June 10, 2009
വിയര്‍പ്പും ചോരയും*
*A pint of sweat, saves a gallon of blood.- George S. Patton
1932 മാര്‍ച്ചു മാസത്തിലാണ് ഹിറ്റ്ലര്‍ക്കെതിരെ ആദ്യമായി ഒരു വധശ്രമം ഉണ്ടാവുന്നത്. ജര്‍മ്മനിയുടെ പരമാധികാരി ആവുന്നതിനും ഏതാണ്ട് ഒരു വര്‍ഷം മുന്‍പ്. ഹിറ്റ്ലര്‍ എന്താണ് എന്നു ലോകം മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നില്ല അന്ന്. എന്നിട്ടും അതുണ്ടായി. താന്‍ ജര്‍മ്മനിയുടെ രക്ഷകനാണെന്നും ദിവ്യമായ ഉദ്ദേശ്യങ്ങള്‍ തന്റെ പ്രവൃത്തികള്‍ക്കു പിന്നിലുണ്ടെന്നും ആത്മാര്‍ത്ഥമായി ഹിറ്റ്ലര്‍ വിശ്വസിച്ചിരുന്നതുപോലെ ഇയാള്‍ ലോകത്തിന്റെയും മനുഷ്യത്വത്തിന്റെയും ധൂമകേതുവാണെന്ന് തിരിച്ചറിഞ്ഞ ഒരു ഘടന സമാന്തരമായി ചരിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നറിയുന്നത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരദ്ഭുതമാണ്. ഹിറ്റ്ലറുടെ മരണത്തിനിടയ്ക്ക് 42 കൊലപാതകശ്രമങ്ങള്‍ ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഒന്നും ഫലം കണ്ടില്ല. കൂട്ടക്കൊലകള്‍ക്കും സര്‍വനാശത്തിനും ശേഷം ഹിറ്റ്ലര്‍ തന്നെ വേണ്ടി വന്നു അയാളുടെ ജീവനെടുക്കാന്‍.
അമേരിക്കക്കാരനായ റൊജര്‍ മൂര്‍ ഹൌസ് എഴുതിയ ‘കില്ലിംഗ് ഹിറ്റ്ലര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി ജോണ്‍ ടെയ്‌ലര്‍, നാഷണല്‍ ജ്യോഗ്രഫിക് ചാനലിനു വേണ്ടി സംവിധാനം ചെയ്ത ‘ഹിറ്റ്ലറെ കൊല്ലാനുള്ള 42 വഴികള്‍’ എന്ന ഡോക്യുമെന്ററി ആസുരമായ ഇരുണ്ടകാലങ്ങള്‍ ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ നിന്ന് മനുഷ്യന്റെ അസാധാരണമായ നീതിബോധത്തെയും ഇച്ഛാശക്തിയെയും എങ്ങനെ പ്രത്യക്ഷമാക്കുന്നു എന്നതിന് ചില തെളിവുകള്‍ മുന്നില്‍ വയ്ക്കുന്നുണ്ട്. നാസികള്‍ അധികാരത്തില്‍ വന്നതിന്റെ ഓര്‍മ്മയ്ക്കായി വര്‍ഷാവര്‍ഷം മ്യൂണിക്കില്‍ നടത്തുന്ന പരേഡിനു നേതൃത്വം നല്‍കി നടന്നു പോകുന്ന ഫ്യൂററെ വധിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ ചെറിയ ഒരു കൈത്തോക്കുമായി കാത്തു നിന്ന 22കാരനായ ഒരു ഫ്രെഞ്ച് സെമിനാരി വിദ്യാര്‍ത്ഥിയുടെതാണ് അതിലൊന്ന്. മെറിസ് പവോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ചില ക്രിസ്ത്യന്‍ സഭകളെ സംബന്ധിച്ചിടത്തോളം ഹിറ്റ്ലര്‍ അന്തിക്രിസ്തുവിന്റെ അവതാരമാണെന്ന വിശ്വാസം അപ്പോഴേയ്ക്കും പ്രചരിച്ചിരുന്നു. ഇതായിരിക്കാം പവോയെ പ്രേരിപ്പിച്ച ഘടകം. 1938 നവംബര്‍ 9-നായിരുന്നു പരേഡ്, അതുകാണാന്‍ തടിച്ചുകൂടിയ ആളുകളുടെ ഇടയിലൂടെ തിക്കി തിരക്കി പവോ മുന്നിലെത്തി കാത്തു നിന്നു. കൈയ്ക്കുള്ളിലൊതുങ്ങുന്ന വളരെ ചെറിയ തോക്കായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതുകൊണ്ട് അധികം ആരും ശ്രദ്ധിക്കില്ല. 25 അടി പരിധിയില്‍ വരുന്ന ലക്ഷ്യത്തെ മാരകമായി മുറിവേല്‍പ്പിക്കാന്‍ തക്ക കെല്‍പ്പുറ്റതായിരുന്നു ആ ആയുധം. പവോ നിരവധി തവണ പരിശീലനം നടത്തി ആത്മവിശ്വാസവും കൈയ്യാളിയിരുന്നു. പക്ഷേ ഫ്യൂറര്‍ അടുത്തെത്തിയപ്പോഴേയ്ക്കും ആവേശഭരിതരായ ജനം കൈകളുയര്‍ത്തി ‘ഹെയില്‍ ഹിറ്റ്ലര്‍’ വിളിച്ച് ‘സവിശേഷനായ ഇരയെ’ പവോയില്‍ നിന്ന് മറച്ചു. അങ്ങനെ ശ്രമം പാഴായി. തിരിച്ചുള്ള യാത്രയില്‍ തീവണ്ടിയില്‍ വച്ച് പരേഡു പോകുന്ന വഴി അടയാളപ്പെടുത്തിയ മാപ്പും ഉന്നം നിറച്ച തോക്കുമായി പവോ സംശയത്തിന്റെ പേരില്‍ അറസ്റ്റിലായി. അതിഭീകരമായ പീഡനത്തിനൊടുവില്‍ തന്റെ ലക്ഷ്യമെന്തായിരുന്നെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. പവോ ഗില്ലറ്റിനില്‍ കൊല്ലപ്പെട്ടു. പക്ഷേ നാസിദിനാഘോഷ പരേഡ് ആ വര്‍ഷത്തോടെ നിന്നു.
മ്യൂണിക്ക് ബ്യൂര്‍ഹാള്‍ സ്ഫോടനം ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗിയോര്‍ എല്‍സ എന്ന സാധാരണക്കാരനായ മരയാശാരിയുടെ കഥയാണ് മറ്റൊന്ന്. നാസിദിന അനുസ്മരണാഘോഷവുമായി ബന്ധപ്പെട്ടാണ് ആ സംഭവവും ചരിത്രത്തിലിടം നേടുന്നത്. ഹിറ്റ്ലര്‍ രാജ്യത്തെ നയിക്കുന്നത് നല്ല വഴിക്കല്ലെന്ന തോന്നല്‍ ശക്തമായിരുന്നു എല്‍സയ്ക്ക്. പ്രസംഗിക്കാനുള്ള പോഡിയത്തിനടുത്തുള്ള തൂണില്‍ മാരകശേഷിയുള്ള ടൈംബോംബ് സ്വയം നിര്‍മ്മിച്ച് വച്ചുകൊണ്ടാണ് അദ്ദേഹം ഫ്യൂററെ കൊല്ലാന്‍ ശ്രമിച്ചത്. അതിനായി പലരാത്രികളില്‍ പിന്‍ വാതിലിലൂടെ ഹാളിനകത്തു കടന്ന് ഇരുട്ടത്ത് തനിയെ, മരപ്പാളികളിളക്കിയും കണിശതയോടെ സംവിധാനങ്ങള്‍ ഉറപ്പിച്ചും എലിസ ജോലി ചെയ്തു. അദ്ദേഹം നിര്‍മ്മിച്ച ടൈംബോംബിന്റെ മെക്കാനിസം അസാധാരണമായ ഒന്നായിരുന്നു എന്ന് പറയപ്പെടുന്നു. 24 മണിക്കൂറിലധികം നേരത്തേയ്ക്ക് അത് സെറ്റ് ചെയ്തു വയ്ക്കാന്‍ കഴിയുമായിരുന്നുവത്രേ. 1939 നവംബര്‍ 8-ന് രാവിലെ 9 മണിമുതല്‍ 10 മണി വരെ നീളുന്ന ഫ്യൂററുടെ പ്രസംഗത്തിനിടയ്ക്ക് കൃത്യം 9.30-ന് സ്ഫോടനം ഉണ്ടാകത്തക്ക രീതിയിലാണ് എല്‍സ ബോംബ് വച്ചിരുന്നത്. എന്നാല്‍ എന്തുകൊണ്ടോ അന്ന് രാവിലെ ഹിറ്റ്ലര്‍ പരിപാടിയുടെ സമയം മാറ്റി. 9 മണിയുടെ പ്രസംഗം 8 മണിക്കാക്കി. ഹിറ്റ്ലര്‍ പ്രസംഗിച്ചു തീര്‍ന്ന് ഹാളുവിട്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹാളിന്റെ മേല്‍ക്കൂര പോലും തകര്‍ത്തുകൊണ്ട് എല്‍സയുടെ ബോംബ് കൃത്യസമയത്ത് പൊട്ടി. ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും മുന്‍പന്തിയിലായിരുന്ന ജര്‍മനിയുടെ അതിര്‍ത്തിസേന സ്വിസ് അതിര്‍ത്തിയില്‍ വച്ച് എല്‍സയെ കൃത്യമായ തെളിവുകളോടെ പിടിച്ച് വിവരങ്ങളെല്ലാം ഇഞ്ചോടിഞ്ച് ഊറ്റിയെടുത്തശേഷം വെടിവച്ചുകൊന്നു.
ആത്മഹത്യാസ്ക്വാഡിനെക്കുറിച്ച് കേട്ടുകേഴ്വിപോലുമില്ലാതിരുന്ന കാലത്താണ് ഹിറ്റ്ലറുടെ സ്വന്തം കേണല്‍ ഗര്‍സ് ഡോര്‍ഫ് രണ്ടു ടൈംബോംബുകളും ഓവര്‍ക്കോട്ടിന്റെ കീശയിലിട്ട്, റഷ്യയില്‍ നിന്ന് ജര്‍മ്മന്‍ സേന പിടിച്ചെടുത്ത ആയുധങ്ങള്‍ കാണാന്‍ വരുന്ന ഫ്യൂററെ സ്വീകരിക്കാന്‍ ബര്‍ലിന്‍ ആയുധശാലയില്‍ പോയത്. ഹിറ്റ്ലറെ കൊല്ലാനുള്ള ഏതു ശ്രമമെന്നല്ല സേവനം തന്നെയും എല്ലാ അര്‍ത്ഥത്തിലും ആത്മഹത്യയാണ്. അപ്പോള്‍ ഗര്‍സ് ഡോര്‍ഫിന്റെ തീരുമാനത്തില്‍ അതിശയോക്തിയില്ല.15 മിനിട്ട് ഹിറ്റ്ലര്‍ ആര്‍മറിയില്‍ ചെലവഴിക്കും എന്നായിരുന്നു കിട്ടിയ വിവരം. അന്ന് വല്ലാതെ അസ്വസ്ഥനായിരുന്ന ഹിറ്റ്ലര്‍ രണ്ടു മിനിട്ട് കഷ്ടിച്ച് അവിടെ ചെലവഴിച്ചെന്നു വരുത്തിയശേഷം സ്ഥലം വിട്ടു. അങ്ങനെ ആ ശ്രമം പാളി. ആരും അറിയാത്ത ഈ കഥ പിന്നീട് കേണല്‍ ക്ലോസ് ഫിലിപ്പ് സ്റ്റോഫന്‍ബര്‍ഗിന്റെ ഹിറ്റ്ലര്‍ വധാസൂത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പൊങ്ങി വന്നത്. ‘ഓപ്പറേഷന്‍ വല്‍ക്രി’ എന്നാണ് സ്റ്റോഫന്‍ബര്‍ഗ് തന്റെ പ്രോജക്ടിനു നല്‍കിയ പേര്. യുദ്ധം നടക്കുന്നിടങ്ങളില്‍ അദൃശ്യരായ സുന്ദരികള്‍ രാത്രികാലങ്ങളില്‍ ആകാശത്തു നിന്നും ഇറങ്ങി വരും എന്നൊരു വിശ്വാസമുണ്ട് ജര്‍മ്മനിയില്‍. തണുത്ത വെളുപ്പാന്‍ കാലത്ത് അന്നു മരിക്കേണ്ട പടയാളികളെ ചുംബിച്ചിട്ട് അവര്‍ മടങ്ങിപ്പോകുമത്രേ. അവരാണ് വല്‍ക്രികള്‍. പഴുതടച്ചുള്ള ഒരു കൊലപാതകശ്രമമാണ് സ്റ്റോഫന്‍ബര്‍ഗ് പ്ലാന്‍ ചെയ്തത് എന്നതുകൊണ്ട് ‘ഹിറ്റ്ലറുടെ മരണദൂതിക’ എന്ന അര്‍ത്ഥത്തില്‍ ഈ പേര് അര്‍ത്ഥഗര്‍ഭമാണ്. പക്ഷേ യാദൃച്ഛികത അതല്ല, ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ക്കെതിരെ വിപ്ലവത്തിനുള്ള സാദ്ധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട് അഡ്‌മിറല്‍ കാനറീസും ജനെറല്‍ ഓള്‍ ബ്രൈറ്റും കൂടിച്ചേര്‍ന്ന് കോഡുഭാഷയില്‍ ഒരു പ്രോജക്ട് തയാറാക്കി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഭ്യന്തരകാര്യാലയത്തില്‍ സൂക്ഷിച്ചിരുന്നു. അതിനു കൊടുത്തിരുന്ന പേരും ‘വല്‍ക്രി’ എന്നായിരുന്നു. ആഭ്യന്തരകലാപമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ അടിയന്തിരമായി ചെയ്യേണ്ടതെന്തെന്നു വിശദീകരിക്കുന്ന രേഖ തയ്യാറാക്കിയ ഓള്‍ബ്രൈറ്റ് തന്നെയാണ് സ്റ്റോഫന്‍ബര്‍ഗിനെ സഹായിച്ചുകൊണ്ട് ഓപ്പറേഷന്‍ വല്‍ക്രിയ്ക്കുവേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തത്!
‘വല്‍ക്രി’ പൊളിഞ്ഞു. വുള്‍ഫ്‌ലെയര്‍ എന്ന രഹസ്യ സങ്കേതത്തില്‍ വച്ചു റഷ്യന്‍ യുദ്ധമുന്നണിയില്‍ നടത്തേണ്ട നീക്കങ്ങളെപ്പറ്റി ആലോചിക്കാന്‍ ഹിറ്റ്ലര്‍ വെളിച്ചു ചേര്‍ത്ത യോഗത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടിനൊപ്പം രണ്ടു ടൈംബോംബുകളുകൂടി സ്റ്റോഫന്‍ബര്‍ഗ് ബാഗിനുള്ളില്‍ വച്ചു. പക്ഷേ ഭൂഗര്‍ഭ അറയില്‍ കൂടേണ്ട യോഗം അവസാന നിമിഷം തുറസ്സായ സ്ഥലത്തേയ്ക്കു മാറ്റിയപ്പോള്‍ ബോംബിന്റെ ഫ്യൂസ് പ്രവര്‍ത്തനനിരതമാക്കാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചില്ല. എന്നിട്ടും സഹായിയായ വെര്‍ണര്‍ ഹെഫ്റ്റനോടൊപ്പം യൂണിഫോം ശരിയാക്കാന്‍ എന്ന മട്ടില്‍ മുറിയില്‍ കയറി കഷ്ടിച്ച് ഒരു ബോംബിന്റെ ഫ്യൂസ് ശരിയാക്കിയപ്പോഴേയ്ക്കും വാതിലില്‍ തട്ടു കേട്ടു. അതുകൊണ്ടു ഒന്നു മതിയെന്നു വച്ച് മറ്റേ ബോംബ് ഹെഫ്റ്റന്റെ ബാഗിലൊളിപ്പിച്ച് സ്റ്റോഫന്‍ബര്‍ഗ് കോണ്‍ഫറന്‍സ് നടക്കുന്നിടത്തേയ്ക്കു പോയി. ബാഗ് ഹിറ്റ്ലര്‍ കുനിഞ്ഞു നിന്ന് മാപ്പു പരിശോധിക്കുന്ന മേശയുടെ കീഴില്‍ വച്ചു. തിരക്കിട്ടു പുറത്തിറങ്ങി. ഫ്യൂററുടെ വാക്കുകളില്‍ ശ്രദ്ധിച്ചു നിന്ന കേണല്‍ ബ്രാന്‍ഡ് കാലില്‍ തട്ടിയ ബാഗെടുത്ത് അല്പം അകലെ മേശയുടെ താങ്ങു തടിയ്ക്കപ്പുറത്തായി വച്ചു. അതായിരുന്നു ആകസ്മികത. ആ കനത്ത താങ്ങു തടിയാണ് ഹിറ്റ്ലറെ രക്ഷിച്ചത്. സ്ഫോടനം നടന്നു. നാലുപേര്‍ മരിച്ചു. അന്നു രാത്രി ഒരുമണിക്കുള്ള റേഡിയോ പ്രക്ഷേപണത്തില്‍ ഹിറ്റ്ലര്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. തനിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. വിധിയുടെ ദിവ്യമായ ഉത്തരവാദിത്വമാണ് തന്റെ ചുമലിലുള്ളത് എന്നതിന്റെ തെളിവാണത്. എന്നാല്‍ ഇതു ചെയ്തവരെ നമുക്കു യോജിച്ച രീതിയില്‍ നമ്മള്‍ തകര്‍ക്കും.
എഫ് ബി ഐയുടെ സഹായത്തോടെ അമേരിക്കയില്‍ വച്ച് റോജര്‍ മൂര്‍ ഹൌസ് ഓപ്പറേഷന്‍ വല്‍ക്രി അന്നുപയോഗിച്ച അതേ ബോംബുകളും രക്തമൊഴുക്കിന്റെയും മുറിവുകളുടെയും നിലയറിയാന്‍ അകത്ത് ഐസ്ക്രീം നിറച്ച മാനിക്വിനുകളും ഉപയോഗിച്ച് പുനഃസൃഷ്ടിച്ചു. ബോംബിന്റെ ഫ്യൂസ് പ്രവര്‍ത്തനക്ഷമമാക്കുന്ന വേളയില്‍ കതകില്‍ തട്ടി വിളിക്കാതിരുന്നെങ്കില്‍ സ്റ്റോഫന്‍ബര്‍ഗ് കൈയ്യിലുണ്ടായിരുന്ന രണ്ടും ബോംബും ബാഗിലെടുത്തു വച്ച് ഉപയോഗിക്കുമായിരുന്നു. എങ്കില്‍ മേശതാങ്ങിയുടെ സംരക്ഷണത്തില്‍ ഹിറ്റ്ലര്‍ അന്ന് രക്ഷപ്പെടുമായിരുന്നില്ല എന്ന നിഗമനത്തിലാണവര്‍ എത്തിയത്. അങ്ങനെ ‘വല്‍ക്രി’ ഹിറ്റ്ലറുടെ മരണ ദൂതിയായില്ല. പക്ഷേ അവള്‍ ഒരുപാടു പേരെ ചോരച്ചുണ്ടുകള്‍ കൊണ്ട് ഉമ്മവച്ചു. നിരവധി സൈന്യാധിപന്മാര്‍ ആത്മഹത്യ ചെയ്തു. 157 ഓഫീസര്‍മാരെയും അയ്യായിരത്തിലധികം ഉന്നതസ്ഥാനീയരെയും കൊലയ്ക്കു കൊടുത്തു. അതിഭീകരമായിട്ടാണ് അവരില്‍ പലരെയും കൊന്നത്, അറവുശാലയിലെ കമ്പികളില്‍ കൊരുത്തിട്ട്. അവരുടെ കൊടുംയാതന ഫിലിമിലാക്കി എസ് എസ് (ഷുട് സ്റ്റാഫന്‍) ഹിറ്റ്ലര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. ‘വല്‍ക്രി’ നടപ്പായിരുന്നെങ്കില്‍ പത്തുമാസം മുന്‍പ് രണ്ടാം ലോകയുദ്ധം അവസാനിച്ചേനേ, എങ്കില്‍ ഒരു കോടിയിലധികം മനുഷ്യജീവന്‍ രക്ഷപ്പെടുമായിരുന്നു. അപ്പോള്‍ അതിനും മുന്‍പ് പവോയുടെയോ എല്‍സയുടെയോ ശ്രമം വിജയിച്ചിരുന്നെങ്കിലോ? കൂട്ടക്കൊലകളും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും എത്ര ഒഴിവായേനേ..
ആലോചിക്കുമ്പോള്‍ ഹിറ്റ്ലറുടെ വാദത്തില്‍ കഴമ്പുണ്ടായിരുന്നില്ലേ എന്ന് ആര്‍ക്കും സംശയം തോന്നും. താന്‍ അതിമാനുഷനാണെന്ന വാദത്തില്‍. പ്രവചനാതീതമായ ശക്തി തന്റെ പ്രവൃത്തികള്‍ക്കു പിന്നിലുണ്ടെന്ന വാദത്തില്‍. അല്ലെങ്കില്‍ ഈ ആകസ്മികതകളുടെ അര്‍ത്ഥമെന്താണ്? അനുഭവങ്ങള്‍ക്ക് ഘടനയുണ്ടെന്ന് വിചാരിക്കാനുള്ള ചില പഴുതുകള്‍ ഇങ്ങനെയാണു തുറന്നു വരുന്നത്. അതിമാനുഷപ്രഭാവത്തിന്റെ പിന്നാമ്പുറത്ത് ഒരു കോമാളി നിഴലിനെ കൂടെ നടത്തി വിടുകയായിരുന്നു, കാലം. ഈ കളികളുടെയൊക്കെ ആകെ വില കോടിക്കണക്കിനു മനുഷ്യജീവന്‍ ആയിരുന്നുവെങ്കിലും. സമാധാനത്തിനുള്ള എല്ലാ കാര്യങ്ങളും സ്റ്റാലിന്‍ ഒരുക്കി വച്ചിട്ടും റഷ്യ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ എടുത്തുച്ചാട്ടത്തിലുമുണ്ടായിരുന്നില്ലേ ഈ ആകസ്മികത? റഷ്യന്‍ ആക്രമണം ആറാഴ്ച വൈകിയാണ് ഹിറ്റ്ലര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞത്. (ആക്രമണത്തിനുള്ള തീയതി ഹിറ്റ്ലര്‍ നിശ്ചയിച്ചു വച്ചിരുന്നത് 1941 മെയ് 15, മുസ്സോളിനിയ്ക്ക് ഗ്രീസില്‍ സഹായം നല്‍കാനായി പോയതുകൊണ്ട് ആക്രമണം തുടങ്ങാന്‍ പറ്റിയത് ജൂണ്‍ 22 ന്.) മോസ്കോയ്ക്ക് 25 മൈല്‍ അടുത്തെത്തിയ ജര്‍മ്മന്‍ സൈന്യത്തെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ആ വര്‍ഷം ശൈത്യം നേരത്തെ വന്നു. മൈനസ് 40 ഡിഗ്രിയുമായി! തന്റെ മരണത്തിനു തൊട്ടു മുന്‍പ് ആധുനിക ജര്‍മ്മനിയുടെ സ്ഥാപകനായി അറിയപ്പെടുന്ന പ്രഷ്യന്‍ രാജാവ് ഫെഡറിക്കിന്റെ ചിത്രത്തിനു മുന്നില്‍ നിന്നുകൊണ്ട് ഹിറ്റ്ലര്‍ ‘ആ ആറാഴ്ചകള്‍ തിരിച്ചു തരിക’ എന്നു വിതുമ്പിയതായി ഒരു കഥയുണ്ട്.
ചരിത്രമെന്നത് ആകസ്മികസംഭവങ്ങളുടെ ആകത്തുകയല്ലാതെ മറ്റെന്താണ്?
Subscribe to:
Post Comments (Atom)
12 comments:
വാല്‍ക്രി സിനിമ കണ്ടിരുന്നു..:(
ആകസ്മികതയാകാം, പാറ്റണെക്കുറിച്ചുള്ള സിനിമ കണ്ടു തുടങ്ങി, ഇന്നലെ
ചരിത്രത്തിലെ ആകസ്മികതകളെക്കുറിച്ചുള്ള ഈ എഴുത്ത് നന്നായി.
വിധിയുടെ ദിവ്യമായ ഉത്തരവാദിത്വമാണ് തന്റെ ചുമലിലുള്ളത് എന്നതിന്റെ തെളിവാണത്.
ഹിറ്റ്‌ലറുടെ ഈ വരി വായിച്ചപ്പോള്‍ മതങ്ങളെയും ഫാസിസ്റ്റ് പാര്‍ട്ടികളേയും ഒക്കെ ഓര്‍മ്മ വന്നു. കഴിഞ്ഞ പോസ്റ്റിലെ പോലെ താങ്കളുടെ നിരീക്ഷണങ്ങള്‍ പക്ഷപാതപരമാനെന്നു പറഞ്ഞ് ആരെങ്കിലും വന്നേയ്ക്കും.
എന്തൊക്കെ വിഷയങ്ങളാണു മനുഷ്യാ താങ്കള്‍ക്ക് എഴുതാന്‍
ചരിത്രത്തിലെ ആകസ്മികതകള്‍,
വ്യക്തി ജീവിതത്തില്‍ വിധിയെന്നോ മറ്റോ
പറയാന്‍ തോന്നുന്ന പോലെയുള്ള
നിഗൂഡമായ എത്ര വിസ്മയങ്ങള്‍!
ഈ എഴുത്തിനു ഒരു സലാം.
നല്ലതിനോ ചീത്തയ്ക്കോ ആകട്ടെ...ഹിറ്റ്ലര്‍ അമാനുഷികന്‍ തന്നെയായിരുന്നു !!
എന്തൊക്കെ വിഷയങ്ങളാണു മനുഷ്യാ താങ്കള്‍ക്ക് എഴുതാന്‍.. :)
ഹെയില്‍ വെള്ളേ
പരിചയപ്പെടുത്തലിന് നന്ദ്
ചരിത്രമെന്നത് ആകസ്മിക സംഭവങ്ങളുടെ ആകെത്തുകയാണോ വെള്ളെഴുത്തേ?
(ആകസ്മികമെന്നതുപോലും തോന്നലല്ലേ? കൃത്യമായ കാരണങ്ങളില്ലേ ഈ പറയുന്ന ആകസ്മികതക്കുപോലും).
ചരിത്രത്തിനു കൃത്യമായ കാരണങ്ങളും, ഗതിവിഗതികളുമുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എങ്കിലും കുറിപ്പ് ശ്രദ്ധേയം.
അഭിവാദ്യങ്ങളോടെ
ഈ അടുത്താണ് ഗീബല്‍സ് ന്റെ പ്രസംഗങളുടെ ഒരു ബൂക്ക് വായിച്ചെ.. ഹിറ്റ്ലെറിനെ പുക്ഴ്ത്തി പുകഴ്ത്തി..
രാജീവേ, ഉത്പാദനശക്തികളെയും ഉത്പാദനബന്ധങ്ങളെയും പറ്റി സ്വരൂപിച്ചിട്ടുള്ള പ്രാഥമികധാരണ
അങ്ങനെ ആകസ്മികതകളുടെ പട്ടികയില്‍ വലിച്ചിടാനുള്ളതല്ല ചരിത്രം എന്ന് പറഞ്ഞു തരാതിരിക്കുമോ? ഊണുകഴിക്കുന്നവനോട് ആഹാ ഊണുകഴിക്കുകയാണോ എന്നു ചോദിക്കും പോലെ ചില സമയങ്ങളില്‍ സാമാന്യബോധത്തെ ഒന്നിറക്കി വച്ചുകഴിഞ്ഞാല്‍ ചില സുഖങ്ങളൊക്കെയുണ്ട്. അത്രേയുള്ളൂ.
*A pint of sweat, saves a gallon of blood.- George S. Patton
mmmmmmmmm... GooD work
Interesting..
"സാമാന്യബോധത്തെ ഒന്നിറക്കി വച്ചുകഴിഞ്ഞാല്‍ ചില സുഖങ്ങളൊക്കെയുണ്ട്. അത്രേയുള്ളൂ"
സാമാന്യബോധത്തെ (തത്കാലത്തേക്കല്ല) എന്നന്നേക്കുമായിത്തന്നെ ഇറക്കിവെക്കാന്‍ കഴിഞ്ഞാല്‍ ‘ചില്ലറ സുഖ’മൊന്നുമല്ല. പെരുത്തു സുഖം തന്നെയാണ്. സംശല്ല്യ :)
രാജീവ്, വിമര്‍ശനാത്മകമല്ലാതെയും അബോധപൂര്‍വവും വ്യക്തി ലോകത്തെ ഗ്രഹിക്കുന്ന രീതിയെയാണ് ഗ്രാംഷി സാമാന്യബോധം എന്നു വിശേഷിപ്പിച്ചത്.
ഇതു ഞാന്‍ തന്നെ താങ്കളുടെ പോസ്റ്റിനെഴുതിയ ഒരു കമന്റാണ്.. ഓര്‍മ്മയുണ്ടല്ലോ അല്ലേ..കുഴിയാനയിലും കൊമ്പനാനയിലും ആനയുള്ളതുകൊണ്ട് ആനയെന്നേ പറയാന്‍ പാടില്ലെന്ന് അര്‍ത്ഥമുണ്ടാവുന്നത് ശരിയാണോ?
:)
Post a Comment