണ് ആ പാത. നോവൽ കേരളവർമ്മയ്ക്ക് അയച്ചുകൊടുക്കുന്ന സമയത്ത് വിശാഖം തിരുന്നാൾ രാജാവ്, അക്ബറിന്റെ കാലത്ത് താൻ ജീവിച്ചിരുന്നില്ലല്ലോ എന്നും അദ്ദേഹത്തിന്റെ സന്നിധിയിൽ ഒരു ദിവസമെങ്കിലും കഴിച്ചുകൂട്ടാൻ കഴിഞ്ഞില്ലല്ലോ എന്നും ദുഃഖിക്കുന്നതായി കാണാം. 1894-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ പരിഭാഷ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു. സംസ്കൃതനിബിഡമായ സങ്കീർണ്ണശൈലി (കേരളവർമ്മയുടെ അഭിജ്ഞാനശാകുന്തളം പരിഭാഷയെപ്പറ്റിയും ഈ പരാതിയുണ്ട്) നോവലിന്റെ ആധുനിക സ്വഭാവത്തിൽനിന്നും അതിനെ അകറ്റിനിർത്തി. ആദ്യകാലത്തെ കുറച്ചു കോലാഹലങ്ങൾക്കു ശേഷം ഇന്ദുലേഖയ്ക്കു (1889) മുൻപുള്ള ആഖ്യായികകളെപ്പോലെ ദൃശ്യത കുറഞ്ഞാണ് നോവൽ സാഹിത്യചരിത്രത്തിൽ ‘അക്ബറി’ന്റെയും നില. അവ പിൽക്കാലത്ത് പുനർമൂല്യ വിചാരണ യ്ക്കായി കണ്ടെടുക്കപ്പെട്ടുവെങ്കിലും അക്ബറിനു അത്തരം പരിഗണനപോലും ലഭിച്ചില്ല.  മാറിയ രാഷ്ട്രീയസാഹചര്യമതിനൊരു കാരണമാണ്. കേരളവർമ്മയുടെ പരിഭാഷയിലെ സംസ്കൃത ബഹുലമായ ഭാഷയും രൂപപരമായ സാമ്പ്രദായികത്വവും പഴയ രാഷ്ട്രീയാവസ്ഥയുമായി ചേർന്നുനിൽക്കുന്നു എന്ന് വ്യാഖ്യാനിച്ചാലും ശരിയാകും.

          1948-ൽ അന്തർജ്ജന സമാജം അവതരിപ്പിച്ച ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിൽ പതിമൂന്നുകാരിയായ ദേവസേന “എന്നെ ബാധിക്കണ കാര്യത്തില് എന്റെ സമ്മതം നോക്യേ കഴിയൂ. ആർക്കെങ്കിലും പിടിച്ചു കൊടുക്കാനൊന്നും തരാവില്യാ. അകത്തേക്കല്ലാ, പുറത്തേക്ക്യന്ന്യാ പോണ്” എന്നും പറഞ്ഞ് ഇറങ്ങി പോകുന്ന ഒരു രംഗമുണ്ട്. ഇബ്സന്റെ പാവകൂടിലെ (ഡോൾസ് ഹൌസ് - 1898) നോറ നാടകാവസാനത്തിൽ ഇറങ്ങിപ്പോക്കു നടത്തുമ്പോൾ വലിച്ചടച്ച കതകിന്റെ ശബ്ദം യൂറോപ്പിനെ ഞെട്ടിച്ചതുപോലെ യൊന്നാണിതും. സ്ത്രീകൾമാത്രം അഭിനയിച്ച നാടകം എന്ന നിലയിലും സാമ്പത്തികവും തൊഴിൽപരവുമായ സ്ത്രീസ്വാശ്രയത്തെ അഭിസംബോധന ചെയ്തുവെന്ന നിലയിലും ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ നാടകത്തിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞത് പിൽക്കാലത്താണ്. നാടകത്തിന്റെ രചനയിൽ ഇബ്സന്റെ പാവക്കൂടിന്റെ പങ്കെന്താണെന്ന് വ്യക്തമല്ല. അതേസമയം മലയാളനാടകത്തിന്റെ പുനർവായനയിൽ നോർവീജിയൻ നാടകം ഒരു പൂർവപാഠമായി പുനർജ്ജനിക്കുന്നു എന്ന കാര്യം ഒരു വസ്തുതയായി നിലനിൽക്കുകയും ചെയ്യുന്നു. നേർരേഖയിൽമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല, അനുഭവങ്ങളുടെ പരിസരം. നേരിട്ടുള്ള കൈമാറ്റം സംഭവിക്കുന്നില്ലെങ്കിൽപോലും, കൃതികളുടെ കാലാന്തരവിചാരണകൾ ക്കുള്ള സാഹചര്യങ്ങളെ പാകപ്പെടുത്തുന്നതിൽ വിവർത്തനങ്ങൾക്ക് കാര്യമായ പങ്കുണ്ട്.

          സ്വർഗനരകങ്ങളുടെ പ്രസക്തി അപ്രത്യക്ഷമാവുകയും നശ്വരമായജീവിതം ആഹ്ലാദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നതിന്റെ ആവശ്യകതയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന ജീവിതാസക്തിയുടേ പൗരസ്ത്യകാവ്യമായി ‘റുബായിയാത്തി’നെ എഡ്വേഡ് ഫിറ്റ്സ് ജെറാ ഡ് പരിഭാഷപ്പെടുത്തി. ചങ്ങമ്പുഴയുടെയും (മദനോത്സവം) എം പി അപ്പന്റെയും (ജീവിതോ ത്സവം) ജി ശങ്കരക്കുറുപ്പിന്റെയും (വിലാസലഹരി) സർദാർ കെ എം പണിക്ക രുടെയും (രസിക രസായനം) തുടങ്ങി പതിനാലോളം വിവർത്തനങ്ങൾ മലയാളത്തിലുണ്ട്. എഡ്വേഡ് ഫിറ്റ്സ് ജെറാൾഡിന്റെ തർജ്ജിമ വഴി മലയാളത്തിലെത്തിയവയാണ് ഭൂരിഭാഗവും. ഭൌതികമായ ആഘോഷങ്ങൾ പാശ്ചാത്യസംസ്കാരത്തിന്റെമാത്രം കുത്തകയല്ലെന്ന കാര്യത്തിന് അവ ഊന്ന ൽ നൽകി. ‘റുബായിയാത്തിനെ സൂഫികാവ്യമായി വായിക്കുമ്പോഴുള്ള പാഠം വ്യത്യസ്തമാണ്. ജീവിതാഘോഷമല്ല, ആദ്ധ്യാത്മികമായ കാഴ്ചപ്പാടാണ് ആ കൃതിയിലുള്ളതെന്ന് ഡോ. ഉമ്മർ തറമേലിന്റെ റുബായിയാത്ത് പരിഭാഷ (2005) ബോധ്യപ്പെടുത്തുന്നു. ജീവിതാഘോഷം കലവറയില്ലാതെ നടത്തുന്നതെന്നു വിചാരിച്ചുപോന്ന കൃതിയ്ക്കുള്ളത് ആദ്ധ്യാത്മികമായ പശ്ചാത്തലമാണെന്ന് അറിയിക്കുന്നതും വിവർത്തനമാണ്.  

          നമ്മുടെ വിവർത്തനങ്ങളിൽ ഏറിയ പങ്കും കടന്നു വന്നത് ഇംഗ്ലീഷ് എന്ന വാതിലൂടെയാണ്. റുബായിയാത്തിന്റെ കാര്യത്തിൽ കണ്ടതുപോലെ കോളനീകൃത ഇംഗ്ലീഷിന്റെ ഭാഷാപരമായ ദല്ലാളിത്തം സാംസ്കാരികവിനിമയത്തിൽ നടത്തുന്ന സ്വാധീനം പ്രത്യക്ഷത്തിൽ പ്രകടമല്ലെങ്കിൽപോലും സൂക്ഷ്മാർത്ഥത്തിൽ നിരവധി ഇടപെടലുകൾ നടത്തിക്കൊണ്ട് ആശയങ്ങളുടെ സ്വതന്ത്രവിനിമയത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷിന്റെ ലോകക്കോയ്മയെ നിരാകരിക്കുന്ന, ആഫ്രിക്കൻ എഴുത്തുകാരൻ എൻഗൂഗി വാൻ തിയാംഗോയുടെ ‘മനസിന്റെ അപകോളനീകരണം’ (ഡീ കോളനൈസിംഗ് മൈൻഡ്, 1986) ഇംഗ്ലീഷിൽനിന്നുള്ള തർജ്ജിമയായാണ് നമ്മൾ വായിച്ചത്.  മറ്റു യൂറോപ്യൻ, ലാറ്റിനമേരി ക്കൻ, അറബിക് ഭാഷകളിലുള്ള രചനകളുടെ തർജ്ജിമകൾക്കും ഇടനിലയാണ് ഇംഗ്ലീഷ് എന്ന കാര്യം അധിനിവേശാനന്തര ചിന്തകളുടെ ശ്രദ്ധയാകർഷിച്ച സംഗതിയാണിത്. സംസ്കാരപഠനത്തിന്റെ വ്യാപനത്തോടെ സംസ്കാരങ്ങളുടെ ഉച്ചം-നീചം എന്ന സങ്കല്പത്തിന്റെ അർത്ഥരാഹിത്യം അക്കാദമിക് തലത്തിലെങ്കിലും ബോധ്യമായിട്ടുണ്ട്. എങ്കിലും അതിനു സാർവത്രികതയില്ലെന്നതിന്റെ തെളിവാണ് ഇടയ്ക്കിടയ്ക്ക് സാമൂഹികമാധ്യമങ്ങളിലും മറ്റും കയറിപ്പറ്റുന്ന ഇംഗ്ലീഷിൽ വായിച്ച വൈദേശികകൃതികളുടെ വാഴ്ത്തിപ്പാടലുകൾ. മലയാളത്തിൽ ഇംഗ്ലീഷിനെ ഉപേക്ഷിച്ച് അതതുഭാഷയിൽനിന്നു വിവർത്തനം ചെയ്യാനുള്ള പ്രവണതയ്ക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.    കെ സി പിള്ളയും വി എസ് ശർമ്മയും ചേർന്ന് വിവർത്തനം ചെയ്ത ഗീതാഞ്ജലിയുടെ പരിഭാഷ ബംഗാളിയിൽനിന്നാണ്. കയറും ഒരു ദേശത്തിന്റെ കഥയും ഉൾപ്പടെ മലയാളത്തിലെ പല പ്രസിദ്ധ കൃതികളും കന്നഡയിലേക്കും കന്നഡയിലെ ക്ലാസിക്കുകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്ത വ്യക്തിയാണ്, കെ കെ നായർ. അഭയദേവ്, ലീലാസർക്കാർ, കെ രവിവർമ്മ തുടങ്ങിയ വിവർത്തകർ ഇന്ത്യൻ കൃതികളെ അതതു ഭാഷകളിൽനിന്നു മലയാളത്തിൽ എത്തിച്ചു. ഫ്രാങ്ക് പാവ്‌ലോഫിന്റെ ‘തവിട്ടുനിറമുള്ള പ്രഭാതം’ എന്ന ആന്റിഫാസിസ്റ്റു കൃതി ഫ്രഞ്ചിൽനിന്നും ഇഷികാവ താകുബോകുവിന്റെഒരു പിടി മണൽ’ ന്ന കാവ്യം ജപ്പാനീസിൽനിന്നും നേരിട്ട് മലയാളത്തിലെത്തിയവയാണ്. ഹെർത്താ മുള്ളറും ആനി എർനോക്സും യഥാക്രമം ജർമ്മനിൽനിന്നും ഫ്രെഞ്ചിൽനിന്നും മലയാളത്തിലെത്തി. നോബൽപോലെയുള്ള രാഷ്ട്രാന്തരീയ പുരസ്കാരങ്ങൾ നേടുന്ന പുസ്തകങ്ങൾക്ക് കാലതാമസമില്ലാതെ പരിഭാഷകൾ പുറത്തിറങ്ങുന്ന സാംസ്കാരിക കാലാവസ്ഥയിൽ മൂലഭാഷയിൽനിന്നും നേരിട്ടുള്ള പരിഭാഷകൾക്ക് ഭാഷാപരമായും സാംസ്കാരികമായും പ്രാധാന്യം വളരെയുണ്ട്. ജെസിബി, ബുക്കർ പുരസ്കാരങ്ങൾ പരിഭാഷകരെ തുല്യപ്രാധാന്യത്തോടെ കണക്കിലെടുക്കാൻ തുടങ്ങിയത്, പുതിയ കൃതികൾക്ക് വിശാലമായ വായനപശ്ചാത്തല മൊരുക്കാൻ സഹായിച്ചുവെന്നു കരുതണം. മീശയും വല്ലിയും ഡെൽഹി ഗാഥകളും മുല്ലപ്പൂ നിറമുള്ള പകലുകളും കൂടുതൽ വായനക്കാരെ നേടിയത് ആ വഴിക്കാണ്.

          വിവർത്തനത്തിനു ഭാഷാപരമായിമാത്രമല്ല, ജൈവികവും സാംസ്കാരികവും സാമൂഹി കവും രാഷ്ട്രീയവും മൂല്യപരവുമായ തലങ്ങളുണ്ട്. അവ പ്രവർത്തിക്കുന്നത് ഒറ്റയ്ക്കൊറ്റയ്ക്കോ കൂട്ടാ യോ ആണ്. ആധുനികമായ അന്വേഷണങ്ങളും പഠനങ്ങളും വ്യാഖ്യാനശാസ്ത്രത്തെപ്പോലും വിവർത്തനത്തിന്റെ വിശാലമായ പരിധിയിൽ ഉൾപ്പെടുത്തുന്നു. വിവർത്തിതരചനയുടെ സ്വതന്ത്രമായ അസ്തിത്വം ലക്ഷ്യഭാഷയുടെ ഭൗതികവും ഭൗതികേതരവുമായ സാഹചര്യങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഒന്നാണ്. മനുഷ്യർ എന്ന ജീവിവർഗത്തിനും സഹജീവിവർഗങ്ങൾക്കും  അവയുടെ പരിസരങ്ങൾക്കും മൂല്യവത്തായ പ്രകാശം കൂടുതൽ നൽകിക്കൊണ്ട് ജ്ഞാനവിജ്ഞാ നങ്ങൾക്ക് സ്വതന്ത്രമാ സഞ്ചാരത്തിന് വഴിയൊരുക്കുന്ന പ്രവൃത്തിയാണ് വിവർത്തനങ്ങളുടേത്. അക്കാദമികമായി സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടെങ്കിലും, പര്യായമായി പരിഭാഷയെന്നും തർജ്ജിമയെന്നും മൊഴിമാറ്റമെന്നും അനുവർത്തനമെന്നും പറഞ്ഞുപോരുന്ന ഭാഷാന്തരണപ്രക്രിയയുടെ രൂപപരമായ പരിണാമങ്ങളാണ് സ്വതന്ത്രവിവർത്തവും ഏകദേ വിവർത്തനവും വാചാവിവർത്തനവും ആശയാനുവാദവും അന്തഃവാചികവുമെല്ലാം. പേരുകൾ പലതാണെങ്കിലും ലക്ഷ്യം വിശാലാർത്ഥത്തിലുള്ള മൂല്യവിനിമയവുമാണ്.

ഏറുമാടം, ജനുവരി 2026