November 16, 2007

കരിങ്കല്ലുകളുടെ കാര്‍ഡിയോഗ്രാം

ഗുണ്ടര്‍ട്ട് നിഘണ്ടു എഴുതുന്ന കാലത്ത് ആസ്പത്രി, ആശുപത്രി തുടങ്ങിയ വാക്കുകള്‍ അത്ര പ്രചാരത്തിലായിരുന്നില്ല എന്നു വേണം ഊഹിക്കാന്‍. വൈദ്യശാലയില്‍ വൈദ്യനും അയാളുടെ അറിവിനുമാണ് (വിദ് എന്നാല്‍ അറിവ്) പ്രാധാന്യം. ജീവന്‍ മശായിയെ ചുമ്മാതാണോ കാലമിത്രയുമായിട്ടും നാം മറക്കാത്തത്. അഷ്ടവൈദ്യന്മാരെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ കുറിയ്ക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ചെലവാക്കിയ മഷിയെത്ര! അവിടുന്ന് നേരെ ‘ആസ്പത്രി‘യിലെത്തുമ്പോള്‍ കഥ മാറുന്നു. ഇപ്പോള്‍ രോഗി അതിഥിയാണ്. ഹോസ്പിറ്റാലിറ്റി യുടെ സമീപത്തെവിടെയോ ആണല്ലോ ‘ഹോസ്പിറ്റല്‍‘. അതിഥി സങ്കല്‍പ്പത്തിന് ഭാരത്തിലുള്ള ‘വെയിറ്റ്‘ എന്തായാലും പാശ്ചാത്യ നാടുകളിലുണ്ടാവില്ല. അവിടെ ഒരു പക്ഷേ അകല്‍ച്ചയുടെ വാഗ്‌രൂപമായിട്ടായിരിക്കും ഈ അതിഥി സങ്കല്പം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ആസ്പത്രികള്‍ എത്രത്തോളം പാശ്ചാത്യമാവുന്നോ അത്രത്തോളം മനുഷ്യത്വത്തില്‍ നിന്നും അകലുന്നു എന്നു ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? രോഗം അകലാനുള്ള ഒരു കാരണം കൂടിയാണ്. അതു തീര്‍ന്നു പൂര്‍ണ്ണ ആരോഗ്യവാനായി എത്തുന്ന ഒരുവനേ (ഒരുവള്‍ക്കേ) സമൂഹത്തില്‍ പിന്നീട് സ്വീകാര്യതയുള്ളൂ. മനുഷ്യനോടല്ല, രോഗത്തോടാണ് ഒരു ആധുനിക ആശുപത്രിയുടെ കൊടുക്കല്‍ വാങ്ങലുകള്‍. അതുകൊണ്ടാണ് അഷ്ടിയ്ക്കു വകയില്ലാത്തവനും രോഗത്തിനനുസരിച്ച് ബില്ലടയ്ക്കേണ്ടി വരുന്നത്. ചികിത്സകൊണ്ട് ചലനമില്ലാത്തായ ശരീരം വച്ചും വിലപേശലുകള്‍ നടക്കുന്നത്. വെറുതേ നമ്മുടെ പഴയ ധര്‍മ്മ ചികിത്സകളെക്കുറിച്ച് ചിന്തിച്ചു നോക്കുക. വെറുതേ ചിന്തിച്ചാല്‍ മതി. ആ കാലം തിരിച്ചു വരാത്തവിധം പോയ്മറഞ്ഞു കഴിഞ്ഞു.

1. പട്ടി കുറുകേ ചാടിയതിനാല്‍ പഴയ എന്‍ഫീല്‍ഡില്‍ നിന്ന് വീണ് കാലൊടിഞ്ഞ ആളെ താങ്ങിയെടുത്ത് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി. ബെഡ്ഡൊന്നും ഒഴിവില്ല. അതുകൊണ്ട് തറയില്‍ കിടത്തി. തറയില്‍ കിടക്കുന്നവരുള്‍പ്പടെയുള്ള ആ ഭാഗത്തിന്റെ മേല്‍നോട്ടം ഓര്‍ത്തോ പ്രൊഫസര്‍ക്കാണ്. ഭാഗ്യം എന്നാണ് കരുതിയത്. നല്ല ചികിത്സ കിട്ടുമല്ലോ. എല്ലാ ദിവസവും ഡോക്ടറോ ജൂനിയര്‍ മാരോ പഠിക്കുന്ന പിള്ളാരോ ഒക്കെ വന്നു കണ്ടു. ഒരാഴ്ച അവിടെ തന്നെ കിടന്നു. ഇടയ്ക്ക് അകത്തായി. എന്നു വച്ചാല്‍ രണ്ടു ബെഡ്ഡുകള്‍ക്കിടയില്‍. എന്നാല്‍ തറയില്‍. കൊടുക്കുന്നത് വെറും പെയിന്‍ കില്ലെര്‍ മാത്രം. ചിലപ്പോള്‍ കുത്തിവയ്പ്പ്. തറയില്‍ കിടന്ന് ഞരങ്ങിയും ശപിച്ചും നരകകാണ്ഡത്തിന്റെ അവസാനപേജെത്തിയപ്പോള്‍ തൊട്ടടുത്ത് ബെഡ്ഡില്‍ കിടന്ന രോഗി ചോദിച്ചു : ‘അപ്പോള്‍ നിങ്ങളിതുവരെ ഡോക്ടറെ വീട്ടില്‍ പോയി കണ്ടില്ലേ?’‘ കണ്ടു. അന്നു വൈകുന്നേരം തന്നെ. 500 രൂപകൊടുത്തു. മൂന്നാം ദിവസം ഓപ്പറേഷന്‍ നടന്നു. തിരിച്ചു വന്നു ബെഡ്ഡില്‍ കിടക്കാന്‍ പറ്റി. രണ്ടാം ദിവസം വീട്ടില്‍ പോകാനും പറ്റി.

2. അതേ മനുഷ്യന്‍, അതേ ബൈക്ക്. ഇത്തവണ കയ്യാണ് ഒടിഞ്ഞത്. മുന്നില്‍കയറി ഓട്ടോറിക്ഷക്കാരന്‍ കളിച്ചതാണ്. മുന്നനുഭവമുള്ളതുകൊണ്ട് പോയത് ഒരു പ്രസിദ്ധ പ്രൈവറ്റ് ഹോസ്പിറ്റലില്‍. അഡ്മിറ്റ് ചെയ്തതിന്റെ പിറ്റേദിവസം ഓപ്പറേഷന്‍ നടന്നു. മൂന്നാം ദിവസം ഡിസ്ച്ചാര്‍ജും ചെയ്തു. ബില്ല് തുക അകത്തിട്ട കമ്പിയ്ക്കും നട്ടിനും ബോള്‍ട്ടിനും ഉള്‍പ്പടെ 76000 ക.

3. എന്തു ചെയ്തിട്ടും ഒന്നും കഴിക്കാനാവാതെ ഛര്‍ദ്ദിച്ചുകൊണ്ടേയിരിക്കുന്ന രോഗിയെ 27 ദിവസം വലിയ സ്വകാര്യ ആശുപത്രി കിടത്തി ചികിത്സിച്ചു. ചെയ്യാവുന്ന ടെസ്റ്റുകളെല്ലാം ചെയ്യിച്ചു. അറുപതിനായിരം രൂപ ചെലവാക്കിപ്പിച്ചു. എല്ലും തൊലിയും ചെറിയൊരു മിടിപ്പും മാത്രം മിച്ചമായി കഴിഞ്ഞപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ല. കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. ചാവാനുള്ള സമയം ആകാത്തതുകൊണ്ടായിരിക്കണം തൊട്ടടുത്തു തന്നെയുള്ള ഒരു വൈദ്യന്‍ രോഗിയെ ഇങ്ങോട്ടു വന്നു കണ്ട് കണ്ണും നാക്കും നോക്കിയിട്ടു ഉരച്ചുകൊടുക്കാന്‍ ഒരു ഗുളികയും ഒരു കുപ്പി കഷായവും കൊടുത്തു. എന്തായാലും ഇങ്ങോട്ടില്ല എന്നു തീര്‍ച്ചപ്പെടുത്തിയ ആളാണല്ലോ. രോഗിയുടെ ജാതകം മാറി, അയാള്‍ രക്ഷപ്പെട്ടു. ചെമ്പുപാത്രത്തില്‍ വച്ച ആഹാരം കഴിച്ചതിന്റെ അലര്‍ജിയായിരുന്നു രോഗം. അതറിയാതെ കൊടുത്തുകൊണ്ടിരുന്ന കടുത്ത ഗുളികകളുടെ ഡോസാണ് കേസു വഷളാക്കിയത്.

4. ഒരു വയസ്സുള്ള കുഞ്ഞിന് വന്ന സാധാരണ പനി. ആരോഗ്യം ഇത്തിരി മോശമായതുകൊണ്ട് കൂടുതല്‍ സമയമെടുക്കും സുഖമാവാന്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അവസാനം രക്ഷയില്ല എന്നു പറഞ്ഞ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ വിറകുകൊള്ളിപോലെ കുഞ്ഞിന്റെ ശരീരം വിറങ്ങലിച്ചിരിക്കുന്നു. ആകെ നീലഛായ. അധികമില്ലെന്ന് കണ്ടു നിന്നവര്‍ക്കെല്ലാം ബോദ്ധ്യമായി. ബില്ലടച്ചിട്ട് കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്കോടി. (എസ് എ ടിയില്‍) ഒരാഴ്ച ഐ സി യുവില്‍. പിന്നൊരാഴ്ച ഐസൊലേഷന്‍ വാര്‍ഡില്‍. വീണ്ടും ഐ സി യുവില്‍. സ്വകാര്യ ആശുപത്രികാര്‍ കൊടുത്ത ഓവര്‍ഡോസില്‍ കുഞ്ഞിന്റെ ഉള്‍ഭാഗം മുഴുവന്‍ പൊള്ളി വൃണമായി പോയത്രേ. ദഹനവ്യൂഹം മൊത്തം തകര്‍ന്നു. വെറും ന്യുമോണിയ ആയിരുന്നു അസുഖം. ഇതെഴുതുന്ന സമയത്ത് കുഞ്ഞ് സ്പൂണില്‍ വെള്ളം കുടിയ്ക്കാറായിട്ടുണ്ട്.

5. കൂട്ടുകാരന്റെ ഭാര്യയ്ക്ക് കടുത്ത വയറുവേദന. വല്ലാതെ ശരീരം തടിയ്ക്കുകയും ചെയ്യുന്നു. അപ്പെന്‍ഡിക്സ് ആണെന്ന് ഡോക്ടര്‍ പറഞ്ഞു ഉടന്‍ ഓപ്പറേഷന്‍ ചെയ്യണം. ഓപ്പറേഷനില്‍ താത്പര്യമില്ലാത്തതു കൊണ്ട് ആദ്യം ആയുര്‍വേദവും പിന്നെ ഹോമിയോയും അവന്‍ നോക്കിയതാണ്. അവള്‍ തീരെ സഹിക്കുന്നില്ല എന്നു വന്നപ്പോഴാണ് ടെസ്റ്റുകള്‍ക്കു ശേഷം, പേവാര്‍ഡും ബുക്കു ചെയ്തിട്ട് തിയ്യതി നിശ്ചയിച്ചത്. ഉള്ളതില്‍ നിസ്സാര ഓപ്പറേഷനാണ് അപ്പെന്‍ഡിക്സിന്റെ. രാവിലെ ഏഴുമണിയ്ക്ക് തിയറ്ററില്‍ കയറിയാല്‍ ഒന്‍പതു മണിയ്ക്കു മുന്‍പ് മുറിയില്‍ വരാം. എന്നാല്‍ കണക്കുക്കൂട്ടലുകളൊക്കെ തെറ്റി. പതിനൊന്നു മണിക്കും ഒന്നുമാകുന്നില്ല. അവസാനം, ഒപ്പിടാനുള്ള പേപ്പറുമായി വന്ന് സസ്പെന്‍സ് ഡോക്ടര്‍ തന്നെ തീര്‍ത്തു. . “അപ്പെന്‍ഡിക്സ് ആയിരുന്നില്ല. ട്യൂബുലാര്‍ പ്രഗ്നന്‍സിയാണ്. അതു പൊട്ടി ബ്ലീഡു ചെയ്തുകൊണ്ടേയിരിക്കുന്നു. താന്‍ ഗൈനക്കോളജിസ്റ്റല്ല. സര്‍ജനാണ്. ഈ കേസ് ഗൈനക്കിനേ ചെയ്യാന്‍ പറ്റൂ. ഞാന്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.....“ പറഞ്ഞിടത്തൊക്കെ അവന്‍ ഒപ്പിട്ടു കൊടുത്തു. അഞ്ചുമിനിട്ടു കൊണ്ട് ഭാവി തകിടം മറിയുമ്പോള്‍ ആരോട് എന്തു ചോദിക്കാനാണ്? ഫോണില്‍ ഗൈനക്കോളജിസ്റ്റു നല്‍കിയ നിര്‍ദ്ദേശം വച്ച് സര്‍ജന്‍ ഓപ്പറേഷന്‍ ചെയ്തു. ആരുടെ ഭാഗ്യം കൊണ്ടോ... അപകടം ഉണ്ടായില്ല. ചില സംശയങ്ങള്‍ മാത്രം ബാക്കി.വേണ്ട ടെസ്റ്റുകളൊക്കെ നടത്തിയതാണല്ലോ. ട്യൂബുലര്‍ പ്രെഗ്നന്‍സിയും അപ്പെന്‍ഡിക്സും തിരിച്ചറിയാന്‍ വയ്യാത്ത രീതിയിലാണോ നമ്മുടെ മോഡേണ്‍ സയന്‍സിന്റെ വളര്‍ച്ച?

6. ഇതേ പോലെ മറ്റൊരു കേസ്. ആമാശയത്തിലോ കുടലിലോ വളരുന്ന അരിമ്പാറ മുറിച്ചുനീക്കാനാണ് ഓപ്പറേഷന്‍ വച്ചിരുന്നത്. പറഞ്ഞ ടെസ്റ്റുകളെല്ലാം ചെയ്തു കാര്യങ്ങള്‍ തീര്‍പ്പാക്കിയിട്ടാണ് ഓപ്പറേഷനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. വയറു കീറി മുറിച്ചതിനു ശേഷം ഡോക്ടര്‍ കാര്യം നേരിട്ട് കണ്ടു മനസിലാക്കി. വിചാരിച്ച പോലെ സംഗതി ഒരു സിസ്റ്റ് അല്ല. നിരവധിയുണ്ട്. അതെല്ലാം മുറിച്ചു നീക്കുക നിലവില്‍ അസാദ്ധ്യം. അതുകൊണ്ട് മുറിച്ചത് അതു പോലെ തുന്നിക്കെട്ടി, വേദനയ്ക്കുള്ള മരുന്നും നല്‍കി വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു.

മതി. ഒരു സാദാ പനിയുമായി സ്വകാര്യാശുപത്രിയില്‍ പോയാല്‍ ട്രിപ്പ് ഉള്‍പ്പടെ കുറഞ്ഞത് 500 രൂപയെങ്കിലും അവര്‍ വാങ്ങിച്ചെടുക്കും. കിടത്തി നിരീക്ഷിക്കുക എന്നതാണ് സ്ഥിരം പരീക്ഷണം. അതിനു തയ്യാറാവതിരിക്കുന്നവര്‍ക്കാണ് ഈ ഫീസ്. അതുപോട്ടെ എന്നു വയ്ക്കാം. റാപ്പര്‍ പൊളിച്ച് അവര്‍ നല്‍കുന്ന ഗുളികകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് എങ്ങനെ കണ്ടറിയും? ഇങ്ങനെ കഴുത്തറുക്കുന്നവര്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിറ്റഴിക്കാന്‍ കമ്പനികളെ സഹായിക്കില്ല എന്ന് എന്താണ് ഉറപ്പ്? നേരിട്ടുള്ള പരീക്ഷണത്തിനു പുറമേ പരോക്ഷ പരീക്ഷണവുമുണ്ട്. അതായത് ഡോക്ടര്‍ പോലുമറിയുന്നില്ല, മരുന്നു കമ്പനികള്‍ എന്താണ് തന്റെ ഫീഡ്ബാക്കിലൂടെ ഉദ്ദേശിക്കുന്നത് എന്ന്. അയാള്‍ക്ക് രണ്ടാണ് ലാഭം. ‘അതിഥിയെ പിഴിഞ്ഞതിന്റെ ഒരു പങ്ക്, ശമ്പളം എന്ന നിലയ്ക്ക്. രോഗിയെന്ന പാപിയെ പരീക്ഷണവസ്തുവാക്കിയതിന് മരുന്നുകമ്പനി വക കിമ്പളം വേറെ, പലരൂപങ്ങളില്‍‍. തലകറക്കം കൊണ്ട് വയ്യാതായ 64കാരിയ്ക്ക് വൈകുന്നേരം ആറുമണിയ്ക്കും എട്ടുമണിയ്ക്കും ഇടയ്ക്ക് ഡോക്ടര്‍ എന്ന വിദ്വാന്‍ നല്‍കിയത് 16 ഗുളികകള്‍. കൂടെ ട്രിപ്പ്, ഇന്‍സുലിന്‍ ഇഞ്ചെക്ഷന്‍. ഡയഗ്നോസിസ് എന്ന തലവേദനയ്ക്കൊന്നും അവര്‍ തയ്യാറല്ല. തലകറക്കത്തിന് ലഭ്യമായ മരുന്നെല്ലാം കൊടുക്കുക. അങ്ങനെ കഴിയുന്നത്ര മരുന്നു വില്‍ക്കുക. സൈഡ് ഇഫക്ടുകള്‍ ഉണ്ടാവട്ടേ. അതിനും മരുന്നുണ്ടല്ലോ..
ആശുപത്രികളുടെ പേരില്‍ നഗ്നമായ പകല്‍കൊള്ളകള്‍ നാടു നീളെ നടന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ചെറുവിരല്‍ പോലും ഉയരുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമല്ലേ? ചികിത്സാപ്പിഴവിന്റെ പേരില്‍ ചില മുറുമുറുപ്പുകള്‍, ഒച്ചവയ്ക്കലുകള്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാനേജുമെന്റ് തരവഴികള്‍ക്ക് അറിയാം. കോടികളുടെ ബിസ്സിനസ്സാണ്. ഒന്നാലോചിച്ചു നോക്കുക. സര്‍ക്കാര്‍ അടിസ്ഥാന ആവശ്യങ്ങളായി നിവര്‍ത്തിച്ചു തരേണ്ട ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ഒന്നാകെ ഇന്ന് സ്വകാര്യ കുത്തകകളുടെ കാല്‍ക്കീഴിലാണ്. പണം മാത്രമല്ല പ്രശ്നം, ഉദാസീനതയാണ്. ഇവിടങ്ങളില്‍ എന്തു കാട്ടിക്കൂട്ടിയാലും ഒരു മണ്ണും സംഭവിക്കില്ല എന്ന മട്ട്. ഇതിനാണ് വോട്ടിട്ട് ചിലരെ തെരെഞ്ഞെടുത്ത് നമ്മുടെ നെഞ്ചത്തോട്ട് കേറാന്‍ ജനാധിപത്യമെന്ന ബോര്‍ഡു തൂക്കുന്നതെങ്കില്‍ ഉത്തരവാദിത്വമെന്നത് ചുക്കോ ചുണ്ണാമ്പോ?

16 comments:

annie said...

thudarnnoloo... kureper vayikkunnundu...

പ്രയാസി said...

പലപ്പോഴും അനുഭവസ്ഥനാണു നാട്ടുകാരാ..
നല്ല ശ്രമം..അഭിനന്ദനങ്ങള്‍..:)

യാരിദ്‌|~|Yarid said...

ലക്ഷങ്ങളു ചെലവിട്ടുണ്ടാക്കിയ ആശുപത്രിയുടെ കാശു മുതലും പലിശയും ചേര്‍ത്തു മുതലാക്കണ്ടെ..കോഴ കൊടുത്തു മെഡിക്കല്‍ കോളെജില്‍ ചേറ്ത്ത കാശു മുതലാകണ്ടെ.തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ് ഒരു ആശുപത്രിയില്‍ ഡെലിവറിക്കായി കയറ്റിയ ഒരു സ്ത്രീ അനസ്തേഷ്യ പിഴവുമുലം കഴിഞ്ഞ നാല്‍ഞ്ചു കൊല്ലമായി ഇപ്പോഴും കോമ സ്റ്റേജില്‍ കിടക്കുന്നുണ്ട്..

കഴിഞ്ഞ ഒന്നര മാസമായി സറ്ക്കാര്‍ ഡൊക്ടര്‍മാര്‍ ചട്ടപ്പടി സമരം തുടങ്ങിയിട്ടു.ചീഫ് സെക്രട്ടറിയെക്കാളും ശമ്പളം വേണമെന്നാണാവശ്യം. ആശുപത്രീ സമയത്തു സ്വകാര്യ പ്രാക്ടീസു നടത്തുന്നവരാണിവര്‍. മരുന്നു വെക്കാനുള്ള ഫ്രിഡ്ജില്‍ കരിമീന്‍ സൂക്ഷിക്കുന്ന ഡോക്റ്ടറുമാരുടെ ഈ നാട്ടില്‍ ഇത്രയുമൊക്കെ പ്രതീക്ഷിച്ചാല്‍ മതി...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അനുഭവങ്ങള്‍ വായിച്ചു നടുങ്ങുന്നു.

ഓടോ: ഈ വെള്ളെഴുത്ത് ചേട്ടായി എന്നും അജ്ഞാതനായി ഇരിക്കട്ടെ എങ്ങാനും പരിചയപ്പെട്ടാല്‍ ചാത്തനൊരു വയറുവേദനയെങ്കിലും ഉറപ്പാ.[ചേട്ടന്റെ പരിചയക്കാരു മൊത്തം ആശുപത്രിവാസികളാണല്ലോ]:)

സജീവ് കടവനാട് said...

വഴിപോക്കന്‍ പറഞ്ഞതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ബിസിനസ്സാവുമ്പോ ലാഭം വേണ്ടേ?

കാര്‍വര്‍ണം said...

നന്നായി, അനുഭവസ്ഥയാണു.
സത്യങ്ങള്‍ പലപ്പോഴും വേദനിപ്പിക്കുന്നവയാണു ചാത്താ.

അനംഗാരി said...

വക്കീലായിരുന്ന സമയത്ത് ഒരു കേസ് വന്നു. ആദ്യ പ്രസവം.22 വയസ്സ്.സുഖപ്രസവത്തിനായി,എപ്പിസിയോട്ടമി ചെയ്തു. തുന്നിക്കെട്ടി. ദിവസം മൂന്ന് കഴിഞ്ഞു.മൂത്രം പോകുമ്പോള്‍ കൂടെ മലവും.ഡോക്ടര്‍ അദ്ദേഹം പറഞ്ഞു: ഓ സാരമില്ല.ആദ്യമായത് കൊണ്ടാ , പിന്നെ ശരിയായിക്കോളും. ദിവസങ്ങള്‍ കഴിയുന്തോറും സ്ഥിതി വഷളായി.അവിടുന്ന് മറ്റൊരു ആശുപത്രിയിലേക്ക്. വിശദമായ പരിശോധനയിലാണ് കാര്യം ബോധ്യപ്പെട്ടത്. എപ്പിസിയോട്ടമി ചെയ്തപ്പോള്‍ മലദ്വാരവും,മൂത്രനാളിയും തമ്മില്‍ വേര്‍തിരിക്കുന്ന സ്ഥരം പൊട്ടിപ്പോയി. മുറിവുണങ്ങാതെ പഴുത്തു.

കേസ് പറയാന്‍ ഡോക്ടര്‍ക്ക് വലിയ വാശിയായിരുന്നു. ഒടുവില്‍ ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കാന്‍ കേസ് വിധിയായി.

നാളെയുടെ ഡോക്ടര്‍മാര്‍ ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇവരൊക്കെ ഏതു തരത്തിലാവും പുറത്ത് വരിക?

A.K. Saiber said...

എല്ലാവരും ചീത്തയല്ല എന്നതുപോലെ എല്ലാ ഡോക്ടറന്മാരും മോശക്കാരല്ല.

മകന്‍ രാത്രിയായപ്പോള്‍ തുടരെ ചര്‍ദ്ദിയും വലിയ വയറുവേദനയും. രാത്രി ഒരുമണികഴിഞ്ഞ് സ്ഥലത്തെ സഹകരണ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. ട്രിപ്പൊക്കെക്കൊടുത്തു, ആശ്വാസം കണ്ടു. കൂടുതല്‍ കാര്യങ്ങള്‍ രാവിലെ ഡോക്ടര്‍ വന്ന ശേഷം.
വനിതാ വാര്‍ഡ് ആയതിനാല്‍ ഭാര്യയുടെ ഉറപ്പില്‍ ഞാന്‍ വീട്ടിലേക്ക്. രാവിലെ ഭാര്യയുടെ തേങ്ങലോടെയുള്ള ഫോണ്‍. “കുട്ടിക്ക് ഓപ്പറേഷന്‍ നിശ്ചയിച്ചു, അപ്പന്‍‌റിസൈറ്റിസ്“(വനിതാഡോക്ടറാണ്). ഞാനോടിച്ചെന്ന് ഒപ്പെല്ലാമിട്ടു കൊടുത്തു. കുട്ടിയെ ഒപ്പറേഷനു വേണ്ടി ഷേവും ചെയ്തു മുതുകില്‍. അപ്പോള്‍ റൌണ്ട്സിനുവന്ന ഒരു പ്രായമുള്ള ഡോക്ടര്‍ കുട്ടിയെ ഒന്നു പരിശോധിച്ചിട്ട് സ്കാന്‍ ചെയ്ത ശേഷമാകട്ടെ ശസ്ത്രക്രിയ എന്നായി. സ്കാന്‍ ചെയ്തപ്പോളൊന്നുമില്ല.

വാല്‍ക്കഷണം:വീട്ടില്‍ വന്നശേഷം അസുഖം വീണ്ടും വന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി. വിര ശല്യമായിരുന്നു കാരണം.

പ്രമോദ് കുമാർ said...
This comment has been removed by the author.
വെള്ളെഴുത്ത് said...

എല്ലാ ഡോക്ടറന്മാരും ചീത്ത അല്ലേയല്ല.. സ്വഭാവത്തിന്റേതു മാത്രമല്ല..നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കപ്പല്‍ കയറുന്നതാണ് പ്രശ്നം.. നിസംഗത.. മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചിന്തയില്ലായ്മ..പിന്നെ ഈ പകല്‍ക്കൊള്ള...ഒരു പരിഹാരമില്ല...

Suraj said...

വൈദ്യം പ്രഥമമായി ഒരു കലയും സേവനവും ആണെന്ന് കാക്കത്തൊള്ളായിരം വട്ടം പറഞ്ഞു പഠിപ്പിച്ചിട്ടാണു ഞങ്ങളെ സമൂഹത്തിലേക്കിറക്കി വിടുന്നത്...

പക്ഷേ...

ഡോക്ടര്‍മാര്‍ ഇന്ന ഇന്ന രീതികളില്‍ ജീവിക്കണം എന്നും എഞ്ചിനിയര്‍മാര്‍ ഇന്ന രീതികളില്‍ ജീവിക്കണം എന്നും, ഗള്‍ഫ് റിട്ടേണ്‍ മലയാളിയും, സര്‍ക്കരുദ്യോഗസ്ഥനും ഇന്ന രീതികളില്‍ ജീവിക്കണം എന്നുമൊക്കെ സമൂഹം എന്നു പറയുന്ന കഴുതക്കൂട്ടം ചില അലിഖിത - അലംഘനീയ - നിയമങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട് .
കഷ്ടിച്ചു പതിനായിരം രൂപ ഹെല്‍ത്ത് സര്‍വ്വീസിലെ സ്റ്റാര്‍ട്ടിങ് ശമ്പളമായി കിട്ടുമ്പഴും കാറും ബാറും പൂ‍ * * മൊക്കെ നേടി അങ്ങു കൊമ്പത്തെത്തണമെന്നു സമൂഹം പ്രൊഫഷനലുകളെ കുറിച്ചു പ്രതീക്ഷിക്കുന്നു.

പൊടിപാറുന്ന പ്രൈവറ്റ് പ്രാക്ടീസൊക്കെ ഉണ്ടായിവരുന്നതു മൂക്കില്‍ പല്ലുകിളിര്‍ക്കുന്ന കാലത്താണെന്ന് ഓര്‍ക്കണം - അതും നഗരവാസികളായ 20 - 25 ശതമാനം പേര്‍ക്കു മാത്രം!

MBBS കഴിഞ്ഞ് post graduation എന്ന കടമ്പക്കു മുന്നില്‍ ഒന്നു രണ്ട് വര്‍ഷം പാഴാക്കുമ്പം, “ഒന്നും ആയില്ലേ“ എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും അവിഞ്ഞ ചോദ്യങ്ങള്‍ കൂടിയകുമ്പോള്‍ ആതുര സേവനം എന്ന പഴയ ആദര്‍ശമൊക്കെ അട്ടത്ത് വയ്ക്കും ആരായാലും.

ആ നിലവാരം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒപ്പിക്കാന്‍ എല്ലവരും തുനിഞ്ഞിറങ്ങുമ്പോഴാണ് കൈക്കൂലിയും അഴിമതിയും “അഡ് ജസ്റ്റ്മെന്റ് ” എന്ന കലാപരിപാടിയായി പൂത്തുവിരിയുന്നത്...

ഒരുപാട് വര്‍ഷങ്ങള്‍ പുസ്തകത്തിന്റെ മുന്നില്‍ ഉല്‍പ്പാദനക്ഷമമായ ഒരു ജോലിയും ചെയ്യാനാകതെ ജീവിതത്തിന്റെ നല്ലൊരു സമയം തീര്‍ത്തിട്ടും നല്ല ശമ്പളമൊ സുരക്ഷിതത്വമോ ഇല്ലാതെ വരുന്ന അവസ്ഥയുണ്ട് ഇന്ത്യയിലെ,. വിശേഷിച്ചു കേരളത്തിലെ, ഒരു ഡോക്റ്റര്‍ക്ക്...അതു കുറച്ചു നാള്‍ കഴിയുമ്പോള്‍ നിരാശയും ഫ്രസ്ട്രേഷനുമൊക്കെ ആയി രോഗിയുടെ മേല്‍ അനുകമ്പാരഹിത്യമായും ചിലപ്പോഴൊക്കെ ക്രൂ‍രതയായും വീഴുന്നു.
നനഞ്ഞു കഴിഞ്ഞാല്‍ പിന്നെ നാറിയ സകല കളിയും കളിച്ചു പൈസയുണ്ടാക്കുന്നതിനുള്ള ഓട്ടമാണ്...

അടിസ്ഥാന പ്രശ്നം ദീര്‍ഘവീക്ഷണം ഇല്ലാത്ത കോഴ്സ് നിശ്ചയങ്ങളും യാതൊരു അഭിരുചിയുമില്ലാതെ, കുത്തിയിരുന്നു പഠിക്കാന്‍ കഴിവുണ്ടെന്ന മാത്രം മാനദണ്ഡത്തിന്റെ പേരില്‍ പണ്ട് മുതല്‍ക്ക് തന്നെ വിദ്യാര്‍ഥികളെ ഈ രംഗത്തേക്കു തള്ളിവിടുന്നതും ആണ്....അത് കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ കാലത്തു തന്നെ ഉള്ള പ്രശ്നമാണ്, സ്വകാര്യ കോളെജുകളുടെ സംഭാവനയല്ല.

ഉദാഹരണത്തിനു യുണൈറ്റഡ് സ്റ്റേറ്റ്സില്‍ മൊത്തം 15,000 ത്തോളം മെഡിക്കല്‍ ഡിഗ്രി സീറ്റുകള്‍ ഉണ്ട് - 20,000 ത്തോളം മെഡിക്കല്‍ പി.ജി സീറ്റുകളും. ഏതാണ്ട് 5,000 വരുന്ന ഈ അധിക പി.ജി. സീറ്റുകള്‍ മറ്റ് രാജ്യത്തു നിന്നുള്ള ഡോക്റ്റര്‍മാര്‍ക്കു പ്രവേശനം നല്‍കാനും തികയുന്നു...
അതെ സമയം നമ്മുടെ സ്ഥിതിയോ?
കേരളത്തില്‍ 1000 മെഡിക്കല്‍ ഡിഗ്രി സീറ്റുകള്‍ ഉള്ളപ്പോള്‍ പി.ജി. സീറ്റുകള്‍ കഷ്ടിച്ചു 180 എണ്ണമാണുള്ളതു - എറ്റവും ആവശ്യമുള്ള ക്ലിനിക്കല്‍ വിഭാഗങ്ങളിലെ സീറ്റുകള്‍ കഷ്ടിച്ച് 100 കാണും..!


ഇതാണു മന്ദബുദ്ധികളുടെ “സോഷ്യല്‍ എഞ്ചിനീറിങ്”

അമേരിക്കയുടെ സിസ്റ്റം വല്യ ഉണ്ടയാണെന്നൊന്നുമല്ല ഈ പറഞതിന്റെയൊക്കെ അര്‍ഥം . രോഗി- ഡോക്റ്റര്‍ അനുപാതം നമ്മുടെ കോഴ്സുകള്‍ രൂപീകരിക്കുമ്പോള്‍ ഒരിക്കല്‍പ്പൊലും ഒരു വിഷയം ആകുന്നില്ല എന്നതിനൊരു ഉദാഹരണം പറഞ്ഞെന്നെയുള്ളൂ.

അല്ല...നമ്മുടെ ഏതു കോഴ്സാണു സമൂഹത്തിന്റെ ആവശ്യകതയ്ക്കു തൂക്കം നല്‍കി ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത് ?
ഹ ഹ ഹ ഹ....

പിന്നെ ഈ പകല്‍ കൊള്ളക്ക് പരിഹാരം ഉണ്ട് -

1.ഓരോ മരുന്നും ഓരോ ടെസ്റ്റും എന്തിനൊക്കെ എന്നു ചൊദിക്കാനുള്ള ധൈര്യം രോഗിയും ബന്ധുക്കളും കാണിച്ചു നോക്കു...അമിത മരുന്നെഴുത്തും അനാവശ്യ ടെസ്റ്റും പകുതിയായി കുറയും.
2. രോഗത്തെ കുറിച്ചു കൂടുതല്‍ ഡീറ്റെയിത്സ്- നെറ്റിലും മറ്റും കിട്ടുന്നതു - തപ്പിയെടുത്ത് നിങ്ങളുടെ ഡോക്റ്ററെ ഒന്നു വിരട്ടി നോക്ക്... മൂപ്പര്‍ താനേ പത്തി താഴ്ത്തും..
3. ഏറ്റവും വല്യ സ്പെഷ്യലിസ്റ്റിനെ തന്നെ നിങ്ങളുടെ ചെറിയ രോഗങ്ങള്‍ കാ‍ണിക്കണം എന്ന വാശിയുപേക്ഷിക്കൂ - ഒരുമാതിരിപ്പെട്ട എല്ലാ സാധാരണ രോഗങ്ങളും ചികിത്സിക്കനുള്ള വിവരവുമായിട്ടാണു ഓരോ സാദാ ഡോക്റ്ററും പഠിച്ചിറങ്ങുന്നതെന്നു മനസ്സിലാക്കൂ - അയാള്‍ക്കു ചികിത്സിക്കാന്‍ പറ്റാത്തതേ സ്പെഷ്യലിസ്റ്റ് കാണേണ്ടതുള്ളൂ...

പിന്‍ കുറിപ്പ് : പ്രിയ “വെള്ളെഴുത്തേ”, ട്യൂബല്‍ ഗര്‍ഭവും അപ്പെന്റിസൈറ്റിസും തമ്മില്‍ രോഗലക്ഷണം വച്ചൊ അള്‍ട്ര സൌണ്ട് സ്കാന്‍ വച്ചൊ തിരിച്ചറിയാന്‍ വലിയ പാ‍ടാണ്...പ്രത്യേകിച്ചും ഒന്നോ രണ്ടോ ദിവസം പഴകിയ ബ്ലീഡിങ് ആണെങ്കില്‍, ഉള്ളിലെ അവയവങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു കാരണം സ്കാനിങ്ങ് കാഴ്ച്ച ദുഷ്ക്കരമാകും...സീ ടി സ്കാന്‍ പോലും ചിലപ്പോള്‍ പിഴയ്ക്കും.. താങ്കളുടെ ആ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ജ്ജന്‍ ചെയ്ത ഗൈനക് കണ്‍സള്‍ട്ടേഷന്‍ ഏറ്റവും ശരിയായ കാര്യമാണ്...മെഡിക്കല്‍ എത്തിക്സിന്റെ ഏതു തട്ടില്‍ വച്ചു നോക്കിയാലും.

അനംഗാരി said...

ഹഹഹ! ഡോക്ടറുടെ ന്യായീകരണം അസ്സലായിരിക്കുന്നു.
ഒരു കാര്യം ആ‍ദ്യമെ പറയട്ടെ. ഞാന്‍ ഡോക്ടര്‍മാര്‍ക്ക് എതിരല്ല. എനിക്ക് ഒരു പാട് നല്ല സുഹൃത്തുക്കള്‍ ഡോക്ടര്‍മാരായിട്ടുള്ളവര്‍ ഉണ്ട്.ഇവിടെ കൈക്കൂലി വാങ്ങുകയും, അനീതി കാണിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരും,വേണ്ടവിധം രോഗം നിര്‍ണ്ണയിക്കാന്‍ അറിയാത്തവരും ആണ് പരാമര്‍ശ വിഷയം.
കൈക്കൂലി വാങ്ങുന്നതിനും, രോഗിയുടേയും, അവന്റെ ബന്ധുക്കളുടേയും നെഞ്ചത്ത് കയറുന്നതിനു താങ്കള്‍ പറയുന്ന ന്യായം തികച്ചും നീതികരണമില്ലാത്തതാണ്.. ഓരോ ഡോക്ടറേയും സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ചെലവാക്കുന്ന തുക പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്ന് പിരിക്കുന്ന നികുതിയുള്‍പടെയുള്ള ഖജനാവിലെ തുകയാണെന്ന് അറിയുക.
താങ്കള്‍ ചികിത്സിക്കുന്ന ഓരോ രോഗിയോടും ബാധ്യതയുണ്ടെന്ന് അറിയുക.
ഒരു രോഗിക്ക് മരുന്ന് കുറിച്ച് കൊടുക്കുമ്പോള്‍ അത് എന്തിനുള്ള മരുന്നാണ്, അത് കൊണ്ടുണ്ടാകാവുന്ന പാര്‍ശ്വ ഫലങ്ങള്‍ എന്താണ്, മരുന്ന് എത്ര നാള്‍ കഴിക്കേണ്ടി വരും,രോഗ നിര്‍ണ്ണയം നടത്തിയതിന്റെ ഫലമെന്താണ് എന്നൊക്കെ രോഗീയോട് പറയാനുള്ള ബാധ്യത ഡോക്ടര്‍ക്കുണ്ട്. അതൊന്നും വ്യക്തമാക്കാതെ,മരുന്ന് കമ്പനിക്കാരനില്‍ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങളില്‍ കണ്ണ് നട്ട്, തോന്നിയപോലെ മരുന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കാതിരിക്കാനും, അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ചങ്കൂറ്റത്തോടെ പറയാനും താങ്കളെ പോലുള്ള ഡോക്ടര്‍മാര്‍ എന്തുകൊണ്ട് അറച്ച് നില്‍ക്കുന്നു?
സ്വകാര്യ പ്രാക്ടീസ് എന്ന ഓമനപ്പേരിട്ട് ആശുപത്രിയില്‍ കിടക്കുന്ന രോഗിയുടെ ബന്ധുക്കള്‍ വീട്ടില്‍ സന്ദര്‍ശിച്ച് പണം ന്നല്‍കുന്ന ഏര്‍പ്പാട് അവസ്സാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടാത്തത്?
താങ്കള്‍ പറയുന്ന പോലെ നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ മാറ്റം ഉണ്ടാകണമെന്ന് തന്നെ എനിക്കും അഭിപ്രായമുണ്ട്.ആരാണ് മണികെട്ടേണ്ടത്?
ഇന്ന് ഡോക്ടര്‍മാര്‍ കേരളത്തില്‍ നടത്തുന്ന സമരത്തിന് എന്ത് ന്യായമാണുള്ളത്?
എന്ത് ആശാസ്യമല്ലാത്ത തെറ്റുകള്‍ ചെയ്താലും അവരെ ന്യായികരിക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ തന്നെയാണ് ഇതിനൊക്കെ കാരണം.
ഒരു പാട് പറയാനുണ്ട്..സമയവും സ്ഥലപരിമിതിയും അനുവദിക്കുന്നില്ല.

യാരിദ്‌|~|Yarid said...

ഡോക്ടറുടെ കമന്റ് വായിച്ചു. താങ്കള്‍ കൂടി ഉള്‍പെടുന്ന ഡോക്ടറ്മാരുടെ സമൂഹം കാട്ടിക്കൂട്ടുന്ന വിക്രിതികള്‍ക്കു താങ്കള്‍ക് എന്തു മറുപടി പറയാനുണ്ട്. അമേരിക്കയിലെ സിസ്റ്റത്തെ പറ്റി താങ്കള്‍ പറഞ്ഞല്ലൊ. ചികിത്സാ പിഴവു മൂലം അവിടെ ഒരു രോഗി മരിക്കുകയാണെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഡോക്ടര്‍മാരു അകത്തു കിടന്നു ഉണ്ട തിന്നേണ്ടി വരും. അതു പോലെ ഒരു നിയമവ്യവസ്ഥ
ഇവിടെ ഇല്ലാത്തതാണു കാരണം . നേരെ ചൊവ്വെ രോഗികളെ നോക്കുന്ന ഡോക്ടര്‍മാര്‍ നിങ്ങളുടെ കൂട്ടത്തില്‍ വളരെ കുറവാണു. ഡ്യൂട്ടിസമയത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരല്ലെ ഇവിടെ ഉള്ളത്. ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ചു ഗവ്ണ്മെന്റ് മെഡിക്കല്‍ കോളെജുകളില്‍ നിന്നും ബിരുദം നേടിയിറങ്ങുന്ന നിങ്ങള്‍ക്കു അവരോടു ഒരു കടപ്പാട് വേണമെന്നു ഞാന്‍ പറയുന്നില്ല.
എന്നിരുന്നാലും കുറച്ചു ദയ ഉണ്ടായാല്‍ നന്നായിരുന്നു. അഴിമതിക്കാരനായ ഒരു സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തപ്പോള്‍ ഇവിടെ
ഉണ്ടാക്കിയ പുകിലുകള്‍ മറക്കാന്‍ മാത്രം മണ്ടന്മാരാണൊ ജനം. മരുന്നുകള്‍ സുക്ഷിക്കാനുള്ള ഫ്രിഡ്ജില്‍ കരിമീന്‍ സുക്ഷിചതിനു എന്തു ന്യായീകരണം പറയാന്‍ പറ്റും. മരുന്നു മാറികുത്തിവെച്ചു രോഗിക്കെന്തെങ്കിലുംസംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിങ്ങള്‍ തയാറുണ്ടൊ. ഈ ശബരിമല കാലയളവില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന ഡോക്ടര്‍മാരെ കുറിച്ചെന്തു താങ്കള്‍
പറയുന്നു. ? ഇന്നുമുതല്‍ പേ വാര്‍ഡുകളും അവര്‍ ബഹിഷ്കരിക്കുവല്ലെ.
പൊതുവായി ചില കാര്യങ്ങള്‍ പറഞ്ഞു എന്നെയുള്ളു. ആരൊടും വ്യക്തിപരമായി എതിര്‍പ്പില്ല.
ഇതൊക്കെ ഞാന്‍ പൊതുവായി പറയുന്ന കാര്യങ്ങളാണ്.

Suraj said...

പ്രിയ സുഹ്യത്തുക്കളേ,

ആദ്യത്തെ കമന്റ് എഴുതുമ്പോഴേ ഇത്തരമൊരു തെറ്റിദ്ധാരണയും പ്രത്യാക്രമണവും പ്രതീക്ഷിച്ചിരിന്നു...

ഡോക്റ്റര്‍മാര്‍ കാണിക്കുന്ന “തെണ്ടി“ത്തരങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാനല്ല അതൊന്നും എഴുതിയത്; ഇങ്ങനെയും ചില കാരണങ്ങള്‍ ഉണ്ടെന്നു പൊതു സമക്ഷം അറിയിക്കുക മാത്രമെ ഉദ്ദേശിച്ചിട്ടുള്ളൂ.

സ്വന്തം കുറ്റം മറയ്ക്കാന്‍ അന്യന്റെ കുറ്റം പറയുകാണെന്നു വിചാരിക്കരുത് : ഒന്നു ചോദിച്ചോട്ടെ , മ്യഗാസ്പത്രിയില്‍ പോയി നോക്കിയിട്ടുണ്ടോ ? ക്യഷിയാപ്പീസില്‍ ? യൂണിവേഴുസിറ്റിയില്‍ ? പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ ? സെക്രട്ടെറിയറ്റില്‍? കളക്റ്ററേറ്റില്‍ ? ഇവിടെയൊക്കെ നടക്കുന്നതു തന്നെ വേറൊരു രൂപത്തില്‍ ആസ്പത്രികളിലും നടക്കുന്നത് ... മനുഷ്യജീവനും ആരോഗ്യവും വച്ചുള്ള കളിയാകുമ്പോ‍ള്‍ സംഗതി ക്രൂരവും തന്തയില്ലായ്കയും ആവുന്നു എന്നതു സത്യം..

കരിമീന്‍ ഓപ്പറേഷന്‍ തീയറ്റരിലെ ഫ്രിഡ്ജില്‍ വച്ച മഹാനെയും അഴിമതി കാട്ടുന്ന സൂപ്രണ്ടിനെയുമൊക്കെ പഴയ നക്സലൈറ്റു രീതിയില്‍ റോഡിലിട്ട് കൈകാര്യം ചെയ്യണമെന്ന് തന്നെയാണു ഈയുള്ള “ഹിപ്പൊക്രിറ്റി“ന്റെയും അഭിപ്രായം -
അതാരു ചെയ്യുമെന്ന തര്‍ക്കത്തില്‍ കാലം കഴിഞ്ഞുകൊള്ളും എന്ന് നന്നായി അറിയാവുന്നതുകൊണ്ടാണല്ലൊ നമ്മള്‍ പിന്നെയും പിന്നെയും ഡോക്റ്റര്‍മാരെയും നേഴ്സുമാരെയും ലാബ് റ്റെക്നീഷ്യന്മാരെയും പ്രസവിക്കുന്ന പരശ്ശതം കോളജുകള്‍ക്കു അംഗീകാരവും നല്‍കി നമ്മുടെ കുട്ടികളെയും അമ്മായീടെ മോളെയും അഛന്‍പെങ്ങളെയും നാത്തൂന്റെ മോനെയുമൊക്കെ എന്റ്രന്‍സിനു കോച്ചാന്‍ വിട്ട് ഫിക്സഡ് ഡെപ്പോസിറ്റുമായി കാത്തിരിക്കുന്നത് ...

സമൂഹത്തിലെ ചവറ് തൂത്തുവാരാന്‍ തുടങ്ങിയാല്‍ സര്‍വ്വതും വ്യത്തിയാക്കിയേ നിര്‍ത്താവൂ - ഇല്ലെങ്കില്‍ മൂന്നാര്‍ പോലെ വഴിയില്‍ മുണ്ടഴിഞ്ഞ അവസ്ഥയിലാവും ...അതു ഇവിടുത്തെ സകല പ്രജക്കും അറിയാം. ഒറ്റൊരുത്തന്‍ അനങ്ങുകില്ല - ഇതൊന്നും ഒരു കാലത്തും മാറാനും പൊകുന്നില്ല...വല്ല “അന്യനോ”, “ഇന്ത്യനോ”, “ഫോര്‍ ദ പീപ്പിള്‍“ മോഡലില്‍ ആരങ്കിലുമോ ഇറങ്ങുമോ തമ്പുരാനേ..??!

ആകെയുള്ള വഴി -

സ്വന്തം കുട്ടികളാരെങ്കിലും ഈ പ്രൊഫഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ അവരെയെങ്കിലും ആദര്‍ശത്തോടെ വഴി നടത്താന്‍ നോക്കുക!

“നാടു മുഴുവന്‍ പേയ് പടരുമ്പൊള്‍ സ്വന്തം പട്ടിയെ കൂട്ടിലിടാം“

സാഷ്ടാംഗ പ്രണാമത്തോടെ .. :)

വെള്ളെഴുത്ത് said...

സൂരജ് പറഞ്ഞതിനോടെല്ലാം സര്‍വാത്മനാ യോജിക്കുന്നു. എവിടെയാണ് അഴുക്കില്ലാത്തത്? പരിഹാര നിര്‍ദ്ദേശങ്ങള്‍ പക്ഷേ സാധുവല്ല സുഹൃത്തേ..വിഡ്ഡിത്തം വിളമ്പുന്ന ഒരു ഡോക്ടറോടു പോലും വെറുതേയൊന്ന് തര്‍ക്കിച്ചു നോക്കാന്‍ സാമാന്യജനം മടിക്കും. അത്ര ആതുരാവസ്ഥയിലാണ് നമ്മള്‍ അയാള്‍ക്കു മുന്നിലിരിക്കുന്നത് എന്നത് ഒരു കാരണം.വേറെയുമുണ്ട് കാരണങ്ങള്‍. അതു നമ്പോട്ടെ.. ചെറിയൊരുദാഹരണം പറയാം.നമ്മുടെ പനി നോക്കാന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന തെര്‍മോമീറ്റര്‍ ഇട്ടു വച്ചിരിക്കുന്ന കുപ്പി ഇല്ലേ. ഡെറ്റോളാണോ അതിനകത്ത്? അല്പം പഞ്ഞിയെടുത്ത് തുടച്ചിട്ടാണ് അതു തിരിച്ചിടുന്നത്. ഹോട്ടലില്‍ ഒരു ഗ്ലാസ് വെള്ളം വിരലിട്ടു കൊണ്ടു വന്ന വെയിറ്ററെ ജോലിയില്‍ നിന്നു പുറത്താക്കിയേ അടങ്ങൂ എന്നു നടിക്കുന്ന നാം തന്നെ യാണ് എത്രയോ വായില്‍ കയറിയിറങ്ങിയ ഈ കോലു സ്വന്തം വായില്‍ വയ്ക്കാന്‍ ഒരു പ്രതിഷേധവുമില്ലാതെ ഇരുന്നു കൊടുക്കുന്നതും അതു കഴുകാതെ തിരിച്ചിടുന്നത് നിസംഗനായി നോക്കിയിരിക്കുന്നതും. ഡോക്ടര്‍ ചെയ്യുമ്പോള്‍ വൃത്തിയില്ലായ്മയും ഒരു വൃത്തിയാണ്. (പിന്നെ ഓര്‍ക്കാനിക്കും). ആ മാനസിക ദുര്‍ബലതയില്‍ നിന്ന് നാം ഒരിക്കലും മരുന്നുകളെക്കുറിച്ച് തിരക്കാന്‍ പോകുന്നില്ല. വിദ്യാഭ്യാസവും വൈദ്യവും കുറേ കൂടി സമൂഹത്തിന്റെ ശ്രദ്ധയും ഉത്തരവാദിത്വവും അര്‍ഹിക്കുന്നു എന്ന തോന്നലാണെനിക്ക്. രണ്ടും കെട്ടഴിഞ്ഞ പുസ്തകം പോലെയാണിന്ന്..
ട്യൂബുലാര്‍ പ്രെഗ്നന്‍സി ഓപ്പറേറ്റ് ചെയ്തത് ജനരല്‍ ഹോസ്പിറ്റലിലെ ഒരു സര്‍ജനാണ്. അദ്ദേഹത്തോട് ബഹുമാനമേയുള്ളൂ..ഞാന്‍ ആ സിറ്റ്വേഷനിലാണ് ഊന്നിയത്. അകത്ത് വയറു കീറി മുറിച്ചിട്ടിട്ട്..അത് ഇതാണെന്നു പറയുന്ന.. ആ അവസ്ഥ.. ഇതാണോ മോഡേണ്‍ സയന്‍സിന്റെ അപ്രമാദിത്വം എന്ന് ആലോചിച്ചു പോകും അല്ലെങ്കില്‍ ഡോക്ടര്‍മാര്‍ ഇതത്ര ഗൌരവമുള്ള കേസായി കണക്കാക്കാതെ അവഗണിച്ചതാണോ എന്ന സംശയം..അവിടെ നിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

Suraj said...

ഈ വ്യവസ്ഥിതി വല്ലാത്ത ചൊറിച്ചിലാണു നമുക്കൊക്കെ നല്‍കിക്കൊണ്ടിരിക്കുന്നത് ...

നഗരത്തിലെ ചില പഴകി പേരെടുത്ത സ്പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരുടെയൊക്കെ മരുന്നു കുറിപ്പടിയിലെ വിഡ്ഡിത്തങ്ങള്‍ കണ്ട് ചിരിച്ച് കണ്ണുകലങ്ങിയാണു പല ദിവസവും ഈയുള്ളവന്‍ ക്ലിനിക്കു വിടുന്നത്.
ഒരു നേരം കഴിക്കാനുള്ള മരുന്നു മൂന്നുനേരത്തേക്കു കൊടുക്കും..ആഹാരത്തിനു ശേഷമുള്ളതു ആഹാരത്തിനു മുമ്പ് കഴിക്കാന്‍ കൊടുക്കും...ഓരോ കുറിപ്പടിക്കും ഒപ്പം മൂന്നും നാലും വിറ്റമിന്‍ ഗുളികകള്‍ കാണും...ചേരാന്‍ പാടില്ലാത്ത എത്രയോ മരുന്നുകള്‍ അനാവശ്യമായി എഴുതി നിറച്ചിട്ടുണ്ടാകും...വയറു ഞെക്കി നോക്കിയാല്‍ മനസ്സിലാവുന്ന രോഗത്തിനു സീ.ടീ സ്കാന്‍ വരെ പറയും...ഇങ്ങനെ എന്തെന്തു പാതകങ്ങള്‍!

ഒറ്റ നോട്ടഠില്‍ അറിയാം - ഒന്നുകില്‍ ആ കുറിപ്പടിയെഴുതിയ വീരന് മെഡിസിന്‍ എന്ന ശാസ്ത്രത്തെ കുറിച്ചു ഒരു ചുണ്ണാമ്പും അറിയില്ല, അല്ലെങ്കില്‍ അയാളിത് ഏതോ മരുന്നു കമ്പനിയില്‍ നിന്നും കമ്മീഷനും വാങി നക്കിക്കൊണ്ടാണു ഈ ചെറ്റത്തരം കാണിക്കുന്നത് എന്ന്
...പക്ഷെ എന്ത് ചെയ്യാം ?

കമാന്നു മിണ്ടാന്‍ പറ്റില്ല...നമ്മക്കുണ്ടോ ടിയാന്റെയത്രയും സീനിയോറിറ്റിയും മറ്റും...? മാത്രമല്ല മൂപ്പരു പറഞ്ഞു തലയില്‍ക്കേറ്റിവച്ചതു മാത്രമേ രോഗി വിശ്വസിക്കൂ...

ഈവിധം തറ പ്രാക്റ്റീസു നടത്തുന്നവന്റെയൊക്കെ ചന്തിയും താങ്ങിയാണു നാട്ടിലെ മാധ്യമങ്ങള്‍ പോലും നടക്കുന്നത് .... വലിയ താപ്പാനകള്‍ ഒന്നും അവരുടെ വലയില്‍ വീഴില്ല..മിക്കപ്പോഴും ചെറിയ ചെറിയ കൈക്കൂലിക്കേസുകളില്‍ പെടുന്നവരൊക്കെ ചെറിയ മീനുകള്‍ മാത്രമാണ്... ഐ.എം.ഏ എന്ന വെള്ളമടി സഭയാകട്ടെ ഒരു പിണ്ണാക്കിനും കൊള്ളാത്ത ഒരു സംഘവും!

തിരുവനന്തപുരത്തു ഇതുപോലെ ആര്‍ത്തിയോടെ നാറിയ പ്രാക്ടീസു നടത്തുന്നവരാരൊക്കെയെന്നറിയാന്‍ ഇവിടെ ബിസിനസ്സിനായി പാഞ്ഞു നടക്കുന്ന മെഡിക്കല്‍ റെപ്പ്രസെന്റേറ്റിവ്മാരോട് ഒന്നു സംസാരിച്ചാല്‍മതി...അവര്ടെ pay-rollല്‍ സാധരണ ഫിസീഷ്യന്മാര്‍ മുതല്‍ മെഡിക്കല്‍ കോളജിലെ പ്രഫസര്‍മാരും ആരോഗ്യ വകുപ്പു ഡയറക്റ്റര്‍ വരെ ഉണ്ടവും...വളര്‍ന്നു വരുന്ന തലമുറ ഇവനെയൊക്കെ കണ്ടാണല്ലൊ പഠിക്കുന്നത് ...! അതു മറ്റൊരു ശാപം..!