July 1, 2025

മഹാരാജരാജ കലാലയം/ യൂണിവേഴ്സിറ്റി കോളേജ്

 


       

          തിരുവിതാംകൂറിലെ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച സ്ഥാപനങ്ങളിൽ മുഖ്യസ്ഥാന മാണ് യൂണിവേഴ്സിറ്റി കോളേജിനുള്ളത്. സ്വാതിതിരുന്നാൾ രാമവർമ്മയുടെ ഭരണകാലത്താണ് ഇത് സ്ഥാപിക്കുന്നത്. ലണ്ടൻ മിഷൻ സൊസൈറ്റി നാഗർ കോവിലിൽ നടത്തിയിരുന്ന ഇംഗ്ലീഷ് സ്കൂൾ സന്ദർശിച്ച സ്വാതിതിരുന്നാളിന് അതേ ഗുണനിലവാരത്തിലുള്ള ഒരു സ്ഥാപനം തിരുവനന്തപുരത്തും ആവശ്യമാണെന്ന് ബോധ്യമായതിന്റെ ഭാഗമായി അദ്ദേഹം, നാഗർകോവിലിലെ സ്കൂളിന്റെ ചുമതല യുണ്ടായിരുന്ന റോബർട്ട്സിനെ തിരുവനന്തപുരത്തേക്കു ക്ഷണിക്കുകയും 1836-ൽ (1834-ൽ എന്നും കോളേ ജിന്റെ സൈറ്റിൽ കാണാം) പുതിയ സ്കൂൾ ആരംഭിക്കുകയും ചെയ്തു. വിദ്യാഭ്യാസകാര്യത്തിൽ വിദഗ്ദ്ധനായി രുന്നു ഇംഗ്ലീഷുകാരനായ റോബർട്ട്സ്.

          ഇപ്പോൾ ആയുർവേദ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ആദ്യം സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ അത് സ്വകാര്യസംരംഭമായിരുന്നു. എണപതു വിദ്യാർത്ഥികൾക്ക് സർക്കാരുതന്നെ നിശ്ചിത ഫീസു നൽകി പഠിപ്പിക്കുകയായിരുന്നു. അധികം താമസിക്കാതെ സ്കൂൾ നടത്തിപ്പ് സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായി. റോബർട്ട്സിനെ പ്രധാന അദ്ധ്യാപകനായി നിയമിച്ചുകൊണ്ട് ‘രാജാസ് ഫ്രീ സ്കൂൾ‘ എന്ന് അതിന്റെ പേരുമാറ്റി. 1836-ൽ ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് നിൽക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണികഴിപ്പിക്കുകയും സ്കൂൾ അവിടേക്കു മാറ്റുകയും ചെയ്തു. 1836-വരെയും പഠനം സൗജന്യമായിരുന്നു. പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ പുതുതായി അവതരിപ്പിക്കപ്പെട്ട കാലത്ത്, സർക്കാർതന്നെ മുൻകൈയെടുത്ത് വിദ്യാഭ്യാസം നൽകുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു രാജാസ് ഫ്രീ സ്കൂൾ. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനായെത്തി. അവരിൽ നിരവധി പേർ സമൂഹത്തിന്റെ വിവിധ തുറകളിൽ പേരും പ്രശസ്തിയും സ്ഥാനമാനങ്ങളും നേടിയെടുക്കുകയും ചെയ്തു. ഇന്നും അവിരാമം ആ പ്രക്രിയ തുടരുന്നു എന്നു പറയാം.

          തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭരണകാല ത്താണ് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ നൽകുന്നതിനായി രാജാസ് സ്കൂൾ മദ്രാസ് സർവ കലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഒരു കോളേജായി ഉയർത്തുന്നത്. 1866-ലായിരുന്നു അത്. അതോടെ ‘ഹിസ് ഹൈനസ് മഹാരാജാസ് കോളേജ്’ എന്നായി അതിനെത്തുടർന്ന് സ്ഥാപനത്തിന്റെ പേര്. ‘എച്ച് എച്ച് മഹാരാജകലാലയം’ എന്ന് മലയാളത്തിലും കോളേജ് അറിയപ്പെട്ടു. കോളേജിന്റെ ഭാഗമായി സ്കൂളും നിലനിന്നു. ഈ വർഷമാണ്, പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പെൺപള്ളിക്കൂടം സ്ഥാപിക്കുന്നത്.  1897-ൽ അത് എച്ച് എച്ച് മഹാരാജ കോളേജ് ഫോർ വിമെൻ എന്ന സ്ഥാപനമായി ഉയർത്തി. 1920-കാലത്ത് തൈക്കാടുള്ള പുതിയ മന്ദിരത്തിലേക്ക് കോളേജ് മാറ്റുകയും ചെയ്തു. രേഖകളനുസരിച്ച്, തിരുവിതാംകൂറിൽ ബിരുദം നേടിയ ആദ്യ വിദ്യാർത്ഥിനി മേരി പുന്നൻ ലൂക്കോസ് പഠിച്ചത് മഹാരാജകലാലയത്തിലാണ്. അന്ന് ഇന്ത്യയിൽ സ്ത്രീകളെ ശാസ്ത്രം പഠിക്കാൻ അനുവദിക്കാതിരുന്നതിനാൽ ചരിത്രത്തിലാണ് 1909ൽ അവർ ബിരുദം കരസ്ഥമാക്കിയത്. .

          സി വി രാമൻ പിള്ള ഉൾപ്പടെയുള്ള ആദ്യകാല വിദ്യാർത്ഥികൾ ആദരവോടെ ഓർമ്മിക്കുന്ന ജോൺ റോസായിരുന്നു മഹാരാജാസ് കോളേജിലെ ആദ്യ പ്രിൻസിപ്പാൾ. അദ്ദേഹത്തിന്റെ എണ്ണച്ചായച്ചിത്രം കോളേജ് ഓഫീസിൽ കാണാം. 1870-ൽ കോളേജിനു പുതിയ കെട്ടിടമുണ്ടായി. അതിനു തറക്കല്ലിടുന്ന സമയത്ത് ആയില്യം തിരുന്നാൾ “ഉയർന്നുവരുന്ന തലമുറയിലും ഇനിയും ജനിക്കാത്ത തലമുറകളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന, പരാജയപ്പെടാത്ത ഉന്നത നിലവാരമുള്ള പൊതു വിദ്യാഭ്യാസ സംവിധാനത്തിനു ഊടും പാവുമാകാൻ കഴിയുന്ന ഒരു കോളേജിനാണ് ഞാൻ തറക്കല്ലി ടുന്നത്” എന്ന് ദീർഘദർശനം ചെയ്യുന്നുണ്ട്.

          1884-ൽ മദ്രാസ് സർവകലാശാലയിലെ ബി എ ബിരുദ കോഴ്സിൽ ചേർന്നു പഠിക്കാൻ മഹാരാ ജാസ് കോളേജിലെ വിദ്യാർത്ഥികളെ അനുവദിച്ചു.  മാനവികവിഷയങ്ങളിലെ ആദ്യ പരീക്ഷയ്ക്ക് വഴിയൊ രുക്കുന്ന കോഴ്‌സുകൾ കോളേജിൽ ആരംഭിക്കുകയും ചെയ്തു. ജോൺ റോസിന്റെ പിൻഗാമിയായി വന്ന റോബർട്ട് ഹാർവിയായിരുന്നു ആദ്യത്തെ ഫിലോസഫി പ്രൊഫസർ. ഗണിതം, രസതന്ത്രം, ചരിത്രം, ഭൗതികശാസ്ത്രം, സംസ്കൃതം, ദ്രാവിഡ ഭാഷകൾ എന്നീ വിഷയങ്ങളിലും ബിരുദവിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നേടാനുള്ള അവസരം ലഭിച്ചു. കോളേജിലെ വിദ്യാർത്ഥിയാവുക അദ്ധ്യാപകരിൽ ഒരാളാവാൻ കഴിയുക എന്നത് ഒരു ബഹുമതിയും പദവിയുമായി കണക്കാക്കപ്പെട്ടു. തിരുവിതാംകൂർ കേന്ദ്രമാക്കി പ്രവർത്തിച്ച ഒരു ബുദ്ധിജീവിവൃന്ദത്തെ രൂപപ്പെടുത്തുന്നതിനും മഹാരാജാസ് കോളേജ് വഴിയൊരുക്കിയിട്ടുണ്ട്. ഭാഷയുടെ അഭിവൃദ്ധിക്കും വികാസത്തിനും വേണ്ടി പ്രവർത്തിക്കുകയും ഉന്നത വിദ്യാഭ്യാസസമീപനത്തിന് അനുഗുണമായി  മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പാഠ്യക്രമം രൂപപ്പെടുത്തുകയും ചെയ്ത എ ആർ രാജരാജവർമ്മയുടെ പേര് പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. ഒരേസമയം സ്കൂളിലും കോളേജിലും അദ്ദേഹം അദ്ധ്യാപനം നിർവഹിച്ചിരുന്നു. ഭാഷയിലും സംസ്കാരത്തിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹം 1910 മുതൽ 1918 വരെ സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫ സറായിരുന്നു. 1915-മുതൽ 1916-വരെ കോളേജിന്റെ പ്രിൻസിപ്പലുമായി.

          മഹാരാജാസ് കോളേജിൽ ഇംഗ്ലീഷിലും ചരിത്രത്തിലും ബി എ ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിച്ചത് 1914-ലാണ്.  ഇന്റർമീഡിയറ്റ് കോഴ്‌സിൽ പ്രകൃതിശാസ്ത്രം (ബയോളജി) പഠിക്കുന്നതിനുള്ള വ്യവസ്ഥ നിലവിൽ വന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്.  1922-ൽ. കോളേജിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്കൂൾ 1919 ഒക്ടോബറിൽ വഞ്ചിയൂർ എന്ന സ്ഥലത്തേക്ക് മാറ്റി. 1923-ൽ കോളേജിലെ അംഗസംഖ്യ 837 ആയിരുന്നു. മാനവിക വിഷയങ്ങൾക്കും ശാസ്ത്രവിഷയങ്ങൾക്കും പ്രത്യേക വകുപ്പുകൾ വേണമെന്ന നിർദ്ദേശത്തെ തുടർന്ന്  1924-1925 അക്കാദമിക വർഷത്തിൽ തൈക്കാട് പുതിയ ഒരു ആർട്സ് കോളേജ് സ്ഥാപിച്ചു. ആർട്‌സ് കോളേജിൽ മലയാളത്തിൽ ബി എ ഓണേഴ്‌സ്  1935-ലും സംസ്‌കൃതത്തിൽ ബി എ ഓണേഴ്‌സ്  1939-ലും ആരംഭിച്ചു. മലയാളത്തിലെ മഹാകവിയായ ചങ്ങമ്പുഴയും പ്രസിദ്ധ നിരൂപകനായ ഗുപ്തൻ നായരും മലയാളം പഠിച്ചത് ആർട്സ് കോളേജിൽനിന്നാണ്. മദ്രാസ് സർവകലാശാലയുടെ അഫിലിയേഷനിൽനിന്ന് വിട്ട് 1937-ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായതോടെ കോളേജ് അതിന്റെ കീഴിലായി.

          രണ്ടു കോളേജുകളും ഉന്നത വിദ്യാഭ്യാസത്തിന്റെ മുൻനിര സ്ഥാപനങ്ങളായി മാറിയെങ്കിലും ശാസ്ത്ര-മാനവികവിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്കിടയിലെ വിടവ് ഒരു പ്രധാന ചർച്ചാവിഷയമായ തിനെ തുടർന്ന് 1942-ൽ കോളേജുകളെ വിഷയവിഭജനം ഒഴിവാക്കി ഒന്നിപ്പിക്കാനുള്ള നയപരമായ തീരുമാനം ഉണ്ടായി. അതിനെ തുടർന്നാണ് എച്ച് എച്ച് മഹാരാജ കലാലയം, യൂണിവേഴ്സിറ്റി കോളേജ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾമാത്രം പഠിപ്പിക്കുന്ന സ്ഥാപന മായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. 1950 കളിലാണ് ഭൗതികശാസ്ത്രം, രസതന്ത്രം സാമ്പത്തികശാസ്ത്രം, ഹിന്ദി എന്നിവയിൽ ബിരുദാനന്തര പഠനം ആരംഭിക്കുന്നത്. പുതിയ ജ്ഞാനശാഖകൾ മാനവിക വിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ഗവേഷണത്തിനുള്ള അവസരവും സൃഷ്ടിച്ചു. 1969-ൽ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

14-5-1993 ലെ സർക്കാർ ഉത്തരവ് പ്രകാരം ബിരുദ കോഴ്സുകൾ ഘട്ടം ഘട്ടമായി കാര്യവട്ടത്ത് പുതുതായി ആരംഭിച്ച യൂണിവേഴ്സിറ്റി കോളേജിലേക്ക്  മാറ്റാൻ തീരുമാനിച്ചു. പതിനൊന്ന് ബി.എ. ഡിഗ്രി കോഴ്സുകളുടെ ആദ്യ വർഷ ക്ലാസുകൾ ആ വർഷം കാര്യവട്ടത്തെ ബിരുദവിഭാഗത്തിനുവേണ്ടിയുള്ള  പുതിയ കെട്ടിടങ്ങ ളിലേക്ക് മാറ്റിയിരുന്നു. സയൻസ് ബിരുദ ക്ലാസുകളും രണ്ടാം വർഷ മൂന്നാം വർഷ ബിരുദക്ലാസുകളും 1996–ഓടെ പുതിയ ക്യാമ്പസിലേക്ക് മാറ്റണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ 1997-ൽ മാറ്റിയ കോഴ്സുകൾ പഴയ കോളേജിലേക്ക് തിരിച്ചുകൊണ്ടുവന്നു. കാര്യവട്ടത്തെ സ്ഥാപനം ബിരുദതലംവരെയുള്ള വിദ്യാഭ്യാസത്തിനുള്ള  മറ്റൊരു യൂണിവേഴ്സിറ്റി കോളേജായി നിലനിൽക്കുകയും ചെയ്യുന്നു. പാളയത്തെ യൂണിവേഴ്സിറ്റി കോളേജ്  പി എച്ച് ഡി ബിരുദത്തിനായുള്ള ഗവേഷണ കേന്ദ്രമായി സർവകലാശാല അംഗീകരിച്ചിട്ടുണ്ട്. 2018-ൽ നാകിന്റെ (National Assessment and Accreditation Council) അംഗീകാരമായ  എ ഗ്രേഡ് നേടുകയും ചെയ്തു.

അദ്ധ്യാപകരും വിദ്യാർത്ഥികളും  

          യൂണിവേഴ്സിറ്റി കോളേജിലെ ഇന്ത്യൻ ഭാഷാവിഭാഗങ്ങളുടെ ചരിത്രത്തെക്കുറിച്ചു പറയുന്ന പരസ്ത്യഭാരതിയെന്ന ഗ്രന്ഥത്തിൽ എ ആർ രാജരാജവർമ്മയെ ആദ്യത്തെ ഇന്ത്യൻ പ്രിൻസിപ്പാളായിട്ടാണ് അവതരിപ്പിക്കുന്നത്. 1894 മുതൽ സംസ്കൃതകോളേജിന്റെ പ്രിൻസിപ്പാലായിരുന്ന രാജരാജവർമ്മയെ 1898-ൽ മഹാരാജാസ് കോളേജിലെ മലയാളവിഭാഗവും സംസ്കൃതവിഭാഗവും  ചേർന്ന നാട്ടുഭാഷാവിഭാഗത്തിന്റെ സൂപ്രണ്ടാക്കി. 1914-ൽ അദ്ദേഹം കോളേജിന്റെ ആക്ടിങ് പ്രിൻസിപ്പാളായി. വീണ്ടും രണ്ടു പ്രാവശ്യം കൂടീ അദ്ദേഹം ആക്ടിങ് പ്രിൻസിപ്പാൾ ആകുന്നുണ്ട്. മലയാളം ഒരു ഐച്ഛിക വിഷയമാക്കുന്നതിന് മദ്രാസ് സർവകലാശാലയെ നിരന്തരം പ്രേരിപ്പിച്ചതും ആ അവകാശം നേടിയേടുത്തതും ഏ ആറിന്റെ മികവാണ്. തിരുവിതാംകൂർ സർവകലാശാല എന്ന ആശയത്തിനു വിത്തു പാകിയതും അദ്ദേഹമായിരുന്നു.  അതിനാവ ശ്യമായ ഒരു രൂപരേഖ തയാറാക്കി അവതരിപ്പിക്കുകയും ചെയ്തു. ഏ ആർ മരിച്ച് വർഷങ്ങൾക്കു ശേഷമാണ് സർവകലാശാല യാഥാർത്ഥ്യ മായത്.

           ഏ ആർ, നാട്ടുഭാഷാ സൂപ്രണ്ടാകുന്ന സമയത്ത് അദ്ധ്യയനത്തിന് വേണ്ടത്ര പാഠപുസ്തകങ്ങളി ല്ലായിരുന്നു. അതു പരിഹരിക്കാനായി അദ്ധ്യാപകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് മലയാളപഠനത്തിന്റെ അടിത്തറ ഉറപ്പിച്ച പ്രാമാണികഗ്രന്ഥങ്ങളായി ഇപ്പോഴും പരിഗണിച്ചുപോരുന്ന രചനകളുടെ ആവിർഭാവത്തിനു കാരണം. പ്രൈമറി, ഹൈസ്കൂൾ കോളേജു ക്ലാസുകളിലേക്ക് മലയാളവ്യാകരണഗ്രന്ഥം മാത്രമല്ലായിരുന്നു ഏ ആറിന്റെ സംഭാവനകൾ. ഭാഷയുടെ പരിപോഷണം എന്ന ദീർഘകാലലക്ഷ്യത്തെ മുൻനിർത്തി ശാസ്ത്രവിഷയങ്ങൾ ഭാഷയിൽ അവതരിപ്പിക്കാനുള്ള ശ്രമവും അദ്ദേഹം തുടങ്ങിവച്ചു. ‘സഹൃദയ’, ‘ഭാഷാപോഷിണി’, തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ദേഹം ശാസ്ത്ര ലേഖനങ്ങൾ എഴുതി.  28 വയസ്സുവരെ മലയാളത്തിൽ യാതൊരു രചനയും നിർവഹിക്കാതിരുന്ന ഏ ആർ രാജരാജ വർമ്മയിലെ അദ്ധ്യാപകനെയും സാഹിത്യകാരനെയും പരിഭാഷകനെയും കണ്ടെടുത്തത് ഒരർത്ഥത്തിൽ മഹാരാജകലാലയമാണെന്ന് പറയാം.         

          ഏ ആറിനു മുൻപ് മലയാളവിഭാഗത്തെ നയിച്ചിരുന്നത് പ്രസിദ്ധരായ എഴുത്തുകാരാണ്. കേരളകൗമുദിയെന്ന വ്യാകരണഗ്രന്ഥത്തിന്റെ രചയിതാവായ കോവുണ്ണി നെടുങ്ങാടിയും  ചക്കീചങ്കരമെന്ന നാടകത്തി ന്റെ കർത്തവായ മുൻഷിരാമക്കുറുപ്പും. ആറ്റൂർ കൃഷ്ണപിഷാരടി, പി അനന്തൻ പിള്ള കെ ഗോദവർമ്മ,  സി ഐ ഗോപാലപിള്ള, ഇളകുളം കുഞ്ഞൻ പിള്ള, തുടങ്ങിയ പ്രഗത്ഭർ ഇവിടെ അദ്ധ്യാപകരായിരുന്നു. ബി എ ഓണേഴ്സ് മലയാളം ആരംഭിച്ചപ്പോൾ അതിനെ നയിക്കാനുള്ള ചുമതല വന്നു ചേർന്നത് വി കൃഷ്ണൻ തമ്പിക്കാണ്.  താടകാവധം ആട്ടക്കഥയുടെ കർത്താവായ കൃഷ്ണൻ തമ്പി ഏ ആറിന്റെ ശിഷ്യനായിരുന്നു. കോന്നിയൂർ മീനാക്ഷിയമ്മയാണ് അദ്ധ്യാപകരുടെ കൂട്ടത്തിൽ എടുത്തു പറയേണ്ട സ്ത്രീനാമം.  പി കെ നാരായണ പിള്ള, ശൂരനാട്ടു കുഞ്ഞൻ പിള്ള, എൻ കൃഷ്ണപിള്ള തുടങ്ങിയവരാണ് 1866 മുതൽ 1966 വരെയുള്ള ഒരു നൂറ്റാണ്ടുകാലത്തെ ഭാഷാവിഭാഗത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയർ.

          അദ്ധ്യാപകരായും വിദ്യാർത്ഥികളായും മഹാരാജാസിലും യൂണിവേഴ്സിറ്റിയിലുമായി പത്തിപ്പിക്കുകയും പഠിക്കുകയും ചെയ്ത് പിന്നീട് ജീവിതത്തിന്റെ വിവിധതുറകളിൽ പ്രശസ്തരായി തീർന്നവരുടെ സംഖ്യ വളരെ വലുതാണ്. ഗുപ്തൻ നായരും എം കൃഷ്ണൻ നായരും തിരുന്നെല്ലൂർ കരുണാകരനും ഓ എൻ വി കുറുപ്പും ഡി വിനയചന്ദ്രനും വി പി ശിവകുമാറും  ബി രാജീവനും എം ജി ശശിഭൂഷണും കെ പ്രസന്നരാജനും മലയാളവിഭാഗത്തിലെ അദ്ധ്യാപകരായിരുന്നു. എം എൻ വിജയൻ കുറച്ചുകാലം ഇവിടെ പഠിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധ്യാപകരായിരുന്നു,  ജി കുമാരപിള്ളയും നരേന്ദ്രപ്രസാദും ഹൃദയകുമാരിയും. സംസ്കൃതവിഭാഗത്തിൽ എം എച്ച് ശാസ്ത്രി, ചരിത്രവിഭാഗത്തിൽ എ ശ്രീധരൻ നായർ. ജന്തുശാസ്ത്രവിഭാഗത്തിൽ കെ ഭാസ്കരൻ നായർ. വിദ്യാർത്ഥിനിരയിൽ പ്രധാന സ്ഥാനത്ത് ചെമ്പകരാമൻ പിള്ളയും രാഷ്ട്രപതിയായിരുന്ന കെ ആർ  നാരായണനും ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥനുമുണ്ട്.  സി വി രാമൻ പിള്ള, ഉള്ളൂർ എസ് പരമേശ്വര അയ്യർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ടി രാമലിംഗം പിള്ള, കേസരി ബാലകൃഷ്ണപിള്ള, ഭാഷാചരിത്രകാരനായ പി ഗോവിന്ദ പ്പിള്ള, ചേലനാട്ട് അച്യുതമേനോൻ, ഇ വി കൃഷ്ണപിള്ള ചങ്ങമ്പുഴ, കെ സരസ്വതിയമ്മ, ചെമ്മനം ചാക്കോ ആറ്റൂർ രവിവർമ്മ, കെ വി സുരേന്ദ്രനാഥ് ആർ ബാലകൃഷ്ണപിള്ള, ജി ശങ്കരപ്പിള്ള  എം കെ സാനു, കെ അയ്യപ്പപ്പണിക്കർ, കെ കെ നീലകണ്ഠൻ, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രൻ, പി പത്മരാജൻ, ബാലചന്ദ്രമേനോൻ, എതിരൻ കതിരവൻ എങ്ങിങ്ങനെ നീളുന്ന വലിയ വിദ്യാർത്ഥി സമ്പത്ത് യൂണിവേഴ്സിറ്റി കോളേജിനു സ്വന്തമായുണ്ട്.  തിരുവനന്തപുരത്തെ പ്രധാനകലാലയം എന്ന നിലയിൽ മാത്രമല്ല, മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും കേരളീയ സമൂഹത്തിന്റെയും വികാസത്തിലും വളർച്ചയിലും ചരിത്രത്തിൽ ദൃഢമായ വേരുകളുള്ള ഈ വിദ്യാലയത്തിന്റെ പ്രാധാന്യവും പ്രസക്തിയും നിസ്സാരമല്ല.  

സംഘടനാ സ്മരണിക

No comments: