January 12, 2026

മരണം വന്നു വിളിക്കുമ്പോൾ

 




 

          മരണപത്രങ്ങളെഴുതുക എന്ന പതിവ് ലോകത്തെല്ലായിടത്തുമുണ്ടെങ്കിലും മരണത്തി നു മുൻപ് കവിതയെഴുതുക എന്ന രീതി സംസ്കാരവും ആചാരവുമായി മാറിയത് പ്രധാനമായും ജപ്പാനിലാണ്. ജിസേ (Jisei) എന്ന ഒരു കാവ്യവിഭാഗത്തിനു അതു രൂപം നൽകി. കാൻഷി, വാകാ, ഹൈക്കു ഈ മൂന്നു രൂപത്തിലും മരണകവിതകൾ (ജിസേ) രചിക്കാറുണ്ട്. ചൈനീസ് കവിതകളെ ജപ്പാനിൽ വിളിക്കുന്ന പേരാണ് കാൻഷി (Kanshi). വാക (Waka) എന്നറിയപ്പെടുന്നത് ജാപ്പാനീസിൽ എഴുതുന്ന കവിതകളാണ്. ഇതിനു പുറമേ മൂന്നുവരികളുള്ള ഹ്രസ്വകവിതകളായ ഹൈക്കുവുമുണ്ട്. മലയാളത്തിൽ മറ്റു ജപ്പാനീസ് കവിതാമാതൃകകളേക്കാൾ ഏറെ പരിചിതമാണ് ഹൈക്കു കവിതകൾ.  കിഴക്കൻ ഏഷ്യയുടെ ജനജീവിതത്തിന് ബുദ്ധമതവുമായുള്ള അടുത്തബന്ധമാണ് മരണകവിതയെന്ന ശീലത്തെ ആചാരപരമായി നിലനിർത്തിയതെന്ന് കരുതാം. വിവിധ നിലയിലുള്ള തെങ്കിലും ബുദ്ധമതവിശ്വാസത്തിനു പ്രാധാന്യമുള്ള ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം ദേശങ്ങളിലെല്ലാം മരണകവിതയെന്ന ആശയവും ഏറിയോ കുറഞ്ഞോ പ്രചരിച്ചിട്ടുണ്ട്. കൊറിയയിലെ സെൻ കവിയായ ത്ഈഗോയുടെ (1301-1381) ‘മരണശയ്യയിൽ’ എന്ന കവിത സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

“ജീവിതം കുമിളപോലെയാണ്

എൺപതുവർഷം, ഒരു വസന്തസ്വപ്നം.

ഇനി ഞാൻ ഈ തോൽസഞ്ചി വലിച്ചെറിയും.

ചുകന്ന ഒരു സൂര്യൻ പടിഞ്ഞാറൻ

കൊടുമുടിയിൽ താഴുന്നു.” 

 

          വിയറ്റ്നാമിൽ സ്ഥാനഭ്രഷ്ടനായ ചക്രവർത്തി ട്രാൻ ഫേ ദെ -യെ തൂക്കിക്കൊല യിൽനിന്ന് രക്ഷിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് വധശിക്ഷയ്ക്കു വിധേയ നായ ലൂ തുവോങ് (13451388) മരണത്തിനു തൊട്ടു മുൻപെഴുതിയ കവിതയാണ് താഴെ യുള്ളത്. അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വസ്തതയും നീതിബോധവും കവിത പ്രതിഫലി പ്പിക്കുന്നു. കൊട്ടാരം രേഖകളിൽതന്നെ ഇതും സൂക്ഷിച്ചുവച്ചിരുന്നു.

 

നാല്പത്തിമൂന്നാം വയസ്സിൽ ഈ ശരീരം നശിച്ചാലും,

വിശ്വസ്തനും നീതിമാനുമായി ഞാൻ സന്തോഷത്തോടെ മരണത്തെ നേരിടും.

നീതി ഉയർത്തിപ്പിടിച്ചതുകൊണ്ട് ജീവിതത്തിൽ എനിക്ക് ഖേദമില്ല,

എന്റെ ശരീരം സമതലങ്ങളിൽ വെറുതെ കിടന്നതുകൊണ്ട് എന്താണ് കുഴപ്പം?

