October 28, 2009

കുറിപ്പ് തയ്യാറാക്കുക, വ്യാഖ്യാനിച്ചോ വ്യാഖ്യാനിക്കാതെയോ



പാഠപുസ്തകവിവാദം എന്താണ് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതെന്ന് കുറച്ചുനേരമെങ്കിലും ആലോചിക്കാന്‍ മാതാപിതാക്കള്‍ക്ക് ചില അവസരങ്ങള്‍ ഒരുക്കിക്കൊടുത്തല്ലോ. (അതുകൊണ്ട് വമ്പിച്ച മാറ്റമൊന്നും വരാന്‍ പോകുന്നില്ലെങ്കിലും) കുറ്റം കണ്ടുപിടിക്കാനാണെങ്കിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരികള്‍ അരിച്ചുപെറുക്കിയതിന്റെ മെച്ചം, അതെത്ര താത്കാലികമാണെങ്കിലും സമൂഹത്തിനുണ്ടാവാതെ തരമില്ല. സ്വതേ അലംഭാവം മുഖലക്ഷണമാക്കിയ സമൂഹത്തിന് ചില ജാഗ്രതകള്‍ പ്രതിഷേധരൂപത്തിലെങ്കിലും നന്മകള്‍ വിതയ്ക്കുമെന്ന് പറഞ്ഞ് നമുക്ക് ശുഭാപ്തിക്കാരാവാം.താത്കാലികമായെങ്കിലും. സാമൂഹികമായ ‘ഓളങ്ങള്‍ എപ്പോഴും കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകളല്ലല്ലോ’. എങ്കിലും അങ്ങനെയും വാദങ്ങളുണ്ട്. പ്രതിലോമകരമായ ജാഗ്രതകളെ എങ്ങനെ കൈകാര്യം ചെയ്യും എന്ന്? അതു കുറെക്കൂടി ദാര്‍ശനികമായ വിഷയമാണ്. അതവിടെ നില്‍ക്കട്ടേ. സമകാലവിവാദത്തിലേയ്ക്ക് വരാം . പ്രതിക്കൂട്ടില്‍ കയറി വിഷമിച്ചു നില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി ചോദ്യപ്പേപ്പറുകള്‍ . ചോദ്യപ്പേപ്പറുകളുടെ ചോര്‍ച്ചയായിരുന്നു ആസന്നഭൂതകാലത്തിലെ നമ്മുടെ ഏറ്റവും വലിയ പ്രശ്നം. അതും കാതലായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വാണം കത്തിച്ചിരുന്നു. തിരിഞ്ഞും മറിഞ്ഞും ഒറ്റയ്ക്കും കൂട്ടായും ഇപ്പോഴും ചോര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനേക്കാള്‍ ഗൌരവതരമായ കാര്യത്തിനാണിപ്പോള്‍ സ്കൂള്‍ മണ്ഡലം വേദിയൊരുക്കിയിരിക്കുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ചേരിതിരിവുകളും പകപോക്കലുകളും സ്കൂള്‍പരീക്ഷയിലേയ്ക്ക് കടന്നു കയറുന്നു എന്ന പ്രശ്നം.

അവിടെ തീരുന്ന ഒന്നാണോ നമ്മുടെ സ്കൂള്‍തല പരീക്ഷാസമ്പ്രദായത്തിലെ കെടുകാര്യസ്ഥത? സത്യത്തില്‍ ചോദ്യപ്പേപ്പറുകളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ഉയര്‍ന്നു വന്നിട്ടുണ്ട്. അതൊക്കെ പുറത്തറിയാതെ ചില മുരളലുകളും ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ചെറിയ ചില പകപോക്കലുകളുമായി ഒതുങ്ങിതീരുകയാണ് പതിവ്. കാരണം അദ്ധ്യാപകസംഘടനകളാണ് ചോദ്യപ്പേപ്പര്‍ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. അധ്യാപക സംഘടനകളുടെ വരുമാനമാര്‍ഗത്തിലൊന്നാണ് അത്. സ്കൂള്‍ അധികാരിയുടെ രാഷ്ട്രീയസ്വാധീനമാണ് ഏതു സംഘടനയുടെ ചോദ്യപ്പേപ്പര്‍ സ്കൂളില്‍ വേണമെന്ന തീരുമാനത്തെ ഉറപ്പിക്കുന്നത്. ഡയറക്ടറേറ്റിന്റെ മൌനാനുവാദത്തോടെ തന്നെയാണ് ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും എന്നുള്ളത് കൈകഴുകാനുള്ള വെറും തന്ത്രം മാത്രം എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഇതിനു മുന്‍പും ചില മുറവിളികളുണ്ടായിട്ട് എസ് സി എ ആര്‍ ടി ഏറ്റെടുത്ത ചോദ്യപ്പേപ്പര്‍ (പൂള്‍ ) നിര്‍മ്മാണം ഒടുവില്‍ കറങ്ങി തിരിഞ്ഞ് വീണ്ടും ശങ്കരനെ തെങ്ങിലിരുത്തിയതിന്റെ ഒടുവിലത്തെ പരിണാമമാണ് നമ്മളിപ്പോള്‍ കണ്ടത്. ഇത്രയും കൊണ്ടു തീരുന്നില്ല. ഇതില്‍ വന്നുഭവിക്കുന്ന മറ്റൊരു പ്രശ്നം ചോദ്യപ്പേപ്പറിനായി പണം കുട്ടികളില്‍ നിന്ന് ഈടാക്കുന്നു മിക്ക സ്കൂളുകളും എന്നതാണ് (പിടിഎ ഫണ്ടില്‍ നിന്ന് എടുക്കുന്ന മര്യാദ സ്കൂളുകളും ഉണ്ട്) മൊത്തം വിലയുടെ 10% കിഴിവ് അദ്ധ്യാപക സംഘടനകള്‍ പ്രിന്‍സിപ്പാളിനു നല്‍കും. ആ കിഴിവു കഴിഞ്ഞുള്ള തുകയല്ല, മിക്കവാറും സ്കൂളുകള്‍ ഈടാക്കുക പലപ്പോഴും ഇരട്ടിയാണ്. ഈ പണം സ്കൂള്‍ അക്കൌണ്ടില്‍ പോകുന്നതല്ല. പി ടി എ തുടങ്ങിയ വേദികളിലും കണക്കു കാണിക്കേണ്ടതില്ല. 6 വിഷയങ്ങള്‍ക്ക് ഒരു കുട്ടിയ്ക്ക് വേണ്ടി അടയ്ക്കേണ്ട പരമാവധി തുക (ഏതു സംഘടനയുടേതായാലും) കിഴിവും കഴിഞ്ഞ് 10.80 പൈസ. പിരിച്ചെടുക്കുന്നത് 15 രൂപ മുതല്‍ 40 രൂപ വരെ (പ്രിന്‍സിപ്പാളിനു തോന്നിയപോലെ). 500 രൂപയുടെ കൈക്കൂലിയും കൈക്കൂലിയാണെന്നാണല്ലോ വില്ലേജാഫീസര്‍മാരുടെ തുടര്‍ച്ചയായ സസ്പെന്‍ഷനുകള്‍ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്.. എവിടെയും കണക്കു കാണിക്കാതെ എങ്ങോട്ടോ പോകുന്ന ഈ പരീക്ഷാതുകകളോ? (സാമ്പത്തികമാണ് എല്ലാത്തിന്റെയും അടിത്തറ)*

വളരെ ഉത്തരവാദിത്വത്തോടെ തയാറാക്കുന്നതല്ല സംഘടനാ ചോദ്യക്കടലാസ്സുകള്‍ എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഒരിക്കല്‍ ചോദ്യക്കടലാസ്സില്‍ അടിക്കുറിപ്പു തയാറാക്കാനുള്ള ചോദ്യത്തിന്റെ താഴെ ചതുരം ശൂന്യം! കുട്ടികള്‍ ശൂന്യതയെ വ്യാഖ്യാനിച്ചു മാര്‍ക്കു നേടി. മറ്റൊന്ന് പ്രാദേശിക സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന ടെസ്റ്റുകളുടെ ചോദ്യങ്ങള്‍ അതേ പടി ഇതില്‍ കാണാമെന്നുള്ളതാണ്. നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അതു ചൂണ്ടിക്കാട്ടി സ്ഥാപനങ്ങള്‍ പരസ്യങ്ങളും അടിച്ചിറക്കും.. ഇതാ ഞങ്ങള്‍ ചോദിച്ച ചോദ്യം “സ്കൂള്‍ തല പരീക്ഷയ്ക്കും വന്നിരിക്കുന്നു. ഞങ്ങളുടെ വാദം വെറും വാദമല്ല..” അക്ഷരത്തെറ്റുകള്‍ വ്യാപകമാണ് മലയാളം ചോദ്യങ്ങളില്‍ പോലും. ഡി റ്റി പി ക്കാരെ പഴി പറഞ്ഞും ചോദ്യപ്പേപ്പറുകളുടെ രഹസ്യസ്വഭാവത്തെക്കുറിച്ച് വാചാലമായും അതില്‍ നിന്ന് തടിതപ്പാം. പക്ഷേ ആശയതലത്തിലും വാക്യഘടനയിലുമുള്ള തെറ്റുകളോ?കുരീപ്പുഴ ശ്രീകുമാറിന്റെ ‘മനുഷ്യപ്രദര്‍ശനം’ എന്ന കവിതയുടെ ആശയം പ്രതിഫലിപ്പിക്കുന്ന ഒരു കാര്‍ട്ടൂണിന് ഉചിതമായ അടിക്കുറിപ്പു നല്‍കുക എന്നിട്ട് അടിക്കുറിപ്പിന്റെ ഔചിത്യം വിശദമാക്കണം എന്നായിരുന്നു ഒരിക്കല്‍ ഒരു വിദ്വാന്‍ ചോദിച്ച ചോദ്യം. കുട്ടി, കവിതയെ കാര്‍ട്ടൂണാക്കണം എന്നിട്ട് അടിക്കുറിപ്പു നല്‍കണം എന്നിട്ട് അതു വിശദീകരിക്കണം. എല്ലാത്തിനും കൂടി 5 സ്കോര്‍ . ‘അന്തര്‍വൈജ്ഞാനിക പരസ്പരവിനിമയം’; എന്നൊക്കെ തത്ത്വം പറയുമ്പോള്‍ ഒരു കുഞ്ഞു ചോദ്യത്തില്‍ ഇത്രയധികം കാര്യങ്ങള്‍ ഉളപ്പെടുത്തി പിള്ളാര്‍ക്ക് ആവശ്യത്തിനു പണി കൊടുക്കാം എന്നാരെങ്കിലും വിചാരിക്കുമോ? കുറിപ്പ്, ലേഖനം, പ്രബന്ധം, ലഘൂപന്യാസം, ഉപന്യാസം തുടങ്ങിയവ എന്താണെന്നു പോലും പിടിത്തമില്ലാതെ കൂടിക്കുഴയാറുണ്ട് ചോദ്യക്കടലാസ്സുകളില്‍ . ഉപന്യാസം തയാറാക്കുന്നതിനു ആറും ലഘൂപന്യാസത്തിനും കുറിപ്പുകള്‍ക്കും എട്ടും സ്കോറും വീതം നല്‍കി വ്യവസ്ഥയെ അട്ടിമറിച്ച ചോദ്യക്കടലാസ്സുകളുമുണ്ട്. ഉപന്യാസങ്ങള്‍ക്കും മേലെയാണ് കുറിപ്പുകള്‍ എന്നു കുട്ടികള്‍ മനസ്സിലാക്കണം ! മുന്‍പ് ഓരോ പാഠത്തില്‍ നിന്നും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിശ്ചിതാതിരുണ്ടാവും. ക്രമമായ വിതരണം. ഇപ്പോള്‍ അതില്ല ചോദ്യകര്‍ത്താവിന് മനസ്സിണങ്ങിയവയില്‍ നിന്ന് എത്ര ചോദ്യവും ആകാം. പൂര്‍ണ്ണമായി പാഠങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ഒരേ ഉത്തരം എഴുതേണ്ടുന്ന ചോദ്യങ്ങളുടെ അലകു മാറ്റി ചോദിച്ചതിനും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ചോദ്യം തയ്യാറാക്കുന്നവരുടെയോ അവരുടെ അടുത്ത കൂട്ടുകാരുടെയോ സൃഷ്ടികള്‍ വിശകലനത്തിനു വേണ്ടി കുട്ടികള്‍ക്ക് നല്‍കിയും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ചോദ്യപ്പേപ്പര്‍ നിര്‍മ്മാതാക്കള്‍ . മാറിയ പരീക്ഷാസമ്പ്രദായത്തെ പരിചയപ്പെടുത്താന്‍ എസ് സി ഇ ആര്‍ ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തയാറാക്കിയ എജ്യുമേറ്റ് എന്ന ചോദ്യബാങ്കില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേ പടി ആവര്‍ത്തിച്ചുകൊണ്ടാണ് മറ്റൊരു നാടകം. എല്ലാ കൂട്ടികള്‍ക്കും വാങ്ങിക്കാവുന്ന പുസ്തകമാണ് എല്ലാ വിഷയങ്ങളിലും പുറത്തിറക്കിയിട്ടുള്ള എജ്യൂമേറ്റ്. കെടുകാര്യസ്ഥതയുടെ ഒരു പോക്കേ!. ഒരു ചോദ്യപ്പേപ്പറില്‍ കണ്ട ചോദ്യം ഇങ്ങനെ : “അദ്വൈതം ജനിച്ച നാട്ടില്‍.. ആദിശങ്കരന്‍ ജനിച്ച നാട്ടില്‍.. ”(പാട്ടു മുഴുവനുണ്ട്) ലൈന്‍ ബസ് എന്ന സിനിമയ്ക്കു വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ ഈ ഗാനം വിശകലനം ചെയ്ത് വയലാറിന്റെ ജീവിതവീക്ഷണത്തെപ്പറ്റി ഉപന്യാസം എഴുതുക ....! പുതിയ പാഠ്യപദ്ധതിയുടെ ചെലവില്‍ എന്തൊക്കെയാണ് ആമയിഴഞ്ചാന്‍ തോടിലൂടെ ഒഴുകുന്നതെന്നു നോക്കണം !

ഓര്‍മ്മയെ അല്ല കുട്ടികളുടെ വിവിധ നിലയിലുള്ള പ്രതിഭയെയാണ് പരിഗണിക്കുന്നതെങ്കില്‍ (ഹോവാര്‍ഡിന്റെ സിദ്ധാന്തം -മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്) പരീക്ഷയില്‍ മാത്രം അധിഷ്ഠിതമാവരുത് പാഠ്യപദ്ധതി സമ്പ്രദായം. അതിനനുസരിച്ചാണ് പരീക്ഷകളുടെ എണ്ണം ഈ വര്‍ഷം മുതല്‍ കുറച്ചത്. (ഇതു രക്ഷാകര്‍ത്താക്കള്‍ക്ക് ബോധ്യമായിട്ടില്ല, പിന്നെ ബി എസ് വാര്യരെപ്പോലുള്ള സാമ്പ്രദായിക രീതിയുടെ സ്തുതിഗായകര്‍ക്കും. ക്ലാസ് ടെസ്റ്റുകള്‍ നടത്താത്തതിന്റെ പേരിലാണ് ഭൂരിഭാഗം അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളില്‍ നിന്ന് തെറി കേള്‍ക്കുന്നത്. സ്കൂളിലെ മനുഷ്യാവകാശലംഘനങ്ങളൊന്നും രക്ഷാകര്‍ത്താക്കളുടെ പരിഗണനയിലേ ഇല്ല) ഹയര്‍സെക്കണ്ടറിയില്‍ പരീക്ഷയൊഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം. ഒന്നാം വര്‍ഷ പരീക്ഷ കൂടുതായി ഉള്‍പ്പെടുത്തി ഈ വര്‍ഷം മുതല്‍ . പിന്നെ അതിന്റെ ഇമ്പ്രൂവ്മെന്റ്, ഇവാലുവേഷന്‍ . ഇതിനൊക്കെ അദ്ധ്യാപകര്‍ ഓടുമ്പോള്‍ ചുരുക്കത്തില്‍ ക്ലാസുകള്‍ നടക്കില്ല. ഏകജാലകം കഴിഞ്ഞ് കിട്ടുന്ന കുറച്ചു ദിവസങ്ങളാണ് ഇങ്ങനെ പോകുന്നത് (പ്രേമന്‍ മാഷുടെ ബ്ലോഗ് കൂടി കാണുക) എങ്കിലും സ്കൂള്‍തലത്തില്‍ നടത്തുന്നു എന്നു പറയപ്പെടുന്ന ഒരെണ്ണം നേരാം വണ്ണം വേണമല്ലോ. അതിനെ പൊട്ടിച്ചു കൈയ്യില്‍ കൊടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് നമ്മുടെ പ്രബുദ്ധരായ കുറച്ച് അദ്ധ്യാപകര്‍ . കെടുകാര്യസ്ഥരും വികാരോപജീവികളും തലയിലെ വിജനപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിലും ഇവരെ പിന്താങ്ങാന്‍ നിലവിലുള്ള സിദ്ധാന്തങ്ങളൊക്കെ എടുത്തു വീശി രംഗത്തിറങ്ങാതെ നിവൃത്തിയില്ല അസ്മാദികള്‍ക്ക്. ഇതാണ് നമ്മുടെ സമൂഹം വന്നുപെട്ടിരിക്കുന്ന വിഷമവൃത്തം. തെറ്റിനെ തെറ്റെന്നു പറയാന്‍ വയ്യാത്തതുകൊണ്ട് തിരുത്തലുകള്‍ നടക്കില്ല, ന്യായീകരണങ്ങളിലേ രമിക്കാന്‍ പറ്റൂ. (വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യത്തില്‍ സമ്മതിക്കുന്നു. അദ്ദേഹം ഇത് പാഠ്യപദ്ധതിയില്‍ വിവരിക്കുന്ന ‘വിമര്‍ശനാത്മക ബോധന’മൊന്നുമല്ല, തന്നെ തന്നെ കുപ്പിയിലിറക്കാനുള്ള തരവഴിയാണെന്ന് തിരിച്ചറിഞ്ഞ് ആദ്യമേ മാപ്പു പറഞ്ഞു. ഇതാദ്യത്തെ പ്രാവശ്യമല്ലല്ലോ വിദ്യാഭ്യാസമേഖലയില്‍ കുറച്ചുപേര്‍ ‘തന്‍ പിള്ളയെ താന്‍ തീനി’യായി പ്രത്യക്ഷപ്പെടുന്നത്)

വിമര്‍ശനാത്മക ബോധനത്തിന് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയ്ക്കു തന്നെ വിരുദ്ധമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന അടഞ്ഞ ചോദ്യങ്ങള്‍ . അതുപോട്ടേ, അപ്പോള്‍ മേഴ്സിരവിയ്ക്ക് പത്രങ്ങള്‍ നല്‍കിയ പ്രാധാന്യത്തെ വിവാദവിഷയമാക്കിയെന്നതോ ക്രിമിനലുകളെ ഹീറോ ആക്കിയ പത്രത്തിനെതിരെ ഒളിയമ്പെയ്യുന്നു എന്നുള്ളതോ രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സമ്മിതി നിര്‍മ്മാണമുണ്ടാക്കാന്‍ (?) ചോദ്യപ്പേപ്പര്‍ എന്ന മാധ്യമത്തെയും ഉപയോഗിച്ചു എന്നതോ മാത്രമല്ല പ്രശ്നം. അവ തുഞ്ചം മാത്രമേ ആകുന്നുള്ളൂ. പരസ്പരബന്ധിതമായ കെടുകാര്യസ്ഥതകള്‍ ഒഴുക്കി വിടുന്നതത്രയും മാലിന്യങ്ങളാണ്. അതുകൊണ്ട് ഒരു തരത്തില്‍ ചോദ്യപ്പേപ്പര്‍ വിവാദം നന്നായി എന്നു പറയണം. ചില ശ്രദ്ധകള്‍ ചിലയിടങ്ങളിലേയ്ക്ക് പതിപ്പിക്കാന്‍ വിവാദങ്ങള്‍ കൊണ്ടു മാത്രമേ കഴിയുള്ളൂവെങ്കില്‍ അങ്ങനെ. കള പറിഞ്ഞില്ലെങ്കിലും കളകള്‍ ഉണ്ടെന്നെങ്കിലും മനസ്സിലാവട്ടെ. അത്രയെങ്കിലുമാവട്ടെ.

റഫ :
*എല്ലാ സ്കൂള്‍ അധികാരികളും കുറ്റവാളികളാണെന്ന് അഭിപ്രായമില്ല. പക്ഷേ രസീതുപോലുമില്ലാത്ത പണപ്പിരിവ് പരീക്ഷയുടെ പേരില്‍ നടത്തുന്നത് അളിഞ്ഞ ഏര്‍പ്പാടു തന്നെയാണ്.
** മലയാളം ചോദ്യപ്പേപ്പറുകളെയാണ് ഉദാഹരണങ്ങള്‍ക്ക് പ്രധാനമായും അവലംബിച്ചിരിക്കുന്നത്

5 comments:

simy nazareth said...

ജനത്തിന് അരണയുടെ ഓര്‍മ്മയേ ഉള്ളൂ, പത്രങ്ങള്‍ സ്ലേറ്റുപോലെയാണ്, വാര്‍ത്തകള്‍ പെട്ടെന്നു മാറും. ഇതും ജനങ്ങള്‍ മറക്കും (ചുരുങ്ങിയപക്ഷം അടുത്ത ചോദ്യക്കടലാസ് വിവാദം വരുന്നതുവരെയെങ്കിലും)

പ്രേമന്‍ മാഷിന്റെ ബ്ലോഗിന്റെ ലിങ്ക് വേണം..

Calvin H said...

ട്രാക്ക്

ഇട്ടിമാളു അഗ്നിമിത്ര said...

ചേട്ടന്മാർ, ഓപ്പോൽ, ഏട്ടത്തിയമ്മ - എല്ലാവരും വേനലവധിക്ക് പത്താംക്ലാസ്സിന്റെ valuation camp നു എല്ലാവർഷവും പോവും.. തിരിച്ചു വന്നാൽ കേൾക്കാനായി ഒരുപാട് തമാശകൾ ഉണ്ടാവും.. ഹിസ്റ്ററി, ബയോളാജി പേപ്പർ നോക്കുന്നവരുടെ തമാശകൾ കേട്ട് മാത്‌സ് കാരി അസൂയപ്പെടും..

ഇനിയെന്തിനാ ഉത്തരക്കടലാസുകൾ.. ചോദ്യപേപ്പറ് തന്നെ ധാരാളം .. അല്ലെൽ?

വെള്ളെഴുത്ത് said...

http://premanmash.blogspot.com/
സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പോസ്റ്റിന്റെ ലിങ്കു കൊടുത്തിട്ടുണ്ട്.
ഇതാണ് മറ്റൊരു അഡ്രസ്സ്

ഷൈജൻ കാക്കര said...

യൂണിവേർസിറ്റി പരീക്ഷക്ക്‌(അറബിക്‌) കയ്യെഴ്ത്തു ചോദ്യപേപ്പർ നൽകി പഠന നിലവാരം ഉയർത്തിയതും കേരളത്തിലാണ്‌!

കേരള വിദ്യഭ്യാസ മേഖല നിയന്ത്രിക്കുന്നതു രാഷ്ട്രിയക്കാർ ആണ്‌. ഈ രാഷ്ട്രിയകാർക്ക്‌ പേരിനു ഒരു ടീച്ചർ ജോലിയും ഉണ്ടാകും!