May 9, 2008
മലകളെപ്പോലെ ഒറ്റപ്പെടുന്നതെന്തുകൊണ്ട്?
ജീവചരിത്രത്തെ നോവലാക്കുമ്പോള്‍ ചില പ്രശ്നങ്ങളെ പ്രത്യക്ഷമായി തന്നെ എഴുത്തുകാരന്‍ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. തലപ്പൊക്കമുള്ള വിവാദ വ്യക്തിത്വങ്ങളെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും. വിദൂരഭൂതകാലത്തിലെ വ്യക്തികളെ രചനയുടെ ഒഴുക്കിനനുസരിച്ച് മാറ്റാന്‍ കഴിയുന്നതുപോലെ എളുപ്പമാവില്ല സമീപഭൂതത്തിലോ സമകാലത്തിലോ ജീവിച്ചിരുന്ന വ്യക്തികളുടെ ഭാവനാത്മകമായ പുനരാവിഷ്കാരം. സ്വാഭാവികമായും പൊതുബോധത്തില്‍ ഉറച്ചുകഴിഞ്ഞിരിക്കുന്ന വ്യക്തിചിത്രവുമായി പിണങ്ങിപ്പിരിയുന്ന ഏതാവിഷ്കാരത്തിനും സര്‍ഗാത്മകമായ ഊര്‍ജ്ജം ധാരാളം ചെലവഴിക്കേണ്ടി വരും. യാഥാര്‍ത്ഥ്യത്തോടും കല്പനകളോടും സമദൂരം പാലിക്കുക എന്ന ‘ഫയര്‍വാക്കാ‘ണ് എഴുത്തുകാരന്‍ ഇവിടെ അനുഷ്ഠിക്കേണ്ട ധര്‍മ്മം. കാലികമാവുംതോറും പെരുകുന്ന വസ്തുതകളില്‍ നിന്ന് കൊള്ളേണ്ടതുമാത്രം, കഥാഗതിയ്ക്കനുസരിച്ചു എടുക്കുന്നതെങ്ങനെയെന്നത് ഒരു പ്രശ്നം. പ്രമേയം പ്രഖ്യാതമാവുമ്പോൾ ആഖ്യാനവഴിയിൽ പ്രത്യയശാസ്ത്രപരമായി വെളിപ്പെടുന്ന ബോധാബോധങ്ങൾ മറ്റൊരു പ്രശ്നം.
ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവുമധികം തവണ ഉരുവിട്ടിട്ടുള്ള നാമധേയമായിരിക്കും ഇന്ദിരാഗാന്ധിയുടേത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ധാരാളം അര്‍ത്ഥവിവക്ഷകളുള്ള ധ്വനിസാന്ദ്രമായ ഒരു അധ്യായം. സ്ത്രീയ്ക്ക് എത്തിപ്പിടിക്കാവുന്ന അധിത്യകകളുടെ പുതിയ കൈനിലകളാണ് ആ ഏകാന്തവ്യക്തിത്വം ഉദ്ഘാടനം ചെയ്തത്. വികസിത രാജ്യങ്ങള്‍ക്ക് പോലും സ്വപ്നം കാണാവുന്ന തരത്തില്‍, സതിയുടെയും പെണ്‍ഭ്രൂണഹത്യകളുടെയും മറവില്ലാത്ത ആണ്‍ക്കോയ്മയുടെയും നാട്ടില്‍, ഇന്ത്യയില്‍. വളരെ കുറച്ചുകാലത്തേയ്ക്കാണെങ്കിലും ‘ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന’ ഭാവനയിലേയ്ക്ക് ഭാരതീയരെ വഴിനടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അത് അറിയപ്പെട്ട ‘ഇന്ദിര‘. ജോര്‍ജ് ഓണക്കൂറിന്റെ ‘പര്‍വതങ്ങളിലെ കാറ്റ്’ അറിയപ്പെടാത്ത ഇന്ദിരാഗാന്ധിയെയാണ് വായനക്കാരുടെ മുന്നിലെത്തിക്കുന്നത്. ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം ഇവിടെ പശ്ചാത്തലം മാത്രമാണ്. കടുത്ത ഏകാന്തതയും സഹജമായ ഇച്ഛാശക്തിയും ചേര്‍ന്ന് വാര്‍ത്തെടുത്ത ഏറ്റവും കരുത്തുള്ള സ്ത്രീയുടെ തരളമായ ഭാവങ്ങളുടെ ആഖ്യാനമാണീ നോവല്‍.
ഉയര്‍ന്ന കുടുംബത്തിലായിരുന്നിട്ടു കൂടി സ്ത്രീയായി ജനിച്ചുപോയതിനു സഹിക്കേണ്ടിവന്ന അപമാനത്തിന്റെ ഉലയിലാണ് ഇന്ദിരയുടെ സുവിദിതമായ ഉറച്ചവ്യക്തിത്വം രൂപപ്പെട്ടത്. അതു വെയിലത്തു വാടാത്തതിനു കാരണമതു തന്നെയായിരുന്നു. അമ്മയായ കമലയുടെ ജീവിത ദുരന്തം കണ്ട് വളര്‍ന്നതാണ് അവര്‍. കമലയ്ക്ക് ജീവിതം സഹനം മാത്രമായിരുന്നു. നിശ്ശബ്ദമായി പഴികളെല്ലാം സഹിച്ച്, ആശ്വസിപ്പിക്കാന്‍ പോലുമാരും അടുത്തില്ലതെ, ഏകാന്തതയില്‍ എരിഞ്ഞു തീര്‍ന്ന ഒരു ജന്മം. അമ്മയുടെ ജീവിതകഥയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഇന്ദിര പക്ഷേ ജീവിതത്തെ പോരാട്ടമാക്കി. ‘പെണ്ണ്’എന്നു വിളിച്ച് പുച്ഛിച്ച് നീക്കി നിര്‍ത്തിയിടങ്ങളെയൊക്കെ വീറുള്ള പോരാളിയെപ്പോലെ അവര്‍ വെട്ടിപ്പിടിച്ച് സ്വന്തമാക്കി. അപമാനങ്ങള്‍ക്കെല്ലാം പകരം വീട്ടി. പെണ്ണിന് ഒന്നും അപ്രാപ്യമല്ലെന്നു തെളിയിച്ച് പുതിയ സ്ത്രീയുടെ മാതൃകയായി. പെണ്മയുടെ അന്തസ്സുയര്‍ത്തിപ്പിടിച്ചു. ഭുവനേശ്വറിലെ അവസാന പ്രസംഗത്തില്‍ പറഞ്ഞതു പോലെ “രക്തം രാജ്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി“ ഒഴുക്കി. അവസാന ശ്വാസം വരെയും പ്രവര്‍ത്തന നിരത. പര്‍വതത്തെ പോലെ ഉന്നതവും ഒറ്റപ്പെട്ടതുമായ വ്യക്തിത്വമായാണ് നോവലില്‍ ഇന്ദിരാഗാന്ധി ആവിഷ്കരിക്കപ്പെടുന്നത്. അവിടങ്ങളില്‍ നിന്നുള്ള കാറ്റാണ് കാലാവസ്ഥകള്‍ക്ക് ആസ്പദം. പുതിയ ചരിത്രങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും.
പ്രധാനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മനോരഞ്ജന്‍ എന്ന ഉദ്യോഗസ്ഥനിലൂടെയാണ്, ‘പര്‍വതങ്ങളിലെ കാറ്റിന്റെ’ കഥ നോവലിസ്റ്റ് പറയുന്നത്. ഇന്ത്യയ്ക്കു വേണ്ടി മരിച്ച മനുഷ്യന്റെ വിധവയുടെ (മാനസീദേവിയുടെ) മകനാണ് മനോരഞ്ജന്‍. തനിക്ക് രണ്ടമ്മമാരാണെന്ന് മനോരഞ്ജന്‍ പറയുന്നുണ്ട്. മകള്‍, കാമുകി, ഭാര്യ, വിധവ, അമ്മ... ഇന്ദിര എന്ന അസാധാരണ വ്യക്തിത്വത്തിന്റെ വിവിധ സ്ത്രീഭാവങ്ങള്‍ നോവലിസ്റ്റ് വരഞ്ഞിടുന്നുണ്ട്. അതിനാണ് മുന്‍ത്തൂക്കവും. ഊഷ്മളമായ ആഖ്യാനമാണ് അമ്മ എന്ന നിലയ്ക്ക് ഇന്ദിരയ്ക്കു നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ തറപറ്റിയ്ക്കുന്ന ‘ദുര്‍ഗ’ എന്ന ബിംബത്തെ ഈ ആര്‍ദ്രമുഖങ്ങള്‍ക്കു പിന്നില്‍ നിര്‍ത്തിയിരിക്കുന്നൂ, നോവലിസ്റ്റ്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ പ്രസക്തമായതെല്ലാം പരാമര്‍ശിക്കപ്പെടാതെ പോകുന്നില്ല ഈ കൃതിയില്‍. അധികാരത്തിനുവേണ്ടി നെടുനാളായി കാത്തിരുന്ന മൊറാർജിയ്ക്ക് പ്രതിനായക പരിവേഷമുണ്ട്. ജയപ്രകാശ് നാരായണൻ ഉപജാപങ്ങളാൽ ഇന്ദിരാഗാന്ധിയെപ്പറ്റി തെറ്റിദ്ധാരണകൾ വച്ചു പുലർത്തിയ വ്യക്തിത്വവും. അതു തിരുത്താൻ അദ്ദേഹത്തെ നേരിൽ ചെന്നു കാണുക എന്ന കൃത്യം ഇന്ദിര അനുഷ്ഠിച്ചത് നോവലിലെ നിർണ്ണായകമായ ഒരു മുഹൂർത്തമാണ്. ആണത്താധികാരങ്ങളെയും ഉപജാപങ്ങളെയും തന്റേടത്തോടെ നേരിടുകയായിരുന്നു കുപ്രസിദ്ധമായ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ. അതൊരു നിവൃത്തികേടുകൂടിയായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ പരിഹാസങ്ങളെ ശരിവച്ചുകൊണ്ടൊരു മടങ്ങിപ്പോക്കാവുമായിരുന്നു അവരുടെ ജീവിതം.
ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ജീവിതത്തിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് ഉയരാവുന്നിടത്തോളം എത്തിക്കാന്‍ സ്വന്തം ഇച്ഛാശക്തി മതിയാവും. എങ്കിലും കൂടെകൂടെ താൻ നെഹ്രുവിന്റെ മകളാണെന്നും ഫിറോസിന്റെ സഹചാരിണിയാണെന്നും ഇന്ദിര ചിന്തിക്കുന്നതും പ്രതിസന്ധികളിൽ അതു സ്വയം പറഞ്ഞ് സമാധാനപ്പെടുന്നതുമെന്തിനാണെന്നും നാം ആലോചിക്കാതിരിക്കില്ല. അതീവഗുരുതരമായ വിധത്തിൽ പുരുഷനിൽ കേന്ദ്രീകരിച്ച ഒരു സമൂഹത്തിന്റെ രാഷ്ട്രീയരൂപകമാണ് ഇന്ദിര. അതിൽ നിഹിതമായിരിക്കുന്നതു പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രങ്ങൾ തന്നെയാണെന്നു തിരിച്ചറിയാൻ അബോധപൂർവമുള്ള ഇത്തരം ആത്മഗതങ്ങൾ മതിയാവും. സ്ത്രൈണഭാവങ്ങളെ തിളക്കി ആവിഷ്കരിക്കുന്നതിനിടയിലും ഒരു മദ്ധ്യമമാർഗത്തിലേയ്ക്ക് നോവലിന്റെ ആഖ്യാനം വിരൽചൂണ്ടുന്നുണ്ട്. കമലയുടെ ജീവിതവും ഇന്ദിരയുടെ ജീവിതവും രണ്ടറ്റമാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള വഴി ഭാവിയുടെ നാക്കാണ് എന്നാണ് നോവൽ മുന്നിൽ വയ്ക്കുന്ന ദർശനം. മനോരഞ്ജന്റെ മകള്‍ ‘കമലേന്ദു’വിന്റെ ആത്മഗതത്തില്‍ നോവലവസാനിക്കുമ്പോള്‍ തകരാറു പിടിച്ചകാലത്തില്‍ നിന്ന് സ്വത്വം തിരയുന്ന സ്ത്രീയെന്ന വാസ്തവത്തെയാണ് നോവല്‍ മുന്നില്‍ വച്ചതെന്നു നാം മനസ്സിലാക്കുന്നു. വായന അവിടെ അവസാനിപ്പിച്ചാൽ മറ്റെല്ലാം അപ്രസക്തമാവും, താത്കാലികമായെങ്കിലും.
---------------------------------------------------------
പര്‍വതങ്ങളിലെ കാറ്റ് (Novel)
ജോര്‍ജ് ഓണക്കൂര്‍
DCB
Labels:
പുസ്തകം
Subscribe to:
Post Comments (Atom)
6 comments:
പുസ്തകം വായിച്ചതല്ല.
"തകരാറു പിടിച്ചകാലത്തില്‍ നിന്ന് സ്വത്വം തിരയുന്ന സ്ത്രീ"
തകരാറു പിടിച്ച കാലമായാലും, മലകളെ പോലെ ഒറ്റപ്പെട്ടാലും സ്ത്രീ, തന്റെ സ്വത്വം തിരഞ്ഞു് കണ്ടുപിടിച്ചേ പറ്റൂ എന്നുകൂടി ഈ പോസ്റ്റ് പറയുന്നു.
‘ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ജീവിതത്തിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് ഉയരാവുന്നിടത്തോളം എത്തിക്കാന്‍ സ്വന്തം ഇച്ഛാശക്തി മതിയാവും’
ഉയരാവുന്നിടത്തോളം എന്നത് ആ വാചകത്തില്‍ ഒരു വാര്‍ണിങ്ങ് പോലെ.
ഞാന്‍ സ്ത്രീകളുടെ നടുവില്‍ ഒരു പുരുഷനെ കണ്ടു എന്നു ഇന്ദിരെയെക്കുറിച്ച് റിച്ചാര്‍ഡ് നിക്സണ്‍ പറഞ്ഞിട്ടില്ലേ?
മൊഴി എന്ന തമിഴ് പടം ഇപ്പോഴാണു കണ്ടത്, സിനിമയല്ലേ പക്ഷേ അതിലെ ചില സംഗതികൾ സ്വത്വം എന്താണെന്നതിനെക്കുറിച്ച് കുറച്ചുനേരം ആലോചിക്കാൻ വക നൽകി. അതു മറ്റൊരിക്കലാകട്ടെ. പറയാൻ വന്നത് പെണ്ണിനെക്കുറിച്ച് ആണിന്റെ കാഴ്ചപ്പാടിൽ നിന്നാണ് ആ നോവൽ എഴുതിയിരിക്കുന്നത് എന്നതാണ്. ഇന്ദിരാഗാന്ധി അതീവ സങ്കീർണ്ണമായ ഒരു വിഷയമാണ്. നിക്സനും ‘ആണ് ‘ ഒരു അളവുകോലാണ് എന്നല്ലേ ആ പരാമർശത്തിന്റെ അർത്ഥം. ഒരാണാവുകയാണോ പെണ്ണിന്റെ പരമലക്ഷ്യം എന്നാണ് ചിന്തിക്കേണ്ടത് എന്നു തോന്നുന്നു.
കെ.ആര്‍ നാരയണന്‍ എന്ന അളവു് കോല്‍ വച്ചു് ദളിതരെ നോക്കരുതു് എന്നു് പറയുന്ന പോലെ തന്നെ ഇന്ദിരാഗാന്ധി എന്ന അളവു് കോല്‍ വച്ചു് ഇന്ത്യയിലെ സ്ത്രീകളെ നോക്കരുതു്. ഒരു എത്തും പിടിയും കിട്ടില്ല.
തകാറു പിടിച്ച കാലത്തിലും സ്വത്വം തിരയാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നുണ്ടു് ഇന്നു്. അതു് അത്യാവശ്യവുമാണു്. തീര്‍ച്ചയായും ആണാവുക എന്നതല്ല ഈ സ്വത്വം. പ്രസവിക്കാനോ, കുട്ടിയ്ക്ക് പാല് കൊടുക്കാനോ, അവരെ ജീവനായി സ്നേഹിക്കാനോ അവള്‍ ഇഷ്ടപ്പെടുന്നു. അതെ സമയം എല്ലാ സമയവും അമ്മത്വത്തത്തില്‍ കുരുങ്ങി കിടക്കാനും അവള്‍ തയ്യറല്ല. സ്ത്രീയെ വിഴുങ്ങുന്നൊരു പ്രതിഭാസമാണ് അമ്മ. എല്ലക്കാലത്തും എല്ലാ സ്ത്രീകളും അമ്മമാരല്ല.
മൊഴി - ഈയടുത്തകാലത്ത് ഏറ്റവും അധികം സ്വാധീനിച്ച തമിഴ് പടമാണു്
thanks mashe.. for this review
ലോഡ് ഓഫ് ദ റിംഗ്സ് മൂവിയില്‍ അര്‍ദ്ധദേവതയായ ഗളദ്രിയേല്‍ നായകനായ ഫ്രോദോയോട് പറയുന്നുണ്ട് To bear the ring of power, is to be alone എന്ന്. പുസ്തകത്തില്‍ ആ വാക്യം ആരൂപത്തില്‍ ഉണ്ടോ എന്ന് ഓര്‍ക്കുന്നില്ല. പക്ഷേ പുസ്തകത്തിന്റെ മുഴുവന്‍ സമ്മറിയാണ് അതെന്നു വേണമെങ്കില്‍ പറയാം.
ചിലര്‍ വലയിലെ ചിലന്തിയെപ്പോലെ ആ ഏകാന്തതയില്‍ അഭിരമിക്കുന്നു. ചിലര്‍ കുന്നിന്‍ മുകളിലെ ചന്ദ്രനെപ്പോലെ അധികാരത്തിന്റെ വൃദ്ധിക്ഷയങ്ങളില്‍ നിര്‍നിമേഷരായി ജീവിക്കുന്നു. ചിലര്‍ മലകളെപ്പോലെ ഉറപ്പിന്റെ ആവരണത്തിനുള്ളില്‍ ആര്‍ദ്രതയുടെ ഉറവുകള്‍ ഒളിച്ചുവച്ച് നോവുന്നു.
മല നല്ല ഇമേജറിയായിത്തോന്നി... അവരെ ഓര്‍ക്കുമ്പോള്‍ :)
Post a Comment