May 28, 2008

മാളികവീട്ടിലെ വാതില്‍ മുട്ടിയാല്‍




മാളികവീട്ടിലെ വാതിലില്‍ ഒരു മുട്ട്

വേനല്‍ക്കാലമായിരുന്നു. നല്ല ചൂടുള്ള ഒരു ദിവസം. മാളികവീടും കടന്നു വേണം, എനിക്കും അനിയത്തിയ്ക്കും വീട്ടിലേയ്ക്ക് പോകാന്‍ . കുസൃതിത്തരം കൊണ്ടാണോ ശ്രദ്ധയില്ലാതെയാണോ വലിയഗേറ്റിന്റെ മുഴക്കം എങ്ങനെയെന്നറിയാന്‍ വേണ്ടിയാണോ അവള്‍ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് വെറുതേ അതിലൊന്ന് മുട്ടി. സത്യത്തില്‍ അവള്‍ ഗേറ്റില്‍ മുട്ടിയോ എന്നു തന്നെ എനിക്കിപ്പോള്‍ തീര്‍ച്ചയില്ല. അവിടെ നിന്ന് നൂറുച്ചുവട് വന്ന വഴിയിലൂടെ തന്നെ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ ഒരു ഗ്രാമമുണ്ട്.

ഞങ്ങള്‍ക്ക് അത്ര പരിചയമുള്ള സ്ഥലമല്ലത്.

എങ്കിലും ആദ്യത്തെ വീട്ടിനു വെളിയില്‍ നിന്നിരുന്ന ആളുകള്‍ ഞങ്ങള്‍ക്ക് ചില മുന്നറിയിപ്പുകളൊക്കെ തന്നു. വളരെ സ്നേഹത്തോടെ തന്നെ. അവര് വല്ലാതെ ഭയപ്പെട്ടിരിക്കുന്നതായി തോന്നി. പേടി കാരണം ശരിക്കും നിവര്‍ന്നല്ല അവര്‍ നിന്നിരുന്നതു കൂടി. ഞങ്ങള്‍ കടന്നു വന്ന മാളികവീട് ചൂണ്ടിക്കാട്ടി എന്തൊക്കെയോ അവര്‍ പറഞ്ഞുകൂട്ടുന്നുണ്ടായിരുന്നു. ഗേറ്റില്‍ കളിയായി തട്ടിയ കാര്യം അവര്‍ക്കറിയാം. അവിടത്തെ കാര്യസ്ഥന്മാര്‍ ഇപ്പോള്‍ തന്നെ വരുമെന്നും ഞങ്ങളെ ചോദ്യം ചെയ്യാതെ വിടില്ലെന്നും അവര്‍ പറഞ്ഞു. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ അനിയത്തിയെ സമാധാനിപ്പിച്ചു.

അവള്‍ ഗേറ്റില്‍ തട്ടിയിട്ടൊന്നുമില്ല. ഇനി അറിയാതെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തിന് കേസെടുക്കാന്‍ ലോകത്തിലൊരിടത്തും വ്യവസ്ഥയില്ല. ഞങ്ങള്‍ക്കു ചുറ്റും കൂടുന്ന ആളുകളോട് ഇതു പറയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതേപ്പറ്റി ആരും ഒരഭിപ്രായവും തിരിച്ചു പറഞ്ഞില്ല. പിന്നെ അവര്‍ പറഞ്ഞത് അനിയത്തിയെ മാത്രമല്ല, സഹോദരന്‍ എന്ന നിലയ്ക്ക് എന്നെയും അവര്‍ പിടിച്ചുകൊണ്ടു പോകും എന്നാണ്. ചിരിക്കാതെന്തുചെയ്യും?

ദൂരെ പുകയുയരുന്നതു കണ്ട്, തീജ്ജ്വാലകള്‍ പ്രത്യക്ഷപ്പെടാന്‍ കാത്തു നില്‍ക്കുന്നതുപോലെ ഞങ്ങള്‍ മാളികവീട്ടിലേയ്ക്ക് നോക്കിക്കൊണ്ടു നിന്നു. നോക്കി നില്‍ക്കേ, വലിയ വാതിലുകള്‍ രണ്ടുവശത്തേയ്ക്കും തുറന്ന് കുതിരകള്‍ ഇറങ്ങി വരുന്നത് കണ്ടു. കുളമ്പുകള്‍ക്കിടയില്‍പ്പെട്ട് പൊടിയുയര്‍ന്ന് കുറച്ചുനേരം ഒന്നും കാണാതായി. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൂര്‍ത്ത കുന്തമുനകളുടെ അറ്റം മാത്രം പൊടിപടലങ്ങള്‍ക്കിടയിലും തിളങ്ങി.

കുതിരകള്‍ എനിക്കും അനിയത്തിയ്ക്കും നേരെയാണു പാഞ്ഞുവരുന്നതെന്നു മനസ്സിലായപ്പോള്‍ ഓടിപ്പോകാന്‍ അവളോടു പറഞ്ഞു. ഒറ്റയ്ക്ക് കാര്യങ്ങള്‍ ഞാന്‍ ശരിയാക്കിക്കൊള്ളാം. അവള്‍ ചിണുങ്ങിക്കൊണ്ട് എന്റെ കൈയില്‍ പിടിച്ചു തൂങ്ങി. പാവം. പോയി വസ്ത്രമെങ്കിലും മാറെന്ന് ഞാന്‍ പറഞ്ഞു. വരുന്ന മാന്യന്മാരുടെ മുന്നില്‍ നല്ല വേഷം ധരിച്ചവരായെങ്കിലും നമുക്കു നില്‍ക്കണ്ടേ? അക്കാര്യം സമ്മതിച്ച് വീട്ടിലേയ്ക്കുള്ള നീണ്ടവഴിയിലൂടെ അവള്‍ ഓടിപ്പോയി.

അപ്പോഴേയ്ക്കും കുതിരക്കാര്‍ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. താഴെയിറങ്ങാതെ അവര്‍ അനിയത്തിയെപ്പറ്റി ചോദിച്ചു.’അവളിവിടെയില്ല. ഇപ്പോള്‍ വരും’ എന്നു ഞാന്‍ പറഞ്ഞൊപ്പിച്ചു. സംഘത്തെ നയിച്ചിരുന്നത് രണ്ടു ചെറുപ്പക്കാരാണ്. നല്ല ഊര്‍ജ്ജസ്വലനും ആരോഗ്യവാനുമായ ഒരു യുവാവ് ന്യായാധിപനാണ്. മറ്റേയാള്‍ അധികമൊന്നും സംസാരിക്കാത്ത സഹായി. അസ്മാന്‍ എന്നാണ് ന്യായാധിപന്റെ പേര്.

ഗ്രാമസത്രത്തിന്റെ മുറ്റത്തേയ്ക്ക് പോകാന്‍ അദ്ദേഹം എന്നോടാജ്ഞാപിച്ചു. രണ്ടുവശത്തേയ്ക്കും ശക്തിയില്ലാതെ ആടുന്ന ശിരസ്സും ഇടയ്ക്കിടെ വലിച്ചുകയറ്റുന്ന ട്രൌസറുമായി നടന്നു പോയി പറഞ്ഞതുപോലെ ഞാന്‍ അവര്‍ക്കിടയില്‍ ചെന്നു നിന്നു. സംഘാംഗങ്ങളുടെ തുറിച്ചുനോക്കുന്ന കണ്ണുകള്‍ക്കു മുന്നില്‍ അങ്ങനെ നില്‍ക്കുമ്പോഴും എന്നെ അന്തസ്സോടെ ആ ചെറുപ്പക്കാരനായ ന്യായാധിപന്‍ എന്നെ വിട്ടയക്കുന്ന രംഗം മനസ്സില്‍ കണ്ടുകൊണ്ടിരുന്നു. “ഇദ്ദേഹത്തിന്റെ ഒരു വാക്കു മതിയായാവും അതിന്“. ഞാന്‍ വിചാരിച്ചു.

“ഇവന്റെ കാര്യത്തില്‍ എനിക്കു വിഷമമുണ്ട്.” എനിക്കു മുന്‍പേ കുതിരപ്പുറത്തെത്തി സത്രത്തിന്റെ കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന ന്യായാധിപന്‍ എന്നെ കണ്ടയുടന്‍ പറഞ്ഞു. ആ വാക്യം എന്റെ എല്ലാ നല്ല പ്രതീക്ഷകള്‍ക്കുമപ്പുറം എനിക്കു വരാന്‍ പോകുന്നതെന്ത് എന്നതിനെയല്ലേ സൂചിപ്പിച്ചത്? കാരാഗൃഹത്തിന്റെ അറപോലെ അടച്ചുപൂട്ടിയ സത്രത്തിന്റെ മുറി. കരിങ്കല്ലുകളുടെ അടരുകള്‍ . ഇരുണ്ടു നരച്ച നഗ്നമായ ചുവരുകള്‍ . തട്ടില്‍ കൊളുത്തിയിട്ടിരിക്കുന്ന ഇരുമ്പുവളയങ്ങള്‍ . വയ്ക്കോല്‍ കിടക്ക. നടുവില്‍ ഒരു പീഡനമേശ.

പെന്‍‌ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച, ഫ്രാന്‍സ് കാഫ്കയുടെ ‘The Great Wall of China and Other Short works' എന്ന പുസ്തകത്തില്‍ (ജര്‍മ്മനില്‍ നിന്നുള്ള വിവര്‍ത്തനം മാല്‍കം പാസ്‌ലി) നിന്നുള്ള ഒരു കഥയാണിത്. വെളിച്ചം കണ്ടത് കാഫ്കയുടെ മരണത്തിനുശേഷമാണെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണിതിന്റെ രചനാകാലം.

ഇതുകൂടി നോക്കുക.

മേയ് 1, 2008 മലയാളമനോരമ ദിനപ്പത്രം

ലക്‍നൌ : സവര്‍ണ്ണജാതിക്കാര്‍ക്കുള്ള വഴിയിലൂടെ നടന്നുവെന്നതിന് ആറുവയസ്സുള്ള ദലിത് ബാലികയെ മഥുരജില്ലയിലെ ഛത്രയില്‍ തീയില്‍ തള്ളിയിട്ടു പൊള്ളലേല്‍പ്പിച്ചതായി ആരോപണം. കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ തീയിലെറിഞ്ഞതിനു സ്ഥലത്തെ ഠാക്കൂര്‍ പ്രമാണിയായ അശോക് സിംഗിന്റെ മകന്‍ പിന്റൂ സിംഗിനെതിരെ പൊലീസ് കേസെടുത്തു. അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടുവഴിയിലൂടെ വരുമ്പോള്‍ അമ്മയുടെ കൈവിട്ടു കുട്ടി ഠാക്കൂറിന്റെ വീട്ടുവളപ്പിലേയ്ക്ക് ഓടിക്കയറിയതാണു പ്രശ്നമായത്.

‘കഥയും ജീവിതവും ഒന്നാകുന്നതിനെപ്പറ്റി‘ എന്നത് കൊച്ചുബാവ ഒരു കഥാപുസ്തകത്തിനു നല്‍കിയ തലക്കെട്ടാണ്. അത് ശീര്‍ഷകം മാത്രമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എങ്കിലും ചോദിക്കാതെ വയ്യ, അക്ഷാംശങ്ങള്‍ക്കിടയിലെ മാത്രമല്ല, വര്‍ഷങ്ങള്‍ക്കിടയിലെ ദൂരവും എന്താണ് നമുക്കു ചെയ്തു തന്നുകൊണ്ടിരിക്കുന്നത്? സത്യത്തില്‍ , ജീവിതം കഥയെയോ കഥ ജീവിതത്തെയോ പിന്തുടരുന്നത്?

15 comments:

ജ്യോനവന്‍ said...

നല്ല കഥയും അതിനെ കാലങ്ങള്‍ക്കിപ്പുറത്തേയ്ക്കെടുത്തിട്ട് ജീവിതത്തില്‍ കെണിച്ചപ്പോള്‍, കഥയല്ലേ സമാധാനിക്കാംന്ന് പറഞ്ഞൊഴിയാന്‍ വയ്യാതെ കഥയും ജീവിതവും ഒന്നാകുന്ന തലക്കെട്ട്....ഭാരം.
വിവര്‍ത്തനത്തിന് നന്ദി.

Dinkan-ഡിങ്കന്‍ said...

കാലമെത്രമാറിയാലും metamorphosis ന് വിധേയമാകാത്ത സങ്കുചിതമനസുകളും, ജാതീയ വേലിക്കെട്ടുകളും ഉണ്ടാകുമെന്ന് മനസില്‍ കണ്ടതുകൊണ്ടാകണം...താന്‍ എഴുതിയിട്ടൊന്നും ഈ ജനങ്ങളും(മനസും) മാറില്ലെന്ന തിരിച്ചറിവിലാകണം താന്‍ എഴുതിയതെല്ലാം തീയിട്ടു കരിച്ചുകളയാന്‍ അവസാനം അയാള്‍ പറഞ്ഞതും.

ഈ പീഡീഎഫ് ഒന്ന് കാണാമോ. ഇരുമ്പ് പഴുപ്പിച്ച് വെച്ചതുകൂടാതെ , മലം തീറ്റിച്ച വാര്‍ത്ത കാണാം .
ഇത് പോലെ ഒന്ന് വര്‍ക്കേഴ്സ് ഫോറം ഇവിടെ കൊടുത്തിരുന്നു

"It is often safer to be in chains than to be free" എന്ന് പറഞ്ഞതും Franz Kafka ആണെന്നത് irony ആണ്

Dinkan-ഡിങ്കന്‍ said...

PDF => http://www.imageshack.us/?pickup=80119774221333

ഹരിത് said...

കഥ തന്നെ ജീവിതം, ജീവിതം തന്നെ കഥയും!!

പാമരന്‍ said...

ഹൌ!

സാല്‍ജോҐsaljo said...

ഒന്നും പിന്‍‌തുടരുന്നില്ല. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നതേയുള്ളൂ.

നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിമാനിക്കാം.

Sunith Somasekharan said...

kadhaye nammal pinthudarunnu ennu thonnikkumbol thanne athu mattaarudeyengilum jeevithamaayi kazhinjittundaavum...

വെള്ളെഴുത്ത് said...

കാഫ്കയെ മനസ്സിലാക്കാന്‍ എളുപ്പം പറ്റുന്നതെന്തുകൊണ്ടെന്ന് കുന്ദേര പറയുമ്പോള്‍ നമ്മുടെ പരിതഃസ്ഥിതികളുമായി ബന്ധപ്പെടുത്തി ഒന്നാലോചിച്ചു പോയതാണ്. കൃത്യം! ഇവിടെ സാമൂഹികമായ അനീതിയില്‍ മാത്രമല്ല കാഫ്ക ഊന്നുന്നത്. ശിക്ഷ മറ്റെവിടെയോ വിധിക്കപ്പെടുന്നു എന്നുള്ളത് തെറ്റിദ്ധരിക്കപ്പെടാന്‍ അനേകം സാദ്ധ്യതകളുള്ള ഒരു ആശയമാണ്. ദൈവശാസ്ത്രത്തിലേയ്ക്ക് കൊണ്ടു കെട്ടാന്‍ എളുപ്പവുമാണ്! കാഫ്കാ വിവര്‍ത്തനങ്ങള്‍ തീരുന്നില്ല. ഡിങ്കന്‍, ആ പിഡി എഫ് കിട്ടുന്നില്ല. വര്‍ക്കേഴ്സ് ഫോറത്തിന്റെ ലേഖനം നേരത്തേ വായിച്ചിരുന്നു. ജ്യോനവന്‍, ഹരിത പാമരന്‍ സാല്‍‌ജോസ്, എന്റെ ക്രാക്ക് വാക്കുകള്‍...

Unknown said...

പീനല്‍കോളനി ഒന്നു ശ്രമിച്ചു നോക്കൂ,വെള്ളെഴുത്തേ

Jayasree Lakshmy Kumar said...

കാലം വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല അല്ലേ? :(

വെള്ളെഴുത്ത് said...

ഗോപീ കവിതക്കൊടി അങ്ങനെ പൊടിപിടിച്ചു കിടക്കുന്നതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പീനല്‍ കോളനി വായിച്ചതാണ്..ലക്ഷ്മീ...ശരീരത്തെ സംബന്ധിക്കുന്നതല്ലെങ്കില്‍, എത്രഭീഷണമായ വാക്യമാണിത് !

The Prophet Of Frivolity said...

1. സത്യത്തില്‍ അവള്‍ ഗേറ്റില്‍ മുട്ടിയോ എന്നു തന്നെ എനിക്കിപ്പോള്‍ തീര്‍ച്ചയില്ല.
2. അവിടത്തെ കാര്യസ്ഥന്മാര്‍ ഇപ്പോള്‍ തന്നെ വരുമെന്നും ഞങ്ങളെ ചോദ്യം ചെയ്യാതെ വിടില്ലെന്നും അവര്‍ പറഞ്ഞു.
3. അവള്‍ ഗേറ്റില്‍ തട്ടിയിട്ടൊന്നുമില്ല. ഇനി അറിയാതെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തിന് കേസെടുക്കാന്‍ ലോകത്തിലൊരിടത്തും വ്യവസ്ഥയില്ല.
മൂന്നു വരി. വെറും മൂന്നേ മൂന്നു വരി. കുറ്റാരോപണം,ഇരയുടെ സമ്മതം,ശിക്ഷാവിധി. ഇരയ്ക്കുതന്നെ ഉറച്ചബോദ്ധ്യമില്ല താന്‍ കുറ്റവാളിയോ അല്ലയോ എന്ന്. ഈ സംശയമാകും കുറ്റം ഉറപ്പിക്കാന്‍ കാരണമാവുന്നത്. ഒരുപാടുവട്ടം തോന്നിയിട്ടുണ്ട് അങ്ങനെ.ഇരയുടെ complicity എത്രത്തോളം ശിക്ഷയുടെ സാധുത വര്‍ദ്ധിപ്പിക്കുകയും, അതൊരു വിധി എന്ന നിലയിലേക്കുയര്‍ത്തുകയും ചെയ്യുന്നു എന്ന്. “ട്രയല്‍” അടക്കം. മുന്‍പേ എല്ലാം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു, എല്ലാം. ബാക്കിയെല്ലാം ഒരു പതം പറച്ചിലിന്റെ, പിടച്ചിലിന്റെ കഥനം മാത്രം. പ്രതികരണത്തിന്റെ അര്‍ഥശൂന്യതയാവും, എഴുത്തിലൂടെ മാത്രം സാദ്ധ്യമാവുന്ന മുഷ്ടിചുരുട്ടലിന്റെ അവസാനത്തെ പ്രതിഷേധചിഹ്നം പോലും വ്യര്‍ഥമെന്ന തിരിച്ചറിവ് കാഫ്കയ്ക്ക് നല്‍കിയിട്ടുണ്ടാവുക. അല്ലെങ്കില്‍ എഴുതിത്തുടങ്ങി ഒരുപാടെത്തിയ നോവല്‍ ഒരു വാചകത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിക്കാനും, എല്ലാം കത്തിച്ചുകളയാനും തീരുമാനിക്കുമോ? വല്ലാത്ത ഒരു ലോകം.
കാഫ്കയുടെ ബിംബങ്ങള്‍ എങ്ങോട്ടാവും വിരല്‍ ചൂണ്ടുന്നത്? ദൈവം,ജൂതവിരുദ്ധതയ്ക്കെതിരെയുള്ള പ്രതികരണം, ബ്യൂറോക്രസിയുടെ നീണ്ട ഇടനാഴികള്‍? ഇതൊന്നുമല്ല എന്ന് ഒരോന്നും ആവര്‍ത്തിച്ച് പറയുന്നതുപോലെ തോന്നും.

എന്തായാലും നന്ദി, പിടിച്ചുനിര്‍ത്താനാവാത്ത വല്ലായ്മ ഇടയ്ക്കിടക്ക് തിരികെ നല്‍കുന്നതിന്ന്. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്.

Sandeep PM said...

ഇരകളുടെ കഥകള്‍ ഒരുകാലത്തും മാറില്ല.

സിനേമ \ cinema said...

നന്നായിരിക്കുന്നു.

ezhuthukaran said...

Kafkayude aa bheetithamaya kalaghattam innu ivide veendum urundu koodunnO?