October 24, 2009

ഇറക്കമോ കയറ്റമോ എന്നറിയാതെ ഒറ്റപ്പെട്ടു.*അവസാനത്തെ ഒരു പോസ്റ്റ് ഒഴിച്ചു നിര്‍ത്തിയാല്‍ ജ്യോനവന്റെ പൊട്ടക്കലം എന്നു പേരുള്ള ബ്ലോഗിലെ കവിതകള്‍ക്ക് കമന്റുകള്‍ അധികം കിട്ടിയിട്ടില്ല. ഏറി മറിഞ്ഞാല്‍ പതിനഞ്ച്.. താരതമ്യേന കൂടുതല്‍ കമന്റുകള്‍ കിട്ടിയിട്ടുള്ളത് ‘പല്ലിക്കാട്ടം’ പോലെ വാചാലമായ രാഷ്ട്രീയധ്വനിയുള്ളതും സാമാന്യബോധവുമായി രാജിയാവുന്നതുമായ കവിതകള്‍ക്കാണ്. അതല്ല യഥാര്‍ത്ഥത്തില്‍ ജ്യോനവന്റെ കവിതകളുടെ സ്വഭാവം. ഭൂരിപക്ഷം കവിതകള്‍ക്കും ലഭിച്ചിരിക്കുന്ന കമന്റുകളില്‍ ഒന്നുപോലും കവിതകളുടെ ഉള്ളുകള്ളികളിലേയ്ക്കോ അവയുടെ അനുഭവസാകല്യത്തിലേയ്ക്കോ നോട്ടമയക്കുന്നവയല്ല. തലോടലിനപ്പുറം അങ്ങനെ ഒരു മുഖ്യോദ്ദേശ്യം അവ ഒരിക്കലും ഏറ്റെടുക്കുന്നില്ല. കാരണം വ്യക്തമാണ്. ജ്യോനവന്റെ കവിതകള്‍ ‘മനസ്സിലാവുന്നില്ല’ എന്നു പൊതുവേ പറയാവുന്ന ഗണത്തില്‍പ്പെടുന്നവയാണ്. കവിതയിലെ ഭാഷ കുറുകി കുറുകി സംസാരം തന്നോടു മാത്രവും തന്റെ മനോനിലയുടെ സ്ഥായിയും ആകുന്നതാണ് പലപ്പോഴും ‘മനസ്സിലാകായ്ക’ എന്നു നാം വിളിക്കുന്ന സംഭവം. വ്യാപകമായി മനസ്സിലാവണമെങ്കില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്കു കവി തയ്യാറാവണം. അങ്ങനെ ചെയ്യാന്‍ ജ്യോനവന്‍ ആഗ്രഹിക്കാത്തതിനു കാരണം എന്ത് എന്ന് നമുക്കിപ്പോള്‍ ചോദിക്കാം. ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ജീവിക്കാനിഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. അത് അദ്ദേഹം ഇഷ്ടപ്പെട്ട കവിതകളുടെയും തത് കര്‍ത്താക്കളുടെയും ഒരു വൃത്തമായിരുന്നു. അതില്‍ മുഖ്യമായും ഉണ്ടായിരുന്നത് താന്‍ തന്നെയും പിന്നെ സ്വന്തം വായനയില്‍ നിന്ന് ഉയിര്‍ത്ത അക്ഷരപ്രകൃതിയുമായിരുന്നു. ജ്യോനവന്റെ കവിതയിലെ പ്രകൃതിയെ നിശ്ചയിച്ചത് അദ്ദേഹത്തിന്റെ കവിതാവായനയുടെ ഏടുകളാണ്. പലതരം അനുഭവങ്ങളില്‍ ഒന്നാണ് പുസ്തകാനുഭവവും. പുസ്തക പരിചയം ജീവിതാനുഭവമായതുകൊണ്ടു മാത്രം ജീവന്‍ വയ്ക്കുന്ന സങ്കല്‍പ്പമാണ്, വിശപ്പിനെ ഒരു കോമയാവുന്നത്, ഒട്ടിയ വയറുള്ള ഉടല്‍ വളഞ്ഞ മനുഷ്യനെ അര്‍ദ്ധവിരാമമാവുന്നത് (വിശപ്പ് എപ്പോഴും ഒരു കോമ) എന്നു മനസ്സിലാക്കാന്‍ ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതില്ല. ജ്യോനവന്റെ കവിതയിലെ ബിംബങ്ങള്‍ ഒരു ഫോട്ടോ പകര്‍പ്പിന്റെ ഓര്‍മ്മയാണ് പലപ്പോഴും ഉണര്‍ത്തുന്നത്. പ്രകൃതിക്കാഴ്ചകളെ നേരിട്ട് അഭിമുഖീകരിച്ചുകൊണ്ടല്ല അദ്ദേഹത്തിന്റെ കവിത സംസാരിക്കുന്നത്. കവിതകള്‍ക്കു ചുറ്റും നിഴല്‍ വിരിച്ചു നില്‍ക്കുന്നത് പുസ്തകങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ലോകമായതുകൊണ്ടല്ലേ അങ്ങനെ? അങ്ങനെയത് ഏകാന്തവും സ്വകാര്യവുമായ ഒരു വൃത്തത്തിന്റെ ലോകമായി പരിണമിക്കുന്നു. പുസ്തകങ്ങളില്‍ നിന്ന് ജീവിതം കണ്ടെടുക്കുന്നതിനുള്ള ഒരു തെളിവ് കുറ്റബോധത്തിന്റെ സ്വരത്തില്‍ ജ്യോനവന്‍ ഏറ്റു പറയുന്ന ഈ വാക്യത്തിലുണ്ട്.

-“ചിഹ്നങ്ങളുടെ ശരീരഭാഷയെ അതിമനോഹരമായി അവതരിപ്പിച്ച ഈ ലാപുഡീയന്‍ കവിതയുടെ ഒരു പാരഡിയായി മാത്രം കണ്ടാല്‍ മതി. വിഷയദാരിദ്ര്യം കൊണ്ടാണ്‌. മാപ്പ്”- (വിശപ്പ് എപ്പോഴും ഒരു കോമ) സത്യത്തില്‍ ഇത്തരമൊരു മാപ്പു പറച്ചില്‍ ജ്യോനവന്‍ ആരോടാണ് നടത്തുന്നത്? തന്നോടു തന്നെ. താന്‍ എഴുത്തുകാരനായിരിക്കുകയും താന്‍ തന്നെ വായനക്കാരനാവുകയും ഈ എഴുത്തുകാരനും ഈ വായനക്കാരനും ഒരുപോലെ മറ്റു കവിതകളുടെ വായനക്കാര്‍ ഒരേ സമയം ആയിരിക്കുകയും ചെയ്യുന്ന ഒരു സാങ്കല്‍പ്പിക ഘടനയിലെ അംഗങ്ങളായിരുന്നുകൊണ്ടാണ് ജ്യോനവന്റെ കവിത ആത്മനിഷ്ഠമായ ഭാഷ സംസാരിച്ചത്. നിസ്സാരമെന്നു തോന്നാമെങ്കിലും നവീന്‍ ജോര്‍ജ്ജ് എന്ന പേരിനെ ജ്യോനവന്‍ എന്നു നവീകരിക്കുന്നതിലുള്ള മുഖം മൂടിനിര്‍മ്മാണവും വാക്കുകള്‍ വച്ചുള്ള കളിയും ചേര്‍ന്ന സര്‍ഗാത്മകതയാണ് സത്യത്തില്‍ ജ്യോനവന്റെ കാവ്യജീവിതം. കവിതകള്‍ ഉടനീളം ഈ പ്രത്യേകതയെ ഉള്ളടക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ ഇത് ലക്ഷ്യം കണ്ടെത്തിയ ഒരു കാവ്യപ്രകടനപത്രികയാകുന്നു. ചില ഉദാഹരണങ്ങള്‍ ഇങ്ങനെ : “കേടായ കോടതി/ഇ'ട'പോയ കോതി!” “നാടകം കണ്ടു/നാട് അകം പിരിച്ചുകണ്ടു;/അകത്തിവച്ചൊരു 'അ'/കലപിരിഞ്ഞൊരക്ഷരം!” “'മരി'ക്കുമെന്നുറപ്പുണ്ട്./എന്നാലും;/വള്ളി മാറ്റിയിട്ട്/'രമി'ക്കുമെന്നുമാത്രം/ഒരുറപ്പുമില്ല! ” ചരിത്രത്തിനും ചാരിത്ര്യത്തിനുമിടയിലെ പ്രശ്നത്തെ ‘ദീര്‍ഘസ്വരാധിക്യ പ്രതിസന്ധി!’യായിട്ടാണ് അദ്ദേഹം കാണുന്നത്. വീണവായിച്ചുകൊണ്ടിരുന്ന മുയലുകളുടെ മുകളില്‍ കാത്തു നില്‍ക്കുന്ന, തലയില്‍ മുണ്ടിട്ട ചക്കകളെ വരയ്ക്കുന്ന കവിതയ്ക്ക് നല്‍കിയ പേര് ‘ഉന്ന’മനം എന്നാണ്. വിജാഗിരിയെപ്പറ്റിയുള്ള കവിതയുടെ പേര് ‘വിചാരഗിരി’എന്നാണ്. "കാല്‍നടയാത്രക്കാരാ എന്നിലേയ്ക്കാണെങ്കില്‍‌ /എന്നില്‍‌ നിന്നാണെങ്കില്‍‌ " എന്ന് സീബ്ര എന്ന രക്തസാക്ഷിയില്‍ . ഭാഷാപരമായ കളികള്‍ക്ക് വല്ലാത്തൊരു ആത്മനിഷ്ഠതയുണ്ട്. അയ്യപ്പപ്പണിക്കരുടെ ‘കം തകം.. പാതകം എന്ന നേന്ത്രവാഴക്കൊലപാതക കവിത ക്ഷണിച്ചു വരുത്തിയ വിമര്‍ശനങ്ങള്‍ അതിന്റെ കടുത്ത ആത്മനിഷ്ഠസ്വഭാവത്തിന്റെ ചൂണ്ടുപലകകളാണ്. പെട്ടെന്നാരും ശ്രദ്ധിക്കാത്ത കാര്യമാണത്. സത്യത്തില്‍ അത്രയൊന്നും കാല്‍പ്പനികനല്ലാത്ത എന്നാല്‍ കുറച്ച് അകാല്‍പ്പനികനായ അയ്യപ്പപ്പണിക്കര്‍ പേശീദാര്‍ഢ്യമുള്ള സ്വന്തം കവിത്വത്തെ സാമാന്യജനത്തിന്റെ വിമര്‍ശനബോധത്തിന് ബലി നല്‍കിക്കൊണ്ട് (സ്വയം ചീത്തപ്പേരു വാങ്ങിച്ചുകൊണ്ട്) കവിതയ്ക്കു വേണ്ടി അര്‍പ്പിച്ച ചില ധീരമായ നീക്കങ്ങളാണ് ‘കം തകം...’ പോലുള്ള പരീക്ഷണകവിതകളുടെ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. പ്രണയം തീര്‍ത്തും സ്വകാര്യമായ അനുഭവമായതുകൊണ്ടാണ് സമൂഹം എപ്പോഴും പ്രണയങ്ങള്‍ക്ക് എതിരാവുന്നതെന്ന് ഒരു സിദ്ധാന്തമുണ്ട്. ജ്യോനവന്റെ കാര്യത്തില്‍ വാക്കുകളുടെ തിരിമറികള്‍ , അക്ഷരങ്ങളുടെ കളിപ്പാട്ടങ്ങളുമായി സ്വയം രമിച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ഉണര്‍ത്തുന്നു. ഒരര്‍ത്ഥത്തില്‍ എല്ലാ കളികളും പ്രതീകാത്മകമായ ആഗ്രഹപൂര്‍ത്തീകരണമാണെന്ന് മനശ്ശാസ്ത്രം പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ അദ്ധ്വാനത്തിനെതിര്‍ നില്‍ക്കുന്ന കളികളില്‍ ഏര്‍പ്പെട്ട് ഉള്‍വലിഞ്ഞ് ഒരാള്‍ എഴുതാന്‍ ഇരിക്കുന്ന അരണ്ടവെളിച്ചമുള്ള മുറിയാണ് ജ്യോനവന്റെ കയ്യെഴുത്തുകള്‍ . പൊട്ടക്കലം ആ നിലക്ക് ശക്തമായ ഒരു രൂപകമാണ്. തനിക്ക് എത്തേണ്ടിടത്ത് എത്തുവാനുള്ള മുനമ്പിനെക്കുറിച്ചുള്ള ആശങ്ക ആ വാക്കില്‍ ഖനീഭവിച്ചു നില്‍പ്പുണ്ട്.

അപ്പോള്‍ മുഖംമൂടി?. നേരത്തേ പറഞ്ഞ ‘പല്ലിക്കാട്ടം’ പോലെ പെട്ടെന്ന് മനസ്സിലാവുന്നതരം (കൂട്ടത്തില്‍ പറയാം, ജ്യോനവന്റെ കവിതയ്ക്കിണങ്ങുന്ന വഴിയായിരുന്നില്ല അവയ്ക്ക്) കവിതകളും കവിതകളിലുടനീളം ചിതറിക്കിടക്കുന്ന ഭാഷാകലവികളും മാറ്റി വച്ചാല്‍ പെട്ടെന്ന് പിടിച്ചെടുക്കാന്‍ സാധ്യമല്ലാത്തതരം അവ്യക്തഭാഷണങ്ങള്‍ കവിതകളില്‍ ചോരപൊടിഞ്ഞ് ബാക്കിയാവുന്നുണ്ടെന്നു കാണാം. മുറിഞ്ഞു വീണ ചെവിയോട് അതിലിരുന്ന ചെമ്പരത്തി പൂവ് എന്തിനെന്നെ ഒറ്റികൊടുത്തു എന്നു ചോദിക്കുന്ന ഒരു കവിതയുണ്ട്. ഭ്രാന്ത് എന്നാണ് അതിനു കവി നല്‍കുന്ന പേര്. വാന്‍‌ഗോഗിന്റെ മുറിഞ്ഞ ചെവിയെ, ചെവിയില്‍ പൂചൂടുന്ന വിശേഷപ്പെട്ട സാംസ്കാരിക ഘടനയിലേയ്ക്ക് ചിരിയുണ്ടാകുന്ന വിധം എടുത്തു ചേര്‍ത്തിരിക്കുകയാണ് കവി. ഇതിലെ ചിരി ആശയ്ക്കു തീരെ വക നല്‍കുന്നതല്ല. താരതമ്യേന കുറഞ്ഞ നഷ്ടക്കാരന്‍ , കൂടിയ നഷ്ടക്കാരനെ കുറ്റപ്പെടുത്തുന്നതാണല്ലോ അതിലെ പ്രതിപാദ്യം. മറുപടി ഇല്ല. ‘ഛേദിക്കപ്പെട്ട്, വീണു പോയ, ഒറ്റി’ തുടങ്ങിയ വാക്കുകള്‍ നല്‍കുന്ന ആക്രാമകമായ ഒരന്തരീക്ഷത്തില്‍ തീര്‍ത്തും ആശയവിനിമയം അസാധ്യമായ ഒരവസ്ഥയെ ഈ ചെറിയ കവിത പ്രതിഫലിപ്പിക്കുന്നു. അടുത്തടുത്തിരിക്കുന്ന രണ്ടു വാക്കുകള്‍ കാട്ടി തന്നിട്ട്, ‘മരിക്കും’ എന്നുറപ്പുണ്ട് എന്നാല്‍ ‘രമിക്കാന്‍ ’ കഴിയുന്നില്ലെന്ന് നിസ്സഹായമാവുന്ന കവിതയിലും കടന്നു വരുന്നത് ഒരു സ്തംഭനാവസ്ഥയാണ്. ‘നിശ്ചലതടാകത്തില്‍ ഈശ്വരനാല്‍ എറിയപ്പെട്ട ഒരു കല്ല്, ആഴത്തിലേയ്ക്ക് പോകുംതോറും ഞാന്‍ നിശ്ശബ്ദനായി’ എന്ന ജിബ്രാന്‍ കവിതയുടെ നിഴലില്‍ വച്ച് പരിശോധിച്ചാല്‍ ജ്യോനവന്റെ ‘അടക്ക’ത്തിന്റെ നോവ് അനുഭവിക്കാം. ‘താണുപോകുന്ന കല്ലുകള്‍ക്ക് , കല്ലറകളെക്കുറിച്ച് നല്‍കപ്പെടുന്ന ഉറപ്പിന്റെ റീത്തുകളാണ് ഓളങ്ങള്‍ ’ എന്നാണ് ‘അടക്കം’ പറയുന്നത്. ആത്മീയമായ ഉന്നതിയെയും പാകതയെയുമാണ് ജിബ്രാന്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ജ്യോനവന്റെ കവിത തീര്‍ത്തും ഭൌതികവും അങ്ങേയറ്റം നിശ്ശബ്ദവുമായ മാരകമായ ഒരു നിലവിളിയാണ്. ഇതേ നിലവിളിയാണ് ‘ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകളി’ലുമുള്ളത്. അക്ഷരങ്ങള്‍ക്കിടയിലെ തന്റെ ജീവിതത്തെക്കുറിച്ച് പതിവില്ലാത്ത വിധം ജ്യോനവന്‍ വാചാലനാവുന്ന കവിതയാണത്. സ്വാഭാവികമായി തന്നെ കവിതയിലെ ചിന്തനകള്‍ ചെന്നെത്തി നില്‍ക്കുന്നത് മരണത്തിലും !

ഏകാകിയും ആത്മലീലാപരനുമായ ഒരു എഴുത്തുകാര ബിംബവും അതിനുള്ളില്‍ ദാരുണമായ അവസ്ഥകളാല്‍ ചുറ്റപ്പെട്ട ഒരു വ്യാകുലമുഖവും ചേര്‍ന്നാണ് ജ്യോനവന്റെ കവിതകളുടെ അന്തരീക്ഷം തീര്‍ക്കുന്നത് എന്നാണ് പറഞ്ഞു വന്നത്. കവിതകള്‍ ഈ ഛായാപടങ്ങളെ ഇടയ്ക്കിടെ പരസ്പരം വച്ചു മാറുന്നുണ്ട്. ആര് ഏത് എന്ന തീര്‍പ്പിനെ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട്. ആ നിലയ്ക്ക് പൊട്ടക്കലം എന്ന പേര് വെറും വിനയത്തിന്റെ മാതൃകയല്ലെന്നും നിരാലംബമായ ഒരവസ്ഥയുടെ പ്രതീകമാണെന്നും വരാം. ജ്യോനവന്റെ കവിതകളിലെമ്പാടും ചിതറിക്കിടക്കുന്ന സൂചകങ്ങള്‍ മരണാഭിമുഖമായ ഇരുണ്ട ഒരവസ്ഥയെ കോര്‍ത്തിണക്കുന്നതുപോലെ. ചിഹ്നങ്ങള്‍ക്ക് പലപ്പോഴും കേവലമായ ഒരര്‍ത്ഥത്തില്‍ ചെന്നു വിശ്രമിക്കുക എന്ന പതിവില്ല. കവിതയിലെ ചിഹ്നങ്ങള്‍ എന്തിനെ ചൂണ്ടുന്നു എന്ന കാര്യത്തില്‍ ഒരു യോജിപ്പിലെത്തിക്കൊണ്ട് പ്രത്യക്ഷത്തിലെ ‘മനസ്സിലാകായ്കയെ’ നമുക്ക് ഒരു കരയിലെത്തിക്കാം. പക്ഷേ ‘കാന്റും പ്ലാറ്റിപ്പസും’ എന്ന പുസ്തകത്തിലെ ‘ഓണ്‍ ബീയിംങ്’ എന്ന പ്രബന്ധത്തില്‍ ഉംബെര്‍ട്ടോ എക്കോ ചോദിച്ചതു പോലെ ‘ഈ ചിഹ്നങ്ങളെ സൃഷ്ടിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് എന്താണ് ‘ എന്നു ജ്യോനവന്റെ കവിതകളിലേയ്ക്ക് നോക്കി ചോദിക്കാനാഞ്ഞാല്‍ ഒരു നടുക്കം നമ്മെ വന്ന് തൊട്ടേയ്ക്കും. പ്രത്യേകിച്ചും ഇപ്പോള്‍ .


*ജ്യോനവന്റെ കവിതയിലെ ഒരു വരി

ചിത്രം : www.pbase.com/alexlim/image/83617228

12 comments:

തണല്‍ said...

‘ഈ ചിഹ്നങ്ങളെ സൃഷ്ടിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് എന്താണ് ‘ എന്നു ജ്യോനവന്റെ കവിതകളിലേയ്ക്ക് നോക്കി ചോദിക്കാനാഞ്ഞാല്‍ ഒരു നടുക്കം നമ്മെ വന്ന് തൊട്ടേയ്ക്കും. പ്രത്യേകിച്ചും ഇപ്പോള്‍ .
:(

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

വെള്ളതന്നെ അതു നന്നായി
ചെയ്തുവല്ലോ
അതാണു സന്തോഷം

ഗുപ്തന്‍ said...

വെറുതെയല്ല ഒരു വാക്കും എന്ന് അവന്‍ സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്; മരണശേഷം പലരും അത് പറഞ്ഞുകേട്ടു. ആകസ്മികതയില്‍ ഒതുങ്ങാത്ത വാക്കിന്റെ അപനിര്‍മിതിയായിരുന്നു ജ്യോനവന് മിക്കപ്പോഴും കവിതാ നിര്‍മാണം. അതിനെ ഒരു കളി (ഭാഷയിലെ കള്ളക്കളി എന്ന് ഞാന്‍ മുന്‍പ് എവിടെയോ കമന്റിയിട്ടുണ്ട് ഒരു കവിതയില്‍) എന്നതിലുപരി ഒരു ജീവിത/ലാവണ്യ ദര്‍ശനമായി കാണേണ്ടിയിരുന്നു എന്ന് മനസ്സിലാവുന്നു.

ഉന്നമനം എന്ന വാക്കിന്റെ അപനിര്‍മിതിയില്‍ വാക്കിന്റെ ഈ കഥയുണ്ട്. ചുമ്മാ തലയില്‍ മുണ്ടിട്ട് ഒളിഞ്ഞിരിക്കുന്ന ചക്കയൊന്നും വെറുതെ നില്‍ക്കുകയല്ല ഏതോ മുയലിന്റെ തലയെ ഉന്നം വയ്ക്കുന്നു എന്നൊരു ചികഞ്ഞുനോട്ടം.

ഒരു തരം ഫേറ്റലിസത്തിലേക്ക് എത്തിനില്‍ക്കുന്ന ഈ --‘വെറുതേയല്ല ഒന്നും‘ എന്ന-- ചിന്തയുടെ സ്വാഭാവികമായ പരിണതി ആയിരുന്നു എന്ന് തോന്നും മരണത്തിന്റെ നിരന്തരമായ സാന്നിധ്യവും. വെള്ളെഴുത്ത് പറഞ്ഞതുപോലെ എല്ലാം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോല്‍ വല്ലാതെ ഒരു നടുക്കം തരുന്ന ഒരു തിരിച്ചറിവാണത്.

നല്ല കുറിപ്പ്. നന്ദി.

വെള്ളെഴുത്ത് said...

നടുക്കം അതു വേണ്ടായിരുന്നു എന്നു തോന്നിയ വാക്കാണ്. ഗുപ്താ, കൂട്ടിച്ചേര്‍ക്കലുകള്‍ നന്നായി. ഉന്നമനത്തിന് അങ്ങനെയും ചില സൂചനകള്‍.. ശരിയാണല്ലോ. സുനിലേ അതിന് അങ്ങനെയൊരര്‍ത്ഥം കൊടുക്കല്ലേ, പിന്നെ ആലോചിച്ചപ്പോള്‍ എല്ലാ കമന്റുകളിലൂടെയും സൂക്ഷ്മമായി പോയിട്ടില്ലാത്തതു കൊണ്ട് സാമാന്യപ്രസ്താവനയാവാം അത്. ഗുപ്തന്‍ തന്നെ കളികളെക്കുറിച്ചു എവിടെയോ എഴുതിയ കാര്യം പറയുന്നുണ്ടല്ലൊ.. എങ്കിലും ആ കവിതകള്‍ മനസ്സിലാവായ്മയുടെ അതിരു വക്കില്‍ തന്നെ ആയിരുന്നു. ജ്യോനവന് അതിനെക്കുറിച്ച് ബോധവുമുണ്ടായിരുന്നു എന്നു തോന്നുന്നു. മനസ്സിലാവാത്തതെന്ന് ലേബലുള്ള കവിതകളോട് അദ്ദേഹത്തിനിഷ്ടം ഉ
ണ്ടായിരുന്നു. അവ കാണാതെ ചൊല്ലിയിരുന്നു.

ഹാരിസ് said...

....ഒരര്‍ത്ഥത്തില്‍ എല്ലാ കളികളും പ്രതീകാത്മകമായ ആഗ്രഹപൂര്‍ത്തീകരണമാണെന്ന് മനശ്ശാസ്ത്രം പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ അദ്ധ്വാനത്തിനെതിര്‍ നില്‍ക്കുന്ന കളികളില്‍ ഏര്‍പ്പെട്ട് ഉള്‍വലിഞ്ഞ് ഒരാള്‍ എഴുതാന്‍ ഇരിക്കുന്ന അരണ്ടവെളിച്ചമുള്ള മുറിയാണ് ജ്യോനവന്റെ കയ്യെഴുത്തുകള്‍ . ....

ചില പ്രത്യേക ചിഹ്നങ്ങളൂം രൂപകങ്ങളൂം ബിംബങ്ങളും രൂപപ്പെടുന്ന മനസുകളെക്കുറിച്ച് പലപ്പോഴും ഞാന്‍ കൗതുകപ്പെട്ടിട്ടണ്ട്.ഏതു വായനാനുഭവം,ഏതു ജീവിതാനുഭവം,മനസിന്റെ ഏതു വെട്ടിത്തിരിയലുകള്‍,ഏതു രാസപ്രക്രിയ..ഒരെത്തും പിടിയും കിട്ടില്ല.....പലപ്പോഴും.

നന്ദി..ഈ എഴുത്തിന്...ജ്യോനവന്റെ ബ്ലോഗില്‍ അവന്റെ മരണത്തിന് ശേഷം ഇതുവരെ ഞാന്‍ പോയിട്ടില്ല.ഒരു വല്ലായ്മ.

Latheesh Mohan said...

വളരെ കൌതുകത്തോടെ വായിച്ചിരുന്ന ബ്ലോഗുകളിലൊന്നാണ് ജ്യോനവന്റേത്. മറ്റൊരാളോടും ഒന്നും ബോധിപ്പിക്കാനില്ലാത്തതിന്റെ രസം അവന്റെ എഴുത്തില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു.

പ്രത്യേകിച്ചെന്തെങ്കിലും ഒരു രുപം കിട്ടാന്‍ വേണ്ടി പലപ്പോഴും പലതവണ വായിച്ചിട്ടുണ്ട് ആ കവിതകളില്‍ പലതും.

പിന്നീട്, കുറേ ബിയര്‍ കുപ്പികളുടെ ഇടയ്ക്കിരുന്ന് ഒന്നര മണിക്കൂറോളം അവനോട് കവിതയെക്കുറിച്ച് സംസാരിച്ചപ്പോഴും അവനെക്കുറിച്ചോ അവന്റെ കവിതകളെക്കുറിച്ചോ എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല :( ഫോണില്‍ സംസാരിച്ചിട്ടുള്ളപ്പോഴും സഭാകമ്പം മാറിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്‍, അയാളുടെ കവിതകള്‍ എന്നൊരു ധാരണയിലായിരുന്നു.

ഇപ്പോള്‍ പക്ഷേ, ഭയങ്കരം, ഒറ്റവായനയില്‍ അതെല്ലാം അങ്ങയറ്റം ലളിതം, സുതാര്യം !

എത്ര ദിവസം നടന്നു എന്നറിയില്ല, അവനെക്കുറിച്ചോര്‍ത്ത്, ഇപ്പോഴും നടക്കുന്നു !

വെള്ളെഴുത്ത് said...

ഇപ്പോള്‍ പക്ഷേ, ഭയങ്കരം, ഒറ്റവായനയില്‍ അതെല്ലാം അങ്ങയറ്റം ലളിതം, സുതാര്യം !

- എന്തു ക്രൂരം..!! കവിത നിര്‍മ്മിക്കുന്ന പദാര്‍ത്ഥമേതാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. ഏതു നല്ല കവിതയും... ഏതു കവിതയും.

Sanal Kumar Sasidharan said...

“ഇപ്പോള്‍ പക്ഷേ, ഭയങ്കരം, ഒറ്റവായനയില്‍ അതെല്ലാം അങ്ങയറ്റം ലളിതം, സുതാര്യം !“


ജ്യോനവൻ തന്നെ ഒരു മനസിലാകാത്ത കവിതയാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചുനാളായി..

ഈ എഴുത്ത് അയാൾ കാണാതെപോയല്ലോ...

Roby said...

വാക്കു ചിതറി, അക്ഷരങ്ങൾ വെറും കഷണങ്ങളാകുന്നതിനെയായിരുന്നു പൊട്ടക്കലം എന്ന പേര്‌ എന്നെ ഓർമ്മിപ്പിച്ചിരുന്നത്. പൊട്ടിയ കലത്തിന്റെ കഷണങ്ങൾ ചേർന്ന് 'പൊട്ടക്കല'മാകുന്നതു പോലെ ഉടഞ്ഞു പിരിഞ്ഞ അക്ഷരങ്ങൾ ഇനിയും ഒരു 'പൊട്ടവാക്കാ'യി, പണ്ടത്തെ വാക്കിന്റെ വിലാസത്തിൽ തന്നെ ഓർമ്മിക്കപ്പെടുമോ?

വെള്ളയുടെ എഴുത്ത് കൂടുതൽ വ്യക്തത തരുന്നു.

Dinkan-ഡിങ്കന്‍ said...

പൊട്ടക്കലത്തിനെന്തിനാണ് വക്ക് ?
എന്ന് കേട്ടിട്ടുണ്ട്
പക്ഷേ വക്കുപൊട്ടിയ പൊട്ടക്കലത്തിലെ വാക്കുകളെ കണ്ടെത്തിയ വെള്ളയ്ക്ക് സലാം :)

absolute_void(); said...

ട്രാക്കിങ്

Inji Pennu said...

>>ജ്യോനവന്റെ കവിതകളിലെമ്പാടും ചിതറിക്കിടക്കുന്ന സൂചകങ്ങള്‍ മരണാഭിമുഖമായ ഇരുണ്ട ഒരവസ്ഥയെ >>കോര്‍ത്തിണക്കുന്നതുപോലെ.

എനിക്ക് നേരെ തിരിച്ചാണ് തോന്നിയത്. ഒരു ചെറുചിരിയോടെ, ഒരു കുസൃതിയോടെ ചെറിയ ചെറിയ ലോകങ്ങൾ ഒരു പൊട്ടക്കലത്തിൽ തുറന്നു വെച്ചതുപോലെ വീണ്ടും വീണ്ടും വായിക്കുമ്പോൾ. മരണപ്പെട്ടതുകൊണ്ടാണോ നമ്മൾക്ക് ഇരുട്ടിലേക്കു ചൂണ്ടുന്നതായി അങ്ങിനെ ഒരു നിമിത്തമെന്നല്ലാം ആഗ്രഹിക്കുന്നത്? I am glad from reading him, he celebrated his life. അതോ അങ്ങിനെയായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടാവുമോ എന്നും ഉറപ്പില്ല. ഒരു വെട്ടം പിടിച്ച് വായിച്ച് നോക്കാനേ തോന്നുന്നുള്ളൂ, ഇരുട്ടവിടെ നിറയുന്നതേയില്ല.