June 18, 2009
ഏകവചനങ്ങളുടെ കൂടാരം 2
ഒരു നഗരവും കൊട്ടാരങ്ങള്‍ മാത്രം നിറഞ്ഞവയല്ല. രാജകൊട്ടാരം എടുത്തുപ്പിടിച്ചു നില്‍ക്കുന്ന ഒന്നാംതരം ചുവപ്പുകല്ലില്‍ തീര്‍ത്ത അടിത്തറയുടെ ചുവരുകള്‍ക്കു കീഴെ, തടികളും ചെളിയും ചാണകവും പച്ചക്കട്ടകളും കരിങ്കല്ലുകളും കൊണ്ടുണ്ടാക്കിയ യഥാര്‍ത്ഥ നഗരം ചുരുണ്ടുകൂടിക്കിടന്നിരുന്നു. ജാതിയും തൊഴിലും പരിഗണിച്ചാണ് അവിടെ അയല്‍ക്കാരും അയല്‍വക്കങ്ങളും നിശ്ചയിക്കപ്പെടുന്നത്.
ഇതാണ് വെള്ളിയാഭരണങ്ങള്‍ പണിയുന്നവരുടെ തെരുവ്. അവിടെ, കൊല്ലന്റെ വീട്. ആയുധങ്ങളുടെ കിലുക്കം കേട്ടില്ലേ. അതു നോക്കൂ.. അവിടെ താഴെ മൂന്നാമത്തെ നീര്‍ച്ചാലിന്റെവിടെ വളകളുടെയും വസ്ത്രങ്ങളുടെയും സ്ഥലം. കിഴക്കോട്ട് പോയാല്‍ ഹിന്ദുക്കളുടെ ചേരി. അതിന്റെയപ്പുറത്ത്, കോട്ട പിരിയുന്നിടത്ത് പേര്‍ഷ്യന്‍ താവളം. അതിനുമപ്പുറം , തുറാനികളുടെ പ്രദേശം. അതു കടന്നാല്‍, വെള്ളിയാഴ്ചപ്പള്ളിയുടെ ഭീമാകാരമായ വാതിലിനടുക്കല്‍ ഇന്ത്യക്കാരായ മുസ്ലീമുകളുടെ വീടുകള്‍. ഉയര്‍ന്ന പദവിയിലുള്ള ആളുകളുടെ മണിമന്ദിരങ്ങളാണ് തൊടുകുറികള്‍ പോലെ കാണുന്നത്. ചിത്രശാല, ഇതിനകം ലോകമെങ്ങും പ്രശസ്തമായിക്കഴിഞ്ഞ കൈയെഴുത്തുപ്രതികളുടെ ഗ്രന്ഥാലയം. സംഗീതസഭ, നൃത്തശാല. സിക്രിയുടെ ഈ താഴ്ന്ന പ്രദേശത്തിന് മടിപിടിച്ചിരിക്കാനേ കഴിയില്ല. യുദ്ധരംഗത്തു നിന്ന് ചക്രവര്‍ത്തി കൊട്ടാരത്തില്‍ മടങ്ങിയെത്തുമ്പോള്‍ വീര്‍പ്പുമുട്ടല്‍ പോലെ ഈ ചെളിനഗരത്തെ നിശ്ശബ്ദത പൊതിയും. രാജാവിന്റെ മയക്കം തടസ്സപ്പെടുമോ എന്ന് പേടിച്ച് കോഴികളുടെ കഴുത്തറുക്കുന്ന സമയത്ത് അവയുടെ വായില്‍ തുണിതിരുകേണ്ടി വരും. വണ്ടിച്ചക്രത്തിന്റെ അസ്ഥാനത്തുള്ള ഒച്ച മതി, ചമ്മട്ടിയടി കൊണ്ട് വണ്ടിയുന്തുന്നവന്റെ പുറം പൊളിയാന്‍. അടി കൊണ്ടുള്ള അവന്റെ നിലവിളി, ശിക്ഷയെ ചിലപ്പോള്‍ പിന്നെയും മാരകമാക്കും. പ്രസവിക്കുന്ന സ്ത്രീകള്‍ ശ്വാസമടക്കിപ്പിടിച്ച് കരച്ചില്‍ ഉള്ളിലൊതുക്കി. ചന്തകളിലെ മൂകാഭിനയങ്ങള്‍ ഭ്രാന്തിന്റെ ഒരു വകഭേദം പോലിരുന്നു. “രാജാവിവിടെയായിരിക്കുമ്പോള്‍ ഞങ്ങളെല്ലാം ഭ്രാന്തന്മാരാകും” ആളുകള്‍ പറഞ്ഞു. എന്നിട്ട്, അവിടെല്ലാം ചാരന്മാരും ചതിയന്മാരുമാണ് എന്നറിയാവുന്നതുകൊണ്ട് തിടുക്കത്തോടെ കൂട്ടിച്ചേര്‍ത്തു “ സന്തോഷം കൊണ്ട്”. ചെളിനഗരം ചക്രവര്‍ത്തിയെ കലവറയില്ലാതെ സ്നേഹിച്ചു. വാക്കുകളില്ലാത്ത നഗ്നമായ സ്നേഹത്തില്‍ ഉറച്ചു നിന്നു. കാരണം വാക്കുകള്‍, ശബ്ദം എന്ന വിലക്കപ്പെട്ട വസ്ത്രം കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്.
ചക്രവര്‍ത്തി പിന്നെയും യുദ്ധങ്ങള്‍ക്കായി- ഗുജറാത്തിലെയും രാജസ്ഥാനിലെയും സൈന്യങ്ങള്‍തിരെ, കാബൂളിനും കാശ്മീരിനുമെതിരെ - എല്ലായ്പ്പോഴും വിജയിക്കുന്ന, എന്നാല്‍ ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങള്‍ക്കായി - യാത്ര ആരംഭിക്കുമ്പോള്‍ നിശ്ശബ്ദതയുടെ തടവറയിലെ പൂട്ടുകള്‍ മുറിയും. കാളങ്ങളും ആര്‍പ്പുകളും ഉച്ചത്തില്‍ മുഴങ്ങും. മാസങ്ങളോളം ഉരിയാടാനാവാതെ ഉള്ളില്‍ ഒതുക്കിവച്ച കാര്യങ്ങളെല്ലാം ആളുകള്‍ക്ക് പരസ്പരം പങ്കിടും. “നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ അമ്മ മരിച്ചു. നീയുണ്ടാക്കിയ സൂപ്പ് കൊള്ളാം. പണം തന്നില്ലെങ്കില്‍ ഞാന്‍ പറയുന്നതെല്ലാം നീ ചെയ്യേണ്ടി വരും. നിന്റെ കൈ തോളറ്റം വച്ചു ഞാന്‍ ഒടിക്കും. ഓമനേ, ഞാനും നിന്നെ സ്നേഹിക്കുന്നു.” അങ്ങനെയെന്തും.
ചെളിനഗരത്തിന്റെ ഭാഗ്യത്തിന്, പ്രതിരോധകാര്യങ്ങള്‍ എപ്പോഴും അക്‌ബറിനെ പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു. അദ്ദേഹം മിക്കസമയവും നഗരം വിട്ടു താമസിച്ചു. ചക്രവര്‍ത്തിയുടെ അഭാവത്തില്‍ ദരിദ്രരും സ്വാതന്ത്ര്യം കിട്ടിയ കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും ശല്യക്കാരായ ഷണ്ഡന്മാരും കൂട്ടമായി ഒച്ചവച്ചു. അന്തഃപുരത്തില്‍ റാണിമാര്‍ ഒന്നിച്ചു കിടന്നു വിലപിച്ചു. എങ്കിലും അന്യോന്യം ദ്രോഹിക്കാന്‍ ചെയ്ത കാര്യങ്ങളോ മൂടുപടമിട്ട മുറികളുടെ സ്വകാര്യതയില്‍ ഒറ്റയ്ക്കു കണ്ടെത്തിയ സന്തോഷമോ ഒരാളും മിണ്ടില്ല. ചക്രവര്‍ത്തിയുടെ ഭാവനയിലുള്ള രാജ്ഞി മാത്രമായിരുന്നു, പരിശുദ്ധ. അവളാണ് അത്യാര്‍ത്തിപിടിച്ച ഉദ്യോഗസ്ഥന്മാരുടെ ചെയ്തികളാല്‍ നരകിക്കുന്ന ജനങ്ങളുടെ ദുരിതങ്ങളെപ്പറ്റി കൊട്ടാരത്തിലെ വിശ്രമ സമയങ്ങളില്‍ അക്‍ബറിനോട് പറഞ്ഞത്. വാര്‍ത്ത അറിഞ്ഞ ഉടന്‍ ചക്രവര്‍ത്തി മന്ത്രിയുടെ ഉത്തരവ് റദ്ദാക്കി, ശാഠ്യവും ദുര്‍വാശിയും കുറഞ്ഞ ഒരാളെ മരാമത്ത് മന്ത്രിയുടെ സ്ഥാനത്തു മാറ്റി നിയമിച്ചു. ഇതുവരെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന തന്റെ പ്രജകളെല്ലാം തെരുവില്‍ ഉറക്കെ ഒച്ചവയ്ക്കണമെന്ന കാര്യം പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തു.
“കഴിയുന്നിടത്തോളം ഒച്ച വയ്ക്കൂ നമ്മുടെ പ്രജകളേ ! ഒച്ചയാണു ജീവിതം. ജീവിതം നല്ലതാണെന്നതിന്റെ സൂചനയാണ് കവിയുന്ന ആരവങ്ങള്‍. നിശ്ശബ്ദരായിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും മരണകാലമുണ്ടല്ലോ.”
അതോടെ ആഹ്ലാദകരമായ ഒച്ചകള്‍ കൊണ്ട് നഗരം ഇരമ്പി. ആര്‍പ്പുകളില്‍ അടിമുടി ഉലഞ്ഞു.
പുതിയ ഒരു രാജാവാണ് സിംഹാസനത്തില്‍ എന്നും ലോകത്തിലൊരു കാര്യവും മാറ്റമില്ലാതെ എന്നെന്നേയ്ക്കുമായി നീണ്ടുപോകില്ലെന്നും ജനങ്ങള്‍ തിരിഞ്ഞറിഞ്ഞ ദിവസമായിരുന്നു അത്.
- സല്‍മാന്‍ റഷ്ദി
(തുടരും...)
Labels:
കഥ,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
1 comment:
ഉഗ്രന്‍!
Post a Comment