November 26, 2007

വലതുവശം ചേര്‍ന്നു പോകുക!

അമ്മൂമ്മയെഴുത്തിന്റെ സൌന്ദര്യങ്ങളിലൊന്ന്, കഴിഞ്ഞുപോയ കാലത്തിന്റെ കാലുഷ്യങ്ങളെ അനുഭവത്തിലൂടെ പാകപ്പെട്ട മനസ്സുകൊണ്ട് പൊതിഞ്ഞുകെട്ടുന്ന രീതിയാണ്. ഏറ്റവും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ പോലും അവിടെ വിക്ഷോഭങ്ങളില്ലാതെ തെളിയും. ആശയക്കുഴപ്പങ്ങളില്ല, സംശയങ്ങളില്ല. അനുഭവങ്ങള്‍ക്ക് അറിയാതെ സാമാന്യവത്കരണം സംഭവിക്കുന്നു. അപ്പോള്‍ അത് ‘എന്റേത്’ എന്ന അവസ്ഥയില്‍ നിന്നിറങ്ങി ‘ഞങ്ങളുടേത്’ ആകുന്നു. സ്വന്തം ഭൂതകാലത്തെക്കുറിച്ചാണ് ദേവകീ നിലയങ്ങോട് എഴുതിയത്. എങ്കിലും സവര്‍ണ്ണതയ്ക്കുള്ളിലെ പാര്‍ശ്വവത്കരണമായി അതു മാറുന്നു. അതൊരു വേറിട്ട കാഴ്ചയാണ്. അഗ്രഹാരപ്പുരകളിലും മറക്കുടകള്‍ക്കുള്ളിലും അരങ്ങേറിയ കഷ്ടകാലത്തിന്റെ പെണ്‍കാണ്ഡങ്ങള്‍ കാട്ടിത്തരുക എന്നത് ആ എഴുത്തിന്റെ ലക്ഷ്യമായിരുന്നോ എന്നു ചോദിക്കാം. അല്ല. എങ്കിലും അതാണ് വെളിപ്പെട്ടത്. പിന്നിട്ട അനുഭവങ്ങള്‍, കാഴ്ചവട്ടങ്ങളെ ആഴമുള്ളതാക്കുന്നുണ്ട്. നിരീക്ഷണക്കുറിപ്പുകള്‍ ഏതു പഠനങ്ങളെക്കാളും ഗൌരവതരമാവുന്നത് ആ പരിണതിയിലാണ്. എങ്കിലും അതിനുള്ളിലും രാഷ്ട്രീയത്തിനു കയറിപ്പറ്റാനും ഒളിച്ചിരിക്കാനും വെളിയില്‍ വന്ന് എത്തിനോക്കാനുമുള്ള പഴുതുകളുണ്ട്. അവയെ അവഗണിക്കാം, അവയെ മാത്രം കിണ്ടി വെളിയിലിടുകയും ചെയ്യാം! ഒക്കെ സൌകര്യം പോലെ.

കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ ഒര്‍ഹാന്‍ പാമുക്കിനുള്ള മൈലേജ് ഇത്തവണത്തെ പുരസ്കാരജേതാവ്(ജേത്രി) ഡോറിസ് ലെസ്സിംഗിനു മലയാളത്തില്‍ കിട്ടിയില്ല. കാരണം വ്യക്തമാണ്. സമ്മാന പ്രഖ്യാപനത്തില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയം കൃത്യമായി തിരിച്ചറിയാന്‍ മാത്രം കണിശബുദ്ധിയുള്ളവരാണ് മലയാളത്തിലെ പ്രബുദ്ധരായ എഴുത്തുകാര്‍ (വായനക്കാരും!). (നോവലിസ്റ്റായ പഴയ അരുന്ധതി റോയിയെ ചുമ്മാ ഒന്ന് ഓര്‍ത്തുപോകുകയാണ് ഇവിടെ.) ദോഷം പറയരുതല്ലോ. ഒന്നോ രണ്ടോ പരിചയപ്പെടുത്തല്‍ ലേഖനങ്ങളും കഥകളും പേരിന് അവിടെയുമിവിടെയുമൊക്കെയായി പ്രത്യക്ഷപ്പെട്ടു. അത്രമാത്രം. മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ നോബല്‍ സമ്മാന വിതരണത്തിനുമുന്‍പ് നടത്തിയ പ്രവചനപ്പട്ടികയിലോ ചുരുക്കപ്പട്ടികയിലോ (എന്തിന് നെറ്റിലും) ഒന്നും പാവം അമ്മൂമ്മയുടെ പേരുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ഡോറിസിന്റെ വിജയം ഒരട്ടിമറി വിജയമാണ്. പക്ഷേ അട്ടിമറി സ്വീഡിഷ് അക്കാദമിയുടെയാണ്. അത് നമ്മളെ നമ്മളെ എന്തിനു സ്പര്‍ശിക്കണം? പ്രാന്തവത്കൃതജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ സ്ത്രീകളെ ഒഴിവാക്കാന്‍ ആഗോളീകരണകാലത്തും പറ്റിയിട്ടില്ല, വികസിതരാജ്യങ്ങളിലെയും സ്ഥിതി ഇന്നും അതാണ്. എന്നിട്ടും അവര്‍ ഫെമിനിസത്തെ തള്ളിപ്പറയുന്നു. എയിഡ്‌സ് ലൈംഗിക സദാചാരം തിരികെ കൊണ്ടുവന്നെന്ന് ആശ്വസിക്കുന്നു. റൊഡേഷ്യയിലും പിന്നെ ലണ്ടനിലും വളരെ പാര്‍ട്ടിയുടെ മുന്‍‌നിരപ്രവര്‍ത്തകയായിരുന്ന അവര്‍ തന്റെ വിശ്വാസം ചവറായിരുന്നു എന്ന് ഒരു സംശയവുമില്ലാതെ എഴുതി വയ്ക്കുന്നു.

മനുഷ്യന്‍ ജനിക്കുന്നതു തന്നെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പട്ട കെട്ടാന്‍ കഴുത്തുനീട്ടിക്കൊടുക്കാന്‍ വേണ്ടിയാണെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്കു വേണ്ടി നീക്കി വച്ചിരിക്കുന്നതല്ല നോബല്‍ സമ്മാനം. എഴുത്തുകാരന്റെ ആത്മവത്തയെ തകര്‍ക്കുന്ന സാമൂഹിക ഘടനകളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടതിനാണ് ചൈനീസ് എഴുത്തുകാരനായ ഗാവോ സിങ്ജിയാന് നോബല്‍ സമ്മാനം ലഭിച്ചത്. തന്റെ ‘ബസ്‌സ്റ്റോപ്പ് എന്ന നാടകം നിരോധിക്കുകയും ‘ആത്മീയ മലിനീകരണ‘ത്തിന്റെ പേരില്‍ വിമര്‍ശനവിധേയനായി ഒറ്റപ്പെടുകയും ചെയ്ത ഗാവോ പത്തുമാസത്തെ അലഞ്ഞുതിരിയലിനൊടുവില്‍ ചൈന വിട്ടോടി. അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ‘ആത്മശൈലം’ എഴുതി. നോബല്‍ സമ്മാനം നേടി. വിറ്റ് ഗാര്‍നറുമായി നടത്തിയ അഭിമുഖത്തില്‍ ഡോറിസ് ലെസ്സിംഗ് പറഞ്ഞു :“മുതലാളിത്തം മരിച്ചു. അതു ചെയ്യാനുള്ളതു ചെയ്തു തീര്‍ത്തു. ഭാവി സോഷ്യലിസ്റ്റിന്റെയോ കമ്മ്യൂണിസ്റ്റിന്റെയോ ആണ്. നമുക്കെല്ലാം നീതിയും സമത്വവും നല്ല വേതനവും കിട്ടാന്‍ പോകുന്നു. പെണ്ണോ മുടന്തനോ കറുമ്പനോ ആരോ ആകട്ടെ എല്ലാവരും തുല്യര്‍. അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍.” പക്ഷേ ഒന്നും നടന്നില്ല. എങ്കിലും ഈ ഉട്ടോപ്യന്‍ വിശ്വാസം ബുദ്ധിയുള്ളവര്‍ എന്നു സ്വയം നടിച്ചിരുന്നവര്‍ പോലും വച്ചു പുലര്‍ത്തി എന്നു പറഞ്ഞാണ് അവര്‍ ചിരിച്ചത്. ഇതാണ് ‘mass psychopathology‘. തങ്ങള്‍ അക്കാലങ്ങളില്‍ വിശ്വസിച്ചിരുന്നത് പൂര്‍ണ്ണമായും ചവറാണെന്ന് യാതൊരു സംശയവുമില്ലാതെ അവര്‍ പറയുന്നു. ‘’“ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളെ ഒന്നും ചെയ്യാന്‍ ഈ മണ്ടന്‍ വിശ്വാസങ്ങള്‍ക്കു കഴിയുമായിരുന്നില്ല“. ലോകമെമ്പാടുമുള്ള നല്ലവരായ അനേകം മനുഷ്യര്‍, തങ്ങളുടെ കമ്മ്യൂണിസത്തിലുള്ള വിശ്വാസത്തെമാത്രം ലാക്കാക്കി ഒരുപാട് പണിയെടുത്തിട്ടുണ്ട്. അവര്‍ക്ക് പകരം കിട്ടിയതോ ഒരു സ്റ്റാലിനെ. ഈ ക്രൂരമായ തമാശയാണ് നമ്മുടെ കാലഘട്ടത്തില്‍ സോഷ്യലിസത്തെ കൊന്നത് എന്ന് ഡോറിസ്. സ്വന്തം രാജ്യത്ത് ഒരു നല്ല സമൂഹം പണിയാന്‍ എന്തിനാണ് ചുവപ്പിന്റെ പേരും പറഞ്ഞ് തെക്കു വടക്ക് നോക്കുന്നതെന്നാണ് അവര്‍ ചോദിച്ചത്. “പിന്താങ്ങി വന്ന സംഗതി വന്‍‌പരാജയമാണെന്നറിഞ്ഞിട്ടും ആളുകള്‍ അതിനെ ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നു അതാണ് പുരോഗമനചിന്ത എന്ന മട്ടില്‍!“

1997-ലാണ് ‘സാലണ്‍‘ ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന് പ്രത്യേക പ്രാധാന്യം താനേ കൈവരുന്നു. സോവ്യറ്റ് യൂണിയന്‍ തകര്‍ന്നു പോയതും ചൈനയും ചുവന്ന ബംഗാളും ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ചുവപ്പന്‍ കാലുകള്‍ വലതുമാറ്റി ചവിട്ടിവൃത്തികേടാക്കുന്നതുമൊന്നുമല്ല കാര്യം, അതൊക്കെ ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വരുമെങ്കിലും. അമ്മൂമ്മയെഴുത്ത് ആനുഭവിക സത്യം പറയുമ്പോള്‍ കൊച്ചുമക്കള്‍ക്ക് ഉണ്ടാവുന്ന രോമാഞ്ചവുമല്ല. സംഗതി ധ്വനി പ്രധാനമാണ്. വരികള്‍ക്കിടയിലൂടെ വായിക്കണം. കണ്ടോ ? നോബല്‍ സമ്മാനസമിതിയുടെ രാഷ്ട്രീയം ഇവിടെ കിടന്നു കറങ്ങുന്ന കറക്കം കണ്ടോ?

7 comments:

R. said...

ഇതിലിപ്പോ ഏതാണ്‌ ശരി, വെള്ളെഴുത്തേ? അതോ ഇനി 'ശരി' എന്നത് അമൂര്‍ത്തവും അപരിമേയവും ആണോ?

(ഇത്ര നേരായിട്ടും വേറൊരു കമന്റും കാണാത്തതില്‍ അത്ഭുതം കൂറുന്നു.)

വെള്ളെഴുത്ത് said...

ശരിയാണല്ലോ രജീഷേ.. ആരും കാണാന്‍ കൂട്ടാക്കാത്തൊരു പോസ്റ്റ്.. ചവറായിരിക്കും...ആര്‍ക്കറിയാം....!

R. said...

അങ്ങനെയാവാന്‍ സാധ്യത കുറവാണ്... ഞാന്‍ തന്നെ രാവിലെ വായിച്ചിട്ട് വൈകീട്ടാണ് കമന്റിട്ടത്. ;-)

nalan::നളന്‍ said...

ചുമരെഴുത്തുകളിലെ സരവൈവലിന്റെ റെസിപ്പി ഇങ്ങനെ പച്ചയ്ക്കെഴുതിപ്പിടിപ്പിച്ചിട്ട് കമന്റുകളും നോക്കിയിരിക്കുവാ അല്ലേ :)

‘ഗൃഹാതുരത്വം’ തൊട്ട് ‘മലയാളികളുടെ ഇരട്ടത്താപ്പ് പോലുള്ള സാമാന്യവല്‍ക്കരണം’ വരെ
എക്സ്-മാര്‍ക്സിസ്റ്റ് അങ്ങനെ നീളുന്നു....

ഒരു ഹാരോള്‍ഡ് പിന്റര്‍ വടിയെങ്കിലും ഇവിടെ പ്രതീക്ഷിക്കേണ്ടതായിരുന്നു. എന്തോ ഇനി പോസ്റ്റ്, പേജിന്റെ ഇടതുവശത്തു കിടന്നതു കൊണ്ടായിരിക്കുമോ. ടെമ്പ്ലേറ്റൊന്നു മാറ്റി നോക്ക് :)

simy nazareth said...

വായിച്ചു. കമന്റൊന്നും എഴുതാന്‍ തോന്നുന്നില്ല. ഇടതും വലതും പക്ഷമില്ലാത്ത ഒരു സ്ത്രീയെ, ഒരമ്മൂമ്മയെ, മലയാളി സമൂഹം എങ്ങനെ അംഗീകരിക്കാനാണ്.

simy nazareth said...

ithu kandayirunno?

വെള്ളെഴുത്ത് said...

ഇപ്പോള്‍ കണ്ടു.. നന്ദി