          ജപ്പാനിലെ സെൻ ഗുരുക്കന്മാരുടെ മരണകവിതകളിൽനിന്ന് വ്യത്യാസമൊന്നും ഈ കവിതയ്ക്കില്ല. എന്നുവച്ചാൽ മരണമെന്ന പ്രതിഭാസത്തോടുള്ള പ്രതികരണരീതിയ്ക്ക് സാംസ്കാ രികമായ അടിത്തറയുണ്ടെന്നാണതിനർത്ഥം. സമൂഹമെന്നനിലയിൽ പ്രത്യേകതര ത്തിലു ള്ള കാവ്യസങ്കേതത്തിന്റെ ദേശാന്തരവ്യാപ്തിയ്ക്ക് മതപരമായ ബോധോദയങ്ങളുടെ കാഴ്ചവട്ട ങ്ങളും കാരണമാണോ എന്ന് അന്വേഷിക്കാൻ  കൊറിയൻ കവിതയും വിയറ്റ്നാമിലെ കവിതയും ഓരോ ഉപാധികളാണ്. മരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബുദ്ധമതം സദാ ബോധനിരതമായിരുന്നു. ലൗകികമായ ആനന്ദങ്ങളും വിഹ്വലതകളും ഒന്നു മല്ലാതായിത്തീ രുന്നത് മൃത്യുവെന്ന മഹായാഥാർത്ഥ്യത്തിന്റെ സാന്നിദ്ധ്യത്തിലാണ്. ഈ അവബോധമാണ് മരണകവിതകളുടെ അടിയൊഴുക്ക്. രണ്ടാമത്തെ കാര്യം മരിച്ചവ്യക്തിയെക്കുറിച്ചുള്ള ജൈവി കമായ സ്മാരകമായി അവരുടെ അവസാന കുറിപ്പ് സംസാരിച്ചുകൊണ്ടേയിരിക്കുമെന്നുള്ള താണ്. ഓർമ്മയെ വിലപ്പെട്ട മൂല്യമായി കരുതുന്ന ഒരു സംസ്കാരത്തിനത് പ്രധാനമാണ്.  ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച വ്യക്തിയുടെ അന്തിമമായ വിചാരങ്ങൾ, ജീവി താനുഭവങ്ങൾ, ജീവിതസാക്ഷാത്കാരം എന്നിവ, അനുഭവം പങ്കുവയ്ക്കൽ എന്ന നിലയിൽ തനിക്കുശേഷമുള്ള ലോകത്തിനു നൽകിയിട്ടു യാത്രയാവുക എന്ന പ്രതിബദ്ധതയാണതിനു പിന്നിൽ. ആധുനികകാലത്തുപോലും ആളുകൾ അതനുഷ്ഠിച്ചുവന്നു. ‘പക്ഷിയുടെ ചിറകിൽ തങ്ങിയ പ്രകാശമാണ് മനുഷ്യന്റെ ജീവിത’മെന്ന അർത്ഥത്തിൽ മിഷിമ യുക്കിയോ (1970) എഴുതിയ വിടപറയൽ വരികൾ ഉദാഹരണം. മൂന്നുതവന നോബൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ട എഴുത്തുകാരനായിരുന്നു നല്പത്തിയഞ്ചാമത്തെ വയസ്സിൽ വയറുകീറി ആത്മഹത്യചെയ്ത മിഷിമ.  തത്ത്വചിന്താവിദ്യാർത്ഥിയും കവിയുമായ മിസാവോ ഫ്യൂജിമുറ (1886-1903) കെഗോൺ വെള്ളച്ചാട്ടത്തിൽ ചാടി മരിക്കുന്നതിനുമുൻപ് പേപ്പറിലല്ല, അവിടെ നിന്നിരുന്ന മരത്തിന്റെ തടിയിലാണ് അന്ത്യകവിത എഴുതിവച്ചത്.

“എനിക്കൊരു ഉത്കണ്ഠയുമില്ല,

അത് ആദ്യമായി ഞാൻ തിരിച്ചറിയുന്നു.

വലിയ വിഷാദം,

വലിയ ശുഭാപ്തിയല്ലാതെ മറ്റൊന്നുമല്ല.

 

          ഈ കവിത അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. പലപ്പോഴും കവിതതന്നെ വേണ മെന്നില്ല അന്ത്യസന്ദേശത്തിന്. 1992-ൽ ടോക്യോയിലെ ഉയർന്ന അപാർട്ട്മെന്റിന്റെ മുകളിൽനിന്ന് ചാടി മരിച്ച, ‘മാൻഗാ’ (Manga) കലാകാരിയായ യമാഡ ഹനാകോയുടെ (1967-1992) മരണരചന, തൊട്ടു മുൻപ്  അതേ സംഗതിയെ പൂർവദർശനം ചെയ്തു വരച്ച ഒരു കാർട്ടൂണാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ജപ്പാനിൽ പ്രചാര ത്തിലായ കോമിക്സ്, കാർട്ടൂൺരീതിയാണ് മാൻഗാ എന്നറിയപ്പെടുന്നത്. ജാപ്പനീസ് ഗ്രാഫിക് നോവലുകളും ഇതേ പേരിലാണ് പ്രചരിച്ചത്. ‘ജപ്പാൻ അണ്ടർ ഗ്രൗണ്ട് കോമിക്സി’ ൽ യമാഡ വരയ്ക്കുകയും എഴുതുകയും ചെയ്തിരുന്നു. മരണാഭിമുഖമായ മനോഭാവത്തെ രാഷ്ട്രീയ മായി ഉപയോഗപ്പെടുത്തി ജപ്പാൻ സാധിച്ചെടുത്തതാണ് യുദ്ധകാലത്തെ ചെറുപ്പക്കാരുടെ ആത്മഹത്യാസ്ക്വാഡുകൾ. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ജപ്പാൻ ആസൂ ത്രണം ചെയ്തു നടപ്പാക്കിയ ‘കൈറ്റൻ ആത്മഹത്യാ നാവിക സംഘ’ത്തിലെ കുരോക്കി ഹിരോഷിയുടെ മരണകവിത വളരെ പ്രസിദ്ധമാണ്. 1944 സെപ്റ്റംബർ 7 –ന് കൂടെയു ണ്ടായിരുന്ന ല്യൂട്ടനന്റിനൊപ്പം കരോക്കിയും മരിച്ചു. അതിനു മുൻപ് അദ്ദേഹം എഴുതി :

ഞാൻ ഒരു ആൺകുട്ടിയാണെങ്കിൽപോലും,

അതല്ല എന്റെ സ്വപ്നം.

എന്റെ സ്വപ്നം നശിച്ചാലും,

ഞാൻ ജപ്പാന്റെ ആത്മാവിനെ നിലനിർത്തും.

തന്റെ രാജ്യത്തെ കുറിച്ച് ചിന്തിച്ച് മരിക്കാൻ കഴിയാത്ത മസയോഷി,

തന്റെ സുഹൃത്തുക്കളെ വിളിച്ചുകൊണ്ട് മരിക്കും.”

          ജപ്പാനിലെ സെൻ ഗുരുക്കന്മാരും ഹൈക്കു കവികളും എഴുതിയ മരണകവിതകളെ ഇസ്രയേലിലെ ഹൈഫ സർവകലാശാലയിൽ ജപ്പാനിലെ കവിതകളും ബുദ്ധമതവും പഠിപ്പിച്ചിരുന്ന പ്രൊഫസർ യോൽ ഹോഫ്മാൻ സമാഹരിച്ചിട്ടുണ്ട്. (Japanese Death Poems Written by Zen monks and haiku Poets on the Verge of Death, Tuttle, 1986) അതിൽനിന്നുള്ള നാല് ഹൈക്കുകവികളുടെ മരണകവിതകൾ താഴെ കൊടുക്കുന്നു.

 

അകി നോ ബോ

(മരണം 1718)

 

പുതുവത്സരത്തിന്റെ

നാലാം നാൾ
എത്ര നല്ല ദിവസമാണ്

ഈ ലോകം വിട്ടുപോകാൻ!

