October 11, 2009

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍



കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി ഗ്രീഷ്മയുടെ മരണത്തിനു തൊട്ടു പിന്നാലെ മറ്റൊരു ആത്മഹത്യ കൂടി നടന്നിരുന്നു. അതും ഒരു സ്വാശ്രയകോളേജ് വിദ്യാര്‍ത്ഥി. കുറ്റിച്ചല്‍ ലൂര്‍ദ്ദ് മാതാ എഞ്ചിനീയറിംഗ് കോളേജിലെ എസ് എ ലത്തീഫ്. സംഭവം നടന്നതും ഏതാണ്ട് അടുത്തടുത്ത സ്ഥലങ്ങളില്‍ . എന്നിട്ടും ഗ്രീഷ്മയുടെ മരണത്തിനു ലഭിച്ച വാര്‍ത്താപ്രാധാന്യവും അധികാരികളുടെ ശ്രദ്ധയും രണ്ടാമത്തെ മരണത്തിനു കിട്ടിയില്ല. അതിന് അത്ര ആശാസ്യമല്ലാത്ത ഒരു കാരണം ആദ്യത്തേത് ഒരു പെണ്‍കുട്ടിയായിരുന്നു എന്നതാണ്. മരണത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന സിദ്ധാന്തം കേരളം ഇപ്പോള്‍ തുടരുന്ന സംരക്ഷണ ലിംഗനീതിയുടെ കാര്യത്തില്‍ പ്രസക്തമല്ല. സ്വാശ്രയമാനേജുമെന്റുകളെ ചൂണ്ടുവിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കിട്ടിയ ഒരവസരത്തെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ടാമത്തെ മരണത്തിനു പിന്നാലെയും നമ്മുടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനും മാധ്യമപ്പടകള്‍ക്കും ഓടാമായിരുന്നു. രണ്ടു മരണങ്ങളും ഒന്നിച്ചെടുത്തുകൊണ്ട് നാടകീയമായ രംഗങ്ങള്‍ തീര്‍ക്കാമായിരുന്നു. നമ്മുടെ നാട്ടിലെ സ്വാശ്രയവിദ്യാലയങ്ങളിലെ സ്ഥിതി ഇതാണെന്ന് അടുത്തടുത്തുള്ള രണ്ടു സംഭവങ്ങളെ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോയേനേ. വിവാദങ്ങള്‍ കൊഴുത്തേനേ. അതവര്‍ കളഞ്ഞു കുളിച്ചു. ഗ്രീഷ്മയുടെ മരണത്തെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കളായി കാട്ടിക്കൂട്ടിയതെല്ലാം വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാകെ കളങ്കം വരുത്തി വച്ച ഒരു പ്രവൃത്തിയായിപ്പോയി. ഇടതും വലതും വര്‍ഗീയവുമായ എല്ലാം കൂടി ഒത്തൊരുമയോടെച്ചേര്‍ന്ന് എന്തായിരുന്നു ബഹളം! അര്‍ദ്ധരാത്രിയില്‍ തന്നെ വിദ്യാഭ്യാസസ്ഥാപനത്തിലേയ്ക്ക് മാര്‍ച്ച്. സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്. കൂട്ടയടി. പരിക്ക്. മാധ്യമപ്രവര്‍ത്തകരും ഇത്തവണ വിദ്യാര്‍ത്ഥിനേതാക്കള്‍ക്കൊപ്പം മര്‍ദ്ദനം പങ്കിട്ടു. കൂട്ടത്തില്‍ സമരത്തിനിടയ്ക്ക് ഒരു അദ്ധ്യാപകനും കിട്ടി, സ്കൂള്‍വിദ്യാര്‍ത്ഥിയുടെ അമിതാവേശത്തിന്റെ വക കരണത്തടി! വിദ്യാര്‍ത്ഥി ഐക്യത്തിന്റെ ഒരു ശുഷ്കാന്തി! മരണകാരണം വ്യക്തിപരമാണെന്ന് തെളിയാന്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞതോടെ ഒറ്റയ്ക്കും തെറ്റയ്ക്കും തട്ടൊഴിഞ്ഞു. ആടു കിടന്നിടത്ത് പൂടപോലും ഇല്ലാത്ത സ്ഥിതിയായി. ഇനി അധികം കനം വയ്ക്കാത്ത ശബ്ദത്തില്‍ അവിടെയും ഇവിടെയുമായി ചില ഓലിയിടലുകള്‍ , ന്യായീകരണങ്ങള്‍ ... അതും നിലയ്ക്കും, ആരും ശ്രദ്ധിക്കുന്നില്ലെന്നു വരുമ്പോള്‍ .

വിവേകങ്ങളെ മാറ്റി വച്ചുകൊണ്ടുള്ള കാപട്യത്തിലൂടെയാണ് നമ്മുടെ ‘പുരോഗമനസമൂഹം’ മുന്നേറുന്നത്. എന്തു സത്യസന്ധതയാണ് ഒരു മരണത്തിനു പിന്നാലേ അരങ്ങേറുന്ന അക്രമങ്ങള്‍ക്കു പിന്നിലുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന രജനിയുടെ മരണവും അനുബന്ധ അക്രമങ്ങളും സമരങ്ങളും സമൂഹത്തെ ഏതെങ്കിലും തരത്തില്‍ മാറ്റിയോ? മരണമാണ് പ്രതിഷേധഹേതുവെങ്കില്‍ അതിനു കാരണമായ സാമൂഹികസാഹചര്യത്തെക്കുറിച്ചല്ലേ യഥാര്‍ത്ഥത്തില്‍ വേവലാതിപ്പെടേണ്ടത്? അതിനു പകരം ഞങ്ങള്‍ അക്രമമുണ്ടാക്കിയതും പഠിപ്പു മുടക്കിയതും ഒരു പ്രത്യേകലക്ഷ്യം വച്ചാണെന്നും മരണകാരണം അതല്ലെന്നു തെളിഞ്ഞതു കൊണ്ട് ഞങ്ങള്‍ വീട്ടില്‍ പോകുന്നു എന്നുമാണ് നമ്മുടെ യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍ ഇക്കാര്യത്തില്‍ എടുത്ത നിലപാട്. അദ്ഭുതം തോന്നേണ്ടത് ഇപ്പോഴാണ്. സ്വാശ്രയസ്ഥാപനങ്ങള്‍ മാത്രമല്ല, ഫ്യൂഡല്‍ കാലത്തില്‍ നിന്നുണരാതെ പുലര്‍ന്നുപോകുന്നവയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ. അതിനു സര്‍ക്കാര്‍ -സര്‍ക്കാറിതര എന്നു വ്യത്യാസമില്ല. പഠിച്ചതേ പാടൂ എന്നുള്ളതുകൊണ്ട് ‘അന്ധരെ അന്ധര്‍ നയിപ്പൂ’ എന്നു പറഞ്ഞതുപോലെയാണ് അവിടങ്ങളിലെ ഭരണസംവിധാനം . ഒപ്പം വീട്ടില്‍ നിന്നും കൂടി അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ എടുത്താല്‍ പൊന്താത്തവിധമാക്കി തീരുന്ന ജീവിതങ്ങള്‍ക്ക് മരണം മാത്രമാണ് അഭയം . വ്യക്തി അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഏതെങ്കിലുമൊരു വിള്ളലിലൂടെ ആത്മഹത്യയായി പുറത്തു വരുന്നു എന്നു വച്ചാല്‍ ഒരുപാട് ജീവിതങ്ങളെ തലോടിക്കൊണ്ട് പര്യാപ്തമായ കാരണങ്ങള്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയില്‍ നമുക്കിടയില്‍ നില നില്‍ക്കുന്നുണ്ടെന്നര്‍ത്ഥം. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാതെ കടന്നുപോകുന്ന ഏതു ദിവസമാണ് നമ്മുടെ മുന്നിലുള്ളത്? പത്രങ്ങളിലെ ഒബിച്വറി പേജുകളിലൂടെ കണ്ണോടിക്കുക. അച്ചടിമഷി പുരളാന്‍ ഭാഗ്യമില്ലാതെപോകുന്നവ എത്ര ! മരണകാരണങ്ങളെ ഒറ്റത്തടിയില്‍ കൊണ്ടു ചെന്നു കെട്ടുന്നത് പലപ്പോഴും യുക്തിക്കു നിരക്കുന്ന പരിപാടിയല്ല. എങ്കിലും സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയലക്ഷ്യത്തില്‍ ചെന്നു കുടുക്കി തൊലിപ്പുറം മിനുക്കി താത്കാലികമായി സമാധിയടയുകയും അടുത്ത അവസരത്തിനായി കൊതിയോടെ കൂടുതല്‍ അക്രമാസക്തമായി കാത്തിരിക്കുകയും ചെയ്യുന്ന സാമൂഹികപരിണാമം അഭിമാനിക്കാന്‍ ഒരു വകയും തരുന്നില്ല.

പാകിസ്താനിലെ മീര്‍വാലഗ്രാമത്തില്‍ പ്രാകൃതമായ ഗോത്രനീതിയുടെ പേരില്‍ കൂട്ടബലാത്സംഗത്തിനിരയായ മുക്താരന്‍ (മുഖ്താര്‍ മായി) തന്റെ പുസ്തകത്തിലെഴുതി* : “ഇവിടെ ഒരു യുവതിയ്ക്കും പ്രണയത്തെക്കുറിച്ചു ചിന്തിക്കാനോ താനാഗ്രഹിക്കുന്ന പുരുഷനെ വിവാഹം ചെയ്യാനോ ഉള്ള അവകാശമില്ല. വളരെ പ്രബുദ്ധമായ കുടുംബങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ തീരുമാനം അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ട് അവര്‍ ജനിക്കുന്നതിനു മുന്‍പു തന്നെ തീരുമാനമെടുത്താല്‍ എന്താണ്?” സ്വന്തം താത്പര്യമനുസരിച്ച് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ ‘വളര്‍ത്തുദോഷമുള്ളവളായി’ മുദ്രകുത്തി മാനം രക്ഷിക്കാന്‍ സഹോദരന്മാര്‍ അവളുടെ ഭര്‍ത്താവിനെ കൊന്ന കഥയും കോടതി വെറുതേ വിട്ട ദമ്പതികളെ പുറത്ത് വച്ച് കുടുംബക്കാര്‍ കൊലപ്പെടുത്തിയ കഥയും അവര്‍ എടുത്തെഴുതിയിട്ടുണ്ട്. എഴുത്തും വായനയുമില്ലാത്ത സമൂഹത്തിന്റെ, ജിര്‍ഗകള്‍ ( ഗ്രാമസഭകള്‍ ) വിലപേശലിലൂടെ ന്യായാന്യായങ്ങള്‍ തീര്‍ക്കുന്ന ഗ്രാമീണരുടെ ഇതേ അവസ്ഥയല്ലേ നമ്മുടെ നാട്ടിലും നിലനില്‍ക്കുന്നത്? എന്താണ് വ്യത്യാസം? നമ്മളൊക്കെ നെരൂദയെ വായിച്ചിട്ടുണ്ട്. മസ്തോയികളൊ ഗുജാറുകളോ അതൊന്നും വായിച്ചിരിക്കില്ല. എന്നാലെന്ത്? രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുകയല്ല ‘നാറുകയാണെന്ന്’ എന്ന് അവര്‍ക്കറിയാം, നമുക്കുമറിയാം. അതുകൊണ്ട് മാനത്തിന്റെ പേരില്‍ നാം കുട്ടികളില്‍ കുറ്റബോധം ഊട്ടിയുറപ്പിച്ച് അവര്‍ക്ക് സ്വയം മരണശിക്ഷയ്ക്കുള്ള വഴിയൊരുക്കിക്കൊടുക്കുന്നു. എന്തു വ്യത്യാസം?

തുടക്കത്തിലേയ്ക്ക് തിരിച്ചുപോകാം. സമാനസാഹചര്യങ്ങളില്‍ (പ്രണയമല്ല, അസഹ്യാവസ്ഥയിലുള്ള നൈരാശ്യമാണ് മരണത്തെ പ്രചോദിപ്പിക്കുന്നത്. അത് വ്യക്തിപരമല്ല. തീര്‍ച്ചയായും പരിസരങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്) മരിച്ച രണ്ടു വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മരണം മാത്രം എങ്ങനെയാണ് സമൂഹത്തിനു ഇളകാനുള്ള കാരണമായി തീരുന്നത്? ലിംഗപരമായ സ്വത്വം തന്നെ. കേരളസര്‍വകലാശാല ഗ്രീഷ്മയുടെ മരണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലത്തീഫിന്റെ മരണം അന്വേഷിക്കാന്‍ ആരാണാവോ?പെണ്‍കുട്ടികളുടെ രക്ഷയെക്കരുതി സ്കൂളുകളില്‍ ഇപ്പോള്‍ പ്രിന്‍സിപ്പാള്‍മാര്‍ കണ്‍‌വീനറായി എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍ നോട്ടത്തില്‍ പ്രാദേശികജാഗ്രതാസമിതികള്‍ രൂപീകരിച്ചു വരുന്ന കാലമാണ്. പെണ്‍‌കുട്ടികളുടെ മേല്‍ രണ്ടല്ല, നാലു കണ്ണും തുറന്നുപിടിക്കാന്‍ സന്നദ്ധമാവുന്നു സമൂഹം. അവരെ ഒരു തരത്തിലും വെറുതേ വിടാന്‍ നാം ഉദ്ദേശിക്കുന്നില്ലെന്ന്. കൊള്ളാം. പെണ്‍കുട്ടികളുടെ സദാചാരത്തിന്മേല്‍ തുറുകണ്ണുകളുമായിരുന്ന് ഒരു സമൂഹം ഉന്നതിയിലെത്തുമെങ്കില്‍ എത്തട്ടേ. പക്ഷേ അമിതമായ സംരക്ഷണവ്യഗ്രത, ജീവനുള്ള സത്തകളുടെ സ്വാഭാവിക വളര്‍ച്ചയെ മുരടിപ്പിക്കും എന്നതിനാണ് തെളിവുകള്‍ കൂടുതലുള്ളത് . കൂട്ടത്തില്‍ ഈ വ്യഗ്രത മാനസികരോഗമായി തീരുകയും ചെയ്യും. (ഇതു നോക്കുക) ഉള്ള രണ്ടു കണ്ണും കടം വാങ്ങിയ കണ്ണുകളും കൂടി മറ്റൊരാളെ നോക്കിപേടിപ്പിക്കാന്‍ വിനിയോഗിക്കുന്ന വ്യക്തിയെങ്ങനെ സ്വയം നോക്കും. ഇവരെപ്പറ്റിയാണെന്നു തോന്നുന്നു കുമാരനാശാന്‍ പറഞ്ഞത് “വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നിതേ..” നമ്മുടെ സമൂഹം കൂട്ടത്തോടെ ഞരമ്പുരോഗത്തിന്റെ വഴിയിലേയ്ക്കുള്ള യാത്രയിലാണ്. അതിന്റെ ഒരു അദ്ധ്യായമാണ് കാരക്കോണത്തു കണ്ടത്. അത് ഒരു തുടര്‍ച്ചയാണ്. വേറെയുമുണ്ട്. അസുഖം മൂര്‍ച്ഛിക്കുമ്പോഴെങ്കിലും കാപട്യം കളയുമോ എന്നു മാത്രമേ ചിന്തിക്കാനുള്ളൂ. പക്ഷേ ചിന്ത.. അതെന്താണ് ?

* In the name of Honour
അനു :
പച്ചക്കുതിരയില്‍ ബിന്ദുകൃഷ്ണന്റെ കവിത, അതിഥി.
“......വെയില്‍ മഴ മഞ്ഞെല്ലാം അകത്തു കടന്ന് വിളയാടി
നഗ്നതയില്‍ മൂര്‍ച്ചകള്‍ തറഞ്ഞ്
ആത്മരക്ഷയ്ക്കൊന്നുമില്ലാതെ
ഉള്‍ച്ചൂടില്‍ പൊള്ളിപ്പുറത്തുച്ചാടുമ്പോള്‍
പുറത്തു കാത്തു നില്‍പ്പുണ്ടാവും ചെറു ചിരിയോടെ
വിവേകം.
ഇല്ല, ആദ്യം വിളിച്ചപ്പോള്‍ അവന്‍ കേട്ടിരിക്കില്ല
അവനെപ്പോഴും വൈകിയെത്തുന്നവന്‍. ”

(ഉദ്ധരിച്ചതെന്തിനു വേണ്ടിയായാലും സാന്ദര്‍ഭികമായി പറയട്ടേ.... പ്രണയത്തിനെതിരാണ് ഈ കവിതയും..)

35 comments:

Haree said...

“വിവേകങ്ങളെ മാറ്റി വച്ചുകൊണ്ടുള്ള കാപട്യത്തിലൂടെയാണ് നമ്മുടെ ‘പുരോഗമനസമൂഹം’ മുന്നേറുന്നത്.” - മുന്നേറുന്നതിനും വേണ്ടേ ഒരു ‘’.
കൂടെ മരിച്ച പാരലല്‍ കോളേജ് അധ്യാപകന് പത്രത്താളുകളില്‍ ഇടം കിട്ടിയതു പോലും ഗ്രീഷ്മയുമായി ബന്ധപ്പെട്ടതു കൊണ്ടല്ലേ?

സത്യത്തില്‍ ലൈംഗികതയ്ക്കപ്പുറം പ്രണയത്തെ മനസിലാക്കുവാന്‍ നമ്മുടെ സമൂഹത്തിനു കഴിയുന്നുണ്ടോ? സാഹിത്യത്തിലും സിനിമയിലും മറ്റ് കലാരൂപങ്ങളിലും ആഘോഷിക്കുന്ന പ്രണയം എന്തുകൊണ്ട് ജീവിതത്തില്‍ അരുതായ്കയാവുന്നു? മതം/ജാതി/ധനം ഇവയുടെ വേര്‍തിരിവുകളല്ലാതെ, എന്താണ് പ്രണയത്തെ എതിര്‍ക്കുന്നതിനു ന്യായം?

മരിക്കുവാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍, അതെന്തിന്റെ പേരിലായാലും, ഒഴിവാക്കുവാനുള്ള വഴികളാണ് ആലോചിക്കേണ്ടത്. അതിനാണ് കക്ഷിഭേദമനേ ഏവരും ഒന്നിക്കേണ്ടത്. കര്‍ഷകരോ, വിദ്യാര്‍ത്ഥികളോ, പ്രത്യേക വിഭാഗത്തില്‍ പെടുത്തുവാന്‍ പറ്റാത്ത ഒറ്റപ്പെട്ട മനുഷ്യരോ ആവട്ടെ; വെള്ളെഴുത്ത് ചൂണ്ടിക്കാട്ടിയ അസഹ്യാവസ്ഥയിലുള്ള നൈരാശ്യത്തിലേക്ക് വ്യക്തികള്‍ പോവാത്ത രീതിയില്‍ നമ്മുടെ സമൂഹം തന്നെ മാറട്ടെ.
--

സാപ്പി said...

എന്ത്‌ പറയാനാ....

അയല്‍ക്കാരന്‍ said...

ആ കുട്ടി കോളേജില്‍ വെച്ചാണ് ആത്മഹത്യ ചെയ്തതെന്നുള്ളത് വാര്‍ത്താപ്രാധാന്യം കൂടുതലാവാന്‍ കാരണമായിട്ടുണ്ടാവാം.

അദ്ധ്യാപകന്റെ മരണറിപ്പോര്‍ട്ടിന് മിക്ക പത്രങ്ങളും കൊടുത്ത തലക്കെട്ട് "ആരോപണവിധേയന്‍ ആത്മഹത്യ ചെയ്തു" എന്നാണ്. ആ തലക്കെട്ടില്‍‌തന്നെയുണ്ട് പ്രണയം ഒരു കുറ്റമാണെന്നുള്ള സൂചന

വികടശിരോമണി said...

പ്രണയത്തിനോട് ഇത്രമാത്രം കാപട്യം പുലർത്തുന്ന ഒരു ജീവിതസംസ്കാരം വളർത്തിയെടുത്ത സമൂഹമില്ല.സ്വാഭാവികമായും നമ്മുടെ കലാസംസ്കൃതിയും അങ്ങനെയാവുന്നു.അനിവാര്യമായും ചുംബിക്കുന്ന ഒരു സാഹചര്യത്തിൽ പോലും ചുംബിക്കാത്ത,ഒരു ലോകത്തെയും മാറ്റാനിഷ്ടപ്പെടാത്ത കാമുകീകാമുഹപ്രവാഹമൂള്ള ഏക സിനിമാലോകം മലയാളത്തിന്റെയായിരിക്കും.
ഞങ്ങൾ ചില മരണകാരണങ്ങൾ ലക്ഷ്യംവെക്കുന്നു,അങ്ങനെ മരിക്കുകയാണെങ്കിൽ നിങ്ങൾക്കു കൊള്ളാം എന്നാണെന്നു തോന്നുന്നു വിദ്യാർത്ഥിസംഘടനകളുടെ നിലപാട്.അവരുടെ കാരണങ്ങൾക്കു പുറത്ത് ഒരു സാമൂഹ്യപ്രശ്നങ്ങളും അവരെ അലട്ടുന്നില്ല.
ഓഫ്.എന്താ അനോനി മാഷിന്റെ ബ്ലോഗിൽ ഇതേ പോസ്റ്റ്?
http://anonymashu.blogspot.com/2009/10/blog-post_11.html

വെള്ളെഴുത്ത് said...

വികട ശിരോമണി നന്ദി, അതയാള്‍ അനുവാദമില്ലാതെ എടുത്തു സ്വന്തമായി പോസ്റ്റ് ചെയ്തതാണ്..പുതിയ തരം പൈറസി? എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? അറിവുള്ളവര്‍ പറയുക.

വികടശിരോമണി said...

ഈ അനോനിമാഷ് പുരാണത്തിലെ ത്രിശിരസ്സിനെപ്പോലെ ആരോ ആണെന്നു തോന്നുന്നു.ഒരു മുഖം കൊണ്ട് വേദം ചൊല്ലുകയും,മറ്റൊരു മുഖം കൊണ്ട് മദ്യപിയ്ക്കുകയും,മറ്റൊന്നു കൊണ്ട് ലോകത്തെ ക്രൂരമായി നോക്കുകയും ചെയ്യുന്ന ആ സ്വഭാവം ആണു മനസ്സിലാവുന്നത്.ഒരിടത്ത് മ്മേൽ ലിങ്കിൽ ഉള്ള പോലെ,വെള്ളെഴുത്തിന്റെ ഈ ലേഖനം.ഉടനേ തന്നെ അടുത്ത കോപ്പിയടി കൊണ്ട് റിക്കോഡ് ഉണ്ട്-
ഇവിടെ കൂതറവർത്തമാനത്തിൽ വന്ന പോസ്റ്റ് വെള്ളെഴുത്തിനെ കോപ്പിയതിനു പുറകേ ഇവിടെ കോപ്പിയടിച്ചിരിക്കുന്നു.ഒരു മുഖം കൊണ്ടു വെള്ളെഴുത്തും,മറുമുഖം കൊണ്ട് കൂതറതിരുമേനിയും ആവാനുള്ള ഈ സിദ്ധിവൈഭവത്തിനെ ബ്ലോഗർമാർ കണ്ടറിഞ്ഞ് ആദരിക്കേണ്ടതാണ്.

Haree said...

ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ്. യഥാര്‍ത്ഥ അനോണിമാഷ് ഇവിടെ കാണുന്നതല്ലേ? ഈ അനോണിമാഷിന്റെ പ്രൊഫൈലുപ്പടെ കോപ്പിയാണ്... :-)
--

വെള്ളെഴുത്ത് said...

എങ്കില്‍ കുഴപ്പമില്ല എല്ലാവരെയും കോപ്പിയടിക്കുന്ന ആളാണെങ്കില്‍ പിന്നെ എനിക്ക് മാത്രമായെന്തു കുഴപ്പം? നടക്കട്ടെ

ബിനു ജോര്‍ജ് said...

മരണത്തില്‍ മാത്രമല്ല മാഷേ, ഈ പെണ്‍‌പ്രിയം. എസ്സെസ്സെല്‍‌സീപ്പരീക്ഷാദിവസങ്ങളില്‍ നോക്കൂ. കേരളത്തില്‍ പെണ്‍‌കുട്ടികള്‍ മാത്രമേ പരീക്ഷ എഴുതുന്നുള്ളൂ എന്നു തോന്നും. വിദ്യാഭ്യാസവകുപ്പിന്റെ പ്രസിദ്ധീകരണങ്ങളും തദൈവ! സഡന്‍‌ബ്രേക്കിട്ട ബൈക്കില്‍ നിന്നും വീണ പെണ്ണിനെ മഹീന്ദ്രവാനില്‍ക്കയറ്റി, അതില്‍ തിങ്ങിഞെരുങ്ങിക്കേറി മെഡിക്കല്‍ കോളജില്‍ പോയ പിരപ്പങ്കോടുകാര്‍ എത്ര ഭേദം!

simy nazareth said...

സാന്മാര്‍ഗികതയുടെ അതിപ്രസരം മലയാളികള്‍ക്ക് എവിടെനിന്നു കിട്ടിയെന്നറിയില്ല; നമുക്കൊരു ലൈംഗിക അരാജകവാദിയായ സാമൂഹ്യനായകന്‍ ഉണ്ടായില്ലല്ലോ വെള്ളേ. സുകുമാര്‍ അഴീക്കോടിനൊക്കെ മാനം മര്യാദയായിട്ട് വ്യഭിചരിച്ചു നടന്നൂടായിരുന്നോ? വിവാഹപൂര്‍വ്വ ലൈംഗികബന്ധങ്ങള്‍ പരസ്യമായി അംഗീകരിച്ച (കുമ്പസാരമായി അല്ല, ഒരു സാധാ‍രണ കാര്യമായി) ഒരു ജനപ്രിയ സിനിമാനായകനെങ്കിലും ഉണ്ടായിരുന്നെങ്കില്‍..

സ്ത്രീയും പുരുഷനും തമ്മില്‍ ഇടപഴകാനും ആഗ്രഹമുള്ളവര്‍ക്ക് (കമിതാക്കളായാലും ആരായാലും) ശാരീരികമായി ബന്ധപ്പെടാനും, എന്തിന്, ഒരുമ്മ കൊടുക്കാന്‍ പോലും നമ്മുടെ നാട്ടില്‍ സാഹചര്യമില്ല. എല്ലാം പാപപുണ്യങ്ങളുടെ ദ്വന്ദത്തിലാണ്. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതൃഷ്ണകള്‍ വൈകൃതങ്ങളായി പുറത്തുചാടുന്നു. കാമം ഗുപ്തമാവുന്നു, പ്രണയം (കാമത്തോളം മാത്രം പാപമല്ലെങ്കിലും) പാപമാകുന്നു.

സ്ത്രീകള്‍ ഇരകളാണ് എന്ന ചിന്ത സമൂഹം പഠിപ്പിക്കുന്നു - പത്രങ്ങള്‍, ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങള്‍, സിനിമ, വിദ്യാഭ്യാസം, അമ്മമാര്‍, അച്ഛന്മാര്‍ - കഴുകന്‍ കണ്ണുകളാണ് നിന്നെ നോക്കുന്നത്, സ്വയം സംരക്ഷിക്കൂ, ഒരു നിമിഷം ശ്രദ്ധപതറിയാല്‍ പിന്നെ നീ ഇല്ല എന്നു പഠിപ്പിക്കുന്നു. ഇരകളുടെ സമൂഹം ഉണ്ടാവുന്നു, അതിന് സമാന്തരമായി വേട്ടക്കാരുടെ സമൂഹവും ഉണ്ടാവുന്നു. (സ്ത്രീകള്‍ ഇരകളായതുകൊണ്ടല്ല പുരുഷന്മാര്‍ വേട്ടക്കാരായത്)

വ്യഭിചാരം നിയമാനുസൃതമാക്കണം. കാമവിവശനായ ഒരു പുരുഷന് / സ്ത്രീയ്ക്ക് - കാശുകൊടുത്ത് ഒരു പെണ്‍ / ആണ്‍ വേശ്യയുടെ പക്കല്‍ പോവുന്നത് നിഷിദ്ധമാവരുത്. കാമം മനുഷ്യന്റെ പ്രാകൃതചോദനകളിലൊന്നാണ്. ആന്തരിക ചോദനകളിലൊന്നാണ്. അതിനെ പാപപുണ്യങ്ങളുടെ പേരിലും മതത്തിന്റെയും സമൂഹത്തിന്റെയും പേരിലും വരിഞ്ഞുമുറുക്കിയ ഒരു സമൂഹം ഇക്കിളിക്കു പിന്നാലെ പോവുന്നത്, തരം കിട്ടുമ്പോള്‍ ഇരയ്ക്കുവേണ്ടി തിക്കിത്തിരക്കുന്നത് - പ്രഷര്‍ കുക്കറില്‍ നിന്നും നീരാവി തിക്കിത്തള്ളിപ്പുറത്തുപോവുന്നതു പോലെയേ ഉള്ളൂ.

പതിനെട്ടുവയസ്സുകഴിഞ്ഞവര്‍ക്കു പോലും സെന്‍സര്‍ ചെയ്ത നീലച്ചിത്രങ്ങളേ കാണാന്‍ പറ്റുന്നുള്ളൂ - ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്‍ എന്തു കാണണം, എന്തു കാണണ്ട എന്നു തീരുമാനിക്കാന്‍ സെന്‍സര്‍ ആര്?

ഒരു പരിധിവരെ എങ്കിലും, പറ്റിയാല്‍ ആവുന്നിടത്തോളം, ലൈംഗിക സ്വാതന്ത്ര്യമില്ലെങ്കില്‍ ഞരമ്പുരോഗികളുടെയും മാനസിക രോഗികളുടെയും ഒരു സമൂഹമേ രൂപപ്പെടൂ.

നമ്മുടെ നാട്ടില്‍ നിന്നും ഒരു എല്‍‌വിസ് പ്രസ്ലി വരുന്നത്, ഫ്രെഡി മെര്‍ക്കുറി വരുന്നത്, ലൈംഗികതയെ ആഘോഷിക്കുന്ന ഒരു നായിക വരുന്നത്, റെയില്‍‌വേ സ്റ്റേഷനില്‍ യാത്ര പറയുന്ന കാമുകനെ മലയാളി പെണ്‍കുട്ടി പാപബോധമില്ലാതെ ചുംബിക്കുന്നത് - കാത്തിരിക്കുന്നു.

Anonymous said...

pranayathe kurich vachalamayi parayunnavarokke viveka budhiyode ethra prayangale nirasichittundavanam.ethanu malayaliyude hippocrasy.

സുലൈമാൻ said...

ബ്ലോഗ് പുലിയെന്ന അനോനിമാഷ് സത്യത്തിലൊരു സംഭവമാണ്. അതും വര്‍മ്മകളുടെ കൂട്ടത്തില്‍ ചിലരും (എല്ലാരുമല്ല മഞ്ഞ ഒതളങ്ങ..) കൂടി ചേരുമ്പോഴുള്ള ഹാസ്യം അപാരമാണ്. അവയില്‍ ബുദ്ധിയുടെ തിളക്കം ഉണ്ട്. എന്നാല്‍ അതേപേരും അടിച്ചുമാറ്റി വല്ലവന്റെയും തിണ്ണ നിരങ്ങി കാലയാപനം ചെയ്യുന്ന വാലു വളഞ്ഞ കൂതറ അനോനിമാഷ് തുടങ്ങിയ ജന്തുക്കളുടെ ജാതകം ആ കാറ്റഗറിയാണോ? ( ഈ ഗണത്തില്‍ പെടുന്ന ഒരുത്തനാണ് പടംവരപ്പുകാരന്‍ നാറിയും.. വല്ലവന്റെയും ഉച്ചിഷ്ടം നക്കിത്തിന്നു സംസ്കൃതത്തില്‍ തെറി വിളിക്കാന്‍ വേണ്ടി മറച്ചുകെട്ടിയ കന്നാലി ഷെഡ്ഡാണ് അവന്റെ കമന്ററ. കുടുംബവക. സ്വന്തമായി എന്തെങ്കിലും എഴുതാനുള്ള ബുദ്ധി വളര്‍ച്ച നഹി) ഈ വക ജന്തുക്കള്‍ക്ക് ആരെങ്കിലും നക്കിയതിന്റെ ബാക്കിയേ അമൃതം!! ഐഡന്റിയെപ്പറ്റി നിറയെ അക്ഷരത്തെറ്റുള്ള ആനമണ്ടന്‍ പോസ്റ്റിട്ടിട്ടുണ്ട് ഡ്യൂപ്ലിക്കേറ്റ് അനോനിമാഷെന്ന പുംഗവന്‍ ! വിവരദോഷി !

Anonymous said...

നമ്മുടെ നാട്ടില്‍ നിന്നും ഒരു എല്‍‌വിസ് പ്രസ്ലി വരുന്നത്, ഫ്രെഡി മെര്‍ക്കുറി വരുന്നത്, ലൈംഗികതയെ ആഘോഷിക്കുന്ന ഒരു നായിക വരുന്നത്, റെയില്‍‌വേ സ്റ്റേഷനില്‍ യാത്ര പറയുന്ന കാമുകനെ മലയാളി പെണ്‍കുട്ടി പാപബോധമില്ലാതെ ചുംബിക്കുന്നത് - കാത്തിരിക്കുന്നു.

100% സമ്മതം. റൊട്ടി, കപടാ, മക്കാന്‍ ഒക്കെ പിന്നെ മതി.

വെള്ളെഴുത്ത് said...

സിമീ, അങ്ങനെയൊരു സിനിമാതാരം നമുക്കുണ്ടല്ലോ മോഹന്‍ലാല്‍ ! ഒരഭിമുഖത്തില്‍ ‘നമ്മള്‍തമ്മില്‍ ‘ ശ്രീകണ്ഠന്‍ നായര്‍ പച്ചയ്ക്കു മറ്റേ പരിപാടി എന്നു ചോദിച്ചിട്ടിരുന്നു വിഴുങ്ങുന്നുണ്ടായിരുന്നു. ആകാംക്ഷയ്ക്കു വളമിട്ട് അതിനെയും ഒളിസേവയാക്കി എന്നു ചുരുക്കം..
ആരോപണവിധേയന്‍ മാത്രമല്ല, അദ്ധ്യാപകന്‍ എന്നു തന്നെ കാച്ചിയ പത്രങ്ങളുമുണ്ട്. അധ്യാപകന്‍ കുട്ടിയെ പ്രേമിച്ചു എന്ന ഗുരുതരമായ അച്ചടക്കലംഘനത്തിലൂടെയാണ് മരണത്തിന്റെ കനം പാപത്തിന്റെ ഫലമാക്കിമാറ്റുന്നത്. അനോനി.. റൊട്ടിയും മക്കാനും കപടയും വേണം അതു പിന്നീടാവണ്ട. ഇപ്പോള്‍ തന്നെ. പക്ഷേ ഇതെല്ലാം ഒരു ജയിലിനകത്താണ് വച്ചു നീട്ടുന്നതെങ്കില്‍ ജീവിതം കാവല്‍ നായയുടേതാവും എന്നൊരു പ്രശ്നമില്ലേ? അപ്പം കൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത്.. ഡോഗ്മാറ്റിസം ഒന്നും ഒന്നും രണ്ടെന്ന് തന്നെ എപ്പോഴും പറയും. നല്ലത്.. വല്ലപ്പോഴും ഒന്നും ഒന്നും കൂടി കൂടിയാല് ഇമ്മിണി വല്യ ഒന്നെന്നു പറയാനും ആളുവേണം. വേണ്ടേ?

The Prophet Of Frivolity said...

പ്രശ്നാവതരണം - അതിനപ്പുറം എന്തുകൊണ്ട് എന്ന ചോദ്യത്തിന് വിശ്വാസയോഗ്യമായ ഉത്തരം ആര് തരും? ശരിയാവണമെന്നില്ല, പക്ഷെ, എന്തുകൊണ്ട് എന്നതില്‍, പരിഹാരമാര്‍ഗങ്ങളില്ലെങ്കിലും, മനസ്സയഞ്ഞ് ഉറങ്ങാനുള്ള ഉപാധിയെങ്കിലും ഉണ്ടാവില്ലേ? ഞാന്‍ ജെയിംസ് റയിറ്റിന്റെ 'പുജ്യമല്ലാത്ത' എന്ന സങ്കല്‍പ്പത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഇങ്ങനെയും വിട്ടുമാറാത്ത മെമെകളുണ്ടോ? തിരിശ്ചീനമായി ഇത്രബലവത്തും സര്വദി്ശകളില്നിന്നും പ്രവാഹങ്ങള്‍് തന്നെ ഉണ്ടായിട്ടും? ആവോ. നമ്മുടേത് വല്ലാത്തൊരു യോഗമാണ്. പരിപുര്‍ണ്ണമായും പുരുഷമേധാവിത്തപരമായ(Patriarchal) ഒരു മതം യുറോപ്പിനെ ഗ്രസിച്ഛതുപോലെ ഇവിടെയുണ്ടായിട്ടുമില്ല. ചെലപ്പോ അതാവും ഒരു കാരണം. കടുത്ത സമ്മര്‍ദ്ദങ്ങളിലകപ്പെട്ടവരാവും വര്‍ദ്ധിതവിര്യത്തോടെ മുന്നോട്ടായുക. പാശ്ചാത്യപ്രണയങ്കല്‍പ്പങ്ങള്‍ മദ്ധ്യയുഗത്തിലാണ് പിറവിയെടുത്തതെന്ന് ചിലര്‍ പറയുമ്പോലെ. സര്‍വ്വം ബ്രഹ്മൌപനിഷദം എന്ന് പറഞ്ഞ് തുടങ്ങിയവന് എന്ത് ബാക്കി? ആലോചിച്ചാല്‍ പ്രാന്താവും...അതോണ്ട് വിട്ടു.

Calvin H said...

പത്മരാജന്റെ ചില സിനിമകളിലല്ലാതെ ചുംബിക്കുന്ന കാമുകീകാമുകന്മാർ മലയാളസിനിമയില്ല. എന്നല്ല രഞ്ജിത്തിന്റെ ഒക്കെ സിനിമകളിൽ ഗുരുവായൂരപ്പന്റെ ബ്രോക്കർ വർക്കും, കുമ്പിടി ഗണിക്കുന്ന ജാതകപ്പൊരുത്തവും വരെ വേണം പ്രേമിക്കുന്നവർക്കൊന്ന് കെട്ടാനുള്ള ചങ്കുറപ്പ് വരാൻ!..

സിമിയുടെ കമന്റ് സെൻസിബിൾ

Inji Pennu said...

നമ്മളെന്തിനാ ആരെങ്കിലും തുടങ്ങട്ടേ കരുതി കാത്തിരിക്കുന്നത്? ഇനി കാമുകിയെ കാണുമ്പോൾ പരസ്യമായി കെട്ടിപ്പിടിക്കുകയും ചും‌ബിക്കുകയും ചെയ്യണം. എന്തു സംഭവിക്കും?

എന്തിനു കാമുകി ആവുന്നത് ഒന്ന് തൊടാൻ?
ആൺ പെൺ ഭേദമന്യേ സുഹൃത്തുക്കളെ കാണുമ്പോൾ എന്താ കേരളത്തിൽ ഒന്നു കെട്ടിപിടിക്കാത്തത്? എന്തിനാ ഇത്ര ദൂരം വെച്ച് (കൃത്യം ഒരു മീറ്റർ) സംസാരിക്കുന്നത്? എന്താ സംഭവിക്കാ? എനിക്കത് ഇന്നേവരെ മനസ്സിലായിട്ടില്ല. ഏതോ ഒരു ട്രാവൽ ഗൈഡ് വായിച്ചപ്പോൾ കേരളത്തിനെക്കുറിച്ച് എഴുതിയത് ഇന്റ്രസ്റ്റിങ്ങ് ആയിരുന്നു. അതായത് ഈ സമൂഹത്തിൽ ആണുങ്ങൾ ആണുങ്ങളേയും പെണ്ണുങ്ങൾ പെണ്ണുങ്ങളേയും മാത്രമേ സൌഹൃദപരമായി കൈകോർത്ത് നടക്കുകയോ കെട്ടിപിടിക്കുയോ ചും‌ബിക്കുകയോ ചെയ്യുന്നുള്ളൂ.

നാളെ മുതൽ തുടങ്ങാ? ;)

----------------

വ്യഭിചാരം നിയമാനുസൃതമാക്കണം - പലരും പറയുന്ന ഒരു തെറ്റായ കാര്യമാണ് വ്യഭിചാരം നിയമാനുസൃതമാക്കണം, അതു സമൂഹത്തിന്റെ കപട ലൈംഗികതയേയും ലൈംഗിക പ്രശ്നങ്ങൾക്കുമുള്ള ഒരു ഓൾ ഇൻ വൺ സൊല്യൂഷൻ എന്നുള്ളത്. പറയുന്നതു തികച്ചും ഒരു പുരുഷ കോണിൽ നിന്നുമാണ്. വ്യഭിചാരം നിയമാനുസൃതമാക്കിയ രാജ്യങ്ങളിൽ എന്തു സംഭവിച്ചു? അവർ അതു പുനർവിചിന്തനം നടത്തുന്നുണ്ടോ? ഇങ്ങിനെയുള്ള ഡേറ്റ സുലഭമാണ്. ദയ്‌വായി അവയെക്കുറിച്ച് ഒന്ന് വായിച്ച് നോക്കിയിട്ട് ഇങ്ങിനെയുള്ള പ്രസ്താവനകൾ ഇറക്കാവൂ.

വ്യഭിചാരവും ലൈംഗികതയും അതിന്റെ പ്രശ്നങ്ങളും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. വ്യഭിചാരം ഒരു കോമ്മോഡിറ്റി മാത്രമാണ്. ഇറ്റ് ഈസ് കൈന്റ് ഓഫ് സ്ലേവറി.

Dinkan-ഡിങ്കന്‍ said...

വെള്ളേ,

http://kantakasani.blogspot.com/2008/04/blog-post_784.html എന്ന പോസ്റ്റില്‍ ഏതാണ്ട് വെള്ളയുടെ പോസ്റ്റിന്റെ ടൈറ്റിലിനൊട് സാമ്യമുള്ള തലക്കെട്ടില്‍ എഴുതിയ ഒരു കത്തുണ്ട്. ചെങ്ങറ സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ ഒരു സമര പന്തലില്‍ ഒരാണും പെണ്ണും കൂടിയിരിക്കുന്നതും , ചുംബിക്കുന്നതും കണ്ടു വിറച്ച ഒരു നാടാണിത്.

ചുംബനം എന്ന് കേള്‍ക്കുമ്പോള്‍ ഗുരുവിന്റെ ഒറ്റിയ ശിഷ്യന്റെ ചുംബനം മാത്രം ഓര്‍ക്കുന്നവരുമുണ്ട്.
(ഹെന്റമ്മോ സെമിറ്റിക് പാപബോധം എന്ന് പ്രയോഗിക്കുമെങ്കിലും നാനാത്വത്തിലെ ഏകത്വം ആകെ കാണാന്‍ സാധിക്കുന്നത് മോറല്‍ പോലീസിംഗിനായി മതമൗലികവാദികള്‍ സംഘടിക്കുമ്പോഴാണ്‌, കണ്ണു നിറയും)

ഓഫ്
ഇഞ്ചിപ്പെണ്ണ് പറഞ്ഞ ഡാറ്റയും സ്റ്റാറ്റിറ്റിക്സും പുനര്‍‌വിചിന്തവും ഒന്ന് ലിങ്കിയാല്‍ ഉപകാരമായിരുന്നു.

വെള്ളെഴുത്ത് said...

നാളെ മുതൽ തുടങ്ങാ? ;)
-പറ്റില്ല. ഒറ്റയ്ക്കൊരു വിപ്ലവത്തിന് ഒരു പാട് വില കൊടുക്കേണ്ടി വരും.. നിലം ശരിയായിട്ട് വിത്ത് പിന്നെ വിള അതും കഴിഞ്ഞ് കൊയ്ത്ത്.. അപ്പോഴേയ്ക്കും നമ്മള്‍ ചന്ദ്രനില്‍ പാര്‍പ്പു തുടങ്ങുമായിരിക്കും. എങ്കിലും സാഹചര്യം ശരിയാവാതെ..വ്യവസ്ഥ... ...(ഉഡുപ്പി ! വൃദ്ധനായി) ഡിങ്കാ നാടൊന്നും വിറച്ചില്ല, വ്യക്തമായൊരു രാഷ്ട്രീയം അതിനകത്തുള്ളതിനാല്‍ തത്പരര്‍ വിറച്ചു. അതുമതിയല്ലോ ഭൂമി കുലുങ്ങിയെന്നു തോന്നിപ്പിക്കാന്‍.
ഹൊ ഫ്രിവോ ഇനി ജെയിംസ് റൈറ്റിനെ തപ്പിപ്പിടിക്കണമല്ലോ !

Anonymous said...

"വ്യഭിചാരം ഒരു കോമ്മോഡിറ്റി മാത്രമാണ്. ഇറ്റ് ഈസ് കൈന്റ് ഓഫ് സ്ലേവറി."


യുറെക്കാ,യുറെക്കാ..
ഹമ്മോ ഭയങ്കര കണ്ടുപിടിത്തം.

കൈന്റ് ഓഫ് !!

simy nazareth said...

ഇഞ്ചി സംശയം ചോദിച്ച കാര്യത്തിന് - decriminalization of prostituion - ഇതാ ഒരു ബി.ബി.സി. ലിങ്ക്.

simy nazareth said...

ഒരു ലിങ്ക് കൂടെ..

yousufpa said...

ആത്മഹത്യ ശുദ്ധപോഴത്തരം ആണ്. ജീവിതത്തില്‍ നിന്നുമുള്ളൊരു ഒളിച്ചോട്ടം. അത് ആര്‍ക്കും ഒരു വഴിയും തെളിയിക്കുന്നില്ല. രാഷ്ട്രീയാഭാസന്മാര്‍ക്കൊ സാമൂഹ്യ ദ്രോഹികള്‍ക്കൊ അവരുടെ വീറും വാശിയും തീര്‍ക്കാന്‍ ഒരവസരം മാത്രം. രാഷ്ട്രീയക്കാര്‍ ഒന്നിനെ മറയ്ക്കാന്‍ മറ്റൊന്നിനെ തേടുന്നു. സാമൂഹ്യദ്രോഹികള്‍ അവര്‍ക്ക് കിട്ടിയ അവസരം അവര്‍ ശെരിക്കും ഉപയോഗപ്പെടുത്തുന്നു. ഇവിടെ നശിപ്പിക്കപ്പെടുത്തുന്നത് രാജ്യത്തിന്‍റെ പൊതുമുതല്‍ ആണ്. രാജ്യത്തിന്‍റെ പൊതുമുതല്‍ എന്നാല്‍ നമ്മള്‍ ആണ്. നാം കൊടുക്കുന്ന കരവും നമ്മുടെ അധ്വാനവും ആണ് ഈ നശിപ്പിക്കപ്പെടുന്നതെന്ന് മനസ്സിലാക്കാത്തോളം കാലം നാം ഒരിയ്ക്കലും ഗുണം പിടിക്കില്ല. നാം ഒരിയ്ക്കലും രാജ്യസ്നേഹികളല്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ ശണ്ടത്വം. മാറുക...മാറിയേ തീരു. ജയ്ഹിന്ദ്.

Latheesh Mohan said...

വല്ലതും നടക്കുമോ? :)

സുലൈമാൻ said...

"യുറെക്കാ,യുറെക്കാ..
ഹമ്മോ ഭയങ്കര കണ്ടുപിടിത്തം.
കൈന്റ് ഓഫ് !!
"
- കമന്റിന്റെ പോക്കു നോക്കണം ! മണപ്പിച്ചു നടക്കുകയാണ് ബോറന്മാര്..
ഒന്നും നടക്കില്ല, ലതീഷേ കണ്ടില്ലേ കാര്യങ്ങളുടെ പോക്ക് !!!

Joyan said...

വെള്ളെഴുത്തേ, കളിയാക്കുന്നതല്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെ ചോദിക്കട്ടെ - മനസ്സിലെ സ്വതന്ത്രചിന്ത കൊണ്ടു ഉണ്ടാകുന്ന വീര്‍പ്പുമുട്ടല്‍ പുറത്തുകളയാനുള്ള ഒരു "saftey valve" എന്നല്ലാതെ ഈ പോസ്റ്റിനു എന്തെങ്കിലും പ്രാധാന്യം ഉണ്ടൊ?

സിനിമയുടെ കാര്യം അവിടെ നില്‍ക്കട്ടെ... പുരോഗമനചിന്തയുമായി പടമെടുത്താല്‍ മാനസികാരോഗ്യം കുറഞ്ഞ നമ്മുടെ സമൂഹത്തില്‍, നിര്‍മ്മാതാവു കുത്തുപാളയെടുക്കും... :-).

ഒരല്പം പുരൊഗമനചിന്തയുള്ളവര്‍ പറയുന്ന മറ്റൊരു ന്യായമാണു "പഴയ തലമുറയിലെ രക്ഷിതാക്കളെ വേദനിപ്പിക്കാന്‍ അവര്‍ക്കു താല്പര്യം ഇല്ലായെന്നു". ഇതൊക്കെ ഇങ്ങനെ തന്നെ തുടരും മാഷെ...
മലയാളം വാരികയിലെ ഈ കഥ ഒന്നു വായിച്ചു നോക്കൂ...
http://www.malayalamvarikha.com/2009/October/16/story.pdf

വെള്ളെഴുത്ത് said...

കാര്യങ്ങള്‍ അത്ര ലളിതമോ നിസ്സഹായമോ ആവേണ്ടതില്ല. ഒരാളുടെ വീര്‍പ്പുമുട്ടല്‍ മാത്രമാണെങ്കില്‍ തീര്‍ച്ചയായും അതൊരു വൈകാരികപ്രശ്നമാണ് പക്ഷേ അതിന് അനുബന്ധ-അനുകൂലചിന്തകള്‍ ഉണ്ടാവുന്നു എങ്കില്‍ , മറ്റൊരുവിധത്തില്‍ വേറൊരു വഴിക്കു ചിന്തിക്കുന്ന ഒരു ധാരയില്‍ ചെന്നെത്തുന്നുവെങ്കില്‍ ‘ഉറക്കെച്ചിന്തിക്കുക എന്ന അവസ്ഥയ്ക്ക് വെറുമൊരു സേഫ്ടി വാല്വിന്റെ ധര്‍മ്മം മാത്രമല്ല ഉള്ളത്. ആര്‍ക്കൊക്കെയോ ഉണ്ടായ ഇരിക്കപ്പൊറുതി ഇല്ലായ്മയുടെ ഫലമല്ലേ നമ്മളിന്ന് അനുഭവിക്കുന്ന (പുരോഗമനപരമായ) സൌകര്യങ്ങളെല്ലാം?

Joyan said...

അന്നത്തെ "ഇരിക്കപ്പൊറുതിയില്ലായ്മയും" ഈ ചിന്തകളുടെ സാമൂഹ്യപരിസരവും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ട് വെള്ളെഴുത്തേ... ഇവിടെ എന്താണു തങ്ങള്‍ക്കു വേണ്ടതു എന്നു തന്നെ മലയാളി സമൂഹത്തിനറിയില്ല... കാപട്യമാര്‍ന്ന വ്യവസ്ഥയുടെ അടിമകളായിരിക്കുന്നിടത്തോളം കാലം മലയാളി അതു മനസ്സിലാക്കാനും പോകുന്നില്ല... മുന്‍ കമന്റില്‍ ഞാന്‍ പറഞ്ഞ ന്യായികരണങ്ങള്‍- അതു എന്തൊക്കെ തന്നെ ആയാലും - ഒടുക്കം ഈ വ്യവസ്ഥയുടെ "കണ്ടീഷണിംഗ്" ലേക്കു തന്നെ ഒതുങ്ങുന്നു എല്ലാവരും... തങ്ങള്‍ ചെയ്യുന്നതിലെ കാപട്യം അറിഞ്ഞുകൊണ്ടുതന്നെ അതു ചെയ്യുന്ന ഈ ജനതയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയും എന്നു എനിക്കു തോന്നുന്നില്ല...

Anonymous said...

>>>മണപ്പിച്ചു നടക്കുകയാണ് ബോറന്മാര്<<

അത് ശരി. ആര്, ആരെ എന്നുമാത്രം വ്യക്തതയില്ലാ ?

ചാല (ള)സുമാരനെ? എവിടെ മണപ്പിച്ചു എന്ന് പോസ്റ്റ് നോക്കുക.നാറ്റത്തിനു നോമില്ല.
നാറ്റക്കേസുകള്‍, എന്നാ നാട്യമോ ?

Inji Pennu said...

സിമീ,
‘നല്ല’ വീട്ടിലെ പെൺകുട്ടികൾ കരിയർ ചോയ്സായി വ്യഭിചാരം എടുക്കാത്തിടത്തോളം കാലം ഇറ്റ് വിൽ ബീ ഡീ ഹ്യൂമനൈസിങ്ങ് ഓർ എക്സ്പ്ലോയിറ്റേഷൻ ഓഫ് ദ പുവർ വുമൺ. അതെ, സപ്രൈസ്!! 99% ഓഫ് ദ പ്രോസ്റ്റിറ്റ്യൂട്സ് ആർ ഫ്രം വെരി പൂവർ ബാക്ക്ഗ്രൌണ്ട്. ഈസ്റ്റ് യൂറോപ്പ്, ചൈന, തായ്‌വാൻ, റഷ്യ, മെക്സിക്കോ അങ്ങിനെ പൊട്ടിപൊളിഞ്ഞുപോയ പല രാജ്യങ്ങളിൽ നിന്നും. If slavery of human beings is going to change something in society, then of course let us have prostitution too! ഏറ്റവും വലിയ ഹ്യൂമൺ ട്രാഫിക്കിങ്ങ് നടക്കുന്നത് ഈ മേഖലയിലാണ്. ഏറ്റവും അധികം ഹ്യൂമൺ റൈറ്റ്സ് വയലേഷനും. Ah Another surprise, 90% of sex workers are women! അപ്പോൾ അതിന്റെയർത്ഥം ഏതു സമൂഹം ചീയുമ്പോഴും ആദ്യം സുഖമില്ലാതാവുന്നത് ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീയ്ക്ക്, ഇനി അവളെക്കൊണ്ട് ലൈംഗികപരമായി കൂടി ഉപയോഗിപ്പിക്കാൻ കാശുള്ളവനു സാധിച്ചാൽ ലൈംഗികസമത്വം ആഘോഷിക്കാം! ബെസ്റ്റ്!

സിമി തന്ന രണ്ട് വാർത്തകളും ഒരു ബിബിസി ഒപ്പീനിയനും ഞാൻ പറയുന്നതും തമ്മിൽ എന്ത് ബന്ധമണ് സിമിയുള്ളത്?!! എത്ര ലിങ്ക് വേണം തിരിച്ച് സെക്സ് സ്ലേവറിയുടെ, ഹ്യൂമൺ ട്രാഫിക്കിന്റെ കഥ പറയുന്നത്? ബിബിസി തന്നെ തപ്പിയാൽ മതി.

നേരത്തെ തന്നെ വ്യഭിചാരം ലീഗലാക്കിയ ഡെന്മാർക്ക് നിയമങ്ങൾ ഭേദഗതി വരുത്തുകയും ഇപ്പോൾ സ്ത്രീകൾക്ക് അതിൽ നിന്ന് രക്ഷപ്പെടാനുള്ള നിയമങ്ങളിലേക്ക് ചുവടുമാറുകയുമാണ്. സമൂഹത്തിന്റെ സകല ലൈംഗിക രോഗാങ്ങൾക്കും കാരണം വ്യഭിചാരം ലീഗൽ അല്ലാത്തതല്ല, ഓസ്ത്രിയയിൽ (Austria) വ്യഭിചാരം ലീഗൽ ആണ്, പക്ഷെ അവിടെയാണ് യൂറോപ്പ്യൻ യൂണിയൻ ഏറ്റവും കൂടുതൽ റെജിസ്റ്റേർഡ് പെഡോഫൈൽ‌സ്. സോ, അതിനു ഇനി എന്തു ചെയ്യണം? കുട്ടികളെ കൂടി ഇനി വ്യഭിചാരത്തിനു വിടണോ?

കുറച്ച് കാലം മുൻപ് ഓസ്ട്രേലിയ (Australia) വ്യഭിചാരം ലീഗലൈസ് ചെയ്തിരുന്നു, അതിനു പത്തു വർഷത്തിനു ശേഷം അവരുടെ ഹ്യൂമൺ ട്രാഫിക്കിങ്ങ് ആന്റ് വിമൻസ് സ്റ്റഡി ഗ്രൂപ്പ് ഒരു സ്റ്റഡി നടത്തിയിരുന്നു, അതിലെ വിവരങ്ങൾ ഒന്ന് വായിച്ചു നോക്കിയാൽ അറിയാം വ്യഭിചാരം കൊണ്ട് ഗുണം ഉണ്ടാവുന്നത് ആർക്കാണെന്നും അതിലെ ഈ ‘ഗുണം’ സ്ത്രീകൾക്ക് എത്രമാത്രം ലഭിക്കുന്നുണ്ടെന്നും.

ഏതു നേരവും ലിങ്ക് ചോദിക്കാണ്ട് ഒന്ന് സ്വയം അധ്വാനിച്ചുകൂടേ? എനിക്കും നിനക്കുമുള്ള ഗൂഗിൾ ഒന്നല്ലേ?

Inji Pennu said...

വെള്ളെഴുത്ത്
അയ് ശരി, അപ്പോ വല്ലവരും വിപ്ലവം കൊണ്ട് വന്നാൽ കാണാന്ന്!!! :)

Inji Pennu said...

Please Note: This doesn't mean I am arguing countries like India are doing anything better where prostitution is illegal. The situation is similar. But I am talking about the major dick-headness of the male perspective when he tries to solve all his libido issues with legalizing prostitution without any perspective from the women who are involved!

ഗുപ്തന്‍ said...

വേശ്യാവൃത്തി നിയമവിധേയമാക്കുന്നത് രണ്ടുവശത്തേക്കും മുറിയുന്ന വാളാണ്. ഒരുവശത്ത് അത് വേശ്യാവൃത്തിയില്‍ എത്തിയ സ്ത്രീകളെ പിന്നെയുമുള്ള (പോലീസ്&പബ്ലിക്) പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുന്നു. മറുവശത്ത് ആ നിയമം നടപ്പിലാക്കിയ രാജ്യങ്ങളില്‍ ട്രാഫിക്കിംഗ് വല്ലാതെ കൂടി എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. പെര്‍മിസീവ്നെസ്സ് സോള്‍വ്സ് ക്രിമിനാലിറ്റി ഇന്‍ സെക്സ് എന്നത് പരീക്ഷിച്ച് പരാജയമടഞ്ഞുകൊണ്ടിരിക്കുന്ന (എന്നാല്‍ വളരെ ഫാഷണബിള്‍ ആയ) ഒരു തത്വമാണ്. ട്രാഫിക്കിംഗ് അധികമാവുന്നു എന്ന ഡേറ്റാ ഭയപ്പെടുത്തുംവിധം വലുതായതുകൊണ്ടുമാത്രം വെറുതേയുള്ള ‘നിയമവിധേയമാക്കലിന്’ എതിരാണ് ഞാന്‍.

സ്വീഡനില്‍ പരീക്ഷിച്ച രീതി പക്ഷെ ഞാന്‍ നൂറുശതമാനം അനുകൂലിക്കുന്ന ഒന്നാണ്. ഇവിടെ വേശ്യാവൃത്തി നിയമവിധേയമാക്കണം എന്ന് വാദിച്ച എത്ര പേര്‍ അതിനെ അനുകൂലിക്കും എന്ന് കണ്ടറിയണം :))

സ്വീഡനില്‍ വേശ്യാവൃത്തി നിയമവിധേയമാണ്. പക്ഷെ ട്രാഫിക്കിംഗും വേശ്യാഗമനവും കുറ്റകൃത്യവും. അതായത് വേശ്യകളെ ഉപയോഗിക്കുന്ന കസ്റ്റമര്‍ (സ്ത്രീയായാലും പുരുഷനായാലും) ശിക്ഷിക്കപ്പെടും. അത് ഇന്ത്യയിലൊന്നു പരീക്ഷിച്ചിരുന്നെങ്കില്‍ നന്നായേനേ. അത്തരം ലീഗലൈസേഷന് എന്റെ വോട്ട് :)

ഇതിനൊന്നും ലിങ്കം ചോയിക്കല്ലും. ലിങ്കം കിട്ടണമെങ്കില്‍ തപ്പിനോക്കണം... ന്നുവച്ചാല്‍ ഗൂഗിളില്‍

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

ഇഞ്ചിപ്പെണ്ണ് വ്യഭിചാരം വേശ്യാവൃത്തി എന്നീരണ്ടുവാക്കും ഇന്റര്‍ ചെയ്ഞ്ചബിള്‍ ആയി ഉപയോഗിക്കുന്നതുപോലെ തോന്നി. അപകടകരമായ ഒരു മിക്സ് അപ് ആണത്.

വ്യഭിചാരം എന്നത് പുരുഷന്റെ അവകാശബോധങ്ങളോട് കലഹിക്കുന്ന ഏത് പ്രണയത്തിനും നല്‍കി വന്നതിലൂടെ അര്‍ത്ഥം ‘വ്യഭിചരിക്കപ്പെട്ട‘ ഒരുവാക്കാണ്. പേട്രിയാര്‍ക്കല്‍ മൊറാലിറ്റിയുടെ വാച്ച് വേഡ്. അതിന്റെ ചരിത്രം മുഴുവന്‍ ‘പാപിനി’കളുടെയും കല്ലെറിയുന്നവരുടെയുമാണ്.

വേശ്യാവൃത്തി എന്നത് ആ കല്ലെറിയുന്ന മച്ചുനന്മാരുടെ ആവശ്യങ്ങള്‍ ഒളിവില്‍ തീര്‍ക്കാന്‍ അവര്‍ തന്നെ ഒത്താശചെയ്തും അധ്വാനിച്ചും കണ്ടുപിടിച്ച മറ്റൊരു ഇന്‍സ്റ്റിറ്റ്യൂഷനും.

വ്യഭിചാരം എന്ന വാക്കിനെ മിനിമം അതിന്റെ ജെനിറ്റിക് ഡിസോഡറുകളില്‍ നിന്ന് ചികിത്സിച്ചു സുഖമാക്കുകയെങ്കിലും വേണം (വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ പലപ്പോഴും ആ ഒരു പൊളിറ്റിക്സ് ഏറ്റെടുക്കുന്നുണ്ട്). പ്രോസ്റ്റിറ്റ്യൂഷന്‍ എന്ന നരകം--അത് മറ്റൊന്നാണ്. കരയില്‍ നിന്ന് മീന്‍ പിടിക്കുന്ന ഒരുപാട് സോഷ്യല്‍ ആക്റ്റിവിസ്റ്റുകളും ലീഗലൈസേഷനുവേണ്ടി കണ്ണടച്ചുവാദിക്കുന്ന ചില സ്ത്രീവാദികളും കാണാതെ പോകുന്ന ഒന്ന്.

(കമന്റ് മുഴുവന്‍ ഓഫായതിനു മാപ്പ് വെള്ളേ)