December 20, 2025

പട്ടുനൂൽപ്പുഴുവിന്റെ ഉറവിടങ്ങൾ

                         


    സമൂഹം എങ്ങനെ ഒരു കൃതിയെ മനസ്സിനോട് ചേർത്തു പിടിക്കുന്നു എന്നതിനുദാഹരണമാണ് എസ് ഹരീഷിന്റെ മൂന്നാമത്തെ നോവലായ ‘പട്ടുനൂൽപ്പുഴു’വിനു കിട്ടിയിട്ടുള്ള സ്വീകാര്യത. പട്ടുനൂൽപ്പുഴുവിനെപ്പറ്റി ഇതിനകം വന്നിട്ടുള്ള അനേകം  ആസ്വാദന- പഠനക്കുറിപ്പുകളും നിരൂപണങ്ങളും അതാണ് തെളിയിക്കുന്നത്. ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ നോവൽ ഒരുക്കിവച്ചിട്ടുള്ള  പല ഘടകങ്ങളും ചർച്ചയ്ക്കു വിധേയമാകും. ഭൂരിപക്ഷം പേരും ശ്രദ്ധിച്ചത്, നോവൽ സവിശേഷമായി കൈകാര്യം ചെയ്തിരിക്കുന്ന ഏകാന്തത എന്ന വിഷയത്തിന്റെ മൗലികതയിലോ അപൂർവതയിലോ ആണ്. മനുഷ്യരുടെ ആന്തരികലോകത്തിന്റെ കാലാവസ്ഥയാണ് ഈ ഏകാന്തത. നോവലിസ്റ്റുതന്നെ ആമുഖത്തിൽ, ‘ഈ നോവലിൽ ഏകാന്തതമാത്രമേയുള്ളൂ’ എന്നും ‘ഈ നോവലിന്റെ രചനയ്ക്കുവേണ്ടി താൻ യാത്ര ചെയ്തത് ഉള്ളിലേക്കാണെന്നും’ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതിനോടൊപ്പം നോവലിലെ സ്ഥലകാലങ്ങൾക്കു വിശേഷിച്ചൊരു കുഴമറിച്ചിലും ഉണ്ടായിട്ടുണ്ട്. സാംസ അയാൾ ജനിക്കുന്നതിനും പത്തുനാല്പതുവർഷം മുൻപു മരിച്ചുപോയ പെൺകുട്ടിയോട് സംസാരിക്കുന്നു. “ഒരിടത്തു നിൽക്കുമ്പോൾ മറ്റൊരിടത്തായിരിക്കാൻ അറിയാവുന്ന ആളാണ് സാംസ” (പു.151) എന്ന പരാമർശം നോവലിലുണ്ട്. ഇതെല്ലാം വച്ചുനോക്കുമ്പോൾ പട്ടുനൂൽപ്പുഴുവിലെ പ്രമേയം മനുഷ്യരുടെ ആന്തരികലോകമാണെന്ന് ആർക്കും സംശയമില്ലാതെ പറയാം. ബാഹ്യമായ വിവരണങ്ങളേക്കാൾ പ്രാധാന്യം ആന്തരികമായ ലോകത്തിനു നൽകുകയും വിശദീകരിക്കുകയും ചെയ്യുന്ന രചനകളുമായി ആളുകൾക്ക് കൂടുതൽ അടുപ്പമുണ്ടായേക്കും.  അതെപ്പൊഴും രഹസ്യമായ ആനന്ദംപോലെതന്നെയാവണമെന്നില്ല, നമ്മെ ബാധിക്കുന്ന സ്വകാര്യമായ രോഗംപോലെയും ആകാം. ഭാഗ്യത്തെപോലെ രോഗങ്ങളും നമ്മളെ അനന്യരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആത്മാവിന്റെ വൈകൃതത്തിൽനിന്നാണ് (പെർവെർസിറ്റി ഓഫ് സ്പിരിറ്റ്) ഭാവനയുടെ സമ്മാനം വരുന്നതെന്ന് വില്യം ബ്ലേക്കിന്റെ കവിതയെപ്പറ്റി പറയുന്നതിനിടയ്ക്ക് ഹരോൾഡ് ബ്ലൂം എഴുതുന്നു. (ദ ആങ്സൈറ്റി ഓഫ് ഇൻഫ്ലുവൻസ്, 1997) ആന്തരികലോകവുമായി കൂടുതൽ അടുത്തുനിന്ന് ഇടപാടുകൾ നടത്തുന്നു എന്ന നില,  പട്ടുനൂൽപ്പുഴുവിന്റെ പ്രധാനപ്പെട്ട ആകർഷണമായതിൽ അസ്വാഭാവികമായി ഒന്നുമില്ല. വായനക്കാരുടെ മാനസികലോകവുമായി അടുത്തു നിൽക്കുന്നതും മനസിന്റെ ഭാഷയിൽ സംസാരിക്കുന്നതും മനസിന്റെ പ്രവർത്തനവഴികളെ വിവരിക്കുന്നതുമായ ഒരു രചനയായാണ് ‘പട്ടുനൂൽപ്പുഴു’വിനെയും കൂടുതല്പേരും മനസിലാക്കിയിരിക്കുന്നത്.

    പുറംലോകനിരീക്ഷണംപ്പോലെ എന്നും നോക്കിയിരിക്കാവുന്നതോ ആവിഷ്കരിക്കാവുന്നതോ ആയ സംഗതിയല്ല ആന്തരികപ്രവൃത്തികൾ എന്ന് ‘വെഡ്ഡിങ് പ്രിപ്പറേഷൻസ്’ എന്ന കൃതിയിൽ ഫ്രാൻസ് കാഫ്ക എഴുതുന്നു. അനുഭവിക്കാൻമാത്രം കഴിയുന്ന ഒന്നാണ് ആന്തരികലോകം. ‘അതിനെ വിവരിക്കാൻ കഴിയില്ല’. ഇതാണ് കാഫ്കയുടെ വാദം. വിശദീകരിക്കാൻ കഴിയില്ലെന്ന് കാഫ്കയെപ്പോലെയുള്ള ഒരെഴു ത്തുകാരൻ പറയുന്നെങ്കിലും പ്രതിഭാശാലികളായ എഴുത്തുകാർ വായനക്കാരെ ചിലപ്പോഴെങ്കിലും ആന്തരികലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട്. വായന ലഹരിയായികൊണ്ടുനടക്കുന്ന പലരും അത് അനുഭവിച്ചിട്ടുമുണ്ട്. കാഫ്കയുടെ ‘രൂപാന്തരപ്രാപ്തി’യെത്തന്നെ (മെറ്റമോർഫോസിസ്, 1915) അങ്ങനെയാന് ആളുകൾ വായിച്ചിട്ടുള്ളത്.  

    പക്ഷേ ‘രൂപാന്തരപ്രാപ്തിക്കു’ പഠനങ്ങളും വ്യാഖ്യാനങ്ങളുമെഴുതിയ ചിലരെങ്കിലും അതിലുള്ളത് വ്യക്തിഗതമായ ഏകാന്തതയാണെന്ന് വിശ്വസിക്കുന്നില്ല. ഒരു മനുഷ്യൻ ഒരു ദിവസം ഷട്പദമോ തടിയൻ പുഴുവോ ആയിമാറുന്ന അസാധാരണമായ കഥ ബാഹ്യമോ ആന്തരികമോ ആയ ഏതു യാഥാർത്ഥ്യത്തെയാണ് അവതരിപ്പിക്കുന്നത് എന്നാലോചിച്ച് പലരും കാടു കയറിയിട്ടുണ്ട്. ലോകത്തിൽനിന്നും കുടുംബത്തിൽനിന്നും തന്നിൽനിന്നു തന്നെയും ഉൾവലിഞ്ഞ് അവസാനം മനുഷ്യേതരരൂപത്തിലേക്ക് പരിണമിക്കുന്ന ഗ്രിഗർ സാംസയെ ഏകാന്തതയുടെ കടുത്ത രൂപമായി മനസിലാക്കാനായിരുന്നു ഭൂരിപക്ഷം‌ പേർക്കും കൗതുകം. എന്നാൽ കാഫ്കയുടെ ‘രൂപാന്തരപ്രാപ്തി’യെ ഹൈന്ദവ-ബുദ്ധമത തത്ത്വചിന്തയുടെ പശ്ചാത്തലത്തിൽ പഠിച്ച മൈക്കൽ റിയാൻ പറയുന്നത്, അച്ഛനെപ്പറ്റിയുള്ള ഒഴിയാത്ത ചിന്തയുള്ള, എപ്പോഴും ആ രൂപം മനസ്സിൽകൊണ്ടുനടന്ന കാഫ്ക ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ലെന്നാണ്. അദ്ദേഹത്തിൽ പ്രവർത്തിച്ചിരുന്നത് ഏകാന്തതയല്ല. ‘എന്റെ എഴുത്തുകളെല്ലാം നിങ്ങളെപ്പറ്റിയായിരുന്നു’ എന്ന് കാഫ്ക അച്ഛനുള്ള കത്തുകളിലൊരിടത്ത് പറയുന്നുണ്ടല്ലോ. പിതാവെന്ന പീഡകബിംബം മാനസികമായി നിരന്തരം വേട്ടയാടുന്നതിനാൽ ഭയാനകമായ വലയത്തിനുള്ളിൽ അകപ്പെട്ടു എന്ന ചിന്തയാണദ്ദേഹത്തെ സദാ ഭരിച്ചിരുന്നത്.  കാഫ്ക തന്റെ ബദൽരൂപമായി സൃഷ്ടിച്ച ഗ്രിഗർ സാംസയ്ക്കും ഈ അവസ്ഥയാണുള്ളത്. (മൈക്കൽ പി റിയാൻ, സാംസ ആൻഡ് സംസാര : സഫറിങ്, ഡെത്ത്, ആൻഡ് റീബെർത്ത് ഇൻ ദ മെറ്റമോർഫോസിസ്, 1999)  സാംസയുടെ മാനസികലോകം നിരന്തരമായ ചിന്തകളാൽ സജീവമാണ്. അങ്ങനെ നോക്കുമ്പോൾ 113 വർഷങ്ങൾക്കിപ്പുറം ജർമ്മനിൽനിന്നു വളരെ വ്യത്യസ്തമായ ഭാഷയിലുണ്ടായ ‘പട്ടുനൂൽപ്പുഴു’വിലെ പ്രധാന കഥാപാത്രമായ സാംസയുടെയും അവന്റെ അമ്മയായ ആനിയുടെയും യഥാർത്ഥപ്രശ്നം ഏകാന്തതതന്നെയാണോ എന്നാലോചിക്കേണ്ടതായി വരും. പതിമൂന്നു വയസ്സുള്ള ആ കുട്ടി നിരന്തരമായ വിചാരങ്ങളിലേർപ്പെടുകയും സ്വപ്നം കാണുകയും ജന്തുക്കളോടും മരിച്ചു പോയ മറ്റൊരു കുട്ടിയോടും സംസാരിക്കുകയും കാര്യങ്ങൾ നിരീക്ഷിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരിക്കുകയാണ്. സാംസയുടെ വിചാരഭാഷ അതേ രീതിയിലാണ് അവന്റെ അമ്മയായ ആനിയിലും പ്രവർത്തിക്കുന്നത്. അവരും നിരന്തരമായി ചിന്തിക്കുന്നു. പലപ്പോഴും ആരുടേതെന്ന് വേർതിരിച്ച് അറിയാൻ  കഴിയാത്ത ഘടന ഇവരുടെ രണ്ടാളുടെയും ചിന്തകൾക്കുണ്ട്. പലവിധത്തിലുള്ള ചിന്തകളാലും നിരീക്ഷണങ്ങളാലും തിരിച്ചറിവുകളാലും നിരതമാണ് ആനിയുടെയും ജീവിതം. ചിന്താധാരകൾക്കുള്ളിലായതിനാൽ ആനിയും ഒറ്റയ്ക്കല്ല. അതുകൊണ്ട് പട്ടുനൂൽപ്പുഴു ആവിഷ്കരിക്കുന്നത് ഏകാന്തതയാണെങ്കിൽത്തന്നെ ആ ഏകാന്തതയുടെ സ്വഭാവം വ്യത്യസ്തമായ ഒന്നാണ്. പറഞ്ഞുകേട്ട അറിവിലുള്ള ഏകാന്തതയല്ല അത്.

    ഗ്രിഗർ സാംസയെപ്പോലെ, എന്നാൽ വ്യത്യസ്തമായ നിലയിൽ, പട്ടുനൂൽപ്പുഴുവിലെ സാംസയും രക്ഷപ്പെടാനാവാത്ത ഒരു വലയത്തിനുള്ളിലാണെന്ന ബോധ്യമാണ് സൃഷ്ടിക്കുന്നത്. അവൻ കാണുന്ന സ്വപ്നത്തിലെ ചലിക്കാനാവാത്ത അവസ്ഥകൊണ്ട് അതിന് സാധൂകരണവും നോവലിന്റെ ഉള്ളിൽ ഹരീഷ്  ഒരുക്കിയിട്ടുണ്ട്. 

“ലേഹ്യമാകാനുള്ള ആടിനെ കണ്ടതിനു പിറ്റേന്ന് ആ പറമ്പാണ് സാംസ സ്വപ്നത്തിൽ കണ്ടത്. പുസ്തകം നിലത്തുവച്ച് അവനാമുറിയിലെ തടിമേൽത്തന്നെ ഇരിക്കുന്നു. സമയം‌മാത്രം ചലിക്കുന്നു. സാംസ ചലിക്കുന്നില്ല.” (പു.125)
    വേലിയ്ക്കിടയിൽക്കൂടി പുസ്തകം അപ്പുറത്തേക്ക് വച്ചിട്ട്  നൂഴ്ന്ന് മറുവശത്തെത്താൻ  അതേ സ്വപ്നത്തിൽ സാംസ ശ്രമിക്കുന്ന ഭാഗവുമുണ്ട്. മരിച്ചയാളിന്റെ അവയവങ്ങൾപോലെ കമ്പികൾ അനക്കമില്ലാതെ നിന്നതിനാൽ അപ്പുറത്തെത്താൻ അവനു കഴിയുന്നില്ല. (പു. 126)

    ആനിയും വിജയനും അവരുമായി അടുത്തു നിൽക്കുന്ന മറ്റു കഥാപാത്രങ്ങളും ഇതുപോലെ കുതറാനാവാത്ത മട്ടിൽ നിശ്ചിത ഭ്രമണവലയത്തിനുള്ളിൽ കുടുങ്ങിപ്പോയ അവസ്ഥയെ വ്യക്തമാക്കിത്തരുന്നുണ്ട്. 

ആഖ്യാനത്തിനു പുറത്തുള്ള ലോകം

    വ്യക്തികളുടെയും സമൂഹത്തിന്റെയും ബോധാബോധങ്ങൾപോലെ സാഹിത്യസൃഷ്ടികളിലും പ്രവർത്തിക്കുന്ന ആശയമണ്ഡലങ്ങളെ രാഷ്ട്രീയവും സാംസ്കാരികവും വൈകാരികവുമായ പല ഘടകങ്ങൾ ചേർന്നാണ് രൂപപ്പെടുന്നത്. ‘പട്ടുനൂൽപ്പുഴു’വിന്റെ ബോധത്തെ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട സാഹിത്യസ്വാധീനങ്ങളുണ്ട്. വായനയുടെ വേളയിൽ പ്രവർത്തിച്ച് അനുഭവങ്ങളെ കൂടുതൽ വിപുലവും സങ്കീർണ്ണവും ഗാഢവുമാക്കിത്തീർക്കുക എന്നതാണ് ഈ കണ്ണികളുടെ ദൗത്യം. പുതിയകാലത്തെ സാങ്കേതിക പദാവലി ഉപയോഗിച്ച് നമുക്ക് അതിനെ ഹൈപ്പർ ലിങ്കുകൾ എന്നോ പഴയ രീതിയനുസരിച്ച് ഉപാദാനങ്ങളെന്നോ വിളിക്കാം. നോവലിന്റെ ആമുഖത്തിൽ ഹരീഷ് പരേതരും പ്രസിദ്ധരുമായ എഴുത്തുകാർ  സൃഷ്ടിച്ച കഥാപാത്രങ്ങളുടെ പേരുകൾ താൻ സ്വീകരിച്ചതിനെപ്പറ്റി വളരെ വിനീതമായ സ്വരത്തിലാണ് പറയുന്നത്. മലയാളഅക്ഷരമാലയിൽനിന്ന് അപ്രത്യക്ഷമായ ‘ഇലു’ (ഌ) എന്ന അക്ഷരത്തിന്റെ പേര് നോവലിലെ കഥാപാത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നതുപോലെ വിശ്വപ്രസിദ്ധരായ രണ്ടു കഥാപാത്രങ്ങളുടെ പേരുകളും നോവൽ കടംകൊണ്ടിരിക്കുന്നു. അവരിൽ ഒരാൾ നടാഷയാണ്. നടാഷ റൊസ്റ്റോവ എന്ന ടോൾസ്റ്റോയിയുടെ കഥാപാത്രത്തിന്റെ പേരിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ച് ആദ്യപേരാണ് നോവലിൽ ഉള്ളത്. റഷ്യനിൽ ‘ദൈവത്തിന്റെ ജന്മദിനം’ എന്നാണെങ്കിലും ഗ്രീക്കിൽ നടാഷയ്ക്ക്  ഉയിർത്തെഴുന്നേൽപ്പ് എന്ന് അർത്ഥമുണ്ട്. യുദ്ധവും സമാധാനവും എന്ന നോവലിൽ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ 13 വയസ്സായിരുന്നു എന്നതാണ് ആ സ്വീകരണത്തിന്റെ കാരണമായി പറയുന്നത്. ടോൾസ്റ്റോയിയുടെ മാതൃകാ സ്ത്രീ സങ്കല്പമായിരുന്ന നടാഷയെ ഭർത്താവിനോടും കുട്ടികളോടുംമാത്രം കടപ്പാടുള്ള സ്ത്രീയായി അവതരിപ്പിച്ചതിൽ  പിൽക്കാല വിമർശകർ കലഹിച്ചിട്ടുണ്ട്. ഡൊറോത്തിയ ബാരറ്റ്, ജോർജ്ജ് ഇലിയറ്റിന്റെ നായികമാരുമായി താരതമ്യം ചെയ്തിട്ട് ‘അനുചിതം, അപമാനകരം’ എന്നീ വിശേഷണങ്ങൾ ഉപയോഗിച്ചാണ് ഇത്തരം പാത്രസൃഷ്ടിയെ വിലയിരുത്തുന്നത്. (വൊക്കേഷൻ ആൻഡ് ഡിസൈയർ, ജോർജ് ഇലിയറ്റ്‘സ് ഹീറോയിൻസ്, 1989) പട്ടുനൂൽപ്പുഴുവിലെ ആനി പതിമൂന്നാമത്തെ വയസ്സിൽ മരണത്തിന്റെ പടിവാതിൽവരെ പോയി ഉയിർത്തെഴുന്നേറ്റു വന്ന ആളാണ്. നോവലിലെ മാതൃകാവ്യക്തിത്വമാണവർ. ഭർത്താവിനെപ്പറ്റി വിമർശനാത്മകമായി ചിന്തിക്കുന്നു ണ്ടെങ്കിലും ആനിയുടെ മനസ്സു നിറയെ വിജയനും സാംസയുമാണ്.  അവർക്കാണ് നടാഷയെന്ന പേർ പാപ്പൻ നിർദ്ദേശിക്കുന്നത്. പിന്നീടുള്ള ആനിയുടെ ജീവിതത്തിന്റെ സ്വഭാവം ആ പേരിടലിലുണ്ട്. ആ പിൽക്കാലപ്രാബല്യ ത്തിലാണ് ആ നാമനിർദ്ദേശ ത്തിന്റെ ഭംഗി കിടക്കുന്നത്.  മറ്റൊരു നടാഷ, മണ്ണിനടിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് സാംസയുടെകൂടെ കൂടിയ ഭൗതികരൂപമില്ലാത്ത കൂട്ടുകാരിയാണ്. ഈ രണ്ടു സന്ദർഭങ്ങളിലും നടാഷയെന്ന പേര് സാന്ദർഭികമോ യാദൃച്ഛികമോ അല്ല. അവയ്ക്ക് ലക്ഷ്യമുണ്ട്.

     ‘മെറ്റമോർഫോസിസി’ലെ സാംസയെന്ന കഥാപാത്രത്തിന്റെ ആദ്യഭാഗമായ ഗ്രിഗർ ഉപേക്ഷിച്ചിട്ട് സാംസമാത്രമായിട്ടാണ് നോവൽ സ്വീകരിച്ചിരിക്കുന്നത്. ‘പട്ടുനൂൽപ്പുഴു’വിൽനിന്ന് ‘രൂപാന്തരപ്രാപ്തി’യിലേക്ക് പേരുവഴി നേരിട്ടൊരു ലിങ്കുതന്നെയുണ്ട്.  എന്താണ് ഗ്രിഗർ സാംസ നീ ഒരു ഷട്പദമായി മാറിയോ? എന്നാണ് മാർക്ക് സാർ ചോദിക്കുന്നത് (പു. 69) സ്കൂളിലെ പുതിയ ഇംഗ്ലീഷ് അദ്ധ്യാപകൻ,   ‘കൊള്ളാം, ഗ്രിഗർ സാംസ എന്നാണെങ്കിൽ നീയൊരു ഷട്പദമാണ്’ (പു. 106) എന്ന് വിലയിരുത്തുകയും ചെയ്യുന്നു. സാംസയ്ക്ക് ചെക്കു ഭാഷയിൽ ‘I am Alone’ എന്നാണ് അർത്ഥം. പേരു സ്വീകരിക്കുകമാത്രമല്ല, രൂപാന്തരപ്രാപ്തിയെന്ന കൃതിയിലെ ആദ്യത്തെ വരിയെ പ്രമേയാനുസാരിയായ മാറ്റങ്ങളോടെ നോവലിൽ സ്വീകരിച്ചിരിക്കുന്നു. (“ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ പതിവില്ലാത്തമട്ടിൽ, പുലർച്ചെയുള്ള സ്വപ്നം താൻമാത്രമല്ല, മറ്റൊരാൾകൂടി കണ്ടുകൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു” പു. 13) അതിനും പുറമേ നോവലിന്റെ താക്കോൽ വാക്യമായി കാഫ്ക അച്ഛനെഴുതിയ കത്തിലെ ഒന്നു രണ്ടു വാക്യങ്ങൾ വൈകാരിക തീവ്രതയോടെ എടുത്തുചേർത്തിട്ടുമുണ്ട്. പട്ടുനൂൽപുഴുവിന്റെ പൂർവപാഠമായി ഹരീഷുതന്നെ കാഫ്കയുടെ രചനയായ രൂപാന്തരപ്രാപ്തിയെയും സാംസയെയും കാണുന്നു എന്നാണതിനർത്ഥം. ‘എന്തിനാണ് തന്നെ പേടിക്കുന്നത്’ എന്ന ഹെർമൻ കാഫ്കയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് തന്റെ അവസാനവർഷങ്ങളിൽ സാനട്ടോറിയത്തിലിരുന്ന് കാഫ്ക അച്ഛനുള്ള പ്രസിദ്ധമായ കത്തു തയാറാക്കുന്നത്. അച്ഛൻ വായിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രാഥമികമായ ലക്ഷ്യം. താനും അച്ഛനുമായുള്ള ബന്ധത്തെപ്പറ്റി ലോകത്തോട് പറയാനുള്ള ചില കാര്യങ്ങൾ ഭദ്രമായി കുറിച്ചുവയ്ക്കുക എന്നതാ യിരുന്നു. സഹോദരന്മാർ മരിച്ചു പോയതിനാലും സഹോദരി വൈകി ജനിച്ചതിനാലും അച്ഛനെന്ന ഉഗ്രപ്രതാപ ത്തിന്റെ ആഘാതം മുഴുവൻ ജീവിതത്തിൽ കാഫ്കയ്ക്ക് ഒറ്റയ്ക്കു സഹിക്കേണ്ടതായി വന്നിരുന്നു. രോഗാവസ്ഥയുടെ മൂർദ്ധന്യത്തിലും കാഫ്കയിൽ നിറഞ്ഞുനിന്ന വികാരവും ഭാരവും അച്ഛനെക്കുറിച്ചുള്ളതാണ്. അത്തരത്തിലുള്ള ഒരു അച്ഛനും അന്തർമുഖനായ മകനുംതമ്മിലുള്ള ബന്ധത്തിന്റെ പരിണാമമാണ് ഒറ്റനോട്ടത്തിൽ ‘രൂപാന്തരപ്രാപ്തി’യുടെ പ്രമേയം. 

    ‘പട്ടുനൂൽപ്പുഴു’ മറിച്ചിടുന്നത് ഈ ബന്ധത്തെയാണ്. നോവലിൽ സാംസയുടെ അച്ഛനായ വിജയൻ ഉഗ്രരൂപിയോ പ്രതാപിയോ അല്ല, ജീവിതത്തിൽ പരാജയപ്പെട്ടവനും പലതരത്തിൽ അപമാനങ്ങൾ ഏറ്റു വാങ്ങുന്ന നാണംകെട്ട മനുഷ്യനാണ്. എങ്കിലും സാംസ അച്ഛനെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. നോവലിൽ ഒരിടത്ത് ‘അച്ഛൻ ഉള്ളപ്പോൾ ഇരുട്ടിനു കട്ടി കുറവാണെന്ന്’ ചിന്തിക്കുന്നുണ്ട്. ‘അച്ഛന്റെ ഉള്ളിലെ നിഗൂഢമായ ലോകമാണ് തന്റെ ഉള്ളിലുള്ളതെന്നും അച്ഛൻ വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുന്നത് താൻ സ്വപ്നം കാണുന്നതുപോലെതന്നെയാണെന്നും അച്ഛൻ ചാക്കുകൾക്കിടയിലിരിക്കുന്നതുപോലെയാണ് താൻ പുസ്തകറാക്കു കൾക്കിടയിലിരിക്കുന്നതെന്നും’ ആലോചിക്കുന്നു. സാംസ വിചാരിക്കുന്നത് താൻ അച്ഛൻതന്നെ യാണെന്നാണ്. അതിനു തൊട്ടടുത്ത് ഹരീഷ് എഴുതുന്ന വാക്യം ‘സാംസ പേടിച്ചു’ എന്നാണ്. (പു. 244-245) ആ ഭയം എന്തായാലും സാംസയുടെ യല്ല, എഴുത്തുകാരന്റെയാണ്. അഥവാ വായനക്കാരുടേതാണ്. സാംസ ആനിയുടെ വിഭാവന യാണെങ്കിൽ ആ ഭയം ആനിയുടെയുമാണ്. ‘ആനി വിചാരിച്ചതുപോലെയുമല്ല സാംസ വളർന്നത്’ എന്ന് ആ ഭയത്തിന്റെ സന്ദർഭത്തെ മറ്റൊരിടത്ത് നോവൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. (പു. 174) 

    ആനിക്ക് മകൻ എന്ന നിലയിൽ സാംസയുമായി ഇഴപിരിയാത്ത ബന്ധമുണ്ട്.  ആനി വിചാരിക്കുന്നത് സാംസ തന്റേതാണെന്നാണ്. (‘അത്രമാത്രം സാംസ ആനിയുടേതാണ്’ പു. 140) പക്ഷേ അതേഅളവിൽ സാംസയുടെ ചിന്ത ആനിയുമായി ഒട്ടിപ്പിടിച്ചല്ല നിൽക്കുന്നത്. സാംസയുടെ ആലോചനകളും അന്വേഷണവും ആനിയേക്കാൾ, അച്ഛനായ വിജയനെ വലയം ചെയ്തു നിൽക്കുന്നു. ഒട്ടും ആകർഷണീയമോ അനുകരണപരമോ അല്ലാത്ത, കൗമാരപ്രായക്കാരനായ കുട്ടിയുടെ മനസിൽ കയറിപ്പറ്റാൻവേണ്ടി ഒന്നുമില്ലാത്ത വ്യക്തിത്വമാണ് വിജയന്റേത്. സ്വയമല്ലെങ്കിലും കുട്ടിയെന്ന നിലയ്ക്ക് അയാൾ പലപ്പോഴും സാംസയ്ക്ക് നൽകുന്നത് അപമാനവുമാണ്. എന്നിട്ടും കള്ളുഷാപ്പിലും കടയിലും സാംസ അച്ഛനെ തേടി നടക്കുന്നു. മാത്രമല്ല നോവലിലെ പ്രധാനപ്പെട്ട ക്രിയാംശമാണ് സാംസയുടെ അലച്ചിലുകൾ. അമ്മയിലൂടെ ജനിതകസവിശേഷതകൾ എന്നപോലെ അച്ഛനിൽനിന്ന് സന്തതികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് സാംസ്കാരികമൂലകങ്ങളാണ്.  പിതാവിനെ വിഭാവന ചെയ്തുകൊണ്ടുള്ള രചനകൾ, സാമൂഹികമായ ഒരാവശ്യത്തെ മുൻനിർത്തിയുള്ള സാംസ്കാരികപ്രവർത്തനമാണെന്നും അതുകൊണ്ട് പിതാക്കന്മാരുടെ അഭാവം എന്ന പ്രശ്നത്തിന്റെ പരിഹാരമുഹൂർത്തങ്ങളാണ് രചനയുടെ വേളകളിൽ സാക്ഷാത്കരിക്കപ്പെടുന്നതെന്നും ഒരു നിരീക്ഷണമുണ്ട്. (ഫ്രെഡ്രിക് നീഷേ, ഹ്യൂമൻ ആൾ ടൂ ഹ്യൂമൻ, 1878) അച്ഛന്റെ അഭാവമാണ് സാംസയുടെ ദൈനംദിനവൃത്തികളെ മാനസികവും ശാരീരികവുമായ അലച്ചിലുകളാക്കി മാറ്റുന്നത്. നോവലിൽ ഉടനീളം അയാൾ അച്ഛനെ അന്വേഷിച്ചുകൊണ്ടു തന്നെയിരിക്കുന്നു. ആളൊഴിഞ്ഞ വഴിയിൽ ഇലക്ട്രിക് വെളിച്ചത്തിനു താഴെ ഒറ്റയ്ക്കു നടന്നു വരുന്ന സാംസയെ ആനിയുടെ കണ്ണിലൂടെ കാണിച്ചു തന്നുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. പിതാവിന്റെ അഭാവം ബാധിച്ച ശൂന്യതയെ കാര്യമായിത്തന്നെ രേഖപ്പെടുത്തുന്നതാണ് ആ ചെറുവാക്യം. ഇവിടെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം, സാംസ അന്വേഷിക്കുന്ന പിതാവ് ആരാണ്? സാംസതന്നെയും നിഴൽരൂപമാണെന്നു വരുമ്പോൾ അയാളുടെ ഉള്ളിലെ അന്വേഷണവസ്തുവിന്റെ യാഥാർത്ഥ്യം എന്തായിരിക്കും? 

    ഉഗ്രസ്വഭാവിയായ പിതാവും അന്തർമുഖനായ മകനും എന്ന സർവസാധാരണവും സർവസമ്മതവുമായ ‘മെറ്റമോർഫോസിസിലെ’ വിപരീതദ്വന്ദ്വ-ബിംബകല്പനയെ എലിസബത്ത് മെക്കാൻഡ്രൂ, സ്ത്രീപക്ഷവായനയിലൂടെ തിരിച്ചിടുന്നുണ്ട്. വ്യാപാരം തകർന്നുപ്പോയ ആളാണ് കാഫ്കയുടെ കഥയിലെ അച്ഛൻ. വീട്ടിൽ അയാൾ വെറുതെയിരിക്കുകയാണ്. അച്ഛൻ വരുത്തിവച്ച് കടങ്ങൾ വീട്ടുകയും സഹോദരിയെ സംഗീതവിദ്യാലയത്തിലയക്കാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട് സാംസ. പിതാവിനേ ക്കാൾ ധാർമ്മികമായി ഉയർച്ച നേടിയ വ്യക്തിയായിട്ടും ആർക്കുമേലും ആധിപത്യം നിലനിർത്താൻ കഴിയാത്തതിനാൽ മനുഷ്യനും പ്രാണിക്കും ഇടയിലുള്ള ഒരു രൂപമായി അധഃപതിക്കുന്നു. അതേസമയം അയാളുടെ പിതാവ് പഴയ പട്ടാള യൂണിഫോമിൽ എടുത്ത ഒരു ഫോട്ടോയിലിരുന്ന് തുറിച്ചു നോക്കിക്കൊണ്ടും വീട്ടിലും യൂണിഫോം ധരിച്ചും സർവരേയും തന്റെ ആധിപത്യത്തിനു കീഴിലാക്കുകയും ചെയ്യുന്നു.  എലിസബത്ത് മെക്കാൻഡ്രൂവിന്റെ നിരീക്ഷണത്തിൽ അച്ഛനും മകനും കഥയിൽ പരസ്പരപൂരകങ്ങളും ഒരുപോലെ ദുർബലരുമാണ്. ലോകത്തെ നേരിടാൻ ആവശ്യമായ ഒരു മുന്നണിയാണ് അവരെ സാധ്യമാക്കുന്നത്. (എ സ്പ്ളാക്‌നക്ക് ആൻഡ് എ ഡങ്-ബീറ്റിൽ : റിയലിസം ആൻഡ് കാഫ്ക, 1970) പട്ടുനൂൽപ്പുഴുവിലെ പതിമൂന്നുകാരനായ സാംസയുടെ സ്വത്വാന്വേഷണത്തിന്റെ സാധ്യതയിലേക്കുള്ള ഒരു ദിശാസൂചി ‘മെറ്റമോർഫോസിസി’ലെ പിതാ-പുത്രബന്ധത്തിൽത്തന്നെയുണ്ട്.   

      ഈ രണ്ടു കഥാപാത്രങ്ങൾക്കു പുറമേ മറ്റൊരു ചെറിയ കഥ കൂടി പട്ടുനൂൽപ്പുഴുവിന്റെ വായനയിൽ പങ്കു ചേരുന്നു.  ആരുടെ സ്വപ്നത്തിലാണ് താനുള്ളത് എന്നു ചിന്തിച്ച ചുവാങ് സുവിന്റെ സെൻകഥയാണത്. യോൽ ഹോഫ്മാൻ (ജപ്പാനീസ് ഡെത്ത് പോയംസ്, 1986) ഈ കഥ പകർത്തിയെഴുതിയിട്ടുള്ളത് ഇങ്ങനെയാണ് :

ചുവാങ് സു ഒരിക്കൽ സ്വപ്നത്തിൽ ചിറകുകൾ പറത്തി പറന്നു നടക്കുന്ന ഒരു ചിത്രശലഭമായി തന്നെ കണ്ടു. തന്നിൽ സംതൃപ്തനായി സ്വന്തം ആഗ്രഹങ്ങളെ പിന്തുടരുന്നു. താൻ ചുവാങ് സു ആണെന്ന് അയാൾക്കറിയില്ല. എന്നാൽ പെട്ടെന്ന് ഉണർന്നപ്പോൾ താൻ ചിത്രശലഭമല്ലെന്നും  ഉറപ്പായി ചുവാങ് സു ആണെന്നും തിരിച്ചറിഞ്ഞു. അപ്പോൾ ചിത്രശലഭമെവിടെ? ചുവാങ് സുവിന്റെ സ്വപ്നത്തിലെ ചിത്രശലഭമാണോ ഒരു ചിത്രശലഭത്തെ സ്വപ്നത്തിൽ കാണുന്ന ചുവാങ് സുവാണോ താൻ എന്ന് അയാൾക്ക് പിന്നീട് മനസ്സിലായില്ല.

    നോവലിന്റെ അവസാനഭാഗത്ത് ആനിക്ക് പതിമൂന്നാമത്തെ വയസ്സിൽ വന്ന അസുഖത്തെക്കുറിച്ച് പറയുന്നുണ്ട്. ആനി അന്ന് മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നു. രക്ഷപ്പെട്ടോ എന്ന കാര്യത്തിൽ അത്ര ഉറപ്പില്ല. തന്റെ പതിമൂന്നാമത്തെ വയസ്സിലെ രോഗബാധയെപ്പറ്റി ആനി ചിന്തിക്കുന്ന ഭാഗത്ത് അമ്മ, രണ്ടാമത്തെ മകളായ ആനിയുടെ മരണം  ഉറപ്പിച്ചതിനെപ്പറ്റി ഒരു പരാമർശ മുണ്ട്. അതിനെ തുടർന്ന് ആനി ചിന്തിക്കുന്നു : “ഇനി അങ്ങനെതന്നെയാണോ സംഭവിച്ചത്? പിന്നെയുള്ള ജീവിതം ഞാൻ അവിടെ കിടന്ന് സ്വപ്നം കണ്ടത് മാത്രമാണോ?” (പു.283)

    മുതിർന്നു കഴിഞ്ഞ ആനിയുടെ പേടി നിറഞ്ഞ സങ്കല്പമാണ് ആ വാക്യം. സമയ-കാലങ്ങളെ പ്രശ്നവത്കരിക്കുന്ന ഒരു നോവലിലെ ഭാവനാത്മകമായ യാഥാർത്ഥ്യമായി ആ ചിന്ത മാറുന്നു. സ്ഥലത്തിന്റെ കാര്യത്തിൽ ഉറപ്പില്ലായ്മ ഉള്ളതുപോലെ കാലത്തിന്റെ കാര്യത്തിലും നോവലിൽ അസ്ഥിരതയുണ്ട്. ആ അനിശ്ചിതത്വങ്ങളിലാണ് നോവലിന്റെ സൗന്ദര്യമിരിക്കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. എന്തായാലും ആ നിലയിൽനിന്ന് ‘പട്ടുനൂൽപ്പുഴു’വിനെ വായിച്ചാൽ ആനിയുടെ സ്വപ്നത്തിന്റെ വിശദീകരണമാണ് നോവലിലെ പ്രമേയം എന്നുവരും. ആ വായന വ്യത്യസ്തമായ സാധ്യതയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും.  സാംസയ്ക്ക് മണ്ണിനടിയിൽ ഉറങ്ങുന്ന ഒരു കുട്ടിയെ കൂട്ടുകാരിയായി കൂടെ കൂട്ടാമെങ്കിൽ കൗമാരക്കാരിയായ മറ്റൊരു പെൺകുട്ടിക്ക് മകനെയും ഭർത്താവിനെയുംപറ്റി ശുഭാന്ത്യമല്ലാത്ത ഭാവനയും സാധ്യമാണ്. സാംസയുടെ സാന്നിദ്ധ്യത്തെ വരവുവയ്ക്കാതെ പെരുമാറുന്ന ആളുകൾ, മലയാള അക്ഷരമാലയിൽ ഇപ്പോൾ ഇല്ലാത്തതും മുൻപുണ്ടായിരുന്നതുമായ ഒരു അക്ഷരത്തിന്റെ പേരുള്ള ഒരു കഥാപാത്രം, നോവലിലെ ആകസ്മികമായ മരനങ്ങളും വേർപാടുകളും, പലരെയും പിടികൂടുന്ന ഭ്രാന്ത് - നോവൽ നൽകുന്ന അദൃശ്യാത്മകതയെപ്പറ്റിയുള്ള ഇത്തരം സൂചനകൾ, റഷ്യയിലെ മട്രിയോഷ്ക പാവകളെപോലെ വിഭാവനകൾക്കുള്ളിലെ വിഭാവനകളെയും ഇല്ലായ്മകൾക്കകത്തെ ഇല്ലായ്മകളെയും ധ്വനിപ്പിക്കുന്ന ഘടനയെ ഓർമ്മിപ്പിക്കുന്നു. സാംസതന്നെയും മരണാസന്നയായ പതിമൂന്നുവയസുകാരിയുടെ ഭാവിചിന്തയിലെ ഒരു കഥാപാത്രമാണെങ്കിൽ അയാൾ അന്വേഷിച്ചു നടക്കുന്ന അച്ഛന്റെ ഇല്ലാത്ത സാന്നിദ്ധ്യ ത്തിനും സാധൂകരണമുണ്ട്. വിജയനെയും ഇലുവിനെയും സാംസയെയുംകുറിച്ചുള്ള ആനിയുടെ പല ബദൽചിന്ത കൾക്കു സാംഗത്യവും അതുവഴി ലഭിക്കുന്നു.  

    കഥാപാത്രങ്ങളുടെ കാര്യത്തിൽ അപ്രതീക്ഷിതമായ തിരിവുകൾ പട്ടുനൂൽപ്പുഴു എടുക്കുന്ന ഒരു നിലപാടാണ്. വിജയനെപ്പറ്റി അയാളുടെ അച്ഛനുണ്ടായിരുന്ന സങ്കല്പവും വിജയനെപ്പറ്റിയും സാംസയെപ്പറ്റിയും ആനിക്കുണ്ടായിരുന്ന പ്രതീക്ഷകളും, സാംസയെപ്പറ്റി ആനിയുടെ കൂട്ടുകാരിയായ നേഴ്സ് പറഞ്ഞ കാര്യവുമെല്ലാം നോവലിൽ അതീവ സ്വാഭാവികതയോടെ തകിടം മറിയുന്നതായി നമ്മൾ കാണുന്നു. സ്വയംനിയന്ത്രണമോ നിർവാഹകത്വമോ ഇല്ലാത്ത സ്വപ്നലോകത്തിൽ എന്നപോലെയാണ് ഏറെക്കുറേ കഥാപാത്രങ്ങളെല്ലാം പെരുമാറുന്നത്.  സാവുളിനും പൊന്നൻ മാനേജർക്കും മോനും സ്റ്റീഫനും വരുന്ന ഭ്രാന്ത്, ഇലുവിന്റെയും മാർക്ക് സാറിന്റെയും സ്റ്റീഫന്റെയും മരിയാച്ചന്റെയും ആടിന്റെയും മരണങ്ങൾ, ജ്യൂസുകടയിലെ കുര്യന്റെയും ഉതുപ്പാന്റെയും ജോണിന്റെയും മോഹനന്റെയും പ്രകടനങ്ങളും കുറ്റബോധവും കഥാപാത്രങ്ങളിൽ പലരും പല ഇടങ്ങളിലായി നേരിടുന്ന പ്രതീക്ഷാത്തകർച്ചകൾ -ഇവയിലെല്ലാം വീണു കിടക്കുന്നത് സ്വപ്നലോകത്തിന്റെ നിഴലാണ്. അങ്ങനെ നോക്കുമ്പോൾ മരണാസന്നയായതോ മരിച്ചതോ ആയ ഒരു പെൺകുട്ടി കണ്ടുകൊണ്ടിരിക്കുന്ന ഭാവിസ്വപ്നത്തിന്റെ ആഖ്യാനമെന്ന നിലയിലും ‘പട്ടുനൂൽപ്പുഴു’വിന്റെ വായനയ്ക്കു സാധ്യത ലഭിക്കുന്നു. താൻ കാണുന്ന സ്വപ്നത്തിലാണോ ചിത്രശലഭം, ചിത്രശലഭം കാണുന്ന സ്വപ്നത്തിലാണോ താൻ എന്നു സംശയിച്ച, സെൻകഥയിലെ ചുവാങ് സുവായി നോവലിലെ ആനി മാറുന്നു.  

    സാധാരണ ഒരു കൃതി അതിന്റെ തുടർച്ചയായ മറ്റൊരു കൃതിക്കു കാരണമാകുന്നു എന്നാണ് പറയാറുള്ളത്.  ഹെരോൾഡ് ബ്ലൂം, പിൽക്കാല കൃതി, അതിന്റെ പൂർവപാഠങ്ങളെ നിർമ്മിക്കുന്നതിനെപ്പറ്റി കവിതകളെ മുൻനിർത്തി ആലോചിച്ചിട്ടുണ്ട്. ഒരു കൃതിയെ അതിൽത്തന്നെ തുടങ്ങി അവസാനിക്കുന്ന കേവലസത്തയായി മനസിലാക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ള കരുതലാണ് ‘മുൻപാഠങ്ങളുടെ ഓർമ്മ’ എന്ന സങ്കല്പം. (ദി ആങ്സൈറ്റി ഓഫ് ഇൻഫ്ലുവൻസ്, 1997) ഈ ആശയം ‘രൂപാന്തരപ്രാപ്തിയെ’ വച്ചുകൊണ്ട് മാർക് സ്പിൽക നടത്തു ന്ന വിശദീകരണത്തിൽ കുറച്ചുകൂടി വ്യക്തമാണ് :  

    “വിമർശകർ കരുതിവരുന്നതുപോലെ  ഗ്രിഗർ സാംസ യുവാവായ വെറും കാഫ്കയല്ല, അയാൾ യുവാവായ ഡിക്കൻസും യുവാവായ കോപ്പർഫീൽഡും, ക്ലാര ഓൾസുഫിയേവ്നയ്‌ക്കൊപ്പം നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്ന കഷണ്ടിയുള്ള ഗോലിയാഡ്കിനുമാണ്. അതിലെ ഭ്രമകല്പനയും നഗരയാഥാർത്ഥ്യവും ഗോഗോളിൽനിന്നും ദസ്തയേവ്സ്കിയിൽനിന്നും സ്വീകരിച്ചതാണ്. മുറിയിൽ പൂട്ടിയിട്ട, വീട്ടുകാരാൽ വെറുക്കപ്പെട്ട മകൻ എന്ന രൂപാന്തര പ്രാപ്തിയിലെ കേന്ദ്രസന്ദർഭമാകട്ടെ, ആദ്യം എടുത്തുപയോഗിച്ചത് ഡിക്കൻസാണ്.” (കാഫ്കാ’സ് സോഴ്സസ് ഫോർ ദ മെറ്റമോർഫോസിസ്, 1959) 

     ഒരു സാംസ്കാരികരചന അതിന്റെ പൂർവപാഠങ്ങളെ നിർമ്മിക്കുകയും സ്വന്തം അസ്തിത്വത്താൽ അവയെ തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്ന സന്ദർഭത്തെയാണ് സ്പിൽക ഉപദർശിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ എഴുത്തുകാരായ ഹെർമ്മൻ ഹെസ്സെ, തോമസ് മാൻ തുടങ്ങിയവർ നടത്തിയ  ഒറ്റപ്പെടലിനെക്കുറിച്ചുള്ള അർത്ഥാന്വേഷണത്തെ ‘രൂപാന്തരപ്രാപ്തി’ മുൻപ്രാബല്യത്തോടെ മുടക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മാർഗിറ്റ് എം സിൻക വിശദീകരിക്കാൻ ശ്രമിച്ചതും പിൽക്കാലകൃതിയുടെ പൂർവപാഠനിർമ്മിതിയാണ്. (കാഫ്കാ’സ് മെറ്റമോർഫോസിസ് ആൻഡ് ദ സെർച്ച് ഫോർ മീനിങ് ഇൻ ട്വന്റീത്ത് സെഞ്ചുറി ജെർമ്മൻ ലിറ്റെറേച്ചർ, 2008). ഉറവിടങ്ങളുടെയും  പാഠങ്ങളുടെയും  സങ്കീർണ്ണമായ ബന്ധവ്യവസ്ഥയെ ആഖ്യാനത്തിലേക്ക് സ്വാംശീകരിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് ‘പട്ടുനൂൽപ്പുഴു’വിന്റെയും പ്രത്യേകത.  ആഗസ്റ്റ് 17- എന്ന നോവലിൽ എസ് ഹരീഷ് ബദൽചരിത്രം രൂപപ്പെടുത്തിയതുപോലെ ഉള്ളടക്കത്തെയും രൂപത്തെയും തകിടം മറിച്ചുകൊണ്ടുള്ള പരീക്ഷണോ ന്മുഖമായ ശ്രമമായി അതു മാറുന്നു. രചനയുടെ അനുഭൂതിദായകത്വത്തെ ഒട്ടും ചോർത്താതെതന്നെ. സാംസയുടെയും നടാഷയുടെയും ചു വാങ് സുവിന്റെയും കഥകൾ തികച്ചും വ്യത്യസ്തമായ സാംസ്കാരികഭൂമികയിൽ വ്യത്യസ്തമായ ഭാഷാവ്യവഹാരമായി പുനർനിർമ്മിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നു നമ്മൾ കണ്ടു.  ഭ്രാന്തിനെയും ശാരീരികവും മാനസികവുമായ അപമാനങ്ങളെയും പ്രശ്നവത്കരിക്കുന്നതിൽ, കുടുബബന്ധങ്ങളെയും വ്യക്തിമനസുകളെയും ദ്വന്ദ്വാത്മകരീതിയിൽ വിശകലനം ചെയ്യുന്നതിൽ, കൗമാരപ്രായത്തിലുള്ള പ്രോട്ടഗോണിസ്റ്റുകളിലൂടെ ലോകത്തെ നിരീക്ഷിക്കുന്നതിൽ, അവരുടെ ആന്തരിക ലോകത്തെ ഭാവാത്മകത ചോരാതെ ആവിഷ്കരിക്കുന്നതിൽ, കൂട്ടംതെറ്റ ലിനെ നോവലിന്റെ ഭാവകേന്ദ്രമായി അനുഭവപ്പെടുത്തുന്നതിൽ, മനുഷ്യേതരരായ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ ആഖ്യാനത്തിന്റെ നിർണ്ണായകമായ സ്ഥാനത്ത് സ്ഥാപിക്കുന്നതിൽ... - ഇങ്ങനെ പല കാര്യങ്ങളിലും ആനുകാലിക നോവലുകളിൽനിന്നുള്ള മുന്നോട്ടുപോക്കിനെ ഈ നോവൽ പ്രത്യക്ഷമാക്കുന്നുണ്ട്. കഥാപാത്ര ങ്ങളുടെ വിചാര-വ്യവഹാരമേഖലയ്ക്കു പുറത്തു പ്രവർത്തനനിരതമായ ബോധമണ്ഡലത്തിലേക്കു ഉറവിടങ്ങളെ ആവാഹിച്ചു കൊണ്ടു ചെയ്യുന്ന പുതുമയാകുന്നു അത്. അതോടൊപ്പം നോവൽ മലയാളത്തിൽ പുനഃസൃഷ്ടിക്കുന്ന പൂർവപാഠങ്ങൾ, വിശദമായ മറ്റൊരു ചർച്ചയ്ക്കുള്ള വിഭവമായി നിലനിൽക്കുന്നു. 


മൂല്യശ്രുതി മാസിക, ഡിസംബർ 2025

December 17, 2025

അരുന്ധതി റോയ് കഥയിലേക്കു വരുമ്പോൾ

 


    മാധ്യമം ആഴ്ചപ്പതിപ്പിലെ (28:1447) ഫസീല മെഹറിന്റെ കഥ, ‘അരുന്ധതി റോയ് കംസ് ടു മി’യുടെ ഭാഷയ്ക്ക്,   തൊട്ടടുത്തിരിക്കുന്ന ആളിനോട് ശ്വാസംപോലും എടുക്കാത്തമട്ടിൽ, സ്വയം വിശദീകരിച്ചുപോകുന്ന ഗതിവേഗമുണ്ട്. ആർജ്ജവവും ഒഴുക്കുമാണ് അതിന്റെ പ്രാഥമികമായ പ്രത്യേകത. മലയാള ഗദ്യത്തിന്റെ സ്വാഭാവികമായ ഓജസാണ് ആ ഏകഭാഷണത്തിന്റെ ചടുലതയ്ക്ക് വിളക്കു പിടിക്കുന്നത്. എന്നാൽ സാധാരണനിലയിൽ പാടി പുകഴ്ത്താറുള്ള ലാളിത്യമല്ല ആഖ്യാനരീതിയുടെ പ്രത്യേകത എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. സങ്കീർണ്ണമായ അനുഭവപിരിവുകളെ വാമൊഴിമാറ്റം ചെയ്യുകയാണ് കഥ. ആ രൂപമാണ് അതിന്റെ ഉള്ളടക്കം. ഏകാംഗപ്രക്രിയയായ വായനയെക്കുറിച്ചുള്ളതായതുകൊണ്ട് സ്വഗതാഖ്യാനത്തിനു ആ രൂപത്തിൽ വിശേഷപ്രാധാന്യവും കൈവരുന്നു. 

  അരുന്ധതി റോയിയുടെ അമ്മയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിലെ അവസാന അദ്ധ്യായം, അവരുടെ ജന്മനാടായ കോട്ടയത്തുവച്ചു വായിക്കണമെന്ന ഉൾപ്രേരണയിൽ അവിടെ എത്തി കഥാകാരി അതു വായിച്ചു തീർക്കുന്നതിനെപ്പറ്റിയുള്ള വിവരണമാണ്  ‘അരുന്ധതി റോയ് എന്നിലേക്കു വരുന്നു’ എന്ന കഥയുടെ സാരാംശം. ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ തുടങ്ങി അരുന്ധതിയുടെ മറ്റു കൃതികളെപ്പറ്റിയുള്ള പരാമർശങ്ങളൊന്നും കഥയിലില്ല. ആദ്യ നോവലായ ‘ചെറുതുകളുടെ തമ്പുരാനെ’പറ്റിയുമില്ല.  എന്നാൽ ആദ്യനോവലിലെയും ഇപ്പോഴത്തെ ജീവിതകഥയിലെയും ഭൂപ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അനുഭവങ്ങൾക്കുംതമ്മിലുള്ള ബന്ധം പശ്ചാത്തലത്തിലുണ്ട്. വിശേഷാർത്ഥത്തിൽ അയ്മനം എന്നും സാമാന്യാർത്ഥത്തിൽ കോട്ടയമെന്നും ഉള്ള ഭൂപ്രദേശത്തിനു കഥയിൽ കൈവന്നിരിക്കുന്ന  പ്രാധാന്യംകൊണ്ട്, പേരു പറഞ്ഞില്ലെങ്കിൽക്കൂടി  ‘ അരുന്ധതി റോയ് കംസ് ടു മി’ -കഥ വായിക്കുന്നവരിൽ  ഈ രണ്ടു പുസ്തകത്തിലെയും വസ്തുതാവിവരണങ്ങൾ സ്വാഭാവികതയോടെ വന്നുചേരാതിരിക്കില്ല. എഴുത്തുകാരി, ആക്ടിവിസ്റ്റ്, രാഷ്ട്രീയനിരീക്ഷക, ബുദ്ധിജീവി തുടങ്ങി അരുന്ധതി റോയിക്കുള്ള  പ്രശസ്തികളേക്കാൾ കഥ ഊന്നുന്നത്, തദ്ദേശവാസിയെന്ന സ്വത്വത്തെയാണ്. അരുന്ധതിയുടെ ഭൗതികമായ സാന്നിദ്ധ്യം കഥയുടെ വർത്തമാനകാലത്തിൽ കോട്ടയത്തോ അയ്മനത്തോ ഇല്ല.  ആ അഭാവത്തിലും  അവരുടെ പ്രാദേശികസ്വത്വം കഥയ്ക്കുള്ളിൽ വഴിവിളക്കായി നിലനിക്കുന്നുണ്ട്. അതു സോദ്ദേശ്യമാണ്.

കഥാകാരിയെസംബന്ധിച്ചിടത്തോളം അപരിചിത മേഖലയാണ് കോട്ടയം. ഈ അന്യത്വത്തെ തെക്കൻ-വടക്കൻ എന്ന വിവേചനപരമായ നാട്ടുസങ്കല്പങ്ങളുടെ അനുസ്മരണങ്ങളിലൂടെ കഥ തെളിച്ചിടുക്കാൻ ശ്രമിച്ചിട്ടുള്ളതായി കാണാം. കഥ പറയുന്ന ആളിനു കോട്ടയം ആകർഷണകേന്ദ്രമായതിനു പിന്നിൽ, ബഷീർ, മമ്മൂട്ടി, കാമുകൻ എന്നിങ്ങനെ വ്യക്തികളിൽ അധിഷ്ഠിതമായതും തീർത്തും സ്ത്രൈണമെന്ന തോന്നിക്കുന്നതും  സ്വകാര്യവുമായ മൂന്നു കാരണങ്ങൾ കഥയുടെ ആരംഭത്തിൽ നൽകിയിട്ടുണ്ട്.  ബഷീറിയൻ ദർശനത്തിന്റെയും മമ്മൂട്ടിസിനിമയുടെയും പിന്നാലെ പോകുന്ന ഒരാൾക്ക് ഒരു പ്രദേശത്തിൽ കുടുങ്ങിക്കിടക്കുക എന്ന അവസ്ഥ തുടരേണ്ട ആവശ്യമില്ല. അതുകൊണ്ട് കഥ മുന്നോട്ടു പോക്കുമ്പോൾ അവരിരുവരും അപ്രത്യക്ഷരാകുന്നു. എന്നാൽ പ്രേമം അങ്ങനെയല്ല. കോട്ടയം എന്ന പ്രദേശത്തോടുള്ള ആഭിമുഖ്യത്തെ  നിർവചിക്കുന്ന വസ്തുതയായി കഥയിൽ അതു തുടരുന്നുണ്ട്. 

ഈ ഇഷ്ടത്തെ രൂപം മാറ്റി കഥയിൽ തുടർച്ചയാക്കുന്നത് അരുന്ധതി റോയിയുടെ പുതിയ പുസ്തകമാണ്. കാമുകന്റെ ഭൗതികമായ സാന്നിദ്ധ്യം നിർമ്മിച്ച ഇഷ്ടം,
ഭാവനയിലുള്ള അരുന്ധതിറോയിയോടു പുസ്തകം‌മുഖേന ഉണ്ടായിരിക്കുന്ന ഇഷ്ടം, ഈ രണ്ടിഷ്ടങ്ങളെയും കോട്ടയം എന്ന സ്ഥലപരിധിയിലേക്ക് നട്ടു വളർത്തുകയാണ് കഥാകാരി.  ‘ഒരാളിനോടുള്ള സ്നേഹം നമുക്ക് ആ നാടിനെക്കൂടി പ്രിയങ്കരമാക്കുന്നു’ - എന്നാണ്  സ്ഥലബദ്ധമായ സ്നേഹപ്പകർച്ചയ്ക്ക് കഥതന്നെ നൽകുന്ന ന്യായീകരണം. 

ചെറുതുകളുടെ തമ്പുരാൻ നോവലെന്ന നിലയ്ക്ക് ഭാവനാസൃഷ്ടിയാണ്. അതേ സമയം ആ നോവലിലെ അനുഭവങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും ഓർമ്മിപ്പിക്കുന്ന പലതും ‘മദർ മേരി കംസ് ടു മീ’ എന്ന ഓർമ്മപ്പുസ്തകത്തിലുണ്ട്. ചെറുതുകളുടെ തമ്പുരാനിൽനിന്ന് മദർ മേരി...’ യിലേക്കുള്ള കഥയിലെ നായികയുടെ യാത്ര, യാഥാർത്ഥ്യത്തിൽനിന്ന് ഭാവനയിലേക്ക് എന്ന രചനാപതിവിനെയാണ് തകിടം മറിക്കുന്നത്.  നോവലിലെ ഭാവനാത്മക യാഥാർത്ഥ്യത്തെ ഓർമ്മക്കുറിപ്പിലെ അനുഭവയാഥാർത്ഥ്യത്തിലേക്ക്,  ഇറക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് കഥ ചെയ്യുന്നത്.  ഭൂതകാലാനുഭവങ്ങൾ രൂപപ്പെടുത്തുന്ന വ്യക്തിത്വരൂപീകരണത്തെപ്പറ്റിയാണ് ആത്യന്തികമായി കഥയ്ക്ക് സംസാരിക്കാനുള്ളത്. അതുകൊണ്ടാണ് അനുഭവത്തെ സംബന്ധിക്കുന്ന യാഥാർത്ഥ്യം ഭാവനയേക്കാൾ പ്രധാനമാണെന്ന കാര്യം കഥ മുന്നോട്ടു വയ്ക്കുന്നത്.  ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന ഒരു വാക്യവും കഥയ്ക്കുള്ളിലുണ്ട് : ‘മുറിവുകളുടെ ഉത്ഭവസ്ഥാനം മാത്രം കണ്ടാൽ മതിയായിരുന്നു എനിക്ക്.’

നോവലിൽനിന്ന് അനുഭവകഥയിലേക്കുള്ള ഇറക്കമാണ് ഒരു വശത്തുള്ളതെങ്കിൽ മറുവശത്ത്, കാമുകന്റെ ഭൗതിക സാന്നിദ്ധ്യത്തിൽനിന്ന് അരുന്ധതിയുടെ രചനാവ്യക്തിത്വത്തിന്റെ ഭാവനാസാന്നിദ്ധ്യത്തിലേക്കുള്ള കയറ്റമായി കോട്ടയം പ്രണയത്തിന്റെ അടിസ്ഥാനം മാറുന്നു. പ്രണയത്തിൽനിന്ന് ഇഷ്ടത്തിലേക്കുള്ള വച്ചുമാറ്റം സമനിലയിൽ ഉള്ള ഒന്നല്ല.  തന്നിലേക്ക് ഇറങ്ങിവരുന്ന അമ്മയെ വിഭാവന ചെയ്ത അരുന്ധതിയെ, കഥാകാരിയിലേക്ക് ഇറങ്ങി വരുന്ന എഴുത്തമ്മയായി  അനുഭവിച്ചുകൊണ്ടൊരു പകർന്നാട്ടം കഥയിൽ സംഭവിക്കുന്നു എന്നതാണ്  ‘അരുന്ധതി എന്നിലേക്കു വരുന്നു’ എന്ന ശീർഷത്തെ സോദ്ദേശ്യമാക്കുന്ന പൊരുൾ. ബഷീറിന്റെ ജീവിതപാഠമായ ദർശനവും മമ്മൂട്ടിയുടെ ഹൃദയാകർഷകമായ അഭിനയവും കാമുകന്റെ അനുഭവേദ്യമായ പ്രേമവും ഒറ്റ ബിന്ദുവിൽ അരുന്ധതി റോയിയായി പൂക്കുന്ന ഒരു വാചകം കഥ ഒതുക്കിവയ്ക്കുന്നുണ്ട് അതിങ്ങനെയാണ് : “നിങ്ങളെന്തായിരുന്നുവോ അതാണ് നിങ്ങളെ നിർമ്മിക്കുന്നത്, അതിനു സമാനതകളുണ്ടാവില്ല.” 

ഇതൊരു പുതിയ ‘രൂപാന്തരപ്രാപ്തി’യാണ്. സ്നേഹമെന്നു വിളിപ്പേരുള്ള ആരാധന, താദാത്മ്യമാകുന്നത് സാധാരണകാര്യമാണെങ്കിലും, ആശ്രയസ്ഥാനങ്ങളെ (ഇവിടെ അരുന്ധതി റോയ്) സ്ഥലവുമായി ചേർത്തുവച്ചുകൊണ്ട്, സ്വയം വിശകലനത്തിനുള്ള ഉപാധിയും ആത്മനിമന്ത്രണങ്ങൾക്കുള്ള (ഓട്ടോ സജഷൻ) പ്രോംപ്റ്റുകളും ആക്കി പരിണമിപ്പിക്കുന്നതിലൂടെ, കഥ, ഭൂതകാലാനുഭവങ്ങളെ അതിവൈകാരികമായി ആവിഷ്കരിക്കാനുള്ള തിടുക്കത്തെ നിരുത്സാഹപ്പെടുത്തുന്നു,   വസ്തുനിഷ്ഠമായി അവയെ നോക്കിക്കാണാൻ ഭാഷവഴി ഉത്സാഹിക്കുന്നു, ക്രിയാംശങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാരമ്പര്യചിട്ടകളിൽനിന്ന്  വിടുതൽ നേടുന്നു, ഇവയ്ക്കൊപ്പം ചെറുകഥകൾ ദിശ മാറുന്നതിന്റെ സൂചനകൾ കൂടുതൽ വ്യക്തമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. 


മാധ്യമം എഴുത്തുകുത്ത്, ഡിസംബർ 15-22, 2025






October 14, 2025

ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം

 


ഹിച്ച് കോക്കിന്റെ റെബേക്കയിൽ (1940) കാണികളുടെ മുന്നിലെത്താത്ത ഒരു കഥാപാത്രമാണ് ശീർഷകത്തിനു കാരണമായ റബേക്ക. ഈ റബേക്കയ്ക്ക് 2020 ൽ ബെൻവീറ്റ്‌ലിയുടെ സംവിധാനത്തിൽ മറ്റൊരു ചലച്ചിത്രപ്പതിപ്പുകൂടിയുണ്ടായി. റബേക്കയുടെ മരണത്തെപ്പറ്റി വ്യത്യസ്തമായ നിലപാടുകൾ ഉണ്ടെങ്കിലും അതിലും ഭൂതകാലത്തിലുള്ള ഒരു റബേക്കയെപ്പറ്റി സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന ഒരു സ്ത്രീയെയല്ലാതെ മറ്റൊരു വേഷത്തെയും സ്ക്രീനിൽ നാം കാണുന്നില്ല. (ഹിച്ച് കോക്കിന്റെ റബേക്കയിൽ മാക്സിമിനെ സന്തോഷിപ്പിക്കാൻ ആവേശം മൂത്ത് അയാളുടെ രണ്ടാമത്തെ ഭാര്യ (ജോആൻ ഫൊണ്ടയിൻ) റബേക്കയെ പോലെ വസ്ത്രം ധരിക്കുന്നു ഒരിക്കൽ) ഈ ചലച്ചിത്രങ്ങൾക്കും ഹിച്ച് കോക്കിന്റെ പ്രസിദ്ധമായ ‘പക്ഷികൾ‘ എന്ന ചിത്രത്തിനും ആധാരമായ മൂലരചന നിർവഹിച്ചത് ദാഫ്നെ ദു മോറിയേ എന്ന ഇംഗ്ലീഷ് എഴുത്തുകാരിയാണ്. ആദ്യത്തേത് ഒരു നോവലും രണ്ടാമത്തേത് ഒരു ചെറുകഥയും. ദൃശ്യത എന്ന് ഇപ്പോൾ സാർവത്രികമായി ഉപയോഗിക്കുന്ന സങ്കല്പത്തിന്റെ മറുപുറം അവതരിപ്പിക്കുകയാണല്ലോ 1938 - ലെ റെബേക്കയെന്ന നോവലിലൂടെ അവർ ചെയ്തത്. ‘സ്വാതന്ത്ര്യ കാംക്ഷിയും ഏകാകിയും അന്തഃക്ഷോഭങ്ങളുടെ പളുങ്കുപാത്രവുമായ സ്ത്രീയ്ക്ക് എന്തു ദൃശ്യത?’ എന്ന്.

സലിൻ മാങ്കുഴിയുടെ ‘ചോരവട്ടം’ എന്ന ചെറുകഥാസമാഹാരത്തിന്റെ ആമുഖവാക്യം, ദാഫ്നെയുടെ ‘സ്ത്രീകൾ നോവലായിരിക്കാനും പുരുഷന്മാർ ചെറുകഥയായിരിക്കാനും ആഗ്രഹിക്കുന്നു’ എന്ന നിരീക്ഷണമാണ്. വൈകാരികമായ അലകളും ആഴങ്ങളും അടരുകളുമുള്ള വിസ്തൃതമായ പെൺജീവിതവും വൈവിധ്യങ്ങളില്ലാത്തതും സംഗ്രഹിച്ചതും ഇടുങ്ങിയതുമായ പുരുഷജീവിതവും തമ്മിൽ പക്ഷപാതപരമായ താരതമ്യമാണ് ഈ വാക്യത്തിന്റെ കാതൽ. പല മട്ടിലുള്ള അർത്ഥങ്ങളും ധ്വനികളും ചൂണ്ടു വിരലുകളും അമർത്തിപ്പിടിച്ചവതരിപ്പിക്കാനുള്ള ശേഷി ലഘുവാക്യങ്ങൾക്കുള്ളതിനാൽ ഇങ്ങനെതന്നെയാവണമെന്നില്ല അതിന്റെ വിശേഷാർത്ഥം. ഓരോരുത്തർക്ക് ഓരോന്നാവാം പൊരുൾ.

പത്തു കഥകളുള്ള ‘ചോരവട്ട’ത്തിലെ സലിന്റെ ഒരു കഥ, ‘മുനിയറകളിലേ’ക്ക് പെട്ടെന്ന് ക്ഷണിച്ചുകൊണ്ടു പോകാതിരിക്കില്ല, ഈ വാക്യംവച്ചാലോചിക്കുമ്പോൾ. കൗമാരകാലത്തുണ്ടായ ദാരുണമായ അനുഭവത്താൽ ജീവിതത്തിൽ മൗനിയായിപ്പോയ മനുഷ്യനാണ് മുനി എന്ന് വിളിപ്പേരുള്ള അതിലെ കേന്ദ്രകഥാപാത്രം. പ്രണയം തോന്നി വിളിച്ചുകൊണ്ടുവന്ന സ്ത്രീയോട്, പിന്നീട് അവർക്കുണ്ടായ കുട്ടികളോട് ഒന്നും അയാൾ മിണ്ടുന്നതേയില്ല. അയാളുടെ മരണശേഷം മറ്റുള്ളവർ പറയുന്ന കഥകളാൽ അയാളുടെ ഭൂതകാലം, മകൻ തിരിച്ചറിയുന്നു, അവൻ പശ്ചാത്തപിക്കുന്നു. ജീവിച്ചിരുന്നപ്പോൾ അയാളുടെ അസാധാരണമായ മൗനംകൊണ്ടു പൊറുതിമുട്ടി അയാളെ വെറുത്തയാളാണ് മകൻ. മരിച്ചതിനുശേഷം കഥകളിലൂടെ രക്തവും മാംസവും കിട്ടുന്ന മനുഷ്യർ, ഇപ്പോൾ മലയാള കഥകളിലും അപൂർവസംഭവമല്ലെങ്കിലും, ഈ സമാഹാരത്തിൽ അത് ‘റബേക്ക’യെ ഒന്നുകൂടി ഓർമ്മിക്കാനുള്ള സാഹചര്യം ഉണ്ടാക്കി. ആ വാങ്മയത്തിൽ അവരും അദൃശ്യയായിരുന്നല്ലോ. അതു വഴി ദാഫ്നെയുടെ സ്ത്രീ-പുരുഷ നിർവചനത്തെ ഒന്നുകൂടി നോക്കാമെന്നും തോന്നുന്നു. ഒതുക്കിപ്പറയുക എന്നതാണ് ചെറുകഥകളുടെ ഏറ്റവും വലിയശക്തി. ‘മുനി’ കഴിഞ്ഞുപോയ ജീവിതത്തെ മുഴുവൻ അയാളുടെ മൗനത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ആ അർത്ഥത്തിൽ അയാളൊരു ചെറുകഥയാണ്. ആണ് എന്നല്ല പറയേണ്ടത്, ആയിത്തീർന്നു എന്നാണ്. പക്ഷേ മുകളിൽ വ്യാഖ്യാനിച്ചതുപോലെ മുനിയുടെ ജീവിതം വൈവിധ്യങ്ങളില്ലാത്ത വിധം സംഗ്രഹിച്ചതോ ഇടുങ്ങിയതോ ആയിരുന്നില്ല. അവിടെ സലിൻ ദാഫ്നെയുടെ നിർവചനത്തെ ഒന്നു തിരിച്ചിട്ടു പരിശോധിക്കുകയാണ് ചെയ്തത്.

എന്തുകൊണ്ട് ദാഫ്നെ ദു മോറിയേയെ ഈ കഥാസമാഹാരം താക്കോൽ പഴുതായി എടുക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. പുസ്തകത്തിനു അവതാരിക എഴുതിയ ഡോ. മിനി പ്രസാദ് ഈ കഥകളുടെ മാത്രമല്ല, സലിൻ മാങ്കുഴി എഴുതിയ മറ്റു കഥകളുടെയും സ്ത്രീപക്ഷപരമായ ചായ്‌വിനെ വേണ്ടവിധം വിശദീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹികമോ മനശ്ശാസ്ത്രപരമോ ജീവശാസ്ത്രപരമോ ആയ ജീവിതമേഖലകളെക്കുറിച്ച്, കൂടെ നടക്കുമ്പോഴും കിടക്കുമ്പോഴും തീർത്തും അജ്ഞരായ പുരുഷലോകം കഥകളിലെല്ലാം ഏറെക്കുറെ പ്രതിസ്ഥാനത്താണ്. ഒരു പുരുഷൻ അതെഴുതുമ്പോൾ ആ ഇരുണ്ട ഭൂഖണ്ഡത്തെപ്പറ്റി ഇതുവരെയില്ലാത്ത രീതിയിൽ മനസിലാക്കിവരുന്ന ഒരു ലോകം വെളിപ്പെട്ടുവരുന്നു എന്ന അർത്ഥമെടുത്താൽ മതിയാകും. ലിംഗഭേദങ്ങളുടെ ഈ ആറാം മണിക്കൂറിലോ എന്നു ചോദിച്ചു നെറ്റി ചുളിച്ചു മാറ്റി നിർത്തുകയോ ഇപ്പോഴെങ്കിലും ആയതിനെപ്പറ്റിയുള്ള ബോധാവബോധവിവേകങ്ങൾ ദൃശ്യത നേടുന്നുണ്ടല്ലോ എന്ന് വരവേൽപ്പു നടത്തുകയോ ചെയ്യാം. ഡോ. മിനി പ്രസാദ് രണ്ടാമത്തെ വഴിയാണവലംബിക്കുന്നത്. ജെൻസികൾ ആ വഴിതന്നെ പോകണമെന്നില്ല. അവർക്കിതു പുതുമയുള്ള കാര്യമാവണമെന്നില്ല. പെൺകുട്ടികൾക്കുമാത്രമുള്ള ക്ലാസുകൾ വൃദ്ധരായ കുറച്ചുപേർക്കുമാത്രമേ ഇപ്പോഴും പ്രധാനമായി തോന്നൂ. ഒന്നിച്ചുള്ള ജീവിതത്തിൽ ‘ചോരവട്ടങ്ങളുടെ’ സാന്നിദ്ധ്യം അറിയുന്നവരുടെ എണ്ണം പഴയതുപോലെ തീരെ കുറവല്ല. മതിൽക്കെട്ടുകളുടെ മറയില്ലാതെയും മണ്ണിനടിയിലൂടെയല്ലാതെയും വേരുകൾക്കൊപ്പം ഇലകൾക്കും കെട്ടിപ്പിടിക്കാവുന്ന ഒരു ലോകം അത്ര അപ്രാപ്യമായ നിലയിലുമല്ല ഇപ്പോൾ, ഭാഗ്യനിർഭാഗ്യങ്ങൾ എല്ലാവർക്കും എല്ലായിടത്തും ഒരുപോലെയല്ല, എങ്കിലും.

അതുകൊണ്ട് സ്ത്രീകൾക്കുവേണ്ടി എന്ന അഭിഭാഷകത്വത്തെ മുൻനിർത്തിയല്ല, ഈ കഥകളെ നോക്കുന്നത്. സ്ത്രീപുരുഷഭേദം തീവ്രതരമായി കൊടികുത്തിവാണ എൺപതുകളിലെ കൗമാരങ്ങൾ മുതിർന്ന് ദാമ്പത്യങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നതിന്റെ പ്രത്യേകതയാണ് ‘ചോരവട്ട’ത്തിൽ നിന്നു കിട്ടുന്ന വേവ്. പത്തുകഥകൾ നിലവിലെ സമൂഹത്തിൽ പലതരത്തിലുള്ള ബന്ധങ്ങളെ അഴിച്ചുപണിയാൻ ശ്രമിക്കുകയും ഉറ്റുനോക്കുകയും വേവലാതിപ്പെടുകയും അതിന്റെയെല്ലാം ചൂടിൽ ആലോചനമഗ്നമാവുകയും ചെയ്യുന്നു.

അടിമപ്പള്ളിയിൽ -പുരോഹിതനും വിശ്വാസിയും, ചോരവട്ടത്തിൽ- ചികിത്സകനും രോഗിണിയും, ഏലി ഏലി സബക്താനിയിൽ - ആണും പെണ്ണുമായ കൂട്ടുകാർ, എന്നെ നീ ധന്യയാക്കണേയിൽ - കവിയും ആരാധികയും, അലസിപ്പൂക്കളിൽ- പീഡകനും സ്ത്രീയും, ഒന്ന് അങ്ങോട്ടോ..... യിൽ - ആൾദൈവവും ജനവും, ഉറയിൽ - പോലീസും കുറ്റവാളിയും, തേരെ മേരെ ബീച്ച് മേമിൽ - ഭാര്യയും ഭർത്താവും, മുനിയറകളിൽ- അച്ഛനും മകനും, ഉത്തരാർദ്ധം പൂരിപ്പിക്കൂവിൽ - ഗുരുവും ശിഷ്യനും. ഇതൊരു പ്രാഥമികമായ കണക്കെടുപ്പാണ്. ഒരു കഥയും ഒരൊറ്റബന്ധത്തിന്റെ വട്ടത്തിനുള്ളിൽ കറങ്ങിത്തീരുന്നതല്ല. സാമൂഹികമായ ബന്ധങ്ങൾക്കൊപ്പം ‘എന്നെ നീ ധന്യയാക്കണേ’, ‘മുനിയറകൾ’, ‘ഏലി ഏലി.....’ എന്നിവയിൽ കാണുന്നതുപോലെ ജനിതകബന്ധങ്ങളും പ്രസക്തമാണ്.

മാത്രവുമല്ല ബന്ധങ്ങൾ ചർച്ച ചെയ്ത് കയറുന്നത് വിചിത്രവും അനിതരസാധാരണവുമായ ഭാവമേഖലകളിലേക്കുകൂടിയാണ്. ഒരു ഉദാഹരണം പറയാം, നാരായണ ഗുരുവിനെ കൗമാരകാലത്താണ് കുമാരനാശാൻ സന്ധിക്കുന്നത്. സലിന്റെ ‘ഉത്തരാർദ്ധം പൂരിപ്പിക്കൂ’ എന്ന കഥയിൽ ഭാനുമതിയുമായുള്ള ആശാന്റെ ബന്ധത്തിനും പ്രാധാന്യമുണ്ട്. പക്ഷേ കഥയിൽ ബന്ധങ്ങളുടെ ഇണക്കുകണ്ണിയായി നിൽക്കുന്നത് മരണമാണെന്ന പ്രത്യേകതയുണ്ട്. ഗുരുവിനു ശിഷ്യനെ, ഭാര്യയ്ക്കു ഭർത്താവിനെ, മക്കൾക്കു പിതാവിനെ, സഹചരർക്ക് കൂട്ടുകാരനെ, നഷ്ടപ്പെടുത്തുന്ന മരണം (അഥവ ശാശ്വതമായ വേർപാട്) കഥയ്ക്കുള്ളിൽ ബന്ധങ്ങളുടെ ഉറപ്പിനെ ബലപ്പെടുത്താനുള്ള ഉപാധിയാണ്. കഥകൾക്കുമാത്രം കഴിയുന്ന വൈരുദ്ധ്യമാണിത്. ഇത്രതന്നെ ആർദ്രമായ ഒരു അഭാവംകൊണ്ട് ‘സമാഗമത്തെ’ സ്ഥാനപ്പെടുത്തുന്ന മറ്റൊരു കഥയും സമാഹാരത്തിലുണ്ട്. സിസിയും ബോണിയും വേഷങ്ങളിലൂടേ ആൺപെൺസ്വത്വങ്ങൾ തിരിച്ചിട്ട് പ്രേമിക്കുന്ന വിചിത്രമായ കഥയാണ്, ‘ഏലി ഏലി ലമ്മ ശബക്താനി’. അത്തരമൊരു ലിംഗപരമായ ദ്രാവകത്വസ്വഭാവമുള്ള കഥയ്ക്ക് പുതിയകാലത്തിന്റെ ഒത്താശകൂടി ആവശ്യമുണ്ട്. നോവലാകാനുള്ള മൂലകങ്ങളെല്ലാം ആ കഥയിൽ സന്നിഹിതമാണ്. അതു മുന്നിൽ വച്ചുകൊണ്ട് ‘ആണുങ്ങൾക്ക് ചെറുകഥ, സ്ത്രീകൾക്ക് നോവൽ’ എന്ന നിരീക്ഷണത്തെ ഒന്നുകൂടി മറിച്ചിടാൻ തോന്നുന്നു.

ട്രഡിഷൻ ആൻഡ് ഇൻഡിവിജ്വൽ ടാലെന്റ് എന്ന കൃതിയിൽ ടി എസ് ഇലിയട്ട്, ‘ഭൂതകാലത്തിന്റെ ഭൂതകാലത്വം’ എന്നൊരു പ്രയോഗം നടത്തുന്നുണ്ട്. സലിന്റെ കഥകളിലെ ഭൂതകാല വിചാരണകൾ ഒട്ടും ദൃശ്യാത്മകമല്ലാതെ, (എന്നുവച്ചാൽ പ്രതിബദ്ധതാജാഥകളുടെ ഒച്ചയില്ലാതെയും) സമകാലത്തിലേക്ക് നടന്നുകയറുകയാണ് ചെയ്യുന്നത്. കാലികമായി സഞ്ചരിക്കുന്ന പ്രാചീന ആഖ്യാനങ്ങൾ വാക്യങ്ങളിൽ ഭൂതകാലക്രിയകളെയും ആഖ്യാനത്തിൽ മുൻപു നടന്നത് പിന്നീട് നടന്നത് എന്ന ക്രമത്തെ നിലനിർത്തിയുമാണ് ഭൂതകാലാവസ്ഥയെ പുനഃസൃഷ്ടിക്കുന്നത്. ഇതിനൊരു മറുവശമുള്ളത്, ഭൂതകാലത്തെ സമകാലത്തിലേക്ക് ഇറക്കിക്കൊണ്ടുവരിക എന്നതാണ്. വാമൊഴികളായി പ്രചരിക്കുന്ന കഥകളിൽ ഇത് സംഭവിക്കാറുണ്ട്. എന്നാൽ അനുഭവങ്ങളെ കാലികമായി മാറ്റിയെഴുതുക തികച്ചും വ്യത്യസ്തമായ കാര്യമാണ്. ഭാഷാപരമോ ആശയപരമോ അല്ല, ഇത് തീർത്തും സങ്കല്പനപരമാണ്. (നാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായ കഥയിൽ ആശാന്റെ അവസാനയാത്ര തീവണ്ടിയിലാകുന്നതുപോലെ...) കഴിഞ്ഞു പോയ അനുഭവങ്ങളിലെ വൈകാരികമായ ഉള്ളടക്കങ്ങളെ വിചാരണാപരമായി മാറ്റിയെഴുതുക എന്ന കാര്യമാണ് അവിടെ സംഭവിക്കുന്നത്. ഇതിനെ ‘ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം’ എന്നു വിളിച്ചുകൂടേ?

 https://dcink.in ഒക്ടോബർ 2025

September 29, 2025

ഭ്രമാത്മക യാഥാർത്ഥ്യത്തിന്റെ രാത്രിസഞ്ചാരങ്ങൾ

 



സി അനൂപിന്റെ ആദ്യ സമാഹാരം പ്രണയത്തിന്റെ അപനിർമ്മാണം’ 2000-ലാണ് പുറത്തിറങ്ങുന്നത്. അപ്പോൾ കലാകൗമുദിയിലെ സബ് എഡിറ്ററായിരുന്നു. ഉണ്ണി ബാലകൃഷ്ണനും  അന്ന് കേരളകൗമുദിയിലായിരുന്ന കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണനും സഹവാസികൾ. അനൂപിന് 1992 -ൽ കേരളസർവകലാശാലാ കലോത്സവത്തിൽ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം കിട്ടി. മികച്ച ചലച്ചിത്രനിരൂപണത്തിനുള്ള പത്മരാജൻ പുരസ്കാരവും ലഭിച്ചു. പത്മരാജന്റെ പേരിൽ ആരംഭിച്ച ആദ്യ പുരസ്കാരമായിരുന്നു അത്. പ്രണയത്തിന്റെ അപനിർമ്മാണത്തിന്  അവതാരിക എഴുതിയത് നരേന്ദ്രപ്രസാദ്, പഠനം എഴുതിയത്  വിജു വി നായർ. അന്ന് കലാകൗമുദിയിൽ എം പി നാരായണ പിള്ളയുണ്ട്. സാഹിത്യപ്രവർത്തകസഹകരണസംഘം വഴി ആദ്യ സമാഹാരം വരികയാണ്, ആമുഖവും പഠനവും എഴുതുന്നത് ഇന്നയിന്ന ആൾക്കാരാണെന്ന് അറിയിച്ചപ്പോൾ ആദ്യ സമാഹാരം ഇറങ്ങുന്നതിന്റെ സന്തോഷത്തിൽ പേട്ടയിലെ റയിൽവേ ക്യാന്റീനിൽനിന്ന് ചായയും അതിനു മേലെ ഒരു സിഗരറ്റും ഓഫർ ചെയ്തിട്ട്, നാരായണപിള്ള ആദ്യം ചെയ്തത്,  മൂല്യമുള്ളഒരു എഴുത്തുകാരനായിരിക്കാൻ ഭാവിയിൽ എന്തൊക്കെ നിഷ്ഠകളാണ് ജീവിതത്തിൽ പാലിക്കേണ്ടത് എന്ന് ഉപദേശിക്കുകയായിരുന്നു. സാധാരണ കഥയെഴുതി മുതിർന്നവർ കുട്ടിത്തരം വേഷങ്ങളെ കൈകാര്യം ചെയ്യുമ്പോലെ കഥയ്ക്കുള്ളിൽ എന്തൊക്കെ പണിയണമെന്നല്ല, കഥകൾക്കു പുറത്തും കഥാകൃത്തായിരിക്കാനും പത്രാധിപർക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കാതിരിക്കാനും എന്തുവേണമെന്നായിരുന്നു ഉപദേശത്തിന്റെ കാതൽ. അധികാരത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് കഥയെഴുതിയിട്ട് അതു പ്രസിദ്ധീകരിച്ചുകിട്ടാൻ പത്രമാപ്പീസിൽ കാത്തുകെട്ടിയും ഓച്ഛാനിച്ചും നിൽക്കുന്ന കഥാകൃത്തിനേക്കാൾ ദയനീയനായി മറ്റാരാണുള്ളത്? ബൂർഷ്വാപ്രസാധകനിൽനിന്ന് സ്വതന്ത്രനല്ലാത്തതുപോലെ എഴുത്തുകാർ ഇനിയും കുത്തകമാധ്യമങ്ങളുടെ വിധേയബന്ധത്തിൽനിന്നും പൂർണ്ണമായും മുക്തനല്ല. ഇരുപതു വർഷങ്ങൾക്കു മുൻപുള്ള കാര്യമാണ്. എഴുത്തുകാര(രി)ന്റെ പദവിമൂല്യത്തിന് എം പി നാരായണ പിള്ള അന്ന് സ്വതസ്സിദ്ധമായ നർമ്മബോധത്തോടെ നൽകിയ അടിവര ഇടയ്ക്കെങ്കിലും താൻ ഓർമ്മിക്കാറുണ്ടെന്ന് അനൂപ് പറയുന്നു.

2000- മലയാളകഥാസാഹിത്യത്തിലെ നാഴികക്കല്ലാണ്.  കഥയുടെ ഭാവുകത്വജാതകം തിരുത്തി പല പുതിയ പ്രത്യക്ഷങ്ങളും സഹസ്രാബ്ദത്തിന്റെ സംക്രമണവേളയിൽ ഉണ്ടായി.  ഇ സന്തോഷ് കുമാറിന്റെ ഗാലപ്പഗോസും സന്തോഷ് ഏച്ചിക്കാനത്തിന്റെ  ഒറ്റവാതിലും  ഒന്നോ രണ്ടോ വർഷങ്ങളുടെ വ്യത്യാസത്തിൽ പുറത്തിറങ്ങി. സാഹിത്യപ്രവർത്തകസഹകരണസംഘമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെയും ആദ്യസമാഹാരം പ്രസിദ്ധീകരിച്ചത്. ബി മുരളിയെ ഡി സി ബുക്സ് ഉംബെർട്ടോ എക്കോയിലൂടെ മൂന്നുവർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. ആർ ഉണ്ണിയുടെ ഒഴിവുദിവസത്തെ കളി മൂന്നുവർഷം കഴിഞ്ഞ് ഡി സി പുറത്തിറക്കി. ഇന്ദുഗോപൻ (ഇരുട്ടു പത്രാധിപർ), സുഭാഷ് ചന്ദ്രൻ (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) മനോജ് ജാതവേദർ (നദികൾ മടങ്ങിവരും), ഗീതാഹിരണ്യൻ (ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം) എന്നിവരുടെ ആദ്യസമാഹാരങ്ങൾ പുറത്തിറങ്ങിയത് ഒരു വർഷം മുൻപാണ്. മലയാളകഥ വ്യത്യസ്തസ്വരങ്ങളിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ തുടങ്ങി. ആഖ്യാനവൈവിധ്യങ്ങളുടെയും  ഉള്ളടക്കവൈവിധ്യങ്ങളുടെയും ഭാവവൈവിധ്യങ്ങളുടെയും യുവത്വം മലയാള ചെറുകഥയെ ആവേശിച്ചു.

ഫീച്ചറുകൾക്കൊപ്പം അനൂപ് കലാകൗമുദിയിൽ രാഷ്ട്രീയലേഖനങ്ങൾ എഴുതിവരികയായിരുന്നു. അരുന്ധതി റോയിയെയും ഇ എം എസിനെയും കുറിച്ചുള്ള പുസ്തകങ്ങൾ അക്കാലത്ത് എഡിറ്റു ചെയ്തു. (അബ്ദുൾ കലാമിനെപ്പറ്റിയുള്ള പുസ്തകം പിന്നീട് വന്നതാണ്) പ്രസാധകനായി. ചലച്ചിത്രമേഖലയിൽ ഭാഗ്യം പരീക്ഷിക്കുകയും ഒന്നുരണ്ട് ചിത്രങ്ങളിൽ സത്യൻ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു. ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു. ജനയുഗം വാരാന്ത്യത്തിന്റെ ചുമതല വഹിച്ചു.  വിവിധരാജ്യങ്ങളിൽ സഞ്ചരിച്ചു. ദൃശ്യമാധ്യമരംഗത്ത് ഉറച്ചു. വളരെ അപൂർവമായി മാത്രമാണ് എഴുത്തെങ്കിലും അപ്പോഴും കഥകളെ കൈവിട്ടില്ല. പരകായ പ്രവേശം, ഇ എം എസും ദൈവവും, നെപ്പോളിയന്റെ പൂച്ച, കടൽച്ചൊരുക്ക്, 3 കാലങ്ങൾ എന്നീ കഥാസമാഹാരങ്ങൾക്കു പുറമേ വിശുദ്ധയുദ്ധം എന്ന നോവലും രചിച്ചു. ആനയുടെ പ്രതികാരത്തെപ്പറ്റി പറയുന്ന വിശുദ്ധയുദ്ധത്തിന് അറ്റ്‌ലസ് കൈരളി പുരസ്കാരം ലഭിച്ചു.  ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകമാണ് മറ്റൊരു രചന.  

ചേർത്തുവയ്ക്കുന്ന വാക്കുകളുടെ സുതാര്യതയിലൂടെ അപ്പുറത്തേക്ക് തലനീട്ടുന്ന ഒരു ലോകം പത്മരാജന്റെ കഥകളിൽ സദാ സന്നിഹിതമായിരിക്കുന്നതുപോലെ ഒരു ഇമയടച്ചു തുറപ്പിൽ തെളിയുകയോ മാറുകയോ ചെയ്യുന്ന ഭൂമിയും ലോകവും കാലവും അനൂപിന്റെ കഥകളിലെയും യാഥാർത്ഥ്യമാണ്. ചിലപ്പോൾ കഥ മൊത്തത്തിൽതന്നെ അയഥാർത്ഥമായ നാടകത്തിനായി തിരശ്ശീലയുയർത്തും. ഭൗതികവും അതീതവുമായ ലോകങ്ങൾക്കിടയിൽ കഥാവാങ്മയം ഒരു റെഗുലേറ്റർപോലെ നിൽക്കുന്ന അവസ്ഥ അനൂപിന്റെ കഥകളിൽ പലതിനുമുണ്ട്.  ദൃശ്യാത്മകതയ്ക്കു നൽകുന്ന പ്രാധാന്യം, കഥയുടെ ഭാവാന്തരീക്ഷമായി പശ്ചാത്തലത്തെ അതിന്റെ വിശദാംശങ്ങളിലുള്ള നിഷ്ഠയോടെ അവതരിപ്പിക്കാനുള്ള തിടുക്കം, ആ വർണ്ണനയിൽ കാണിക്കുന്ന ശ്രദ്ധ, വാക്യപ്രയോഗങ്ങളിലെ മിതത്വം, ചെത്തിമിനുക്കി ചിന്തേരിട്ട ഭാഷ തുടങ്ങിയ വിശേഷതകൾക്കൊപ്പം ഭ്രമാത്മകതയിലേക്ക് വഴുതുന്ന ഘടനയിലും പത്മരാജനിൽനിന്നുള്ള തുടർച്ചയെ അനൂപിന്റെ കഥകൾ ഓർമ്മിപ്പിക്കുന്നു. സംഭവങ്ങളുടെ പരിണാമത്തെയും ആത്യന്തികമായ തീർപ്പിനെയുംപ്പറ്റി നിശ്ചയമില്ലായ്മയാണ്, കഥാന്ത്യങ്ങൾ ഭ്രമകല്പനകളിലേക്ക്  വഴുതുന്നതിനുള്ള മൂലകാരണം. സർഗപരമായ സന്ദിഗ്ധത കഥകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യാത്മകമായ ഒരു ഗുണവിശേഷമാണ്. പ്രകടമായ രാഷ്ട്രീയചായ്‌വ് കാണിക്കുന്ന കഥകളെ ഇത്തരം വേവലാതികൾ അലട്ടാനെത്തില്ല. മറിച്ചുള്ളവയിൽ കഥകളുടെ സ്വഭാവത്തെ ആകെ നിർണ്ണയിക്കുന്ന ഘടകമായി അത് പിന്നീട് മാറുകയും ചെയ്യുന്നുണ്ട്.  

‘ജീവിതകാമനകളുടെ രഹസ്യധാരകൾ അറിയാനുള്ള ശ്രമം’ എന്ന് നരേന്ദ്രപ്രസാദ് വർണ്ണിക്കുന്ന നിഗൂഢമായ ഉത്സാഹാവേശങ്ങൾ അത്ര പ്രകടമല്ലാത്ത പാപഭാരത്താൽ നനഞ്ഞ് അവതരിപ്പിക്കുന്ന പല കഥകളും ആദ്യസമാഹാരമായ ‘പ്രണയത്തിന്റെ അപനിർമ്മാണത്തിൽ വായിക്കാം. ഹോസ്റ്റലോപജീവികളായ രണ്ട് വിദ്യാർത്ഥികൾ എലീനയെ കാണാൻ പോയി മടങ്ങുന്ന കഥപറയുന്ന ‘വൈശികം’ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു വന്ന സമയത്ത് അതവസാനിച്ചത്, സ്വന്തം ഹോസ്റ്റൽ മുറിയിൽ എങ്ങുമെത്താതെ കുഴയുന്ന ആഖ്യാതാവിനെ കാണിച്ചു തന്നുകൊണ്ടാണ്, സമാഹാരത്തിൽ ചേർത്തപ്പോൾ മെഴുകുതിരിവെളിച്ചത്തിൽ കണ്ണാടിയിൽ കാണുന്ന മുഖം തന്റേതല്ലെന്ന തിരിച്ചറിവിലേക്ക് അതിന്റെ അവസാനം മാറി.  ആണുങ്ങൾ പ്രായപൂർത്തിയാവുന്ന ദിവസത്തെപ്പറ്റി എഴുതുന്ന ‘യുറേക്കാ’ (അതേ സമാഹാരം) യിൽ ഈ പാപഭാരം ഇതേ തീവ്രത കൈവരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരേതരം (ആൺ) അനുഭവത്തിന്റെ രണ്ടു വശങ്ങളാണവ എന്നുള്ളതുകൊണ്ടാണങ്ങനെ.

സാമൂഹികപ്രതിബദ്ധതയുടെയും ധാർമ്മികമോ സദാചാരപരമോ ആയ ഉത്തമബോധ്യങ്ങളുടെയും  ഇടയിൽനിന്നുകൊണ്ട് സമൂഹത്തെ ഉപദേശിച്ചും ഉദ്ധരിച്ചും നന്നാക്കുകയാണ് എഴുത്തുകാരന്റെ ജീവിതവ്രതമെന്ന തെറ്റിദ്ധാരണകളില്ലെങ്കിൽ   കുഴമറിച്ചിലുകൾക്കാവശ്യമായ സങ്കീർണ്ണതകൾ നമ്മുടെ അകം- പുറം ജീവിതത്തിൽ ധാരാളമുണ്ടെന്നതൊരു യാഥാർഥ്യമാണ്. അനൂപിന്റെ ഒരു കഥയിൽ ഇ എം എസ്, മരനശേഷം എ കെ ജി സെന്റർ സന്ദർശിക്കാൻ വരുന്നുണ്ട്. കലാകൗമുദിക്കാലത്തെ രാഷ്ട്രീയ നിരീക്ഷകൻ കഥാകാരനായി തീർന്നതിന്റെ ഫലങ്ങൾ കായ്ച്ച മരമാണ്, ‘ഇ എം എസും ദൈവവും’ എന്ന സമാഹാരം. അതിൽ ഇ എം എസ് രാഷ്ട്രീയസംശുദ്ധിയുടെ ഒരു മാനകബിംബമാണ്. അദ്ദേഹം മാത്രമല്ല സമകാലിക രാഷ്ട്രീയത്തിൽനിന്ന് പലരും ആ സമാഹാരത്തിലെ കഥകളിൽ കടന്നു വരുന്നു. പി ജി ഗോവിന്ദ പിള്ളയും സാഹിത്യവിമർശകനായ ശ്രീജനും സഖാവ് ദാമോദരനും അതിനുള്ളിലുണ്ട്. സുർജിത്ത് സിംഗും ബുദ്ധദേവ് ഭട്ടാചാര്യയും എൻ എസ് മാധവനും മോഹൻലാലും അതുപോലെ വന്നുപോകുന്നുണ്ട്. മാറ്റത്തിന്റെ ഗതിവേഗം കൂടിയ കാലയളവിൽ പ്രവർത്തനം മന്ദീഭവിച്ച രാഷ്ട്രീയാവസ്ഥയുടെ കലുഷതയിൽനിന്ന് ശരിയേത് തെറ്റേതെന്ന വിളിച്ചുചോദിക്കാൻ വെമ്പുന്ന സർഗാത്മകമായ കലക്കമാണ് ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമുള്ള സ്മാരകങ്ങളായി ഈ സമാഹാരത്തിലെ കഥകളെ മാറ്റുന്നത്. “ജനാധിപത്യ കേന്ദ്രീകരണം അധികാരകേന്ദ്രീകരണത്തിന്റെ ഒരു സാങ്കേതികവിദ്യമാത്രമാകുന്ന  പാർട്ടിഘടനയോടു പ്രതികരിക്കാൻ ആശയപരമായ ഉപകരണങ്ങൾ ഇല്ലാതാകുന്ന പാർട്ടിയംഗങ്ങളുടെ  ശരീരം സ്വയം പ്രതികരണമാർഗങ്ങൾ കണ്ടെത്തുന്ന രീതിയെന്ന്” ഈ രചനാതന്ത്രത്തെ ബി രാജീവൻ വിലയിരുത്തുന്നു. ഗോഡ്സെയെവച്ചും ഒരു കഥ അനൂപ് എഴുതിയിട്ടുണ്ട്, ‘കുറ്റവും ശിക്ഷയും’. (പരകായപ്രവേശം എന്ന സമാഹാരം) കൊല്ലപ്പെട്ട ഗാന്ധിജി അതിൽ കൊലയാളിയായ ഗോഡ്സേയെ കാണാൻ വരുന്നു.

“ഒടുവിൽ ഗാന്ധിജിയുടെ കൈ തനിക്കുനേരെ നീണ്ടുവരുന്നതുകണ്ടു ഗോഡ്സേ കുതറിമാറി. പ്രതിരോധിക്കാനെന്നോണം മുഷ്ടി ചുരുട്ടി വീശി പിന്നോട്ടു മാറി. പരിഭ്രമിച്ചുള്ള ഓട്ടത്തിനിടയിൽ  തോക്ക് വലിച്ചെറിഞ്ഞതിൽ ഗോഡ്സേ  സ്വയം ശപിച്ചു. ഗാന്ധിക്കുചുറ്റും ഇളംനീലനിറത്തിൽ ഒരു പ്രകാശവലയം സൃഷ്ടിക്കപ്പെടുകയും അതിൽനിന്ന് പ്രകാശശകലങ്ങൾ മഴയിലേക്ക് പറന്നുപോവുകയും ചെയ്യുന്നത് ഗോഡ്സേ കണ്ടു.”

വേദിനാടകത്തിന്റേതുപോലെയുള്ള അതിഭാവുകത്വപരമായ സംഘർഷസംവിധാനങ്ങളും സംഭാഷണങ്ങളുമാണ് ‘കുറ്റവുംശിക്ഷ’യിലുമുള്ളത്. പ്രദീപ് ദാൽവിയുടെ ‘ഞാൻ നാഥുറാം ഗോഡ്സേ സംസാരിക്കുന്നു (മി നാഥുറാം ഗോഡ്സേ ബോൽതോയ്)  എന്ന വിവാദമറാത്തി നാടകത്തോടുള്ള പ്രതികരണം രൂപം നൽകിയ ഘടനയായിരിക്കണമിത്. പ്രവചനസ്വഭാവത്തിലേക്ക് നീങ്ങാത്ത ആ കഥയെയും കൊമ്പുയർത്തുന്ന തേളുകളുടെയും ഗോഡ്സേയുടെ ശരീരത്തിലേക്ക് ഇഴയുന്ന പഴുതാരകളുടെയും ചലിക്കുന്ന മായികമായ ഒരു ചിത്രം കാണിച്ചുതന്നുകൊണ്ട് അവസാനിപ്പിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. സാധാരണ ഭ്രമാത്മകമായ കാഴ്ചകളിൽനിന്നു വ്യത്യസ്തമാണ് ഗോഡ്സേ എന്ന കൊടും‌പാപിക്കായി  പാത്തുവയ്ക്കുന്ന നരകശിക്ഷയുടെ സൂചനകളെ ഉള്ളടക്കുന്ന ദൃശ്യം. ലൗകികമായ പാപങ്ങൾക്കെല്ലാം ധാർമ്മികമായ പരിഹാരങ്ങളുണ്ടെന്ന മതാത്മകബോധം പ്രവർത്തിക്കുന്നതോ രാഷ്ട്രീയമായ നിസ്സഹായതയിൽ പരിഹാരം തേടി പൂർവവിശ്വാസങ്ങളിൽ പരതുന്നതോ ആണ് ഈ കാഴ്ചയ്ക്ക് ആധാരം.

എന്നാൽ രാഷ്ട്രീയകാലാവസ്ഥകൾ സമൂഹത്തിന്റെ മാർഗം മുടക്കുന്നതിലുള്ള അസ്വസ്ഥതകൾ വിഷയമാക്കിയ കഥകളിലെ  ഭ്രമകല്പനകൾക്ക്  അന്യാപദേശങ്ങളോടാണ് ബന്ധം കൂടുതൽ. അനൂപിന് കൈയ്ക്കിണങ്ങിയ രചനാതന്ത്രമാണ് ഈ അലിഗറിയെന്നു വേണമെങ്കിലും പറയാം. അലിഗറിയുടെ നിലവിലുള്ള അക്കാദമിക്കായ നിർവചനങ്ങളെ കൃത്യമായി പിന്തുടരുന്നു എന്ന അർത്ഥത്തിലല്ല. കഥ മുഴുവനായുംതന്നെ, അതിൽ വിശദീകരിക്കുന്ന അന്തരീക്ഷത്തിനും വസ്തുതകൾക്കും അപ്പുറത്ത്, അതിനേക്കാൾ രൂക്ഷമായ പരിതഃസ്ഥിതിയെയും സംഭവഗതികളെയും ചൂണ്ടി (കനോറ്റേറ്റീവായി) നിലകൊള്ളുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തിലും അനൂപ് അവലംബിക്കുന്ന പാതയിൽ പത്മരാജന്റെ കാൽപ്പാടുകൾ ഉണ്ട്. ഈ പിൻതുടരൽ ബോധപൂർവമാകണമെന്നില്ല. നേരത്തെ പറഞ്ഞതുപോലെ അറിവനുഭവങ്ങളുടെ ധാരണത്തിനും സംഗ്രഹണത്തിനുമിടയിലെ കലാത്മകമായ പരിണാമങ്ങളിൽ കലരുന്ന പാരമ്പര്യത്തിന്റെ വിത്തുകളായിരിക്കാമത്. പത്മരാജന്റെ ‘അവകാശങ്ങളുടെ പ്രശ്നം’ എന്ന ചെറുകഥയിൽ അടിയന്തിരാവസ്ഥയെയോ ഇന്ത്യയുടെ പാരമ്പര്യ അവകാശത്തെയോ സംബന്ധിച്ച് ഒരു ചെറിയ സൂചനപോലും ഇല്ല. പക്ഷേ അത് പഠിക്കാനായി പാഠപുസ്തകത്തിൽ വന്നപ്പോൾ അതിന്റെ അന്യാപദേശസ്വഭാവവും അവസാനത്തിലെ ഭ്രമകല്പനയും ചേർന്ന് കഥ അതിന്റെ രചനാകാലത്തെ രാഷ്ട്രീയ അസ്വസ്ഥതകളെ ഉള്ളടക്കിയിരിക്കുകയാണെന്ന നിലയിൽ അദ്ധ്യാപകപരിശീലന കളരികളിൽ ചർച്ചകൾ ആരംഭിക്കുകയുണ്ടായി.

സർഗാത്മകരചനകളിലെ രാഷ്ട്രീയവിവക്ഷകൾ പുറമേക്ക് ഒട്ടും വെളിവാക്കാത്തതും  നിറഭേദങ്ങളാൽ വ്യാഖ്യാനത്തിനു വഴങ്ങാത്തതുമാണെങ്കിൽപോലും അവ രാഷ്ട്രീയമായി വായിക്കപ്പെടാനുള്ള സാധ്യത നിലവിലുണ്ട് എന്നാണ് അതിന്റെ അർത്ഥം. രാഷ്ട്രീയം മനുഷ്യരെ കൂടുതലായി ബാധിക്കുന്ന ഒരു കാര്യമായതുകൊണ്ട് പ്രത്യേകിച്ചും അങ്ങനെ സംഭവിക്കാം. ഒരുപക്ഷേ അവയുടെ വ്യംഗ്യസൂചനകൾ ശൂന്യമാണെങ്കിൽപോലും ഒരു ചികയൽ വായനയ്ക്കൊപ്പം നടക്കും. എഴുത്തുകാരന്റെ ഭാവസന്ധികൾ ഒഴിച്ചിട്ട ഇടങ്ങൾ വായനക്കാരുടെ പ്രതിസന്ധികൾ ചേർന്നു പൂരിപ്പിക്കുന്ന ചക്രമാണത്. അയുക്തികമോ അസംബന്ധമോ ആണെന്നു വാദിക്കാനുള്ള സാധ്യത തുറന്നിട്ടുകൊണ്ടുതന്നെ സമൂഹം വായനകളെ പ്രതികരണ ഉപാധികളാക്കിമാറ്റുന്നു. അന്യാപദേശങ്ങൾ അത്തരം സാധ്യതകൾ കൂടുതലായി ഒരുക്കി വയ്ക്കുന്നുണ്ട്.

ആദ്യകാല സമാഹാരങ്ങളിൽ കണ്ട പ്രതികരണാവേശം പരിപാകമായ നിലയിൽ പ്രകടിപ്പിക്കുന്ന ഒരു കഥയാണ്, ഈയടുത്ത് മാധ്യമം ആഴ്ചപ്പതിപ്പിൽ (1221) പ്രസിദ്ധീകരിച്ചുവന്ന ‘രാച്ചുക്ക്’. സമകാല ഇന്ത്യൻ അവസ്ഥയിലേക്ക് ഒരു രാത്രി നോട്ടം നടത്തുകയും ഇരുട്ടുകളൊഴിഞ്ഞ ശുഭമായ കാലത്തെ കണ്ണടച്ച് വിഭാവന ചെയ്യുകയും ചെയ്യുന്ന ഈ കഥ വിശുദ്ധയുദ്ധത്തിൽ ആനയുടെയും ഇഹജന്മത്തിൽ മത്സ്യത്തിന്റെയും ഉള്ളിലിരുന്നുകൊണ്ട് കഥ പറയുക എന്ന പതിവ് ആവർത്തിച്ചിട്ടുള്ള ഒന്നാണ്. (‘പരകായ പ്രവേശ’മെന്നാണ് അനൂപിന്റെ ഒരു കഥാസമാഹാരത്തിന്റെ പേരുതന്നെ എന്നോർക്കുക) ജന്തുശരീരങ്ങളിലേക്ക് കുടിയേറി, മനുഷ്യനുപരിയായ ജീവഗണങ്ങളുടെ പ്രാണന്റെ നോവുകൾ പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു മുൻഘട്ടങ്ങളിലെങ്കിൽ മധ്യസ്ഥമായ വീക്ഷണസ്ഥാനം ക്രമപ്പെടുത്താനുള്ള ഉപാധിയായിട്ടാണ് ‘രാച്ചുക്കിൽ’ പരകായപ്രവേശം സംഭവിക്കുന്നത്. അന്തരീക്ഷസൃഷ്ടിയാൽ അന്യാപദേശഘടന സ്വീകരിച്ചിട്ടുള്ള കഥയുമാണ് ഇത്.

മനുഷ്യരോടുള്ള വിമുഖത രാച്ചുക്ക് എന്ന പക്ഷിയിൽ പ്രകടമാണ്.  ഇരിക്കാൻ ഉയർന്ന ഒഴിഞ്ഞ ശിഖരങ്ങളും സഞ്ചരിക്കാൻ രാത്രികാലവും തെരെഞ്ഞെടുക്കുന്ന പക്ഷിയുടെ നോട്ടപ്പാടിലൂടെ ഗ്രാമം നഗരത്തെ വളയുന്ന കാഴ്ച അവതരിപ്പിക്കുകയാണ് കഥ ചെയ്യുന്നത്. ആകാശജീവിതത്തിന്റെ വിശദാംശങ്ങൾ, വെള്ളിമൂങ്ങയും പരുന്തും ഉൾപ്പടെയുള്ള മറ്റു പക്ഷികളുടെ ജീവിതങ്ങൾ, അവറ്റകളുടെ രഹസ്യം,  നഗരം എന്നിവ കഥയുടെ പശ്ചാത്തലമാകുന്നു. കാരണം വെളിവാക്കാത്ത മനുഷ്യജീവിതദുരന്തത്തിന്റെ അവ്യക്തമായ കാഴ്ചയാണ് കഥയിൽ പ്രധാനം.  സായുധരായ പടയാളികളാൽ വേട്ടയാടപ്പെടുന്ന തളർന്ന മനുഷ്യപ്പറ്റങ്ങൾ എന്ന രൂപകത്തിന് സമകാലികാവസ്ഥയിൽ ഉണ്ടാവുന്ന അർഥാന്തരത്തെയാണ് കഥ ചൂണ്ടുന്നത്. കർഷകസമരവും ലോക് ഡൗണിനെതുടർന്നുള്ള കൂട്ടപ്പലായനവും ജനങ്ങളുടെ ചൂണ്ടുവിരലിനു മുന്നിൽ നിന്നു പുറത്തറിയാനാവാത്തവിധം നടുങ്ങുന്ന നഗരാധിപന്മാരും രാത്രിയും തണുപ്പും സൈന്യവും പുകയും നഗരവും ചേർന്നൊരുക്കുന്ന അന്തരീക്ഷം നമ്മുടെ വർത്തമാനകാലത്തിന്റെ ഭൂപടത്തെ അവ്യക്തമായി ചിത്രീകരിച്ച അന്യാപദേശമാണെന്നു വ്യക്തമാണ്. മഹാമാരികാലമൊരുക്കിയ ഭയം പലതരത്തിൽ സമകാല ചെറുകഥകളിൽ കടന്നു വന്നു തുടങ്ങിയിട്ടുണ്ട് (കെ രഘുനാഥൻ എഴുതിയ ഡ്രാക്കുള എന്ന കഥ നോക്കുക) ‘രാച്ചുക്കി’ലെ ഭയഭരിതമായ അന്തരീക്ഷത്തിന് തീവ്രത നൽകുന്നതിൽ രോഗാവസ്ഥയിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ശബ്ദമില്ലാത്ത മുറവിളികൾക്കുംകൂടി സ്ഥാനമുണ്ടെന്ന് മനസ്സിലാവും. ഇരുട്ടുപോലെതന്നെ അദ്ഭുതകരമായ നിശ്ശബ്ദത കഥയിലെമ്പാടുമായി പരന്നു കിടക്കുന്നുണ്ട്.  പ്രഹേളികസ്വഭാവമുള്ള ഒരു മായക്കാഴ്ച ഒരുക്കിക്കൊണ്ടാണ് രാച്ചുക്കും അവസാനിക്കുന്നത്. തുമ്പികളെയും  ചിത്രശലഭങ്ങളെയും ഭൂമിയുടെ ആഴങ്ങളിൽനിന്ന് കയറി വരുന്ന വിശന്ന മനുഷ്യരെയും മുച്ചൂടും നശിപ്പിക്കുന്ന തീയുടെ – അവ അഗ്നിശരങ്ങളിൽനിന്നും സൈനികരുടെ കണ്ണുകളിൽനിന്നും പ്രവഹിച്ചവയാണ്. - സംഹാരനൃത്തം കണ്ട് അടഞ്ഞ രാച്ചുക്കിന്റെ കണ്ണ്, അടുത്ത ഇമവെട്ടലിൽ മാറി മറിഞ്ഞ ഭൂമിയെ കാണുന്നതു വിവരിച്ചുകൊണ്ട് കഥ അവസാനിക്കുന്നു. “അപ്പോൾ ചുവന്ന പരവതാനി വിരിച്ച ഭൂമിയിലേക്ക് സൂര്യൻ രഥത്തിൽനിന്നിറങ്ങുന്നു. മഞ്ഞുമലകൾ ഉരുകി തടാകങ്ങളിലേക്ക് ഒഴുകുന്നു. മനുഷ്യർക്കുമേൽ ചിത്രശലഭങ്ങൾ പറക്കുന്നു. അവയുടെ ചിറകടികൾ ഭൂമിക്ക് ചൂടുപകരുന്നു.”

നേരത്തേ പറഞ്ഞതുപോലെ അനൂപിന്റെ പല കഥകൾക്കും പൊതുവേയുള്ള സ്വഭാവമായ ഭ്രമാത്മകമായ അന്ത്യം അന്യാപദേശത്തിന്റെ രൂപംകൂടി ആർജ്ജിച്ചു നിൽക്കുകയും പ്രമേയത്തെ അപ്രസക്തമാക്കിക്കൊണ്ട് അവ്യക്തത മേൽക്കൈ നേടുകയും ചെയ്യുന്നത് ബോധപൂർവമായ രചനാസംവിധാനത്തിന്റെ ഫലമായാണ്. ലഭിച്ചതിനും പ്രതീക്ഷിക്കുന്നതിനും ഇടയിൽവച്ചു നടത്തപ്പെടുന്ന ഉച്ചാടനവും ധ്യാനാത്മകമായ ആവാഹനമാണ് അവ. പൊട്ടി പുറത്ത് ശീവോതി അകത്ത് എന്ന തോറ്റത്തിലും ഇതുതന്നെയാണല്ലോ നാം കാണുന്നത്. പ്രതീക്ഷകളുടെയെല്ലാം അസ്തമയകാലം വ്യക്തിസ്വപ്നങ്ങളെ ഇരുട്ടു പുതപ്പിക്കുമ്പോൾ  രാഷ്ട്രീയമായ ധ്വനികളെ ശുഭാപ്തമാക്കുകയാവും ചെയ്യുക. അനൂപിന്റെ വീക്ഷണകോടികളെ രൂപപ്പെടുത്തുന്നത് സ്വകീയമായ ഒരു രാഷ്ട്രീയോന്മുഖതയാണെന്നു പറയാം. വസ്തുതകളുടെ സ്വാഭാവിക പരിണാമങ്ങളിൽ അതിനു നിരുത്സാഹിയാകാൻ പറ്റില്ല.  പക്ഷംചേരലുകളുടെ ഊന്നുവടിയില്ലാതെ,  ആളിറക്കം കുറഞ്ഞ ഇടവഴിയിലൂടെ മാനുഷികപ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഉത്കണ്ഠകളിൽനിന്നും കൈയൊഴിയാതെ ചേർത്തു പിടിച്ച ഭാഷയുടെ സൗന്ദര്യാത്മകതയിൽനിന്നും ശേഖരിച്ച ഈടുവയ്പുകളുമായി അതു രാത്രിസഞ്ചാരം തുടരുന്നു.

 

കാശിക്കു പോകുന്നവർ

 




ജാക്ക് ആൻഡ് ജിൽ വെന്റ് അപ് എ ഹിൽ, എന്ന നേഴ്സറിപ്പാട്ടിൽ പതിഞ്ഞു കിടക്കുന്ന ചരിത്രത്തെപ്പറ്റി പല കഥകളുണ്ട്, ഫ്രഞ്ചു വിപ്ലവ കാലത്ത് ലൂയി പതിനാറാമനെയും പത്നിയായ മേരി ആന്റൊണെറ്റിനെയും ശിരച്ഛേദം ചെയ്തതിന്റെയാണൊന്ന്. മറ്റൊന്ന് ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ഏർപ്പെടുത്തിയ നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട കഥയാണ്. പാർലമെന്റ് രാജാവിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞതിനാൽ മദ്യം ഉൾപ്പടെയുള്ള ദ്രാവകങ്ങളുടെ അളവ് കുറച്ചുകൊണ്ട് സാമ്പത്തിക പരിഷ്കാരം രാജാവ് നടപ്പാക്കി. അങ്ങനെ ‘ഫുള്ളി’നു പകരം അരയും കാലും (‘ഹാഫ് ആൻഡ് ക്വാർട്ടർ പൈന്റ്സ്) ചേർന്ന പുതിയ ‘ഫുൾ’ നിലവിൽ വന്നു. രാജാവിന്റെ ഈ പുതിയ ജലയളവ്, ‘ജാക്കും ജില്ലുമായി’ എന്നാണ്  പറയപ്പെടുന്നത്. പൈന്റിന്റെ എട്ടിലൊന്നു ഭാഗമാണ് ജാക്ക്. കാൽ ഭാഗം ജില്ലും.  ഐസ്‌ലാൻഡുകാർക്ക് വേറെയാണ് കഥ. കുന്നിൻ മുകളിൽ വെള്ളമെടുക്കാനായി പോയപ്പോൾ ചന്ദ്രൻ തട്ടിക്കൊണ്ടു പോയ സഹോദരീസഹോദരന്മാരാണത്രേ ജാക്കും ജില്ലും. ഇംഗ്ലണ്ടിലെ വിശ്വാസപ്രകാരം, തെക്കു പടിഞ്ഞാറൻ പ്രദേശത്തെ ഒരു ഗ്രാമത്തിൽ അപകടമരണവും അകാലമരണവും സംഭവിച്ച കമിതാക്കളാണ് ഈ കഥാപാത്രങ്ങൾ രണ്ടുപേരും. ജില്ല് ഗർഭിണിയായ സമയത്ത് കുന്നിനുമുകളിൽ വെള്ളമെടുക്കാൻ പോയ ജാക്ക് വലിയ പാറക്കല്ലു വീണു മരിച്ചു. ഹൃദയം തകർന്ന ജില്ല് കുഞ്ഞിനെ പ്രസവിച്ചശേഷവും മരിച്ചു. വാസ്തവമാണെങ്കിലും അല്ലെങ്കിലും കിൽമെർസൺ ഗ്രാമത്തിലെ കുന്നിനു മുകളിൽ പഴയ ഒരു കിണറും അവിടെ രണ്ടു ശവകുടീരങ്ങളും ഗ്രാമവാസികൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

സോളോമൺ ഗ്രണ്ടി  തിങ്കളാഴ്ച ജനിച്ചു. ഞായറാഴ്ച മരിച്ചു. ആ പേരുള്ള കുട്ടിപ്പാട്ടിലെ അത്രയും ലഘുവും ഋജുവും കനമില്ലാത്തതുമായ ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന ലാളിത്യത്തെപ്പറ്റി വി പി ശിവകുമാറും നേരത്തെ പറഞ്ഞ ജാക്കിന്റെയും ജില്ലിന്റെയും കഥയ്ക്കു പിന്നിലെ ദുരന്തത്തെപ്പറ്റി ആനന്ദും എഴുതിയിട്ടുണ്ട്.  നേഴ്സറിപ്പാട്ടുകളുടെ നിലവറ തുറന്നിറങ്ങി വർത്തമാനകാല അവസ്ഥകളെ മൂർത്തമായി വിവരിക്കാൻ എഴുത്തുകാരെ ചിലപ്പോഴെങ്കിലും ഇവ സജ്ജരാക്കുന്നല്ലോ എന്നാലോചിക്കുന്നവർക്ക് ദാരുണമായ സാമൂഹികചരിത്രത്തിൽനിന്നും ആശ്വാസ്യമല്ലാത്ത ജീവിതത്തിൽനിന്നും ഇറങ്ങിനടക്കുന്ന  യാഥാർത്ഥ്യങ്ങൾ കുട്ടികളുടെ പാട്ടും അസംബന്ധഗാനവുമൊക്കെയായി തീരുന്ന പരിണാമത്തെപ്പറ്റിയും ചിന്തിക്കാതിരിക്കാൻ സാധ്യമല്ല. ചെന്നിനായകം മുലയിൽ തേയ്ച്ച് നമ്മൾ പിഞ്ചുകുഞ്ഞുങ്ങളെ അനുഭവിപ്പിക്കുന്ന ജീവിതത്തിന്റെ കയ്പ്പ്, സാംസ്കാരികരൂപങ്ങൾവഴിയും പകർന്നു നൽകി അവരെ സാമൂഹികജീവികളാക്കി തീർക്കാൻ ശ്രമിക്കുന്നതാവാം സമൂഹം. കണ്ണീരുപ്പു പുരണ്ടതാന് ജീവിത പലഹാരങ്ങളെല്ലാം. കല്ലിനെ കലയാക്കുന്നതുപോലെ ഒരു രാസപരിണാമം നാടോടികഥാവഴികൾക്കുണ്ട്.  

മലയാളത്തിലും ഉണ്ട് ഉദാഹരണങ്ങൾ. മണ്ണാങ്കട്ടയും കരിയിലുംകൂടി കാശിക്കുപോയ പ്രസിദ്ധമായ നാടോടിക്കഥയ്ക്ക് ‘കട്ടവയ്ക്കുക’ എന്ന പ്രാചീനവും പ്രാകൃതവുമായ ആചാരവുമായി ബന്ധമുള്ള കാര്യം ഡോ. എം എ സിദ്ദിക്ക് ഒരു പഠനലേഖനത്തിൽ എഴുതിയിരുന്നു. അയിത്ത ജാതിക്കാരുടെ സാന്നിദ്ധ്യം വഴിനടക്കുന്നവരെ അറിയിക്കാനുള്ള മാർഗമാണ് കരിയിലയ്ക്കുമേൽ മണ്ണാങ്കട്ട എടുത്തു വയ്ക്കുന്ന പതിവിലുണ്ടായിരുന്നത്. ആ നിലയ്ക്ക് ചിന്തിച്ചാൽ, കാർഷിക ഭൂതകാലവുമായി ബന്ധപ്പെട്ടതെങ്കിലും ആ പ്രയോഗത്തിന്റെ പിൽക്കാല പരിണാമങ്ങളിൽ കാണുന്ന നിസ്സഹായതയിൽ  സാമൂഹികയാഥാർഥ്യത്തിന്റെ നീരുവറ്റിയ അടരുകളുണ്ട്. കേവലമായ ഒരു അസംബന്ധകഥയല്ല മണ്ണാങ്കട്ടയും കരിയിലയും. ഹിന്ദുക്കളുടെ മോക്ഷസ്ഥലമായ കാശിയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിഭാവനയിൽപോലും ഗത്യന്തരമില്ലായ്മയുടെ അടിയൊഴുക്കുണ്ട്.  അങ്ങനെയും ഇല്ല, ഏഴകൾക്ക് പറഞ്ഞു കേട്ട ജന്മാന്തരമോക്ഷം. കാറ്റും മഴയും ഒന്നിച്ചു വന്ന് അവരുടെ യാത്രയെ അലങ്കോലമാക്കുകയാണ് ചെയ്യുന്നത്.  പരസ്പരാശ്രിതത്വത്തിന്റെ ആത്മവിശ്വാസത്തെപ്പോലും തകർത്തു കളയുന്ന വിധിവിശ്വാസമാണ് കഥയിലെ കാറ്റും മഴയും. മേൽജാതിക്കാരുടെ ഐക്യം കീഴാള ലക്ഷ്യത്തെ അവരുടെ ഐക്യത്തിനൊപ്പം തകർത്തുകളയുന്ന ഭൗതിക ലോകസങ്കല്പത്തെ കാശീയാത്രാ സങ്കല്പത്തിൽ വായിക്കുന്നതിൽ തെറ്റില്ല.

മനോരമ പത്രത്തിലും ദില്ലിയിലെ വാണിജ്യമന്ത്രകാര്യാലയത്തിന്റെ പ്രസിദ്ധീകരണവകുപ്പിലും ജോലി നോക്കിയിരുന്ന ചെറിയാൻ കെ ചെറിയാൻ 1973 -ൽ  ന്യൂയോർക്കിലേക്ക് കുടിയേറുകയും ഇപ്പോൾ അമേരിക്കയിൽതന്നെ വിശ്രമ ജീവിതം നയിക്കുകയും ചെയ്യുന്ന കവിയാണ്. അറുപതുകളിൽ  ആധുനികതയുടെ ഉദയകാലത്ത് എഴുതി തുടങ്ങിയ അദ്ദേഹത്തിന്റെ 'പവിഴപ്പുറ്റെ'ന്ന കാവ്യകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത് 1983 ലാണ്. അമേരിക്കയുടെ സാംസ്കാരികഭൂമികയിൽനിന്നുകൊണ്ട് മലയാളത്തിന്റെ ആധുനികതയെയും കവനസമ്പ്രദായങ്ങളെയും നിരീക്ഷിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയെന്നൊരു നേട്ടത്തെപ്പറ്റി ‘ഐരാവത’ത്തിന്റെ മുഖവുരയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ചെറിയാന്റെ ആദ്യകാല കവിതകളിലൊന്നാണ്, ‘മണ്ണാങ്കട്ടയും കരിയിലയും. കവിത ഇങ്ങനെയാണ് :

“കാശിക്കുപോകണമെന്നു വിചാരിച്ചു

മണ്ണാങ്കട്ടിയും കരിയിലയും.

കാറ്റടിച്ചാലോ -

മണ്ണ് ഇലയെ മൂടൂകതന്നെ

മഴ പെയ്താലോ-

ഇല മണ്ണിനെ മൂടുകതന്നെ

കാറ്റും മഴയും വന്നാലോ-

ഇല പറന്നു പോകാം,

മണ്ണലിഞ്ഞു പോകാം.

ശരി,

കാശിക്കു പോകേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു.”

- കവിതയുടെ ഭാവം ആധുനിക പ്രണയത്തിന്റെ പ്രായോഗികമായ വശമാണ്.  ക്യാമ്പസ് പ്രണയങ്ങളുടെ പ്രായോഗിക നിലപാടിനെ കളിയാക്കുന്ന കവിതയാണെന്ന വ്യാഖ്യാനവും ഇതിനുണ്ട്. സ്നേഹത്തെ കരുതി നൂറാവൃത്തി ചാവാൻതയ്യാറായിരുന്ന പഴയ തലമുറയുടെ പുതിയ പതിപ്പുകൾ ഇങ്ങനെ ആയിരിക്കുന്നു എന്നതാണ് അവിടത്തെ തമാശ! പഴയ കഥയിലെ നിസ്സഹായത മാറുകയും ‘മണ്ണാങ്കട്ടയ്ക്കും കരിയിലയ്ക്കും’ സ്വന്തം നിലയ്ക്ക് യാത്ര വേണ്ടെന്നു വയ്ക്കാമെന്ന തീരുമാനം എടുക്കാനുള്ള അവകാശം വന്നു കൂടുകയും ചെയ്തിരിക്കുന്നു. നാടോടികഥയിലെ പഴയ കഥാപാത്രങ്ങളെപ്പോലെ അത്ര നിസ്സഹായയരല്ല പുതിയ പ്രതീകങ്ങൾ. ആകാശത്തിൽനിന്നുള്ള കാറ്റും മഴയും  പോലെയുള്ള, അതിഭൗതിക വിധികൾ (ഭാഗ്യദോഷങ്ങൾ) അവരെ സംബന്ധിച്ചിടത്തോളം നിർണ്ണായകവുമല്ല.

ഡി വിനയചന്ദ്രന്റെ ‘കായിക്കരയിലെ കടൽ’ എന്ന പുസ്തകത്തിലെ (1995) ആദ്യകവിതയാണ് കാശിയാത്ര. ഇവിടെയും നമ്മൾ ആ പഴയ മണ്ണാങ്കട്ടയെയും കരിയിലയെയും കണ്ടുമുട്ടുന്നു. 

“നമുക്ക് കാശിക്കു പോകാം

കാറ്റുവരും

മണ്ണാങ്കട്ടകളായി കാശിക്കു പോകാം

മഴവരും

നമ്മുടെ കാശി രുദ്രപ്രയാഗയാവട്ടെ.”

- ഇത്രേയേ വിനയചന്ദ്രൻ എഴുതുന്നുള്ളൂ. നിസ്സഹായതയിൽനിന്ന് സ്വയം നിർണ്ണയാവകാശത്തിലേക്കും അവിടെനിന്ന് സാമൂഹികസാഹചര്യങ്ങളുമായുള്ള ലയിച്ചു ചേരലിലേക്കും ഈ രണ്ടു നിർജ്ജീവ കഥാപാത്രങ്ങൾ, പ്രതീകങ്ങളും ബിംബങ്ങളുമായി നമ്മുടെ സാംസ്കാരികതയുടെ ഓരംപറ്റി നടക്കുന്ന ദൂരമാണ് ഈ വാങ്മയങ്ങൾ മുന്നിൽ വയ്ക്കുന്നത്. വിനയചന്ദ്രന്റേത് ആധ്യാത്മിക സ്പർശമുള്ള ഒരു ലയമാണ്. കാശിയിലേക്ക് പോകുന്നവർ കാശിതന്നെയായി മാറുക എന്ന തത്ത്വദർശനം. ‘വീട്ടിലേക്കുള്ള വഴി’യിൽ ‘ഇല്ല വീട്, എങ്ങെങ്ങുമേ വീടെന്നും’, കാട് എന്ന കവിതയിൽ ‘ഒന്നുതന്നല്ലയോ നിങ്ങളും ഞാനുമീക്കാടും കിനക്കളുമണ്ഡകടാഹവും’ എന്നെഴുതിയ കവിയുടെ അതേ ആശയം ഗുളികപ്രായത്തിൽ ഇവിടെയുമുണ്ട്.

ആത്മാവിഷ്കാരങ്ങൾക്കും സാംസ്കാരികരേഖകൾക്കും പിന്നിൽ ചോരപൊടിയുന്ന ചരിത്രമുണ്ടെന്നതു വാസ്തവമാണ്.  പ്രഹസനമായോ കുട്ടിപ്പാട്ടുകളായോ അസംബന്ധഗാനമായോ കവിതയായോ അവയുടെ പിൽക്കാല ജീവിതം നീങ്ങുന്ന വഴിയേതായാലും അവയ്ക്ക് കാറ്റും മഴയും എടുത്തുപോകാത്ത അനന്തരജീവിതമുണ്ടെന്ന കാര്യത്തിനാണ് പ്രാധാന്യം.