May 3, 2022

വേരുകളെ ചിറകുകളിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമംകൂടിയാണ്, പ്രവാസം

 


കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിന്റെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽനിന്ന് പെട്ടെന്ന് പറിച്ചു നട്ടതുകൊണ്ടായിരിക്കണം, ഒമാനിൽ കുറേക്കാലത്തേയ്ക്ക് മനസ്സിൽ ഇടയ്ക്കിടയ്ക്ക് അക്കേഷ്യാമരങ്ങളിലേക്ക് പെയ്യുന്ന മഴ കടന്നുവന്നുകൊണ്ടിരുന്നു. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലെ മഴ ഏറെക്കുറേ അനാഥമാണ്. അരക്ഷിതാവസ്ഥയാണ് അതിന്റെ സ്ഥായി.  വെളിച്ചവും വെയിലുമാണ് ഒമാന്റെ ആദ്യചിത്രം. ഒട്ടും ഈർപ്പമില്ലാത്ത അന്തരീക്ഷം.  നേരെ തിരിച്ചാണ് ക്യാമ്പസ്, ഇരുണ്ട പച്ചപ്പ്, പുല്ലുകളിലും മരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന നനവ്. കലഹിക്കുന്ന പ്രണയത്തിന്റേയോ ഒട്ടും വെളിവാക്കപ്പെടാത്ത രതിയുടെയോ വീർപ്പു പിടിച്ച അന്തരീക്ഷം.

എന്നാലും അപരിചിതദേശം ഗന്ധമായിട്ടാണ് ആദ്യം ശരീരത്തെ ബാധിക്കുന്നത് എന്നേ ഞാൻ പറയൂ. നാം ചെന്നുപെടുന്ന ഭൂപ്രദേശത്തിൽകൂടി എപ്പോഴെങ്കിലും നമ്മുടെ സാങ്കല്പികവിമാനം പറന്നു പോയിട്ടുണ്ടാവാം. കൂമൻകാവിൽ ബസ്സിറങ്ങുമ്പോൾ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നാത്തതുപോലെ ഭാവന, മനക്കാഴ്ചകളുടെ കോശങ്ങളിൽ രഹസ്യമായ കൊത്തുവേലകൾ ചെയ്യുന്നുണ്ടാവും. പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ്, എയറിന്ത്യാ വിമാനത്തിന്റെ ചതുരജാലകത്തിലൂടെ തെളിഞ്ഞ വെയിലിൽ, കണ്ട ഒമാന്റെ ഭൂപ്രകൃതി കണ്ടു മറഞ്ഞ ചിത്രങ്ങളിലോ, അന്ന് റേഡിയോ അർദ്ധരാത്രികളിൽ പേരറിയാത്ത വിദൂരദേശങ്ങളിൽനിന്ന് കൊണ്ടുവന്നു തന്നിരുന്ന അറബിപാട്ടുകളിൽനിന്ന് സ്വരൂപിച്ചെടുത്തതിലോ എല്ലാം ഉണ്ടായിരുന്നതിൽനിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അതായിരുന്നില്ല സീബ് എയർപോർട്ടിൽ വച്ച് ആദ്യമായും പിന്നെ ഒമാന്റെ മണ്ണിൽ കഴിഞ്ഞുകൂടിയ നാളുകളത്രയും ചൂഴ്ന്നു നിന്ന പ്രത്യേകതരം ഗന്ധത്തിന്റെ അവസ്ഥ. അതു തീർത്തും പുതുമയുള്ളതായിരുന്നു. വിചിത്രമായിരുന്നു. അസാധാരണമായ ഭാവനയുള്ള ഒരാൾക്കുപോലും വേണമെന്നുവച്ചാലും കഴിയാത്തത്ര  വഴക്കമില്ലാത്തതാണ് പ്രദേശങ്ങളുടെ പ്രത്യേക മണം.

പ്രവാസം എന്ന് കേൾക്കുമ്പോഴെല്ലാം ഒമാന്റെ ആ ഗന്ധവിസ്തൃതിയിലേക്ക് മനസ്സ് പോകും.  അൽഗുബ്രയിലെ ഇന്ത്യൻ സ്കൂൾ ലൈബ്രറിയിൽ ആറ്റൂർ രവിവർമ്മയുടെ കവിതാപുസ്തകമുണ്ടായിരുന്നു. പ്രവാസാനുഭവത്തെപ്പറ്റി പല കവിതകളും എഴുതിയിട്ടുള്ളയാളാണ് ആറ്റൂർ. വേരറ്റവർക്ക് പഴയ ഭൂമികയിലേക്കുള്ള മടക്കം സാധ്യമാണോ എന്ന് അന്വേഷിക്കുന്ന ‘നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ’ എന്ന കവിത പ്രസിദ്ധമാണ്. തിരിച്ചു ചെല്ലുമ്പോഴേക്കും  വിട്ടുപോന്ന ഭൂമിയാകെ മാറിയിരിക്കും. അതുകൊണ്ട് സ്ഥിരമായൊരു പ്രവാസിത്വമാണ് പടിയിറങ്ങിപ്പോയവരുടെ വിധി.  താനിങ്ങു ദേശകാലങ്ങളറ്റവൻ/ പുറത്തു നിൽക്കുന്നവൻ/ സദസ്സിനു കോമാളിയായവൻ/ കടൽകൊണ്ട മരം‌പോലെ കരയറ്റവൻ/ ചാട്ടം പിഴച്ചവൻ - എന്ന് സുന്ദരമൂർത്തിയായ നടേശനിലൂടെ സ്വയം വിലയിരുത്തുന്ന കവിത, നിറവും മണവും പുതുതായ ഭൂമിയിലെ ആദ്യത്തെ പകപ്പിക്കുന്ന ആനന്ദത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആറ്റൂരിന്റെ ‘മോക്ഷമു’ എന്ന കവിതയിൽ, അലയുന്ന കാവേരിതന്നെ പ്രവാസദുഃഖത്തിന്റെ മുദ്രയായി തീരുന്നു. വേറെയുമുണ്ട് ഇതേ ഗണത്തിൽ വരുന്നവ. മടക്കം, പോംവഴികൾ, പാണ്ടി, കര-തിര, നേരങ്ങൾ, മഴനാട്.  ഓരോന്നും പ്രവാസത്തിന്റെ അനുഭവഘടകങ്ങളെ സൂക്ഷ്മമായി ഇഴപിരിക്കാൻ ശ്രമിക്കുന്നവ. ദേശം വിട്ടു പോക്കിനെ, പ്രവാസത്തെ ആറ്റൂരിനെപ്പോലെ ഉള്ളിലറിഞ്ഞ മലയാളകവികൾ അധികം ഇല്ല.

പറഞ്ഞും എഴുതിയും ഉറച്ചുപോയെങ്കിലും സംസ്കൃത ഉപസർഗത്തോടുകൂടിയുള്ള പ്രവാസം - ‘പ്രകർഷേണയുള്ള വാസം’ - എന്ന വാക്കിനെന്തോ പ്രശ്നമുണ്ട്. ജോലി തേടി അന്യനാട്ടിൽ പോകുന്ന പലർക്കും അതു ‘പ്രകർഷം’ അല്ല. കവി വിനയചന്ദ്രൻ ഒരിക്കൽ സംസാരിച്ചിരിക്കുമ്പോൾ ഗൾഫുകാരുടേത് ‘പ്രവാസം’ അല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. സ്വയം തെരെഞ്ഞെടുക്കലിന്റെ ഒരു ഘടകം ഉണ്ട്, ഉപരിപഠനത്തിനും ജോലി തേടിയുമുള്ള യാത്രകൾക്ക്. അതല്ല, കുടിയിറക്കപ്പെടുന്നതിന്റെയും പലായനങ്ങളുടെയും അലച്ചിലുകളുടെയും സ്ഥിതി. ദാരുണമായ കുടിയിറക്കുകളുടെയും രാഷ്ട്രീയസമ്മർദ്ദങ്ങളുടെയും വിശാലമായ അനുഭവങ്ങളും മനുഷ്യാവസ്ഥകളും ആയിരുന്നിരിക്കണം, കവിയുടെ മനസ്സിൽ. ഗൾഫ്-യൂറോപ്യൻ പ്രവാസാനുഭവങ്ങളുടെ സംഘർഷവിനിമയങ്ങളെ സംശയത്തോടെ കണ്ട അദ്ദേഹം തന്നെയാണ് ‘വീട്ടിലേക്കുള്ള വഴി’യെന്ന കവിതയെഴുതിയതും. വേരുപടർച്ചകളുടെ അസ്ഥിരതയെക്കുറിച്ചുള്ള വേവലാതി ആ കവിതയുടെ ഭാവതലമായുണ്ട്. പ്രവാസാനുഭവം ബാഹ്യമായ കാര്യമല്ലെന്നും ആന്തരികമാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു എന്നാണല്ലോ അതിനർത്ഥം.  ‘പ്രവാസിയായ ജൂതൻ എന്ന വിളിപ്പേരും’ വിനയചന്ദ്രനുണ്ടായിരുന്നു. എങ്കിലും ഗൾഫ് യൂറോപ്യൻ പ്രവാസങ്ങളെ അവയുടെ യോഗ്യതയിൽ  അംഗീകരിക്കാൻ അദ്ദേഹം മടിച്ചു.

‘വീട്ടിലേക്കുള്ള വഴി(കൾ)’, പവിത്രൻ തീക്കുനിയും എഴുതിയിട്ടുണ്ട്. അത് വീട്ടിൽനിന്നുള്ള കാഴ്ചയാണ്. തന്നിലേക്കുള്ള പലതരം വഴികളാണതിൽ വീട്ടിലേക്കുള്ള വഴികളായി തീരുന്നത്. അതിൽ ‘വീട്ടിലേക്കെന്നു പോകുന്നു’ എന്ന ചോദ്യം ചോദിക്കുന്ന കൂട്ടുകാരില്ല. വിനയചന്ദ്രന്റെ വീട്ടിലേക്കുള്ള വഴി പ്രദേശത്തിനുള്ളിൽത്തന്നെയുള്ള പ്രവാസാനുഭവമാണ്. കുഴൂർ വിൽസന്റെ ‘കമറുൽ നാട്ടിൽ പോകുന്നു’ എന്ന കവിതയിൽ കുഴൂർ വിൽസൺ ഗൾഫ് അനുഭവത്തെ അതുപോലെ പകർത്തിവച്ചു. കമറുൽ വീട്ടിലേക്കു പോകാനുള്ള തയ്യാറെടുക്കുകയാണ്. അയാളുടെ കൂടെ ഒരു കൂട്ടം നെടുവീർപ്പുകളും വീട്ടിലേക്കു പോകാൻ ഒത്തുകൂടുന്നുണ്ട്. ‘ഞങ്ങളുടെ കത്തുമായി കമറുൽ നാട്ടിലേക്കു പോകുന്നു’ എന്ന വരിയിൽ ഒറ്റമുറിയിലെ ആൾക്കൂട്ടങ്ങളും അവരുടെ പ്രതീക്ഷകളും വെമ്പലുകളും മൊത്തമായുണ്ട്.

‘കുഴൂർ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്’ എന്ന കവിതയിൽ വിൽസൺ നാട്ടിലേക്ക് കൊടുത്തു വിടുന്നത് കത്തല്ല, കാലുകളും കയ്യുകളും കാതുകളും നാവുമെല്ലാമാണ്. എന്നുവച്ചാൽ തന്നെത്തന്നെയാണ്. ശരീരാവയവങ്ങൾ നാട്ടിലയച്ച പ്രവാസിക്ക് മറ്റൊരിടത്ത് എങ്ങനെയാണ് ചലിക്കാനാവുക? ഈന്തപ്പനകൾ, വിവർത്തനശേഷമുള്ള തെങ്ങുകളാണെന്ന് കവിയോട് കനിഞ്ഞു പറയുന്ന ഒരു കവിതയുണ്ടല്ലോ, ‘വിവർത്തനത്തിനു ഒരു വിഫലശ്രമം’, ആ കവിതയുടെ സ്ഥൂലമായ രൂപങ്ങളെ ഗൾഫിലെ മലയാളിഉത്സവങ്ങളിൽ ആനപ്രതിമകളായും തെയ്യം കോലങ്ങളായും കഥകളി തലകളായും ഓണസ്സദ്യയായും പലതരങ്ങളിൽ, പലതലങ്ങളിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ മസ്കറ്റിൽ വിശിഷ്ടാതിഥിയായി പ്രഭാഷണത്തിനെത്തിയ സുകുമാർ അഴീക്കോട്, അവിടെ ഉണ്ടാക്കിവച്ചിരുന്ന ആനപ്രതിമയെ ചൂണ്ടി,  തുമ്പിക്കൈയും കൊമ്പും നെറ്റിപ്പട്ടവും ഒഴിവാക്കാൻ വയ്യാത്ത മലയാളി ആഘോഷങ്ങളെപ്പറ്റി തമാശപറഞ്ഞതും ഓർക്കുന്നു. കുഴൂർ കവിതയിൽ പറഞ്ഞതുപോലെ, ഈന്തപ്പനകൾ വിവർത്തനശേഷമുള്ള തെങ്ങുകളാണെങ്കിൽ മറുനാട്ടിലെ മലയാളികളുടെ ഓരോ ചെയ്തിയും വ്യത്യസ്തമായ വിവർത്തനങ്ങൾക്കുവേണ്ടിയുള്ള ശ്രമദാനങ്ങളാകാൻ പാടില്ലേ?  പ്രവാസങ്ങളെല്ലാം ഒരേ അനുഭവരാശിയിലൂടെ വരിതെറ്റാതെ സഞ്ചരിക്കുന്നവയല്ല. അതിന്റെ വൈവിധ്യങ്ങൾക്കെല്ലാം എപ്പോഴെങ്കിലും പൂർണ്ണമായ വിനിമയസാഫല്യം കൈവരുമെന്നും വിചാരിക്കാനാവില്ല.  എങ്കിലും ‘കയ്യും കാലും നാട്ടിൽ കൊടുത്തുവിട്ട് പരദേശത്ത് പ്രതീകാർത്ഥത്തിൽ നിശ്ചലനായി പോകുന്ന മനുഷ്യർ’ സ്വയം വിവർത്തനം ചെയ്യാൻ നടത്തുന്ന വിഫലമായ ശ്രമമാണ് ഓരോ പ്രവാസജീവിതവും എന്നാലോചിക്കുമ്പോൾ അതിലെ  സാർവജനീനത പെട്ടെന്ന് പിടികിട്ടും.  

പ്രവാസത്തെപ്പറ്റി ധാരാളമായി എഴുതിയിട്ടുള്ള സിറിയൻ കവി അലി അഹമ്മദ് സൈഇദ് ഇസ്ബർ എന്ന അഡോണിസ്, ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ കവിതകളിൽ ബിംബമായി ആവർത്തിച്ചിട്ടുള്ളത് സ്വദേശത്തും പരദേശത്തുമുള്ള ഇരട്ടജീവിതത്തെ പുനർജ്ജന്മമായി വിവർത്തനം ചെയ്യാനായിരിക്കണം. ‘സ്വന്തം മരണത്തോട് പ്രണയത്തിലായ പക്ഷി’ എന്നാണ് അദ്ദേഹത്തിന്റെ ഒരു വിശേഷണം. പുതിയ നാളെയുടെ പേരിൽ, പുനർജ്ജന്മത്തിന്റെ പേരിൽ, അതു കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുന്നു എന്ന് ‘സ്വപ്നം’ എന്ന കവിതയിൽ വായിക്കാം.  മരണത്തിന്റെ വേദന പുനർജ്ജന്മത്തിന്റെ സ്വപ്നത്തിൽ ഇല്ലാതാവുന്ന ശുഭാപ്തിവിശ്വാസമാണ്, അഡോണിസിന്റേത്.

ഗൾഫിൽവച്ച് സർജ്ജുവിന്റെയും മണികണ്ഠന്റെയും മറ്റും നേതൃത്വത്തിൽ നടത്തിയിരുന്ന മൂന്നാമിടം എന്ന മാസികയ്ക്കുവേണ്ടി ഒരിക്കൽ ബാബു ഭരദ്വാജുമായി അഭിമുഖം നടത്തിയിരുന്നു. പ്രസിദ്ധമായ ‘പ്രവാസിയുടെ കുറിപ്പുകൾ’ അദ്ദേഹത്തിനെ നാട്ടിൽ പാർക്കാത്തവരുടെ സാംസ്കാരിക പ്രതിനിധിയാക്കി മാറ്റിയ കാലത്താണ്.  ‘കാശുണ്ടാക്കാനാണ് ഗൾഫിൽ പോയതെങ്കിലും അതുണ്ടാക്കാതെ അലഞ്ഞുതിരിഞ്ഞു നടന്ന് ജീവിതം തീർത്ത് തിരിച്ചുവന്ന ഒരാളാണ് ഞാൻ’ എന്ന് അഭിമുഖത്തിനിടയിൽ അദ്ദേഹം പറയുന്നു. ഗൾഫ് യാത്രകളെല്ലാം സാമ്പത്തിക മാനങ്ങളുള്ളതായിരിക്കെ അങ്ങനെയല്ലാതെ മരുഭൂമിയിൽ അലയാൻ പറ്റിയത് തനിക്കുമാത്രമായി കൈവന്ന അനുഭവത്തിന്റെ മൂല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.  അക്കാര്യത്തിൽ ഏതൊക്കെയോ തരത്തിൽ അദ്ദേഹം സന്തോഷിക്കുന്നതായി തോന്നി.

നേരെ തിരിച്ചാണ് എൻ ടി ബാലചന്ദ്രന്റെ അനുഭവം. നിശ്ശബ്ദനാക്കിമാറ്റിയ മറുനാടൻ ജീവിതത്തെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ വീർപ്പുമുട്ടലെല്ലാം. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന പഴയ ഗോവിന്ദൻ ചോദ്യത്തെ തിരിച്ചിട്ടാൽ, നിലനിൽപ്പിന്റെ കഴുത്തുത്തന്നെയല്ലേ പ്രവാസജീവിതത്തിന്റെ ആധാരം എന്നൊരുത്തരമാണ് ലഭിക്കുക. പ്രതിബദ്ധതയെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും പ്രസ്തുതത്തിൽ ആ ഉത്തരം ഉള്ളടക്കുന്നില്ല. പക്ഷേ അദ്ഭുതകരമായി, എൻ ടി ബാലചന്ദ്രൻ ദീർഘകാലത്തെ മൗനത്തിനുശേഷം എഴുതാൻ തുടങ്ങി. ‘യക്ഷികളും ഗന്ധർവന്മാരും’ അങ്ങനെയുണ്ടായ നോവലാണ്. ‘തീവണ്ടിയും മറ്റുകഥകളും’ പുനഃപ്രസിദ്ധീകരിച്ചു.  മൂന്നാമിടത്തിൽ അദ്ദേഹം എഴുതിയിരുന്ന പംക്തി, ‘ഇക്കരെ’ എന്ന പേരിൽ ലോഗോസ് ബുക്സ് അടുത്തിടെ പുറത്തിറക്കുകയും ചെയ്തു.

സാംസ്കാരികപ്രവർത്തകരെ അടുത്തു കാണാൻ അവസരം ലഭിച്ചത് ഗൾഫിലായിരിക്കുമ്പോഴാണ്. അവരിൽ കുറച്ചു പേരെങ്കിലും ഗൾഫിലെത്തിയാൽ അസാധാരണമായ സൗഹൃദം പ്രകടിപ്പിക്കുന്നവരാണ്. നാട്ടിലാണെങ്കിൽ അടുത്തു പോകാൻ മടിക്കാത്തവർ കൂടി അടുത്തിരുന്നു കുശലങ്ങൾ പറഞ്ഞു അപൂർവം ചിലരോട് വിമർശനം പറഞ്ഞ് വഴക്കുകൂടി. എങ്കിലും പിരിയുമ്പോൾ നാട്ടിലെത്തിയാൽ വിളിക്കണം, മറക്കരുതെന്ന അവർ ഉപചാരം പറഞ്ഞു. അതു പിന്നെയും തുടർന്നു പോയവരുണ്ട്. അവിടെ വച്ച് ഉപേക്ഷിച്ചവരുമുണ്ട്. യു എ ഇ യിൽ ഉള്ളതുപോലെ വിപുലമായ സഹൃദയ കൂട്ടായ്മയൊന്നും മസ്കറ്റിൽ ഉണ്ടായിരുന്നില്ല. എങ്കിലും ‘മൂന്നാമിട’ത്തിലും അതിന്റെ പൂർവഗാമിയായ ‘സംഭാഷണ’ത്തിലും എം കെ പോൾ തുടങ്ങിയ ചിന്ത.കോം എന്ന പോർട്ടലിന്റെ മാഗസീനായ തർജ്ജനിയിലും (മലയാളത്തിലെ ആദ്യത്തെ വെബ് മാഗസീനാണ് തർജ്ജനി)  ഗൾഫ് മേഖലയിലെ പുതിയവരും പഴയവരുമായ എഴുത്തുകാർ സഹകരിച്ചിരുന്നു. അങ്ങനെ രൂപപ്പെട്ടുവന്ന എഴുത്തുകാരുമുണ്ട്. മാതൃഭൂമി – മലയാളമനോരമ പത്രങ്ങൾ ആരംഭിച്ച ഗൾഫ് ഫീച്ചറുകളാണ് അതിനു തുടക്കം കുറിച്ചത്.  അതതു പ്രദേശങ്ങളിലെ സംഘടനകൾ ചില കാര്യങ്ങളൊക്കെ ചെയ്തിരുന്നു എങ്കിലും സാംസ്കാരിക ശൃംഖല രൂപപ്പെടുത്തിയെടുക്കുന്നതിൽ അച്ചടി-വെബ് മാഗസീനുകൾ ചെയ്ത സംഭാവന മറക്കാവുന്നതല്ല, വളരെ ചെറിയ വിഭാഗത്തിന്റെ ഓർമ്മയിൽ മാത്രമേ ഒരു പക്ഷേ അവ നിലനിന്നേക്കുകയുള്ളൂ എങ്കിലും. ഫീച്ചറുകലിൽ എഴുതിയവർക്കിടയിൽ ദീർഘമോ ഹ്രസ്വമോ ആയ സൗഹൃദങ്ങൾ രൂപപ്പെട്ടു. പിന്നീട് സാംസ്കാരിക കൂട്ടായ്മയായി മാറി. ചിലതെല്ലാം ഇപ്പോഴും നിലനിൽക്കുന്നു.

രാഷ്ട്രീയമായിരുന്നു പ്രവർത്തനാടിസ്ഥാനമെങ്കിലും ഒമാനിലെ മലയാളി സംഘടനകളായ മലയാളംവിങ്ങും കേരളാവിങ്ങും തമ്മിലുണ്ടായിരുന്ന മത്സരങ്ങൾ ചിലപ്പോഴെങ്കിലും ആരോഗ്യപരമായി മാറിയിരുന്നു. വിശേഷാവസരങ്ങളിലെ ആഘോഷം മാത്രമാകാതെ സാംസ്കാരിക സംഭവങ്ങളായി പ്രഭാഷനവും ചർച്ചകളും സെമിനാറുകളും നടന്നു. ഇടവഴിയിലൂടെ നടന്ന് ഇതിലൊക്കെയും ഭാഗഭാക്കാവാനും പങ്കെടുക്കാനും കഴിയുന്നതുപോലെ സന്തോഷം വേറെയെന്തുണ്ട്? ഈ രണ്ടു ഗ്രൂപ്പിലും ഉൾപ്പെട്ടും പെടാതെയും നിന്നുകൊണ്ട് അബ്ദുൾ ഗഫൂർ എന്ന ഗഫൂറിക്ക സ്വന്തം നിലയ്ക്കും ചിലതെല്ലാം ചെയ്തിരുന്നു. അമ്മയറിയാൻ എന്ന ജോൺ എബ്രഹാം ചലച്ചിത്രത്തിന്റെ പ്രദർശനം. ഷഹ്ബാസ് അമന്റെ ഗസൽ.  നാരായണഗുരുജയന്തിയുമായി ബന്ധപ്പെട്ട് വർഷാവർഷം ഗൗരവമുള്ള ഒരു പ്രഭാഷണം. അതൊന്നുമല്ല,  അൽക്വയറിലെ ഒരു മുറിയിൽ ഗഫൂറിക്ക ഒരു ലൈബ്രറി തുടങ്ങാൻ നടത്തിയ പരിശ്രമമാണ് കൂട്ടത്തിൽ പച്ച പിടിച്ചു നിൽക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞ് ലൈബ്രറിയിലേക്കുള്ള പോക്കും രാത്രി ലൈബ്രറിയടച്ച് ബുക്കുകൾ ഒതുക്കിവച്ച് പുൽത്തകിടികളുടെ ഓരംപറ്റി തിരിച്ച് മുറിയിലേക്കുള്ള യാത്രയും ഇന്നലത്തെപ്പോലെ ഓർമ്മയുണ്ട്.

ക്യാമ്പസ്സിൽനിന്നു ഒമാനിലേക്ക് പോകുമ്പോൾ മരങ്ങളും മഴയും പൂർത്തിയാവാത്ത പ്രണയവും ആയിരുന്നു മനസ്സിലെങ്കിൽ തിരിച്ചു നാട്ടിലെത്തി വീട്ടിലെ മുറിയിൽ ജനാലയിൽകൂടി കാണുന്ന ആകാശമോ അതിലൂടെ പാഞ്ഞു പോകുന്ന വിമാനമോ നോക്കിയിരിക്കവേ, മരുഭൂമിയിലെ സൗഹൃദങ്ങളും റെഡ്‌ലോബ്സ്റ്ററിലെ ഹിന്ദിപാട്ടുകളും ഈജിപ്തുകാരനായ സാമിയുടെ തീംബാറിലെ ചുവരിൽ പതിച്ചു വച്ചിട്ടുള്ള ക്ലാസിക് ചിത്രങ്ങളുമൊക്കെയാണ് ഓർമ്മ വരിക. മനസ്സിന്റെ വിവർത്തനയത്നങ്ങളായിരിക്കാം. ഓരോരുത്തരും അവരവരുടെ ഭാഷയിലേക്ക് അനുഭവങ്ങളെ വിവർത്തനം ചെയ്തെടുക്കുന്നു. ഗഫൂറിക്ക നാട്ടിൽ വന്നു. ഇ ജി മധുവും ഷംസുദീനും അവിടെ തുടരുന്നു. എൻ ടിയുടെ കാര്യം അറിയില്ല. എങ്കിലും അവരും ഇതുപോലെ അക്കരെയിക്കരെകളുടെ വ്യത്യസ്തമായ ചിത്രങ്ങളും ഗന്ധങ്ങളും നിറങ്ങളും രുചിയുമൊക്കെ മനസ്സിൽ സൂക്ഷിക്കുന്നുണ്ടാവണം. അൽക്വയറിലെ ആ ലൈബ്രറിയിലെ പുസ്തകങ്ങളൊക്കെ ഇപ്പോൾ എവിടെയായിരിക്കും? പല വഴി പിരിഞ്ഞു കാണും. അൽഗുബ്രയിലെ സ്കൂൾ ലൈബ്രറിയിൽ മലയാളം പുസ്തകങ്ങൾ കൂടിക്കാണും.  മനുഷ്യർക്കു മാത്രമല്ല, പുസ്തകങ്ങൾക്കും ഉണ്ട് പ്രവാസിത്വം.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2022 ജനുവരി 16) സുകുമാരൻ ചാലിഗദ്ധയുടെ റാവുള ഭാഷയിലുള്ള ഒരു കവിത പരിഭാഷയോടെ വന്നിരുന്നു. ‘ഒച്ചയില്ലാത്ത ഒരു റ്റാറ്റ’ എന്നാണ് കവിതയുടെ പേര്. കൊടഗിൽ പോയ ആദിവാസിയുവാവ് രണ്ടു ദിവസത്തെ അവധിക്ക് ഊരിലേക്ക് തിരിച്ചു വരുന്നതാണ് കവിത. കയ്യിൽ അഞ്ചെട്ട് പച്ചനോട്ടുകളുണ്ട്, കുറച്ചു തുട്ടുകളും. രണ്ട് മുണ്ട്, രണ്ട് ഷർട്ട്, ഒരു തോർത്ത്, ഒരു ഹിന്ദി പുതപ്പ്, ഒരു കവർ മിക്ച്ചറ്. അയാലുടെ വരവ് പ്രമാണിച്ച് വീട്ടിൽ ചെറുതായ ആഘോഷം നടക്കുന്നു. അയാൾക്ക് മറ്റെന്നാൾ തിരിച്ചു പോകണം. കൊടഗിലെ ഇഞ്ചിക്ക് മണ്ണിടണം. അഡ്വാൻസ് കിട്ടിയ പണം തീർത്ത്, ഇനി കാവിനു വരാമെന്നു പറഞ്ഞ് മൂന്നാമത്തെ ദിവസം അയാൾ ജീപ്പിൽ മടങ്ങുന്നു. ഒച്ചയില്ലാത്ത ഒരു ടാറ്റ അയാളെ വന്നു മൂടുന്നു. ഈ കവിത അതിലെ അനുഭവമല്ലാതെ മറ്റൊന്നും സൂചിപ്പിക്കുന്നില്ല. വരികളെ പൊലിപ്പിക്കാൻ അലങ്കാരങ്ങളൊന്നുമില്ല. സ്വന്തം മണ്ണിൽനിന്ന് പറിഞ്ഞുപോയ ഒരാൾ ഇഞ്ചിയെ മണ്ണിട്ട് ഉറപ്പിക്കാൻ പോകുന്നതിലുള്ള നേർത്ത സംഘർഷം മുള്ളായി കുത്തിനോവിക്കുന്ന നിലയിൽ അതിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്. എന്നാൽ അതൊന്നുമല്ല, ഒച്ചയില്ലാത്ത കൈവീശലുകളുടെ കനം ഉള്ളിൽ വഹിച്ച് പല പ്രാവശ്യം അത്തരം പോക്കുവരവുകൾക്ക് വിധേയനായ ഒരു ഏകാകിക്ക് മനസ്സിലാവുന്നതുപോലെ ആ കവിതയുടെ  പ്രവാസിത്വത്തിന്റെ അനുഭവതലവും അതിന്റെ പിടച്ചിലും മറ്റൊരാൾക്ക് മനസ്സിലാകുമോ എന്ന് സംശയമാണ്.  മറ്റൊരുതരത്തിൽ പറഞ്ഞാൽ പാസ്പോർട്ടും വിസയുമായി രാജ്യാതിർത്തി കടന്നുപോകുന്ന ഒരാളുടേതുമാത്രമല്ല പ്രവാസാനുഭവം. തന്നിൽനിന്ന് തെറിച്ചു പോകുന്ന വിശേഷാവസരങ്ങളൊക്കെയും പ്രവാസത്തിന്റേതാണ്. വേർപാടുകളെല്ലാം വിവർത്തനം ചെയ്യപ്പെട്ട പ്രവാസങ്ങളാണ്.

നോബൽ സമ്മാനജേതാവായ അബ്ദുൾ റസ്സാക് ഗുർണ്ണയുടെ ‘പറുദീസ’യെന്ന നോവലിൽ, വാങ്ങിയ കടം വീട്ടാനാവാതെ പിതാവ്, അമ്മാവനായ അസീസിന് അടിമയായി വിറ്റ യൂസഫിന്റെ വീടുവിട്ടുള്ള ആദ്യയാത്രയെപ്പറ്റി വിവരിക്കുന്നുണ്ട്. അന്നവന് 12 വയസ്സേയുള്ളൂ. ഉമ്മ അവനെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ കണ്ണീർ വാർക്കുകയോ ചെയ്യുന്നില്ല. പക്ഷേ ഉമ്മയ്ക്ക് സുഖമില്ലെന്ന് അവനു തോന്നുന്നു. യാത്രയ്ക്കുള്ള സമയമായപ്പോൾ അവന്റെ മനസ്സിൽ വന്നത് മുന്നിലെ വഴിയിലെ ചുട്ടുപൊള്ളുന്ന ചൂടാണ്.


 “തീവണ്ടി കുറച്ചോടിയപ്പോൾ അതിന്റെ പുതുമ യൂസഫിലില്ലാതായി തുടങ്ങി. താൻ വീടു വിട്ടിരിക്കുന്നു എന്ന ചിന്ത സഹിക്കാനാകാതെയായി. അമ്മയുടെ ചിരി ഓർമ്മവന്നു. കരച്ചിൽ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ കണ്ണിൽ ഈറൻ വറ്റിയിരിക്കുന്നു എന്നവനറിഞ്ഞു. എന്നാലും മനസ്സിലെ ദുഃഖം മാറുന്നില്ല.”

പ്രവാസം ഭൗമാതിർത്തികളെമാത്രം സംബന്ധിക്കുന്ന കാര്യമല്ല എന്നാണ് ടാൻസാനിയയിൽ ജനിച്ച് യു കെ യിൽ ജീവിക്കുന്ന നോവലിസ്റ്റും പറയുന്നത്.  n

 (ഏറുമാടം മാർച്ച് 2022)

 

No comments: