June 21, 2009

ഏകവചനങ്ങളുടെ കൂടാരം 5



സംസാരിക്കാന്‍ അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. കല്ലു പോലെ ചെവിടനായ തന്റെ അംഗരക്ഷകന്‍ ഭക്തി റാം ജയിനിനോട് താവളം വിട്ട് ദൂരെപ്പോവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. സമാധാനമായി ഒറ്റയ്ക്കിരുന്ന് കുടിക്കണം. യജമാനന്റെ മുറുമുറുക്കലുകള്‍ കേള്‍ക്കാന്‍ കഴിയാതിരിക്കുക ഒരു അടിമയ്ക്ക് അനുഗ്രഹമാണ്. എന്നാല്‍ ഭക്തി റാം ജയിന്‍ ചക്രവര്‍ത്തിയുടെ ചുണ്ടുകള്‍ വായിക്കാന്‍ പഠിച്ചു കഴിഞ്ഞ സമര്‍ത്ഥനാണ്. അടിമയുടെ ഭൂരിഭാഗം ഗുണങ്ങളെയും അതു നഷ്ടമാക്കി. മറ്റാരെയും പോലെ അവനെയും അത് അപവാദപ്രചാരകനാക്കി. രാജാവിനു കിറുക്കാണ്. അവര്‍ പറഞ്ഞു. എല്ലാവരും പറഞ്ഞു. അദ്ദേഹത്തിന്റെ പടയാളികള്‍, പ്രജകള്‍, ഭാര്യമാര്‍..... ഭക്തി റാം ജയിനും അതു തന്നെ പറഞ്ഞു. ചക്രവര്‍ത്തിയുടെ മുന്നിലല്ല. അദ്ദേഹം ഒരതിമാനുഷന്‍, കിടയറ്റ പോരാളി, ഐതിഹ്യകഥകളിലെ നായകന്‍, രാജാക്കന്മാരുടെ അധിരാജന്‍. ഇങ്ങനെയുള്ള ഒരു വ്യക്തി കിറുക്കനായിരിക്കാന്‍ കൂടി ആഗ്രഹിച്ചാല്‍ അതു പറഞ്ഞ് തര്‍ക്കിക്കാന്‍ അവരാരാണ്? എന്നാല്‍ രാജാവ് ഭ്രാന്തനായിരുന്നില്ല. അദ്ദേഹം ആകാന്‍ ആഗ്രഹിക്കുന്നത് ഒന്ന്, ആയിരിക്കുന്നത് മറ്റൊന്ന്. ചക്രവര്‍ത്തി തന്റെ അവസ്ഥയില്‍ സംതൃപ്തനായിരുന്നില്ല എന്നേയുള്ളൂ. അദ്ദേഹം അതാവാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

കൊള്ളാം. കത്തിയവാറിലെ നാടുവാഴിയ്ക്ക് കൊടുത്ത വാക്കു പാലിക്കണം. വിജയനഗരത്തിന്റെ ഹൃദയത്തില്‍ ഒരു സ്മാരകമന്ദിരം പണിയണം. ഒരു സംവാദഗൃഹം. അവിടെ ആര്‍ക്കും ഏതു വിഷയത്തെപ്പറ്റിയും ആരോടും എന്തും പറഞ്ഞു തര്‍ക്കിക്കാം. നിരീശ്വരത്വത്തെപ്പറ്റിയും രാജഭരണം ഇല്ലാതാക്കുന്നതിനെപ്പറ്റിയും സംസാരിക്കാം. അവിടെ വച്ച് വിനയം ശീലിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം സ്വയം പഠിപ്പിക്കും. അല്ല, അതു ശരിയായില്ല. “പഠിപ്പിക്കുക” അല്ല. ഓര്‍മ്മിച്ചെടുക്കുകയാണ് അല്ലെങ്കില്‍ വീണ്ടെടുക്കുകയാണ്. വിനയം ഹൃദയത്തിന്റെ അടിത്തട്ടിലുണ്ട്. ഈ ‘വിനയവാനായ അക്‍ബര്‍‘ ആയിരിക്കും ഒരുപക്ഷേ തന്റെ ഏറ്റവും നല്ല വശം. മറുനാട്ടില്‍ കഴിച്ചുകൂട്ടിയ കുട്ടിക്കാലത്തെ അനുഭവങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് അക്‍ബറുടെ സ്വഭാവം. ഇപ്പോള്‍ രാജകീയ പ്രൌഢിയുടെ വസ്ത്രങ്ങള്‍ കൊണ്ട് മൂടിപ്പോയിരിക്കുന്നു. എങ്കിലും അതുണ്ട്. വിജയങ്ങളില്‍ നിന്നല്ല, തോല്‍‌വികളില്‍ നിന്ന് സ്വയംഭൂവായത്. ഇപ്പോഴെല്ലാം വിജയങ്ങളാണ്. എന്നാല്‍ ചക്രവര്‍ത്തിയ്ക്ക് പരാജയങ്ങളെക്കുറിച്ചും അറിയാം. പരാജയം അദ്ദേഹത്തിന്റെ പിതാവായിരുന്നു. അതിന്റെ പേരാണ് ഹുമയൂണ്‍.

പിതാവിനെക്കുറിച്ച് ചിന്തിക്കാന്‍ ചക്രവര്‍ത്തി ഇഷ്ടപ്പെട്ടില്ല. ധാരാളം കറുപ്പു പുകച്ച് മയങ്ങിക്കിടക്കുമായിരുന്ന ഒരാള്‍. സാമ്രാജ്യം നഷ്ടപ്പെടുത്തിക്കളഞ്ഞ ഒരാള്‍. പേര്‍ഷ്യയിലെ രാജാവ് യുദ്ധം ചെയ്യാന്‍ സൈന്യത്തെ അയച്ചു കൊടുത്തിട്ടാണ് അതു തിരിച്ചു കിട്ടിയത്. അതിനുവേണ്ടി ഹുമയൂണ്‍ ‘ഷിയാവിശ്വാസത്തിലേയ്ക്ക്’*മാറിയതായി നടിച്ചു. (കോഹ്-ഇ-നൂര്‍ രത്നം കൊടുക്കേണ്ടി വരികയും ചെയ്തു). സിംഹാസനം വീണ്ടെടുത്ത ഉടനെ പുസ്തകാലയത്തിലേയ്ക്കുള്ള കോണി കയറുന്നതിനിടയ്ക്ക് കാലുതെറ്റി വീണു മരിച്ചു. പിതാവിനെ അക്‍ബറിനു അറിഞ്ഞുകൂടായിരുന്നു. ഹുമയൂണ്‍ ചൌസാപ്രവിശ്യ കീഴടക്കിയതിനു ശേഷമായിരുന്നു, അക്‍ബറിന്റെ ജനനം. സിന്‍ഡില്‍ വച്ച്. പതിനാലുമാസം മാത്രം പ്രായമുണ്ടായിരുന്ന മകനെ ഉപേക്ഷിച്ച് ഹുമയൂണ്‍ പേര്‍ഷ്യയിലേയ്ക്ക് കടന്നു കളഞ്ഞു. പിതാവിന്റെ സഹോദരനും ശത്രുവുമായ ഖണ്ഡഹാറിലെ അസ്കാരിയാണ് അക്‍ബറിനെ കൂട്ടിക്കൊണ്ടുവന്ന് വളര്‍ത്തിയത്. പ്രാകൃതനും ക്രൂരനുമായിരുന്നു ചാചാ അസ്കാരി. എപ്പോഴെങ്കിലും സൌകര്യമൊത്തിരുന്നു എങ്കില്‍ അക്‍ബറിനെ അയാള്‍ കൊന്നു കളഞ്ഞേനേ. പക്ഷേ അയാള്‍ക്കതിനു പറ്റിയില്ല, ഭാര്യ എപ്പോഴും അയാളില്‍ ഒരു കണ്ണു വച്ചിരുന്നതിനാല്‍.

അക്‍ബര്‍ ജീവിച്ചു. ചാചി ജാന്‍** അങ്ങനെ ആഗ്രഹിച്ചിരുന്നതു കൊണ്ട്. ഖണ്ഡഹാറില്‍ വച്ച് അദ്ദേഹം ജീവിക്കാന്‍ പഠിച്ചു, പോരാടാനും കൊല്ലാനും‍, വേട്ടയാടാനും പഠിച്ചു‍. സ്വയം രക്ഷിക്കാനും അബദ്ധങ്ങളുച്ചരിക്കാതെ വാക്കുകളെയൊതുക്കാനും പഠിച്ചത്, ആരും പറഞ്ഞു കൊടുത്തിട്ടല്ല. ഒരാള്‍ കൊല്ലപ്പെടാന്‍ ഒതുക്കമില്ലാത്ത വാക്കുകള്‍ മതി. പരാജയപ്പെട്ടവന്റെ അന്തസ്സ്, നഷ്ടങ്ങള്‍, തോല്‍‌വിയെ സ്വീകരിക്കാന്‍ ആത്മാവിനെ ശുദ്ധീകരിക്കേണ്ടവിധം, വിട്ടുകൊടുക്കല്‍, മനസ്സു വച്ച ഒന്നിനെ മുറുക്കെ പിടിച്ചുകൊണ്ടിരുന്നാല്‍ ഉണ്ടാകാവുന്ന കെണി, അത് ഒഴിവാക്കേണ്ട രീതി, എല്ലാം അക്‍ബര്‍ പഠിച്ചെടുത്തു. ഉപേക്ഷിക്കുക എന്നാല്‍ എന്താണെന്ന് സാമാന്യമായും പിതാവില്ലാതിരുന്നാലുള്ള അരക്ഷിതത്വം പ്രത്യേകമായും അദ്ദേഹം മനസ്സിലാക്കി. പിതൃശൂന്യനായിരിക്കുന്നതിനെപ്പറ്റി, തന്തയില്ലായ്മയിലെ ഇല്ലായ്മയെപ്പറ്റി. കൂടുതല്‍ കഴിവുള്ളവനെ എതിര്‍ക്കുന്ന കഴിവുകുറഞ്ഞവന്റെ പ്രതിരോധതന്ത്രങ്ങളെപ്പറ്റി. തന്നിലേയ്ക്ക് ചുഴിഞ്ഞ് നോക്കാനും‍. തനിക്കുമപ്പുറത്തേയ്ക്ക് കാണാനും. ദീര്‍ഘവീക്ഷണം, പാര്‍ശ്വവീക്ഷണങ്ങള്‍, സൂത്രശാലിത്തം, വിനയം, അങ്ങനെ ഒരു ജീവിതത്തിലെ അനേകം താളുകള്‍‍. ഒരാളുടെ വളര്‍ച്ച തുടങ്ങേണ്ടുന്ന ‘അഭാവങ്ങളെ’ക്കുറിച്ചുള്ള നിരവധി പാഠങ്ങള്‍.

അദ്ദേഹത്തെ പഠിപ്പിക്കണം എന്നു ആരും വിചാരിക്കാത്ത വിഷയങ്ങളുമുണ്ട്. അദ്ദേഹം ഒരിക്കലും അഭ്യസിക്കാത്തവ. “നാം ഭാരതത്തിന്റെ ചക്രവര്‍ത്തിയാണ്, ഭക്തി റാം ജയിന്‍, പക്ഷേ എനിക്കൊരിക്കലും സ്വന്തം പേരെഴുതാന്‍ കഴിയില്ല !“ പ്രഭാതത്തില്‍ ദേഹശുദ്ധിയ്ക്കായി തന്നെ സഹായിക്കുന്ന വൃദ്ധനായ വേലക്കാരനെ നോക്കി അദ്ദേഹം അലറി.

“ അനുഗൃഹീതനായ പുണ്യാത്മാവേ, നിരവധിമക്കളുടെ പിതാവും അനേകം ഭാര്യമാരുടെ ഭര്‍ത്താവുമായുള്ളോനേ, ലോകത്തിലെ ഒരേയൊരു ഭരണാധികാരിയും ഭൂഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനുമായ അങ്ങ് ..” ശരീരം തുടയ്ക്കാന്‍ പതുപതുത്ത ഒരു തുണി കൈമാറിക്കൊണ്ട് ഭക്തി റാം ജയിന്‍ ഉണര്‍ത്തിച്ചു. രാജാവ് ശരീരം വെടിപ്പാക്കുന്ന നാഴികകള്‍ രാജാവിനെ സ്തുതിക്കാനുള്ള സമയം കൂടിയാണ്. ഭക്തി റാം ജയിന്‍ രാജകീയ സ്തുതിപാഠകര്‍ക്കിടയിലെ ഒന്നാമന്‍ എന്നുള്ള പദവി കവിഞ്ഞ അഭിമാനത്തോടെ കൊണ്ടു നടന്നിരുന്നു. അലങ്കാരവാക്കുകള്‍ പരസ്പരം നെയ്തടുക്കുന്നതില്‍ നിഷ്ണാതനും സ്തുതിവാക്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വച്ചുകെട്ടി പെരുപ്പിച്ച് ആവര്‍ത്തിക്കുന്ന പരമ്പരാഗതമായ വൈതാളികരീതിയുടെ സമര്‍ത്ഥനായ പ്രയോക്താവുമായിരുന്നു, ഭക്തി റാം. അസാമാന്യമായ ഓര്‍മ്മശക്തിയുണ്ടെങ്കിലേ, അതിശയോക്തികള്‍ ഇഴുക്കിയ പദങ്ങളടുക്കി പ്രശംസാവചനങ്ങളെ പെരുപ്പിച്ചു വഴിനടത്താന്‍ പറ്റൂ. സംഭവങ്ങള്‍ ക്രമമായി അടുക്കണം. മടുപ്പു തോന്നിക്കാത്ത ആവര്‍ത്തനങ്ങള്‍ വേണം. ഭക്തി റാം ജയിനിന്റെ ഓര്‍മ്മശക്തി അപാരമായിരുന്നു. അയാള്‍ക്ക് നാഴികകളോളം ചക്രവര്‍ത്തിയെ സ്തുതിച്ചു നില്‍ക്കാനുള്ള ഭാഷാശേഷിയുണ്ടായിരുന്നു.

വിപത് സൂചനപോലെ ചൂടു വെള്ളം നിറച്ചു വച്ചിരിക്കുന്ന വലിയ പാത്രത്തില്‍ തന്റെ മുഖം ചുവന്നു വരുന്നത് ചക്രവര്‍ത്തി കണ്ടു. “നാം രാജാക്കന്മാരുടെയും രാജാവാണ് ഭക്തി റാം ജയിന്‍, പക്ഷേ നാമുണ്ടാക്കിയ നിയമങ്ങള്‍ പോലും നമുക്ക് വായിക്കാന്‍ അറിയില്ല. അതിലെന്താണ് നിനക്ക് പറയാനുള്ളത്?“

“അങ്ങനെ തന്നെയാണ്, നീതിമാന്മാരില്‍ വച്ച് നീതിമാനായിട്ടുള്ളവനേ, അനേകം മക്കളുള്ള പിതാവേ, അനേകം ഭാര്യമാരുടെ പ്രിയതമനേ, ലോകത്തിന്റെ ഏക ഭരണാധിപനേ, ഭൂമിഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനേ, എല്ലാത്തിനെയും ഭരിക്കുന്നവനേ, ജീവനുള്ളവയെയെല്ലാം ഒരു കുടക്കീഴിലാക്കിയവനേ....“ഭക്തി റാം ജയിന്‍ തന്റെ ചുമതല വെടിപ്പായി തുടര്‍ന്നു.

“നാം പ്രകാശങ്ങളുടെ പ്രകാശമാണ്. ഇന്ത്യയുടെ നക്ഷത്രം. തേജസ്സുകളില്‍ സൂര്യന്‍‍. “ അടിസ്ഥാനമില്ലാത്ത പ്രശംസാവാക്കുകളെക്കുറിച്ചു ചിലതൊക്കെ മനസ്സിലാക്കി വച്ചിരുന്ന ചക്രവര്‍ത്തി പറഞ്ഞു. “ എന്നിട്ടും നാം വളര്‍ന്നത് നഗരത്തിന്റെ തീട്ടക്കുഴിയിലാണ്. കുട്ടികളെ ഉണ്ടാക്കിക്കൊടുക്കാന്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ കേറിപ്പിടിക്കുകയും ആണ്‍കുട്ടികളെ പുരുഷന്മാരാക്കാന്‍ പിന്നില്‍ നിന്ന് ഭോഗിക്കുകയും ചെയ്യുന്നിടത്ത്. മുമ്പില്‍ നില്‍ക്കുന്നവനെക്കുറിച്ച് യോദ്ധാവ് കരുതലോടെ ഇരിക്കുന്നതു പോലെ പിന്നില്‍ നിന്ന് ആക്രമിച്ച് ചന്തി തകര്‍ക്കുന്ന അക്രമിയെ സൂക്ഷിച്ചു കൊണ്ടാണ് നാം വളര്‍ന്നത്.“

“അങ്ങനെ തന്നെയാണ്, പ്രകാശങ്ങളുടെ പ്രകാശമേ, നിരവധി മക്കളുടെ പിതാവും നിരവധി ഭാര്യമാരുടെ പ്രിയതമനുമായിട്ടുള്ളവനേ, ലോകത്തിന്റെ ഏക ഭരണാധിപനേ, ഭൂമിഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനേ, എല്ലാത്തിനെയും ഭരിക്കുന്നവനേ, ജീവനുള്ളവയെയെല്ലാം ഒരു കുടക്കീഴിലാക്കിയവനേ, പ്രകാശങ്ങളുടെ പ്രകാശമേ, ഇന്ത്യയുടെ താരമേ, തേജസ്വിയായ സൂര്യനേ....“പൊട്ടക്കാതനെങ്കിലും ചക്രവര്‍ത്തിയുടെ സൂചനകള്‍ മനസ്സിലാക്കേണ്ടതെങ്ങനെയെന്നറിയാവുന്ന ഭക്തി റാം ജയിന്‍ പറഞ്ഞു.

“അങ്ങനെയാണോ ഒരു രാജാവ് വളരേണ്ടത്, ഭക്തി റാം ജയിന്‍?” ചക്രവര്‍ത്തി ഒച്ചവച്ചു. പാത്രത്തില്‍ നിന്ന് വെള്ളം തെറിച്ചു. “അക്ഷരശൂന്യനായി, സ്വന്തം ചന്തി പൊത്തിപ്പിടിച്ച്, പ്രാകൃതനായി..- അതാണോ ഒരു രാജകുമാരന്‍...?”

“അങ്ങനെ തന്നെയാണ്, ബുദ്ധിമാന്മാരില്‍ വച്ച് ബുദ്ധിമാന്മാനായിട്ടുള്ളവനേ, നിരവധി മക്കളുടെ പിതാവും നിരവധി ഭാര്യമാരുടെ പ്രിയതമനുമായിട്ടുള്ളവനേ ലോകത്തിന്റെ ഏക ഭരണാധിപനേ, ഭൂമിഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനേ എല്ലാത്തിനെയും ഭരിക്കുന്നവനേ, ജീവനുള്ളവയെയെല്ലാം ഒരു കുടക്കീഴിലാക്കിയവനേ, പ്രകാശങ്ങളുടെ പ്രകാശമേ, ഇന്ത്യയുടെ താരമേ, തേജസ്വിയായ സൂര്യനേ, മനുഷ്യാത്മാക്കളുടെ യജമാനനേ, പ്രജകളുടെ ഏകാശ്രയമേ...” ഭക്തി റാം ജയിന്‍ പറഞ്ഞു.

“എന്റെ ചുണ്ടുകളിലെ വാക്കുകള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് അഭിനയിക്കുകയാണ്, നീ“ ചക്രവര്‍ത്തി ശബ്ദമുയര്‍ത്തി.

“അങ്ങനെ തന്നെയാണ്, പ്രവാചകരേക്കാള്‍ ഉള്‍ക്കാഴ്ചയുള്ളവനേ, നിരവധി മക്കളുടെ......”

“നമുക്ക് ഉച്ചസദ്യയ്ക്കുള്ള വിഭവമായി, കഴുത്തുമുറിക്കേണ്ട ഒരു കൊറ്റനാടാണു നീ, ” രാജാവ് അലറി.

“അങ്ങനെതെന്നെയാണ്, ദൈവത്തേക്കാള്‍ കാരുണ്യവാനായവനേ.. നിരവധി.......”

“നിന്റെ അമ്മ പന്നിയെയയിരിക്കും പ്രാപിച്ചത്, നിന്നെയുണ്ടാക്കാന്‍...”

“അങ്ങനെതന്നെയാണ്, വാഗ്മികളിലെല്ലാം വച്ച് ഏറ്റവും നല്ല വചോവിലാസം സ്വായത്തമാക്കിയവനേ, നിര-....”

“ സാരമില്ല.“ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചക്രവര്‍ത്തി പറഞ്ഞു. “നമുക്കിപ്പോള്‍ സുഖമുണ്ട്. പൊയ്ക്കോ ദൂരെ. നിനക്കു ജീവിക്കാം.”

- സല്‍മാന്‍ റഷ്ദി

* ഇസ്ലാമിലെ അവാന്തരവിഭാഗം
**ബാപ്പയുടെ അനുജന്റെ ഭാര്യ

No comments: