November 29, 2007
തികച്ചും സ്വകാര്യമായ ചക്ക്, ചുക്ക് സഹിതം!
അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം‘ എന്ന കവിതയും 11 ആധുനിക നിരൂപകരുടെ ആസ്വാദനവും ചേര്‍ന്ന് പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ അതിനെ അച്ചാലും മുച്ചാലും കീറി മുറിച്ചു കൊണ്ട് തായാട്ടു ശങ്കരന്‍ മറ്റൊരു ഗ്രന്ഥമെഴുതി, “ആധുനിക കവിതയുടെ ജീര്‍ണ്ണമുഖം”. കവിയ്ക്കുമാത്രമല്ല, പതിനൊന്നംഗ അയ്യപ്പസേവാസംഗത്തിനും കൊടുത്തു തല്ല്. വാമൊഴിസൌന്ദര്യസിദ്ധാന്തമുപയോഗിച്ചു പറഞ്ഞാല്‍, ‘ഓട്ടിച്ചിട്ടടിച്ചു‘. ‘ഉണ്ടൊരു തുള്ളി ചോര എന്നുടെ ലിംഗാഗ്രത്തില്‍, കൊണ്ടുപോകുവിന്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കതു കൊടുക്കുവിന്‍” എന്ന വരിയെടുത്തിട്ട്, അതെടുത്തോണ്ടു പോകാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നു ആത്മാര്‍ത്ഥമായി സംശയിച്ചിട്ട്, അമ്മാതിരി വൃത്തികേടുകള്‍ എന്തായാലും തനിക്കു വേണ്ടെന്നും വീട്ടില്‍ കൊണ്ടു പോയി സ്വന്തം അച്ഛനമ്മമാര്‍ക്കു കൊടുത്താല്‍ മതിയെന്നും തായാട്ട് ഉപദേശിച്ചു.
തായാട്ടിന്റെ ഭാഷാശൈലി മനോഹരമാണ്. ആരും വാപൊളിച്ചു പോകും. കൃത്യം നിലപാടുണ്ടെന്നൊക്കെ വൈകുന്നേരത്തെ പതിനെട്ടര കമ്പനിയില്‍ വീമ്പിളക്കുന്ന ഊശാന്താടിയുടെ അവസ്ഥ പോലും കയ്യാലപ്പുറത്തെ തേങ്ങ പോലെയാവും തായാട്ടിനെ വായിച്ചു കഴിയുമ്പോള്‍. “അതോ ഇതോ അപ്പം ശരി..?“ എന്നാലും ‘കൃഷ്ണാ നീയെന്നെ അറിയില്ല” എന്ന് സുഗതകുമാരി എന്‍ വി കൃഷ്ണവാര്യരെ ഒളികണ്ണിട്ടു നോക്കി അര്‍ത്ഥം വച്ചെഴുതിയപ്പോള്‍, ‘അറിയുന്നു നിന്നെ ഞാന്‍ ഗോപികേ, നിന്റെയീ വരളുന്ന ചുണ്ടിലേ...’ എന്നൊക്കെ കൃതം പറഞ്ഞുകൊണ്ട് ഇടയില്‍ കയറി വേണു ഊതിയ വിദ്വാനാണ് പണിക്കര്. അങ്ങേര് വിട്വോ? ദ്വയാര്‍ത്ഥപ്രയോഗത്തിന്റെ മച്ചും അട്ടവും അടിത്തറയും എല്ലാം കരതലാമലകമായ കക്ഷി ഇവിടെയും മറുപടി പദ്യമാക്കി ഇറക്കി. ഒരു കാര്‍ട്ടൂണ്‍ കവിത. ‘ആര്‍ക്കും ഒരു സംശയവും തോന്നില്ല. ചൊക്ക്ര കണ്ണിനു പോലും ഒരു കുറ്റവും കണ്ടുപിടിക്കാന്‍ പറ്റില്ല. അത്തറ പെര്‍ഫക്ട്! ‘പിന്നേം ചങ്കരന്‍‘. എന്നാണ് അതിന്റെ പേര്. ‘അയ്യപ്പന്‍ കാവില്‍ കൊടിയേറ്റമായെന്നും പറഞ്ഞാണ് കവിത തുടങ്ങുന്നത്. പക്ഷേ ചങ്കരന്‍ തെങ്ങില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. തെങ്ങായ തെങ്ങെല്ലാം വീണു പോയിട്ടും ചങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ. ആശയം സുതരാം വ്യക്തം!. കോണ്‍ഗ്രസായിരുന്നിട്ട് കമ്മ്യൂണിസ്റ്റ് ചേരിയിലേയ്ക്ക് മാറിയ തായാട്ടിനെ “അയ്യോ വലത്തോട്ടു മിടത്തോട്ടും ചാടുവാന്‍ വയ്യാതിരിക്കുമ്പോള്‍’ എന്നു കൂകിവിളിച്ചു. പടിഞ്ഞാറിന്റെ പുതിയ ആശയങ്ങളെയും കിഴക്കിന്റെ ആത്മീയതയെയും ഉള്‍ക്കൊള്ളാന്‍ വയ്യാത്ത വരട്ടുതത്ത്വവാദി എന്ന അര്‍ത്ഥത്തില്‍ “ഓംകാരമൂതി കിഴക്കുണര്‍ന്നല്ലോ, ഓളത്തുടുപ്പില്‍ പടിഞ്ഞാറുണര്‍ന്നല്ലോ” തുടങ്ങി ഒളിപ്രയോഗങ്ങള്‍ ധാരാളം കവിതയില്‍.
ഇത് കുഞ്ഞുകുട്ടികള്‍ക്ക് വേണ്ടി അവരുടെ മനസ്സറിഞ്ഞ് രചിച്ച കവിതയാണെന്ന് കരുതി അപ്പര്‍ പ്രൈമറിക്ലാസ്സുകളിലെ വാദ്ധ്യാരിണിമാര് വല്ലാതെ സന്തോഷിച്ചിട്ടുണ്ട്. അവരുടെ ശ്രമഫലമായി മലയാളം കുട്ടികളുടെ സംഘപദ്യപാരായണത്തിനു വര്‍ഷാവര്‍ഷം വിധേയമായി പപ്പും പൂടയും പോയി ബ്ലിങ്കസ്യാന്ന് ആയിട്ടുണ്ട് ഇപ്പോഴാ കാര്‍ട്ടൂണ്‍ കവിത. അതേ തലക്കുറിയോടെ ജനിച്ച മറ്റൊരു കവിത ‘മോഷണം”.
അതവിടെ നില്‍ക്കട്ടെ, തന്നെ കുത്തിയതുകൊണ്ടാണു പണിക്കര്‍ തായാട്ടിനിട്ടു കുത്തിയത്. അതു ശരി. പക്ഷേ ഇവര്‍ക്ക് പരസ്പരം മനസ്സിലാവാതെ പോയതില്‍ ‘ഇസ’ത്തിന്റെ കളിയുടെ തോത് 75%-ത്തില്‍ കൂടുതല്‍ എന്തായാലും കാണില്ല. ബാക്കി ഇരുപത്തഞ്ചു ശതമാനമോ? തായാട്ടിനെയും പണിക്കരു സാറിനെയും പോലുള്ള വലിയ ആളുകളുടെ ഗതി ഇതാണെങ്കില്‍ ഒരിസവുമില്ലാത്ത സാധാരണക്കാരുടെ സ്ഥിതി ഇതിനേക്കാള്‍ വഷളായിരിക്കുന്നതില്‍ കുറ്റം പറയാനുണ്ടോ? ഒരു സംഗതി നമുക്ക് ശരിയായി ഗ്രഹിക്കാന്‍ കഴിയാതെ പോകുന്നത് ഭാവനാശൂന്യതകൊണ്ടാണെന്ന് കോളിന്‍ വിത്സണ്‍. ചക്കെന്നു പറയും ചുക്കെന്നു കേള്‍ക്കും. മറുപടി കൊക്കെന്ന്. അതാണ്` ആളുകളുടെ സ്വഭാവം. അതുകൊണ്ടാണ് ചിലപ്പോള്‍ ഒന്നും പറയണ്ട, മിണ്ടാതിരിക്കാം എന്ന് വിചാരിച്ചു പോകുന്നത്. മൌനത്തിന്റെ അപര (അപാര) സാദ്ധ്യത. ‘കാണ്ടാമൃഗം’ എഴുതിയ അയനസ്കോ ഒരു വേദിയില്‍ തന്നെ നോക്കി ‘ഹോ’ എന്ന മട്ടില്‍ അന്തം വിട്ടിരിക്കുന്ന ഫാന്‍സുകളെ നോക്കി പറഞ്ഞത്രേ “ എനിക്ക് നിങ്ങളോട് പറയാനുള്ളത്, എനിക്കു നിങ്ങളോടൊന്നും പറയാനില്ല എന്നതു മാത്രമാണ്.” എന്നിട്ടു പോയി കസേരയിലിരുന്ന് നന്നായി ഉറങ്ങി. ലോകത്തില്‍ വിഖ്യാതരായവരുടെ പോലും സ്ഥിതിയതാണ്. അപ്പോള്‍ ഞാനിട്ട ഒരു കമന്റ് നല്ലോണം മനസിലായില്ലല്ലോ ടിയാന് എന്നും മറുപടി എന്ന പേരില്‍ തട്ടിയതു മുഴുവന്‍ ചക്കുമല്ല, ചുക്കുമല്ല, കൊക്കുമല്ല എന്നും പറഞ്ഞ് വെഷമിച്ച് ആന്റിഡിപ്രസന്റ് മേങ്ങാന്‍ പെട്രോളു കത്തിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ? അതും ഈ ഞാന്‍..? നോട്ടറ്റാള്‍ !
Labels:
കുറിപ്പുകള്‍
Subscribe to:
Post Comments (Atom)
12 comments:
ഒരു ഓഫാണ് :
ഈ ബ്ലോഗ് മുഴുവന്‍ മനസ്സിരുത്തി വായിക്കണം. എവിടെയോ അവിട്യോ ഒക്കെ കണ്ണില്‍ പെട്ടുവെങ്കിലും ഇന്നാണിവിടെ ശരിയായി എത്തിപ്പെട്ടത്. ബ്ലോഗില്‍ വായനക്ക് വേണ്ടിയും എഴുത്തിനു വേണ്ടിയും വന്നുവെങ്കിലും അത് ഒരല്പമെങ്കിലും തോന്നിത്തുടങ്ങിയത് ഇത്പോലെയുള്ള ബ്ലോഗുകള്‍ വായിക്കുമ്പോഴാണ്. ചവറ് വായിച്ച് ശരിക്കും മടുത്തു! ബ്ലോഗ് വഴി മലയാളം അറിഞ്ഞ് തുടങ്ങിയ എന്നെപ്പോലുള്ളവര്‍ക്ക് ഇതുപോലെയുള്ള ബ്ലോഗുകള്‍ ലൈഫ് സേവര്‍ ആണ്. നന്ദി! ഒരുപാട് പറയുന്നില്ല, അത് പിന്നീട് തിരുത്തേണ്ടി വരരുതല്ലോ!
വഴിതെളിക്കൂ വെള്ളെഴുത്തേ!
അതാണല്ലേ കൃഷ്ണ നീയെന്നെയറിയില്ല,
അതാണല്ലേ അറിയുന്നു ഗോപികേ..:)
പറയൂ പരാതി നീ കൃഷ്ണേ..:)
ഹ ഹാ!
ഇതെന്താണു മാഷേ, വലതു വശം ചേര്‍ന്നു പോകാന്‍ ആളു കുറഞ്ഞതിനോ ഇത്ര കുണ്ഠിതപ്പെടുന്നത്? അതിലൊന്നും കാര്യമില്ലെന്നേ
പ്രിയ സുഹൃത്തെ, യൂ ട്യൂബില്‍ ഉള്ള ഈ വീഡിയോ ഒന്ന് നിങ്ങളുടെ ബ്ളോഗില്‍ പ്രസിധീകരിക്കാന്‍ പറ്റുമെങ്കില്‍ വളരെ നന്നായിരുന്നു. ഇതു ഞാന്‍ തന്നെ ചെയ്ത ആല്‍ബം ആണ്. ഇണ്റ്റര്‍നെറ്റ് വഴിയെങ്കിലും മലയാലികളുടെ മനസ്സില്‍ ഈ പാട്ടുകള്‍ എത്തിക്കാന്‍ വേണ്ടിയാണ് നിങ്ങളുടെ സഹായം ചോദിക്കുന്നത്. ഇതാണ് ലിങ്ക്. Kunnimanikal
സ്നേഹപൂറ്‍വം
രാജേഷ് നരോത്ത്
എണ്റ്റെ ബ്ളോഗ് ഇവിടെ : http://albumkanmani.blogspot.com/
PS: ക്ഷണിക്കാതെ എഴുതിയ കുറിപ്പിനു മുന്‍കൂറായ് ക്ഷമ ചോദിക്കുന്നു.
പണിക്കരുടെ കാര്‍ട്ടൂണ്‍ കവിതകള്‍ വായിച്ചിട്ടുണ്ടെങ്കിലും കോണ്ടെക്സ്റ്റ് ഇപ്പൊഴാ മനസിലായത്.
തുടരൂ വെള്ളെഴുത്തെ. അയ്യപ്പപ്പണിക്കരുടെ ഏഴു കവിതകള്‍, പഠനങ്ങളും എന്ന ഗ്രന്ഥമാണോ ഉദ്യേശിച്ചത്?
ഇഞ്ചീ..നന്ദി പറഞ്ഞിട്ട് തിരുത്തേന്റി വരരുതല്ലോ എന്ന മുങ്കൂര്‍ ജാമ്യം.. അതു നെഞ്ചിലിട്ടു കുത്തുന്ന പ്രയൊഗമായി പോയി.. ങാ പോട്ടേ..
രജീഷേ സംഗതി ..”വലതുവശമേയല്ല.. മറ്റൊന്നാണ്..“അതങ്ങനെ നില്‍ക്കട്ടേ..ഇതു കുണ്ഠിതവുമല്ല... ഒരു ചവിട്ടാണ്...(ഇന്‍ഡയറക്ട്)രാജേഷ ഇപ്പോള്‍ ഇവിടെ വരുന്നവരെല്ലാം താങ്കളുടെ വീഡിയോ കാണുമല്ലോ.. അതു പോരേ.. പ്രത്യ്യെകം പോസ്റ്റായിട്ടു വേണോ?
സിമീ.. അതല്ല പുസ്തകം കുറച്ചുകാലം മുന്‍പ് DCB പ്രസിദ്ധീകരിച്ച പുസ്തകമാണ്. കുരുക്ഷേത്രം എന്ന കവിതയും അതിന്റെ 11 പഠനങ്ങളും
ഹഹഹ! വെള്ളെഴുത്തെ, ടിയാനു മനസ്സിലായില്ലെങ്കിലും കമന്റും തിരിച്ചു പറഞ്ഞതുമൊക്കെ വായിച്ച പലര്‍ക്കും കാര്യം മനസ്സിലായിട്ടുണ്ടാകും. അതു മതി. തന്നെയുമല്ല, പലരും മിണ്ടാതെ പോയതും ഈ ചക്ക്, ചുക്ക്, കൊക്ക് പ്രശ്നത്തില്‍ കുടുങ്ങി കൊക്കെയ്‌നടിച്ച പോലാകുമെന്നതു കൊണ്ടാവണം. :)
Dear Vellezhuthe,
thanks,,blog eshtamaayi
sreedevi
ചക്കെന്നു പറയും ചുക്കെന്നു കേള്‍ക്കും. മറുപടി കൊക്കെന്ന്. അതാണ്` ആളുകളുടെ സ്വഭാവം. അതുകൊണ്ടാണ് ചിലപ്പോള്‍ ഒന്നും പറയണ്ട, മിണ്ടാതിരിക്കാം എന്ന് വിചാരിച്ചു പോകുന്നത്. മൌനത്തിന്റെ അപര (അപാര) സാദ്ധ്യത
പരമാര്‍ത്ഥം!
അജ്ഞാനി. കഥയറിയാതെ ആടം കണ്ടു. അവസാനത്തെ രണ്ടു വരിക്ക് പ്രാധാന‍്യം കൊടുത്തുമില്ല. മിയാ കുല്‍പ്പ.
ആട്ടെ, ആട്ടക്കഥ എവിടെ കിട്ടും വെള്ളെഴുത്തേ?
നന്നായി.
അഭിനന്ദനം
ആട്ടക്കഥ ഇന്നേ കണ്ടുള്ളൂ.. അറിയാതെ അവിടെ ആട്ട്ം കാണാന്‍ പോയി... മതിയായീട്ടോ...
ഇതൊന്നും അവിടെ ഏല്‍ക്കുല്ല മാഷേ... അങ്ങേരുടെ കാഴ്ച്ചക്ക് വെള്ളെഴുത്തല്ല മറ്റെന്തോ തകരാറാണ്. എന്റെ ഗുളികന്‍ കയറിയ നാക്കുകൊണ്ട് ഒന്നും പറഞ്ഞ് ഇവിടം കൂടി മോശമാക്കുന്നില്ല.
Post a Comment