
ഭാഷാപോഷിണി മെയ് ലക്കത്തില്‍ വന്ന ‘ബ്ലോഗുകളുടെ ലോക‘ത്തെക്കുറിച്ചുള്ള ലേഖനങ്ങളെ അവലോകനം ചെയ്തുകൊണ്ട് ‘കണ്ണൂരാന്റെ’ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ബ്ലോഗെഴുത്തിന്റെ പ്രായോഗികതലത്തില്‍ ഊന്നിനിന്നുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്. ബ്ലോഗു തുടങ്ങുന്നതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ വേണമായിരുന്നു തുടങ്ങിയ പരാമര്‍ശങ്ങളൊക്കെ അങ്ങനെ വരുന്നതാണ്. ബ്ലോഗിലെഴുതുന്നതും ബ്ലോഗിനെക്കുറിച്ചെഴുതുന്നതും രണ്ടാണ്. പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള ദൂരം ഇവയ്ക്കിടയിലുണ്ട്. ബ്ലോഗ് എന്ന താരതമ്യേന നവീനമായ വിനിമയമാദ്ധ്യമത്തിന്റെ സൈദ്ധാന്തികതലങ്ങള്‍ വിശകലനം ചെയ്യാന്‍ തയ്യാറാവാതെ നാം ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ധാരണ രൂപീകരിക്കുക എളുപ്പമാവില്ല. അതുകൊണ്ട് മലയാളം ബ്ലോഗുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ സന്തോഷിക്കുന്നതിനോടൊപ്പം, അവയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളെക്കുറിച്ചും ബോധാബോധങ്ങളെക്കുറിച്ചും പ്രത്യയശാസ്തങ്ങളെക്കുറിച്ചും അവ പൊതുസമൂഹത്തിലും പൊതുസമൂഹം അവയിലും ഇടപെടുന്ന രീതികളെക്കുറിച്ചും മറ്റും മറ്റുമുള്ള വിശകലനങ്ങളും സമാന്തരമായി തന്നെ നടക്കേണ്ടതുണ്ട്, ഒരു ന്യൂനപക്ഷത്തിന്റെ ഇടയിലെങ്കിലും. ആ വഴിക്കുള്ള ചില ചുവടുവയ്പുകളാണ് ഭാഷാപോഷിണി അടക്കമുള്ള മുഖ്യധാരാ ആനുകാലികങ്ങളില്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്.
പക്ഷേ അച്ചടിമാദ്ധ്യമത്തിന്റെ ആധികാരികത, സിനിമയടക്കമുള്ള സാങ്കേതികമാദ്ധ്യമങ്ങളുടെ സവിശേഷതകളെ ശരിയായി തിരിച്ചറിഞ്ഞ് അപഗ്രഥിക്കാന്‍ കഴിയാതെ ഒരരുക്കാക്കിയിട്ടുണ്ട്. എഴുത്താണ് പ്രധാനം. അതായത് അച്ചടിച്ചു വരുന്ന സാഹിത്യം. ഇതാണ് ശരാശരി മലയാളിയുടെ സാമാന്യബോധം. നമ്മുടെ വിമര്‍ശകരെല്ലാം സാഹിത്യോപജീവികളാണ്. നല്ല രാഷ്ട്രീയക്കാരന് പോലും സാഹിത്യകാരനായില്ലെങ്കില്‍ നാലാള് അറിയില്ല. (അപവാദങ്ങള്‍ വളരെ വളരെ ചെറിയ ന്യൂനപക്ഷമാണ്) മറ്റു വിമര്‍ശങ്ങളും നിരൂപണങ്ങളും വിശകലനങ്ങളും മുഖ്യധാരാ സാഹിത്യവിമര്‍ശകര്‍ക്ക് വഴിയോരക്കച്ചവടമാണ്. (അടുത്തകാലത്തു വന്ന ചെറിയൊരു വിപ്ലവം സാഹിത്യപഠനത്തെ സംസ്കാര പഠനത്തിന്റെ ഭാഗമാക്കിയെന്നതുമാത്രമാണ്, വീണ്ടും സാഹിത്യവിമര്‍ശകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ആ വഴിയ്ക്കു കൂടി ലഭിച്ചു!) ഉദാസീനതയും ഉത്തരവാദിത്വമില്ലായ്മയും അവര്‍ക്കു പകര്‍ന്നു നല്‍കുന്നതും എന്തിനെക്കുറിച്ചും വേണ്ടത്ര പഠനമില്ലാതെ അഭിപ്രായം പറയാന്നുള്ള താന്‍പോരിമയും അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത് അച്ചടിയുടെ ആധികാരികതയാണ്. ഇതിനൊരു മികച്ച മാതൃകയാണ് മലയാളത്തിലെ പ്രസിദ്ധ നിരൂപകനായ ഇ പി രാജഗോപാലന്‍ എഴുതിയ ‘ഇ- എഴുത്തും ഈയെഴുത്തുമെന്ന’ ലേഖനം.
മലയാളത്തിലെ ഭേദപ്പെട്ട സാഹിത്യ നിരൂപകരില്‍ ഒരാളാണ് രാജഗോപാലന്‍ . ‘കവിതയുടെ ഗ്രാമങ്ങളും‘ ‘നിശ്ശബ്ദതയും നിര്‍മ്മാണവും‘ എന്ന ചെറുകഥയുടെ കേരളചരിത്രവും എഴുതിയ ആളാണ്. എന്നാല്‍ അടുത്തകാലത്തെഴുതിയ പുതിയ പാഠ്യപദ്ധതിയെക്കുറിച്ചുള്ള ലേഖനവും സ്കൂള്‍ ഓഫ് ഡ്രാമയെക്കുറിച്ചുള്ള ലേഖനവും വിവാദങ്ങള്‍ വിളിച്ചുവരുത്തിയത് നിരീക്ഷണങ്ങളില്‍ പുലര്‍ത്തിയ വ്യത്യസ്തതകൊണ്ടല്ല, മറിച്ച് അന്തര്‍ജ്ഞാനത്തെ അതിരുവിട്ട് വിശ്വസിക്കുകയും ഉദാസീനതകൊണ്ട് വാസ്തവങ്ങളില്‍ നിന്നകന്നു നില്ക്കുന്ന പ്രമാണങ്ങള്‍ കൊണ്ട് സ്വന്തം രചനയെ അലങ്കരിക്കുകയും ചെയ്തതുകൊണ്ടാണ്. ആ വഴിയ്ക്ക് അദ്ദേഹത്തിനു ലഭിച്ച മറ്റൊരു കാക്കത്തൂവലാണ് ഭാഷാപോഷിണി ലേഖനം. വിവരങ്ങള്‍ ആധികാരികമല്ലെന്നു മാത്രമല്ല, അബദ്ധവുമാണ്. സ്വന്തം അന്തര്ജ്ഞാനത്തെമാത്രം അവലംബമാക്കി നിര്‍മ്മിച്ചെടുത്ത (വാസ്തവവിരുദ്ധമായ) വിവരങ്ങളില്‍ നിന്ന് സിദ്ധാന്തരൂപീകരണം നടത്തിയാല്‍ അത് എത്രത്തോളം വിശ്വസനീയമാവും? ബ്ലോഗിന്റെ പ്രത്യയശാസ്ത്രവിവക്ഷകള്‍ അപഗ്രഥിക്കുന്ന ഒരു ലേഖനത്തില്‍ “ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി ബ്ലോഗില്‍ ലഭ്യമാണ്. തുഞ്ചന്‍-കുഞ്ചന്‍ കവികളും ബ്ലോഗിലേയ്ക്ക് വരാനിരിക്കുന്നു.” എന്നു കണ്ടാല്‍ ബ്ലോഗെന്താണെന്ന് എന്നാലോചിച്ച് കുന്തം മറിയാനല്ലേ നമുക്കു പറ്റൂ. കാരണം തുടക്കത്തില്‍ അദ്ദേഹം തന്നെ എഴുതി : “ബ്ലോഗ് അതിരുകളില്ലാത്ത ആശയപ്രകാശനവേദിയാണ്. അനുഭവതലത്തില്‍ എറ്റവും വ്യക്തിപരമായ ഇടമാണ്. സൂക്ഷ്മതലത്തില്‍ ഇത് കത്തെഴുത്തുപോലെയാണ്..” മേല്പ്പറഞ്ഞവാക്യങ്ങളിലെ വസ്തുതാവിരുദ്ധതമാത്രമല്ല പ്രശ്നം. തുഞ്ചനും കുഞ്ചനും ശ്രീകണ്ഠേശ്വരവും ഡിജിറ്റല്‍ ലോകത്തില്‍ ആശയപ്രകാശനത്തിനും കത്തെഴുത്തിനും ചുവരെഴുത്തിനുമായി സ്വയം ഇറങ്ങി വരുന്ന സറിയലിസ്റ്റ് ഭാവന പഠനലേഖനത്തിനു എന്തായാലും പറ്റിയതല്ല. വിക്കിയെയും വെബ്സൈറ്റുകളെയും ബ്ലോഗുകളെയും കുഴമറിച്ചതാണ് ഇവിടെ പറ്റിയ അക്കിടി. ഇതെല്ലാം ഒന്നാണെന്ന ധാരണവച്ചാണ് ബ്ലോഗുകളുടെ താത്ത്വികാപഗ്രഥനത്തിനിറങ്ങുന്നതെങ്കില് കാര്യം അവതാളത്തിലാവും. സി എസ് വെങ്കിടേശ്വരന് ഈ തരവഴിയില്‍ നിന്ന് രക്ഷപ്പെട്ടത് സായ്പ്പുമാരുടെ (Zygmunt Bauman, Steve Illmer, Jon Dovey, Espen Aarseth, Pierrie Levi) ഇംഗ്ലീഷ് ഖണ്ഡികകള്‍ അതുപോലെ ക്വാട്ടിയാണ്. മലയാളത്തിനായി പ്രത്യേകം പ്രത്യേകതകളൊന്നുമില്ല. സിദ്ധാന്തങ്ങളാണോ അവ ഇറക്കുമതി ചെയ്യുക തന്നെ വേണം. അവിടത്തെ ടൂളൊക്കെ വച്ച് അളന്ന് എഴുതിയിട്ടാല്‍ മതിയെന്നൊരു മട്ട്. അതുകൊണ്ടൊരു ഗുണമുണ്ട്, മലയാളത്തിലിറങ്ങി അധികം തപ്പണ്ട. ആ സമയവും ഇംഗ്ലീഷ് പുസ്തകം വായിക്കാം. ഇതുകൊണ്ടൊക്കെയായിരിക്കാം വായനാലിസ്റ്റുകളും പലപേര് ചേര്‍ന്നു നടത്തുന്ന ബ്ലോഗുകളും (ബൂലോകക്ലബ്, ബൂലോകകവിത, ഇതെന്താ, ബ്ലോഗ് അക്കാദമികള്‍...) വിവര്‍ത്തന ബ്ലോഗുകള്‍ , സാങ്കേതിക ബ്ലോഗുകള്‍ ഇവയെല്ലാം ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘സാമൂഹികത‘ പോലെയുള്ള കാര്യങ്ങള്‍ തീരെ വിഷയമല്ലാത്തതായി തീര്‍ന്നത്.
ഉപചാരമില്ലാത്ത നേര് സംവാദത്തിനുദാഹരണമായി (അങ്ങനെയാണ് ബ്ലോഗുകള്‍ ഗോത്രാനുഭവമായി മാറുന്നത് എന്ന് രാജഗോപാലന്‍ . സമകാലിക നാഗരികതയുടെ കുറുക്കിയ രൂപമാണ് ബ്ലോഗെന്ന് ആദ്യം ഒരു നിര്‍വചനമുണ്ട്, പിന്നെയാണത് എഴുതുന്ന ആള് ഒളിഞ്ഞിരിക്കുന്ന കൂട്ടായ്മയുടെ ഗ്രാമവും ഗോത്രവുമായി തീരുന്നത്. അപ്പോള്‍ ബ്ലോഗ് നഗരമോ ഗ്രാമമോ? പി പി രാമചന്ദ്രന് (തിരമൊഴി എന്ന ലേഖനം) മക്ലൂഹന് വിഭാവനചെയ്ത ഗോത്രാനുഭവത്തെ മറ്റൊരു തരത്തിലാണ് വിവരിക്കുന്നത്, ‘വല’(ഇന്റെര്‍നെറ്റ്) യുമായി വിവരവേട്ടയ്ക്കിറങ്ങുന്ന സൈബര്‍ പൌരന് എന്ന അര്‍ത്ഥത്തില്‍ ) വെങ്കിടേശന്റെ ഇംഗ്ലീഷുബ്ലോഗില് തുളസി എഴുതിയ ‘മലയാളത്തിലുമെഴുതിക്കൂടെ സാര്‍ ’ എന്ന അപേക്ഷയും അതിനുള്ള മറുപടിയുമാണ് നല്‍കിയിരിക്കുന്നത്. ഒരു ഫോണ്‍ വിളിച്ചോ കാര്ഡെഴുതിയിട്ടോ ഇ-മെയിലയച്ചോ നേരിട്ടോ എതുസമയത്തും നടത്താവുന്ന കുശലപ്രശ്നമാണോ ബ്ലോഗിന്റെ അപാരമായ സംവാദസാദ്ധ്യതയ്ക്കുള്ള ഉദാഹരണം? ഇതു വായിക്കുന്ന ഗൌരവബുദ്ധിയായ ഒരു മനുഷ്യന് ബ്ലോഗിനെക്കുറിച്ചു ലഭിക്കുന്ന ചിത്രമെന്തായിരിക്കും? ബ്ലോഗ് കത്തെഴുത്തുപോലെയാണെന്നും ചുവരെഴുത്താണെന്നും കയ്യെഴുത്തുമാസിക പോലെയാണെന്നും മറ്റൊരിടത്ത് പറയുന്നു. കത്ത് എത്രപേര്ക്കയയ്ക്കാനാവും എന്നൊരു ചോദ്യമുണ്ട്. അതിനുള്ള പരിഹാരമാണ് ബ്ലോഗ്! കത്തിന്റെ പരിധിയില്‍ ‘ഇ മെയില്‍ ‘ വരുമെങ്കില്‍ അത് എത്രപേര്‍ക്കു വേണമെങ്കിലും അയച്ചുകൂടേ? അതിനു പകരം നില്ക്കുന്നതാണൊ ബ്ലോഗ്?
ബ്ലോഗില്‍ അധികാരം കൈയാളാന്‍ ആളില്ല എന്ന് ഇ പി രാജഗോപാലന്‍ . എഴുത്തും അതേക്കുറിച്ചുള്ള എഴുത്തുകളും ചേര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ സൈബര്‍ അനുഭവമാണിതു തുറന്നിട്ടിരിക്കുന്നത്. ബ്ലോഗുടമയ്ക്ക് ഇഷ്ടപ്പെടാത്ത കമന്റുകള്‍ ധാരാളം ഒഴുകിയൊലിച്ചു പോയിട്ടുണ്ടെന്നും രാമിന്റെ (തുറന്നിട്ട വലിപ്പുകള്) ബ്ലോഗിലെ കമന്റ് മോഡറേഷനും എം കെ ഹരികുമാറിന്റെ ബ്ലോഗിലെ കമന്റില്ലാ ഓപ്ഷനും ബ്ലോഗുലകത്ത് പ്രസക്തമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നു കൊണ്ട് വേണം ബ്ലോഗുകളിലെ അതിരില്ലാ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ . ‘അധികാരസ്ഥാനത്തിന്റെ ശകലീകരണം‘ എന്നു രാജഗോപാലന്‍ പറയുന്ന സംഗതിയുടെ മറുപുറമാണിത്. (ന്യായം എന്തായാലും, മോഡറേഷനും കമന്റുകള്‍ റദ്ദാക്കലും തുടച്ചുകളയലും അധികാരത്തിന്റെ കേന്ദ്രീകരണവും വണ്‍ വേ ആശയപ്രകാശനവുമാണ് ) ബ്ലോഗിങ്ങിന്റെ ഏറ്റവും വലിയ രസമായി അദ്ദേഹം കാണുന്ന പ്രതികരണവൈവിദ്ധ്യം പോലും പ്രശ്നസങ്കുലമാണെന്ന് അര്‍ത്ഥം. ബ്ലോഗാരംഭിക്കുന്നതു തന്നെ പ്രൊവൈഡേഴ്സിന്റെ ചില നിബന്ധനകള്‍ക്കു വഴങ്ങിയാണ്. (ഇന്റെര്‍നെറ്റില്‍ സ്ഥലം തരുന്ന കമ്പനിയ്ക്ക് നിങ്ങളുടെ എഴുത്തില്‍ ഒരു നിയന്ത്രണവുമില്ല എന്ന് രാജഗോപാലന്‍) പകര്‍പ്പ് അപേക്ഷാപ്രശ്നങ്ങള് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ചില്ലുകളുടെ തെരെഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാര്യത്തില്‍ സ്വാതന്ത്ര്യം അത്ര അതിരില്ലാത്തതാണോ സൈബര്‍ലോകത്തില്‍? ചുരുക്കത്തില്‍ സ്വാതന്ത്ര്യത്തിന്റെ പരിധികളും പരിമിതികളും കുറേക്കൂടി ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട് ഒരു സൈദ്ധാന്തിക ലേഖനത്തില്‍ .
ഈ ലേഖനത്തില്‍ തന്നെയുള്ള ‘പെരിങ്ങോടന്റെ ‘ബ്ലോഗ് വാരഫലം’ പോലുള്ള വസ്തുതാപരമായ തെറ്റുകളെ നിരുപാധികം വിട്ടയയ്ക്കുന്നു. ‘എഡിറ്റേഴ്സ് ചോയിസി‘നെക്കുറിച്ച് രാജഗോപാലന്‍ എഴുതുന്നുണ്ട്. എഡിറ്റര്‍ , വിഷയവും എഴുത്തുകാരെയും തീരുമാനിച്ച് എഴുതിക്കുന്ന ആനുകാലികങ്ങളിലെ സ്ഥിരപദ്ധതിയാണത്. സത്യത്തില്‍ അതിന്റെ ഇരതന്നെയല്ലേ, വേണ്ടത്ര തയാറെടുക്കാനോ അന്വേഷിക്കാനോ സമയം മിനക്കെടുത്താതെ തട്ടിപ്പടച്ചുണ്ടാക്കിയ ഈ ലേഖനവും? താന്‍ പറഞ്ഞത് തന്നെ തിരിഞ്ഞു കടിക്കുന്നതിനു മറ്റൊരുദാഹരണം കൂടിയുണ്ട്, ഇതില്‍ . തേജസ് വാര്‍ഷികപ്പതിപ്പില്‍ ‘ഇന്റെര്‍നെറ്റും വിമര്‍ശനകലയും’ എന്ന ലേഖനമെഴുതിയ കെ പി അപ്പന്, ബ്ലോഗിങ് എന്ന സ്വാതന്ത്ര്യ ക്ഷേത്രത്തെപ്പറ്റി എന്തെങ്കിലും പറയാമായിരുന്നു എന്ന് അദ്ദേഹം കുണ്ഠിതപ്പെടുന്നുണ്ട്. രാജഗോപാലന്‍ എഴുതുന്നു :“ ഇത് ഒരിനം യന്ത്രസരസ്വതിയല്ലേ എന്ന്, കൂടിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് തെറ്റുപറയുന്ന ഈ നിരൂപകന് കുറച്ചുകൂടി ഉത്തരവാദിത്വബോധം കൂടി ആകാമായിരുന്നു.”
ചിരിക്കാതെന്തു ചെയ്യും? അറം പറ്റുക എന്നു പറയുന്നത് ഇതല്ലേ, സാര്‍ ?
9 comments:
കരിയാടിന്റെ ബ്ലോഗില്‍ ഇപ്പോള്‍ കമന്റ് ഓപ്ഷന് ഉണ്ട്:)
ഭാഷാപോഷിണി വായിച്ചിട്ട് ചര്‍ച്ചയില്‍ ഇടപെടാം. ഇങ്ങെത്തിയിട്ടില്ല.
തല്ക്കാലം എന്റെ ബ്ലോഗിനെപ്പറ്റി പറഞ്ഞത് ഒന്ന് വിശദമാക്കിക്കോട്ടെ. കമന്റ് മോഡറേഷന് തുടങ്ങിയ ശേഷം രണ്ടേ രണ്ട് കമന്റുകളേ ഒഴിവാക്കിയിട്ടുള്ളു. ഒന്ന് തീരെ അപ്രസക്തമായ എന്തോ പിച്ചും പേയും. രണ്ടാമത്തേത് രാജിനേയും ഇഞ്ചിപ്പെണ്ണിനെയുമെല്ലാം തെറി.
കമന്റ് മോഡറേഷന് ഇടാനുണ്ടായ പശ്ചാത്തലം:
മുലയെന്നു കേള്‍ക്കുമ്പോള്‍ എന്ന ഒരു പോസ്റ്റിന്റെ കമന്റുകള്‍ വന്ന് അതൊരു തകര്‍പ്പന്‍ സമാഹാരമായി. അതിനോട് ഗൌരവപൂര്‍വം വിയോജിച്ചവരുണ്ട് - രാജ്, രാജീവ് തുടങ്ങിയവര്‍. നിരുപദ്രവമായ വളിപ്പുകള്‍ പങ്കുവെച്ച് നമ്മള് കുറേപ്പേര് ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ വളരെ ചീപ്പായി, പെഴ്സണലായി, ഒരു കമന്റ് വന്നു. തല്ക്കാലം എനിക്കതു മാത്രമായി ഡിലീറ്റ് ചെയ്യാമായിരുന്നു. കഷ്ടകാലത്തിന് ഞാനപ്പോള്‍ ഒരു മീറ്റിംഗിന് ഷാര്‍ജയിലേക്ക് പോകാന്‍ തുടങ്ങുകയായിരുന്നു (ക്ലയന്റ് സര്വീസിംഗിലാണ് ജോലി.). ഇവിടത്തെ കുപ്രസിദ്ധമായ ട്രാഫിക് ജാമടക്കം ഒരു നാലു മണിക്കൂറെങ്കിലും കഴിയുമായിരുന്നു തിരിച്ചുവരാന്‍. ആ കമന്റ് മാത്രം ഡിലീറ്റിയിട്ട് മോഡറേറ്റ് ചെയ്യാതെ പോകാന്‍ മാത്രം റിസ്ക്കെടുക്കേണ്ടെന്നു കരുതി. 24 മണിക്കൂറും നെറ്റ് അക്സെസ്സുള്ള കാലത്ത് മോഡറേഷന് മാറ്റാം.
കമന്റ് മോഡറേഷന് ഉള്ളതുകൊണ്ട് എന്റെ ബ്ലോഗിനിപ്പോള് ഒരു കുറവുള്ളതായി തോന്നുന്നില്ല. പറയാനുള്ളവര്‍ പറയും. കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും അനോനിമസ് കൂവലുകളും ഇട്ടിട്ടുണ്ട്.
ആര്‍ക്കും കേറി എന്തും കമന്റടിക്കാമെന്നത് ബ്ലോഗിന്റെ ഒരു ഫീച്ചറായി ഞാന്‍ ഇപ്പോള്‍ കരുതുന്നില്ല.
പ്രശ്നം മറ്റൊന്നാണ്. വിഷയത്തിനോട് ബന്ധമില്ലാത്ത ദേഷ്യങ്ങളും മറ്റും തീര്‍ക്കാന്‍ കമന്റ് ഓപ്ഷന് ഉപയോഗിക്കുന്നവരുണ്ടാകും.
അല്ലെങ്കില്‍ത്തന്നെ ഒരുപാട് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതാണ് തുടങ്ങിയ കാലത്തു തന്നെ.(1 കൊല്ലമായി ഈ അഡിക്ഷന്).
നമ്മുടെ ഏറ്റവും വലിയ ശത്രു തുടര്‍ന്നും ആകാന്‍ നമ്മളെ അനുവദിക്കുക. അതിന് മറ്റൊരാളെ അനുവദിക്കുന്ന പ്രശ്നമില്ല.
പ്രമോദേ, സ്വാളോ, കമന്റ് മോഡറേഷനോ കമന്റ് ഓപ്ഷന് ഡിസേബിളോ ഒന്നും വേണ്ടന്നോ അപകടമാണെന്നോ അതു ചെയ്തവര്‍ മോശക്കാരാണെന്നോ ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല. അതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാത്രമാണ്. രാം തന്നെ പലപ്രാവശ്യം തനിക്കു കമന്റു മോഡറേഷന് ഏര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യം വിശദീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ അത്തരമൊരു സാദ്ധ്യത നിലനില്‍ക്കേ “അതിരില്ലാത്തസംവാദത്തിന്റെഭൂമികയും സ്വതന്ത്രമേഖലയുമൊക്കെയായി’ ബ്ലോഗുകളെ അവതരിപ്പിക്കുന്നതിന്റെ ശരികേട് ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
ഭാഷാപോഷിണി ലേഖനം വായിച്ചു. അല്ലെങ്കിലും വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു. ബ്ലോഗര്‍മാര്‍ രണ്ട് പേരെഴുതിയ ലേഖനവും നിരാശപ്പെടുത്തി. മലയാളം ബ്ലോഗ് ഇത്രമാത്രം വളര്‍ന്നിട്ടും ഇതെന്തോ പുതിയ സാധനമെന്ന മട്ടിലുള്ള അവലോകനം എല്ലാം പേപ്പര്‍ വേസ്റ്റേജ് തന്നെ.
പ്രശ്നം ബ്ലോഗിനൊരു ശരിയായ സ്പോക്സ്പേര്സണ് ഇല്ല എന്ന് തന്നെ. സിനിമ വിട്ട് ആദ്യത്തെ നിരയില്‍ വരുന്നവരോട് അഭിപ്രായം ചോദിച്ചാല്‍ അതൊരു ശരിയായ സിനിമാ നിരൂപണമോ അവലോകനമോ ആവില്ലല്ലോ. അതുപോലെയാണ് മാധ്യമങ്ങള്‍ ബ്ലോഗിനെ സമീപിക്കുന്നത്. അവിടുന്നും ഇവിടുന്നും രണ്ട് പേരോട് എഴുതി ചോദിക്കും, ചോദിച്ചതില്‍ പാതിയും ഉത്തരത്തില്‍ പാതിയും വിഴുങ്ങും, രണ്ട് ലേഖനം തട്ടിക്കൂട്ടും. അത്രന്നെ. പ്രിന്റ് മാത്രം വായിക്കുന്നവര്‍ക്ക് അതെന്തോ പുതിയ ഒരു സംഗതിയും ആവും.
പക്ഷെ ഇപ്പോള്‍ മാധ്യമങ്ങളില്‍ ബ്ലോഗുകളെക്കുറിച്ച് വരുന്നത് എനിക്കെങ്കിലും യാതൊരു പ്രത്യേകതയും തോന്നിപ്പിക്കുന്നില്ല. ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് തോന്നിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രിന്റ് മാധ്യമങ്ങള്‍ മിസ്സ് ചെയ്തു പോയ ഒരു ബസ്സ് എന്നേ തോന്നിപ്പിക്കുന്നുള്ളൂ.
വെള്ളെഴുത്തെ
ഭാഷാപോഷിണിയിലെ ലേഖനങ്ങളില്‍ മുഴച്ചു നില്ക്കുന്നതായി തോന്നിയ ഒരു വസ്തുത താങ്കള്‍ ചൂണ്ടിക്കാട്ടിയതുപോലെ ബ്ലോഗ് സ്വാതന്ത്ര്യത്തെക്കുറിച്ച് ആ ലേഖകര്‍ മുന്നോട്ടു വെക്കുന്ന, പ്രത്യേകിച്ചും രാജഗോപാലന്‍, തെറ്റായ ധാരണകളാണ്.
അതേ സമയം പി.പി.രാമചന്ദ്രന് മൂല്യവത്തായ ചിന്തകള്‍ മുന്നോട്ടു വെക്കുന്നതായി തോന്നി.
ഈ വിഷയത്തെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടീരുന്നു.
ബ്ലോഗിനെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്ന പേരില്‍. നോക്കുമല്ലോ.
ക്ഷമിക്കണം
ഇതാണ് ലിങ്ക്
ബ്ലോഗിനെ കുറിച്ച് ആലോചിക്കുമ്പോള്‍
താളിയോലകളില്‍ നിന്ന് കടലാസ്സുകളിലേയ്ക്കു മാറുന്ന സമയവും ഇമ്മാതിരി ചില നോട്ടപ്പിശകുകളും ധാരണക്കുറവുകളും ആളുകള്‍ പങ്കുവച്ചിരുന്നിരിക്കില്ലേ? സ്പുട്നിക്ക് ആകാശത്തിലേയ്ക്കു അയച്ച സമയം പണ്ഡിതകവിയായ കെ കെ രാജ കവിതയിലെഴുതി, ‘മനുഷ്യാ നീ ഈ ചെയ്യുന്നത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ്. തീഗോളത്തെയാണ് ആകാശത്തിലേയ്ക്കയയ്ക്കുന്നത്. അതു തിരിച്ചുവന്ന് ഈ ലോകത്തെ ആകെ നശിപ്പിക്കില്ലേ?”
ഇഞ്ചീ, ഭാഷാപോഷിണി ലേഖനമെഴുതിയവരില്‍ രണ്ടല്ല, നാലു ബ്ലോഗര്‍മാരുണ്ട്. നമ്മുടെ മൈന്‍ഡ് സെറ്റപ്പിന്റെ കാര്യമേ! “സിനിമ കണ്ട് പുറത്തിറങ്ങുന്നവരുടെ നിരൂപണമെന്ന ഉപമ ലക്ഷ്യവേധിയാണ്. അതാണ് കാര്യം. എങ്കിലും ബ്ലോഗിന്റെ സ്പോക്സ് പേഴ്സണ്‍ എന്ന സങ്കല്പത്തെ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. അതു നാമീ പറയുന്ന കേന്ദ്രീകരണത്തെയും താന്‍പോരിമാ സങ്കല്പത്തെയും വളമിട്ട് പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. പകരം തങ്ങള്‍ ചെയ്യുന്നതെന്താണെന്നു തിരിച്ചറിയുന്ന കളക്ടീവായ ബോധമനസ്സിന്റെ സാന്നിദ്ധ്യമാണ് വേണ്ടത്. പോളണ്ടില്‍ നിന്ന് ചീത്ത സിനിമകള്‍ പുറത്തുവരാത്തതിനും ഇറാനിലെ സിനിമകളുടെ ദൃശ്യപരമായ മികവിനും സൂക്ഷ്മതയ്ക്കും കാരണം ആഴമുള്ള തിരിച്ചറിവിന്റെ വ്യാപ്തിയല്ലേ എന്നു തോന്നാറുണ്ട്. (‘സ്കൂള്‍‘ എന്നൊക്കെ നാം പറയുമെങ്കിലും) അതുപോലൊരു മീഡിയാ അവയര്‍നെസ്സ് ഉണ്ടാകുമ്പോഴേ ‘മലയാളം ബ്ലോഗ് വളര്‍ന്നു’ എന്നു പറയാറാവൂ എന്നാണ് എന്റെ തോന്നല്‍. എണ്ണപ്പെരുപ്പം വളര്‍ച്ചയുടെ തോതായി അളക്കാന്‍ കഴിയുമോ?
ബാബുരാജേ, പി പിയുടെ ‘തിരമൊഴി’ എന്ന സങ്കല്പം തന്നെ മിഴിവുള്ളതായി തോന്നി. അതുവച്ചാണ് സ്വന്തം ബ്ലോഗിനു പേരിട്ടിരുന്നതെന്ന് ഇത്രനാളും ആലോചിച്ചിരുന്നില്ല.
take print out and post it to bhashaposhini
മാധ്യമത്തിന്റെ സവിശേഷതകള്‍ ഉള്‍കൊള്ളാന്‍ പാകത്തില്‍ മലയാളത്തില്‍ ബ്ലോഗ് വളര്‍ന്നെന്നു തോനുന്നില്ല.(ഞാന്‍ വളരെ അടുത്തുമാത്രമാണ് ഈ പരിപാടി ആരംഭിച്ചത്.അതിന്റെ ഭാഗമായ തോന്നലാണോ എന്റേതെന്നറിയില്ല..) എണ്ണത്തേക്കാള്‍ ഉപരി ഒരു പാകപ്പെടലുണ്ടല്ലോ..അതാണര്‍ത്ഥമാക്കിയത്.
മലയാളത്തില്‍ ടെലിവിഷന്റെ കാര്യം എടുത്താല്‍ സ്വന്തമായ അസ്ഥിത്വത്തേക്കാള്‍ സിനിമയുടെ ഒരു അനുബന്ധമായാണല്ലോ അത് പ്രവര്‍ത്തിച്ചു വരുന്നത്..ഒന്നുറപ്പാണ് അത് സ്വന്തം അസ്ഥിത്വത്തിന്റേതായ ഒരു ഭാഷ സ്വയം കണ്ടെത്തുകതന്നെ ചെയ്യും.. ഇപ്പോഴത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ പലരും ടി.വി.യെ വിലയിരുത്തുമ്പോള്‍ എഴുത്തുമായി താരതമ്യപ്പെടുത്താനുള്ള ഒരു ശ്രമം നടത്തുന്നതായി കാണാം.ഇങ്ങനെ ചെയ്യുമ്പോള്‍ എഴുത്ത് ഒരു റഫറന്സാണിവിടെ. സത്യത്തില്‍ എഴുത്തിന്റെ ഈ പ്രാമുഖ്യം ഒരു ശീലത്തേക്കാളുപരി യാഥാസ്ഥിതികമായ ചിന്തയുടെ ഫലമാണ്.
കവിതയെഴുത്തിനേക്കാള്‍ മോശമാണ് സിനിമാപാട്ടെഴുത്ത് എന്ന ഒരു ചിന്ത ഇതിന്റെ ഭാഗമണ്(വയലാറിനെ കോടമ്പാക്കം കവിയായി വിലയിരുത്തുന്നത് ഓര്‍ക്കുക.ക്വാളിറ്റിയിലല്ല ഊന്നല്‍ എന്നത് വ്യക്തമാണല്ലോ)
ഇത്തരം ചിന്ത ബ്ലോഗിനെ കുറിച്ചുമുണ്ട്.
മറ്റുള്ളവര്‍ കരുതുന്നുവെന്ന അര്‍ത്ഥത്തിലല്ല ബ്ലോഗുന്നവര്‍ തന്നെ കരുതുന്നു.
ബ്ലോഗെഴുത്തിനെ അച്ചടിക്കു പകരമായ ഒന്നായാണ് അവര്‍ വിലയിരുത്തുന്നത്. അത് പക്ഷേ ബ്ലോഗെന്ന മാധ്യമത്തിന്റെ പ്രശ്നമല്ല,ഒരു മാധ്യാമമെന്ന നിലയില്‍ മലയാളത്തില്‍ അത് വികസിക്കാത്തതിന്റെ മാത്രം പ്രശ്നമാണ്. ഒരു മാധ്യമത്തെ മറ്റൊന്നിന്റെ അനുബന്ധമായികാണുന്നത് രണ്ടാമതുപറഞ്ഞമാധ്യമത്തിന്റെ വികാസത്തിന്റെ പ്രശ്നമാണല്ലോ?
ഒന്നുറപ്പ് ബ്ലോഗ് ഇതിനെ നേരിടുമായിരിക്കും.
പിന്നെ ആദര്‍ശിന്റെ അഭിപ്രായം കൊള്ളാമെന്നു തോനുന്നു.
Post a Comment