July 21, 2025

ബഷീർ അന്ന് നശിപ്പിച്ചത് പോൾകൂടി വായിക്കേണ്ടിയിരുന്ന പുസ്തകം


 

മാധ്യമം ആഴ്ചപ്പതിപ്പിൽ (28:1428) വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ ' സമകാലിക എഴുത്തുകാർക്ക് ബഷീറിൽനിന്ന് മൂന്നു പാഠങ്ങൾ' വഴി സോഷ്യൽ മീഡിയാ കാലത്തെ സാഹിത്യപരമായ ഉത്തരവാദിത്വമില്ലായ്മയെയും പ്രതികരണതിടുക്കത്തെയും  നിശിതമായ വിമർശനത്തിനു വിധേയമാക്കുകയും ഇന്നലെകളുടെ ധാരണകളിലും ബിംബകല്പനകളിലുമായി നിലനിർത്തി  അബോധാത്മകമായോ  ബോധപൂർവമോ ബഷീറിനെ വ്യാഖ്യാനിച്ചു വരുന്ന സമ്പ്രദായങ്ങളിൽനിന്ന് മോചിപ്പിക്കുകയുമാണ്  പി കെ രാജശേഖരൻ ചെയ്തത്. ജീവിതത്തിന്റെ മറുപുറം നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന തത്ത്വവിചാരകനു കാലികമായ രാഷ്ട്രീയശരികളെക്കുറിച്ചുള്ള വേവലാതിയോ അധികാരസ്ഥാനങ്ങളോടുള്ള കടന്ന വിധേയത്വമോ ബാധകമല്ലെന്ന് ബഷീറിനെവച്ചുകൊണ്ട് പി കെ ആർ വാദിക്കുന്നുണ്ട്. എന്നാൽ അതിനേക്കാളേറെ പ്രാധാന്യം, രചനാഗുണം എന്ന സവിശേഷതയ്ക്ക് തന്റെ സാഹിത്യജീവിതത്തിലുടനീളം ബഷീർ നൽകിയ പ്രാധാന്യത്തെ എം പി പോളും ബഷീറും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി പി കെ രാജശേഖരൻ വിശദീകരിക്കുന്നതിനാണ്. എഴുത്തുകാരനു നിരൂപകനും മാർഗദർശിയുമായ കൂട്ടുകാരനോടുള്ള ഹൃദ്യമായ ബന്ധം വ്യക്തമാക്കുന്ന ഒരു രചനയാണ് എം പി പോൾ (1991) എന്ന പുസ്തകം. അങ്ങനെ ചെയ്ത ഒരു നോവലിസ്റ്റ് ബഷീറാണ്. ‘ഞാൻ കണ്ട കേസരി’ (1961)  എന്ന ‘പഠനഗ്രന്ഥ’മെഴുതിയ കെടാമംഗലം പപ്പുക്കുട്ടിയാണ് മലയാളത്തിൽനിന്നുള്ള മറ്റൊരു ഉദാഹരണം. ഏതാണ്ട് 75 വർഷങ്ങൾക്കു മുൻപും പോളിനെപ്പറ്റി  ഗ്രന്ഥമെഴുതാൻ ബഷീർ ആരംഭിച്ചിരുന്നു. അത് പകുതിയായപ്പോഴാണ് പോൾ മരിക്കുന്നത്. ആ വാർത്ത അറിഞ്ഞ അന്നുതന്നെ ബഷീർ അതു നശിപ്പിച്ചു കളഞ്ഞു. ഒരർത്ഥത്തിൽ അതും എഴുത്തുകാരനും നിരൂപകനുംതമ്മിലുള്ള ‘മനസ്സുകളുടെ ഐക്യത്തിന്റെ’ (ബഷീറിന്റെ പ്രയോഗം) തെളിവാണ്.  പോൾകൂടി വായിക്കേണ്ടിയിരുന്ന പുസ്തകമാണ് അദ്ദേഹം അന്ന് നശിപ്പിച്ചത്. പോളിനെപ്പറ്റി വായനക്കാർ അറിയേണ്ടതുമാത്രമായ പുസ്തകമാണ് രണ്ടാമത്തെ ‘എം പി പോൾ’! അതിന്റെ രചനാകാലം 1981 ആണെന്ന് അതിൽത്തന്നെ സൂചനയുണ്ട്. പ്രസിദ്ധീകരിച്ചത് പത്തുവർഷം കഴിഞ്ഞും. 

പോളുമായുള്ള ബന്ധത്തെ പല നിലയിൽ വിശദീകരിക്കുന്ന ‘എം പി പോളി’ൽ ‘സാഹിത്യപരം’ എന്ന വാക്ക് ബഷീർ പ്രധാനപ്പെട്ട അർത്ഥത്തിലാണ് ബഷീർ പ്രയോഗിക്കുന്നത്. അതിങ്ങനെയാണ് : 

‘കഥകളെല്ലാം കൊള്ളാം. വികാരത്തിനു തീപിടിച്ചിരിക്കുന്നു. ചിലതു സഭ്യതയുടെ അതിർത്തി കടന്നുപോയി. ലേശം നിയന്ത്രണം ആവാം.’ 
ലേശം നിയന്ത്രണം ആവാം! അതാണ് അദ്ദേഹം എനിക്കു സാഹിത്യപരമായി തന്ന ഏക ഉപദേശം. 
അതു ഞാൻ മിക്കപ്പോഴും ഓർക്കും!’

 ആവിഷ്കാരപരമായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ സഹായിച്ചത് എന്നതിനേക്കാൾ ബഷീറിന്റെ രചനാഗുണങ്ങളിലൊന്നായ മിതത്വശേഷിയെ സ്വാധീനിച്ച നിർദ്ദേശമായി പോളിന്റെ വാക്കുകളെ പരിഗണിക്കുന്നതായിരിക്കും നല്ലത്. എഴുതിയതെല്ലാം അദ്ദേഹത്തെ കാണിച്ചിരുന്നില്ല, സംശയമുള്ളതുമാത്രമെന്നു ബഷീർ തുടർന്നു പറയുന്നതിൽ ആ വാസ്തവമാണ് കൂടുതലായുള്ളത്. 

എം പി പോൾ എന്ന പുസ്തകത്തിൽ ബഷീർ പോളിനെമാത്രമല്ല, സാന്ദർഭികമായി കേസരി ബാലകൃഷ്ണപിള്ളയെയും എം ഗോവിന്ദനെയും അനുസ്മരിക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ എഴുത്തുകാരും നിരൂപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വ്യത്യസ്തമായ വശങ്ങൾ വരച്ചിടാൻ, ഇവരുമായുള്ള സഹവാസത്തിന്റെ ഓർമ്മ പങ്കുവയ്ക്കുന്നതിലൂടെ ബഷീർ ശ്രമിക്കുന്നുണ്ടെന്നു മനസിലാക്കാം. ഈ വ്യക്തിത്വങ്ങൾക്കു നേരെ എതിർവശത്ത് ബാല്യകാലസഖിയിലെ മാർക്കകല്യാണവർണ്ണനയെ എതിർത്ത പി ദാമോദരൻ പിള്ളയുയുണ്ട്. പുസ്തകത്തിൽ പേരു പറഞ്ഞിട്ടില്ലാത്ത ക്ലെപ്ടോമാനിയാക്കും പ്രായോഗികവാദിയും ‘മാന്യനു’മായ ഒരു വിമർശകനെപ്പറ്റിയുള്ള ഓർമ്മകളുമുണ്ട്. ഇവരെ രണ്ടു പേരെയും വിമർശകർ എന്ന പദംകൊണ്ടാണ് ബഷീർ വിശേഷിപ്പിക്കുന്നത്. പോളിനെയും കേസരിയെയും വിവരിക്കുന്നിടത്ത് ആ പദം ഇല്ല. ബോധപൂർവം തന്നെയല്ലേ?

പോളിനെ പ്രോത്സാഹകനായ നിരൂപകൻ എന്ന നിലയിൽ മാത്രമല്ല ബഷീർ ഉൾക്കൊള്ളുന്നത്. അല്ലെങ്കിൽ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ എഴുതി പൂർത്തിയാക്കിയ ചെറുനോവൽ അദ്ദേഹം വേമ്പനാട്ടു കായലിൽ കളയുകയില്ലല്ലോ. വിമർശനമല്ല, ദിശാബോധമുള്ള അഭിരുചിയാണ് പ്രധാനമെന്ന് ബഷീറും തീരുമാനിച്ചിരുന്നു എന്നാണതിനർത്ഥം. പി കെ രാജശേഖരൻ ഈ കാര്യത്തെയാണ് ‘അപ്രിയസത്യങ്ങൾ ഉറക്കെ പറയാനുള്ള നിരൂപകന്റെ വാഗ്ധീരത’യെന്ന് വിളിക്കുന്നത്. ബഷീറിന്റെ അഭിപ്രായത്തിൽ പോൾ മഹാപണ്ഡിതനാണ്. എന്തിനെക്കുറിച്ചും അദ്ദേഹവുമായി സംസാരിക്കാം. ഈ ഗുണത്തെയാണ് കാലത്തിനനുസരിച്ച് പി കെ ആർ ‘സൈദ്ധാന്തികപരിശോധനയുടെയും വിശാലമായ സാഹിത്യവായനാനുഭവത്തിന്റെയും വെളിച്ചം’ എന്ന വരിയിൽ സ്വാംശീകരിക്കുന്നത്. മലയാളസാഹിത്യത്തിനും മറ്റേത് സാഹിത്യവുംപോലെതന്നെ ‘നിരൂപണ’ത്തിന്റെ (മലയാളത്തിൽ നിരൂപണം എന്ന വാക്കിന് പത്തിലധികം അർത്ഥവിവക്ഷകളുണ്ട്) വിശാലമേഖലയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എഴുത്തുകാർക്കും വായനക്കാർക്കും ഇടയിലുള്ള മാധ്യസ്ഥരുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത് നവസാക്ഷരരുടെ പ്രവേശനത്തോടെയാണ്. രചനയിൽ ആവിഷ്കരിക്കപ്പെട്ട അനുഭവങ്ങളുമായി അക്ഷരംകൂട്ടിവായിച്ചു നേരിട്ടു ബന്ധം സ്ഥാപിക്കാനാവുമെങ്കിൽ അധികച്ചെലവായി ഇടയിൽ  വ്യാഖ്യാതാക്കൾ എന്തിനെന്നായിരുന്നു ചോദ്യം. അനുഭവവൈവിധ്യങ്ങളുടെ ധാരാളിത്തത്തിനുള്ള ഉദാഹരണമായി രചനകളെ പരിഗണിക്കുന്നതിൽ കുഴപ്പമുണ്ട്. ‘രചനാഗുണ’വും ‘അഭിരാമത്വ’വുമൊക്കെ അപ്രസക്തമാവുന്ന സങ്കല്പമേഖലയാണത്. വായന അവസാനിക്കുന്നതോടെ വ്യാഖ്യാനസാധ്യതയും അവസാനിച്ചുപോകുന്നു. പാഠങ്ങൾക്കു പകരം കൃതികളായി തരംതാഴുന്നവയെ കൂടുതൽ ഇടുങ്ങിയ ഇടത്തിൽ കാലികമായി ചുരുക്കിക്കെട്ടാൻമാത്രം ഉപകരിക്കുന്നവയാണ് അത്തരം ധാരണകൾ. ബഷീറിന്റെ രചനകളുടെ കാലാന്തരവായനകൾ അവ ലളിതങ്ങളായ അനുഭവാഖ്യാനങ്ങൾമാത്രമല്ലെന്നാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇടനില ആവശ്യമില്ലെന്ന് വാദിച്ചുകൊണ്ടുതന്നെ ഏറ്റവുമധികം പഠനങ്ങൾ നടക്കുന്നതും ബഷീർസാഹിത്യത്തിലാണ്.   

ആ നിലയ്ക്ക് പി കെ രാജശേഖരൻ ബഷീറിലൂടെ വീണ്ടെടുക്കുന്നത് അത്യാവേശത്താൽ മലയാളിഭാവുകത്വം മറന്നു പോകുന്ന സാഹിത്യ-സാംസ്കാരികനിരൂപണത്തിന്റെ അന്തസ്സിനെകൂടിയാണ്. 

 

മാധ്യമം ആഴ്ചപ്പതിപ്പ്, 2025 ജൂലൈ 21-28 

No comments: