ജാക്ക് ആൻഡ് ജിൽ വെന്റ് അപ് എ ഹിൽ, എന്ന നേഴ്സറിപ്പാട്ടിൽ പതിഞ്ഞു കിടക്കുന്ന ചരിത്രത്തെപ്പറ്റി പല കഥകളുണ്ട്, ഫ്രഞ്ചു വിപ്ലവ കാലത്ത് ലൂയി പതിനാറാമനെയും പത്നിയായ മേരി ആന്റൊണെറ്റിനെയും ശിരച്ഛേദം ചെയ്തതിന്റെയാണൊന്ന്. മറ്റൊന്ന് ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ഏർപ്പെടുത്തിയ നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട കഥയാണ്. പാർലമെന്റ് രാജാവിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞതിനാൽ മദ്യം ഉൾപ്പടെയുള്ള ദ്രാവകങ്ങളുടെ അളവ് കുറച്ചുകൊണ്ട് സാമ്പത്തിക പരിഷ്കാരം രാജാവ് നടപ്പാക്കി. അങ്ങനെ ‘ഫുള്ളി’നു പകരം അരയും കാലും (‘ഹാഫ് ആൻഡ് ക്വാർട്ടർ പൈന്റ്സ്) ചേർന്ന പുതിയ ‘ഫുൾ’ നിലവിൽ വന്നു. രാജാവിന്റെ ഈ പുതിയ ജലയളവ്, ‘ജാക്കും ജില്ലുമായി’ എന്നാണ് പറയപ്പെടുന്നത്. പൈന്റിന്റെ എട്ടിലൊന്നു ഭാഗമാണ് ജാക്ക്. കാൽ ഭാഗം ജില്ലും. ഐസ്‌ലാൻഡുകാർക്ക് വേറെയാണ് കഥ. കുന്നിൻ മുകളിൽ വെള്ളമെടുക്കാനായി പോയപ്പോൾ ചന്ദ്രൻ തട്ടിക്കൊണ്ടു പോയ സഹോദരീസഹോദരന്മാരാണത്രേ ജാക്കും ജില്ലും. ഇംഗ്ലണ്ടിലെ വിശ്വാസപ്രകാരം, തെക്കു പടിഞ്ഞാറൻ പ്രദേശത്തെ ഒരു ഗ്രാമത്തിൽ അപകടമരണവും അകാലമരണവും സംഭവിച്ച കമിതാക്കളാണ് ഈ കഥാപാത്രങ്ങൾ രണ്ടുപേരും. ജില്ല് ഗർഭിണിയായ സമയത്ത് കുന്നിനുമുകളിൽ വെള്ളമെടുക്കാൻ പോയ ജാക്ക് വലിയ പാറക്കല്ലു വീണു മരിച്ചു. ഹൃദയം തകർന്ന ജില്ല് കുഞ്ഞിനെ പ്രസവിച്ചശേഷവും മരിച്ചു. വാസ്തവമാണെങ്കിലും അല്ലെങ്കിലും കിൽമെർസൺ ഗ്രാമത്തിലെ കുന്നിനു മുകളിൽ പഴയ ഒരു കിണറും അവിടെ രണ്ടു ശവകുടീരങ്ങളും ഗ്രാമവാസികൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
സോളോമൺ ഗ്രണ്ടി തിങ്കളാഴ്ച ജനിച്ചു. ഞായറാഴ്ച മരിച്ചു. ആ പേരുള്ള കുട്ടിപ്പാട്ടിലെ അത്രയും ലഘുവും ഋജുവും കനമില്ലാത്തതുമായ ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന ലാളിത്യത്തെപ്പറ്റി വി പി ശിവകുമാറും നേരത്തെ പറഞ്ഞ ജാക്കിന്റെയും ജില്ലിന്റെയും കഥയ്ക്കു പിന്നിലെ ദുരന്തത്തെപ്പറ്റി ആനന്ദും എഴുതിയിട്ടുണ്ട്. നേഴ്സറിപ്പാട്ടുകളുടെ നിലവറ തുറന്നിറങ്ങി വർത്തമാനകാല അവസ്ഥകളെ മൂർത്തമായി വിവരിക്കാൻ എഴുത്തുകാരെ ചിലപ്പോഴെങ്കിലും ഇവ സജ്ജരാക്കുന്നല്ലോ എന്നാലോചിക്കുന്നവർക്ക് ദാരുണമായ സാമൂഹികചരിത്രത്തിൽനിന്നും ആശ്വാസ്യമല്ലാത്ത ജീവിതത്തിൽനിന്നും ഇറങ്ങിനടക്കുന്ന യാഥാർത്ഥ്യങ്ങൾ കുട്ടികളുടെ പാട്ടും അസംബന്ധഗാനവുമൊക്കെയായി തീരുന്ന പരിണാമത്തെപ്പറ്റിയും ചിന്തിക്കാതിരിക്കാൻ സാധ്യമല്ല. ചെന്നിനായകം മുലയിൽ തേയ്ച്ച് നമ്മൾ പിഞ്ചുകുഞ്ഞുങ്ങളെ അനുഭവിപ്പിക്കുന്ന ജീവിതത്തിന്റെ കയ്പ്പ്, സാംസ്കാരികരൂപങ്ങൾവഴിയും പകർന്നു നൽകി അവരെ സാമൂഹികജീവികളാക്കി തീർക്കാൻ ശ്രമിക്കുന്നതാവാം സമൂഹം. കണ്ണീരുപ്പു പുരണ്ടതാന് ജീവിത പലഹാരങ്ങളെല്ലാം. കല്ലിനെ കലയാക്കുന്നതുപോലെ ഒരു രാസപരിണാമം നാടോടികഥാവഴികൾക്കുണ്ട്.
മലയാളത്തിലും ഉണ്ട് ഉദാഹരണങ്ങൾ. മണ്ണാങ്കട്ടയും കരിയിലുംകൂടി കാശിക്കുപോയ പ്രസിദ്ധമായ നാടോടിക്കഥയ്ക്ക് ‘കട്ടവയ്ക്കുക’ എന്ന പ്രാചീനവും പ്രാകൃതവുമായ ആചാരവുമായി ബന്ധമുള്ള കാര്യം ഡോ. എം എ സിദ്ദിക്ക് ഒരു പഠനലേഖനത്തിൽ എഴുതിയിരുന്നു. അയിത്ത ജാതിക്കാരുടെ സാന്നിദ്ധ്യം വഴിനടക്കുന്നവരെ അറിയിക്കാനുള്ള മാർഗമാണ് കരിയിലയ്ക്കുമേൽ മണ്ണാങ്കട്ട എടുത്തു വയ്ക്കുന്ന പതിവിലുണ്ടായിരുന്നത്. ആ നിലയ്ക്ക് ചിന്തിച്ചാൽ, കാർഷിക ഭൂതകാലവുമായി ബന്ധപ്പെട്ടതെങ്കിലും ആ പ്രയോഗത്തിന്റെ പിൽക്കാല പരിണാമങ്ങളിൽ കാണുന്ന നിസ്സഹായതയിൽ സാമൂഹികയാഥാർഥ്യത്തിന്റെ നീരുവറ്റിയ അടരുകളുണ്ട്. കേവലമായ ഒരു അസംബന്ധകഥയല്ല മണ്ണാങ്കട്ടയും കരിയിലയും. ഹിന്ദുക്കളുടെ മോക്ഷസ്ഥലമായ കാശിയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിഭാവനയിൽപോലും ഗത്യന്തരമില്ലായ്മയുടെ അടിയൊഴുക്കുണ്ട്. അങ്ങനെയും ഇല്ല, ഏഴകൾക്ക് പറഞ്ഞു കേട്ട ജന്മാന്തരമോക്ഷം. കാറ്റും മഴയും ഒന്നിച്ചു വന്ന് അവരുടെ യാത്രയെ അലങ്കോലമാക്കുകയാണ് ചെയ്യുന്നത്. പരസ്പരാശ്രിതത്വത്തിന്റെ ആത്മവിശ്വാസത്തെപ്പോലും തകർത്തു കളയുന്ന വിധിവിശ്വാസമാണ് കഥയിലെ കാറ്റും മഴയും. മേൽജാതിക്കാരുടെ ഐക്യം കീഴാള ലക്ഷ്യത്തെ അവരുടെ ഐക്യത്തിനൊപ്പം തകർത്തുകളയുന്ന ഭൗതിക ലോകസങ്കല്പത്തെ കാശീയാത്രാ സങ്കല്പത്തിൽ വായിക്കുന്നതിൽ തെറ്റില്ല.
മനോരമ പത്രത്തിലും ദില്ലിയിലെ വാണിജ്യമന്ത്രകാര്യാലയത്തിന്റെ പ്രസിദ്ധീകരണവകുപ്പിലും ജോലി നോക്കിയിരുന്ന ചെറിയാൻ കെ ചെറിയാൻ 1973 -ൽ ന്യൂയോർക്കിലേക്ക് കുടിയേറുകയും ഇപ്പോൾ അമേരിക്കയിൽതന്നെ വിശ്രമ ജീവിതം നയിക്കുകയും ചെയ്യുന്ന കവിയാണ്. അറുപതുകളിൽ ആധുനികതയുടെ ഉദയകാലത്ത് എഴുതി തുടങ്ങിയ അദ്ദേഹത്തിന്റെ 'പവിഴപ്പുറ്റെ'ന്ന കാവ്യകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത് 1983 ലാണ്. അമേരിക്കയുടെ സാംസ്കാരികഭൂമികയിൽനിന്നുകൊണ്ട് മലയാളത്തിന്റെ ആധുനികതയെയും കവനസമ്പ്രദായങ്ങളെയും നിരീക്ഷിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയെന്നൊരു നേട്ടത്തെപ്പറ്റി ‘ഐരാവത’ത്തിന്റെ മുഖവുരയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ചെറിയാന്റെ ആദ്യകാല കവിതകളിലൊന്നാണ്, ‘മണ്ണാങ്കട്ടയും കരിയിലയും. കവിത ഇങ്ങനെയാണ് :
“കാശിക്കുപോകണമെന്നു വിചാരിച്ചു
മണ്ണാങ്കട്ടിയും കരിയിലയും.
കാറ്റടിച്ചാലോ -
മണ്ണ് ഇലയെ മൂടൂകതന്നെ
മഴ പെയ്താലോ-
ഇല മണ്ണിനെ മൂടുകതന്നെ
കാറ്റും മഴയും വന്നാലോ-
ഇല പറന്നു പോകാം,
മണ്ണലിഞ്ഞു പോകാം.
ശരി,
കാശിക്കു പോകേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു.”
- കവിതയുടെ ഭാവം ആധുനിക പ്രണയത്തിന്റെ പ്രായോഗികമായ വശമാണ്. ക്യാമ്പസ് പ്രണയങ്ങളുടെ പ്രായോഗിക നിലപാടിനെ കളിയാക്കുന്ന കവിതയാണെന്ന വ്യാഖ്യാനവും ഇതിനുണ്ട്. ‘സ്നേഹത്തെ കരുതി നൂറാവൃത്തി ചാവാൻ’ തയ്യാറായിരുന്ന പഴയ തലമുറയുടെ പുതിയ പതിപ്പുകൾ ഇങ്ങനെ ആയിരിക്കുന്നു എന്നതാണ് അവിടത്തെ തമാശ! പഴയ കഥയിലെ നിസ്സഹായത മാറുകയും ‘മണ്ണാങ്കട്ടയ്ക്കും കരിയിലയ്ക്കും’ സ്വന്തം നിലയ്ക്ക് യാത്ര വേണ്ടെന്നു വയ്ക്കാമെന്ന തീരുമാനം എടുക്കാനുള്ള അവകാശം വന്നു കൂടുകയും ചെയ്തിരിക്കുന്നു. നാടോടികഥയിലെ പഴയ കഥാപാത്രങ്ങളെപ്പോലെ അത്ര നിസ്സഹായയരല്ല പുതിയ പ്രതീകങ്ങൾ. ആകാശത്തിൽനിന്നുള്ള കാറ്റും മഴയും പോലെയുള്ള, അതിഭൗതിക വിധികൾ (ഭാഗ്യദോഷങ്ങൾ) അവരെ സംബന്ധിച്ചിടത്തോളം നിർണ്ണായകവുമല്ല.
ഡി വിനയചന്ദ്രന്റെ ‘കായിക്കരയിലെ കടൽ’ എന്ന പുസ്തകത്തിലെ (1995) ആദ്യകവിതയാണ് കാശിയാത്ര. ഇവിടെയും നമ്മൾ ആ പഴയ മണ്ണാങ്കട്ടയെയും കരിയിലയെയും കണ്ടുമുട്ടുന്നു.
“നമുക്ക് കാശിക്കു പോകാം
കാറ്റുവരും
മണ്ണാങ്കട്ടകളായി കാശിക്കു പോകാം
മഴവരും
നമ്മുടെ കാശി രുദ്രപ്രയാഗയാവട്ടെ.”
- ഇത്രേയേ വിനയചന്ദ്രൻ എഴുതുന്നുള്ളൂ. നിസ്സഹായതയിൽനിന്ന് സ്വയം നിർണ്ണയാവകാശത്തിലേക്കും അവിടെനിന്ന് സാമൂഹികസാഹചര്യങ്ങളുമായുള്ള ലയിച്ചു ചേരലിലേക്കും ഈ രണ്ടു നിർജ്ജീവ കഥാപാത്രങ്ങൾ, പ്രതീകങ്ങളും ബിംബങ്ങളുമായി നമ്മുടെ സാംസ്കാരികതയുടെ ഓരംപറ്റി നടക്കുന്ന ദൂരമാണ് ഈ വാങ്മയങ്ങൾ മുന്നിൽ വയ്ക്കുന്നത്. വിനയചന്ദ്രന്റേത് ആധ്യാത്മിക സ്പർശമുള്ള ഒരു ലയമാണ്. കാശിയിലേക്ക് പോകുന്നവർ കാശിതന്നെയായി മാറുക എന്ന തത്ത്വദർശനം. ‘വീട്ടിലേക്കുള്ള വഴി’യിൽ ‘ഇല്ല വീട്, എങ്ങെങ്ങുമേ വീടെന്നും’, കാട് എന്ന കവിതയിൽ ‘ഒന്നുതന്നല്ലയോ നിങ്ങളും ഞാനുമീക്കാടും കിനക്കളുമണ്ഡകടാഹവും’ എന്നെഴുതിയ കവിയുടെ അതേ ആശയം ഗുളികപ്രായത്തിൽ ഇവിടെയുമുണ്ട്.
ആത്മാവിഷ്കാരങ്ങൾക്കും സാംസ്കാരികരേഖകൾക്കും പിന്നിൽ ചോരപൊടിയുന്ന ചരിത്രമുണ്ടെന്നതു വാസ്തവമാണ്. പ്രഹസനമായോ കുട്ടിപ്പാട്ടുകളായോ അസംബന്ധഗാനമായോ കവിതയായോ അവയുടെ പിൽക്കാല ജീവിതം നീങ്ങുന്ന വഴിയേതായാലും അവയ്ക്ക് കാറ്റും മഴയും എടുത്തുപോകാത്ത അനന്തരജീവിതമുണ്ടെന്ന കാര്യത്തിനാണ് പ്രാധാന്യം.
No comments:
Post a Comment