 

          ജപ്പാന്റെ പരമ്പരാഗത കലണ്ടറിൽ നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ട്. സൗഭാഗ്യ ദിനങ്ങളിൽ ചടങ്ങുകളും പരിപാടികളും നടത്തുകയും, അശുഭദിവസങ്ങളിൽ പ്രധാനപ്പെട്ട ആഘോ ഷങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഈ പതിവ്  ഇന്നും ഒരു പരിധിവരെ തുടർന്നു വരുന്നുണ്ട്. പുതുവർഷത്തിന്റെ ആദ്യ മുന്നു ദിവസങ്ങൾ നല്ല ദിവസങ്ങളാണ് ജപ്പാനിൽ. നാലാം ദിവസം പുതു വത്സരാഘോഷങ്ങൾ അവസാനിപ്പിക്കുന്നു. സൗഭാഗ്യവും അതോടെ അവസാനിക്കുന്നു.

          ആദ്യ മാസത്തിലെ നാലാം ദിവസമാണ് അകി നോ ബോ മരിക്കുന്നത്. അന്നേദിവസം അദ്ദേഹം അടുത്ത കൂട്ടുകാരനും കവിയുമായ റിറ്റോയെ സന്ദർശിച്ചു. ആചാരത്തിന്റെ ഭാഗമായി കമഴ്ന്നു കിടന്നുകൊണ്ട് റിറ്റോയുമായി സംസാരിച്ചു. ‘ഓരോ ദിവസം ഒരു കവിതവച്ച് എന്ന മട്ടിൽ ഒരു കലണ്ടർ ഉണ്ടാക്കിയിട്ടുണ്ടെന്ന് പല കാര്യങ്ങൾ സംസാരിച്ചകൂട്ടത്തിൽ അദ്ദേഹം കൂട്ടുകാരനെ അറിയിച്ചു. ‘ഈ ലോകത്തുനിന്ന് യാത്രയാവാൻ നാലാം ദിവസമല്ലാതെ മറ്റൊരു നല്ല ദിവസമി ല്ലെന്ന’ വരി ചൊല്ലിയ ഉടൻ അദ്ദേഹം മരിച്ചു വീണു. അദ്ഭുതത്തോടെ റിറ്റോ ചിന്തിച്ചത് എപ്പോഴും സ്വയം മറന്നു ജീവിക്കുകയും അതുപോലെതന്നെ ഇപ്പോൾ മരിക്കുകയും ചെയ്ത അകി നോ ബോയെ പ്പറ്റിയാണ്. ആരാധനയും ദുഃഖവുംകൊണ്ട് ഒഴുകുന്ന കണ്ണുകളോടെ റിറ്റോയും ഒരു കവിത എഴുതി :

അയാൾ ഉറങ്ങുന്നതുപോലെ കിടന്നു

എന്നിട്ട് വഴുതിക്കളഞ്ഞു

 

          കുടുംബമില്ലാതെ സന്ന്യാസജീവിതം നയിച്ച കൂട്ടുകാരനുവേണ്ടി റിറ്റോ ആചാരങ്ങൾ പാലിച്ചുകൊണ്ടും ആർഭാടമായും ഉചിതമായ സംസ്കാരം നടത്തി.

          യോൽ ഹോഫ്മാൻ ഈ കഥയുടെ ആധികാരികത സംശയാസ്പദമാണ് എന്നു പറയുന്നു. കാരണം മുകളിൽ പറഞ്ഞ മരണകവിത അകിനോ ബോയുടെ മരണത്തിനും 7 വർഷം മുൻപ് കവി റ്യോട്ടോ എഴുതിയതാണ്. എങ്കിലും ഉറവിടം വിശ്വസനീയമായതുകൊണ്ട്, കവി പറഞ്ഞതുപോലെ തന്നെയാവണം സംഭവിച്ചത്. സമകാലികനായ റ്യോട്ടോയിൽനിന്ന് തന്റെ മരണകവിത അകി നോ ബോ കടമെടുത്തതായിരിക്കാൻ സാധ്യതയുണ്ട്. അകി നോ ബോ, സമുറായി വർഗത്തിൽ ജനിച്ച് പിന്നീട് സന്ന്യാസിയായി മാറിയ വ്യക്തിയാണ്. കാനസാവയിലെ ക്ഷേത്രപരിസരത്ത് സ്വയം കെട്ടിയുണ്ടാക്കിയ കുടിലിൽ അദ്ദേഹം കഴിഞ്ഞു.  അദ്ദേഹത്തിന്റെ താമസസ്ഥലത്തെ,  മഞ്ഞുകാലത്തെ സൂര്യന്റെ കുടിൽ എന്ന അർത്ഥത്തിൽ ‘ഷുജിറ്റ്സു’ എന്ന് ആളുകൾ വിളിച്ചു.   അകി നോ ബോയുടേ അർത്ഥം ‘മഞ്ഞുകാലത്തെ സന്ന്യാസി’യെന്നാണ്. ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടിയിരുന്ന അകി നോ ബോ തണുപ്പുകാലത്ത് കൽക്കരി കഷണങ്ങൾ കടം വാങ്ങിയാണത്രേ ചൂടൂ കാഞ്ഞിരുന്നത്.

          ഹൈക്കു കവിതകളുടെ ആചാര്യനായ ബാഷോയെ രണ്ടു പ്രാവശ്യം അകി നോ ബോ കണ്ടിരുന്നു. 1689-ലും 1690-ലും. ആദ്യകൂടിക്കാഴ്ചയിൽ രണ്ടുപേരും ഒരക്ഷരം ഉരിയാടാതെ കുറേനേരം ഇരുന്നു. രണ്ടാമതു കണ്ടപ്പോൾ അകിനോയ്ക്ക്,  ബാഷോ ഒരു കവിത സമർപ്പിച്ചു.

‘അവൻ ഉടൻ വിട പറയുമെന്ന്

ചീവീടിന്റെ പാട്ടിൽ

ഒരു സൂചനയുമില്ല’

 

ഹമാനോ ഹാചിരോ

(1830 - 1868)

 

വടക്കുമാത്രം

മിന്നൽ വെട്ടുന്നു

മേഘങ്ങൾ ചന്ദ്രനെ മൂടുന്നു

 

          1603 മുതൽ 1868 വരെ ജപ്പാനിലെ സൈനിക സ്വേച്ഛാധിപതികളായിരുന്നു ടോക്കുഗാവ ഷോഗണുകൾ. പരാമ്പര്യമായി ഭരണവകാശം കൈവശം വച്ച പട്ടാള ഏകാധിപതികളാണ് ഷോഗണുകൾ.  ടോക്കുഗാവ ഇയാസുവാണ് ടോക്കുഗാവാ ഷോഗൺ സ്ഥാപിച്ചത്. ആഭ്യന്തരകലഹങ്ങളെ അടിച്ചമർത്തി ലെയ്ക്കാസു രാജ്യത്തെ ഏകീകരിച്ചു. കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സമാധാനം കൊണ്ടുവന്നു. ഈ കാലം എഡോ/ ടോക്കുഗാവ പിരീഡ് എന്നാണറിയപ്പെടുന്നത്. ഇപ്പോൾ ടോക്യോ എന്നറിയപ്പെടുന്ന എഡോയെ കേന്ദ്രമാക്കിയാണ് ടോക്കുഗാവകൾ ഭരണനിർവഹണം നടത്തിയിരുന്നത്. സാമ്പത്തിക വളർച്ച, നഗര വികസനം, ഉകിയോ-ഇ പോലുള്ള കലകളുടെ അഭിവൃദ്ധി ഇവയെല്ലാം ആ കാലഘട്ടത്തിന്റെ നേട്ടങ്ങളാണ്. 1868-ൽ ടോക്കുഗാവമാരുടെ ഭരണത്തെ അട്ടിമറിച്ചുകൊണ്ടുള്ള വിപ്ലവത്തെ തുടർന്ന്, വീണ്ടും പരമോന്നത സ്ഥാനീയനായി ചക്രവർത്തിസ്ഥാനം സ്ഥാപിക്കപ്പെട്ടു. പ്രബുദ്ധമായ ഭരണം’ എന്ന അർത്ഥമുള്ള മെയ്ജി എന്ന പേരാണ് ചക്രവർത്തി സ്വീകരിച്ചത്. മെയിജി പുനഃസ്ഥാപനം (Meiji Restoration) എന്ന പേരിൽ അറിയപ്പെടുന്നത് ഈ സംഭവമാണ്. മെയ്ജി പുനഃസ്ഥാപ നത്തിന്റെ ഭാഗമായി പുതിയ രാഷ്ട്രീയ സാമൂഹികക്രമം ഉടലെടുത്തു. കുടികിടപ്പുകാരുടെ അനേകം സേനകൾ തോക്കുഗാവയുടെ പട്ടാളഭരണത്തെ വെല്ലുവിളിക്കുകയും അദ്ദേഹത്തെ കീഴടങ്ങാൻ നിർബന്ധിതനാക്കുകയും തലസ്ഥാനമായ എഡോയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. പട്ടാളഭരണപ്രവിശ്യയിലെ വലിയൊരു വിഭാഗം സൈന്യവും കീഴടങ്ങി. എന്നാൽ കപ്പൽപ്പട ഹൊക്കൈഡോ ദ്വീപിലേക്ക് പിൻവാങ്ങിയിരുന്നു. അവർ പഴയ ഭരണകൂടത്തെ പിന്തുണ ച്ചുകൊണ്ട് 1869-ൽ പുതിയ ഭരണകൂടം വരുന്നതുവരെ പ്രതിരോധം തുടർന്നുവന്നു. പഴയ ഭരണകൂടത്തെ പിൻതാങ്ങിയിരുന്ന ഹാച്ചിറോ ഹൊക്കൈഡോയിലെ ഷോഗണിന്റെ സൈന്യത്തോടൊപ്പം  ചേരാൻ ശ്രമിച്ചെങ്കിലും ആളുകൾ പിടികൂടി ജയിലിലടച്ചു, അവിടെവച്ചാ യിരുന്നു അദ്ദേഹത്തിന്റെ മരണം. മുപ്പത്തിയെട്ടാമത്തെ വയസ്സിൽ.

          കവിതയിലെ ‘വടക്കൻ പ്രദേശത്തെ മിന്നൽ’ വേനൽക്കാലബിംബംമാത്രമല്ല. ജപ്പാന്റെ വടക്കൻ പ്രദേശത്തുള്ള പഴയഭരണകൂട പിൻതുണക്കാർ പണിത കടൽഭിത്തിയെപ്പറ്റിയുള്ള സൂചന യാണ്.

ദൈബായ്

(1771 - 1841)

 

          ചൈനീസ് സാഹിത്യത്തിലും  പാണ്ഡിത്യമുണ്ടായിരുന്ന, പ്രസിദ്ധനായ ഹൈക്കു കവിയായിരുന്നു ദൈബായ്. സമയം മുഴുവൻ അദ്ദേഹം ഹൈക്കുവിനായി നീക്കിവച്ചു. കൂടെയുണ്ടായിരുന്നവർ പരാതി പറഞ്ഞു - 

ഒന്നിച്ചു പഠിച്ചവരിൽ ഒരാൾ ക്യോകഎഴുത്തുകാരനായും മറ്റൊരാൾ ജനപ്രിയപ്രണയ കഥകളുടെ എഴുത്തുകാരനായും മാറിയിരിക്കുന്നു. ദൈബായ്, നിങ്ങൾ ഇപ്പോൾ ഹൈക്കു കവിയാകാൻ പോവുകയാണോ?”

ദൈബായ് കവിതയിലൂടെയാണ് വിമർശകർക്ക് മറുപടി നൽകിയത്.

ആറ്റുണ്ട മീനിനെ തിന്നാത്തവർക്ക്

അതിന്റെ രസം പറഞ്ഞു കൊടുക്കുന്നതെങ്ങനെ?

          ആറ്റുണ്ട (ഫുഗു) വിഷമുള്ളതും എന്നാൽ ജപ്പാനിലെ സ്വാദിഷ്ടമായ വിഭവവുമാണ്. പാകം ചെയ്യാൻ പ്രത്യേക സാമർത്ഥ്യം ആവശ്യമാണ്. മത്സ്യശരീരത്തിലെ വിഷം കൃത്യ മായി നീക്കം ചെയ്തില്ലെങ്കിൽ അത് മരണത്തിനു കാരണമാകും.

ദൈബായുടെ മരണകവിത ഇതാണ് :

എന്റെ എഴുപതു വർഷം-

കരിഞ്ഞുണങ്ങിയ ആറ്റുവഞ്ചിയുടെ വാലും

അതിനു ചുറ്റും പൂത്തുലഞ്ഞ ഐറിസും

 

          എഴുപതാമത്തെ വയസ്സിൽ ഒരു വേനൽക്കാലത്ത് ദൈബായ് മരിച്ചു. അത് ഐറിസ് (അയമെ) ചെടികൾ പൂവിടുന്ന ഋതുവാണ്.  സ്വന്തം വാർദ്ധക്യത്തെ അദ്ദേഹം ഉണങ്ങിയ ആറ്റുവഞ്ചിയോട് (കരിയൊബാന) ഉപമിക്കുന്നു. ആറ്റുവഞ്ചികൾ ശൈത്യകാലത്താണ് ഉണങ്ങിപോകാറു പതിവുണ്ട്.  പാടത്തും കുന്നിഞ്ചരിവുകളിലും മുപ്പതുമുതൽ അമ്പതുവരെ സെന്റിമീറ്റർ പൊക്കത്തിൽ വളരുന്ന ചെടിയാണ് ഐറിസ്. വീതികുറഞ്ഞ് നീണ്ടതാണ് ഇതിന്റെ ഇലകൾ. പൂക്കൾക്ക് ചോരനിറമാണ്. ഇതളുകളുടെ അടിഭാഗം മഞ്ഞയായിരിക്കും. ജപ്പാൻ സമതലങ്ങളിൽ വളരുന്ന പുൽച്ചെടികൾക്കുള്ള പേരാണ് ഒബാനാ (കോഴിവാലൻ ചെടി). ഇവയ്ക്ക് സുസുക്കിയെന്നും പറയാറുണ്ട്. മൃഗങ്ങളുടെ രോമം നിറഞ്ഞ വാലിനോട് സാമ്യമുള്ള ഈ ചെടി ജപ്പാനിലെ കുന്നുകളിലും വയലുകളിലും വളരുന്നു. മേൽക്കൂരകൾ, ചാക്കുകൾ, ചൂലുകൾ, പായകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും പനി ശമിപ്പിക്കുന്ന മരുന്ന്  നിർമ്മിക്കാനും ഒബാന ഉപയോഗിക്കുന്നു.

എൻ‌റിയോ

(1800 - 1855)

 

ശിശിരകാലജലം

ഈ ലോകത്തിൽ

എന്നെ

ലഹരിയിൽനിന്നുമുണർത്തുന്നു.

 

          മരണാസന്നർക്ക് വെള്ളം കൊടുക്കുന്ന ചടങ്ങുണ്ട് ജപ്പാനിൽ. ഷിനിമിസുഎന്ന വാക്കിനു മരണജലം എന്നാണർത്ഥം. മരിക്കാൻ കിടക്കുന്ന ആളിന്റെ വരണ്ട ചുണ്ടുകൾക്ക് ആശ്വാസം നൽകുകമാത്രമല്ല ചടങ്ങിന്റെ ലക്ഷ്യം, അടുത്ത കൂട്ടുകാരനോ ബന്ധുവോ ആണ് വെള്ളം കൊടുക്കുന്നത്. പ്രത്യേക സ്ഥലത്തുനിന്നായിരിക്കും വെള്ളം കൊണ്ടുവരുന്നത്. മരി ക്കുന്ന ആളിന്റെ ആത്മാവിനെ, അയാൾ വിട്ടു പോകാൻ ശ്രമിക്കുന്ന ലോകവുമായി വെള്ളം ബന്ധിപ്പിക്കും എന്ന വിശ്വാസത്തിൽനിന്നാവാം ഈ പുരാതന ആചാരം ആരംഭിച്ചത്.

          എൻ‌റിയോയുടെ കവിതയിൽ ഈ ലോകത്തിലെ അവസാന ജലം, ശിശിരകാല ത്തെ വെള്ളമാണ്. കവി അൻപത്തിയഞ്ചാമത്തെ വയസ്സിൽ, ശിശിരകാലത്തിന്റെ തുടക്കത്തിൽ മരിച്ചു. മരിക്കുന്ന വ്യക്തിയെ ജീവിതത്തിന്റെ ലഹരിയിൽനിന്ന് ഉണർത്തു കയും അസ്തിത്വത്തിന്റെ മിഥ്യാധാരണകളിൽനിന്ന് അയാളെ മോചിപ്പിക്കുകയും ചെയ്യുന്നു എന്ന വിശേഷാർത്ഥത്തിലാണ് കവിതയിൽ ജലം എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്നത്.

 റീഡേഴ്സ് ഫോക്കസ് മാഗസീൻ, 2026 ജനുവരി

No comments: