August 26, 2008

വേഗത പോരാ പോരാ

ഹെല്‍മറ്റു വയ്ക്കാന്‍ ‘സര്‍ക്കാര്‍’ ജനങ്ങളെ നിര്‍ബന്ധിച്ചത് ലോകത്തിലെ എറ്റവും ദാരുണമായ മരണം തലതകര്‍ന്നുള്ളതാണെന്ന ബോധം ആവേശിച്ചിട്ടാണെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ഒരു ശക്തിയ്ക്കും ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. മുന്‍ ഗതാഗത വകുപ്പു മന്ത്രി ആ വകുപ്പില്‍ ഹെല്‍മറ്റു നിര്‍മ്മാതാക്കളില്‍ നിന്ന് പണം കുറേ പറ്റിയെന്നൊരു ആരോപണം കിംവദന്തിയായി പാറിക്കളിച്ചു നടപ്പുണ്ടായിരുന്നു, അന്തക്കാലങ്ങളില്‍. കാലവും സര്‍ക്കാരിന്റെ കോലവുമൊക്കെ മാറിയിട്ടും നിര്‍ബന്ധങ്ങള്‍ക്കും പിഴയടിക്കലിനും യാതൊരു കുറവും വന്നിട്ടില്ല. നടപ്പുദീനം പോലെ അതൊരു ദിവസമിങ്ങുവരും. ഹെല്‍മറ്റു വിരുദ്ധ ഇരുചക്രവാഹനക്കാരുടെ നോട്ടീസു പറയുന്നത്, മന്ത്രിമാര്‍ മാത്രമല്ല, പിഴയിടാനായി ഇരുട്ടു വാക്കില്‍ കയറി ഒളിഞ്ഞു നിന്നിട്ടു പെട്ടെന്ന് ചാടി വീണ് മനുഷ്യരെ പേടിപ്പിക്കുന്ന പോലീസുകാരും ആവശ്യത്തിനു പണമുണ്ടാക്കിയെന്നാണ്. ഒരു ഉദ്യോഗസ്ഥന്‍ അതു വച്ച് പണിതത് രണ്ടു നില കെട്ടിടമാണത്രേ. അതും മണ്ണിന് പൊന്നും വിലയുള്ളിടത്ത്. അത് അതിശയോക്തിയായിരിക്കും. ‘തെല്ലതിന്‍ സ്പര്‍ശമില്ലാതില്ല, അലങ്കാരമൊന്നുമേ’. എങ്കിലും തീയുള്ളിടത്തല്ലേ പുകയുണ്ടാവൂ. കാറ്റുള്ളിടത്തൊക്കെ വേലി കെട്ടാന്‍ പറ്റുമോ എന്നു ചോദിച്ചാലെങ്ങനാ? കേരളത്തിലെ ഇരു ചക്രവാഹനക്കാരുടെ കോഴിത്തലകള്‍ നമ്മുടെ സ്വന്തം കരിനിരത്തുകളിലെ ഗട്ടറുകളിലും കണക്കും കയ്യുമില്ലാതെ പണിതുവച്ചിരിക്കുന്ന ബമ്പ്, ഹമ്പ് (രണ്ടും പറയാം!) ഇത്യാദികളില്‍ വീണും കയറിയിടിച്ചും മുട്ടപോലെ ഉടയുന്നതില്‍ കുണ്ഠിതപ്പെട്ട് ഒരു സാധുമനുഷ്യന്‍ കൊടുത്ത ഹര്‍ജിയില്‍ കോടതി നേരിട്ടെടുത്ത തീരുമാനമാണ്, ഏറ്റവും അവസാനത്തെ ഹെല്‍മറ്റ് നിര്‍ബന്ധനിയമം. അതുകൊണ്ട് മുന്‍ തവണത്തെപ്പോലെ സ്വന്തം തലകളില്‍ അമിതമായ ഉത്കണ്ഠയില്ലാത്ത ഏട്ടകളുടെ ചുളിഞ്ഞ നെറ്റി ഗതാഗത വകുപ്പു മന്ത്രിയ്ക്കു നേരെ ഇക്കുറി ഉയര്‍ന്നില്ല. നിയമകാര്യവകുപ്പായിരുന്നു ശബ്ദവും വെളിച്ചവുമില്ലാതെ കയ്യാങ്കളി സ്പോണ്‍സര്‍ ചെയ്തത് മൊത്തം. “ഉണ്ട്. കേരളത്തിലെ ഇരുചക്രമോട്ടോര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന 90% ആളുകളും ഹെല്‍മറ്റ് ധരിക്കുന്നുണ്ട്” എന്ന് സംസ്ഥാനത്തിലെ പോലീസ് മേധാവിയെ വിളിച്ചു വരുത്തി കോടതി സത്യവാങ്മൂലം എഴുതി വാങ്ങിക്കുകയും ചെയ്തു. ആ ഒരൊറ്റ ബലത്തിനുവേണ്ടിയാണ് ഗുണമേന്മയുള്ള തലമൂടികള്‍ വിപണിയിലുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ രണ്ടു ദിവസത്തിനകം എല്ലായെണ്ണവും ഇരിപ്പു തൊപ്പി വച്ച് തലചിതറാതെ ഓടിക്കോണം എന്ന് പോലീസ് കല്‍പ്പിച്ചത്.

തിരുവനന്തപുരത്തെ തകരപ്പരമ്പില്‍ കൊണ്ടു പിടിച്ച കച്ചവടമായിരുന്നു. തൊപ്പികളെല്ലാം വിറ്റു തീര്‍ന്ന ദിവസം പോലീസെത്തി ഒരു കടയടപ്പിച്ചു. ചാര്‍ജ് ഒന്ന്. നിലവാരമില്ലാത്ത തൊപ്പി കണക്കില്ലാതെ വിറ്റു. ചാര്‍ജ് രണ്ട്. അമിതമായ വില ഈടാക്കി. ജനം അതും കണ്ടു കൈയടിച്ചു. പോലീസുകാരുടെ ഒരു ശുഷ്കാന്തി! നഗരത്തില്‍ ഹെല്‍മറ്റ് കിട്ടാനില്ലാത്തതുകൊണ്ട് സ്വന്തം നിലയ്ക്ക് അവധി രണ്ടു ദിവസം കൂടി നീട്ടി നല്‍കിയതിന്റെ പേരില്‍ ഒരു കമ്മീഷ്ണര്‍ പിന്നെ കമ്മീഷ്ണറേ അല്ലാതായി. വേറെയാളു ഉടനെ ചാര്‍ജെടുത്തു. നമ്മളാകെ കുഴമറിഞ്ഞു പോകുന്ന പരിണതികളാണിതൊക്കെ. ചിലടത്ത് കാര്യങ്ങള്‍ അതിവിളംബിതകാലത്തില്‍, ചിലടത്ത് കാര്യങ്ങള്‍ അതിദ്രുതകാലത്തില്‍ ! ഒരു നിശ്ചയമില്ലൊന്നിനും. സാമാന്യനിയമത്തിന്റെ കുറ്റിയില്‍ ഭരണകാര്യങ്ങളെ പിടിച്ചുകെട്ടാനൊക്കത്തില്ല. കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് നിയമങ്ങള്‍ ഹനുമാന്‍ ചാട്ടങ്ങള്‍ ചാടുന്നത്. അടുത്ത ചാട്ടത്തിന് കൃത്യം നമ്മുടെ തലയില്‍ തന്നെ. എന്തൊരദ്ഭുതം!

കുറച്ചു പഴകി പോയ കാര്യത്തെ ഓര്‍മ്മയിലിട്ട് പൊടിതട്ടിയത്, ‘ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റില്‍ സാരി ഉടുത്തുള്ള യാത്ര നിരോധിക്കണം’ എന്ന് ഹൈക്കോടതി നിര്‍ദ്ദേശം രണ്ടു ദിവസം മുന്‍പുള്ള പത്രത്തില്‍ കണ്ടതു കൊണ്ടാണ്. ‘സ്ത്രീകള്‍ വശം തിരിഞ്ഞ് ഇരിക്കാന്‍ പാടില്ല‘ എന്നാണ് മറ്റൊരു നിര്‍ദ്ദേശം. രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് (നാം രണ്ട് നമുക്ക് രണ്ട് കുടുംബങ്ങള്‍ ഇനിയെന്തോ ചെയ്യും?) കര്‍ശനമായി തടയണം. പിന്‍ സീറ്റ് യാത്രികര്‍ക്ക് രണ്ടു വശവും പിടി വേണം. ആക്ട് ഒണ്‍ലി ഇന്‍ഷ്വറന്‍സ് പോളിസിയില്‍ പിന്നില്‍ യാത്ര ചെയ്യുന്ന ആളിനും പരിരക്ഷ ഉറപ്പാക്കണം. നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്തു നിയമമുണ്ടാക്കിയാലും ‘ഒവ്വ’ എന്നും പറഞ്ഞു നടക്കുന്ന താന്തോന്നികള്‍ക്ക് വെറും പിഴയെന്ന പിച്ചു പോരാ, വാഹനം പിടിച്ചെടുക്കുക, ലൈസന്‍സ് റദ്ദാക്കുക അല്ലെങ്കില്‍ തടഞ്ഞു വയ്ക്കുക തുടങ്ങിയ ചുട്ട അടിയാണ് ശിക്ഷ. അതോടെ പാഠം പഠിച്ചോളും. ആറാഴ്ചത്തെ സമയത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി, നടപടികള്‍ അറിയിക്കാനാണ് കേന്ദ്ര ഗതാഗത നിയമമന്ത്രാലയങ്ങളോടും സംസ്ഥാനസര്‍ക്കാരിനോടുമുള്ള കോടതി ഉത്തരവ്.

ഹെല്‍മറ്റ് ഉത്തരവ് ശുഷ്കാന്തിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അപ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപടികളാവാന്‍ ആറാഴ്ചത്തെ സമയതാമസമെന്തിന് എന്ന് കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ആരാഞ്ഞോണ്ടാല്‍ മാത്രം മതി! വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കാലിടിച്ച് പരിക്കുപറ്റിയ സൂസമ്മ തോമസ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ കനിഞ്ഞനുവദിച്ചു കൊടുത്ത തുക കൂട്ടിക്കിട്ടാന്‍ വേണ്ടി കൊടുത്ത ഹര്‍ജിയ്ക്കുമേലെയുള്ള തീരുമാനമാണിത്. എന്നിട്ട് കിട്ടിയോ? വാദി പ്രതിയായി. വണ്ടിയിടിച്ച കുറ്റം സ്വന്തം തലയിലുമായി. സൌദി ഗവണ്മെന്റ് കുറച്ചുനാള്‍ മുന്‍പ് ഉയര്‍ന്ന മടമ്പുള്ള ചെരിപ്പുകള്‍ സ്ത്രീകള്‍ ധരിക്കാന്‍ പാടില്ലെന്നു പറഞ്ഞ് നിരോധിച്ചിരുന്നു. കാലുളുക്കി ആരോഗ്യപ്രശ്നങ്ങള്‍, ( ഹേയ് അശ്ലീലപ്രശ്നം ഒട്ടുമില്ല!) സൌദിയിലെ സ്ത്രീത്വത്തിനുണ്ടാവുന്നതിനെതിരേ സര്‍ക്കാര്‍ ജാഗരൂകരായതാണ് സംഭവം! ഇവിടെയും അങ്ങനെയൊക്കെ തന്നെ. സാരിത്തുമ്പ് വീലില്‍ കുരുങ്ങാതിരിക്കാനാണ് സാരിയേ വേണ്ടെന്നു പറയുന്നത്. പുതിയ വസ്ത്രങ്ങള്‍ ശീലിക്കണം. കാലം മാറുകയാണ്. ട്രിബ്യൂണലിനു കൈകഴുകാനാണ് ഇന്‍ഷ്വറന്‍സ് കൊണ്ട് ചെന്ന് നേരത്തേ അടയ്ക്കാന്‍ പറയുന്നത്. (അവരു തിരിച്ചു തരുന്നതൊക്കെ ഒരു വകയാണ്. അങ്ങോട്ടു കൊടുത്താല്‍ മതി. പുത്തന്‍ കൂറ്റുകാര്‍ക്ക് ജീവിക്കണ്ടേ ഹേ?) വണ്ടി ചരിയാതിരിക്കാനാണ് കാലു രണ്ടു വശത്തുമിട്ടിരിക്കാന്‍ പറയുന്നത്. ( സൌകര്യം കുന്തമാണ്. രണ്ടു വശത്തേയ്ക്കും കാലിട്ടിരുന്നാല്‍ നട്ടെല്ലിനു ആയാസമേറും. നട്ടെല്ലുള്ളവരതിനെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ പോരേ?) കാറു വാങ്ങിക്കാന്‍ വേണ്ടിയാണ് (അല്ലെങ്കില്‍ ഒറ്റയെണ്ണം ലോണെടുക്കില്ലെന്നേ) ഒന്നിലധികം സന്തതികളെ ദ്വിചക്ര വണ്ടിയില്‍ കൊണ്ടു പോകരുതെന്നു പറയുന്നത്. സൌകര്യവും അന്തസ്സും ആ നിലക്ക് ഉയരുകയല്ലേ ഉള്ളൂ, എങ്ങാനും കുറയുമോ?

തെക്കുവടക്കു പാതയും നാനോകാറും അഗ്രസ്സീവ് ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും സെസ്സും ഒക്കെക്കൊണ്ട് നാടു പുരോഗമിക്കുമ്പോള്‍ നിയമങ്ങളും പുരോഗമിക്കണം. അതിന് ആറാഴ്ചയൊക്കെ അതി ഭയങ്കരമായ കാലവിളംബമാണ്. പോരാ. നമ്മള്‍ കുറച്ചുകൂടി ഫാസ്റ്റാവാനുണ്ട്.

18 comments:

ജയരാജന്‍ said...

വെള്ളെഴുത്തിനോട് മുഴുവനായും യോജിക്കാന്‍ പ്രയാസമുണ്ട്. മനുഷ്യജീവന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ നാം  പഠിക്കേണ്ടിയിരിക്കുന്നു. ചിലവേറുമെന്നു കരുതി അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ നല്ലത് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നതല്ലേ?
ഓ. ടോ: ഈ മുഴുവന്‍ ലിങ്കും കൊടുക്കാമായിരുന്നു: (http://squash2scotch.blogspot.com/2007/03/warning.html) :)

അയല്‍ക്കാരന്‍ said...

വേഗത പോരെന്ന വിലയിരുത്തലിനോട് നൂറു വട്ടം യോജിപ്പ്. ഹെഡ് ലൈറ്റിനു നടുവില്‍ കറുത്ത പൊട്ടില്ലാത്തതിന്‍റെ പേരില്‍ കാശു പിടുങ്ങിയിട്ടുണ്ട് ലോക്കല്‍ ഏമാന്മാര്‍. പക്ഷെ ഹെല്‍മെറ്റിനെയോ സാരിവിരോധത്തെയോ അങ്ങനെ കാണേണ്ടതുണ്ടോ? സാരി അശ്ലീലമാണ് എന്നൊരു കാഴ്ചപ്പാട് സര്‍ക്കാരിനൊ കോടതിക്കോ ഉള്ളതായി തോന്നുന്നുമില്ല

ഹൈ ഹീല്‍ഡ് ചെരുപ്പുകളുടെ ചെരുപ്പുകളുടെ കാര്യത്തില്‍ സൌദി സര്‍ക്കാര്‍ പറഞ്ഞതല്ലേ ശരി? പെണ്‍കുട്ടികള്‍ക്ക് ഡെങ്കിപ്പനി പിടിക്കാതിരിക്കാന്‍ മുട്ടിനു താഴെ ഇറക്കമുള്ള പാവാട ഇടണമെന്ന് പണ്ട് ദെല്‍ഹി സര്‍ക്കാരും പറഞ്ഞിരുന്നു. :)

എതിരന്‍ കതിരവന്‍ said...

സ്വന്തം വസ്ത്രം ശത്രുവായി മാറുന്ന സ്ഥിതി.
ചൂഡീദാറിന്റെ ദുപ്പട്ട കഴുത്തിലും ബൈക്കിന്റെ ചക്രത്തിലും കുരുങ്ങി കഥാനാ‍ായിക മരിയ്ക്കുന്ന ഒരു ഹിന്ദി സിനിമ (നസിറുദ്ദീന്‍ ഷാ...) കണ്ടതോര്‍ക്കുന്നു.

നിയമം മൂലം വ്യക്തിസ്വഭാവം മാറ്റിയെടുക്കാന്‍ നിലവില്‍ ഇന്‍ഡ്യയില്‍ അമ്പലങ്ങള്‍ക്കേ പറ്റൂ. ഗുരുവായൂരപ്പന‍ ചൂഡീദാര്‍ ഇഷ്ടമാണല്ലൊ,‍ ബൈക്കിനെ അവിടത്തെ പ്രസാദം തൊടുവിച്ചാല്‍ മതി. സാരി-ചൂഡീദാര്‍ മാറ്റക്കുറ്റം പൊറുക്കപ്പെടും. ക്രിസ്ത്യ്യനികളും മുസ്ലീങ്ങളും .....?

മുണ്ടുടുത്ത ആണുങ്ങള്‍ കാല്‍ കവച്ച് ബൈക്കിലിരിക്കും. ചൂഡീദാര്‍ ഇടാന്‍ മടിയുള്ളവര്‍‍ മുണ്ടൂം വേഷ്ടിയും ആയിക്കോട്ടെ.

Aadityan said...

അനിയ്യാ ജയരാജ , മനുഷ്യജീവന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ ഏമ്മാന്മാര്‍ ചെയേണ്ടത് നഗരത്തിലെ ബാറില്‍ നിന്നും ഇറങ്ങുന്ന വാഹനങ്ങള്‍ ചെക്ക് ചെയുക എന്നത് ആകുന്നു .(നടന്നത് പോലെ തന്നെ .പിന്നെ ബാര്‍ മുതലാളി ശമ്പളം കൊടുക്കുമോ ?) മദ്യപിച്ചു വണ്ടി ഓടിക്കുനതിന്നെ കാള്‍ അപകടമാണല്ലോ ഹെല്‍മെറ്റ്‌ ഇല്ലാതെ യാത്ര ചെയുന്നത് . യേത് .പിന്നെ ഓവര്‍ സ്പീഡ് .ഒടിച്ചിത് പിടിക്കാന്‍ കുറച്ചു പണിയുടല്ലോ.

പിന്നെ പറയുന്നതു കൊണ്ടു ഒന്നും തോന്നല്ലേ .അനിയന്‍ ബൂ ലോകത്തെ പുതിയ ചെമ്പടയുടെ പടയാളി അന്നോ ?

യാരിദ്‌|~|Yarid said...

സ്വന്തം തല വേണമെന്നുള്ളവന്‍ ഹെല്‍മറ്റു ധരിക്കും. തലയില്ലാ‍തെ മനുഷ്യനെ കാണാന്‍ വല്യ വൃത്തികേടായിരിക്കും. ഇനി അഥവാ ഞാന്‍ ഹെല്‍മറ്റ് ധരിക്കുകയേയില്ല എന്നു ശഠിക്കുന്നവന്‍ അതൊന്നും ധരിക്കുകയെ വേണ്ട. ആര്‍ക്കു ചേതം. ഇനി ഹെല്‍മറ്റ് ധരിച്ചാലും നല്ല ഹെല്‍മറ്റ് അല്ലേല്‍ അതും പ്രശ്നം തന്നെ..!അതോണ്ട് ഹെല്‍മറ്റ് ധരിച്ചാലും പ്രശ്നം, ധരിച്ചില്ലേലും പ്രശ്നം. ഹെല്‍മറ്റ് ഇല്ലേല്‍ ഡയിലി 100 രൂപ വെച്ചു കൊടുക്കാം. ഇങ്ങനെ പത്തു ദിവസം കൊടുക്കുന്ന കാശുണ്ടെല്‍ നല്ല ഒരു ഹെല്‍മറ്റ് മേടിക്കുകേം ചെയ്യാം..;)

ഓഫ്: പണ്ടൊരിക്കല്‍ ബൈക്കില്‍ നിന്നും വീണു ഇടത്തെ ചെവി മുഴുവന്‍ ഉരഞ്ഞ് അതി ഭീകരമായ വേദനയും വെച്ച് ഒരു മാസം നടന്നതിന്റെ ഓര്‍മ്മ ഇപ്പോഴും ഉണ്ട്.

Dinkan-ഡിങ്കന്‍ said...

നാനോകാറിന് ഒരുപാട് സെക്യൂരിറ്റി പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ടാറ്റ പറഞ്ഞത് "ഒരു ബൈക്കില്‍ 5 പേര്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ നിരത്തുകളില്‍ അതിനേക്കാള്‍ സുരക്ഷ ഇത് നല്‍കും എന്നായിരുന്നു"

70സിലെ ഹോളിവുഡ് അഡ്രിനാലിന്‍ മൂവീസിലുള്ളതുപോലെ ജീന്‍സ്‌മിനിസ്കര്‍ട്ട് ധരിച്ച പക്കാ പൂജാഭട്ടുകള്‍ മാത്രം 100സിസിയില്‍ കയറിയാല്‍ മതി...

---പടയാളിയല്ല---

Jayarajan said...

ഹയ്യോ, aadityan കണ്ടുപിടിച്ചു കളഞ്ഞല്ലോ? ഇനി ഇപ്പോ എന്തോ ചെയ്യും? ഞാനേ നേതാക്കളോടൊക്കെ ഒന്ന് ചോദിച്ച് വന്നേക്കാമേ. പുതിയ പടയാളിയെ പഴയ aadityan-മാര്‍ കണ്ടുപിടിച്ചാല്‍ എന്തുചെയ്യണമെന്ന് പറഞ്ഞ് തന്നില്ല കശ്മലന്മാര്‍
എല്ലാവരും ഇനി ഡിങ്കനെ പോലെ disclaimer ഇടേണ്ടിവരുമോ?

വെള്ളെഴുത്ത് ക്ഷമിച്ചാലും ...

Aadityan said...

ഞാന്‍ മിടുക്കനന്നെന്നു എന്നികു പണ്ടേ അറിയാമായിരുന്നു .ഇപ്പോള്‍ അനിയന്‍ confirm ചെയ്തപ്പോള്‍ ഉറപ്പായി . കളയെന്നെ, ഒരു സംശയം ചൊദിചെന്നല്ലെ ഉള്ളു .അനിയന്‍ പടയാളി അന്നെനിലും അല്ലെങ്ങിലും എന്നികെന്താ (ഇപ്പോള്‍ ഞാന്‍ malayalle annenu മനസിലായില്ലേ.ഇതാണ് നമ്മുടെ സ്വന്തം malayalle attitude)

രുദ്ര said...

"വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കാലിടിച്ച് പരിക്കുപറ്റിയ" ഇത് കൊള്ളാലോ! വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാലിന്മേല്‍ വാഹനം ഇടിച്ചിട്ടായിരുന്നെ ഒരു സുഖം ഉണ്ടായിരുന്നു. :P
ഇത്രയൊക്കെ സൌകര്യമുള്ള ഇരിപ്പായിട്ടും ചേട്ടന്മാരൊന്നും ചെരിഞ്ഞിരുന്ന് യാത്ര ചെയ്ത് കണ്ടിട്ടില്ല! നട്ടെല്ല് ;)
സാരിയൊക്കെ ദേശീയവേഷമായി ഒളിമ്പിക്സ് പരേഡിന് മാത്രം ഉപയോഗിക്കേണ്ട കാലമായി. അര മണിക്കൂറില്‍ കൂടുതല്‍ ചെരിഞ്ഞിരുന്ന് യാത്ര ചെയ്യുന്ന ചേച്ചിമാരെ കാണുമ്പോള്‍ ആരാധന തോന്നാറുണ്ട്! പോരാത്തതിന് ഒരു കൊച്ച് മടിയിലും. ഒരു നിയമത്തിന്റെ പേരിലെങ്കിലും അവരൊക്കെ നേരെയിരുന്ന് പോവുന്നതിന്റെ സുഖം അറിയട്ടെ.

Anonymous said...

അപ്ന അപ്ന അച്ഛനെയും അമ്മയെയും ഒളിമ്പിക്സ് പരേഡിന് മാത്രം ഉപയോഗികേണ്ട കാലമായി എന്ന് നമ്മളൊക്കെ എന്ന് പറഞ്ഞു തുടങ്ങും ആവോ ? നേരെയിരുന്ന് പോവുന്നതിന്റെ സുഖം അറിയിച്ചതിന്തേ പേരില്‍ നമുക്കു നിയമത്തോട് നന്ദി പറയാം
ഒരു സംശയം മെട്രോ നഗരങ്ങിലെല്ലാം ഈ നിയമം ഉണ്ടോ ?

വെള്ളെഴുത്ത് said...

രുദ്രേ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വന്ന ഒരു ചേട്ടനെയും കൊണ്ട് പറഞ്ഞ സൈസില്‍ ഇരുന്ന് തിരുവനന്തപുരം പട്ടണം മുയുമന്‍ ഞാന്‍ കറങ്ങി. പുള്ളി തണ്ടെല്ലു വേദയുടെ ചികിത്സയിലാണ്. രണ്ടു വശത്തും കാലിട്ടിരിക്കുന്നത് വൈദ്യരാല്‍ നിഷിദ്ധം!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മലയാളിക്ക് നിയമങ്ങള്‍ അനുസരിക്കാന്‍ പണ്ടേ തീരെ താല്പര്യമില്ല. നാട്ടിലായാലും പുറത്തായാലും.
ഗള്‍ഫിലൊക്കെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്മാര്‍ മലയാളികളാണ്.

രുദ്ര said...

=> എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ഉടന്‍ അച്ഛനേയും അമ്മയേയും രംഗത്തിറക്കുന്നത് “bharateeyan"ന്റെ സംസ്ക്കാരമായിരിക്കും. എന്റേതല്ല. അതുകൊണ്ട് താങ്കളൊരു പ്രതികരണം അര്‍ഹിക്കുന്നില്ല.

=> വെള്ളെഴുത്തേട്ടാ, ഒന്ന് തിരുവനന്തപുരം കറങ്ങുമ്പോളേയ്ക്കും തണ്ടലുവേദന വന്ന കാരണം ഇത് തന്നെയാണോ? എനിക്ക് അഭിപ്രായം ഇരുമ്പുലക്കയല്ല, if you can convince me. ഞാന്‍ ചെരിഞ്ഞിരുന്നും നേരെയിരുന്നും പോയിട്ടുണ്ട്. ബസ്സിലെ പെട്ടിപുറത്തിരിക്കുന്ന ചേച്ചിമാരെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇരിപ്പ് ചെരിഞ്ഞാണേലും വണ്ടി പോകുന്നിടത്തേയ്ക്കായിരിക്കും മുഖം തിരിച്ചുവെച്ചിട്ടുള്ളത് [ അല്ലെങ്കില്‍ ഡ്രൈവര്‍ handsome ആയിരിക്കണം ;), കഴുത്തിനൊരു സപ്പോര്‍ട്ട് കൊടുത്ത് അല്ലെങ്കില്‍ ചാരിയിരുന്ന് ജനല്‍കാഴ്ച കാണുന്നത് വേറെ.] എനിക്ക് ഭയങ്കര uncomfortable ആയി തോന്നിയിട്ടുണ്ട്. ഇതിനോടൊരെതിര്‍പ്പുണ്ടെങ്കില്‍ അത് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ശാലീനതയും അടക്കവും ഒതുക്കവും വസ്ത്രത്തിലും കൂടിയായത് കൊണ്ടാണ്. അറിയാതൊന്നു മുട്ടിപോയാല്‍ പ്രഷര്‍ കൂടാത്ത ചേട്ടന്‍ ആണ് ഡ്രൈവ് ചെയ്യുന്നതെങ്കില്‍ നിയമം ഉണ്ടെങ്കിലും ഇല്ലെങ്കിലും നേരെയിരുന്ന് പോവാന്‍ ഞാന്‍ prefer ചെയ്യും.
ഇങ്ങനെ കമന്റിനു പുറകെ കമന്റ് പതിവില്ലാത്തതാണ് :( ഇനിയില്ല :)

വെള്ളെഴുത്ത് said...

പ്രധാനപ്രശ്നം എങ്ങനെയിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെട്ടു പോകുന്നു എന്നതാണ്. സ്ത്രീകളുടെ അയഞ്ഞ വസ്ത്രം പോലും നിരോധിക്കാനാണ് ശുപാര്‍ശ. അമ്മയെയും കൊണ്ട് ഷുഗര്‍ ടെസ്റ്റു ചെയ്യാന്‍ പോകാന്‍ മാസാമാസം ഇനി അവരെ ചുരിദാറിടിക്കേണ്ടി വരുന്നതിനെക്കുറിച്ചാണു ഞാന്‍ ചിന്തിക്കുന്നത്! പിന്നെ ഉള്ളുകാളുന്നത് ഇങ്ങനെയെന്തെങ്കിലും വന്ന ഉടന്‍ രംഗത്തിറങ്ങി അരങ്ങുവാഴുന്ന നിയമപാലകരുടെ ശുഷ്കാന്തിയും.. നിയമങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാവുമ്പോള്‍ കുഴപ്പമില്ല, എന്നാല്‍ അവ ഒളിപ്പിച്ചുവച്ചിരിക്കുന്ന താത്പര്യങ്ങളും ലാക്കുകളുമായി വന്നു വിരാജിക്കുമ്പോള്‍ കഴിയുന്ന രീതിയില്‍ നെറ്റി ചുളിക്കുകയെങ്കിലും വേണ്ടേ? ചുമ്മാ. ജീവിച്ചിരിക്കുന്ന കാര്യം സ്വയം ബോദ്ധ്യപ്പെടുത്താന്‍.

എതിരന്‍ കതിരവന്‍ said...

വസ്ത്രധാരണത്തിന്റെ സ്വാതന്ത്ര്യം നമ്മള്‍‍ തന്നെ നഷ്ടപ്പെടുത്തിയതാണ്. സാരി വന്ന കാലത്ത് അതു ധരിക്കാന്‍ വിസമ്മതിച്ചവരുണ്ട്. എന്റെ അമ്മ ഉള്‍പ്പെടെ. “കാക്കാലത്തിമാരുടെ വേഷം എന്നെ കെട്ടിയ്യ്ക്കരുതേ” എന്നു അമ്മ വിളിച്ചു പറഞ്ഞിട്ടുണ്ട്. (അമ്മ നേരില്‍ കണ്ടിട്ടുള്ളത് സാരി/ചേല ചുറ്റിയ കാക്കാലത്തിമാരെയാണ്). ഇടുപ്പില്‍ കുത്തി ഹാഫ് സാരി പോലെ നേര്യത് (വേഷ്ടി) ധരിക്കുന്നതും സാരി അനുകരണം. നേര്യത് പുതയ്ക്കുകയായിരുന്നു പണ്ടത്തെ രീതി.

വടക്കെ ഇന്‍ഡ്യന്‍ സാരി മാറ്റി വടക്കെ ഇന്‍ഡ്യന്‍ ചൂഡീദാര്‍ ധരിക്കാന്‍ പറയുന്ന നിയമത്തോട്.....

മുണ്ടുടുത്ത് പ്രതികരിക്കാം?

Anonymous said...

ഈ നിയമത്തെ കുറിച്ചു വായിച്ചപ്പോള്‍ എന്റെ അമ്മയെ ഏതെങ്കിലും കല്യാണം ത്തിനോ ഹോസ്പിടളിലോ matto കൊണ്ടു പോകുന്ന കാര്യമാണ് ആദ്യം ആലോചിച്ചത് . അത് കൊണ്ടാകാം അനങനെ എഴുതാന്‍ തോന്നിയത് .ഉദേശം രുദ്രയുടെ തന്തക്കു വിളിക്കല്‍ അല്ല .അങ്ങനെ തോന്നിയെങ്ങില്‍ ഖേദിക്കുന്നു . പിന്നെ കോര്‍പ്പറേറ്റ് ലോകത്തിനപ്പുറത്തു എപ്പോഴും കുറെ ദരിദ്രവാസികള്‍ ജീവിചിരുപ്പുന്ടെന്നും ഒക്കെ വല്ലപ്പോഴും അല്ലോചിക്കുനത് ഒരു നല്ല സ്വഭാവം അന്ന് (നിര്ഭന്ധം ഇല്ല)
പിന്നെ ഒരു തലമുറ കഴിഞ്ഞാല്‍ ബിക്കിനി ധരിച്ചു മാത്രമേ സ്ത്രീകള്‍ 2 wheeler ill യാത്ര ചെയവു എന്ന് കോടതി പറഞ്ഞാല്‍ ആ തലമുറയ്ക്ക് പ്രശ്നം ഉണ്ടാവില്ല .അപ്പോള്‍ നിങ്ങള്‍ക്കൊക്കെ ഉണ്ടാകുന്ന അസൌകരിയമേ ഇപ്പോഴട്ടെ സ്ത്രീ ഉള്ളു .
മറുപടി തന്നു ഇത് ഒരു തര്‍ക്കമാകണ്ട .ആലോചിക്കു ഈ പറയുന്നതില്‍ കാരിയം ഉണ്ടോ എന്ന് .

Mahi said...

മന്ത്രിതലം തൊട്ട്‌ ഇങ്ങ്‌ ഉദ്യോഗസ്ഥതലം വരെയുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡൊന്ന്‌ നന്നാക്കി കിട്ടിയിരുന്നെങ്കില്‍.ഇനിയിപ്പൊ അവര്‍ വീണാലും നാലുകാലിന്‍മേലല്ലെ വീഴൂ.മണ്ടയൊടക്കാതെ എങ്ങനെ കാശുണ്ടാക്കാമെന്ന്‌ ഇവരെ കണ്ടു പഠിക്കണം.ജനങ്ങളില്‍ നിന്ന്‌ സേവിച്ച്‌ സേവിച്ച് എവിടം വരെയെത്തുമൊ ആവൊ?

Vadakkoot said...

അപകടമരണങ്ങളില്‍ നിന്നു പൌരന്മാരെ രക്ഷിക്കാനായി നിലവിലുള്ള നിയമങ്ങള്‍ (മദ്യം, വേഗത എന്നിങ്ങനെ...) കര്‍ശനമായി നടപ്പിലാക്കാന്‍ കോടതി എന്തേ ആവശ്യപ്പെട്ടില്ല? കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാണോ? അസംഘടിതരായ പൊതുജനത്തിന്റെ മേല്‍ എന്തും വെച്ചു കെട്ടാമല്ലോ...
off the topic:
എന്തായാലും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയതിന് ശേഷം ഒരു ഗുണമുണ്ട്. ലൈസെന്‍സ് ഇല്ലാത്ത എനിക്ക് ധൈര്യമായി ബൈക്ക് ഓടിച്ചു പോകാന്‍ പറ്റുന്നുണ്ട്... ഹെല്‍മെറ്റ്‌ വച്ചാല്‍ പയ്യന്‍ decent ആണെന്ന് കരുതി ആരും കൈ കാട്ടാറില്ല ;)
അതായത് വിപരീദഫലം -- ലൈസെന്‍സ് ഇല്ലാത്തവര്‍ രക്ഷപ്പെടുന്നു.