March 3, 2024

ഗ്രന്ഥപ്പുരയിലെ കണ്ണാടികൾ

 


    വായനയെക്കുറിച്ചുള്ള ആലോചനയിൽ അസ്വസ്ഥമായ രീതിയിൽ മുന്നിൽ വന്നു നിൽക്കുന്ന ഒരു നിഴൽരൂപമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു കൃതിയിൽ നിന്നിറങ്ങി വന്ന് സമകാലത്തിലും നിരന്തര വായനക്കാരെയും അല്ലാത്തവരെയും തുറിച്ചു നോക്കിക്കൊണ്ടു നിൽക്കുന്ന അൻപതു കഴിഞ്ഞ ആ മെല്ലിച്ച വിഷാദാകൃതിയുടെ പേര് ലാ മാൻചയിലെ ഡോൺ ക്വിക്സോട്ട് (ഡാൺ കിഹോത്തെ/ഡോൺ കിഹോട്ടെ) എന്നാണ്. അയാളെ പരിചയപ്പെടുത്തിക്കൊണ്ട് പുസ്തകത്തിന്റെ തുടക്കത്തിൽ സെർവാന്റിസ് പറയുന്നു, “രാത്രി മുഴുവനും, പ്രഭാതംമുതൽ പ്രദോഷംവരെ വായനയിൽ ലയിച്ചിരുന്ന് നിദ്രാവിഹീനത്വവും അമിതവായനയുംകൊണ്ട് അയാൾ തലച്ചോറിനെ വരട്ടിക്കളഞ്ഞു.”സ്വന്തം നിലയ്ക്ക് അതിസാഹസികമായ ഭ്രമയാത്രകൾ നടത്താനും അതുവഴി അയാളുടെ സ്വത്വത്തെ സവിശേഷമായി നിർണ്ണയിക്കാനും അയാൾക്ക് അവസരവും ഊർജ്ജവും നൽകിയ പുസ്തകങ്ങളെ മരണത്തോട് അടുത്തനിമിഷങ്ങളിൽ അയാൾ തള്ളിക്കളഞ്ഞു. കഥാപാത്രത്തിനു വൈകിയുണ്ടായ ബോധോദയമായിട്ടാണ് നോവലിൽ ആ സന്ദർഭത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശല്യങ്ങളൊന്നുമില്ലാതെ ആറുമണിക്കൂർ നീണ്ട മരണം‌പോലെയുള്ള ഉറക്കത്തിൽനിന്ന് ഉണർന്നെഴുന്നേറ്റ കിക്‌സോട്ട് തനിക്കു ചുറ്റും ഉത്കണ്ഠാകുലരായികൂടി നിന്നവരോടായി പറയുന്നു, “ഇപ്പോൾ എന്റെ മനസ്സ് ആ വെറുക്കപ്പെട്ട മാടമ്പിസാഹിത്യകൃതികളുടെ തുടർച്ചയായ വായന വഴിയുണ്ടായ അജ്ഞതയുടെ അവ്യക്തമായ നിഴലുകളാൽ മൂടപ്പെടാതെ നിർമ്മലമായിരിക്കുന്നു. അവയിലുള്ളതെല്ലാം അസംബന്ധങ്ങളും വ്യാജങ്ങളും മാത്രമാണെന്ന് വ്യക്തമായി കാണുന്നു.” തുടർന്നയാൾ പേരിലും മാറ്റം വരുത്തി അയാളെ അയാളാക്കിയ പൂർവസ്വത്വത്തെ ഉപേക്ഷിച്ചു കളയുകയും ചെയ്യുന്നു. വായന രൂപപ്പെടുത്തിയ ബോധവും ജീവിതം നൽകിയ തിരിച്ചറിവും തമ്മിലുള്ള സംഘർഷം കിക്‌സോട്ടിന്റെ വാക്കുകളിലുണ്ട്. ഈ വിള്ളലിനെപ്പറ്റിയുള്ള സംശയത്തെ ഗാഢമാക്കുന്നു എന്നതാണ് ‘ഡോൺ കിക്സോട്ടി’ന്റെ വർത്തമാനകാലപ്രസക്തി. പുസ്തകവായന മനുഷ്യരെ കൊണ്ടെ ത്തിക്കുന്ന ലോകം അവരുടെ പരിസരയാഥാർത്ഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത താകാനുള്ള സാധ്യതയ്ക്കു നേരെ നോവൽ കണ്ണാടി പിടിക്കുകയാണെന്നു പറയാം. 1200-ഓളം പുറങ്ങളുണ്ട് ‘ഡോൺ കിക്സോട്ടി’ന്. വായനയുടെ തീവ്രയത്നം ആവശ്യപ്പെടുന്ന പുസ്തകം ആത്യന്തികമായി വായനക്കാരെ, വായനകൊണ്ടുള്ള പ്രയോജനമെന്ത് എന്ന് ആലോചിക്കാനാണ് ആവശ്യപ്പെടുന്നത് എന്നുവരുന്നത് രസകരമാണല്ലോ.

    വ്യത്യസ്തമാനങ്ങളുള്ള യാഥാർത്ഥ്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു എന്നതാണ് പുസ്തകവായനയെപ്പറ്റിയുള്ള ഒരു സ്തുതിവാചകം. താരതമ്യേന ഹ്രസ്വമായ മനുഷ്യായുസ്സിനെ ഏകമാനഗതിയല്ലാതാക്കാൻ വേണ്ട വിഭവസമാഹരണമാണ് പുസ്തകങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നമ്മുടെ സമൂഹത്തിൽ പുസ്തകം വായിച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരാൾ അത്ര സുഖകരമായ കാഴ്ചയല്ല. ഒരു പണിയും ചെയ്യാതെ വെറുതെയിരിക്കുന്ന ആളാണ് അയാൾ. സാമൂഹികബോധം കഷ്ടിയായ ഒരാളായി അയാൾ സ്ഥാനപ്പെടാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടാണ് പുസ്തകപ്രേമിയുടെ ധ്യാനമഗ്നമായ വായനാമുഹൂർത്തങ്ങളെ ഇടപെട്ട് തകർക്കുക സമൂഹം സ്വാഭാവികമായി ഏറ്റെടുത്തു പോരുന്ന പ്രതിബദ്ധതാപ്രവർത്തനമാണ്. നേരം വെളുത്ത് ഏറെ കഴിഞ്ഞിട്ടും മതികെട്ട് ഉറങ്ങുന്ന ഒരാളെ വിളിച്ച് കർത്തവ്യനിരതനാവാൻ പ്രേരിപ്പിക്കുന്ന ഉത്തരവാദിത്വം‌ പോലെയുള്ള ഒന്നാണത്. ഇപ്പോൾ വായന, പുസ്തകവായന മാത്രമല്ലാത്തതിനാൽ പുസ്തകവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അവസ്ഥയ്ക്ക് പൊതുബോധത്തിൽ അനല്പമായ പഴക്കമണവുമുണ്ട്. ഡിജിറ്റൽ കാലത്തും പുസ്തകവുമായി ചടഞ്ഞുകൂടുന്ന അയാൾ ഭൂതകാലത്തിലെവിടെയോ തറഞ്ഞു കിടക്കുകയല്ലേ എന്ന സംശയം ആളുകൾക്കുണ്ട്.  

    സാമൂഹികജീവിതത്തെ സാഹിത്യം പ്രതിഫലിപ്പിക്കുന്നു എന്ന രൂഢമായ വിശ്വാസം കേരളീയസമൂഹത്തിൽ ഇപ്പോഴും പ്രബലമാണ്. “നാനാതരം സാമൂഹ്യബന്ധങ്ങളോടു കൂടിയ മനുഷ്യന്റെ വികാരവിചാരങ്ങളെയും ആഗ്രഹാഭിലാഷങ്ങ ളെയും ജീവിതവീക്ഷണഗതിയെയുമാണ് ഉത്തമങ്ങളായ എല്ലാ സാഹിത്യകൃതികളും ചിത്രീകരിക്കുന്നത്. അതുകൊണ്ട് സാമൂഹികജീവിതത്തിന്റെ പ്രതിഫലനമാണ് സാഹിത്യം.” എന്ന് ‘എന്തല്ല സാഹിത്യം’ എന്നു വിശദീകരിച്ചുകൊണ്ട് 1956-ൽ കെ ദാമോദരൻ എഴുതി. (എന്താണ് സാഹിത്യം?) സാഹിത്യകൃതികൾ സാമൂഹികജീവിതത്തി ന്റെ സത്യസന്ധമായ പ്രതിഫലനമാ ണെങ്കിൽ ജീവിതത്തെ അറിയാൻ കൃതികളെ തൊട്ടാൽ മതി. പത്തു പുസ്തകം വായിച്ച ഒരാൾ വിഭിന്നങ്ങളായ പത്തു ജീവിതവും ആയിരം കൃതികൾ വായിച്ചയാൾ ആയിരം ജീവിതവും അറിയുന്നു എന്നാണ് വിശ്വാസം. അതനുസരിച്ച് യന്ത്രത്തെപോലെ നിരന്തരം പുസ്തകം വായിച്ചു തള്ളിക്കൊണ്ടിരിക്കുന്ന ഒരാൾ അസാധാരണമായ ജീവിതജ്ഞാനമുള്ള പ്രമാണിയായി തീരേണ്ടതാണ്. എന്നാൽ വാസ്തവമതല്ല. പലപ്പോഴും മുരടിച്ച സർഗാത്മകതയുടെ തരംകുറഞ്ഞ ഇനമായി വായനയെ പട്ടികപ്പെടുത്തുന്നവരും കുറവല്ല. രചനയിൽ വിജയിക്കാൻ കഴിയാത്തവർ രചനാതന്ത്രങ്ങൾ മനസിലക്കാൻ വായിച്ചു തുടങ്ങുന്നു. അതിൽ മുഴുകി ജീവിതം തീരുന്നു. എഴുത്തുകൊണ്ടെന്നപോലെ വായനകൊണ്ടും പ്രതീകാത്മകമൂലധനസമാഹരണം നടത്താമെന്നു കണ്ടെത്തിയ ചിലരുമുണ്ട്. പരസ്പരപൂരക മാണെങ്കിലും സർഗാത്മകപ്രവർത്തനത്തോളം വരുമോ വായനാത്മകതയുടെ  നിരതദ്രവ്യ മെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. 

    രചനയിലെ ആവിഷ്കാരത്തിന് പ്രകടനസ്വഭാവമുണ്ട്. എന്നാൽ കേവലവായനയിലെ ആത്മപ്രകാശനം സ്വകീയമാണ്. സുകുമാർ അഴീക്കോട് പുസ്തകവായനയെ പ്രണയവുമായാണ് ബന്ധപ്പെടുത്തുന്നത്. (വായനയുടെ സ്വർഗം) സാധാരണപ്രണയങ്ങൾക്കുള്ള രോഗങ്ങളും ബാധകളും പുസ്തകപ്രണയത്തിനില്ല. മനുഷ്യരുടെ അതിവ്യാകുലമായ ഐഹികജീവിതത്തിൽ നിഷ്കളങ്കമായ ആനന്ദം കിട്ടുന്ന നിമിഷങ്ങളാണ് പുസ്തകങ്ങൾ സമ്മാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാഭ്യാസം നീട്ടിവയ്ക്കപ്പെടുന്ന ശൈശവമാണെങ്കിൽ (മാനസികമായ അടിമത്തം, തായാട്ട് ശങ്കരൻ) വായനയ്ക്കുനേരെയും ഏതാണ്ടതുപോലെയൊരു മനഃശാസ്ത്രസമീപനത്തിനു സാധ്യതയുണ്ടെന്നു പറയാവുന്നതാണ്. ദേഹാദ്ധ്വാനത്തിന്റെ അഭാവം എന്ന ഘടകം അതിൽകൂടിക്കലരുന്നുണ്ട്. ഭൗതികമായും മാനസികമായും വായിക്കുന്നയാൾ വെറുതേയിരിക്കുന്നയാളാണ് എന്നാണ് പാരമ്പര്യവിശ്വാസം. അത്തരക്കാർ വായിച്ചവയെമാത്രമായി ആവർത്തിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തിൽ സോക്രട്ടീസിനു സംശയമില്ലായിരുന്നു.  ഉയർന്ന വിചാരതലങ്ങൾ ചിന്തകൊണ്ട് കീഴടക്കാൻ, മറ്റുള്ളവരുടെ അനുഭവ-മാനസികലോകങ്ങളെ സദാ പിൻപറ്റിക്കൊണ്ടിരിക്കുന്ന ഒരാൾ അശക്തനായിരി ക്കുമെന്നാണ് പുസ്തകം ഓർമ്മശക്തിയെയും ചിന്താശക്തിയെയും ഇല്ലാതാക്കും എന്നു സോക്രട്ടീസ് പറഞ്ഞതിന്റെ പൊരുൾ. മുൻപേ രൂപപ്പെടുത്തിവച്ച നിശ്ചിത ഘടനയിലേക്കാണ് വായിക്കുന്ന വസ്തുതകളെല്ലാം ചെന്നു നിറയുന്നതെങ്കിൽ വായന പ്രത്യേകിച്ചൊരു മാറ്റവും ഒരാളിൽ ഉണ്ടാക്കാൻ പോകുന്നില്ല. ആയിരം പുസ്തകങ്ങൾക്കുശേഷവും അയാൾ ആവർത്തിക്കുന്നത് ഭാവുകത്വപരമായും മൂല്യവിചാരപരമായും പഴയ പല്ലവികളാണെങ്കിൽ സമൂഹത്തിനും തലമുറകൾക്കും അതുകൊണ്ടെന്ത് ഉപയോഗം? നമ്മുടെ പല നിരന്തരവായനക്കാരിൽ പലരും അകപ്പെട്ടിട്ടിട്ടുള്ള ഭ്രമലോകമാണിത്. ഭൂതകാലത്തിലെവിടെയോ ഉറച്ചുപോയൊരു ഘടനയെ പൊളിക്കാൻ സഹായിക്കാത്ത വായനകൾ ഒരാൾ ഉള്ളിലേക്ക് ചെലുത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങളിൽ ഒരു മാറ്റവും വരുത്തുന്നില്ല.  ജീർണ്ണത വായും പിളർന്നിരിക്കുന്ന അവിടെ ചെന്നുകയറുന്ന വസ്തുതകളുടെ മൗലികമായ ഒരൊച്ചയും പിന്നീട് പുറത്തുവരികയില്ല. 

    നൂറ്റാണ്ടുകൾക്കു മുൻപ് ലാ മാൻ‌ചയിൽ, പുസ്തകങ്ങളുടെ പിന്നാലെ പാഞ്ഞ തന്റെ ജീവിതത്തിന്റെ ആകത്തുകയെക്കുറിച്ച് മരണക്കിടക്കയിൽ കിടന്നു ദുഃഖിച്ച ഡോൺ കിക്‌സോട്ട് അവിടെ മരിച്ചുപോയ ആളല്ല. പുസ്തകവും തുറന്നു പിടിച്ചിരിക്കുന്ന ഓരോ മനുഷ്യനിലും അയാളുടെ ബാധയുണ്ട്. രാത്രിയും പകലുമില്ലാത്ത വായനകൊണ്ട് എന്തുനേട്ടം എന്ന് ആലോചിക്കുന്നവർക്കെല്ലാം ചുമടിറക്കിവയ്ക്കാവുന്ന അത്താണിയാണ് ലാ മാൻച. ബോർഹസിനെയും സെർവാന്റിസിനെയും താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ ‘സെർവാന്റിന്റെ വായനശാല’ എന്ന ഒരു പ്രയോഗം ഉംബെർട്ടോ എക്കോ ഉപയോഗിച്ചിട്ടുണ്ട്. അതുതന്നെയാണ് കിക്സോട്ടിന്റെയും സുപ്രസിദ്ധമായ വായനശാല. പുസ്തകങ്ങളുടെ ഭാവനാലോകം അയാൾക്ക് വാഗ്ദാനം ചെയ്ത വസ്തുതകളെയും സ്ത്രീകളെയും സാഹസികതകളെയും യഥാർത്ഥലോകത്തിൽ തിരഞ്ഞ് സ്വന്തമാക്കാനാണ് കിക്സോട്ട് ശ്രമിച്ചത്. അതുകൊണ്ടയാൾ ഈ ലോകവും അയാളുടെ വായനശാലപോലെയാണെന്ന് പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്തു. മാടമ്പികളുടെ വീരസാഹസികകഥകൾ വായിച്ചുണ്ടാക്കിയ മാനസികചട്ടത്തിലേക്ക് ലോകത്തെ ചുരുക്കിക്കെട്ടാനായി തുനിഞ്ഞിറങ്ങി എന്നതാണ് അയാളെ അപഹാസ്യനാക്കി മാറ്റിയ സംഗതി. 

    മറ്റൊരു മാരകവായനക്കാരനായ ബോർഹസിനെ നോക്കുക. അദ്ദേഹത്തിന് ലോകം സ്വന്തം വായനശാലയായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഗ്രന്ഥശാലയിലു ണ്ടെന്ന് അദ്ദേഹം കരുതി.  സാധാരണ മനുഷ്യർക്കു ഉൾക്കൊള്ളാനാവാത്ത വൈവിധ്യ ങ്ങളുടെ ബാഹ്യലോകത്തെക്കുറിച്ചുള്ള ധാരണ സ്വരൂപിക്കാൻ ബോർഹസിനു പുസ്തകങ്ങളാ യിരുന്നു ആധാരം. സ്വയമേവ പ്രപഞ്ചമായിയിരിക്കുന്ന വായനശാല വിട്ടിറങ്ങേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയില്ല. ബോർഹസിനെയും സെർവാന്റിസിനെയും താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ (Between La Mancha and Babel) ‘സെർവാന്റിന്റെ വായനശാല’ എന്ന ഒരു പ്രയോഗം ഉംബെർട്ടോ എക്കോ നടത്തിയിട്ടുണ്ട്. അവിടെ പുസ്തകങ്ങൾ അയാളെ അവർ പരിചയപ്പെടുത്തിയ വസ്തുതകളും സ്ത്രീകളും സാഹസികതകളും പുറത്തയാളെ കാത്തിരിക്കുകയാണെന്ന് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. വിപരീതദശയിലുള്ള ഒന്നായിരുന്നു ബോർഹസിന്റെ ഗ്രന്ഥപ്പുര. എക്കോ കൂട്ടിച്ചേർക്കുന്നത് ഇങ്ങനെയാണ് : ‘ലോകം ഒന്നു നിർത്തി തരൂ, എനിക്കിവിടെ ഇറങ്ങണം എന്ന് ഒരാൾക്ക് ആവശ്യപ്പെടാൻ കഴിയാത്തതുപോലെ, ബോർഹസിനു ലൈബ്രറിയിൽനിന്ന് ഇറങ്ങണമെന്നു തോന്നിയില്ല’. പുസ്തകങ്ങളിൽനിന്നു കണ്ടെത്തിയ സത്യത്തെ യഥാർത്ഥജീവിതത്തിൽ തിരയാൻ ഇറങ്ങിത്തിരിച്ച കിക്‌സോട്ടിന്റെ ഗ്രന്ഥപ്പുരയ്ക്കുള്ള വാതിൽ, പുസ്തകങ്ങളാണ് ആത്യന്തിക സത്യമെന്നു വിശ്വസിച്ച ബോർഹസിന്റെ ഗ്രന്ഥാലയത്തിനില്ലായിരുന്നു എന്നാണ് ഉംബെർട്ടോ എക്കോയെ ഉദ്ധരിച്ച് അജയ് പി മങ്ങാട്ട് (പുറത്തേക്കു വാതിലില്ലാത്ത ഗ്രന്ഥാലയം) എഴുതുന്നത്.  കിക്‌സോട്ടിന്റെ കാലാന്തരമാതൃകകളെ പുറത്തെ ജീവിതത്തിൽ ചെറുപുഞ്ചിരിയോടെ തിരയുന്നതുപോലെ ബോർഹസിന്റെയോ കാഫ്കയുടെയോ വായനക്കാർക്ക് അവരുടെ കഥാപാത്രങ്ങളെ സ്വന്തം ജീവിതപരിസരത്ത് അങ്ങനെ തിരയാൻ പറ്റുമോ എന്ന ചോദ്യവും ഈ താരതമ്യം മുന്നിൽകൊണ്ടുവരുന്നുണ്ട്. ‘പുറത്തേയ്ക്ക് വാതിലുകളുള്ളതും ഇല്ലാത്തതുമായ ഗ്രന്ഥാലയങ്ങൾ’ വായനയുടെ രൂപകങ്ങൾകൂടിയാകുന്നു. കിക്‌സോട്ടിന്റെ ലാ മാൻ‌ചയും ബോർഹസിന്റെ ബാബേലും അവയുടെ കാലവ്യത്യാസത്തെ അവഗണിച്ച് വായനയുടെ വ്യത്യസ്തഭാവ ങ്ങളായി ഇപ്പോഴും കുടിയിരുപ്പുകൾ നടത്തുന്നു. 

    വായനയെക്കുറിച്ച് അറുപതുകൾക്കുശേഷം ഉണ്ടായ സങ്കല്പനങ്ങൾ സ്വകാര്യമോ നിഷ്ക്രിയമോ ആയ പ്രക്രിയയായല്ല വായനയെ വിലയിരുത്തുന്നത്. ഒരു കൃതിയെ ജനിക്കുക- നശിക്കുക എന്ന സ്വാഭാവികവിധിയിൽനിന്ന് മോചിപ്പിക്കുന്നതും അത് ജനിച്ച സാഹചര്യത്തിൽ കുടുങ്ങിക്കിടക്കാൻ അനുവദിക്കാതിരിക്കുന്നതും വായനയാണ്. കൃതിയ്ക്കും അതിന്റെ അർത്ഥം നിർണ്ണയിക്കുന്ന സാമൂഹികസാഹചര്യങ്ങൾക്കും ഇടയിലെ നിർണ്ണായക പങ്കാളിയാണ് വായിക്കുന്ന ആൾ. സമൂഹത്തിലെ അർത്ഥോത്പാദന പ്രക്രിയയെ വിശകലനം ചെയ്യാൻ സഹായിക്കുന്ന ആശയമായും സംസ്കാരം, ഭാഷ, പ്രത്യയശാസ്ത്രം, സ്വത്വബോധം, ജനാധിപത്യം, മൂലധനം തുടങ്ങിയ സങ്കല്പനങ്ങളെപോലെ മനുഷ്യരുടെ സാമൂഹികജീവിതാനുഭവത്തെ വിവരിക്കാൻ അവശ്യം വേണ്ടിവരുന്ന വാക്കുകളിൽ ഒന്നായും  ‘വായന’ മാറിയെന്ന് പി പി രവീന്ദ്രൻ എഴുതുന്നത് ഈ അർത്ഥത്തിലാണ്. (മാർക്സെഴുത്തും തുടർച്ചകളും) ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കൂടുമാറിക്കൊണ്ട് പാഠങ്ങൾ നെയ്തെടുക്കുന്ന പ്രക്രിയയാണ് (ടെക്സ്റ്റയിലിങ്) ഇന്ന് വായന.  സാമൂഹികരൂപീകരണ പ്രക്രിയയിൽ ഇടപെടുന്ന ഘടകങ്ങളാണ് വായനയിലും ഇടപെടുന്നത്.  ഒറ്റ നോട്ടത്തിൽ നിഷ്ക്രിയവും നിസ്സംഗവുമായിരുന്ന വായന പ്രായോഗികതലത്തിൽ സാമൂഹികവും ചരിത്രപരവുമായ ബാധ്യതകൾ ഏറ്റെടുക്കുന്ന കൃത്യമായി മാറി. 

    വായനയിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ‘പാഠം’. എഴുതുന്നയാൾ കൃതിയിലൂടെ അവതരിപ്പിക്കുന്ന ഭാവപദ്ധതികളുടെ രൂപരേഖയെ സ്വന്തം ജീവിതസാഹചര്യത്തിലും പശ്ചാത്തലത്തിലുംവച്ച് മൂർത്തതയിലെത്തിക്കുന്ന കർമ്മപരിപാടിയാണ് വായന. അതുവഴി രചനയുടെ സഹനിർമ്മാതാവായി അയാൾ പരിണമിക്കുന്നു. എഴുതുന്നയാളിനു ലഭിക്കുന്ന സാമ്പത്തികവും സാംസ്കാരികവുമായ പ്രതിഫലസൗജന്യങ്ങൾ വായിക്കുന്നയാളിനില്ല എന്നത് ശരിയാണ്. എന്നാൽ ഏകാന്തമായ വായനയിൽ അയാൾ അനുഭവിക്കുന്ന ആനന്ദാനുഭൂതിയും അതിന്റെ തുടർച്ചകളും ഏകപക്ഷീയവും വ്യക്തിനിഷ്ഠവുമായ രസാസ്വാദനത്തിൽനിന്നുമാത്രമായി ഉണ്ടായി വരുന്നതാണോ എന്ന് സമകാലികമായ വായനാസങ്കല്പനങ്ങളുടെ വെട്ടത്തിൽ സംശയിക്കാവുന്നതാണ്. പാഠങ്ങളുടെ നിർമ്മാണപങ്കാളിത്തത്തിനുള്ള പ്രതീകാത്മക പ്രതിഫലവുംകൂടിയല്ലേ അത്? 

        വായിച്ചു മതികെട്ടു പോയ ആളാണ് കിക്സോട്ട്. പുസ്തകങ്ങൾ നൽകിയ യാഥാർത്ഥ്യത്തെ ലോകത്തിൽ തിരഞ്ഞയാൾ. ബോർഹസ് ലോകത്തെ പുസ്തകങ്ങളിൽ കണ്ടെത്തിയ വായനക്കാരനും.  ഈ രണ്ടു നാഴികകല്ലുകൾക്കിടയിൽ പലയിടത്തായിട്ടാണ് പലവിധത്തിലുള്ള വായനക്കാർ വിന്യസിക്കപ്പെട്ടിരിക്കുന്നത്. വായന ഒറ്റതിരിഞ്ഞുള്ള കർമ്മമല്ല. വായനയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ വായനക്കാരെപ്പറ്റിയുള്ള സാമൂഹികമായ ധാരണയെക്കുറിച്ചുകൂടി ആലോചിക്കേണ്ടതായുണ് എന്നാണ് എക്കോ പറഞ്ഞുവച്ചത്. ദീർഘകാലം കൊട്ടിയടച്ചിരുന്ന വാതിൽ തുറന്ന് ഒരിക്കൽ  അതുവരെ വായിച്ചതിന്റെ പൊരുളുതേടി അപരിചിതമായ ഒരു ലോകത്തേയ്ക്കിറങ്ങേണ്ടി വരുമെന്നത് എതു വായനക്കാരനും/കാരിയും അഭിമുഖീകരിക്കേണ്ട ഒരു യാഥാർത്ഥ്യമാണ്. പുസ്തകത്തി ന്റെ മാത്രമല്ല, ഏതുതരം വായനയുടെയും അന്തരാള ഘട്ടമാണ് ആ നിർബന്ധ മുഹൂർത്തം. ‘എന്തിനു വായിക്കുന്നു’ എന്ന കുഴക്കുന്ന ചോദ്യം വന്ന് കാലിൽ ചുറ്റുന്നതുവരെ ഉത്തരമാലോചിക്കാതെ നീട്ടിക്കൊണ്ടുപോകാവുന്നതാണ് ആ അഭിമുഖീകരണം. പുസ്തകം അതിന്റെ നിർമ്മാണസാഹചര്യങ്ങളെ മൂർത്തമാക്കി ചട്ടയിട്ട് വെടിപ്പാക്കിവച്ച വിചാരങ്ങളെ ഉപേക്ഷിച്ച് കൃതി ഉത്പാദിപ്പിക്കുന്ന പാഠങ്ങളുടെ അനിശ്ചിതത്വത്തിൽ വിഹരിക്കാൻ ഒരാൾക്കു ലഭിക്കുന്ന സ്വകാര്യസ്വാതന്ത്ര്യമാണ് വായനയുടെ രസമേഖല. ബാർത്തിന്റെ സങ്കല്പനത്തെ ഓർമ്മയിൽവച്ചുകൊണ്ട് നമുക്കതിനെ ‘വായനയുടെ രതിമേഖല’യെന്നും വിളിക്കാം.

 

wtplive.com (29th February | Issue 200)

https://wtplive.in/Niroopanam-Vimarshanam/sivakumar-rp-about-thought-on-reading-5702

No comments: