May 14, 2022

ജോൺപോൾ : കാലം നിറച്ചുകൊടുത്തതാണ് ആ മഷിപ്പേന

 



പാറപ്പുറമെഴുതിയ തിരക്കഥയിൽ തൃപ്തിവരാതെ സംവിധായകനായ ഐ വി ശശി തിരക്കഥ തിരുത്താൻ മറ്റൊരാളെ ഏൽപ്പിക്കാൻ തീരുമാനിക്കുന്നിടത്തുനിന്നാണ് സഹപ്രവർത്തകർ ‘അങ്കിൾ’ എന്നു സ്നേഹപൂർവം വിളിക്കുന്ന ജോൺപോളിന്റെ ചലച്ചിത്രമേഖലയിലേക്കുള്ള രംഗപ്രവേശം. അതിനു മുൻപ് ജോൺ, ബാങ്ക് ജീവനക്കാരനും പത്രപ്രവർത്തകനുമായിരുന്നു. ‘ഈ മനോഹര തീരം’ (1978) എന്ന സിനിമയിൽ എഴുത്തുകാരനായി ജോണിന്റെ പേരില്ല. 1979 -ൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രം ഐ വി ശശിയുടെ ‘ഞാൻ ഞാൻ മാത്രം’ എന്ന സിനിമയുടെ കഥയെഴുതിയത് ജോണായിരുന്നു. തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസി. ഐ വി ശശിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എ ഷെറീഫിനും ടി ദാമോദരനും ഇടയിലുള്ള വളരെ ചെറിയൊരു ഘട്ടമാണ് ജോൺപോൾ ഐ വി ശശി കൂട്ടുകെട്ടിന്റേത്. അതിരാത്രം, വ്രതം, ഭൂമിക, വെള്ളത്തൂവൽ എന്നിവയോടൊപ്പം, ഇംഗ്ലീഷ് എഴുത്തുകാരൻ ഹെൻട്രി ഡെ വേരെ സ്റ്റാക്‌പൂളിന്റെ നോവലിനെ ആസ്പദമാക്കി റെൻഡൽ ക്ലെയിസർ സംവിധാനം ചെയ്ത പ്രസിദ്ധ ചിത്രം, ബ്ലൂ ലഗൂണിന്റെ മലയാളം പതിപ്പായ ‘ഇണ’യും ചേർന്ന് ആകെ അഞ്ചു ചിത്രങ്ങൾ.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പല നിലയ്ക്കും ‘ഇണയുടെ’ ഔചിത്യം ഇന്ന് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ബ്ലൂ ലഗൂണിൽ  എമിലിൻ ആയി അഭിനയിക്കുമ്പോൾ ചൈൽഡ് മോഡലായിരുന്ന ബ്രൂക്ക് ഷീൽഡിനു 15 വയസ്സായിരുന്നു പ്രായം. മാസ്റ്റർ രഘു എന്ന കരണിന് ഇണയിൽ അഭിനയിക്കുമ്പോൾ 13 വയസ്സ്.  അതിൽ അനിതയായി അഭിനയിച്ച ദേവിയെപ്പറ്റിയുള്ള ഒരു വിവരവും ലഭ്യമല്ല. മറ്റൊരു ചിത്രത്തിലും അവർ അഭിനയിച്ചിട്ടുമില്ല. കൗമാരപ്രണയത്തെ അതിന്റെ ശാരീരിക വിവക്ഷകളോടെ അവതരിപ്പിക്കാൻ ശ്രമിച്ചതായിരുന്നു ബ്ലൂ ലഗൂണിന്റെ വിജയത്തിന്റെ അടിസ്ഥാനം. ആദം ഔവ്വ മിത്തിന്റെ പുനരവതരണമായി പാശ്ചാത്യലോകം ഉൾക്കൊള്ളുമ്പോലെ അത്ര എളുപ്പമല്ല കേരളത്തിന്റെ സാംസ്കാരിക വ്യവസ്ഥയ്ക്കകത്ത് അത്തരമൊരു പ്രണയത്തിന്റെ പ്രവർത്തനം. ലക്ഷ്യം കച്ചവടമായിരുന്നിട്ടുപോലും, മലയാളത്തിൽ അതിനെ റോമിയോ ആൻഡ് ജൂലിയറ്റ് മിത്താക്കി മാറ്റിയ തിരക്കഥാകൃത്തിന്റെ കരവിരുത് അവിടെയാണ്.  ‘ബ്ലൂ ലഗൂൺ’ ഉറങ്ങുന്ന കമിതാക്കളിലാണ് അവസാനിച്ചതെങ്കിൽ ‘ഇണ’ ദുരന്തപര്യവസായിയായിരുന്നു.  ഒരാൾ കമിതാക്കളിൽ പെൺകുട്ടി രോഗംകൊണ്ടും മറ്റെയാൾ ആ ദുഃഖം സഹിക്കാതെ ആത്മഹത്യചെയ്തും ഒന്നായി തീരുന്നു. പറുദീസയിൽനിന്നുള്ള പുറത്താവൽ,  നിഷ്കളങ്കതയുടെ മരണം, പാപത്തിനുള്ള ശിക്ഷ എന്നിങ്ങനെയുള്ള പൗരാണിക സങ്കൽപ്പവുമായി ചേർന്നു നിൽക്കുന്ന ഘടന സ്വീകരിച്ചതുകൊണ്ട് ‘ഇണ’ മാംസബദ്ധമായ അപക്വരാഗത്തിനെതിരെയുള്ള താക്കീതുമായി മാറി. ചിത്രത്തിലെ ദൃശ്യങ്ങൾ മറിച്ചുള്ള കാര്യമാണ് പറഞ്ഞതെങ്കിലും.  

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ (1984) എന്ന ചിത്രത്തിനു വേണ്ടിയെഴുതിയ ജോൺപോൾ ഈ പ്രമേയത്തെ തിരിച്ചുവച്ചു. അതിൽ  വൃദ്ധരായ മനുഷ്യരുടെ ഗൂഢമായ രതിതാത്പര്യമാണ് വിചാരണയ്ക്ക് വിധേയമായത്.  ഈ രണ്ടു തിരക്കഥകളും ചേർത്തുവച്ചാൽ ചലച്ചിത്രങ്ങൾക്കു വേണ്ടിയുള്ള എഴുത്തും അതിന്റെ ചിത്രീകരണവും തമ്മിലുള്ള വിടവ് അത്ര നിസ്സാരമായിരുന്നില്ലെന്നു കാണാം. ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ താത്പര്യങ്ങളെ താലോലിച്ചുകൊണ്ടാണ് കാഴ്ചകൾ രൂപപ്പെടുന്നത്. മറിച്ച് എഴുത്തിന്റെ നീക്കുപോക്കുകൾ സംസ്കാരവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ജോൺ പോളിന്റെ രചനകളുടെ അടിയൊഴുക്കായി ബൈബിൾ സങ്കല്പങ്ങളുണ്ട് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇണ. ജേസി സംവിധാനം ചെയ്ത ‘പുറപ്പാട്’  പോലെ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി തരുന്ന മറ്റു ചിത്രങ്ങളും ഉണ്ട്. പാപങ്ങളുടെ ഭാരം വഹിക്കാൻ ബദ്ധപ്പെടുന്ന മനുഷ്യരുടെ മാനസിക സമ്മർദ്ദങ്ങളെ പൊലിപ്പിക്കാൻ അദ്ദേഹത്തിനു വിശേഷസിദ്ധിതന്നെയുണ്ടായിരുന്നു. 80മുതൽ 90കളുടെ മധ്യംവരെയുള്ള ജോണിന്റെ പ്രഭാവകാലത്തെ രചനകളിൽ അപൂർവം ചിലതൊഴിച്ച് മിക്കതും ഈ വസ്തുതയെ ശരിവയ്ക്കുന്നവയാണ്.

ഭരതനുവേണ്ടിയാണ് ജോൺ കൂടുതലും എഴുതിയത്.  ‘ചാമര’ത്തിന്റെ (1980) കഥ  ബാലകൃഷ്ണൻ മങ്ങാടാണ്. മർമ്മരത്തിന്റെ (1982) കഥ വിജയൻ കാരോട്ടായിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളും എഴുത്തുകാരൻ എന്ന നിലയ്ക്ക് ജോണിനെ മലയാള സിനിമയിൽ സ്ഥാനപ്പെടുത്തിവയാണ്.  ജോൺ പോളിന്റെ രചനകൾ പലതും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ‘ഓർമ്മയ്ക്കായി’ (1982), കാതോടു കാതോരം (1985), പാളങ്ങൾ (1981) സന്ധ്യമയങ്ങും നേരം (1983) തുടങ്ങിയ ചിത്രങ്ങളുടെ രചനയിൽ ഭരതന്റെ കൂട്ടുണ്ട്. ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984) തിക്കോടിയന്റെ കഥയും ടി ദാമോദരന്റെ സംഭാഷണവുമാണ്. തിരക്കഥയിൽ മാത്രമേ ജോണിന്റെ പങ്കുള്ളൂ. പി എൻ മേനോന്റെയാണ് അസ്ത്രത്തിന്റെ കഥ.  ‘ആരോരുമറിയാതെയുടെ’ കഥയെഴുതിയത് കമൽ,  ഇണക്കിളിയുടെ (1984) കഥ  കൊച്ചിൻ ഹനീഫ. രേവതിക്കൊരു പാവക്കുട്ടിയുടേത് (1986) രവി വള്ളത്തോൾ. ‘പണ്ട് പണ്ടൊരു രാജകുമാരി (1992) ഒരു കടം കഥപോലെ (1993) എന്നീ സിനിമകളുടെ കഥകൾ നെടുമുടി വേണു.  മോഹന്റെ ‘കഥയറിയാതെ’ (1981) അശോക് കുമാറിന്റെ തേനും വയമ്പും (1981) എന്നീ ചിത്രങ്ങളിലാണ് കഥയും തിരക്കഥയും സംഭാഷണവും ഏറ്റെടുത്ത ജോൺ പോളിനെ നാം കാണുന്നത്. എങ്കിലും സുരാസുവും പെരുമ്പടവം ശ്രീധരനും സംവിധായകനായ മോഹനും ചേർന്നെഴുതിയ ‘വിടപറയും മുൻപേ’ അദ്ദേഹത്തെ തിരക്കഥാകൃത്തെന്ന നിലയിൽ പ്രശസ്തനാക്കിയിരുന്നു. ജോൺപോളിന്റെ പിൽക്കാല ചലച്ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങൾ അനുഭവിക്കുന്ന ഒരു തരം വീർപ്പുമുട്ടലും അകം പുറം മറിയുന്ന തരത്തിലുള്ള വ്യക്തിത്വവും ഏറ്റവും മൂർത്തമായി കാണാം, വിടപറയും മുൻപേയിലെ സേവ്യറിൽ. മാത്രമല്ല, കഥയുടെ മർമ്മം വൈകാരികമായ ഏതു സന്ധിയിലാണെന്ന് അറിഞ്ഞ് തിരക്കഥ തയാറാക്കാൻ ശേഷിയുള്ള ഒരു എഴുത്തുകാരൻ തന്റെ സാന്നിദ്ധ്യത്തെ പ്രകടമാക്കിയ ചിത്രംകൂടിയായിരുന്നത്.    

സംഭവങ്ങൾക്കുള്ള പ്രാധാന്യത്തിൽനിന്ന് മലയാളസിനിമ കഥാപാത്രങ്ങളുടേ അന്തസ്സംഘർഷത്തിലേക്ക് കൂടുതൽ നോക്കാൻ തുടങ്ങുന്ന കാലഘട്ടമായിരുന്നു എൺപതുകൾ ജോണിന്റെ പ്രതാപകാലമായതിൽ അദ്ഭുതമില്ല. അറുപതുകളുടെ അവസാനമുള്ള തീവ്രഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഉദയവും പ്രവർത്തനവും അതിന്റെ പെട്ടെന്നുള്ള തകർച്ചയും 70 കളുടെ മധ്യത്തിലുണ്ടായ അടിയന്തിരാവസ്ഥയും അതിനെ തുടർന്നുള്ള ആശങ്കകളും ഒന്നും കേരളത്തിലെ അപ്പോഴും പിന്നീടുമുള്ള പ്രത്യക്ഷരാഷ്ട്രീയത്തെ സ്വാധീനിച്ചില്ലെന്ന്  പറയാറുണ്ട്. അടിയന്തിരാവസ്ഥയെ തുടർന്നു വന്ന തെരെഞ്ഞെടുപ്പിൽ കേരളം സ്വീകരിച്ച നിലപാടിനെയാണ് രാഷ്ട്രീയവിശകലനത്തിന് പൊതുവേ ഉദാഹരണമായെടുക്കുന്നത്.  പക്ഷേ കേരളത്തിന്റെ സാംസ്കാരികചരിത്രം വ്യത്യസ്തമായ അന്തരീക്ഷത്തെ മുന്നിൽ വയ്ക്കുന്നു. എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലുമായി ഉണ്ടായ പല ചലച്ചിത്രങ്ങളുടെയും പശ്ചാത്തലം  വ്യക്തിഗതമായ നിരാശാബോധമാണ്. പ്രിയപ്പെട്ടവരുടെ മരണംകൊണ്ടോ രോഗംകൊണ്ടോ മനുഷ്യരുടെ ക്രൂരമായ ചെയ്തികൾകൊണ്ടോ പൊലിപ്പിച്ചു നാടകീയമായി ചലച്ചിത്രങ്ങൾ അതിനു മുൻപുള്ള ദശാബ്ദങ്ങളിൽ കാഴ്ചവച്ച കഥകളെപോലെയായിരുന്നില്ല അവ.

കാലമാണ് ജോൺപോളിന്റെ തൂലികയിൽകൂടി പ്രവർത്തിച്ചത്. പൊതുവേ കഥാപാത്രങ്ങളുടെ അതൃപ്തി, പരാധീനതകൾ, വാസനകൾക്കു പിന്നാലെയുള്ള ഉടന്തടിച്ചാട്ടങ്ങൾ എന്നിവയ്ക്കു പുറമേ കഥയുടെ പശ്ചാത്തലങ്ങളിൽ വീർപ്പുമുട്ടി നിൽക്കുന്ന മ്ലാനത കൃത്യമായി ഒപ്പിയെടുക്കുന്നയാണ് ജോണിന്റെ രചനകൾ. മർമ്മരത്തിലെ നാരായണ അയ്യർ, ചാമരത്തിലെ വിനോദ്, ഓർമ്മയ്ക്കായിലെ മൂകനായ കലാകാരൻ നന്ദു, സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജ് ബാലഗംഗാധര മേനോൻ, രചനയിലെ അച്യുതനുണ്ണി,  ഇത്തിരി പൂവേ ചുവന്ന പൂവേ യിലെ ഉണ്ണി, ഉത്സവപ്പിറ്റേന്നിലെ അനിയൻ തമ്പുരാൻ.. കെട്ടുകാഴ്ചകളുടെ പകിട്ടൊന്നും ഇല്ലാഞ്ഞിട്ടും ചില അസാധാരണത്വങ്ങൾ ഉള്ളിൽ വഹിക്കുന്ന കഥാപാത്രങ്ങളാണ് ജോണിന്റെ കഥപാത്രങ്ങളിൽ ഭൂരിപക്ഷവും. നന്മയാണ് അവരുടെ സ്വകാര്യമൂലധനം. തുറന്നുപറയാനാവാതെ ഇവരനുഭവിക്കുന്ന നിലയില്ലാത്ത സമ്മർദ്ദങ്ങളിലാണ്  ജോൺപോൾ എന്ന എഴുത്തുകാരൻ തിരക്കഥയുടെ നാടകീയതകൾ  ഒരുക്കിവച്ചത്. അതൊരു പുതുമയായിരുന്നു. മരണം ഒരൊഴിയാബാധയായി ഈ കഥാപാത്രങ്ങളെ ചൂഴ്ന്നു നിൽപ്പുണ്ട്. ആളുകളുടെ സ്വഭാവവൈചിത്ര്യങ്ങൾക്കിടയിലും മനുഷ്യത്വത്തെ ഇതുപോലെ വിലമതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽനിന്ന് (1987) വലിയ ദൂരമില്ല, ജോൺ നിർമ്മിച്ച്, എം ടി സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’യിലേക്ക്. ചെറുതുകളുടെയും അപരാഹ്നവെയിലിന്റെയും സൗമ്യസ്വരങ്ങളുടെയും ലോകമായിരുന്നു അദ്ദേഹത്തിന്റേത്.  വ്യാപാരചലച്ചിത്രങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത  ലോകവുമായുള്ള നീക്കുപോക്കുകളായി ‘അതിരാത്രം’പോലെയുള്ള അപൂർവം അപവാദങ്ങൾ ഇല്ലാതില്ല. എങ്കിലും ജോണിനു താത്പര്യമുണ്ടായിരുന്ന കഥാവസ്തുക്കളുടെ പൊതുവേയുള്ള ചിത്രം കെട്ടുകാഴ്ചകളുടെയോ ബഹളങ്ങളുടെയോ അല്ല.

ജോൺ പോളിന്റെ വ്യക്തിത്വത്തിന്റെ സൗഹാർദ്ദപരമായ വശത്തെ വെളിവാക്കുന്ന ഒരുദാഹരണം   ഡെന്നിസ് ജോസഫ് അദ്ദേഹത്തിന്റെ ‘നിറക്കൂട്ടുകളില്ലാതെ’ എന്ന ആത്മകഥയിൽ നൽകുന്നുണ്ട്. ‘ഈറൻസന്ധ്യ’യ്ക്ക് ഡെന്നിസ് ജോസഫ് എഴുതിയ തിരക്കഥയിൽ തൃപ്തിയില്ലാതെ സംവിധായകൻ ചെന്നെയിലായിരുന്ന ജോൺ പോളിനെ വിളിച്ചുവരുത്താൻ പറയുന്നു. “ഡെന്നിസിന് അതു വിഷമമാകും എനിക്ക് അടുപ്പമുള്ള ആളാണ്. അനിയനെപോലെയാണ്. അവൻ ആഗ്രഹിച്ച് എഴുതിയ തിരക്കഥയാണ്‘ എന്നു പറഞ്ഞ് നിരസിക്കുകയാണ് ജോൺ പോൾ ആദ്യം ചെയ്തത്. അവസാനം ജോൺ എഴുതിയില്ലെങ്കിൽ പ്രോജക്ട് തന്നെയും നിന്നുപോകും എന്നു ഡെന്നിസ് തന്നെ അപേക്ഷിച്ചതിന്റെ ഭാഗമായാണ് അദ്ദേഹം അതു തീർത്തുകൊടുക്കുന്നത്.  കച്ചവടങ്ങളുടെ ലോകമായ ചലച്ചിത്രമേഖലയിൽ അണയാതെ അദ്ദേഹത്തിനു സൂക്ഷിക്കാൻ കഴിഞ്ഞ ചെരാതു വെളിച്ചമാണ് സമീപദൃശ്യങ്ങളായി അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളിലേക്കും പകർന്നത്. തനിക്കു മുൻപേ നടന്നുപോയവരെക്കുറിച്ച് ജോൺ പോൾ  എഴുതിയ ‘കാലത്തിനു മുൻപേ നടന്നവർ’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ എം കെ ലോഹിതദാസ് എഴുതി:

“ജോൺ പോളിന്റെ കൈത്തഴക്കം ഈ ഓർമ്മക്കുറിപ്പുകളെ കഥകളാക്കി ചമച്ചിരിക്കുന്നു.  ഇതിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങൾ നമ്മെ ആഹ്ലാദിപ്പിക്കുന്നു. അവർ അവശേഷിപ്പിച്ച ശൂന്യത നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.”

ഓർമ്മക്കുറിപ്പുകളെ ചലച്ചിത്രങ്ങൾ എന്നു മാറ്റിയാൽ ഇപ്പോൾ ജോണിനും ഇണങ്ങുന്നവയായി തീർന്നിരിക്കുന്നൂ, ഈ വരികൾ.  ഡെന്നിസ് ജോസഫ്, ലോഹിതദാസ്, ജോൺപോൾ ആരും ഇപ്പോൾ നമ്മോടൊപ്പമില്ല. 

 

(മൂല്യശ്രുതി മാസിക, മെയ് 2022)

1 comment:

സുധി അറയ്ക്കൽ said...

ഇഷ്ടമുള്ള ഒരു ചലച്ചിത്രകാരൻ 🌹