January 20, 2026

മനുഷ്യരുടെ കഥകൾക്കുളിലെ മൃഗങ്ങളുടെ ജീവിതം



    നഷ്ടപ്പെട്ടുപോയ കാർഷികപ്രഭാവത്തെക്കുറിച്ചുള്ള ഗൃഹാതുരമായ വേദന, ലളിതാംബിക അന്തർജ്ജനത്തിന്റെയും പൊൻകുന്നം വർക്കിയുടെയും കഥകളിലെ മൃഗസ്നേഹത്തിനു അടിയൊഴുക്കായി ഉണ്ടായിരുന്നു. ശബ്ദിക്കുന്ന കലപ്പപോലെ, ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവങ്ങൾ നിറഞ്ഞ നമ്മുടെ നവോത്ഥാനകാല കഥകൾ പരിഭാഷയിലൂടെ വിദേശീയർക്കുപോലും സ്വീകാര്യമായിത്തീർന്നതിന്റെ കാരണം വിശകലനം ചെയ്തുകൊണ്ട് വി രാജകൃഷ്ണൻ  മനുഷ്യരും ജന്തുക്കളും തമ്മിലുള്ള അടുപ്പം എന്ന പ്രമേയത്തിന്റെ സാർവലൗകികതയിലാണ് ആ കഥകളുടെ വിജയം കുടികൊള്ളുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (കലപ്പയുടെ പാട്ട്) സാംസ്കാരികമായ അടരുവ്യത്യാസങ്ങൾ അവയിൽ  പ്രവർത്തിക്കുന്നത് സൂക്ഷ്മതലത്തിൽമാത്രം ശ്രദ്ധിച്ചാൽ വെളിപ്പെടുന്ന സംഗതിയാണ്. തൊഴിലുമായി ബന്ധപ്പെട്ട വർഗബോധത്തിന്റെ പ്രതിനിധാനങ്ങൾകൂടിയായിരുന്നു യഥാതഥാവിഷ്കാരങ്ങളിലെ മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധം. തങ്ങളേക്കാൾ എളിയ നിലയിലുള്ളവയും ഒരിക്കൽ ജീവിതായോധനത്തിനു ഉതകിയവയുമായുള്ള ആത്മബന്ധങ്ങൾ, ഊഷ്മളമായ സമസൃഷ്ടിസ്നേഹത്തിന്റെയും സാഹോദര്യത്തിൽ പുലരുന്ന സമത്വാകാംക്ഷകളുടെയും വിഭാവനകളും ആയിരുന്നു. 

ഭൂതകാല കാർഷികജീവിതത്തിന്റെ അവശിഷ്ടങ്ങളായി ഓർമ്മയിൽ കൂടെയുണ്ടായിരുന്ന മൃഗങ്ങൾ ആധുനികതയുടെയും നഗരജീവിതത്തിന്റെയും ഒറ്റപ്പെട്ട ജീവിതാവസ്ഥകളിൽ രൂപകാവസ്ഥയിലേക്ക്  കളം മാറ്റി. കൊച്ചുബാവയുടെ ‘കാള’യിൽ, എയിഡ്സ് എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ, വഴിവിട്ട പുരുഷജീവിതത്തിന്റെ പ്രതിമൂർത്തിയാണ് കാള. ശീർഷകത്തിലല്ലാതെ മറ്റെവിടെയും വായനക്കാരതിനെ നേരിട്ടു കാണുന്നില്ല. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റി’ലെത്തുമ്പോൾ നാടിനെ വിറപ്പിച്ചുകൊണ്ട് ഇറങ്ങിയോടുന്ന പോത്ത് മൂർത്തവാസ്തവമാണെങ്കിലും, അതിനു കഥയിൽ സമാന്തരമായി സൂചകാർത്ഥങ്ങൾകൂടി കൈവന്നിരുന്നു. മനുഷ്യന്റെയും മൃഗത്തിന്റെയും ജീവിതങ്ങൾക്കുള്ള സമാനതയും വിധിയുമാണ് ഇര, വേട്ട തുടങ്ങിയ പ്രമേയങ്ങളുള്ള ആധുനികകാലത്തെ കഥകളെ നാടകീയമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ലൈംഗികമായ അഴിഞ്ഞാട്ടങ്ങളുടെയും സ്ഥിതിയതാണ്. 

 മനുഷ്യരുടെ ജീവിതസംഘർഷങ്ങളെ സഹവാസികളാ‍യ മൃഗങ്ങളുടെ ഭാവലോകവുമായി ചേർത്തവതരിപ്പിക്കുന്ന,  ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘നട്ടപ്പാതിര’ (28:1449) മലയാള ചെറുകഥയിലെ മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെ, അതിന്റെ കാലികമായ തുടർച്ചയിൽ പിന്തുടരുന്ന രചനയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതത്തിനുമാത്രമല്ല ഭാവങ്ങൾക്കുപോലും കഥയിൽ സമാന്തരതയുണ്ട്. ജോളിപ്പെണ്ണ് - മേരിപ്പശു, അമ്മിണി- ഷീലപ്പശു, കുര്യച്ചൻ- ചാണ്ടി, വിജയൻ-ശൗരി എന്നിങ്ങനെ തൊട്ടു കാണിക്കാവുന്ന വിധത്തിൽ ദ്വന്ദ്വങ്ങൾ കഥയിൽ രസകരമായി പ്രവർത്തിക്കുന്നുണ്ട്. മറുവശത്ത് പത്രോസ്, ഏലി, നാണുനായർ, ഗോപാലനെസ്സൈ എന്നിവർക്ക് മൃഗസമാനതരങ്ങളില്ല. അനുബന്ധങ്ങളായി ഗോപാലനെസ്സൈയെയും നാണുനായരെയും മാറ്റിനിർത്തിയാൽ  കഥ മറ്റൊരു തരത്തിൽ മൃഗജീവിതത്തിലേക്കുള്ള  താഴ്ചയെയും അതിൽനിന്നുള്ള ഉയർച്ചയെയും പരോക്ഷമായി അർത്ഥമാക്കുന്നുണ്ടെന്നും വാദിക്കാവുന്നതാണ്. വിത്തുകാളയ്ക്കു സമാനമായ ജീവിതമാണ് കുര്യച്ചന്റെ പരിണാമത്തെ ദുരന്തമാകുന്നതും പത്രോസിന്റെ ദൗത്യത്തെ വീരത്വമുള്ളതാക്കുന്നതും. ഹിംസാത്മകരാഷ്ട്രീയം, ഭരണകൂടമർദ്ദകസംവിധാനങ്ങൾ, ജാതിവ്യത്യാസം, ലൈംഗികസദാചാരപരമായ നിരീക്ഷണങ്ങൾ -ഇങ്ങനെ ചില കാര്യങ്ങളുടെ ആഘാതത്തെയും കഥ പരോക്ഷവിചാരണയ്ക്കു വയ്ക്കുന്നത് പശുവിന്റെയും കാളയുടെയും ഏകതാനമായ ജീവിതപശ്ചാത്തലത്തിലാണ്. 

കഥയുടെ അന്യാപദേശസ്വഭാവത്തിനു കഥയെ ആസ്വാദ്യകരമാക്കുന്നതിൽ പങ്കുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ പ്രധാനതന്തു അതിന്റെ സ്വരൂപം മറച്ചു വച്ചിരിക്കുന്നു എന്ന അർത്ഥത്തിലല്ല. വ്യംഗ്യഭംഗിയിലുള്ള ചില സൂചനകളെ അണിയിച്ചൊരുക്കാനുള്ള സാഹിത്യോപകരണമെന്ന നിലയിലാണ്. കുര്യച്ചന്റെ തൊഴുത്തിലെ സാധുവും ഉറക്കക്കാരിയുമായ മേരിപ്പശു, കയറു പൊട്ടിച്ച് നാണുനായരുടെ മൂരിയായ ശൗരിയുടെ അടുത്തേയ്ക്ക് പോകുന്നതിൽ സൂചിതമായിരിക്കുന്ന കുര്യച്ചന്റെ  ദാമ്പത്യപരിണാമകഥയെ മാത്രമായെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. പ്രമേയത്തിനനുഗുണമായ നിലയിൽ പ്രാദേശികമായ സംഭാഷണത്തിന്റെ ഒഴുക്കോടെയുള്ള പറച്ചിൽരീതി അവലംബിച്ചു എന്നതൊരു ഗുണം. ഒപ്പം തൊഴുത്തിലെ ജന്തുജീവിതങ്ങൾക്ക് നൽകിയ മനുഷ്യഭാവരൂപങ്ങൾ, ആന്ത്രോപോമോർഫിസത്തിന്റെ ആകർഷകമായ ഒരു സമകാലിക ഉദാഹരണമായി ‘നട്ടപ്പാതിര’യെ മാറ്റുകയും ചെയ്യുന്നു. 

(എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ്, 2026 ജനുവരി 19-26)  





No comments: